"വസീഗര എൻ നെഞ്ചിനിക,

ഉൻ പൊൻ മടിയിൽ തൂങ്കിനാൽ പോതും

അതേ കണം എൻ കൺകണ്ണുറങ്കാ,

മുൻ ജന്മങ്ങങ്കളിൽ ഏക്കങ്ങൾ തീരും"-


2001ൽ എ ആർ റഹ്മാൻ തരംഗം തെന്നിന്ത്യയിൽ കത്തിനിൽക്കുമ്പോൾ, കവയത്രി താമരയുടെ വരികളിലുടെ ഇതുപോലെ മനോഹരമായ ഒരു മെലഡി ഇറങ്ങുമ്പോൾ, അതിന്റെ സംഗീതസംവിധായകൻ, ചെന്നൈ മൊസാർട്ട് അല്ലാതെ മറ്റാവുമാകാൻ വഴിയില്ലെന്നാണ് പൊതുജനം കരുതിയത്. ഗൗതം മേനോന്റെ സംവിധാനത്തിൽ മാധവൻ നായകനായ ചിത്രത്തിലെ പാട്ടുകൾ കാൽ നുറ്റാണ്ട് അടുത്തിട്ടും ഇന്നും തമിഴകത്തിന്റെ ടോപ്പ് ടെൻ ലിസ്റ്റിലുണ്ട്. പക്ഷേ റഹ്മാൻ ആയിരുന്നില്ല, അദ്ദേഹത്തിന്റെ കീബോർഡ് ആർട്ടിസ്റ്റായിരുന്നു, വെറും 25 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു, ആ മാന്ത്രിക സംഗീതം സൃഷ്ടിച്ചത് എന്നുകേട്ടപ്പോൾ പലരും അമ്പരുന്നുപോയി. അതാണ് ഹാരിസ് ജയരാജ് എന്ന തമിഴകത്തിന്റ മെലഡി മാന്ത്രികൻ!

പിന്നീട് അങ്ങോട്ട് തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചപ്പോൾ, ടോളിവുഡ്ഡിലുണ്ടായ സംസാര വിഷയം ഈ പയ്യൻസ്് റഹ്മാനെപ്പോലും മറികടക്കും എന്നായിരുന്നു. ഇളയാരാജയുടെ കീബോർഡ് ആർട്ടിസ്റ്റായിരുന്ന റഹ്മാൻ ആയിരുന്നല്ലോ, ഗുരുവിനെ നിഷ്പ്രഭനാക്കിക്കൊണ്ട വളർന്നത്. അതുപോലെ ഈ ശിഷ്യനും ഗുരുവിനെ പിന്തള്ളുമെന്നൊക്കെ പ്രവചനം ഉണ്ടായി. പക്ഷേ റഹ്മാൻ ഓസ്‌ക്കാർ അവാർഡ് നേടി ലോകത്തിന്റെ നെറുകയിലേക്ക് വരെ ഇന്ത്യൻ സംഗീതത്തെ എത്തിച്ചപ്പോൾ, ഹാരിസ് വല്ലാതെ പിറകോട്ട് അടിക്കയായിരുന്നു. ഇപ്പോൾ ജയലിറിലെ 'കാവാലയ' ഗാനം അടക്കമുള്ള പാൻ ഇന്ത്യൻ ഹിറ്റുകൾ സൃഷ്്ടിച്ചു അനിരുദ്ധ് രവിചന്ദ്രൻ എന്ന ചെറുപ്പക്കാരൻ 10 കോടിയോളം രൂപ പ്രതിഫലം ഒറ്റപ്പടത്തിന് വാങ്ങി റഹ്മാന്റെ മുകളിലെത്തി. അടുത്തകാലത്തായി പഴയതുപോലെ ഹിറ്റ് ഉണ്ടാക്കാൻ റഹ്മാന് കഴിയുന്നുമില്ല. ഇപ്പോൾ അനിരുദ്ധ- റഹ്മാൻ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റ് ശക്തമാണ്. അപ്പോഴാണ് ഹാരിസ് ജയരാജിന്റെ തിരിച്ചുവരവിന്റെ വാർത്തകളും പുറത്തുവരുന്നത്.

