- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അഞ്ച് മയക്ക് വെടിയേറ്റിട്ടും നാല് കുങ്കിയാനകളെ പ്രതിരോധിച്ച കരുത്തൻ; അരി തീറ്റ തുടങ്ങിയതോടെ ഒടിക്കൊമ്പന്റെ പേര് മാറുന്നു; തകർത്തത് 180ൽപ്പരം കെട്ടിടങ്ങൾ, കൊന്നത് പത്തോളംപേരെ; ഇപ്പോൾ പ്രചരിക്കുന്നത് ഏറെയും കെട്ടുകഥകൾ; ലോക ചരിത്രത്തിൽ ഏറ്റവും ഫാൻസുള്ള കാട്ടാന; വില്ലനിൽ നിന്ന് നായകനായ അരിക്കൊമ്പന്റെ കഥ!
നായകന്മാർ വില്ലന്മാരും, വില്ലന്മാർ നായകന്മാരും ആവുന്നത് മലയാള സിനിമയിൽ മാത്രമല്ല, ലോകത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലൊക്കെ കാണാറുള്ളഒരു 'പ്രതിഭാസ'മാണ്. ഒരു അവസ്ഥയിൽ നായകനായ ആൾ, മറ്റൊരു സമയത്ത് കട്ട വില്ലനായിരിക്കും. ബംഗ്ലാദേശ് യുദ്ധകാലത്തെ ഇന്ത്യയുടെ ആരാധ്യനേതാവായിരുന്നു ഇന്ദിരാഗാന്ധിതന്നെയാണ് അടിയന്തരവാസ്ഥക്കാലത്തുകൊടും വില്ലയായത്. അതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ലോക ചരിത്രത്തിലുണ്ട്. പക്ഷേ ഇപ്പോഴിതാ ചരിത്രത്തിൽ ഇന്നോളം ഇല്ലാത്ത രീതിയിൽ ഒരു കാട്ടാന, വില്ലനിൽനിന്ന് നായകൻ ആയിരിക്കുന്നു. അതാണ് നമ്മുടെ അരിക്കൊമ്പനെന്ന, തമിഴകത്തിന്റെ അരശിക്കൊമ്പൻ!
കേരളത്തിൽ നാട്ടാനകളേക്കാളും ഫാൻസ് ഉള്ള കാട്ടാനയാണ് അരിക്കൊമ്പൻ. മുമ്പൊക്കെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെപ്പോല, തലയെടുപ്പുള്ള നാട്ടാനകൾക്ക് ആയിരുന്നു, ഫേസ്‌ബുക്ക് പേജും, വാട്സാപ്പ് കൂട്ടായ്മയും, ഇൻസ്റ്റഗാം ഐഡിയൊക്കെ ഉണ്ടായിരുന്നത്. ഇപ്പോൾ അരിക്കൊമ്പൻ ഫാൻസ് അവയെ എല്ലാം കടത്തിവെട്ടിയിരിക്കുന്നു. പത്തുപോരെ കൊന്നതിന്റെയും, നിരവധി വീടുകളും, കെട്ടിടങ്ങളും തകർത്തിന്റെ പേരിലും, നാട്ടുകാർ അതിനെ പിടിക്കാൻ സമരം ചെയ്തതടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ എല്ലാവരും മറന്നപോയിരിക്കുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ആരാധകരുണ്ടായ ഒരേയൊരു കാട്ടാനയാണ് അരിക്കൊമ്പൻ. ഒരുപേക്ഷ ലോക ചരിത്രത്തിൽ തന്നെയും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് പല ആനഗവേഷകരും എഴുതുന്നത്. ഈ ജനപ്രീതിയിൽ, ഏറ്റവും നിർണ്ണായകമായത്, അതിന് കിട്ടിയ മീഡിയ കവറേജ് ആണ്. കാട്ടിലൂടെയുള്ള നടത്തവും ഉറക്കവുമൊക്കെയായി വൈറലായ ചിത്രങ്ങൾ വഴി ഈ ഗജവീരനിലേക്ക് ആദ്യം ആകൃഷ്ടനായത് പ്രകൃതി സ്നേഹികളായ കുറച്ചുപേർ ആയിരുന്നു. പക്ഷേ വൈകാതെ ആ ആനയെ പൊതുജനം ഏറ്റെടുത്തു.
അഞ്ച് മയക്കുവെടിയേറ്റിട്ടും നാല് കരുത്തരായ കുങ്കിയാനകൾക്കെതിരെയും ശക്തമായി പ്രതിരോധിച്ചു നിൽക്കണമെങ്കിൽ അത് അരിക്കൊമ്പന് മാത്രമേ കഴിയൂ. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള ഈ കരിവീരന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കുന്നതും, എന്നിട്ടും അവന്റെ പ്രതിരോധവും ടിവീ ചാനലുകളിലൂടെ കണ്ട ലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സിലേക്ക് അവൻ പതുക്കെ ഹീറോയായി മാറി. തുടർന്ന് ചിന്നക്കനാലിൽനിന്ന് കുമളിവരെയുള്ള അവന്റെ യാത്രയും മാധ്യമങ്ങൾ ലൈവ് കാണിച്ചു. അതോടെ സിമ്പതി എമ്പതിയായി.
സോഷ്യൽ എഞ്ചിനീയറങ്ങിനെക്കുറിച്ച് പഠിക്കുന്നവക്ക് ഒരു കേസ് സ്റ്റഡിയാണ് അരിക്കൊമ്പന്റെ ഇമേജ് മാറ്റം. ഈ കാട്ടാനയെ ഇവിടെനിന്ന് ഒന്ന് മറ്റിത്തരണേ എന്ന് പറഞ്ഞ് സമരം ചെയ്തവർ പോലും, 'അയ്യോ അരിക്കൊമ്പൻ പാവമാണേ, അവൻ പോയപോലെ തിരിച്ചുവരും' എന്നാണ് ഇപ്പോൾ പറയുന്നത്. ആദ്യമായാകും ഒരു കാട്ടാനയ്ക്ക് കേരളത്തിൽ ഇത്രയധികം ആരാധകരുണ്ടാകുന്നത്. എന്തൊക്കെയോ അത്ഭുദസിദ്ധിയുള്ള ആനയായിപ്പോലും ഇത് വിലയിരുത്തപ്പെടുന്നു. പക്ഷേ ഈ ആനയെക്കുറിച്ച് പ്രചരിക്കുന്നതിൽ ഏറെയും കെട്ട് കഥകളാണെന്നതാണ് വാസ്തവം.
