തരാഷ്ട്രവാദം, ഇസ്ലാമിക്ക് റിപ്പബ്ലിക്ക്.... ഒരു ഇടവേളക്കുശേഷം ഇത്തരം വാക്കുകള്‍ കേരളത്തിന്റെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ സമയമാണ്. അതിന്റെ കേന്ദ്രബിന്ദുവായി വരുന്നത് ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയാണ്. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ഒരുപാട് മാറിയെന്നും മതരാഷ്ട്രവാദം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് സിപിഎം ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും രംഗത്ത് എത്തി. നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പല ഘട്ടങ്ങളിലും നേടിയവരാണ് ഇടതുപക്ഷം എന്ന് മറക്കാനാവില്ല. എല്ലാവരും പറയുന്നതുപോലെ ഇത്ര അപകടരമാണോ ജമാഅത്തെ ഇസ്ലാമി എന്ന ചര്‍ച്ചയും ചിലര്‍ ആ സംഘടനയെ വെള്ളയടിച്ച് വരികയും ചെയ്തുവരുന്നതിനിടെയാണ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്.



ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ സത്യവിശ്വാസിക്ക് കഴിയില്ല എന്നാണ് ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നത്. 'ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ?'എന്ന ചോദ്യവുമായാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്- 'പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. അതിന്റെ ആസ്ഥാനം മദീനയായിരുന്നു. ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായത്. അതിന്റെ നായകനെ അന്നാട്ടുകാര്‍ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. മദീനത്തുനബി. അത് ഒരു ആദര്‍ശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു.

ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തില്‍ താഴെയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല.' - ഇങ്ങനെയാണ് ശൈഖ് മുഹമ്മദ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതോടെ കേരളത്തില്‍ വീണ്ടും മതരാഷ്ട്രവാദവും ഇസ്ലാമിക റിപ്പബ്ബിക്കും ചര്‍ച്ചയാവുകയാണ്.



ഒരു തുള്ളി ചോരപോലും ചിന്താതെയാണോ, ഇസ്ലാമിക റിപ്പബ്ബിക്കുകള്‍ ഉണ്ടാവാറുള്ളത്? നിഷ്‌ക്കളങ്കരായ ലിബറലുകള്‍ പറയുന്നതുപോലെ, ഏറെ മാറിയ മെച്ചപ്പെട്ട ഒരു സംഘടനയാണോ ജമാഅത്തെ ഇസ്ലാമി? പക്ഷേ നിഷ്പക്ഷമായി ചരിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലോകമെമ്പാടും മതഭീകരത വാരി വിതറിയ പതിനായിരങ്ങളെ കൊന്നൊടുക്കിയ ആശയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായയപ്പോലെ, അവര്‍ പുരോഗമനവാദികളാവാന്‍ ശ്രമിക്കുന്നുവെന്നുമാത്രം!

ലക്ഷ്യം ദൈവിക ഭരണം സ്ഥാപിക്കല്‍

ജമാഅത്തെ ഇസ്ലാമി വെറുമൊരു മതസംഘടനയല്ല എന്ന് അവരുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും ബോധ്യമാവും. അതൊരു പൊളിറ്റിക്കല്‍ ഐഡിയോളജിയാണ്. അവരുടെ ലക്ഷ്യം 'ഇക്കാമത്തുദ്ദീന്‍' (ദൈവിക ഭരണം സ്ഥാപിക്കല്‍) ആണ്. അതിനായി അവര്‍ ഉപയോഗിക്കുന്ന ഭാഷ ജനാധിപത്യത്തിന്റേതാകാം. പക്ഷേ ലക്ഷ്യം ജനാധിപത്യമല്ല. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതും ജനാധിപത്യത്തിലൂടെയാണ് എന്ന് ഓര്‍ക്കുക.