കഴിഞ്ഞ കൂറെ വർഷങ്ങളായി ഹാരിസ് ജയരാജിന്റെ പേരിൽ കാര്യമായ ഹിറ്റുകളൊന്നുമില്ല. കമൽഹാസനുമായും, ഗൗതംമോനോനുമായുള്ള പിണക്കങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിന് തിരിച്ചടിയായത് എന്ന് തമിഴക സിനിമാ മാസികൾ എഴുതുന്നുണ്ട്. പക്ഷേ ഇപ്പോഴിത ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ധ്രുവനക്ഷത്രത്തിലൂടെ ഹാരിസ് ജയാരാജ് വീണ്ടും മുഖ്യധാരയിലേക്ക് എത്തുകയാണ്. അനിരുദ്ധ് രവിചന്ദറും, ഗോവിന്ദ് വസന്തയും, ഡി.ഇമ്മനുമൊക്കെ അരങ്ങുവാഴുന്ന തമിഴകത്ത് ഹാരിസ് ജയരാജിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

ഓലപ്പുരയിൽനിന്ന് കോടീശ്വരനിലേക്ക്

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ ഗിറ്റാറിസ്റ്റുകളിലൊരാളായ എസ്. എം ജയകുമാറിന്റെയും റെയ്ച്ചൽ ജയകുമാറിന്റെയും മകനായി 1975 ജനുവരി 8 നു ചെന്നൈയിലെ, ഒരു ക്രിസ്ത്യൻ നാടാർ കുടുംബത്തിലാണ് ഹാരിസിന്റെ ജനനം. ആറാം വയസ്സിൽ കർണ്ണാടക സംഗീത പഠനത്തിലൂടെയാണ് തുടക്കം.

പിതാവ് ജയകുമാറും പിൽകാലത്ത് മ്യൂസിക്ക് ഡയറക്ഷനിലേക്ക് കടന്ന് വന്നിരുന്നു. പ്രശസ്ത സംഗീത സംവിധായകനായ ശ്യാമിന്റെ സഹായി ആയിരുന്നു അദ്ദേഹം. മകനെ ഒരു ഗായകനാക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. പക്ഷെ സംഗീത സംവിധാനത്തിലായിരുന്നു ഹാരിസിനു കമ്പം. തന്റെ ശബ്ദം നല്ലതല്ലെന്നും അതുകൊണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും ഹാരിസ് പിന്നീട് ഒരിക്കൽ പറയുകയുണ്ടായി.

കെ കെ നഗറിലെ ശ്രീ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഹാരിസ് പാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയ ശേഷം ബിരുദം പൂർത്തിയാക്കാൻ ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ ചേർന്നു, അതിനുശേഷം ലണ്ടനിലേക്ക് മാറുകയും, ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ പ്രവേശനം നേടുകയും ചെയ്തു. ആ കാലമാണ് തന്നെ രൂപപ്പെടുത്തിയത് എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഇന്ന് കോടികൾ വിലയുള്ള ഈ സംഗീതസംവിധാകയന്റെ ബാല്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. പക്ഷേ അവിടെയും അച്ഛനും അമ്മയും തന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുവെന്നാണ് ഹാരിസ് പറയുന്നത്. ഇക്കഴിഞ്ഞ പിറന്നാളിൽ, തങ്ങളുടെ ഓലപ്പുരക്ക് മുന്നിൽനിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള് ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വെറും രണ്ടു വയസു പ്രായമുള്ള ഹാരിസിനെയാണ് ചിത്രത്തിൽ കാണുന്നത്. ഹാരിസിനേയും സഹോദരിയേയും കയ്യിൽ ഇടുത്തുകൊണ്ട് വീടിനു മുന്നിൽ നിൽക്കുന്ന അച്ഛനും അമ്മയുമാണ് ചിത്രത്തിൽ. തന്നെ ഇപ്പോഴത്തെ നിലയിൽ എത്തിച്ചതിന് മാതാപിതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