കള്ളക്കൊമ്പൻ, ഒടിക്കൊമ്പൻ.. പിന്നെ
പതിറ്റാണ്ടുകളായി ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പൻ. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുണ്ട് അവന്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് പരാക്രമങ്ങളിലേറെയും.
വെറും ഒരു വയസ് മാത്രം പ്രായമുള്ള സമയത്താണ് മൂന്നാറിലെ ചിന്നക്കനാലിൽ അരിക്കൊമ്പൻ പ്രത്യക്ഷപ്പെടുന്നത്. രോഗിയായ അമ്മയ്‌ക്കൊപ്പമാണ് തങ്ങൾ ആദ്യമായി അരിക്കൊമ്പനെ കണ്ടതെന്ന് ചിന്നക്കനാൽവാസികൾ പറയുന്നു. സാധനങ്ങൾ മോഷ്ടിക്കുന്ന ആന ആയതിനാൽ അവർ ആനയെ ആദ്യം വിളിച്ച പേര് കള്ളക്കൊമ്പൻ എന്നാണ്. അരിയാണ് ഇഷ്ട വിഭവം.
കരിങ്കല്ല് കൊണ്ട് ഭിത്തി കെട്ടിയിട്ടുള്ള പന്നിയാർ റേഷൻ കട 15 തവണയാണ് അരികൊമ്പൻ തകർത്തത്, അങ്ങനെ കരിങ്കല്ല് ഭിത്തി പൊളിക്കുന്നതിനിടയിൽ കൊമ്പു ഒടിഞ്ഞ ആനയെ അന്ന് നാട്ടുകാർ വിളിച്ചിരുന്നത് ഒടിക്കൊമ്പൻ എന്നായിരുന്നു. റേഷൻ കടകൾക്കു പുറമെ വീടുകൾ തകർത്തും അരി എടുക്കാന് തുടങ്ങിയപ്പോളാണ് ഒടിക്കൊമ്പൻ എന്ന പേര് മാറി അരികൊമ്പൻ എന്ന പേര് വന്നത്.
അരിയുടെ മണം പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവ് അരിക്കൊമ്പനുണ്ടെന്ന് നാട്ടുകാർ പറയുന്നു. അരി കിട്ടാൻ വേണ്ടി വീടുകളും റേഷൻ കടകളും അരിക്കൊമ്പൻ ആക്രമിച്ചിരുന്നു. അരിക്ക് വേണ്ടി ചിന്നക്കനാലിലെ കോളനികളിൽ അരിക്കൊമ്പൻ കയറിയിറങ്ങിയിരുന്നു. രാത്രി വാതിലുകളും ജനലുകളും പൊളിച്ച് അകത്ത് കടക്കുന്ന ശീലം വരെ അരിക്കൊമ്പന് ഉണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ചിന്നക്കനാൽ പ്രദേശത്ത് അരിക്കൊമ്പന്റെ ആക്രമണം അതീവ രൂക്ഷമാണ്. ഒമ്പതു പേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 18 വർഷത്തിനിടെ അരിക്കൊമ്പൻ 180 ൽ പരം കെട്ടിടങ്ങൾ തകർത്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 16-ന് പുലർച്ചെ അഞ്ചിന് ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പൻ അകത്താക്കിയത് ഏവരെയും ഞെട്ടിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ തമിഴ്‌നാട്ടിൽനിന്ന് സാധനങ്ങളുമായി വന്ന ലോറിയായിരുന്നു ഇത്.
വില്ലൻ ഹീറോയാവുന്നു
ഇങ്ങനെ നിരന്തരമായി ഒരു പ്രദേശത്തിന്റെ ഉറക്കം കൊടുത്തിയപ്പോഴാണ് അരിക്കൊമ്പനെ ഇവിടെ നിന്ന് തുരത്തണം എന്ന് ആവശ്യമുയർന്നത്. പന്തല്ലൂർ മെക്കന-2 (പി.എം.-2), പാലക്കാട് ടസ്‌കർ-7 (പി.ടി.-7) എന്നീ ശല്യക്കാരായ കാട്ടാനകളെ സമീപകാലത്ത് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയതോടെയാണ് ഇടുക്കിയിലും സമാന ആവശ്യമുയർന്നത്. ഇതിനായി നാട്ടുകാർ പന്തൽ കെട്ട് പ്രക്ഷോഭവും തുടങ്ങി. പക്ഷേ അപ്പോഴേക്കും ചില മൃഗസ്നേഹികൾ ഇതിനെ കർശനമായി എതിർത്ത് രംഗത്തെത്തി. ഹൈക്കോടതിയൽ ഹരജിയെത്തി. അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത് സ്റ്റേ ചെയ്ത കോടതി, ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു
ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടു. കൂടുതൽ തീറ്റയും വെള്ളവുമുള്ള മേഖലയായതിനാൽ മനുഷ്യർക്ക് ആന ശല്യമുണ്ടാക്കാനിടയില്ല എന്ന നിഗമനത്തിലാണ് തീരുമാനം. അങ്ങനെയാണ് അവൻ കുമളിയിലേക്ക് മാറ്റപ്പെട്ടത്. മയക്കുവെടി വെക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലൊക്കെ അരിക്കൊമ്പൻ വില്ലനായിരുന്നു. പക്ഷേ പിന്നീട് ദിവസൾ നീണ്ട മാധ്യമ കവറേജ് അവനെ ശരിക്കും ഹീറോയാക്കി. പക്ഷേ കുമളിയിലെത്തിയിട്ടും കാര്യങ്ങൾ മാറിയില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങി അരിക്കൊമ്പൻ വീണ്ടും പരാക്രമം കാട്ടി. പേടിച്്ച രക്ഷപ്പെടവേ ഒരാൾ ബൈക്കിൽനിന്ന് വീണ് മരിച്ചു. ഇതോടെ തമിഴ്‌നാട് സർക്കാർ മയക്കുവെടിവെച്ച് വീഴ്‌ത്തി അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് അയച്ചിരിക്കയാണ്.
ഇതിനെതിരെയും, അരിക്കൊമ്പൻ ഫാൻസിന്റെ ഫേസ്‌ബുക്ക് വാട്സാപ്പ് കൂട്ടായ്മകളിൽ രോഷം അണപൊട്ടുകയാണ്. ഇവർ അരിക്കൊമ്പനെ മനുഷ്യന് സമാനമായി വികാര വിചാരങ്ങളും ബുദ്ധിയും വിവേകവുമുള്ള ഒരു ജീവിയായി സങ്കൽപ്പിച്ച് നിരന്തരം കഥകൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കയാണ്.
