- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
12 സിനിമാക്കാരുള്ള അല്ലു കുടുംബത്തിലെ ഇളമുറക്കാരൻ; അമ്മാവൻ ചിരഞ്ജീവി; മൂന്നാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം; തെലുങ്കിൽ പൊളിഞ്ഞ ചിത്രങ്ങൾ മലയാളത്തിൽ മൊഴി മാറ്റിയെത്തുമ്പോൾ ഹിറ്റാവുന്ന അദ്ഭുതം; മല്ലു അർജുൻ എന്നും ഇരട്ടപ്പേര്; ഇപ്പോൾ പുഷ്പയിലൂടെ ഫയർ; ദേശീയ അവാർഡ് കിട്ടുന്ന ആദ്യ തെലുങ്ക് നടൻ; അല്ലു അർജുന്റെ ജീവിത കഥ
2006 ൽ 'ഹാപ്പി' എന്ന പേരിൽ തെലുങ്കിൽ ഒരു ചിത്രം ഇറങ്ങി. അത് അവിടെ ശരാശരി വിജയം മാത്രമായിരുന്നു. പക്ഷേ അത് മൊഴിമാറ്റി കേരളത്തിൽ ഇറക്കിയപ്പോൾ വിതരണക്കാർ ഞെട്ടി. നൂറുദിവസത്തോളമാണ് ആ പടം കേരളത്തിൽ ഓടിയത്. 2008ൽ ആര്യ 2വും തെലുങ്കിൽ പരാജയപ്പെട്ടു. പക്ഷേ അത് കേരളത്തിൽ വൻ വിജയമായി. അപ്പോഴാണ് കേരളത്തിൽ അതിലെ നായകന് വലിയ മാർക്കറ്റുണ്ടെന്ന്, ദക്ഷിണേന്ത്യൻ ചലച്ചിത്രലോകം അറിയുന്നത്. ഇത് മലയാളത്തിൽ മാത്രമല്ല, കന്നഡയിലും തമിഴിലും അവർത്തിച്ചു. സ്വന്തം ഭാഷയിൽ പരാജയപ്പെടുന്ന ചിത്രങ്ങൾ മൊഴിമാറ്റി അന്യഭാഷകളിൽ ഇറങ്ങുമ്പോൾ ഹിറ്റാകുന്ന അത്ഭുതം! അതാണ് അല്ലു അർജുൻ എന്ന തെലുങ്ക് നടന്റെ വൈഭവം.
പൊതുവെ പുച്ഛിസ്റ്റുകളും, ദോഷൈകദൃക്കുകളുമാണ് മലയാളികൾ എന്നാണ് പറയുക. അവർ ഒരാളെ അത്ര പെട്ടെന്നൊന്നും അഗീകരിക്കില്ല. തമിഴ്- തെലുങ്ക് സിനിമകളെ വെറും മസാലക്കൂട്ടുകളായാണ് അവർ കാണാറുള്ളത്. പക്ഷേ അല്ലു അർജുനന് കേരളത്തിലെ കാമ്പസുകളിലടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മല്ലു അർജുൻ എന്ന പേരിലും അറിയപ്പെടുന്നത്. അസാധാരണമായ സ്റ്റെൽ, അപാരമായ മെയ്വഴക്കത്തോടെയുള്ള ഡാൻസ്. ആറുവയസ്സുള്ളപ്പോൾ മുതൽ ജിംനാസ്റ്റിക്സും ആയോധന കലയും പഠിച്ചതിന്റെ ഗുണം അയാളുടെ ഓരോ ചുവടുവെപ്പിലും കാണാം. അതുകൊണ്ടുതന്നെയാണ്, അല്ലു അർജുൻ എന്ന ഈ 40കാരൻ അടിക്കടി ഹിറ്റ് സിനിമകളിലൂടെ, ഇന്ത്യ മുഴുവൻ തിളങ്ങി നിൽക്കുന്നത്. ഇപ്പോൾ മറ്റൊരു തിളക്കം കൂടി അല്ലുവിനെ തേടിയെത്തിയിരിക്കയാണ്. പുഷ്പയിലുടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം.
