- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത് ചൂഷണ വ്യവസ്ഥയെന്ന്; മുതലാളിത്തം എന്നതും തെറ്റായ തർജ്ജമ; ഫെമിസിസ്റ്റുകൾക്കും ദലിതർക്കും നല്ലതും മൂലധന സമ്പദ് വ്യവസ്ഥയെന്ന് പുതിയ പഠനങ്ങൾ; ഇപ്പോൾ പിണറായി പോകുന്നത് ഇത്തരം രാജ്യത്തേക്കും; ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
ലോക പ്രശസ്തമായ ജോൺ ഹോപ്കിൻ സർവകലാശാലയുടെ ഓഫ് കാമ്പസ് മൂന്നാറിൽ തുടങ്ങാനായി ചർച്ചകൾ നടക്കുന്ന സമയം. കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്താണ് സംഭവം. അന്ന് പിണറായി പാർട്ടി സെക്രട്ടറിയും. എന്നാൽ ഈ സാമ്രാജ്വത്വബൂർഷ്വാ മുതലാളിത്ത സ്ഥാപനത്തെ കമ്യൂണിസ്റ്റുകൾ ഒന്നടങ്കം എതിർത്തു. അങ്ങനെ അവർ കേരളം വിട്ടു. ഇന്ന് തിരിഞ്ഞുനോക്കുക, ആ സ്ഥാപനം വന്നിരുന്നെങ്കിൽ അസുഖത്തിന്റെ പേരിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോകേണ്ട വല്ലകാര്യവും ഉണ്ടാവുമായിരുന്നു. ക്യാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് ലോകത്തിൽ ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഇടമാണ് ജോൺ ഹോപ്കിൻ സെന്റർ. ഇതിന്റെ ഓഫ് ക്യാമ്പസ് മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ കേരള മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ രാജകീയമായ ചികിത്സ അവിടെ ലഭിക്കുമായിരുന്നു!
കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ സാമ്പത്തിക അന്ധവിശ്വാസങ്ങൾ ഒരു രാജ്യത്തെ എത്രമാത്രം പിറകോട്ട് അടുപ്പിക്കുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇന്ന് ചൈന പോലും സോഷ്യലിസത്തെ കയ്യൊഴിയുകയും, ഓപ്പൺ മാർക്കറ്റിലേക്ക് നീങ്ങുകയും ചെയ്തിട്ടും, മലയാളിയുടെ സാമ്പത്തിക അന്ധവിശ്വാസങ്ങൾക്ക് ഒരു മാറ്റവുമില്ല. സർക്കാർ നൽകുന്ന സബ്സിഡിയും, സൗജന്യവും, കോടികൾ തിന്ന് മുടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുമൊക്കെ നമുക്ക് ഇന്നും ചക്കരയാണ്. എന്നാൽ സമൂഹത്തിലേക്ക് സമ്പത്തുകൊണ്ടുവരുന്നു ഒരു സ്വകാര്യസംരംഭകൻ, ബൂർഷ്വയും മുതലാളിയുമാണ്.
ഇപ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അമേരിക്കയിൽ, ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിനായി പോയിരിക്കയാണ്. മുഖ്യമന്ത്രിയുടെ അടുത്തിരിക്കാൻപോലും, 82 ലക്ഷം രൂപ കൊടുക്കേണ്ട ആ സമ്മേളനത്തിന്റെ വാർത്തകൾ ട്രോളായി മാറുകയും ചെയ്തു. പക്ഷേ ഒന്നോർക്കണം ഇത്രയും പണം ഇറക്കാൻ കഴിയുന്ന രീതിയിൽ അവിടുത്തെ മലയാളികളെ സമ്പന്നരാക്കിയത് ആരാണ്. അമേരിക്കയെന്ന ക്യാപിറ്റലിസ്റ്റ് രാഷ്ട്രമാണ്. അവിടെപോയി എല്ലാ സൂഖസൗകര്യങ്ങളും അനുഭവിക്കുമ്പോളും, ക്യാപിറ്റലിസം എന്ന ആശയത്തെ ഭത്സിച്ചുകൊണ്ട് മുഖ്യമന്ത്രിയടക്കമുള്ളവർ ഇനിയും പ്രസംഗിക്കും. ശരിക്കും കമ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കുന്നതുപോലെ ഒരു ദുർഭൂതമൊന്നുമല്ല ക്യാപിറ്റലിസം. ലോകത്തിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാന ചാലക ശക്തികൂടിയാണ് അത്.
ക്യാപിറ്റിലിസം മുതലാളിത്തമാണോ?
പലതരത്തിൽ ഉള്ള സാമ്പത്തിക അന്ധവിശ്വാസങ്ങൾക്ക് വളരെ അധികം വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ മിക്ക ആളുകൾക്കും ക്യാപിറ്റലിസം എന്നത് അങ്ങേയറ്റം മോശമായ, സ്വാർത്ഥതയുടെയും മനുഷ്യത്വമില്ലായ്മയുടെയും അടിച്ചമർത്തലിന്റെയും പര്യായമാണ്. കുറച്ച് ഭീതി ബോധം വരാനായി ക്യാപിറ്റലിസം അഥവാ മൂലധന വ്യവസ്ഥയെ 'മുതലാളിത്തം' എന്ന ചെല്ലപ്പേരിട്ടാണ് നമ്മൾ വിളിക്കുന്നത് പോലും. എന്നാൽ ഇത് ശരിക്കും തെറ്റായ തർജ്ജമായാണ്. മൂലധനവ്യവസ്ഥിതി എന്നാണ് ആ വാക്കിന്റെ അർത്ഥം. ഇഎംഎസിനെപോലുള്ള മാർകിസ്സ്റ്റുകളാണ് അതിനെ വിമർശിച്ച് ഒരു പരുവത്തിലാക്കിയത്.
എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ പി ബി ഹരിദാസൻ ഇങ്ങനെ എഴുതുന്നു. 'കാപിറ്റലിസം ഒരു വെൽത്ത് ക്രിയേഷൻ സയൻസ് ആകുന്നു. അത് മാനവരാശിയോടൊപ്പം വളർന്നു വന്ന, വികസിച്ചുവന്ന ഒരു സാമ്പത്തിക വ്യവസ്ഥയുടെ സിസ്റ്റത്തിന്റെ പേരാകുന്നു. സയൻസ് വളർന്നു വന്നത് പോലെ, ടെക്‌നോളജി വളർന്നു വന്നതുപോലെ, ജനാധിപത്യ സ്ഥാപനങ്ങൾ വികസിച്ചതു പോലെ മാനവരാശിയുടെ വളർച്ചക്കൊപ്പം വളർന്നു വന്ന ഒരു സാമ്പത്തിക ശാസ്ത്രത്തിന്റെ പേരാണ് ക്യാപിറ്റലിസം. കാപിറ്റലിസം വെൽത്ത് ക്രിയേറ്റിങ് സയൻസ് ആണ് എന്നുറപ്പിക്കാൻ വലിയ ഗവേഷണമൊന്നും വേണ്ട. നമ്മുടെ കീശയിൽ കിടക്കുന്ന സ്മാർട്ട് ഫോൺ ആയാലും കൊള്ളാം, വീട്ടിലെ വാഷിങ് മെഷിൻ മുതലായ സൗകര്യങ്ങളായാലും കൊള്ളാം. ഇതെല്ലാം കാപിറ്റലിസം എന്ന സാമ്പത്തിക സിസ്റ്റം ഒരുക്കിയെടുത്തതാണ്.''.
ഇവിടെ ഗവൺമെന്റിന് വളരെ പരിമിതമായ റോൾ മാത്രമേ ഉണ്ടാകുള്ളൂ. മാന്യമായ മത്സരം ഉറപ്പ് വരുത്തുക, ബലപ്രയോഗം തടയുക തുടങ്ങിയ ജോലികൾ മാത്രമേ ഗവൺമെന്റ് ചെയ്യേണ്ടതുള്ളൂ. അതായത് ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരു വ്യക്തിയുടെ മൂക്കിന്റെ തുമ്പ് എത്തുമ്പോൾ പരിമിതപ്പെടുന്നു എന്നും, വിനിമയങ്ങൾ എല്ലാം സ്വമേധയാ എടുക്കുന്ന തീരുമാനങ്ങൾ ആണ് എന്നും ഉറപ്പ് വരുത്തുക എന്നതാണ് സർക്കാറിന്റെ റോൾ. വ്യക്തിക്ക് അവന്റെ കഴിവിനനുസരിച്ചു അറിഞ്ഞു വളരാൻ അതിനനുസരിച്ചു ശ്രമിക്കാൻ ഇടം നൽകുന്ന വ്യവസ്ഥയുടെ പേരാണ് ക്യാപിറ്റലിസം. ഒരു കലക്ടീവ്ന്റെ ഡിക്ടറ്റേഷനുകൾക്ക് വെളിയിൽ അവനു അവനായി ജീവിക്കാൻ വളരാൻ അനുവദിക്കുന്ന വ്യവസ്ഥിതിയുടെ പേരാണ് ഡെമോക്രാറ്റിക്ക് ക്യാപിറ്റിലസം. വേറൊരു വ്യവസ്ഥിതിയും ഇതനുവദിക്കുന്നില്ല ഇടം നൽകുന്നില്ല.
എന്താണ് ഫ്രീ മാർക്കറ്റ്?
വ്യക്തികൾ സ്വന്തം ഫ്രീ വിൽ ഉപയോഗിച്ചും റാഷണൽ തിങ്കിങ്ങ് ഉപയോഗിച്ചു നടത്തുന്ന കൊടുക്കൽ വാങ്ങലുകളുടെ ആകെത്തുകയുടെ പേരാണ് ക്യാപിറ്റലിസം. കായ്കറിക്കാരനും വീട്ടമ്മയും തമ്മിൽ, കവലയിലെ ചെരുപ്പുകുത്തിയും ചായക്കടക്കാരനും തമ്മിൽ, ഇങ്ങനെപോകുന്ന ലോകമെമ്പാടും നടക്കുന്ന കോടാനുകോടി ക്രയവിക്രയങ്ങളുടെ ആകെ തുകയുടെ പേരാണ് ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം. മിൽട്ടൻ ഫ്രീഡ്മാൻ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഇത് വിശദീകരിച്ചിട്ടുണ്ട്.
ഈ ഫ്രീ മാർക്കറ്റ് ഒരു ചന്ത പോലെ കാണപ്പെടുമെങ്കിലും അതിനകത്ത് ഒരു അലിഖിത ക്രമം, ബാലൻസ്, ഓർഡർ നിലനിൽക്കുന്നു. ആ ഓർഡറിനെയാണ് ഫ്രീ മാർക്കറ്റ് എന്ന് പറയുന്നത്. അല്ലാതെ അതൊരു മുതലാളിമാർ കുറെ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന ഇടമാണ് കാപിറ്റലിസം എന്ന മനസ്സിലാക്കൽ അപക്വമാണ്.ഫ്രീ മാർക്കറ്റ് എന്ന് വച്ചാൽ എല്ലാവർക്കും, തോന്നിയവർക്ക് തോന്നും പോലെ നടക്കപ്പെടുന്ന ഒരിടം അല്ല. ഓരോ വ്യക്തികളും അവരവരുടെ കഴിവ് ഉപയോഗിച്ച് ഒരു പ്രത്യേക കാലത്തെ സന്ദർഭോചിതമായ, തീരുമാനത്തിൽ വാങ്ങലും വിൽക്കലും സോഷ്യൽ ഇടപെടലുകളും നടക്കപ്പെടുന്ന ഒരിടമാണ്. അങ്ങനെ നടത്തെപ്പെടുന്ന ആയിരക്കണക്കിന് അവരവരുടെ വിവേകം ഉപയോഗിച്ചുള്ള തീരുമാനങ്ങളുടെ ആകെ തുക നിലനിൽക്കുന്ന ഒരിടം ആണ് ഫ്രീ മാർക്കറ്റ്.
ഒരു നീണ്ട കാലത്തെ തുലനം ചെയ്തു ആവശ്യത്തിന് ആവശ്യവസ്തുക്കൾ എത്തിച്ചു ഒരു എണ്ണയിട്ട മെഷീൻ പോലെ കാര്യങ്ങളെ കാര്യക്ഷമതയോടെ നിലനിർത്തി കൊണ്ട് പോകുന്ന ഒരു സിസ്റ്റം ആണ് ഫ്രീ മാർക്കറ്റ്. ഇന്ന് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ വളർന്നുവന്നത് ഫ്രീ മാർക്കറ്റിലൂടെയാണ്. അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളുമൊക്കെ വളർന്നതും ആ രീതിയിലൂടെയാണ്. എന്നാൽ കമ്യൂണിസം സോഷ്യലിസം എന്നത് ഫ്രീ മാർക്കറ്റിന് എതിരാണ്. അവിടെ ഭരണകൂടം തീരുമാനിക്കുന്ന കൃഷിയും വ്യവസായവുമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുക. അതുകൊണ്ടുതന്നെയാണ് പട്ടിണിയും ദാരിദ്രവുമായി കമ്യൂണിസ്റ്റ് രാജ്യങ്ങൾ തകർന്നതും.
ഫെമിനിസ്റ്റുകൾക്കും നല്ലത് ക്യാപിറ്റിലിസം
കേരളത്തിലും ആഗോളവ്യാപകമായും നോക്കിയാൽ, ഫെമിനിസ്റ്റുകളാണ് ക്യാപിറ്റലിസത്തെ വലിയതോതിൽ എതിർക്കുന്നതായി കാണുന്നത്. ക്യാപിറ്റലിസത്തിന് കീഴിൽ അസമത്വം ഉണ്ടാവും എന്നതുകൊണ്ട് ഫെമിനിസവും ക്യാപിറ്റലിസവും പൊരുത്തപ്പെടില്ല എന്നതാണ് പല ഫെമിനിസ്റ്റുകളും ഉന്നയിക്കുന്ന വാദം. അതുകൊണ്ട് തന്നെ ആണ് പുരുഷാധിപത്യ സമൂഹത്തിന്റെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന, സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന മിക്ക സ്ത്രീപക്ഷ വാദികളും ഫെമിനിസ്റ്റുകളും ഒരു പക്ഷെ ഇത്തരം വാദങ്ങൾ ശരി ആണ് എന്ന് വിശ്വസിക്കുന്നത്. പക്ഷേ ക്യാപിറ്റലിസം സ്ത്രീകളെ അടിച്ചമർത്തുന്നുവെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സാമ്പത്തിക വിദഗ്ധനും പ്രഭാഷകനുമായ വിഷ്ണു അജിത്ത് ഇങ്ങനെ എഴുതുന്നു. 'വ്യക്തി സ്വാതന്ത്ര്യവും സ്വമേധയാ ഉള്ള ഇടപാടുകളും ആണ് ക്യാപിറ്റലിസം മുന്നോട്ട് വെക്കുന്ന അടിസ്ഥാനപരമായ ആശയങ്ങൾ. ഒരോ വ്യക്തിയും അവരവരുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിന്റെ മൊത്തം താൽപര്യങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടുന്നു. ക്യാപിറ്റലിസം പാട്രിയാർക്കിയെ അംഗീകരിക്കുന്നുവെന്ന വാദം തെറ്റാണ്. നേരെ മറിച്ച് പാട്രിയാർക്കിയുടെ വിവേചനങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയാണ് യഥാർത്ഥത്തിൽ ക്യാപിറ്റലിസം ചെയ്യുന്നത്. ? വ്യക്തി സ്വാതന്ത്ര്യത്തിനു പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് തന്നെ ക്യാപിറ്റിലിസം ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും കഴിവിന് അനുസരിച്ച് വളരാനും ഉള്ള സാധ്യത ആണ് തുറന്ന് കൊടുക്കുന്നത്. അവിടെ ഒരു സ്ത്രീ എന്നോ പുരുഷൻ എന്നോ ട്രാൻസ്‌ജെൻഡർ എന്നോ തുടങ്ങി ഏതൊരു വിവേചനത്തിനും സ്ഥാനം ഇല്ല. എങ്കിലും, നിലവിലെ സാമൂഹ്യ സാഹചര്യങ്ങൾ കാരണം പല തരത്തിൽ ഉള്ള മുൻവിധികളും ആയി ജീവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട് എന്നതിനാൽ ആളുകൾ ഇത്തരം വിവേചനങ്ങൾ കാണിക്കുന്ന പ്രവണത ഉണ്ടാകുന്നുണ്ട്. എന്നാൽ ഒരു ഫ്രീമാർക്കറ്റ് ക്യാപിറ്റലസ്റ്റ് സമ്പദ് വ്യവസ്ഥ ഇത്തരം വിവേചനങ്ങൾ കാണിക്കുന്ന ആളുകൾക്ക് അവർ എടുക്കുന്ന എല്ലാ തരം തെറ്റായ തീരുമാനങ്ങളും ചിലവേറിയതാക്കുകയും വിജയ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.''- വിഷ്ണു ചൂണ്ടിക്കാട്ടുന്നു.
ഒരു വ്യക്തി, സ്ത്രീകളുടെ കഴിവിനെയും അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെയും പറ്റി എത്രത്തോളം ഭീകരമായ മുൻവിധികൾ വെച്ച് പുലർത്തുന്നുവോ, അത്രത്തോളം ഫ്രീ മാർക്കറ്റ് മത്സരത്തിൽ പുറകോട്ടു പോകാനും തകരാനും ഉള്ള സാധ്യത കൂടുകയാണ്. അതുവഴി മോശം തീരുമാനം എടുക്കുന്ന ഒരു വ്യക്തിയെ ആ തീരുമാനം മൂലം നഷ്ടം സംഭവിക്കുന്നു എന്ന് ക്യാപിറ്റലിസം ഉറപ്പ് വരുത്തുന്നു.
എന്നാൽ, സോഷ്യലിസത്തിലോ. സോഷ്യലിസത്തിൽ ഗവൺമെന്റ് എന്ന കുത്തകയുടെ നിയന്ത്രണത്തിൽ ആണ് എല്ലാ വിഭവങ്ങളും. ഇവിടെ സ്ത്രീ ആകട്ടെ, പുരുഷൻ ആകട്ടെ, നിങ്ങൾക്ക് എന്താണ് വേണ്ടത്, എത്രത്തോളം ആണ് വേണ്ടത് എന്ന് മറ്റൊരാൾ ആണ് അവിടെ തീരുമാനിക്കുന്നത്. ഒരു രാജ്യം സോഷ്യലിസത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കും തോറും വ്യക്തി സ്വതന്ത്രവും പരിമിതപ്പെടും. അതോടൊപ്പം ഗവൺമെന്റിന്റെ നിയന്ത്രണം എല്ലായിടത്തും കൂടുതൽ ആയിരിക്കും. ഒരു പുരുഷാധിപത്യ സമൂഹത്തിൽ കൂടുതൽ ഗവൺമെന്റ് നിയന്ത്രണം ഉണ്ടാകുമ്പോൾ, സ്വാഭാവികമായും തീരുമാനങ്ങൾ എടുക്കാൻ നിയോഗിക്കപ്പെടുന്ന ആളുകൾ ഭൂരിഭാഗവും സ്ത്രീകളെ കുറിച്ച് മോശം മുൻവിധികൾ ഉള്ളവർ തന്നെ ആകും.
വിവേചനാധികാരം കൂടുതൽ ഉപയോഗിക്കാൻ കഴിയുന്ന എല്ലാ അവസരങ്ങളിലും അറിഞ്ഞോ അറിയാതെയോ അവർ തങ്ങളുടെ മുൻവിധികൾ അനുസരിച്ച് സ്ത്രീകളോട് വിവേചനം കാണിച്ചുകൊണ്ടിരിക്കും. എന്നാൽ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് ഇവിടെ അവർക്ക് യാതൊരു വിലയും നൽകേണ്ടി വരുന്നില്ല. എന്ത് നഷ്ടം ഉണ്ടായാലും അത് പൊതു ഖജനാവിൽ നിന്ന് തന്നെ നികത്തപ്പെടും. അതായത്, അവരുടെ ഇഷ്ടം അനുസരിച്ച് ആളുകളോട് വിവേചനം കാണിക്കാൻ ഉള്ള സൗകര്യം കൂടുകയാണ് ഇവിടെ സംഭവിക്കുന്നത്.
പാട്രിയാർക്കിയെ പ്രതിരോധിക്കുന്നു
ക്യാപിറ്റിലിസം മൂലം ഉണ്ടായ മത്സരത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും ഫലം ആണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന മിക്ക ശാസ്ത്ര സാങ്കേതിക വികാസങ്ങളും. പാട്രിയാർക്കൽ സമൂഹത്തിൽ വീട്ടു ജോലിയുടെ ഭാരം മിക്കപ്പോളും സ്ത്രീകളുടെ തലയിൽ ആണ് വീഴുന്നത്. ഇത്തരം ജോലികൾ ചെയ്യാൻ വളരെ അധികം സമയം ചെലവാകുന്നതിനാൽ തന്നെ അത് സ്ത്രീകളെ കൂടുതൽ അറിവും നൈപുണ്യവും നേടുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എന്നാൽ, സ്വകാര്യ സംരംഭകർ തമ്മിലുള്ള മത്സരഫലമായി വീട്ടു ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും ഉള്ള ഗൃഹോപകരണങ്ങൾ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും ലഭിക്കാൻ തുടങ്ങി. അങ്ങനെ അവർ തങ്ങളുടെ ലാഭത്തിനു വേണ്ടി പരസ്പരം മത്സരിച്ചത് കാരണം ഒരുപാട് സ്ത്രീകൾക്ക് കൂടുതൽ അറിവ് നേടാനും സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നു വരുവാനും ഉള്ള സാഹചര്യം ഉണ്ടായി.
ഭൗതിക ജീവിത നിലവാരത്തിന്റെ കാര്യം എടുത്താൽ, ദാരിദ്ര്യം കുറച്ചു കൊണ്ടും ആരോഗ്യരംഗത്ത് സാങ്കേതിക നൂതനാശയങ്ങൾ വർധിപ്പിച്ചു കൊണ്ടും ക്യാപിറ്റലിസത്തിന് വലിയ പങ്കുണ്ട്. ശൈശവാവസ്ഥയിലോ പ്രസവത്തിലോ മരണം ഒരു കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വളരെ അപൂർവമാണ്. കുട്ടികൾ പൊതുവെ പ്രായപൂർത്തിയാകുന്നതുവരെ അതിജീവിക്കുന്നതിനാൽ കുടുംബ വലുപ്പങ്ങൾ ചെറുതാണ്. അതിന്റെ ഫലമായി വീട്ടിലെ പണികൾ മാത്രം ചെയ്യുക എന്ന രീതി മാറി സ്ത്രീകൾക്ക് വീടിന് പുറത്തു പോയി സമ്പാദിക്കാനുള്ള സാധ്യത കൂടി. ഉദാഹരണത്തിന്, ഫാക്ടറി ജോലി, ദാരിദ്ര്യത്തിൽ നിന്നും ഗ്രാമീണ മേഖലയിലെ കർശനമായ ലിംഗപരമായ റോളുകളിൽ നിന്നും രക്ഷപ്പെടാൻ സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. ക്യാപിറ്റലിസം സ്ത്രീകളെ വയലുകളിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, അവരെ വ്യക്തികളായി കാണാൻ സമൂഹത്തെ സഹായിക്കുകയും ചെയ്തു. ഇത് ഭൗതിക പുരോഗതിയെ മാത്രമല്ല, സാമൂഹിക നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ലിംഗവിവേചനം പോലുള്ള പഴയ മുൻവിധികളെ തകർക്കാൻ സഹായിച്ചു.
ക്യാപിറ്റലിസം സ്ത്രീകളുടെ ജീവിത നിലവാരവും തുല്യതയും ഉയർത്തുവാൻ എത്രത്തോളം സഹായിച്ചു എന്നത് മനസ്സിലാക്കാൻ നമുക്ക് ഒരല്പം ഡാറ്റ ഉപയോഗിച്ച് പരിശോധിച്ച് നോക്കാം.അമേരിക്കൻ ഇക്കണോമിസ്റ്റുകൾ ആയ റോബർട്ട് ജെൻസൻ, എമിലി ഓസ്റ്റർ എന്നിവർ നടത്തിയ പവർ ഓഫ് ടി വി , കേബിൾ ടെലിവിഷൻ ആൻഡ് വുമൺ സ്റ്റാറ്റസ്, എന്ന പഠനത്തിൽ ടിവിയുടെയും കേബിൾ കണക്ഷൻ ന്റെയും വരവ് ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരം എങ്ങിനെ മെച്ചപ്പെടുത്തിയെന്നാണ് വിശദീകരിക്കുന്നു. കേബിൾ ടിവി യുടെ വരവ് ഇന്ത്യയിലെ സ്ത്രീകളുടെ ആൺ കുട്ടികളോടുള്ള മുൻഗണന കുറച്ചു എന്നും ഗാർഹിക പീഡനത്തിനെതിരെ അവരെ കൂടുതൽ പ്രതികരണശേഷി ഉള്ളവരാക്കി എന്നും, ടിവി കാണുന്ന സ്ത്രീകൾ സ്വയം തീരുമാനം എടുക്കാൻ കൂടുതൽ പ്രാപ്തരായി എന്നും അവർ 2,700 ഓളം വീടുകളിലെ 15 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ നടത്തിയ സർവേയിൽ കണ്ടെത്തി.
സാമ്പത്തിക സ്വാതന്ത്രം എത്രത്തോളം ഉണ്ട് എന്നതാണ് ഒരു രാജ്യം ക്യാപിറ്റലിസ്റ്റ് ആണോ അതോ സോഷ്യലിസ്റ്റ് ആണോ എന്ന് അറിയാൻ ഉള്ള ഒരു മാനദണ്ഡം. എക്കണോമിക്ക് ഫ്രീഡം അടിസ്ഥാനപ്പെടുത്തിയും ജെൻഡർ ഈക്വാലിറ്റി അടിസ്ഥാനപ്പെടുത്തിയും രാജ്യങ്ങളെ റാങ്കിങ്ങ് ചെയ്താൽ വളരെ വ്യക്തമായ ഒരു പാറ്റേൺ നമുക്ക് കാണാൻ കഴിയും. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള സ്വിറ്റ്‌സർലൻഡ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ തന്നെ ആണ് സ്ത്രീകൾ കൂടുതൽ തുല്യത കൈവരിച്ചിട്ടുള്ളത്. നേരെ മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യം വളരെ കുറഞ്ഞ ഇന്ത്യ, അൾജീരിയ, തുടങ്ങിയ രാജ്യങ്ങളിൽ സ്ത്രീകൾ കൂടുതൽ വിവേചനം അനുഭവിക്കുന്നതായി നമുക്ക് കാണാൻ കഴിയും. ചുരുക്കി പറഞ്ഞാല് ക്യാപിറ്റിലിസം എന്നത് സ്ത്രീപക്ഷ വാദികൾക്ക് വിലമത്തിക്കാവാത്ത ഒരു സമ്മാനം തന്നെ ആണ്.
ദലിതർക്കും നല്ലത് ക്യാപിറ്റലിസം
ജാതീയമായി കടുത്ത സാമൂഹിക വിവേചനത്തെ നിശ്ചയദാർഢ്യത്തോടെ, നേരിട്ട് ഇന്ത്യൻ ആക്കാദമിക്ക് രംഗത്ത് മുൻ നിരയിലേക്ക് എത്തിയ ചിന്തകനാണ് ഡോ.എം.കുഞ്ഞാമൻ. മുൻ ഇന്ത്യൻ പ്രസിഡണ്ട് കെ. ആർ. നാരായണന് ശേഷം എം. എ. സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ വിജയച്ച ആദ്യ ദളിത് വിദ്യാർത്ഥി കൂടിയാണ് കുഞ്ഞാമൻ. തന്റെ ആത്മകഥയായ 'എതിര്' അദ്ദേഹം നേരിട്ട സാമൂഹിക അനീതികളെ കുറിച്ചും, ജാതീയമായ വേർതിരിവിനെ കുറിച്ചും സമകാലിക കേരളം നേരിടുന്ന സാമൂഹിക- സാംസ്‌കാരിക പ്രതിസന്ധികളെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണം കൊണ്ട് മികച്ച വായാനാനുഭവമായി മാറുന്നുണ്ട്. അതിൽ ദലിതർക്ക് നല്ലത് ക്യാപിറ്റലിസമാണെന്ന് ഡോ കുഞ്ഞാമൻ പറയാതെ പറയുന്നുണ്ട്.
1990 കളിൽ റാവു-മന്മോഹൻ സിങ് സർക്കാർ നടപ്പിലാക്കിയ ആഗോളവത്കരണവും നവലിബറൽ നയങ്ങളും ഇന്ത്യയിൽ ദളിത് സമൂഹത്തിനു ഗുണകരമായിത്തീരുകയായിരുന്നു എന്നത് കുഞ്ഞാമന്റെ ശക്തമായ നിരീക്ഷണമാണ്. ആഗോളവത്കരണവും ലിബറൽ നയങ്ങളും ദളിതർക്ക് ഉപയോഗപ്പെടുത്താൻ കഴിയും വിധം പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്. വർണ-ജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാൻ ഇത്തരം പുതിയ സാധ്യതകൾ ദളിതർക്കു സഹായകമാവുകയാണു ചെയ്തിട്ടുള്ളത്. കുഞ്ഞാമൻ തന്റെ ആത്മകഥയായ 'എതിരിൽ' അർത്ഥശങ്കയ്ക്ക് ഇടനൽകാതെ പറയുന്നു.
വ്യവസായ വിപ്ലവകാലത്ത് ലാഭം കൂടുതൽ കിട്ടിയ മുതലാളിമാർ, തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ന് മൂല്യത്തിന്റെ ഉറവിടം കായികാധ്വാനമല്ല. ഇന്ന് കൂടുതൽ ലാഭം കിട്ടാൻ മുതലാളി ഉപയോഗിക്കുന്നത് ഏറ്റവും നല്ല യന്ത്രമാണ്. അതിൽ അന്തർലീനമായിട്ടുള്ളത് ഹ്യൂമൻ ഫാക്കൽറ്റിസാണ്. കായികാധ്വാനം ചെയ്യുന്നവർക്ക് അവരുടെ ഹ്യൂമൺ ഫാക്കൽറ്റിസ് വികസിപ്പിക്കാൻ അവസരം കിട്ടുന്നില്ല. കഠിനാധ്വാനമാണ് പുരോഗതിയുടെ നിദാനമെന്നു പറയുന്നത് പരമ അബദ്ധമാണ്. മനുഷ്യനേക്കാൾ കഠിനാധ്വാനം ചെയ്യുന്നവയാണ് കഴുതകൾ. പക്ഷേ, കഴുതകളല്ല ഏറ്റവും പുരോഗമിച്ചിട്ടുള്ള ജീവികൾ.
