- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പഞ്ചസാര രാഷ്ട്രീയത്തിലൂടെ കോടീശ്വരൻ; എന്നും കമ്പം പണത്തോടും പവറിനോടും; കീരി-പാമ്പ് സഖ്യത്തിന്റെ ഉപജ്ഞാതാവ്; സോണിയാഗാന്ധിയുമായി ഉടക്കി എൻസിപിയുണ്ടാക്കി; സഹോദര പുത്രനായ അജിത് പവാറുമായി ഇടഞ്ഞ് രാജി; ഇനി മകൾ സുപ്രിയ സുലൈയുടെ കാലം; മറാത്താ ഛത്രപതി ശരദ് പവാർ എന്ന വന്മരം വീഴുമ്പോൾ!
ഷുഗർ പൊൽറ്റിസ്സ് അഥവാ പഞ്ചസാര രാഷ്ട്രീയം! 83 വയസ്സുള്ള ശരദ് പവാർ എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്റെ രാഷ്ട്രീയ ജീവിതത്തെ അങ്ങനെ വിശേഷിപ്പിക്കാം. ശരിക്കും ദ്വയാർത്ഥമുള്ളതാണ് ഈ പ്രയോഗം. ഒന്ന് മഹാരാഷ്ട്രയിലെ കരുത്തരായ പഞ്ചസാര മിൽ ഉടമകളുടെ പണം മൂലധനമാക്കിയാ നേതാവ് എന്ന്. രണ്ട് ആരേയും പിണക്കാതെ ഷുഗർകോട്ടു ചെയ്യുന്ന നേതാവ് എന്ന രീതിയിലും.
ഒരേ സമയത്ത് മോദിയുടെ രാഹുൽഗാന്ധിയുടെയും സുഹൃത്താണ് പവാർ. കീരിയും പാമ്പുംപോലയുള്ള ശിവസേനയെയും, കോൺഗ്രസിനെയും, എൻസിപിയെയും കൂട്ടിക്കെട്ടി മഹാസഖ്യം ഉണ്ടാക്കണമെങ്കിൽ എത്രമാത്രം പ്രായോഗിക ബുദ്ധിവേണം. അതേ, പവാറിന് ഈ വയസ്സു കാലത്തും കമ്പം പവറിനോടും പണത്തോടുമാണ്. യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ല. ശത്രുക്കളില്ലാത്ത രാഷ്ട്രീയക്കാരനാണ് പവാർ. പാർട്ടിയേതായാലും നേതാക്കളെല്ലാം മിത്രങ്ങൾ. നോട്ടുനിരോധനം മുൻകൂട്ടി ബിജെപിക്ക് പുറത്ത് അറിഞ്ഞ ഒരേയൊരാൾ പവാറാണെന്നാണ് അണിയറ സംസാരം. ഇടതുപക്ഷ നേതാക്കളും സുഹൃത്തുക്കളാണ്. ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ഏത് നിമിഷവും പവാറിന് മുന്നണി മാറാം. ആർക്കൊപ്പവും കൂടാം.
മഹാരാഷ്ട്രയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഈ നേതാവ് ഇന്ന് ശതകോടീശ്വരനാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ നീളുന്നതാണ് പവാർ കുടുംബത്തിന്റെ ബിസിനസുകൾ. ഇവ നടത്തിക്കൊണ്ടുപോകാനാണ് സത്യത്തിൽ ഇവർ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് എന്നുവരെ വിമർശനം ഉണ്ട്. പവർ പഴയപോലെ ഇല്ലെങ്കിലും ഇന്നും ഇന്ത്യൻ പൊളിറ്റിക്സിൽ നിർണ്ണായക സ്ഥാനം വഹിക്കാൻ കഴിയുന്ന ഈ ചാണക്യൻ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കഴിഞ്ഞ ദിവസം എൻസിപി അധ്യക്ഷസ്ഥാനം രാജിവെച്ചുകൊണ്ടാണ് പവാർ ഏവരെയും ഞെട്ടിച്ചത്. തന്റെ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്ന വൈ.ബി. ചവാൻ സെന്ററിലെ ചടങ്ങിലാണ് ശരദ് പവാർ രാജി പ്രഖ്യാപിച്ചത്. അതോടെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിലായി. 'അയ്യോ അച്ഛാ പോവല്ലേ' എന്ന നിലവിളിയായി.
രാജി എന്ന ഒറ്റയേറിന് ശരദ് പവാർ വീഴ്ത്തിയത് ഒട്ടേറെപ്പേരെയാണ്.