'ഇസ്ലാമിക റിപ്പബ്ലിക്ക്' എന്നത് ന്യൂനപക്ഷ അവകാശമല്ല, മറിച്ച് മതേതരത്വത്തിന് നേരെയുള്ള അണുബോംബാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

1941 ആഗസ്ത് 26ന് രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി വിഭജനാനന്തരം ഇന്ത്യയിലും പാകിസ്ഥാനിലുമായി രണ്ട് സംഘടനകളിലായി പ്രവര്‍ത്തനമാരംഭിച്ചു. 1956 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യം 'ഹുക്കുമത്തെ ഇലാഹി'യായിരുന്നു. ഹുക്കുമത്തെ ഇലാഹി' എന്നാല്‍ ലളിതമായി പറഞ്ഞാല്‍ 'ദൈവിക ഭരണം' അല്ലെങ്കില്‍ 'അല്ലാഹുവിന്റെ അധികാരം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നാണ് ഈ പദം വരുന്നത്. പരമാധികാരം അല്ലാഹുവിന് എന്നതാണ് അതിന്റെ അടിസ്ഥാന തത്വം. പ്രപഞ്ചത്തിന്റെ മുഴുവന്‍ നിയന്ത്രണവും അധികാരവും അല്ലാഹുവിനാണെന്നും, മനുഷ്യര്‍ക്ക് സ്വയം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ അധികാരമില്ലെന്നും ഈ സങ്കല്‍പ്പം വിഭാവനം ചെയ്യുന്നു. ഇതുപ്രകാരം ഭരണവ്യവസ്ഥയും നിയമങ്ങളും അല്ലാഹു നല്‍കിയ പ്രമാണങ്ങളായ ഖുര്‍ആനിനും പ്രവാചക ചര്യയ്ക്കും (സുന്നത്ത്) അനുസരിച്ചായിരിക്കണം. ഭരണാധികാരി ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) മാത്രമാണെന്നും, ദൈവിക നിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയാണ് ഭരണത്തിന്റെ ലക്ഷ്യമെന്നും ഇത് പഠിപ്പിക്കുന്നു



'ഇഖാമത്തെ ദീന്‍' എന്നത് ഖുര്‍ആനികമായ ഒരു പ്രയോഗമാണ്. ഇതിന്റെ അര്‍ത്ഥം 'ദീനിനെ (മതത്തെ) സംസ്ഥാപിക്കുക' എന്നാണ്. അല്ലാഹു നല്‍കിയ ജീവിത വ്യവസ്ഥയായ ഇസ്ലാമിനെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ നടപ്പിലാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പദം രാഷ്ട്രീയമായ ഒരു വ്യവസ്ഥ സ്ഥാപിക്കലാണെന്ന് മൗദൂദി വാദിച്ചത്. ചുരുക്കത്തില്‍, അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുകയും അത് ലോകത്ത് നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് 'ഇഖാമത്തെ ദീന്‍' എന്ന് വിളിക്കുന്നത്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ലൈന്‍ 'ഇഖാമത്തെ ദീന്‍' ആക്കി മാറ്റിയിട്ടുണ്ടെന്നും പഴയ നിലപാടുകളൊന്നും ഇല്ലെന്നും പലരും വാദിക്കാറുണ്ട്. എന്നാല്‍, വാക്കുകളിലെ മാറ്റമൊഴിച്ചാല്‍ ഹുക്കുമത്തെ ഇലാഹിയും ഇഖാമത്തെ ദീനും അന്തസ്സത്തയില്‍ ഒന്നുതന്നെയാണ്.

മൗദൂദിസം എന്ന മതഫാസിസം

ജമാഅത്തെ മുഖമാസികയായ പ്രബോധനത്തില്‍, സെയ്ദ്ഹാമീദ് ഹുസൈന്‍ ജമാഅത്തെ ഇസ്ലാമി വളര്‍ച്ചയുടെ ആദ്യപടവുകള്‍ എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെയാണ്; 'ജമാഅത്തിന്റെ പ്രാരംഭലക്ഷ്യമായ ഹുക്കുമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു. ചില തല്‍പ്പരകക്ഷികള്‍ ഗവണ്‍മെന്റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്‍മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ ഹുക്കുമത്തെ ഇലാഹിയെന്നതിനുപകരം ഇഖാമത്തെ ദീന്‍ എന്ന പദം പ്രയോഗിക്കപ്പെട്ടു.

