- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിലെ ബാഡ് ബോയ് ശ്രീനാഥ് ഭാസിയുടെ കഥ
ചില ബാഡ് ബോയ്സ് അങ്ങനെയാണ്. അവർ എന്തുമാത്രം അലമ്പുകൾ കാണിച്ചാലും ജനപ്രിയരായിരിക്കും. ഹിന്ദി സിനിമയിലെ ബാഡ് ബോയ് എന്ന് പേരുള്ള സൽമാൻഖാനെ നോക്കുക. കൃഷ്ണമൃഗവേട്ട തൊട്ട് കൊലപാതകംവരെയുള്ള നിരവധി ആരോപണങ്ങൾ സൽമാന് നേരെയുണ്ട്. എന്നിട്ടും അയാളുടെ താരസിംഹാസനത്തിന് ഇളക്കിമില്ല. തെലുങ്കിൽ ബാലകൃഷ്ണ, തമിഴിൽ മൻസൂർ അലിഖാൻ.. അങ്ങനെ എന്നും വിവാദത്തിൽപെടുന്ന കുറേ നടന്മാരുണ്ട്. സൽമാന്റെ ചെയ്തികളോട് ഉപമിക്കുന്നത്് കടുപ്പമാണെങ്കിലും, മലയാള സിനിമയിലെ ബാഡ് ബോയ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന നടനാണ്, മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ പാൻ ഇന്ത്യൻ നായകനായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ശ്രീനാഥ് ഭാസി.
സിനിമയിലും ജീവിതത്തിലും ഒരുപോലെ ആംഗ്രി യംങ് മാനാണ്, ശ്രീനാഥ്. എങ്ങോട്ട് തിരിഞ്ഞാലും വിവാദം. സ്വന്തം പിതാവ് വിളിച്ചാൽപോലും ഫോൺ എടുക്കില്ല എന്ന് നിർമ്മാതാക്കൾ, സെറ്റിൽ സമയത്തിന് എത്തില്ലെന്നും ലഹരി ഉപയോഗിക്കുമെന്നുമൊക്കെ ആരോപണം വേറയെും. ഇനി സിനിമയുടെ പ്രോമോഷന് പോയാലോ അവിടെയും, ആങ്കർമാരെ തെറിപറഞ്ഞും, തട്ടിക്കയറിയും കേസും പൊല്ലാപ്പും! പക്ഷേ ഇങ്ങനെയാക്കെയായിട്ടും അയാളെ എല്ലാവർക്കും വേണം. കാരണം ശ്രീനാഥ് അസാധ്യ നടനാണെന്നതിൽ വിമർശകർക്കുപോലും ഒരു സംശയവുമില്ല. പ്രതിഭകൾക്ക് എല്ലാമുണ്ടാവുന്ന ഈ എക്സെൻട്രിക്ക് സ്വഭാവത്തെ പർവതീകരിക്കയാണ്, പലരും ചെയ്യുന്നത് എന്നും പറയുന്നവരുണ്ട്.
ഇപ്പോഴിതാ, സ്റ്റേജ് ഷോയിൽ പാടുന്നതിനിടെ തെറി വിളിച്ചതിന്റെ പേരിലാണ് ശ്രീനാഥ് വീണ്ടും വിവാദത്തിലായത്. ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ 'ജാഡ പച്ചയായ ജാഡ' അവതരിപ്പിക്കുന്നതിനിടെയാണ് താരം തെറിയഭിഷേകം നടത്തിയത്. സുശിൻ ശ്യാം സംഗീതം നിർവഹിച്ച ഈ പാട്ട് സിനിമയിൽ പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. അത് ഒരു സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിക്കുകയും അശ്‌ളീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ സമൂഹമാധ്യമങ്ങളിൽ വൈറലാലാവുന്നത്. പാട്ടിനിടെ തെറി വിളിക്കുമ്പോൾ കാണികളിൽ ചിലർ കയ്യടിക്കയാണ്!
അതുകൊണ്ടുതന്നെ ശ്രീനാഥ് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നുവരെ വിമർശനം വരുന്നുണ്ട്. പക്ഷേ തന്റെ ജീവിതം ആരും മാതൃകയാക്കരുതെന്ന് നേരത്തെ തന്നെ പറഞ്ഞ നടനാണ് അയാൾ. ശരിക്കും പൊരുതിക്കയറിയാണ്് അയാൾ മലയാള സിനിമയിലേക്ക് നടന്നെത്തിയത്.
