- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മോഹൻലാലിനെ മീശ പിരിപ്പിച്ച് ഹിറ്റുണ്ടാക്കിയ എഴുത്തുകാരൻ; മമ്മൂട്ടിക്ക് നൽകിയത് വ്യത്യസ്തമായ കഥാപാത്രങ്ങൾ; പഴയ ഹിന്ദുത്വവാദി ഇപ്പോൾ മുഖം മിനുക്കി പുരോഗമനവാദി; ചലച്ചിത്ര അക്കാദമി ചെയർമാനായതോടെ തൊട്ടതെല്ലാം വിവാദം; ഹ്യൂമനിസ്റ്റിൽ നിന്ന് പുച്ഛിസ്റ്റിലേക്കോ! രഞ്ജിത്തിന്റെ വിവാദ ജീവിതം
തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ.... സിനിമയുടെ സമസ്ത മേഖലകളിലും അയാൾ കൈവെച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പോലുള്ള ഒരു എവർഗ്രീൻ ക്ലാസിക്ക് കോമഡി തൊട്ട്, ബ്ലോക്ക് ബസ്റ്ററായ നരസിംഹവും ആറാം തമ്പുരാനും വരെ പിറന്ന തൂലിക. മോഹൻലാലിനെക്കൊണ്ട് മീശ പിരിപ്പിച്ച് ഫ്യൂഡൽ ഗൃഹാതുരത്വങ്ങളിലുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വഴിയിടുന്നു എന്ന് വിമർശിക്കപ്പെട്ട സിനിമകൾ എടുത്ത അതേ വ്യക്തി തന്നെയാണ്, കൈയൊപ്പും, പാലേരിമാണിക്യവും പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങളും എടുത്തത്. നന്ദനം പോലെ, ഭക്തിവ്യവസായത്തെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നു എന്ന് വിമർശനം ഉയർന്ന ചിത്രവും, പ്രാഞ്ചിയേട്ടൻ പോലെ ദൈവത്തെ കോമഡിയാക്കുന്ന ചിത്രവും എടുത്തത് ഒരേ വ്യക്തിയാണ്.
അതാണ് രഞ്ജിത്ത് ബാലകൃഷ്ണൻ എന്ന സംവിധായകൻ. ഒരു കള്ളിയിലും അയാളെ ഒതുക്കാൻ അവില്ല. അടിപ്പടങ്ങളും, ചിരിപ്പടങ്ങളും, മീശപിരിയൻ പടങ്ങളും, ആർട്ടുപടങ്ങളുമെല്ലാം ആ സ്കൂളിലുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളത്തിൽ ഏറ്റവും വൈവിധ്യമുള്ള എഴുത്തുകാരനും സംവിധായകനുമായി അദ്ദേഹം പരിഗണിക്കപ്പെടുന്നതും. മലയാളത്തിൽ ഹിന്ദുത്വ, ഫ്യുഡൽ തുടങ്ങിയ അജണ്ടകളുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട വ്യക്തിയും അദ്ദേഹം തന്നെ.
ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കൂടിയാണ് രഞ്ജിത്ത്. അന്ന് തൊട്ട് തുടങ്ങിയതാണ് അയാൾ ഉൾപ്പെടുന്ന വിവാദ പർവങ്ങളും. ഇപ്പോൾ രഞ്ജിത്ത് എന്തുതൊട്ടാലും അത് വിവാദമാവും എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ഐഎഫ്എഫ്കെയിലെ കൂവൽ വിവാദം തൊട്ട്, വിനയന്റെ സിനിമക്ക് അവാർഡ് കൊടുക്കാതിരിക്കാൻ ഇടപെട്ടു എന്നതും, ഡോ ബിജുവിനെ പരിഹസിച്ചത് മുതൽ ഭീമൻ രഘുവിനെ മണ്ടെന്ന് വിളിച്ചതുവരെയുള്ള എത്രയെത്ര വിവാദങ്ങൾ. അൽപ്പത്തരം, മാടമ്പിത്തരം, സകലരോടുമുള്ള പുച്ഛം, വിടുവായത്തം ഇതൊക്കെയാണ് ഇപ്പോഴത്തെ രഞ്ജിത്ത് എന്നാണ് വിമർശനം ഉയരുന്നത്. സോഷ്യൽ മീഡിയ തുറന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാനെതിരെയുള്ള വിമർശനമേ കാണാനുള്ളൂ. ഇപ്പോൾ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയിലും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 9 അംഗങ്ങൾ സമാന്തരയോഗം ചേർന്ന് ആവശ്യപ്പെട്ടിരിക്കയാണ്.
