- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സരസ്വതിയെ നഗ്നയായി വരക്കുന്നത് എം എഫ് ഹുസൈന്റെ സ്വാതന്ത്ര്യമെന്ന് വാദിച്ചവർ; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചവർ; കിത്താബ് നാടകത്തിലും, മാതൃഭൂമിയുടെ പ്രവചകനിന്ദാ വിവാദത്തിലും മിണ്ടാത്തവർ; സെലക്റ്റീവ് നവോത്ഥാനത്തിന്റെ തെളിവായി 'ദ കേരള സ്റ്റോറി' വിവാദവും; കേരളത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
തങ്ങൾക്ക് എതിരെ ഒരു സാധനം വരുമ്പോൾ അത് നിരോധിക്കണം. മറ്റുള്ളവർക്കെതിരെ വരുമ്പോൾ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവരുമ്പോൾ കാണാൻ നല്ല ചേല്' എന്ന ഇരട്ടത്താപ്പാണ് പലപ്പോഴും കേരളത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ നാടകങ്ങൾ കാണുമ്പോൾ ഓർമ്മവരിക. കേരളത്തിൽ പ്രബലമായ ഇസ്ലാമോ- ലെഫ്റ്റ് എന്ന് വിളിക്കുന്ന ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾ മാത്രമാണ്, ഇവിടുത്തെ സാംസ്കാരിക നായകരുടെ പ്രതികരണ ശേഷി എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ്, 'ദ കേരള സ്റ്റോറി' എന്ന സിനിമക്കുനേരെ ഉയരുന്ന നിരോധന വാദങ്ങൾ.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഷാരൂഖാന്റെ 'പഠാനും', നാദിർഷയുടെ 'ഈശോ'ക്കും, എസ് ഹരീഷിന്റെ 'മീശ'ക്കും, പെരുമാൾ മുരുകന്റെ 'മാതൊരു ഭാഗനും' ഒക്കെ ഉള്ളതാണെങ്കിൽ ആ സ്വാതന്ത്ര്യം 'കേരള സ്റ്റോറി'ക്കും വിവേക് അഗ്നിഹോത്രിയുടെ 'കാശ്മീർ ഫയൽസി'നും, റഫീഖ് മംഗലശ്ശേരിയുടെ 'കിത്താബി' നും, പവിത്രൻ തീക്കുനിയുടെ 'പർദ്ദ'ക്കും, ഒക്കെ അവകാശപ്പെട്ടതാവേണ്ടേ എന്ന ചോദ്യം ചോദിക്കാൻ ഇവിടെ ആരുമില്ല. എന്തിനധികം എം എഫ് ഹുസൈന് സരസ്വതിയുടെ നഗ്ന ചിത്രങ്ങൾ വരക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി നിലകൊണ്ടവർ ആണ് കേരളത്തിലെ ഭൂരിഭാഗവും. പക്ഷേ അവർ എല്ലാം കൂട്ടത്തോടെ 'ദ കേരള സ്റ്റോറി' എന്ന ചിത്രം, നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നതാണ് അത്ഭുതം. 'കേരള സ്റ്റോറി'യിൽ പല പ്രശ്നങ്ങളും ഉണ്ടാവും. അതിൽ ഐസിസിലേക്ക് പോയി എന്ന് പറയുന്നവരുടെ കണക്കുകൾ ഒക്കെ പെരുപ്പിച്ചതാണ്. പക്ഷേ അതുകൊണ്ട് ഒരു സിനിമ നിരോധിക്കണം എന്ന് പറയുന്നതിൽ എന്താണ് കഴമ്പ്.
നേരത്തെ മോദി സർക്കാർ ബിബിസിയെ നിരോധിച്ചപ്പോൾ അതിനെതിരെ ശബ്ദിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല. സെലക്ടീവ് മതേതരത്വവും, സെലക്ടീവ് നവോത്ഥാനവും, സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യവുമൊക്കെ, വർഗീയതയുടെ അത്രതന്നെ അപകടം പിടിച്ച ഏർപ്പാടാണ്. ഏതെങ്കിലും ഒരു സിനിമകൊണ്ട് തകർക്കാൻ കഴിയുന്നതാണോ, കേരളത്തിന്റെ മതനിരപേക്ഷത. പക്ഷേ ദൗർഭാഗ്യം എന്നു പറയട്ടെ കേരളം കൂടുതൽ കൂടുതൽ ഇടുങ്ങിക്കൊണ്ടിരിക്കയാണ്.