കൊച്ചുവേഷങ്ങളിലൂടെ നായകനിലേക്ക്
പൊതുവെ ന്യൂജൻ നടൻ എന്ന് പറയാറുണ്ടെങ്കിലും, സിനിമയിലെ അനുഭവപരിചയം കൊണ്ട് അത്ര ന്യൂജൻ അല്ല ഈ നടൻ. 1988 മെയ് 31നാണ് ശ്രീനാഥ് ഭാസിയുടെ ജനനം. വയസ് 36 ആയി. സിനിമയിൽ വന്നിട്ടുതന്നെ 12 വർഷമായി. ആർജെയും വിജെയുമായി പ്രവർത്തിച്ചതിന് ശേഷമായാണ് സിനിമയിലെത്തിയത്. 2012-ൽ ഇറങ്ങിയ ബ്ലസി സംവിധാനം ചെയ്ത പ്രണയത്തിലൂടെയായിരുന്നു അരങ്ങേറ്റം. സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ ത്രില്ലടിച്ചിരുന്നുവെന്നും ആശങ്കയോടെയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും ശ്രീനാഥ് ഭാസി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. 'നിന്നെ വെച്ച് ഞാനൊരു പരീക്ഷണം ചെയ്യുകയാണെന്നായിരുന്നു' അന്ന് ബ്ലസി പറഞ്ഞത്. ആ പരീക്ഷണം വിജയിച്ചെങ്കിലും അത്ര മികച്ച അവസരങ്ങളൊന്നും ആദ്യം ലഭിച്ചിരുന്നില്ല.
22 ഫീമെയിൽ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടൽ, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകളിലായിരുന്നു പിന്നീട് ശ്രീനാഥിനെ കണ്ടത്. ഡാ തടിയാ എന്ന സിനിമയിലെ ക്യാരക്ടർ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ശ്രീനാഥിന്റെ കരിയർ മാറിമറിഞ്ഞത്. നായകനായ തടിയന്റെ കൂടെ നടന്നിരുന്ന മെലിഞ്ഞ പയ്യനെ അവതരിപ്പിച്ചത് ശ്രീനാഥായിരുന്നു. ഹണിബീ ആദ്യഭാഗം മുതൽ ശ്രീയ്ക്ക് മികച്ച വേഷങ്ങളായിരുന്നു ലഭിച്ചത്. ബ്രോ എന്ന വിളിയിലൂടെയായി ശ്രീനാഥ് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു.
ജേക്കബിന്റെ സ്വർഗരാജ്യം, ബിടെക്ക്, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, കപ്പേള, ഹോം, ഭീഷ്മപർവ്വം തുടങ്ങി മഞ്ഞുമ്മൽ ബോയ്സ് വരെയുള്ള പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ശ്രീനാഥ് അവതരിപ്പിച്ചിട്ടുള്ളത്. പോസിറ്റീവായി മാത്രമല്ല നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറുകളും തന്നിൽ ഭദ്രമാണെന്ന് ശ്രീനാഥ് തെളിയിച്ചിരുന്നു. ചട്ടമ്പി എന്ന സിനിമയിലെ അഭിനയവും ശ്രദ്ധേയമായി. പിന്നെ ഇറങ്ങിയ 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ സർവകാല കളക്ഷൻ റെക്കോഡ് ഇട്ടതോടെ, ഇപ്പോൾ കന്നഡയിലും, തമിഴിലുമെല്ലാം ശ്രീനാഥിനെതേടി അവസരങ്ങൾ വിരികയാണ്.
നല്ലൊരു ഗായകൻ കൂടിയാണ് താനെന്നും ശ്രീനാഥ് തെളിയിച്ചിരുന്നു. തന്റെ സിനിമകളിലും അല്ലാതെയുമായും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അനിയനും പാട്ടുകാരനാണ്. സ്വന്തമായി മ്യൂസിക് ബാൻഡുണ്ട്. ഇവർ വിദേശത്തൊക്കെ പരിപാടികൾ അവതരിപ്പിക്കാറുമുണ്ട്. പാട്ടാണോ സിനിമയാണോ വലുതെന്ന് ചോദിച്ചാൽ രണ്ടും രണ്ടാണെന്നാണ് ശ്രീനാഥ് പറയുന്നത്. "സുഹൃത്തുക്കൾ കാരണമാണ് പാട്ട് ജീവിതത്തിലുണ്ടായത്. പാട്ടുകാരനായതുകൊണ്ടാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്. പൈസ കൂടുതൽ കിട്ടുന്നത് അഭിനയത്തിലാണ്. എനിക്ക് ചെലവ് കൂടുതൽ വരുന്നത് പാട്ടിലാണ്. പക്ഷേ പുറത്ത് പാട്ടിന് ഭയങ്കര പൈസയാണ്. പക്ഷേ അതിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അഭിനയം ഒരു അനുഗ്രഹമാണ്. അച്ഛന്റെയും അമ്മയുടെയുമൊക്കെ പ്രാർത്ഥനയൊക്കെ കൊണ്ടായിരിക്കാം അതുമായി മുന്നോട്ട് പോവാൻ സാധിക്കുന്നത്."- ഒരു അഭിമുഖത്തിൽ ശ്രീനാഥ് പറയുന്നു.
