ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരത്തിനുടമയായ രാജ്യം. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17 ശതമാനം ഇവിടെയാണ്. 303 ബില്യന്‍ ബാരല്‍ വരുന്ന ക്രൂഡ് ഓയില്‍ ശേഖരം. ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗം. എന്നിട്ടും കൊടിയ പട്ടിണിയാണ് ഇവിടെ. ഒരു ചായ കുടിക്കണമെങ്കില്‍ ഒരു കെട്ട് നോട്ടുകൊടുക്കണം. നോട്ടിന് വിലയില്ലാതെ ജനം തീ കായാന്‍ ഉപയോഗിക്കുന്നുവെന്നത് അതിശയോക്തിയല്ല. അതാണ് ഹ്യഗോ ഷാവേസ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ തട്ടമായിരുന്ന, ഭൂമിയിലെ സ്വര്‍ഗമായി ഒരുകാലത്ത് കേരളാ സൈബര്‍ കമ്മികള്‍ വിശേഷിപ്പിച്ച വെനിസ്വേലയുടെ അവസ്ഥ!

ചോക്കുമലക്ക് മുകളില്‍ ഇരിക്കുന്നവന്‍ ഒരു കഷ്ണം ചോക്ക് തിരഞ്ഞതുപോലെയാണ് ഭാഗ്യം കെട്ട ആ നാടിന്റെ കാര്യം. കോടികളുടെ വിഭവങ്ങളുണ്ടായിട്ടും അവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് കഷ്ടപ്പെടുന്നു. ഇപ്പോള്‍ പ്രസിഡന്റ് നിക്കോളാണ് മഡുറോ എന്ന ഏകാധിപതിയെ, മയക്കുമരുന്ന് കടത്തിന്റെ പേരില്‍ അമേരിക്കന്‍ സേന പിടികൂടി പുച്ചയെ ചാക്കിലാക്കിയതുപോലെ കൊണ്ടുപോയതും ഇതേ രാജ്യത്തുനിന്ന് തന്നെ. വെനിസ്വേലയുടെ തകര്‍ച്ചയുടെ കഥ പറയുമ്പോള്‍ മഡൂറോ വില്ലനും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും മുന്‍ പ്രസിഡന്റുമായ ഹ്യൂഗോ ഷാവേസ് നായകനുമാവുന്ന കഥയാണ് പൊതുവെ കേള്‍ക്കാറുള്ളത്. പക്ഷേ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ ഷാവേസിനും അതില്‍ വില്ലന്റെ റോളാണ്. സത്യത്തില്‍ ഷാവേസ് സോഷ്യലിസമാണ് ആ രാജ്യത്തെ തകര്‍ത്തത്.




പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 1999-ല്‍ വെനസ്വേലയുടെ പ്രസിഡന്റായി നാല്‍പ്പത്തിനാലാം വയസില്‍ അവരോധിക്കപ്പെട്ടപ്പോള്‍ വെനിസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളില്‍ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു.

എണ്ണവില പെട്ടെന്നുയരാന്‍ തുടങ്ങുകയും കാലക്രമത്തില്‍ 100 ഡോളര്‍ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കാന്‍ എണ്ണപ്പണം ഷാവേസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ സന്തുഷ്ടരായി. തുടര്‍ന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഷാവെസ് തന്നെ വെനിസ്വേലയില്‍ ജയിച്ചു കയറി. യുഎസ് ഉപരോധം മൂലം വീര്‍പ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളര്‍ ഷാവെസിനു തുണയായി. സിമോണ്‍ ബൊളിവാറിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ബൊളിവാരിയന്‍ വിപ്ലവം' എന്ന സോഷ്യലിസ്റ്റ് പരിപാടിയിലൂടെ ദാരിദ്ര്യം കുറയ്ക്കാനായിരുന്നു ഷാവേസിന്റെ പരിപാടി. പക്ഷേ അത് അടപടലം പാളുകയാണ് ഉണ്ടായത്.

