പുഴുവിൽനിന്ന് പൂമ്പാറ്റയുണ്ടാവുന്ന ആ പരിണാമ ചരിത്രംപോലെയായിരുന്നു, ഈ നേതാവിന്റെയും മാറ്റം. കാണാൻ ഭംഗിയില്ലാത്ത ഒരു പുഴു കൊക്കൂണിൽ കിടന്ന് പുറത്തുവരുമ്പോൾ മനോഹരമായ ഒരു ചിത്രശലഭം ആവുന്നതുപോലെയുള്ള മാറ്റമാണ് ഒരു ഒറ്റ യാത്രകൊണ്ട്, രാഹുൽ ഗാന്ധിയെന്ന 52കാരനായ ആ കോൺഗ്രസ് നേതാവ് നേടിയത്. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളും, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും താണ്ടി, 4080 കിലോമീറ്റർ പിന്നിട്ട്, കന്യാകുമാരിയിനിന്ന് തുടങ്ങിയ 135 ദിവസത്തെ ആ നടത്തം, കാശ്മീരിൽ അവസാനിക്കുമ്പോൾ അത് ചരിത്രമാവുകയാണ്.

ഇന്ത്യയുടെ ആത്മാവെന്ന് ഗാന്ധിജി പറഞ്ഞ ഗ്രാമഗ്രാമന്തരങ്ങളിലൂടെയും, നഗരവീഥികളിലൂടെയും ജാതി മത ഭാഷാ ദേശ വർഗ ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെ ഇതു പോലെ ചേർത്ത് പിടിച്ച നടന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന് സമാനമായ ഐതിഹാസിക യാത്രയാണ് ഇതിനെ 'ദ ഹിന്ദു'പോലുള്ള ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണമൂലം വിഭജിക്കപ്പെട്ട രാജ്യത്തിന്റെ ഗ്രാമങ്ങളിലുടെ സ്നേഹത്തിന്റെ പ്രവാചകനെപ്പോലെ അയാൾ നടന്നുവന്നു. ചുംബിച്ചും, കെട്ടിപ്പിടിച്ചും, തോളിൽകൈയിട്ടും, ഒപ്പം ഇരുന്ന് ചായ കുടിച്ചും, കുശലം പറഞ്ഞും ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞു.

ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ, സോഷ്യൽ മീഡിയിൽ അടക്കം ഉയർന്ന പരിഹാസം ഭീകരമായിരുന്നു. വീണ്ടും പപ്പുമോൻ പട്ടിഷോ എന്നും, തോൽവികൾ ഏറ്റു വാങ്ങാൻ രാഹുലിന്റെ ജീവിതം പിന്നെയും ബാക്കിയെന്നും, കേരളത്തിലല്ലാതെ ഒരിടത്തും യാത്രക്ക് ആളുണ്ടാവില്ല എന്നൊക്കെ എതിരാളികൾ ആഘോഷിച്ചു. പക്ഷേ കന്യാകുമാരി തൊട്ട് കാശ്മീർ വരെ യാത്രക്ക് ആളുകൂടിയത് കോൺഗ്രസ് നേതൃത്വത്തെപ്പോലും ഞെട്ടിച്ചു. ആദ്യം യാത്രയെ അവഗണിച്ച മുഖ്യധാരാ മാധ്യമങ്ങൾ ആൾക്കൂട്ടം കണ്ട് പ്ലേറ്റ്മാറ്റി. കമൽഹാസനും, എം കെ സ്റ്റാലിനും തൊട്ട് യോഗേന്ദ്രയാദവ് വരെയുള്ള വ്യത്യസത രാഷ്ട്രീയ വീക്ഷണങ്ങൾ ഉള്ളവരും യാത്രയിൽ പങ്കാളികളായി. അൽജസീറ തൊട്ട് ബിബിസിവരെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും യാത്ര തലക്കെട്ടായി.

സാധാരണരീതിയിൽ കോൺഗ്രസ് നേതാക്കൾ ഉപയോഗിക്കുന്ന, 'അഴിമതിക്കാരുടെ യൂണിഫോം' എന്ന് പരിഹസിക്കപ്പെടുന്ന വെളുത്ത ഖദർ വസ്ത്രം രാഹുൽ ഈ യാത്രയിൽ ഒഴിവാക്കി. പകരം ഇന്ത്യയിലെ മിഡിൽ ക്‌ളാസ് ഉപയോഗിക്കുന്ന പാന്റ്‌സും ടീഷർട്ടുമായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. ഡൈ ചെയ്ത് സുന്ദരനാവാൻ ശ്രമിക്കാതെ അദ്ദേഹം, താടിയും മുടിയും വളർത്തി ജരാനരകളുള്ള സ്വന്തം ശരീരം അങ്ങനെ തനെ കാണിച്ചു. ഇതും ഇറ്റാലിയൻ കോട്ട് ധരിച്ചുവെന്ന് ആരോപണമുയരുന്ന മോദിയോടുമുള്ള താരതമ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