റുഷ്ദി മുതൽ ഷാർലി ഹെബ്ദോ വരെ
സത്യത്തിൽ ഇതിന് ഒരു പാൻ വേൾഡ് കോൺടെക്റ്റ് ഉണ്ടെന്നതാണ് എറ്റവും പ്രധാനം. ലോക വ്യാപകമായി നോക്കുമ്പോൾ മതങ്ങൾ എന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പുറം തിരിഞ്ഞ് നിന്നിട്ടേയള്ളു. ക്രിസ്റ്റിയാനിറ്റിയുടെ പ്രതാപകാലത്ത്, തീയിലെരിച്ചും കുരുശിൽ തറച്ചും കൊന്നൊടുക്കിയ കലാകാരന്മാർക്ക് കൈയും കണക്കുമില്ല. പക്ഷേ ആധുനിക കാലമായതോടെ ക്രിസ്റ്റിയാനിറ്റി വല്ലാതെ മാറുകയും, അവർ സഹിഷ്ണുതയുടെ പാതയിലേക്ക് വരികയും ചെയ്തു. 'പാഷൻ ഓഫ് ദ ക്രൈസ്റ്റ്' തുടങ്ങിയ സിനിമയുമായി ബദ്ധപ്പെട്ട ഒറ്റപ്പെട്ട വിവാദങ്ങൾ മാത്രമാണ് പിന്നീട് ഉണ്ടായത്.
എന്നാൽ ക്രിസ്തുമതം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മതമായ, ഇസ്ലാമിന്റെ കാര്യത്തിൽ അങ്ങനെയല്ല. തങ്ങൾക്കുനേരെ വരുന്ന ഏത് ചെറിയ വിമർശനങ്ങളിൽ പോലും, അങ്ങേയറ്റം അസഹിഷണുതതോടെയാണ് അത് പ്രതികരിക്കാറുള്ളത്. സൽമാൻ റുഷ്ദിയുടെ 'സാത്താനിക്ക് വേഴ്സസ് ' എന്ന നോവൽ എഴുതി എത്രയോ വർഷങ്ങൾക്ക് ശേഷവും അയാളെ കെല്ലാനുള്ള ഫത്വ നില നിൽക്കയാണ്. കഴിഞ്ഞ വർഷം റുഷ്ദി അതി ഗുരുതരമായി ആക്രമിക്കപ്പെട്ടത് ലോകത്തെ നടുക്കി. ആ നോവൽ വായിച്ചവർക്ക് അറിയാം, റുഷ്ദി അതിൽ കാര്യമായ മത വിമർശനം പോലും നടത്തുന്നില്ല എന്ന്. എന്നിട്ടും ഒരു കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടുന്ന രീതിയിൽ, ഈ ആധുനിക കാലത്തും റുഷ്ദി ആക്രമിക്കപ്പെട്ടത് മതത്തിന്റെ തീവ്രതതന്നെയാണ് കാണിക്കുന്നത്.
അതുപോലെ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരിൽ ഫ്രഞ്ച് പ്രസിദ്ധീകരണമായ ഷാർലി ഹെബ്ദോയുടെ ഓഫീസിൽ നടത്തിയ കൂട്ടക്കൊല ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ഫ്രാൻസിൽ സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ ഇസ്ലാമിക മതമൗലികവാദികൾ തലയറുത്തുകൊന്നത് നമ്മുടെ, പ്രൊഫസർ ടി ജെ ജോസഫിന്റെ സമാനമായ പ്രശ്നങ്ങളെ തുടർന്നാണ്. ക്ലാസിൽ ആവിഷ്‌ക്കാര സ്വാതന്ത്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ, ഷാർലി ഹെബ്ദോയുടെ വിവാദ കാർട്ടുണുകൾ അദ്ധ്യാപകൻ കാണിച്ചതാണ് പ്രശ്നമായത്. ക്ലാസിലെ മുസ്ലിം വിദ്യാർത്ഥികളോട്, വേണമെങ്കിൽ പുറത്തിറങ്ങിപ്പോകാം എന്ന് പറഞ്ഞുകൊണ്ടാണ്, അദ്ദേഹം ഈ കാർട്ടുൺ കാണിച്ചത്. പക്ഷേ കുട്ടികളിൽ ചിലർ ഇത് വീട്ടിൽപോയി പറയുകയും, അങ്ങനെ വിവരം ഇസ്ലാമിക മതമൗലികവാദികളുടെ കൈയിൽ എത്തുകയും, അവർ സാമുവൽ പാറ്റിയെന്ന് അദ്ധ്യാപകന്റെ തലയറുത്തുകൊല്ലുകയുമാണ് ഉണ്ടായത്.
