- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ബലിച്ചോര കുടിക്കുന്ന ആഫ്രിക്കൻ ഗോത്രക്കാർ; ജീവനുള്ള ശരീരത്തിൽ നിന്ന് ഹൃദയം പറിച്ചെടുക്കുന്ന ആസ്ടെക്കുകൾ; അടിമയുടെ രക്തം കൊണ്ട് പുതിയ നൗക ആശീർവദിക്കുന്ന മലബാറിലെ കടൽക്കൊള്ളക്കാർ; ആധുനിക കേരളത്തിൽ നടന്നത് എട്ട് കൊലകൾ; മകനെ ഉമ്മ അള്ളാഹുവിന് ബലി നൽകിയത് കഴിഞ്ഞവർഷം പാലക്കാട്ട്; നരബലിയുടെ നടുക്കുന്ന ചരിത്രം!
'വിശ്വാസം അന്ധവിശ്വാസം എന്നിങ്ങനെ രണ്ടെണ്ണമില്ല. എല്ലാം വിശ്വാസങ്ങളും അന്ധമാണ്. ചെറിയ തുക മോഷ്ടിച്ചാലും വലിയ തുക മോഷ്ടിച്ചാലും കള്ളൻ, കള്ളൻ തന്നെയാണ്. നിങ്ങൾ പറയുന്ന അന്ധവിശ്വാസത്തെ എതിർക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത്, വിശ്വാസ മസ്തിഷ്‌കത്തിൽനിന്ന് മോചനം നേടുകയാണ്.''- ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ, റിച്ചാർഡ് ഡോക്കിൻസിന്റെ വാക്കുകൾ ആണ് കേരളത്തെ നടുക്കിയ നരബലിക്ക് ശേഷമുള്ള മാധ്യമ ചർച്ചകൾ കാണുമ്പോൾ ഓർമ്മ വരുന്നത്. സത്യത്തിൽ നരബലി ഒരു അന്ധവിശ്വാസ പ്രശ്നമല്ല. വിശ്വാസ പ്രശ്നം തന്നെയാണ്. നൂറ്റാണ്ടുകളായി നിലനിന്ന ഒരു വിശ്വാസം തന്നെയാണ് അത്.
ഒരു മനുഷ്യനെ ബലി നൽകിയാൽ ദൈവം പ്രസാദിക്കുമെന്ന സിമ്പിൾ വിശ്വാസ ലോജിക്ക് തന്നെയാണ് നരബലിക്ക് പിറകിൽ. ലളിതമായി പറഞ്ഞാൽ പൂജയുടെയും വഴിപാടിന്റെയുമൊക്കെ ഒരു വിപുലീകൃത രൂപം. ചരിത്രത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടുമിക്ക സംസ്‌കാരങ്ങളിലും നരബലിയുണ്ടായിരുന്നതായി കാണാം. ദൈവപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കൽ, അമാനുഷിക ശക്തികൾ, സ്വർഗലഭ്യത, രോഗമുക്തി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരബലി നടത്തിയിരുന്നത്. ചൈനയിലേയും ഈജിപ്റ്റിലേയും രാജാക്കന്മാരുടെ ശവകുടീരങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളുടെ ശവശരീരത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. രാജാക്കന്മാർ മരിക്കുമ്പോൾ അവരെ അനുനയിക്കാൻ വേണ്ടി കൂട്ടമായി കൊന്ന് രാജാവിനൊപ്പം സംസ്‌കരിച്ചതാകാമെന്നുമാണ് ഗവേഷകരുടെ അനുമാനം.
യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരത്തിൽ സംഭവങ്ങൾ 7,000 വർഷങ്ങൾക്ക് മുൻപ് നടന്നിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പത്താംനൂറ്റാണ്ടുമുതൽ വ്യാപകമായി നരബലി നടന്നതായി രേഖകൾ ഉണ്ട്. പലപ്പോഴും അടിമകൾ ആയിരുന്നു ഇതിന്റെ ഇരകൾ. സ്ലോവാക്യയിൽ നിന്നും ഇത്തരത്തിൽ 35 പേരുടെ അസ്ഥികൂടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ദൈവപ്രീതിക്ക് പുറമെ ആഭിചാരക്രിയകളുടെ ഭാഗമായും നരബലികൾ നടത്തിയിട്ടുണ്ട്. പാലങ്ങളോ വീടുകളോ പാതകളോ നിർമ്മിക്കുന്നതിന്റെ ഭാഗമായി അതിന്റെ ഉറപ്പിന് വേണ്ടി, യുദ്ധങ്ങൾക്ക് മുൻപ്, പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടുമ്പോൾ, രാജാക്കന്മാർ മരിക്കുമ്പോൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കായി നരബലികൾ നടപ്പിലാക്കിയിരുന്നു.
