- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന വ്യക്തി; സ്ത്രീ ലമ്പടന്മാർക്കിടയിലെ ഫാമിലി മാൻ; പങ്കാളിയാക്കിയത് 9ാംക്ലാസ് തൊട്ടുള്ള പ്രണയിനിയെ; ക്രൂശിത രൂപം പച്ചകുത്തിയ വിശ്വാസി; ഒരു സെക്കന്റിൽ 1.15 ഡോളർ വരുമാനം; പണത്തിന്റെ പകുതിയും ചെലവിടുന്നത് ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി; മെസി മിശിഹയാവുന്നത് കളിക്കളത്തിൽ മാത്രമല്ല!
'മെസിയെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ കാര്യം എന്താണെന്നാൽ മെസിക്കറിയില്ല, അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസിയെന്നത്'- അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെക്കുറിച്ച് ഒരു സാഹിത്യകാരൻ പറഞ്ഞ ഈ വാക്കുകൾ ഇന്ന് ഒരു പഴഞ്ചൊല്ലുപോലെ ആയി. മെസി എന്ന വാക്കിന്റെ ആഴവും പരപ്പും ബ്രാൻഡ് വാല്യൂവും സത്യത്തിൽ മെസിക്ക് അറിയില്ല. ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഇട്ടാൽ പോലും കിട്ടുന്നത് ലക്ഷങ്ങളാണ്. വെറുതെ ഒന്ന് നടന്നാൽ പോലും പരസ്യകമ്പനികൾ കാശ് കൊടുക്കും. ലോകത്തിലെ മുൻ നിര കമ്പനികൾ ഈ മനുഷ്യനുമുന്നിൽ ക്യൂ നിൽക്കുന്നു. എന്നിട്ടും ഇത് ഒന്നും അറിയാതെ ശാന്തനായ നിഷ്‌ക്കളങ്കനായ ഒരു കഞ്ഞിനെപ്പോലെ ജീവിക്കുന്നു.
ലോകഫുട്ബോളർ പുരസ്‌കാരം പലവട്ടം നേടിയിട്ടും അഹന്തയുടെ നേരിയ സ്പർശം പോലും മെസിയിലില്ല. ചില നേരങ്ങളിൽ ജീസസിനെപ്പോലെ. ചിലപ്പോൾ ജാക്കിചാനെപ്പോലെ. കളിക്കളത്തിൽ സൗമ്യതയുടെ ആൾരുപം. കടുത്ത ടാക്ക്ളിംഗിന് വിധേയമാകുമ്പോളും എതിരാളികളെ ഒന്നു തള്ളി നോവിക്കാറു പോലുമില്ല. നീല ജഴ്സിക്കുള്ളിൽ ബാപ്പുജിയുടെ സംയമനവും സഹിഷ്ണുതയും. ഇതാണ് ലോകനിലവാരം. നല്ല മനുഷ്യൻ നല്ല കളിക്കാരനായി മാറുന്ന അപൂർവമുഹൂർത്തം. അതുകൊണ്ട് കൂടിയാണ് ലോകം മെസിയെ സ്നേഹിക്കുന്നയും.
ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് അർജ്ജന്റീന തോറ്റപ്പോൾ കേരളത്തിലെ ഉൾഗ്രാമങ്ങളിലെ ഒത്തിരിക്കുഞ്ഞുങ്ങൾ ഏങ്ങലടിച്ച് കരഞ്ഞു. മെസിയോടുള്ള അഗാധമായ സ്നേഹവും ഇഷ്ടവുമാണ് ഗദ്ഗദമായും കണ്ണീർച്ചാലുകളായും വിങ്ങിപ്പൊട്ടിയത്. ലോകത്ത് ഇത്രമേൽ സ്നേഹിക്കപ്പെടുന്ന മനുഷ്യൻ വേറെയുണ്ടാവില്ല.
പക്ഷേ ഇപ്പോഴിതാ കാൽപ്പന്തുകളിയുടെ ആ മിശിഹ വീണ്ടും ഒരു ലോക കിരീടത്തിലേക്ക് അടുത്തിരിക്കയാണ്. ഇന്നലെ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെ, തനിക്ക് കിട്ടാക്കനിയായ ലോകകപ്പ് കിരീടത്തിന്റെ അടുത്ത മെസി നിൽക്കയാണ്. ഒരുപാട് റെക്കോഡുകളമായി. പക്ഷേ കളിക്കളത്തിലെ മെസിയേക്കാൾ വലിയ മാന്യനും മനുഷ്യസ്നേഹിയുമാണ് വ്യക്തിജീവിതത്തിലെ മെസി. ആ സാധാരണമായ ജീവിതം ആർക്കും പ്രചോദനമാണ്.