എൻസിപിയെ ഇല്ലാതാക്കി, തന്റെ ജ്യേഷ്ഠന്റെ മകനായ അജിത്പവാറും കൂട്ടരും ബിജെപി യുടെ ഭാഗത്തേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ശരദ്പവാറിന്റെ ഈ നിർണായക വൈകാരികനീക്കം. പാർട്ടിയെന്നാൽ ഇപ്പോഴും താൻ തന്നെയാണ് എന്ന് ഈ വയസ്സുകാലത്തും തെളിയിക്കാൻ അദ്ദേഹത്തിനായി. അതിനിടെ മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന പവാർ വൈകാതെ ബിജെപിയിലെത്തുമെന്നും ഇന്ത്യൻ എക്സ്പ്രസ്പോലുള്ള പത്രങ്ങൾ എഴുതിയിട്ടുണ്ട്. മകൾ സുപ്രിയ സുലൈയെ പാർട്ടി അധ്യക്ഷയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
പാർട്ടി എന്ന കുടുംബ ബിസിനിസ്
1999ൽ എൻസിപി രൂപീകരിച്ചത് മുതൽ നീണ്ട 24 വർഷക്കാലം പാർട്ടിയുടെ അധ്യക്ഷനായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ചൊവ്വാഴ്ച അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ രൂപപ്പെടുന്ന ഏത് അധികാരകേന്ദ്രത്തെയും അരിഞ്ഞുവീഴ്ത്തിയിട്ടുണ്ട് പവാർ. താൻ വിചാരിക്കുന്നതിലപ്പുറം സഞ്ചരിക്കാൻ എൻസിപിയിലെ ഒരു നേതാവിനെയും ശരദ് പവാർ ഒരിക്കലും അനുവദിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ ബാരാമതിയിലെ ഒരു സാധാരണ കുടുംബത്തിൽ, ഗോവിന്ദറാവു പവാറിന്റെയും ശാരദാഭായിയുടേയും മകനായി 1940 ഡിസംബർ 12നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിഎംസി.സി കോളേജിൽ ചേർന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. സ്കൂളിൽ പഠിക്കുമ്പോഴെ വിദ്യാർത്ഥി രാഷ്ടീയത്തിൽ സജീവമായിരുന്ന പവാർ, യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ആരെയും മയക്കുന്ന നയചാതുരിയും വാക്വിലാസവുമുള്ള ആ ചെറുപ്പക്കാരൻ വൈകാതെ നാട്ടിലെ കോൺഗ്രസിന്റെ മുഖമായി. കേന്ദ്രത്തിൽ നെഹ്റു കുടുംബവുമായുള്ള അടുപ്പവും അദ്ദേഹത്തിന് ഗുണം ചെയ്തു.
അധികാരം വളരെ ചെറുപ്പത്തിൽ തന്നെ തളികയിൽവെച്ച് കിട്ടിയ നേതാവാണ് ശരദ് പവാർ. 1964ൽ അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. 1967ൽ നിയമസഭാഗവും. അപ്പോൾ പ്രായം വെറും 27 വയസ്സ്. 1978-ൽ, 38-ാമത്തെ വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായി മാറി. പിന്നീട് 1988-ലും 1990, 1993-ലും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. പക്ഷേ ഒരു മുഖ്യമന്ത്രിസ്ഥാനവും അഞ്ച് വർഷം മുഴുവൻ നീണ്ടുനിന്നില്ല. ഈ സമയത്ത് പവാർ ചെയ്ത മറ്റൊരുകാര്യം തന്റെ കുടുംബ ബിസിനസ് വർധിപ്പിക്കുക എന്നത് കൂടിയായിരുന്നു. എന്ത് കാര്യം സാധിക്കാനും പവാർ കുടുംബത്തിന് കമ്മീഷൻ കൊടുക്കണമെന്നതും പരസ്യമായ രഹസ്യമായിരുന്നു. പക്ഷേ മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കമിട്ടതും പവാർ ആണെന്നത് നിസ്ത്തർക്കമായ കാര്യമാണ്.
സോണിയയുമായി തെറ്റുന്നു
ഇതിനിടയിൽ ദേശീയ രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞു. അധികാരരാഷ്ട്രീയത്തെ എങ്ങനെ ചലിപ്പിക്കണമെന്ന് ശരദ് പവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. നരസിംഹറാവുവിന്റെ 1991-1996 മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന അദ്ദേഹം, 1998-1999 കാലഘട്ടത്തിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്നു. ഈ സമയത്തൊക്കെ അടുത്ത പ്രധാനമന്ത്രി ശരദ് പവാർ ആവുമെന്നുപോലും മാധ്യമങ്ങൾ എഴുതിയിരുന്നു.
