- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000 പവന്‍ സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന് പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി; വ്യാജ വില്‍പ്പത്രമുണ്ടാക്കി കോടികള്‍ തട്ടിയെന്നും സഹോദരിമാര്‍; ഇപ്പോള്‍ 150 കോടി വിലമതിക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസില്‍ ഞെട്ടി തമിഴകം
1000 പവന്‍ സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന് പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി
അപ്പനും, മക്കളും, സഹോദരങ്ങളുമെല്ലാം ഒന്നിച്ചു കഴിയുന്ന അമ്പതോളം പേര്‍ അടങ്ങൂന്ന ഒരു കുട്ടുകുടുംബം! തമിഴ് സിനിമയില്‍ പലപ്പോഴും നാം കണ്ടിട്ടുള്ള അണ്ണന്‍-തങ്കച്ചി പാസത്തിന് മികച്ച ഉദാഹരണമായിരുന്ന ആ വീട്. നടികര്‍ തിലകം ശിവാജി ഗണേശന്റെ, ചെന്നൈ ടി നഗറിലെ 'അണ്ണെ ഇല്ലം' എന്ന ബംഗ്ലാവിന് സമാനമായ വീട്! തമിഴക വെള്ളത്തിരയില്‍ ഇടിമുഴക്കമായി പ്രേക്ഷകരുടെ അരുമായ നടന്‍ ശിവാജി ഗണേശന്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും സ്നേഹനിധിയായിരുന്നു.
ശിവാജിക്ക് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് അദ്ദേഹം പടിപടിയായി വളര്‍ന്ന് താരമായപ്പോള്‍, അദ്ദേഹം തന്റെ ബന്ധുക്കളെയും ചെന്നൈയിലേക്ക് കൊണ്ടുവന്നു. ശിവാജിയും അദ്ദേഹത്തിന്റെ സഹോദരനും, ചേച്ചിയെയും അനിയത്തിയെയുമാണ് വിവാഹം കഴിച്ചത്. അതോടെ ബന്ധുബലം ഒന്നുകൂടി ഊട്ടിയറുപ്പിക്കപ്പെട്ടു. ശിവാജിയുടെ ബംഗ്ലാവില്‍ ഒരു കുടുംബത്തിലെ നാല്‍പതോ അന്‍പതോ വരുന്ന ആളുകള്‍ ഒരുമിച്ചാണ് ജീവിച്ചത്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവുമായിരുന്നു. ശിവാജി വീട്ടിലുള്ളപ്പോള്‍ അവര്‍ ഒന്നിച്ച് ഒരു ഉത്സവംപോലെയാണ് കഴിഞ്ഞത്.
പക്ഷേ ശിവാജിയുടെ മരണത്തോടെ എല്ലാം അട്ടിമറഞ്ഞു. മക്കള്‍ തമ്മില്‍ തമ്മില്‍ തല്ലും കേസുമായി. ഇപ്പോള്‍ ശിവാജിയുടെ എല്ലാമെല്ലാമായിരുന്ന, കുടുംബ സ്നേഹത്തിന്റെ പേരില്‍, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചെന്നൈ ടി നഗറിലെ 'അണ്ണെ ഇല്ലം' എന്ന ശിവാജിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട്പോലും കേസില്‍ കുരുങ്ങുകയാണ്. ശിവാജിയുടെ മൂത്ത മകന്‍ രാാകുമാറിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട് അണ്ണെ ഇല്ലം ബംഗ്ലാവിന്റെ ഒരു ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിട്ടിരിക്കയാണ്.
