'നമസ്‌കാരം, ന്യൂസ് നൈറ്റിലേക്ക് സ്വാഗതം'.... ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ആ ഘനഗംഭീര ശബ്ദം, 2000കാലത്ത് കേരളത്തിൽ തരംഗമായിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലമാണെന്നാണ് ഓർമ്മ. അന്ന് ഇന്ത്യാവിഷൻ ചാനൽ ശമ്പളം മുടങ്ങി സ്ട്രഗിൾ ചെയ്യുന്ന കാലം. മറ്റ് ചാനലുകൾക്കുള്ള പോലെ സംവിധാനങ്ങൾ ഒന്നും ഇലക്ഷൻ റിപ്പോർട്ടിങ്ങിൽ നികേഷിനില്ല. പക്ഷേ അദ്ദേഹം വിട്ടില്ല. ഒറ്റക്ക് ഇരുന്ന് ഉൽസവപ്പറമ്പിലെ, തൈലക്കച്ചവടക്കാരനെപ്പോലെ, ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് തുറന്നുവെച്ച് ഉറക്കെ മത്സരഫലം വായിച്ചു. തുടർച്ചയായി മണിക്കൂറുകൾ നീളുന്ന അനഗർഗള- നിർഗള വാഗ്‌ധോരണി. എല്ലാ ചാനലുകൾക്കും എറെ നിർണ്ണായകമാണ് ഇലക്ഷൻ ദിനത്തെ ബാർക്ക് റേറ്റിങ്ങ്. പക്ഷേ ആ വർഷത്തെ ബാർക്ക് റേറ്റിങ്ങ് വന്നപ്പോൾ ഏവരും ഞെട്ടി. നികേഷ് ഒന്നാമത്!

ശരിക്കും ഒരു ഒറ്റയാൻ പട്ടാളം. ഈ കോൺഫിഡൻസ് തന്നെയാണ് നികേഷിന്റെ ശക്തിയും ദൗർബല്യവും. ഒരു തലമുറയെ കൊതിപ്പിച്ചിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു, നികേഷ്. ദൈവം തെറ്റുചെയ്താൽപോലും ഞാൻ അത് റിപ്പോർട്ട് ചെയ്യും എന്ന് പഠിപ്പിരുന്ന, പക്കാ പ്രൊഫഷണൽ ജേണലിസ്റ്റ്. 24 മണിക്കുർ വാർത്താ ചാനൽ എന്ന കാര്യം മറ്റുള്ളവർക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിനുമുമ്പേ മുമ്പേ പറന്ന മനീഷി. തുടർച്ചായി 14 മണിക്കൂർ ജോലി ചെയ്താൽ പോലും മടുക്കാത്തയാൾ. അമ്മ മരിച്ചിട്ടുപോലും ന്യൂസ് റൂമിൽ നിന്ന് ഇറങ്ങിപ്പോവാത്തയാൾ. ആരാധകർക്കിടയിൽ വിശേഷണങ്ങൾ ഏറെയുണ്ടായിരുന്നു നികേഷിന്. മലയാള ദൃശ്യമാധ്യമ രംഗത്തെ ആദ്യസൂപ്പർ സ്റ്റാറും അദ്ദേഹം തന്നെ.

പക്ഷേ ഇപ്പോൾ തന്റെ 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് അയാൾ രാഷ്ട്രീയത്തിലേക്ക് കടക്കയാണ്. റിപ്പോർട്ടർ ടി വിയുടെ ചീഫ് എഡിറ്റർ എന്ന സ്ഥാനം താൻ ഒഴിയുകയാണെന്ന്, കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കി. 'ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രീതിയിൽ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. റിപ്പോർട്ടർ ടിവി ഞാൻ ജന്മം നൽകിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോർട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം"-എം വി നികേഷ് കുമാർ വിശദീകരിച്ചു. എം വി രാഘവൻ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ ഇളയമകനായ നികേഷിന്റെത് അസാധാരണമായ ഒരു ജീവിത യാത്രയാണ്.

മാടായി മാടന്റെ മകൻ

എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് നികേഷ് കുമാറിന്റെ ജനനം. പക്ഷേ ഒരിക്കലും പിതാവിന്റെ മേൽവിലാസത്തിൽ അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. രാഘവനാവട്ടെ മക്കൾ രാഷ്ട്രീയം പയറ്റി തന്റെ കുട്ടികളെ അധികാരകേന്ദ്രങ്ങളിലേക്ക് മാറ്റിയതുമില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക അവർ സ്വയം വളർന്നുകൊള്ളും എന്നായിരുന്നു എം വി ആറിന്റെ നിലപാട്.

കുട്ടിക്കാലത്ത് നികേഷിന് പിതാവിനെ കാണാൻ തന്നെ സമയം ഏറെകുറവായിരുന്നു. കാരണം, എംവിആർ എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. പ്രശ്സത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ ഒരിക്കൽ ഇങ്ങനെ എഴുതി.- 'ഇതിഹാസത്തിലെ നായകനെപ്പോലെ ആരാധിക്കപ്പെടുകയും ഒരു വില്ലനെപ്പോലെ എതിർക്കപ്പെടുകയും ചെയ്ത രാഷ്ട്രീയത്തിലെ ഉജ്ജ്വല നേതൃപ്രതിഭയായിരുന്നു എംവിആർ. എതിരാളികൾ വില്ലനായി ശത്രുപക്ഷത്ത് നിർത്തുമ്പോഴും അവരിലും നിഗൂഢമായ ആരാധനയുളവാക്കാൻ കഴിഞ്ഞുവെന്ന അപൂർവതയും മറ്റധികം പേർക്ക് കേരള രാഷ്ട്രീയത്തിൽ അവകാശപ്പെടാനില്ല".

