- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പണ്ട് നാടോടികൾ മാത്രമുള്ള പുല്ലുപോലും കിളിർക്കാത്ത നാട്; 71ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ വളർന്നത് എണ്ണപ്പണത്തിലൂടെ; ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും നബിചര്യയും; തീവ്രവാദ ഫണ്ടിങ്ങ് വിവാദത്തിൽപ്പെട്ടത് പല തവണ; ഷോർട്സിനും ബിയറിനുമെല്ലാം വിലക്ക്; കാൽപ്പന്ത് ആവേശത്തിലും അയയാത്ത മതകാർക്കശ്യം; മരുഭൂമിയെ മലർവാടിയാക്കിയ ഖത്തറിന്റെ കഥ
'ഖത്തർ ഹവാല' എന്നൊരു വാക്ക് ആദ്യമായി ഉപയോഗിച്ചത്, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂരാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കേരളത്തിലടക്കം ഇസ്ലാമിക സംഘടനകൾ നിലനിന്നുപോയത് ഖത്തറിൽ നിന്നുള്ള ഫണ്ടിങ്ങ് മൂലമാണ്. എണ്ണപ്പണത്തിലൂടെ സമ്പന്നമായ ഖത്തർ 80കളുടെ പകുതിയോടെ തന്നെ ഇസ്ലാമിക പ്രബോധനത്തിന് എന്ന പേരിൽ കേരളത്തിലേക്ക് അടക്കം നൽകിയ പണമാണ്, ചില മുസ്ലിം മാനേജ്മെന്റ് കീഴിലെ പത്രങ്ങൾ ആയും യത്തീഖാനകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആയതെന്നും പറയുന്നുണ്ട്. അതുപോലെ തന്നെ 2017 മുതൽ, ഖത്തർ ഇത്തരത്തിലുള്ള ഫണ്ടിങ്ങ് നിർത്തിവെച്ചു. ഈ പ്രതിസന്ധിയാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്ന മാധ്യമം പത്രത്തിലും, പോപ്പുലർ ഫ്രണ്ടിന്റെ തേജസ് പത്രത്തിലുമെല്ലാം പ്രതിഫലിച്ചത് എന്നും ഹമീദ് ചേന്ദമംഗല്ലൂർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് ഖത്തറിന്റെ ഒരു മുഖം. ഒരു കാലത്ത് കടുത്ത ഇസ്ലാമിക കാർക്കശ്യത്തിന് പേരുകേട്ട രാജ്യമായിരുന്നു ഖത്തർ. ഇറാൻ, തുർക്കി, ഖത്തർ ഈ മൂന്ന് രാഷ്ട്രങ്ങളാണ് ആഗോള ഇസ്ലാമിസത്തിന്റെ സാമ്പത്തിക നാഡിയായി പറഞ്ഞുകേട്ടിരുന്നത്. മാത്രമല്ല ഇസ്ലാമിസത്തിന്റെ മറവിൽ തീവ്രവാദവും ഇവർ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. 2019ൽ ഹൂതി വിമതർ സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരോകോ ആക്രമിച്ചപ്പോൾ, ഈ ഭീകരർക്ക് ഫണ്ട് നൽകുന്നത് ഖത്തർ ആണെന്ന് സൗദി ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ സൗദിയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഖത്തറിനെ ഉപരോധിക്കയും ചെയ്തു. പക്ഷേ ഇത് പിന്നീട് ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടു.
ഇങ്ങനെ ഇപ്പോഴും ഇസ്ലാമിക കാർക്കശ്യത്തിന്റെ മുഖം ഉള്ള അതേ ഖത്തർ തന്നെയാണ് ഇന്ന് ലോകകപ്പ് ഫുട്ബോളിനായി ലോകത്തെ സ്വാഗതം ചെയ്യുന്നത്. ഓർക്കണം, ഓരോ നിസ്സാര കാര്യങ്ങളിൽപോലും ഹറാമും ഹലാലും ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിക ലോകത്തിന്റെ അവസാന വാക്കായ യൂസഫുൽ ഖർദാവി ഇവിടെയാണ് ജീവിച്ചിരുന്നത്. രണ്ടുമാസം മുമ്പ് മരിച്ച ഖർദാവിയുടെ സമ്മതത്തോടെ തന്നെയാണ് ഇവിടെ ലോകകപ്പിന് വേദിയായതും. പക്ഷേ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഖത്തറിന്റെ വ്യക്തിസ്വതന്ത്ര്യത്തിലുള്ള നിയന്ത്രണങ്ങൾ വലിയ പൊല്ലാപ്പ് ആവുകയാണ്.