പെരുവണ്ണാപുരം നൽകിയ ബ്രേക്ക്
64 സെപ്റ്റംബർ 5ന് കോഴിക്കോട് ബാലുശ്ശേരിയിലാണ് രഞ്ജിത്ത് ജനിച്ചത്. നാടകപ്രവർത്തകൻ കൂടിയായ പിതാവ് ബാലകൃഷ്ണന്റെ പാതയാണ് പിന്തുടർന്നത്. 1985-ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. അന്ന് വലിയ സ്വപ്നങ്ങളായിരുന്നു തന്റെ മനസ്സിലെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. പക്ഷേ സിനിമക്ക് വേണ്ടത് അതൊന്നുമല്ല എന്ന് പിന്നീടാണ് മനസ്സിലായത്. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ 'ഒരു മെയ് മാസപുലരിയിൽ' പുറത്തിറങ്ങി. സുഹൃത്ത് അലക്സായിരുന്നു നിർമ്മാണം. അദ്ദേഹത്തിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ആകസ്മികമായാണ് താൻ സിനിമയിൽ എത്തിയത് എന്നാണ് രഞ്ജിത്ത് പറയാറുള്ളത്. 1988-ൽ മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ഓർക്കാപ്പുറത്ത് എന്ന ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് രഞ്ജിത്ത് സിനിമാലോകത്തേക്ക് ഔദ്യോഗിക പ്രവേശനം നടത്തിയത്. ഓർക്കപ്പുറത്തിന്റെ വിജയം നിരവധി അവസരങ്ങൾ നൽകി. തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു.
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും രഞ്ജിത്ത് നിരവധി ചെറിയ ബജറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. സംവിധായകൻ കമലിന് വേണ്ടിയായിരുന്നു കൂടുതൽ വർക്കുകളും. 89-ലെ പെരുവണ്ണാപ്പുരത്തെ വിശേഷങ്ങളും, പ്രാദേശിക വാർത്തകളും, 91-ലെ പൂക്കാലം വരവായുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. പെരുവണ്ണാപുരം മലയാളത്തിലെ എവർഗ്രീൻ ക്ലാസിക്ക് കോമഡിയാണ്. ഈ ചിത്രത്തിന്റെ കഥ സംവിധായകൻ കമലിന്റെത് ആയിരുന്നു. നിർമ്മാണം കെ ടി കുഞ്ഞുമോനും. പെരുവണ്ണാപുരത്തെ പ്രഭുക്കന്മാരായ കാവമ്പാട്ടുകാരും,
കുടുംബത്തിലെ ഇളയ മകളായ കുഞ്ഞുലക്ഷ്മിയും ( പാർവതി ), ജഗതിയുടെ പണിപോയ പ്യൂണും, പകരക്കാരനായി ജയറാമിന്റെ ശിവശങ്കരനും, മാമുക്കോയുടെ രാഷ്ട്രീയക്കാരനും, പപ്പുവിന്റെ ബാർബറുമൊക്കെ ഇന്നും മലയാളികളുടെ അരുമയാണ്. ടെലിവിഷനിൽ റിപ്പീറ്റ് വാച്ചുള്ള ചിത്രമാണ് ഇത്. അവസാനം ക്ലൈമാകസിൽ ഗസ്റ്റ്റോളിൽ വന്ന് മോഹൻലാലും ഗംഭീരമാക്കുന്നു.
