- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർജിവി എന്ന ഇന്റലിജന്റ് ഇഡിയറ്റിന്റെ ജീവിതം
സംവിധാനം രാം ഗോപാൽ വർമ്മ! ആ പേര് കണ്ടാൽ, കാശ്മീർ മുതൽ കന്യാകുമാരി വരെ ജനം ഇളകിമറിയുന്ന ഒരു കാലമുണ്ടായിരുന്നു. ആമിർഖാൻ നായകനായ രംഗീല എന്ന ഒറ്റപ്പടം മതി അയാൾ ആരാണെന്ന് തെളിയിക്കാൻ. മണിരത്നത്തിനും, രാജമൗലിക്കും മുന്നേ ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിൽ എത്തിയ, രാമു എന്ന വിളിപ്പേരിലും ആരാധകരാൽ ആർജിവി എന്ന മൂന്നക്ഷരത്തിലും അറിയപ്പെടുന്ന ആ പ്രതിഭ, ഹിന്ദി സിനിമയ്ക്ക് പുതിയ ദൃശ്യഭാഷയാണ് സമ്മാനിച്ചത്. റിയലിസത്തിലൂടെ ന്യൂജെൻ തരംഗത്തിന് തുടക്കം കുറിച്ച ആർജിവി സ്‌കൂളിൽ നിന്നാണ്, അനുരാഗ് കശ്യപുമാരും മനോജ് വാജ്‌പേയ്മാരും ഉണ്ടായത്. ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴൽ ആണെങ്കിലും ഒരുകാലത്ത് ബോളിവുഡ് സിനിമയിൽ വിപ്ലവം തന്നെ രാം ഗോപാൽ വർമ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആരും സമ്മതിക്കും.
തെലുഗിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം രംഗീല, സത്യ, കമ്പനി, സർക്കാർ തുടങ്ങി വമ്പൻ ഹിറ്റുകൾ ഒരുക്കി വലിയ തരംഗമാണ് സൃഷ്ടിച്ചത്. എന്നാൽ 2010നു ശേഷം പല ചിത്രങ്ങളും പരാജയങ്ങളായതോടെ ബോളിവുഡിൽ അദ്ദേഹത്തിന്റെ പ്രഭാവം നഷ്ടപ്പെട്ടു. കഴിഞ്ഞ 14 വർഷത്തിലേറെയായി മെയിൻസ്ട്രീം കൊമേർഷ്യൽ സിനിമകളിൽ നിന്നൊക്കെ മാറി നടക്കുകയാണ് രാം ഗോപാൽ വർമ. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടിയിട്ടുള്ള സംവിധായകൻ അടുത്തിടെ ചെയ്ത സിനിമകളുടെ അമച്വറിഷ് സ്വഭാവത്തിന്റെ പേരിൽ ഏറെ പഴികളും കേട്ടിരുന്നു. എന്നിരുന്നാലും ആ വഴി മാറി സഞ്ചരിക്കാൻ സംവിധായകൻ ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ന് അദ്ദേഹം വെറും ബി ഗ്രേഡ് സിനിമകൾ ആണ് നിർമ്മിക്കുന്നത്. ഈ സോഫ്റ്റ് പോൺ സ്വഭാവമുള്ള ചിത്രങ്ങൾ എന്തെങ്കിലും വിവാദം വെച്ച് അദ്ദേഹം മാർക്കറ്റ് ചെയ്യുകയും ചെയ്യും. അവസാനം ഇറങ്ങിയ ചിത്രങ്ങളെയൊക്കെ പച്ചമലയാളത്തിൽ വെറും കമ്പിപ്പടം എന്നേ വിളിക്കാൻ കഴിയൂ. രാം ഗോപാൽ വർമയുടെ സിനിമാബോധം പാടെ പോയിയെന്നും പബ്ലിസിറ്റി ഭ്രാന്ത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തലയിലുള്ളത് എന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇടക്കിടെ 'എക്‌സിൽ' വിവാദങ്ങൾ ഉണ്ടാക്കി പൊങ്കാല ആസ്വദിക്കുകയെന്നത് അദ്ദേഹത്തിന്റെ ഒരു പതിവാണ്. ഇപ്പോൾ മലയാളികളും ആർജിവിയെ പൊങ്കാലയിടുകയാണ്. അതിന് ഇടയാക്കിയതാവട്ടെ, ഇൻസ്റ്റ റീൽസിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കോട്ടയം സ്വദേശിയായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ആർവിജി എടുക്കുന്ന പുതിയ ചിത്രമായി സാരിയുടെ അതീവ ഗ്ലാമറസ് ആയ ഒരു വീഡിയോ അദ്ദേഹം പുറത്തുവിട്ടതോടെയാണ്.