പക്ഷേ ആധുനിക കാലം വന്നതോടെ യൂറോപ്യന്മാർ അടക്കം ആ പ്രകൃത അവസ്ഥയിൽനിന്ന് രക്ഷപ്പെട്ടു. അവിടെ ഇന്ന് മതവും വിശ്വാസവും എല്ലാം കേവലം സ്വകാര്യത മാത്രമാണ്. പക്ഷേ നമ്മുടെ നാട്ടിലോ. ചാത്തൻ സേവ തൊട്ട് വെജിറ്റേറിയൻ മുതല വരെയുള്ള സകല വിശ്വാസങ്ങളും അതുപോലെ തുടരുന്നു.
ഇരുപതിനായിരം പേരെ ബലി നൽകിയവർ
ദൈവങ്ങളെ പ്രീതിപ്പെടുത്താനായി വർഷം 20,000 മനുഷ്യരെ വരെ നരബലിയായി നൽകിയിരുന്ന ഒരു ജനവിഭാഗമുണ്ടായിരുന്നു മധ്യ മെക്‌സിക്കോയിൽ. അവരാണ് ആസ്ടെക്കുകൾ. അഞ്ചു ദൈവങ്ങളായിരുന്നു പ്രധാനമായും ആസ്‌ടെക്കുകൾക്കുണ്ടായിരുന്നത്. ഓരോ ദൈവത്തിനും ഓരോ രീതിയിലുള്ള ബലിയർപ്പിക്കൽ രീതികളും. ജീവനുള്ള ശരീരത്തിൽ നിന്ന് ഹൃദയം പറിച്ചെടുക്കുന്നതുമുതൽ മൃഗങ്ങൾക്കൊപ്പം തീയിൽ ചുട്ടെരിക്കുന്നതുവരെയുള്ളവ. മധ്യ മെക്‌സികോയിൽ 1300 മുതൽ 1521 വരെയുള്ള കാലത്താണ് ആസ്‌ടെക്കുകൾ ജീവിച്ചിരുന്നത്. സ്പാനിഷ് സാഹിത്യങ്ങളിലും ഈ ക്രൂരനരബലിയെക്കുറിച്ച് പരാമർശമുണ്ട്.
ആചാരാനുഷ്ഠാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന സംസ്‌കാരമായിരുന്നു ആസ്‌ടെക്കുകളുടേത്. ഓരോ തവണയും 52 വർഷങ്ങൾ കഴിയുമ്പോൾ ലോകം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ഇതുതടയാൻ നരബലിക്ക് കഴിയുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം. മനുഷ്യർ ഇപ്പോൾ ജീവനോടെ ഇരിക്കുന്നതിന് കാരണം അഞ്ചു ദൈവങ്ങൾ സ്വയം ജീവൻ ബലിയർപ്പിച്ചതാണെന്നും ഇതിനു നന്ദി പ്രകടിപ്പിച്ചാണ് നരബലിയെന്നുമായിരുന്നു ഇവരുടെ ഐതിഹ്യം. ഇതിലൂടെ ദൈവങ്ങൾക്ക് അടുത്ത 52 വർഷങ്ങൾ കൂടി മനുഷ്യരാശിയുടെ ജീവൻ നിലനിർത്താനുള്ള ശക്തി ലഭിക്കുമെന്നും ആവശ്യത്തിന് നരബലി നടത്തിയില്ലെങ്കിൽ 52 വർഷം കഴിയുമ്പോൾ ലോകം അവസാനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. 52 വർഷം കഴിഞ്ഞുള്ള ആദ്യ സൂര്യോദയം ആസ്ടെക്കുകളുടെ വലിയ ആഘോഷദിനമായിരുന്നു. 18 മാസങ്ങളുള്ള കലണ്ടറാണ് ഇവർക്കുണ്ടായിരുന്നത്. എല്ലാമാസവും അഞ്ചുദൈവങ്ങൾക്കുമായി പ്രത്യേക ഉത്സവങ്ങളും നടത്തും. ഈ ഉത്സവത്തിലാണ് നരബലി. മെൽ ഗിബ്‌സൺ സംവിധാനംചെയ്ത അപ്പോകാലിപ്‌റ്റോ എന്ന ഹോളിവുഡ് ചിത്രത്തിൽ മായൻ സംസ്‌കാരത്തിൽ നിലവിലുണ്ടായിരുന്ന നരബലിയുടെ ദൃശ്യാവിഷ്‌കാരമുണ്ട്.