ഇപ്പോൾ പുകയിലയും, മദ്യവുമൊക്കെ വിലക്കുന്നതിലുടെയും സ്ത്രീകൾക്ക് നേരയുള്ള വസ്ത്ര വിവേചനത്തിനെതിരെയും, ട്രാൻസ്ജൻഡർ ഫോബിയക്ക് എതിരെയും ഖത്തറിനെ വിമർശിച്ച ലോകകപ്പിന് എത്തുന്ന വിദേശികൾ രംഗത്ത് എത്തുന്നുണ്ട്. ബിയർ നുണഞ്ഞുകൊണ്ട് കളികാണുക എന്ന തങ്ങളുടെ 'മൗലിക അവകാശത്തിന്' നേരയൊണ് ഖത്തർ കത്തിവെക്കുന്നത് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതാണ് ഖത്തർ അനുഭവിക്കുന്ന ഒരു പ്രതിസന്ധി. ആധുനികതയുടെ എല്ലാം സംവിധാനങ്ങളും അവർക്ക് വേണം. എന്നാൽ ഒരു ഇസ്ലാമിക ഫ്രെയിം വർക്കിൽ അതിനെ ഒതുക്കുകയും വേണം. ഇത് ഖത്തറിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇതിലൂടെയാണ് ഈ രാഷ്ട്രവും കടന്നുപോകുന്നത്. പക്ഷേ തിരഞ്ഞുനോക്കുമ്പോൾ, ആവേശകമായ ഒരു വളർച്ചയുടെ കഥയാണ് ഈ നാടിന് പറയാനുള്ളത്. ആടിനെയം ഒട്ടകത്തെ മേച്ച് നടന്ന, പുല്ലുപോലും മുളക്കാത്ത കാട്ടറബികളുടെ നാട് ഇന്ന് എല്ലാവിധ സമ്പൽ സമൃദ്ധികളുടെയും നടുവിലാണ്. മരുഭൂമിയെ മലർവാടിയാക്കിയ രാജ്യം എന്ന പേര് ഖത്തറിന് ശരിക്കും ചേരും.
71ൽ മാത്രം സ്വാതന്ത്ര്യം കിട്ടിയ രാജ്യം
ഇന്ത്യയും, ചൈനയും അടക്കമുള്ള രാജ്യങ്ങളെക്കുറിച്ച് പറയുന്നപോലെ മഹത്തായ ഒരു പൈതൃകമോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത രാജ്യമാണ് ഖത്തർ. ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു എന്നതിന് തെളിവുണ്ട്. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.
ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു. എ ഡി 628ൽ നബി പല രാജാക്കന്മാർക്കും ഇസ്ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ദമീമിക്കും കത്തയച്ചു. അക്കാലത്തു കുവൈത്ത്, ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സ എന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു. അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു. 1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയംഭരണം ആരംഭിക്കുകയും ചെയ്തു.
എ ഡി 1635ൽ ബസറയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. അന്ന് ഖത്തർ ഇന്ത്യയേക്കാളും ദരിദ്രമായിരുന്നു. ഒട്ടകത്തെ മേച്ചും മീൻപിടിച്ചും ജീവിച്ചിരുന്ന നാടോടികളായ ബദുക്കളുടെ സമൂഹമായിരുന്നു അവർ. തങ്ങളുടെ കാൽക്കീഴിൽ കോടിക്കണക്കിന് ഡോളർ വിലവരുന്ന എണ്ണ ഇരിപ്പുണ്ടെന്നതിനെ കുറിച്ച്, യാതൊരു അറിവും ആ നാട്ടുകാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷുകാർ അത് കണ്ടെത്തി.
പെട്രോളിയം പര്യവേക്ഷണത്തിനും, മുത്തു ശേഖരണത്തിനുമായി ഇംഗ്ലീഷുകാർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. എന്നിരുന്നാലും തുർക്കി സുൽത്താനുമായുണ്ടാക്കിയ കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം ബിൻ മുഹമ്മദ് അൽദാനി തുർക്കി ഖലീഫയിൽ നിന്ന് ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.
എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാത്ത ബ്രിട്ടൻ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി. പക്ഷേ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ജനാധിപത്യത്തിന്റെ വഴിയല്ല ഇസ്ലാമിന്റെ വഴിയാണ് ഖത്തർ തെരഞ്ഞെടുത്തത്.
ഖുർആനും നബിചര്യയും അടിസ്ഥാനം
ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും ,നബിചര്യയും ആയി അംഗീകരിച്ചിരിക്കുന്ന രാജ്യമാണ് ഖത്തർ. അപ്പോൾ ഇപ്പോൾ ലോകകപ്പിൽ ബിയറിനും മറ്റും അവർ വിലക്ക് ഏർപ്പെടുത്തിയതിനെ എങ്ങനെ വിമർശിക്കാൻ കഴിയും. ഈ ഭരണഘടനവെച്ച് അനിസ്ലാമികം എന്ന് പറഞ്ഞ് തള്ളാതെ ലോകകപ്പ് ഒക്കെ നടക്കുന്നതിലാണ് ശരിക്കും അദ്ഭുദപ്പെടേണ്ടത്. അമീർ ആണ് രാഷ്ട്രത്തലവനും, ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റും (മജ്‌ലിസ് ശൂറ) ഉണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു.
2003 ജൂലായ് 13 നു നടന്ന റഫറണ്ടത്തിലൂടെയാണു നിലവിലെ ഭരണഘടനക്കു അംഗീകാരം ലഭിച്ചത്. പക്ഷേ അൽദാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. ഫലത്തിൽ ജനാധിപത്യം ഇല്ലാത്ത രാജ്യമാണ് ഇവിടം. അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു. അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഷെയ്ഖ് എന്നാണു അഭിസംബോധന ചെയ്യുക. സ്ത്രീകളെ ഷെയ്ഖ എന്നും.
തദ്ദേശിയരിൽ ഭൂരിഭഗവും സൗദി അറേബ്യയിലെ നജ്ദിൽ നിന്നും കുടിയേറിയവരാണ്. ഇപ്പോഴത്തെ രാജകുടുംബമായ അൽദാനികുടുംബം എ ഡി 1800-കളിൽ ഇവിടേക്കു വന്നവരാണ്. ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്. 6,50,000 ഇന്ത്യക്കാരന് ഖത്തറിൽ ഉള്ളത്. ഇത് ഖത്തറിലേ ആകെ ജനസംഖ്യയുടെ 25 ശതമാനം ആണ്. പൊതുവെ ഇന്ത്യാക്കാരുമായി സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഖത്തർ.
വളർത്തിയത് മുത്തും എണ്ണയും
പെട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഖത്തറിന്റെ പ്രധാന വരുമാനം മുത്ത് വ്യപാരത്തിലൂടെയായിരുന്നു. കടലിന്നടിയിലെ ഒരിനം കക്കയിൽനിന്നുമാണ് പ്രകൃതി ദത്തമായ മുത്തുകൾ ശേഖരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലമാണ് മുത്തു വേട്ട നടത്തുക. അറബിയിൽ മുത്തിനു ലുലു എന്നാണ് പറയുക. ലോകത്ത് പ്രകൃതിദത്ത മുത്തുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇവിടെയാണ്.
1939 ദുഃഖാൻ എന്ന സ്ഥലത്താണു ആദ്യമായി പെട്രോളിയം കണ്ടെത്തിയത്. 1949 മുതൽ പെട്രോളിയം കയറ്റുമതി ആരംഭിച്ചു. പക്ഷേ അതിന്റെ പണമൊക്കെ ബ്രിട്ടീഷുകാർ കൊണ്ടുപോയി. സ്വതന്ത്ര്യത്തിനുശേഷം 1974 മുതൽ പെട്രോളിയം ഖനനം ദേശസാൽക്കരിച്ചു. ഇതിനുവേണ്ടി ഖത്തർ പെട്രോളിയം എന്ന പൊതു മേഖലാ കമ്പനി രൂപീകരിക്കുകയും ചെയ്തു. ഇപ്പോൾ പ്രതി ദിനം 800,000 ബാരൽ എണ്ണ വിവിധ മേഖലകളിലായി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി ഉത്പാദക രാജ്യമാണ് ഖത്തർ. ഖത്തർ പ്രെടോളിയത്തിലെ ജോലിപോലും ലോകത്തിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയാണ് കരുതുന്നത്. പെട്രോൾ ഖനനത്തിനൊപ്പം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയിലും അവർ മുന്നേറി.