1999 ൽ കോൺഗ്രസ് അണികളുടെ പ്രേരണയാൽ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ ചേർന്നപ്പോൾ അതിനെ രൂക്ഷമായി എതിർത്തയാണ്, പവാറിന് കോൺഗ്രസിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. സോണിയാ ഗാന്ധിയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ എതിർപ്പ്. തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പി എ സാംഗ്മ, താരിഖ് അൻവർ എന്നിവരോടൊപ്പം ചേർന്ന് എൻസിപി രൂപീകരിച്ചു. മഹാരാഷ്ട്ര, ഗോവ, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ സാന്നിധ്യമറിയിച്ച് ഒരു വർഷത്തിനുള്ളിൽ, 2000 ത്തിൽ എൻസിപി ദേശീയ പാർട്ടി അംഗീകാരം നേടി. പക്ഷേ പിന്നീട് പാർട്ടി ക്ഷയിച്ചു. അടുത്തിടെ ദേശീയ പാർട്ടി അംഗീകാരം നഷ്ടമായി. ഗോവ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവിയും നഷ്ടപ്പെട്ടു.
അതേസമയം, പവാറിന്റെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി, മറാത്താമണ്ണിൽ അവർ പിടിച്ചുനിന്നു. പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും കോൺഗ്രസും മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുകയും വിജയിക്കുകയും ചെയ്തു. മന്മോഹൻ സിങ്ങിന്റെ കീഴിൽ ഒന്നാം യുപിഎ സർക്കാറും രണ്ടാം യുപിഎ സർക്കാറും കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ പവാർ കൃഷി വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇത് മറാത്താ നേതാവിന് നന്നായി യോജിച്ചു. കൃഷി അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതും ഗ്രാമീണ അടിത്തറ നിലനിർത്താൻ സഹായിക്കുന്നതുമാണ്. ഈ സമയത്ത് ഭക്ഷ്യധാന്യങ്ങളുടെ മിച്ചം ഉയർന്നുവരാൻ ഇന്ത്യയെ സഹായിച്ച പരിഷ്കാരങ്ങൾ കൊണ്ടുവന്നതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. എൻസിപി മറ്റെല്ലായിടത്തുനിന്നും തുടച്ചു നീക്കപ്പെട്ടുവെങ്കിലും പവാറിന്റെ ഒപ്പ പവറിൽ അത് മറാത്താ മണ്ണിൽ പിടിച്ചു നിന്നു.
മകൾക്കും ജ്യേഷ്ഠ പുത്രനും ഇടയിൽ
അടിസ്ഥാനപരമായി ഇന്ത്യൻ പ്രദേശിക പാർട്ടികളുടെ രാഷ്ട്രീയം എന്നത് ഇപ്പോഴും മഹാഭാരതം സീരിയലാണെന്ന് ഒരു നിരീക്ഷണം ഉണ്ട്. പുത്രവാത്സല്യത്താൻ അന്ധരാവുന്ന ധൃതരാഷ്ട്രന്മാരെ നമുക്ക് ഇവിടെ കാണാം. പവാറിന്റെ പാർട്ടിയിലും അങ്ങനെ ചില പ്രശ്നങ്ങൾ പ്രകടമാണ്. ശിവസേനയിലും, ഡിഎംകെയിലും, എഐഎഡിഎംകെയിലുമൊക്കെ സംഭവിച്ച അതേകാര്യം എൻസിപിയിലും ആവർത്തിക്കുന്നു.
മകൾ സുപ്രിയ സുലൈ പാർട്ടിയുടെ അധ്യക്ഷയും അടുത്ത മറാത്താ മുഖ്യമന്ത്രിയും ആക്കണം എന്നാണ് പവാറിന്റെ മനസ്സിൽ. പക്ഷേ ജ്യേഷ്ഠന്റെ മകനും ഒരുകാലത്ത് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്ന അജിത് പവാർ വിട്ടുതരില്ല. ഇതോടെ എൻസിപി പിളരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്. നേരത്തെ ബിജെപി പാളയത്തിൽപോയ അജിത്ത് പവാർ വീണ്ടും അങ്ങോട്ട് പോകുമെന്നും പ്രചാരണം വന്നു. ഇതിനെയെല്ലാം ഒറ്റയടിക്ക് മറികടക്കാൻ തന്റെ രാജി പ്രഖ്യാപനം കൊണ്ട് ശരത് പവാറിന് കഴിഞ്ഞു. എൻ.സി.പി.യുടെ ദേശീയപ്പാർട്ടിപദവി നഷ്ടത്തോടൊപ്പം, അജിത് പവാറും സംഘവും രഹസ്യമായി നടത്തുന്ന ബിജെപി. ബാന്ധവത്തെയും തകർത്തെറിയുകയാണ് തന്റെ രാജിയിലൂടെ ശരദ്പവാർ ചെയ്തത് എന്നാണ് ഇന്്യൻ എക്പ്രസ് നിരീക്ഷിക്കുന്നത്.
മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നീക്കമുണ്ടായപ്പോൾ, താൻ ഇ.ഡി. ഓഫീസിലേക്ക് നേരിട്ടെത്താം എന്ന പ്രസ്താവനയിറക്കി അണികളെ ഇറക്കിവിട്ട് ഇ.ഡി.യെ പേടിപ്പിച്ച വൈകാരികനീക്കംതന്നെയാണ് രാജിയിലൂടെ ശരദ് പവാർ നടത്തിയത്. ചൊവ്വാഴ്ച അദ്ദേഹം രാജി പ്രഖ്യപിച്ചതോടെ എൻസിപി അണികൾ ഇളകിമറിഞ്ഞു. അജിത് പവാറിനെതിരെ രോഷം ഉയന്നു. പാർട്ടിയിൽ തനിക്കുതന്നെയാണ് അപ്രമാദിത്വമെന്ന് തെളിയിക്കാൻ ശരദ് പവാറിനായി.
ശരദ് പവാറിന്റെ രാജി പിൻവലിപ്പിക്കാൻവേണ്ടി എൻ.സി.പി. പ്രവർത്തകർ, മകളും പാർട്ടി നേതാവുമായ സുപ്രിയ സുലൈയോട് അതേദിവസം തന്നെ ആവശ്യപ്പെടുകയുണ്ടായി. സംസാരിക്കാൻ തുനിഞ്ഞ സുപ്രിയ സുലൈയെ തടഞ്ഞ്, പവാറിനോട് സംസാരിച്ചത് പക്ഷെ അജിത് പവാറാണ്. തന്നെ മറികടന്ന് മറ്റൊരു അധികാരം സ്ഥാപിക്കൽ വേണ്ടാ എന്ന പരസ്യമായ മുന്നറിയിപ്പാണ് അജിത് പവാർ ഈ നീക്കത്തിലൂടെ നടത്തിയത്. ശരദ് പവാർ രാജി പിൻവലിച്ചില്ലെങ്കിലും പുതിയ തലമുറമാറ്റം എൻസിപി.യിൽ എളുപ്പമാവില്ല. അജിത് പവാർ, സുപ്രിയ സുലൈ, നിലവിലെ സംസ്ഥാനാധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരെ ആക്ടിങ് പ്രസിഡന്റുമാരായി നിയമിച്ച് നിലവിലെ പ്രതിസന്ധി മറികടക്കുമെന്നും സൂചനയുണ്ട്.
പവാർ എൻ.സി.പി.യുടെ എമിറിറ്റസ് അധ്യക്ഷനായി തുടർന്ന് പാർട്ടി പിന്തുടർച്ച ആരെയേൽപ്പിച്ചാലും എൻ.സി.പി.യിൽ അന്തച്ഛിദ്രം ഉണ്ടാവാൻ സാധ്യതയുണ്ട്. മകൾ സുപ്രിയ സുലൈയെ പാർട്ടിയുടെ ഉന്നതകേന്ദ്രത്തിലെത്തിച്ചാൽ, സഹോദരപുത്രന്റെ ക്ഷമ പരീക്ഷിക്കുകയാവും ശരദ് പവാർ വീണ്ടും ചെയ്യുന്നത്. തനിക്ക് പാർട്ടിപദവിയിലേക്ക് വരാൻ താത്പര്യമില്ലെന്ന് അജിത് പവാർ വ്യക്തമാക്കുന്നുണ്ടെങ്കിലും എന്നും രണ്ടാം നിരയിലിരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ല. ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിപദവിയിലെത്താൻ 63-കാരനായ അജിത് പവാറിന് ഇനിയുമായിട്ടില്ല.