റീൽസ് കണ്ട് ഇഷ്ടപ്പെട്ട് ശ്രീലക്ഷ്മിയെ വർമ്മ തേടിപ്പിടിച്ച് അവസരം നൽകുകയായിരുന്നു. റീൽസ് പങ്കുവെച്ച് ഈ പെൺകുട്ടി ആരാണെന്ന് ചോദിച്ച് നേരത്തെ ആർജിവി ട്വീറ്റ് ചെയ്തിരുന്നു. ആർജിവിയുടെ ഓഫീസിൽ പോലും ശ്രീലക്ഷ്മിയുടെ ചിത്രം വെച്ചിട്ടുണ്ട്. ആരാധ്യ ദേവി എന്ന പേരിലാണ് ഈ മലയാളി മോഡൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സാരിയിലെ 'വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആർ ജി വി യൂടൂബിൽ പോസ്റ്റ് ചെയ്തു.വീഡിയോ വൈറലായതോടെ രാം ഗോപാൽ വർമ പുതിയ ട്വീറ്റിട്ടു.
'കോട്ടയത്തു നിന്നുള്ള മഞ്ഞ സാരിക്കാരി കൂർഗിലെ ഒരു വാട്ടർ ഗേൾ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാൻ ആകുന്നില്ല. രണ്ടു വീഡിയോകളും കാണുക, വിശ്വസിക്കാൻ താരതമ്യംചെയ്യുക." ആരാധ്യയുടെ വൈറലായ റീൽ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ആർ ജി വിയുടെ ട്വീറ്റ്. ഇതോടെ വീഡിയോയെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകൾ നിറയുകയാണ്. ആരാധ്യയെ മാത്രമല്ല രാംഗോപാൽ വർമ്മയെ ലാക്കാക്കിയും വിമർശനങ്ങൾ വരുന്നുണ്ട്. പക്ഷേ വിമർശനങ്ങളൊന്നും അദ്ദേഹത്തിന് പുത്തരിയല്ല. അല്ലെങ്കിൽ വിവാദത്തിനുവേണ്ടി ജീവിക്കുന്ന വ്യക്തിത്വമാണ് വർമ്മയെന്ന് പറയാം.
എഞ്ചിനീയറിങ് വിട്ട് സിനിമയിലേക്ക്
1962 എപ്രിൽ 7ന്് സെക്കന്തരാബാദിലെ ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സൗണ്ട് എഞ്ചിനീയറായിരുന്ന പിതാവിന് മകനെ എൻജിനീയറാക്കാനായിരുന്നു താൽപ്പര്യം. പക്ഷേ സെക്കന്തരാബാദിലെ സെന്റ് മേരീസ് ഹൈസ്‌കൂളിൽ സ്‌കൂൾ പഠിക്കുമ്പോൾ തന്നെ ആർജിവിയുടെ മനസ്സിൽ വെള്ളിത്തിര മാത്രമായിരുന്നു. ചലച്ചിത്ര ഭ്രാന്തനായ അമ്മാവനിൽ നിന്നാണ് അവനും ഈ കമ്പം കിട്ടിയത്. സ്‌കൂളിലും വിചിത്രമായ സ്വഭാവക്കാരനായിരുന്നു രാമു. അന്നും തന്റെ ആരാധന ക്ലാസിലെ ബാക്ക് ബെഞ്ചേഴ്സിനോടും വഴക്കാളികളോടും ആയിരുന്നെന്ന് ആർജിവി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
1985-ലാണ് രാം ഗോപാൽ വർമ്മ, ആചാര്യ നാഗാർജുന സർവ്വകലാശാലയിൽ നിന്നും ബി ടെക് പാസായത്. എന്നാൽ സിവിൽ എഞ്ചിനിയറായി പ്രാക്ടീസ് ചെയ്യാൻ യാതൊരു താൽപര്യവുമില്ലാത്തതുകൊണ്ട് സർട്ടിഫിക്കറ്റ് വാങ്ങാൻ പോലും നിന്നില്ല. പിന്നീട് 37 വർഷങ്ങൾക്ക് ശേഷം വർമ്മ ബി ടെക് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. അതും വലിയ വാർത്തയായിരുന്നു. പഠനത്തിനുശേഷം ഹൈദരാബാദിലെ കൃഷ്ണ ഒബ്‌റോയ് ഹോട്ടലിൽ സൈറ്റ് എഞ്ചിനീയറായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. അപ്പോഴം മനസ്സിൽ സിനിമയായിരുന്നു. ആ സ്വപ്നങ്ങൾ പുർത്തീകരിക്കാൻ പണം സമ്പാദിക്കാനാണ് അദ്ദേഹം നൈജീരിയയിലേക്ക് പോകാൻ തീരുമാനിച്ചത്. ഈ സമയത്താണ് ഹൈദരാബാദിലെ ഒരു വീഡിയോ റെന്റൽ ലൈബ്രറി സന്ദർശിച്ചത്. ഈ ആശയം ഇഷ്ടപ്പെടുകയും ഹൈദരാബാദിലെ അമീർപേട്ടിൽ സ്വന്തമായി ഒരെണ്ണം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിലൂടെ അദ്ദേഹം ചലച്ചിത്ര ലോകവുമായി പതുക്കെ ബന്ധം വളർത്തി. പിതാവ് അന്നപൂർണ സ്റ്റുഡിയോയിൽ വളരെക്കാലം സൗണ്ട് എഞ്ചിനീയറായിരുന്നു. ആ ബന്ധം വച്ചാണ് രാമുവിന് സിനിമിലേക്ക് എൻട്രി കിട്ടുന്നത്.
