- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമ്മൽ ബോയ്സ്' ചർച്ചയാക്കിയ ഗുണാ കേവ്സിന്റെ കഥ
'കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ..'തീപ്പന്തങ്ങൾ വെളിച്ചമുതിർക്കുന്ന, പാറക്കെട്ടുകളുടെ വിടവുകൾക്കിടയിലൂടെ ആർത്തലച്ചെത്തുന്ന കാറ്റിന്റെ നിഗൂഢ താളമുള്ളൊരിടത്തിരുന്ന് കമൽഹാസന്റെ ഗുണ പാടുന്ന ആ ഗാനം ഓർത്തിരിക്കാത്ത സംഗീത പ്രേമികളുണ്ടോ? തമിഴിൽ ഇളയരാജ തീർത്ത ഈണത്തിനൊപ്പം കമൽഹാസൻ തനിക്കുള്ളിലെ സംഗീതം കൂടി പകർന്നാണ് കൺമണി അൻപൊട് പാടിയത്. ഫീ മെയിൽ ശബ്ദമായി ജാനികയമ്മ കൂടി എത്തിയതോടെ ആ പാട്ടിന്റെ മാധുര്യം കൂടി. വാലി എന്തുകൊണ്ട് തമിഴ് ചലച്ചിത്ര ലോകത്തെ പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരനാകുന്നു എന്നതിനു കൂടിയുള്ള ഉത്തരമാണ് ഗുണയിലെ ഈ ഗാനം.
പക്ഷേ ഈ മനോഹര ഗാനം ഒരുപാട് പേരുടെ മരണത്തിലും ഒരു നിമിത്തമായിട്ടുണ്ടത് എന്നത് ഞെട്ടിക്കുന്നതാണ്. അതാണ് 1991-ൽ ഗുണാ സിനിമ റിലീസ് ചെയ്തതിനുശേഷം, ഗുണാ കേവ്സ് എന്ന പേരിൽ പ്രശ്സതമായ കൊടൈക്കനാലിലെ ഈ ഗുഹകളിൽ സംഭവിച്ചത്. 90കളുടെ ഒടുക്കമായപ്പോഴേക്കും കൺമണിപ്പാട്ടുപാട്ടി ഈ ഗുഹയുടെ ആഴങ്ങളിലേക്ക് ചാടി നിരവധി കമിതാക്കൾ ജീവനൊടുക്കി. നിരവധിപേർ നിലതെറ്റി വീണും മരിച്ചു. ഡെവിൾസ് കിച്ചൺ അഥവാ ചെകുത്താന്റെ അടുക്കള എന്ന പേരുള്ള ആ ഗുഹകൾ അങ്ങനെ ആ പേരിനോട് നീതി പുലർത്തി.
ഇപ്പോൾ ഗുണാ ഗുഹകൾ വീണ്ടും ചർച്ചയവുന്നത് സൂപ്പർ ഹിറ്റായ ഒരു മലയാള ചിത്രത്തെ തുടർന്നാണ്. അതാണ് ജാനേമൻ എന്ന മനോഹര ചിത്രത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ചിദംബരം എന്ന യുവ സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ്. എറണാംകളുത്തെ മഞ്ഞുമ്മലിൽനിന്ന് കൊെടെക്കനായിലേക്ക് 2006ൽ ടൂറുപോയ 11 അംഗം സംഘത്തിലെ ഒരാൾ ഗുണാ കേവ്സിൽ വീണപോകുന്നതും, അധികൃതർ കൈമലർത്തിയിട്ടും തളാരാതെ കൂട്ടുകാരൻ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രേമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊടൈക്കനാലിൽ നിന്ന് 12 കിലോമീറ്റർ അകലെയായി, സമുദ്രനിരപ്പിൽ നിന്ന് 2230 മീറ്റർ ഉയരമുള്ള തൂണുപോലുള്ള പാറകൾക്ക് ഇടയിലാണ് ഈ ഗുഹകൾ. ഡിണ്ടിഗൽ വനമേഖലയാണിത്. പകൽപോലും പാറക്കെട്ടുകളുടെ പലഭാഗങ്ങളിലും ഇരുട്ടാണ്. പാറക്കെട്ടിൽ കയറുന്നവർ കാൽവഴുതിയാൽ വീഴുന്നത് അഗാധമായ ഗർത്തത്തിലേക്കും. അപകടത്തിൽപ്പെട്ട 13 യുവാക്കളുടെ ശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അവിടെനിന്ന് ആകെ രക്ഷപ്പെട്ട ഒരേ ഒരാൾ ഒരു മലയാളിയാണ്! തീർത്തും സംഭ്രമജനകമാണ് ഗുണാ ഗുഹകളുടെ കഥ.