'എന്നെ ഈ നിലയിലെത്തിച്ച എന്റെ അച്ഛനോടും അമ്മയോടും നന്ദി പറയാൻ ഈ ജന്മദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ എന്നെ സംഗീതം പഠിപ്പിച്ചു. അമ്മ സ്നേഹം പ്രകടിപ്പിക്കാനും വിനയാന്വിതനായി കഴിയാനും പരിശീലിപ്പിച്ചു. നന്ദി. രണ്ടു വയസുകാരനായ ഞാൻ എന്റെ കുടുംബത്തിനൊപ്പം ഞങ്ങളുടെ വീടിനു മുന്നിൽ.- ഹാരിസ് ജയരാജ് കുറിച്ചു. ആ പോസ്റ്റും വൈറലായിരുന്നു. ഇന്ന് സിനിമയും അതിലേറെ പ്രതിഫലം തരുന്ന സ്റ്റേജ് ഷോകളുമായി കോടികൾ സമ്പാദിക്കുമ്പോഴും ഹാരിസ് വന്ന വഴി മറക്കുന്നില്ല.

കീബോഡിസ്റ്റിൽ നിന്ന് വളരുന്നു

എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. പന്ത്രണ്ട് വർഷത്തോളം ഇദ്ദേഹം സംഗീതസംവിധാന സഹായി എന്ന നിലയിൽ പ്രവർത്തിച്ചു. ഇക്കാലയളവിൽ ചില ടിവി പരസ്യങ്ങൾക്കും മ്യൂസിക്ക് ചെയ്യുകയുണ്ടായി. റഹ്മാന്റെ പരിശീലനമാണ് തന്നെ വളർത്തിയത് എന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറയാറുണ്ട്.

ഗൗതംമേനോൻ എന്ന സംവിധായകനുമായി ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായി ഉണ്ടായ സൗഹൃദമാണ് ഹാരിസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം ചെയ്തത് 'മിന്നലെ' എന്ന ഗൗതമേനോൻ ചിത്രത്തിനുവേണ്ടിയാണ്. ഈ ചിത്രത്തിലെ പാട്ടുകൾ വൻവിജയമായിരുന്നു. വസീഗര എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം തരംഗമായി മാറി. തമിഴകത്തെ ഏക്കാലത്തെയും ഹിറ്റ് ടീം ആയ താമരെ-ഗൗതം-ഹാരിസ് സംഗീത ത്രയത്തിന്റെ പിറവിയും ഇവിടെ നിന്നാണ്. മിന്നലെ എന്ന ചിത്രം ഹിന്ദിയിൽ 'രഹ്നാഹെ തേരേ ദിൽ മേം' എന്ന പേരിൽ ചിത്രീകരിച്ചപ്പോൾ ഈ പാട്ടുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു. ഹിന്ദിയിൽ ചിത്രം ഹിറ്റായിലെങ്കിലും, പാട്ട് സൂപ്പർ ഹിറ്റായി.

ചിത്രത്തിലെ 'വസീഗര, ഇവനാരോ, പൂപോൽ പൂപോൽ എൻ നെഞ്ചെ പൊയ്തവൾ' എന്നീ ഗാനങ്ങളാണ് താമരയുടെ തൂലികയിൽ നിന്ന് പിറന്നു വീണത്. വസീഗര ഇന്ത്യൻ സിനിമയിലെ തന്നെ എവർഗ്രീൻ ലവ് ട്രാക്കായി മാറി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള ഫിലിം ഫെയർ പുരസ്‌കാരവും ഹാരിസിനെ തേടിയെത്തി. തുടർച്ചയായി ഒൻപത് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ നേടിയ സാക്ഷാൽ എ ആർ റഹ്മാന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തായിരുന്നു പുരസ്‌കാര നേട്ടമെന്ന പ്രത്യേകതയുമുണ്ട് ഇതിന്. അതോടെ ശിഷ്യൻ റഹ്മാന് ഭീഷണിയായി വളരുന്നുവെന്നുവരെ റിപ്പോർട്ടുകൾ പരന്നു.