പാളിപ്പോയ ഷാവേസ് സോഷ്യലിസം

സത്യത്തില്‍ ഹ്യുഗോ ഷാവേസിന്റെ തെറ്റായ നയങ്ങള്‍തന്നെയാണ്, വെനിസ്വേലയെ ഈ രീതിയില്‍ പിറകോട്ട് അടുപ്പിച്ചത്. സ്വകാര്യകമ്പനികള്‍ ദേശസാത്ക്കരിക്കയും, സ്വകാര്യ സ്വത്ത് കുറക്കുകയും ചെയ്താല്‍ നാട്ടില്‍ തേനും പാലും ഒഴുകുമെന്ന, അടഞ്ഞ കമ്യൂണിസ്റ്റ് ചിന്താഗതിയാണ് വെനിസ്വേലയെ നശിപ്പിച്ചത്. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ ഷാവേസ് ഒറ്റയടിക്കാണ് ദേശസാല്‍ക്കരിച്ച്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റിയത്. 2003-ല്‍ ഷാവേസ് സര്‍ക്കാര്‍ എണ്ണക്കമ്പനിയിലെ പതിനായിരക്കണക്കിന് പ്രൊഫഷണല്‍ എന്‍ജിനീയര്‍മാരെ പിരിച്ചുവിട്ടു. പകരം വന്ന പാര്‍ട്ടിക്കാര്‍ക്ക് ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിവുണ്ടായിരുന്നില്ല. എല്ലായിടത്തും സ്വന്തം പാര്‍ട്ടിക്കാരെയും അനുയായികളെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിക്കയറ്റി. ഓയില്‍ കമ്പനികളെ തലപ്പത്തുപോലും, പാര്‍ട്ടിയുടെ സില്‍ബന്ധികളെ നിയമിച്ചു. എണ്ണ വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗം പുതിയ കിണറുകള്‍ കുഴിക്കാനും പഴയവ നന്നാക്കാനും മാറ്റിവെക്കണം. എന്നാല്‍ വെനിസ്വേല ഈ പണം മുഴുവന്‍ ജനപ്രിയ പദ്ധതികള്‍ക്കും മറ്റും ചിലവാക്കി. അതോടെ എണ്ണ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. പക്ഷേ ഒരു പ്രശ്നം വരുമ്പോഴേക്കും അമേരിക്കന്‍ വിരുദ്ധ പ്രസംഗം നടത്തിയാണ് ഷാവേസ് പിടിച്ചു നിന്നത്.

ആരെങ്കിലും കഷ്ടപെട്ടു വളര്‍ത്തിക്കൊണ്ട് വന്ന സ്വകാര്യ സ്വത്ത് തട്ടിപറിച്ച് എല്ലാവര്‍ക്കും എന്ന പേരില്‍ കുറച്ച് പേര്‍ വീതം വെച്ച് എടുക്കുന്ന, കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പതിവ് പരിപാടിയാണ് വെനിസ്വേലയിലും നടന്നത്. 2008-ല്‍, വെനിസ്വേലയിലെ ഏറ്റവും വലിയ ഉരുക്ക് ഉല്‍പ്പാദകരായ സിഡോറിനെ പിടിച്ചെടുക്കുമെന്ന് ഷാവേസ് ഭീഷണിപ്പെടുത്തിയിരുന്നു. കമ്പനിയുടെ ദേശസാല്‍ക്കരണത്തിന് ഓഹരി ഉടമകള്‍ 'അമിതമായ നഷ്ടപരിഹാരം' ആവശ്യപ്പെടുന്നുണ്ടന്നായിരുന്നു, അദ്ദേദഹത്തിന്റെ വാദം. ശമ്പളവും ആനുകൂല്യങ്ങളും കൂട്ടികൊണ്ട് ഷാവേസ് തൊഴിലാളികളെയും കൈയിലെടുത്തു.