കളക്ടർ ഗാരി അബ്ബായി , റാവു ഗാരി ഇല്ലു എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആ ചെറുപ്പക്കാരന്റെ സ്ഥിരോത്സാഹവും, ഊർജവും, അക്കിനേനി നാഗേശ്വര റാവു എന്ന സിനിമാ ലെജൻഡ് ശ്രദ്ധിച്ചു. തുടർന്ന് 1989-ൽ അദ്ദേഹം ഒരു സിനിമ ചെയ്യാൻ അവസരം നൽകി. അതാണ് കൾട്ട് ബ്ലോക്ക് ബസ്റ്ററായ ശിവ. ആർജിവിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രംഗീല (1995), സത്യ (1998), കമ്പനി (2002), സർക്കാർ (2005) എന്നീ ഹിറ്റുകളിലൂടെ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച സംവിധായകനായി. ഒരേ സമയം ഒരുപാട് പ്രോജക്റ്റുകൾ ചെയ്തു.
ദേശീയ അവാർഡുകളും അന്താരാഷ്ട്ര അംഗീകാരങ്ങളും തേടിയെത്തി. പക്ഷേ 2010നുശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടിക്കടി ഫ്ളോപ്പ് ആവാൻ തുടങ്ങി. പിന്നെ ചലച്ചിത്രപ്രേമികൾ കണ്ടത് അസാധാരണമായ ഒരു പതനത്തിന്റെ വാർത്തകളാണ്.
ഇപ്പോൾ വെറും കമ്പിപ്പടം ഡയറക്ടർ!
ഇപ്പോൾ വെറും കമ്പിപ്പടം ഡയറക്ടറുടെ നിലവാരത്തിലേക്കാണ് അദ്ദേഹം താഴുന്നത്. കോവിഡ് കാലം ആയതോടെയാണ്, സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ഉണ്ടാക്കി ബി ഗ്രേഡ് ചിത്രങ്ങൾ നിർമ്മിക്കുക എന്ന പരിപാടി അദ്ദേഹം തുടങ്ങിയത്. ഓരോ ആഴ്ചയിലും ഓരോ പടങ്ങൾ പ്രഖ്യാപിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. ലോകത്തിൽ എന്ത് സംഭവം ഉണ്ടായാലും ഉടനെ അതുവെച്ച് സിനിമ ചെയ്യും എന്ന് പ്രഖ്യാപിക്കും. വീരപ്പൻ, മുംബൈ ഭീകരാക്രമണം എന്നിവയൊക്കെ അദ്ദേഹം ഇങ്ങനെ ചെയ്തതാണ്. ഇതിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൈനിക നടപടി അവസാനിച്ച് മിനിട്ടുകൾക്കുള്ളിൽ, അന്നത്തെ കേന്ദ്ര ആഭ്യന്ത മന്ത്രിയുടെ കുടെ, രാം ഗോപാൽ വർമ്മ താജ് ഹോട്ടൽ സന്ദർശിച്ചതും വിവാദമായിരുന്നു. എന്നാൽ അന്ന് താൻ ഈ സബ്ജക്റ്റിൽ സിനിമ എടുക്കില്ല എന്നായിരുന്നു ആർജിവി പറഞ്ഞത്്. പിന്നെ അജ്മൽ കസബിന്റെ ജീവിതം വെച്ച് അദ്ദേഹം സിനിമയെടുത്തത് വേറെ കാര്യം.
ഇന്ന് വെറും ബി ഗ്രേഡ് ചിത്രങ്ങൾ നിർമ്മിക്കുക, അത് പബ്ലിസിറ്റിയിലൂടെ വിജയിപ്പിക്കുക എന്നതാണ് ആർജിവിയുടെ രീതിയെന്ന് വ്യാപക വിമർശനമുണ്ട്. ഡെയിഞ്ചറ്സ് എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ അഭിമുഖത്തിൽ നടി അഷ്ട റെഡ്ഡിയുടെ കാലുകളിൽ സംവിധാകയൻ ചുംബിച്ചതും വലിയ വിവാദമായി. അഭിമുഖത്തിലുടനീളം രാം ഗോപാൽ വർമ നടിയുടെ കാൽ ചുവട്ടിൽ തറയിലാണ് ഇരുന്നത്. നടി സോഫയിലുമായിരുന്നു. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാൽപാദത്തിൽ തൊട്ട് ചെരുപ്പ് ഊരി മാറ്റി ചുംബിക്കുകയായിരുന്നു രാം ഗോപാൽ വർമ. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിച്ചത്. കൂടാതെ വിരലുകളിൽ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്ന രംഗങ്ങളും വൈറലായിരുന്നു.
ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തിൽ കൂടുതൽ പേരാണ് കണ്ടത്. സിനിമാ പ്രമോഷന് വേണ്ടി സംവിധായകൻ ഇത്രയും തരംതാഴരുതെന്നും ഇത്രയും വൃത്തികെട്ടൊരു അഭിമുഖം ഇതുവരെയും ഉണ്ടായിട്ടില്ലെന്നുമാണ് വീഡിയോ വൈറലായതോടെ ആരാധകർ അടക്കം സംവിധായകനെ വിമർശിച്ച് കുറിച്ചത്. മുമ്പ് ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലെ ഒരു ന്യൂഇയർ പാർട്ടിയിൽ രാം ഗോപാൽ വർമ ഒരു പെൺകുട്ടിയുടെ ദേഹത്ത് മദ്യം ഒഴിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. നടിയും മോഡലുമായ സിരി സ്റ്റാസി ആണ് ആ പെൺകുട്ടിയെന്ന് പിന്നീട് സ്ഥിരീകരണം ഉണ്ടായി. രാം ഗോപാൽ വർമയുടെ കടുത്ത ആരാധികയാണ് സിരി. നടിക്കൊപ്പമുള്ള രാം ഗോപാൽ വർമയുടെ യൂട്യൂബ് അഭിമുഖങ്ങൾ വൈറലായിരുന്നു. ഇതടക്കം ഒരുപാട് അപവാദങ്ങളും ഗോസിപ്പുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായി.
ജയ്ഹോ മുതൽ രജനി വരെ
രാംഗോപാൽ വർമ്മ എന്ത് പറഞ്ഞാലും അത് വിവാദമാണ്. ട്വീറ്റുകളുടെ പേരിൽ നിരവധി കേസുകൾ ഉണ്ടായി. എന്നിട്ടും വർമ്മക്ക് യാതൊരു കുലുക്കവുമില്ല. ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥിയായിരിക്കേ, അവരെ അപമാനിച്ചുവെന്നും പറഞ്ഞ് കേസ് വന്നു. 'ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ. ഏറ്റവും പ്രധാനമായി ആരാണ് കൗരവർ' എന്നായിരുന്നു രാംഗോപാൽ വർമ്മയുടെ ട്വീറ്റ്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു. ഇതോടെ വർമ്മ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'ഇത് തീർത്തും തമാശ രൂപേണ പറഞ്ഞതാണ്, മറ്റൊരു തരത്തിലും ഉദ്ദേശിച്ചല്ല. മഹാഭാരതത്തിലെ ദ്രൗപതിയാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം, പക്ഷേ പേര് വളരെ അപൂർവമായതിനാൽ ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഞാൻ ഓർത്തു, ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല' എന്ന് അദ്ദേഹം പറഞ്ഞു.
രജനീകാന്തുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇതുപോലെ ഉണ്ടായതാണ്്. രജനീകാന്തിനെ കാണാൻ കൊള്ളില്ലെന്ന് രാംഗോപാൽ വർമ്മ ട്വീറ്റ് ചെയ്തുവെന്ന് പറഞ്ഞാണ് ഫാൻസിന്റെ പൊങ്കല ഉണ്ടായത്. എന്നാൽ സൗന്ദര്യം സൂപ്പർ താര പദവിക്ക് അനിവാര്യമല്ലെന്ന് തെളിയിച്ച നടനാണ് രജനിയെന്നായിരുന്നു ട്വീറ്റ്. താൻ രജനിയെ പ്രശംസിക്കുകയായിരുന്നുവെന്നും, വിവരംകെട്ട ആരാധകർക്ക് അത് മനസ്സിലാവാത്തതാണ് പ്രശ്‌നമെന്നും രാംഗോപാൽ വർമ്മ മറുപടി ട്വീറ്റ് ചെയ്തു.