പ്രതിഫലം ചോദിച്ചാൽ പ്രശ്നക്കാരൻ
പൊതുവെ മലയാള സിനിമയിലെ അഭിനേതാക്കളെ നോക്കിയാൽ അവർ ആരും തങ്ങൾക്കുണ്ടായ തിക്താനുഭവങ്ങൾ പറയില്ല. എന്നാൽ ശ്രീനാഥ് അത് പറയാറുണ്ട്. പണം നൽകാത്ത നിർമ്മാതാക്കൾക്കെതിരെയും അയാൾ സംസാരിക്കാറുണ്ട്. ആദ്യകാലത്ത് അഭിനയിച്ച സിനിമയ്ക്ക് വെറും 2,500 രൂപയാണ് പ്രതിഫലം കിട്ടിയത്. അതുതന്നെ മുഴുവനായും തന്നിട്ടില്ലെന്നും നടൻ പറയുന്നു.
"നിർമ്മാതാക്കളുടെ മക്കളെല്ലാം അഭിനയരംഗത്തുണ്ടല്ലോ. അവരെല്ലാം പറഞ്ഞ കാശ് വാങ്ങിയിട്ടല്ലേ ക്യാമറയ്ക്ക് മുന്നിലേക്ക് പോകുന്നത്. പിന്നെ ഇവർക്കെന്താണ് നമ്മൾ കൂലി ചോദിക്കുമ്പോൾ ഇഷ്ടപ്പെടാത്തത്"- ശ്രീനാഥ് ഒരിക്കൽ ചോദിച്ചു.
പണമില്ലാത്തതിനാൽ താരസംഘടനയായ 'അമ്മ'യിൽ അംഗത്വമെടുക്കാൻപോലും കഴിയാത്ത അവസ്ഥ ശ്രീനാഥിന് ഉണ്ടായിരുന്നു. അന്ന് 'അമ്മ'യിൽ അംഗത്വത്തിന് ഒരു ലക്ഷം രൂപ വേണമായിരുന്നു. അത്രയും പണം ഒറ്റയടിക്ക് നൽകാൻ മാത്രമുള്ള വരുമാനം ശ്രീനാഥിന് ഇല്ലായിരുന്നു. വളറെ തുച്ഛമായ കാശിനാണ് മുമ്പൊക്കെ അഭിനയിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സും കപ്പേളയുമൊക്കെ കഴിഞ്ഞപ്പോഴാണ് കാശ് കിട്ടിത്തുടങ്ങിയത്. ഇതിന് തെളിവായി തന്റെ ബാങ്ക് അക്കൗണ്ട് കാണിക്കാമെന്നും ശ്രീനാഥ് ഭാസി തുറന്ന് പറയുന്നുണ്ട്.
"ഞാൻ ആദ്യമഭിനയിച്ച സെറ്റുകളിൽ നിന്നെല്ലാം വിഷമങ്ങളാണ് ലഭിച്ചത്.. ഒരുപക്ഷേ നമ്മൾ നന്നാവാൻ വേണ്ടിയായിരിക്കാം. അതല്ലെങ്കിൽ നമ്മളിൽ സ്പാർക്ക് ഉണ്ടാക്കാൻ വേണ്ടിയാകാം. എന്തായാലും എന്നെ സംബന്ധിച്ച് അത്തരം അനുഭവങ്ങളെല്ലാം കൂടുതൽ തളർത്തുകയാണ് ചെയ്തത്. ആളുകൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള അസൂയ, മറ്റൊരാളെ താഴ്‌ത്താനുള്ള പ്രവണത, വേർതിരിവുകൾ, തുടങ്ങി ഞാൻ കണ്ട സിനിമാലോകം ഇങ്ങനെയായിരുന്നു"- ശ്രീനാഥ് ഒരു അഭിമുഖത്തിൽ പറയുന്നു.
പക്ഷേ എല്ലാവിഷമങ്ങളും മറികടന്ന് അയാൾ വളർന്നു. ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയമൊക്കെ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ആ സീനൊക്കെ മനോഹരമാക്കിയത് മുതിർന്ന താരങ്ങളുടെ കഴിവുകളൊക്കെ കൊണ്ടാണെന്നും ശ്രീനാഥ് പറയുന്നു. "എന്റെ ചില സ്ലാംഗുകളെ കുറിച്ചും സംസാരത്തെ പറ്റിയുമൊക്കെ മമ്മൂക്ക ചോദിച്ചിരുന്നു. 'നിങ്ങൾ ഇവിടെ ലോ കോളേജിൽ പഠിച്ചിട്ടും ഇതൊന്നും അറിയില്ലേ' എന്നാണ് താൻ തിരിച്ച് ചോദിച്ചത്"- ശ്രീനാഥ് വ്യക്തമാക്കി.
തന്നെ പറ്റിച്ച നിർമ്മാതാക്കളോടാണ് താൻ മോശമായി പെരുമാറിയത്. പക്ഷേ അതിന്റെ പേരിൽ തന്നെ ലഹരിക്ക് അടിമയാക്കിവരെ ചിത്രീകരിച്ചെന്ന് ശ്രീനാഥ് പറയുന്നു. -"നിങ്ങളെ പറ്റിച്ചവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയിൽ മാത്രമാണ്. അതിനുപ്പുറത്ത് ഞാനൊരു സാധാരണ മനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നിൽ നിന്നും പ്രതീക്ഷിക്കാം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്."- ശ്രീനാഥ് പറയുന്നു.