'ചെ' യുടെ നാട്ടിനിന്ന് ഉയർന്ന താരം
1987 ജൂൺ 24-ം തീയതി അർജന്റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ജോർജ് ഹൊറാസിയോ മെസിയുടേയും, തൂപ്പുജോലിക്കാരിയായ സെലിയ മരിയ ഗുജിറ്റിനിയുടേയും നാല് മക്കളിൽ മൂന്നാമനായിട്ടായിരുന്നു ലയണൽ ആന്ദ്രെസ് മെസിയുടെ ജനനം. വിപ്ലവ വീരൻ ചെഗുവേരയുടെ നാട്ടിൽ ജനിച്ചു വീണ മെസി നന്നേ ചെറുപ്പത്തിൽത്തന്നെ തന്നെ പന്തുകളി തുടങ്ങി. തന്റെ പിതാവിൽ നിന്ന് ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ച കുഞ്ഞു മെസി, തന്റെ എട്ടാം വയസിൽ റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ ചേർന്നു.
പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മെസിയെത്തേടിയെത്തി. ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി. ധാരാളം പണം ചിലവഴിച്ചു കൊണ്ടുള്ള ചികിത്സക്ക് മാത്രമേ ഈ രോഗത്തിൽ നിന്ന് ലിയോയെ മോചിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സാധാരണക്കാരായ മെസിയുടെ മാതാപിതാക്കൾക്ക് ഇത്ര വലിയൊരു തുക തന്റെ മകന്റെ ചികിത്സയ്ക്ക് താങ്ങാനുള്ള കഴിവുണ്ടായിരുന്നില്ല. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിലെത്തി.
എന്നാൽ അവിടെ വെച്ച് കഥയിൽ വഴിത്തിരിവ് സംഭവിക്കുകയായിരുന്നു . മെസിയെന്ന അർജന്റൈൻ അത്ഭുത ബാലനെക്കുറിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ സ്പോർട്ടിങ് ഡയറക്ടർ കാർലസ് റക്സാച്ച് മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. ബാഴ്സലോണയുമായി കരാറൊപ്പിട്ടാൽ മെസിയുടെ മുഴുവൻ ചികിത്സാ ചിലവും ക്ലബ്ബ് ഏറ്റെടുക്കുമെന്നും റക്സാച്ച് മെസിയുടെ മാതാപിതാക്കളെ അറിയിച്ചു. മെസിയുടെ കഴിവിനെക്കുറിച്ച് റക്സാച്ചിനുണ്ടായിരുന്ന ദീർഘ വീക്ഷണമാണ് ഇന്ന് നാം കാണുന്ന ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെ സൃഷ്ടിച്ചതെന്ന് സംശയലേശമന്യെ പറയാം. അന്ന് റക്സാച്ച് ഒരു നാപ്കിൻ പേപ്പറിൽ ഒപ്പിട്ടു മെസിക്ക് നൽകിയ കരാറിന് ഫുട്ബോൾ ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ബാഴ്സലോണ കരാർ ലഭിച്ച മെസി തന്റെ പന്ത്രണ്ടാം വയസിൽ സ്പെയിനിലേക്ക് പറന്നു. അവിടെ ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിൽ ചേർന്ന അവൻ തന്റെ അത്ഭുത പ്രകടനങ്ങളുമായി എല്ലാവരേയും ഞെട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം തന്റെ ഹോർമോൺ ഡെഫിഷ്യൻസി അസുഖത്തിന് ഏറ്റവും മികച്ച ചികിത്സയും ലഭിച്ചതോടെ അവന്റെ മികവ് ഇരട്ടിച്ചു. ബാഴ്സലോണയുടെ അക്കാദമി ടീമിനായി അത്ഭുതപ്രകടനങ്ങൾ നടത്തുന്ന അത്ഭുത ബാലന്റെ വീരകഥകൾ ലോകമെങ്ങും പടർന്നു. തന്റെ മികവിന് അംഗീകാരമെന്നോണം പതിനേഴാം വയസിൽ അവന് ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. സൗഹൃദ മത്സരത്തിൽ പോർട്ടോക്കെതിരെ കളിച്ചു കൊണ്ട് ആദ്യമായി കറ്റാലൻ ക്ലബ്ബിന്റെ ജേഴ്സിയണിഞ്ഞ താരം, 2004 ഒക്ടോബർ 16-ം തീയതി എസ്പാന്യോളിനെതിരായ മത്സരത്തിൽ സാമുവൽ ഏറ്റുവിന് പകരക്കാരനായി കളത്തിലിറങ്ങി ലാലീഗയിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് സംഭവിച്ചതെല്ലാം ചരിത്രം. അത് എല്ലാവർക്കും അറിയാം.