ചക്കക്കൊമ്പനുമായി സൗഹൃദം
''പണ്ട് അരിക്കൊമ്പനും ചക്കക്കൊമ്പനും, സുഹൃത്തുക്കൾ ആയിരുന്നു. ചക്കക്കൊമ്പന്, ചക്ക പറിച്ച് അരിക്കൊമ്പൻ കൊടുക്കാറുണ്ടായിരുന്നു. പിന്നെ അവർ തമ്മിൽ തെറ്റി. അതോടെയാണ് അരിക്കൊമ്പൻ ഒറ്റയാൻ ആയത്. ഇപ്പോൾ അരിക്കൊമ്പനെ കാണാതെ ആയതോടെ, ചക്കക്കൊമ്പനും വലിയ വിഷമത്തിലാണ്. അതിനാലാണ് അവൻ അക്രമാസക്തനാവുന്നത്. അരിക്കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരികയാണ് ഇതിനുള്ള പരിഹാരം''. അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ഫാൻസ് അസോസിയേഷനുകളിൽ കണ്ട ഒരു മെസേജ് ആണത്. ആദ്യം അത് ട്രോൾ ആണെന്നാണ് കരുതിയത്. പക്ഷേ വളരെ സീരിയസ് ആണെന്ന് മനസ്സിലായത് അതിന് താഴെവന്ന കമന്റുകൾ കണ്ടപ്പോഴാണ്. സത്യത്തിൽ രണ്ടുകൊമ്പനാനകൾ തമ്മിൽ ഇതുപോലെ സൗഹൃദം ഒന്നും ഉണ്ടാവില്ല. അവരുടെ ടെറിറ്ററിയിൽ കയറിക്കളിച്ചാൽ, രണ്ടുപേരും ശത്രുക്കളുമാവും. അരിക്കൊമ്പൻ ചക്കക്കൊമ്പ്് ചക്ക പറിച്ചുകൊടുത്തുവെന്നതൊക്കെ വെറും ഭാവനകൾ മാത്രമാണ്. യാഥാർത്ഥത്തിൽ കട്ട ഫൈറ്റാണ് ഈ രണ്ട് കാട്ടാനകളും തമ്മിൽ നടന്നിട്ടുള്ളത്. അരിക്കൊമ്പ് പലപ്പോഴും പരിക്കേറ്റതും ചക്കക്കൊമ്പനിൽനിന്നാണ്.
ചിലരുടെ തള്ളിവിടലുകൾ കാണുമ്പോൾ, അരിക്കൊമ്പനെന്നത്, എന്തോ വിശേഷാൽ സിദ്ധിയുള്ള ആനയാണെന്നാണ് തോന്നുക. അരിക്കൊമ്പന് അസാധ്യമായ ഓർമ്മയാണെന്നും വൈകാതെ അത്, ചിന്നക്കനാലിൽ തന്നെ തിരിച്ചെത്തുമെന്നുമാണ് ഇവർ പറയുന്നത്. ചാനൽ ചർച്ചകളിലൊക്കെ ആനപ്രേമികൾ എന്ന് പറയുന്നവർ, നടത്തുന്ന തള്ളുകൾ കണ്ടാൽ അമ്പരന്ന് പോകും. 200 കിലോമീറ്റർവരെ മണം പിടിച്ച് എത്തുമെന്നാണ് ഒരാൾ ചാനൽ ചർച്ചയിൽ പറയുന്നത്. അതുപോലെ സ്വന്തം നാട്ടിൽനിന്ന് പുറത്താക്കപ്പെട്ട അരിക്കൊമ്പൻ, വളരെ വിഷമത്തിലാണെന്നും ഇവർ പറയുന്നു. അരിക്കൊമ്പനെ പ്രണയിനി കാത്തിരിക്കുന്നു എന്നുവരെയായി കഥകൾ.
സത്യത്തിൽ ആനയെക്കുറിച്ച് യാതൊന്നും ശാസ്ത്രീയമായി പഠിക്കാതെയാണ് ഈ തള്ളിവിടലുകൾ. ആനക്ക് മനുഷ്യന്റെ പത്തിരിട്ടി ഘ്രാണ ശക്തിയുണ്ടെങ്കിലും, ഒരു ഒന്നര കിലോമീറ്ററിന് അപ്പുറമൊന്നും മണത്ത് എത്താൻ കഴിയില്ല.
കാമുകി കാത്തിരിപ്പുണ്ടോ?
അതുപോലെ, ഇണകളിൽനിന്നും കുഞ്ഞുങ്ങളിൽനിന്നും മാറ്റിനിർത്തിയാൽ, ആന വയലന്റ് ആവുമെന്നാണ് ഇവർ പറയുന്നു. ഇതും ആനയെക്കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ ഇല്ലാത്തതുകൊണ്ടാണ്. കാരണം മനുഷ്യരെപ്പോലെ കുടുംബവും, കുട്ടികളുമായി ജീവിക്കുന്നവരല്ല, കൊമ്പന്മാർ. ഒരു പങ്കാളിയിൽ ഒതുങ്ങുന്ന മോണോഗാമസ് വിഭാഗമല്ല, അവർ. ഒന്നിലധികം ഇണകളുള്ള പോളിഗാമസ ആണ്. അതുകൊണ്ടുതന്നെ അരിക്കൊമ്പന്റെ പ്രണയം, വിരഹം എന്നു പറയുന്നതൊക്കെ അംസബന്ധമാണ്. മദപ്പാടിന്റെ സമയത്ത് അപ്പോൾ ആരാണ് സാഹചര്യത്തിന് അനുസരിച്ച് ഒത്തുകിട്ടുന്നത് എന്നല്ലായെ ചിന്നക്കനാലിലെ ഭാര്യയുടെ അടുത്ത് മാത്രംപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവനല്ല അരിക്കൊമ്പൻ!
ഇനി അരിക്കൊമ്പൻ മനുഷ്യന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ഒറ്റയാൻ ആയത് എന്ന കഥയും തെറ്റാണ്. മാട്രിയാർക്കൽ അഥവാ മാതൃക്രമം പിന്തുടരുന്നവരാണ്, ആനകൾ. പെണ്ണാന നയിക്കുന്ന കൂട്ടത്തിലാണ് കുട്ടികളും കുടുംബവും ഉണ്ടാവുക. കുട്ടിക്കൊമ്പന്മാർ ഒരു 13-14 വയസ്സിലാണ് പ്രായപുർത്തിയാവുക. അപ്പോൾ അവൻ സ്വന്തം കൂട്ടത്തിൽനിന്ന് മാറുന്നു. പിന്നെ ഒരു ഒറ്റയാനായി സ്വയം ജീവിക്കുന്നു. ഇങ്ങനെ ബാച്ചിലേഴ്സ് ആയ ഒറ്റയാന്മാർ ചേർന്ന് ഒരു സംഘം ഉണ്ടാക്കുന്നതും കാണാറുണ്ട്.