പക്ഷേ ഇവിടെ നമ്മുടെ ജോസഫ് മാസ്റ്ററുടെ സംഭവത്തിൽനിന്ന് തീർത്തും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായത് ഭരണകൂടത്തിന്റെ സമീപനമാണ്. ജോസഫ് മാഷെ മഠയൻ എന്ന് വിളിച്ച്, കൈവെട്ടാനുള്ള തട്ടൊരുക്കിക്കൊടുക്കയാണ്, അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അടക്കമുള്ളവർ ചെയ്തതെങ്കിൽ, മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞ്, അദ്ധ്യാപകന് ഒപ്പം നിൽക്കയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ ചെയ്തത്. രാജ്യത്തിന്റെ പരമോന്നത് സിവിലിയൻ ബഹുമതിയും സാമുവൽ പാറ്റിക്ക് ഫ്രഞ്ച് സർക്കാർ കൊടുത്തു. അതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ആഗോളവ്യാപകമായി ഇസ്ലാം പിന്തുടരുന്ന ഒരു രീതിയുണ്ട്. തങ്ങൾക്ക് അനുകൂലമല്ലാത്ത് ഫാസിസം. അല്ലാത്ത് ആവിഷ്‌ക്കാര സ്വാതന്ത്രം. അതേ രീതിയാണ് കേരളത്തിലേക്കും വ്യാപിപ്പിക്കുന്നത്.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ്
കേരളത്തിൽ ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനേറ്റ ഏറ്റവും വലിയ മുറിവ് വരുന്നതും ഇടതുപക്ഷ സർക്കാറിന്റെ കാലത്താണ്. മലയാളം തീയേറ്റർ ആക്ടിവിസ്റ്റായിരുന്ന പി.എം. ആന്റണി, കസാൻദ് സാക്കിസിന്റെ, 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ, 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം നിരോധിച്ചത് 87ൽെ നായനാർ സർക്കാർ ആയിരുന്നു.
ക്രൈസ്തവർ ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ നാടകത്തിൽ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകൾ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തിൽ വ്യഖ്യാനിക്കുന്നു. ഇതാണ് വിവാദകാരണമായി മാറിയത്. നാടകത്തിൽ യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായുള്ള വ്യാഖ്യാനവും വിവാദമായി. സൂര്യകാന്തി തിയറ്റേഴ്സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമായി. ഈ വിവാദത്തെത്തുടർന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ചർച്ചകൾ കേരളത്തിൽ ആദ്യമായി സജീവമായത്.
1986-ൽ ആലപ്പുഴയിലെ ഏതാനും അരങ്ങുകൾക്കുശേഷം തൃശൂർ നഗരത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വിമോചന സമരത്തിന് ശേഷം സഭ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ഏറ്റവും ശക്തമായ ഇടപ്പെട്ട സന്ദർഭം കൂടിയായിരുന്നു ഇത്. നാടകം പത്തിലേറെ അരങ്ങുകളിൽ ബുക്ക് ചെയ്തിരുന്നു. കോടതി ആദ്യം നാടകത്തിനനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. മൂന്നിടത്ത് നാടകം കളിക്കാൻ അനുമതി കിട്ടി. ആലപ്പുഴയിൽ സുഗതൻ സ്മാരക ഹാളിലും, വലപ്പാട്ടും, തൃശൂരിലും നാടകം കളിക്കാനായി. പക്ഷെ സഭയും പള്ളിക്കാരും പ്രതിഷേധവും പ്രകടനവുമൊക്കെ സംഘടിപ്പിച്ചു. ക്രമസമാധാനം തകരുമെന്നു പറഞ്ഞു നാടകം കളിക്കുന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാർ നാടകം നിരോധനം ഏർപ്പെടുത്തി. അടുത്ത ജില്ലയിൽ പോകുമ്പോൾ അവിടെയും നിരോധനം. ഇങ്ങനെ ആലപ്പുഴയൊഴിച്ച് കേരളം മൊത്തത്തിൽ നാടകം നിരോധിക്കപ്പെട്ടു.
മഹാരാഷ്ട്രയിലെ മലയാളികൾ അവിടെ നാടകം അവതരിപ്പിക്കാൻ ക്ഷണിച്ചെങ്കിലും കന്യസ്ത്രീകളും അച്ചന്മാരും നാടകത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന് അവിടെയും നിരോധിക്കപ്പെട്ടു. നാടകത്തിനെതിരെ ആർച്ച് ബിഷപ്പ് മാർ ആർച്ച് ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും തൃശൂരിൽ നടത്തി. സമരം വ്യാപകമായപ്പോൾ സർക്കാർ നാടകം നിരോധിച്ചു. സംഘാടകർ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. ഇന്ത്യ മുഴുവൻ നിരോധനമായിരുന്നു സുപ്രീം കോടതി വിധി.
ആവിഷ്്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവതരമായ ചർച്ച ഉയർന്നുവരാൻ ഇടയാക്കിയതും ആറാം തിരുമുറിവിന്റെ നിരോധനമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്യ കൺവൻഷൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ചതും ഇതേത്തുടർന്നായിരുന്നു. ഗദ്ദർ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ പോരാളികളും സാംസ്‌കാരിക പ്രവർത്തകരും കൺവൻഷനിൽ പങ്കെടുത്തു. തിരുമുറിവ് നാടക വിവാദം പ്രമേയമാക്കി ജോസ് ചിറമ്മൽ 'കുരിശിന്റെ വഴി' എന്ന തെരുവുനാടകവുമായി രംഗത്തു വന്നത്. ഇതും സാമുദായിക മൈത്രിയെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് നാടക പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് നായനാർ സർക്കാർ വിറച്ച് പോയതാണ് നാം ഇന്ന് കാണുന്ന രീതിയിൽ തൊട്ടതിനും പിടിച്ചതിനും, മതവികാരം വ്രണപ്പെടുന്ന രീതിയിലേക്ക് എത്തിച്ചതെന്ന് വ്യാപക വിമർശനമുണ്ട്.
