'ഇന്ത്യൻ ഒബാമ'.. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ, ഇപ്പോൾ നാലാമതും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന നിതീഷ് കുമാറിനെ ഒരിക്കൽ വിശേഷിപ്പിച്ചത് അങ്ങനെ ആയിരുന്നു. അത് നിതീഷ് ഭരണത്തിന്റെ രണ്ടാം ടേമിൽ ആയിരുന്നു. അന്ന് നീതീഷ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ പ്രതീക്ഷയായിരുന്നു. ജംങ്കിൾ രാജ് എന്ന് വിമർശിക്കപ്പെട്ട ലാലു- റാബ്രിക്കാലത്തെ ദുർഭരണത്തിന് പകരം ക്രമസമാധാനം പുനഃസ്ഥാപിച്ച് ആധുനിക ബീഹാറിനെ പടുത്തുയർത്താൻ നിതീഷ് നടത്തിയ ആത്മാർഥ ശ്രമങ്ങളുടെ പേരിൽ ആയിരുന്നു, പൊതുവെ പ്രംശസാ വാക്കുകൾക്ക് ഏറെ പഞ്ഞം കാട്ടാറുള്ള രാമചന്ദ്രഗുഹ അങ്ങനെ ഒരു വിശേഷണം ഉന്നയിച്ചത്്.

അടിസ്ഥാന സൗകര്യങ്ങൾ തകർന്ന് കിടന്ന, യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയതിനാൽ വൃദ്ധസദനം പോലെ ആയ ഒരു നാടിനെ ആധുനികവത്ക്കരിക്കാനും, കാട്ടുനീതിയിൽനിന്ന് മോചിപ്പിക്കാനും ആത്മാർത്ഥമായി ശ്രമിച്ച വ്യക്തി കൂടിയാണ് നിതീഷ്. ബീഹാറിന്റെ ചരിത്രം എഴുതുമ്പോൾ അത് നിതീഷ്‌കുമാറിന് മുമ്പും പിൻപും എന്ന രീതിയിൽ പറയണ്ടേിവരും. ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ എന്ന കീർത്തിയും ആര് എത്ര നിഷേധിച്ചാലും നിതീഷിന് ഒപ്പമാണ്. ഇത് മനസ്സിലാക്കിയാണ് വീണ്ടും ബിജെപി നിതീഷിനെ കൂടെകൂട്ടുന്നത്. അഴിമതിക്കറ പുരളാത്ത ക്ലീൻ ഇമേജ് ഇന്നും ഈ സോഷ്യലിസ്റ്റുകാരനുണ്ട്.

ബുക്കർ പുരസ്‌കാരം നേടിയ അരവിന്ദ് അഡിഗൈയുടെ 'വൈററ് ടൈഗർ' എന്ന നോവൽ വായിച്ചവർക്ക് അറിയാമായിരുന്നു, ബീഹാറിന്റെ ജീവിതം. നരകം എന്ന വാക്കിന്റെ പര്യായമായി ആ നാടിനെ നോവലിൽ വിശേഷിപ്പിക്കുന്നുണ്ട്.. സ്വാതന്ത്ര്യത്തിന് ശേഷം അമ്പത് വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് ബീഹാറിനെ അരനൂറ്റാണ്ട് പിന്നിലേക്ക് തള്ളിയാണ് ഭരണം വിട്ടുപോയത്.അതിനുശേഷമാണ് ലാലുപ്രസാദ് യാദവ് യുഗം തുടങ്ങുന്നത്. ശരിക്കും ജംങ്കിൾ രാജ്. ബൂത്തുപിടുത്തവും ജാതിക്കൊലകളുമായി 'ബീമാരി' സ്റ്റേറ്റ് എന്ന പേര് അർഥവർത്തായ നാളുകൾ. ഇന്ത്യയിലെ ഏറ്റവും പട്ടിണിക്കാരായ മനുഷ്യർ മൃഗങ്ങളേക്കാൾ മോശപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന നാട്ടിലെ ഭരണാധിപൻ കന്നുകാലിത്തീറ്റയുടെ പേരിൽ ആയിരക്കണക്കിന് കോടികൾ കീശയിലാക്കിതതു കണ്ട് ജനം അമ്പരന്നു.