എം വി രാഘവനിൽ നിന്ന് നികേഷിന് പൈതൃകമായി കിട്ടിയത് സത്യത്തിൽ ആ നിർഭയത്വവും, അർപ്പണബോധവും, കഠിനാധ്വാനത്തിനുള്ള മനസ്സുമായിരുന്നു. എഴുപതുകളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സുകാർക്ക് പേടിസ്വപ്നമായിരുന്നു എംവിആർ. മാടായി മാടൻ എന്നല്ലാതെ രാഘവൻ എന്നുപോലും അന്ന് കോൺഗ്രസ്സുകാരാരും യോഗങ്ങളിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നില്ല. അടിയന്തരാവസ്ഥ കാലത്തിന് തൊട്ടുമുമ്പത്തെ സംഘർഷഭരിതമായ കാലത്ത് മലബാറിൽ കോൺഗ്രസ് പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങൾ എവിആറിനെ കേന്ദ്രീകരിച്ചായിരുന്നു. 'നാട്ടുകാരേ സൂക്ഷിച്ചോ മാടായി മാടൻ വരുന്നുണ്ട്, തെങ്ങിന് പൊത്തലുകെട്ടിക്കോ," എന്ന സ്‌റ്റൈലിലുള്ള മുദ്രാവാക്യങ്ങൾ.

മികച്ച ഒരു പ്രാസംഗികൻ കൂടിയായിരുന്നു എംവിആർ. കെ ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു. 'ഒരു സംഘർഷസ്ഥലത്ത് എംവിആർ കാറിൽ വന്നിറങ്ങുമ്പോൾ തുടങ്ങുന്നു സവിശേഷതകൾ. കാറിന്റെ വാതിൽ വലിച്ചടക്കുന്നതിൽ പോലും എംവിആർ ടച്ച്. മോഹൻലാലിന്റെയൊക്കെ സിനിമയിൽ കാണുന്നതുപോലെ ആ നിമിഷങ്ങൾ അന്ന് ആരാധകർക്ക് ഹരമായി. ചിരിയും ഗൗരവവും മുക്കലും മൂളലുമെല്ലാം ആരാധകർക്ക് ഹരം പകർന്നു. വലിയ നേതാക്കളുള്ള വേദികളിലും അണികൾക്ക് പ്രിയം എംവിആർ തന്നെ. പത്ത് വയസ്സുമുതൽ നൂറു വയസ്സുവരെയുള്ളവരെ ഒരേപോലെ ത്രസിപ്പിക്കാൻ കഴിഞ്ഞ പ്രാസംഗികനായിരുന്നു എംവിആർ. വേദികളിൽ അല്പം വൈകിയെത്തുന്നതിലൂടെ തന്നെ നാടകീയമായി ആവേശവും ആരാധനയും സൃഷ്ടിക്കുന്ന സാമർഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന് വിനയുമായി. മഹാനേതാക്കൾ പ്രസംഗിക്കുമ്പോൾ പോലും വേദിയിലെത്തുകയും സദസ്സിനെയപ്പാടെ തന്നിലേക്കാകർഷിച്ച് തന്റെ വ്യത്യസ്തത ഉറപ്പിക്കുകയും ചെയ്യുക. നിലത്ത് കുത്തിയിരിക്കുന്ന തൊണ്ണൂറുകാരൻവരെ എംവിആർ എത്തുമ്പോൾ ചാടിയെണീറ്റ് അപ്പ് അപ്പ് എംവിആർ എന്ന് വിളിക്കുക, ജാഥകളിൽ തയ്യാറാക്കിയ മുദ്രാവാക്യം ഒഴിവാക്കി കണ്ടോ, കണ്ടോ പട്ടാളം, എം വിആറിൻ പട്ടാളം എന്ന് മുദ്രാവാക്യം എല്ലാവരും വിളിക്കുക- അത്തരം മാസ്മരികതയെല്ലാം അന്ന് സിപിഎം സദസ്സുകളിൽ സംഭവിച്ചു".- ബാലകൃഷ്ണൻ എഴുതി. (പിൽക്കാലത്ത് മാധ്യമ പ്രവർത്തകനായ നികേഷ് കുമാർ, കൈയും കലാശവുമിട്ട് ത്രസിപ്പിക്കുന്ന രീതിയിൽ ചർച്ചനടത്തുമ്പോൾ, പഴമക്കാർ പറയും, എംവിആർ ശൈലിയെന്ന്)