ഇന്ന് ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യവും ഖത്തർ ആണ്. വാർഷിക ഗ്യാസ് ഉൽപ്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയക്കാൻ മാത്രമായി റാസ് ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. 1999 മുതലാണ് ഖത്തർ ഗ്യാസ് കയറ്റുമതി ആരംഭിച്ചത്. ഖത്തർ ഗ്യാസ്, റാസ് ഗ്യാസ് എന്നിവയാണ് പ്രധാന പൊതുമേഖലാ ഗ്യാസ് കമ്പനികൾ.
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാൺത്തിൽ ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം. റാസ് ലഫ്ഫാൻ വ്യവസായ നഗരിയിൽ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ടു. സ്റ്റീൽ, അലുമിനിയം, രാസവളം നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ടു.മെലാനിൻ ഉല്പാദനത്തിൽ ലോകത്ത രണ്ടാം സ്ഥാനം ഖത്തറിനാണു. ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്‌കൃത വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണു ഖത്തറിലെ മിസ്സഈദിലുള്ള കാപ്കൊ.
ഇങ്ങനെ സമ്പന്നമായ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്തും, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മുന്നേറുമ്പോഴും ഖത്തർ ഒരു കാര്യത്തിൽ മാറിയില്ല. അതായിരുന്നു ഇസ്ലാമിക തീവ്രവാദം.
പശ്ചിമേഷ്യയിൽ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം?
2017വരെ ലോകത്തിലെ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് വൻതോതിലുള്ള സാമ്പത്തിക സഹായം നൽകുന്നത് ഖത്തർ ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പേരിൽ സൗദിയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഖത്തറിനെ ഉപരോധിച്ചതാണ്. 2019ലെ ആരോകൊ ആക്രമണത്തെ തുടർന്ന് ഹൂതി വിമതർ അടക്കമുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഖത്തർ ആണെന്നുമുള്ള ഗുരുതര ആരോപണം സൗദി ഉയർത്തിയിരുന്നു. ഇപ്പോഴും അമേരിക്കയും സൗദിയും ഒരുഭാഗത്തും ഖത്തറും ഇറാനും മറുഭാഗത്തുമായി വിഭജിക്കപ്പെട്ട് കിടക്കയാണ് ഇസ്ലാമിക ലോകം.
തീവ്രവാദികൾക്ക് സംരക്ഷണം നൽകുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതും ഖത്തർ ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെൽ അൽ ജുബൈർ അന്ന് ആരോപിച്ചത്. യു.എൻ ജനറൽ അസംബ്ലിയിലാണ് മന്ത്രി ഈ പരാമർശം നടത്തിയത്. 2014 ൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ഖത്തർ പാലിക്കുന്നില്ലെന്നും പകരം ഖത്തർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017 ൽ ഖത്തറുമായുള്ള എല്ലാ വാണിജ്യ കരാറുകളും നിർത്തലാക്കിയിരുന്നു. ഇറാന് നൽകി വന്നിരുന്ന സഹകരണം ഒഴിവാക്കാനും മുസ്ലിം ബ്രദർഹുഡിന്റെ ചാനലെന്ന് പറയപ്പെടുന്ന ഖത്താരി അൽ ജസീര ടെലിവിഷൻ നെറ്റ് വർക്ക് നിർത്തലാക്കാനും സൗദി ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ പരമാധികാരങ്ങളിൽ ഇടപെടേണ്ട എന്നു പറഞ്ഞ് ഖത്തർ ഇത് തള്ളിക്കളയുകയാണ് ചെയ്തത്.
ഇറാനിനും ഷിയാകൾ പിന്തുണക്കുന്ന ഹൂതി തീവ്രാവാദത്തിനും ഖത്തർ വലിയതോതിൽ ഫണ്ട് ചെയ്യുന്നൂവെന്നും ആരോപണമുണ്ട്. മക്കക്കും മദീനക്കും നേരെ മിസൈൽ അയച്ചുകൊണ്ടാണ് ഹൂതികൾ സൗദിയോടുള്ള പക തീർത്തത്. പക്ഷേ സൗദിയുടെ മിസൈൽ പ്രതിരോധനത്തിന് ഇത് തടയാൻ കഴിഞ്ഞു.