അടുത്ത വര്‍ഷം, സിഡോറിന്റെ മാതൃ കമ്പനിയായ ടെര്‍നിയം എസ്എ, കമ്പനിയിലെ തങ്ങളുടെ 59.7 ശതമാനം ഓഹരികള്‍ വെനിസ്വേലയ്ക്ക് 1.97 ബില്യണ്‍ ഡോളറിന് വില്‍ക്കാന്‍ സമ്മതിച്ചു. അങ്ങനെ വെനിസ്വേലയിലെ ഏറ്റവും വലിയ ഉരുക്ക് മില്‍ സര്‍ക്കാര്‍ അന്തിമമാക്കി. അതിന്റെ ഫലമോ, ഉരുക്ക് ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. 2019 നവംബറില്‍, വെനിസ്വേലയുടെ ഉരുക്ക് ഉല്‍പ്പാദനം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. എല്ലാ വ്യവസായങ്ങള്‍ക്കും ഇതേ അവസ്ഥയായി. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലനിയന്ത്രണം വന്നതോടെ, ഒന്നും ഉല്‍പ്പാദിപ്പിക്കാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലാതായി. അതോടെ കരിഞ്ചത്ത കുതിച്ചുയര്‍ന്നു. കാര്‍ഷിക രംഗവും വ്യവസായങ്ങളും തകര്‍ന്നു തരിപ്പണമായി. പണപ്പെരുപ്പം അതിരൂക്ഷമായി. ചുരുക്കം പറഞ്ഞാല്‍ അമേരിക്കയുടെ ഉപരോധം വരുന്നതിന് മുന്‍പ് തന്നെ വെനിസ്വേല സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ന്നിരുന്നു.

പക്ഷേ ഷാവേസിന്റെ മരണത്തിനുശേഷം എണ്ണ പ്രതിസന്ധിയകൂടിണ്ടായതോടെ രാജ്യം ശരിക്കും കൂപ്പുകുത്തി. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്‌സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു. ശരിക്കും ഈ പ്രശ്നം ഉണ്ടാക്കിയത് ഷവേസിന്റെ തെറ്റായ നയങ്ങളാണ്. പക്ഷേ അതിന് വിലകൊടുക്കേണ്ടി വന്നത് മഡ്യൂറോയുമാണ്.

നാടുവിട്ടത് 80ലക്ഷത്തോളം

രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീര്‍ഘവീഷണത്തോടെയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതാണ് വെനിസ്വേലയുടെ പതനത്തിന് കാരണം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത മഡൂറോ, ഷാവേസിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ് വളര്‍ന്നത്. ഒരു യൂണിയന്‍ നേതാവായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന മഡുറോ, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും, കാരക്കാസില്‍ ബസ് ഡ്രൈവറായി ജോലി നോക്കുന്നതിനിടെ അദ്ദേഹം ഒരു മികച്ച സംഘാടകനായും ട്രേഡ് യൂണിയന്‍ നേതാവായും പേരെടുത്തു. 1990-കളുടെ അവസാനത്തില്‍ വെനസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായി മാറിയതോടെയാണ് മഡുറോയുടെ രാഷ്ട്രീയ ജീവിതം മാറിയത്. പിന്നെ വെച്ചടി കയറ്റമാണ്.

2006 മുതല്‍ 2013 വരെ വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഷാവേസിന്റെ 'ചാവിസ്‌മോ' എന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വക്താവായിരുന്നു അദ്ദേഹം. തന്റെ മരണത്തിന് മുന്‍പ് ഷാവേസ് തന്നെ മഡുറോയെ,പിന്‍ഗാമിയായി പ്രഖ്യാപിച്ചു. 2013-ല്‍ ഷാവേസിന്റെ മരണശേഷം മഡുറോ അധികാരം പിടിച്ചെടുത്തത് മുതല്‍ വെനസ്വേലയുടെ കഷ്ടകാലം ശക്തിപ്പെട്ടു.




'ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മഡുറോ'' എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന 2013ലെ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. 'ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മഡൂറോക്ക്' എന്നര്‍ഥം. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മഡൂറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴം. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല.പിന്നീട് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മഡൂറോയുടെ കാലിടറി. അയാളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. പക്ഷേ ഈ പ്രശ്‌നം മഡൂറോയുടെത് മാത്രമായിരുന്നില്ല. ഷാവേസ് തന്നെ സൃഷ്ടിച്ചതായിരുന്നു.