പഴയ കോൺഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര വരെ ഈ തീവെട്ടിക്കൊള്ളയിൽ പങ്കാളികളായിരുന്നു.മുപ്പത് ശതമാനം വരുന്ന യാദവ- മുസ്ലിം വോട്ട് കുർത്തയുടെ പോക്കറ്റിലിട്ട് നടന്ന ലാലു അഴിമതിക്കേസിൽ അകത്തായപ്പോൾ ഭാര്യയെ ഭരണം ഏല്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചു. യാദവഗുണ്ടകൾ ആഭ്യന്തരവകുപ്പ് ഭരിച്ചപ്പോൾ ഭീതിയുടെ മുൾമുനയിൽ നിന്ന പാവപ്പെട്ട മനുഷ്യർ പേടിച്ചുവിറച്ച് പട്ടാപ്പകൽ പോലും വീടിനുള്ളിൽ ഒട്ടിയ വയറുമായി ചുരുണ്ടുകൂടി.അവസാനം ലാലുവിന്റെ ജംങ്കിൾരാജ് അവസാനിപ്പിക്കാൻ ഒരു അവതാരപുരുഷനെ പോലെ അദ്ദേഹം കടന്നുവന്നു. അതായിരുന്നു നിതീഷ് കുമാർ.

വീണ്ടും എൻഡിഎയ്‌ക്കൊപ്പം

2024 ജനുവരി 28ന് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും കനത്ത തിരിച്ചടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആർജെഡി-കോൺഗ്രസ് പിന്തുണയിലുള്ള സഖ്യസർക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. വൈകിട്ട് നാലിന് രാജ്ഭവനിൽ എൻഡിഎ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. ഒപ്പം ബിജെപിയുടെ രണ്ടു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ചുമതലയേൽക്കും. ഇതോടെ ഒരിടവേളയ്ക്കു ശേഷം ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ ഭരണമേൽക്കും.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. പാർട്ടിയിൽ നിന്നുള്ള സമ്മർദവും ജനങ്ങളുടെ പൊതുവികാരവും നിതീഷിന്റെ മടങ്ങി വരവിനു വഴിവച്ചു. പ്രശ്‌ന പരിഹാരത്തിനായി സോണിയ ഗാന്ധിയും ഖാർഗെയും രാഹുൽ ഗാന്ധിയും വിളിച്ചെങ്കിലും നിതീഷ്‌കുമാർ സംസാരിക്കാൻ തയ്യാറായില്ല. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരും വിളിച്ചെങ്കിലും നിതീഷ് അവരോടും സംസാരിച്ചില്ല. ഇതോടെ സഖ്യം അവസാനിച്ചെന്നു ബോധ്യപ്പെട്ട ഇൻഡി സഖ്യം പരിഹാസ്യരായി.

രണ്ടുതവണ മുന്നണി വിട്ട നിതീഷിനെ തിരികെയെത്തിക്കുന്നതിനെ സൂക്ഷ്മതയോടെയാണ് നേതൃത്വം കൈകാര്യം ചെയ്തത്. ബീഹാറിലെ ജനത എൻഡിഎ സഖ്യത്തിനാണ് വോട്ട് ചെയ്തതെന്നും തെറ്റു തിരുത്തി ജെഡിയു മടങ്ങിയെത്തുന്നതിൽ സന്തോഷമാണെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. ഇതോടെ ബീഹാറിൽ വീണ്ടും എൻഡിഎ ഭരണം.