അന്നൊക്കെ നർമ്മത്തിൽ ചാലിച്ച മികച്ച കുടുംബ സിനിമകളുടെ എഴുത്തുകാരൻ എന്ന പേരിലാണ് രഞ്ജിത്ത് അറിയപ്പെട്ടത്. പിന്നീടാണ് അദ്ദേഹം, ദേവാസുരവും ആറാം തമ്പുരാനും അടക്കമുള്ള വലിയ സിനിമകളിലേക്ക് കടക്കുന്നത്. അതോടെ അടിമുടി ശൈലി മാറിയ രഞ്ജിത്തിനെയാണ് മലയാള സിനിമാലോകം കണ്ടത്.
ലാലിന്റെ മീശ പിരിയൻ ഹിറ്റുകൾ
1993 രഞ്ജിത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ വർഷമായിരുന്നൂ. തന്റെ സുഹൃത്തായ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം നിർമ്മിച്ച ദേവാസുരം ബോക്സ് ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. മോഹൻലാലിനെ നായകനാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം നിരൂപക ശ്രദ്ധയും നേടി. അതിലെ മീശപിരിച്ച മംഗലശ്ശേരി നീലകണ്ഠനും മലയാളികൾക്കിടയിൽ ക്ലാസിക്ക് കൾട്ടായി.
ഇതോടെ മലയാളത്തിൽ ഫ്യൂഡൽ കഥകളുടെ ഒരു കുത്തൊഴുക്കുണ്ടായി. ലാലും മീശ പിരിച്ച നിരവധി അതിമാനുഷിക കഥാപാത്രങ്ങളിലേക്ക് കടന്നു. പക്ഷേ രഞ്ജിത്ത് എഴുതിയപ്പോൾ ഒക്കെ അവ ബോക്സോഫീസ്് വിജയം ആയിരുന്നു. പക്ഷേ ഹിന്ദുത്വ അജണ്ട ഒളിച്ചുകടത്തുന്നുവെന്നും, ഒറ്റപ്പാലം സിനിമകൾക്ക് തുടക്കം കുറിച്ചുവെന്നുമൊക്കെയുള്ള വിമർശനങ്ങൾ രഞ്ജിത്തിന് നേർക്കുണ്ടായി. പക്ഷേ മോഹൻലാലിനെക്കുറിച്ച് മീശപിരിപ്പിച്ചത്, താൻ അല്ലെന്നും, രാജാവിന്റെ മകനിലൊക്കെ അത്തരം വേഷങ്ങൾ ലാൽ ചെയ്തിട്ടുണ്ടെന്നുമാണ് രഞ്ജിത്തിന്റെ വാദം. ഏറ്റവും അവസാനം കൊടുത്ത ഇന്ത്യൻ എക്പ്രസ് അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.
ദേവാസുരം റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ രഞ്ജിത്തിന്റെ അടുത്ത ചിത്രം, സിബി മലയിൽ സംവിധാനം ചെയ്ത് വീണ്ടും മോഹൻലാൽ നായകനായ മായ മയൂരം പുറത്തിറങ്ങി, എന്നാൽ ഈ ചിത്രം അവരുടെ മുൻ സിനിമകളെക്കാൾ വിജയിച്ചില്ല. മായാ മയൂരം തന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്നും അതിന്റെ പരാജയം തന്നെ ഏറെ ബാധിച്ചെന്നും രഞ്ജിത്ത് പറയുന്നു. ഒരുപക്ഷേ ഈ ചിത്രം വിജയിച്ചെങ്കിൽ അദ്ദേഹത്തിന്റെ എഴുത്തുജീവിതം തന്നെ മാറിമറിയുമായിരുന്നു.
1997-ൽ, മനോജ് കെ ജയനും ബിജു മേനോനും അഭിനയിച്ച അസുരവംശത്തിന് വേണ്ടി ഷാജി കൈലാസിനൊപ്പം രഞ്ജിത്ത് വീണ്ടും എഴുതി. പക്ഷേ ചിത്രം ശരാശരി വാണിജ്യ പ്രതികരണം നേടുന്നു. 1997 അവസാനത്തോടെ രഞ്ജിത്ത് ആറാം തമ്പുരാൻ എഴുതി. അത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഇന്നം അറാംതമ്പുരാനിലെ ജഗന്നാഥനും, കൊളപ്പുള്ളി അപ്പനുമൊക്കെ നവമാധ്യമങ്ങളിൽ ട്രോളം മീമുകളുമായി നിലനിൽക്കുന്നു.