സംഗീത സംവിധായകൻ എ ആർ റഹ്‌മാന് ഓസ്‌കർ നേടിക്കൊടുത്ത 'ജയ് ഹോ' എന്ന ഗാനം ചിട്ടപ്പെടുത്തിയത് അദ്ദേഹമല്ലെന്ന് ആർജിവിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചു. ഗായകൻ സുഖ്വിന്ദർ സിംഗാണ് ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയത് എന്നും അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ്മയുടെ വെളിപ്പെടുത്തൽ. 'ജയ്‌ഹോ എന്ന ഗാനം യഥാർത്ഥത്തിൽ സുഖ്വിന്ദർ സിംഗിന്റെയാണ്. സ്ലം ഡോഗ് മില്യണയറിന് വേണ്ടിയല്ല, മറിച്ച് 2008- ൽ സുഭാഷ് ഘായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. ഈ സമയം എആർ റഹ്‌മാൻ ലണ്ടനിൽ ആയിരുന്നു. എന്നാൽ ഈ ഗാനം യുവരാജ് എന്ന സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ചിത്രത്തിന് പാട്ട് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് 2009- ൽ എആർ റഹ്‌മാൻ ചിത്രത്തിന് വേണ്ടി പാട്ട് ഉപയോഗിച്ചത്.കോടികൾ ആയിരുന്നു റഹ്‌മാൻ ഈ പാട്ടിന് വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത്. പിന്നീട് ഇക്കാര്യം അറിഞ്ഞ സിനിമ നിർമ്മാതാവ് സുഭാഷ് ഘായ് റഹ്‌മാനോട് പൊട്ടിത്തെറിച്ചു. പക്ഷെ സുഭാഷ് ഘായിയോട് റഹ്‌മാൻ പറഞ്ഞ മറുപടിയാണ് രസം. മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന ഗാനം താൻ അംഗീകരിച്ചാൽ അത് തന്റേത് ആകുമെന്നായിരുന്നു എ.ആർ റഹ്‌മാന്റെ മറുപടി."-രാംഗോപാൽ വർമ്മ പറഞ്ഞു.
വിവാദചിത്രം 'ദ കേരള സ്റ്റോറി'യെ അനുകൂലിച്ചും വർമ്മ വിവാദത്തിലായി. 'സ്വയവും മറ്റുള്ളവരോടും കള്ളം പറയാൻ നമുക്ക് സുഖകരമായി സാധിക്കും. എന്നാൽ മറ്റൊരാൾ മുന്നോട്ടുവന്ന് സത്യം തുറന്ന് കാണിക്കുമ്പോൾ ഞെട്ടുകയും ചെയ്യും. ബോളിവുഡിന്റെ ചത്തതുപോലെയുള്ള മൗനമാണ് കേരള സ്റ്റോറി'യുടെ തകർപ്പൻ വിജയത്തിന് കാരണം- രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. 'ദ കേരള സ്റ്റോറി' എന്ത് സത്യമാണ് തുറന്ന് പറഞ്ഞത്. അതൊരു വെറും പ്രൊപ്പഗണ്ട ചിത്രമാണ്. ബോളിവുഡിന് ഒരിക്കലും അതിനെ മാതൃകയാകാക്കാനാകില്ലെന്നും ചിലർ കുറിച്ചു.
തലക്ക് ഒരു കോടി വിലയിട്ട് ടിഡിപി
ആന്ധ്രാ രാഷ്ട്രീയത്തിലും ആർജിവി വിവാദപുരുഷനാണ്. ടിഡിപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 2019- ൽ ടിഡിപി സ്ഥാപക നേതാവും സൂപ്പർ താരവുമായി എൻടിആറും, ലക്ഷ്മി പാർവ്വതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് 'ലക്ഷ്മിയുടെ എൻടിആർ' എന്ന പടം രാം ഗോപാൽ വർമ്മ പിടിച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ തെലുഗ് ചിത്രം 'വ്യൂഹ'ത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് വധഭീഷണിവരെ ഉയർന്നിരുന്നു. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ മകൻ കൂടിയായ നര ലോകേഷ് ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
ചന്ദ്രബാബു നായിഡുവിനേയും തെലുഗുദേശത്തേയും അപകീർത്തിപ്പെടുത്താനാണ് ചിത്രം നിർമ്മിച്ചതെന്ന് ലോകേഷ് പറയുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്റെ പ്രചരണത്തിന്റെ ഭാഗമാണ് ചിത്രം എന്നായിരുന്നു ആരോപണം. നേരത്തെ തന്നെ ജഗനുമായി അടുത്ത ബന്ധം വർമ്മക്കുണ്ട്. ജഗൻ മോഹൻ റെഡ്ഡിയെ നേരിട്ട് കണ്ട് ചിത്രത്തെക്കുറിച്ച് വർമ്മ ചർച്ച നടത്തിയെന്നാണ് വിവരം. അതിന് പിന്നാലെ ചിത്രത്തിലെ ചില ഫോട്ടോകളും രാം ഗോപാൽ വർമ്മ പുറത്തുവിട്ടിരുന്നു. .ചിത്രത്തിൽ മലയാള നടൻ അജ്മൽ അമീറാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വേഷം ചെയ്തത്. മലയാളിയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തിൽ ജഗന്റെ ഭാര്യയുടെ റോൾ ചെയ്തത്.
ചിത്രം സംബന്ധിച്ച വിവാദത്തിനിടെ രാം ഗോപാൽ വർമ്മയുടെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ തെലുങ്ക് ദേശം പാർട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവു വാഗ്ദാനം ചെയ്തും കോളിളക്കമുണ്ടാക്കി. ഒരു തത്സമയ ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ശ്രീനിവാസ റാവു വിവാദ പ്രസ്താവന നടത്തിയത്. പിന്നാലെ രാം ഗോപാൽ വർമ്മ ആന്ധ്രാപ്രദേശ് പൊലീസിൽ പരാതി നൽകി. ഈ വീഡിയോ ക്ലിപ്പുകൾ ആർജിവി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവവെക്കകയും ചെയ്തു. 'ഒരു ന്യൂനപക്ഷ സമുദായത്തെ കുറിച്ച് ഇതു പോലെയുള്ള സിനിമകൾ ചെയ്യാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അയാളെ വീട്ടിൽ വെച്ച് ചുട്ടുകൊല്ലും.' എന്നും ശ്രീനിവാസ റാവു ആക്രോശിച്ചു.