രാഹുലിന്റെ ജോഡാ യാത്രയുടെ വൻ വിജയം രണ്ട് കാര്യങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഒന്ന് കോൺഗ്രസിനെ ഇനിയും എഴുതിത്ത്ത്ത്ത്ത്ത്തള്ളാൻ ആയിട്ടില്ല. ആ പാർട്ടിക്ക് ഇപ്പോഴും ഇന്ത്യയിൽ അങ്ങോളമിങ്ങോളം ബഹുജനങ്ങളുടെ പിന്തുണയുണ്ട്. രണ്ടാമകാര്യം രാഹുൽ ഗാന്ധിയെന്ന നേതാവും, സ്വയം പരിഷ്‌ക്കരിക്കപ്പെട്ടുവെന്നതാണ്. യാത്രക്കിടടെ അദ്ദേഹം തന്നെ തുറന്ന് പറഞ്ഞപോലെ, പഴയ രാഹുലിലെ കൊന്ന് കുഴുച്ചിമൂടി. ഇനിയങ്ങോട്ടുള്ള പുതിയ രാഹുൽ വെറും പപ്പുമോനല്ല. ജനങ്ങളുടെ പ്രിയങ്കരനാണ്. നാണം കുണുങ്ങിയും ഒളിച്ചോട്ടക്കാരനും അന്തർമുഖനുമായ രാഹുൽഗാന്ധിയെയല്ല, നിശ്ചയ ദാർഢ്യത്തിന്റെ പര്യായായ പുതിയ ഒരാളെയാണ് ജോഡോയാത്രയിൽ കാണാൻ കഴിഞ്ഞത്. അജയ്യരായി മുന്നേറുന്ന സംഘപരിവാർ രാഷട്രീയത്തിന് കനത്ത പ്രതിരോധമുയർത്താൻ ഈ പുതിയ രാഹുൽഗാന്ധിക്ക് കഴിയുമോ എന്നാണ്് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.


ചരിത്രം തിരുത്തിയ ജോഡോയാത്ര

കോൺഗ്രസിന്റെ ഒരു പ്രചാരണ പരിപാടിയാക്കി യാത്രയെ മാറ്റിയില്ല എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതായി സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇന്ത്യയിൽ കത്തിനിൽക്കുന്ന സമയത്ത് നാടിനെ ഒരുമിപ്പിക്കുക എന്നതായിരുന്നു, രാഹുൽ ഗാന്ധി എവിടെയും എടുത്തു പറഞ്ഞ മുദ്രാവാക്യം. കോൺഗ്രസിന് ഉണർവ് പകരാൻ മാത്രമുള്ള വെറുമൊരു രാഷ്ട്രീയ പദയാത്രയായി അത് ചുരുങ്ങിയില്ല. പകരം പ്രതിപക്ഷ പാർട്ടികളെയും സമാന ചിന്താഗതിക്കാരായ പ്രസ്ഥാനങ്ങളെയും, മതേതര കക്ഷികളുടെയുമൊക്കെ ഒരു ഐക്യനിരയായി അതുമാറി. ഒരു കണ്ടെയിനറിൽ ഇന്ത്യ കാണാൻ ഇറങ്ങിയവർ എന്ന് ആദ്യം പരിഹസിച്ചവർ പോലും പിന്നീട് നിലപാട് മാറ്റി.

'വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ പീടിക തുറക്കാനാണ്' താൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നത്. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനായ ഷാജഹാൻ മാടമ്പാട്ട് ഇങ്ങനെ എഴുതുന്നു. -''മതിപ്പുളവാക്കാത്ത, ജനപ്രിയനല്ലാത്ത, ജനകീയനല്ലാത്ത രാഹുൽ ഗാന്ധി എല്ലാ അർത്ഥത്തിലും അത്ഭുതപ്പെടുത്തുന്ന, ആശയവ്യക്തതയും അസാമാന്യമായ ആശയ വിനിമയ പാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. കന്യാകുമാരിയിൽ യാത്ര ആരംഭിക്കുമ്പോൾ ഇതൊരു വലിയ സാമൂഹ്യ രാഷ്ട്രീയ സംഭവമായി മാറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അതുവരെ കോൺഗ്രസിൽ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂർണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദർശിപ്പിക്കുന്ന ഒരു പുതിയ രാഹുൽഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോഴേക്കും ആർക്കും 'പപ്പു' എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തി മേന്മയിലേക്ക് അദ്ദേഹം പരിവർത്തിച്ചിരുന്നു.'' ഷാജഹാൻ വ്യക്തമാക്കി.