1998-ൽ ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത കൈക്കുടന്ന നിലാവും ഹിറ്റായി. രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ജയറാമും അഭിനയിച്ച സമ്മർ ഇൻ ബത്ലേഹേഗും സൂപ്പർഹിറ്റായിരുന്നു. 1999-ൽ രഞ്ജിത്തും ഷാജി കൈലാസും ചേർന്ന് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് എന്ന ചിത്രം നിർമ്മിച്ചു. അങ്ങനെ നിർമ്മാതാവിന്റെ വേഷവും അദ്ദേഹത്തിന് വന്നുപേർന്നു.
പക്ഷേ രഞ്ജിത്ത് എഴുതിയതിൽ ഏറ്റവും 'മാരകം' എന്ന് വിമർശിക്കപ്പെട്ട ചിത്രം പിന്നീടാണ് വന്നത്. അതാണ് 2000-ത്തിൽ ഇറങ്ങിയ നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം, ഹിന്ദുത്വയെയം, ടോക്സിക്ക് മസ്ക്കുലാനിറ്റിയെ, പ്രോൽസാഹിപ്പിക്കുന്നുവെന്ന് വിമർശനം ഉയർന്നു. പിന്നീട് മോഹൻലാൽ അതിമാനുഷവേഷങ്ങൾക്ക് പിറകേപോയി ടെപ്പ് ആവുന്നതിന്റെ തുടക്കം ഈ ചിത്രം ആയിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ മമ്മൂട്ടിയെവെച്ചും തങ്ങൾ വല്ല്യേട്ടൻ പോലുള്ള മീശപിരിയൻ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന് രഞ്ജിത്ത് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നരസിംഹത്തിലെപ്പോലെ സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിക്കപ്പെടുന്ന ഡയലോഗുകൾ ഇപ്പോൾ താൻ എഴുതുകയില്ലായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.
സോഫ്റ്റ് ഹിന്ദുത്വ ഒറ്റപ്പാലം സിനിമകൾ
ഇങ്ങനെ മലയാള വ്യാവസായിക സിനിമയുടെ നട്ടെല്ലായി നിൽക്കുന്ന സമയത്താണ് രഞ്ജിത്ത് സംവിധാനമേഖലയിലേക്ക് കടക്കുന്നത്. അക്കാലത്ത് തുടർച്ചയായ ഹിറ്റ് സിനിമകൾ എഴുതുന്ന രഞ്ജിത്തിന്റെയും, രഞ്ജി പണിക്കരുടെയും ചിത്രം വെച്ച് മലയാളം വാരികയിൽ ഒരു കവർ സ്റ്റോറി തന്നെ വന്നിരുന്നു. 2001-ൽ, ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിൽ എത്തിയതോടെ ഈ ചിത്രം മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയി മാറി.
2002-ൽ നവ്യ നായരും പുതുമുഖമായ പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച നന്ദനം എന്ന ചിത്രവും സൂപ്പർ ഹിറ്റായി. തന്റ സുഹൃത്തായ നടൻ സിദ്ദിഖിനൊപ്പം രഞ്ജിത്താണ് ഈ ചിത്രം നിർമ്മിച്ചത്. വലിയ താരനിരയോ, വഴക്കുകളോ, പഞ്ച് ഡയലോഗുകളോ ഇല്ലാതിരുന്നിട്ടും, ചിത്രം വലിയ ഹിറ്റായി. നന്ദനത്തിലെ ബാലാമണിയായി നടി നവ്യനായർ ഇന്നും അറിയപ്പെടുന്നു. പക്ഷേ ആ ചിത്രവും ഒരുവിഭാഗം നിരൂപകരാൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. മതാന്ധവിശ്വാസങ്ങളെ സ്വാഭാവികവത്ക്കരിക്കുന്ന എന്നതിനൊപ്പം, പതിവുപോലെ ടിപ്പക്കൽ സോഫ്റ്റ് ഹിന്ദുത്വ ഒറ്റപ്പാലം സിനിമയെന്നും അത് വിമർശിക്കപ്പെട്ടു.