ഷാവേസിന്റെ കാലത്തെ ജനക്ഷേമ പദ്ധതികള്‍ മഡുറോയുടെ കാലത്ത് വന്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള വഴികളായി മാറി. പണപ്പെരുപ്പം 1,000,000% വരെയായി ഉയര്‍ന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ചാക്കില്‍ പണം കൊണ്ടുപോകേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ എത്തി. മഡുറോയുടെ ഭരണകൂട ഭീകരതയും പട്ടിണിയും ഭയന്ന് 80 ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ പലായനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കൊണ്ടല്ല വെനിസ്വേല തകര്‍ന്നതെങ്കിലും, തകര്‍ച്ചക്ക് ആക്കം കൂട്ടാന്‍ ഉപരോധത്തിനുമായി. മഡുറോയുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന വിമാനം പോലും അമേരിക്ക കണ്ടുകെട്ടി. തന്റെ പരാജയങ്ങള്‍ക്ക് കാരണം അമേരിക്കയുടെ ഉപരോധങ്ങളാണെന്ന് മഡുറോ ആവര്‍ത്തിക്കുമ്പോഴും, ഭരണകൂടത്തിന്റെ അഴിമതിയും അടിച്ചമര്‍ത്തലുമാണ് രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ പക്ഷം. നിഷ്പക്ഷമായ അപഗ്രഥിച്ചാല്‍ മനസ്സിലാവുക നാളിതുവരെയുള്ള തെറ്റായ നയങ്ങളാണ്, ഈ രാജ്യത്തെ തകര്‍ത്തത്. ഷാവേസ് വിതച്ചത്, കൊയ്തത് മഡൂറോയാണ്!

ഇത് എണ്ണക്കുവേണ്ടിയുള്ള യുദ്ധമോ?

വെനിസ്വേലയുടെ കാര്യം പറഞ്ഞ് വരുമ്പോള്‍തന്നെ കേരളത്തില്‍ ഇടതുപ്രൊഫൈലുകളടക്കം പറയുന്ന ഒരു പ്രധാനകാര്യം, എണ്ണക്കുവേണ്ടിയുള്ള യുദ്ധം എന്നാണ്. സത്യത്തില്‍ ഇതൊരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമാണ്. എണ്ണയല്ല, ഡ്രഗ് ട്രാഫിക്കിങ്ങാണ് അമേരിക്കയുടെ പ്രശ്നം.

വെനിസ്വേലയില്‍ നിലനില്‍ക്കുന്ന സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് കാര്‍ട്ടല്‍ ഡി ലോസ് സോളസ് അഥവാ സണ്‍ കാര്‍ട്ടല്‍ എന്ന എന്നത്. ഇതിന്റെ തലവന്‍ മഡൂറോയാണെന്നാണ് അമേരിക്ക പറയുന്നത്. സ്റ്റേറ്റ് സ്പോണ്‍സേഡ് ഡ്രഗ് കാര്‍ട്ടലാണ് ഇതെന്നാണ് അമേരിക്ക പറയുന്നത്. അതായത് ഒരു രാജ്യം തന്നെ മയക്കുമരുന്ന് കടത്തിന് നേതൃത്വം കൊടുക്കുക. കൊളംബിയയില്‍നിന്ന് എത്തുന്ന ഡ്രഗ്സിന്റെ വിതരണമാണ് സൈന്യത്തിലെ ജനറല്‍മാരും, മൂന്‍ ഇടതുപക്ഷ തീവ്രവാദികളും, മയക്കുമരുന്ന് രാജക്കാന്‍മ്മാരും അടങ്ങുന്ന സണ്‍ കാര്‍ട്ടല്‍ നടത്തുന്നത്. ഇനി അതിനേക്കാള്‍ ഭീകരം, ഹിസ്ബുള്ളയും, ഹൂത്തികളും എന്തിന് ഐസിസ് അടക്കമുള്ള ഇസ്ലാമിക ഗ്രൂപ്പുകളുമായി ഈ ഡ്രഗ് കാര്‍ട്ടല്‍ സഹകരിക്കുന്നുവെന്നതാണ്. സിറിയ, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പോവുന്ന ഒരു നെറ്റ്വര്‍ക്കാണിത്. ഇതിന്റെ ഒരു ഭാഗം ലഷ്‌ക്കറേ ത്വയിബയിലേക്കും, ജെയ്ഷേ മുഹമ്മദിലേക്കുംവരെ എത്തുന്നുണ്ട് എന്ന് പറയുന്നത്. അതായത് നമ്മുടെ കാശ്മീരിനെ വരെ ഡ്രഗ് മണി ബാധിക്കുന്നു.