1967 ലാണ് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ആ വർഷം ബംഗാളി നടനായ ഉത്തം കുമാറാണ് പുരസ്കാരത്തിന് അർഹനായത്. പിന്നീടിങ്ങോട്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, മറാത്തി, ഭാഷകളിലെ പ്രകടനങ്ങളിലുടെ നിരവധി അഭിനേതാക്കൾ മികച്ച നടന്മാരായി. എന്നാൽ തെലുങ്കിൽ ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. അതിനിടെ രാജമൗലിയുടെ ബാഹുബലി അടക്കമുള്ള, ലോകം ശ്രദ്ധിച്ച എത്രയോ ചിത്രങ്ങൾ തെലുങ്കിൽ നിന്ന് വന്നുപോയി. ഇന്ത്യൻ സിനിമ തെലുങ്ക് സിനിമയെ ഉറ്റുനോക്കുന്ന അവസ്ഥ വന്നു. ഇപ്പോൾ ആർആർആറിലെ കീരവാണിയുടെ സംഗീതത്തിലൂടെ ഓസ്ക്കാറും തെലുങ്ക് സിനിമ ഇന്ത്യക്ക് കൊണ്ടുതന്നു. പക്ഷേ അപ്പോഴും ഇന്ത്യയിലെ മികച്ച നടനായി ഒരു തെലുങ്കൻ മാറിയിരുന്നില്ല. ആ കുറവ് ഇപ്പോൾ അല്ലു നികത്തിയിരിക്കയാണ്.
ഈ നേട്ടം തെലുങ്ക് സിനിമയും ആഘോഷിക്കുകയാണ്. ഇത് തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിരഞ്ജീവി കുറിച്ചത്. എന്റെ പ്രിയ ബണ്ണിക്ക് അഭിനന്ദനങ്ങൾ എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. അല്ലു ഈ പുരസ്കാരത്തിനും എല്ലാ വിജയങ്ങൾക്കും അർഹനാണ് എന്നാണ് ജൂനിയർ എൻടിആർ കുറിച്ചത്. അല്ലു അർജുനും ഏറെ വികാരാധീനനായാണ് തന്റെ പുരസ്കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്.
12 സിനിമാക്കാരുള്ള അല്ലു കുടുംബം
ഇപ്പോൾ കേരളത്തിൽ ധാരാളം അല്ലു അർജുൻ ഫാൻസ് ക്ലബ്ബുകൾ നിലവിലുണ്ട്. എങ്ങനെയാണ് ഈ യുവ നടന് ഇത്രയേറ ആൾക്കുട്ടത്തെ അകർഷിക്കാൻ കഴിയുന്നത് എന്നത് ഇപ്പോഴും അത്ഭുതമാണ്. ചിരഞ്ജീവി, സഹോദരൻ പവൻ കല്യാണും, മകൻ രാം ചരൺ തേജയും, പ്രഭാസും, ജൂനിയർ എൻടിആറും അടങ്ങുന്ന തെലുങ്ക് സിനിമയിൽ, അവരെയെല്ലാം കടത്തിവെട്ടി, പാൻ ഇന്ത്യൻ താരമായിരിക്കയാണ് അല്ലു.
മുത്തച്ഛനും, അച്ഛനും അമ്മാവനുമെല്ലാം സിനിമാക്കാരായ ഒരു ചലച്ചിത്ര കൂടുംബത്തിൽ നിന്നാണ് അല്ലു വരുന്നത്. 1983 ഏപ്രിൽ 08 ന്, തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയിൽ ജനനം. ബിസിനസുകാരൻ അല്ലു വെങ്കിടേഷ് ജ്യേഷ്ഠനും, നടൻ അല്ലു സിരീഷ് അനുജനുമാണ്. മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. നമ്മുടെ നാട്ടിൽ അടുർഭാസിയെപ്പോലെയൊക്കെ അറിയപ്പെടുന്നയാൾ. അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയെ 1980ലാണ് നടൻ ചിരഞ്ജീവി വിവാഹം കഴിച്ചത്. അമ്മാവനായ ചിരഞ്ജീവിയും, സഹോദരൻ പവൻ കല്യാണും ഇപ്പോൾ തെലുങ്കിലെ സൂപ്പർ സ്റ്റാറുകളാണ്. ചിരഞ്ജീവിയുടെ മകനും, ആർആർആറിലുടെ ലോകംമുഴുവൻ അറിയപ്പെട്ട രാം ചരൺ തേജ അല്ലുവിന്റെ കസിനും അടുത്ത സുഹൃത്തുമാണ്.