പിന്നീട് അങ്ങോട്ട് സാമൂഹികമായി ഏറെ മാറിയ രഞ്ജിത്തിനെയാണ് കാണുന്നത്. കൈയൊപ്പ്പോലെയുള്ള ഒരു ചിത്രം, അദ്ദേഹത്തിന്റെ മാറിയ മാനസികാവസ്ഥയുടെ പ്രതിഫലനവും ആവാം. 2010-ൽ വി എം വിനു സംവിധാനം ചെയ്ത പെൺപട്ടണം എന്ന ചിത്രത്തിന് രഞ്ജിത്ത് കഥയെഴുതി. പിന്നീട് അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തു, മമ്മൂട്ടിയെ നായകനാക്കി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, അത് സിനിമാ ആരാധകരും കേരളത്തിലെ ജനങ്ങളും പരക്കെ സ്വീകരിച്ചു. ഈ വർഷത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രമായി മാറിയ ഇത് വാണിജ്യപരമായി വിജയിച്ച സിനിമ കൂടിയായിരുന്നു. മമ്മൂട്ടിയുടെ അഭിനയവും ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
രഞ്ജിത്തിന്റെ തിരക്കഥ, ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ 2008-ലും ഇന്ത്യൻ റുപ്പിക്ക് 2011-ലും മലയാളത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡുകൾ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി ദേശീയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന് ഹിറ്റ് ചിത്രത്തിൽ വേഷമിട്ട് ഒരു നടൻ എന്ന നിലയിലും രഞ്ജിത്ത് ശ്രദ്ധിക്കപ്പെട്ടു.
പക്ഷേ ഈയിടെയായി രഞ്ജിത്തിന്റെ സിനിമകൾ അത്ര വിജയിക്കുന്നില്ല. 2012ലെ മോഹൻലാൽ ചിത്രമായ സ്പരിറ്റിനുശേഷം അദ്ദേഹത്തിന് ഹിറ്റുകൾ സൃഷ്ടിക്കാൻ ആയിട്ടില്ല. അതിനുശേഷം ഇറങ്ങിയ, മമ്മൂട്ടിയുടെ കടൽകടന്ന് ഒരു മാത്തുക്കുട്ടി, ദുൽഖറിന്റെ ഞാൻ, മോഹൻലാലിന്റെ ഹലോ എന്നിവ ബോക്സോഫീസിൽ പരാജയം ആയിരുന്നു. ഇപ്പോൾ എം മുകന്ദന്റെ വിഖ്യാതമായ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' രഞ്ജിത്ത് സിനിമാക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ആവുന്നത്.
ചലച്ചിത്രമേളയിൽ കൂവൽ
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ സമയം തൊട്ട് വിവാദങ്ങളും ഉണ്ടായി. കഴിഞ്ഞ വർഷ ഐഎഫ്എഫ്കെയിൽ ലിജോജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം, 'നൻപകൽ നേരത്ത് മയക്കത്തി'ന്റെ ആദ്യപ്രദർശനത്തിൽ റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. ഇതിൽ പൊലീസ് കേസുമെടുത്തു. അനധികൃതമായ ആളുകളെ തിരുകിക്കയറ്റിയാണ് സീറ്റുകൾ തീർത്ത് എന്നായിരുന്നു ഡെലിഗേറ്റുകൾ ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ ചർച്ച നടത്താനോ റിസർവേഷൻ പോരായ്മകൾ പരിഹരിക്കാനോ ചെയർമാൻ തയ്യാറായില്ലെന്ന ആരോപണവും ഡെലിഗേറ്റുകൾ ഉന്നയിച്ചിരുന്നു.