2020 മാര്‍ച്ച് 26-നാണ് അമേരിക്കന്‍ കോടതി വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡുറോക്കും മറ്റ് ഉയര്‍ന്ന അഫീഷ്യലുകള്‍ക്കും എതിരെ അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെതിരെ കേസ് എടുത്തത്. അമേരിക്കയുടെ നാര്‍ക്കോട്ടിക്ക് റിവാഡ് പ്രോഗ്രാം എന്ന സ്‌കീമില്‍ മഡൂറെയെ പിടിക്കാനുള്ള വിവരത്തിന് 15 മില്യണ്‍ ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് വന്നെ ജോ ബൈഡന്‍ സര്‍ക്കാരും ഇതേ നടപടികള്‍ തുടര്‍ന്നു. അതായത് ട്രംപിന് പെട്ടന്നുണ്ടായ ബോധോദയമല്ല ഇത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെളിയിക്കപ്പെട്ട എണ്ണ നിക്ഷേപം ഉള്ള രാജ്യം വെനസ്വേലയാണ്. സൗദി അറേബ്യയേക്കാള്‍ കൂടുതല്‍ നിക്ഷേപം വെനസ്വേലയ്ക്കുണ്ട്. പക്ഷേ എണ്ണയുടെ ഗുണ നിലവാരം പ്രധാനമാണ്. എല്ലാ എണ്ണയും ഒരുപോലെയല്ല. സൗദി അറേബ്യയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഒക്കെ ലഭിക്കുന്ന എണ്ണ ലൈറ്റ് ക്രൂഡ് എന്ന കാറ്റഗറിയിലാണ് അറിയപ്പെടുന്നത്. എന്നുവച്ചാല്‍ കുഴിച്ചെടുക്കാനും പമ്പ് ചെയ്യാനും റിഫൈന്‍ ചെയ്യാനും ഒക്കെ താരതമ്യേന എളുപ്പമാണ്. അതേസമയം വേനിസ്വിലയിലെ എണ്ണ സള്‍ഫര്‍ കൂടിയ കട്ടിയുള്ള ടാര്‍ പോലെയുള്ള എണ്ണയാണ്. അത് ശുദ്ധീകരിക്കാന്‍ ചിലവ് വളരെ കൂടുതലാണ്. എക്സ്ട്രാ ഹെവി ക്രൂഡ് എന്നാണ് ഈ കാറ്റഗറി എണ്ണയെ വിളിക്കുന്നത്.. ഈ കട്ടിയുള്ള എണ്ണ ഒഴുക്കാന്‍ പാകത്തിന് പതപ്പിക്കാന്‍ പ്രത്യേക രാസവസ്തുക്കള്‍ ആവശ്യമാണ്.