ഇതിനെതിരെ നടനും ഇളയമകനുമായ പ്രഭു കോടതി സമീപിച്ചതും വാര്‍ത്തയായി. 'അണ്ണെ ഇല്ലം' ബംഗ്ലാവ് തന്‍േറത് മാത്രമാണെന്നും, സഹോദരന് ഈ വീട്ടില്‍ യാതൊരു അവകാശവുമില്ലെന്നാണ് പ്രഭുവിന്റെ വാദം. നേരത്തെ രാംകുമാറും, പ്രഭുവും ചേര്‍ന്ന് തങ്ങള്‍ക്ക് അവകാശപ്പെട്ട കോടികളുടെ സ്വത്തുക്കള്‍ അടിച്ചുമാറ്റിയെന്ന ആരോപണവുമായി ശിവാജിയടെ പെണ്‍മക്കള്‍ കോടതിയെ സമീപിച്ചിരുന്നു. പുതിയ കേസും കൂടിയാതോടെ ശിവാജി കുടുംബത്തിലെ സ്വത്തു തര്‍ക്കം വലിയ വാര്‍ത്തയാവുകയാണ്. കാരണം ശിവാജി ഗണേശന്‍ എന്നത്, തമിഴ്മക്കള്‍ക്ക് വെറുമൊരു നടനല്ല. ഇന്നും ഒരു വികാരമാണ്. 1958-ല്‍ ശിവാജി വാങ്ങിയ അണ്ണെ ഇല്ലവും ആരാധകരുടെ വികാരമാണ്. ഇവിടെ ഒട്ടേറെ സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.
കോടികളുടെ ശിവാജി സാമ്രാജ്യം
ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതെ സ്വയം വളര്‍ന്ന്, സൂപ്പര്‍ താരമായ അസാധാരണ ജീവിത കഥയാണ നടികര്‍ തിലകം ശിവാജി ഗണേശന്റെത്. 1928 ഒക്ടോബര്‍ 1നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ചിന്നൈ പിള്ളൈ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടായി. ചെറുപ്പ കാലം മുതല്‍ സ്റ്റേജ് അഭിനയങ്ങളിലും മറ്റും താല്‍പ്പര്യമുണ്ടായിരുന്ന, ഗണേശന്‍, ഒരു നാടക ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നു. ശിവാജി ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുമ്പില്‍ ശിവാജി എന്ന് കൂട്ടിചേര്‍ത്തു. പിന്നീട് ആ ചുരുക്കപ്പേരില്‍ തന്നെ അദ്ദേഹം ലോക പ്രശ്സതനായി.
പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി.ആര്‍. ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും തമിഴ്മക്കളുടെ ഹരമായി. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വീരപാണ്ഡ്യകട്ടബൊമ്മനിലെ ശിവാജിയുടെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ ന്യൂജന്‍ പിള്ളേര്‍ വരെ ആഘോഷിക്കുന്നുണ്ട്. 1959-ല്‍ ഈജിപ്തിലെ കെയ്റോയില്‍വെച്ച് നടന്ന ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 1966-ല്‍ പത്മശ്രീയും, 1984 - പത്മഭൂഷണും ലഭിച്ചു.
1952-ല്‍ ശിവാജി കമലയെ വിവാഹം ചെയ്തു. ശാന്തി, തേന്‍മൊഴി, രാംകുമാര്‍, പ്രഭു എന്നിവരാണ് മക്കള്‍. 2001 ജൂലൈ 21ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്, ശിവാജി മരിക്കുമ്പോള്‍ തമിഴകം തേങ്ങി. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്‌കാരങ്ങള്‍ക്കു ശേഷം വലിയ ജനപങ്കാളിത്തം ലഭിച്ച സംസ്‌കാരമായിരുന്നു ശിവാജിയുടേത്. ജനലക്ഷങ്ങളാണ് ഒരു നോക്ക്കാണാന്‍ ഒഴുകിയെത്തിയത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 1 നടികര്‍ ദിവസമായും ആചരിക്കുന്നുണ്ട്.
50 വര്‍ഷം നീണ്ടതായിരുന്ന ശിവാജി ഗണേശന്റെ അഭിനയ കരിയര്‍. ഇതില്‍ 30 വര്‍ഷത്തോളം അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു. 60കളിലും 70കളിലും ശിവാജി ഗണേശന്‍ തമിഴ് സിനിമയിലെ മുടിചൂടാമന്നനായിരുന്നു. തമിഴകത്ത് ആദ്യമായി ഒരുലക്ഷം രൂപ പ്രതിഫലം വാങ്ങിയത് ശിവാജിയാണെന്നും പറയുന്നു. അഭിനയിച്ചതിന്റെ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം, ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. അവയ്ക്ക് 300 കോടിയോളം മൂല്യമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. വാടകകെട്ടിടങ്ങളും, സ്റ്റുഡിയോകളും, വാഹനകമ്പനിയും, സിനിമാ നിര്‍മ്മാണവുമൊക്കെയായി ഒരു വലിയ ബിസിനസ് സാമ്രാജ്യമായിരുന്നു, അത്. ശിവാജി മരിക്കുംവരെ ആ സമ്രാജ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.
