സാധാരണ കൊറിയൻ സിനിമ കണ്ടും ഹോൽവുഡ് സിനിമകണ്ടും കോപ്പിയടിക്കാൻ വിദഗ്ധരാണ് മലയാളികൾ എന്നാണ് പറയുക. ഏത് മികച്ച സിനിമ ഈ നാട്ടിൽ ഇറങ്ങിയാലും, അതിന് ഒരു വിദേശസിനിമാ കണക്ഷൻ കണ്ടെത്താൻ കഴിയും. പടയോട്ടവും, താളവട്ടവും തൊട്ട് മായാനദിയും ഈയടുത്ത് ഇറങ്ങിയ മുകന്ദനുണ്ണി അസോസിയേറ്റ്സിലും വരെ വിദേശസിനിമകളുമായുള്ള സാമ്യം നമുക്ക് കണ്ടെത്താൻ കഴിയും. ഹോളിവുഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും നാം എത്രയോ ചിത്രങ്ങൾ ഒരുക്കി. പക്ഷേ ഇപ്പോഴിതാ, ചരിത്രത്തിൽ ആദ്യമായി ഒരു മലയാളചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത് സംബന്ധിച്ച വാർത്തകൾ വരികയാണ്. അതാണ് ജീത്തുജോസഫിന്റെ സംവിധാനത്തിൽ, മോഹൻലാൽ നായകനായ 'ദൃശ്യം' എന്ന ദൃശ്യവിസ്മയം.

ദൃശ്യം ഒന്നാഭാഗം വിവിധ ഇന്ത്യൻ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തുകഴിഞ്ഞു. ചിത്രം ചൈനയിലുമെത്തി. ദൃശ്യം 2വും മലയാളത്തിൽ സൂപ്പർഹിറ്റായി. ഇതും അടുത്തിടെ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. അജയ് ദേവ്ഗൺ അഭിനയിച്ച ഹിന്ദി പതിപ്പ് വമ്പൻ ഹിറ്റായി. തുടർച്ചയായി പരാജയങ്ങളിൽപെട്ട് പാളീസായ ബോളിവുഡിന് പുനർജീവൻ നൽകിയത് ദൃശ്യം 2വാണ്.

ഇപ്പോൾ ദൃശ്യം എഴുകടലുകളും കടന്ന് ഹോളിവുഡിലേക്കും പോകുന്നതായാണ് വാർത്തകൾ. ദൃശ്യത്തിന്റെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ ഇംഗ്ലീഷിലേയ്ക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശമാണ് ഇവർ നേടിയത്. 'കൊറിയൻ, ജാപ്പനീസ് ഭാഷകളിലും, ഹോളിവുഡിലും ചിത്രം നിർമ്മിക്കാനുള്ള ചർച്ചകളിലാണ് ഞങ്ങൾ' എന്നാണ് പനോരമ സ്റ്റുഡിയോസ് ടൈസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ട്രഡ് അനലിസ്റ്റ് തരൺ ആദർശും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിലിപ്പീനോ, സിംഹള, ഇന്തോനേഷ്യൻ എന്നീ ഭാഷകൾ ഒഴികെ ഇംഗ്ലീഷ് ഉൾപ്പടെയുള്ള മറ്റ് വിദേശ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്.

നോക്കുക, ഒരു മലയാള ചിത്രം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുന്നു. നമ്മുടെ തൊടുപുഴക്കാരൻ ജോർജ്കുട്ടിയും കുടുംബവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധ്യാനം കൂടാൻ പോവുന്നു!

മൈ ഫാമിലി, ദൃശ്യം ആവുന്നു

'മൈ ഫാമിലി' എന്നായിരുന്നു ചിത്രത്തിന് എഴുത്തുകാരനും സംവിധാകനുമായ ജീത്തുജോസഫ് ആദ്യം നൽകിയ പേര്. പിന്നീടാണ് അത് ദൃശ്യമാകുന്നത്. ജീത്തു തിരക്കഥ എഴുതി മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ആ സംവിധായകന് നിർമ്മാതാവിനെ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോൾ ജീത്തു തന്നെ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബർ 2013ന് തൊടുപുഴയിൽ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാന ലൊക്കേഷൻ. 52 ദിവസമായിരുന്നു ചാർട്ട് ഉണ്ടായിരുന്നത്. എന്നാൽ വെറും 44 ദിവസത്തിനുള്ളിൽ ചിത്രീകരണംപൂർത്തിയാക്കി. അത്ര അനായാസമായിരുന്നു ദൃശ്യത്തിന്റെ ചിത്രീകരണം. പക്ഷേ ഈ പടത്തിന്റെ തിരക്കഥയിലെ വ്യതിരിക്തതയും, സസ്പെൻസ് മോഡുമെല്ലാം അന്നുതന്നെ മോഹൻലാൽ ഉൾപ്പെടെയുള്ളവർ എടുത്തുപറഞ്ഞിരുന്നു. അവർ പ്രതീക്ഷിച്ച ഷുവർ ഹിറ്റ് തന്നെ ആയിരുന്നു ദൃശ്യം.