ബിജെപിയിൽ പോയ അജിത്ത്
2019ൽ അജിത്ത് പവാർ ബിജെപിയിൽ പോയത് ആരും മറന്നിട്ടുണ്ടാവില്ല. 2019 നവംബർ 23 ന്, പാർട്ടിയുടെ സമ്മതമില്ലാതെ ബിജെപിക്കൊപ്പം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അജിത്ത് പവാർ സത്യപ്രതിജ്ഞ ചെയ്തു. എൻസിപി എംഎൽഎമാരുടെ ഒപ്പുകളുള്ള പേപ്പർ അദ്ദേഹം സംസ്ഥാന ഗവർണർക്ക് സമർപ്പിച്ചു. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഏറ്റവും കുറഞ്ഞ കാലയളവ് കൊണ്ട് ഉപമുഖ്യമന്ത്രിയായി അദ്ദേഹം 80 മണിക്കൂറിൽ താഴെ മാത്രമേ ആ പദവിയിൽ ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബർ 16 ന് എല്ലാം മാറിമറിഞ്ഞു. എൻസിപിയിലേക്ക് മടങ്ങിയ അജിത്ത് പവാർ ശിവസേന-കോൺഗ്രസ്- എൻസിപി സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.
അന്ന് ശരദ് പവാറും, മകൾ സുപ്രിയ സുലൈയും നടത്തിയ ചാണക്യ തന്ത്രങ്ങളാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. സഹോദരന്മാരുടെ മക്കളായ അജിത്തും സുപ്രിയയും തമ്മിലുള്ള അധികാര വടംവലിയാണ് എൻസിപിയിലെ പ്രശ്നങ്ങൾക്കു കാരണമെന്ന വാദത്തിന് നിറംപകരുന്നതായിരുന്നു 2019ലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ. അജിത് ബിജെപിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തിയ സുപ്രിയ ഇത് വാട്സാപ് സ്റ്റേറ്റസുകളിലൂടെ വ്യക്തമാക്കിയിരുന്നു.
പിന്നീട് ബിജെപി പിന്തുണയോടെ പാർട്ടിയെ പിളർത്താനായിരുന്നു അജിത്തിന്റെ നീക്കം. അത് പവാർ മണത്തറിഞ്ഞു. അതിനിടെ പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ അജിത്തിനെ ഉപയോഗിച്ച് പാർട്ടി പിളർത്തരുതെന്ന് അറിയിക്കാനായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പിളർന്നു എന്നു കരുതിയിടത്തു നിന്നും പവർ ഹിറ്ററായ പിതാവിനൊപ്പം നിന്നും എൻസിപിയെ ഒറ്റക്കെട്ടാക്കി നിർത്തിയത സുപ്രിയ സുലൈയാണ്. അജിത് പവാർ ക്യാമ്പിൽ നിന്നും ഓരോ എംഎൽഎമാരെയും തഞ്ചത്തിലാക്കി സ്വന്തം പാളയത്തിൽ സുപ്രിയ എത്തിച്ചു.
അതോടെ പാർട്ടിയെ നാണം കെടുത്തി മറുകണ്ടം ചാടിയ ശേഷം അജിത് പവാറും മനസ്സുമാറി. അദ്ദേഹം ബിജെപി സഖ്യം വിട്ട് എൻസിപിയിലേക്ക് മടങ്ങി. അജിത്തിനെ സുപ്രിയ സെൈുല ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. എത്രയോ രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട പവാർ കുടുംബത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമമായി ദാദാ.. എന്നു വിളിച്ചു കൊണ്ടാണ് അജിത്തിനെ സുപ്രിയ സ്വീകരിച്ചത്.
പാർട്ടിയിലെ പ്രമുഖർ മാത്രമല്ല, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ വരെ അജിത്തിന്റെ തിരിച്ചുവരവിനായി ശ്രമിച്ചു. അജിത്തിന്റെ സഹോദരൻ ശ്രീനിവാസയെയും ശരദ് പവാർ ദൗത്യത്തിനായി നിയോഗിച്ചു. കുടുംബത്തിന്റെ വികാര നിർഭരമായ ഇടപെടൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉറപ്പിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, കൃഷി മുതൽ ദിനപത്രം വരെ നീളുന്ന പവാർ കുടുംബത്തിന്റെ വൻ പ്രവർത്തന മേഖലയ്ക്കു നിർണായകമാണു കുടുംബത്തിന്റെ കെട്ടുറപ്പ്. അജിത് തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നെന്നും പവാർ കുടുംബം ഒറ്റക്കെട്ടാണെന്നുമാണു ശരദ് പവാറിന്റെ സഹോദരന്റെ പേരക്കുട്ടി കൂടിയായ രോഹിത് പവാർ എംഎൽഎയുടെ പ്രതികരണം.
