- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കാശ്മീർ മുതൽ കന്യാകുമാരിവരെ രജനി തരംഗം; ഹിന്ദിയിൽ റെക്കോർഡ് തകർത്ത ഗദ്ദർ 2; എതിർപ്പിനിടയിലും വിജയിച്ച ഒഎംജി 2; പാൻ ഇന്ത്യ സിനിമകൾ ഉണ്ടാക്കി കന്നഡയും തെലുങ്കും; തീയേറ്റുകളും മൾട്ടി പ്ലക്സുകളും നിറഞ്ഞ് കവിയുന്നു; 10 വർഷത്തിനിടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ആൾക്കൂട്ടം; ദക്ഷിണേന്ത്യ ഇന്ത്യൻ സിനിമയെ നയിക്കുമ്പോൾ!
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ സിനിമ കണ്ടത് ഈ മാസമാണ്. അതായത് 2023 ഓഗസ്റ്റിൽ! മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എംഎഐ), പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും നൽകുന്ന കണക്കുകൾ അനുസരിച്ച് ഈ മാസം 10 കോടിപേരാണ് ഈ മാസം തീയേറ്റിലേക്ക് എത്തിയത്. ഒടിടി റിലീസിന്റെയും, സാറ്റലൈറ്റ് ചാനലുകളുടെയും വ്യാപനം കാരണം തകർന്നുപോവുമെന്ന് കരുതിയ ഇന്ത്യൻ തീയേറ്റർ വ്യവസായത്തിന് ഈ മാസം പുതിയ ഉണർവ് വന്നിരിക്കയാണ്. അതിന് കാരണക്കാരനായത് അവട്ടെ, രജനീകാന്ത് എന്നേ ഒരേ ഒരു നടനും. ഈ 73ാം വയസ്സിൽ സ്റ്റെൽ മന്നൻ എടുത്ത ജയിലർ സിനിമ ഇന്ത്യയൊട്ടാകെ തരംഗം തീർക്കയാണ്.
ജയിലർ, ഗദർ 2, ഒഎംജി 2 , ഭോല ശങ്കർ തുടങ്ങിയ സമീപകാല റിലീസുകൾ ഒന്നിച്ച് 1000 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ചെയ്തതായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും അറിയിച്ചു. ''100 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ സിനിമാ വ്യവസായത്തിന് കഴിഞ്ഞ വാരാന്ത്യം എക്കാലത്തെയും തീയേറ്റർ ഗ്രോസ് ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചു. വാരാന്ത്യത്തിൽ രാജ്യത്തുടനീളമുള്ള 2.10 കോടി സിനിമാ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു, ഇത് കഴിഞ്ഞ 10 വർഷത്തെ ചരിത്രത്തിലെ റെക്കോർഡ് കൂടിയാണിത്.'' മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കമൽ ജിയാൻ ചന്ദാനി ബിസിനസ് ടുഡേയോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തോളമായി വൻ ഹിറ്റുകളില്ലാതെ പ്രയാസപ്പെട്ടിരുന്ന കേരളത്തിലെ അറുനൂറോളം തീയേറ്ററുകളെയും ജയിലർ രക്ഷിച്ചു. ഇപ്പോൾ ആർഡിഎക്സ് എന്ന ഹിറ്റ പടം കൂടിയായതോടെ കേരളത്തിലെ തീയേറ്റുകളും നിറഞ്ഞ് കവിയുകയാണ്. ഇടക്കാലത്ത് ഈച്ചയാട്ടിയിരുന്ന ഇന്ത്യയിലെ തീയേറ്റർ വ്യവസായം ഇപ്പോൾ ലാഭത്തിലേക്ക് കുതിക്കയാണ്. അതിന് നന്ദി പറയേണ്ടത് ദക്ഷിണേന്ത്യൻ സിനിമയോടാണ്.
രജനി തന്നെ സൂപ്പർ സ്റ്റാർ!