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ സനാതനധർമമാണ് ഇന്ത്യയുടേതെന്നും, വഴിയിൽ കൊല്ലപ്പെടുന്ന പാവപ്പെട്ടവനുനേർക്കുള്ള അധർമമല്ല അതെന്നും രാഹുൽ വിളിച്ചുപറഞ്ഞിരിക്കുകയാണ്. അയാളുടെ കുടുംബത്തെപ്പറ്റിയോ ആരോഗ്യത്തെ പറ്റിയോ, വഴിയിലെ ദുർഘടങ്ങളെ പ്പറ്റിയോ ഒന്നുമല്ല ,കഴിഞ്ഞഅഞ്ചുമാസത്തോളം രാഹുൽഗാന്ധിയിലെ പച്ചമനുഷ്യൻ സംവദിച്ചതും വിചാരിച്ചതും. ഇന്ത്യയുടെ ശതകോടികളായ മനുഷ്യരുടെ ഭാവിയെയും ഈ രാജ്യത്തിന്റെ നിലനിൽപിനെക്കുറിച്ചുമായിരുന്നു.

തമിഴ്‌നാട്ടിൽ ഉൾഗ്രാമങ്ങളിൽപോലും ഈ യാത്രക്ക് ലഭിച്ച ആവേശകരമായ സ്വീകരണത്തെക്കുറിച്ച് 'ദ ഹിന്ദു'വിലും മറ്റും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നവതി കഴിഞ്ഞ സ്വാതന്ത്ര്യ സമരസേനാനികൾവരെ അതിൽ പങ്കെടുക്കാനെത്തി. പ്രത്യാശയുടെ സന്ദേശമായി പൊതുവിൽ ഈ ഇടപെടൽ വിലയിരുത്തപ്പെടുന്നുവെന്ന് യാത്ര സന്ദർശിച്ചശേഷം 'ടെലിഗ്രാഫ്' പത്രാധിപർ ആർ. രാജഗോപാൽ വികാരപരമായി എഴുതി.

അതുപോലെ ഉത്തരേന്ത്യയുടെ ഉൾഗ്രാമങ്ങളിലം വൻജനാവലി രാഹുലിനെ കാണാൻ എത്തി. എവിടെയും വലിയ പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ഒന്നും രാഹുൽ നടത്തിയില്ല. പകരം കെട്ടിപ്പടിച്ചും, കൈകൊടുത്തും, സെൽഫിയെടുത്തും, ചുംബിച്ചും സനേഹത്തിന്റെ പ്രവാചകൻ ആവുകയായിരുന്നു അദ്ദേഹം. 'താൻ നെഹ്റുവിന്റെ കൊച്ചുമകൻ തന്നെയാണെന്ന് രാഹുൽ സ്നേഹത്തോടെ ഇന്ത്യയെ ബോധ്യപ്പെടുത്തിയ നിമിഷം' എന്നാണ് ഇതേക്കുറിച്ച് ഡെക്കാൻ ഹെറാൾഡ് എഴുതിയത്. യാത്ര വൻ വിജയമാണെന്ന് കണ്ടതോടെ അവഗണിച്ചിരുന്ന മാധ്യമങ്ങളും പിറകെയത്തി.

മീഡിയയും മനസ്സുമാറ്റുന്നു

രാജ്യമെമ്പാടും നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ ദേശീയ മാധ്യമങ്ങളും കോൺഗ്രസിനെ തൃണവത്ക്കരിക്കുക പതിവായിരുന്നു. സമീപകാലത്തൊന്നും അധികാരത്തിൽ എത്താൻ സാധ്യതയില്ലാത്ത പാർട്ടി എന്ന നിലയിലാണ് അവർ കോൺഗ്രസിനെ കണ്ടത്. ജോഡോ യാത്ര തുടങ്ങിയപ്പോൾ, ദേശീയമാധ്യമങ്ങളുടെ നിലപാട് അതായിരുന്നു. ജോഡോ യാത്ര കന്യാകുമാരിയിൽ തുടങ്ങിയപ്പോൾ അത് വെറുമൊരു സാധാരണ വാർത്ത മാത്രമായിരുന്നു അവർക്ക്.

പക്ഷേ ആളകൂടിയതോടെ മീഡിയയും ഒപ്പം കൂടി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാൻ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബിജെപി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകൾക്കുള്ളിൽ പരാജയപ്പെട്ടു. ആക്രമണത്തിൽനിന്ന് അവർ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാൻ തുടങ്ങി. യാത്ര കൊറോണ പടർത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സർക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.

യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂർച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ പത്രക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മർമവിഷയങ്ങളിൽ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതൽ അഭ്യാസം കാണിക്കാൻ വന്ന പത്രക്കാർക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വിയിലെ ഒരു റിപ്പോർട്ടർ കോൺഗ്രസ്സിലെ ആന്തരികപ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചപ്പോൾ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ: 'നിങ്ങൾക്ക് ഇപ്പോൾ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.' അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവർ പ്രതിഷേധിച്ചെങ്കിലും അവരുടെ വിഷമം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും രാഹുൽ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേർസിനും മറ്റും നീണ്ട സംഭാഷണങ്ങൾ അനുവദിക്കുകയും ചെയ്തു. ഇതിലുടെയും രാഹുൽ ഒരു വ്യക്തമായ സൂചന നൽകി. ഈ രാജ്യത്ത് മുഖ്യധാരാമാധ്യമങ്ങൾ എതിരുന്നിന്നാലും ഒരു ചുക്കം സംഭവിക്കില്ല. ഞങ്ങൾക്ക് കാര്യം പറയാൻ, വ്ളോഗർമാരും, യുട്ഊബർമാരും, സോഷ്യൽ മീഡിയയും ഉണ്ട്.