പക്ഷേ എന്നിട്ടും അധികം ഹൈപ്പുകളൊന്നുമില്ലാതെയാണ് 2013 ഡിസംബർ 19ന് ദൃശ്യം റിലീസ് ചെയ്ത്. ആ സമയത്ത് മോഹൻലാലിനും ബോക്സോഫീസിൽ കഷ്ടകാലമായിരുന്നു. പക്ഷേ ദൃശ്യം സൂപ്പർ ഹിറ്റായി. തുടക്കത്തിൽ 133 തിയേറ്ററുകളിൽ മാത്രം റിലീസിനെത്തിയ ചിത്രം, പിന്നീട് കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനിൽ വാരിയത് 75 കോടിക്ക് മുകളിൽ രൂപയാണ്. 50 കോടി ക്ലബിൽ കയറിയ ആദ്യ മലയാള സിനിമയാണിത്. കേരളത്തിലെ ഏറ്റവും കൂടുതൽ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടി.

ആരാണ് ജീത്തു ജോസഫ്?

ദൃശ്യത്തിന് മുമ്പ് ജീത്തുജോസഫും ഇത്ര വലിയ സിനിമ എടുത്തിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. മൂവാറ്റുപുഴ മൂൻ എംഎൽഎ വി വി ജോസിന്റെ മകനാണ് ജീത്തു. 10 നവംബർ 1972 നവംബർ 10നാണ് ജനനം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുത്തോലപുരം, ഇലഞ്ഞി സ്വദേശിയാണ്. ചങ്ങനാശ്ശേരി എസ്ബി കോളജലും, മൂവാറ്റുപുഴ നിർമ്മലകോളജിലുമായിട്ടായിരുന്നു പഠനം.

പക്ഷേ പിതാവിന്റെ രാഷ്ട്രീയത്തേക്കാൾ ജീത്തുവിന് ഇഷ്ടം സിനിമ ആയിരുന്നു. സംവിധായകൻ ജയരാജിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചാണ് ജീത്തു ജോസഫ് തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2007ൽ ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സുരേഷ് ഗോപി, സിന്ധു മേനോൻ, കലാഭവൻ പ്രജോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എന്നാൽ ആദ്യ ചിത്രം തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങി. പിന്നീട് ത്രില്ലർ മോഡ് മാറ്റിപ്പിടിച്ചു. അമ്മ-മകൾ സ്‌നേഹത്തിന്റെ കഥ പറഞ്ഞ മമ്മീ ആൻഡ് മീ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദിലീപിനെ നായകനാക്കി എടുത്ത് മൈ ബോസ് ഗംഭീര വിജയമായതോടെ മലയാള സിനിമയിലെ മുൻനിര സംവിധായകരിലൊരാളായി ജീത്തു മാറുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മെമ്മറീസിലൂടെയാണ് ജീത്തു വീണ്ടും വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിലൊയിരുുന്നു ഇത്. അപ്രതീക്ഷിതമായ ക്ലൈമാക്‌സിലൂടെ പ്രേക്ഷകരുടെ കിളി പറത്തിയ ചിത്രം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

തുടർന്നാണ് ദൃശ്യം ഉണ്ടാവുന്നത്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്‌സിലൂടെ ദൃശ്യം തരംഗമായതോടെ ജീത്തു ജോസഫ് എന്ന സംവിധായകനെ മലയാളികൾ ചേർത്ത് പിടിക്കാൻ തുടങ്ങി. പിന്നീട് ത്രില്ലറുകൾ എന്നാൽ മലയാളികൾക്ക് ജീത്തു ജോസഫ് സിനിമകളായി മാറി. മികവുറ്റ തിരക്കഥയും ഒന്നാന്തരം ട്വിസ്റ്റുകളും, സസ്പെൻസും, ക്ലൈമാക്‌സും, മികച്ച അവതരണ രീതിയുമാണ് ജിത്തു ജോസഫ് എന്ന സംവിധായകന്റെ വിജയത്തിന് പിന്നിൽ. ഒരു മലയാളിയുടെ തലയിൽപിറന്ന കഥയിപ്പോൾ ലോകം എമ്പാടും എത്തിയിരിക്കയാണ്.

ഓഗസ്റ്റ് 2: ജോർജുകുട്ടി ധ്യാന ദിനം!

ഇടുക്കി ജില്ലയിലെ രാജാക്കാട്ടിൽ കേബിൾ ടിവി സ്ഥാപനം നടത്തുന്ന ജോർജുകുട്ടിയുടെയും ഭാര്യ റാണിയുടെയും രണ്ടു പെൺമക്കളുടെയും സൈര്വ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളാണ് സിനിമ പറഞ്ഞത്. സിനിമാ പ്രേമിയായ, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത, നാലാം ക്ലാസ്സ് വിദ്യഭ്യാസം മാത്രമുള്ള ജോർജുകുട്ടി, ഭാര്യയും മകളും അകപ്പെട്ട അസാധാരണമായൊരു പ്രതിസന്ധിയിൽ നിന്നും കുടുംബത്തെ രക്ഷിച്ചെടുക്കുന്ന കഥ യാഥാർത്ഥ്യ ബോധത്തോടെ പറയുകയായിരുന്നു ചിത്രം.