ഈഗോ ഹിറ്റ് ജോടികളെ പിരിക്കുന്നു

മിന്നലെയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതം നൽകിയ 12ആ, മജ്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും വളരെയേറെ പ്രചാരം നേടി.സൂര്യയുടെ കരിയർ ബ്രേക്കായി മാറിയ ആക്ഷൻ റൊമാന്റിക് ത്രില്ലർ കാക്ക കാക്കയിൽ ഹിറ്റ് ത്രയം വീണ്ടും ഒന്നിച്ചു. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഹാരിസ് ഒരുപോലെ കഴിവ് തെളിയിച്ച ചിത്രമായിരുന്നു 'കാക്ക കാക്ക'. ഫിലിം ഫെയറിൽ പുരസ്‌കാര നേട്ടം ആവർത്തിച്ച ഹാരിസ് ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും നേടി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. മിന്നലൈയുടെയും കാക്ക കാക്കയുടെയും റീമേക്കുകളിലും ഹാരിസിന്റെ മാന്ത്രിക സംഗീതം അകമ്പടി തീർത്തു. പിന്നീട് വേട്ടയാട് വിളയാടിലും വാരണം ആയിരത്തിലും താമര-ഗൗതം-ഹാരിസ് ത്രയം വിജയം ആവർത്തിച്ചു.

2008 ൽ പുറത്തിറങ്ങിയ വാരണം ആയിരമെന്ന മ്യൂസിക്കൽ ലവ് സ്റ്റോറി മൂവരുടെയും കരിയർ ബെസ്റ്റുകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കപ്പുറം വിണ്ണൈയ് താണ്ടി വരുവായ എന്ന ചിത്രം റിലീസാകുമ്പോൾ സംഗീതസംവിധായകനായി എത്തിയത് സാക്ഷാൽ എ.ആർ.റഹ്മാൻ. ഗൗതം മേനോനും ഹാരിസ് ജയരാജും തമ്മിലുള്ള ഈഗോ ക്ലാഷ് ആ ഹിറ്റ് ജോടികളെ പിരിച്ചു. അപ്പോഴും താമരയുടെ വരികൾ ഗൗതത്തിന്റെ പ്രണയ സിനിമയ്ക്കു മിഴിവേകി. നീ താനെ എൻ പൊൻവസന്തത്തിലും ഹാരിസ് തഴയപ്പെട്ടു. ഇളയരാജയായിരുന്നു സംഗീതം. ഇളയരാജയുടെ അനിഷ്ടം കാരണം താമരയെയും ഗൗതം മേനോന് സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. ഇടക്കാലത്ത് കമൽഹാസനുമായി അദ്ദേഹത്തിന് പ്രശനമുണ്ടെന്ന് കേട്ടിരുന്നു. പക്ഷേ പിന്നീട് ഇതെല്ലാം പരിഹരിക്കപ്പെട്ടു.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്നൈ അറിന്താൽ എന്ന അജിത് കുമാർ ചിത്രത്തിലൂടെ ഹാരിസ്-താമര-ഗൗതം ത്രയം പിണക്കങ്ങൾ മറന്ന് ഒന്നിച്ചപ്പോൾ തമിഴകത്തെ മറ്റൊരു മ്യൂസിക്കൽ ഹിറ്റായി സിനിമ മാറി. തുടർന്നും ഹാരിസിനും ഗൗതത്തിനും ഇടയിൽ ഇടവേളകൾ ഉണ്ടായി. ഇനിയും റിലീസിങ്ങിൽ അനിശ്ചിതത്വം തുടരുന്ന ചിയാൻ വിക്രം ചിത്രം ധ്രുവ നക്ഷത്രങ്ങളിലെ ഒരു മനം എന്ന മനോഹരമായ ഗാനത്തിലൂടെ ഹാരിസ് ഗംഭീര തിരിച്ചു വരവ് നടത്തി. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകരും സംവിധായകരുമായ കെ.വി.ആനന്ദിന്റെയും ജീവയുടെയും ഇഷ്ട സംഗീതസംവിധായകനും ഹാരിസ് ജയരാജായിരുന്നു. 12 ബി, ഉള്ളം കേൾക്കുമേ, ഉന്നാലേ ഉന്നാലേ, ദാം ദൂം തുടങ്ങി നാലു ചിത്രങ്ങളിൽ ഹാരിസും ജീവയും ഒന്നിച്ചു.