ലമ്പടന്മാർക്കിടയിലെ ഫാമിലി മാൻ
സാധാരണ ഫുട്ബോൾ താരങ്ങളൊക്കെ തികഞ്ഞ സ്ത്രീലമ്പടന്മാരായി ജീവിതം ആഘോഷിക്കുമ്പോൾ തീർത്തും, ഫാമലിമാനാണ് മെസി. ഇന്ത്യൻ മോഡൽ ബിപാഷ ബസുവും, അമേരിക്കൻ നടി കിം കർദോഷിയാനും അടക്കമുള്ള 31ഓളം കാമുകിമാരുടെ നീണ്ട പട്ടികയാണ്, സൂപ്പർതാരം ക്രിസ്റ്റിയനോ റൊണാൾഡോയുടെ ബന്ധങ്ങളായി ബ്രിട്ടീഷ് ടാബ്ലോയിഡുകൾ എഴുതാറുള്ളത്. ഓരോ മാസവും കാമുകിമാരെ മാറുന്ന പ്ലേബോയ് എന്ന നെയ്മർ വിശേഷിപ്പിക്കപ്പെടുന്നത്. ഇടക്കാലത്ത് ഒരു റേപ്പ് ആരോപണവും നെയ്മർക്ക് നേരെ ഉണ്ടായി. എന്നാൽ മെസി, റോണോ, നെയ്മർ എന്ന ആധുനിക ഫുട്ബോൾ ത്രയത്തിലെ ഏക പത്നീവ്രതക്കാരനാണ് മെസി. ഒഴിവ് സമയങ്ങൾ കടുംബത്തോടൊപ്പം കഴിയാൻ ഇഷ്ടപ്പെടുന്നയാൾ.
മെസിയുടെ ബാല്യകാല സഖിയാണ് പിന്നീട് ജീവിതസഖിയായ അന്റോനെല റോക്കുസ്സോ. ബാല്യകാല സുഹൃത്തും കസിനുമായ ലൂക്കാസ് സ്‌കാഗ്ലിയയിലൂടെയാണ് അവളെ അയാൾ കണ്ടെത്തുന്നത്. ലൂക്കാസും ഒരു ഫുട്ബോൾ പ്ലെയറാണ്. അക്കാലത്ത്, ആൺകുട്ടികൾ റൊസാരിയോ ബീച്ചിലാണ് ഫുടുബാൾ കളിച്ചിരുന്നത്്. 1992ലാണ് അവർ പ്രണയത്തിലായത്. എന്ന് മെസിക്ക് പ്രായം വെറും 15വയസ്സ്. അവൾക്ക് 14 വയസ്സും. 9ാം ക്ലാസിൽ പഠിക്കുമ്പോൾ അന്റോനെല പ്രണയ ലേഖനം എഴുതിയ കഥ മെസി പിന്നീട് പറഞ്ഞിട്ടുണ്ട്.
പക്ഷേ ജീവിതം അവരെ വഴിപിരിച്ചു. വളർച്ചാ ഹോർമോൺ കുറവിന്റെ ചികിത്സക്കായി മെസി സ്പെയിനിലേക്ക് പോയപ്പോൾ, അന്റോനെല റോക്കുസ്സോ മറ്റൊരു ബന്ധത്തിൽ പെട്ടു. മെസി വലിയ താരമായി സ്പെയിനിൽ തന്നെ കൂടുമെന്നാണത്രേ അവൾ കരുതിയത്. പക്ഷേ മെസി അവളെ മറന്നില്ല. 2007-ൽ അയാൾ റൊസാരിയോവിൽ തിരിച്ചെത്തിയപ്പോൾ, അന്റോണെല്ല തന്റെ കാമുകനെ ഉപേക്ഷിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ തേപ്പ്. ഇക്കാര്യം പറഞ്ഞ് ഇന്നും പഴയ കാമുകൻ ടാബ്ലോയിഡുകളുടെ തലക്കെട്ട് ആകർഷിക്കാറുണ്ട്. അന്ന് തൊട്ട് അവർ കലശലായി പ്രണയിക്കുകയാണ്. പക്ഷേ പത്തുവർഷത്തിനുശേഷം 2017 ജൂൺ 30നാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. അപ്പോഴേക്കും ഇവർക്ക് ആദ്യ കുട്ടി ജനിച്ചിരുന്നു. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ സർവ സാധാരണമായ ബന്ധം ആണത്. ഇതിന്റെ പേരിലാണ്, നമ്മുടെ നാട്ടിലെ ചില ഇസ്ലാമിക പണ്ഡിതർ, മെസി പച്ച വ്യഭിചാരിയാണെന്ന് പ്രസംഗിക്കുന്നത്.
ലയണൽ മെസ്സിയുടെയും അന്റോനെല റോക്കുസ്സോയുടെയും അർജന്റീനയുടെ വെഡ്ഡിങ് ഓഫ് ദി സെഞ്ച്വറി എന്നാണ് അറിയപ്പെട്ടിരുന്നത്. ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്. തിയാഗോ, മാറ്റിയോ, സിറോ. ഇന്ന് മെസിയുടെ ഊർജ സ്ത്രോതസാണ് ഈ കുടുംബം. അതുപോലെ തന്റെ അമ്മയുമായും. പിതാവുമായും, സഹോരങ്ങൾ അടങ്ങുന്ന മറ്റ് ബന്ധുക്കളുമായൊക്കെ നല്ല ബന്ധം മെസി നിലനിർത്തുന്നു. അദ്ദേഹത്തിന്റെ കോടികൾവരുന്ന ബിസിനസും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയുമൊക്ക തലപ്പത്ത് ഈ രക്തബന്ധുക്കളാണ് ഉള്ളത്. ഇന്നലെ ക്രൊയേഷ്യയുമായ മൂന്ന് ഗോളിന് ജയിച്ച മാച്ച് നേരിട്ട് കാണാനും അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം എത്തിയിരുന്നു.