പക്ഷേ ഈ ആരോപണങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ ആവാം ഇറാനും തുർക്കിക്കും ഒഴികെയുള്ള ഫണ്ടിങ്ങ് എല്ലാം, ഖത്തർ നിർത്തി. കേരളത്തിൽ ഇസ്ലാമിക പത്രങ്ങളെവരെ പ്രതിസന്ധയിലാക്കിയത് അതാണെന്നാണ് ആരോപണം. പറുമെ കാണുന്നത് പോലെയല്ല, അടുത്തകാലത്തായി ഖത്തറിന്റെ സാമ്പത്തിക നിലയും മോശമാണ്. ഈ പ്രതിസന്ധിയൊക്കെ മറികടക്കാനാണ് അവർ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമാരുളാൻ തീരുമാനിച്ചത്. ഇതോടെ കോടികളുടെ ബിസിനസാണ് രാജ്യത്ത് നടക്കുന്നത്.
ടൂറിസം ഐടി തുടങ്ങിയ സെ്കടറുകളിലെ വൻ വളർച്ചയാണ് ഖത്തർ ലക്ഷ്യമിടുന്നത്. അതായത് കോടികൾ ഇറക്കി ശതകോടികൾ കൊയ്യുക. ഈ ലോകകപ്പ്കൊണ്ട് ലോകരാജ്യങ്ങളുടെ നെറുകയിൽ എത്താൻ അവർക്ക് ആയി. അപ്പോഴും ഖത്തർ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. ഈ ഇസ്ലാമിക നിയമങ്ങളെ എങ്ങനെ കുട്ടിമുട്ടിക്കുമെന്ന്. അതിന് ഉപദേശം നൽകാൻ രാജ്യത്തിന്റെ ആത്മീയ നേതാവായ യൂസുഫുൽ ഖർദാവിയും ജീവിച്ചിരിപ്പില്ല.
ഖർദാവിയുടെ ഖത്തർ
യൂസുഫുൽ ഖർദാവി എന്ന ഇക്കഴിഞ്ഞ സെപറ്റമ്പറിൽ അന്തരിച്ച ഇസ്ലാമിക പണ്ഡിതനെ ഒഴിവാക്കിക്കൊണ്ട് ഖത്തറിന്റെ ഒരു ചരിത്രവും എഴുതാൻ കഴിയില്ല.
സാക്കിർ നായിക്ക് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇദ്ദേഹം. മുസ്ലിം ലോകത്തിൽ ഹറാമും ഹലാലും തീരുമാനിക്കുന്നതിലെ അവസാനവാക്ക്. ഗ്രന്ഥകാരനും വാഗ്മിയും. 96ാം വയസ്സിൽ അന്തരിച്ച ഇസ്ലാമിക്പണ്ഡിതൻ യൂസുഫുൽ ഖറദാവിക്ക് വിശേഷണങ്ങൾ ഏറെയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ഏറെ ബന്ധം പുലർത്തിയ അദ്ദേഹം രണ്ടുതവണ കേരളം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ 'വിധി വിലക്കുകൾ' എന്ന പുസ്തകം പ്രശസ്തമാണ്.
ആഗോള ഇസ്ലാമിക പണ്ഡിതസഭ സ്ഥാപക ചെയർമാനായിരുന്ന ഈജിപ്തിലാണ് ജനിച്ചത്.1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി. 1968ൽ അദ്ദേഹത്തിന് ഖത്തർ പൗരത്വം നൽകി ആദരിച്ചു. പിന്നീട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഇങ്ങനെ ഒക്കെ ആണെങ്കിലും തീവ്രവാദ പ്രവർത്തനത്തിൻെ പേരിൽ ഏറെ വിമർശിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കൗമാര പ്രായത്തിൽ തന്നെ ഈജിപ്തിലെ ഹസനുൽ ബന്നാ തുടങ്ങിയ ഇസ്ലാമിക തീവ്രാദ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിൽ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. ഇന്നും ലോകത്തിലെ മുപ്പതിലേറെ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് ഫണ്് നൽകുന്നത് ബ്രദർഹുഡാണെന്നാണ് ആരോപണം.
1949, '54, '56 കാലങ്ങളിലും ഖർദാവി ജയിൽവാസമനുഷ്ഠിച്ചു. തന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ആശയപ്രചരണത്തിനുള്ള വേദിയായി അദ്ദേഹം ഉപയോഗപ്പെടുത്തി. പക്ഷേ അതിൽ മിക്ക ആശയങ്ങളും തീവ്രവാദ പരമായിരുന്നു. ചാവേർ ആക്രമണം ജിഹാദിന്റെ ഏറ്റവും ഉയർന്നതലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഫത്വ. ഇതോടെ ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടൻ നിരസിക്കുകയുണ്ടായി.