തെക്കേ ഇന്ത്യൻ സിനിമ തന്നെയാണ്, ഇന്ത്യൻ ചലച്ചിത്രലോകത്തെ നയിക്കുന്നത് എന്ന് ഒന്നുകൂടി അടിവരയിടുത്തായിരുന്നു ഈ ഓഗസ്റ്റ് മാസവും. ഇപ്പോൾ ഇന്ത്യയിൽ മൊത്തം തീയേറ്ററുകളിൽ ആളെ നിറച്ചത്, ഇന്ത്യയിലെ സൂപ്പർ താരങ്ങളുടെ സൂപ്പർ താരം എന്ന് അറിയപ്പെടുന്ന സാക്ഷാൽ രജനികാന്താണ്. വെറും മൂന്നാഴ്ച കൊണ്ട് ആഗോള തലത്തിൽ 600 കോടി രൂപയാണ് ജയിലറിന്റെ കളക്ഷൻ. മലയാളത്തിലും ചിത്രം 50 കോടി നേടി. ഇന്ത്യയുടെ അല്ല, ലോക സിനിമയുടെ ചരിത്രം തന്നെയെടുത്താൽ ഇത്രമേൽ ആരാധകരുള്ള ഒരു നടൻ വേറെയുണ്ടാവില്ല. അമേരിക്കയിലും, ചൈനയിലും, ശ്രീലങ്കയിയിലും, മലേഷ്യയിലും, സിങ്കപ്പൂരിലും, യൂറോപ്പിലുമൊക്കെ രജനി പടങ്ങൾ റിലീസ് ചെയ്യപ്പെടുന്നു.ഇന്ത്യയിലാവട്ടെ കാശീമീർ മുതൽ കന്യാകുമാരിവരെ ജയിലർ ആഘോഷിക്കപ്പെട്ടു. യന്തിരൻ 2വിന്റെയം പൊന്നിയിൻ സെൽവന്റെയും റെക്കോർഡ് തകർത്ത്, തമിഴിലെ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രമായും, നെൽസൻ ഒരുക്കിയ ജയിലർ മാറും. മലയാളത്തിൽനിന്ന് മോഹൽലാലും, അതിഥിതാരമായി എത്തി കൈയടി നേടി.നേരെത്ത കമലിന്റെ വിക്രവും ഹിന്ദി ബെൽറ്റിലടക്കം വലിയതോതിൽ സ്വീകാര്യത നേടിയിരുന്നു.
കർണ്ണാടകത്തിലെ ബസ് കണ്ടക്ടറായ ശിവാജി റാവു ഗേയ്ക്ക് വാദ,് തമിഴ് സിനിമയുടെ പ്രിയപ്പെട്ട രജനീകാന്ത് ആയത് ഏറെ കഷ്ടപ്പെട്ടിട്ടാണ്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തന്റെ സൂപ്പർ താര പദവി നിലനിർത്തിപ്പോവുകയായിരുന്ന ഈ നടന് പക്ഷേ സമീപകാലത്തായി ചില തിരിച്ചടികൾ കിട്ടി. സമീപാകാലത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒന്നും പഴയതുപോലെ ഹിറ്റായിരുന്നില്ല. അവസാനം 2021ൽ ഇറങ്ങിയ അണ്ണാത്തെ എന്ന സിനിമയൊക്കെ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ആയിരുന്നു.
അതുകൊണ്ടുതന്നെ ഒരു വിഭാഗം മാധ്യമങ്ങൾ രജനി എന്ന താരത്തിന് ചരമക്കുറിപ്പ് എഴുതിയിരുന്നു. പ്രായാധിക്യവും അനാരോഗ്യവുംമൂലം രജനി ഫാൻസിനുപോലം അദ്ദേഹത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ നഷ്ടമായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പോലും അദ്ദേഹം ഉപേക്ഷിച്ചത് അനാരോഗ്യം മൂലമായിരുന്നു. അതുകൊണ്ടുതന്നെ ഈ 73ാം വയസ്സിൽ ജയിലർ എന്ന പുതിയ സിനിമയുമായി രജനി എത്തുമ്പോൾ ആശങ്കപ്പെട്ടവരും ഏറെയാണ്. പക്ഷേ എല്ലാ ആശങ്കകളും തള്ളി ചിത്രം മരണമാസ്സായി. ഇപ്പോൾ ഇന്ത്യ മുഴുവൻ രജനി തരംഗമാണ്. അമിതബച്ചന്റെ പ്രതാപകാലത്തുപോലും, ഇതുപോലെ ഒരു തരംഗം ഇന്ത്യ കണ്ടിട്ടില്ല.
പഠാന്റെ റെക്കോർഡ് ഗദ്ദർ തകർക്കുമോ?
ഇപ്പോൾ ഹിന്ദിയിൽ ഹിറ്റായ ഗദ്ദർ യുവാക്കളെ തീയേറ്ററിൽ തിരിച്ചുകൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ബോളിവുഡിലെ 2023ലെ ഏറ്റവും അപ്രതീക്ഷിതമായ ബ്ലോക്‌ബസ്റ്റർ ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരം മാത്രമേ ഉള്ളൂ, ഗദ്ദർ 2. ശരിക്കും ബോളിവുഡിൽ സൈഡ് ചെയ്യപ്പെട്ടിരുന്ന സണ്ണി ഡിയോൾ എന്ന 90കളിലെ സൂപ്പർ താരത്തിന് ഗംഭീരമായ ഒരു തിരിച്ചുവരവാണ് ചിത്രം നൽകിയിരിക്കുന്നത്. ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം. ഇങ്ങനെപോവുകയാണെങ്കിൽ ഈ ചിത്രം ഷാറൂഖ് ഖാന്റെ പഠാന്റെ റെക്കോർഡും തകർക്കുമെന്നാണ് അറിയുന്നത്.
