തൊഴിലില്ലായ്മ തൊട്ട് തൊട്ടുകൂടായ്മവരെയുള്ള വിവിധ തരം ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങളും, മാർച്ചും ധർണ്ണയും, സത്യാഗ്രഹവുമെല്ലാം ഏറെക്കണ്ടവരാണ് നാം ഇന്ത്യാക്കാർ. പക്ഷേ കഴിഞ്ഞ ദിവസം, മഹാരാഷ്ട്രയിലെ സോലാപുരിൽ നടന്ന അസാധാരണമായ ഒരു പ്രക്ഷോഭം, ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങളിൽ വാർത്തയായി. പെണ്ണുകിട്ടാത്തതിന്റെ പേരിൽ ആയിരുന്നു ആ സമരം! വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമവുമായി ഒരുസംഘം യുവാക്കളുടെ കളക്ടറേറ്റ് മാർച്ചാണ് കൗതുകമായത്. കുതിരപ്പുറത്തുകയറി വിവാഹവേഷമണിഞ്ഞാണ് യുവാക്കൾ മാർച്ചിൽ പങ്കെടുത്തത്. ബാൻഡ് മേളത്തിന്റെ അകമ്പടിയുമുണ്ടായി. ജ്യോതി ക്രാന്തി പരിഷത് എന്ന സംഘടനയാണ് മാർച്ച് സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയിലെ സ്ത്രീ-പുരുഷ അനുപാതം വ്യത്യസ്തമായതിനാലാണ് വധുവിനെ ലഭിക്കാത്തതെന്നാണ് ഇവരുടെ വാദം. മാർച്ചിനെ തുടർന്ന് ജില്ലാ കളക്ടർക്ക് സംഘടന നിവേദനം നൽകി. സർക്കാർ തങ്ങൾക്ക് വധുവിനെ കണ്ടെത്തണമെന്നാണ് യുവാക്കളുടെ ആവശ്യം. ഗ്രാമത്തിൽ താമസിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ സ്ത്രീകളാരും തയ്യാറാകുന്നില്ലെന്ന് ക്ഷീരകർഷകനായ ശിൽവന്ത് ക്ഷീരസാഗർ പറഞ്ഞു. 'സോലാപുർ ജില്ലയിലെ എന്റെ ഗ്രാമത്തിൽ രണ്ടേക്കർ കൃഷിഭൂമിയുണ്ട്. യുവതികൾ ചോദിക്കുന്നത് നഗരത്തിലാണോ ജീവിക്കുന്നതെന്നാണ്. ഗ്രാമത്തിലാണ് എന്ന കാരണത്താൽ 25 വിവാഹാലോചനകൾ നിരസിക്കപ്പെട്ടു' -ക്ഷീരസാഗർ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ സംഘത്തോട് പറഞ്ഞു.

ജനം മാർച്ചിനെ പരിഹസിച്ചേക്കാം, എന്നാൽ, വിവാഹംകഴിക്കാൻ യുവതികളെ ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യമെന്ന് ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകൻ രമേഷ് ബരാസ്‌കർ പറഞ്ഞു. 1000 ആൺകുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നതാണ് സംസ്ഥാനത്തെ നിലവിലെ അനുപാതം. പെൺഭ്രൂണഹത്യ വർധിക്കുന്നതുമൂലമാണ് അന്തരം വർധിക്കുന്നതെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെ മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ചിരിച്ചു തള്ളാൻ വരട്ടെ. അടുത്ത ദശകങ്ങളിൽ ഇന്ത്യ അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായിരിക്കും പുര നിറഞ്ഞു നിൽക്കുന്ന പുരുഷന്മാർ. പണ്ടൊക്കെ നമ്മുടെ ആശങ്കകൾ പുര നിറഞ്ഞു നിൽക്കുന്ന പെണ്ണുങ്ങളെ കുറിച്ചായിരുന്നു. പക്ഷേ ഇന്ന് സാഹചര്യങ്ങൾ മാറിമറിയുന്നു. മഹാരാഷ്ട്രയിലും, കർണാടകയിലും, തമിഴ്‌നാട്ടിലും യുപിയിലും കേരളത്തിലുമൊക്കെ സമാനമായ സാഹചര്യങ്ങൾ ഉണ്ട്. 40 വയസ്സുകഴിഞ്ഞിട്ടും പെണ്ണുകിട്ടാത്ത ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഇന്ത്യയിലുണ്ട്.