ഇഖാമത്തെ ദീന്‍ പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്ദമാണെന്നതിനുപുറമെ ഹുക്കുമത്തെ ഇലാഹിയുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നതുകൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയും സാങ്കേതികശബ്ദം എന്ന നിലയില്‍ ജമാഅത്തെ ഇപ്പോഴും ഇതേപദംതന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണം നല്‍കിയിട്ടുണ്ട്.'' സെയ്ദ്ഹാമീദ് ഹുസൈന്‍ എഴുതുന്നു. കാര്യങ്ങള്‍ കൃത്യമാണ്. മൗദൂദിയുടെ ദൈവാധികാരസിദ്ധാന്തം തന്നെയാണ് ഇപ്പോഴും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ തന്നെ അവര്‍ നിലകൊള്ളുന്നത് ആഗോള ഇസ്ലാമിക വ്യവസ്ഥയ്ക്കു വേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ 1992 മാര്‍ച്ച് ലക്കം ആ സംഘടനയുടെ അമ്പതാം വാര്‍ഷികപ്പതിപ്പാണ്. അതിന്റെ ആമുഖത്തില്‍ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേപേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും കശ്മീരിലെയും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദര്‍ശവും ലക്ഷ്യവുമാണെന്ന് പറയുന്നു.




കടുത്ത ജനാധിപത്യവിരുദ്ധരാണ് മൗദൂദിസ്റ്റുകള്‍. സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്; 'പ്രജായത്തം നടപ്പില്‍വരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?' ('ഖുതുബാത്ത്', പേ:140) ദൈവത്തിന്റെ ഭരണത്തിന് അപ്പുറമുള്ള ഒന്നിനെയും മൗദൂദി അംഗീകരിക്കില്ല. ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല' (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ: 81).

മതം എന്നാല്‍ രാഷ്ട്രം തന്നെയാണന്നു സ്ഥാപക നേതാവു മൗദൂദി മുതല്‍ പുതിയ അമീര്‍ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ദീന്‍ അഥവാ മതം എന്ന വാക്കിനു പാര്‍ട്ടി എന്നു തന്നെ പരിഭാഷ നല്‍കിയിരിക്കുന്നതു കാണാം. മൗദൂദി ജനാധിപത്യ മതേതരവിരുദ്ധനായിരുന്നു. ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ 'ശിര്‍ക്ക്' അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്ന കാലത്താണ് മൗദൂദി ഇന്ത്യന്‍ ദേശീയതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതെന്ന് ഓര്‍ക്കണം! അതുപോലെ പ്രഖ്യാപിത സ്ത്രീവിരുദ്ധര്‍ കൂടിയാണ് ജമാഅത്തുകാര്‍.

വളര്‍ന്നിടത്തൊക്കെ നരനായാട്ട്

പാക്കിസ്ഥാനിലെ ആദ്യത്തെ തൊഴില്‍- നിയമകാര്യ മന്ത്രി യോഗേന്ദ്രനാഥമണ്ഡല്‍ എന്ന ദളിത് നേതാവായിരുന്നു എന്ന് അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ അധികം വൈകാതെ തന്നെ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരായ ക്രൂരതയില്‍ പ്രതിഷേധിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വരികയുണ്ടായി. പാക്കിസ്ഥാനില്‍ ഇന്നും പ്രബല ശകതിയാണ് ജമാഅത്തെ ഇസ്ലാമി. അതുപോലെ അഫ്ഗാനിലും ബംഗ്ലാദേശിലും അവര്‍ നരനായാട്ട് തുടരുന്നു.

ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ കുട്ടക്കൊലയാണ്. ഹിന്ദു അമ്പലങ്ങള്‍ ആക്രമിക്കപ്പെടുകയും വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. പലരും സ്വന്തം ഗ്രാമം വിട്ട് പലായനം ചെയ്തുകഴിഞ്ഞു. ജമാ അത്തെ ഇസ്ലാമി ആ രാജ്യത്തെ മറ്റൊരു പാകിസ്ഥാന്‍ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ്. മുഹമ്മദ് യൂനുസ് അവരുടെ ഉപകരണവും.

ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും വലിയ റോളാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജമ്മു കശ്മീരിലെ വ്യത്യസ്തതലങ്ങളിലെ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. 'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി' എന്ന ലേഖനം ഇങ്ങനെ പറയുന്ന; 'താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്നു പറയപ്പെടുന്നു.

തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍രിയത്തെ കശ്മീര്‍ (കശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുള്‍ഖയ്യൂമാണ് അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ മുത്തഹിദ ജിഹാദ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ്ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.'' (പ്രബോധനം 1992, മാര്‍ച്ച്)

ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് , ജമാഅത്തെ ഇസ്ലാമിയുടെ തന്നെ മാസികയിലെ ഈ ലേഖനത്തിലെ വ്യക്തമാക്കുന്നു. കശ്മീര്‍ താഴ്വരയില്‍ ഭീകരത സൃഷ്ടിച്ച ഹിസ്ബുള്‍ മുജാഹിദീന്‍പോലുള്ള തീവ്രവാദസംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികള്‍ ഗൗരവമായിത്തന്നെ കാണണം.