ഇങ്ങനെയൊക്കെ ആയിട്ടും അല്ലു അർജുന് ചെറുപ്പത്തിൽ സിനിമയായിരുന്നു ഡാൻസ് ആയിരുന്നു ഏറെ ഇഷ്ടം. ചിരംഞ്ജീവി, മൈക്കിൾ ജാക്സൻ, ഗോവിന്ദ എന്നിവർ ആയിരുന്നു തന്റെ ചൈൽഡ് ഹുഡ് ഹീറോകൾ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവർ മൂന്നുപേരുടെയും നൃത്തം ചെയ്യാനുള്ള കഴിവാണ് അല്ലുവിനെ ആകർഷിച്ചത്. പിൽക്കാലത്ത് ഒരു സൂപ്പർ ഡാൻസർ എന്ന പേരിൽ അല്ലു ഉയരങ്ങൾ കീഴടക്കി. മലയാളത്തിലടക്കം അയാൾക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയത്, ആ ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിക്കുന്നയായി തോന്നുന്ന ആ ചടുലമായ നൃത്തച്ചുവടുകയാണ്. പക്ഷേ എറ്റവും വിചിത്രം, അല്ലു എവിടെയും പോയി നൃത്തം പഠിച്ചിട്ടില്ല എന്നതാണ്.
ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'എല്ലാവരും ചോദിക്കാറുണ്ട് എന്റെ ഡാൻസിങ്ങിനെക്കുറിച്ച്. ഞാൻ എവിടെയും പോയി ഡാൻസ് പഠിച്ചിട്ടില്ല. ജന്മനായുള്ള കഴിവാണിത്. എന്നാൽ, ഇത് പറയുമ്പോൾ ആരും വിശ്വസിക്കാറില്ല. ക്യാമറയ്ക്ക് മുന്നിലാണ് ആദ്യമായി ഡാൻസ് ചെയ്തത്. ഒരുപക്ഷേ, സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടാവും ഈ ഡാൻസിങ് സ്കില്ലുമുണ്ടായത്''.
മൂന്നാം വയസ്സിൽ തുടങ്ങിയ അഭിനയം
വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അന്ന് വെറും മൂന്ന് വയസ്സായിരുന്നു പ്രായം. പിന്നീട് പഠനത്തിനുവേണ്ടി അഭിനയരംഗത്തുനിന്ന് മാറിനിന്നു. ചെറുപ്പത്തിൽ അഭിനയം തന്റെ മനസ്സിൽ ഇല്ലായിരുന്നുവെന്നും അല്ലു പറയുന്നുണ്ട്. ചെന്നൈയിലെ സെന്റ്. പാട്രിക് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ എംഎസ്ആർ കോളേജിൽ നിന്നും ബിബിഎ ബിരുദം നേടി. അക്കാലത്താണ് ലോക സിനിമയിൽ ആനിമേഷൻ തരംഗം വന്നുതുടങ്ങുന്നത്. ആനിമേഷൻ പഠിക്കാൻ പോകണമെന്ന് ആഗ്രഹിച്ച് അർജുൻ കാനഡക്ക് പറക്കാൻ ആഗ്രഹിച്ചിരുന്നു. ടിക്ക്റ്റ് വരെ ശരിയാക്കി വെച്ച സമയത്താണ് ചിരഞ്ജീവിയുടെ വിളിയെത്തുന്നത്. അങ്ങനെ 2002ൽ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അർജുൻ അഭിനയിച്ചു.
പക്ഷേ തൊട്ടുടത്ത വർഷം കരിയർ മാറ്റിയെഴുതിയ ആ ചിത്രം വന്നു. അല്ലു അർജുൻ നായകനായുള്ള ആദ്യ ചലച്ചിത്രം, കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി (സിംഹകുട്ടി) 2003- ൽ പുറത്തിറങ്ങി. ഇത് ശരാശരി വിജയം നേടി. അതോടൊപ്പം എം. എം. കീരവാണിയുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ അപ്പോഴും സിനിമയിൽ ഉറച്ചു നിൽക്കണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നുവെന്ന് അല്ലു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ എന്ന ചിത്രം 2004 ൽ പുറത്തിറങ്ങി. ദിൽ രാജു ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ്. സുകുമാർ ആണ് ആര്യ സംവിധാനം ചെയ്തത്. ഈ ചിത്രം വളരെ വലിയൊരു വിജയം നേടി. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. പ്രഭാസും, രവി തേജയുമൊക്കെ നിരസിച്ച ചിത്രമായിരുന്നു ഇതെന്ന് ഓർക്കണം.