ആങ്കറെ തെറിപറഞ്ഞ് കേസ്
എന്നും വിവാദങ്ങളുടെ സഹയാത്രികനാണ് ശ്രീനാഥ്. ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ 2022 സെപ്റ്റംബർ 26ന് ശ്രീനാഥ് ഭാസിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരട് പൊലീസായിരുന്നു ശ്രീനാഥിന് അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു. അന്ന് ശ്രീനാഥിന്റെ രീതി വ്യാപകമായി വിമർശിക്കപ്പെട്ടു. ഒരു സ്ത്രീയെന്ന പരിഗണപോലുമില്ലായെ, പെട്ടെന്ന് പ്രകോപതനായി അയാൾ ആങ്കറെ അധിക്ഷേപിക്കയായിരുന്നു. പക്ഷേ പിന്നീട് അതിൽ ശ്രീനാഥ് മാപ്പുപറഞ്ഞു. ക്ഷമാപണം നടത്തി വീഡിയോ ചെയ്യുമ്പോൾ അയാൾ കരഞ്ഞുപോയി. പക്ഷേ അപ്പോഴും അത് അവന്റെ അടവാണെന്നാണ് താഴെ കമന്റുകൾ വന്നത്.
പക്ഷേ അഭിമുഖത്തിന് വന്നിരിക്കുന്ന ആളിനെകുറിച്ച് ഒന്നും പഠിക്കാതെ, വെറുതെ അനാവശ്യചോദ്യങ്ങൾ ചോദിച്ചതാണ് തന്നെ പ്രകോപിപ്പച്ചത് എന്ന് പിന്നീട് ശ്രീനാഥ് പറഞ്ഞു. -"പേഴ്സണലി അറ്റാക്ക് ചെയ്യുന്ന ചോദ്യങ്ങൾ എനിക്ക് ഇഷ്ടമല്ല. 'ഭാസിയെ ഇങ്ങനെയാണല്ലോ കാണുന്നത്', 'ഭാസിക്ക് അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്' എന്നിങ്ങനെ. ഞാനും ഇതേ ജോലി ചെയ്തോണ്ടിരുന്നതാണ്, എനിക്കറിയാം അപ്പുറത്തിരിക്കുന്ന ആള് എന്നെ കുറിച്ച് ചോദിക്കാനോ പഠിക്കാനോ ഒരു പണിയുമെടുത്തിട്ടില്ലെന്ന്. പണിയെടുത്ത് കഴിഞ്ഞാൽ നല്ല ചോദ്യങ്ങൾ ചോദിക്കാൻ പറ്റും. അങ്ങനെയാണ് നല്ല കണ്ടന്റുണ്ടാക്കുക.
പക്ഷേ അവർക്ക് അവരുടെ മുഖം യൂ ട്യൂബിൽ വരണം, അത്രേയുള്ളൂ. അവർക്ക് വേണ്ടത് ക്ലിക്ക് ബൈറ്റാണ്. ഇത് വന്നിരിക്കുമ്പോൾ തന്നെ 'ഭാസി ലേറ്റാണ്', 'ഭാസി മറ്റേതാണ്', 'ഭാസിയെയൊന്ന് ടെസ്റ്റ് ചെയ്യണം' എന്ന് പറയുമ്പോ തന്നെ നമ്മൾക്ക് വയ്യാണ്ടാകും ബ്രോ. ഞാനും നിങ്ങളെ പോലെ തന്നെ ഒരു ചെക്കനല്ലേ."- ഇങ്ങനെയാണ് ശ്രീനാഥ് പിന്നീട് ആ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. അതിനുശേഷം അഭിമുഖത്തിനിടെ മറ്റൊരു ആർ ജെയെ തെറിപറയുന്ന വീഡിയോയും വൈറൽ ആയിരുന്നു.
ഒരു പ്രമോഷനിടെ മാധ്യമപ്രവർത്തകനുമായി തകർക്കമുണ്ടായതും ശ്രീനാഥിനെ വിവാദത്തിലാക്കി. -"എനിക്കെതിരെ നിരന്തരം മോശം വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകനെ നേരിൽ കണ്ടത് ഒരു സിനിമയുടെ പ്രൊമോഷൻ സമയത്താണ്. ശ്രീനാഥ് ഭാസി പ്രശ്‌നക്കാരനാണെന്നും സെറ്റിലെല്ലാവരേയും ബുദ്ധിമുട്ടിക്കുന്നവനാണെന്നും വാർത്ത കൊടുക്കുന്നതിന് മുമ്പ് അതേപ്പറ്റി അന്വേഷിച്ചിരുന്നോ എന്ന് ഞാനാ മാധ്യമ പ്രവർത്തകനോട് ചോദിച്ചു. എനിക്ക് 35 വയസായി. കള്ളക്കടത്തോ ക്വട്ടേഷനോ അല്ല പണി. നടനായതു കൊണ്ട്, സിനിയിൽ അഭിനയിക്കുന്നയാളയതു കൊണ്ട് ചോദിക്കാനും പറയാനും പാടില്ലെന്നില്ലല്ലോ. സംസാരിച്ചതിന്റെ ചിലഭാഗങ്ങൾ എഡിറ്റ് ചെയ്താണ് ചാനലുകൾ കാണിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല. അതുവിചാരിച്ചത് നിശബ്ദരായിരിക്കാൻ കഴിയുമോ? "- ശ്രീനാഥ് തുറന്നടിച്ച് ചോദിക്കുന്നു.