1987 മുതല്‍ കശ്മീരില്‍ തിതരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വിഘടനവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയുടെ നിരവധി നേതാക്കള്‍ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍, ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാല്‍ മത്സരിക്കാനായില്ല.

അതിനിടെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍,മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ജമാഅത്തെ ഇസ്ലാമി മത്സരരംഗത്ത് ഇറങ്ങി. കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുല്‍ഗാം മണ്ഡലത്തി നാലുതവണ ഇവിടെ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ തീപ്പൊരി നേതാവും, സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ മത്സരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍ സയര്‍ അഹമ്മദ് റെഷിയാണ്.



ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഉള്ളതുകൊണ്ട് അവര്‍ പ്രച്ഛന്നവേഷത്തിലാണ് മത്സരം. റഷിയുടെ പിന്നില്‍ പൂര്‍ണ്ണമായും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും, ഒരുകാലത്ത് അവരുടെ യുവജനവിഭാഗത്തിന്റെ സായുധ വിഭാഗമായ ഹിസ്ബുള്‍ മുജാഹിദ്ദീനുമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഫലം വന്നപ്പോള്‍ ജനം വീണ്ടും തരിഗാമിയെ തുണച്ചു. കുല്‍ഗാമില്‍ വീണ്ടും ചെങ്കൊടി പാറി. 'കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റമുട്ടുന്നു' എന്ന് ദേശീയ മാധ്യമങ്ങളൊക്കൊണ്ട് എഴുതിക്കത്തക്ക രീതിയില്‍ അത് വളര്‍ന്ന മത്സരത്തില്‍ ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ ജയിച്ചുകയറി. പക്ഷേ ഇപ്പോഴും പ്രച്ഛനന്നവേഷത്തില്‍ ജമാഅത്തെ ഇസ്ലാമി കുത്തിത്തിരുപ്പുകള്‍ തുടരുകയാണ്.

കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ

കേരളത്തില്‍ പക്ഷേ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ശരിക്കും ആട്ടിന്‍തോലിട്ട ചെന്നായയുടെ പ്രവര്‍ത്തനമാണ് ജമാഅത്തെ ഇസ്ലാമി കാഴ്ചവെക്കുന്നത്. മൗദൂദിയന്‍ ദര്‍ശനത്താല്‍ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങള്‍ക്ക് കേരളത്തില്‍ ജന്മം നല്‍കിയതും. ഇപ്പോള്‍ അവര്‍ സിമിയെയും തള്ളിപ്പറഞ്ഞ്, ജനാധപത്യവാദികളാവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും ഉള്ളിന്റെ ഉള്ളിലെ ആ വര്‍ഗീയതയും,മതരാഷ്ട്രവാദമെന്ന സങ്കല്‍പ്പവും നിലനില്‍ക്കയാണ്. ഇന്ത്യയില്‍ അതിന് നേരിട്ട് സ്‌കോപ്പില്ലാത്തതുകൊണ്ട് ദലിത പ്രേമവും, ന്യൂനപക്ഷ ഐക്യവും, മനുഷ്യാവകാശ വിഷയവുവുമായൊക്കെ അവര്‍ വേഷം മാറ്റി പ്രവര്‍ത്തനം നടത്തുന്നു. ഡോ എം എന്‍ കാരശ്ശേരിയേപ്പൊലുള്ളവര്‍ ഇതിനെ ആട്ടിന്‍ തോലിട്ട ചെന്നായയുടെ രീതി എന്നാണ് ഒരിക്കല്‍ വിശേഷിപ്പിച്ചത്.