ഇന്ത്യാ സഖ്യത്തിന്റെ നായകനാകാൻ കൊതിച്ചു, സാധിക്കാതെ വന്നപ്പോൾ മറുകണ്ടം ചാട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പ് കൈയെത്തും ദൂരത്ത് നിൽക്കുമ്പോൾ കരുത്തനായ മറ്റൊരു നേതാവു കൂടി ഇന്ത്യ സഖ്യത്തെ കൈവിടുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ ഭാഗമാകാൻ തയാറാകാതിരുന്നതാണ് നിതീഷിന്റെ മനസ്സ് ചർച്ചയാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയും അരവിന്ദ് കെജ്രിവാളും കോൺഗ്രസിനൊപ്പം ചേരാതെ ഒറ്റക്ക് മത്സരിക്കാൻ തീരുമാനമെടുത്തിരുന്നു. നിതീഷ് ബിജെപിക്കൊപ്പവും പോകുന്നു.

നിതീഷ് കുമാറിനെ മടക്കിക്കൊണ്ടുവരാൻ ബിജെപി അഹോരാത്രം പണിയെടുത്തു. 2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ എൻ.ഡി.എ വിട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങളൊന്നും ആകാത്തതിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പല നേതാക്കളും പിന്തുടരുന്ന കുടുംബവാഴ്ചക്കെതിരെ പ്രതികരിച്ച നിതീഷ്‌കുമാർ ഇന്ത്യ സഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോകുന്നതിൽ പല തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരത് രത്‌ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയും ചെയ്തു. ഇതും മാറ്റത്തിന് സഹായകകരമായി.

2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ ബിജെപി സഖ്യം വിട്ടത്. ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015 ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തായിരുന്നു ഇത്. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2017ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. 2017ൽ ബിജെപിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു.

2020 ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി. 2022 ഓഗസ്റ്റ് ഒമ്പതിന് സഖ്യകക്ഷിയായ ബിജെപി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാർ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും പിന്തുണയിലാണ് എട്ടാം തവണ മുഖ്യമന്ത്രിയായത്. ഇന്ത്യാ സഖ്യത്തിന്റെ കൺവീനർ പദവി നിതീഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ മോഹം കോൺഗ്രസ് വെട്ടിയൊതുക്കി. ഇതിന് പിന്നാലെയാണ് മോദിക്കൊപ്പം നിതീഷ് പോകുന്നത്.

ജനുവരി 13 ലെ ഇന്ത്യ സഖ്യ യോഗമാണ് നിർണായമായതെന്നാണ് 72 കാരനായ നിതീഷിനോട് അടുത്ത നേതാക്കൾ പറയുന്നത്. യോഗത്തിൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിതീഷിന്റെ പേര് സഖ്യത്തിന്റെ കൺവീനറായി നിർദ്ദേശിച്ചു.ലാലു പ്രസാദ് യാദവും, ശരത് പവാറും അടക്കമുള്ള നേതാക്കൾ അതംഗീകരിച്ചു. എന്നാൽ, രാഹുൽ ഗാന്ധി ഇടപെട്ട് തീരുമാനത്തിനായി കുറച്ചുകൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം, തൃണമൂൽ നേതാവ് മമത ബാനർജിക്ക് കൺവീനർ സ്ഥാനത്തേക്ക് നിതീഷിനെ നിയോഗിക്കുന്നതിൽ സംശയങ്ങൾ ഉണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ഇതോടെ ബീഹാറിൽ രാഷ്ട്രീയം മാറിമറിഞ്ഞു.

ബീഹാറിനെയും സ്വപ്നം കാണാൻ പഠിപ്പിച്ചു

2005ൽ നിതീഷ്‌കുമാർ ആദ്യമായി അധികാരത്തിൽ ഏൽക്കുമ്പോൾ ബീഹാറിന്റെ അവസ്ഥയെന്ന് ഓർത്തുനോക്കണം. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, തകർന്ന കൃഷിയിടങ്ങൾ.. ഗ്രാമങ്ങളിൽ പട്ടണി മാത്രം. എവിടെയും ഗുണ്ടാരാജ്. ഈ ഒരു കാരണത്തിലാണ് രാമചന്ദ്രഗുഹ നിതീഷിന് ഫുൾമാർക്ക് കൊടുക്കുന്നത്. പൊലീസുകാർപോലും തനിഗുണ്ടകളെപ്പോലെ പെരുമാറുന്ന ഒരു സ്റ്റേറ്റിൽ ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് നിതീഷിന്റെ വലിയ മിടുക്കാണ്.