വിചിത്ര ശബ്ദങ്ങൾക്ക് ഇത്തരം തേടി
ഗുണാഗുഹളകിലെ കോടമഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ഏതൊരു സഞ്ചാരിക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. ഭീമാകാരമായ മൂന്ന് പാറകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരുനിലവറപോലെയാണ് ആദ്യ കാഴ്ചയാണ് ഗുഹ അനുഭവപ്പെടുക. സ്തംഭാകൃതിയിൽ നിൽക്കുന്ന ഇരുപാറകൾ നിറഞ്ഞതാണ് പ്രവേശനകവാടം. പ്രദേശത്ത് മരത്തിന്റെ വേരുകൾ പടർന്നുനിൽക്കുന്ന കാഴ്ച ആകർഷണീയമാണ്. ഇരുൾ നിറഞ്ഞ ഗുഹയ്ക്കുള്ളിൽ എത്ര അറകളുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല.
ബ്രിട്ടീഷുകാരുടെ അന്വേഷണത്വരയുടെ പ്രതീകം കൂടിയാണ് ഈ ഗുഹകൾ.
1821-ൽ ഇന്ത്യ ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന സമയത്ത്
കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ ഇംഗ്ലീഷ് ഓഫീസർ ബി.എസ്. വാർഡാണ് ഈ അതിപുരാതന ഗുഹ കണ്ടെത്തുന്നത്. അദ്ദേഹം ഈ പ്രദേശത്ത് കൂടി നടക്കുമ്പോൾ കാടുമൂടി കിടന്ന സ്ഥലത്ത് നിന്നും പലരീതിയിലുള്ള ശബ്ദം കേട്ടു. ദരൂഹവും വിചിത്രവുമായ ഈ ശബ്ദങ്ങളുടെ ഉറവിടം അന്വേഷിച്ച് അദ്ദേഹവും സംഘവും കാട് വെട്ടിതെളിച്ചപ്പോഴാണ് ഈ ഗുഹ ദൃശ്യമായത്. അന്ന് ഈ പ്രദേശത്തേക്ക് പിശാചിനെ ഭയന്ന് തദ്ദേശീയർ പോവുമായിരുന്നില്ല.
സായിപ്പും സംഘവും ഗുഹയുടെ ഉള്ളിലേക്കിറങ്ങി. ഇരുട്ടുമൂടിയ ഒരാൾക്ക് മാത്രം കഷ്ടിച്ച് മുന്നോട്ട് പോകാനാകുന്ന ഇടുങ്ങിയ ഗുഹ മുന്നിലേക്ക് അവരെ നയിച്ചു. മുന്നോട്ട് പോയപ്പോൾ പല തട്ടുകളായി കിടക്കുന്ന കൂടുതൽ ആഴമേറിയ ഭാഗങ്ങൾ ദൃശ്യമായി. ഇരുട്ടിൽ വീണ്ടും നടക്കുന്തോറും ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായി സായിപ്പ് തിരിച്ചറിഞ്ഞു. അന്ന് 600 അടി താഴ്ചവരെ സായിപ്പും സംഘവും സഞ്ചരിച്ചു. ശ്വാസതടസ്സം കാരണം അതിനപ്പുറം അവർക്ക് പോവാനായില്ല.
പക്ഷേ ബി.എസ്. വാർഡ് ഒരു കാര്യം തെളിയിച്ചു. ഈ ദുരൂഹമായ ശബ്ദങ്ങളായി തോന്നുന്നത് ഈ ഗുഹകളിൽ വവ്വാൽ അടക്കമുള്ള പക്ഷികൾ പറക്കുമ്പോഴുള്ള എക്കോയാണ്. പക്ഷേ നാട്ടുകാർക്ക് അത് അപ്പോഴും ചെകുത്താന്റെ ശബ്ദമായിരുന്നു. ഗുണ സിനിമ ചിത്രീരിക്കുന്നതുവരെ അത് ഡെവിൾസ് കിച്ചൺ എന്ന പേരിലാണ് അറിയപ്പെട്ടതും. പുരാണവുമായി ബന്ധപ്പെട്ടും ഗുഹയുടെ പേര് പരാമർശിക്കുന്നുണ്ട്. അജ്ഞാത വാസകാലത്ത് പാണ്ഡവർ ഇവിടെയെത്തിയിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.
ഗുണ ഹിറ്റായതോടെ സഞ്ചാരി പ്രവാഹം
കൊടൈക്കനാലിലെ മറ്റ് ടൂറിസം സ്പോട്ടുകളെ അപേക്ഷിച്ച് നോക്കിയാൽ തീരെ അപ്രശസ്തമായി കിടന്ന സ്ഥമായിരുന്നു ഈ പ്രദേശം. എന്നാൽ 1991- ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ' പുറത്തിറങ്ങിയതോടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്ത ഗുഹ തേടി ആളുകളുടെ ഒഴുക്ക് തുടങ്ങി. അങ്ങനെ ഈ ഗുഹകൾക്ക് 'ഗുണ കേവ്സ്' എന്ന പേര്് നൽകുന്നത്.