ഇനി മറ്റൊരു കൂട്ടത്തിലേക്ക് കൊമ്പന്മാർ പോവുകയാണെങ്കിൽ അവിടെയും മറ്റ് ആനകളുമായി ഫൈറ്റ് ഉണ്ടാവും. ഇങ്ങനെ മറ്റു കൊമ്പന്മാരുമായി പോരടിച്ച് ജയിക്കുന്ന ആനകൾക്കാണ് പെട്ടെന്ന് ഇണകളെയൊക്കെ കിട്ടുക. അതായത് അരിക്കൊമ്പനെ, നാം ആനയായിട്ടില്ല, ഒരു മനുഷ്യനായിട്ടാണ് കാണുന്നത്. മനുഷ്യൻ ചെയ്യുന്ന എല്ലാകാര്യങ്ങളും, അതേ അളവിൽ അരിക്കൊമ്പനും ചെയ്യുമെന്ന് ഫാൻസുകാർ വിശ്വസിക്കുന്നു.
അരിക്കൊമ്പൻ തിരിച്ചുവരുമോ?
അതുപോലെ സ്വന്തം ആവാസവ്യവസ്ഥയിൽനിന്ന്, പറിച്ചുനടപ്പെട്ടാൽ മനുഷ്യനെപ്പോലെ നൊസ്റ്റാൾജിയ അടിച്ച് വിഷമിക്കുന്ന സ്വഭാവക്കാരനൊന്നുമല്ല ആന. വിദേശത്തുള്ള പല രാജ്യങ്ങളും ഇങ്ങനെ അപകടകരമായ അവസ്ഥയിലുള്ള ആനകളെ സ്ഥലം മാറ്റാറുണ്ട്. പുതിയ ആവാസവ്യവസ്ഥയിൽ എത്തിയാൽ അത് അതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും.
സാധാരണ ഇന്ത്യൻ ആനകൾ മൂന്ന് തരക്കാരാണ്. ചിലവ പുതിയ സ്ഥലത്ത് സെറ്റിൽ ചെയ്യും. എന്നാൽ വാണ്ടറേഴ്സ് എന്ന് പറയുന്ന വിഭാഗം, സെറ്റിൽ ചെയ്യാതെ ആ പ്രദേശത്ത് മുഴുവൻ അലഞ്ഞു തിരിഞ്ഞ് നടക്കും. എന്നാൽ മൂന്നാമത്തെ വിഭാഗമായ ഹോമേഴസ്, അവർ നിരന്തരമായി വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചുവരാൻ ശ്രമിക്കും. ലഭ്യമായ വിവരവും, അനുഭവവും വെച്ച് അരിക്കൊമ്പൻ ഹോമേഴ്സ് എന്ന വിഭാഗത്തിൽ ആണെണെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അത് ഒരിടത്ത് ഒതുങ്ങി ജീവിക്കുന്നത് അല്ല എന്ന് മനസ്സിലാക്കാം. ഇനി എന്തിനാണ് അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിൽ എത്തുന്നത് എന്ന് നോക്കാം. അരി തിന്ന് അതിന് ശീലമായിപ്പോയി. അതിന്റെ പ്രലോഭനം അതിന് സഹിക്കാൻ കഴിയുന്നില്ല. അല്ലാതെ നാട്ടുകരെ ഉപദ്രവിക്കണം എന്നോ റേഷൻ കട തകർക്കണം എന്നോ ആ മൃഗം ഉദ്ദേശിക്കുന്നില്ല. കൈതച്ചക്കയും, കരിമ്പും തേടിയൊക്കെ ആനകൾ ഇറങ്ങിയ അനുഭവങ്ങൾ നേരത്തെയുണ്ട്. കോടയും, വാഷും തേടിപ്പോലും ആനകൾ എത്തിയ അനുഭവങ്ങൾ ഉണ്ട്.
മനുഷ്യൻ എങ്ങനെയാണോ അതുപോലെയാണ് ആനകൾ എന്ന് നാം കരുതരുത്. ആനക്ക് വിശേഷബുദ്ധി കുറവാണ്. മനുഷ്യനെപ്പോലെ പകവെക്കാനൊന്നും അതിന് കഴിയില്ല. ഫ്രണ്ടൽ കോർട്ടക്സ് വികസിച്ചിട്ടില്ല. കുട്ടിക്കാലത്ത് തന്നെ ഉപദ്രവിച്ച ആളിനെ വർഷങ്ങൾക്കുശേഷം ആന ഉപദ്രവിച്ചു എന്ന് പറയുന്നതൊന്നും ശരിയല്ല. അതുകൊണ്ടുതന്റെ മയക്കുവെടിവെച്ചതിന്റെ പകമൂലം, ആന കൂടുതൽ അക്രമകാരിയാവും എന്ന് പറയുന്നതിലൊന്നും കഥയില്ല.
ആനക്ക് അരിമാത്രം തിന്ന് ജീവിക്കാനാവില്ല
അരിക്കൊമ്പനെപ്പോലുള്ള മറ്റെല്ലാ കഥകളും എന്നപോലെ അരി തീറ്റയും അസാധാരമാംവിധം പെരുപ്പിച്ചതാനെന്ന് പല ശാസ്തകാരന്മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആന അരിതിന്നല്ല ജീവിക്കുന്നത് എന്നാണ് ശാസ്ത്രീയമായി ഈ വിഷയം പഠിച്ചിട്ടുള്ളവർ പ്രതികരിക്കുന്നത്. വൈൽഡ് ലൈഫ് മാനേജ്‌മെന്റ് എന്നുപറഞ്ഞാൽ ആനയ്ക്ക് കാട്ടിൽ അരി കൊണ്ടുപോയി കൊടുക്കുന്നതല്ല. സ്വാഭാവികമായി അനയുടെ ഭക്ഷണം കാട്ടിൽ വളർത്തുന്ന പദ്ധതി വിദേശ രാജ്യങ്ങളിലുണ്ട്. പക്ഷേ ആനയുടെ പ്രധാനഭക്ഷണമല്ലാത്ത അരി കാട്ടിൽ വെച്ച് പോയിട്ട് ഒരു കാര്യവുമില്ല. ഇങ്ങനെ ആണെങ്കിൽ കടുവ ശല്യം നിയന്ത്രിക്കാൻ കാട്ടിൽ മാനിന്റെയോ, മുയലിന്റെയും ഇറച്ചി വിതറിയിട്ടാൽ പോരെ എന്നാണ് മറുചോദ്യം.
