- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഡീ അഡിക്ഷൻ സെന്ററുകളുടെ മറവിൽ തീവ്രവാദം; ആളികത്തിക്കുന്നത് ഹിന്ദുവിരുദ്ധ വികാരം; സ്വന്തമായി സേനയും ചാവേർ ബോംബ് സ്‌ക്വാഡും; അമിത് ഷായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്ന് ഭീഷണി; വളർത്തിയത് കർഷകസമരവും ആം ആദ്മി പാർട്ടിയുമെന്ന് വിമർശകർ; പഞ്ചാബിനെ വിറപ്പിക്കുന്ന രണ്ടാം ഭിന്ദ്രൻവാല അമൃത്പാലിന്റെ കഥ
സിഖ് ഗുരുദ്വാരകളിൽ ഇരുന്ന്, ചെരുപ്പ് തുടയ്ക്കുന്ന മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി! ലോകത്തിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു നാണം കെട്ട കാഴ്ച കാണാൻ കഴിയമോ? എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ബൂട്ടാ സിങ്ങിന് ഗുരദ്വാര പ്രബന്ധക് കമ്മിറ്റി വിധിച്ച ശിക്ഷ അതായിരുന്നു. സുവർണ്ണക്ഷേത്രം 'അശുദ്ധമാക്കാനുള്ള' ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് കൂട്ടുനിന്നുവെന്നതായിരുന്നു, അദ്ദേഹം ചെയ്ത 'കുറ്റം'. രാഷ്ട്രീയ റിട്ടയർമെന്റിനുശേഷം ചെരിപ്പ് തുടച്ച്, അച്ചടക്കമുള്ള മതവിശ്വാസിയായി ബൂട്ടാസിങ് തന്റെ തല കാത്തു. അതാണ് സിഖ് മത വികാരം. വിശ്വസ്തരിൽ വിശ്വസ്തർ പോലും ഇന്ദിരാഗാന്ധിക്കുനേരെ വെടിയുതിർത്തത് ഓർമ്മയില്ലേ.
കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണ് പഞ്ചാബ്. വിഭജനകാലത്ത് നടന്ന മുസ്ലിം- സിഖ് വർഗീയ കലാപങ്ങൾ ഉണ്ടാക്കിയ, ചോരപ്പുഴകളുടെ മുറിവ് ഇന്നും ഉണങ്ങിയെന്ന് പറയാൻ കഴിയില്ല. അതിനുശേഷം ഖലിസ്ഥാൻ വാദം. സിഖ് കൂട്ടക്കൊല... തീവ്രവാദത്തെ ഒരുവിധം അടിച്ചമർത്തി പഞ്ചാബ് സമ്പൽസമൃദ്ധിയിക്കേ് പോയപ്പോഴാണ് മറ്റൊരു വിപത്ത് അവിടെയത്തിയത്. അതാണ് മയക്കുമരുന്ന്. കിറുങ്ങിനടക്കുന്ന പഞ്ചാബ് യുവത്വങ്ങളുടെ കഥകൾ നാം ഒരുപാട് കേട്ടതാണ്. എന്നാൽ മയക്കുമരുന്നിൽനിന്ന് മോചനം കൊടുത്ത്, അവരുടെ മസ്തിഷ്‌ക്കത്തിലേക്ക് മതം കുത്തിവെച്ച് കൊടുത്താൽ എന്തും സംഭവിക്കും! അതാണ് രണ്ടാം ഭിന്ദ്രൻവാലയെന്ന് അമൃത്പാൽ സിങ്് പയറ്റുന്നത്.
രണ്ടാം ഹിറ്റ്ലർ, രണ്ടാം മസോളിനി, .... നവനാസി-ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും ഭീതിയോടെയാണ് കാണാറുള്ളത്. ശക്തമായ നിയമ നടപടികളിലൂടെയും ആശയ പ്രചാരണത്തിലുടെയും ലോകം ഇവരെ എതിരിടുന്നു. അപ്പോഴാണ് ഇന്ത്യയിൽ ഭീതിയോടെ മാത്രം ഓർക്കപ്പെടുന്ന ഒരു നേതാവ് അതി ശക്തമായി തിരിച്ചുവരുന്നത്. പഞ്ചാബിന്റെ തെരുവോരങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വിഘടനവാദികളുടെ ശബ്ദമുയർന്നിരിക്കുന്നു. ഭിന്ദ്രൻ വാലക്ക് ജയ് വിളികൾ ഉയരുന്നു. അതോടെ ചോരപ്പുഴകളുടെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ഭയമാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും ഉയർന്നത്. അതോടൊപ്പം മുളയിലേ നുള്ളേണ്ട വിഷയത്തെ ഇത്ര വളർത്തിയത് ആര് എന്ന ചോദ്യവും.
പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നു
ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്സറിനടുത്ത് അജ്‌നാല പൊലീസ്സ്‌റ്റേഷൻ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാൻ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും, കത്തിയും, തോക്കുകളുമടക്കം കൈയിൽ കിട്ടിയ മാരകായുധങ്ങളുമായി ഒരു കൂട്ടം ആളുകൾ പൊലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ച് ഇരച്ചെത്തുകയായിരുന്നു. ബാരിക്കേഡുകളും ലാത്തികളുമായി നിന്നിരുന്ന പൊലീസ് ഭയന്ന് തിരിഞ്ഞോടേണ്ടി വരുന്നു. ബാരിക്കേഡുകൾ തകർത്ത് ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി പൊലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ച് അവർ കുതിച്ചു.
1970-80കളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അവിടെ അരങ്ങേറിയത്. ഇതിന്റെ സൂത്രധാരൻ രണ്ടാം ഭ്രിന്ദൻവാല എന്ന് അറിയപ്പെടുന്ന അമൃത്പാൽ സിങ് എന്ന 30കാരൻ ആയിരുന്നു. ഇയാളുടെ അടുത്ത അനുയായി ലവ് പ്രീത് എന്ന തൂഫാൻ സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. സിഖുകാരുടെ പ്രത്യേക ജന്മഭൂമിയാണ് പഞ്ചാബ് എന്ന് ആഹ്വാനം ജനങ്ങളുടേയും യുവാക്കളുടേയും മനസ്സിൽ അരക്കിട്ടുറപ്പിക്കാൻ നേതൃത്വം നൽകുന്ന അമൃത്പാൽ ആണ് ആളുകളെ വിളിച്ചു ചേർത്ത് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയത്. തട്ടിക്കൊണ്ടുപോകലിനായിരുന്നു തൂഫാൻ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടയക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
ജനം ഇളകിയതോടെ എണ്ണത്തിൽ കുറവായ പൊലീസുകാർ ആത്മരക്ഷാർഥം പരക്കംപാഞ്ഞു. ആറുപൊലീസുകാർക്കാണ് പരിക്കേറ്റത്. ഒടുവിൽ തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മിഷണർ ജസ്‌കരൺ സിങ് ഉറപ്പുനൽകിയതോടെയാണ് അക്രമികൾ പിൻവാങ്ങിയതും പൊലീസ് തടിയൂരിയതും. അതിനുശേഷം നടന്ന ഒരു കാഴ്ചയുണ്ട്. സിഖുകാർ ഏറ്റവും വിശുദ്ധമെന്ന് കരുതുന്ന, ഗുരുവിനെ പോലെ ആദരിക്കുന്ന മതഗ്രന്ഥം ആചാരപൂർവം തലയിലേന്തി നീങ്ങുന്ന അമൃത്പാൽ സിങ് എന്ന സിഖ് യുവാവ്. ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം കണ്ടാൽ ചെരുപ്പുകൾ അഴിച്ച് വണങ്ങണമെന്നാണ്. എന്നാൽ ആയുധങ്ങളുമേന്തി അക്രമാസക്തമായ സാഹചര്യം നയിച്ച ശേഷം മതത്തിന്റെ സംരക്ഷണത്തെ ഇതിനൊപ്പം കൂട്ടിക്കെട്ടുകയാണ് അമൃത്പാൽ സിങ് ചെയ്ത്.
ഈ വിവരങ്ങൾ പറത്തായതോടെ പൊലീസ് അമൃത്പാലിന് നേരെ തിരിഞ്ഞു. പൊലീസ് നടപടി വിവരം ചോർന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നൽ വേഗത്തിൽ രക്ഷപ്പെട്ടു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടർന്നെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇത് പഞ്ചാബ് പൊലീസിന് നാണക്കേടായി. ഇപ്പോൾ നാലുദിവസം ആയിട്ടും ഇയാളെ പിടികിട്ടിയിട്ടില്ല. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ പഞ്ചാബിൽ തന്നെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നാടുവിടാതിരിക്കാൻ അതിർത്തികളിലും വിമാനത്താവളങ്ങളിലുമൊക്കെ കർക്കശപരിശോധന ഉറപ്പാക്കിയിട്ടുണ്ട്.
അമൃത്പാൽ സിങ്ങിനെതിരേ ആയുധനിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരേ ഭീകരതാക്കുറ്റം ചുമത്താൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. അനധികൃതമായി മാരകായുധങ്ങൾ കൈവശം വെച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സിങ്ങിനും ഏഴു സഹായികൾക്കുമെതിരായ കേസ എൻഐഎ ഏറ്റെടുത്തിരിക്കയാണ്.