ഈ ആൾദൈവ സമാനമായ ജനപ്രീതിയാണ് സത്യത്തിൽ എംവിആറിന് പാരയായത്. ഇഎംഎസുമായി ഉടക്ക് തുടങ്ങുന്നതും പിന്നീട് ബദൽരേഖയുടെ പേരിൽ പാർട്ടി പുറത്താക്കുന്നതുമൊക്കെ ചരിത്രം. അതോടെ ഒരുകാലത്ത് സിപിഎമ്മിന്റെ എറ്റവും വലിയ ഹീറോ, വില്ലനായി. കൂത്തുപറമ്പ് വെടിവെപ്പോടെ രാഘവനെ എങ്ങനെയെങ്കിലും തീർക്കുക എന്നതായി സിപിഎം അജണ്ട. സമാനകളില്ലാത്ത ദുരിതമാണ് അക്കാലത്ത് എംവിആറിന്റെ കടുംബവും അനുഭവിച്ചത്. പിൽക്കാലത്ത് നികേഷ് സിപിഎമ്മിനൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജ്യേഷ്ഠനും പി ടി ഐയുടെ ലേഖകനുമായ എം വി ഗിരീഷ്, ഫേസ്‌ബുക്ക് പോസ്റ്റിട്ട് ചോദിച്ചതും, ഈ പഴയകാര്യങ്ങൾ ഇത്രയും പെട്ടെന്ന് മറന്നോ എന്നാണ്.

ഏഷ്യാനെറ്റിൽ നിന്ന് ഇന്ത്യാവിഷനിലേക്ക്

മക്കൾക്കും ബന്ധുക്കൾക്കുമൊന്നും തന്റെ ഔദ്യോഗിക ജീവിതത്തിന്റെ കാര്യമായ പ്രവിലേജൊന്നും കൊടുക്കാത്തയാളായിരുന്നു എംവിആർ. ഗിരീഷ്, ഗിരിജ, നികേഷ് എന്നീ മുന്നുമക്കളും സ്വന്തം കാലിൽ നിൽക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ നികേഷ് കുമാറും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പക്ഷേ അദ്ദേഹം തന്റെ ജീവിതമായി തിരഞ്ഞെടുത്തെത് മാധ്യമ പ്രവർത്തനമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലാണ് നികേഷ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. ഏഷ്യാനെറ്റിന്റെ ഡൽഹി ബ്യൂറോയിലും പ്രവർത്തിച്ചു. ചുരങ്ങിയകാലം കൊണ്ടുതന്നെ സ്വന്തമായി ഒരു സ്റ്റെൽ ഉണ്ടാക്കാൻ അയാൾക്ക് സാധിച്ചു. 2003- ൽ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായി ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ നികേഷ് എക്സിക്യൂട്ടീവ് എഡിറ്ററായി. അന്ന് ഒരു ഫുൾടൈം വാർത്ത ചാനൽ എന്നകാര്യം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാവ് കുടിയായ ഡോ എം കെ മുനീറിന്റെ ആഗ്രഹത്തിന് എല്ലാവിധ പിന്തുണയും നികേഷ് കൊടുത്തു. സാക്ഷാൽ എം ടി വാസുദേവൻ നായരാണ് ഈ ചാനലിലേക്ക് നികേഷിന്റെ പേര് മുനീറിന് നിർദ്ദേശിച്ചത്. മുനീർ ആവട്ടെ എഡിറ്റോറിയലിന്റെ പൂർണ്ണ നിയന്ത്രണം നികേഷ് ടീമിന് കൊടുത്തു. അങ്ങനെ മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി, ജേണലിസ്റ്റുകൾ നയിക്കുന്ന ഒരു വാർത്താ ചാനൽ ഉണ്ടായി.

ഇന്ത്യാവിഷനിലെ നികേഷിന്റെ കിടലൻ പ്രകടനം, കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിന്റെ സ്റ്റെൽ തന്നെ മാറ്റി. രാത്രി 9 മണിക്കുള്ള ന്യൂസ് നെറ്റ്, കേരളത്തിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്ന അവസ്ഥ വന്നു. അതുവരെ ചാനൽ ചർച്ചകളിൽ ഗോളടിച്ചുകൊണ്ടിരുന്ന, രാഷ്ട്രീയക്കാർ നികേഷിന് മുന്നിൽ വിയർത്തു. കൗണ്ടർ ചോദ്യങ്ങളിലുടെ അറ്റാക്ക് ചെയ്ത് പൊളിച്ചടുക്കുന്ന ആ രീതിക്ക് ആരാധകർ ഏറെയുണ്ടായി. എന്നാൽ അർണബ് ഗോസ്വാമിയെപ്പോലെ, എതിരാളികൾക്ക് സംസാരിക്കാൻ സമയം കൊടുക്കാതെ, ഏകപക്ഷീയമായി ചർച്ച നയിക്കുന്ന ആളുമായിരുന്നില്ല നികേഷ്.