ഇതിന് അമേരിക്കയെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഉപരോധം വന്നതോടെ ഈ സാങ്കേതിക സഹായം നിലച്ചു. അതും വേനസ്വേലയുടെ തിരിച്ചടിക്ക് ആക്കം കുട്ടി. മാത്രമല്ല, യു എ ഇ യും, സൗദി അറേബ്യയും ഒക്കെ തങ്ങള്‍ എണ്ണ വിറ്റു കിട്ടുന്ന പണം സൊവീറിന്‍ വെല്‍ത്ത് ഫണ്ട് ആയി ഭാവി തലമുറയ്ക്കായി വലിയ നിക്ഷേപങ്ങള്‍ ആക്കി മാറ്റി. വെനിസ്വല ആകട്ടെ, കിട്ടിയ പണം എല്ലാം അപ്പോള്‍ തന്നെ പുട്ടടിച്ചു തീര്‍ത്തു. സൗദിയിലെ അരാംകോ പോലെയുള്ള എണ്ണ കമ്പനികള്‍ ലോകോത്തര പ്രൊഫഷനുകളെ വച്ചാണ് കമ്പനി നടത്തുന്നത്. വെനിസ്വലയില്‍ ആകട്ടെ പാര്‍ട്ടി ഭരണവുമാണ്. ഇപ്പോള്‍ ട്രംപ് പറയുന്നത്, ഇനി അമേരിക്കന്‍ കമ്പനികള്‍ അടക്കം വെനിസ്വേലയില്‍ ഖനനം നടത്തുമെന്നാണ്. ഇതോടെ ഫലത്തില്‍ ആ രാജ്യത്തിന്റെ പട്ടിണി മാറുകയാണ് ചെയ്യുക. പ്രൊഫഷണലായ യുഎസ് കമ്പനികള്‍ വരുന്നതോടെ, ഇപ്പോഴത്തെ അപരിഷ്‌കൃത രൂപം മാറി എണ്ണ ഖനനം ഊര്‍ജിതമാവും. ഒരുപാട് പേര്‍ക്ക്് തൊഴിലും പരോക്ഷ വരുമാനവും കിട്ടും. പതുക്കെ വിപണി സജീവമാവും. അങ്ങനെ വെനിസ്വേല പട്ടിണിയില്‍നിന്ന് മോചനമാവുന്നതിനെയും, നമ്മുടെ നാട്ടില്‍ ചൂഷണം എന്നാണ് വിളിക്കുക!

ഷാവേസിന് കാന്‍സറുണ്ടാക്കിയതും യുഎസ്!

എല്ലാറ്റിനും പിന്നില്‍ അമേരിക്കയാണെന്ന് ആരോപിക്കുക, ഹ്യുഗോ ഷാവേസിന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ അമേരിക്കന്‍ വിരുദ്ധത ആളിക്കത്തിച്ചാണ് അദ്ദേഹം ആ രാജ്യത്ത് പിടിച്ചുനിന്നത്. ( പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ നോക്കുക. അവര്‍ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കുന്നു) ഷാവേസ് മരിച്ചിട്ടും ഈ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അവസാനിച്ചില്ല. അമേരിക്കയാണ് ഷാവേസിന് കാന്‍സര്‍ ഉണ്ടാക്കിച്ചത് എന്നുപോലും വാര്‍ത്തകള്‍ വന്നു!

ഷാവേസിന്റെ കാന്‍സര്‍ സ്വാഭാവികമല്ലെന്നും അമേരിക്കയുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും മഡുറോ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചിരുന്നു. ഒരു പതിറ്റാണ്ടിനിടെ കാന്‍സര്‍ രോഗബാധിതനാകുന്ന അഞ്ചാമത്തെ ലാറ്റിനമേരിക്കന്‍ ഇടത് നേതാവാണ് ഷാവേസെന്നാണ് അവര്‍ പറഞ്ഞത്. അമേരിക്കന്‍ അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ ഇവ ഗോലിങ്കറെ പോലുള്ളവരും ഇതേകാര്യം പ്രചരിപ്പിക്കുന്നു. ദ ഷാവേസ് കോഡ് എന്ന പുസ്തകത്തിലുള്‍പ്പടെ ഇക്കാര്യം അവര്‍ വിശദീകരിക്കുന്നുണ്ട്. 2006ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് വെനസ്വേലയ്ക്കും ക്യൂബയ്ക്കുമായി 'ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ ഇന്റലിജന്‍സി'ന് കീഴില്‍ ഒരു പ്രത്യേക 'മിഷന്‍ മാനേജരെ' നിയമിച്ചിരുന്നതായി ഇവ പറയുന്നു.


ഷാവേസിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയ ഈ എലീറ്റ് ഇന്റലിജന്‍സ് യൂണിറ്റ്, കൊളംബിയയിലെ ഒരു ഇന്റലിജന്‍സ് സെന്റര്‍ കേന്ദ്രീകരിച്ചാണ് രഹസ്യദൗത്യങ്ങള്‍ നയിച്ചിരുന്നത്. ഷാവേസിന്റെ മരണശേഷം അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില അനുയായികള്‍ രാജ്യം വിടുകയും അമേരിക്കയില്‍ അഭയം നേടുകയും ചെയ്തിരുന്നു.