മുകളിലൂടെ വിമാനം പറക്കാത്ത വീട്?
ശാന്തനായ മെസി കോലഹാലങ്ങൾ അധികം ഇഷടപ്പെടാത്ത പ്രകൃതമാണ്. തിരക്കേറിയ നഗരത്തിൽ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് ബാഴ്‌സലോണയിലെ ഗ്രാമത്തിലെ വനപ്രദേശത്താണ് മെസി തന്റെ വീട്വെച്ചത്. അമിതമായ ശബ്ദങ്ങൾ ഇഷ്ടമില്ല മെസിക്ക്. സ്വസ്ഥതക്കായി സമീപപ്രദേശത്തെ എല്ലാ വീടുകളും ഏക്കറുകണക്കിന് സ്ഥലവും വലിയ വില കൊടുത്ത വാങ്ങിയാണ് മെസി വീടുവെച്ചത്.
ആ മണി മാളികയെക്കുറിച്ചും നൂറായിരം കഥകൾ പരന്നു. അപകട സാധ്യത കണക്കിലെടുത്താണ് മെസിയുടെ വീടിന് മുകളിലൂടെ വിമാനംപോലും പറക്കാറില്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരന്നത്. വീടിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം തകരുകയോ മറ്റോ ചെയ്താൽ അത് മെസിക്കും അപകടം ഉണ്ടാക്കും. ഇതാണ് അധികൃതർ ഇതുവഴിയുള്ള വിമാന യാത്രയ്ക്ക് അനുമതി കൊടുക്കാത്തത് എന്നാണ് വ്യാപക പ്രചാരണം. എന്നാൽ സത്യം ഇതല്ല.
ബാഴ്‌സലോണയിലെ ഗാവ മേഖലയിലാണ് ലയണൽ മെസിയുടേയും കുടുംബത്തിന്റെയും താമസം. 30.76 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ മേഖല പരിസ്ഥിതി സംരക്ഷിത മേഖലകളിൽ ഒന്നാണ്. ഇക്കാരണത്താലാണ് ലയണൽ മെസിയുടേത് ഉൾപ്പെടെയുള്ള വീടുകൾക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്. വിമാനത്താവളത്തിൽ നിന്നും 10 മൈൽ അകലെയാണ് മെസിയുടെ വീട് സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ഒരു അഭിമുഖത്തിനിടെ വിമാനക്കമ്പനിയായ വ്യൂലിംഗിന്റെ മേധാവി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.നിരവധി വനങ്ങളും, ജന്തു ജീവജാലങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഗാവ മേഖല. വംശനാശ ഭീഷണി നേരിടുന്ന ആയിരത്തിലധികം സസ്യങ്ങളും ജീവജാലങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതിന് മുകളിലൂടെ വിമാനം പറക്കുന്നത് അന്തരീക്ഷ- ശബ്ദ മലിനീകരണത്തിന് ഇടയാക്കും. ഇക്കാരണത്താലാണ് ഗാവയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറത്തുന്നതിന് അധികൃതർ അനുമതി നൽകാത്തത്. അല്ലാതെ അവിടെ മെസി താമസിക്കുന്നതുകൊണ്ടല്ല. പക്ഷേ അതും മെസിക്ക് ഉപകാരമായി. ഒരു ശല്യവുമില്ലാതെ അദ്ദേഹത്തിന് കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയുന്നു.
കളിക്കളം വിട്ടാൽ ലിയോ സ്നേഹവാനായ ഒരു പിതാവും നല്ല ഭർത്താവുമാണ്. വളർത്തുനായ്ക്കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രസിദ്ധമാണ്. ലോകത്തിലെ പ്രശ്സതമായ പല ബ്രീഡുകളും മെസിയുടെ വസതിയിലുണ്ട്. ശതകോടീശ്വരന്മാരായ മറ്റ് ഫുട്ബോൾ താരങ്ങളെപോലെ തന്നെ മെസിക്കും ആഡംബര വാഹനങ്ങളും, ക്രൂയിസുകളും, ജറ്റ് വിമാനങ്ങളും ഒക്കെയുണ്ട്. പക്ഷേ അവർ ഒന്നും ചെയ്യുന്നതിനോക്കാൾ ഒരുപാടി കൂടികടന്ന് ജീവകാരണ്യ പ്രവർത്തനവും മെസി നടത്തുന്നുണ്ട്. അതാണ് ശരിക്കും അയാളെ മാലാഖയാക്കുന്നത്. വരുമാനത്തിന്റെ പകുതിയും ലോകത്തിലെ കുട്ടികളുടെ ഉന്നമനത്തിനായാണ് മെസി ചെലവാക്കുന്നത്.