ഒരുപാഠ പുസ്തകത്തിൽപോലും മതേതരത്വത്തിന്റെയും ജെൻഡർ ന്യൂട്രാലിറ്റിയുടെയുമൊക്കെ ഭാഗങ്ങൾ വരുന്നത് കേരളത്തിലെ മതവാദികൾക്ക് ഇന്നും ഇഷ്ടമില്ല. അതിന്റെ ഏറ്റവും നല്ല പ്രകടമായ ഉദാഹരണം വരുന്നത് 'മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗത്തിന്റെ പേരിൽ വി എസ് സർക്കാർ വെള്ളം കുടിച്ചതാണ്. വിപ്ലവ കേസരി എം എ ബേബി ആഭ്യന്തര മന്ത്രിയായ സമയത്താണ്, മനുഷ്യന് ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന അർഥം വരുന്ന, ആ പാഠഭാഗം മതമൗലികാവാദികളുടെ സമ്മർദത്തെതുടർന്ന്, എടുത്തുമാറ്റപ്പെടുന്നത്. ഇന്നും സമസ്തയുടെ എതിർപ്പുമൂലം ജെൻഡർ ന്യൂട്രൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ, കഴിഞ്ഞിട്ടില്ല. ഇടതുപക്ഷം എന്നത് കേവലം വോട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒന്ന് മാത്രമാണെന്ന് സമകാലീന അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
മാതൃഭൂമി പത്രത്തിന്റെ 'പ്രവചകനിന്ദ'
2016ൽ മാതൃഭൂമി പത്രവും കേരളത്തിൽ പ്രവചകനിന്ദയിൽ പെട്ടിരുന്നു. പ്രൊഫസർ ടി ജെ ജോസഫിന്റെ കാര്യത്തിൽ പറഞ്ഞപോലെ, തീർത്തും അനാവശ്യമായ ഒരു കാര്യത്തിനാണ്, പത്ര ബഹിഷ്‌ക്കരണം ഉണ്ടായത്. മാതൃഭൂമിയുടെ കോഴിക്കോട് നഗരം പേജിലെ ആപ്പ്‌സ് ടോക്കിൽ പ്രസിദ്ധീകരിച്ച പ്രതികരണത്തിന്റെ പേരിലാണ് പത്രം പുലിവാൽ പിടിച്ചത്.
മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു, മാതൃഭൂമി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. കമാൽ പാഷയുടെ പരാമർശവുമായി ബന്ധപ്പെട്ട ആരോ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. 'ദൈവ വിളികിട്ടിയ നേതാവ് പത്തിൽ കൂടുതൽ കെട്ടി' എന്ന തുടങ്ങുന്ന പ്രതികരണമാണ് പ്രശ്നമായത്. ഇത് ഏതോ ഒരു മൗലവിയെയാണ് ഉദ്ദേശിച്ചത്് എന്നാണ്്, ഈ വാർത്തയുടെ പേരിൽ പണിപോയ വനിതാ സബ് എഡിറ്റർ കരുതിയത്.
ഇതിൽ പോപ്പുലർ ഫ്രണ്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് നഗരം പേജിൽ ഒതുങ്ങിയ കാര്യം സോഷ്യൽ മീഡിയയിൽ ലോകം മുഴുവൻ അറിയുന്ന വിധത്തിലേക്ക് മാറ്റി. മാതൃഭൂമി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ടുകാർ പ്രകടനവുമായി എത്തി. തുടർന്ന് പത്രം കത്തിച്ചും ഇവർ പ്രതിഷേധിച്ച് മടങ്ങി. തങ്ങൾക്ക് തെറ്റുപറ്റിയതാണെന്ന് പറഞ്ഞ് മാതൃഭൂമി മാപ്പുപറഞ്ഞു. മാതൃഭൂമി ചാനൽ വഴിയും സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി പത്രം അധികൃതർ അറിയിച്ചു. മാതൃഭൂമിയുടെ ഖേദപ്രകടനം ഇങ്ങനെയിരുന്നു. -''മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയിൽ സോഷ്യൽ മീഡിയയിൽ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമി നിർവ്യാജം ഖേദിക്കുന്നു'. എന്നാൽ, ക്ഷമ പറഞ്ഞിട്ടും പ്രതിഷേധം ശമിച്ചില്ല. മലബാറിൽ ആയിരക്കണക്കിന് ആളുകളാണ് പത്രം ബഹിഷ്‌ക്കരിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യവും നഷ്ടമായി. അതിന്റെ ഗുണം കിട്ടിയത് ആവട്ടെ മാധ്യമം പത്രത്തിനായിരുന്നു.