ജോർജുകുട്ടിയും കുടുംബവും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒട്ടും ഹിതമല്ലാത്തൊരു അതിഥിയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമൊക്കെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് തീർത്തും പുതുമയേറിയൊരു ദൃശ്യാനുഭവം തന്നെയായിരുന്നു. മോഹൻലാലും മീനയും തകർത്തഭിനയിച്ച ചിത്രം, കലാഭവൻ ഷാജോണിന്റെയും, ആശാ ശരത്തിന്റെയും, അൻസിബ ഹസ്സന്റെയും, എസ്തർ അനിലിന്റെയുമെല്ലാം, കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾക്കു കൂടി സാക്ഷിയായി. കെട്ടുറപ്പുള്ള, കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥ തന്നെയായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്.

അഭൂതപുർവമായ വിജയത്തിന് പിന്നാലെ ദൃശ്യം സോഷ്യൽ മീഡിയിയിൽ അടക്കം വലിയ തരംഗമായി. ചിത്രത്തിലെ നിർണ്ണായക ദിവസമായ ഓഗ്സ്റ്റ് 2 സോഷ്യൽ മീഡിയയിൽ ഹിറ്റായി. അന്നാണ് ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം. ചലച്ചിത്രത്തിൽ ഒരു തീയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും അത് പ്രേക്ഷകരിൽ ചർച്ചയാകുന്നതും ദൃശ്യം സിനിമയിലൂടെയാണ്. ഓഗസ്റ്റ് 2 എന്ന തീയതി പിന്നീട് പലരും സോഷ്യൽമീഡിയയിൽ വൻ ചർച്ചയാക്കി. ട്രോളുമായി വരുൺ പ്രഭാകറിന്റെ ചരമവാർഷികവും ധ്യാനം കൂടലും.. അങ്ങനെയങ്ങനെ... രാത്രി വീട്ടിൽ താമസിച്ചു വന്നാൽ, ഒരു ദിവസം സ്‌കൂളിൽ വരാതിരുന്നാൽ അതിനൊക്കെ കാരണമായി ധ്യാനത്തിനു പോയെന്ന മറുപടി ട്രോളുകളിൽ നിറഞ്ഞു. എന്തിനും ഏതിനും ഒരു ധ്യാനത്തിനു പോക്ക്!

തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ദൃശ്യത്തിന്റെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആയിരുന്നു. ചിത്രത്തിലെ പൊലീസ് സ്റ്റേഷനും ചായക്കടയും മറ്റു കെട്ടിടങ്ങളും ഷൂട്ടിങ്ങിനായി സെറ്റിട്ടത് തൊടുപുഴയ്ക്കു സമീപമുള്ള കൈപ്പ കവല എന്ന സ്ഥലത്തായിരുന്നു. സിനിമ ഹിറ്റായതോടെ ഈ സ്ഥലം പ്രസിദ്ധമാവുകയും നാട്ടുകാർ ആ സ്ഥലത്തിന് സ്നേഹത്തോടെ 'ദൃശ്യം കവല' എന്നു പേരിടുകയും ചെയ്തു.


ദൃശ്യം മോഡൽ കൊലപാതകങ്ങൾ

അതേസമയം പല നെഗറ്റീവ് രീതികളിലും ദൃശ്യം അറിയപ്പെടാൻ തുടങ്ങി. എവിടെനിന്നെങ്കിലും ഒരു കുഴിച്ചിട്ട ഡെഡ്ബോഡി കിട്ടിയാൽ മാധ്യമങ്ങൾ അത് ദൃശ്യം മോഡൽ കൊലയാക്കി. ദൃശ്യം സിനിമയ്ക്ക് മുൻപും കൊന്ന് കുഴിച്ചുമൂടിയ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സിനിമ എത്തിയതിന് ശേഷം ഇത്തരം കൊലപാതകങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്. ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്തു നോക്കിയാൽ 'ദൃശ്യം മോഡൽ കൊല' എന്ന് പേരിട്ട നിരവധി വാർത്തകൾ കാണാനാവും.

കഴിഞ്ഞവർഷം ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിന്റെ വീടിന് പിന്നിലെ തറക്കുള്ളിൽ കണ്ടത്തിയപ്പോൾ പിന്നാലെ ദൃശ്യം മോഡൽ കൊല എന്ന പ്രയോഗമുണ്ടായി. അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു ശ്രദ്ധയിൽപെട്ട പൊലീസ് അത് പൊളിച്ച് മൃതദേഹം കണ്ടെത്തിയത്.