ശാസ്ത്രകാരൻ വിജയകുമാർ ബ്ലാത്തുർ ഇങ്ങനെ എഴുതുന്നു. ''ഒരു ആനയ്ക്ക് എത്ര കിലോ വേവിക്കാത്ത അരി തിന്നാൻ പറ്റും? ഓരോ തരം ജീവികളുടെയും ദഹന സ്വഭാവങ്ങൾ വ്യത്യാസമുള്ളതാണ്. മനുഷ്യർ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതു പോലെ തന്നെയാകും മറ്റ് എല്ലാ സസ്തനികളും ഉരഗങ്ങളും ഒക്കെ തിന്നവ ദഹിക്കുന്നത് എന്നാണ് പൊതുവെ പലരും തെറ്റായി കരുതുന്നത്. നമ്മൾക്ക് ഊർജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റുകളെ പഞ്ചസാര ആക്കി മാറ്റി രക്തത്തിലേക്ക് വലിച്ചെടുത്ത് അത് കോശങ്ങളിലെത്തിച്ചാണല്ലോ.
അവിടെ വെച്ച് ഓക്‌സിജൻ ഉപയോഗിച്ച് 'കത്തിച്ച് ' നമ്മുടെ കാര്യങ്ങൾ നടത്തുന്നു. ചോറിലും മറ്റുമുള്ള സ്റ്റാർച്ച് വെള്ളത്തിൽ ലയിക്കാത്തതാണ്? അവ ഉമിനീരിലും ആമാശയത്തിലും ഉള്ള എൻസൈമുകളുമായി പ്രവർത്തിച്ചാണ് വെള്ളത്തിൽ ലയിക്കുന്ന ഷുഗർ ആക്കുന്നത്. പുല്ലിലും വേവിക്കാത്ത അരിയിലും ഉള്ള കോശങ്ങളിലെ സെല്ലുലോസ് നമുക്ക് ദഹിപ്പിക്കാനുള്ള എൻസൈം ഇല്ല. അതുകൊണ്ടാണ് അവ മനുഷ്യർ തിന്നാത്തതും. പരിണാമമാണ് പല ജീവികളുടെയും ഭക്ഷണകാര്യങ്ങളെ തീർപ്പാക്കിയത്. അല്ലെങ്കിൽ ഭക്ഷണമാണ് പരിണാമത്തിന്റെ ഒരു ആധാരം.
പശു പുല്ല് തിന്നുന്നത് പോലെ അല്ല ആന തിന്നുന്നത്. അവയുടെ ദഹന രീതിയും വ്യത്യസ്തമാണ്. പശുവും മാനുമൊക്കെ, കടുവയും പുലിയും ഏതു നിമിഷവും കൊന്നു തിന്നും എന്ന ഭയത്തിലാണ് ഏറ്റവും വേഗത്തിൽ കിട്ടുന്നത്ര പുല്ലും ഇലകളും അകത്താക്കി, സുരക്ഷിത ഇടത്തേക്ക് മാറി സ്വസ്ഥമായി തിന്നതുമുഴുവൻ വീണ്ടും തികട്ടി എടുത്ത് ചവച്ച് ഇറക്കി അയവെട്ടുന്നത്. രണ്ടാമത്തെ അറയായ റൂമനിൽ വച്ചാണ് ദഹനം നടക്കുന്നത്. അവിടെ നമ്മുടെ ആമാശയത്തിലേത് പോലെ ദഹന രസങ്ങളും ആസിഡും ഉണ്ടാക്കാനുള്ള ഗ്രന്ഥികളില്ല. ഫെർമന്റേഷൻ, പുളിപ്പിക്കലാണ് അവിടെ നടക്കുക. നമ്മുടെ ദഹനം പോലെ, കാർബോഹൈഡ്രേറ്റ് ഷുഗറായി മാറിയല്ല ഊർജ്ജം ലഭിക്കുന്നത്.
പശുവിന്റെ രക്തത്തിലേക്ക് തീറ്റ ദഹിച്ച് ( ചോറ് കഴിച്ചാലും ) പഞ്ചസാരയായി മാറിയതല്ല വലിച്ചെടുക്കപ്പെടുന്നത്. ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് പുളിച്ച് വൊളട്ടൈൽ ഫാറ്റി ആസിഡുകളാണ് ഉണ്ടാവുക. അതാണ് രക്തത്തിലെത്തി ഊർജ്ജ ആവശ്യം നിറവേറ്റുന്നത്. (അതായത് ഉത്തമാ പശുവിന് നമ്മുടെ പോലെ രക്തത്തിൽ പഞ്ചസാര കൂടുന്ന അസുഖം വരില്ല ). ഈ പുളിക്കൽ നടക്കുന്നത്.പശുവിന്റെ വയറ്റിലെ പല തരം സൂഷ്മ ജീവികളെ കൊണ്ടാണ്. ഈ പുളിപ്പിക്കലിന്റെ ഭാഗമായി ധാരാളം മീതൈൻ ഗ്യാസ് ഉണ്ടാവും. അത് ഇടക്ക് പശു വാ പൊളിച്ച് പുറത്ത് കളയും. (ആഗോളതാപനം കൂട്ടുന്നത് ഇന്ത്യയിലെ പശുക്കൾ കൂടി കൂടീട്ടാണ് എന്ന് പരാതി ഇതു കൊണ്ടാണ് ) . പശു അധികം ചോറ് കഴിച്ചാൽ വയറ്റിലെ സൂഷ്മ ജീവികളുടെ ബാലൻസിങ്ങ് തെറ്റി പശു വയറു വീർത്ത് ചാവും.''- വിജയകുമാർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ അരി തിന്നാൽ കഥ കഴിയും
സമാനമായ അവസ്ഥയാണ് മനുഷ്യരിലുമെന്ന് വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. ''