എന്നാൽ പതിവ് ശൈലിയിൽ തികഞ്ഞ പുച്ഛത്തോടെയായിരുന്നു രഞ്ജിത്ത് ഇതിനെതിരെ പ്രതികരിച്ചത്. 'മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം''- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2018-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഡ്രാമയാണ് രഞ്ജിത് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആ സിനിമ തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നു. അങ്ങനെയുള്ള സംവിധായകനാണ് മമ്മൂട്ടിയെ പരിഹസിച്ചത് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയർന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് വലിയ കൂവലാണ് കിട്ടിയത്. ഇതോടെ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് തിരിച്ചടിച്ചു. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത് സംസാരം തുടങ്ങിയത്. രാത്രി കൂളിങ്ഗ്ലാസ് വെച്ചുവന്ന രഞ്ജിത്ത് മറുപടി പ്രസംഗം നടത്തിയത് ഇങ്ങനെയാണ്. -'ഞാൻ സംസാരിക്കുമ്പോൾ ഒരു വിഭാഗം കൂവാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് തന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകൻ പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ് എന്നാണ് ഞാൻ മറുപടി പറഞ്ഞത്. എന്നെ കൂവിത്തോൽപിക്കാനാവില്ല. 1977 ൽ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താൻ ആരും ശ്രമിക്കേണ്ട''- ഇതോടെ ചലച്ചിത്ര മേളയെ രാഷ്ട്രീയ വേദിയാക്കി രഞ്ജിത്ത് മാറ്റിയെന്നും ആരോപണം ഉയർന്നു. മേളയിൽ ഇടതു ആഭിമുഖ്യമുള്ളവരാണ് രഞ്ജിത്തിനെ കൂകിയതെന്നതാണ് മറ്റൊരു വസ്തുത.
ഇതെല്ലാം കഴിഞ്ഞ ഒരു ചാനൽ അഭിമുഖത്തിൽ തന്നെ കൂവിയവരെ നായ്ക്കളോട് ഉപമിച്ചും ചലച്ചിത്ര അക്കാദമി ചെയർമാൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. 'കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതിൽ വലിയ കാര്യമില്ല. വയനാട്ടിൽ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങൾ ഉണ്ടാകും. നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആൾ എന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല''- ഇങ്ങനെയായിരുന്നു രഞ്ജിത്തിറെ പരിഹാസം.
വിനയൻ മുതൽ ഭീമൻവരെ
അവിടുന്നിങ്ങോട്ടും വിവാദങ്ങളുടെ അയ്യരുകളിയായിരുന്നു. കഴിഞ്ഞ ചലച്ചിത്ര അവാർഡിന്റെ സമയത്ത്, സംവിധായകൻ വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമക്ക് അവാർഡ് കിട്ടുന്നത് തടയാൻ എല്ലാകളികളും രഞ്ജിത്ത് കളിച്ചുവെന്ന് ആരോപണം ഉയർന്നു. ചലച്ചിത്ര നിർണയ ജൂറി അംഗമായ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. 'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടതായി നേമം പുഷ്പരാജ് വ്യക്തമായി പറയുന്നുണ്ട്.
ഇക്കാര്യം വിനയൻ വിവാദമാക്കി. എന്നാൽ മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ അക്കാദമി ചെയർമാനെ പിന്തുണച്ചു കൊണ്ടും രംഗത്തു വരികയായിരുന്നു. സിനിമാ അവാർഡുകൾ മുഴുവൻ നൽകിയത് അർഹതപ്പെട്ടവർക്കെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. രഞ്ജിത്ത് അല്ല അവാർഡ് നിർണ്ണയ സമിതിയെ രൂപീകരിച്ചതെന്നും സർക്കാരാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. രഞ്ജിത്ത് കേരളം കണ്ട ഇതിഹാസ സംവിധായകനാണെന്ന് പുകഴ്ത്താനും സജി ചെറിയാൻ മറന്നിരുന്നില്ല.