ലഹരി വിവാദത്തിലും ആരോപിതൻ
മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നു ലഹരി വിവാദത്തിലും ശ്രീനാഥ് ഭാസിയുടെ പേരുണ്ടായിരുന്നു. ഈ നടന് തീരെ അച്ചടക്കം പാലിക്കാൻ പറ്റാത്തത് ലഹരി ഉപയോഗമുള്ളതുകൊണ്ടാണെന്ന് ഒരു വിഭാഗം നിർമ്മാതാക്കൾ തന്നെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ശ്രീനാഥ് പറയുന്നതിങ്ങനെ-" എനിക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർത്തുന്ന അങ്കിൾമാരെല്ലാം വൈകിട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവർക്കും അറിയാം. അവർ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്തെങ്കിലും ഒരു പ്രശ്നമുയരുമ്പോൾ അതിനൊപ്പം ലഹരി ഉപയോഗം എന്ന ആരോപണം കൂടി തിരുകിക്കയറ്റുന്നത് സ്ഥിരം രീതിയാണ്".
പൊതുവെ നൈറ്റ് പേഴ്സണാണ് ശ്രീനാഥ്. ഈ വിവാദം ഉണ്ടായപ്പോൾ ധ്യാൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞു-"ശ്രീനാഥ് ഭാസിയുടെ കേസിൽ അവന്റെയൊക്കെ ഒരു ലൈഫ് സ്റ്റൈൽ ഒക്കെ അങ്ങനെയാണ്. എന്തുകൊണ്ട് രാവിലെ എഴുന്നേൽക്കാൻ പറ്റില്ല എന്നാണ് ചോദ്യമെങ്കിൽ ഉത്തരം രാത്രി വൈകി ഉറങ്ങുന്നതുകൊണ്ടാണ് എന്നാണ്. എനിക്ക് അറിയുന്ന വ്യക്തിയാണ് ശ്രീനാഥ് ഭാസി. ഞങ്ങൾ ഒരുമിച്ച് ഗൂഢാലോചന എന്ന ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. നൈറ്റ് പേഴ്സണാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.
പിന്നീടാണ് സമയം പാലിക്കുന്നില്ലെന്ന പരാതിയൊക്കെ ഉള്ളതായി അറിയുന്നത്. എല്ലാ സിനിമയിലും ഈ പ്രശ്നം ഇല്ല. ചില സിനിമകളിൽ മാത്രമാണ് പ്രശ്നം. അവർക്ക് ആ ഫ്രീഡം കിട്ടുന്ന സിനിമകളിലായിരിക്കും ഇങ്ങനെ പെരുമാറുന്നത്. എന്തൊക്കെ പറഞ്ഞാലും സീനിയേഴ്സിനെയൊക്കെ വെയിറ്റ് ചെയ്യിപ്പിക്കരുത്. പിന്നെ അദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നവർ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യട്ടെ"- ധ്യാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയ ശേഷം വഞ്ചിച്ചു എന്ന പേരിൽ ഒരു കൂട്ടം സംരഭകരും നടനെതിരെ വന്നു. എന്നാൽ ഈ തുക താൻ മടക്കിനൽകിയതാണെന്നാണ് താരം പറയുന്നത്-"ഒരാളുടെ ഉദ്ഘാടനത്തിന് പൈസ മേടിച്ചിട്ട് ഞാൻ പോകാതിരിക്കേണ്ട ആവശ്യം എനിക്കുണ്ടോയെന്ന് നാട്ടുകാർക്ക് അറിയാം. ഞാനവരുടെ പൈസ തിരിച്ചു കൊടുത്തു. എനിക്ക് വരാൻ പറ്റില്ലെന്നത് റിയാലിറ്റി ആയിരുന്നു"- ശ്രീനാഥ് ഭാസി പറയുന്നു.