പക്ഷേ സിനിമ ഇറങ്ങിയിട്ടും അത് വിജയിച്ചില്ല. ആന്ധ്രയിലാവട്ടെ ഭരണവിരുദ്ധവികാരത്തിലേറി ചന്ദ്രബാബു നായിഡു ജയിച്ച് കയറുകയും ചെയ്തു. 'രക്തചരിത്ര' പോലെ ആന്ധ്രയിലെ റായലസീമയിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ക്ലാസിക്ക് ചിത്രം എടുത്ത ആർജിവിയുടെ പ്രതിഭയൊന്നും ഈ പടത്തിൽ കാണാനും ഉണ്ടായിരുന്നില്ല.
അതിനിടെ ആർജിവി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ചും വാർത്തകൾ വന്നു. തെലുഗ് നടൻ പവൻ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി -ജെഎസ്‌പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാൽ വർമയുടെ പ്രഖ്യാപനം. പക്ഷേ പിന്നീട് അദ്ദേഹം ഇതിൽ നിന്ന് പിന്മാറി. അതുനന്നായി എന്ന് ഇലക്ഷൻ ഫലം തെളിയിച്ചു. വൻ ഭൂരിപക്ഷത്തിന് ജയിച്ച് പവൻ കല്യാൺ ഇപ്പോൾ ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയാണ്
സ്ത്രീലമ്പടനെന്ന് തുറന്ന് സമ്മതിക്കുന്നു
മറ്റുള്ളവരെപ്പോലെ വളഞ്ഞവഴിക്ക് മൂക്ക് പിടിക്കുന്ന രീതി ആർജിവിക്ക് ഇല്ല. സ്ത്രീകൾ എന്നാൽ തനിക്ക് ഭ്രാന്തമായ അഭിനിവേശമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. രംഗീലയിലെ നായികയായ ഊർമ്മിള മണ്ഡോദ്ക്കർ അടക്കം തന്റെ പല നായികമാരുമായി പ്രണയത്തിലായതും അദ്ദേഹം മറച്ചുവെക്കുന്നില്ല. രാം ഗോപാൽ വർമ്മയുടെ രംഗീല എന്ന ചിത്രത്തിലൂടെ ഒറ്റരാത്രികൊണ്ട് സെൻസേഷനായി മാറിയ താരമാണ് ഊർമ്മിള മണ്ഡോദ്ക്കർ. ചിത്രത്തിന്റെ റിലീസിന് ശേഷം 90- കളിലെ സെക്‌സ് സൈറൺ എന്നായിരുന്നു ഊർമ്മിള വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 'രംഗീലാ റേ' എന്ന ഗാനവും അതിലെ ഊർമ്മിളയുടെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിനോടൊപ്പം ഗോസിപ്പ് കോളങ്ങളിലും ഊർമ്മിളയുടെ പേര് ഇടംപിടിച്ചിരുന്നു. വർമയുമായുള്ള ബന്ധമാണ് വാർത്തകളിൽ നിറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഊർമ്മിളയെ കുറിച്ച് ആർജിവി ഒരു ബ്ലോഗ് എഴുതുകയും ചെയ്തു. 'സിനിമയിൽ വന്നതിന് ശേഷം എന്നെ സ്വാധീനിച്ച ആദ്യ പെൺകുട്ടി ഊർമിള യാണ് അവളുടെ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു - അവളുടെ മുഖം മുതൽ അവളുടെ രൂപം വരെ... അവളെക്കുറിച്ചുള്ള എല്ലാം ദൈവികമായിരുന്നു. രംഗീലയ്ക്ക് മുമ്പ് അവൾ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, അത് നന്നായി വന്നിരുന്നില്ല. മാത്രമല്ല പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താനായില്ല. എന്നാൽ, രംഗീലയ്ക്ക് ശേഷം, അവൾ രാജ്യത്തിന്റെ ലൈംഗിക ചിഹ്നമായി മാറി. അതിനർത്ഥം അവളെ സുന്ദരിയാക്കിയത് ഞാനാണെന്നല്ല. അവൾ ഒരു പെയിന്റിങ് പോലെ ആണെന്ന് ഞാൻ പറയും, ഞാൻ അവളെ ഫ്രെയിം ചെയ്തു. ഫ്രെയിമിന് പുറമേ, ഒരു പെയിന്റിങ് ശരിക്കും ആസ്വദിക്കണമെങ്കിൽ, അത് പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലവും ആവശ്യമാണ്, ആ സ്ഥലം രംഗീലയായിരുന്നു. രംഗീല നിർമ്മിക്കുന്ന സമയത്തെ എന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ഊർമ്മിളയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ക്യാമറയിൽ പകർത്തുകയും അത് ലൈംഗിക ചിഹ്നങ്ങളുടെ ബെഞ്ച്മാർക്ക് ആക്കുകയും ചെയ്യുക എന്നതായിരുന്നു. രംഗീലയുടെ സെറ്റിൽ അവളെ എന്റെ ക്യാമറയിലൂടെ കണ്ടതിനേക്കാൾ വലിയ വലിയ സിനിമാറ്റിക്ക് അനുഭവം ഉണ്ടായിട്ടില്ലെന്ന് ഞാൻ പറയും."- രാം ഗോപാൽ വർമ്മ എഴുതി.