അടിച്ചുമാറ്റിയത് ആയിരം പവനടനക്കം
മിക്ക അണ്‍ഡിവൈഡഡ് ഹിന്ദു ഫാമിലിയിലും സംഭവിക്കുന്ന അതേ കാര്യമാണ്, ശിവാജി ഗണേശന്റെ മരണത്തിനുശേഷം ആ കുടുംബത്തില്‍ സംഭവിച്ചത്. വില്‍പ്പത്രം എഴുതിവെക്കാതെ, വലിയ സ്വത്തുക്കള്‍ ഉള്ളവര്‍ മരിച്ചാല്‍, എന്തുസംഭവിക്കുമോ അതുതന്നെ ഇവിടെയുമുണ്ടായി. ( ധീരുബായി അംബാനിക്കും ഇതേ അബദ്ധം പറ്റിയിരുന്നു. അദ്ദേഹവും വില്‍പ്പത്രം എഴുതിയിരുന്നില്ല. അല്ലെങ്കില്‍ ഇത്ര നേരത്തെ താന്‍ മരിക്കുമെന്ന് അംബാനി കരുതിയില്ല. അതുകൊണ്ട് എന്തുണ്ടായി, മഹാഭാരത യുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്ത് തര്‍ക്കമാണ്, മക്കളായ മുകേഷും അനിലും നടത്തിയത്)
ഒരുകാലത്ത് 50 ഓളം പേര്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും, സ്നേഹപൂര്‍വം ഒത്തുചേരുകയും ചെയ്ത ആ വലിയ കൂട്ടുകുടുംബം തല്ലിപ്പിരിഞ്ഞു. ശിവാജിയുടെ സഹോദരന്‍മ്മാര്‍ െേവറപ്പോയി. മക്കള്‍ തമ്മില്‍ സ്വത്തിനെചൊല്ലി തമ്മിലടി തുടങ്ങി. ശിവാജിയുടെ ആണ്‍മക്കളായ നടന്‍ പ്രഭുവും, നിര്‍മ്മാതാവ് രാംകുമാറും ചേര്‍ന്ന് തങ്ങള്‍ക്ക്കൂടി അവകാശപ്പെട്ട സ്വത്തുക്കള്‍ കൈവശപ്പെടുത്തിയെന്ന് പെണ്‍മക്കള്‍ ആരോപിച്ചു. അങ്ങനെ വെറുതെ ആരോപിക്കുകയല്ല അവര്‍ ചെയ്തത്. കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട് പെണ്‍മക്കളായ ശാന്തിയും തേന്‍മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പ്രഭുവും സഹോദരന്‍ രാംകുമാറുമായിരുന്നു എതിര്‍ കക്ഷികള്‍. തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്‍മക്കളുടെ പേരിലാക്കിയെന്നും ആരോപിച്ചു. പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും അവര്‍ പരാതിപ്പെട്ടു. അമ്മയുടെ സ്വത്തില്‍ പത്തു കോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതം എന്നിവ നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2022-ല്‍ നല്‍കിയ കേസില്‍ ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ല.
ശിവാജിയുടെ പെണ്‍മക്കളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ ചില തമിഴ്മാധ്യമങ്ങള്‍ പറയുന്നത്. ആയിരം പവന്റെ സ്വര്‍ണ്ണം ആര് എടുത്തുവെന്നും, നാലുപേര്‍ക്കും തുല്യമായി അവകാശപ്പെട്ട ശിവാജിയുടെ സ്വത്തുവകകള്‍ ഏകപക്ഷീയമായി വിറ്റുമെന്നും, 'വികടന്‍' എന്ന തമിഴ് മാസികയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഒന്നും അറിയാത്തപോലെ കൈമലര്‍ത്തുകയാണ് നടന്‍ പ്രഭു ചെയ്തത്. അന്ന് ഈ സ്വത്തുകേസിലെ കൂട്ടുപ്രതിയാണ് ജ്യേഷ്ഠന്‍ രാംകുമാര്‍. സഹോദരിമാര്‍ക്ക് കൊടുക്കേണ്ട സ്വത്തുക്കള്‍ അടിച്ചുമാറ്റുന്നതില്‍, ചേട്ടനും അനിയനും ഒറ്റക്കെട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവരും അടിച്ച് പിരിയുകയാണ്.