ഗവേണൻസ് എന്നാൽ എന്തെന്ന് ബീഹാറികൾ അറിഞ്ഞുതുടങ്ങിയത് നിതീഷ് മുഖ്യമന്ത്രിയായതിന് ശേഷമാണ്. വെറും 3% വരുന്ന പിന്നോക്ക കുറുമി സമുദായക്കാരനായ നിതീഷിന്റെ ചാണക്യബുദ്ധിയിൽ ലാലുപ്രസാദ് യാദവിന്റെ ഗുണ്ടാസമവാക്യങ്ങൾ തകർന്നുതരിപ്പണമായി. മികച്ച മുഖ്യമന്ത്രിക്കുള്ള അവാർഡ് വരെ നേടിയെടുത്ത നിതീഷ് കുമാർ ഭരണത്തിൽ അച്ചടക്കവും അന്തസ്സും തിരിച്ചു കൊണ്ടുവന്നു. തമിഴ്‌നാട്ടിൽ കാമരാജ് കൊണ്ടുവന്ന മാറ്റം ബീഹാറിൽ നിതീഷ് പ്രാവർത്തികമാക്കി.

ബീഹാറിനെ നീതിഷ് സ്വർഗ്ഗമൊന്നും ആക്കിയിട്ടില്ല. പക്ഷെ ആറരപ്പതിറ്റാണ്ട് പിന്നിലായിപ്പോയ ഒരു സംസ്ഥാനത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായ പരിശ്രമം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജനതയെ പ്രതീക്ഷയുള്ളവർ ആക്കാനെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തിൽ എത്തിയ എഞ്ചിനീയർ

പത്താം ക്ലാസും ഗുസ്തിയുമായി സാമൂഹിക സേവനത്തിന് ഇറങ്ങുന്ന നേതാവല്ല നിതീഷകുമർ.എഞ്ചിനീയറിങ്ങ് കോളജിൽനിന്ന് ബിരുദമെടുത്ത് വൈദ്യുതി വകുപ്പിലെ എഞ്ചിനീയറായുള്ള ജോലി കളഞ്ഞാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. പാറ്റനയിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബക്തിയാർപൂർ എന്ന ചെറു പട്ടണത്തിൽ, 1951 മാർച്ച് ഒന്നാം തീയതിയാണ് നിതീഷ് കുമാർ ജനിച്ചത്. ഒട്ടും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലല്ല നിതീഷ് ജനിച്ചത്. രാഷ്ട്രീയത്തിലേക്ക് താൻ വഴിതെറ്റി വന്ന് വീഴുകയായിരുന്നെുവെന്നാണ് അദ്ദേഹം പറയാറ്.

ഇന്ത്യക്ക് ഇന്ന് അദ്ദേഹം ബീഹാറിനെ പതിനേഴ് കൊല്ലം അടക്കിഭരിച്ച മുഖ്യമന്ത്രിയാണെങ്കിലും ബക്തിയാർപൂർകാർക്ക് അദ്ദേഹം ഇന്നും അവരുടെ പ്രിയപ്പെട്ട മുന്നയാണ്. അച്ഛൻ രാം ലഖൻ സിങ് ബക്തിയാർപൂരിലെ അറിയപ്പെടുന്ന ആയുർവേദ ഭിഷഗ്വരനായിരുന്നു. അച്ഛന്റെ ഔഷധശാലയിൽ നിതീഷും സഹായിക്കാൻ ചെന്ന് ഇരിക്കുമായിരുന്നു. അച്ഛന്റെ നിർദ്ദേശാനുസാരം രോഗികൾക്കുള്ള കഷായവും ചൂർണവുമെല്ലാം നിർമ്മിച്ചുനൽകിയിരുന്നു നിതീഷ് അന്നൊക്കെ. ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനും നേതൃപാഠവും നന്നായി ഉള്ള കുട്ടിയായിരുന്നു മുന്ന. എഴുപതുകളിൽ ദിലീപ്കുമാറും, രാജ്കുമാറും, മനോജ് കുമാറും, കിഷോർ കുമാറുമെല്ലാം ബോളിവുഡിൽ നിറഞ്ഞാടിയിരുന്ന സമയത്ത്, രാഷ്ട്രീയ നഭസ്സിലെ ഒരേയൊരു 'കുമാറാ'യിരുന്നു അന്ന് നിതീഷ് കുമാർ.