2021 ൽ ഇരിക്കൂറിൽ അതിഥി തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെയും ദൃശ്യം മോഡൽ കൊലയായി വിശേഷിപ്പിച്ചിരുന്നു. ആഷികുൾ ഇസ്ളാമിനെ തന്റെ സുഹൃത്തുകൊന്ന് മൃതദേഹം പണി നടക്കുന്ന ശൗചാലയത്തിൽ ഇട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ പ്രതി ദൃശ്യത്തിന്റെ മലയാളമോ ഹിന്ദിയോ പതിപ്പ് കണ്ടില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. 2019 ലെ ഉദയം പേരൂറിൽ നടന്ന കൊലപാതകവും അറിയപ്പെട്ടത് ദൃശ്യം മോഡൽ എന്നായിരുന്നു. പ്രേം കുമാർ എന്നയാൾ കാമുകി സുനിതക്കൊപ്പം ചേർന്ന് ഭാര്യ വിദ്യയെ കൊലപ്പെടുത്തുകയും വിദ്യയുടെ ഫോൺ ദീർഘദൂര ലോറിയിൽ ഇടുകയുമായിരുന്നു. കുപ്രസിദ്ധമായ കടമ്പഴിപ്പുറം ഇരട്ടക്കൊലക്കേസിലെ പ്രതി യു കെ രാജേന്ദ്രൻ കൊലപാതകം സിനിമയിലേതിന് സമാനമായിരുന്നു. പക്ഷേ ഇവിടെ ഒന്നും സിനിമ കണ്ടിട്ടാണ് കൊല നടത്തിയത് എന്ന് നമുക്ക ഒരിക്കലും പറയാൻ കഴിയില്ല.

പക്ഷേ ശരിക്കും ദൃശ്യ സിനിമയുടെ ടെക്ക്നിക്ക് ഒരു കുറ്റവാളി ഉപയോഗിച്ച അനുഭവവും പൊലീസിന് മുന്നിലുണ്ട്. 2016 നവംബർ 14നാണ് പാലക്കാട് വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (രാജൻ 62), ഭാര്യ തങ്കമണി (തങ്കമ്മു-52) എന്നിവർ ദാരുണമായി തലക്കടിയേറ്റു കൊല്ലപ്പെടുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് തെളിയിക്കാൻ സാധിച്ചില്ല. 2021ലാണ് അയൽവാസിയായ പ്രതി രാജേന്ദ്രനെ അന്വേഷണസംഘം പിടികൂടുന്നത്. കവർച്ചാ ശ്രമത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി നൽകിയത്.കവർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനിടെയാണ് 2013ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിലെ രംഗം രാജേന്ദ്രന്റെ ഓർമയിൽ എത്തുന്നത്. കവർച്ച നടത്തിയതിനു ശേഷം രക്ഷപ്പെടാൻ സിനിമയിലെ ഈ രംഗം ഉപകരിക്കുമെന്നു രാജേന്ദ്രനു തോന്നി.

ഇതിന്റെ ഭാഗമായി കവർച്ച നടത്താൻ തിരഞ്ഞെടുത്ത ദിവസത്തിന്റെ തലേന്ന് നാളെ താൻ ചെന്നൈക്കു പോകുകയാണെന്നു സുഹൃത്തുക്കളെയും നാട്ടുകാരെയും രാജേന്ദ്രൻ പറഞ്ഞു തെറ്റിധരിപ്പിച്ചു. പിറ്റേന്നു രാവിലെ തന്നെ കടമ്പഴിപ്പുറം ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ ചായക്കടയിൽ വച്ച് ഒരു സുഹൃത്തിനെയും ഏൽപിച്ചു.

സംഭവം നടക്കുന്ന ദിവസം താൻ സ്ഥലത്തില്ല എന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. പിറ്റേന്ന് രാവിലെ സുഹൃത്തിനൊപ്പം കടമ്പഴിപ്പുറത്തെത്തി ബസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. സുഹൃത്തിനെ പറഞ്ഞുവിട്ട ശേഷം ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ ഇരുന്നു. അർധരാത്രിയോടെ സംഭവസ്ഥലത്തേക്കു പോയി. കവർച്ച നടത്തിയശേഷം പിറ്റേന്ന് രാവിലെ ചെന്നൈയിലേക്ക് പോയി. പിന്നീട് പിടിക്കപ്പെട്ടപ്പോഴാണ്, ഇയാൾ ജോർജുകുട്ടി ടെക്ക്നിക്ക് പൊലീസിനോട് വെളിപ്പെടുത്തിയത്.

പക്ഷേ ദൃശ്യം മോഡൽ കൊല എന്ന് പറയുന്നത് ശരിയല്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ''ദൃശ്യം മോഡൽ കൊലപാതകം എന്ന് പൊലീസുകാരാണോ പറയുന്നത്, മീഡിയ അല്ലെ? ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാൽ ഉടൻ പറയും ദൃശ്യം മോഡൽ കൊലപാതകമെന്ന്. ഇത് പണ്ടും ആളുകൾ ചെയ്തിരുന്നു. കൊന്നു കഴിഞ്ഞാൽ ഒന്നെങ്കിൽ കുഴിച്ചിടണം അല്ലെങ്കിൽ കത്തിക്കണം. അല്ലാതെ എന്ത് ചെയ്യാനാണ്'' -ജീത്തു ചോദിക്കുന്നു.