ഏവരും ആദ്യം പ്രതീക്ഷിച്ചത് അജിത്തിനെ, ശരദ് പവാർ പുറത്താക്കുമെന്നായിരുന്നു. അതുണ്ടായില്ല. മറിച്ചു ദുർബലനാക്കി എംഎൽഎമാരെ തനിക്കൊപ്പം നിർത്താനാണ് പവാർ തയ്യാറായത്. ഒടുവിൽ കൂറുമാറ്റത്തിന്റെ കുടുക്കിൽ പെടുമെന്നു കണ്ടാണു രാജിവച്ച് അജിത്ത് തടി രക്ഷിച്ചത്. ഒപ്പമുള്ളയാൾ പെട്ടെന്നു ശത്രുപാളയത്തിൽ എത്തിയാൽ പകരംവീട്ടുന്ന രാഷ്ട്രീയ പിതാമഹന്മാരെ ഏറെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ അവിടെയും പവാർ വ്യത്യസ്തനായി. പുറത്തുകളയാതെ ക്ഷീണിതാസ്ഥയിൽ ദുർബലനാക്കി തിരിച്ചെടുക്കാനുള്ള വഴിയാണ് പവാർ തേടിയത്. അതാണു വിജയിച്ചതും. ഇപ്പോഴും സമാനമായ നീക്കമാണ് പവാർ പയറ്റുന്നത്.
25,000 കോടിയുടെ ബാങ്ക് തട്ടിപ്പ്
പക്ഷേ അജിത്ത് പവാർ തിരിച്ചുവന്നതിന് കാരണമായി പറയുന്നത് ഒരു ബിസിനസ് കുടുംബത്തിലെ രഹസ്യങ്ങൾ പുറത്താവും എന്ന് കരുതിയാണെന്നും പറയപ്പെടുന്നു. എന്നാൽ ബിജെപി പവാറിനെ വെറുതെ വിട്ടില്ല. അവർ ഇ ഡിയെ വെച്ച് പഴയ അഴിമതികൾ കുത്തിപ്പൊക്കി. 2001നും 2011നും ഇടയിൽ മഹാരാഷ്ട്രാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ, 25000 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ശരത്പവാർ, അജിത്ത് പവാർ, എന്നവർക്ക് പുറമെ 70 ഉദ്യോഗസ്ഥർക്കെ് എതിരെ 2019ൽ ഇ ഡി കേസ് എടുത്തു. അതിന്റെ നടപടികൾ ഇപ്പോഴും തുടരുകയാണ്.
ആ സമയത്ത് അജിത്പവാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 11,000 കോടി മാത്രം നിക്ഷേപുമുള്ള ബാങ്ക് എങ്ങനെ 25,000 കോടിയുടെ അഴിമതി നടത്തും. എം എസ് സി ബാങ്ക് അപ്പെക്സ് ബാങ്കാണെന്നും, പഞ്ചസാര മില്ലുകൾ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ചിലപ്പോൾ ചട്ടങ്ങൾ മറികടന്ന് സഹായിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാർ ഒരിക്കലും ബാങ്ക് ഡയറക്ടർ ആയിരുന്നില്ല. എന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ്, അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചത്. താൻ കാരണമാണ് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിയതെന്ന് പറഞ്ഞപ്പോൾ വികാര ധീനനായി പവാർ വിതുമ്പി. 2010ൽ നടത്തേണ്ട അന്വേഷണം എന്തുകൊണ്ടാണ് 2019ൽ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളുപ്പിച്ചതിനും ഇ ഡി കേസെടുത്തിരുന്നു. എന്നാൽ പവാറാവട്ടെ വീണത് വിദ്യയാക്കി. തന്നെ കേന്ദ്ര സർക്കാർ പീഡിപ്പിക്കുന്ന എന്ന ഇരവാദമിറക്കി. ഇ ഡി ഓഫീസിലേക്ക് നേരിട്ട് എത്താം എന്ന വൈകാരിക പ്രസ്താവനകൾ ഇറക്കി ജനത്തെ ഇളക്കി.
പക്ഷേ മറാത്താ രാഷ്ട്രീയം പഠിക്കുന്നവർക്ക് വളരെ വ്യക്തമാണ് പവാർ കുടുംബം നടത്തിയ അഴിമതികൾ. ബാങ്കുകളിലെ പണം എടുത്ത് പഞ്ചസാര മുതലാളിമാർക്ക് മറിച്ച് കൊടുക്കയൊക്കെ അവിടുത്തെ സ്ഥിരം കലാപരിപാടിയാണ്.
പവാറിന്റെ നീക്കം ഇനിയെന്ത്?