ദൈവം തെറ്റുചെയ്താൽപോലും ഞങ്ങൾ വാർത്തകൊടുക്കുമെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം മാധ്യമ പ്രവർത്തകരുടെ ആശയും ആവേശവുമായി നികേഷ്. നികേഷിനെപ്പോലെ ആംഗ്യം കാണിക്കുക, നികേഷിനെപ്പോലെ ചോദ്യം ചോദിക്കുക. അങ്ങനെ 2000കാലത്തെ മാധ്യമ സൂപ്പർസ്റ്റാറായി ആ മുഖം മാറി. എഡിറ്റേഴ്‌സ് അവർ എന്ന ഡിബേറ്റ് ഷോയും, ക്ലോസ് എൻകൗണ്ടർ എന്ന പ്രതിവാര അഭിമുഖ പരിപാടിയും നിരന്തരം തലക്കെട്ടുകൾ സൃഷ്ടിച്ചു. കേരള ദൃശ്യമാധ്യമ രംഗത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇന്ത്യാവിഷൻ കാലം. അതിലൂടെ നികേഷ് വാർത്തെടുത്ത കരുത്തുറ്റ ജേണലിസ്റ്റുകളാണ് ഇന്ന് മറ്റു മാധ്യമങ്ങളുടെയും മുഖമായി നിൽക്കുന്നത്. നികേഷ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചാലും നികേഷ് സ്‌കൂൾ ഓഫ് ജേണലിസം ഇവിടെ നിലനിൽക്കും.

സഹപ്രവർത്തകയും വാർത്താ അവതാരകയുമായ റാണി വർഗീസിനെയാണ് നികേഷ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട് - ശങ്കരൻ, ജാനകി.

ഐസ്‌ക്രീം പാർലറിലെ ഭൂകമ്പം

കുഞ്ഞാലിക്കുട്ടി എന്ന പേര് അച്ചടി മാധ്യമങ്ങൾ ടൈപ്പ് ചെയ്യാൻ പോലും ഭയക്കുന്ന കാലത്ത് ഇന്ത്യാവിഷൻ സധൈര്യം ഐസ്‌ക്രീം പാർലർ കേസ് റിപ്പോർട്ട് ചെയ്ത് ഓർക്കുക. മുസ്ലിം ലീഗ് നേതാവ് എ കെ മുനീർ, പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടാക്കിയ ട്രാപ്പ് ആണെന്നുപോലും ഇത് വ്യാഖ്യാനിക്കപ്പെട്ടു. സത്യത്തിൽ മുനീറിന് ആ വാർത്തയിൽ യാതൊരു റോളും ഉണ്ടായിരുന്നില്ല. വാർത്തകൾ മൂടിവെക്കാനുള്ളതല്ല, തങ്ങൾക്ക് മുന്നിൽ വരുന്നത് തുറന്ന് കാട്ടുകയാണ് മാധ്യമ പ്രവർത്തകന്റെ ജോലി എന്ന എഡിറ്റോറിയൽ പോളിസിയുടെ ഭാഗമായിട്ടാണ്, കേരളം ഞെട്ടിയ ഒരു സെക്സ് റാക്കറ്റ് പുറത്തുവന്നത്.

പക്ഷേ അതിന്റെ പേരിൽ വലിയ ഭീഷണിയും നികേഷും ഇന്ത്യാവിഷനും നേരിട്ടു. പ്രമോട്ടർമാർ പലരും പിന്മാറി. സ്വതവേ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ചാനലിന്റെ അവസ്ഥ ഒന്നുകുടി പരിതാപകരമായി. ഇതോടൊപ്പം സിപിഎം ഔദ്യോഗികപക്ഷത്തിനും ഇന്ത്യാവിഷനും നികേഷും നിരന്തരും തലവേദനമായി. വി എസ് അച്യുതാനന്ദൻപോലും ഇന്ത്യാവിഷന്റെ സൃഷ്ടിയാണെന്ന് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടത് അങ്ങനെയാണ്.

തന്റെ മുന്നിൽ ഒരു വാർത്ത വന്നുപെട്ടാൽ, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധർമ്മസങ്കടമുണ്ടായാൽ എം.വി നികേഷ് കുമാർ എങ്ങനെ പെരുമാറും എന്നതിന് സഹപ്രവർത്തകനായ മാധ്യമപ്രവർത്തകൻ എംപി.ബഷീർ നിരത്തിയ രണ്ട് ഉദാഹരണങ്ങൾ നോക്കുക. '2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീൽസൺ ആണ് ഇന്ത്യാവിഷനു വേണ്ടി എക്‌സിറ്റ് പോളും ഒപ്പീനിയൻ പോളും ചെയ്തത്. ആ തിരഞ്ഞെടുപ്പിലെ ഒരേയൊരു എക്‌സിറ്റ് പോൾ. ഘട്ടം ഘട്ടമായുള്ള പോളുകൾക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്‌സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയൻ പോളും ചേർത്ത് ഫലം വന്നു- എൽഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങൾ ഇളകി മറിഞ്ഞു. ഉമ്മൻ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്‌സിറ്റ് പോൾ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്പോഴേക്കും സമ്മർദ്ദം മുറുകിവന്നു. ചാനലിന്റെ ചെയർമാൻ മുനീർ മങ്കടയിൽ സ്ഥാനാർത്ഥിയാണ്. എം വിആർ മത്സരിച്ച പുനലൂരിൽ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂർ ഉൾപ്പെടെ യുഡിഎഫ് സ്ഥാനാർത്ഥികൾ തോൽക്കുമെന്നായിരുന്നു നീൽസന്റെ കണ്ടെത്തൽ. ആ സമ്മർദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങൾക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീൽസണിന്റെ കണക്കു കിട്ടി.