പ്രശസ്ത എഴുത്തുകാൻ ഡൊമനിക്ക് ലാപ്പിയർ ഒരിക്കൽ പറഞ്ഞതുപോലെ, ഇന്ത്യയിൽ ഒരു ശരാശരി പുരുഷൻ ജീവിക്കുന്നതുതന്നെ വിവാഹം കഴിക്കാനാണ്. വിദേശരാജ്യങ്ങളിലൊക്കെ വിവാഹം എന്ന ഒരുവഴി മാത്രമല്ല, ലൈംഗിക ജീവിതത്തിന് ഉള്ളത്. ഇത് കേവലം ലൈംഗിക ദാരിദ്ര്യത്തിന്റെ മാത്രം പ്രശ്നമുമല്ല. നമ്മുടെ നാട്ടിൽ കുടുംബം എന്നത് സാമൂഹിക സുരക്ഷയുടെ അവസാനവാക്കുകൂടിയാണ്. മക്കൾ വളർന്നാൽ കുടുംബത്തിൽനിന്ന് മാറി താമസിക്കുകയും, മാതാപിതാക്കൾ വയസ്സാവുമ്പോൾ, വൃദ്ധസദനങ്ങളിലേക്ക് മാറി രാജ്യത്തിന്റെ സംരക്ഷണയിൽ കഴിയുന്ന വിദേശരാജ്യങ്ങളിലെ അവസ്ഥയൊന്നുമല്ലല്ലോ, ഇവിടെ. മക്കളില്ലാതെ വളരുന്ന ഈ അവിവാഹിതരുടെ വാർധക്യം എങ്ങനെ ആയിരിക്കും. സാമൂഹിക സുരക്ഷകൾ കാര്യമായി ഇല്ലാത്ത ഒരു നാട്ടിൽ അവരെ ആര് സംരക്ഷിക്കും? കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇനി അനുഭവിക്കാൻ പോകുന്ന അതിഭീകരമായ ഒരു സാമൂഹിക പ്രശ്നത്തിന്റെ കൃത്യമായ സൂചനയാണ്, മഹാരാഷ്ട്രയിലെ സോലാപൂരിൽ കണ്ടത്.

കർണാടകയിലും പ്രക്ഷോഭം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. കഴിഞ്ഞമാസം അതായത് നവംബർ 22ന് സമാനമായ ഒരു പ്രക്ഷോഭത്തിന് കർണ്ണാടകയും സാക്ഷിയായി. കർഷകരായതിനാൽ വധുവിനെ കിട്ടുന്നില്ലെന്നും ഇക്കാര്യത്തിൽ സമൂഹത്തിൽ ബോധവത്കരണം നടത്തണമെന്നുമാവശ്യപ്പെട്ട് കർണാടകത്തിലെ ഹുബ്ബള്ളിയിലെ ഹൊസഹള്ളി സ്വദേശികളായ ഒരു കൂട്ടം യുവാക്കളാണ് തഹസിൽദാരെ സമീപിച്ചത്.

കർഷകരുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ബോധവത്കരണം സംഘടിപ്പിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് തഹസിൽദാർ ഉറപ്പുനൽകി.വർഷങ്ങളായി വധുവിനെ തേടുന്നവരും നിവേദനം നൽകിയവരിലുണ്ട്. കർഷകരാണെന്നറിയുമ്പോൾ വിവാഹത്തിന് താൽപ്പര്യമില്ലെന്ന മറുപടിയാണ് പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ലഭിക്കുന്നത്. രാജ്യത്തിന്റെ നട്ടെല്ല് കർഷകരാണെന്ന് ആദർശം പറയുമ്പോഴും ഭൂരിഭാഗംപേർക്കും കർഷകരെന്നാൽ പുച്ഛമാണെന്നാണ് അനുഭവമെന്നും യുവാക്കൾ പറയുന്നു. പെണ്ണുകാണാൻപോയ പലവീടുകളിൽനിന്നും ഇറക്കിവിട്ടെന്നും ഇവർ പറയുന്നു.