അറബ് ലോകത്ത് ഇസ്രയേൽ വിരുദ്ധ വികാരം വളർത്തുന്നതിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. പക്ഷേ തീവ്രവാദവും അവിടെയൊക്കെ പരന്നിട്ടുമുണ്ട്. അതിന്റെ പേരിൽ ഒരു ഘട്ടത്തിൽ സൗദിക്കുപോലും അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തേണ്ടിവന്നു.നേരത്തെ കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഖർദാവിയുമായി ബന്ധപ്പെട്ടതും വിവാദമായിരുന്നു.
ഒരു മുസ്ലീമിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദ് ആണെന്ന് യാതൊരു സംശയവുമില്ലാതെ പറഞ്ഞ ആളാണ് അദ്ദേഹം. മതം വിട്ടവനെ കൊല്ലണം എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരത്തെ വിവാദം ആയിരുന്നു. അങ്ങനെ ചെയ്തുകൊണ്ടാണ് ഇസ്ലാം ഇത്രയും കാലം അതിജീവിച്ചത് എന്നായിരുന്നു ഖറദാവിയുടെ വാദം. മതം വിട്ടാലും കമ്യൂണിസ്റ്റായാലുമൊക്കെ മക്കൾക്ക് സ്വത്തവകാശം പോലുമില്ലെന്നതും അദ്ദേഹത്തിന്റെ വിവാദ ഫത്വയാണ്.
ഖറദാവിയുടെ പുസ്തകങ്ങൾ നോക്കിയാണ് പലപ്പോഴും ഇസ്ലാമിക ലോകം ഹലാലും ഹറാവും വേർതിരിച്ചത്.ഖത്തർ ടെലിവിഷൻ ചാനൽ തൽസമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് ഏറെ ശ്രോതാക്കൾ ഉണ്ടായിരുന്നു. സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മുസ്ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അൽജസീറ ചാനലിൽ അവതരിപ്പിക്കുന്ന 'ശരീഅത്തും ജീവിതവും' എന്ന പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടികളിലൊന്നായിരുന്നു. ഇതിൽ ഓരോരൊ നിസ്സാര കാര്യങ്ങൾപോലും ജനം ഹലാലാണോ ഹാറാമാണോ എന്ന് അറിയാൻ ചോദിക്കുമായിരുന്നു. ഇദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് ഖത്തർ ലോകകപ്പിന് വേദിയായതും.
അതിവേഗം മാറുന്ന ഖത്തർ
ഇത്തരം പ്രശ്നങ്ങൾ ഒക്കെയുണ്ടെങ്കിലും ഖത്തറും അതിവേഗം മാറുകയാണ്. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമാണിത്. ജനങ്ങളിൽ പ്രത്യേകിച്ചു സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുദധാരികളാണ്. ഗണ്യമായ ഒരു വിഭാഗത്തിനു അറബി കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് ഭാഷ അറിയും. ഖത്തർ സർവ്വകലാശാല ലോകത്തിലെ പ്രധാന സർവകലാശാലകളിൽ ഒന്നാണ്. കൂടാതെ അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളുടെ കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. അതുപോലെ യൂറോപ്യൻ രീതിയിലാണ് ഇവിടെ ആരോഗ്യ പരിരക്ഷ. സ്വദേശികൾക്കും ഹെൽത്ത് കാർഡുള്ള വിദേശികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമാണ്.