അരമണിക്കൂറിനകം വാർത്തയും വന്നു. 'യുഡിഎഫിന്റെ വന്മരങ്ങൾ കടപുഴകും' എന്നായിരുന്നു തലക്കെട്ട്. യഥാർത്ഥ കൗണ്ടിങ് നടന്നപ്പോൾ എൽഡിഎഫിന് 98. എം വിആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളിൽ തോറ്റമ്പി. ഒരു വർഷം നീണ്ട ഒരു ബഹിഷ്‌കരണമായിരുന്നു യുഡിഎഫ് നൽകിയ ശിക്ഷ. നികേഷാണ് തോൽപിച്ചത് എന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.'- എം പി ബഷീർ പറയുന്നു. നോക്കുക ഒരു വാർത്ത വരുമ്പോൾ അതിൽ സ്വന്തം പിതാവാണ് അപ്പുറത്ത് എന്ന സെന്റിമെന്റ് ഒന്നും നികേഷിനില്ല. 'പുനലൂരിൽ എം വി രാഘവൻ തോറ്റു' എന്ന വാർത്ത വായിക്കുമ്പോളും അവലോകനും ചെയ്യുമ്പോഴും അയാൾ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ മാത്രമാണ്്. തന്റെ തോൽവിക്ക് മകന്റെ ചാനലും കാരണമായെന്ന് എംവിആർ പരസ്യമായി പറഞ്ഞിട്ടും നികേഷ് കുലുങ്ങിയില്ല.

സ്വന്തം അമ്മ മരിച്ചിട്ടുപോലും ന്യൂസ് റൂമിൽ തുടർന്ന, ഒരുപരിധിവരെ സൈക്കോ വർക്കഹോളിക്ക് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിത്വമാണ് നികേഷിന്റെത്. അതേക്കുറിച്ച് എം പി ബഷീർ ഇങ്ങനെ എഴുതുന്നു-"നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായിരുന്നു അന്ന്. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ നികേഷിന്റെ അമ്മ മരിച്ച വാർത്ത വന്നു. നികേഷ് ഫ്‌ളോറിൽ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാൻ വന്ന സഹോദരൻ എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാൻ കൂട്ടാക്കിയില്ല. റിപ്പോർട്ടർ ഡെസ്‌കിൽനിന്നും പല ഫോൺകോളുകൾ വന്നതിനെ തുടർന്നാണ് തമ്മനത്തുനിന്നും ഞാൻ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറിൽനിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാൻ നികേഷിനടുത്ത് ചെന്നു. 'നിങ്ങൾക്ക് വീട്ടിൽ പോകണോ, ഞാൻ ഡെസ്‌കിൽ ഇരിക്കാം, അപർണ വായിക്കട്ടെ' എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 'എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ' എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാൻ കൂടുതൽ നിർബന്ധിക്കാതെ പിൻവാങ്ങി. വാർത്തകൾ കൺമുമ്പിൽ വന്നുചാടുമ്പോൾ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങൾക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.'- ബഷീർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യാവിഷനിലെ പട്ടിണിക്കാലം

പക്ഷേ കാലം ആ ഹീറോയെ വില്ലനാക്കി. ഇന്ത്യാവിഷൻ ശമ്പള പ്രതിസന്ധിയിലായപ്പോൾ നികേഷിന്റെയും തല കുനിഞ്ഞു. അരിമേടിക്കാൻപോലും കാശില്ലാതായതോടെ, മാധ്യമ പ്രവർത്തകർ ഒന്നൊന്നായി ഇന്ത്യാവിഷൻ വിട്ടു. ഭക്ഷണത്തിന് കാശില്ലാത്തതിനാൽ അടുത്ത പറമ്പിലെ ചക്കയും ചേമ്പുംവരെ പറിച്ച് പൂഴുങ്ങിത്തിന്ന കഥ, ഇന്ത്യാവിഷനിലെ പഴയ ജീവനക്കാർക്ക് പറയാനുണ്ട്. സ്റ്റാഫിന്റെ പി എഫ്്പോലും കൃത്യമായി അടക്കാൻ അവർക്ക് ആയില്ല. ഇതിന്റെ പേരിലൊക്കെ, നികേഷും ഏറെ തെറി കേട്ടു. പലരും അയാളെ അധിക്ഷേപിച്ച് പോസ്റ്റിട്ടാണ് ചാനൽ വിട്ടത്.

രണ്ടും മൂന്നും മാസം കൂടുമ്പോൾ മാത്രം കിട്ടുന്ന ഒന്നായി ശമ്പളം മാറിയപ്പോൾ, നികേഷും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. -" മുഴുവൻ ജീവനക്കാരും ശമ്പളം എടുത്തുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ്, ഞാൻ അക്കാലത്ത് എന്റെ ശമ്പളം എടുത്തിരുന്നത്. എനിക്ക് അന്ന് മുട്ടിന് മുട്ടിന് അവാർഡുകൾ കിട്ടുമായിരുന്നു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന്റെ തുകകൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നത്. പിന്നെ വ്യക്തിപരമായി ഒരു ചെലവും ഇല്ലാത്ത ആളാണ് ഞാൻ. ചാനൽ കാന്റീനിൽനിന്നാണ് ചായപോലും കുടിക്കുന്നത്. പക്ഷേ ചില സമയത്തൊക്കെ കാശിന് അത്യാവശ്യം വരും. ഒരിക്കൽ വീട്ടിലെ മേശ മുഴുവൻ പരതിയിട്ടും ഒരു പത്തുരൂപപോലും കിട്ടാഞ്ഞ സമയവും ഉണ്ടായിരുന്നു'- നികേഷ് ഒരു അഭിമുഖത്തിൽ അക്കാലം അനുസ്മരിച്ചത് അങ്ങനെയാണ്.