1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ൽ ഇറങ്ങിയ ഗദർ. താര സിങ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വർഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദ്ദർ 2വിന്റെ കഥ തന്തു. ശരിക്കും ഒന്നാം ഭാഗത്തിന്റെ തുടർച്ച എന്ന നിലയിൽ തന്നെയാണ് അനിൽ ശർമ്മ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കാൻ വേണ്ടി വർഷങ്ങളായി അനിൽ ശർമ്മ ശ്രമം നടത്തുന്നു. എന്നാൽ ഏതാണ്ട് പൂർണ്ണമായി താര പദവി നഷ്ടപ്പെട്ട സണ്ണി ഡിയോളിനെ നായകനാക്കിയും, സിനിമ വിട്ട അമീഷ പട്ടേലിനെ നായികയാക്കിയും പടം എടുക്കാൻ പ്രധാന പ്രൊഡക്ഷൻ കമ്പനികളോ സ്റ്റുഡിയോകളോ തയ്യാറായില്ല. ഒടുവിൽ സംവിധായകൻ തന്നെ നിർമ്മാണവും ഏറ്റെടുത്തു. 80 കോടി ചെലവിലാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
ഷാരൂഖ് അഭിനയിച്ച പഠാൻ മാത്രമാണ് കളക്ഷനിൽ ഗദ്ദർ 2ന് മുന്നിൽ ഉള്ളത്.എന്നാൽ പഠാന് 250 കോടിക്ക് അടുത്താണ് നിർമ്മാണ ചെലവ്. അതേ സമയം ഗദ്ദർ 2 ബോളിവുഡിൽ പുതിയ ട്രെന്റിന് തുടക്കമിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപകമാണ്. അതായത് 20, 30 കൊല്ലം മുൻപ് വൻ ഹിറ്റായ ഹിന്ദി ചിത്രങ്ങളുടെ രണ്ടാം ഭാഗം എന്നതാണ് ഇപ്പോൾ ഉയരാൻ പോകുന്ന ട്രെന്റ്. 30 വർഷം മുൻപ് ഇറങ്ങിയ സുഭാഷ് ഖായി സംവിധാനം ചെയ്ത ഖൽനായക്കിന് എന്തായാലും രണ്ടാം ഭാഗം വരും എന്ന് ഉറപ്പായിട്ടുണ്ട്. ബോർഡർ സിനിമയ്ക്കും രണ്ടാം ഭാഗം ഗൗരവമായി ആലോചിക്കുന്നു എന്നാണ് വിവരം. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ കാര്യം വ്യക്തമാക്കിയത്. ബോളിവുഡിൽ രണ്ടാം ഭാഗം ഒരു പുതിയ കാര്യം അല്ല. അടുത്തിടെയായി വിജയിക്കുന്ന ചിത്രങ്ങളുടെ അതേ ടീം അല്ലെങ്കിൽ പ്രൊഡക്ഷൻ കമ്പനി അതിന്റെ പേരിൽ 2 എന്ന് ഇട്ട് പടം എടുക്കാറുണ്ട്. എന്നാൽ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും എന്നതല്ലാതെ അവ പലപ്പോഴും ബന്ധം ഉണ്ടാകാറില്ല. ഉദാഹരണമായി ബൂൽബുലയ്യ, മണിചിത്രതാഴിന്റെ റീമേക്കായി വൻ ഹിറ്റായ ബൂൽബുലയ്യ സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. എന്നാൽ ബൂൽബുലയ്യ 2 സംവിധാനം ചെയ്തത് അനീസ് ബസ്മിയാണ്. എന്നാൽ നിർമ്മാതാക്കൾ ടി സീരിസ് തന്നെ.
ഇത്തരത്തിൽ ആയിരിക്കില്ല ഇനി ഗദ്ദർ 2 വിജയത്തിന് ശേഷം വരുന്ന രണ്ടാം ഭാഗങ്ങൾ എന്നാണ് സൂചന. നേരിട്ട് കഥയുടെ തുടർച്ചയായി രണ്ടാം ഭാഗം ഒരുക്കാനാണ് ശ്രമങ്ങൾ. കുറേക്കാലം ബയോപിക് ചിത്രങ്ങൾക്ക് പിന്നാലെ പോയ ബോളിവുഡ്, പിന്നീട് റീമേക്ക് ചിത്രങ്ങൾക്ക് പിന്നാലെയായിരുന്നു. ഇതേ രീതിയിലാകുമോ രണ്ടാം ഭാഗ തരംഗവും എന്നതാണ് ചർച്ച മുറുകുന്നത്. ഗദ്ദറിന്റെ വിജയമാണ് ഈ ചർച്ചകൾക്കൊക്കെ വഴിയിട്ടത്.