മോട്ടിവേറ്ററിൽനിന്ന് ഭീകരനിലേക്ക്
പഞ്ചാബിനെ ശരിക്കും വിറപ്പിക്കയാണ് ഇപ്പോൾ അമൃത്പാൽ സിങ്് എന്ന രണ്ടാം ഭിന്ദ്രൻവാല. പഞ്ചാബിൽ ഒരു സുപ്രഭാതത്തിൽ നേതാവായി വന്നയാൾ എന്ന് വേണമെങ്കിൽ അമൃത്പാലിനെ പറയാം. അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖേരയിലായിരുന്നു കുട്ടിക്കാലം. ദുബായിലും പഞ്ചാബിലുമായി ബിസിനസ് ചെയ്യുന്ന താർസെം സിങ്ങിന്റെയും നാട്ടിൽത്തന്നെ ജീവിക്കുന്ന ബൽവീന്ദർ കൗറിന്റെയും മകനാണ്. 2012ൽ കുടുബ ബിസിനസ് നടത്താൻ വേണ്ടി അമൃത്പാൽ ദുബായിലേക്ക് വിമാനം കയറി. മെക്കാനിക്കൽ എഞ്ചിനീയർ എന്നാണ് വിദ്യാഭ്യാസ യോഗ്യത കാണിച്ചിരിക്കുന്നത്. പഞ്ചാബിലെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവരങ്ങളാണ് അമൃത്പാൽ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ഇയാൾ കോളജ് ഡ്രോപ്പ് ഔട്ട് ആണെന്നാണ്് സുഹൃത്തുക്കൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങളും പോസ്റ്റുകളുമായി ഇയാൾ കഴിഞ്ഞ കുറേവർഷങ്ങളായി സിഖുകാർക്കിടയിൽ സജീവമായിരുന്നു. മതത്തിന്റെ നല്ല വശങ്ങൾ എടുത്ത് കാട്ടുന്ന മോട്ടിവേറ്റർ ആയിട്ടാണ് തുടക്കം. അതുകൊണ്ട് തന്നെ ഒരു അനുയായികൾക്ക് ഒരു അപരിചിത മുഖമായിരുന്നില്ല ഇയാൾ. നേരത്തെ സിഖ് വിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും അതുവരെ ധരിക്കാത്തയാളായിരുന്നു അമൃത്പാൽ. പണിയെന്നും കിട്ടാതെ ആയതോടെ, ദുബായിൽ ട്രക്ക് ഡ്രൈവറായി ഇയാൾ ജോലിനോക്കിയിരുന്നു. പക്ഷേ ഒരു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അമൃത്പാൽ കെട്ടിലും മട്ടിലും ആകെ മാറിയിരുന്നു.
പുതിയ അമൃത് പാൽ പരമ്പരാഗത സിഖ് വേഷവിധാനങ്ങളണിഞ്ഞ് പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും മതമേധാവിത്വത്തെയും കുറിച്ച് വാചാലനാകുന്ന ഒരാളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ച് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്നു. മയക്കുമരുന്നിന്റെ വിപുലസാന്നിധ്യവും രൂക്ഷമായ തൊഴിലില്ലായ്മയും വൻതോതിൽ വിഴുങ്ങുന്ന പഞ്ചാബിലെ പുതിയ ആരാധനാരൂപമാകാൻ അമൃത്പാലിനു വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമായിരുന്നു.
ഇപ്പോൾ ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് രണ്ടാം ഭിന്ദ്രൻവാലയെന്ന്. വാക്കുകളിൽ തീവ്രവാദത്തിന്റെ തീപ്പൊരികൾ. സായുധകലാപത്തിനായി ആഹ്വാനം. ചാവേറുകളായി പോരാട്ടത്തിനിറങ്ങാൻ യുവാക്കൾക്ക് പരിശീലന നൽകുന്നുമുണ്ട്. വിവാദപ്രബോധകൻ രഹസ്യാന്വേഷണറിപ്പോർട്ടിലെ വിശേഷണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാൾ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതി വെച്ചിരുന്നതാണ് ഈ യൂണിഫോം എന്നാണ് സൂചന. ഇതിനിടെ ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും 'എകെഎഫ്' എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാ ഏജൻസികളെ ഞെട്ടലിലാക്കിയിട്ടുണ്ട്.
ലഹരിക്ക് പകരം തീവ്രവാദം
പഞ്ചാബിനെ വിഴുങ്ങുന്ന മറ്റൊരു വിപത്ത് ആണെല്ലോ മയക്കുമരുന്ന്. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലൊക്കെ നാം അതുകണ്ടു. ഇന്ത്യയിൽ ഏറ്റവും അധികം മയക്കുമരുന്ന് രോഗികൾ ഉള്ള സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ ഇവിടെ ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കും വലിയ ഡിമാന്റാണ്. നമ്മുടെ അമൃത് പാലും ലഹരിവിമുക്ത പ്രവർത്തകനായാണ് തുടങ്ങിയത്.