പിൽക്കാലത്ത് ഇന്ത്യാവിഷൻ അതിന്റെ പ്രതിസന്ധികളിൽനിന്ന് ക്രമേണെ കരകയാറാൻ തുടങ്ങി. അപ്പോഴേക്കും നികേഷിന്റെ മനസ്സിൽ റിപ്പോർട്ടർ ടിവി എന്ന ആശയം മുളച്ചിരുന്നു. 2011-ൽ അദ്ദേഹം ഇന്ത്യവിഷൻ വിട്ട് റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. ഇന്ത്യാവിഷൻ വളരെ മാന്യമായാണ് നികേഷിന് യാത്രയപ്പ് നൽകിയത്. ചാനൽ ചെയർമാൻ എ കെ മുനീർ അടക്കമുള്ളവർ ചേർന്ന് വളരെ സൗഹാർദമായ വിടവാങ്ങലും മാധ്യമ ചരിത്രത്തിൽ അപൂർവതയായിരുന്നു. റിപ്പോർട്ടർ ചാനലും തുടക്കത്തിൽ നല്ല റേറ്റിങ്ങിലേക്ക് വന്നിരുന്നു പക്ഷേ, ഫിനാൻസ് മാനേജ്‌മെന്റ് അത്ര പിടിയില്ലാത്ത നികേഷിന് പുതിയ ചാനൽ ഉണ്ടാക്കിയത് കോടികളുടെ കട ബാധ്യതയാണ്. ജീവനക്കാർ ശമ്പളത്തിനായി വിളിച്ചാൽ, പലപ്പോഴും ഫോൺ എടുക്കാൻപോലും കഴിയാതെ അവസ്ഥയായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

'കിണറേഷായി' കൈപൊള്ളി

തലേന്നുവരെ നിഷ്പക്ഷനായി ചർച്ച നയിച്ച്, 2016-ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിവാൻ എകെജി സെന്റിൽ എത്തിയ നികേഷിനെ കണ്ട് ഏവരും ഞെട്ടി. മാധ്യമ പ്രവർത്തനം അവസാനിപ്പിക്കയാണെന്നായിരുന്നു അന്ന്അദ്ദേഹം പറഞ്ഞത്. എം വി രാഘവന്റെ മകൻ, പിതാവിന്റെ ആജീവനാന്ത ശത്രുക്കളുടെ തോളിൽ കൈയിട്ടതുകണ്ട് പഴമക്കാർ നെറ്റി ചുളിച്ചു. കെ സുധാകരൻ അടക്കമുള്ളവർ, പിതാവിന് രാഷ്ട്രീയ അഭയം കൊടുത്ത കഥ പറഞ്ഞ് നികേഷിനെ വിമർശിച്ചു.

പാർട്ടി ചിഹ്നത്തിലാണ് നികേഷ് കണ്ണൂർ ജില്ലയിലെ അഴീക്കോട്ട് മത്സരിച്ചത്. (സിഎംപി രൂപീകരിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 1987-ൽ ഇതേ മണ്ഡലത്തിൽ ഇ.പി.ജയരാജനെ എംവിആർ തോൽപിച്ചിരുന്നു) മുസ്ലിം ലീഗിന്റെ സിറ്റിങ്ങ് സീറ്റിൽ കടുത്ത മത്സരമാണ് അദ്ദേഹം കാഴ്ചവെച്ചത്. കിണറ്റിൽ ഇറങ്ങിവരെ വോട്ട് പിടിച്ച് നികേഷ് ആജീവനന്താ ട്രോളുകളിൽ ഇടം പിടിച്ചു. ഇന്നും 'കിണറേഷ്' എന്ന പേര് സോഷ്യൽ മീഡിയയിൽ ട്രോൾ ആവാറുണ്ട്.

പക്ഷേ കിണറ്റിൽ ഇറങ്ങിയതടക്കമുള്ള വോട്ടുപിടുത്ത രീതിയിൽ നികേഷ് ഖേദിച്ചിട്ടില്ല. അഴീക്കോട്ടെ കുടിവെള്ള പ്രശ്നം ശ്രദ്ധയിൽപെടുത്തുന്നതിനാണ് ഈ രീതിയിലുള്ള പ്രചാരണം വേണ്ടിവന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ കടുത്ത ഭരണവിരുദ്ധവികാരം ഉണ്ടായിരുന്ന സമയമായിരുന്നു അത്. പക്ഷേ എന്നിട്ടും 2,287 വോട്ടുകൾക്ക്, മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയോടെ നികേഷ് തോറ്റു.