ഇതേകാര്യമാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കുന്നത്. 'ഇവിടെ പെണ്ണുകിട്ടാതെപോകുന്നതിന് പലകാരണങ്ങൾ ഉണ്ട്. കർഷകർ, കച്ചവടക്കാർ, സർക്കാർ ജോലില്ലാതെ മറ്റ് ജോലി ചെയ്ത് ജീവിക്കുന്നവർ, ഗ്രാമീണർ, കറുത്ത നിറമുള്ളവർ എന്നിവരൊക്കെ വിവാഹ കമ്പോളത്തിൽനിന്ന് പിന്തള്ളപ്പെടുകയാണ്. ഇന്ത്യയുടെ ശാപമായ ജാതിവ്യവസ്ഥയും, ജാതകവും, ജോത്സ്യവും ചേരുന്നതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയാണ്.''- സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ വിജയ് കോത്താരി ഇന്ത്യൻ എക്പ്രസിൽ എഴുതിയ ലേഖനത്തിൽ ചുണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം ഏറ്റവും കൂടുതൽ രുക്ഷമായ ഒരു സംസ്ഥാനമാണ് കേരളം. ഭാവിയിൽ കേരളവും സമാനമായ പ്രക്ഷോഭങ്ങൾക്ക് വേദിയായേക്കുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

വരിക്കപ്ലാവ് വിവാഹം

നാൽപ്പതുവയസ്സായിട്ടും പെണ്ണുകിട്ടാത്ത എത്ര അവിവാഹിതർ കേരളത്തിൽ ഉണ്ടെന്ന് ചോദിച്ചാൽ, സർക്കാറിന്റെ കൈയിൽ കൃത്യമായ കണക്കില്ല. പക്ഷേ അത് ലക്ഷങ്ങൾ വരുമെന്നാണ്, ഈ മേഖല പഠിക്കുന്ന സാമൂഹിക പ്രവർത്തകർ പറയുന്നത്. 'ഹിന്ദു- ക്രിസ്ത്യൻ കമ്യൂണിറ്റികളിൽ അവിവാഹതരായ ചെറുപ്പക്കാരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഹിന്ദുക്കളിൽ തന്നെ നായർ സമുദായത്തിലാണ് ഈ പ്രവണത കൂടുതൽ ഉള്ളത്. ഈഴവർ തൊട്ടു പിറകേയാണ്. തെക്കൻ ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോൾ മലബാറിലാണ്, പുര നിറഞ്ഞു നിൽക്കുന്ന പുരുഷന്മരുടെ എണ്ണം കൂടുതലുള്ളത്.''- സാമൂഹിക പ്രവർത്തകയും സ്ത്രീവിമോചന പ്രസ്ഥാനമായ ബോധിയുടെ വളണ്ടിയറുമായ ആശ ആർ കുമാർ പറയുന്നു.

ഇങ്ങനെപോയാൽ ഒരു വീട്ടിൽ ഒരു പ്രായമായ അവിവാഹിതൻ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിയുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്്. കേരളത്തിലെ സോഷ്യൽ മീഡിയയിൽ പലപ്പോഴും പെണ്ണുകെട്ടാത്തവരുടെ വിലാപങ്ങൾ നിറയാറുണ്ട്. വീട്ടിലെ പ്ലാവിനെ വിവാഹം കഴിച്ച കാസർകോട്ടെ ചന്ദ്രു എന്ന 37കാരന്റെ അനുഭവം കുറച്ചുകാലം മുമ്പ് ഫേസ്‌ബുക്കിൽ വൈറൽ ആയിരുന്നു. ചന്ദ്രുവിന്റെ കുറുപ്പ് ഇങ്ങനെ ആയിരുന്നു. 'ഞാൻ വിവാഹിതനാകുകയാണ്. അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകൽ പത്തുമണിക്കാണ് ചടങ്ങ്. എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് എത്തുമല്ലോ. വധുവിനെ പരിചയപ്പെടുത്തട്ടെ, വീടിന്റെ വടക്കുഭാഗത്ത് തലയുയർത്തി നിൽക്കുന്ന വരിക്കപ്ലാവാണ് വധു. വിവാഹത്തിനു വലിയ ചടങ്ങുകളോ ആർഭാടങ്ങളോ ഒന്നുമില്ല. അവൾ കുറെ പഴുത്ത പ്ലാവിലകൾ പൊഴിച്ചുതരും. ഞാനത് മാലയാക്കി അവൾക്ക് ചാർത്തും. വന്നവർക്കെല്ലാം ചക്കയുപ്പേരി വിളമ്പും. ശുഭം.