ഷാവേസിന്റെ സഹചാരിയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ലീംസി സലാസാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌പെയിന്‍ വഴി അമേരിക്കയിലെത്തിയത് അമേരിക്കന്‍ ഏജന്‍സിയായ ഡിഇഎയുടെ വിമാനത്തിലായിരുന്നു. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് കൊളംബിയയിലെ എലീറ്റ് യൂണിറ്റിലെ ഏജന്റുമാരായിരുന്നു. സലാസാര്‍ ഉള്‍പ്പടെയുള്ളവരെ ഉപയോഗിച്ച് ഉയര്‍ന്ന റേഡിയേഷനിലൂടെയോ മറ്റേതെങ്കിലും, രീതികളിലൂടെയോ ഷാവേസിനെ രോഗബാധിതനാക്കിയതാകാമെന്നാണ് ഇവ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യരേഖകള്‍ പ്രകാരം, രാഷ്ട്രീയ ശത്രുക്കളെ വധിക്കുന്നതിനായി കുത്തിവെക്കാവുന്ന റേഡിയേഷന്‍ ആയുധങ്ങള്‍ 1948 മുതല്‍ക്കേ അവര്‍ വികസിപ്പിക്കുന്നുണ്ട്. കെന്നഡി വധത്തെക്കുറിച്ച് അന്വേഷിച്ച ചര്‍ച്ച് കമ്മീഷന്‍ ഹൃദയാഘാതവും സോഫ്റ്റ് ടിഷ്യൂ ക്യാന്‍സറുകളും ഉണ്ടാക്കാന്‍ സി.ഐ.എ വികസിപ്പിച്ചെടുത്ത കൊലയാളി ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഷാവേസിന്റെ മരണകാര്യവും മാരകമായ സോഫ്റ്റ്ടിഷ്യു കാന്‍സറായിരുന്നു. അത് അമേരിക്ക ഉണ്ടാക്കിയതാണെന്നാണ് ദ ഷാവേസ് കോഡ എന്ന പുസ്തകത്തിലെ വാദം.

കാര്യം ശരിയാണ്. അമേരിക്കക്ക് നിരന്തര ഭീഷണിയായിരുന്നു ഷാവേസ്. അദ്ദേഹത്തെ അട്ടിമറിക്കാന്‍, അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ നീക്കം നടത്തിയിട്ടുമുണ്ടാകും. പക്ഷേ നിരന്തരമായ റേഡിയേഷന്‍ അടുപ്പിച്ച് ഒരു വ്യക്തിയെ കാന്‍സര്‍ ബാധിതനാക്കി കൊല്ലുക എന്നത് സയന്‍സ് ഫിക്ഷന്‍ നോവലിലേത്് പോലെയാണ് എന്നാണ്, ഷാവേസിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിച്ച ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി ഇയാന്‍ മക്കി എഴുതിയത്. മാത്രമല്ല, വെനസ്വേലയിലെയും, ക്യൂബയിലെയും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും, ഷാവേസിന് അര്‍ബുദം ഉണ്ടായതില്‍ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ എന്നിട്ടും നമ്മുടെ നാട്ടില്‍വരെ ഈ കോസ്പിരസി തിയറികള്‍ നന്നായി വിറ്റുപോവുന്നു.

വാല്‍ക്കഷ്ണം: സത്യത്തില്‍, തെറ്റായ കമ്യൂണിസ്റ്റ് നയങ്ങള്‍ എങ്ങനെ ഒരു രാജ്യത്തെ തകര്‍ത്തു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വെനസ്വേല. സിങ്കപ്പൂരിന് സമനമായി സമ്പന്നമാക്കാമായിരുന്നു, ആ രാജ്യത്തെ ഈ രീതിയില്‍ തകര്‍ത്തത് അമേരിക്കയല്ല. തെറ്റായ സാമ്പത്തിക നയങ്ങളാണ്. അവിടെയാണ് ചൈനയെ പ്രസ്‌കതി. അവര്‍ കമ്യൂണിസം വിട്ട്, ചൈനീസ് സോഷ്യലിസം എന്ന ഓമനപ്പേരില്‍ ക്യാപിറ്റിലിസം നടപ്പാക്കി മുന്നേറുന്നു!