അയൺ, കോ, മാട്രാൻ, അനേകൻ, കാപ്പാൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം കെ.വി.ആനന്ദിനൊപ്പം പ്രവർത്തിച്ചു. എ.ആർ.മുരുകദോസിനൊപ്പം ഗജിനി, തുപ്പാക്കി, ഏഴാം അറിവ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ഈണമൊരുക്കിയതും ഹാരിസ് ആണ്. എ.ആർ.റഹ്മാൻ ഹോളിവുഡ് സിനിമകളുടെ തിരക്കിലായപ്പോൾ ശങ്കർ അന്യൻ എന്ന ബ്രാഹ്മാണ്ഡ ചിത്രത്തിനു സംഗീതം നൽകാൻ നിയോഗിച്ചതും ഹാരിസിനെ. വിക്രത്തിന്റെ കരിയർ മാറ്റിമാറിച്ച ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു പോലെ സ്വീകാര്യത നേടി. 2005 ൽ അനന്യയിലെയും ഗജനിയിലെയും സംഗീതത്തിനു മികച്ച സംഗീതസംവിധായകനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടി വീണ്ടും എത്തി. 2011 ൽ കോയിലൂടെ അദ്ദേഹം പുരസ്‌കാര നേട്ടം ആവർത്തിച്ചു.

ബോംബെ ജയശ്രീയെന്ന ഗായികയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള സംഗീതസംവിധായകനും ഹാരിസ് ജയരാജാണ്. വസീഗര, സുട്രും വിഴി, ഒൺട്രാ റെൻട്രാ, ഉന്നക്കുൾ നാനെ അങ്ങനെ നീളുന്നു ഹാരിസ് ജയശ്രീ ഹിറ്റുകൾ. ഒരേ സമയം സെമി-ക്ലാസിക്കൽ ഗാനങ്ങളും മെലഡിയും ടപ്പാം കൂത്തു പാട്ടുകളും ഹാരിസിനു വഴങ്ങും. മ്യൂസിക്ക് പ്രൊഡക്ഷനിൽ അദ്ദേഹം പുലർത്തുന്ന സൗണ്ട് ക്വാളിറ്റിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.


യുവാക്കളുടെ ഹരം, ഫിറ്റ്നസ് ഗുരു

ചെറുപ്പക്കാർ എന്ത് ആഗ്രഹിക്കുന്നോ അതുകൊടുക്കാൻ കഴിയുന്നവെന്നതായിരുന്നു ഹാരിസിന്റെ വിജയം. അദ്ദേഹത്തിന്റെ പാട്ടുകളിലേറെയും പ്രകടമാകുന്നത് പാശ്ചത്യ സംഗീതത്തിന്റെയും ചർച്ച് മ്യൂസിക്കിന്റെയും സ്വാധീനമാണ്. ചലച്ചിത്ര സംഗീതത്തേക്കാൾ അദ്ദേഹത്തിന് പണവും പ്രശസ്തിയും കിട്ടിയത് സ്റ്റേജ് ഷോകളിലുടെയാണ്. ഹൈ എനർജി പാക്ക്ഡായുള്ള ഹാരിസ് ജയരാജ് ഷോ ആരെയും അമ്പരിപ്പിക്കും.

ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ എന്ന രീതിയിലും ഹാരിസ് അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. വിനോദവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, ഏറ്റവും പുതിയ സ്റ്റൈൽ ട്രെൻഡുകൾ, കാണണ്ടേ സ്ഥലങ്ങൾ, പ്രോഡക്റ്റ് റിവ്യുസ് തുടങ്ങി നിരവധി സാധനങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. സാധാരണ സെലിബ്രിറ്റികളെപ്പോലെ വിവാദം ഭയന്ന് അദ്ദേഹം ഒന്നിൽനിന്നും അകന്ന് നിൽക്കാറില്ല.