കുട്ടികൾക്ക് വേണ്ടി ചെലവിടുന്നത് കോടികൾ
വന്ന വഴി മറക്കാത്തവനാണ് മെസി. ദാരിദ്യവും സാമ്പത്തിക കൂഴപ്പങ്ങളും ഇന്നും കൊടികുത്തി വാഴുന്ന നാടാണ് അർജന്റീന. ആയിരം ശതമാനം വിലക്കയറ്റം ഉള്ള രാജ്യം. ജനം കുപ്പത്തൊട്ടിയിൽനിന്ന് പെറുക്കിത്തിന്നുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരുന്ന നാട്. ഈ നാടിനെ രക്ഷിക്കാൻ മെസി കോടികൾ ചെലവിടുന്നുണ്ട്. 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ .എന്ന പേരിൽ ഒരു സംഘടനക്ക് മെസി രൂപം കൊടുത്തു.
ആ സമയത്ത് താരം ഇങ്ങനെ പറഞ്ഞു, 'ഒരൽപ്പം പ്രശസ്തനായതിനാൽ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ''. കുട്ടിക്കാലത്ത് മെസിക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, ലിയോ മെസ്സി ഫൗണ്ടേഷൻ അർജന്റീനയിലെ കുട്ടികളുടെ ആരോഗ്യപരിശോധന നടത്തുകയും ചികിത്സക്കായി സ്പെയിനിലേക്ക് അയക്കുകയും ചെയ്യുന്നു. ചികിത്സാച്ചെലവും യാത്രാച്ചെലവും ഫൗണ്ടേഷൻ തന്നെയാണ് വഹിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളെയാണ് മെസി ഇങ്ങനെ രക്ഷിച്ചത്. അതുപോലെ തന്നെ താൻ ജനിച്ചുവളർന്ന റോസാരിയോ നഗരത്തിന്റെ മാലിന്യ നിർമ്മാർജന പദ്ധതികൾക്ക് ഒക്കെയായി താരം കോടികൾ ചെലവിടുന്നുണ്ട്.
2010 മാർച്ച് 11 ന് മെസ്സിയെ യുസിസെഫിന്റെ അംബാസിഡറായി തിരഞ്ഞെടുത്തു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വച്ചായിരുന്നു മെസിക്ക് ആ പദവി ലഭിച്ചത്. ബാഴ്സലോണയും ഇതിൽ മെസ്സിയെ പിന്തുണച്ചു. ബാഴ്സയും ഇതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ആഫ്രിക്കയിൽ അടക്കമുള്ള വിശക്കുന്ന കുട്ടികളുടെ വിശപ്പടുക്കുന്നതിനായുള്ള ചാരിറ്റി പ്രവർത്തനങ്ങളിലും മെസി ഫൗണ്ടേഷൻ സഹകരിക്കുന്നു.
അളമുട്ടിയാൽ ചേരയും കടിക്കും
കളിക്കളത്തിലും പുറത്തും സൗമ്യനാണ് മെസി. ചെറുപുഞ്ചിരിയോടെ, ശാന്തഭാവത്തോടെ മാത്രമേ എപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളു. ദേഷ്യത്തോടെയുള്ള മെസിയുടെ ഒരു ചിത്രം ഗൂഗ്‌ളിൽ തിരഞ്ഞാലും നിരാശയായിരിക്കും ഫലം. എന്നാൽ, ഖത്തർ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ ക്വാർട്ടറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. മെസിയുടെ ശൗര്യഭാവം ആരാധകർ കണ്ടു. തെറി പറയുന്ന, ക്ഷോഭിക്കുന്ന, നാവ് പുറത്തേക്കിട്ട് വിജയം ആഘോഷിക്കുന്ന മെസിയുടെ രൂപം.
നെഞ്ചിടിപ്പ് കൂട്ടിയ മത്സരത്തിന്റെ സമ്മർദ്ദങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെ കാരണം. നെതർലൻഡ്‌സ് താരങ്ങളിൽ നിന്നുണ്ടായ പ്രകോപനങ്ങളും പരിശീലകൻ ലൂയിസ് വാൻഗാൽ മത്സരത്തിന് മുമ്പ് നടത്തിയ പരാമർശങ്ങളും റഫറിയുടെ തുടർച്ചയായ മഞ്ഞക്കാർഡുകളും മെസിയുടെ തലച്ചോറിനെ ചൂടുപിടിപ്പിച്ചു. മത്സരം ഫൈനൽ വിസിലിലേക്ക് അടുത്തുകൊണ്ടിരിക്കെ അർജന്റീന രണ്ട് ഗോളിന് ലീഡിൽ നിൽക്കെ ഡിഫൻഡർ പർദേസിന്റെ അനിയന്ത്രിതമായ പെരുമാറ്റമാണ് എല്ലാത്തിനും തിരികൊളുത്തിയത്.
നഥാൻ എയ്കയെ അപകടകരമായ രീതിയിൽ പർദേസ് ഫൗൾ ചെയ്തതോടെ റഫറി ഫ്രീ കിക്കിലേക്ക് വിസിലൂതി. എന്നാൽ, ദേഷ്യം നിയന്ത്രിക്കാനാതെ പർദേസ് നെതർലൻഡ്‌സിന്റെ ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ചുകയറ്റി. ഇതോടെ നെതർലൻഡ്‌സ് സബ്സ്റ്റിറ്റിയൂട്ടുകൾ ടച്ച്‌ലൈൻ വിട്ട് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി. ഓടിയെത്തിയ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് പർദേസിനെ നെഞ്ചുകൊണ്ട് ഇടിച്ചിട്ടു. രണ്ടു പേർക്കും റഫറി മഞ്ഞ കാണിച്ചു. പതുക്കെ രംഗം ശാന്തമായി.