അതിനിടെ ഫിയോക്ക് യോഗ വേദിയിൽ രഞ്ജിത്തും നടൻ ദിലീപും കണ്ടുമുട്ടിയതും വിവാദമായി. ദിലീപിനെ കണ്ടാൽ ആ വഴി പോകില്ലെന്നായിരുന്നു നേരത്തെ രഞ്ജിത്ത് പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം വിഴുങ്ങി ഒരേ വേദിയിൽ ദിലീപുമായി ചിരിച്ചു കളിച്ചു രഞ്ജിത്ത് ഒരു മടിയുമുണ്ടായില്ല. മറുപടി പ്രസംഗത്തിൽ ദിലീപ് ആവട്ടെചലച്ചിത്ര അക്കാദമി സ്ഥാനത്തിരിക്കാൻ യോഗ്യനെന്ന് പുകഴ്ത്തലും നടത്തി!
ഏറ്റവും ഒടുവിൽ 2023ലെ ഐഫ്എഫ്കെയോട് അടുപ്പിച്ചാണ് ഡോ ബിജുവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' സിനിമയ്ക്ക് തിയേറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയിരുന്നത്. ഇതിനെതിരെ മാടമ്പിത്തരം തന്റെ കൈയിൽവച്ചാൽ മതിയെന്ന് പറഞ്ഞ്, ശക്തമായി പ്രതികരിച്ച് ഡോ ബിജുവും രംഗത്ത് എത്തി. തുടർന്ന് കെ.എസ്.എഫ്.ഡി.സിയിൽനിന്ന് ഡോ ബിജു രാജിവെക്കുകയും ചെയ്തിരുന്നു.
അതിനിടെ ഭീമൻരഘുവിന്റെ കോമളിയെന്ന് വിളിച്ചതും, തിരിച്ച് ഭീമൻ രഞ്ജിത്തിന്റെ തന്തക്ക് വിളിച്ചും ഏറെ ചർച്ചയായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേയാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.-'ചലച്ചിത്ര പുരസ്കാര വിതരണ സമയം മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹം അത് ഒന്നു നോക്കുക പോലും ചെയ്തില്ല. ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല. അതാണ് അദ്ദേഹത്തിന്റെ നിലപാട്. രഘു സിനിമയിലും ഇതുപോലെ തന്നെ ഒരു കോമാളി ആണ്. ഞങ്ങൾ എല്ലാവരും അയാളെ എപ്പോഴും കളിയാക്കും. ആ മസിൽ മാത്രമേ ഉള്ളു' രഞ്ജിത്ത് പറഞ്ഞു.
അതേ അഭിമുഖത്തിൽ മലയാളത്തിലെ ക്ലാസിക്ക് കൾട്ട് സിനിമയായ 'തൂവാനത്തുമ്പികളെ' വിമർശിച്ചും രഞ്ജിത്ത് എയറിലായി. -''എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ (സംവിധായകൻ പത്മരാജൻ) മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല'' എന്ന രഞ്ജിത്തിന്റെ വാക്കുകൾക്കെതിലെ ലാൽഫാൻസും തിരിഞ്ഞു. ഭാഷകൊണ്ട് അറിയപ്പെടുന്ന സിനിമയല്ല, തൂവാനത്തുമ്പികൾ എന്ന് അദ്ദേഹത്തിന് അറിയില്ലേയെന്നും പലരും ചോദിക്കുന്നു.
അക്കാദമിയിലും പടയൊരുക്കം
ഇപ്പോൾ ചലച്ചിത്ര അക്കാദമിയിലും ചെയർമാൻ രഞ്ജിത്തിനെതിരെ പടയൊരുക്കം നടക്കയാണ്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സമാന്തരയോഗം ചേർന്നു. ഒൻപത് അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകി.