ആനകൾക്ക് കടുവ പുലികളെയൊന്നും പേടിക്കാനില്ലാത്തതിനാൽ പശുവിനെപ്പോലെയുള്ള വാരിവലിച്ച് അകത്താക്കൽ വേണ്ട. വയറിൽ രണ്ട് അറകളും ഇല്ല, അയവിറക്കലും ഇല്ല . വലിയ വയർ നിറയ്ക്കാൻ വളരെഏറെ നേരം സ്വസ്ഥമായി തിന്നണം എന്ന് മാത്രം. കാടും പടലും വേരും തൊലിയും പഴങ്ങളും വിത്തുകളും ഒക്കെ അതിൽ പെടും. വയറിനുള്ളിലെ സിംബയോട്ടിക് ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായുള്ള ഹിൻഡ്ഗട്ട്് ഫെർമിന്റേഷൻ ആണ് ആനകളിൽ നടക്കുക. തിന്ന സെല്ലുലോസൊക്കെ ദഹിക്കാൻ സഹായിക്കുന്നത് ഈ സൂഷ്മ ജീവികളാണ്. എന്നാലും പശുവിന്റെ തീറ്റ ദഹിക്കുന്നതു പോലെ ആന തിന്നത് ദഹിക്കില്ല. അതിൽ പകുതിയും ദഹിക്കാതെ പുറത്തേക്ക് ആനപിണ്ടമായി പോകും. അതിനാലാണ് ഇത്രയധികം ഭക്ഷണം ആനകൾക്ക് തിന്നേണ്ടി വരുന്നത്. ദിവസം 15 - 18 മണിക്കൂർ വരെ തീറ്റ തേടി അലയേണ്ടി വരും ചിലപ്പോൾ. (ജനിച്ച ഉടൻ കുട്ടിയാനകളുടെ വയറ്റിൽ ബാക്റ്റീരിയകൾ ഇല്ലാത്തതിനാൽ സെല്ലുലോസ് ദഹനം നടക്കില്ല. അതിനാൽ അവ ബാക്റ്റീരിയകൾ കിട്ടാൻ അമ്മയുടേയോ മറ്റ് ആനകളുടെയോ പിണ്ടമാണ് ആദ്യം തിന്നുക. )
'ഭാര്യയും കുട്ടിയും ' ഒക്കെയായി മനുഷ്യനെപ്പോലെ കുടുംബ ജീവിതം നയിക്കുന്ന അരിക്കൊമ്പന്റെ ഭക്ഷണ ശീലവും മനുഷ്യരെപ്പോലെ ആവും എന്ന് കരുതുന്നവരുണ്ടാവാം. അതാവും ,ആനക്ക് തിന്നാൻ കാട്ടിൽ തമിഴ് നാട് വനം വകുപ്പ് അരി കൊണ്ട് വെക്കുന്നു എന്ന വാർത്തയുമായി ചിലർ ആഘോഷിക്കുന്നത്. അരിക്കൊമ്പൻ കൂടിയ അളവ് അരി തിന്നാൽ അതിന്റെ കഥ കഴിയും. അത്രയേ ഉള്ളു. അത് രസത്തിന് ഇടക്ക് അരി രുചിക്കുക മാത്രമേ ചെയ്യാൻ സാദ്ധ്യത ഉള്ളു. വളർത്താനകൾ വേവിച്ച ചോറും ശർക്കരയും തിന്നാറുണ്ടെങ്കിലും വേവിക്കാത്ത അരി തിന്നാറില്ല. എല്ലാവരും പറഞ്ഞ് പരത്തിയ പോലെ ഇവൻ റേഷൻ അരിപ്രാന്തനാണെങ്കിൽ ആനപ്പിണ്ടത്തിൽ പകുതിയും അരി കാണേണ്ടതാണ്.
ഇതുവരെ ആരും അങ്ങിനെ അരി കണ്ടതായി പറയുന്നില്ല. ഉപ്പിനും മറ്റും ആനകൾ പ്രത്യേക ഇഷ്ടം കാണിക്കുന്നത് സാധാരണമാണ്. അരിക്കൊമ്പൻ സത്യത്തിൽ അരി പ്രാന്തൻ തന്നെയാണോ? അവൻ കടകൾ പൊളിച്ചത് അരിക്ക് വേണ്ടിയാവില്ല എന്നാണ് ഞാൻ കരുതുന്നത്. വേറെ എന്തെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിൽ - അരിയെങ്കിൽ അരി എന്ന് പറഞ്ഞ് രുചിച്ച് നോക്കീട്ടേ ഉണ്ടാവു.
2000 ജൂണിൽ ബാങ്കോക്കിലെ മൃഗശാലയിൽ പാങ്ക് ബൂന്മി എന്ന 27 വയസുള്ള ഒരാന 50 കിലോ അരി തിന്ന് ധാരാളം വെള്ളവും കുടിച്ച് , വയറിൽ ഗ്യാസ് നിറഞ്ഞ് ചത്തുപോയിട്ടുണ്ട്. ''- വിജയകുമാർ ബ്ലാത്തുർ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ നമ്മുടെ നാട്ടിൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, മനുഷ്യന് സമാനമായ ബുദ്ധിയും, ഭാവനയും, കുടുംബബന്ധങ്ങളും, ഭക്ഷണ ശീലവുമുള്ള ഒരു ജീവിയായിട്ടാണ് അരിക്കൊമ്പനെ അതിന്റെ ആരാധകർ കാണുന്നത്. എന്നിട്ട് ഇവർ കൂട്ട പരാതികൾ അയച്ച് സർക്കാറിനുമേൽ സമ്മർദ്ദം നടത്തുകയാണ്. ആൾക്കൂട്ടം പറയുന്നതല്ല, ശാസ്ത്രീയമായി വിദഗ്ദ്ധർ പറയുന്ന കാര്യമാണ് നാം നടപ്പാക്കേണ്ടത് എന്നാണ് ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്.
കൊന്നത് പത്തോളം പേരെ?
നമുക്ക് സ്നേഹമുള്ളവരുടെയാക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്തുകൊടുക്കുക എന്നതും അവരുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്്ക്കുക എന്നതും മിക്ക ഫാൻസുകാരുടെയും പ്രേത്യകതയാണ്. അവർ വസ്തുനിഷ്ഠമായല്ല കാര്യങ്ങളെ വിലയിരുത്തുക. മമ്മൂട്ടി ഫാൻസിനെയോ, മോഹൻലാൽ ഫാൻസിനെയോ നോക്കുക, അവർ ഈ താരങ്ങളുടെ പടങ്ങൾ എത്ര മോശമായാലും, സൂപ്പർ എന്നാണ് കമന്റിടുക. സമാനമാണ് അരിക്കൊമ്പൻ ഫാൻസിന്റെ കാര്യവും. അവന് ആരെയും കൊന്നതിനു തെളിവില്ലെന്നും, അവന് ആരെയും കൊല്ലാൻ കഴിയില്ല എന്നും അരികൊമ്പൻ ഫാൻസ് പറഞ്ഞുനടക്കുന്നത്. എന്നാൽ ചുരുങ്ങിയത് പത്തോളം പേരുടെ മരണത്തിന് അരിക്കൊമ്പൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പും വനഗവേഷകരും പറയുന്നത്.