ഒരു സൂപ്പർ ഹിറ്റ് എന്ന് പറയാവുന്ന സിനിമയായിരുന്നില്ല ഗുണ. പക്ഷേ കണ്മണിപ്പാട് വമ്പൻ ഹിറ്റാതോടെ, ചിത്രത്തെ അറിയാത്താവരും പാട്ടിനെയും ഗുഹകളെയും അറിഞ്ഞു. എ ക്ലാസ് തീയേറ്ററുകളേക്കാനും ബി, സി തീയേറ്റുകളിലാണ് ചിത്രം ഓടിയത്. ഏറെ കഷ്ടപ്പെട്ടാണ് സംവിധായകൻ സന്താനഭാരതിയും സംഘവും സിനിമ ചിത്രീകരിച്ചത്. ചാണക്യൻ അടക്കം എഴുതിയ മലയാളിയായ സാബ് ജോൺ ആയിരുന്നു ഗുഹയുടെ സഹ രചിയിതാവ്. ഒരു സെക്കോളജിക്കൽ റൊമാന്റിക് ഡ്രാമ എന്ന പേരിൽ ചിത്രം നിരൂപകരാൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആദ്യം ശ്രീലങ്കയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ നിർമ്മിക്കാനാണ് കമൽഹാസനും സാബ് ജോണും ശ്രമിച്ചത്. എന്നാൽ കഥാപ്രശ്‌നങ്ങൾ കാരണം ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു. ജോൺ പിന്നീട് ഗുണയുടെ കഥ വികസിപ്പിച്ചെടുത്തു, തനിക്ക് അറിയാവുന്ന ഒരു മാനസിക രോഗിയുടെ കഥയുടെ പ്രചോദനം. കമൽഹാസൻ, രേഖ, പുതുമുഖം റോഷിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ഒരു മാനസികരോഗി (കമൽ) ഒരു പെൺകുട്ടിയെ (രോഷിണി) തട്ടിക്കൊണ്ടുപോവുന്നതാണ് കഥ. അവൾ ദേവിയുടെ അവതാരമാണെന്നും അവളെ വിവാഹം കഴിക്കുന്നത് തന്റെ വിധിയാണെന്നും ഈ രോഗി വിശ്വസിച്ചിരുന്നു. അങ്ങനെ കമലാസന്റെ ഗുണ രോഷ്ണി നടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് ഇന്ന് നാം കാണുന്ന ഗുണ ഗുഹയിലാണ്.
ആഴത്തിലുള്ള ഡെവിൾസ് കിച്ചണിലേക്ക്, ക്യാമറയും മറ്റും ചുമന്ന് കൊണ്ടുവരിക, പിന്നീട്് ലൈറ്റപ്പ് ചെയ്യുക എന്നെതൊക്കെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മലയാളിയായ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വേണുവൊക്കെ അക്കാലത്തെ കഷ്ടപ്പാട് പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ കമൽഹാസൻ എത് രീതിയിലും തന്റെ സിനിമ വ്യത്യസ്തമാക്കണമെന്ന് നിർബന്ധബുദ്ധിയുള്ള നടനായിരുന്നു. അതിനാൽ തന്നെ കഷ്ടപ്പാടുകൾ അദ്ദേഹത്തിന് ആവേശമായിരുന്നു. പക്ഷേ കമലിനുവേണ്ടി സെറ്റൊരുക്കാനായി ഈ ടീം ഒരുപാട് വിയർത്തു.
1991 നവംബർ 5, ദീപാവലി ദിനത്തിലാണ് ഗുണ റിലീസ് ചെയ്തത്. ബ്ലോക്ക് ബസ്റ്റർ ഒന്നും ആയില്ലെങ്കിലും ചിത്രം വിജയിച്ചു. പക്ഷേ ചിത്രത്തിന് വലിയതോതിൽ നിരൂപക പ്രശംസ ലഭിച്ചു. വർഷങ്ങൾക്ക്ശേഷം റീവാച്ച് ഉണ്ടായ സിനിമയാണ് ഗുണ. ഇന്ന് നമ്മുടെ തൂവാനത്തുമ്പികളെപ്പോലെ റീ വാച്ചിലൂടെ ഒരു ക്ലാസിക്ക് കൾട്ടായി ചിത്രം മാറി. തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, രണ്ട് സിനിമാ എക്സ്‌പ്രസ് അവാർഡുകൾ എന്നിവ ഈ ചിത്രം നേടി. പക്ഷേ സിനിമകൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായത് ഡെവിൾസ് കിച്ചൻ പാറക്കെട്ടുകൾക്ക് അടുത്തെ നാട്ടുകാർക്കായിരുന്നു. കാട്പിടിച്ചുകിടന്നിരുന്ന ഈ സ്ഥലം അതോടെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറി. അവിടം അറിയപ്പെടാൻ തുടങ്ങി. അങ്ങനെയാണ് ഗുണ കേവ്സിന്റെ ടൂറിസം ചരിത്രം തുടങ്ങുന്നത്.