ഷാജി മതം പറഞ്ഞ് വോട്ടുപിടിച്ചുവെന്നതിന്റെ പേരിൽ, അഴീക്കോട് വിജയം പിന്നീട് കോടതി കയറി. ഒരുവേള ഷാജിക്കെതിരെ കീഴ്ക്കോടതി വിധിയുമുണ്ടായി പക്ഷേ അപ്പീലിന്റെ ബലത്തിൽ ഷാജി തുടർന്നു. ഇപ്പോഴും ആ കേസ് കോടതിയിലാണ്. അഴീക്കോട്ടെ അപ്രതീക്ഷിത തോൽവിയാണ് നികേഷിനെ വീണ്ടും മാധ്യമ പ്രവർത്തനത്തിലേക്ക് മടക്കികൊണ്ടുവന്നത്. പത്രപ്രവർത്തനം ഉപേക്ഷിക്കയാണെന്ന പഴയ വാക്ക് വിഴുങ്ങി വീണ്ടും ന്യൂസ് റുമിലെത്തിയപ്പോൾ നികേഷിന് പഴയ സ്വീകര്യത കിട്ടിയില്ല. പാർട്ടിയുടെ അനൗദോഗിക വക്താവിനെപ്പോലെയായി പിന്നെ അയാളുടെ വർത്തമാനങ്ങൾ. ചാനൽ ചർച്ചകൾക്ക് ക്രെഡിബിലിറ്റിയില്ലാതായി. പണ്ട് പൊക്കിയവർ തന്നെ അയാളെ കല്ലെറിഞ്ഞു. ഫാൻസ് മൊത്തം പരിഞ്ഞുപോയി. ഒരു എടുക്കാചരക്കുപോലെ അയാൾ റിപ്പോർട്ടറിൽ ആരും കാണാനില്ലാത്ത കുറേ വാർത്തകൾ വായിച്ച് കഴിഞ്ഞുകുടി.

റിപ്പോർട്ടറിന്റെ കടങ്ങൾ പെരുകിയതോടെ അയാളെ ഫോണിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥപോലുമുണ്ടായി. ഇടക്ക് ദിലീപിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോൾ മാത്രമാണ് നികേഷിലെ പഴയ ഫയർ കണ്ടത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ പുറത്തുവിട്ടത് വലിയ ചർച്ചയായി. ഇതിനെതിരെ ദിലീപും കോടതിയിൽപോയി. 'പഴയ ഇന്ത്യാവിഷൻ കാലത്തേക്ക് നമ്മൾ മടങ്ങണം' എന്ന് അന്ന് നികേഷ് ആത്മവിമർശനം നടത്തി. ദിലീപ് 'നമ്മളോട് കൂട്ടിയാൽ കൂടില്ല' എന്ന് മുന്നറിയിപ്പ് നൽകി. പക്ഷേ റിപ്പോർട്ടറിന്റെ പെരുകുന്ന കടങ്ങൾ അയാളെ മുട്ടിൽ മരംമുറി ഫെയിം അഗസ്റ്റിയൻ സഹോദരന്മാർക്ക് ചാനൽ, അടിയറവെക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടത്തിച്ചു. അങ്ങനെയാണ് കഴിഞ്ഞ വർഷം റിപ്പോർട്ടറിന്റെ റീലോഞ്ച് ഉണ്ടാവുന്നത്. കടിച്ച പാമ്പിനെകൊണ്ട് വിഷമറിപ്പിക്കുന്ന രീതിയിൽ അഗസ്റ്റ്യൻ സഹോദരന്മാർ ആവട്ടെ, പണ്ട് തനിക്കെതിരെ വാർത്തയെഴുതിയ സകലരെയും വിളിച്ച് ജോലികൊടുത്ത്, അവർക്കൊപ്പമിരുന്ന് ചർച്ച നയിച്ചു. വല്ലാത്തൊരു പ്രതികാരം!

റീലോഞ്ചിൽ ദുർബലൻ

റിപ്പോർട്ടർ റീ ലോഞ്ചിൽ അങ്ങേയറ്റം ദുർബലനായ നികേഷിനെയാണ് കണ്ടത്. എഡിറ്റേഴ്‌സ് മീറ്റ് ചർച്ചകളിൽ ഡോ അരുൺകുമാറും, ഉണ്ണി ബാലകൃഷ്ണനും മാത്രമാണ് അയാൾക്ക് അൽപ്പം ബഹുമാനം കൊടുത്തത്. സംഘ പരിവാർ അനുഭാവിയായ സുജയ്യ പാർവതിയും, എക്‌സ്ട്രീം മാർക്‌സിറ്റും കടുത്ത പിണറായി വിരുന്ധയുമായ സ്മൃതി പരുത്തിക്കാടും, അയാളുടെ കാലുവാരി നിലത്തടിക്കുന്ന അതിദയനീയമായ കാഴ്ച, ചർച്ചയിൽ ഉടനീളം കണ്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ വാർത്തയിൽ സ്മൃതി നികേഷിനെ, കള്ളന് കൂട്ടുപിടിക്കുന്നവൻ എന്നുവരെ വിളിച്ചു. സുജയ്യയുടെ വാക്കിന്റെ മൂർച്ച സഹിക്കാതെ 'ഞാൻ ഈ ടീവിയുടെ ചീഫ് എഡിറ്ററാണ്, എനിക്ക് പറയാനുള്ളത് പറയും' എന്നുവരെ ഒരു വേള നികേഷ് വികാരം കൊണ്ടു. ലോകത്തെ ഒരു ചീഫ് എഡിറ്റർക്കും ഇതുപോലെ ഒരു ദുർഗതിയുണ്ടാവില്ല!