തന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹം വീഡിയോകൾ സ്ഥിരമായി ചെയ്യാറുണ്ട്. ഹാരിസ് ജയരാജ് ബ്ലോഗിങ്ങ് തുടങ്ങിയപ്പോൾ പ്രൊഫഷണൽ ബ്ലോഗർമാരുടെ സഹായമോ ഉപദേശമോ തേടിയില്ല. പകരം, തന്റെ കഴിവിൽ വിശ്വസിക്കുകയും തന്റെ കണ്ടന്റ് ഉപയോഗിച്ച് വെബ് ലോകത്ത് ഒരു സിഗ്നേച്ചർ ഉണ്ടാക്കിയെടുക്കാനും ശ്രമിക്കയാണ് അദ്ദേഹം ചെയ്തത്. പ്രശസ്തവുമായ ഒന്നിലധികം ബ്രാൻഡുകളുമായി ഹാരിസ് ജയരാജ് സഹകരിച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രോഡക്്റ്റ് ലോഞ്ചിങ്ങും മറ്റുമായി വലിയ വരുമാനവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

ഒരു സിനിമ നടനെപ്പോലെ അദ്ദേഹം ഫിറ്റ്നസ് സൂക്ഷിക്കുന്നു. സെലിബ്രിറ്റികളുടെ ശാരീരിക നില ആരാധകർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് തനിക്ക് നന്നായി അറിയാം എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. എത്ര തിരക്കുള്ള ജോലിയാണെങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കമെന്ന് അദ്ദേഹം ആവർത്തിച്ച് ഉപദേശം നൽകുന്നു. പൊതുവേ പൊണ്ണത്തടിയുള്ള മ്യൂസീഷന്മാരിൽനിന്ന് സിക്സ് പാക്ക് സൗന്ദര്യം സുക്ഷിക്കുന്നതുകൊണ്ടു കൂടിയാവണം, ഹാരിസ് യുവാക്കളുടെ ഹീറോ ആവുന്നതും.

എന്നും വിവാദങ്ങളിൽനിന്ന് അകന്ന് നിൽക്കുന്ന പ്രകൃതമാണ് ഹാരിസിന്റെത്. പക്ഷേ റഹ്മാനെ അനുകരിക്കുന്ന എന്ന വിവാദം അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ തന്റെ ഹിറ്റ് ട്യൂണുകൾ വീണ്ടും വീണ്ടും അൽപ്പം മാറ്റങ്ങളോടെ ഇറക്കുന്ന എന്ന വിമർശനവും ഉയരാറുണ്ട്. പക്ഷേ അങ്ങനെ ഒക്കെയാണെങ്കിലും അവയൊക്കെ ഹിറ്റാകാറുണ്ട് എന്നത് വേറെ കാര്യം. ഇപ്പോൾ താൻ ഒരു ബ്രേക്ക് എടുക്കുന്നതുതന്നെ കൂടുതൽ ക്രിയേറ്റീവ് ആവാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ഹാരിസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഗുരു റഹ്മാൻ തന്നെ

പക്ഷേ തെന്നിന്ത്യൻ സംഗീതലോകത്ത് ഇളയരാജയും അദ്ദേഹത്തിന്റെ ശിഷ്യൻ എ ആർ റഹ്മാനും തമ്മിലുള്ള ബന്ധമല്ല, ഹാരിസ് ജയരാജും ഗുരു റഹ്മാനും തമ്മിലുള്ളത്. പത്തുവർഷം ഇളയരാജയുടെ കീബോർഡ് പ്ളെയറായിരുന്നു റഹ്മാൻ. 500ൽ പരം പടങ്ങളിൽ അവർ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ റഹ്മാന്റെ സംഗീതത്തെയും വളർച്ചയേയും അംഗീകരിക്കാൻ ഇന്നേവരെ ഇസൈജ്ഞാനി തയ്യാറായിട്ടില്ല. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹം റഹ്മാനെതിരെ ഒളിയമ്പുകൾ എയ്യുന്നു. ഓസ്‌കാർ അവാർഡ് നേടിയപ്പോൾ റഹ്മാനെ ആദരിക്കാനായി ചെന്നെയിൽ നടന്ന പരിപാടിയുടെ വേദിയിൽ വച്ച് പോലും ഇളയരാജ പരോക്ഷമായി വിമർശനം നടത്തി സ്വയം ചെറുതായി.