'പഴയ രാഹുലിനെ ഞാൻ കൊന്നു'

ഭാരത് ജോഡോ യാത്ര വടക്കേ ഇന്ത്യൻ കൊടുംതണുപ്പിലേക്ക് നടന്നു കയറുന്നതിനിടയിൽ, മധ്യപ്രദേശിൽ വച്ചാണ് രാഹുൽ ഗാന്ധി തന്റെ വേഷം മാറ്റാൻ തീരുമാനിച്ചത്. തണുപ്പകറ്റാനുള്ള സ്വെറ്ററുകൾ മാറ്റിവെച്ച് വേഷം വെളുത്ത മുറിക്കയ്യൻ ബനിയനും പാന്റുമാക്കി. മധ്യപ്രദേശിലെ യാത്രക്കിടയിൽ സ്വെറ്റർ വാങ്ങി ധരിക്കാൻ കെൽപില്ലാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തിയ കഥ രാഹുലിനെ വേഷപ്പകർച്ചക്ക് പ്രേരിപ്പിച്ച കാര്യം അദ്ദേഹവും ഒപ്പമുള്ള കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നുണ്ട്. തനിക്ക് തണുത്ത് മരവിപ്പ് അനുഭവപ്പെടുമ്പോൾ മാത്രം മതി ഊഷ്മാവ് ഉയർത്താനുള്ള വസ്ത്രങ്ങളെന്നാണ് അദ്ദേഹത്തിന്റെ നിശ്ചയം. മഹാത്മജി അർധനഗ്നനായ ഫക്കീറായി മാറിയ കഥയാണ് ഇവിടെ പലരും അനുസ്മരിക്കുന്നത്. പിന്നീടങ്ങോട്ട് കശ്മീരിലേക്കുള്ള നടത്തത്തിനിടയിൽ എവിടെയും വെളുത്ത മുറിക്കയ്യൻ ബനിയൻ തന്നെ രാഹുലിന്റെ വേഷം.

രാഹുലന്റെ ഈ വേഷംമാറ്റവും ഗാന്ധിജിയോട് ഉപമിക്കപ്പെട്ടു. 1921 സെപ്റ്റംബർ 22നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി തന്റെ പ്രതിബിംബം മാറ്റിയത്. തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് രാമനാഥപുരത്തേക്കും തിരുനെൽവേലിയിലേക്കുമുള്ള യാത്രകൾക്കിടയിൽ അദ്ദേഹം ഔപചാരിക വേഷങ്ങൾ ഉപേക്ഷിച്ചു. ദോത്തിയും ഷാളും മാത്രം ധരിച്ച അർധനഗ്നനായ ഫക്കീറായി. അവിടം മുതൽ മരണം വരെ, മഹാത്മഗാന്ധിയെ മറ്റൊരു വേഷത്തിൽ ആരും കണ്ടിട്ടില്ല. കാൽമുട്ടിനു താഴേക്കു നീളാത്തവിധം അരയിൽ ചുറ്റിയ മുണ്ടും ഒരു പുതപ്പുമായിരുന്നു വിദേശ യാത്രകളിൽ പോലും മഹാത്മാവിന്റെ വേഷം. രാഹുലിന്റെ ഈ ഇടപെടൽ ഗാന്ധിയെ ഓർമ്മിപ്പിക്കുന്നുവെന്ന് പല പ്രമുഖ മാധ്യമ പ്രവർത്തകരും എഴുതുകയുണ്ടായി.

ഒരു അമൂൽബേബിയായി പേരിഹസിക്കപ്പെട്ട രാഹുൽ താടിരോമങ്ങൾ നീട്ടിവളർത്തി ഗൗരവഭാവം ഉൾക്കൊണ്ടിരിക്കുന്നു. ഹരിയാനയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു: ''പഴയ രാഹുൽ ഇന്നില്ല. ജനങ്ങളുടെ മനസിൽ ഇതുവരെയുണ്ടായിരുന്ന രാഹുലിന്റെ പ്രതിഛായയെ ഞാൻ തന്നെ കൊന്നു കളഞ്ഞു. അയാൾ ഇപ്പോൾ എന്നിലും ഇല്ല. നിങ്ങൾക്ക് മുന്നിലുള്ളത് പുതിയ രാഹുലാണ്. ''