പക്ഷേ ഇത് ഒരുവർഷത്തോളം തുടർന്നപ്പോൾ മാതൃഭൂമി മറ്റൊരു അടവ് എടുത്തു. തങ്ങളുടെ ബഹിഷ്‌ക്കരണത്തിന് മുൻ പന്തിയിൽനിൽക്കുന്നവരുടെ ഒരു വാർത്തയും കൊടുക്കാതിരിക്കുക എന്നതായിരുന്നു ആ തന്ത്രം. അതോടെ കാന്തപുരവം, മുസ്ലിം ജമാഅത്തുമൊക്കെ പതുക്കെ അയഞ്ഞു. ക്രമേണ മാതൃഭൂമി നിരോധനം അലിഞ്ഞ് ഇല്ലാതായി. പക്ഷേ എറ്റവും വിചിത്രം അപ്പുറത്ത് ഇസ്ലാം ആയതുകൊണ്ട് കേരളത്തിലെ ഒറ്റ സാംസ്കാരിക നായകനും ഈ ഫാസിസത്തിനെതിരെ കാര്യമായി പ്രതികരിച്ചില്ല എന്നതാണ്. ഏതാനും സ്വതന്ത്ര ചിന്തകർ മാത്രമാണ് ഈ അനീതിക്കെതിരെ പ്രതികരിച്ചത്.
മാതൃഭൂമിയുടെ പ്രവാചകനിന്ദാ വിവാദത്തിൽ സന്തോഷിച്ചിരുന്ന മനോരമക്കും കിട്ടി, ക്രൈസ്തവ തീവ്രവിശ്വാസികളിൽനിന്ന് ഒരു ചെറിയ പണി. ഭാഷാപോഷിണിയിൽ 'ക്രിസ്തുവിന്റെ അന്ത്യ അത്താഴ'ത്തെ വികലമായ ചിത്രീകരിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി കെസിബിസി അടക്കം രംഗത്ത് എത്തി. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെ സ്ഥാനത്തു അർദ്ധനഗ്നയായ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുകയും ഇരുവശത്തുമായി ക്രിസ്തുശിഷ്യരുടെ സ്ഥാനത്തു കന്യാസ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്തത് ക്രൈസ്തവ സമുദായത്തിലെ ഒരു പ്രത്യേക വിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് വിമർശം വന്നത്. അന്നും മനോരമാ ബഹിഷ്‌ക്കരണവും പകരം ദീപിക പ്രചാരണവും നടന്നെങ്കിലും അത് അധികം ക്ലിക്കായില്ല.
മീശ വിവാദത്തിൽ സംഭവിച്ചത്
2018ൽ കേരളം ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടി തിളച്ചുമറിഞ്ഞത്, 'മീശ' എന്ന എസ് ഹരീഷിന്റെ നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ ആയിരുന്നു. അമ്പലത്തിൽപോവുന്ന സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച് ഈ നോവലിലെ ഒരു കഥാപാത്രം സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാർ വ്യാപകമായ ക്യാമ്പയിൻ തുടങ്ങി. മാതൃഭൂമി ഓഫീസിലേക്ക് ഭീഷണികളും തെറിവിളികളും അടിക്കടി വന്നു. എൻഎസ്എസ് മാതൃഭൂമി ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെത്തു. പല കരയോഗങ്ങളിലും പത്രം കത്തിച്ചു. ഇതോടെ നോവൽ നിർത്തി മാതൃഭൂമി തടിയൂരി. ഇതിന്റെപേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിൽ ബോർഡിലെ രണ്ടു ജേർണലിസ്റ്റുകൾ രാജിവെച്ചുപോയി.
ഇതിനെതിരെ മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യസാംസ്‌കാരിക നായകന്മാരും പിന്തുണയുമായി വന്നെങ്കിലും പ്രസിദ്ധീകരണം തുടരേണ്ടെന്ന ഉറച്ചനിലപാടിലായിരുന്നു ഹരീഷ്. എഴുത്തുകാരന്റെ കുടുംബത്തെ വരെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പ്രസിദ്ധീകരണം നിർത്തിയത്. നോവൽ പിന്നീട ഡി സി പുസ്തകമായി ഇറക്കി. മറുഭാഗത്ത് സംഘപരിവാർ ആയതുകൊണ്ടുതന്നെ കേരളത്തിലെ ഇടതുപക്ഷവും സാംസ്കാരിക നായകരും ഒന്നടങ്കം, അപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടി. നേരത്തെ ജോസഫ് മാഷിന്റെ കൈവെട്ട് കേസിലടക്കം ഒന്നും മിണ്ടാതെ വാലും ചുരുട്ടി ഇരുന്നവരാണ് ഇവരെന്ന് ഓർക്കണം.
പിന്നീട് സപ്രീം കോടതിയും മീശവിവാദത്തിൽ ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന് ഒപ്പം നിന്നു. വിവാദങ്ങളുടെ പേരിൽ പുസ്തകം നിരോധിക്കുന്ന സംസ്‌ക്കാരത്തോട് യോജിക്കാൻ ആകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ തടയും. മീശയിലെ വിവാദ ഭാഗം രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ്. ടീനേജ് കഥാപാത്രങ്ങൾ ഇത്തരത്തിൽ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദിച്ചു.
ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാൻ ആകൂ. എന്നാൽ ഭാവനാപരമായ സംഭാഷണത്തിൽ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങൾ നിരോധിച്ചാൽ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കും. രണ്ടു പാരഗ്രാഫുകൾ ഉയർത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹർജിക്കാർ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി മലയാളിയായ രാധാകൃഷ്ണനാണ് 'മീശ' നിരാധിക്കാനായി ഹർജി നൽകിയിരിക്കുന്നത്. അഭിമാനിയായ ഹിന്ദു എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
പർദ കവിതയും കിത്താബ് നാടകവും
'പർദ ഒരു ആഫ്രിക്കൻ രാജ്യമാണ്' എന്ന് തുടങ്ങുന്ന ഒരു എട്ടുവരി കവിതയാണ്, കവി പവിത്രൻ തീക്കുനിയെ വെട്ടിലാക്കിയത്. വിവാദം കനത്തതോടെ കവി കവിത ഡിലീറ്റ് ചെയ്തു. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഭീഷണി ഭയന്നല്ല കവിത പിൻവലിച്ചതെന്നും, സമാഹാരത്തിൽ അത് ഉൾപ്പെടുത്തുമെന്നും പറഞ്ഞതായി കണ്ടിരുന്നു. ആരെയും ഭയക്കുന്നില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിയാണ് പിൻവലിച്ചയെന്നും കവി വ്യക്തമായി പറയുന്നില്ല.
സമാനമായ അനുഭവങ്ങളാണ് പ്രശസ്ത നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്കും ഉണ്ടായത്. 2018ൽ കോഴിക്കോട് ജില്ല സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച റഫീക്കിന്റെ കിത്താബ് എന്ന നാടകവും വൻ വിവാദമായി. മുസ്്ലിം സ്ത്രീകളെ പള്ളിയിൽ ബാങ്ക് കൊടുക്കാൻ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതാണ് കിത്താബ് എന്ന നാടകത്തിന്റെ പ്രമേയം. സ്ത്രീകൾ നേരിടേണ്ടി വരുന്ന അവഗണനയും അനീതിയും തുറന്നുകാട്ടാനായിരുന്നു റഫീഖ് മംഗലശേരിയുടെ ശ്രമം. എന്നാൽ നാടകത്തിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. വിവിധ സംഘടനകൾ തുടർച്ചയായി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് അതിജീവന കലാസംഘം 'കിത്താബിലെ കൂറ' എന്ന മറുപടി നാടകവും അണിയിച്ചൊരുക്കി. ഇത്രയുമായതോടെയാണ് നാടകം പിൻവലിക്കാൻ മേമുണ്ട സ്‌കൂൾ മാനേജ്മെന്റ് തീരുമാനിച്ചത്. ജില്ലാസ്‌കൂൾ കലോൽസവത്തിൽ കിത്താബിനായിരുന്നു ഒന്നാം സ്ഥാനം.
സാധാരണ ഇത്തരം സമയത്ത് ഒപ്പുശേഖരണവുമായി രംഗത്ത് എത്താറുള്ള, സാംസ്കാരിക നായകർ ആരും റഫീക്കിന്റെ സഹായത്തിന് എത്തിയില്ല. മാത്രമല്ല അവരിൽ പലരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് കിത്താബ്. പക്ഷേ തന്റെ അനുമതി വാങ്ങാതെയാണ് നാടകം അവതരിപ്പിച്ചതെന്ന് ആരോപിച്ച് ഉണ്ണി രംഗത്ത് എത്തി. നേരത്തെ, കിത്താബ് നാടകത്തിനുവേണ്ടി ഒപ്പിട്ടുപോയതിൽനിന്ന് പ്രശസ്ത എഴുത്തുകാരൻ സച്ചിതാനന്ദൻ പിൻവാങ്ങി. ഇസ്ലാം മറുഭാഗത്തുള്ളപ്പോൾ നമ്മുടെ സാംസ്കാരിക നായകർക്ക് മുട്ടിടിക്കുമെന്ന് പറയാൻ ഇതിൽ കൂടുതൽ തെളിവുകൾ വേണോ?
മാണിക്യമലരായി പൂവിയും, ചരുളിയും
നേരത്തെ 'അഡാർ ലൗ' എന്ന ഒമർലുലുവിന്റെ ചിത്രം 'മാണിക്യമലരായ പൂവി' എന്ന പാട്ടിന്റെ പേരിൽ കോടതി കയറിയിരുന്നു. പ്രിയാ വാര്യരുടെ ഒറ്റക്കണ്ണിറുക്കലിലുടെ പാൻ ഇന്ത്യൻ ഹിറ്റായ, ആ പാട്ട് പ്രവാചകപത്നി ഖദീജയെ കുറിച്ചുള്ളതായതാണ് എന്നതിന്റെ പേരിലാണ് കേസിൽപെട്ടത്. പക്ഷേ ഇവിടെയും കോടതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒപ്പമായിരുന്നു. കോടതി അനുമതിയോടെയാണ്, അഡാർ ലൗ എന്ന ചിത്രം പുറത്തിറങ്ങിയത്.
അതുപോലെതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിഖ്യതമായ ചുരുളി സിനിമ അതിലെ തെറിവാക്കുളുടെ പേരിൽ കോടതി കയറി. അപ്പോഴും കോടതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ് നിന്നത്. ഉയർന്ന ബൗദ്ധിക നിലാവാരമുള്ള സിനിമയാണ് ഇതെന്നും, ചിത്രത്തിന്റെ കഥ ഇത്തരത്തിലുള്ളതാണെന്നും, അതിനാൽ നിരോധിക്കാൻ ആവില്ല എന്ന നിലപാടാണ് കോടതി എടുത്തത്. ഒമർ ലുലിന്റെ ഏറ്റവും പുതിയ സിനിമയായ 'നല്ല സമയവും' എംഡിഎംഎയെ അനുകൂലിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നതിന്റെ പേരിലാണ് കേസിൽപെട്ടത്. പക്ഷേ അവിടെയും കോടതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒപ്പം നിന്നു. അങ്ങനെയാണ് സിനിമ ഒടിടി റിലീസായത്. ഇവിടെയാണ് നാം ജീവിക്കുന്നത് ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന് വലിയ വില കൽപ്പിക്കുന്ന ഇന്ത്യയിലാണെന്നും, താലിബാൻ ഭരണമല്ല ഇവിടെ ജനാധിപത്യമാണെന്നും നാം മറന്നുപോവാൻ പാടില്ലാത്തത്.
ഏറ്റവും ഒടുവിലത്തെ അവിഷ്‌ക്കാര സ്വതന്ത്ര്യ പ്രശ്നമാണ് 'കക്കുകളി' എന്ന നാടകത്തിൽ വന്നത്. ക്രിസ്തീയ സഭയെ അപമാനിക്കുന്നുവെന്നതിന്റെ പേരിൽ ഈ നാടകം വൻ വിവാദമായി. 'നിന്റെ തന്ത ഇവിടെ മൂഞ്ചാൻ ഒന്നും ഉണ്ടാക്കിവെച്ചിട്ടില്ല' എന്ന നാടകത്തിലെ ഒരു ഭാഗം എടുത്ത കന്യാസ്ത്രീകൾവരെ പ്രസംഗിച്ച് പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കക്കുകളി നാടകത്തിനുവേണ്ടിയാണ് കേരളത്തിലെ സാംസ്കാരിക നായകരിൽ ഭൂരിഭാഗവും നിലപാട് എടുത്തത്.
മീഡിയാവൺ ടീവി പോലും, കക്കുകളിക്കുവേണ്ടി രംഗത്തെത്തി. ഇന്ന് അതേ മീഡിയാവൺ തന്നെ കേരള സ്റ്റോറിക്കെതിരെ രംഗത്ത് എത്തുന്നു. കാര്യം ലളിതാണ്. കക്കുകളി തങ്ങളുടെ മതത്തെ ബാധിക്കുന്നില്ല. കേരളാ സ്റ്റോറി തങ്ങളുടെ ചക്കര മതത്തെ ബാധിക്കുന്നുണ്ട്. ഈ രീതിയിലല്ലാതെ വിഷയത്തെ അതിന്റെ മെറിറ്റിൽകാണാൻ കേരളം എന്നാണ് പഠിക്കുക.
കേരളാ സ്റ്റോറി നിരോധിക്കരുത്?
ഇപ്പോൾ കേരളാ സ്റ്റോറിയെന്ന സിനിമനുണകൾ നിറച്ച പ്രൊപ്പഗണ്ട സിനിമയാണെന്നും അതിന് പ്രദർശനാനുമതി നൽകരുത്, എന്ന് പറഞ്ഞ് അമ്പതോളം രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക ,സിനിമ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന നടത്തിയിരിക്കായാണ്. അവരുടെ പ്രസ്താവന ഇങ്ങനെയാണ്. ''നുണകൾ നിറച്ച 'പ്രൊപ്പഗണ്ട സിനിമകൾ' കഴിഞ്ഞ കുറേ വർഷങ്ങളായി ഫാഷിസ്റ്റ് ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ്. അത്തരം സിനിമകളിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അത് വേണ്ടെന്നു വച്ചത് തുറന്നു പറഞ്ഞ നസ്രുദീൻ ഷായെ പോലെയുള്ള വിശ്രുത നടന്മാരെ നാം ഈയവസരത്തിൽ ഓർക്കേണ്ടതാണ്. ഇന്ത്യയിൽ പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന ചലച്ചിത്രങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ചതാണ് 'കശ്മീർ ഫയൽസ്'. അന്താരാഷ്ട്ര തലത്തിൽ പോലും വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു സിനിമയാണത്.