ജൂനിയര്‍ ശിവാജി എന്ന മുടിയായ പുത്രന്‍
ഈ സംഭവത്തിലെ പ്രധാന വില്ലനായി പറയുന്നത്, പ്രഭുവിന്റെ ജ്യേഷ്ഠന്‍ രാംകുമാറിന്റെ മകന്‍, ദുഷ്യന്ത് രാംകുമാറാണ്. പിതാവിനെപ്പോലും ഈ രീതിയിലുള്ള അപമാനത്തില്‍ എത്തിച്ചത് ഈ മുടിയനായ പുത്രനാണ്. 1950 കളുടെ അവസാനത്തില്‍ ശിവാജി ഗണേശന്‍ ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി സ്ഥാപിച്ചിരുന്നു. ശിവാജി പ്രൊഡക്ഷന്‍സ് എന്നാണ് അത് അറിയപ്പെട്ടിരുന്നു. ശിവാജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് നല്ല നിലയില്‍ പോയിരുന്നില്ല. എടുത്ത പടങ്ങളില്‍ ഏറെയും വലിയ സാമ്പത്തിക നഷ്ടത്തിലാണ് കലാശിച്ചത്. ഇതിന് ശേഷമാണ് രജനികാന്തിനെ വച്ച് 'മന്നന്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. അത് വലിയ വിജയമായിരുന്നു. അതിനുശേഷം പിന്നീട് ശിവാജി സിനിമയുടെ നിര്‍മ്മാണം നിര്‍ത്തി. ശേഷം മകന്‍ പ്രഭുവും സഹോദരന്‍ രാംകുമാറും പ്രൊഡക്ഷനിലേക്ക് ഇറങ്ങി. പിന്നീട് നടന്‍ എന്ന നിലയില്‍ തിരക്കേറിയയോടെ പ്രഭുവും പ്രൊഡക്ഷന്‍ നിര്‍ത്തി. പക്ഷേ രാംകുമാറും മകന്‍ ദുഷ്യന്തും പിന്‍മാറിയില്ല.
ശിവാജി പ്രൊഡക്ഷന്‍സ് രാംകുമാര്‍ ഏറ്റെടുത്തു. ആദ്യനിലയില്‍ ഇത് നന്നായിപ്പോയിരുന്നു. പക്ഷേ ദുഷ്യന്ത് രാംകുമാര്‍ പിന്നീട് കളം നിറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. നടന്‍ പ്രഭുവിന് പകരം ശിവാജി കുടുംബത്തിന്റെ അഭിനയ പാരമ്പര്യം, തന്നിലേക്ക് എത്തണം എന്ന ഉദ്ദേശത്തോടെ ദുഷ്യന്ത് ആദ്യകാലത്ത് നടനായും അരക്കൈ നോക്കിയിരുന്നു. ജൂനിയര്‍ ശിവാജി എന്നൊക്കെ പേരിട്ട് സിനിമാ മാസികകളില്‍ വാര്‍ത്ത വരുത്തിക്കുകയും ചെയ്തു. പക്ഷേ ഒന്നും ക്ലച്ച് പിടിച്ചില്ല. അതോടെ ദുഷ്യന്തും ഭാര്യയും ചേര്‍ന്ന് വീണ്ടും പ്രൊഡക്ഷനില്‍ സജീവമായി. പക്ഷേ ദുഷ്യന്തിനെ പടങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഫ്ളോപ്പാവാന്‍ തുടങ്ങി. അതോടെ കടം പെരുകി. ഇപ്പോള്‍ മകന്‍ ദുഷ്യന്ത് എന്താണ് ചെയ്യുന്നതെന്ന് രാംകുമാറിന് പോലും അറിയാത്ത അവസ്ഥയാണ്.