ബണ്ണി തൊട്ട് ബദ്രീനാഥ് വരെ
2005 ൽ മൂന്നാമത്തെ ചിത്രമായ ബണ്ണി പുറത്തിറങ്ങി. ഇതും വൻ വിജയമായിരുന്നു. ഇതോടെയാണ് കേരളത്തിലടക്കം അല്ലു പ്രശസ്തനാവുന്നത്. ബണ്ണി അർജുൻ എന്നുവരെ അദ്ദേഹത്തിന്റെ പേര് മാറി. നാലാമത്തെ ചിത്രമായ ഹാപ്പി 2006 ൽ പുറത്തിറങ്ങി. കരുണാകരനായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. ആ ചിത്രം തെലുങ്കിൽ ശരാശരിയായിരുന്നെങ്കിലും മറ്റുഭാഷകളിൽ ഹിറ്റായി. 2007- ൽ അഞ്ചാമത്തെ ചിത്രമായ ദേശമുഡുരു (ഹീറോ) പുറത്തിറങ്ങി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. ടോളിവുഡിലെ ആ വർഷത്തെ ആദ്യ വിജയവുമായിരുന്നു ഈ ചിത്രം. പുറത്തിറങ്ങിയ ആഴ്ചയിൽ തന്നെ ഈ ചിത്രം 12.58 കോടി ഗ്രോസ് നേടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവുമധികം ശേഖരിച്ച ചിത്രവുമായിരുന്നു ഇത്. അതേ വർഷം തന്നെ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ അതിഥി താരമായി അല്ലു എത്തി. 2008 മെയ് ൽ ആറാമത്തെ ചിത്രമായ പരുഗു (കൃഷ്ണ) പുറത്തിറങ്ങി. ഭാസ്കർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് അല്ലുവിന് തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
വിജയങ്ങൾ മാത്രമല്ല, വലിയ തിരിച്ചടികളും എറ്റുവാങ്ങിയ നടനാണ് അല്ലു. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിന്റെ തുടർച്ചയായി ആര്യ 2 എന്ന പേരിൽ 2009 ൽ അദ്ദേഹത്തിന്റെ അടുത്ത ചിത്രം പുറത്തിറങ്ങി. സുകുമാർ സംവധാനം ചെയ്ത ചിത്രത്തിന് പക്ഷേ, ആദ്യ ചിത്രം പോലെ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. 2010 ൽ ഗുണശേഖർ സംവിധാനം ചെയ്ത വരുഡു എന്ന വലിയ ബ്ജറ്റ് ചിത്രം പുറത്തിറങ്ങി. അത് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റുവും വലിയ നിരാശയായിരുന്നു. 18 കോടി രൂപ ചെലവ് ചെയ്ത് നിർമ്മിച്ച ഈ ചിത്രം തെലുങ്ക് സിനിമിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.
വരുഡുവിന് ശേഷം അദ്ദേഹം വേദം എന്ന ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്തു. രാധാ കൃഷ്ണ ജഗർലാമുഡി സംവിധാനം ചെയ്ത ചിത്രം, തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം രണ്ടാം തവണ അദ്ദേഹം നേടിക്കൊടുത്തു. വേദം സാധാരണ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. തന്റെ കാമുകിയെ ആകർഷിക്കാൻ മോഷണം നടത്തുന്ന കേബിൾ രാജുവെന്ന കഥാപാത്രം അല്ലുവിന്റെ അഭിനയ സ്കിൽ കൂടിയാണ് കാണിച്ചുതന്നത്.