ചരക്കെടുക്കാൻ തുണിക്കടയിലോ സ്വർണം വാങ്ങാൻ ജുവലറിയിലോ പോയില്ല. തേഞ്ഞുതീർന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി, അതുമാത്രം. ജീവിതത്തിൽ എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. വരനെക്കുറിച്ച് അവൾക്ക് വേവലാതികൾ ഉണ്ടായിരുന്നില്ല, ചോദ്യങ്ങളും. സർക്കാർ ഉദ്യോഗമോ അഞ്ചക്ക ശമ്പളമോ ബാങ്ക് ബാലൻസോ എന്റെ നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല. പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല. ചേർന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല. പട്ടുസാരിയോ സ്വർണ്ണത്തൂക്കമോ ചോദിച്ചില്ല. ഒരേയൊരു ഡിമാന്റ് മാത്രം- ഒരു മഴുപോലും വീഴാതെ അവസാനം വരെ തുണയാകണം. അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു. ആയതിനാൽ സുഹൃത്തേ ഈ മംഗളകർമ്മത്തിൽ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാൻ പ്രിയപ്പെട്ട ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു.- ചന്ദ്രു വെള്ളരിക്കുണ്ട്.''.

ഈ കത്ത് വെറുമൊരു തമാശയായിരുന്നില്ല, കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കുളുടെ അനുഭവം ആണ്. മുപ്പതും നാൽപ്പതും വീടുകളിൽ കയറിയിറങ്ങി പെണ്ണും കണ്ടും, ബ്രോക്കർക്ക് കാശുകൊടുത്തും അവർ അങ്ങനെ കാലം കഴിക്കയാണ്.

35ാം വയസ്സിൽ വധുവിനെ തേടി ഫ്‌ളക്‌സ്

35 വയസായിട്ടും വിവാഹം നടക്കാത്തതു കൊണ്ട് വധുവിനെ തേടി ഫള്ക്‌സ് അടിച്ചു സ്വന്തം സ്ഥാപനത്തിന് മുമ്പിൽ പ്രദർശിപ്പിച്ച ഏറ്റുമാനൂർ കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വാർത്തയും കുറച്ചുകാലം മുമ്പ് വൈറലായിരുന്നു. അനീഷ് ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ-'മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തു. ബ്രോക്കർമാരെ കണ്ടു. പക്ഷേ, വിവാഹം മാത്രം നടന്നില്ല. അഞ്ചു വർഷമായി അനീഷിന്റെ ഈ അലയൽ തുടങ്ങിയിട്ട്. ഒടുവിലാണ് തടി മില്ലുടമയായ അനീഷ് രണ്ട് മാസം മുമ്പ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. 'വധുവിനെ തേടുന്നു. ഡിമാന്റുകളില്ലാത്ത, മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്' ഫ്‌ളക്‌സിലെ വാചകങ്ങൾ ഇങ്ങനെയാണ്.ഫേസ് ബുക്കിലും വൈകാതെ മില്ലിന് മുമ്പിലും ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. '' മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയപ്പോഴാണ് മിക്കവർക്കും ആവശ്യം ഗവൺമെന്റ് ജോലിക്കാരെയാണ്. പത്രങ്ങളിലെ പരസ്യം കണ്ട് വധുവിനെ തേടി വിളിച്ചപ്പോഴും ഇതേ ആവശ്യം തന്നെ തടസ്സമായി മാറി.''- അനീഷ് പറയുന്നു.

നടന്ന് മടുത്തപ്പോൾ യുവാക്കൾ ഇപ്പോൾ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. പലർക്കും ഇവിടെവെച്ച് പങ്കാളികളെ കിട്ടുന്നുമുണ്ട്. ''700 പേരെയെങ്കിലും ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിട്ടുണ്ടാകും. 36 പെൺകുട്ടികളെ നേരിൽ പോയി കണ്ടു. അതിനുപുറമെ മാട്രിമോണിയൽ സൈറ്റ്, മാര്യേജ് ബ്യൂറോ, ബ്രോക്കർമാർ. പൈസ ഇങ്ങനെ പോകും. ഇപ്പോ 38 വയസ്സായി. എട്ടു വർഷത്തിലധികമായി അന്വേഷണം തുടങ്ങിയിട്ട്. ഞങ്ങളെല്ലാം നന്നായി കുടുംബം നോക്കി മാന്യമായി ജീവിക്കുന്നവർ തന്നെയല്ലേ? ഓരോരുത്തരുടേയും വാതിൽക്കൽ പോയി നിന്ന് മടുത്തു.'' നീലേശ്വരത്തെ ടെക്സ്റ്റയിൽ ഷോപ്പുടമ രാജീവൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 30-40 ഇടയിലുള്ള ചെറുപ്പക്കാർ അനുഭവിക്കുന്ന പ്രതിസന്ധിയെന്ന് പറഞ്ഞ് പലരും ഇത് ക്വാട്ട് ചെയ്യാറുമുണ്ട്.