ഇതിൽ അഞ്ചെണ്ണത്തിന് കൃത്യമായ ദൃക്സാക്ഷികളും ഉള്ളതാണ്. ബാക്കി അഞ്ച് കൊലപാതകങ്ങൾ നടക്കുമ്പോൾ അരികൊമ്പൻ ആ പരിസരത്തു ഉണ്ടായിരുന്നു. വേറേ അവിടെ അക്രമകാരികളായ ആനകൾ ഇല്ല. അതിനാൽ തന്നെ നാട്ടുകാരുടെ മൊഴികൾ അനുസരിച്ച് ഈ കൃത്യങ്ങൾക്ക് പിന്നിൽ അരിക്കൊമ്പനാണെന്ന്. 12/1/2005 ചിന്നക്കനാൽ പഞ്ചായത്തിന്റെ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്നു ഇഗ്‌നാസിമുത്തുവിന്റെ മകൻ അൽഫോൻസിനെ അരിക്കൊമ്പൻ കൊല്ലുകയും മൃതദേഹത്തിന്റെ അടുത്തുനിന്നു മാറാതെ മണിക്കൂറുകൾ ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും ചെയ്തു. ഈ കേസിൽ കൃത്യമായ ദൃക്‌സാക്ഷികൾ ഉള്ളതാണ്. അന്ന് ഇവന്റെ പേര് ഒടിക്കൊമ്പൻ എന്നായിരുന്നു.
അരിക്കൊമ്പനാൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരും തീയതിയും സ്ഥലവും ഇങ്ങനെയാണ്. 25/11/2010 ആണ്ടവൻ , കൊല്ലപ്പെട്ട സ്ഥലം വെള്ളക്കാൽതേരി, ക്രൈം നമ്പർ 492 / 10 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 18/5/2012 മണി, കൊല്ലപ്പെട്ട സ്ഥലം ആനയിറങ്കൽ, ക്രൈം നമ്പർ 338 / 12 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 16/10/2013 കൃഷ്ണൻ കുട്ടി , കൊല്ലപ്പെട്ട സ്ഥലം സിങ്കുകണ്ടം,ക്രൈം നമ്പർ 665 / 13 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ(അരികൊമ്പൻ വീട് തകർത്തപ്പോൾ കട്ട ദേഹത്ത് വീണു നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് ഇദ്ദേഹം മരിച്ചത്) 20/10/2013 കറുപ്പസ്വാമി , കൊല്ലപ്പെട്ട സ്ഥലം പെരിയകനാൽ , ക്രൈം നമ്പർ 672 / 13 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 31/12/2013 സണ്ണി , കൊല്ലപ്പെട്ട സ്ഥലം ചിന്നക്കനാൽ , ക്രൈം നമ്പർ 002 / 14 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 11/7/2018 ഷാജി , കൊല്ലപ്പെട്ട സ്ഥലം രാജപ്പാറ , ക്രൈം നമ്പർ 309 / 18 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 12/5/2019 കൃഷ്ണൻ , കൊല്ലപ്പെട്ട സ്ഥലം 301 കോളനി , ക്രൈം നമ്പർ 211 / 19 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ, 21/7/2021 വിമല , കൊല്ലപ്പെട്ട സ്ഥലം കോരൻപാറ , ക്രൈം നമ്പർ 573 / 21 , ശാന്തൻപാറ പൊലീസ് സ്റ്റേഷൻ.
എറ്റവും ഒടുവിലായി നാം മയക്കുവെടിവെച്ച് പിടിച്ച് കുമളിക്ക് കൊണ്ടുപോയതിനുശേഷവും അരിക്കൊമ്പൻ നാശം വിതച്ചു. 2023 മെയ് 31ന്, തമിഴ്‌നാട്ടിലെ കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ കണ്ട് പേടിച്ച് രക്ഷപ്പെടവേ, ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ, കമ്പം സ്വദേശി പാൽരാജ് (57) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതെല്ലാം തെളിവുള്ള കേസുകൾ മാത്രമാണ്. തെളിവില്ലാത്തവ ഇതിന്റെ ഇരിട്ടയേറെ വരും. എന്നിട്ടും ആളുകൾ അരിക്കൊമ്പൻ പാവമാണ്, പുണ്യാളനാണ്, ആദിവാസികളോട് അലിവുള്ളവനാണ് എന്നൊക്കെ തള്ളിവിടുന്നത് കാണുമ്പോൾ, സഹതാപമാണ് തോന്നുക.
അരിക്കൊമ്പനെ എന്ത് ചെയ്യണം?
301 കോളനി എന്ന് അറിയപ്പെടുന്ന അരിക്കൊമ്പന്റെ മൂൻ വിവാഹ രംഗം പരമ്പരാഗതമായി ആനത്താരയായിരുന്നു. 2002ൽ 301 ആദിവാസി കുടുംബങ്ങളെ അവിടെ കൊണ്ടുപോയി കുടിവെക്കാൻ എ കെ ആന്റണി സർക്കാർ തീരുമാനിക്കുമ്പോൾ, അന്ന് ഇടുക്കി കലക്ടർ ആയിരുന്നു പ്രകൃതി ശ്രീവാസ്തവ അതിനെതിരെ ഒരു റിപ്പോർട്ട്, സമർപ്പിച്ചിരുന്നു. ഈ പ്രദേശം പരമ്പരാഗതമായ ആനത്താര ആയിരുന്നു എന്നായിരുന്നു അത്. അന്ന് പ്രകൃതി ഭയന്ന മനുഷ്യ- മൃഗ സഘർഷമാണ് പിന്നീട് ഉണ്ടായത്. ഇതും നാം കണക്കിലേടുക്കേണ്ടതാണ്. ആനത്താരകളെ പരമാവധി ഒഴിവാക്കിയുള്ള മനുഷ്യവാസമേ അനുവദിക്കാവൂ.