അമൃത്പാലിന്റെ സംഘടനയായ, പഞ്ചാബിന്റെ അവകാശികൾ എന്ന് അർത്ഥം വരുന്നു 'വാരിസ് പഞ്ചാബ് ദേ'യുടെ നേതൃത്വത്തിൽ ലഹരിവിമുക്തകേന്ദ്രങ്ങളെന്ന പേരിൽ കുറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും യുവാക്കൾക്ക് പഠനക്ളാസുകളും പരിശീനവുമാണ് നൽകുന്നത്. പക്ഷേ ഇവിടെ ഒരു ലഹരിയിൽനിന്ന് ആളുകളെ മോചിപ്പിച്ചിട്ട് മറ്റൊരു ലഹരി നൽകുകയാണ് ഇയാൾ ചെയ്തത്. അതായതുകൊക്കെയിന് പകരം മതവികാരം തലച്ചോറിലേക്ക് കൊടുത്തു. അങ്ങനെ അവിടം സിഖ്് പ്രൈഡിനുവേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായും പതുക്കെ മിനി തീവ്രവാദ കേന്ദ്രങ്ങളുമായി മാറി.
പക്ഷേ മയക്കുമരുന്നിനെതിരായ അമൃത്പാലിന്റെ പ്രചാരണവും പൊള്ളയാണെന്ന് ആരോപണം ഉണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെൻസ് കാർ മയക്കുമരുന്നു മാഫിയത്തലവനായ റാഫേൽ സിങ് സമ്മാനിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാറിൽ നഗരവീഥികളിലൂടെ സഞ്ചരിച്ച് സൺറൂഫിലൂടെ തലയുയർത്തി കാണുന്നവരെ മുഴുവൻ അഭിവാദ്യംചെയ്യുന്നത് ഇഷ്ടപരിപാടിയായിരുന്നു. ഈ കാറിലാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. പിന്നീട് പിടിയിലാകുമെന്ന ആശങ്കമൂലം കാറുപേക്ഷിച്ച് ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു. കാറിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
പൊലീസ് റിപ്പോർട്ട് പ്രകാരം 'വാരിസ് പഞ്ചാബ് ദേ'യുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും ഗുരുദ്വാരയിലും വൻതോതിൽ ആയുധങ്ങൾ സമാഹരിച്ചിട്ടുണ്ട്. യുവാക്കളുടെ മനസ്സുമാറ്റി ചാവേറുകളാക്കാനായിരുന്നു പരിശീലനം. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകത്തിനുപിന്നിൽ മനുഷ്യബോംബായി പ്രവർത്തിച്ച ദിലാവർ സിങ്ങിനെ മാതൃകയാക്കാനാണ് യുവാക്കൾക്കു ലഭിച്ച ഉപദേശം. പരിശീലനത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ.യുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പരിശീലനംനേടിയവർ അമൃത്പാലിന്റെ സ്വകാര്യപട്ടാളത്തിന്റെ ഭാഗമാകും. വിദേശത്തു പ്രവർത്തിക്കുന്ന ഖലിസ്താൻ വാദ സംഘങ്ങളുടെ വൻതോതിലുള്ള സാമ്പത്തികസഹായവും ലഭിച്ചിരുന്നു.
ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അമൃത്പാൽ ഐഎസ്ഐ.യുമായി ബന്ധമുറപ്പിച്ചതെന്നാണ് സൂചന. ഖലിസ്ഥാന്റെ പേരിൽ സിഖ് യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഐഎസ്‌ഐ പണവും മറ്റു സഹായങ്ങളും അമൃത്പാലിന് വാഗ്ദാനം ചെയ്തിരുന്നെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ദുബായിൽ നിന്ന് ഇന്ത്യയിലെത്തിയ അമൃത്പാൽ 'ഖാദ്കൂസ്' എന്ന പേരിൽ യുവാക്കളെ ചാവേറുകളാക്കി മാറ്റുന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെ.ടി.എഫ്)ന് സമാനമായി ആനന്ദ്പുർ ഖൽസ് ഫോഴ്‌സ് (എ.കെ.എഫ്) എന്ന പേരിൽ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മനുഷ്യ ബോംബ് സ്‌ക്വാഡുകളേയും അമൃത്പാൽ തയ്യാറാക്കിയിരുന്നു. കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദികളുടെ അനുമസ്മരണ ചടങ്ങുകളിലേക്ക് അമൃത്പാൽ എത്തുകയും അവിടെ വെച്ച് യുവാക്കൾ ആയുധ പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കർഷക സമരത്തിന്റെ ഉപോൽപ്പന്നം
പലരും കരുതുന്നപോലെ 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന അമൃത്പാൽ ഉണ്ടാക്കിയതല്ല. നടനും അഭിഭാഷകനുമായ ദീപ് സിദ്ദുവാണ്് ഇത് തുടങ്ങിയത്. ഇതിന്റെ ഒരു അനുയായി മാത്രമായിരുന്നു, അമൃത്പാൽ.