കോൺഗ്രസും ഗാന്ധിജിയുമായുള്ള ഒരു ബന്ധംപോലെയാണ് പലരും രാഹുലിന്റെ പുതിയ മാറ്റത്തെ ചൂണ്ടിക്കാട്ടുന്നത്്. അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും അപ്പുറത്താണ് രാഷ്ട്രം എന്ന തിരിച്ചവറിവ് രാഹുലിനും വരുന്നു. ഗാന്ധിജിയും അങ്ങനെയായിരുന്നു. കോൺഗ്രസിൽ മെമ്പർഷിപ്പുപോലും ഇല്ലാഞ്ഞിട്ടും അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചു. രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനുള്ള ചാലക ശക്തിമാത്രമായിരുന്നു ഗാന്ധിക്ക് കോൺഗ്രസ്. ആ രീതിയിലേക്ക് രാഹുലും മാറുകയാണെന്ന് തോന്നുന്നു. ഇത് പല നിലയ്ക്കും ഒരു ദാർശനികമാറ്റം കൂടിയാണ്.

ആരായിരുന്നു പഴയ രാഹുൽ

പഴയ രാഹുലിനെ താൻ കുഴിച്ചുമൂടിയെന്ന പ്രസ്താവന ശരിക്കും അന്വർഥമായിരുന്നു. നാണം കുണുങ്ങിയും ഒളിച്ചോട്ടക്കാരനും അന്തർമുഖനുമായ രാഹുൽഗാന്ധിയാണ് അയാൾ കുഴിച്ച് മൂടിയത്. രാഹുലിന്റെ എറ്റവും വലിയ പ്രശ്നം നിർണ്ണായക നിമിഷങ്ങളിൽ പതറിപ്പോവുക എന്ന അർജുന വിഷാദയോഗം ആയിരുന്നു. പിന്നെ അൽപ്പം എടുത്തുചാട്ടവും. യുപിഎ ഭരണകാലത്ത് മന്മോഹൻസിങ് കൊണ്ടുവന്ന ഒരു ബിൽ പരസ്യമായി കീറി എറിഞ്ഞത് ഓർമ്മയില്ലേ. അതുപോലെ നിർണ്ണായക സന്ദർഭം വരുമ്പോൾ രാജ്യം വിട്ട് ഒളിച്ചോടുന്നുവെന്നും അയാൾ പഴികേട്ടു.

എഴുത്തുകാരനും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ ജെ എസ് അടൂർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ വന്നിട്ട് ഏതാണ്ട് ഇരുപത്തിരണ്ട് കൊല്ലമായി. വളരെ അസാധാരണമായ ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്ന് വന്നത്. ഇന്ത്യയുടെ അധികാര രാഷ്ട്രീയതിന്റെ മടിത്തട്ടിൽ ജനിച്ചു വളർന്നഒരാൾ. ജീവിതത്തെ മാറ്റി മറിച്ച രണ്ട് അതിദാരുണ മരണങ്ങൾ. സ്വന്തം അച്ചന്റെ പൊട്ടി തകർന്ന ശരീരം പോലും കാണാൻ ആകാതെ ചിതക്ക് തീ കൊളുത്തിയ കൗമാരം കഴിഞ്ഞ യുവാവിന്റെ മാനസിക അവസ്ഥ ആലോചിച്ചു നോക്കുക്ക.

ബാല്യകാലത്തിൽ തന്നെ സ്വന്തം മുത്തശ്ശി വെടിയേറ്റു മരിക്കുന്നത് കാണുന്ന കുട്ടിയുടെ മനസ്ഥിതിയോർക്കുക. അത് കഴിഞ്ഞു ജീവന്റെ സുരക്ഷക്കായി നിരന്തരം നിരീക്ഷിക്കപ്പെട്ടു എസ് പി ജി മറക്കുള്ളിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ. അത് ആസാധാരാണമായ ജീവിത സാഹചര്യമാണ്. അത് കഴിഞ്ഞു അധികാര രാഷ്ട്രീയത്തിൽ എത്തപെട്ടപ്പോൾ ഇത്രമാത്രം രാഷ്ട്രീയ വിചാരണക്ക് വിധേയമാക്കപെട്ടു അപഹസിക്കപെട്ട അധികമാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല.