മലബാറുകാർ കർണ്ണാടകത്തിലേക്ക്

പണ്ട് അറബിക്കല്ല്യാണത്തിന്റെയും മൈസൂർകല്യാണത്തിന്റെയും, ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു, മലബാറിൽനിന്ന് പുറത്തുവന്നിരുന്നത്. അറബികൾ കേരളത്തിൽവന്ന് കൊച്ച് മുസ്ലിം പെൺകുട്ടികളെ വൻ തുക മഹർ കൊടുത്ത് താൽക്കാലിക വിവാഹം കഴിക്കുന്ന, 80കളിൽ കോഴിക്കോട്ടുണ്ടായിരുന്ന രീതി, ശക്തമായ ബോധവത്ക്കരണത്തിന്റെ കുടി ഭാഗമായിട്ടാണ് അവസാനിച്ചത്. അതുപോലെ 'പാഠം ഒന്ന് ഒരു വിലാപം' സിനിമയിലും മറ്റും കാണിച്ചപോലെ, മൈസൂരിൽനിന്ന് വരന്മാർ വന്ന് നിലമ്പൂരിലെ അടക്കം പാവപ്പെട്ട മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന രീതിയായിരുന്നു മൈസൂർ കല്യാണം. ഇവ രണ്ടും ഇപ്പോൾ നിലവില്ല. ഹരിയാന കല്യാണം, തമിഴ്‌നാട് കല്യാണം എന്നിവയും അതുപോലെ ഇല്ലാതായി. പകരം മലബാറിലെ പുരുഷന്മാരാണ് ഇപ്പോൾ കുടകിലേക്കും മറ്റും പോയി അവിടുത്തെ സ്ത്രീകളെ വരിക്കുന്നത്. കാരണം നാട്ടിൽ അവർക്ക് പെണ്ണുകിട്ടാറില്ല.

കണ്ണൂർ, കാസർകോട് ജില്ലയിലെ സർക്കാർ ജോലിയില്ലാത്ത യുവാക്കളിൽ പലരും ഇപ്പോൾ കർണ്ണാടകത്തിലേക്ക് പോവുകയാണ്. പലരും മംഗളൂരുവിലും കുടകിലുമെത്തി പെൺകുട്ടികളെ കണ്ടെത്തുകയാണ്. ഇടനിലക്കാരായ പലരും അര ലക്ഷം വരെ കമ്മീഷൻ തുകയായി പറ്റുന്നതും നാട്ടു നടപ്പാണ്. എന്നാൽ ഇതൊന്നും വെറുതേ സംഭവിച്ചതല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ ജെന്റർ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം കാസർകോട് ജില്ലയിലെ ആൺ-പെൺ അനുപാതം ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യം പറയുന്നു. 13നും 28നും ഇടയിൽ പ്രായമുള്ളവരിൽ പെൺകുട്ടികളേക്കാൾ അധികം ആൺകുട്ടികളാണ്.

ആയിരം ആൺകുട്ടികൾക്ക് 982 പെൺകുട്ടികളേയുള്ളൂ.