പക്ഷേ ഇപ്പോൾ നാം കാണുന്നത് കേരളത്തിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം നന്നായി കൂടിയെന്നാണ്. കേരളത്തിന്റെ വനവിസ്തൃതിയും അഭിമാനാർഹമായി കൂടിയിട്ടുണ്ട്. അപ്പോൾ വിദേശരാജ്യങ്ങളൊക്കെ പരീക്ഷിച്ചപോലെ, നിയമപരമായ നിയന്ത്രിതമായ വേട്ട അടക്കമുള്ള കാര്യങ്ങൾ നമുക്കും പരീക്ഷിക്കേണ്ടിവരും. അതുപോലെ കാട്ടിനുള്ളിലെ ഭക്ഷ്യവസ്തുകൾക്ക് വർധിപ്പിക്കാനുള്ള നീക്കവും. പക്ഷേ 301 കോളനിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചാൽ എല്ലാ പ്രശ്നവും തീരും എന്ന് പറയുന്നവതും തെറ്റാണ്. 2010 നു ശേഷം ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ 29 കൊലപാതകങ്ങൾ ആണ് അരിക്കൊമ്പനടക്കമുള്ള ആനകൾ ചെയ്തതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് ഈ 29 കൊലപാതകങ്ങളിൽ വെറും രണ്ടു എണ്ണം മാത്രമാണ് 301 കോളനിയിൽ ഉള്ളത് . ബാക്കി മുഴുവൻ 301 കോളനിയുടെ 10 -15 കിലോമീറ്റർ വരെ ചുറ്റളവിൽ ഉള്ളതാണ്.
അരിക്കൊമ്പനെ എന്ത് ചെയ്യണം എന്ന ചോദ്യങ്ങൾ ഉയരുമ്പോൾ, സർക്കാർ സംവിധാനങ്ങൾ ചെവികൊടുക്കേണ്ടത് ശാസ്ത്രീയമായ പ്രതിവിധികൾക്കാണ്. ആനപ്രേമികൾ എന്ന് പറയുന്ന ആളുകളുടെ ആൾക്കൂട്ട വിചാരണയിൽ അല്ല കാര്യം. സത്യത്തിൽ അവർ ആന സ്നേഹികൾ അല്ല. ആനയെ കണ്ട് തങ്ങളുടെ ആനന്ദം വർധിപ്പിക്കുന്നവരാണ്. അവർ ഗജപ്രേമികൾ ആണെങ്കിൽ, കുളമ്പില്ലാത്ത ഈ ജീവിയെ, പൊരിവെയിലത്തും, തീവെട്ടിയുടെ മുന്നിലും മറ്റും നിർത്തി, മണിക്കുറുകൾ എഴുന്നള്ളിക്കുമോ?
ആനപ്രേമികൾ എന്ന് പറയുന്നവർ പറയുന്ന മറ്റൊരു അബദ്ധമാണ് റേഡിയോ കോളർ വിഷമാണെന്നത്. പക്ഷേ ലോകത്ത് ഒരിടത്തും ആയിരക്കണക്കിന് ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ചിട്ടും ഇതുവരെ ഒരു ആനക്കും ഒരു കുഴപ്പവും പറ്റിയിട്ടില്ല. അതുപോലെ മയക്കുവെടി. ഒരു തവണ വെച്ചതിനാൽ ഇനി മയക്കുവെടി പാടില്ല എന്നാണ് ഇവർ പറയുന്നത്. പക്ഷേ ആനയെപ്പോലെ ഒരു വലിയ ജീവിക്ക് ഒരു മയക്കുവെടിയൊന്നും ഒന്നുമല്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴിതാ തമിഴ്‌നാട് വനം വകുപ്പ വീണ്ടു മയക്കുവെടിവെച്ച്, അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മാറ്റിയിരിക്കയാണ്. പക്ഷേ ഇനിയും അവർ അരിതേടിയും മറ്റും നാട്ടിലേക്ക് വരില്ല എന്ന് ഒരു ഉറപ്പുമില്ല. ഒരു സ്ഥിരം പ്രശ്നക്കാരനാണ് അരിക്കൊമ്പൻ എന്നതിൽ ഒരു തകർക്കവുമില്ല. അപ്പോൾ നമുക്ക് എത്രകാലം ഇങ്ങനെ മയക്കുവെടിവെച്ച് കളിക്കാൻ കഴിയും.
നിലവിലുള്ള സാഹചര്യത്തിൽ അരിക്കൊമ്പനുവേണ്ടി ചെയ്യാൻ കഴിയുന്നത് അതിനെ കുങ്കിയാനയാക്കി മാറ്റുക എന്നതാണെന്നാണ്, പ്രൊഫ. വിശ്വനാഥ് ശ്രീനിവാസനെപ്പോലുള്ള വിദഗ്ദ്ധർ പറയുന്നത്. ഇല്ലെങ്കിൽ ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് നാം കാണേണ്ടിവരും. കുങ്കിയാനയാക്കുമ്പോൾ ആദ്യം കുറച്ച് പ്രശ്നങ്ങൾ കാണും. പക്ഷേ പിന്നീട് അരിക്കൊമ്പനും സുഖമാണ്. ഭക്ഷണത്തിനായി ഈ പരക്കം പായൽ ഇല്ല. എഴുന്നള്ളത്തിനും ഉത്സവത്തിനും മറ്റും പോകുന്ന നാട്ടാനകളെ വെച്ചുനോക്കുമ്പോൾ, എത്രയോ പണി കുറവാണ് ഒരു കുങ്കിയാനക്ക്. അതുകൊണ്ടുതന്നെ അരിക്കൊമ്പനെ എത്രയും പെട്ടന്ന് കുങ്കിയാനയാക്കി മാറ്റുകയാണ് വേണ്ടത്.
കേരളത്തിലെ കാടുകിൽ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കയാണെന്നത് ഒരു സത്യം തന്നെയാണ് ഇനിയുള്ള കാലം, അതുകൊണ്ടുതന്നെ കേരളം അഭിമുഖീകരിക്കാൻ പോവുന്ന ഏറ്റവും വലിയ പ്രശ്നവും, വന്യമൃഗവും മനുഷ്യനുമായുള്ള സംഘർഷമായിരിക്കും. ഈയിടെതന്നെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത് നാം കണ്ടു. അതുകൊണ്ടുതന്നെ, ആനപ്രേമികളുടെയും ഫാൻസിന്റെയും വികാരപ്രകടനങ്ങൾ അല്ല, ശാസത്രീയമായ കാഴ്ചപ്പാടുകളാണ് നാം കണക്കിലെടുക്കേണ്ടത്.
വാൽക്കഷ്ണം: സൈബർ ആക്രമണങ്ങളിൽ മനസ്സ് തകർന്നുപോകുന്നുവെന്നാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച ഡോ അരുൺ സഖറിയ പിന്നീട് പറഞ്ഞത്. സർക്കാറിന്റെ നിർദ്ദേശമനുസരിച്ച്, പൊതുജനങ്ങളുടെ സുരക്ഷക്കായി തന്റെ ഡ്യൂട്ടിചെയ്ത ഒരു ഉദ്യോഗസ്ഥനെ, 'നീയും നിന്റെ കുടുംബവും ഇതിന് അനുഭവിക്കും' എന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും!