രിമണൽ കർത്ത! ഒരു ഇടവേളക്കുശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടും ആ വിവാദ വ്യവസായിയുടെ പേര് സജീവ ചർച്ചാ വിഷയമാവുകയാണ്. മണിച്ചന്റെ മാസപ്പടി ഡയറിയൊക്കെ പുറത്തായ സമയത്തുള്ള അതേപോലെത്തെ ഞെട്ടലാണ്, ഇപ്പോൾ കരിമണൽ വ്യവസായി കർത്തയുടെ ഡയറി പുറത്തായപ്പോഴും ഉണ്ടായിരിക്കുന്നത്. അതിൽ ചെറിയ ഇനീഷ്യലുകളിൽ, കെ കെ, പി വി, എജി, ഒ സി, ഐ കെ, ആർ സി എന്നൊക്കെപ്പറഞ്ഞ് ലക്ഷങ്ങൾ കൊടുത്തതായി എഴുതിയിരിക്കുന്നത്, കേരളത്തിലെ പ്രമുഖ നേതാക്കാളുടെ പേരുകൾ ആണെന്നാണ് ആരോപണം. ഇനിയുള്ള ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ കർത്തയുടെ ഡയറി പിടിച്ചുകുലുക്കുമെന്ന കാര്യത്തിൽ സംശമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക്, കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ എന്ന് മലയാള മനോരമ പുറത്തുവിട്ട വാർത്തയാണ് വിവാദക്കൊടുങ്കാറ്റ് ഉയർത്തിയത്. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചെന്നാണ് മനോരമ വാർത്തയിൽ പറയുന്നത്.

വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസ്, ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്‌റ്റ്‌വെയർസേവനങ്ങൾ നൽകാമെന്ന് സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ സേവനങ്ങളൊന്നും നൽകിയില്ല. എന്നിട്ടും കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിട്ടുണ്ട്. 2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.

ബാങ്ക് മുഖേനയാണ് പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു. 2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013-14 മുതൽ 2019-20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി പരിശോധനയിൽ കണ്ടെത്തി. സിഎംആർഎലും ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂൺ 12നു ബോർഡ് ഉത്തരവിട്ടത്.

ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും ഉദ്യോഗസ്ഥർക്കും മാധ്യമസ്ഥാപനങ്ങൾക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയതിന്റെ തെളിവുകൾ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണു ലഭിച്ചത്. സിഎംആർഎലുമായി വീണയും എക്സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയിൽ ലഭിച്ചു.

വീണയ്ക്ക് പ്രതിമാസം 5 ലക്ഷം

ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിലാണ് സിഎംആർഎൽ വീണയുടെ കമ്പനിയുമായി കരാറുണ്ടാക്കിയത്. സോഫ്‌റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറുമുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നൽകണമായിരുന്നു.

ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്‌കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്‌കുമാറും മൊഴി നൽകി. മൊഴി പിൻവലിക്കാനായി കർത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. എന്നാൽ, നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.

ആദായനികുതി നിയമത്തിലെ 245എഎ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെന്റ് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായി വാദങ്ങൾ ഉന്നയിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ തീർപ്പാക്കും.

കർത്തായുടെ ഡയറിയും വിവാദത്തിൽ

വീണക്കെതിരായ മാസപ്പടി ആരോപണം യുഡിഎഫ് വൻ വിവാദമായിക്കമ്പോഴാണ്, കർത്തയുടെ ഡയറിയുടെ പൂർണരൂപം പുറത്തുവരുന്ന്. സംഘപരിവാർ സഹയാത്രകിനായ പ്രതീഷ് വിശ്വനാഥാണ് ഇതിന് പിന്നിൽ. മനോരമ പുറത്തു വിട്ട രേഖയിലെ മറ്റൊരു ഭാഗമാണ് പ്രതീഷ് പുറത്തു വിട്ടത്. ''കരിമണൽ കർത്തായുടെ ലിസ്റ്റിൽ വീണ വിജയൻ മാത്രമല്ല , കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്. അതുകൊണ്ടു ആരൊക്കെ മിണ്ടും എന്ന് കണ്ടറിയണം''-ഇതാണ് പ്രതീഷ് ഫെയ്‌സ് ബുക്കിലൂടെ വിവരിക്കുന്നത്.

ഇൻകംടാക്‌സ് റെയ്ഡിൽ, സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ രേഖകൾ കിട്ടിയിട്ടുണ്ട് . ചോദ്യം ചെയ്യലിൽ രേഖകളിൽ എഴുതിയ ഷോർട്ട് ഫോമുകൾ ഏതെല്ലാം രാഷ്ട്രീയ നേതാക്കളെ കുറിച്ചാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട് . ''അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ ഐ കുത്ത്, എൻ കുത്ത് ഡി കുത്ത് ഐ കുത്ത് എ കുത്ത് എന്ന അവിഹിത അവിയല് മുന്നണിയിലെ എല്ലാ ഗെഡികളും ഉണ്ട്''- ഫെയ്‌സ് ബുക്കിൽ പ്രതീഷ് കുറിക്കുന്നു. ഇതിനൊപ്പം രേഖയുമുണ്ട്. കെകെ, പിവി, എജി, ഒസി, ഐകെ, ആർ സി... എന്നീ ഇൻഷ്യലുകളാണ് ചർച്ചയാകുന്നത്. ഇതിൽ കെകെ എന്നാൽ കുഞ്ഞാലിക്കുട്ടിയാണത്രേ. എജി എ ഗോവിന്ദനും ഒസി ഉമ്മൻ ചാണ്ടിയെന്നും പറയുന്നു.

പി വി എന്നാൽ പിണറായി വിജയൻ, ഐ കെ എന്നാൽ മുസ്ലിം ലീഗ് നേതാവായ മുൻ വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് , ആർ എസ് എന്നാൽ രമേശ് ചെന്നിത്തലയെന്നുമാണ് ആരോപണം. അഴിമതി നടത്താൻ കേരളത്തിലെ നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്ന ചർച്ചയാണ് പ്രതീഷ് വിശ്വനാഥ് ഉയർത്തുന്നത്. ഇത്രയും പേരുകളുണ്ടെങ്കിലും വീണയുടെ അക്കൗണ്ടിലേക്ക് മാത്രമാണ് കർത്തയുടെ ആളുകൾ പണം ട്രാൻസഫർ ചെയ്തത് എന്നാണ് സൂചന. വീണയ്‌ക്കെതിരായ ആരോപണം പ്രതിപക്ഷം ചർച്ചയാക്കുമ്പോഴാണ് യുഡിഎഫ് നേതാക്കൾക്കെതിരായ സംശയം പ്രതീഷ് ഉയർത്തുന്നത്.

അതായത് ഇനിയുള്ള കേരള രാഷ്ട്രീയം കർത്തയിൽ കേന്ദ്രീകരിക്കും. അപ്പോൾ ഉയരുന്ന ഒരു പ്രസ്‌ക്തമായ ചോദ്യമുണ്ട്. ആരാണ് ഈ കർത്ത. എന്താണ് അധികാരങ്ങളിൽ ഇയാൾക്ക് ഇത്രയേറെ സ്വാധീനം ഉണ്ടാവുന്നത്.

മരുഭൂമിയിൽനിന്ന് കരിമണലിലേക്ക്

സിഎംആർഎൽ എം ഡി ശശിധരൻ കർത്തയെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളാണ് പൊതുവെ ഉള്ളത്. പ്രതിഭാശാലിയായ ഒരു സംരംഭകനായി അദ്ദേഹത്തെ ഒരു വിഭാഗം കാണുമ്പോൾ, പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ളവർ സ്വന്തം വളർച്ചക്കുവേണ്ടി രാഷ്ട്രീയത്തെതും, അധികാരത്തെയും, മാധ്യമങ്ങളെയും സമർത്ഥമായി ഉപയോഗിച്ച കുറക്കനായാണ്, വ്യവസായിയാണ് അദ്ദേഹത്തെ കാണുന്നത്. മൂവാറ്റുപുഴ പുല്ലുവഴി സ്വദേശിയായ ശശിധരൻ കർത്ത ചുരുങ്ങിയ വർഷങ്ങൾക്കുള്ളിലാണ് കോടിക്കണക്കിന് രൂപ, ആസ്തിയുള്ള വ്യവസായിയായി മാറിയത്. ഗൾഫിലായിരുന്നു ആദ്യം ജോലി. അവിടെ നിന്ന് ഉണ്ടാക്കിയ പണംകൊണ്ടാണ്, 1996ൽ കരിമണൽ സംസ്‌ക്കരിച്ച് സിന്തറ്റിക്ക് റൂട്ടേയിൽ നിർമ്മിക്കുന്ന, സ്ഥാപനമായ കൊച്ചിൽ മിനറൽസ് ആൻഡ് റുട്ടെയിൽ ലിമിറ്റഡ് ( സിഎംആർഎൽ) തുടങ്ങിയത്. മരുഭൂമിയിൽനിന്ന് കരിമണലിലേക്ക് പറിച്ച് നട്ട ജീവിതമാണ് കർത്തയുടേത് എന്നാണ്, അദ്ദേഹത്തെക്കുറിച്ച് ഒരു ബിസിനസ് മാഗസിനിൽ വന്ന ലേഖനം പറയുന്നത്.

കർത്ത നിരന്തരായി ഏറ്റുമുട്ടിയത് കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുമായാണ്. കർത്ത ആദ്യം വാർത്തയിൽ ഇടംപിടിക്കുന്നത്, അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അപകടരമായ രാസവസ്തുക്കളുടെ കൂട്ടത്തിൽ പെടുന്ന ചില പരിസ്ഥിതി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ്. മാതൃഭൂമിയും എഷ്യാനെറ്റുമൊക്കെ ഇത് വലിയ വാർത്തയാക്കി. പക്ഷേ കർത്ത,സംസഥാനത്തും, കേന്ദ്രത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് ഇത് അപകടകരമായ രാസ്വസ്തുക്കളുടെ പട്ടികയിൽനിന്നും എടുത്തുമാറ്റിയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. പത്തുപന്ത്രണ്ട് ഓഫീസുകൾ കയറിയിറങ്ങി, മാസങ്ങൾകൊണ്ട് നേടിയെടുക്കേണ്ട, നിയമപരമായ അനുമതികൾ, ദിവസങ്ങൾക്കുള്ളിൽ, അയാൾ നേടിയെടുത്തതിൽ ദ ഹിന്ദു പത്രംപോലും ദുരൂഹത ആരോപിച്ചു.

കുടുംബാംഗങ്ങളും, സഹോദരനുമൊക്കെ, പങ്കാളിയായിട്ടായിരുന്നു ആദ്യ വ്യവസായം തുടങ്ങിയത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽതന്നെ വ്യവസായം വലിയ രീതിയിൽ വികസിച്ചു. പിന്നീട് ബിസിനസ് പങ്കാളികളായ സഹോദരങ്ങളുമായി തെറ്റിപ്പിരിഞ്ഞ്, കർത്ത സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയത് മകനൊപ്പമാണ്. ആലപ്പാട്, ചവറ മേഖലയിലെ തീരങ്ങളിലാണ്, ഇൽമനൈറ്റ് കിട്ടുന്നത് എന്നതിനാലാണ് അദ്ദേഹം ആലപ്പാട് ഭൂമി വാങ്ങിക്കൂട്ടിയത്. ബിനാമി പേരുകളിലും, അല്ലാതെയും, ഏക്കറുകണക്കിന് ഭൂമിയാണ് ഇവിടെ വാങ്ങിക്കൂട്ടിയത് എന്നാണ് ആലപ്പാട് കരിമണൽ വിരുദ്ധ സമിതി ആരോപിക്കുന്നത്.

സുപ്രീംകോടതിയിൽ പോയി നേടിയ വിജയം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനും (കെ.എം.എം.എൽ.) കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനും (ഐ.ആർ.ഇ) മാത്രമേ, നേരത്തെ കേരള തീരത്തെ കരിമണൽഖനനം നടത്താനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. എന്നെങ്കിലും, സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കൂമെന്ന് മൂൻകൂട്ടി കണ്ടുകൊണ്ടാണ്, കർത്ത ആലപ്പാട്ട് ഭൂമി വാങ്ങികൂട്ടിയത് എന്നാണ് സമര സമിതി ആരോപിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള കമ്പനികൾക്ക്, ഖനനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്ലിനുവേണ്ടി കർത്ത സുപ്രീംകോടതിയെ സമീപിക്കുകയും, കോടതിയിയൽനിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാൽ ഏതൊക്കെ മേഖലകളിൽ സ്വകാര്യ കമ്പനികളെ ഖനനം നടത്താൻ അനുവദിക്കണമെന്നത് സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി.

2006ൽ ആലപ്പുഴയിലെ ആറാട്ടുപുഴയിൽ സ്വകാര്യ കമ്പനികൾക്ക് ഖനനം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. അതിൽ പ്രതിഷേധങ്ങളുയർന്നു. തുടർന്ന് അനുമതി പിൻവലിച്ചു. സി.എം.ആർ.എൽ. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഖനനാനുമതി പിൻവലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് ഈ ഉത്തരവ് നടപ്പിലായില്ല.

സി.എംആർഎൽ കോടതി നടപടികൾ തുടർന്നു. കരിമണൽ ഖനനത്തിൽ സ്വകാര്യകമ്പനികൾക്ക് അനുമതി നിഷേധിക്കുന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തൽ. ആണവോർജ ഉത്പാദനത്തിൽ കരിമണൽ അത്യാവശ്യമെന്നു ചുണ്ടിക്കാട്ടിയാണ് ധാതുസമ്പത്തുള്ള മേഖലകൾ രേഖപ്പെടുത്തി മാറ്റിവെച്ചവ ഖനനത്തിനായി വിട്ടുനൽകണമെന്ന് കോടതി നിരീക്ഷിച്ചത്. കേരള തിരത്തെ ധാതുമണലിലിലുള്ള ഇൽമനൈറ്റിന്റെ അതിഭീമമായ ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോൾ നിലനിൽപ്പിനു വേണ്ടി തങ്ങൾക്ക് വീണ്ടുംവീണ്ടും അത് ഇറക്കുമതി ചെയ്യേണ്ടിവരുന്നുവെന്നാണ് സിഎംആർഎൽന്റെ പ്രധാന വാദം. വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനെക്കാളും കൂടിയ നിരക്കിലാണ് ഐആർഇ ഇവിടത്തെ കമ്പനികൾക്ക് ഇൽമനൈറ്റ് വിൽക്കുന്നത്. ഏഴ് ധാതുമണൽ മേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് വിദേശരാജ്യങ്ങളെ സഹായിക്കുന്ന ദുരൂഹമായ നിലപാടാണ് ഐആർഇയു സ്വീകരിക്കുന്നതെന്നും സിഎംആർഎൽ ആരോപിച്ചിരുന്നു.

പെരിയാർ മലീനീകരണത്തിലും വില്ലൻ

പെരിയാറിനെ മലിനീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയുടെ ഉടമ എന്ന നിലയിൽ, പ്രദേശവാസികളും, പരിസ്ഥിതി പ്രവർത്തകരും, ശശിധരൻ കർത്തക്കെതിരെ പലതവണ സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇയാൾക്കെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പമ്പ ശുദ്ധീകരണവുമായി ബന്ധപ്പെട്ട, കരാർ നഷ്ടപ്പെടാനിടയാക്കിയതാണ് തങ്ങളോടുള്ള കർത്തയുടെ വൈരാഗ്യത്തിന്റെ പ്രധാന കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. തന്റെ കമ്പനിയിലെ മാലിന്യങ്ങളിലെ രാസവസ്്തുക്കൾ ഉപയോഗിച്ച് പമ്പ ശുദ്ധീകരിക്കാമെന്ന അവകാശവാദത്തോടെ, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് പരീക്ഷണപ്ലാന്റാണ് കർത്ത പമ്പയിൽ തുടങ്ങിയത്. 2009ൽ ആയിരുന്നു ഇത്. അന്ന് ഹിന്ദു പത്രം ഇതിന്റെ ദോഷ വശങ്ങളെക്കുറിച്ച് തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പരിസ്ഥിതി പ്രവർത്തകർ വിദഗ്ധരുടെ സഹായത്തോടെ, അവിടെ പഠനം നടത്തുകയും ഇതിന്റെ അനന്തരഫലം സംബന്ധിച്ച് റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് 2009-2010ൽ കർത്തയുടെ നിയന്ത്രണത്തിലുള്ള പമ്പ ശുദ്ധീകരണ പദ്ധതി, സർക്കാർ നിരോധിച്ചു.

കർത്തയുടെ കമ്പനിയിലെ മാലിന്യങ്ങൾ പമ്പയിൽ കലർത്താനുള്ള ശ്രമമായിരുന്നു യഥാർത്ഥത്തിൽ ഈ പദ്ധതി. കരിമണലിൽ നിന്നും, സിന്തറ്റിക്ക് ടൂട്ടെയിൽ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന, ഉപോൽപ്പന്നമായ ഫെറസ് ക്ളോറൈഡ് പമ്പയിൽ പരീക്ഷിച്ച് അത് വിജയമാണെന്ന് അവകാശപ്പെട്ട്, കേരളത്തിലെ എല്ലാ നദികളിലും ഉപയോഗിക്കാമെന്നതായിരുന്നു പദ്ധതി. അങ്ങനെ ഉപയോഗിച്ചാൽ തന്റെ കമ്പനിയിലെ മാലിന്യം ഒഴിവായിക്കിട്ടും. ഒപ്പം ഫെറസ് ക്ലോറൈഡിന് വിപണി കണ്ടെത്താനുമാവും. ഈ ലക്ഷ്യം പരിസ്ഥിതി പ്രവർത്തകരുടെ സമയോചിമായ ഇടപെടൽ കാരണം പാളുകയാണുണ്ടായത്. എന്നാൽ തന്റെത് ജനുവിൽ പദ്ധതിയായിരുന്നെന്നും, പരിസ്ഥിതി പ്രവർത്തകർ ഭീതി വ്യാപരം നടത്തുകയാണെന്നുമാണ് കർത്ത ആരോപിക്കുന്നത്.

പത്മശ്രീക്കുവരെ ശിപാർശ

കരിമണൽ ഖനനത്തിന്റെ ഭാഗമായുണ്ടായ പരിസ്ഥിതി നാശം വാർത്തയാപ്പോൾ, അതിൽ കൊടും വില്ലന്റെ റോൾ ആയിരുന്നു മാധ്യമങ്ങൾ കർത്തക്ക് നൽകിയത്. പക്ഷേ ഇടത് വലത് ബിജെപി വ്യത്യാസമില്ലാതെ, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, വാരിക്കേരാരി സാമ്പത്തിക സഹായം കൊടുക്കുന്ന ആളാണ് ശശിധരൻ കർത്തയെന്നതാണ് എതിരാളികളുടെ ആരോപണം. അതുകൊണ്ടാണ് അയാളുടെ അനധികൃത പ്രവർത്തനങ്ങൾ എല്ലാം ക്രമവത്ക്കരിക്കപ്പെടുന്നത് എന്ന് അഡ്വക്കേറ്റ് ജയശങ്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. 2009-2010 കാലഘട്ടത്തിൽ അന്നത്തെ സർക്കാർ, പത്മശ്രീ പുരസ്‌ക്കാരത്തിനായി, കർത്തയുടെ പേര് ശിപാർശ ചെയ്തിരുന്നു. സിഐടിയു നേതാവും, വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമാണ് 2010ൽ പത്മശ്രീക്കായി കർത്തയുടെ പേര് ശിപാർശ ചെയ്തത്.

എപ്പോഴും പരിസ്ഥിതി അനുകൂല നിലപാട് എടുക്കാറുള്ള വി എസ് അച്യുതാനന്ദനുമായി കർത്തക്കുള്ള അടുത്ത സൗഹൃദവും, ഒരുകാലത്ത് മാധ്യമങ്ങൾക്ക് വലിയ വാർത്തകൾ ആയി. മാധ്യമ മുതലാളികളുമായും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതോടെ പല വാർത്തകളും പുറത്തുവരാതായി എന്നണ് സമര സമിതിക്കാർ പറയുന്നത്. ഇതിനിടയിൽ 2014ൽ മാതൃമലയാളം എന്ന പേരിൽ കർത്ത ഒരു പത്രവും തുടങ്ങിയിരുന്നു. പ്രളയ ദൂരിതാശ്വാസത്തിന് കോടികൾ നൽകിയും കർത്ത കൈയടി നേടി. അധികാരത്തിന്റെ ഏത് ഇടനാഴികളും കർത്തക്ക് മുന്നിൽ വളരെ പെട്ടന്ന് തുറക്കുമെന്നാണ് പറയുക.

കോടികൾ കടത്തുന്നതാര്?

അതിഗുരുതരമായ ആരോപണങ്ങളാണ് കർത്തക്കെതിരെ കരിമണൽ സമരസമിതി ഉന്നയിക്ുകന്നത്. കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്ന് പ്രതിവർഷം ഒന്നരലക്ഷം ടൺ കരിമണലെങ്കിലും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്ന് ആരോപണം ഉയർന്ന, കരിമണൽ രാജാവ് എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ വൈകുണ്ഠരാജനുമായി കർത്ത കൂട്ടാളിയാണെന്നും അവർ ആക്ഷേപിക്കുന്നു.

കേരളത്തിലെ കരിമണൽ അനധികൃതമായി എടുത്ത് വെകുണ്ഠരാജന്റെ വി.വി മിനറലസിലേക്കാണ് പോകുന്നതെന്നാണ് ആരോപണം. വി.വി. മിനറൽസ് ഖനനം ചെയ്ത ധാതുമണൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം വഴി യൂറോപ്പ്, പശ്ചിമേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിചെയ്‌തെന്ന് റവന്യു സെക്രട്ടറി ജഗൻദ്വീപ് സിങ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വൈകുണ്ഠ രാജന്റെയും കുടുംബങ്ങളുടെയും പേരിലുള്ള വിവിധ ഖനന ലൈസൻസുകൾ എല്ലാം തന്നെ സജീവവുമാണ്. പക്ഷെ, ഒരു സർക്കാരും വൈകുണ്ഠരാജനെതിരെ കാര്യമായ നടപടി എടുത്തിട്ടില്ല. കേരളത്തിൽനിന്നു കടത്തിക്കൊണ്ടുപോകുന്ന കരിമണലിൽനിന്ന് വേർതിരിച്ച ധാതുക്കൾ വൈകുണ്ഠരാജന്റെ വി.വി.മിനറൽസ് കേരളത്തിലെ പൊതുമേഖലാ കമ്പനികൾക്ക് തന്നെയാണ് വിറ്റു കോടികൾ കൈക്കലാകുന്നത്.

ചോദിക്കുന്ന തുകയാണ് വൈകുണ്ഠരാജൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാറ്. അതുകൊണ്ട് തന്നെ വൈകുണ്ഠരാജന്റെ കാര്യത്തിൽ ഒരു ചോദ്യം കേരളത്തിൽ നിന്നോ തമിഴ്‌നാട്ടിൽ നിന്നോ ഉയരാറില്ല, അനധികൃത ഈ കരിമണൽ ഖനനത്തിലൂടെ സർക്കാരിന് 10,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ മുൻപ് വൈകുണ്ഠരാജൻ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഈ വൈകുണ്ഠരാജന് കേരളത്തിലും വേരുകൾ ശക്തമാണ് എന്നാണ് കരിമണൽ ഖനന വിരദ്ധ സമരസമിതി പറയുന്നത്. ആറാട്ടുപുഴയിൽ 12.73 ഏക്കർ ഭൂമി വൈകുണ്ഠരാജൻ വാങ്ങിയിരുന്നു. വൈകുണ്ഠരാജനെ കൂടാതെ കേരളത്തിൽ ഈ രംഗത്ത് സജീവമായുള്ളത് ന്ന ശശിധരൻ കർത്തയാണ്. ബിനാനിപുരത്ത് പ്രവർത്തിക്കുന്ന സി.എം.ആർ.എല്ലിന്റെ ഉടമ ശശിധരൻ കർത്തയ്ക്ക് തൃക്കുന്നപ്പുഴ വില്ലേജിൽ 50 ഏക്കർ ഭൂമിയുണ്ട്. ഇവിടെനിന്നും കരിമണൽ കടത്തുന്നതായി അന്നത്തെ എഡിജിപിയായ വിൻസെന്റ് പോൾ 2014 ൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. കരിമണൽ ഖനനം ലക്ഷ്യമിട്ടാണ് ആലപ്പുഴയുടെ തീരങ്ങളിൽ സ്വകാര്യ ലോബി വൻതോതിൽ ഭൂമി വാങ്ങികൂട്ടിയത്.

വിവിധ സർവേ നമ്പരുകളിലുള്ള ഭൂമിയാണ് കർത്ത വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 10000 കോടിയുടെ കരിമണൽ കള്ളക്കടത്ത് തമിഴ്‌നാട്ടിലേക്ക് നടന്നതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. നിരന്തര ഖനനം കാരണം ആലപ്പാട് മാപ്പിൽ നിന്നും അപ്രത്യക്ഷമാകുമ്പോഴും ഇവർക്കെതിരെയൊന്ുനം നടപടിയുണ്ടാവുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എന്തിനാണ് മാസപ്പടി?

ചോക്കുമലക്ക് മുകളിൽ കയറി ഇരിക്കുന്ന ഒരാൾ ഒരുകഷ്ണം ചോക്ക് അന്വേഷിച്ച് നടന്ന കഥ കേട്ടിട്ടില്ലേ. അതുപോലെ നമ്മുടെ കരിമണൽ എന്നത് ശതകോടികൾ വിലമതിക്കുന്ന, കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിർണയിക്കുന്ന, വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്.

ആറ്റമിക് മിനറൽസ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ പ്രകാരം തെക്കൻകേരളത്തിലെ കരിമണൽ നിക്ഷേപത്തിൽ പ്രധാനം ഇൽമനൈറ്റാണ്. അത് കഴിഞ്ഞാൽ സിലിമിനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, ലുക്കോക്‌സിൻ, മോണോസൈറ്റ്, ഗാർനൈറ്റ് തുടങ്ങിയവ. വടക്കൻ കേരളത്തിൽ മറ്റു ചില ധാതുക്കളും കാണുന്നു. ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങൾക്കായി ഉപയോ ഗിക്കുന്നുണ്ട്. പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബർ, കളിമൺ എന്നീ വ്യവസായങ്ങളിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്‌മേക്കർ, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇതുപയോഗിക്കുന്നു.

വെൽഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാൻ റൂട്ടൈൽ ഉപയോഗിക്കുന്നു. സാനിറ്ററി വസ്തുക്കൾ, ടൈൽ, കളിമൺപാത്രങ്ങൾ എന്നിവയുണ്ടാക്കാൻ സിർക്കോൺ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങൾ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, ഡീസൽ എൻജിൻ, ഇൻസുലേഷൻ സാധനങ്ങൾ, സീലുകൾ, പമ്പിന്റെ സ്‌പെയർപാർട്ടുകൾ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയർ എർത്ത് ക്ലോറൈഡ്, റെയർ എർത്ത് ഓക്‌സൈഡുകൾ, സീറിയം ഓക്ക്‌സൈഡ്, ടൈ സോഡിയം ഫോസ്ഫറേറ്റ്, തോറിയം ഓക്ക്‌സൈഡ് എന്നിവ വേർതിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈൽ, പോളിഷിങ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഗാർനൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിന് പറ്റിയ അയിരാണ് സിലിമിനൈറ്റ്.

അതായത് ഈ കരിമണൽ എന്നത് ശതകോടികൾ ഉണ്ടാക്കാൻ പറ്റിയ സാധനമാണ്. ഭാവി കേരളത്തിന്റെ ഗെയിം ചേഞ്ചറാണ്. അപ്പോൾ പിന്നെ ആ ഖനനമേഖലയിൽ വിഹരിക്കുന്നവർ, പണ്ട് അബ്ക്കാരികൾ രാഷ്ട്രീയക്കാർക്ക് നൽകിയതുപോലെ ഭരിക്കുന്നവർക്ക്, മാസപ്പടി നൽകിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

വാൽക്കഷ്ണം: ഇതോടെ ശരിക്കും വിമർശനത്തിന്റെ മുൾമുനകൾ നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. ലാവലിൻ വിവാദകാലത്ത് പിണറായി സധൈര്യം പറയാറുണ്ടായിരുന്നു, 'മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളു'. മകൾ വീണാ വിജയനുനേരെ ആവർത്തിക്കുന്ന വിവാദങ്ങൾ മുഖ്യമന്ത്രിയുടെ മടിയിലെ കനമാണോ വെളിവാക്കുന്നത്.