തോട്ടം മേഖലകളിലെ തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ളവരാണ് പെൺകുട്ടികളെയാണ് പലരും തെരഞ്ഞെടുക്കുന്നത്. വീരാജ്പേട്ട, സുണ്ടിക്കൊപ്പ, മടിക്കേരി, സോമവാർപേട്ട്, ഗോണിക്കോപ്പ, കുശാലനഗര, പൊന്നംപേട്ട് എന്നിവിടങ്ങളിലേക്കാണ് പലരും പെണ്ണുതേടി പോകുന്നത്. ആളുകൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ അവിടെയും പെൺകുട്ടികളുടെ ഡിമാന്റ് കൂടി തുടങ്ങി. പലരും സ്വർണ്ണവും പണവും കുടുംബക്കാർക്ക് നൽകി പെൺകുട്ടിയെ വിവാഹം ചെയ്യുന്നുണ്ട്. കൊടവ, തുളു, മലയാളം ഭാഷകളാണ് കുടക് ജില്ലകളിൽ ആളുകൾ സംസാരിക്കുന്നത്. അടുത്തിടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള ചെറുപ്പക്കാരൻ കുടകിൽനിന്നു കല്യാണം ഉറപ്പിച്ചു. ചെക്കന്റെ വീട് കാണാൻ വന്ന പെൺവീട്ടുകാർക്കൊപ്പം അയൽവാസിയായ മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നു. ഇതറിഞ്ഞ് എത്തിയ വരന്റെ നാട്ടിലെ മറ്റൊരു യുവാവ് അവിടെ വെച്ചുതന്നെ ആ പെൺകുട്ടിയുമായും വിവാഹം ഉറപ്പിച്ചു. കുടകിൽനിന്നുള്ള ബ്രോക്കറും ഒപ്പമുണ്ടായിരുന്നു. രണ്ട് വിവാഹങ്ങൾ നടത്തിയതിന്റെ സന്തോഷത്തിൽ കല്യാണദിവസം തളിപ്പറമ്പിലെത്തിയ ബ്രോക്കറെ തങ്ങൾക്കും വിവാഹം നടത്തിത്തരണമെന്നു പറഞ്ഞു ചെറുപ്പക്കാർ വളഞ്ഞ സംഭവവും ഉണ്ടായി. ആളുകൾ കൂടിയതോടെ ഭക്ഷണം പോലും കഴിക്കാതെ ബ്രോക്കർ രക്ഷപ്പെട്ടു.

പെണ്ണുകിട്ടാത്ത പുരുഷന്മാർ കൂടിയതോടെ കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മൂന്നുവർഷം മുമ്പ് 'പുരനിറഞ്ഞ പുരുഷന്മാർ' എന്ന പേരിൽ കൂട്ടായ്മയും സംവാദവും നടത്തിയതും വാർത്തയായിരുന്നു. കല്യാണം നടക്കാത്ത ആൺമക്കളുടേയും സഹോദരങ്ങളുടേയും ബന്ധുക്കളുടേയും ബുദ്ധിമുട്ടുകൾ നേരിട്ടറിയുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിലാണ് ഈ ആശയം ആദ്യം വന്നത്. തുടർന്ന് സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ മടിക്കൈ മേക്കാട്ട് സ്‌കൂളിൽ കൂട്ടായ്മ നടത്തി. വിവാഹിതരാകാത്ത പുരുഷന്മാരും മക്കളുടെ വിവാഹം നടക്കാത്ത അമ്മമാരും അവരുടെ അനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ചു. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പലരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ആ കൂട്ടായ്മയ്ക്കുശേഷം ഒരു വൈവാഹിക വെബ്സൈറ്റും അവർ തുടങ്ങി.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ മെയ് മാസത്തിൽ മിശ്രവിവാഹവേദിയുടെ നേതൃത്വത്തിൽ മിശ്രവിവാഹ സംഗമം നടത്തിയപ്പോഴും വൻ ജനാവലിയായിരുന്നു. പയ്യന്നൂരിൽ സംഗമദിവസം രാവിലെ തന്നെ പരിപാടി നടത്താൻ നിശ്ചയിച്ച സഹകരണബാങ്ക് ഓഡിറ്റോറിയം പുരുഷന്മാരെക്കൊണ്ട് നിറഞ്ഞു. 100-150 പേരെ പ്രതീക്ഷിച്ച സംഘാടകരെ ഞെട്ടിച്ചുകൊണ്ട് ആയിരത്തിലധികം പേർ ഓഡിറ്റോറിയത്തിലും പരിസരത്തും എത്തി. എത്തിയ സ്ത്രീകളുടെ എണ്ണമോ പത്തിൽ താഴെയും. ഒടുവിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസെത്തി സ്ഥിതി നിയന്ത്രിക്കേണ്ടിവന്നു.

നമ്പൂതിരി സമുദായത്തിലൊക്കെ ശാന്തിപ്പണിയായി നടക്കുന്നവർക്ക് ഇപ്പോൾ പെണ്ണുകിട്ടുന്നില്ല. അവരിൽ പലരും അനാഥാലയങ്ങളിലേക്ക് നീങ്ങുകയാണ്. ജാതി മാറി വിവാഹം കഴിച്ചവരും നിരവധി.