എതിർപ്പിനിടയിലും വിജയിച്ച ഒഎംജി 2
ഗദ്ദർ 2വിനെപ്പോലെ മറ്റൊരു സിനിമുടെ രണ്ടാം ഭാഗവും ഹിന്ദിയിൽ തരംഗം തീർക്കയാണ്. അതാണ് അക്ഷയ്കുമാറിന്റെ ഒഎംജി 2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുകയും ഏറ്റവും കൂടുതൽ നികുതി കൊടുക്കുകയും ചെയ്യുന്ന നടനാണ് അക്ഷയ്കുമാർ. കറകളഞ്ഞ ദേശീയവാദിയും തികഞ്ഞ മോദി ഫാനുമായി അറിയപ്പെടുമ്പോഴും, പലപ്പോഴും തീവ്ര ഹിന്ദുത്വ സംഘടനകളുടെ നിശിത വിമർശനങ്ങൾക്കും അക്ഷയ് പാത്രമായിട്ടുണ്ട്. നേരത്തെ പൃഥ്വീരാജ് ചൗഹാൻ എന്ന അദ്ദേഹത്തിന്റെ സിനിമയും ഏറെ വിവാമായിരുന്നു. അതിനുനേരെയും ചില പരിവാർ സംഘടനകളും ജാതി സംഘടനകളും വാളെടുത്തിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ , 'ഓ മൈ ഗോഡ്-2' പുറത്തിറങ്ങിയപ്പോൾ, അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ സമ്മാന പ്രഖ്യാപിക്കയാണ് ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടന ചെയ്തത്. ചിത്രം ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആഹ്വാനം.
പക്ഷേ ഈ വിവാദങ്ങൾക്കിടയിൽ ചിത്രം സാമ്പത്തികമായി വിജയിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്, അക്ഷയ് ഒരു പൈസ പോലും വാങ്ങാതെയാണ് അഭിനയിച്ചതെന്നം ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു. 'ഒഎംജി 2-വിന്റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ' അജിത് പറഞ്ഞു.
സംഘപരിവാർ സഹയാത്രികൻ എന്ന് അറിയപ്പെടുന്ന അക്ഷയ്കുമാർ അതൊന്നും നോക്കാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഒഎംജി ഒന്നാം കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ ശിവനായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. സെൻസർ ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ശിവന്റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.
സെൻസർ ബോർർഡ് നിർദ്ദേശിച്ച 27 കട്ടുകൾക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.2012ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ചിത്രമായ 'ഓ മൈ ഗോഡ്'ന്റെ തുടർച്ചയാണ് 'ഓ മൈ ഗോഡ് 2'. ആക്ഷേപ ഹാസ്യ വിഭാഗത്തിലുള്ളതാണ് സിനിമ. ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാർ സിനിമയിൽ എത്തുന്നത്. സെക്സ് എഡ്യൂക്കേഷനെ കുറിച്ചാണ് സിനിമയിൽ സംസാരിക്കുന്നത്. സെൻസർ ബോർഡുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ചിത്രം തീയേറ്ററിലെത്തിയത്. ടീസർ റിലീസ് ചെയ്തത് മുതൽ ചിത്രത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സെക്‌സ് എഡ്യൂക്കേഷനും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം. ഒടുവിൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
ചിത്രത്തിലെ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം മാറ്റിയിരുന്നു. ശിവന്റെ അവതാരമായാണ് അക്ഷയ് കുമാറിനെ ആദ്യം ചിത്രത്തിൽ അവതരിപ്പിച്ചത് . ഇപ്പോൾ ശിവൻ മാറ്റി മെസെഞ്ചർ ഓഫ് ഗോഡ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ശിവന്റെ പ്രതിരൂപമായി എത്തുന്ന അക്ഷയ് കുമാർ ചിത്രത്തിൽ മദ്യപിക്കുന്ന രംഗങ്ങളും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെയും സ്വയംഭോഗത്തെയും പറ്റി പരാമർശിക്കുന്ന ചിത്രത്തിൽ നിന്നും നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപണം ഉയർന്ന് എല്ലാ ദൃശ്യങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കാൻ സെൻസർബോർഡ് ആവശ്യപ്പെടുകയായിരുന്നു. മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വെട്ടിമാറ്റി. ഒരു പരസ്യബോർഡിൽ നിന്ന് കോണ്ടത്തിന്റെ പോസ്റ്റർ നീക്കംചെയ്തു.