തുടക്കത്തിൽ കുടുംബ ഉത്തര വാദിത്തം പോലെ എടുത്ത അധികാര രാഷ്ട്രീയം ഒരു മുൾകിരീടം പോലെയായിരുന്നു രാഹുലിന്. അദ്ദേഹതിനു 2004 ൽ തന്നെ ക്യാബിനറ്റു മന്ത്രി ആകാമായിരുന്നു.2010 ൽ ഇന്ത്യൻ പ്രധാന മന്ത്രി ആകാമായിരുന്നു. പക്ഷെ പരമ്പരാഗതമായ അധികാര രാഷ്ട്രീയത്തോടെ വിമുഖത കാണിച്ചയോരാളെയാണ് രാഹുൽ ഗാന്ധിയിൽ നാം കാണുന്നത്. മന്ത്രിയോ പ്രധാന മന്ത്രിയോ ഒക്കെ ആകാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും വേണ്ട എന്ന് തിരുമാനിച്ചവർ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇല്ല എന്ന് തന്നെ പറയാം. അതൊന്നും വേണ്ട എന്നു പറഞ്ഞു ഇന്ത്യയിൽ എല്ലാം എസ് പി ജി അകമ്പടിയോട് സഞ്ചരിച്ച രാഹുൽ ഗാന്ധിയെ സംഘ മീഡിയ മാനേജേർമാർ ' പപ്പു ' എന്ന് വിളിച്ചാക്ഷേപിച്ചിട്ടും അദ്ദേഹത്തിന് പരാതിയുണ്ടായില്ല.യഥാർത്ഥത്തിൽ തികച്ചും പുതിയ ഒരു രാഹുൽ ഗാന്ധിയുടെ ഉദയമാണ് ഭാരത് ജോഡോ യാത്രയിൽ കണ്ടത്.''- ജെ എസ് അടൂർ വ്യക്തമാക്കി.

പഴയ രാഹുലല്ല ഇപ്പോഴുള്ളത്. പത്രസമ്മേളനങ്ങളിൽ അളന്നുമുറിച്ചുള്ള മറുപടി മാത്രം. ഏതു ചോദ്യത്തിനും കൃത്യമായ രാഷ്ട്രീയബോധ്യത്തോടെയുള്ള ഉത്തരം. നടത്തം രാഷ്ട്രീയമാണെന്നും ജനങ്ങളുമായുള്ള ഇടപഴകൽ രാഷ്ട്രീയപ്രവർത്തനമാണെന്നുമുള്ള ഒരു പുതിയ വിഷൻ അദ്ദേഹം രൂപപ്പെടുത്തുന്നു. രാഹുലിന്റെ കാമുകിയും വിവാഹവുമൊക്കെ എന്നും വിവാദത്തിലാണ്. അതിനും യാത്രക്കിടെ അദ്ദേഹം സരളമായി മറുപടി നൽകി. വിവാഹത്തിനെതിരല്ലെന്നും യോജിച്ച പങ്കാളിയെ കണ്ടെത്താത്തതുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തതെന്നും പറഞ്ഞ രാഹുൽ യോജിച്ച പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്നും കൂട്ടിച്ചേർത്തു. സ്നേഹമയിയായ, ബുദ്ധിമതിയായ പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കുന്നതിന് തടസമില്ലെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. മമ്പൊന്നും വ്യക്തജീവിതത്തിൽ അദ്ദേഹത്തിന് ഇത്ര സുതാര്യത പുലർത്താൻ കഴിഞ്ഞിരുന്നില്ല.

പൊള്ളുന്ന യാത്രാനുഭവങ്ങൾ

അസാധാരണമായ അനുഭവങ്ങളാണ് ഈ യാത്രയിൽ പങ്കെടുത്തവർക്ക് പറയാനുണ്ടായിരുന്നത്. രാഹുൽഗാന്ധിക്ക് ഒപ്പം പരിപാടയിൽ നഗ്‌നപാദാനായി നടന്ന, മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും, കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ മാതൃഭൂമി ദിനപ്പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -''വിവിധ ഭാഷകളും സംസ്‌കാരങ്ങളും വേഷങ്ങളുമുള്ള ജനങ്ങളോട് ഇടപഴകാൻ കിട്ടിയതാണ് അപൂർവഭാഗ്യം. ഏറ്റവും വിഷമം തോന്നിയത് മധ്യപ്രദേശിലാണ്.

നൂറ്റമ്പത് രൂപയാണ് അവിടെ പലയിടത്തും ദിവസക്കൂലി. റോഡുകളെല്ലാം മോശമായി കിടക്കുന്നു. വികസനം ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളിലൊന്ന്. കശ്മീരിലെത്തിയപ്പോൾ ഭക്ഷണരീതിയും പെരുമാറ്റരീതിയുംതന്നെ മാറി. ചിലയിടത്ത് നമ്മൾ തുർക്കിയിലോ ഇറാനിലോ എത്തിയ പ്രതീതിയാണ്. ഒരു സുഹൃത്തിന്റെ വീട്ടിൽ ക്ഷണം സ്വീകരിച്ച് ചെന്നപ്പോൾ തുർക്കി കാർപ്പറ്റ് വിരിച്ച് നിലത്തിരുത്തിയാണ് ഭക്ഷണം നൽകിയത്. വളരെ പുരോഗമനപരമായി മുന്നേറുന്ന സമൂഹമായും കശ്മീരിനെ കാണണം.