ക്രൈസ്തവ യുവാക്കൾക്കും പെണ്ണില്ല

2019ൽ സീറോ മലബാർ സഭ പുറത്തിറക്കിയ ഇടയലേഖനവും ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ചാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടത്തിൽ ഇടയലേഖനം ഇറക്കയിരിക്കുന്നത്. ഒരു ലക്ഷത്തോളം ചെറുപ്പക്കാർക്ക് ജിവിത പങ്കാളികളെ ലഭിക്കുന്നില്ലെന്നാണ് ഇടയ ലേഖനത്തിൽ പറയുന്നത്.ക്രിസ്ത്യൻ സമുദായത്തിന്റെ അവസ്ഥ ആപത്കരമാണെന്നതിന്റെ സൂചനയാണിതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. മുപ്പത് വയസ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കൾക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോൾ ഉള്ളതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

കേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ മാതാപിതാക്കൾ മാത്രം തങ്ങുന്ന അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തിലേക്ക് തിരിച്ച് വരാൻ വിദേശത്ത് ചേക്കേറിയ പുതു തലമുറ നാട്ടിലേക്ക് തിരിച്ച് വരുന്നില്ല എന്നതും ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായി ഇടലേഖനം വ്യക്തമാക്കുന്നത്. ലോക്സഭയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വെളിപ്പെടുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനത്തിലെ പരാമർശങ്ങൾ.

തൊഴിലില്ലായ്മ, ജനന നിരക്കിലെ തിരിച്ചടി, കാർഷിക മേഖലയിൽ നേരിടുന്ന പ്രതിസന്ധി, പ്രളയം എന്നിവയെല്ലാം ക്രിസ്ത്യൻ സമുദായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടയലേഖനം പറയുന്നു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ ഫലമായി യുവാക്കൾ വിദേശങ്ങളിലേക്ക് ചെക്കേറുകയാണ്. ഇത് ആശങ്കപ്പെടുത്തുന്ന താര്യമാണെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.

കേരളം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത വിഭാഗമായിരുന്നു ക്രിസ്ത്യൻ വിഭാഗം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾക്കിടയിലെ ജനന നിരക്കിൽ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തിൽ പറയുന്നു. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം നടത്താനാണ് സഭയുടെ നീക്കം. എന്നാൽ മുസ്ലിം സമുദായത്തിൽ ഇതുവെരെ പെണ്ണുകിട്ടാത്ത അവസ്ഥ ഉണ്ടായിട്ടില്ല.

എന്തുകൊണ്ട് പെണ്ണുകിട്ടുന്നില്ല?

കേരളത്തിലെ പുരുഷന്മാർക്ക് പെണ്ണുകിട്ടാനില്ലാത്തതിനെകുറിച്ച് ജാതി, ജോത്സ്യം, സോഷ്യൽ സ്റ്റാറ്റസ്, സർക്കാർ ജോലിയോടുള്ള ഭ്രമം തുടങ്ങിയ വിവിധ കാരണങ്ങൾ പറയുന്നുണ്ട്. പക്ഷേ അടിസ്ഥാനപരമായി മറ്റൊരു പ്രശ്നം കൂടിയുണ്ട്. അതാണ് കേരളത്തിലെ സ്ത്രീകളുടെ ഉയർച്ച. ''ആൺകുട്ടികൾ വിദ്യാഭ്യാസപരമായി പിറകോട്ട് പോവുമ്പോൾ, പെൺകുട്ടികൾ വല്ലാതെ മുന്നേറുകയാണ്. പഴയതുപോലെ വീട്ടുകാർ നിശ്ചയിക്കുന്നതിന് അനുസരിച്ച് കഴുത്ത് നീട്ടിക്കൊടുക്കാൻ പുതിയ കാലഘട്ടത്തിലെ പെൺകുട്ടികൾ തയ്യാറല്ല. അവർ എല്ലാ സാഹചര്യങ്ങളും നോക്കും. തറവാട്, കുലമഹിമ, ജാതിമഹിമ എന്നിവയൊന്നും ഇനിയുള്ള കാലത്ത് വിവാഹ കമ്പോളത്തിൽ വിറ്റുപോകുന്നതല്ല. പഠിച്ച് ഉയർന്ന് നല്ല വ്യക്തിത്വം ഉള്ളവൻ ആവാനാണ് മലയാളി പുരുഷൻ ശ്രമിക്കേണ്ടത്''- സാമൂഹിക പ്രവർത്തകയായ സൂസൻ ജോർജ് ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളുടെ വിവാഹ സങ്കല്പങ്ങളും മാറിത്തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങൾ മുറുകെ പിടിക്കുന്ന, സ്ത്രീകളുടെ പ്രാഥമിക അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്ത പുരുഷന്മാരെ സ്ത്രീകൾ അവഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. വീട്ടുജോലികൾ ചെയ്യാനുള്ള ആൾ എന്ന ധാരണയ്ക്കപ്പുറത്ത്, തങ്ങളെ ബഹുമാനിക്കുന്ന പുരുഷന്മാരെയാണ് പെൺകുട്ടികൾ പ്രതീക്ഷിക്കുന്നത്. പുരുഷന്മാരും അതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു.