2011 ൽ വി.വി. വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഗീത ആർട്സിന്റെ ബാനറിൽ, അല്ലു അർജുന്റെ അച്ഛനായ അല്ലു അരവിന്ദാണ് ചിത്രം നിർമ്മിച്ചത്. 40 കോടിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ ആ ചിത്രം 6.5 കോടി നേടി. അല്ലു അർജുന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനായിരുന്നു അത്. ഈ ചിത്രത്തിനായി അല്ലു മാർഷ്യൽ ആർട്സ് പ്രേത്യേകമായി പരിശീലിച്ചതൊക്കെ വാർത്തയായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ മുടക്കുമുതൽ ഉണ്ടായിട്ടും ബദ്രീനാഥ് സിനിമ ലാഭമായത്, അന്യഭാഷകളിലെ മൊഴിമാറ്റത്തോടെയായിരുന്നു. കേരളത്തിലും വൻ സ്വീകരണമാണ് ബദ്രീനാഥിന് കിട്ടിയത്. ഈ പടത്തോടെയാണ് സൂപ്പർ സ്റ്റാർ പദവി അല്ലുവിന് കിട്ടുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഫയറായി പുഷ്പയെത്തുന്നു
ആര്യയിലൂടെ ബ്രേക്ക് തന്ന സുകുമാർ തന്നെയാണ് പുഷ്പയിലുടെ അല്ലുവിനെ പരാകായ പ്രവേശം നടത്തിച്ചത്. അതുവരെ ഒരു അർബൻ ചോക്ലേറ്റ് ബണ്ണിമാത്രമായിരുന്ന അല്ലു അർജുൻ, തീർത്തും പ്രാകൃതനായ, ചന്ദനക്കൊള്ളക്കാരൻ പുഷ്പരാജ് ആയുള്ള, പകർന്നാട്ടം വിസ്മയിപ്പിക്കുന്നതായിരുന്നു. പുഷ്പ തമിഴിലും, തെലുങ്കിലും, മലയാളത്തിലും എന്നുവേണ്ട ഹിന്ദിയിൽപോലും തരംഗം തീർത്തു.
ഇപ്പോഴിതാ എങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ റിലീസിന് മുൻപ് പുഷ്പ 2 റെക്കോർഡുകൾ ഭേദിച്ചിരിക്കയാണ്. ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യൺ ലൈക്കുകൾ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2 ഇപ്പോൾ. തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് ഫാസിൽ ആണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. പുഷ്പയിൽ അവസാന ഭാഗത്ത് വന്ന് പോയ ഫഹദ് വൻ ഹൈപ്പാണ് നൽകിയത്.
രണ്ടാം ഭാഗത്തിൽ ഫഹദും അല്ലു അർജുനും ഏറ്റുമുട്ടുന്ന രംഗങ്ങൾ ഉണ്ടാകും എന്നാണ് സൂചനകൾ. ഭൻവർ സിങ്ങ് ഷെഖാവത്ത് എന്ന നെഗറ്റീവ് ഷെഡുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തിയത്. പുഷ്പരാജ് എന്നാണ് അല്ലു അർജുന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ ഫഹദ് പുഷ്പ 2 വിൽ കാണില്ലെന്നും അർജുൻ കപൂർ ആകും പകരമെത്തുക എന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച നിർമ്മാതാക്കൾ ഫഹദ് രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പ 2വിനായി ആവേശത്തോടെ ആരാധകർ കാത്തുനൽക്കുന്നതിനിടെയാണ് അവാർഡ്വാർത്തയെത്തുന്നത്.
മലയാളികളോട് പ്രത്യേക സ്നേഹം
'നിങ്ങൾ മലയാളികൾ മറ്റ് ഏത് തെലുങ്ക് നടന് നൽകിയതിനെക്കാൾ സ്നേഹം എനിക്ക് നൽകുന്നില്ലേ...? ആ സ്നേഹത്തിനുള്ള കടപ്പാട് എപ്പോഴുമുണ്ടാകും. മല്ലു അർജുൻ എന്ന പേര് ഞാൻ ആസ്വദിക്കുന്നുണ്ട്'' -2020ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അല്ലു പറയുന്നു. കുട്ടിത്താരമായി തുടങ്ങി, ഇപ്പോൾ നായകനെന്ന നിലയിൽ തിളങ്ങുന്നതിനെ കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. '' ഇതൊരു യാത്രയാണ്. ആദ്യ സിനിമ തൊട്ട് അവസാനം പുറത്തിറങ്ങിയ ചിത്രം വരെയുള്ള ഓരോ ചിത്രവും ആസ്വദിക്കുന്നുണ്ട്. ഓരോ വേഷവും ഓരോ വെല്ലുവിളിയാണ്. ആ വെല്ലുവിളികൾ സന്തോഷത്തോടെ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്. പ്രേക്ഷകർക്ക് എങ്ങനെ മികച്ച അനുഭവം സമ്മാനിക്കാനാവും എന്നതിനെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്.