ഇതിന് മുമ്പ് മറ്റൊരു സംഭവം നടന്നിരുന്നു. നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻഗാലിന് നേരെ കൈപ്പത്തികൾ പുറത്തേക്ക് തുറന്ന് ചെവിയോട് ചേർത്തുപിടിച്ച് മെസി ഗോൾ ആഘോഷിച്ചു. ആ ഒരു നിമിഷം യുവാൻ റോമൻ റിക്വൽമിയുടെ പ്രശസ്തമായ ടോപ്പോ ജീജോ എന്ന ഗോളാഘോഷം വാൻഗാലിന്റെ മനസിലേക്ക് കടന്നുവന്നിട്ടുണ്ടാകും. മെസ്സിയും അതു മാത്രമാണ് ഉദ്ദേശിച്ചത്. 'ബാഴ്‌സലോണയിൽ കളിക്കുന്ന സമയത്ത് നിങ്ങൾ കരിയർ നശിപ്പിച്ച റിക്വൽമിയെ ഓർമയുണ്ടോ?' എന്ന ചോദ്യം വാൻഗാലിലിന്റെ മനസിലേക്ക് മെസ്സി കൊളുത്തിയിട്ടു.
പിന്നീട് മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കുമെത്തി. ഷൂട്ടൗട്ടിന് ഇടയിൽ ഡച്ച് താരങ്ങൾ പല തരത്തിലുള്ള പ്രകോപനങ്ങൾക്കും ശ്രമിച്ചു. ഡെൻസൽ ഡംഫ്രിസിനും നോ ലാങ്ങിനും മഞ്ഞക്കാർഡ് കിട്ടി. ഒടുവിൽ വിജയിച്ച് കയറിയ നിമിഷത്തിൽ അരിശം തീരാതെ ഒരിക്കൽ കൂടി വാൻഗാലിന് അടുത്തേക്ക് ചെന്നു മെസി. മത്സരത്തിന് മുമ്പ് വാൻഗാൽ നടത്തിയ പരാമർശങ്ങളാണ് മെസിയുടെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. അർജന്റീനയേയും മെസിയേയും പൂട്ടാനുള്ള തന്ത്രങ്ങൾ തന്റെ കൈയിലുണ്ടെന്നും അർജന്റീനൻ താരങ്ങളുടെ കാലിൽ പന്ത് കിട്ടിയില്ലെങ്കിൽ മെസിക്ക് ഒന്നും ചെയ്യാനുണ്ടാകില്ലെന്നും ആയിരുന്നു മത്സരത്തിന് മുമ്പ് വാൻഗാൽ പറഞ്ഞത്. മത്സരശേഷം ഇതിനുള്ള മറുപടി മെസി നൽകി. 'അദ്ദേഹം കടന്ന് സംസാരിക്കുന്നു. അദ്ദേഹം കളിക്കുന്നത് മാത്രമാണ് നല്ല ഫുട്‌ബോളെന്ന് പറയുന്നു. നീളമുള്ള താരങ്ങളെ ഇറക്കി ഹൈ ബോളുകൾ കൊടുക്കുന്നതാണോ നല്ല ഫുട്‌ബോൾ..' മെസി അഭിമുഖത്തിനിടെ ചോദിച്ചു. ആരാധകർ അവിടെ മെസിയുടെ മറ്റൊരു മുഖം കണ്ട് ഞെട്ടുകയായിരുന്നു.