വിലക്കിൽ നിന്ന് രക്ഷപ്പെടുന്നു
2023-ൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ വൈകിയെത്തുന്നതടക്കമുള്ള പരാതികളെ തുടർന്ന് ശ്രീനാഥ് ഭാസിക്ക് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാറിൽ ഒപ്പിടുന്നുണ്ടെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണെന്നും അടക്കമുള്ള നിരവധി ആരോപണങ്ങളായിരുന്നു അന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്നത്. മോശം പെരുമാറ്റത്തെ തുടർന്ന് നടൻ ഷെയിൻനിഗത്തിനും വിലക്കുവന്നു. സോഫിയ പോൾ നിർമ്മിച്ച ആർ.ഡി.എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ റോളിന് പ്രാധാന്യം കുറവാണെന്നും പറഞ്ഞ് ഷെയിൻ പ്രശ്നമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണു ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് താരങ്ങളെ വിലക്കിയത്. നിലവിൽ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇരുവർക്കും പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമ്മാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു സംഘടന അന്നു പറഞ്ഞത്. വിലക്കെന്ന പദം സാങ്കേതികമായി ഉപയോഗിച്ചില്ല. എന്നാലും എല്ലാ അർത്ഥത്തിലും വിലക്കായി മാറുകയും ചെയ്തു.
ഇവർ പ്രോഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി പിൻവലിച്ചത്. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫല തുകയിൽ ഇളവ് വരുത്തി. ശ്രീനാഥ് ഭാസി രണ്ടു സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസ് തിരികെ നൽകുമെന്ന് അറിയിച്ചു. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നൽകാമെന്നും, ഷൂട്ടിങ് സെറ്റുകളിൽ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിർമ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നൽകി. പക്ഷേ ഇതുമാത്രമായിരുന്നില്ല വിലക്ക് നീക്കാൻ ഇടയാക്കിയത്. ഈ രണ്ടുനടന്മാരും കഴിവുള്ളവരാണെന്ന് ഈ പറയുന്ന നിർമ്മാതാക്കൾക്കും നന്നായി അറിയാം. കഴിഞ്ഞ ഓണ സിനിമകളിൽ വലിയ വിജയം നേടുന്നത് ആർഡിഎക്‌സ് എന്ന ഷെയിൻ നിഗത്തിന്റെ സിനിമയായിരുന്നു. മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷായി, ശ്രീനാഥിന് പകരം ഒരു നടനെ സങ്കൽപ്പിക്കാൻ കഴിയുമോ?
മഞ്ഞുമ്മലിലൂടെ തിരിച്ചുവരവ്
ഇങ്ങനെയൊക്കെ തീർത്തും നെഗറ്റീവ് പ്രതിഛായ വന്നതോടെ ശ്രീനാഥിന്റെ കട്ടയം പടവും മടക്കിയെന്നാണ് പലരും കരുതിയത്. പക്ഷേ മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ മഞ്ഞുമ്മൽ ബോയ്സിലൂടെ അയാൾ അതിശക്തമായി തിരിച്ചുവന്നു.
"ഞാൻ വ്യക്തിപരമായും ജോലി സംബന്ധമായും ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന സമയത്താണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം എന്നെത്തേടി എത്തിയത്. ആ സമയത്ത് ഞാൻ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ എന്നെ അവർ ആ സിനിമയിൽ നിന്ന് മാറ്റിയിരുന്നു. നായകവേഷമായിരുന്നു. ഇത്രയും പൈസവച്ച് ഇറക്കുന്നൊരു പടം എന്നെ വച്ച് ചെയ്യണോ, അവന്റെ അഭിനയം കൊള്ളില്ല എന്നൊക്കെ എന്റടുത്ത് വന്നു പറഞ്ഞു. സംവിധായകനും ആ ക്രൂവിലുള്ള മുഴുവൻ ആളുകളും റൂമിലെത്തിയാണ് ഇതൊക്കെ എന്നോടു വന്നു പറഞ്ഞത്. എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല, എന്റെ അഭിനയത്തിന് കുഴപ്പമുണ്ടോ? എനിക്കു കുഴപ്പങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ ജോലിയെ ബാധിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി. ഇനി ഫോണിൽ അധികം സമയം ചെലവഴിക്കാതെ ഇരിക്കണോ? അധികം വർത്തമാനം പറയാത്തതാണോ പ്രശ്നം, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ചു. എന്തായാലും ആ സിനിമ പോയത് നന്നായി എന്നു തന്നെ കരുതി. അതു പിന്നീട് എന്റെ സുഹൃത്ത് തന്നെയാണ് ചെയ്തത് അതിൽ എനിക്കു സന്തോഷമേ ഉള്ളൂ.
പക്ഷേ എനിക്ക് അഭിനയം അറിയില്ല എന്ന് പറഞ്ഞതാണ് എന്നെ വിഷമിപ്പിച്ചത്. ഞാൻ വല്ലാത്ത വിഷമഘട്ടത്തിൽ കൂടിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എന്നെപ്പറ്റിയുള്ള ചില വിഡിയോകൾ ആളുകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ചിലർ ഒരു വർഷം അതെല്ലാം കണ്ട് കമന്റ് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അതെല്ലാം എനിക്ക് ഒരു ദിവസം സംഭവിച്ചതാണ്. ഞാൻ കരഞ്ഞ് ക്ഷമ പറഞ്ഞിട്ടും, അതു കണ്ട്, "ആഹാ അവന്റെ അഭിനയം കൊള്ളാമല്ലോ" എന്നാണ് ചിലർ പറഞ്ഞത്. അപ്പോഴെനിക്ക് മനസ്സിലായി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞാൻ എന്താണെന്ന് എന്റെ ജോലിയിലൂടെ തന്നെ തെളിയിക്കണം.