സത്യത്തിൽ ഇപ്പോഴും ചാഞ്ചാടിക്കളിക്കുന്ന അജിത്ത് പവാറിനെ ഒതുക്കുക തന്നെയാണ് ശരദ് പവാർ ഈ രാജിയിലൂടെയും ലക്ഷ്യമിട്ടത്. ഊണിലും ഉറക്കത്തിലും മുഖ്യമന്ത്രിപദവി സ്വപ്നം കാണുന്നുണ്ട് അജിത്. അതാവട്ടെ പലപ്പോഴും തട്ടിത്തെറിപ്പിച്ചത് ശരദ് പവാർ തന്നെയാണ്. തന്റെ മകനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അജിത് പവാർ തുനിഞ്ഞപ്പോഴും ശരദ് പവാർ സമ്മതംനൽകിയില്ല.
ഇതെല്ലാം മൂലം മനം മടുത്ത അജിത്ത് , 40 എൻ.സി.പി. എംഎൽഎ. മാരുടെ പിന്തുണ രേഖാമൂലംനേടി ബിജെപി.ക്കൊപ്പം പോകാൻ കാത്തിരിക്കയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയടക്കം 16 ശിവസേനാ വിമത എംഎൽഎ.മാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജിയിൽ ഈ മാസം സുപ്രീംകോടതി വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിവരുന്ന ഒന്നരവർഷത്തെ ഭരണകാലയളവിൽ തങ്ങളുടെ പിന്തുണയിൽ അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി. നീക്കം നടത്തുന്നത്. ഇതുപൊളിക്കാനുള്ള വൈകാരിക നീക്കമാണ് പവാർ ഇപ്പോൾ നടത്തിയത്.
മോദിയോടും അദാനിയോടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ശരദ് പവാർ, മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ അദ്ദേഹം നടത്തുന്ന ഭാവിനീക്കം ആർക്കും കണക്കുകൂട്ടാനാവില്ല. പ്രായോഗിക രാഷ്ട്രീയത്തിലെ ചാണക്യതന്ത്രങ്ങളാണ് ശരദ് പവാറിനെ ഇതുവരെ നയിച്ചിട്ടുള്ളത്. 2014-ൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കാൻ എൻ.സി.പി. ശബ്ദവോട്ടിലൂടെ ബിജെപി.യെ പിന്തുണച്ചതും പിന്നീട് 2019-ൽ മഹാവികാസ് അഘാഡി സഖ്യത്തിലൂടെ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയതും പ്രായോഗികമതിയായ ശരദ്പവാർ തന്നെയാണ്. നിലവിൽ അദാനിവിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തെ തള്ളിപ്പറഞ്ഞതും പിന്നീട് നിലപാട് മാറ്റിയതും നാം കണ്ടതാണ്. അദാനിയെ വിളിച്ച് രണ്ടുമണിക്കൂർ ചർച്ചനടത്തിയതും ഇതേ പവാറാണ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള ആരോപണം ഉയർന്നപ്പോൾ പവാർ അത് തള്ളിക്കളഞ്ഞതും ഓർക്കാം.
2024-ൽ ദേശീയരാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷപ്പാർട്ടികൾ നിർത്താതെ വിളിച്ചുപറയുമ്പോഴാണ്, ദേശീയരാഷ്ട്രീയത്തിലെ അതികായന്റെ രാജി എന്നതും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. മഹാരാഷ്ട്രാരാഷ്ട്രീയത്തിൽ അടുത്ത നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പിനെ ശിവസേന-കോൺഗ്രസ്-എൻ.സി.പി. സഖ്യം(മഹാവികാസ് അഘാഡി) ഒറ്റക്കെട്ടായി നേരിടുമെന്ന് ഉദ്ധവ് താക്കറെയും മറ്റ് ശിവസേനാനേതാക്കളും പറയുമ്പോൾ, സഖ്യമുണ്ടാവുമോ എന്ന കാര്യത്തിൽ ശരദ് പവാർ ഇതുവരെ തന്റെ മനസ്സ് തുറന്നിട്ടില്ല.
പൊതുജീവിതത്തിലെ രാഷ്ട്രീയ, സാമൂഹിക പ്രവര്ത്തനങ്ങളും തുടരുമെന്ന് ശരത് പവാർ പറയുന്നുണ്ടെങ്കിലും അദ്ദേഹം സംഘപരിവാർ ആലയിൽ എത്തുമോ എന്ന സംശയം എളുപ്പം തള്ളിക്കളയാനാകില്ല. അടുത്തിടെ വിവാദങ്ങൾക്കിടയിലും സുഹൃത്ത് ഗൗതം അദാനിയുമായി അദ്ദേഹം ഭക്ഷണം പങ്കിട്ടതും, വി ഡി സവർക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കാതിരിന്നതുമെല്ലാം അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ശരദ് പവാറിന്റെ നീക്കങ്ങൾ കാത്തിരുന്ന് കാണുക തന്നെ വേണ്ടിവരും.