2020 വരെ 603 മനുഷ്യ തലയോട്ടികളാണ് ആസ്‌ടെക്കുകളുടെ പ്രധാന ആരാധനാലയമായിരുന്ന ടെമ്പ്‌ലോ മയോറിൽനിന്ന് കണ്ടെത്തിയത്. പുരുഷന്മാരും യുദ്ധത്തടവുകാരുമാണ് കൂടുതലായി ഇരയായത്.ചില ദൈവങ്ങൾക്ക് കുട്ടികളെയും ബലിനൽകുമായിരുന്നു. കൊലപ്പെടുത്തുന്നതിനുമുൻപ് കുട്ടികളുടെ ശരീരം മുഴുവൻ മുറിവേൽപ്പിക്കും. കുട്ടികളുടെ കണ്ണുനീർ ഇഷ്ടമുള്ള ദൈവത്തെ പ്രീതിപ്പിക്കാനായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. ദൈവങ്ങളുടെ വേഷം ധരിപ്പിച്ചാണ് നരബലി നൽകുന്ന ആളുകളെ ഒരുക്കുക. ബലിനൽകിയശേഷം ശരീരഭാഗങ്ങൾ ഭക്ഷിക്കുന്ന ശീലവും ആസ്‌ടെക്‌സുകൾക്കുണ്ടായിരുന്നു. ആഫ്രിക്ക തൊട്ട് ഇന്തോനേഷ്യവരെയുള്ള ലോകത്തിന്റെ സകല ഭാഗങ്ങളിലും ഉണ്ടായിരുന്ന സമാനമായ ഈ രീതി. ആഫ്രിക്കയിലെ ചില ഗ്രേത്രങ്ങളിൽ നരബലികൊടുത്ത് ബലിച്ചോര ചൂടോടെ കുടിക്കയായിരുന്നു രീതി!
പ്രാചീന കേരളത്തിലെ ആചാരം!
യൂറോപ്പ് തൊട്ട് ദക്ഷിണാഫ്രിക്കവരെയുള്ള പല രാജ്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നിലനിന്നിരുന്നു ഒരു പാകൃത ആചാരമാണ് നരബലി എന്ന് പറഞ്ഞല്ലോ. അത് ഇന്ത്യയിലും കേരളത്തിലും ഉണ്ടായിരുന്നു. മുഗൾ ചക്രവർത്തിമാരുടെ കാലത്തുപോലും, വലിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി നരബലി പതിവ് ആയിരുന്നു. ദേവ പ്രതീതിക്കായി മനുഷ്യനെ തല പച്ചക്ക് അറുത്തിരുന്നു ബംഗാളിലെയും ആസമിലെയും കാളിഘട്ടകളിലുമൊക്കെ. ക്രമേണെയാണ് ഇവതെല്ലാം മാറി നരബലിയിൽനിന്ന് നാം മൃഗബലിയിലേക്ക് മാറിയത്.
അടിമ സമ്പ്രദായം നിലനിന്ന കാലത്ത് നരബലിക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. വിശേഷ അവസരങ്ങിലൊക്കെ അടിമയെ ബലികൊടുക്കുക എന്നത് 18, 19 നൂറ്റാണ്ടുകളിലെ ആചാരം ആയിരുന്നുവെന്ന് വിവിധ ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ചരിത്രകാൻ ഐജാസ് അഹമ്മദ് അടക്കമുള്ളവർ മുഗൾ കാലഘട്ടം മുതൽ നടന്ന നരബലികളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
നമ്മുടെ മലബാറിലും നരബലി ഉണ്ടായിരുന്നു. സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ അജ്ഞാതനായ കർത്താവ് മുതൽ പ്ലിനിയും, ടോളമിയും, മാർക്കോ പോളോയുമടക്കം പതിനെട്ടാം നൂറ്റാണ്ട് വരെ മലബാർ സന്ദർശിച്ച ഏതാണ്ട് എല്ലാവരും തന്നെ മലബാർ തീരത്തെ കപ്പൽ കൊള്ളക്കാരെക്കുറിച്ചും അവർ നടത്തുന്ന നരബലിയെക്കുറിച്ചും പറയുന്നുണ്ട്.
ചാൾസ് ഗബ്രീയേൽ ഡെല്ലൻ ഇങ്ങനെ എഴുതുന്നു. ' ഒരു നൗക ആദ്യമായി പുറത്തിറക്കുമ്പോൾ മലബാറിലെ കടൽക്കൊള്ളക്കാരുടെ പ്രധാന ലക്ഷ്യം ആദ്യം കിട്ടുന്ന ക്രിസ്ത്യൻ അടിമയുടെ രക്തം കൊണ്ട് പുതിയ നൗക ആശീർവദിക്കുക ചെയ്യുക എന്നതാണ്. യൂറോപ്യന്മാരുടെ കൂട്ടത്തിൽ പോർട്ടുഗീസുകാരാണ് അവരുടെ പ്രാകൃതമായ രക്തബലിക്ക് ഏറ്റവും അധികം വിധേയരാകാറുള്ളത്. ഈ കാരണം കൊണ്ടാണ് അവർ ഈ കടൽകൊള്ളക്കാരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ ഇവരെ പിടികിട്ടിയാൽ മിക്കവാറും അവരെ ഗോവക്ക് കൊണ്ടുപോകും. അവിടെ ചങ്ങലയിൽ കപ്പലിലെ തുഴക്കാരാക്കുകയോ, കോട്ടയിൽ ചങ്ങലക്കിടുകയോ ചെയ്യും. അവിടെനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. ഈ പ്രാകൃതർ മിക്കവാറും ഒരിക്കലും അവരുടെ ആളുകളെ രക്ഷിക്കാൻ ശ്രമിക്കാറില്ല. അല്ലെങ്കിൽ ഇങ്ങനെ പിടിക്കപ്പെടുന്നവർ അവരുടെ പാറോയുടെ കപ്പിത്താനോ മറ്റോ ആകണം. എങ്കിലും മിക്കവാറും ഒരിക്കലും പോർട്ടുഗീസുകാർ അവരെ വിട്ടു കൊടുക്കാറില്ല. മോചനദ്രവ്യം സ്വീകരിക്കുന്നതിനു പകരം അവരോടു ചെയ്ത ക്രൂരതയുടെ ശിക്ഷയായി തടവിൽ കിടന്നു മരിക്കട്ടെ എന്ന് കരുതുകയാണ് പതിവ്''.- ഇതുപോലെയുള്ള ആയിരക്കണക്കിന് നരബലിയുടെ കഥകൾ ഇവിടെ പറയാനുണ്ട്.ബ്രിട്ടീഷുകാർ നിയമംമുലം നിരോധിക്കുന്നതുവരെയും ഇത് ഒരു ആചാരംപോലെ തുടർന്നു.