സംഭാഷണങ്ങളിലെ ശിവലിംഗം, ഭഗവദ്ഗീത, ഉപനിഷത്ത്, അഥർവവേദം, ദ്രൗപദി, പാണ്ഡവൻ, കൃഷ്ണൻ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ആദ്യം ഉജ്ജയിനി കേന്ദ്രീകരിച്ച് ആരംഭിച്ച ചിത്രം ഇപ്പോൾ ഒരു സാങ്കൽപ്പിക സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയത്. രണ്ട് മണിക്കൂറും മുപ്പത്തിയാറു മിനിറ്റുമാണ് ഇപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം.
അമീർഖാന്റെ പി കെക്കുശേഷം മതങ്ങളെ ഈ രീതിയിൽ വിമർശിക്കുന്ന ഒരു ചിത്രം ഹിന്ദിയിൽ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് അസാമാന്യ ധൈര്യം വേണം ഇതുപോലെ ഒരു പടം പിടിക്കാൻ. അക്ഷയ്കുമാർ ആവട്ടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മതവുമായി കൂട്ടിക്കെട്ടരുത് എന്ന് നിരന്തരമായി ആവശ്യപ്പെടുന്ന നടനുമാണ്. ഇടതു പ്രൊഫൈലുകൾ നിരന്തരം സംഘിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഒരു നടനാണ് ഇതുപോലെ ഒരു ചിത്രം ചെയ്യുന്നത് എന്നോർക്കണം. ഇത്രയേറെ എതിർപ്പുണ്ടായിട്ടും, ചിത്രത്തിന് തീയേറ്റിൽ ആളകൂട്ടാനാവുന്നുണ്ട്.
തെലുങ്കിനും ഇരട്ടിമധുരം
101 കോടി മുതൽ മുടക്കി എത്തിയ ചിരഞ്ജീവി നായകനായെത്തിയ തെലുങ്കു ചിത്രം ഭോല ശങ്കർ മാത്രമാണ് ഓഗസ്റ്റ് റിലീസുകളിൽ ക്ലിക്കാവാതെ പോയത്. രജീനികാന്തിന്റെ ജയിലറിനൊപ്പം റിലീസ് ചെയ്തതാണ് ഭോല ശങ്കറിന് കൂടുതൽ വിനയായത്. ആദ്യദിനത്തിൽ തന്നെ ജയിലർ ആന്ധ്രയിലേയും തെലങ്കാനയിലേയും കളക്ഷനിൽ ഭോല ശങ്കറിനെ പിന്നിലാക്കി. ആദ്യ നാല് ദിനങ്ങൾ കൊണ്ട് 32 കോടി രൂപയാണ് ജയിലർ ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി നേടിയത്. അജിത് നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമെയ്‌ക്കാണ് ഭോല ശങ്കർ. മെഹർ രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷേ ഈ പരാജയത്തിനിടയിലും പ്രതീക്ഷയേറെയുള്ള ഒരുപാട് ചിത്രങ്ങൾ തെലുങ്കിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും നിലവാരമില്ലാത്ത ചിത്രങ്ങൾ ഇറങ്ങുന്നുവെന്ന പഴി ഏറെ കേട്ട ഇൻഡസ്ട്രിയാണ് തെലുങ്ക്. എന്നാൽ രാഗോപാൽ വർമ്മയും, രാജമൗലിയും അടങ്ങുന്ന ഒരു പറ്റം സംവിധായകൻ ആ ഇൻഡസ്ട്രിയുടെ അലകും പിടിയും മാറ്റി. ചിരംഞ്ജീവിയും, സഹോദരൻ പവൻ കല്യാണും മാത്രമല്ല, ജൂനിയർ എൻ ടി ആറും, ചിരഞ്ജീവിയുടെ മകൻ രാം ചരൺ തേജയും, ബാഹുബലി പ്രഭാസും, അല്ലുഅർജുനും അടക്കമുള്ള ധാരാളം താരങ്ങൾ ഇപ്പോൾ തെലുങ്കിൽ ഉയർന്നുവരികയാണ്. ഇവർ എല്ലാം പാൻ ഇന്ത്യൻ താരങ്ങൾ ആവുകയാണ്. പുഷ്പയിലുടെ അല്ലു അർജുന് ദേശീയ പുരസ്‌ക്കാരം കിട്ടിയത്് തെലുങ്ക് സിനിമക്ക് ഇരട്ടി മധുരം ആവുകയാണ്.