മൗലാന മൗദൂദിയുടെ മതരാഷ്ട്രവാദം എന്ന ആശയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സംഘടന, പക്ഷേ കേരളത്തില്‍ ജനാധിപത്യത്തെക്കുറിച്ചും, സോഷ്യലിസത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കാറുള്ളത്. അപ്പോഴൊക്കെ ജമാഅത്തെ ഇസ്ലാമി പ്രതിക്കൂട്ടില്‍ ആവാറുള്ളത്, ദൈവദത്തമായ ഒരു രാജ്യത്ത് അല്ലാതെ സര്‍ക്കാര്‍ ജോലികള്‍ അടക്കം സ്വീകരിക്കരുത് എന്നും, കോടതികള്‍ അനിസ്ലാമികമാണ് എന്നുമൊക്കെപ്പറയുന്ന അവരുടെ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി അവരുടെ ഭരണഘടനയില്‍നിന്ന് ഇക്കാര്യങ്ങളെല്ലാം എടുത്ത് കളഞ്ഞിരിക്കയാണ്.

രാജ്യത്തെ കോടതികള്‍ അനിസ്ലാമികമാണ് എന്നതടക്കം ഗുരുതര പരാമര്‍ശങ്ങള്‍ ഭരണഘടനയില്‍ നിന്ന്് ജമാഅത്തെ ഇസ്ലാമി കഴിഞ്ഞവര്‍ഷം എടുത്തു കളഞ്ഞു. സര്‍ക്കാര്‍ ജോലി സ്വീകരിക്കരുത്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല തുടങ്ങിയ വിവാദ നിര്‍ദേശങ്ങളും ഭേദഗതി ചെയ്ത് പുതുക്കിയ ഭരണഘടന പ്രസിദ്ധീകരിച്ചു. ഭരണഘടനയില്‍ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയുന്ന എട്ടാം ഖണ്ഡികയിലെ ആറാം നിര്‍ദ്ദേശമായിട്ടാണ് സര്‍ക്കാര്‍ ജോലി സ്വീകരിക്കാമെന്നും, നിയമനിര്‍മ്മാണ സഭയില്‍ അംഗമാകാം എന്നും ഭേദഗതി വരുത്തിയിരിക്കുന്നത്. സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കരുതെന്ന് മാത്രമാണ് പുതിയ നിര്‍ദേശം. പഴയ ഭരണഘടനയില്‍ ഇവയൊന്നും ഇസ്ലാമികമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കരുതെന്നും ന്യായാധിപ സ്ഥാനത്താണെങ്കില്‍ പോലും അത് കൈയ്യൊഴിയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതുകൂടാതെ ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയിലാണ് ജോലിയെങ്കില്‍ ആ ഉപജീവനമാര്‍ഗത്തില്‍ നിന്നും മാറണമെന്ന നിര്‍ദ്ദേശവും പൂര്‍ണ്ണമായി പുതിയ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന ഒമ്പതാം ഖണ്ഡികയിലെ ഏഴാം നിര്‍ദ്ദേശത്തിലാണ് കോടതികളെ അനിസ്ലാമികമെന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരുത്തി, ദീനിന്റെ വിധിവിലക്കുകളില്‍ നിഷ്ഠ പുലര്‍ത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക എന്നാക്കിയിട്ടുണ്ട്. നേരത്തെ ഇത് നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക എന്നായിരുന്നു.

ഇതിന് മുമ്പും ഭരണഘടനയില്‍ ജമാഅത്തെ ഇസ്ലാമി ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനു ശേഷമാണ് 2011-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയകക്ഷി രൂപീകരിച്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തുടങ്ങിയത്. മല്‍സരിക്കാത്തപ്പോഴും തരംപോലെ രാഷ്ട്രിയ നിലപാടുകള്‍ സ്വീകരിച്ച് കേരള രാഷ്ട്രിയത്തില്‍ നിറഞ്ഞുനില്‍ക്കാനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. അടുത്തയിടെ അഭിഭാഷക അസോസിയേഷനും രൂപീകരിച്ച ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ജുഡീഷ്യല്‍ സേവനത്തിനായി യുവാക്കള്‍ക്ക് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്തിയപ്പോഴും കോടതികള്‍ അനിസ്ലാമികമാണെന്ന കാതലായ കാഴ്ചപ്പാട് ഔദ്യോഗികമായി തിരുത്തിയിരുന്നില്ല.