തെറി പറഞ്ഞാൽ അതും ട്രെൻഡിങ്ങ്
ചീത്ത പറയുന്ന മെസിയെ ആരാധകർക്ക് സങ്കൽപ്പിക്കാനാവില്ല. പക്ഷേ നെതർലാൻഡ്സിനെതിരായ മത്സരത്തിൽ അതും കണ്ടു. നെതർലൻഡ്സിന്റെ പതിനൊന്ന് കളിക്കാർക്കെതിരെ മാത്രമല്ല, റഫറി അന്റോണിയോ മത്തേയുവിനെതിരെ കൂടിയാണ് അർജന്റീന പൊരുതിയത്. സ്പെയിനിലെ വലെൻസിയയിൽ നിന്നുള്ള അന്റോണിയോ മത്തേയൂ ആണ് അർജന്റീനനെതർലൻഡ്സ് ക്വാര്ട്ടർ ഫൈനലിന്റെ റഫറി എന്നറിഞ്ഞതുമുതൽ ഫുട്ബോൾ ലോകം ആശങ്കയിലായിരുന്നു. കളിക്കളത്തിലെ 'ഷോ മാൻ' എന്നാണ് അന്റോണിയോ അറിയപ്പെടുന്നത്. പരമ്പരാഗത റഫറിയിങ്ങ് അല്ല അന്റോണിയോയുടെ ശൈലി. ഇത് അർജന്റീനനെതർലന്്ഡ്സ് മൽസരത്തിലും കണ്ടു ഈ ശൈലി. കളി നിയന്ത്രിക്കുന്നതിനെക്കാൾ കാർഡ് ഉയർത്തുന്നതിലായിരുന്നു അന്റോണിയോയുടെ ശ്രദ്ധ. പെനൽറ്റി ഷൗട്ടൗട്ട് വരെ നീണ്ടു കാർഡ് കാണിക്കൽ. ഒന്നും രണ്ടുമല്ല, 19കാർഡുകൾ കളം നിറഞ്ഞു. അർജന്റീനയുടെ കോച്ചിനും മറ്റൊരു ഒഫീഷ്യലിനും മെസിക്കെതിരെയും മഞ്ഞക്കാർഡുകൾ അന്റോണിയോ പൊക്കി. ഡച്ച് താരം ഡുഫ്രിസിന് രണ്ടുമഞ്ഞക്കാർഡ് നൽകിയതോടെ അത് റെഡ്കാർഡായും മാറി. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത്രയധികം മഞ്ഞക്കാർഡ് കണ്ട മൽസരമില്ല.
യൂസ്ലെസ് എന്നാണ് അന്റോണിയോയെ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് വിളിച്ചത്. പത്തുമിനിറ്റ് ഇഞ്ചുറി ടൈം നൽകിയെന്നും സ്‌കോർ ചെയ്യാൻ നെതർലന്ഡ്സിനെ റഫറി അവസരമൊരുക്കിയെന്നും എമി പറയുന്നു. 120 മിനിറ്റ് കളിയിൽ 48 ഫൗളുകളാണ് അന്റോണിയോ വിളിച്ചത്. റഫറിയെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും എല്ലാം ഫുട്ബോൾ പ്രേമികൾ കണ്ടുകഴിഞ്ഞെന്നും മെസി പറഞ്ഞു. എന്നാൽ ഈ റഫറിയുടെ പ്രകടനം ഫിഫ വിലയിരുത്തണമെന്നും ഇത്തരം നിലവാരമില്ലാത്തവരെ ലോകകപ്പ് പോലുള്ള മൽസരങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും മെസി പറഞ്ഞു. നെതർലൻഡ്സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയ ഫൗൾ വിളിച്ച റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും മെസി പറഞ്ഞു.
മെസ്സിയുമായി ആ റഫറിക്ക് നേരത്തെും പ്രശനം ഉണ്ടായിരുന്നു.കാരണം അദ്ദേഹത്തിന്റെ പൂർവകാല ചരിത്രം അത് വിളിച്ചുപറയുന്നു. 2013-14 സീസണിൽ ബാർസയെ ലാ ലിഗ കിരീടം തടഞ്ഞത് അന്റോണിയോയുടെ തെറ്റായ തീരുമാനം കൊണ്ടായിരുന്നു. അത്്ലറ്റികോ മഡ്രിഡിനെതിരായ മൽസരത്തിൽ മെസി ഗോൾ അടിച്ചപ്പോൾ അത് ഓഫ് സൈഡ് വിളിച്ച് ഗോളല്ലെന്ന് അന്റോണിയോ വിധിച്ചു. മൽസരം സമനിലയിൽ ആയി,. ആ മൽസരം ജയിച്ചിരുന്നെങ്കിൽ അത്തവണ ബാർസ കപ്പ് അടിച്ചേനെ. മറ്റൊന്ന് മറഡോണയുടെ മരണശേഷം നടന്ന മൽസരത്തിൽ ഗോളടിച്ചശേഷം മെസി ജഴ്സിയൂരിയതിന് മഞ്ഞക്കാർഡ് ഉയർത്തിയതും അന്റോണിയോ ആണ്. ആ വൈരാഗ്യമാണ് അയാൾ തീർത്തത് എന്നാണ് ആരോപണം. എന്തായാലും ഇനി ഈ റഫറിയെ എടുക്കേണ്ടെന്ന് ഫിഫ തീരുമാനിച്ചിട്ടുണ്ട്.
നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനുശേഷം മാധ്യമപ്രവർത്തകനുമായി സംസാരിക്കവേ തന്നെ തുറിച്ചുനോക്കിയ നെതർലൻഡ്സ് താരത്തിനെതിരായ മെസ്സിയുടെ 'വിഡ്ഢി' പരാമർശം വൈറലായി. 'നീ എന്താണു നോക്കുന്നത്, വിഡ്ഢീ പോയി പണിനോക്ക്' എന്നായിരുന്നു ഡച്ച് താരത്തിനെതിരായ മെസിയുടെ പരാമർശം. മത്സരത്തിൽ ഇരട്ടഗോളടിച്ച വൗട്ട് വെഗോസ്റ്റിനെതിരേയായിരുന്നു മെസിയുടെ പരാമർശമെന്നാണ് റിപ്പോർട്ടുകൾ. ഈ പരാമർശം ഇപ്പോൾ അർജന്റീനയിൽ ചായക്കോപ്പകളിലും ടി ഷർട്ടുകളിലും ഉൾപ്പെടെ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തരം കോപ്പകൾക്ക് 6679 രൂപവരെയാണ് (1600 പെസോ) വില. ടി ഷർട്ടുകൾക്ക് 12,100 രൂപയും തൊപ്പികൾക്ക് 16,292 രൂപയുമാണ് വില! നോക്കുക, അതാണ് അയാളുടെ വിപണി മുല്യം. പറയുന്ന തെറിക്ക് പോലും ഒരു ബ്രാൻഡ് വാല്യൂവുണ്ട്. ലോകത്തിൽ എവിടെയുണ്ട് ഇതുപോലെ മറ്റൊരാൾ.