എന്നാൽ ഇവരുടെ ബന്ധം വിജയം കണ്ടില്ല എന്നതാണ് വാസ്തവം. ആർജിവിയുമായുള്ള ബന്ധത്തെക്കുറിച്ച് ഊർമ്മിള തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം, 2016-ൽ ഊർമ്മിള നടനും മോഡലുമായ മൊഹ്‌സിൻ അക്തർ മിറുമായി അവർ വിവാഹിതയായപ്പോൾ, രാം ഗോപാൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഇന്ന് സിനിമയൊക്കെ വിട്ട് സജീവ രാഷ്ട്രീയ പ്രവർത്തകയായി മാറിയിരിക്കയായാണ് ഊർമ്മിള മണ്ഡോദ്ക്കർ.
ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു രാം ഗോപാൽ വർമ്മ. ശ്രീദേവിയുടെ മരണ ശേഷം നടിയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് രാം ഗോപാൽ വർമ്മ ഒരു കത്തും എഴുതിയിരുന്നു. എന്നാൽ ശ്രീദേവിയെക്കുറിച്ച് നടത്തിയ പരാമർശം വിമർശനങ്ങൾ വിളിച്ചു വരുത്തി. 'ശ്രീദേവിയോട് എനിക്ക് ബഹുമാനം ആണ്, അവരുടെ തുടയും പുഞ്ചിരിയും കാരണം. അവരുടെ സെൻസിറ്റിവിറ്റിയും വ്യക്തിത്വവും. അതിനുമപ്പുറം ബോണി കപൂറിനോട് അവർക്കുള്ള സ്നേഹത്താലും എനിക്കവരോട് ബഹുമാനമാണ്,' എന്നായിരുന്നു രാം ഗോപാൽ വർമ്മ പറഞ്ഞത്. ഇതിൽ പ്രകോപിതനായ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ സംവിധായകനുമായ വാക്കേറ്റത്തിൽ ഏർപ്പെട്ടെന്നും അന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. നോക്കുക, ഒരു മരിച്ച നടിയെക്കുറിച്ച് പറയുമ്പോഴും തുടയാണ് അദ്ദേഹത്തിന് ഓർമ്മവരുന്നത്. ഇതാണ് ആർജിവി ഒരു സെക്സ് മാനിയാക്കാണെന്ന് ചിലരെങ്കിലും പറയാനുള്ള കാരണം.
പക്ഷേ ഇപ്പോൾ സാരിയിൽ അഭിനയിച്ച മലയാളി നടി ശ്രീലക്ഷ്മി അടക്കമുള്ളവർക്ക് ആർജിവിയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. തന്റെ സമ്മതത്തോടെ മാത്രമേ അദ്ദേഹം വീഡിയോ ട്വീറ്റ് പോലും ചെയ്തിട്ടുള്ളതെന്നും ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നുമാണ് അവർ പറയുന്നത്.
ഭാര്യ അടിച്ചോടിക്കുന്നു
രാഗോപാൽ വർമ്മയുടെ സ്ത്രീകളോടുള്ള സമീപനം കൃത്യമായി പറഞ്ഞത് അദ്ദേഹത്തിന്റെ മൂൻ നായികയായ സുചിത്ര കൃഷ്ണമൂർത്തിയാണ്. രാം ഗോപാൽ വർമയും സുചിത്രയും, മൈ വൈഫ്‌സ് മർഡർ, റാൻ എന്നീ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരുവർക്കും വർഷങ്ങളായി പരസ്പരം അറിയുകയും ചെയ്യാം. അതിനാൽ ഒരിക്കൽ താൻ രാം ഗോപാൽ വർമയ്ക്ക് 'എന്നെ വിവാഹം കഴിക്കുമോ' എന്ന് മെസേജ് അയച്ചുവെന്നാണ് സുചിത്ര പറയുന്നത്. ഉടനെ തന്നെ രാം ഗോപാൽ വർമ തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് അത്തരമൊരു ചിന്തയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടുവെന്നുമാണ് സുചിത്ര പറയുന്നത്." അതൊരു തമാശയായിരുന്നു. പക്ഷെ എന്റെ മെസേജ് കണ്ടതും അദ്ദേഹം പേടിച്ചു പോയി. വളരെ സീരിയസായാണ് എന്നോട് സംസാരിച്ചത്. നീ നല്ല കുട്ടിയാണെന്നും താൻ വളരെ വൃത്തികെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും ചിന്തിക്കാനേ പാടില്ലെന്ന് പറഞ്ഞു. സ്ത്രീകളെ സെക്‌സിന് വേണ്ടി മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്, അവരുടെ ശരീരം മാത്രാണ് ഇഷ്ടം, ബുദ്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു' -സുചിത്ര കൃഷ്ണമൂർത്തി പറഞ്ഞു.