രഞ്ജിത്ത് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, ഭരണസമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് സമാന്തര യോഗം ചേർന്നത്. കഴിഞ്ഞദിവസം ഭരണസമിതി അംഗം കുക്കു പരമേശ്വരനെ രഞ്ജിത് പരസ്യമായി ശാസിച്ചതും കാരണമായി. പതിനഞ്ചംഗം സമിതിലെ മനോജ് കാന, കുക്കുപരമേശ്വരൻ, എൻ. അരുൺ, മമ്മി സെഞ്ച്വറി, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ, എ.എസ്. ജോബി,സിബി, സന്തോഷ് എന്നിവരാണ് ഓൺലൈനായും ഓഫ്ളൈനായും യോഗം ചേർന്നത്. മാടമ്പിമാരെപ്പോലെ പെരുമാറുന്നുവെന്ന കഴിഞ്ഞദിവസം രഞ്ജിതിനെതിരെ സംവിധായകൻ ഡോ.ബിജു പരസ്യമായി ആരോപിച്ചിരുന്നു. ചലച്ചിത്രവികസന കോർപറേഷൻ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം ഭൂരിപക്ഷം അംഗങ്ങളും താൻ മാറണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി സജിചെറിയാൻ നടപടി സ്വീകരിക്കട്ടെയെന്നും രഞ്ജിത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ച തീരുമാനങ്ങൾ താൻ ഒറ്റയ്ക്കല്ല എടുക്കുന്നത്. താൻ ഈ സ്ഥാനത്തിന് യോഗ്യനാണോ അല്ലയോ എന്ന് സാംസ്കാരിക വകുപ്പും സർക്കാരും പറയട്ടേയെന്നും രഞ്ജിത്ത് പറഞ്ഞു. നവകേരള യാത്ര കഴിഞ്ഞെത്തുമ്പോൾ മന്ത്രി ഈ പരാതി പരിശോധിക്കട്ടേയെന്നും എല്ലാവരും വീർപ്പുമുട്ടുകയാണെന്ന് സർക്കാരിന് ബോധ്യപ്പെടുകയാണെങ്കിൽ സർക്കാർ പറയട്ടേയെന്നും അപ്പോൾ സ്ഥാനമൊഴിയാൻ തയാറാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പക്ഷേ സിപിഎം നേതൃത്വവുമായും ഇപ്പോഴും രഞ്ജിത്തിന് അടുത്ത ബന്ധമാണ്. നേരത്തെ കോഴിക്കോട്ട് നിന്നും നിയമസഭാ സീറ്റിൽ രഞ്ജിത്ത് മത്സരിക്കുമെനന് വാർത്തയുണ്ടായിരുന്നു. എന്നാൽ അത് നടക്കാതെ പോയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സിപിഎം സ്ഥാനാർത്ഥിയാവുമെന്നും കേൾക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് കഴിഞ്ഞ ചലച്ചിത്ര മേളയിൽ താനൊരു എസ് എഫ് ഐക്കാരനെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പാരമ്പര്യം ചർച്ചയാക്കിയതെന്നും വിലയിരുത്തലുണ്ട്. നേരത്തെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തവന്നപ്പോൾ നന്ദനം പോലുള്ള സിനിമകളിലെ ഹൈന്ദവ സ്വഭാവം ചിലർ ചർച്ചയാക്കിയിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച്്, ഇന്നസെന്റ് ഒക്കെ മരിച്ച ആ ഗ്യാപ്പിൽ മലയാള സിനിമയിലേക്കുള്ള ഈസി ആക്സ്സ് ആണ് രഞ്ജിത്ത്. ആ രീതിയിൽ ബന്ധങ്ങളുള്ള ഒരു മനുഷ്യനെ കൈയൊഴിയാൻ പാർട്ടിയും മുഖ്യമന്ത്രി തയ്യാറാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വാൽക്കഷ്ണം: രഞ്ജിത്തിന്റെ ഔചിത്യമില്ലായ്മയും അൽപ്പത്തരവും സോഷ്യൽ മീഡിയ വല്ലാതെ വിചാരണ ചെയ്യുകയാണ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ വിവാദ അഭിമുഖത്തിന്റെ തുടക്കത്തിൽ, ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് കൂളായി സിഗരറ്റ് ആഞ്ഞുവലിക്കുന്ന രഞ്ജിത്തിനെയാണ് കാണുന്നത്. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച കാര്യംപോലും നമ്മുടെ അക്കാദമി ചെയർമാന് അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