ഒരിടത്ത് ഒരു കൊച്ചുപെൺകുട്ടി ഇന്ത്യൻ സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. പ്രത്യേകപദവി പിൻവലിച്ചതിൽ ശക്തമായ പ്രതിഷേധം ഇവിടെ ഉണ്ടെങ്കിലും ഇന്ത്യൻ സൈന്യം രണ്ടു ദശകത്തോളമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ പ്രതിഫലനമാണിത്. അതുപോലെ കർണാടകത്തിൽ ഒരയ്യപ്പഭക്തനെ കണ്ടു. 15 വർഷത്തോളമായി ശബരിമലയിൽ വരുന്നയാളാണ്. അദ്ദേഹത്തിന്റെ വീട്ടിൽ അയ്യപ്പന്റെ ഫോട്ടോ കണ്ടില്ല. ചോദിച്ചപ്പോൾ പറഞ്ഞു, ആ മുറിയിൽ താൻ മാത്രമേ കയറാറൂള്ളൂ എന്ന്. അത്ര വൈവിധ്യമേറിയ വിശ്വാസങ്ങളാണ് നമ്മുടെ നാട്ടിൽ. അതെല്ലാം ഒരുപോലെ കാണാനും ഐക്യത്തോടെ വർത്തിക്കാനും ജനതയെ പ്രചോദിപ്പിക്കുന്ന യാത്രയാണിത്.''- ചാണ്ടി ഉമ്മൻ വ്യക്മാക്കി.

പാലക്കാട് ജില്ലാ മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ ഇബ്രാഹിം പറയുന്നു. '' രാഹുൽഗാന്ധിയുടെ സഹനശക്തിയാണ് അദ്ഭുതപ്പെടുത്തുന്നത്. യാത്ര തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങാണിപ്പോൾ ആ വ്യക്തിത്വത്തിലുള്ള വിശ്വാസം.'' - അവർ പറയുന്നു.

വയനാട് പോരൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും യാത്രയിൽ താടിവളർത്തി ഒപ്പം നടന്ന് പേരെുടുത്ത ബിജേഷ് നെച്ചിക്കോടൻ ഇങ്ങനെ പറയുന്നു '' ഭാരത് ജോഡോ യാത്രയെ വരവേറ്റ പതിനായിരങ്ങളിൽ സമൂഹത്തിന്റെ താഴെത്തട്ടിഇ ഉള്ളവരായിരുന്നു ഏറ്റവും കൂടുതൽ. കൂലിത്തൊഴിലാളികൾ, കർഷകർ, ആദിവാസി ഗോത്രസമൂഹങ്ങൾ, ദളിത് സംഘടനാ പ്രതിനിധികൾ, എഴുത്തുകാർ, സാമൂഹികപ്രവർത്തകർ, വിദ്യാർത്ഥികൾ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെയെല്ലാം രാഹുൽഗാന്ധി ക്ഷമയോടെ കേട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊടുംതണുപ്പിൽ അതിരാവിലെ വയലിലിറങ്ങി പണിയെടുക്കുന്ന പതിനായിരക്കണക്കിന് കർഷകരെ ഉത്തരേന്ത്യയിൽ കണ്ടു. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. കൊടും തണുപ്പും പൊരിവെയിലും സഹിച്ച് ഇവർ മണ്ണിൽ പൊന്നു വിളയിക്കുന്നു. അവരെയാണ് കേന്ദ്രസർക്കാർ ഒരു വർഷത്തോളം പെരുവഴിയിൽ അവഗണിച്ചിരുത്തിയത്.

ഇങ്ങനെ അവഗണനയേൽക്കുന്ന താഴെത്തട്ടിലുള്ള വിഭാഗങ്ങളെല്ലാം രാഹുൽഗാന്ധിയുടെ യാത്ര കാണാനും ആശിർവദിക്കാനുമെത്തി. രാഹുൽഗാന്ധിയെ കാണാനും അഭിവാദ്യം ചെയ്യാനും വേണ്ടി റോഡരികിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളും തടിച്ചുകൂടി. വീട്ടിലേക്ക് കയറിവരുന്ന ആർക്കും സ്നേഹത്തോടെ ചായയും പഴങ്ങളും നൽകി സ്വീകരിക്കുന്ന ഗ്രാമീണർ. തങ്ങളെ കൊള്ളയടിക്കുകയാണ് ഇപ്പോഴത്തെ സർക്കാരെന്ന് രാഷ്ട്രീയവർത്തമാനത്തിൽ വെട്ടിത്തുറന്നു പറയുന്നതിന് അവർ മടികാട്ടുന്നില്ല.''- ബിജേഷ് പറയുന്നു.

ചുരുക്കത്തിൽ യാത്രയിൽ പങ്കെടുത്തവർക്കെല്ലാം ഇന്ത്യയെ കണ്ടത്താനുള്ള അവസരമാണ് ലഭിച്ചത്.


2024ൽ മാറ്റമുണ്ടാവുമോ?