കേരളത്തിലെ ഏറെ ഫാൻസുള്ള നടനാണ് അല്ലു. 2006 ൽ 'ഹാപ്പി' എന്ന പേരിൽ തെലുങ്കിൽ ഒരു ചിത്രം ഇറങ്ങി. അത് അവിടെ ശരാശരി വിജയം മാത്രമായിരുന്നു. പക്ഷേ അത് മൊഴിമാറ്റി കേരളത്തിൽ ഇറക്കിയപ്പോൾ വിതരണക്കാർ ഞെട്ടി. നൂറുദിവസത്തോളമാണ് ആ പടം കേരളത്തിൽ ഓടിയത്. 2008ൽ ആര്യ 2വും തെലുങ്കിൽ പരാജയപ്പെട്ടു. പക്ഷേ അത് കേരളത്തിൽ വൻ വിജയമായി. അപ്പോഴാണ് കേരളത്തിൽ അതിലെ നായകന് വലിയ മാർക്കറ്റുണ്ടെന്ന്, ദക്ഷിണേന്ത്യൻ ചലച്ചിത്രലോകം അറിയുന്നത്. ഇത് മലയാളത്തിൽ മാത്രമല്ല, കന്നഡയിലും തമിഴിലും അവർത്തിച്ചു. സ്വന്തം ഭാഷയിൽ പരാജയപ്പെടുന്ന ചിത്രങ്ങൾ മൊഴിമാറ്റി അന്യഭാഷകളിൽ ഇറങ്ങുമ്പോൾ ഹിറ്റാകുന്ന അത്ഭുതം! അതാണ് അല്ലു അർജുൻ എന്ന തെലുങ്ക് നടന്റെ വൈഭവം.
പൊതുവെ പുച്ഛിസ്റ്റുകളും, ദോഷൈകദൃക്കുകളുമാണ് മലയാളികൾ എന്നാണ് പറയുക. അവർ ഒരാളെ അത്ര പെട്ടെന്നൊന്നും അഗീകരിക്കില്ല. തമിഴ്- തെലുങ്ക് സിനിമകളെ വെറും മസാലക്കൂട്ടുകളായാണ് അവർ കാണാറുള്ളത്. പക്ഷേ അല്ലു അർജുനന് കേരളത്തിലെ കാമ്പസുകളിലടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മല്ലു അർജുൻ എന്ന പേരിലും അറിയപ്പെടുന്നത്. അസാധാരണമായ സ്റ്റെൽ, അപാരമായ മെയ്വഴക്കത്തോടെയുള്ള ഡാൻസ്. ആറുവയസ്സുള്ളപ്പോൾ മുതൽ ജിംനാസ്റ്റിക്സും ആയോധന കലയും പഠിച്ചതിന്റെ ഗുണം അയാളുടെ ഓരോ ചുവടുവെപ്പിലും കാണാം. അതുകൊണ്ടുതന്നെയാണ്, അല്ലു അർജുൻ എന്ന ഈ 40കാരൻ അടിക്കടി ഹിറ്റ് സിനിമകളിലൂടെ, ഇന്ത്യ മുഴുവൻ തിളങ്ങി നിൽക്കുന്നത്. ഇപ്പോൾ മറ്റൊരു തിളക്കം കൂടി അല്ലുവിനെ തേടിയെത്തിയിരിക്കയാണ്. പുഷ്പയിലുടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം.
1967 ലാണ് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അതിനിടെ രാജമൗലിയുടെ ബാഹുബലി അടക്കമുള്ള, ലോകം ശ്രദ്ധിച്ച എത്രയോ ചിത്രങ്ങൾ തെലുങ്കിൽ നിന്ന് വന്നുപോയി. ഇന്ത്യൻ സിനിമ തെലുങ്ക് സിനിമയെ ഉറ്റുനോക്കുന്ന അവസ്ഥ വന്നു. ഇപ്പോൾ ആർആർആറിലെ കീരവാണിയുടെ സംഗീതത്തിലൂടെ ഓസ്‌ക്കാറും തെലുങ്ക് സിനിമ ഇന്ത്യക്ക് കൊണ്ടുതന്നു. പക്ഷേ അപ്പോഴും ഇന്ത്യയിലെ മികച്ച നടനായി ഒരു തെലുങ്കൻ മാറിയിരുന്നില്ല. ആ കുറവ് ഇപ്പോൾ അല്ലു നികത്തിയിരിക്കയാണ്.
ഈ നേട്ടം തെലുങ്ക് സിനിമയും ആഘോഷിക്കുകയാണ്. ഇത് തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിരഞ്ജീവി കുറിച്ചത്. എന്റെ പ്രിയ ബണ്ണിക്ക് അഭിനന്ദനങ്ങൾ എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. അല്ലു ഈ പുരസ്‌കാരത്തിനും എല്ലാ വിജയങ്ങൾക്കും അർഹനാണ് എന്നാണ് ജൂനിയർ എൻടിആർ കുറിച്ചത്. അല്ലു അർജുനും ഏറെ വികാരാധീനനായാണ് തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്.ഇപ്പോൾ അവർ എല്ലാവരും പുഷ്പ 2 വിനായികാത്തിരിക്കയാണ്. മലയാളത്തിൽ ഫഹദ് അടക്കമുള്ളവർ അഭിനയിക്കുന്നു ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ഹിറ്റാവുകമെന്നാണ് ആരാധർ പ്രതീക്ഷിക്കുന്നത്.