1972 -ൽ, ബിഹാർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ(ഇന്നത്തെ എൻഐടി പട്‌ന) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം നേടുന്ന നിതീഷ്, അന്നത്തെ ബിഎസ്ഇബിയിൽ ചേരുന്നു. 1973 -ൽ അദ്ദേഹം മഞ്ജു കുമാരി സിൻഹയെ വിവാഹം കഴിക്കുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. മകൻ നിഷാന്ത് എഞ്ചിനീയർ ആണ്, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതെ എഞ്ചിനീയറിങ് മേഖലയിൽ തന്നെ ഉദ്യോഗം ചെയ്യുകയാണ് നിഷാന്ത്. അധികാര സ്ഥാനങ്ങളിൽ നിന്ന് തന്റെ മക്കളെ മാത്രമല്ല, ബന്ധുക്കളെപ്പോലും ദൂരെ നിർത്തുന്ന പ്രകൃതമായിരുന്നു നിതീഷ് കുമാറിന്റെത്.

ബീഹാർ ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയറുടെ ജോലിയിൽ, മനസ്സില്ലാമനസ്സോടെ ഏർപ്പെട്ടുകൊണ്ടിരുന്ന നിതീഷ് എന്ന രാഷ്ട്രീയ ജീവി, അത് പാതിവഴി ഉപേക്ഷിച്ചിട്ടാണ് ഇന്ദിരാഗാന്ധിക്കെതിരെ ജയപ്രകാശ് നാരായണൻ തുടങ്ങിവെച്ച ബിഹാർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുന്നത്. പരന്ന വായനയുള്ള നീതീഷിന് പ്രിയപ്പെട്ട നേതാവായിരുന്നു ജെപി. എഞ്ചിനീയറുടെ സുരക്ഷിതാമായ ജോലി കളഞ്ഞുകൊണ്ട് അദ്ദേഹം ജന സേവനത്തിന് ഇറങ്ങുമ്പോൾ ബന്ധക്കളും കൂട്ടുകാരുമൊക്കെ നിരുൽസാഹപ്പെടുത്തുകയായിരുന്നു.

അടിയന്തരാവസ്ഥയുടെ ഉപോൽപ്പന്നം

ജെപിയുടെ ശിഷ്യനെന്ന നിലയിൽ, റാം മനോഹർ ലോഹ്യയുമായി സഹവാസത്തിനു യോഗം സിദ്ധിച്ച ഭാഗ്യവാനെന്ന നിലയിൽ തികഞ്ഞൊരു സോഷ്യലിസ്റ്റ് ആയിട്ടാണ് നിതീഷ് കുമാർ രാഷ്ട്രീയത്തിൽ തുടക്കം കുറിക്കുന്നത്. 1974 -77 കാലത്ത് ജെപിക്കൊപ്പം നിലയയുറപ്പിച്ചു പോരാടിയിട്ടുണ്ട് നിതീഷ്. തുടർച്ചയായ 19 മാസക്കാലം. സത്യം പറഞ്ഞാൽ അടിയന്തരവസ്ഥയുടെ ഉപോൽപ്പന്നമാണ് താൻ എന്നായിരുന്നു നിതീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്ദിരാഫാസിസത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന ചെറുപ്പക്കാൻ അന്നുതന്നെ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പററ്റിയിരുന്നു. അതിനു ശേഷം സത്യേന്ദ്ര നാരായൺ സിൻഹ ബീഹാർ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ നിതീഷ് അതിന്റെ ഭാഗമായി.