പാടി ഗുഹയിൽ ചാടി ജീവനൊടുക്കുന്നു!
90-കളുടെ അവസാനമായതോടെ ഇങ്ങോട്ട് സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. എന്നാൽ അതിന് അനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങളോ, ജീവനക്കാരെയോ അധികൃതർ നിയോഗിച്ചില്ല. ആകെയുണ്ടാവുക ഒരു ഫോറസ്റ്റ് വാച്ചർ മാത്രമാണ്. ഇയാൾക്ക് എത്രപേരെ നിയന്ത്രിക്കാൻ കഴിയും. അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് പലരും ഗുഹയുടെ ഉൾവശങ്ങളിലേക്ക് സാഹസികയാത്രയ്ക്ക് ചെന്നു. അവരിൽ ചിലർ ആഴങ്ങളിലേക്ക് വീണ് മരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 15 പേരാണ് ഇവിടെ മരിച്ചത്. എന്നാൽ പ്രദേശവാസികളും, ചില തമിഴ്പത്രങ്ങളും പറയുന്നത് 50-ഓളം പേർ മരിച്ചുവെന്നത്.
വീണുമരിക്കുന്നതിനേക്കാൾപേർ, ഇവിടെ ആത്മഹത്യചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാരെ ഉദ്ധരിച്ച് തമിഴ് പത്രമായ ദിനമലർ പറയുന്നത്. പല കമിതാക്കളും ഇവിടെ വന്ന് 'കൺമണി അൻപോട്' പാട്ടുപാടി ഗുഹക്കുള്ളിലേക്ക് ചാടി ജീവനൊടുക്കി. ഇത്തരം കാൽപ്പനിക മരണങ്ങൾ ആവർത്തിക്കപ്പെട്ടു. അവരുടെയൊന്നും ശവംപോലും കിട്ടിയില്ല. അതുകൊണ്ടാണ് ഇവയൊന്നും കണക്കിൽ വരാത്തത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഡെവിൾസ് കിച്ചൻ എന്ന ഈ സ്ഥലത്തെക്കുറിച്ച് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത പിശാചിന്റെ കുരുക്കാണ് ഇവിടം എന്ന് വന്നതോടെ, ഗുഹയിൽ ഇറങ്ങാൻ, പരിശീലനം കിട്ടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കുപോലും പേടിയായി. ആഴമുള്ള കൊക്കകളിൽനിന്ന് മൃതദേഹങ്ങൾ തപ്പിയെടുക്കുന്ന, പ്രാദേശിക 'വിദഗ്ദ്ധർ' പോലും ഇങ്ങോട്ട് വരാതെയായി. മാത്രമല്ല കമിതാക്കളെ ഗുഹ ആകർഷിച്ച് വലിച്ചിടും എന്നതുപോലുള്ള അന്ധവിശ്വാസങ്ങളും വായ്മൊഴിയായി പ്രചരിച്ചു.
ഇതോടെയാണ് ഗുണ കേവിലിലേക്കുള്ള പ്രവേശനം കവാടം കൊട്ടിയടക്കുക എന്ന രീതിയിലേക്ക് അധികൃതർ എത്തിയത്. ഗുഹകൾ പുറമേനിന്ന് നോക്കി സഞ്ചാരികൾക്ക് മടങ്ങാം. ആർക്കം അകത്തേക്ക് പ്രവേശനമില്ല. ഇതിനായി പ്രവേശനകവാടത്തിൽ ഇരുമ്പുഗേറ്റുവെച്ച്, ഗ്രില്ലിട്ട് കമ്പിവലയിട്ട് പൂട്ടി. പക്ഷേ നമ്മുടെ ജനം വിടുമോ. അവർ ഗ്രില്ലുകൾ മുറിച്ച് അതിലുടെ ഊർന്നിറങ്ങാനുള്ള വഴി കണ്ടെത്തി. മെയിൻ ഗെയിറ്റിന് അരികിലൂടെ ഫോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച്, ഊർന്നിറങ്ങാനുള്ള വഴിയും കണ്ടെത്തിയാണ്. ആ സമയത്താണ് 2006-ൽ നമ്മുടെ മഞ്ഞുമ്മൽ ബോയസ് അവിടെ എത്തുന്നത്.