നൂറ്റാണ്ട് മുമ്പത്തെ കേരളത്തിലും നരബലികൾ ഒരുപാട് നടന്നിട്ടുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മടവീഴ്ചക്ക് പരിഹാരമായി അതിൽ ചേർത്ത് അടക്കപ്പെട്ട കുട്ടനാടൻ ദലിത് കർഷന്റെ കഥ വെറും മിത്ത് മാത്രമല്ല. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിമകളെ ബലി നൽകുന്ന രീതി കേരളത്തിലും നിലവിലുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ശക്തമായി ഇടപെടാൻ തുടങ്ങിയതോടെയാണ് അത് അവസാനിച്ചത്.
'പൊങ്ങിലിടി' എന്ന ഒരു ആചാരം അടുത്തകാലം വരെ മലബാറിലെയടക്കം കാവുകളിൽ നിലനിന്നത് ഇതിന്റെ തെളിവായാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. ഇളനീർ തേങ്ങ മനുഷ്യന്റെ തലയോടിന്റെ ആകൃതിയിൽ ഭംഗിയായി ചെത്തിയെടുത്ത്, മന്ത്രവാദികൾ രക്തവർണ്ണത്തിനായി ഉപയോഗിക്കുന്ന ''ഗുരുസി''എന്ന ചുവന്ന ലായനി ചേർത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്ന ഒരു ആചാരം കേരളത്തിലെ ഭദ്രകാളീ കാവുകളിൽ ഉണ്ടായിരുന്നു. ഇത് ഓർമ്മിപ്പിക്കുന്നത് പണ്ട് കാവുകളിൽ നിലനിന്നിരുന്ന നരബലിയെ ആണെന്നാണ് ഒരു വാദം. തീണ്ടൽ കുറ്റങ്ങളും മറ്റ് ആരോപിക്കപ്പെട്ട് വരുന്ന അസവർണ്ണരെ കൊന്നത് തല ഭദ്രകാളിക്കുള്ള നിവേദ്യമാക്കുകയാണ്. കാളി ക്ഷേത്രങ്ങളിൽ തലകൾ ശേഖരിച്ചു സൂക്ഷിക്കുകയും, വർഷത്തിൽ ഒരിക്കൽ നടത്തുന്ന പൊങ്ങിലിടി ചടങ്ങാകുബോഴേക്കും ഈ മനുഷ്യ തലകൾ ജീർണ്ണിച്ച് വെറും തലയോട്ടികളായി തീർന്നിരിക്കുമെന്നും നിശ്ചയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അയിത്തത്തിന്റെ പേരിൽ അസവർന്നരുടെ തല അറുത്തെടുക്കലും ഒരു വർഷക്കാലം അവ കാളികാവുകളിൽ മൺകുഴിയിലിട്ട് സൂക്ഷിക്കലും സാധിക്കാതെ വന്നതുകൊണ്ടായിരിക്കാം ഇളനീർ തേങ്ങ മനുഷ്യന്റെ തലയോട്ടി രൂപത്തിൽ പ്രതീകാത്മകമായി ചെത്തി ഉണ്ടാക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയത് എന്നാണ് വിലയിരുത്തുന്നത്.
ആന്ധ്രയിലെ അന്ധവിശ്വാസക്കൊല!