കഴിഞ്ഞ വർഷം കാർഷിക ബില്ലുമായി ബദ്ധപ്പെട്ട് പ്രക്ഷോഭങ്ങൾ ഉയർന്നപ്പോൾ, ഇതിൽ കർഷകരുടെ പ്രശ്നങ്ങളും വികാരങ്ങളുമല്ല കുത്തിവെക്കപ്പെടുന്നതെന്നും, പഞ്ചാബിന്റെ അഭിമാനം എന്ന ആശയം അന്ധമായി കുത്തിവെക്കപ്പെടുന്നത്, അപകടകരമാണെന്നും പലരം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഭയന്നതുതന്നെ സംഭവിച്ചു. രണ്ടാം ഭ്രിന്ദൻവാലയുടെ ഗുരു എന്ന് കരുതുന്ന സിദ്ദു വാർത്തകളിൽ നിറഞ്ഞത് കർഷക സമരത്തിലൂടെയാണ്. റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക സമരത്തിനിടയിലെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പൊലീസ് സിദ്ദുവിനെതിരെ അറസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു 'വാരിസ് പഞ്ചാബ് ദേ' സംഘടന ആരംഭിക്കുന്നതിന് സിദ്ദുവിന് പ്രചോദനം ആയത്. ചണ്ഡീഗഡിൽ നടന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ , ''പഞ്ചാബിന്റെ അവകാശങ്ങൾക്കായി കേന്ദ്രത്തിനെതിരെ പോരാടുകയും പഞ്ചാബിന്റെ സംസ്‌കാരം, ഭാഷ, സാമൂഹിക ഘടന, അവകാശങ്ങൾ എന്നിവയ്‌ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ശബ്ദം ഉയർത്തുകയും ചെയ്യുന്ന ഒരു സംഘടന,'' എന്നാണ് സിദ്ദു ഈ സംഘടനയെ വിശേഷിപ്പിച്ചത്.
പഞ്ചാബിലെ സിമ്രൻജിത് സിങ് മാനിന്റെ ഖലിസ്ഥാൻ അനുകൂല പാർട്ടിയായ ശിരോമണി അകാലി ദളിനെ (എസ്എഡി അമൃത്സർ) സിദ്ദു പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് സിദ്ദു കാർ അപകടത്തിൽ മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഈ അപകടം കൊലയാണെന്നുവരെ പ്രചാരണം വന്നു. മരണത്തിൽ നാട് ഇളകി. ഭിന്ദ്രൻവാലയെ വാഴ്‌ത്തുന്നവരുടെ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കിടയിലാണ് ജന്മനാടായ ലുധിയാനയിൽ സിദ്ദുവിന്റെ സംസ്‌കാരം നടന്നത്.
ദീപ് സിദ്ദു മരിച്ചതോടെ അമൃത്പാൽ സഘടനയുടെ തലവനായി. ഇയാൾ ദുബൈയിൽ നിന്ന് പഞ്ചാബിലെത്തുന്നതന്നെ ഈ ഒരു ഒറ്റ ആശശ്യം മുൻനിർത്തിയാണ്. സിദ്ദുവിന്റെ കുടുംബത്തിന് അമൃത്പാൽ സംഘടനയെ ഏറ്റെടുക്കുന്നതിൽ എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ തീവ്രപ്രഭാഷകനായ അമൃത്പാലിനെ അനുയായികൾ കൈയിടയോടെ സ്വീകരിച്ചു. അതോടെ സിദ്ദു ഒന്ന് മയത്തിൽ പറഞ്ഞിരുന്നു ഖലിസ്ഥാൻ തീവ്രവാദം, സംഘടന പരസ്യമായി ഉയർത്തിപ്പിടിക്കാൻ തുടങ്ങി.
ഭിന്ദ്രൻ വാലയുമായി ഏറെ സാമ്യം
ഇംഗ്ലീഷ് ഭാഷാ സ്വാധീനമൊഴികെ വേഷവിധാനങ്ങളടക്കം പലതും ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ രീതികൾക്ക് സമാനമായിരുന്നു, അമൃത്പാലിന്റെ രീതികളും. അതുകൊണ്ട് തന്നെ രണ്ടാം ഭിന്ദ്രൻവാല എന്ന പേരും ഇയാൾക്ക് വീണു. താൻ വിഘടനവാദിയും ഭിന്ദ്രൻവാലയുടെ അനുയായിയുമാണെന്ന് അമൃത് പാൽ തുറന്നുപറയുന്നുമുണ്ട്. 'ഭിന്ദ്രൻ വാല (സന്ത് ജി) മരിച്ചിട്ടില്ല. ഇവിടെ ജീവിക്കുന്നുണ്ട്. എല്ലാ ഗ്രാമത്തിലും അദ്ദേഹത്തിന്റെ ചിത്രം കാണാം. ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. എന്നാൽ, എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല' -എന്ന് പ്രസംഗങ്ങളിലുടനീളം അമൃത്പാൽ അനുയായികളോട് ആവർത്തിക്കുന്നു.