ആ സമയത്ത് എന്റെ സുഹൃത്തുക്കളായ ഗണപതി, ചിദംബരം, സൗബിൻ തുടങ്ങിയവരുമായി ഒരു സിനിമ ചെയ്യുക എന്നത് ഒരു തെറാപ്പി പോലെ ആയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്റെ അവസ്ഥയും മോശമായിരുന്നു. ആ സിനിമയിൽ നടന്നതുപോലെ തന്നെ എന്റെ സുഹൃത്തുക്കളായ അവർ തന്നെയാണ് എന്നെ സംരക്ഷിച്ചത്. ഈ പടം ചെയ്തതുകൊണ്ടാണ് എന്റെ വിഷമഘട്ടത്തിൽ നിന്ന് എനിക്ക് പുറത്തുവരാൻ കഴിഞ്ഞത്."- ശ്രീനാഥ് പറയുന്നു.
പക്ഷേ മഞ്ഞുമ്മൽ ബോയസ് ഒരു പാൻ ഇന്ത്യൻ സിനിമായി മാറി. തമിഴ്‌നാട്ടിലും മഞ്ഞുമ്മൽ സൂപ്പർ ഹിറ്റായതോടെ, പ്രശസ്ത സംവിധായകൻ പാ.രജ്ഞിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി ശ്രീനാഥിനെ വിളിച്ചിരിക്കയാണ്. കന്നടയിൽനിന്നും ഇപ്പോൾ ഓഫറുകൾ ഉണ്ട്.
റിയൽ ലൈഫിൽ പാവമെന്ന് ഭാര്യ
പുറത്ത് നടക്കുന്ന ബഹളങ്ങളൊന്നും, തന്നെ ബാധിക്കാറില്ലെന്നാണ് ശ്രീനാഥ് ഭാസി ഇപ്പോൾ പറയുന്നത്. " നമ്മൾ റോബോട്ട് ഒന്നുമല്ല. തെറ്റുപറ്റും. പിന്നെ വീണാലേ എഴുന്നേൽക്കാൻ പറ്റാറുള്ളു എന്ന് പറയുന്നത് പോലെ മുന്നോട്ട് പോവുകയാണ്. നമുക്ക് എന്താണ് ചെയ്യാനിഷ്ടം, അത് ചെയ്യുകയാണ് വേണ്ടത്. ബ്രെയിനിന് പുതിയ വയറിങ്ങുകൾ നടത്താനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കണം. ഞാനത് ചെയ്തിരുന്നു. സ്വന്തമായി പാട്ട് എഴുതുകയാണ് ചെയ്തത്. മ്യൂസിക് സീരിയസായി എടുത്തു. അതെനിക്ക് വലിയൊരു മാറ്റമുണ്ടാക്കി. ഞാനുണ്ടാക്കുന്ന പാട്ടുകൾ ആരെയും സുഖിപ്പിക്കാനല്ല. ഞാൻ എഴുതുന്നതിനെ പറ്റി ആളുകൾ എന്ത് വിചാരിക്കുമെന്ന ടെൻഷനായിരുന്നു ആദ്യം. അതിൽ നിന്നും മറികടന്നതോടെ ഒന്നും പ്രശ്‌നമല്ലാതെയായി."- ശ്രീനാഥ് പറയുന്നു.
അതേ സമയം റിയൽ ലൈഫിൽ ശ്രീനാഥ് പാവമാണെന്നാണ് ഭാര്യ റീത്തു പറയുന്നത്. 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് റീത്തുവുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ പറ്റിയും താരദമ്പതിമാർ സംസാരിച്ചത്. താൻ വിജെ ആയിരുന്ന കാലത്ത് എന്റെ പല പരിപാടികളുടേയും പ്രൊഡ്യൂസർ റീത്തുവായിരുന്നെന്നാണ് ശ്രീനാഥ് പറയുന്നത്. 10 വർഷത്തോളം അവർ സുഹൃത്തുക്കളായിരുന്നു. ഒരു സമയമായപ്പോൾ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു. വീട്ടുകാരോട് ഇതേപറ്റി പറഞ്ഞു. രണ്ട് വീട്ടിലും എതിർപ്പൊന്നുമുണ്ടായില്ല. അങ്ങനെ 2016- ൽ വിവാഹിതരായി. ശ്രീനാഥിന്റെ മോശം സ്വഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭാര്യയായ റീത്തു ഇങ്ങനെ പറയുന്നു. "റിയൽ ലൈഫിൽ ശ്രീനാഥ് പാവമാണ്. ആരു വിളിച്ചാലും ഫോണെടുക്കില്ലെന്നുള്ളതാണ് ആകെയുള്ള ഒരു പ്രശ്നം. അതുപോലെ ബീഫ് എത്ര കിട്ടിയാലും കഴിക്കും. ഇത് മാത്രമേ തനിക്ക് ശ്രീയിൽ നെഗറ്റീവായി തോന്നിയിട്ടുള്ളത്'- റീത്തുപറയുന്നു.