ഷെട്ടി ഗ്യാങ്ങിന്റെ കന്നഡ
പത്തുവർഷം മുമ്പുവരെപ്പോലും, ഹിന്ദി സിനിമ വിഴുങ്ങുമെന്ന് കരുതിയിരുന്നതാണ്, സാൻഡിൽവുഡ് എന്ന് അറിയപ്പെടുന്ന, കന്നഡ ചലച്ചിത്ര വ്യവസായം. പക്ഷേ പ്രശാന്ത് നീൽ എന്ന സംവിധായകന്റെ കെജിഎഫ് എന്ന ഒറ്റ ചിത്രം, കന്നഡ സിനിമയുടെ ജാതകം മാറ്റി. ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെട്ട കെജിഎഫിലുടെ യഷ് എന്ന പുതിയ പാൻ ഇന്ത്യൻ റോക്കിങ്ങ് സ്റ്റാറും പിറന്നു. തമിഴരെയോ മലയാളികളെയോ പോലുള്ള സിനിമാഭ്രാന്ത് കന്നഡക്കാർക്ക് ഇല്ലാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് അവിടെയിറങ്ങുന്ന, നിലവാരമില്ലാത്ത തട്ടുപൊളിപ്പൻ സിനിമകൾ തന്നെയായിരുന്നു. അതിനാടകീയമായി അഭിനയിക്കുന്ന അഭിനേതാക്കൾ കൂടിയാകുമ്പോൾ പൂർണം. കെ.ജി.എഫിന് ശേഷം പക്ഷേ കാര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ, വർഷങ്ങൾക്ക് മുന്നേ തന്നെ, സിനിമയെ ആത്മാർഥതയോടെ കാണുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ആ ഇൻഡ്രസ്ട്രിയിൽ മാറ്റങ്ങളുണ്ടാക്കാൻ തുടങ്ങിയിരുന്നു.
2013-ലാണ് പവൻ കുമാർ എന്ന യുവ സംവിധായകന്റെ രണ്ടാം ചിത്രം 'ലൂസിയ' റിലീസാകുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആരും കൈവച്ചിട്ടില്ലാത്ത ലൂസിഡ് ഡ്രീമിങ് പ്രമേയമായ ഈ പരീക്ഷണചിത്രം നിർമ്മിക്കാൻ ആരും തയ്യാറാകാത്തതിനാൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പവൻ ചിത്രം പൂർത്തിയാക്കിയത് (2015ഇൽ സിദ്ധാർഥ് നായകനായി 'എനക്കുൾ ഒരുവൻ' എന്നപേരിൽ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.) ലൂസിയയിൽ നിന്നാണ് സാൻഡൽവുഡിന്റെ തലവര തിരുത്തിവരയ്ക്കപ്പെടുന്നത്. ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് മൂന്ന് ഷെട്ടിമാരാണ്. ബംഗളൂരു കേന്ദ്രമാക്കി മുന്നോട്ടുപോയിരുന്ന ഇൻഡസ്ട്രിയിൽ ദക്ഷിണ കർണാടകയുടെ സംസ്‌കാരം പശ്ചാത്തലമാക്കി സിനിമകളെടുത്തവർ. മൂവരും മികച്ച സംവിധായകർ, അഭിനേതാക്കൾ. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി.ഷെട്ടി. ഇവരാണ് കന്നഡ സിനിമയുടെ തലവര മാറ്റിയത്. ഇവർ ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ എടുത്തു. ഇതിൽ റിഷബ് ഷെട്ടിയുടെ കാന്താര കഴിഞ്ഞവർഷം പാൻ ഇന്ത്യൻ ഹിറ്റാവുകയും ചെയ്തു.
ഇപ്പോൾ കന്നഡ ഇൻസ്ട്രിയിൽനിന്ന് നിരവധി ചെറുപ്പക്കാരാണ് സിനിമയുമായി എത്തുന്നത്. നേരത്തെ വിഷ്ണുവർധനെയും, പുനിത് രാജകുമാറിനെയുമല്ലാതെ കന്നഡക്ക് പുറത്ത് താരങ്ങൾ അറിയപ്പെടാത്ത അവസ്ഥകൂടി ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കയാണ്. കന്നഡ സിനിമയുടെ ഹിന്ദി റൈറ്റുപോലും കോടികൾക്കാണ് വിറ്റുപോകുന്നത്.