സംഘടനാപരമായ വളർച്ചയിലും ഭ്രിന്ദൻവാലയും അമൃത്പാലും തമ്മിൽ ഏറെ സാമ്യമുണ്ട്. ദാമി തലവനായിരുന്ന കർത്താർ സിങിന്റെ മരണത്തോടെ ഖൽസാ പാന്തിന്റെ തലപ്പത്ത് ഭിദ്രൻവാല എത്തിയത് പോലെയായിരുന്നു ദീപ് സിദ്ദുവിന്റെ മരണത്തോടെ അമൃത്പാലിന്റെ സ്ഥാനാരോഹണം എന്നതും ശ്രദ്ധേയമാണ്.
സാധാരണ കർഷകനിൽ നിന്ന് സിഖ് പുരോഹിതനിലേക്ക് വളർന്ന് വന്ന്, സുവർണക്ഷേത്രം കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ സൂത്രധാരനായിരുന്നു സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാല. മോഗ ജില്ലയിലെ റോഡെയിലായിരുന്നു ജനനം. ചെറുപ്പ കാലത്ത് തന്നെ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഭിന്ദ്രൻവാല ദംദാമി തക്സലിൽ ചേർന്ന് ഗുബച്ചൻ സിങ് ഖൽസാ പാന്തിന്റെ നേതൃത്വത്തിൽ എത്തിയതോടെയാണ് സജീവ സിഖ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മതപ്രഭാഷകൻ എന്ന നിലയിൽ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് ആത്മീയ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ചെറുപ്പക്കാർക്കിടയിലെ ദുശ്ശീലങ്ങൾക്കെതിരേയും അവബോധമുണ്ടാക്കാൻ ഭിന്ദ്രൻ വാല നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. അതേ ടെക്ക്നിക്ക് തന്നെയാണ്, അമൃത്പാലും പയറ്റുന്നത്. മദ്യ-മയക്കുമരുന്ന് വിപത്തിൽനിന്ന് യുവാക്കളെ മോചിപ്പിച്ച് മതം തലയിൽ അടിച്ചുകൊടുക്കുന്നുവെന്ന് മാത്രം.
ദംദാമി തലവനായിരുന്ന കർത്താർ സിങിന്റെ മരണത്തോടെയാണ് ഖൽസാ പാന്തിന്റെ തലപ്പത്ത് ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, ഭിന്ദ്രൻ വാല.
കാർഷിക മേഖലയെ ഏറെ ആശ്രയിച്ചിരുന്ന പഞ്ചാബ് ജനങ്ങൾ, ഇവിടത്തെ കർഷകർക്ക് സാമ്പത്തികമായ അഭിവൃദ്ധി നേടിക്കൊടുക്കാൻ കാർഷിക മുന്നേറ്റത്തിലൂടെ സാധിച്ചതോടെ ഖൽസയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം ലഭിച്ചു തുടങ്ങി. നോക്കുക, രണ്ടാം ഭ്രിന്ദൻ വാലയുടെയും തുറപ്പ് ചീട്ട് കർഷകർ തന്നെ ആയിരുന്നു.
ഖാലിസ്താൻ എന്ന പേരിൽ ഒരു പ്രത്യേക സിഖ് രാഷ്ട്ര വാദം രൂക്ഷമായതിന് പിന്നാലെ, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം കേന്ദ്രീകരിച്ച് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ ആയുധധാരികൾ സജീവമായിത്തുടങ്ങി. ഇതോടെ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ സൈനിക നടപടികളിലേക്ക് നീങ്ങുകയായിരുന്നു. 'ഓപ്പറേഷൻ ബ്ലൂ സ്റ്റാറും' തുടർന്ന് ഭിന്ദ്രൻ വാല കൊല്ലപ്പെട്ടതും ഏവർക്കും അറിയാം. തുടർന്ന് ഉണ്ടായ ഇന്ദിരാഗാന്ധി വധവും സിഖ് വിരുദ്ധ കലാപവുമൊക്കെ രാജ്യത്തെ ഞെട്ടിച്ചതാണ്.
കത്തിക്കുന്നത് ഹിന്ദുവിരുദ്ധ വികാരം
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ കാലത്ത് ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടിറിയായിരുന്നു പി സി അലക്സാണ്ടർ ഇങ്ങനെ എഴുതുന്നു. ''ഹിന്ദുക്കളേയും സിഖുകാരേയും തമ്മിൽ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രൻവാല നടപ്പിലാക്കിയത്. ഇതിനായി അയാൾ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കൾക്കെതിരായ 'വിഷം' അവരിൽ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചത്. ബ്രിട്ടൺ, കാനഡ എന്നിവിടങ്ങളിൽ പണം ഒഴുകി.''