പക്ഷേ കഴിഞ്ഞ, അതായത് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൗണ്ടിങ്ങ് ഡേയിൽ നികേഷ് വീണ്ടും പുലിയായി. അപാരമായിരുന്നു ആ ഊർജം. രാവിലെ മുതൽ വൈകീട്ടുവരെയുള്ള ഒറ്റ നിൽപ്പിലുള്ള ആ പെരുംകളിയാട്ടത്തിൽ, ഡോ അരുൺകുമാർ അടക്കമുള്ളവർ ആവിയായി. യു ട്യുബിൽ റിപ്പോർട്ടർ ഒന്നാമത് എത്തുകയും ചെയതു. എൻഡിഎക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന നികേഷിന്റെ പ്രവചനവും വൈറലായി. 'നികേഷ് ഈസ് ബാക്ക്' എന്ന് സോഷ്യൽ മീഡിയ പുകഴ്‌ത്തിയ നിമിഷം. അതിന്റെ ശോഭ കെടുന്നതിന് മുമ്പ് ആ വാർത്തയെത്തി. 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് നികേഷ് രാഷ്ട്രീയത്തിലേക്ക് പോവുകയാണ്.

വിന്റേജ് മോഹൻലാൽ എന്നൊക്കെപ്പറയുന്നപോലെ ഈ ലേഖകൻ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ ഒരുകാലത്തെ ആരാധാപാത്രം തന്നെയായിരുന്നു വിന്റേജ് നികേഷ് കുമാർ. നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന, നേതാക്കൾ ഏറെയൊന്നുമില്ലാത്ത സിപിഎമ്മിന് ഒരു ആശ്വാസം തന്നെതാണ് നികേഷ്. പക്ഷേ ശക്തമായ ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ഒരു കാലത്ത് അയാൾക്ക് എന്തുചെയ്യാൻ കഴിയും എന്ന് കാത്തിരുന്ന് കാണണം. ഒരുകാലത്ത് കേരളത്തിലെ വീട്ടകങ്ങളെ വിറപ്പിച്ചിരുന്ന, ദൃശ്യമാധ്യമ രംഗത്തെ ആദ്യ സൂപ്പർ സ്റ്റാറിന്റെ ശബ്ദം ഇനി രാഷ്ട്രീയ വേദികളിൽ മുഴങ്ങും.

രാഷ്ട്രീയം സാധ്യതയുടെ കലയാണ്. തന്റെ പിതാവിനെ കള്ളൻ എന്ന് വിളിച്ചവർക്ക് ഒപ്പമാണ് ഇന്ന് ജോസ് കെ മാണി. പിതാവിന്റെ പൈതൃകമല്ല പ്രായോഗിക രാഷ്ട്രീയമാണ് പ്രധാനം. അവിടെ രാഷ്ട്രീയ വഞ്ചന, നൈതികത എന്ന വാക്കിനൊന്നും വലിയ പ്രസ്‌ക്തിയില്ല. മാത്രമല്ല, ഇന്നത്തെ സിപിഎം നേതാക്കളെവെച്ച് എത്രയോ ഭേദമാണ് നികേഷ്. ഒരു വിഷയം പഠിച്ച് അവതരിപ്പിക്കാനും, മണിക്കുറുകൾ മുടക്കാതെ ജോലിചെയ്യാനുമുള്ള കരിസ്മയുണ്ട് അയാൾക്ക്.

പഴയപോലെയല്ല, ഇക്കുറി നികേഷ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയാണെന്ന് വ്യക്തമാണ്. അഴീക്കോട് മത്സരിച്ചപ്പോൾ തന്നെ നികേഷ് സിപിഎം അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കണ്ണൂരിൽ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ കേട്ടിരുന്നെങ്കിലും ചാനൽ ചുമതലകൾ അതിന് തടസ്സമായി. ചുമതലകൾ ഒഴിഞ്ഞതോടെ, ഇനി നികേഷിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതീക്ഷിക്കാം.

വാൽക്ഷ്ണം: ഇന്ന് രാഷ്ട്രീയം പോലെ നല്ലൊരു ബിസിനസ് വേറെയില്ല. ഇപ്പോൾ നികേഷ് കടം കയറി മുടിഞ്ഞിട്ടില്ല. റിപ്പോർട്ടർ റീലോഞ്ചിലൂടെ കടങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു. 'പൊളിറ്റിക്സ് ഈസ് ദ ലാസ്റ്റ് റഫ്യൂജ് ഓഫ് എ സകൗൻഡ്രൽ' എന്ന പഴമൊഴി നികേഷിനും ബാധകമാണോ എന്ന് കാലം തെളിയിക്കട്ടെ. എന്തായാലും വീണാ ജോർജിനേക്കാളുമൊക്കെ എത്രയോ ഭേദമാവും നികേഷ് എന്ന് ഉറപ്പാണ്.