എല്ലാ കണ്ണുകളും സുപ്രിയയിലേക്ക്
ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പദവി ഒഴിയുന്നതോടെ തൽസ്ഥാനത്തേക്ക് മകൾ സുപ്രിയ സുലെ വരുമെന്നാണ് ്എല്ലാവരും കരുതുന്നത്. പാർലിമെന്റേറിയൻ എന്ന നിലയിലും ആക്റ്റീവിസ്റ്റ് എന്ന നിലയിലും നല്ലപേരാണ് സുപ്രിയക്ക് ഉള്ളത്.
സുപ്രിയക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി കഴിഞ്ഞു. രാഹുൽ ഗാന്ധിയും, എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച്, സുപ്രിയയെ പാർട്ടി അധ്യക്ഷയാക്കാൻ എൻസിപിയിൽ ചർച്ചകൾ സജീവമാണ്. ദേശീയ അധ്യക്ഷയായി സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാർ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തിൽ പരസ്യ പ്രതികരണം വരെ ഉണ്ടായി.
പിതാവിന്റെ മണ്ഡലമായ ബാരാമതി ലോകസഭ മണ്ഡലത്തിൽ 2009- ൽ മത്സരിച്ച വിജയിച്ച സുപ്രിയ നല്ലൊരു പ്രഭാഷക കൂടലയാണ്. പെൺഭ്രുണഹത്യക്കെതിരെ പ്രചരണം നടത്തിയതടക്കമുള്ള്ള നിരവധി സാമൂഹിക ഇടപെടലുകൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സാമൂഹ്യസേവനത്തിലെ അവരുടെ സംഭാവനയ്ക്ക് '10 വർഷത്തെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വനിത' എന്ന ടൈറ്റിലുള്ള അവാർഡ്് ലഭിച്ചിരുന്നു. കൊളമബാ സ്ക്കൂളിൽ പഠിച്ച സുപ്രിയ മുംബൈയിലെ ജയ്ഹിംന്ദ് കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദധാരിയാണ്. 1991-മാർച്ച്-4-ന് സുപ്രിയാ സുളെ ശുഭാനന്ദ് ബാലചന്ദ്ര സെൈുലയെ വിവാഹം കഴിച്ചു. വിവാഹശേഷം സുപ്രിയ കുറച്ചുക്കാലം കാലിഫോർണിയയിൽ കഴിയുകയും അവിടെ വച്ച് ജലമലിനീകരണത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അതിനുശേഷം ഇന്തോനേഷ്യയിലും സിംഗപ്പൂരിലും കഴിഞ്ഞ സുപ്രിയ അവസാനം മുംബൈയിലേക്ക് തിരിച്ചെത്തി.
മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് സുളെ 2006-സെപ്റ്റംബറിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവർ മുംബൈയിലെ നെഹ്റുസെന്ററിന്റെ ട്രസ്റ്റി കൂടിയാണ്. യുവതികൾക്ക് രാഷ്ട്രീയത്തിൽ ഒരു വേദി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2012-ൽ സുപ്രിയാ സെൈുലയുടെ നേതൃത്ത്വത്തിൽ രാഷ്ട്രവേധി യൂത്ത് കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിൽ പെൺഭ്രുണഹത്യ, സ്ത്രീസമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അനേകം റാലികൾ നടന്നിരുന്നു. ഈ രീതിയിലൊക്കെ സാമൂഹിക സാംസ്ക്കാരി രംഗത്തെ നിറസാന്നിധ്യമായ സുപ്രിയക്ക് മറാത്ത രാഷ്ട്രീയത്തിൽ വലിയ മാറ്റം വരുത്താൻ കഴിയുമെന്നാണ് പറയുന്നത്.
വാൽക്കഷ്ണം: എന്തായാലും ഒരുകാര്യം ഉറപ്പായിരിക്കയാണ്. ശരദ് പവാർ എന്ന വൻ മരം വീണിരിക്കയാണ്. ഇനിയൊരു അങ്കത്തിന് അദ്ദേഹത്തിന് ബാല്യമില്ല എന്നത് ഉറപ്പാണ്. അതോടെ അദ്ദേഹം എങ്ങോട്ടുചായും എന്നുതന്നെയാണ് ഇനി അറിയേണ്ടതും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