1989 ൽ, ബാഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ച്, ആദ്യമായി പാർലമെന്റിൽ എത്തുന്നു നിതീഷ് കുമാർ.1989 -ൽ തന്നെ വിപിസിങ്ങിന്റെ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയായി നിതീഷ് കുമാർ. പ്രശ്‌നങ്ങൾ പഠിക്കാനും ആധികാരികമായി അഭിപ്രായം പറയാനുമുള്ള നിതീഷിന്റെ കഴിവാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വി പി സിംഗിന്റെ പ്രിയപ്പെട്ട മന്ത്രിയായി അദ്ദേഹം വളരെ പെട്ടെന്ന് വളർന്നു. പക്ഷേ നിതീഷിന് വ്യകതി പരമായും ആശയപരമായും കൂടുതൽ അടുപ്പം തീപ്പൊരി നേതാവ് ജോർജ് ഫെർണാണ്ടസുമായി ആയിരുന്നു. 1994 ൽ ഇദ്ദേഹം ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടി എന്നൊരു പാർട്ടി ഉണ്ടാക്കി. 1997 -ൽ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ജനതാദളിൽ ശരദ് യാദവ് ഇടയുന്നു. ലാലു രാഷ്ട്രീയ ജനതാ ദൾ ഉണ്ടാക്കി വേറിട്ടുപോകുന്നു. പിന്നീട് 2003 ൽ ശരദ് യാദവിന്റെ ജനതാദളും, സമതാപാർട്ടിയിലെ ബഹുഭൂരിപക്ഷം പേരും ചേർന്ന് ലയിച്ച് ഒരൊറ്റ പാർട്ടിയായതാണ് ജനതാദൾ യുണൈറ്റഡ് അഥവാ ജെഡിയു. അതിന്റെ ഭാഗമാണ് ഇന്നും നിതീഷ് കുമാർ.

1998-99 കാലത്ത് വാജ്പേയി സർക്കാരിൽ റെയിൽവേയ്‌സ്, ഗതാഗത മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പിലും മന്ത്രിപദം അലങ്കരിച്ചു. 1999 -ൽ ഗെയ്‌സലിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം ഉണ്ടായപ്പോൾ മന്ത്രി എന്ന നിലയിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ രാജിവെച്ചിറങ്ങുന്നു. അന്നത് അത് വലിയ സംഭവം ആയിരുന്നു. വിദേശമാധ്യമങ്ങൾ പോലും അത് വാർത്തയാക്കി. ലാൽ ബഹാദൂർ ശാസ്ത്രിക്കുശേഷം ഒരു നേതാവ് ധാർമ്മിക പ്രശ്‌നം ഏറ്റെടുത്ത് രാജിവെക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യവും അവസാനവും ആയിരുന്നു. 2001 -ൽ വീണ്ടും റെയിൽവേ മന്ത്രിയായി തിരിച്ചുവരുന്നു. ഇത്തവണ 2004 മെയ് വരെ തുടരുന്നു.

നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി

എറ്റവും വിചിത്രം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭാംഗമല്ല എന്നതു തന്നെയാണ്. നിതീഷ് കുമാർ, യോഗി ആദിത്യനാഥ് എന്നിവർക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. നിയമസഭാംഗത്വമില്ലാത്ത മുഖ്യമന്ത്രിമാരാണിവർ. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമായാണ് ഇവർ മുഖ്യമന്ത്രി പദത്തിൽ തുടരുന്നത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയായി ലെജിസ്ലേറ്റീവ് കൗൺസിലുള്ള രാജ്യത്തെ ആറു സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. 2006, 2012, 2018 വർഷങ്ങളിലാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലാണ് കാലാവധി അവസാനിക്കുക. 76 അംഗ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ആറു വർഷ കാലാവധിയിയിലാണ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത്. ഉദ്ദവ് താക്കറെയും നിയമസഭാ അംഗമാകാതെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായിട്ടുണ്ട്.