മലയാളത്തിന് വളർച്ചയുണ്ടോ?
മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളെ വെച്ചു നോക്കുമ്പോൾ ആ രീതിയിലുള്ള ഒരു വ്യാവസായിക കുതിപ്പ് മലയാള സിനിമക്ക് ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. 'മിന്നൽ മുരളി' ഒഴികെയുള്ള നമ്മുടെ ഒരു സിനിമയും, പാൻ ഇന്ത്യൻ ചിത്രമായി വളർന്നില്ല. ഒടിടിയിൽ റിലീസ് ചെയ്ത മിന്നൽ മുരളി ഇന്ത്യ ഒട്ടാകെ കണ്ടെങ്കിലും, അതിന്റെ തുടർച്ചകൾ പിന്നീട് ഉണ്ടായില്ല. അതുപോലെ തന്നെ നമ്മുടെ മമ്മുട്ടിയും, മോഹൻലാലും അടക്കമുള്ള നടന്മാർക്കുപോലും തമിഴകം കഴിഞ്ഞാൽ പിന്നെ മാർക്കറ്റുമില്ല. ഇവിടെ വമ്പൻ ഹിറ്റായ ലൂസിഫർ പോലും ചിരഞ്ജീവിയെ വെച്ച് തെലുങ്കിലേക്ക് റീമേർക്ക് ചെയ്യുകയാണ് ഉണ്ടായത്. ആകെ ഒരു പാൻ ഇന്ത്യൻ താരത്തിലെ തലത്തിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഏക നായക നടൻ ദുൽഖർ സൽമാനാണ്. സീതാരാമം, അടക്കമുള്ള ദുൽഖറിന്റെ സിനിമകൾക്ക് തെലുങ്കിൽ വിജയിച്ചിരുന്നു. ഹിന്ദിയിലും അതിന് നല്ല സ്വീകരണം കിട്ടി. ദുൽഖറിന്റെ 'കിങ്് ഓഫ് കൊത്ത' വിജയിച്ചിരുന്നെങ്കിൽ അത് ഒരു പാൻ ഇന്ത്യൻ തരംഗം തീർക്കുമായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും നമുക്ക് നഷ്ടമായത് അതേ അവസരമാണ്.
മറ്റൊരു നടൻ ഫഹദ് ഫാസിലാണ്. പുഷ്പയിലെ കിടിലൻ വില്ലനും, വിക്രമിലെ തകർപ്പൻ പ്രകടനവും, മാമന്നനിലെ തരംഗം തീർത്ത വില്ലനുമായി ഫഹദ് ഒരു പാൻ ഇന്ത്യൻ സ്റ്റാറിന്റെ തലത്തിലേക്ക് ഉയരാൻ ശ്രമിക്കുന്നുണ്ട്. നടൻ പ്രഥീരാജിനും തെലുങ്കിലടക്കം മാർക്കറ്റുണ്ട്. പക്ഷേ കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള മുഴുവൻ പ്രേക്ഷകരം കണ്ട് കൈയടിക്കുന്ന, ജയിലർ പോലെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാൻ ഇനിയും എത്രയോ കാലമെടുക്കുമെന്ന് ഉറപ്പാണ്.
പക്ഷേ ആഭ്യന്തര സിനിമാ മാർക്കറ്റ് നോക്കുകയാണെങ്കിൽ, ഈ ഓഗസ്റ്റ് മലയാള സിനിമക്കും നല്ലകാലമാണ്്. ജയിലർ കേരളത്തിലെ തീയേറ്ററുകളും നിറച്ചു. ഇപ്പോഴിതാ ആർഡിഎക്സ് എന്ന ഒരു കൊച്ചു ചിത്രം ഈ ഓണക്കാലം തൂക്കിയിരിക്കയാണ്. ഷെയിൻ നിഗവും, ആന്റണി വർഗീസും, നീരജ് മാധവും മുഖ്യവേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, കേരളത്തിലെ തീയേറ്റുകൾ നിറയ്ക്കുകയാണ്.
വാൽക്കഷ്ണം: ജയിലർ പോലെ, കെജിഎഫ് പോലെ, പുഷ്പ പോലെ, ബാഹുബലിപോലെ, കാശ്മീർ മുതൽ കന്യാകുമാരിവരെ ആഘോഷിക്കപ്പെടുന്ന ഒരു ചിത്രം മലയാളത്തിൽ എന്നാണ് ഉണ്ടാവുക. ദക്ഷിണേന്ത്യൻ സിനിമ ഇന്ത്യൻ സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നകാലത്ത് മലയാളവും അതിന് അനുസരിച്ച് ഉയരേണ്ടതല്ലേ.