ദുഷ്യന്ത് നിര്‍മ്മിച്ച 'ജഗജില്ല കില്ലാഡി' എന്ന ചിത്രമാണ്, ഇപ്പോള്‍ ശിവാജിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട് അറ്റാച്ച് ചെയ്യുന്നതിലേക്ക് അടക്കം കാര്യങ്ങള്‍ എത്തിച്ചത്. ഈ സിനിമയുടെ നിര്‍മാണത്തിന്് ധനഭാഗ്യം എന്റര്‍പ്രൈസസ് എന്ന പണമിടപാട് സ്ഥാപനത്തില്‍നിന്ന് ദുഷ്യന്ത് 30 ശതമാനം വാര്‍ഷിക പലിശയ്ക്ക് 3.75 കോടി രൂപ കടംവാങ്ങിയിരുന്നു. ഇതിനുള്ള കരാറില്‍ പിതാവ് രാംകുമാറും ഒപ്പിട്ടിരുന്നു. കാലാവധി കഴിഞ്ഞിട്ടും മുതലും പലിശയും നല്‍കാതെവന്നതോടെ ധനഭാഗ്യം എന്റര്‍പ്രൈസസിന്റെ ഉടമയായ അക്ഷയ് സരിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി ആര്‍ബിട്രേറ്ററെ നിയമിച്ചു. ഇരുകക്ഷികളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മുതലും പലിശയുമായി 2023 ജൂലായ് 31 വരെയുള്ള 9.02 കോടി രൂപ ദുഷ്യന്ത് നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടു. പണം നല്‍കാന്‍ വൈകിയാല്‍ 12 ശതമാനം പലിശനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ റൈറ്റ്സ് സ്വന്തമാക്കാന്‍ അക്ഷയ്ക്ക് കോടതി അനുമതി നല്‍കി. എന്നാല്‍, ദുഷ്യന്ത് പണം നല്‍കിയില്ല. സിനിമ പൂര്‍ത്തിയാക്കാത്തതിനാല്‍ പകര്‍പ്പവകാശംകൊണ്ട് കാര്യമില്ലാതെയും വന്നതോടെ അക്ഷയ് വീണ്ടും കോടതിയെ സമീപിച്ചു. ഹെക്കോടതി നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ദുഷ്യന്ത് കോടതിയില്‍ ഹാജരായില്ല. രാംകുമാറും ദുഷ്യന്തും കോടതിയില്‍ ഹാജരായി കൃത്യമായ വിശദീകരണം നല്‍കിയിരുന്നെങ്കില്‍ ശിവാജിയുടെ കുടുംബത്തിന് ഇത്രയും വലിയ നാണക്കേട് സംഭവിക്കുമായിരുന്നില്ല. ഒടുവില്‍ ഫെബ്രുവരി 10ന് ഹരജി പരിഗണിച്ച ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസാണ്, ബംഗ്ലാവിന്റെയും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും നാലിലൊന്ന് ഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. പണം വാങ്ങുമ്പോള്‍ രാംകുമാര്‍ കൂടി ഒപ്പിട്ടതുകൊണ്ട് അദ്ദേഹത്തിന് അവകാശമുള്ള സ്വത്ത് എന്ന നിലയിലാണ് ടി നഗറിലെ അണ്ണെ ബംഗ്ലാവ് അറ്റാച്ച് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
കൈമലര്‍ത്തി പ്രഭു
എന്നാല്‍ നടന്‍ പ്രഭുവാകട്ടെ, കോടതിയില്‍ കൈമലര്‍ത്തുകയാണ് ഉണ്ടായത്. സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും, തനിക്ക് അവകാശമുള്ള വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും പ്രഭു കോടതിയെ അറിയിച്ചു. സഹോദരന്‍ നിരവധി ആളുകളില്‍ നിന്ന് പണം കടം വാങ്ങിയതിനാല്‍ അതിന്റെ ഭാരം വഹിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും പ്രഭു കോടതിയില്‍ വ്യക്തമാക്കി.
ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ്് ബംഗ്ലാവും പ്ലോട്ടും അറ്റാച്ച് ചെയ്യാന്‍ ഉത്തരവിട്ടത് പിന്‍വലിക്കണമെന്നും പ്രഭു ആവശ്യപ്പെട്ടു.