സിഖ് മതത്തെ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷമതമായി പരിഗണിക്കുന്ന ഭരണഘടനയുടെ 25-ാം അനുഛേദത്തെ അതിരൂക്ഷമായി എതിർത്തായിരുന്നു ഭ്രിന്ദൻവാലയുടെ കാമ്പയിൻ. 1982 ഓഗസ്റ്റിൽ അനന്ത്പൂർ സാഹിബ് പ്രമേയത്തെ ചുവട് പിടിച്ചുകൊണ്ട് അകാലി ദളിനോടൊപ്പം ചേർന്ന് ധർമ യുദ്ധ് മോർച്ച എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകി. ഇതിന്റെ ചുവടുപിടിച്ചു കൊണ്ടായിരുന്നു ഖലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യവാദത്തിന്റെ തുടക്കം.
ഇവിടേ നോക്കുക, രണ്ടാം ഭ്രിന്ദൻ വാലയുടെ കാലത്തും അതുതന്നെയാണ് സംഭവിക്കുന്നത്. സിഖുകാരുടെ ഹിന്ദുവിരുദ്ധ വികാരവും, ഡൽഹിയുടെ അവഗണനയും തന്നെതാണ് അമൃത്പാലിന്റെയും ഹൈലൈറ്റ്. ഇക്കഴിഞ്ഞ കർഷക സമരത്തിന്റെ സമയത്തും, സിഖ് മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞ് ചില സംഘങ്ങൾ ഒരാളെ ക്രൂരമായി വെട്ടിക്കൊന്നത് വാർത്തയായിരുന്നു.
ഭ്രിന്ദൻ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അയാൾ വാർത്തകളിൽ നിറഞ്ഞത്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ തടയാൻ ശ്രമിച്ചാൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടി വരുമെന്നാണ്, അമിത് ഷായെ അമൃത്പാൽ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ്, അമൃത്പാലിന്റെ കഷ്ടകാലം തുടങ്ങിയതും. അതോടെയാണ് എൻഐഎയുടെ അടക്കം ഫോക്കസ് ഇയാളിലേക്ക് എത്തുന്നത്.
വളർത്തിയത് ആം ആദ്മിയോ?
അതുപോലെ സാക്ഷാൽ ഭിന്ദ്രൻവാലയെ വളർത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും വിവിധ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അകാലികളെ അടിക്കാനായി സാക്ഷാൽ ഇന്ദിരാഗാന്ധിയും കോൺഗ്രസും ആദ്യകാലത്ത് ഭ്രിന്ദൻവാലയെ സഹായിക്കുകയും, ഒടുവിൽ ഭസ്മാസുരന് വരം കൊടുത്തതുപോലെ, അത് തിരിച്ചടിയാവുകയായിരുന്നുമെന്ന് വിമർശനം ഉണ്ട്. അതുപോലെ തന്നെ ബിജെപിയെ തകർക്കാനായി ആം ആദ്മി പാർട്ടി കൃത്യമായി നവ ഖലിസ്ഥാൻ വാദികളെ വളർത്തിയെന്നും ആക്ഷേപമുണ്ട്. മുളയിലേ നുള്ളാതെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഖലിസ്ഥാൻ വാദികളെ പ്രോൽസാഹിപ്പിച്ചുവെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ കുറക്കോലമായി പഞ്ചാബിൽ സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട തീവ്രമായ ധാരകളും ഇതിന്റെ മറപറ്റി വിഘടനവാദവും വീണ്ടും ശക്തിപ്പെട്ടുവരികയാണ്. അതിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ നടന്നത് 2015ലാണ്. സിഖുകാർ തങ്ങളുടെ ഗുരുവിന്റെ സ്ഥാനത്തു കാണുകയും വിശുദ്ധമായി കണക്കാക്കുകയും ചെയ്യുന്ന മതഗ്രന്ഥം ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കാനുള്ള ശ്രമമുണ്ടായത് ആ വർഷമാണ്. ഫരീദ്കോട്ട് ജില്ലയിലെ ബുർജ് ജവഹർ സിങ് വാല എന്ന ഗ്രാമത്തിലെ ഗുരുദ്വാരയിൽ സൂക്ഷിച്ചിട്ടുള്ള ഈ മതഗ്രന്ഥത്തിന്റെ പകർപ്പ് ആ വർഷം ജൂൺ ഒന്നിന് കാണാതായി. വലിയതോതിൽ പ്രതിഷേധം ഉയർന്നതോടെ അന്നത്തെ അകാലിദൾ മന്ത്രിസഭ ഉന്നതാന്വേഷണം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേ വർഷം ഒക്ടോബർ 12ന് ഫരീദ്കോട്ട് ജില്ലയിലെ തന്നെ ബർഗാരി ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കടുത്ത് ഗുരുഗ്രന്ഥ സാഹിബിലെ പേജുകൾ കീറിയെറിഞ്ഞ നിലയിൽ കണ്ടെത്തി. അതിനു തൊട്ടു മുമ്പ് സിഖ് മതസ്ഥരേയും വിശുദ്ധ ഗ്രന്ഥത്തേയും അവഹേളിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവങ്ങളോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ജനങ്ങളിൽനിന്നുണ്ടായത്. അതിനു ശേഷം 170ഓളം സംഭവങ്ങൾ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ജനങ്ങളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. നിരവധി അന്വേഷണ കമ്മിഷനുകളും പ്രത്യേകാന്വേഷണ സംഘങ്ങളുമൊക്കെ രൂപീകരിക്കപ്പെടുകയും അന്വേഷണം നടക്കുകയുമെല്ലാം ചെയ്തു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ പ്രകാശ് സിങ് ബാദൽ മന്ത്രിസഭ അധികാരത്തിൽനിന്ന് പുറത്താകുന്നത്. പിന്നീട്, 2017ൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് പ്രധാനമായും രണ്ട് വാഗ്ദാനങ്ങൾ നടത്തിയതിനെ തുടർന്നാണ്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചവരെ പിടികൂടും, പഞ്ചാബിനെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്തും. എന്നാൽ ക്യാപ്റ്റന്റെ നാലാം വർഷവും ഇക്കാര്യത്തിലൊന്നും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെ ആം ആദ്മി പാർട്ടി ശക്തമായിത്തുടങ്ങി. ക്യാപ്റ്റനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നും ഈ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ടുള്ള ജനരോഷമായിരുന്നു.