''എവിടെയെങ്കിലും കുഴിച്ചിട്ടാൽ ഉടൻ നമ്മുടെ തലയിലാകും. പണ്ട് യവനിക എന്ന സിനിമയിൽ ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നില്ലേ. എന്ന് ഇറങ്ങിയ സിനിമയാണത്. നോർത്തിൽ ഒരു കൊലപാതകത്തിന് മുൻപ് പ്രതി ഹിന്ദി ദൃശ്യം കണ്ടതായി പൊലീസിനോട് പറഞ്ഞു. പിന്നെ മൊബൈൽ കളയുന്ന സംഭവവും ഉണ്ടായി. അത്തരം ചില ഐഡിയ കിട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. സിനിമ ഇൻഫ്‌ളുവൻസ് ചെയ്തില്ല എന്ന് ഞാൻ പറയുന്നില്ല. അല്ലാതെ എല്ലാം ദൃശ്യം മോഡൽ ഒന്നുമല്ല', -ജീത്തു ജോസഫ് ചൂണ്ടിക്കാട്ടി.

ദൃശ്യത്തിനും മേലെ ദൃശ്യം 2

ചിത്രം കേരളത്തിൽ നേടിയ വൻ വിജയം പിന്നീട് മറ്റു ഭാഷകളിലും റീമേക്കുകൾ ഉണ്ടാവാൻ കാരണമായി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്നെ റീമേക്കുകൾ വന്നു. തമിഴിൽ 'പാപനാശം' എന്ന പേരിലും ഹിന്ദിയിലും തെലുങ്കിലും 'ദൃശ്യം' എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു. ജിത്തു ജോസഫ് തന്നെയായിരുന്നു 'പാപനാശ'ത്തിന്റെ സംവിധായകൻ. കമൽഹാസനും ഗൗതമിയും നായികാനായകന്മാരായെത്തിയ ചിത്രത്തിൽ, നിവേദ തോമസും എസ്തർ അനിലുമാണ് മക്കളായി എത്തിയത്. ആശാ ശരത് തമിഴിലും പൊലീസ് ഓഫീസറായി എത്തിയപ്പോൾ സാക്ഷാൽ കലാഭവൻ മണിയാണ് ഷാജോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2015 ലാണ് ചിത്രത്തിന്റെ ഹിന്ദി റിമേക്ക് റിലീസ് ചെയ്തത്. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രിയാ ശരൺ എന്നിവർ പ്രധാനവേഷത്തിലെത്തി. 2014 ൽ റിലീസായ തെലുങ്ക് ദൃശ്യം പതിപ്പിൽ വെങ്കിടേഷ്, മീന, നാദിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 'ദൃശ്യ' എന്ന പേരിലാണ് ചിത്രം കന്നടയിലെത്തിയത്. പി വാസു സംവിധാനം ചെയ്ത ചിത്രത്തിൽ വി. രവിചന്ദ്രൻ, നവ്യനായർ, ആശ ശരത്, പ്രഭു ഗണേശൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.

ദൃശ്യം 1 തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ ദൃശ്യം 2 ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ദൃശ്യം 2 റിലീസ്. പക്ഷേ അതും വമ്പൻ ഹിറ്റായി. ദൃശ്യം ഒന്നിനും മേലയാണ് രണ്ട് എന്ന് സോഷ്യൽ മീഡിയയിൽ നിരൂപണങ്ങൾ വന്നു. ജീത്തു ജോസഫിന്റെ ബ്രില്ല്യന്റ് സ്‌ക്രിപ്റ്റിന്റെ പ്രത്യേക പ്രേക്ഷകർക്ക് ബോധ്യപ്പെട്ടത് അപ്പോഴാണ്. ഒരു ഹിറ്റ് സിനിമക്ക് രണ്ടാം ഭാഗം ഒരുക്കുക എന്നത് അങ്ങേയറ്റം പ്രയാസപ്പെട്ട പണിയാണ്. അവിടെ ഒട്ടും കണ്ടിന്യുവിറ്റിപോകാതെ, ലോജിക്ക് ചോരാതെ കൃത്യമായി ഒരു സസ്പെൻസ് ത്രില്ലർ ഉണ്ടാക്കുക എന്നത് വലിയ പ്രയത്നം തന്നെയാണ്. അതും അൽപ്പം പാളിയാൽ ട്രോളിക്കൊല്ലുന്ന മല്ലൂസിനെയാണ് ജീത്തു അഡ്രസ്സ് ചെയ്യുന്നത്. പക്ഷേ ദൃശ്യം 2വിന്റെ കഥാഘടനയും ക്ലൈമാക്സും ദൃശ്യം വണ്ണിനേക്കാൾ മികച്ചതാണെന്ന് നിരൂപങ്ങൾ വന്നു. തീയേറ്ററിൽ റിലീസ് ആവുകയാണെങ്കിൽ, ഉറപ്പായും നൂറുകോടി ക്ലബിൽ എത്തുന്ന ചിത്രമായേനെ ഇതും.

ദൃശ്യം 2 മലയാള വ്യവസായത്തേക്കാൾ രക്ഷിച്ചത് ഹിന്ദിയെയാണ്. 2022ൽ റിലീസായ 'ദൃശ്യം 2' ഹിന്ദി റിലീസിന് 250 കോടിയാണ് ഇന്ത്യൻ ബോക്‌സ് ഓഫിസിൽ നിന്നും ലഭിച്ചത്. മോഹൻലാലിന്റെ ജോർജുകുട്ടി ഹിന്ദിയിൽ അജയ് ദേവ്ഗണിന്റെ വിജയ് സൽഗോങ്കറായി മാറി. ദക്ഷിണേന്ത്യൻ സിനിമകളുടെ പടയോട്ടത്തിന് മുമ്പിൽ പതറിയ ഹിന്ദി സിനിമയ്ക്ക് ഒടുവിൽ ഒരു ഹിറ്റ് കിട്ടുകയായിരുന്നു. ഒടുവിൽ അജയ് ദേവ്ഗണിന്റെ ദൃശ്യം 2, ബോളിവുഡിന് ജീവശ്വാസം നൽകിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്. സെപ്റ്റംബർ 18ന് തിയേറ്റർ റിലീസ് ആയി എത്തിയ ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 63.9 കോടി രൂപയാണ്. ശരിക്കും ഒരു മെഗാഹിറ്റായി ചിത്രം മാറി.

എല്ലാവരെയും കടത്തിവെട്ടി ലാൽ

ദൃശ്യം റിലീസ് ചെയ്യുന്ന 2013 സമയം, മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവുംമോശം കാലമായിരുന്നു. 2012ലെ ജോഷിയുടെ റൺ ബേബി റണ്ണിനുശേഷം കർമ്മയോദ്ധ, ലോക്പാൽ, റെഡ് വൈൻ, ലേഡീസ് ആൻഡ് ജെന്റിൽ മാൻ, ഗീതാഞ്ജലി, തുടങ്ങിയ അഞ്ചു ചിത്രങ്ങളാണ് തുടർച്ചയായി പൊട്ടിയത്. ജോഷി, പ്രിയദർശൻ, സിദ്ദീഖ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ പടങ്ങളാണ് എട്ടുനിലയിൽ പൊട്ടുന്നത്. ഇതോടെ ലാൽ മാജിക്കിന് അവസാനം എന്നൊക്കെ വിധിയെഴുതിയ സമയത്താണ് ദൃശ്യം അതിഗംഭീരമായ വിജയം നേടുന്നത്. വിമർശകരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ലാൽ ചിത്രത്തിൽ നടത്തിയത്.

മാത്രമല്ല ദൃശ്യം ലോകഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോഴാണ് മോഹൻലാൽ എന്ന നടന്റെ വില മനസ്സിലാവുന്നത്. തമിഴിൽ കമൽഹാസനോ, ഹിന്ദിയിലെ അജയ് ദേവ്ഗണിനോ, തെലുങ്കിൽ വെങ്കിടേഷിനോ, കന്നടയിലെ രവിചന്ദ്രനോ, ഒന്നും മോഹൻലാലിന് ഒപ്പം എത്താനായില്ല. അജയ്ദേവ് ഗൺ ഒന്നും മോഹൻലാലിന്റെ ഏഴലത്ത് എത്തിയിട്ടില്ല. സംശമയുള്ളവർ ദൃശ്യത്തിന്റെ ക്ലൈമാകസ് രംഗം വിവിധ ഭാഷകളിലുള്ളത് കണ്ടുനോക്കുക. ഉലകനായകൻ കമൽഹാസൻ പോലും, ലാലിന്റെ കഥാപാത്രവുമായി നോക്കുമ്പോൾ പിറകിലായിപ്പോയി എന്നാണ് പല നിരൂപകരും എഴുതിയത്. ഇനി ഹോളിവുഡിലെ നടന്മാർക്ക് മലയാളത്തിന്റെ ലാലേട്ടനെ വെല്ലാൻ കഴിയമോ എന്നാണ് ചോദ്യം ഉയരുന്നത്! നോക്കണം, ഇങ്ങനെ ഹോളിവുഡിനെപ്പോലും വെല്ലുവിളിക്കാൻ കഴിയുന്ന പ്രതിഭകൾ ഉള്ള നാടാണ് ഇതെന്നതിനേക്കാൾ വലിയ അഭിമാനം എന്താണ്.

തീർത്തും അനായാസമാണ് ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചത്. ജീത്തുജോസഫ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. '' ദൃശ്യം ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നപ്പോൾ ലാലേട്ടനെ ഒരു താല്പര്യം ഇല്ലാത്തതുപോലെ ആയിരുന്നു തോന്നിയത്. എന്നാൽ ചിത്രം എഡിറ്റ് ചെയ്യ്തു കഴിഞ്ഞപോൾ മനസിലായി അദ്ദേഹത്തിന്റെ എക്സ്പീരിയൻസിന്റെ വില'.