1977 ലാണ് നിതീഷ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. ബിഹാറിലെ ഹാർനൗത് മണ്ഡലത്തിൽ ജനതാപാർട്ടി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം പക്ഷെ പരാജയപ്പെട്ടു. തുടർന്ന് 1985 ൽ ഹാർനൗത് മണ്ഡലത്തിൽനിന്നു വീണ്ടും മത്സരിച്ച് നിയമസഭാംഗമായി. അദ്ദേഹം അവസാനമായി നിയമസഭയിലേക്കു മത്സരിച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. 2000 ൽ വെറും ഏഴുദിവസത്തേക്ക് നീതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നുണ്ട് നിതീഷ്. അന്ന് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു എങ്കിലും, ലാലു പ്രസാദ് യാദവിന്റെ അനിഷേധ്യ നേതൃത്വത്തിന്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന എതിരാളിയായി ബിഹാറിൽ നിതീഷ് കുമാർ അതോടെ രംഗത്തെത്തി.

അഞ്ചുവർഷത്തിനു ശേഷം, 2005 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാ ദളിനെ തോൽപ്പിക്കുന്നു, നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു. 2010 -ൽ വീണ്ടും ജയിച്ചു മുഖ്യമന്ത്രി ആകുന്നു എങ്കിലും, നരേന്ദ്ര മോദിയെ എൻഡിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു. 2015 -ലെ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് സഖ്യത്തിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിർത്തുന്നു. 2017 -ൽ ആർജെഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എൻഡിഎയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങൾ മാറിയും മറിഞ്ഞും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് അടുത്ത് നിതീഷ് കുമാർ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിൽ.

ഒരു കാലത്ത് ഇന്ത്യൻ മതേതര രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ മടിച്ച വ്യക്തിയായിരുന്നു നിതീഷ്. അതുപോലെ മോദിയെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതും പഴയ ചരിത്രം. വൈകാതെ എൻഡിഎയിൽ തന്നെ തിരിച്ചെത്തിയ നിതീഷ് ഇപ്പോൾ മോദിയുടെ കാൽക്കീഴിൽ ഞെരിഞ്ഞ് അമരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

നിതീഷിനോട് കണക്ക് തീർത്ത് മോദി

ഒരുകാലത്തും നല്ല ബന്ധത്തിൽ ആയിരുന്നില്ല നിതീഷ് കുമാറും നരേന്ദ്ര മോദിയും. സോഷ്യലിസ്റ്റ് കക്ഷികളുടെ പരീക്ഷണശാലയായ ബീഹാറിൽനിന്ന് ഉയർന്നുവന്ന നിതീഷ് ഒരുകാലത്ത് കടുത്ത മതേതര വാദിയുമായിരുന്നു. പിന്നീട് ജനതാദളിൽ നിന്ന് വേർപിരിഞ്ഞ് സമതാ പാർട്ടി രൂപീകരിച്ച ജോർജും നിതീഷും ആദ്യം കൂട്ടുകൂടിയത് സിപിഐഎംഎലുമായിട്ടായിരുന്നു.

1995ൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതോടെ ഇരുവരും ബിജെപി ക്യാംപിലെത്തി. ബാബരി മസ്ജിദ് തകർത്ത് കേവലം മൂന്ന് കൊല്ലത്തിനകമായിരുന്നു നിതീഷിന്റെ ഈ ബിജെപി കൂട്ടുകെട്ട്. തുടർന്ന് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി എൻ.ഡി.എ.സഖ്യം വിടുന്നതുവരെ 17 വർഷം നിതീഷ് എൻ.ഡി.എ.യുടെ പ്രിയപ്പെട്ട മുഖമായിരുന്നു. 10 വർഷം ബിഹാറിൽ ഭരിച്ചത് നിതീഷും ബിജെപി.യും ചേർന്നായിരുന്നു. പക്ഷേ അന്നും നിതീഷിന് അടുപ്പം അദ്വാനിയോട് ആയിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയുമായി വേദി പങ്കിടാൻ നിതീഷ് വിസമമ്മതിച്ചിരുന്നു. മോദി മുഖ്യമന്ത്രിയായിരിക്കെ നൽകിയ പ്രളയ സഹായംപോലും തള്ളിക്കൊണ്ട് നിതീഷ് അദ്ദേഹത്തെ അപമാനിച്ചിരുന്നു. പക്ഷേ അധികാരത്തിലെത്താൻ നിതീഷിന് മോദിയേയും അംഗീകരിക്കേണ്ടി വന്നു. ഇത് ഒരിക്കലല്ല. രണ്ടു തവണ.