ഇന്ത്യയുടെആധുനിക കാലഘട്ടത്തിലും മനുഷ്യബലി നിലനിന്നിരുന്നതായാണ് ചരിത്രകാരന്മാർ പറയുന്നത്. തമിഴ്്നാട്, ആന്ധ്ര,ബംഗാൾ, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും നിരവധി കേസുകൾ റിപ്പോർട്ട് ചെയതിട്ടുണ്ട്. ഉത്തരേന്ത്യയിലെ ചില വമ്പൻ നിർണ്ണമാണ കമ്പനികൾ ഉണ്ടാക്കുന്ന റോഡുകളിലും പാലങ്ങളിലും ഉദ്ഘാടനത്തിന് തൊട്ട്ശേഷമോ, അതേ ദിവസമോ വാഹനാപകടം ഉണ്ടാകുന്നതുപോലും പഴയ ഈ കാളീപൂജയുടെ ഭാഗമായ നരബലി ആചാരത്തിന്റെ ഭാഗമായിരുന്നുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുറേ ഏറെ നിറംപിടിച്ചിച്ച കഥകൾ ആണെന്ന് ചുരുക്കം.
രാജ്യത്ത് ഇത്തരത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒട്ടുമിക്കതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുണ്ടായ സംഭവമാണ് ഇതിന് മുൻപ് വിവാദമായത്. മന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് പെൺമക്കളെ മാതാപിതാക്കൾ ഡംബൽകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.
ഗവൺമെന്റ് വനിതാ കോളേജിലെ വൈസ് പ്രിൻസിപ്പളായ വെള്ളാരു പുരുഷോത്തമവും ഭാര്യ പത്മജയുമാണ് കൃത്യം നടത്തിയത്. ചിറ്റൂരിലുള്ള മൂന്ന് നില വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്.ലോക്ഡൗണിന് ശേഷം കുടുംബം ആരേയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വീട്ടിൽ ഏതാനും ദിവസങ്ങളായി പൂജയും മറ്റും നടത്തിയിരുന്നു. എന്നാൽ, മക്കൾ പൂജയിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട്, നിർബന്ധിച്ചാണ് മന്ത്രവാദത്തിൽ പങ്കെടുപ്പിച്ചത്. ചടങ്ങിനിടെ വീട്ടിലുള്ള ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് മക്കളുടെ തലയ്ക്കടിക്കുകയായിരുന്നു. പുനർജൻവും ഐശ്വര്യവും ലക്ഷ്യമിട്ടായിരുന്നു ഈ കൊല. വിദ്യാഭ്യാസം അന്ധവിശ്വാസത്തെ ഒരിക്കലും തടയില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
നവോത്ഥാന കേരളത്തിലും 8 നരബലി
നരബലി എന്നോ നടന്നുപോയ ആചാരമാണെന്ന് പറയാൻ വരട്ടേ. സ്വതന്ത്ര്യാനന്തര കേരളത്തിലും പലതവണ നരബലി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ഇരക്കളാക്കപ്പെട്ടത് കുട്ടികളാണ്. ആനയുടെ അസുഖം മാറ്റാനും സന്താനലബ്ധിക്കുമൊക്കെ കണ്ണില്ലാത്ത ക്രൂരത നടന്നിട്ടുണ്ട്. ഇതിന്റെ പേരിൽ വധശിക്ഷ കിട്ടിയവരുമുണ്ട്. സ്വാതന്ത്രലബ്ധിക്കുശേഷം കേരളത്തിൽ 8 തവണയാണ് നരബലി റിപ്പോർട്ട് ചെയ്തത്.
സ്വാതന്ത്ര്യം ലഭിച്ചശേഷം, കേരളപ്പിറവിക്ക് തൊട്ടുമുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നരബലി 1955 ഏപ്രിൽ 23-നാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ കഴുത്തിൽ കുരുക്കിട്ട് 15-കാരനെ ബലികഴിച്ചു. മൃതദേഹം മറവുചെയ്യാനായി ചാക്കിലാക്കി കൊണ്ടുപോകുമ്പോൾ പ്രതികൾ പൊലീസ് പിടിയിലായി. മന്ത്രവാദിയെയും കൂട്ടാളിയെയും നാടുകടത്താനായിരുന്നു അന്ന് സെഷൻസ് കോടതിയുടെ വിധി.
ഗുരുവായൂരിൽ 1956 സെപ്റ്റംബർ 29-നാണ് രാധ എന്ന ആനയുടെ അസുഖംമാറാനായി നരബലി നടന്നത്. ആനപ്രേമിയായ അപ്പസാമിയെന്ന കൃഷ്ണൻചെട്ടിയാണ് ക്രൂരകൃത്യം ചെയ്തത്. അമ്പലത്തിന്റെ കിഴക്കെനടയിൽ കിടന്നുറങ്ങിയ സുഹൃത്തുകൂടിയായ കാശി എന്നയാളെ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തി. വിചാരണയ്ക്കുശേഷം അപ്പസ്വാമിയെ കോഴിക്കോട്ടെ തെക്കെ മലബാർ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. കുറ്റംസമ്മതിച്ച പ്രതി, 'ആന വലിയ ജീവിയാണെന്നും കൊല്ലപ്പെട്ട കാശി ഒരു മനുഷ്യനാണെന്നും മനുഷ്യൻ ജീവിച്ചിട്ട് കാര്യമില്ലെന്നു'മുള്ള വിചിത്രവാദമാണ് ഉയർത്തിയത്.