നടൻ സിദ്ദീഖ് ഒരു അഭിമുഖത്തിൽ പറയുന്നു. ''ദൃശ്യം സിനിമയുടെ ക്ലൈമാക്സ് സീനിൽ ലാലിനോട് ചെന്ന് എന്റെ മകൻ ജീവിച്ചിരുപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന രംഗമുണ്ട്. തൊടുപുഴ ഭാഗത്ത് ഒരു ഡാമിന്റെ അരികിലാണ് ഷൂട്ട് ചെയ്യുന്നത്. ഡാമിലെ വെള്ളം പൊങ്ങി കുറച്ച് കരയിലേക്ക് കയറിയിട്ടുണ്ട്. അവിടെ കാക്കകളും കൊക്കും ഒക്കെ മീനിനെ പിടിക്കാൻ വരുന്നുണ്ട്.

വളരെ സീരിയസായി സംഭാഷണം പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് ലാൽ എന്റെ അടുത്ത് വന്നിട്ട് ' അണ്ണാ ഈ കാക്ക കുളിച്ചാൽ കൊക്ക് ആകില്ല എന്ന് പറയുന്നത് ചുമ്മാതെയാണ് എത്രയോ കാക്കകൾ കുളിച്ചിട്ട് കൊക്കായി', എന്നു പറഞ്ഞു ഇതു തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ സംഭാഷണം പറയുന്നതിന് മുമ്പ് വീണ്ടും 'നിങ്ങൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ ഈ കാക്ക കുളിച്ച് കൊക്കാകുന്നത്' എന്ന് ലാൽ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഷോട്ട് തുടങ്ങുന്ന സമയം ലാൽ സംഭാഷണം പറയേണ്ടിടത്ത് കൃത്യമായി പറയുകയും ചെയ്യും. എന്റെ ഭാഗം വന്നപ്പോൾ അതെങ്ങനെയാണ് പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ.'-സിദ്ദിഖ് പറഞ്ഞു.

''ലാലിന്റെ കൂടെ അഭിനയിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ലാൽ കഥാപാത്രമായി മാറുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും. അവിടെ ചുമ്മാ വന്ന് നിന്ന് സിനിമ കാണാൻ വരുന്ന ലാഘവത്തോടുകൂടി വരികയും സംഭാഷണം ആ സമയത്ത് അത് പറയുകയും ചെയ്യും. അഭിനയമെന്ന ജോലി ഇത്രയും എളുപ്പമാണെന്ന് മനസിലാകുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ് അഭിനയം ഭയങ്കര വിഷമമാകുന്നത് ഞാൻ അഭിനയിക്കുന്നത് കാണുമ്പോഴാണ്.

ശ്രദ്ധിച്ച് സംഭാഷണങ്ങൾ പഠിച്ച് ഇതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാം എന്ന് വിചാരിച്ചാൽ ലാൽ സമ്മതിക്കില്ല. അദ്ദേഹം തമാശകൾ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹത്തിന് പറയുന്ന സെക്കന്റിൽ അഭിനയിക്കാൻ അറിയാം. നമുക്കത് അറിയില്ല. ബലൂൺ വീർപ്പിക്കുന്നതുപോലെ വീർപ്പിച്ചു കൊണ്ടുവന്നിട്ടുവേണം അവതരിപ്പിക്കാൻ. സംഭാഷണം ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല. നമ്മൾ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറയും 'ഇപ്പോഴാണോ ഇതിനെക്കുറിച്ച് പറയേണ്ടത് വേറെ എന്തെങ്കിലും പറയാം'. സീനിന്റെ കാര്യമോ സംഭാഷണമോ ഒന്നു മൈൻഡ് ചെയ്യുക ഇല്ല. ആക്ഷൻ പറയുന്ന സമയത്ത് ലാൽ എല്ലാം പറയുകയും ചെയ്യും. നമ്മൾ പഠിച്ചതെല്ലാം മറന്ന് പോവുകയും ചെയ്യും. എപ്പോഴു തമാശ പറഞ്ഞു കാണ്ടേയിരിക്കും.''-സിദ്ദിഖ് പറഞ്ഞു. ഈ അനായാസത തന്നെ ആയിരിക്കും മോഹൻലാലിന്റെ വിജയവും. അതായിരിക്കും മറ്റ് ഭാഷകളിൽ നടന്മാർക്ക് ഇല്ലാതെപോയതും.

വരുമോ ദൃശ്യം 3

ഇപ്പോൾ ഹോളിവുഡിലേക്ക് മൊഴിമാറുന്ന എന്നൊക്കെയുള്ള വാർത്തകൾക്കിടയിലും, മലയാളത്തിലെ പ്രേക്ഷകർക്ക് ചോദിക്കാനുള്ളത് ദൃശ്യം 3 ഉണ്ടാവുമോ എന്നാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് താൻ ശരിക്കും ചിന്തിക്കുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനെ കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും, എന്നിരുന്നാലും, തന്റെ മറ്റ് പ്രൊഫഷണൽ പ്രതിബദ്ധതകളുമായി തിരക്കിലായതിനാൽ ഇതുവരെ ഒരു ഉറച്ച കഥാഗതി വികസിപ്പിക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.

ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും എങ്കിലും ശരിയായ സമയത്ത് അത് സംഭവിക്കുമെന്നും ജീത്തു കൂട്ടിച്ചേർത്തു. മറ്റൊരു അഭിമുഖത്തിൽ ജീത്തുജോസഫ് ഇങ്ങനെ പറയുന്നു. ''എന്റെ കൈയിൽ ഒരു ക്ലൈമാക്സ് ഐഡിയ ഉണ്ട്. അങ്ങനെ ഒരു ലക്ഷ്യത്തോടെ ആണ് താൻ ദൃശ്യം 3 യിലേക്ക് എത്തുന്നത്. ദൃശ്യം 2 ലെ ക്ലൈമാക്സാണ ആദ്യം കിട്ടിയത്. പക്ഷേ ദൃശ്യം 3 യിലെ രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ''- പുഞ്ചിരിയോടെ ജീത്തു പറയുന്നു.

അതേസമയം ഇതേക്കുറിച്ച് ഇംഗ്ലീഷ്-ഹിന്ദി മാധ്യമങ്ങളിലും വാർത്തകൾ വരുന്നുണ്ട്.
ഹിറ്റ് ഫ്രാഞ്ചൈസി ആയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഥയിലെ സസ്‌പെൻസ് ലീക്ക് ആകാതിരിക്കാനാണ് ഈ നീക്കം. ഒരുമിച്ച് ഷൂട്ടിങ് ആരംഭിച്ച് ഒരേ സമയം റിലീസിനെത്തിക്കാനാണ് നീക്കമെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ചിത്രം ഹിന്ദിയിൽ എത്തിയപ്പോൾ, ആദ്യ ഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകൻ നിഷികാന്ത് കാമത്തും രണ്ടാം ഭാഗത്തിന്റെ സംവിധാനം അഭിഷേക് പഥകും ആയിരുന്നു. മൂന്നാം ഭാഗവും പഥക് സംവിധാനം ചെയ്യും എന്നാണ് സൂചനകൾ. ദൃശ്യം രണ്ടാം ഭാഗം ഒടിടി റിലീസ് ആകുന്നതിന് മുൻപ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നുവെന്ന് അഭിഷേക് പഥക് വെളിപ്പെടുത്തിയിരുന്നു.

എന്തായാലും അവതാറും, അവഞ്ചേഴ്സും, ജെയിംസ്ബോണ്ടും പോലുള്ള ഹിറ്റ് ഫ്രൊഞ്ചസി സിനിമകളെ കണ്ട് അമ്പരന്നു നിൽക്കാനെ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളുവല്ലോ, പക്ഷേ നമുക്ക് ഇതാ ആഗോള ബ്രാൻഡുള്ള ഒരു ഹിറ്റ് പരമ്പര സിനിമ ഉണ്ടാവുന്നു. അതും കഥയുടെ ബലം ഒന്നുകൊണ്ട് മാത്രം. ജീത്തുജോസഫിന് നാം ഒരു കുതിരപ്പവൻ കൊടുത്താൽ മതിയാവില്ല. മലയാള സിനിമയെ ആഗോളീകരിച്ചതിന് ഈ ഭാവനാവ്യാപാരിയെ സംസ്ഥാന സർക്കാർ ആദരിക്കേണ്ടതാണ്.

വാൽക്കഷ്ണം: ദൃശ്യം സിനിമയുടെ കഥയുടെപേരിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപെട്ടതും ജീത്തുജോസഫ് തന്നെയാണ്. ഇത് കോപ്പിയടിയാണെന്ന് നിരവധി പേർ പറഞ്ഞു പരത്തി. ഒരാൾ കോടതിയൽ പോയി. ജീത്തു ഹെക്കോടതിയെ സമീപിച്ചാണ് സ്റ്റേ നീക്കിയത്. പക്ഷേ കോടതി പരിശോധിച്ചപ്പോൾ ദൃശ്യത്തിന്റെ കഥയും പരാതിക്കാരന്റെ കഥയും രണ്ടാണെന്ന് കണ്ടെത്തി. ഈ വ്യാജ ആരോപണങ്ങളാൽ ഇപ്പോൾ മറ്റുള്ളവരുടെ കഥകൾ കേൾക്കാറില്ലെന്ന് ജീത്തു പറയുന്നു. തനിക്ക് വരുന്ന മെയിലുകൾ വായിച്ചുനോക്കാതെ ഡിലീറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ലോകം മുഴുവൻ എത്തിയ ഒരു കഥയുണ്ടാക്കിയ മലയാളിയെ കോടതി കയറ്റാനാണ് ചില മലയാളികൾ തന്നെ ശ്രമിച്ചത് എന്നതും ലജ്ജാകരമാണ്!