മലയാളികൾ അവരുടെ ഹൃദയത്തിൽ എനിക്ക് ഒരു പ്രത്യേക സ്ഥാനം നൽകുന്നുണ്ട്. അവരുടെ സ്നേഹത്തിനും ലാളനയ്ക്കും എന്നും കടപ്പെട്ടിരിക്കും. ഈ സ്നേഹവും ലാളനയുമാണ് മല്ലു അർജുൻ എന്ന പേരും സമ്മാനിച്ചത്. എനിക്ക് തോന്നുന്നത് മറ്റൊരു താരത്തെയും മലയാളികൾ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ്. ഇന്ത്യയിലെ എല്ലാ താരങ്ങൾക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചർച്ചകളിലും മലയാള സിനിമകൾ കടന്നുവരാറുണ്ട്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, നിവിൻ പോളി... എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാർ. എന്നാൽ, എപ്പോൾ എന്റെ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാൽ, ഒരു ഉത്തരം മാത്രമേയുള്ളൂ. ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല. കുറേക്കാലമായി ഒരു മലയാളി സംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്.
റോളുകൾ യോജിച്ചാൽ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്നമില്ല. എന്നാൽ, ആരുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാൽ, ഒരുപക്ഷേ, മോഹൻലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയിൽ ആർക്കൊപ്പം എന്ന് ചോദിച്ചാൽ, അത് പൃഥ്വിരാജിനൊപ്പമോ ദുൽഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം. മലയാള സിനിമ ഒരുപാട് മാറി. മികച്ച സിനിമകൾ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇൻഡസ്ട്രി മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തിൽ വന്നു. ദുൽഖർ സൽമാന്റെ ചാർലിയും നിവിൻ പോളിയുടെ പ്രേമവുമെല്ലാം ആസ്വദിച്ച് കണ്ട സിനിമകളാണ്. രാജ്യത്താകമാനം മലയാളം സിനിമകൾ ശ്രദ്ധ നേടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡ് താരങ്ങൾക്കൊപ്പമിരിക്കുമ്പോഴും അവർ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്.''- അല്ലു പറയുന്നു.
തികഞ്ഞ ഫാമിലി മാൻ
സാധാരണ സിനിമാ താരങ്ങളെക്കൊണ്ട് നിരവധി ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. പക്ഷേ അതിനൊന്നും ഇട കൊടുക്കാത്ത തികഞ്ഞ ഫാമിലിമാൻ ആണ് അല്ലു. 2011 മാർച്ച് 6 നാണ്, അദ്ദേഹം സ്നേഹ റെഡ്ഡിയെ വിവാഹം ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹ പാർർട്ടിയിൽവെച്ച് കണ്ടുമുട്ടിയ അവളോട്് തോന്നിയ പ്രണയവും പിന്നാലെ നടന്നതും, വീട്ടുകാരുടെ എതിർപ്പ് ഒരുവിധത്തിൽ ഒതുക്കിയതുമെല്ലാം, ഒരു അഭിമുഖത്തിൽ രസകരമായി അല്ലു പറയുന്നുണ്ട്. ഇന്നും സിനിമകഴിഞ്ഞാൽ തന്റെ ആദ്യ ആലോചന ഫാമിലിയെക്കുറിച്ചാണെന്ന് അദ്ദേഹം പറയുന്നു. അവധി ദിനങ്ങൾ ഭാര്യക്കും മക്കൾക്കുമൊപ്പം ആഘോഷിക്കാനാണ്, ഈ സൂപ്പർതാരം ഇഷടപ്പെടുന്നത്.