നരബലിക്ക് വധശിക്ഷ കിട്ടയതും ഈ കേരളത്തിലാണ്. 1973 മെയ് 29-ാം തീയതി കൊല്ലത്ത് ശങ്കരോദയം എൽ.പി. സ്‌കൂളിലെ ആറുവയസ്സുകാരനായ ദേവദാസനാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരനായ അഴകേശൻ ദേവപ്രീതിക്കായി കൈവശം സൂക്ഷിച്ചിരുന്ന വിഗ്രഹത്തിനുമുന്നിലിട്ട് കുഞ്ഞിനെ കഴുത്തറത്തുകൊന്നു. കൊല്ലം സെഷൻസ് കോടതി ഇയാൾക്ക് വധശിക്ഷവിധിച്ചു.1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദ്ദേശം അനുസരിച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.
1983- ൽ വയനാട്ടിലും നരബലിശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു. എരുമാട് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ കേളപ്പനെ ബലികഴിപ്പിക്കാൻ ശ്രമിച്ചതിന് ആറന്മുള സ്വദേശിയായ ലക്ഷ്മി, മകൻ രാമചന്ദ്രൻ എന്നിവർ ശിക്ഷിക്കപ്പെട്ടു.1995 ജൂൺ, രാമക്കൽമേട് നരബലി നടന്നു. പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലെ ഉമ്മമപാളയത്തിൽ നിന്നെത്തിയ ആറു മന്ത്രവാദികൾ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.
1996 ഡിസംബർ 31 അർധരാത്രിയിൽ കായകുളം കുഴിത്തറയിലുണ്ടായ നരബലിയുടെ ഇര ആറുവയസ്സുകാരി അജിതയാണ്. നരബലി നടത്തിയ ദമ്പതിമാരായ വിക്രമനും തുളസിയും കൃത്യം നടത്തിയതാവട്ടെ സന്താനലബ്ധിക്കും. സ്‌കൂളിൽനിന്ന് മടങ്ങിവരവേ അജിതയെ വാഗ്ദാനങ്ങൾനൽകി ദമ്പതിമാർ വീട്ടിലെത്തിച്ചു. അർധരാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്തു. രക്തംവാർന്ന് അലറിക്കരയാൻ ശ്രമിച്ച കുഞ്ഞിന്റെ വായിൽ തുണി തിരുകിവെച്ചു. രക്തമെടുത്ത് പൂജനടത്തിയശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽക്കണ്ട മുറിവ് ബന്ധുക്കളിൽ സംശയമുണ്ടാക്കി. നാട്ടിലാകെ പ്രതിഷേധമുണ്ടായി. അന്വേഷണത്തിനൊടുവിൽ ദമ്പതികളെയും നരബലി നിർദ്ദേശിച്ച മന്ത്രവാദി മുരുകനെയും അറസ്റ്റുചെയ്തു.
രണ്ടായിരാമാണ്ടിനുശേഷവും നരബലികൾ
സാങ്കേതികമായി നാം ഏറെ പുരോഗമിച്ച രണ്ടായിരാമാണ്ടിലും കേരളത്തിൽ മന്ത്രവാദക്കൊലയും നരബലികൾ നടന്നു. പട്ടാമ്പിയിൽ 2004-ൽ ആണ് റെയിൽവേസ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ നാലുവയസ്സുകാരനെ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന കുളത്തിൽനിന്ന് കൈകാലുകൾ അറത്തുമാറ്റിയ നിലയിൽ കണ്ടെത്തിയത്. കുളത്തിനുസമീപത്തെ റെയിൽവേ ലൈനിൽ മഞ്ഞൾകൊണ്ട് കളംവരച്ച് പൂജനടത്തിയതിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തി. എന്നാൽ പ്രതികളെ കണ്ടെത്താനായില്ല. പക്ഷേ സംഭവം നരബലി തന്നെയാന്നെ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2012 ഒക്ടോബർ തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇത് ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആന്റണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ പ്രതികളായിരുന്നു. പ്രതികൾക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു. ഇത് നരബലിയായി കണക്കാക്കാൻ ആവില്ലെങ്കിലും മന്ത്രവാദക്കൊല തന്നെയാണ്.
2014 ജൂലൈ, കരുനാഗപ്പള്ളിയിലും മന്ത്രവാദക്കൊല അരങ്ങേറി. കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി. 2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന. ഇതും നരബലിക്കുള്ള ശ്രമം ആയാണ് വിലയിരുത്തപ്പെടുന്നത്.
2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇത് കൃത്യമായ നരബലി എന്ന വകുപ്പിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.