മഞ്ഞുമ്മൽ ബോയ്സിന് സംഭവിച്ചത്?
ഇപ്പോൾ സൂപ്പർ ഹിറ്റായിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് ചിത്രം ഒരു സംഭവകഥയാണ്. 2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയി അപകടത്തിൽപ്പെവരുടെ കഥ. ചിത്രം കാണാൻ ഈ യുവാക്കൾ എത്തിയതും വാർത്തയായിരുന്നു. മഞ്ഞുമ്മൽ സ്വദേശികളായ സിജു, സുഭാഷ് എന്നിവരുൾപ്പെട്ട 11 പേരായിരുന്നു യാത്രാ സംഘാംഗങ്ങൾ. ഇതിൽ സുഭാഷാണ് അപകടത്തിപ്പെട്ടത്. ഫയർഫോഴ്സുകാർപോലും ഇറങ്ങാൻ മടിച്ചപ്പോൾ ഗുഹയിൽ ഇറങ്ങി രക്ഷിച്ചത് സിജുവും. സിനിമകണ്ടശേഷം വികാര നിർഭരമായാണ് ഇവർ പ്രതികരിച്ചത്.
തങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും മികച്ചതായിട്ടുണ്ട് സിനിമയെന്ന് അവർ പറഞ്ഞു. ചിത്രം കണ്ടപ്പോൾ കരഞ്ഞുപോയി. അടിപൊളി നടന്മാർ, സൂപ്പർ ഡയറക്ഷൻ, അടിപൊളി ക്യാമറാമാൻ. എല്ലാ ടെക്നീഷ്യന്മാരും അടിപൊളിയായിരുന്നു. ഞങ്ങളായി അവർ ജീവിക്കുകയായിരുന്നു. അവർക്ക് ഒരു കയ്യടി കൊടുക്കണമെന്നും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്' പറഞ്ഞു
സ്വന്തം ജീവിതത്തിൽ അനുഭവിച്ചകാര്യം വെള്ളിത്തിരയിൽ കണ്ടപ്പോൾ അമ്പരുന്നപോയെന്ന് ഗുണാ കേവിൽനിന്് രക്ഷപ്പെട്ട സുഭാഷ് പറഞ്ഞു. "പഴയ ആ ലോകത്തിലേക്ക് ചിദംബരവും സംഘവും തിരിച്ചുകൊണ്ടുപോയി. ഏതെങ്കിലും ദൈവം രക്ഷപ്പെടുത്താൻ വരട്ടേ എന്നായിരുന്നു ഗുഹയ്ക്കകത്ത് കിടക്കുമ്പോൾ ആലോചിച്ചത്. എന്നാൽ സുഹൃത്താണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്. അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു അപ്പോൾ- സുഭാഷ് പറഞ്ഞു. അന്ന് സുഭാഷിനെ രക്ഷപ്പെടുത്തണം എന്ന ഒറ്റച്ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന് ഗുഹയ്ക്കകത്ത് ഇറങ്ങിയ സിജു പറഞ്ഞു. താനല്ലെങ്കിൽ കൂട്ടത്തിലെ മറ്റാരെങ്കിലും അതിനുള്ളിലേക്ക് ഇറങ്ങുമായിരുന്നുവെന്നും സിജു കൂട്ടിച്ചേർത്തു.