പലയിടത്തുനിന്നും എടുത്ത് ഒട്ടിച്ചുണ്ടാക്കിയതാണ് റഹ്മാൻ സംഗീതം എന്നുപറഞ്ഞു നടക്കുന്ന ഇളയരാജ താനാണ് താൻ മാത്രമാണ് ഒറിജിനൽ കംപോസർ എന്ന് വിളംബരം ചെയ്ത് അപഹാസ്യനാകുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും ഒന്നും റഹ്മാനെ സ്പർശിച്ചിട്ടേയില്ല. അദ്ദേഹം ഇപ്പോൾ ഒരു അന്താരാഷ്ട്ര ബ്രാൻഡായി വളർന്നുകഴിഞ്ഞു. റോജ റിലീസായിട്ട് 31 വർഷങ്ങൾ കഴിഞ്ഞിട്ടും റഹ്മാന്റെ സൂര്യശോഭയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. സംഗീതപരിപാടിക്കിടെ ദാഹിച്ചു വലഞ്ഞ ഓർക്കസ്ട്ര കലാകാരന് ഒരു കുപ്പി വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റി ജീവനക്കാരനെ ഇളയരാജ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചു. ആ പാവം സാഷ്ടാംഗം വീണ് മാപ്പുപറയുന്നത് കണ്ടപ്പോൾ കടുത്ത രാജാഫാൻസ് പോലും രോഷാകുലരായിട്ടുണ്ടാവും. ഇപ്പോൾ തമിഴക സിനിമാ സിംഹാസനം നഷ്ടമായിട്ടും അത് തന്റെ കുഴപ്പമാണെന്ന് രാജക്ക് മനസ്സിലാവുന്നില്ല. കിട്ടുന്ന അവസരത്തിലെല്ലാം അദ്ദേഹം റഹ്മാനെ കുത്തും.

എന്നാൽ ആ മോഡൽ ബന്ധമല്ല, ദീർഘകാലം റഹ്മാന്റെ കളരിയിൽ പഠിച്ച ഹാരിസും ഗുരുവും തമ്മിലുള്ളത്. താൻ ഒരു റഹ്മാൻ പ്രോഡക്റ്റ് ആണെന്ന് സമ്മതിക്കാൻ അദ്ദേഹത്തിന് മടിയില്ല. -"ഇന്ത്യൻ സിനിമയിൽ പ്രോഗ്രാമിങ്, ഹൈ ക്വാളിറ്റി റെക്കോർഡിങ് മിക്സിങ് മാസ്റ്ററിങ് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമ സംഗീതം തന്നെ മാറ്റിമറിച്ച എ ആർ റഹ്മാൻ ആണ്.
അദ്ദേഹം ഉള്ളതുകാരണം തമിഴ് സിനിമ ഗാനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രസൻസ് കാരണം ഇന്ത്യയിലെ മറ്റ് ഏത് ഇൻഡസ്ട്രിയക്കാളും സൗണ്ട് ക്വാളിറ്റി ഉണ്ടായിരുന്നു. റഹ്മാന്റെ ശൈലിക്ക് സമാനമായി പലരും സംഗീതം ചെയ്യാൻ തുടങ്ങി ദേവ, ദീപക് ദേവ് ,മിക്കി ജെ മേയർ, മിഥുൻ ,ധരൺ, അങ്ങനെ നിരവധിപേർ. അതിൽ ഒരാളാണ് ഞാനും. "- ഹാരീസ് ജയരാജ് ഒരു അഭിമുഖത്തിൽ പറയുന്നു.