ജോഡോ യാത്ര വൻ വിജയമായി. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് രാഹുലും തെളിയിച്ചു. പക്ഷേ ഇത് ഇലക്ഷൻ പൊളിറ്റിക്സിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല, എന്നാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. പക്ഷേ കോൺഗ്രസ് അടിത്തട്ടിൽ ഇപ്പോഴും ്രദുർബലമാണ്. നേതാക്കളുടെ പെട്ടിപിടുത്തക്കാരും ഏറാന്മുളികളുമാണ് ഇപ്പോഴും അംഗീകരിക്കപ്പെടുന്നത്. കേരളത്തിൽ ശശി തരുരിന്റെ കാര്യം നോക്കുക. ഇത്രയും കരിസ്മയുള്ള അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരാളെ കോൺഗ്രസ് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല. തരുരാണ് അടുത്ത മുഖ്യമന്ത്രിയെന്ന ഒറ്റ പ്രഖ്യാപനം മതി, കേരളത്തിൽ രാഷ്ട്രീയ മാറ്റം വരുത്താൻ. പക്ഷേ കോൺഗ്രസിലെ ഭൈമീകാമുകന്മാർ സമ്മതിക്കില്ല. ഈ രീതിയിലുള്ള കടുത്ത സംഘടനാനടപടികൾ ഒരോയിടത്തും കോൺഗ്രസ് നടത്തേണ്ടിവരും.അതുപോലെ വിശാലമായ ഒരു പ്രതിപക്ഷ സഖ്യം ഇന്ത്യയിൽ രൂപപ്പെടുന്നില്ല.

വോട്ട് ഭിന്നിച്ചുപോകാതിരിക്കാൻ ഇപ്പോഴും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നില്ല. പദയാത്രയിൽ പങ്കു ചേരണമെന്ന് എൻ.സി.പിയും ശിവസേനയുമൊക്കെ തീരുമാനിച്ചപ്പോൾ, കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയെന്ന നിലയിലാണ് യാത്രയെ സിപിഎമ്മും ആം ആദ്മി പാർട്ടിയും കണ്ടത്. സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണംപോലും സിപിഎം തള്ളിക്കളഞ്ഞിരുന്നു. പിന്നെന്താണ് ഇവരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്നാണ് മനസ്സിലാവാത്തത്. കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയായി മാറുന്നതിന് പകരം, കോൺഗ്രസുമായി സഖ്യമുണ്ടാക്കി ഒന്നാം യുപിഎ സർക്കാർ മോഡലിലുള്ള ഒരു രാഷ്ട്രീയത്തിന് സിപിഎമ്മിന് താൽപ്പര്യം ഇല്ല എന്നാണോ അത് സൂചിപ്പിക്കുന്നത്.

പക്ഷേ പ്രതിപക്ഷ പാർട്ടികൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെങ്കിലും ആർഎസ്എസിനും ബിജെപിക്കുമെതിരെ അവർ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കുമെന്ന് രാഹുൽ കാശ്മീരിൽ പറഞ്ഞതും പ്രതിപക്ഷ സഖ്യം എന്ന ആശയത്തിന് പ്രതീക്ഷ വർധിപ്പിക്കയാണ്. പ്രതിപക്ഷ കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാം എന്നത് തന്നെയായിരിക്കും ഇനിയുള്ള കാലത്തെ രാഹുൽ ഗാന്ധി നേരിടുന്ന വലിയ പ്രതിസന്ധിയും. തെലങ്കാനയിൽ ചന്ദ്രശേഖര റാവിന്റെ നേതൃത്വത്തിൽ ഒരു വിശാല പ്രതിപക്ഷ സംഖ്യത്തിനുള്ള നീക്കം നടക്കുന്നുണ്ട്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അതിൽ പങ്കെടുത്തിരുന്നു. പക്ഷേ ഇതൊക്കെ പഴയ മൂന്നാം മുന്നണിപോലെ വോട്ട് ഭിന്നിപ്പിക്കാനുള്ള ടീമായി മാറാതെ, കോൺഗ്രസിന് ഒപ്പം ഉറച്ചു നിന്നാൽ 2024ലെ തെരഞ്ഞെുടപ്പ് ചിത്രം മാറും. മാറിയ രാഹുൽ ഗാന്ധിക്ക് ഈ 'മുള്ള് മുരട് മുർഖൻ പാമ്പുകളെ'യൊക്കെ മേച്ച് കൊണ്ടുപോകാനുള്ള തന്ത്രങ്ങൾ ഉണ്ടാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നതും.

വാൽക്കഷ്ണം: ജോഡോ യാത്രകൊണ്ട് ഏറെ ഗുണം ഉണ്ടായത് നമ്മുടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്. നഗ്നപാദനായി ഈ യുവാവ് രാഹുലിനൊപ്പം നടന്ന കഥ ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കി. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, ബിബിസി ഡോക്യമെന്റിയുടെ പേരിൽ പാർട്ടിയിൽനിന്ന് രാജിവെച്ച് ഒഴിഞ്ഞപ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് രണ്ടുപേരുടെയും പേര് പറയാതെ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.