യുവാക്കൾക്ക് അല്ലുവിനെ ഇഷ്ടപ്പെടാനുള്ള ഒരു കാരണം അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ പ്രസൻസ് കൂടിയാണ്. എന്തും മറയില്ലാതെ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് അയാൾ. ഒരു ചലച്ചിത്ര ലോഞ്ചിനിടെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചോദ്യത്തിൽ അല്ലു ഇങ്ങനെ മറുപടി പറയുന്നു. 'എന്റെ ബന്ധുക്കൾ സിനിമാക്കാർ ആയത് തീർച്ചയായും എന്റെ സിനിമാ പ്രവേശനത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഇവിടെ നിലനിന്നുപോവണമെങ്കിൽ കഴിവ് വേണം. ഞങ്ങളുടെ എല്ലാ ബന്ധുക്കളും നടന്മാരായിട്ടില്ലല്ലോ''- അല്ലുവിന്റെ ഈ മറുപടിക്ക് നല്ല കൈയടിയും കിട്ടി.
ഇന്ന് ഒരു സിനിമക്ക് 25 കോടിയോളം പ്രതിഫലം വാങ്ങുന്ന നടനാണ് അല്ലു. സ്വന്തമായി ബിസിനസുമുണ്ട്. ഹൈദരബാദിലെ ഒരു നൈറ്റ് ക്ലബിന്റെ ഉടമായാണ്. ലക്ഷ്വറി കാറുകളുെട ഡലീർ ഷിപ്പും ഉണ്ടായിരുന്നു. തികഞ്ഞ വാഹനകമ്പക്കാരനാണ് അല്ലു. 666 എന്ന നമ്പർ കാറുകൾക്ക് സ്ഥിരമായി നൽകും. അത് ഡെവിൾ നമ്പർ അല്ലേ എന്ന് ചോദിച്ചപ്പോൾ എനിക്ക് അത് സ്റ്റെൽ നമ്പർ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'സിനിമയിലെ ഉയർച്ചയും താഴ്ചയും എന്റെ ജീവിതത്തെ ബാധിക്കാറില്ല. താഴ്ചയിൽ കൂടുതൽ ദുഃഖിക്കുന്ന അല്ലെങ്കിൽ ഉയർച്ചയിൽ കൂടുതൽ സന്തോഷിക്കുന്ന ഒരാളല്ല ഞാൻ. അല്ലു അർജുൻ എപ്പോഴും അല്ലു അർജുനാണ്. സിനിമയും വ്യക്തിജീവിതവും വേറെയായിട്ടാണ് കാണുന്നത്. രണ്ടും പരസ്പരം കൂടിച്ചേരാതിരിക്കാൻ ശ്രമിക്കാറുണ്ട്. ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് എന്റെ ലക്ഷ്യം.എന്റെ മൂഡിനനുസരിച്ചാണ് സിനിമകൾ തിരഞ്ഞെടുക്കൽ. പരമാവധി ആളുകളെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ''- അല്ലു പറയുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
അല്ലുവിന്റെ ഈ നാഷണൽ അവാർഡ് പല വിവാദങ്ങൾക്കും തിരി കൊളുത്തിയിട്ടുണ്ട്. പ്രജാരാജ്യം എന്ന സ്വന്തം പാർട്ടിയുണ്ടാക്കി അത് വർക്ക്ഔട്ട് ആവാതായതോടെ കോൺഗ്രസിലേക്ക് മാറിയതാണ് നമ്മുടെ ചിരഞ്ജീവി. അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും പഴയപോലെ വിജയിക്കുന്നില്ല. ബാഹുബലിയിലുടെ കൊടുങ്കാറ്റായി വന്ന പ്രഭാസിന്റെ ചിത്രങ്ങളും പൊട്ടുകയാണ്. ഇപ്പോൾ തെലുങ്കിലെ പാൻ ഇന്ത്യൻ താരമായി കുതിക്കുന്നത് അല്ലുവാണ്. ഈ അല്ലുവിനെ റാഞ്ചാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും, അതിന്റെ ഭാഗമാണ് ഈ ദേശീയ അവാർഡ് എന്നും, വിമർശനങ്ങളുണ്ട്.