എന്നും പിന്തുണ സ്ത്രീ വോട്ടർമാർ

പക്ഷേ നീതിഷിന്റെ എക്കാലത്തെയും വലിയ പിന്തുണ സ്ത്രുവോട്ടർമാർ ആയിരുന്നു. മൂന്നാതവണ മുഖ്യമന്ത്രിയാപ്പോൾ അദ്ദേഹം നടപ്പാക്കിയ സമ്പൂർന്ന മദ്യനിരോധനം സ്ത്രീവോട്ടുകൾ ലക്ഷ്യമിട്ട് കൊണ്ട് തന്നെയായിരുന്നു. വനിതാ വോട്ടർമാർക്കു ചെവി കൊടുക്കുന്ന രാഷ്ട്രീയക്കാരൻ എന്ന പ്രതിച്ഛായ വർഷങ്ങളിലൂടെ നിതീഷ്‌കുമാർ നേടിയെടുത്തതാണ്. പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാൻ വിദ്യാർത്ഥിനികൾക്ക് അദ്ദേഹത്തിന്റെ സർക്കാർ സൈക്കിളുകൾ നൽകി. സർക്കാർ ജോലികളിൽ വനിതകൾക്കും സംവരണം നൽകി. ഗ്രാമങ്ങളിൽ സ്വയംസഹായ സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ചു.മദ്യപരായ ഭർത്താക്കന്മാരെപ്പറ്റി തിരഞ്ഞെടുപ്പുകാലത്ത് തന്നോടു പരാതി പറഞ്ഞ സ്ത്രീകൾക്കുനൽകിയ വാഗ്ദാനം പാലിക്കാനായാണ് താൻ സമ്പൂർന്ന മദ്യനിരോധനം നടപ്പാക്കിയത് എന്നാണ് നിതീഷ് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയെ കടപുഴക്കി മൂന്നാംതവണ അധികാരത്തിലെത്തിയപ്പോൾ നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ത്രീകളുടെ പൂർണ പിന്തുണ ഇതിനുണ്ടായിരുന്നു. നിരോധനം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ സ്ത്രീകൾ സ്‌ക്വാഡുകൾ രൂപീകരിച്ചു. ദേശമെങ്ങും മദ്യനിരോധനം നടപ്പാക്കണമെന്ന ആശയവുമായി രാജ്യമെങ്ങും സഞ്ചരിക്കുകയാണ് നിതീഷ് കുമാർ അക്കാലത്ത് ചെയ്തത്. ദേശീയ മദ്യനിരോധന പ്രചാരകൻ എന്നാണ് ഒരു ടിവി ചാനൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

പക്ഷേ കാര്യങ്ങൾ പിന്നീട് പാളി. മദ്യമാഫിയ തഴച്ചു വളർന്നു. പൊലീസ് രാജ് തിരിച്ചുവന്നു. ദശകങ്ങളോളം മഹുവ മരത്തിന്റെ കായ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമായിരുന്നു ദളിത് ജാതിക്കാരുടെ വാസസ്ഥലമായ ഈ നദിയോരഗ്രാമത്തിലെ പ്രധാന ഉപജീവനമാർഗം. സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയതോടെ ഇവിടത്തെ വീടുകളിൽ പൊലീസ് പരിശോധനകൾ ആരംഭിച്ചു. മദ്യപരെ പിന്തിരിപ്പിക്കുകയും ഗ്രാമവാസികളെ അറസ്റ്റ് ചെയ്യുകയും പതിവായി. ഈ സ്ത്രീ വോട്ട് ബാങ്കിനെ അടുപ്പിക്കാനാണ് ബിജെപിയും തന്ത്രപരമായി വീണ്ടും നിതീഷിനെ കൂടെ കൂട്ടുന്നത്.