വെറും കോപ്പിയടിക്കാരനോ?

റഹ്മാനൊപ്പം ജനുവരി മാസത്തിൽ തന്നെ പിറന്നാൾ ആഘോഷിക്കുന്ന ഹാരിസ് ഇപ്പോഴും താൻ റഹ്മാന്റെ കടുത്ത ആരാധകരനാണെന്ന് പറയുന്നു. എന്നാൽ താൻ റഹ്മാനെ അനുകരിക്കാറില്ലെന്നും അത്തരം വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ ആദ്യകാലത്ത് റഹ്മാനിൽനിന്ന് ഹാരിസ് പ്രചോദനം ഉൾക്കൊണ്ടിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടുന്നു. റഹ്മാനെപ്പോലെ നീളമുള്ള മുടി മാത്രമല്ല, അദ്ദേഹത്തിന്റെ ശബ്ദ മിശ്രണ ശൈലിയും ആദ്യകാലത്ത് റഹ്മാനെ നിലവാരത്തിന് തുല്യമായിരുന്നു.

അദ്ദേഹത്തിന്റെ പല പാട്ടുകളിലും അത് അനുഭവപ്പെടും. എംഎസ്വി, ഇളയരാജ തുടങ്ങിയ കോംപ്ലസർമാരിൽ നിന്ന് റഹ്മാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതുപോലെ എടുത്താൽ മതി ഇതും. 70, 80, 90 കളിലെ ഹോളിവുഡ് ട്രാക്കുകളുടെ ജാസ്, പോപ്പ് എന്നിവയിൽ നിന്നും റഹ്മാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഫാൻ ഫൈറ്റിന്റെ ഭാഗമായി വെറും കോപ്പിയടിക്കാരൻ എന്ന പേരിൽ ചിലർ ഹാരീസിനെ താഴ്‌ത്തിക്കെട്ടുന്നുണ്ട്.

റഹ്മാനും ഹാരിസും തമ്മിലുള്ള വ്യത്യാസം, നാടോടി, കർണാടക, ഹിന്ദുസ്ഥാനിക് തുടങ്ങി സകലമേഖലകളിലും റഹ്മാന് പ്രവർത്തിക്കാൻ അറിയാം എന്നതാണ്. പക്ഷേ ഹാരീസിന് മെലഡിയും, റാപ്പുമൊക്കെ കൂട്ടിക്കലർത്തിയുള്ള ഒരു ശൈലിയാണ് പിടിക്കാൻ കഴിയുക. പക്ഷേ അതിൽനിന്നുകൊണ്ടും അദ്ദേഹം അത്ഭുതങ്ങൾ കാട്ടുന്നു. രണ്ടുപേരും കോമ്പറ്റീറ്റേഴ്സ് അല്ലാത്ത സ്ഥിതിക്ക് എന്തിനാണ് ഈ ഫാൻഫൈറ്റ് എന്നാണ് നിഷ്പക്ഷരായ ചലച്ചിത്രപ്രേമികൾ ചോദിക്കുന്നത്.

വാൽക്കഷ്ണം: തമിഴിക സോഷ്യൽ മീഡിയയിൽ സംഗീതപ്രേമികളുടെ ഫാൻ ഫൈറ്റ് എല്ലാ അതിരികളും വിട്ടിരിക്കയാണ്. അവിടെ എ ആർ റഹ്മാൻ ഔട്ട് ഡേറ്റഡ് ആയ മ്യുസീഷനാണ്. ഹാരീസ് ജയരാജ് കോപ്പിയടിക്കാരനും. അനിരുദ്ധ് രവിചന്ദ്രർ ആവട്ടെ ലതാ രജനീകാന്തിന്റെ ബന്ധുവായതുകൊണ്ട് രക്ഷപ്പെട്ടുപോകുന്ന ആളും! താരങ്ങളുടെ ഫാൻസ് തമ്മിലുള്ള ഫൈറ്റിനേക്കാൾ വലുതാണ് ഇപ്പോൾ സംഗീത ലോകത്ത് നടക്കുന്നത്.