ജനാധിപത്യം പ്രസ്ഥാനത്തിന് നിഷിദ്ധമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ പ്രതികരിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ജനാധിപത്യത്തിനും നിയമവ്യവസ്ഥക്കും കഴിയൂവെന്ന് മുജീബ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അടിസ്ഥാപരമായി ജമാഅത്തെ ഇസ്ലാമി, തങ്ങളുടെ സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപകന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയാല്‍ പിന്നെ എന്ത് പ്രസ്ഥാനം എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. പക്ഷേ ഇത് നിലനില്‍ക്കാനുള്ള ഒരു അടവ് മാത്രമാണെന്നും അടിസ്ഥാനപരമായ ജമാഅത്തെ ഇസ്ലാമി മൗദുദിസത്തില്‍ വിശ്വസിക്കുന്ന മതമൗലികവാദികള്‍ ആണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

15% മതി, അധികാരം പിടിക്കാന്‍!

മാധ്യമം പത്രവും മീഡിയാവണ്‍ ചാനലുമൊക്കെയുള്ളതുകൊണ്ട്, പല സാംസ്‌ക്കാരിക നായകരും ജമാഅത്തെ ഇസ്ലലാമിയെ ന്യായീകരിച്ച് നടക്കയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിഷത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ല. ശൈഖ് മുഹമ്മദ് കാരക്കുന്ന് പങ്കുവെച്ച പോസ്റ്റിന്റെ അപകടങ്ങള്‍ സ്വതന്ത്ര ചിന്തകനും, പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്ത് കുറിക്കുന്നത് ഇങ്ങനെയാണ്-'' 15% ന്യൂനപക്ഷം മതി, അധികാരം പിടിക്കാന്‍!

ആ നേതാവ് പറഞ്ഞത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ അപായസൂചന. 15% മുസ്ലിങ്ങള്‍ മാത്രമുള്ളപ്പോഴാണ് മദീനയില്‍ ഇസ്ലാമിക ഭരണം വന്നത്' എന്ന് പറയുമ്പോള്‍, ശൈഖ്മുഹമ്മദ് കാരക്കുന്ന് നല്‍കുന്ന സന്ദേശം വ്യക്തമാണ്: ഭരണം പിടിക്കാന്‍ ഭൂരിപക്ഷം ആവശ്യമില്ല, മറിച്ച് സംഘടിതമായ, മതാധിഷ്ഠിതമായി ചിന്തിക്കുന്ന, അക്രമ സന്നദ്ധരായ ഒരു ന്യൂനപക്ഷം മതി എന്നാണ്. ഒരു ജനാധിപത്യ മതേതര സമൂഹത്തില്‍ ന്യൂനപക്ഷമായി നിന്നുകൊണ്ട് തന്നെ എങ്ങനെ 'വീറ്റോ പവര്‍' ഉപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാം എന്ന മുസ്ലിം ബ്രദര്‍ഹുഡ് തന്ത്രമാണിത്. 15% പേര്‍ വിചാരിച്ചാല്‍ ബാക്കി 85% പേരുടെ മുകളില്‍ ഒരു 'ദൈവീക രാഷ്ട്രം' അടിച്ചേല്‍പ്പിക്കാം എന്നല്ലേ അദ്ദേഹം ആ പറഞ്ഞതിന്റെ അര്‍ത്ഥം? അതൊരു 'ജനാധിപത്യ മാതൃക' ആണോ അതോ 'അധിനിവേശ മാതൃക' ആണോ എന്ന് ചിന്തിക്കണം.

ഇസ്ലാമിക റിപ്പബ്ലിക്കിനെ വിമര്‍ശിക്കുന്നവരെ 'പ്രവാചകനെ തള്ളിപ്പറയുന്നവര്‍' എന്ന് ചാപ്പയടിക്കുന്ന ആ നേതാവിന്റെ തന്ത്രമാണ്. രാഷ്ട്രീയമായ ഒരു ആശയത്തെ മതപരമായ വികാരവുമായി കൂട്ടിക്കെട്ടി, അതിനെ വിമര്‍ശനാതീതമാക്കുകയാണ് അദ്ദേഹം ചെയ്തത്. 'ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ വിശ്വാസികള്‍ക്ക് ആകുമോ?' എന്ന ചോദ്യം തന്നെ ഒരു ഭീഷണിയാണ്. വിശ്വാസികളെ വൈകാരികമായി ബ്ലാക്ക്മെയില്‍ ചെയ്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് കീഴില്‍ അണിനിരത്താനുള്ള തന്ത്രമാണിത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ വിമര്‍ശനങ്ങളെ മതനിന്ദയായി മാറ്റുന്നത് ഫാസിസമാണ്.