ഏറ്റവും ഒടുവിലായി കഴിഞ്ഞവർഷം പാലക്കാട്ട് ഉണ്ടായ നരബലി കേരളം ഏറെ ചർച്ച ചെയ്തതാണ്. 2021 ഫെബ്രുവരിയിൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനെ വീട്ടിലെ കുളിമുറിയിൽ കാൽ കൂട്ടിക്കെട്ടിയ ശേഷം കഴുത്തറത്തുകൊലപ്പെടുത്തി. പ്രതി മാതാവ് തന്നെയായിരുന്നു. മകൻ ആമിലിനെ അള്ളാഹുവിന് ബലി നൽകിയെന്നാണ് പ്രതിയായ മാതാവ് ഷാഹിദ് നൽകിയ മൊഴി. എഫ്.ഐ.ആറിൽ പൊലീസ് നരബലിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കേസിൽ വിചാരണ പുരോഗമിക്കുന്നു.
നോക്കുക, നമ്മുടെ കൺമുന്നിൽ ഇത്രയെറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും കരുതുന്നതുപോലെ അപൂർവങ്ങളിൽ അപൂർവമല്ല നരബലികൾ. ലോകം മാറിയിട്ടും എന്തുകാണ്ട് ഇന്ത്യക്കും കേരളത്തിനും മാറാൻ കഴിയുന്നില്ല.
ബബിയ മുതല മുതൽ ചാത്തൻസേവ വരെ
നരബലിക്ക് ശേഷമുള്ള മാധ്യമ ചർച്ചകൾ അതിശക്തമാണ്.കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ എവിടെപ്പോയി, കേരളം ഉത്തരേന്ത്യയാവുന്നു എന്നൊക്കെ പറഞ്ഞാണ് ഇപ്പോൾ മാധ്യമ നിലവിളികൾ. ഒന്നോർക്കണം, ഇതേ മാധ്യമങ്ങൾ തന്നെയാണ്, കഴിഞ്ഞ ദിവസം കാസർകോട്ട് ബബിയ എന്ന വെജിറ്റേറിയൻ ക്ഷേത്ര മുതലയെക്കുറിച്ചും, അത് മരിച്ചപ്പോൾ ഓടിക്കൂടിയ ജനത്തെയും, റീത്ത് വെച്ച രാഷ്ട്രീയക്കാരെയും, സല്യൂട്ട് അടിച്ച പൊലീസുകാരെയും ഒക്കെക്കുറിച്ച് വലിയതോതിൽ പ്രചാരണം നടത്തിയത്. വെജിറ്റേറിൻ മുതല വിശ്വാസം, നരബലി അന്ധവിശ്വാസം എന്ന രീതിയിലാണ് കാര്യങ്ങൾ. സത്യത്തിൽ, അമ്പലത്തിൽ 100 മില്ലി വെളിച്ചെണ്ണ സമർപ്പിച്ചാൽ ദൈവം പ്രസാദിക്കുമെന്ന വിശ്വാസത്തിന്റെ അൽപം കൂടി വികസിത രൂപമല്ലേ, മനുഷ്യനെ ബലി കൊടുത്താൻ ഐശ്വര്യം കൂടുമെന്ന വിശ്വാസവും. അടിമുടി മതത്തിലും വിശ്വാസത്തിലും മുങ്ങിക്കുളിച്ച ഒരു സമൂഹത്തിൽ നരബലി നടന്നതിൽ വല്ലാതെയങ്ങ് ഞെട്ടാൻ കഴിയില്ല. ചെറിയ ചെറിയ മോഷണങ്ങൾ നടക്കുന്ന ഒരു ഗ്രാമത്തിൽ ഒരു വലിയ കൊള്ള നടന്നാലുള്ള നടുക്കം പോലെയാണത്!
പക്ഷേ എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്. ഡോക്കിൻസ് നിരീക്ഷിക്കുന്നതുപോലുള്ള ഒരു ഇന്റല്വക്ച്ചൽ ചേഞ്ച് കേരളത്തിൽ സംഭവിക്കുന്നില്ല. ചെറിയ വിശ്വാസങ്ങൾ വലിയ അന്ധവിശ്വാസങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. ബബിയ മുതലക്ക് സ്മാരകം പണിയുന്നവരെ ട്രോളുന്നവർ, ഫ്ളൈറ്റ് പിടിച്ച് പിശാചിനെ കല്ലെറിയാൻ പോകുന്നു. എന്നിട്ട് രണ്ടുപേരും ചേർന്ന് നരബലിയിൽ നടുങ്ങുന്നു. ഇതൊക്ക് ഒറ്റച്ചരക്കാണ് ഒരേ സോഫ്റ്റ്‌വെയറാണ്. വിശ്വാസം, അതല്ല എല്ലാം! വിശ്വാസം തന്നെയാണ് യഥാർഥത്തിൽ ദ സോകോൾഡ് അന്ധവിശ്വാസത്തിന് വളമിടുന്നത്.