ക്രൂശിതരൂപം പച്ചകുത്തിയ വിശ്വാസി
മറ്റ് നിരവധി ഫുട്ബോളർമാരെപ്പോലെ, ശരീരത്തിൽ നിറയെ പച്ചകുത്തിയിട്ടുണ്ട് മെസിയും. ഇടത് തോളിൽ തന്റെ സ്നേഹനിധിയായ അമ്മ സീലിയയുടെ മുഖമാണ് പച്ചകുത്തിയിരിക്കുന്നത്. കൈയിലെ താമരപ്പൂവിന്റെ ഒരു ടാറ്റൂവുണ്ട്. പൂക്കൾ വളരുന്നതുപോലെ, ഒരു കഴിവ് എവിടെയും വിരിയും എന്നതിന്റെ സൂചകമാണത്രേ ഇത്. മെസിയുടെ ഇടതു കാലിൽ മകനെയാണ് ടാറ്റു ചെയ്തിരിക്കുന്നത്്. വലതു കാലിന് കണങ്കാലിന് മുകളിൽ അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടെയും പേരും ജനനത്തീയതിയും ഉണ്ട്. തോളിന്റെ മുകൾ ഭാഗത്ത് മുള്ളുകളുടെ കിരീടത്തിൽ യേശുക്രിസ്തുവിന്റെ പച്ചകുത്തിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ അടയാളമാണ്. മാതാപിതാക്കൾ വളർത്തിയപോലെ തികഞ്ഞ ക്രിസ്തുമത വിശ്വാസിയാണ് മെസി. പക്ഷേ മറ്റ് ചിലരെപ്പോലെ, പ്രാർത്ഥിക്കുന്നതും പള്ളിയിൽപോകുന്നതുമെല്ലാം വീഡിയോ ആക്കി സ്വന്തം മതത്തിലേക്ക് ആളെക്കൂട്ടാനുള്ള പട്ടിഷോ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. മതം ഒരു സ്വകാര്യതയാവണം എന്ന് മെസി വിശ്വസിക്കുന്നു.
ഓരേ സെക്കൻഡിലും 1.15 ഡോളർ വരുമാനമുള്ളയാൾ എന്നാണ് പ്യൂ റിസേർച്ച് മെസിയെ വിശേഷിപ്പിക്കുന്നത്. പരസ്യവരുമാനം കൂടി കൂട്ടുമ്പോൾ വർഷം നൂറുകോടി ഡോളറിലേറെ സമ്പാദിക്കുന്ന താരം. എന്നിട്ടും അതിൻെ നല്ലൊരു പങ്കും അയാൾ പാവങ്ങൾക്കായി ചെലവിടുന്നു. പോഷകാഹാരക്കുറവും, അസുഖങ്ങളും നേരിടുന്ന ലോക മെമ്പാടുമുള്ള കുട്ടികൾക്ക് നാഥനാവുന്നു. മെസി മിശിഹയാവുന്നത് കാൽപ്പന്തുകളിയുടെ പേരിൽ മാത്രമല്ല. നാളെ ലോകകപ്പ് ഫൈനലിൽ തോറ്റ് മടങ്ങിയാലും, മനുഷ്യസ്നേഹികളുടെ നെഞ്ചകത്ത് അയാൾ എന്നും ഉണ്ടായിരിക്കും.
വാൽക്കഷ്ണം: കുട്ടികളുമായി കളിക്കുമ്പോൾ പോലും തോറ്റുകൊടുക്കാൻ മടിയുള്ളയാളാണ് മെസി എന്നാണ് ഭാര്യ പറയുന്നത്. അതിനായി അവർ ഒരു മെസി മക്കൾക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പുറത്തുവിടുന്നു. രണ്ടുമക്കൾ ഒരു ടീമിലും അപ്പനും ഇളയകുട്ടിയും മറ്റൊരു ടീമായിട്ടാണ് കളി. കുറേപാസ് കൊടുത്തിട്ടും കുട്ടികൾ ഗോളടിക്കാതയപ്പോൾ മെസി തന്നെ ഗോളടിക്കുന്നു! എവിടെയും തോറ്റ് കൊടുക്കാൻ കഴിയാത്ത മനസുതന്നെയാണ് അയാളെ ഇവിടെവരെ എത്തിച്ചതും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