2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനവും സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. അകാലിദളും കോൺഗ്രസും നിലംപരിശായ ഈ തിരഞ്ഞെടുപ്പിൽ സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി സ്വീകരിച്ച നിലപാടുകൾ അവരെ അധികാരത്തിലെത്താൻ സഹായിച്ചിടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള സംഭവികാസങ്ങളിൽനിന്ന് അവർക്ക് കൈയൊഴിയാൽ ആവില്ല എന്ന് ബിജെപി പറയുന്നു. എന്ത് തന്നെ ആയാലും, പഞ്ചാബിൽ ഖലിസ്ഥാൻ മുദ്രാവാക്യങ്ങൾ വീണ്ടും അന്തരീക്ഷത്തിൽ ഉയർന്ന് തുടങ്ങുമ്പോൾ ആപ്പ് സർക്കാരും വെട്ടിലായിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ പരസ്പരം പഴിചാരി രക്ഷപ്പെടാം എന്നതിലുപരിയായി എങ്ങനെ പ്രക്ഷോഭത്തെ തടയാം എന്നതും ഇപ്പോൾ സർക്കാരിന് മുമ്പിൽ വലിയ വെല്ലുവിളിയാണ്.
'ആയിരക്കണക്കിനാളുകൾ പഞ്ചാബിൽ നിന്ന് മാത്രമുള്ളവരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ പഞ്ചാബിലേക്ക് വന്ന് നോക്കൂ. ആരാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതെന്ന്.പാക്കിസ്ഥാനിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായമാണ് ഇവർക്ക് ലഭിക്കുന്നത്.' -ഇങ്ങനെയാണ് പ്രക്ഷോഭത്തെപ്പറ്റിയുള്ള പഞ്ചാബ് ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത്സിങ്ങ് മാൻ പറയുന്നത്. നോക്കം പാക്കിസ്ഥാന്റെ സഹായം വിഘടനവാദികൾക്ക് ഉണ്ടെന്ന് ഒരു മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നു. ആ രീതയിൽ കാര്യങ്ങൾ വഷളായിരിക്കുന്നുവെന്ന് ചുരുക്കം.
വാൽക്കഷ്ണം: പഞ്ചാബിൽ ഈയിടെയുണ്ടായ ചില രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനകളും ഞെട്ടിക്കുന്നതാണ്. ആം ആദ്മി പാർട്ടി തൂത്തുവാരിയ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ്, സംഗ്രൂർ എംപിയായിരുന്ന ഭഗവന്ത് മാൻ രാജി വച്ച് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ശേഷം മൂന്നു മാസത്തിനുള്ളിൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നു. ആം ആദ്മി പാർട്ടിയുടെ കോട്ടയിൽ പാർട്ടി സ്ഥാനാർത്ഥി നിസ്സാരമായി ജയിച്ചുകയറുമെന്ന് എല്ലാവരും കരുതിയത്. പക്ഷേ വിജയിച്ചത് ശിരോമണി അകാലിദൾ (അമൃത്സർ) എന്ന ഖലിസ്ഥാൻ അനുകൂല പാർട്ടിയുടെ നേതാവ് സിമ്രൻജിത് സിങ് മാൻ ആയിരുന്നു. നോക്കണം ഒരു മുഖ്യമന്ത്രിയുടെ സീറ്റ് പോലും നിലനിർത്താൻ ആപ്പിന് കഴിയുന്നില്ല. തീവ്രവാദത്തിന് പഞ്ചാബികൾക്കിടയിൽ വീണ്ടും സമ്മതി ഉയരുന്നു. ശരിക്കും തീക്കളി തന്നെയാണിത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