'അവൻ മരിച്ചെന്നും ഇനി കിട്ടില്ലെന്നും പലരും പറഞ്ഞു. അവന്റെ മൃതശരീരമെങ്കിലും കിട്ടാതെ തിരിച്ചുപോരില്ലെന്ന് ഞങ്ങളും പറഞ്ഞു. പൊലീസിൽ അറിയിച്ചപ്പോൾ അവർ കുറേ അടിച്ചു. ഞങ്ങൾ തള്ളിയിട്ടതാണെന്നുവരെ പറഞ്ഞു. അവിടെ വേറെയും കുഴികളുണ്ട്. പക്ഷേ സുഭാഷ് വീണ അതേ കുഴിയിൽ മുമ്പ് 13 പേർ വീണിട്ടുണ്ടെന്നുപറഞ്ഞപ്പോൾ ടെൻഷനായി. മഴ പെയ്യാനും തുടങ്ങിയപ്പോൾ തണുത്ത് വിറച്ചുപോയി. പക്ഷേ ആ മഴ ദൈവത്തിന്റെ അനുഗ്രഹമായാണ് കരുതിയത്. മഴ പെയ്തിരുന്നില്ലെങ്കിൽ ചിലപ്പോൾ അവന് അവിടെക്കിടന്ന് വല്ലതും പറ്റിയേനേ. പുറത്തെത്തുമ്പോൾ സുഭാഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.' -അവർ പറഞ്ഞു. സിനമയിൽ സംഭവിച്ച എല്ലകാര്യങ്ങളും സംഭവിച്ചതാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
ഇതാദ്യമായല്ല, മഞ്ഞുമ്മൽ ബോയ്സിന്റെ അതിജീവനകഥ സിനിമയാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാക്കാർ ഇവരെ സമീപിക്കുന്നത്. 'മുൻപു മൂന്നു നാലു പാർട്ടികൾ ഞങ്ങളുടെ കഥ സിനിമയാക്കാനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ അവരെല്ലാം പിന്നീട് മടങ്ങിപ്പോയി. അത് എന്തുകൊണ്ടാണെന്ന് ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഈ ചിത്രം ഷൂട്ട് ചെയ്തെടുക്കുക എളുപ്പമല്ല. ടെക്നിക്കലി വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്. ചിദംബരവും ടീമും തന്നെ 100 ദിവസത്തോളം ഷൂട്ട് ചെയ്തിട്ടാണ് ചിത്രം തീർത്തത്. ഏതാണ്ട് മൂന്നു സിനിമ ഷൂട്ട് ചെയ്യേണ്ട സമയം ഇതിനു മാത്രം എടുത്തിട്ടുണ്ട്. അപ്പോൾ അതിനു പിന്നിലെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ,'- മഞ്ഞുമ്മൽ ബോയ്സ് പറയുന്നു.
'മരിച്ചു പോയിട്ട് ഏതോ നരകത്തിൽ കിടക്കുന്ന ഫീലായിരുന്നു എനിക്ക്,' സാത്താന്റെ അടുക്കളയെന്ന് വിഖ്യാതി കേട്ട ഗുണ കേവിൽ നിന്നും വിധിയെ പോലും തോൽപ്പിച്ചുകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുകയറിയ സുഭാഷ് ആ ദിവസത്തെ കുറിച്ചോർക്കുന്നതിങ്ങനെ. 'സുഹൃത്തിനെ ഒരു ആപത്തിൽ ഇട്ടിട്ടുവരില്ല, അതാണ് സൗഹൃദം,' കൂട്ടുകാരെ ചേർത്തുനിർത്തി നെഞ്ചിൽ കൈവച്ച് സുഭാഷ് പറയുന്നു. അല്ലെങ്കിലും, താങ്ങും തണലും അഭയവും സാന്ത്വനവുമാവുന്ന സൗഹൃദത്തിന് ജീവന്റെ വില കൂടിയുണ്ടെന്ന് സുഭാഷിനോളം മനസ്സിലാക്കിയിട്ടുള്ള മറ്റാരുണ്ട്!
പത്തുവർഷത്തോളം അടച്ചിടുന്നു
സുഭാഷ് അപകടത്തിൽപെട്ടതും തമിഴ്പത്രങ്ങളിൽ വാർത്തയായി. ഇതടക്കമുള്ള നിരവധി കാരണങ്ങളാൽ 2007 മുതൽ ഗുണ കേവ്സ് അടച്ചുപൂട്ടി. പത്ത് വർഷത്തോളം ഗുഹ സഞ്ചാരികൾക്ക് മുന്നിൽ അടഞ്ഞുകിടന്നു. പ്രദേശത്തേക്ക് സന്ദർശനാനുമതി നൽകണമെന്നും ഗുണ കേവ്സ് തുറക്കണമെന്നും നിരന്തരമായി സഞ്ചാരികൾ ആവശ്യപ്പെട്ടതോടെ വിലക്ക് നീക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 2017-ൽ കടുത്ത നിയന്ത്രണങ്ങളോടെ ഗുഹ തുറക്കുന്നത്.
ഗുഹയ്ക്കുള്ളിലെ ആഴമേറിയ ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടത്തിൽ കമ്പിവേലിയും ഗ്രില്ലും മുള്ളുവേലിയും കെട്ടി സുരക്ഷിതമാക്കി. അതിനാൽ ഇപ്പോൾ ആർക്കും ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ സാധ്യമല്ല എന്നാണ് പറയുന്നത്. പക്ഷേ ഇപ്പോഴും ഗുഹക്കുള്ളിൽ എത്തുന്ന സാഹസികർ ഏറെയുണ്ടെന്നത് വേറെ കാര്യം. സഞ്ചാരികൾക്ക് പ്രവേശന കവാടത്തിൽ നിന്നുകൊണ്ട് ഗുണാ കേവ്സിന്റെ സൗന്ദര്യം ആസ്വദിക്കാം. ഗുഹയ്ക്ക് സമീപം വാച്ച് ടവർ, വ്യൂ പോയിന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. കൊടൈക്കനാലിന്റെ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ഏറ്റവുമുചിതമായ സ്ഥലമാണ് ഈ വാച്ച് ടവർ. കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും 8.5 കിലോമീറ്റർ മാത്രമാണ് ഈ ഗുഹയിലേക്കുള്ള ദൂരം. ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ഇവിടം സന്ദർശിക്കാൻ അനുയോജ്യമാണ്. ഒക്ടോബർ മുതൽ മഴയും തണുപ്പുമൊക്കെ കൂടുതലാകുന്നതുകൊണ്ട് അന്നേരങ്ങളിലെ സന്ദർശനം ഒഴിവാക്കുന്നതാണ് ഉചിതം.നിലവിൽ രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.