ഹോം എന്ന സിനിമിലെ ഇന്ദ്രൻസിനെയും, നായാട്ടിലെ ജോജുവിനെയുമൊക്കെ പിന്തള്ളിക്കൊണ്ട് അല്ലു, മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പൂരസ്ക്കാരം നേടുമ്പോൾ അത് അനർഹമാണെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഓടുന്ന പാണ്ടിലോറിയെ കുരുക്കെറിഞ്ഞ് ഒറ്റയ്ക്കു തടഞ്ഞു നിർത്തുന്ന മഹാത്ഭുതം! ഗുരുത്വാകർഷണ നിയമങ്ങൾപോലും ബാധകമല്ലാതെ സ്്റ്റണ്ടു പാട്ടും ചെയ്യാൻ കഴിയുന്ന താരം. ആ മഹാത്ഭുതത്തെ അംഗീകരിക്കാത്ത അക്കാലത്തെ അവാർഡ് നിർണയ ലോബികൾക്കെതിരായ കാലത്തിന്റെ തിരിച്ചടികൂടിയാണീ ദേശീയ അവാർഡ്. അല്ലെങ്കിലും ഇനിയുള്ള കാലം സ്വാഭാവികാഭിനയം ,യഥാതഥമായ കഥയും സിനിമയും എന്നൊന്നും പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല.''- ഇങ്ങനെയാണ് ഒരു ട്രോൾ.
ഇക്കണക്കിന് പോവുകയാണെങ്കിൽ, 2023ലെ ദേശീയ പുരസ്ക്കാരം ജയിലറിനെ രജനീകാന്തിനായിരിക്കുമെന്നാണ് മറ്റൊരു ട്രോൾ. 'അമ്മാവൻ ചിംഞ്ജീവിയെന്ന സൂപ്പർതാരത്തെ അനുകരിച്ചെന്നോണം, ആളുകളെ തല്ലിയൊടിച്ച് 110 കെ വി ലൈനിലേക്ക് വലിച്ചെറിഞ്ഞ് അഗ്നി സ്ഫുലിംഗങ്ങൾക്കിടയിലുടെ നടന്നുപോവുക, ഓടുന്ന ട്രെയിനിന്റെ മുകളിൽ ചാടിക്കയറി വില്ലനെ അടിച്ച് പത്തിരിയാക്കുക, തുടങ്ങിയ മഹാത്ഭുതങ്ങളാണ് അല്ലുവിന്റെ സിനിമകളിൽ ഏറെയും കാണാറുള്ളത്. ഇതിന്റെ ഒരു എക്സ്റ്റെൻഷൻ തന്നെയാണ്, പുഷ്പയിലെ ചന്ദനക്കൊള്ളക്കാരനും. പക്ഷേ ഇതിനൊക്കെ ദേശീയ പുരസ്ക്കാരം കൊടുക്കുക എന്ന് പറയുമ്പോൾ, ഫെസ്റ്റിവലിലൊക്കെ ഇന്ത്യൻ സിനിമ കാണാനെത്തുന്ന ഡെലിഗേറ്റുകൾക്ക് മുന്നിൽ നാം നാണം കെടുകയാണ് ചെയ്യുന്നത്.''- ഇങ്ങനെയാണ് മറ്റൊരു വിമർശനം.
പക്ഷേ തനിക്ക് രാഷ്ട്രീയ മോഹങ്ങൾ ഒന്നുമില്ലെന്ന് അല്ലു നേരത്തെ പറഞ്ഞതാണ്. ടിആർഎസ് നേതാവ്, കഞ്ചർലാൽ ചന്ദ്രശേഖർ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യാപിതാവ്. ഇദ്ദേഹത്തിന്റെ ഒരു കൺവെൻഷൻ സെന്റിന്റെ ഉദ്ഘാടനത്തിനായി പോയപ്പോൾ, ചില രാഷ്ട്രീയക്കാരെ കണ്ടുവെന്നല്ലാതെ, ഇപ്പോൾ സിനിമയല്ലാതെ മറ്റൊന്നും തന്റെ മനസ്സിലില്ലെന്ന് അല്ലു പറയുന്നു.
വാൽക്കഷ്ണം: ഒരു തെലുങ്ക് നടന് മലയാളത്തിൽ ഇത്രയേറെ ഫാൻ ബേസ് ഉണ്ടാക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് നമ്മുടെ ചലച്ചിത്ര പ്രവർത്തകരും ചിന്തിക്കേണ്ട കാര്യമാണ്. ഒരേ അച്ചിലുള്ള പ്രകൃതിപ്പടങ്ങൾ നമ്മുടെ യുവാക്കളെയൊക്കെ വല്ലാതെ വെറുപ്പിക്കുന്നുണ്ടെന്ന് ചുരുക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