നോക്കുക, ഈ ആഭിചാരക്കൊല നടത്തിയ പ്രതികളിൽ ഒരാളായ ഭഗവൽ സിങ്ങ് നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ എന്ന് പറയുന്ന പാർട്ടിയിലെ മുൻ മെമ്പറും ഇപ്പോഴും സജീവ പ്രവർത്തകനുമാണ്. ഭഗവൽ സിംഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്നുതന്നെ പാർട്ടിബന്ധം വ്യക്തമാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോഗമനം പറഞ്ഞും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇയാൾ്. ഇയാളുടെ ഫേസ്‌ബുക്ക് ഫ്രണ്ട്‌സിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊക്കെയാണ്. 'ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്..കുനിഞ്ഞ തനു' എന്നിങ്ങനെയുള്ള ഇയാളുടെ കവിതകൾക്ക് ആരാധകർ ഏറെയാണ്. അതായത് മാർക്‌സിസവും കമ്യൂണിസവും പോലുള്ള ഒരു മതേതര അന്ധവിശ്വാസ കൊണ്ടും പുരോഗമന കവിതകൾ കൊണ്ടും മുനുഷ്യന്റെ മസ്തിഷ്‌ക്കപരമായ മാറ്റത്തിന് കഴിയില്ല എന്ന് ചുരുക്കം.
'കേരളം ഉത്തരേന്ത്യ ആകുന്നു' എന്ന പഴകിയ വാചകം തന്നെ ഇനിയെങ്കിലും മലയാളികൾ അവസാനിപ്പിച്ചേ മതിയാകൂ.. പക്ഷേ നമ്മൾ പരിഹസിക്കുന്ന ഉത്തരേന്ത്യയിലെ പല സർക്കാരുകളും അന്ധവിശ്വാസ നിർമ്മാർജനത്തിന്റെ കാര്യത്തിൽ മുന്നിലാണ് എന്നതാണ് വാസ്തവം. മഹാരാഷ്ട്രയും അസമും അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളം അത് പൂട്ടിവെക്കുന്നു. എന്നാൽ വിശ്വാസ പ്രശ്‌നം എന്നത്, പൂർണ്ണമായും നിയമം കൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. അതിന് ശാസ്ത്രത്തെയും സ്വതന്ത്രചിന്തയെയും പ്രമോട്ട് ചെയ്യുകയാണ് വേണ്ടത്. ചാത്തൻസേവയും, കൂടോത്രവും, മാടനും, മറുതയുമായി കേരളീയർ എങ്ങനെ ഇത്രയേറെ ആപത്തിലേക്ക് നീങ്ങുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
വിവരമുണ്ട് വിദ്യാഭ്യാസമുണ്ട് എന്നൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല . അത്തരക്കാരുടെയും മനസ്സ് പലപ്പോഴും പ്രകൃതം ആവാം .അവർ രാജ്യത്തെ നിയമ സംവിധാനത്തെ ഭയക്കുന്നതുകൊണ്ട് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നില്ല എന്നേയുള്ളു. സൈന്റിഫിക്ക് ടെമ്പർ ഉള്ള പൗരന്മാർ രാജ്യത്ത് ഉണ്ടാവണം. സ്‌കാൻഡനേവിയിൻ രാജ്യങ്ങളിലൊക്കെ ഉള്ളപോലെ മതം ഒരു വ്യക്തിപരമായ സ്വകാര്യത മാത്രമായി മാറണം. രാഷ്ട്ര ശരീരത്തിലേക്ക് മതത്തെ അടുപ്പിക്കാതെ തീർത്തും മതേതരായി നാം മാറണം. അതിന് നേതൃത്വം കൊടുക്കാൻ എത്ര രാഷ്ട്രീയ- സാംസ്കാരിക നായകർ കഴിയും. അല്ലാതെ തൊലപ്പുറമെയുള്ള അന്ധവിശ്വാസ ഗീർവാണങ്ങൾ കൊണ്ട് ഒന്നും പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രശ്‌നം. നരബലിയുടെ ചരിത്രം സൂചിപ്പിക്കുന്നത് അതാണ്.
വാൽക്കഷ്ണം: ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കുമ്പോൾ തേങ്ങയുടക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. പുതിയ വണ്ടി വാങ്ങിയാൽ ചക്രത്തിന്നടിയിൽ നാരങ്ങ വെച്ച് കയറ്റിയില്ലെങ്കിൽ എല്ലാം നശിക്കുമെന്നും വിശ്വസിക്കുന്നവരാണ് നാം. മന്ത്രിച്ച വെള്ളവും ചരടും പ്രശ്‌നങ്ങൾ പരിഹരിക്കും എന്നും വിശ്വസിക്കുന്നവരാണ് നാം. ഇതിന്റെയൊക്കെ വലിയ വേർഷനായി നരബലി പിന്നെ ഇവിടെ സംഭവിച്ചതിൽ എന്താണ് അദ്ഭുതം!