മെയ് 5 ന് പ്രദർശനത്തിന് വരാൻ പോകുന്ന 'ദി കേരള സ്റ്റോറി' എന്ന സിനിമ മേൽപറഞ്ഞത് പോലെ ഒരു സംഘ് പരിവാർ പ്രൊപ്പഗണ്ട സിനിമയാണ്. ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സംഭവ കഥയെന്ന പേരിൽ സിനിമ പറയുന്നത്. വരുന്ന 20 വർഷത്തിനുള്ളിൽ കേരളമൊരു ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. മുസ്ലീങ്ങൾക്കെതിരെ ആർഎസ്എസ് കൃത്യമായ ലക്ഷ്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ഹേറ്റ് കാമ്പയിന്റെ ഭാഗമാണീ സിനിമ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല മുസ്ലിങ്ങൾക്കെതിരെ ആസൂത്രിതമായി നുണ പ്രചരിപ്പിക്കുന്ന സിനിമ, അതുവഴി മുസ്ലിങ്ങൾക്കെതിരെ വെറുപ്പും ഭീതിയും സമൂഹത്തിൽ സൃഷ്ടിക്കാനും, മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാനും കാരണമാകും''- സച്ചിതാനന്ദനും, കെഇഎന്നും അടക്കമുള്ള സാംസ്കാരിക നായകർ ചൂണ്ടിക്കാട്ടുന്നു.
ഇത് എത്രമാത്രം നിലനിൽക്കുന്ന വാദമാണ്. സിനിമയിൽ രാജ്യവിരുദ്ധമോ, ദേശവിരുന്ധമോ, കേരളാവിരുദ്ധമോ ആയ കാര്യങ്ങൾ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത്, സെൻസർ ബോർഡ് അല്ലേ. കേരളാ സ്റ്റോറി എന്ന സിനിമയിലെ കണക്കുകൾ പെരുപ്പിച്ചതാവാം. കേരളത്തെ ഒരു തീവ്രവാദി ഹബ്ബായി ചിത്രീകരിക്കാനുള്ള പ്രൊപ്പഗൻഡയും അതിൽ ഉണ്ടാവും. പക്ഷേ അതിനെ നിരോധിച്ചല്ല, ഒരു ആശയത്തെ ആശയം കൊണ്ട് നേരിട്ടാണ് അതിന് മറുപടി പറയേണ്ടത്. ഇങ്ങനെ മാസ് പെറ്റീഷനിലുടെ നിരോധനം കൊണ്ടുവരികയാണെങ്കിൽ നാളെ അത് ഗുണം ചെയ്യുക സംഘപരിവാറിന് തന്നെയാവും. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സിനിമയിലൊക്കെ ദേശവിരുദ്ധ താൽപ്പര്യങ്ങൾ കാണിച്ചുകൊണ്ട് അതിനെ, നിരോധിപ്പിക്കാൻ അവർക്ക് കഴിയും. അപ്പോൾ ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മിണ്ടാൻ പോലും അവസരം ഉണ്ടാവില്ല. ഈ ട്രാപ്പ് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്ക് ഇല്ലാതായിരിക്കുന്നു.
വാൽക്കഷ്ണം: 80കളിൽ യുക്തിവാദി നേതാവ് ജോസഫ് ഇടമറുകിന്റെ ഖുർആൻ വിമർശനം ഇറങ്ങിയകാലം. ഇസ്ലാമിസ്റ്റുകൾ ശരിക്കും ഇളകി മറഞ്ഞു. പ്രശ്നം നിയമസഭയിൽ എത്തി. പുസ്തകം നിരോധിക്കണമെന്നും, ഇടമറുകിനെ അറസ്റ്റ് ചെയ്യണമെന്നും വാദം ഉയർത്തുന്നു. അന്ന് മുസ്ലിംലീഗ് നേതാവ് സി എച്ച് മുഹമ്മദ്കോയ പറഞ്ഞ ഒരു ക്ലാസിക്ക് മറുപടിയുണ്ട്. ''ഇടമറുക് ഒരു യുക്തിവാദിയാണ്. ഏതെങ്കിലും ഒരു മതത്തോടുള്ള പ്രത്യേകമായ വിദ്വേഷംവെച്ചല്ല അദ്ദേഹം പുസ്തകം എഴുതുന്നത്. മതങ്ങളെ തുടർച്ചയായി വിമർശന വിധേയമായി പഠിക്കയെന്നത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. ഈ വിർമശനത്തിന് മറുപടി അതുപോലെ പുസ്തകം എഴുതുകയാണ്. അല്ലാതെ നിരോധിക്കയോ, ഇടമറുകിനെതിരെ കേസ് എടുക്കയോ അല്ല''- സി എച്ചിന്റെ ഒറ്റ മറുപടിയിൽ ആ വിവാദം കെട്ടടങ്ങി. വിമർശനത്തിന് മറുപടി കൈയും തലയും വെട്ടലല്ല, ആരോഗ്യകരമായ സംവാദമാണെന്ന് പറയാന കഴിവുള്ള എത്ര നേതാക്കൾ ഇന്ന് നമുക്കുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