ഒരുകാലത്തെ തിരക്കുള്ള നടിയായിരുന്നു സുചിത്ര കൃഷ്ണമൂർത്തി. സംവിധായകൻ ശേഖർ കപൂറിനെ വിവാഹം കഴിക്കുന്നതോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതം അധികം വൈകാതെ തകർന്നു. 2007- ൽ ഇരുവരും ഔദ്യോഗികമായി പിരിയുകയും ചെയ്തു.
അതിനിടെ ആർജിവിയുടെ ഭാര്യയും വേർപിരിഞ്ഞു. ഭാര്യയിൽ നിന്ന് തനിക്ക് മർദനം ഏറ്റിട്ടുണ്ടെന്നുപോലും തുർന്ന് പറയാൻ ആർജിവിക്ക് മടിയില്ല. തന്റെ ഭ്രാന്ത് സഹിക്കവയ്യാതെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നവെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. രത്‌നയും രാം ഗോപാൽ വർമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നത്രേ. പക്ഷേ എത്ര അലറി വിളിച്ചാലും വർമ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേൾക്കാത്ത ഭാവത്തിൽ നിൽക്കും. അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും.
ഒരു ദിവസം ഇത്തരത്തിൽ ഇറങ്ങിപ്പോയ വർമ കുറച്ച് അധികം ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ഉടൻ രത്‌ന സംവിധായകനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. എന്നാൽ പതിവുപോലെ മൗനം പാലിച്ച് നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും, ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ ചേർത്ത് നിർത്തി അടിക്കുകയുംചെയ്യുകയായിരുന്നുവെന്നാണ് രാം ഗോപാൽ വർമ വെളിപ്പെടുത്തിയത്. തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛൻ വരെ കണ്ടിട്ടുണ്ടെന്നും രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. 62കാരനായ രാം ഗോപാൽ വർമ ഇപ്പോൾ സിംഗിൾ ലൈഫാണ് നയിക്കുന്നത്. പക്ഷേ ഭാര്യയുടെയും മക്കളുടെയും എല്ലകാര്യവും അദ്ദേഹം നോക്കുന്നുണ്ട്. പക്ഷേ തൻെ ദാമ്പത്യ തകർച്ചക്ക് അയാൾ ഒരിക്കലും ഭാര്യയെ കുറ്റപ്പെടുത്തുന്നില്ല. ആ നിലക്ക് നോക്കുമ്പോൾ അങ്ങേയറ്റം സത്യസന്ധനാണ് ആർജിവി എന്നും ആരാധകർ പറയുന്നു.
എല്ലാവരുടെയും ആത്മകഥ സിനിമയാക്കി മടുത്തിട്ടാവണം ആർജിവി ഇപ്പോൾ സ്വന്തം ജീവിതം സിനിമായാക്കുയാണ്. 6 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മൂന്നുഭാഗങ്ങളായാണ് നിർമ്മിക്കുക. കഥയെഴുതുന്നതും ആർജിവിതന്നെ. നവാഗതനായ ദൊരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ ചെറുപ്പകാലം മുതലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. മൂന്നാം ഭാഗത്തിൽ രാം ഗോപാൽ വർമ തന്നെയാണ് നായകനായി എത്തുന്നുണ്ട്. 'രാമു, രാം ഗോപാൽ വർമ്മ, ആർജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്' എന്നീ മുന്നു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സെക്സ്, വയലൻസ്, അധോലോകം അങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നുവരുമെന്നാണ് പറയുന്നത്. ഇതും നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്തായാലും ആർജിവി എന്ന പ്രതിഭ തിരിച്ചുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വാൽക്കഷ്ണം: ഈയിടെ ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകൻ തയ്യാറാണോ എന്ന ചോദ്യത്തിന് ആർജിവി പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നാൽ ഒരു കണ്ടീഷനുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകാൻ തയ്യാറാണ്. എന്നാൽ ഒരു നിബന്ധനയുണ്ട്. ബാക്കി 15 മത്സരാർഥികളും സത്രീകളായിരിക്കണം. പുരുഷന്മാർ പാടില്ല."- ഇതാണ് ആർജിവി. ഇതിൽ കൂടുതൽ എന്ത് പറയാൻ!