"പറവയിലെ കഥാപാത്രം പോലെ അലസനായി കള്ള് കുടിച്ച് സിഗററ്റ് വലിച്ച് നടക്കുന്ന ഒരാളാണ് റിയൽ ലൈഫിലും ഞാനെന്ന് പൊതുവേ ആളുകൾക്ക് ഒരു ധാരണയുണ്ട്. എന്തിനാണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നതെന്ന് ഒരു പിടിയുമില്ല. ഭാര്യയുടെ കൂടെ ഒരിക്കൽ സിനിമ കാണാൻ പോയപ്പോൾ ഒരു പയ്യൻ അരികിലേക്ക് വന്ന് സംസാരിച്ചു. 'ചേട്ടന്റെ ക്യാരക്ടറുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോൾ രണ്ട് പാക്കറ്റ് സിഗറാറ്റൊക്കെ വലിക്കും' എന്നും അവൻ പറഞ്ഞു. ഞാനും റീത്തുവും മുഖത്തോട് മുഖം നോക്കി ഇങ്ങനെയും മണ്ടന്മാരുണ്ടോ? ഞാനെന്റെ ക്യാരക്ടറിന്റെ ഭാഗമായി ചെയ്തതാണ്. അതെന്റെ ജോലിയാണ്. ജോലി ചെയ്താലേ എനിക്ക് പൈസ കിട്ടൂ. അത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്"-നടൻ വ്യക്തമാക്കി.
താൻ ആർക്കും ഒരു മാതൃകയുമല്ലെന്നും തന്റെ പേരിൽ ഫാൻസ് അസോസിയേഷനോ ആരാധകക്കൂട്ടങ്ങളോ ഒന്നും വേണ്ടെന്നും തുറന്ന് പറയാൻ ശ്രീനാഥ് ഭാസിക്കേ കഴിയൂ. -"ഈ ഫാൻസ് അസോസിയേഷനും ആരാധനയും നമ്മുക്ക് പറ്റുന്ന പരിപാടിയല്ല. 'ചേട്ടാ, ചേട്ടനെ എനിക്ക് ഇഷ്ടമാണ്' എന്നൊക്കെ പറഞ്ഞ് വിളിക്കുന്നവരോട് ഞാൻ ആദ്യം വയസാണ് ചോദിക്കാറ്. ഇരുപത് വയസിന് മുകളിലാണെങ്കിൽ ഞാൻ പറയും, 'ഇഷ്ടപ്പെടുന്നതുകൊണ്ടൊന്നും കുഴപ്പമില്ല. പക്ഷേ ഫാൻസ് അസോസിയേഷൻ, പ്രമോഷൻ എന്നൊക്കെ പറഞ്ഞ് ഒരു ജോലിക്ക് പോകാതെയിരുന്നാൽ എന്റെ കൈയീന്ന് നല്ല ഇടി മേടിക്കുമെന്ന്"- നോക്കു, ഇങ്ങനെ പറയാൻ ശ്രീനാഥ് ഭാസിക്കല്ലാതെ ആർക്ക് കഴിയും. അനാവശ്യവിവാദങ്ങിലൊന്നും പെടാതെ കരിയറിൽ ശ്രദ്ധിച്ചാൽ, ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി വളരാറുള്ള പ്രതിഭയുള്ളയാളാണ് ശ്രീനാഥ്. ഈ വിവാദങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് അയാൾക്ക് വളരാൻ കഴിയട്ടെ.
വാൽക്കഷ്ണം: "ദയവ് ചെയ്ത് എന്നെ ആരും ഫോളോ ചെയ്യരുത്. ഞാൻ ആരുടെയും മാതൃകയല്ല. ഞാൻ സിനിമയൊക്കെ ചെയ്യുന്ന സാധാരണയൊരാളാണ്. ഇതൊരു സിനിമയാണ്. അല്ലാതെ വേറൊന്നുമില്ല. ആളുകൾ ഇഷ്ടപ്പെടുന്നത് ഞാനും മനസിലാക്കുന്നുണ്ട്. പക്ഷേ എന്നെ മാതൃകയാക്കുന്നത് വല്ലാത്തൊരു വൃത്തിക്കെട്ട അവസ്ഥയാണെന്നേ പറയൂ"- ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണിത്. ഇങ്ങനെ പറയാൻ അയാൾക്കല്ലാതെ മറ്റാർക്ക് കഴിയും!