മൊയർ പോയിന്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹകൾ കൊടൈക്കനാലിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. പൈൻ വനങ്ങളിലൂടെ നടന്നാണ് നിങ്ങൾ ഗുഹകളിൽ എത്തുന്നത്. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകൾ വിശ്രമിക്കുന്നത്. ഈ മരങ്ങളുടെ വേരുകളുടെ നനുത്തതും മെലിഞ്ഞതും വളച്ചൊടിച്ചതുമായ വേരുകൾ പ്രദേശത്തുടനീളം വ്യാപിച്ചുകിടക്കുന്നു. ഇതടക്കം ചേരുമ്പോൾ വല്ലാത്തൊരു വികാരമാണ് ഉണ്ടാവുന്നത്.
അൽപ്പം നിഗൂഢതയും ചരിത്രവുമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ഒരു പിക്നിക് ആസൂത്രണം ചെയ്യാൻ പറ്റിയ സ്ഥലമാണ് ഗുണ ഗുഹകൾ. മധ്യവേനവധി കാലത്തു കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. നമ്മുടെ നാട്ടിൽ ചൂട് കൊടുമ്പിരികൊള്ളുമ്പോൾ നല്ല തണുപ്പും കുളിരുമറിഞ്ഞു സുഖകരമായി ദിവസങ്ങൾ ചെലവഴിക്കാം എന്നത് തന്നെയായിരിക്കും പലരെയും ആ സമയത്തു കൊടൈക്കനാലിലേക്കു ഒരു യാത്ര പോകാൻ പ്രേരിപ്പിക്കുന്നത്. തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തുമൊക്കെ. മോഹൻലാലിന്റെ ശിക്കാർ അടക്കമുള്ള ചിത്രങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്. എന്നാൽ മഞ്ഞുമ്മൽ ബോയിസിലെ രംഗങ്ങൾ പൂർണ്ണമായും, മരങ്ങൾ അടക്കം സെറ്റിട്ടതാണ്. ഒറിജിനലിലെ വെല്ലുന്ന സെറ്റ്!
വെറുതെ കിടക്കുന്ന ടൂറിസം നിധി
സ്തംഭാകൃതിയിൽ കിഴുക്കാംതൂക്കായി നിൽക്കുന്ന ഇരുപാറകളാണ് ഈ ഗുഹയുടെ പ്രവേശനഭാഗത്തുള്ളത്. നിറയെ മരങ്ങളും പുല്ലുകളും നീണ്ട വേരുകളുമൊക്കെ കൊണ്ട് നിറഞ്ഞ ഈ ഭൂഭാഗത്തിനു സന്ദർശകരുടെ തിരക്ക് കാരണം സ്വാഭാവികത തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതൊന്നും വിദേശരാജ്യങ്ങളിലെപ്പോലെ വേണ്ടരീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല.
ഇത്തരത്തിൽ വിചിത്രമായ ഗുഹകൾ ലോക ചരിത്രത്തിൽ തന്നെ വിരളമണ്. അതുകൊണ്ടുതന്നെ ഇത് മാർക്കറ്റ് ചെയ്താൽ ഇന്ത്യക്ക് ലോക ടൂറിസം മാപ്പിലേക്ക് ഒരു ഡെസ്റ്റിനേഷനെകൂടി കൊണ്ട് എത്തിക്കാൻ കഴിയും. ഡ്രാക്കുള കോട്ട തൊട്ട്, ഹിറ്റായ ഹോളിവുഡ് സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലങ്ങൾവരെ നന്നായി മാർക്കറ്റ് ചെയ്ത്, ശാസ്ത്രീയമായ ഡവലപ്പ് ചെയ്ത് റെസ്പോൺസിബിൾ ടൂറിസം സ്പോട്ടാക്കി ലോക രാജ്യങ്ങൾ മാറ്റുന്നുണ്ട്. അതുപോലെ ഇക്കോടൂറിസത്തിന്റെ അടിസ്ഥാനത്തിൽ ട്രക്കിങ്ങ് സ്പോട്ട് ആക്കാൻ കഴിയുന്ന ഒന്നാന്തരം സ്ഥലമാണ് ഗുണ ഗുഹുകൾ. റെസ്പോൺസിബിൾ ടൂറിസമായാൽ മാലിന്യ നിക്ഷേപവും കുറയും.