ആധുനിക മതേതര ജനാധിപത്യത്തില്‍ ജീവിച്ചുകൊണ്ട് 1400 വര്‍ഷം മുമ്പുള്ള ഗോത്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'മദീന ചാര്‍ട്ടര്‍' ഉയര്‍ത്തിക്കാട്ടുന്നത് ഒരു സ്ഥിരം തന്ത്രമാണ്. അന്ന് മദീനയില്‍ ഉണ്ടായ കരാറുകള്‍ അവിടുത്തെ ജൂത ഗോത്രങ്ങളെയും മറ്റും ക്രമേണ പുറത്താക്കിയോ ഉന്മൂലനം ചെയ്തോ ആണ് അവസാനിച്ചത് എന്നത് ചരിത്ര സത്യമാണ്. അധികാരം ഇല്ലാത്തപ്പോള്‍ 'ബഹുസ്വരത' പറയുകയും, അധികാരം കിട്ടുമ്പോള്‍ 'ദൈവീക നിയമം' ( നടപ്പിലാക്കുകയും ചെയ്യുന്ന 'മുസ്ലിം ബ്രദര്‍ഹുഡ്' രീതിയാണിത്.




1991-ല്‍ അമേരിക്കയില്‍ പിടിച്ചെടുത്ത മുസ്ലിം ബ്രദര്‍ഹുഡിന്റെ രഹസ്യരേഖയില്‍ കൃത്യമായി പറയുന്നുണ്ട്:(സംസ്‌കാരത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന ജിഹാദിനെ കുറിച്ച്. പാശ്ചാത്യ മതേതര സംവിധാനങ്ങളെ ഉപയോഗിച്ച്, അവയുടെ ഉള്ളില്‍ കടന്നുകൂടി, ആ സംവിധാനങ്ങളെത്തന്നെ തകര്‍ക്കുക എന്നതാണ് അവരുടെ രീതി. 'ഞങ്ങള്‍ സമാധാനപരമായ ഇസ്ലാമിക രാഷ്ട്രമാണ് ഉദ്ദേശിക്കുന്നത്' എന്ന് പറയുമ്പോള്‍, അവര്‍ ഉദ്ദേശിക്കുന്നത് ശരീഅത്ത് നിയമങ്ങള്‍ ലഘുവായ തോതില്‍ നടപ്പിലാക്കുന്ന ഒരു ഘട്ടമാണ്.

'ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം വരാന്‍ സാധ്യതയില്ല' എന്ന ആത്മവിശ്വാസം ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. 1940-കളില്‍ മുസ്ലിം ലീഗ് പാകിസ്ഥാന്‍ വാദം ഉയര്‍ത്തിയപ്പോള്‍, 'ഇതൊന്നും നടക്കില്ല' എന്ന് പറഞ്ഞവരായിരുന്നു ഭൂരിഭാഗം കോണ്‍ഗ്രസുകാരും. പക്ഷെ തെരുവില്‍ അക്രമം അഴിച്ചുവിട്ടും വിലപേശിയും അവര്‍ രാജ്യം വെട്ടിമുറിച്ചു. അന്ന് ലീഗിന് എല്ലാ മുസ്ലിങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നില്ല, പക്ഷെ 'സമുദായം അപകടത്തിലാണ്' എന്ന് വരുത്തിത്തീര്‍ത്ത് അവര്‍ വിജയിച്ചു. അതേ പാതയിലാണ് ഇന്നത്തെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും (നിരോധിക്കപ്പെട്ടെങ്കിലും ആശയം ബാക്കി) സഞ്ചരിക്കുന്നത്''- ആരിഫ്ഹുസെന്‍ തെരുവത്ത് വ്യക്തമാക്കുന്നു. ഒരു സംശയവും വേണ്ട കേരളീയ സമൂഹം അകറ്റിനിര്‍ത്തേണ്ട വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി.


വാല്‍ക്കഷ്ണം: കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ എന്ന് വിളിക്കുന്ന നല്ലൊരു വിഭാഗവും, ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടുന്ന അപകടകരമായ മത വാദത്തിനുനേരെ കണ്ണടയ്ക്കുകയാണ്. സംഘപരിവാറിനുനേരെ ഘോരഘോരം വിരല്‍ ചൂണ്ടുന്ന അവര്‍ ജമാഅത്തെ ഇസ്ലാമിയോടെ വളരെ മൃദുസമീപനമാണ് സ്വീകരിക്കാറുള്ളത്.