ഇപ്പോൾ ഇവിടെ ല്ലാ മതവിശ്വാസികൾക്കും സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൈന, പാർസി എന്നീ മതക്കാർ ഇവിടെയുണ്ട്. .ഏതാണ്ടെല്ലാ സഭക്കളുടെയും ചർച്ചുകൾ ഇവിടെയുണ്ട്. കേരളത്തിലെ ബാവ, മെത്രാൻ കക്ഷികൾ ഉൾപ്പെടെ യഹോവ സാക്ഷികൾ ഒഴികെയുള്ള എല്ലാവർക്കും ഇവിടെ പ്രാർത്ഥനാലയങ്ങളുണ്ട്. ഇതിനാവശ്യമായ സ്ഥലം സർക്കാർ നൽകുന്നുമുണ്ട്. പൊതുവായ അമ്പലങ്ങൾ ഇനിയും നിർമ്മിക്കാൻ സ്ഥലം ലഭിച്ചിട്ടില്ല. എന്നാൽ വിവിധ തൊഴിലാളി ക്യമ്പുകളിൽ അമ്പലങ്ങൾ ഉണ്ട്. സാക്ഷാൽ യൂസുഫുൽ റദാവി അമ്പലങ്ങൾ നിർമ്മിക്കാൻ അനുമതിയും സ്ഥലവും നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും ചേർത്ത് പിടിച്ച് പോകുമ്പോഴാണ് ഒരു രാജ്യം നന്നായി മുന്നാട്ട് പോവുക എന്ന് ഖത്തർ ഭരണാധികാരികൾക്കും അറിയാം. പക്ഷേ അവർക്ക് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ മാറ്റാൻ കഴിയില്ലല്ലോ. ഒരേ സമയം ആധുനികയും വേണം ഇസ്ലാമും വേണം. ആ പ്രതിസന്ധിയാണ് ഖത്തർ ഇപ്പോൾ അനുഭവിക്കുന്നത്.
ലോകകപ്പിന് പോയി ലോക്കപ്പിലാവരുത്!
അതേസമയം ലോകകപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഖത്തറിനെതെിരെ വൻ തോതിൽ പ്രതിഷേധം വിദേശ മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. മദ്യ-പുകവലി നിരോധനങ്ങൾ മാത്രമല്ല, എൻജിബിടിക്യൂ കമ്യൂണിറ്റിയോടും എന്തിന് മഴവിൽ നിറമുള്ള വസ്തുക്കളോടുമുള്ള വെറുപ്പ് ആ രാജ്യം വെച്ചുപുലർത്തുന്നത് വല്ലാതെ വിമർശിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ലോകകപ്പ് കൊടുത്തതിൽ പ്രമുഖ കലാകാരന്മാർ അടക്കം പ്രതിഷേധിക്കുന്നുണ്ട്. 'വാക്കാ വാക്കാ' എന്ന ഗാനത്തിലുടെ പ്രശസ്തയായ കലാകാരി ഷാക്കിറ അടക്കമുള്ളവർ ഖത്തറിലേക്ക് ഇല്ല എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു.
എന്നാൽ ഒരു ഇസ്ലാമിക രാഷ്ട്രമായ ഖത്തറിൽ യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ഓർത്തിരിക്കേണ്ടതായിട്ടുണ്ട്. ലോകകപ്പിന് പോയി ലോക്കപ്പിലാവരുത് എന്ന് പറഞ്ഞ് ഒരു കുറിപ്പാണ് പാശ്ചാത്യരുടെ വാട്സാപ്പ് കൂട്ടായ്മയിൽ പ്രചരിക്കുന്നത്.സാധാരണ ഫുട്‌ബോൾ മത്സരത്തിൽ തുളുമ്പുന്ന വലിയ ബിയർ ഗ്ലാസുമായി കളികാണുന്ന കാണികളെ കണ്ടിരിക്കും, എന്നാൽ ഇതൊന്നും ഖത്തറിൽ പ്രതീക്ഷിക്കുകയേ വേണ്ട. പുകവലിയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇ സിഗരറ്റ്, ലൈറ്ററുകൾ, തീപ്പട്ടി എന്നിവയൊന്നും സ്റ്റേഡിയത്തിൽ കൊണ്ട് പോകാൻ ആവില്ല. ഖത്തറിലേക്ക് മദ്യം കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്, കുറ്റത്തിന് ഒരാൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലൈസൻസുള്ള ഹോട്ടൽ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം കഴിക്കാൻ അനുവാദമുണ്ട്.