രാംകുമാറിന് ബംഗ്ലാവില്‍ ഓഹരിയില്ലെന്നും പ്രഭു മാത്രമാണ് ഏക ഉടമയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശിവാജിയുടെ മൂത്തമകനായ രാംകുമാറിന്റെ കുടുംബ ഓഹരി എന്നനിലയിലാണ് ടി. നഗറിലുള്ള വീടിന്റെ നാലിലൊരുഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. 53,240 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലത്തെ 13,310 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വസ്തുവാണ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. രാംകുമാറിന്റെ പേരിലുള്ള വസ്തുവിന്റെ നാലിലൊന്ന് ഓഹരി മാത്രം, എകദേശം 22.15 കോടി രൂപ വരുമെന്നും കുടിശ്ശിക ഈടാക്കാന്‍ ഇത് മതിയെന്നും ഹരജിക്കാര്‍ കോടതിയെ അറിയിക്കായായിരുന്നു.
എന്നാല്‍ സഹോദരങ്ങള്‍ തമ്മിലുള്ള ധാരണ അനുസരിച്ച് ഇത് തനിക്ക് നല്‍കിയതാണെന്നണ് പ്രഭു പറയുന്നത്. പ്രഭു ഒരിക്കലും ആരില്‍ നിന്നും പണം കടം വാങ്ങിയിട്ടില്ല. 150 കോടി രൂപ വിലമതിക്കുന്ന സ്വത്ത് 3.5 കോടി രൂപയുടെ വായ്പ തുകയ്ക്ക് കണ്ടുകെട്ടാനാണ് ഉത്തരവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. (ഇപ്പോള്‍ രാംകുമാറും പറയുന്നത് തനിക്ക് ടി നഗറിലെ ബംഗ്ലാവില്‍ അവകാശം ഇല്ലെന്നാണ്)
എന്നാല്‍ ഇതിനും വളരെ നല്ല മറുപടിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. രാംകുമാര്‍ സഹോദരനല്ലേയെന്നും, വായ്പ തിരിച്ചടച്ച ശേഷം രാംകുമാറില്‍നിന്നു തുക തിരിച്ചു വാങ്ങിക്കൂടേയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് പ്രഭുവിനോടു ചോദിച്ചു. എന്നാല്‍ രാംകുമാര്‍ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നല്‍കി. താന്‍ ജീവിതത്തില്‍ ഒരിക്കലും കടം വാങ്ങിയിട്ടില്ലെന്നും, സഹോദരങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം, 'അണ്ണെ ഇല്ലം' ബംഗ്ലാവിന്റെ ഉടമ താന്‍ ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇതും തമിഴ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സഹോദങ്ങള്‍ക്ക് വേണ്ടി ജീവിച്ച ആളായിരുന്നു ശിവാജി ഗണേശന്‍. അദ്ദേഹം ഉന്നതിയില്‍ എത്തിയപ്പോഴാണ് തന്റെ കുടംബത്തെ മുഴുവന്‍ രക്ഷപ്പെടുത്തിയത്. എല്ലാവരും ഒന്നിച്ച് കഴിയുന്ന കൂട്ടുകുടുംബമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പക്ഷേ ഇപ്പോള്‍ അതേ ശിവാജിയുടെ മക്കള്‍ തന്നെ പരസ്പരം സഹായിക്കാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു.
ബന്ധുക്കള്‍, ശത്രുക്കള്‍
ഇന്നും തമിഴകത്ത് മാര്‍ക്കറ്റുള്ള നടനാണ് പ്രഭു. ചിന്നത്തമ്പിയടക്കമുള്ള നിരവധി ഹിറ്റുകളിലുടെ, 90-കളുടെ തുടക്കത്തില്‍ സൂപ്പര്‍ താരമാവുമെന്ന് കരുതിയ നടനാണ് അദ്ദേഹം. പക്ഷേ പിന്നീട് അദ്ദേഹത്തിന് ആ വളര്‍ച്ച ഉണ്ടായില്ല. പക്ഷേ ഇപ്പോഴും ഒരു സഹനടന്‍ എന്ന നിലയില്‍ തെന്നിന്ത്യയില്‍ അദ്ദേഹത്തിന് മാര്‍ക്കറ്റുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മണിരത്നത്തിന്റെ 'പൊന്നിയന്‍ ശെല്‍വന്‍' സിനിമയിലെ പ്രഭുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാലപാനി, മലയാളി മാമന് വണക്കം അടക്കമുള്ള നിരവധി ചിത്രങ്ങളിലും ശിവാജി പുത്രന്റെ വേഷം ശ്രദ്ധേയമായിരുന്നു. പ്രഭുവിന്റെ മകന്‍, വിക്രം പ്രഭുവും തമിഴില്‍ മാര്‍ക്കറ്റുള്ള നടനാണ്. 2012- ല്‍ ഏറെ നിരൂപക പ്രശംസ നേടിയ കുംകി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. വിക്രം പ്രഭുവും ഇപ്പോള്‍ സജീവമാണ്.