പ്രണയം പോലുള്ള കാര്യങ്ങൾ കുറഞ്ഞുവരുന്നതും വിവാഹം നടക്കാത്തതിന്റെ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴും വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് പ്രണയത്തിലൂടെ വിവാഹിതരാകുന്നത്. അവരവരുടെ സമുദായവും ജാതിയും നോക്കി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്നുമുണ്ട്. മതേതര യുവത്വം യാഥാസ്ഥിതികത്വത്തിലേക്ക് മാറുകയാണോയെന്ന സംശയം പലരുടേയും വാക്കുകളിൽ പ്രകടമാണ്. കേരളത്തിൽ അടുത്തകാലത്തായി ചർച്ചചെയ്യപ്പെട്ട ദുരഭിമാന കൊലകളും ആളുകളെ സ്വാധീനിക്കുന്നുണ്ട്. അത്തരം കൊലപാതകങ്ങളിൽപ്പോലും പ്രതികളായവരെ ന്യായീകരിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നത് ജാതിയിൽനിന്നു മാറാൻ ആളുകൾ തയ്യാറല്ല എന്നതിന്റെ തെളിവാണ്. ലൗജിഹാദ് അടക്കമുള്ള ആരോപണങ്ങൾ കൂടി ശക്തിപ്പെട്ടതോടെ, യാഥാസ്ഥിതികത്വത്തിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു.

അതേസമയം മൈത്രേയനെപ്പോലുള്ള സാമൂഹിക പ്രവർത്തകർ വേറിട്ട ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. 'വിവാഹമാണ് എല്ലാം എന്ന ധാരണ ആദ്യം തന്നെ മാറ്റണം. കല്യാണം കഴിച്ചില്ലെങ്കിൽ യാതൊരു കുഴപ്പമുമില്ല എന്ന രീതിയിൽ പുരുഷന്മാർ മാറണം. ലൈംഗിക ബന്ധത്തിനുള്ള ഒരേ ഒരു അവസരം വിവാഹം മാത്രമല്ല. പ്രായപൂർത്തിയാവർക്ക് സമ്മതത്തോടെ ലൈംഗികബന്ധം നിയമപരമായി അനുവദിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. വിദേശരാജ്യങ്ങളിലൊക്കെയുള്ളപോലെ സിംഗിൾ മാൻ ആയി ജീവിക്കാൻ നമ്മളും പഠിക്കണം. ഒരു കുഴപ്പവും അതുകൊണ്ടില്ല. സ്വതന്ത്ര്യം നിഷേധിക്കുന്ന പരമ്പാരഗത കുടുംബത്തേക്കൾ ഭേദമാണ് അത്. കേരളം ആ രീതിയിൽ മാറേണ്ടതുണ്ട്. അല്ലാതെ പെണ്ണുകിട്ടുന്നില്ല എന്ന നിലവിളി കേൾക്കുമ്പോൾ എനിക്ക് ചിരയാണ് വരുന്നത്''- മൈത്രേയൻ പറയുന്നു.

എന്തൊക്കെയായാലും സാമൂഹിക ക്ഷേമ-യുവജന വകുപ്പുകൾക്കൊക്കെ കൃത്യമായ ഒരു പദ്ധതി ഈ വിഷയത്തിൽ ഉണ്ടാവുന്നത് നല്ലതാണ്. ഭാവിയിൽ കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിൽ ഒന്നായി ഇത് ഉയരുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ഈയിടെ നിരന്തരമായി പെണ്ണ് പോയിക്കണ്ടിട്ടും വിവാഹം നടക്കാത്തതിന്റെ വിഷമം മൂലം തമിഴ്‌നാട്ടിൽ ഒരാൾ ആത്മഹത്യ ചെയ്തയായി വാർത്ത കണ്ടിരുന്നു. ആത്മാഹുതികളുടെ ഹബ്ബായ കേരളത്തിൽ അങ്ങനെ ഒരു പുതിയ വിഭാഗം കൂടി ഉയർന്നുവരാതിരിക്കട്ടെ.