ഇതിന് പുറമേ ഡ്രഗ്സിനോടും ഖത്തർ ഒരു ദയയും കാട്ടില്ല. ലോകകപ്പ് കഴിഞ്ഞാലും ലോക്കപ്പിൽ നിന്ന് ഇറങ്ങാനാവില്ലെന്നത് ഓർക്കുക. ഉറക്ക ഗുളികകൾ, വേദനസംഹാരികൾ തുടങ്ങിയ മരുന്നുകൾ പോലും ഇവിടെ കൊണ്ടുവരാനാവില്ല.വസ്ത്രവും ശ്രദ്ധിക്കണംഇസ്ലാമിക നിയമങ്ങൾ കർശനമായി പിന്തുടരുന്ന ഖത്തറിൽ കർശനമായ വസ്ത്രധാരണ രീതിയുണ്ട്. എന്നാൽ ഇപ്പോൾ ലോകകപ്പ് പ്രമാണിച്ച് ഇതിൽ ചെറിയ ഇളവ് അധികാരികൾ വരുത്തിയിട്ടുണ്ട്. സ്ത്രീകളായ ആരാധികമാർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചർമ്മം പുറത്ത് കാട്ടുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ ഇറങ്ങരുത്. പൊതുസ്ഥലങ്ങളിൽ ചെറിയ പാവാടയും സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത്. ഖത്തറിന്റെ സംസ്‌കാരത്തിന് എതിരായതിനാൽ പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കരുത്, അതായത് പങ്കാളിയെ ഒന്ന് ഹഗ്ഗ് ചെയ്യാനോ, ചുംബിക്കാനോ തോന്നിയാൽ അത് അരുത്. ഖത്തർ ടൂറിസം അഥോറിറ്റി ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകും.വിരലുകൾ പോലും പണി തരാംപൊതു സ്ഥലങ്ങളിൽ കൈകൾ, വിരലുകൾ എന്നിവ ഉയർത്തി അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ പോലും ഖത്തർ നിയമപ്രകാരം കുറ്റകരമാണ്.
അശ്ലീലസാഹിത്യം, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവയും ഇവിടെ പാടില്ല. ഇത് പോലെ ആഹാരത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. പന്നിയിറച്ചി ഉൽപന്നങ്ങൾ ഇവിടെ ലഭിക്കില്ലെന്നത് അറിയാമല്ലോ, അതിനാൽ ചോദിക്കാതിരിക്കുന്നതാണ് ഉത്തമം. വിവാഹേതര ലൈംഗിക ബന്ധവും ഖത്തറിൽ പാടില്ല. ഏഴ് വർഷം വരെ തടവാണ് ശിക്ഷയെന്നതിനാൽ അടുത്ത ലോകകപ്പിലും പുറംലോകം കാണാനാവില്ലെന്നത് ഓർമ്മയുണ്ടാവണം എന്നാണ് വിദേശികളെ ലക്ഷ്യമിട്ടുള്ള വാട്സാപ്പ് കുറിപ്പിൽ പറയുന്നത്.
ലോകകപ്പ് കാണാനെത്തുന്ന വിദേശികൾക്ക് ഫലത്തിൽ നിയമങ്ങളിൽ ഇളവുണ്ട്. ഒരാളെയും പിടിച്ച് ജയിലാക്കുക എന്ന മഠയത്തത്തിന് അവർ കൂട്ടുനിൽക്കില്ല. പക്ഷേ ഈ ആധുനിക കാലത്ത് സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കാത്ത, ട്രാൻസ് ജെൻഡറുകളെ അംഗീകരിക്കാത്ത ഹോമോഫോബിക്ക് ആയ ഒരു സമൂഹത്തിൽ, കാൽപ്പന്തുകളിപോലെ ഭൂഖണ്ഡങ്ങളെ ഇണക്കാൻ കഴിയുന്ന മാനവികതയുടെ ഉത്സവം കൊണ്ടുവച്ചെതിനെയാണ് യൂറോപ്യൻ ആക്റ്റീവിസ്റ്റുകൾ ചോദ്യം ചെയ്യുന്നത്.
വാൽക്കഷ്ണം: ഇപ്പോൾ ലോകകപ്പിലെ ബിയർ നിരോധനമൊക്കെ ഖർദാവിയുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും വ്യാഖ്യാനിച്ച് ഹലാൽ ആക്കി, ഇസ്ലാമിക്ക് ബിയർ ആക്കി ഖത്തറിനെ രക്ഷിക്കുമായിരുന്നു എന്നാണ് ചില ട്രോളന്മാർ തട്ടിവിടുന്നത്.കാരണം പലിശക്ക് പകരം വാടക തുടങ്ങിയ ചില ചെപ്പടി വിദ്യകൾ ഉപയോഗിച്ച് എന്തും ഹാലാൽ ആക്കാൻ അറിയുന്ന ആളായിരുന്നു ഖർദാവിയത്രേ!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