അങ്ങനെ നോക്കുമ്പോള്‍ കോടികളുടെ ആസ്തിയാണ് പ്രഭുവിനും കൂടുംബത്തിനുമുള്ളത്. എന്നിട്ടും എതാനും ലക്ഷങ്ങള്‍ കൊടുത്ത്, അവര്‍ സഹോദരനെ സഹായിക്കില്ല എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഇത്രയും വലിയ നടനായിട്ടും ശിവജിയുടെ വീട് ജപ്തി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിചാരിച്ചിരുന്നെങ്കില്‍ ആ മൂന്ന് കോടി നേരത്തെ കൊടുക്കാമായിരുന്നുവെന്നും തമിഴക മാധ്യമങ്ങള്‍ എഴുതുന്നുണ്ട്.
പൊതുവെ സിനിമാ ഫീല്‍ഡില്‍, മിസ്റ്റര്‍ ക്ലീന്‍ എന്നും ജെന്റില്‍മാന്‍ എന്നും അറിയപ്പെടുന്ന ആളാണ് പ്രഭു. എല്ലാം തമാശയായി എടുക്കുന്ന, ഭക്ഷണ പ്രിയനായ, വാചാലനും ഊര്‍ജസ്വലനുമായ ഈ നടന് രജനിയും കമലും അടക്കമുള്ള വലിയൊരു സൗഹൃദവലയവുമുണ്ട്. ഇവരൊക്കെ വിചാരിച്ചിരുന്നെങ്കില്‍, ശിവാജി ഗണേശന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വസതിയെ രക്ഷിച്ച് എടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ആ നിലക്കൊന്നും കാര്യങ്ങള്‍ നീങ്ങിയില്ല.
മാത്രമല്ല, രാംകുമാറിന്റെ മുടിയാന പുത്രനെ സംരക്ഷിച്ച് പ്രഭുവും കുടുംബവും മടുത്തതാണെന്നും ഇപ്പോള്‍ അവര്‍ തമ്മില്‍ വലിയ ശത്രുതയാണെന്നം കേള്‍ക്കുന്നുണ്ട്. ശിവാജിയുടെ സിനിമാ അനന്തരവകാശം ആര്‍ക്ക് എന്നതിലും തര്‍ക്കമുണ്ടായി. ദുഷ്യന്ത്, ജൂനിയര്‍ ശിവാജി എന്ന പേര് വെച്ചതൊക്കെ ഈ തര്‍ക്കത്തിന് ആക്കം കൂട്ടി. പ്രഭുവിന്റെയും മകന്റെയും സിനിമകള്‍ പൊളിക്കാന്‍ ദുഷ്യന്ത് ശ്രമിച്ചുവെന്നും, ആരോപണം വന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമ്മക്കിളിയെപ്പോലെ ശിവാജി കൂട്ടിപ്പിടിച്ച് കൊണ്ടുപോയ ആ കുടുംബം, പണത്തിന്റെയും പദവിയുടെയും പേരില്‍ അടിച്ച് പിരിഞ്ഞിരിക്കയാണ്. ബന്ധുക്കള്‍ ശത്രുക്കളാവാന്‍ അധികം സമയമൊന്നും വേണ്ടല്ലോ?
വാല്‍ക്കഷ്ണം: പ്രഭുവും ചേട്ടനും തമ്മിലുള്ള തര്‍ക്കത്തേക്കാള്‍ ഗുരുതരമാണ്, അവരുടെ സഹോദരിമാര്‍ ഉന്നയിച്ച പരാതി. അതിലും ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ല. പണത്തിനുമുന്നില്‍ എല്ലാ ബന്ധങ്ങളും നിഷ്പ്രഭമാവുകയാണ്.