ഓക്സിജൻ മാസ്‌ക്കും മറ്റുകൊടുത്ത്, 900 അടി ഉണ്ടെന്ന് പറയുന്ന ഡെവിൾസ് കിച്ചൺ ഗുഹയിലേക്ക്, ഒരു ക്രയിൻ യാത്ര ആലോചിച്ചുനോക്കൂ. എത്ര അവിസ്മരണീയം ആയിരിക്കും. ഇന്ന് ഉപയോഗശൂന്യമായ കോളാർ സ്വർണ്ണഖനികളിൽവരെ ഇങ്ങനെയുള്ള യാത്രകൾ നടത്തുന്നുണ്ട്. ആധുനിക ടെക്ക്നോളജിവെച്ച് ഈ ഗുഹകളിൽ വെളിച്ചം എത്തിക്കാൻ കഴിയും. ഗുഹകൾ ബലപ്പെടുത്തുക എന്ന ജോലിയും ചെയ്യാൻ കഴിയും. ഇതിനൊപ്പം ജിയോളിജിസ്റ്റുകൾക്ക് പാറയുടെ ഘടനയുംമറ്റും സംബന്ധിച്ച പഠന ഗവേഷണങ്ങളും നടത്താം. വിദേശരാജ്യങ്ങളിലൊക്കെ ചെയ്യുന്നതുപോലെ, തദ്ദേശീയരായ ആളുകളെ ഗൈഡായി വെച്ചുകൊണ്ട് ഇക്കോ ടൂറിസം നടത്തിയാൽ അവർക്ക് ഒരു പുതിയ തൊഴിൽ മേഖലകൂടിയായി. സർക്കാറിന് ഒന്നുമറിയാതെ ലക്ഷങ്ങളുടെ വരുമാനവും.
പക്ഷേ ഇപ്പോൾ തമിഴ്‌നാട് സർക്കാർ എന്താണ് ചെയ്യുന്നത്. ഈ അപുർവങ്ങളിൽ അപൂർവമായ ഗുഹ കൊട്ടിയടച്ചിരിക്കയാണ്. എന്നിട്ടും ആ കമ്പിവലക്കൂടുകൾ പൊട്ടിച്ച് ആളുകൾ ഗുഹയിലേക്ക് പോവുന്നുണ്ട്. അതാണ് മനുഷ്യന്റെ ഒരു രീതി. എന്ത് മൂടിവച്ചാലും അത് തുറന്ന് നോക്കാൻ തോന്നും. അപ്പോഴാണ് അപകടം ഉണ്ടാവുക. അത് തടയാനുള്ള പോംവഴി കൂടിയാണ് റെസ്പോൺസിബിൾ ടൂറിസം. പക്ഷേ നമ്മുടെ നാട്ടിൽ അത്തരം നീക്കങ്ങൾ ഒന്നും നടക്കുന്നല്ല. എന്തിനധികം ഉൾഭാഗങ്ങളിൽ ഇരുട്ട് നിറഞ്ഞ നിരവധി അറകൾ ഈ ഗുഹയിലുണ്ട്. അത് എത്രയെണ്ണമുണ്ട് എന്നുപോലും തിട്ടപ്പെടുത്തിയിട്ടില്ല. ഈ ഗുഹയുടെ ആഴമെത്രയെന്നു ഇതുവരെ ശാസ്ത്രീയമായി തിട്ടപ്പെടുത്തിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ വെറുതെ കിടക്കുന്ന നിധിയാണ് ഈ ഗുഹകൾ. മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ ഇനിയങ്ങോട്ട് ഗുണാ ഗുഹകളിലേക്ക് കൂടുതൽപേർ എത്താനിടയുണ്ട്. ഈ വൈകിയ വേളയിലെങ്കിലും, ശാസ്ത്രീയമായി ഗുഹകളുടെ പുനരുദ്ധാരണവും ഇക്കോടൂറിസവുമാണ് ഇവിടെ നടപ്പാക്കേണ്ടത്.
വാൽക്കഷ്ണം: കൈയിൽ കിട്ടിയ ഒരു സമ്പത്ത് എങ്ങളെ ഉപയോഗപ്പെടുത്തണം എന്ന് അറിയാത്തതിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ് നമ്മുടെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയും. അത് പ്രദർശിപ്പിക്കാനായി ഒരു മ്യൂസിയം ഉണ്ടാക്കിയാൽതന്നെ കേരളത്തിലേക്ക് എത്രമാത്രം സഞ്ചാരികൾ കൂടുതൽ വരും!