ചരിത്രത്തിൽ, അമേരിക്ക പോലുള്ള, യൂറോപ്യൻ രാജ്യങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ കായികാധ്വാനം ചെയ്തിട്ടുള്ളത്, കറുത്തവരായ അടിമകളായിരുന്നു. ഇന്ത്യയിൽ ദലിതരാണ് ഏറ്റവും കൂടുതൽ കായികാധ്വാനം ചെയ്തിട്ടുള്ളത്. ഇത് അവർക്ക് ദൈനംദിന ജീവിതത്തിനുള്ള ഉപജീവനം പോലും നൽകിയിരുന്നില്ല. ഇവർ പുരോഗമിക്കാതിരുന്നത് കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടല്ല. കഠിനാധ്വാനം ചെയ്യരുത് എന്നാണ് കുഞ്ഞാമൻ പുതിയ തലമുറയിലെ വിദ്യാർത്ഥികളോടു പറയുന്നത്. ഡോണ്ട് ഡു ഹാർഡ് വർക്ക്, ഡു പ്രൊഡക്റ്റീവ് ആൻഡ് ക്രിയേറ്റീവ് വർക്ക് എന്നാണ്. ഉത്പാദനക്ഷമമായ മേഖലകളിലേക്കു നീങ്ങണം, അതിന് കഴിയണമെങ്കിൽ മനുഷ്യർക്ക് ദൈനംദിന ആവശ്യം നിറവേറ്റിക്കഴിഞ്ഞ് വിശ്രമസമയം വേണം.
ദളിതർക്ക് വായിക്കാനും ചിന്തിക്കാനും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ്, അവരിൽ നിന്ന് അത്തരമൊരു വിഭാഗം ഉയർന്നുവരാതിരുന്നത്. ദളിതർ ഒരിക്കലും സാമൂഹികമായി സ്വതന്ത്രരായിരുന്നില്ല. സ്വത്താണ് സ്വാതന്ത്ര്യം, ഈ സ്വാതന്ത്ര്യം കിട്ടാത്തവർക്ക് ഹ്യൂമൻ ഫാക്കൽറ്റിസ് വളർത്താൻ അവസരം കിട്ടുന്നില്ല. പാണ്ഡിത്യവും ധൈഷണിക പുരോഗതിയും കൈവരിച്ചവർക്കുമാത്രമേ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയരത്തിലെത്താൻ കഴിയവെന്നും കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നു.
ദലിത് ചേമ്പർ ഓഫ് കൊമേഴസ്
ചില ദലിത് ഉദ്യോഗസ്ഥർ പറയുന്നത് തങ്ങൾക്ക് ജാതിപ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ്. എന്നാൽ, പൂണെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദലിത് ക്യാപിറ്റലിസ്റ്റുകളുടെ അഭിപ്രായം ഈ സാഹചര്യത്തിൽ വ്യത്യസ്തവും ഏറെ പ്രസക്തമാണ്. ദലിത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റ് മിലിന്ദ് കാംബ്ലെയാണ്. ധാരാളം മുതലാളിമാരുള്ള സംഘടന. അവർ പറയുന്നു. ഞങ്ങൾ തൊഴിലന്വേഷകരല്ല, തൊഴിൽദായകരാണ്. ഞങ്ങളിൽനിന്ന് കൂടുതൽ മുതലാളിമാരെയും വ്യവസായികളെയുമുണ്ടാക്കും. അത് പുതിയ മുദ്രാവാക്യമാണ്. അത് പുതിയ മാനസികാവസ്ഥയെ കുറിക്കുന്നതാണ്.
അംബേദ്കർ സന്ദേശമുൾക്കൊണ്ട് സ്വയം ഉയർന്നുവരാനുള്ള ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു പൂണെയിലെ ക്യാപിറ്റലിസ്റ്റുകൾ. പൂണെ കേന്ദ്രീകരിച്ചുള്ള ദലിത് ക്യാപിറ്റലിസ്റ്റുകളും വ്യവസായികളും പറയുന്നത്, തങ്ങൾക്ക് ജാതിപ്രശ്‌നം നേരിടേണ്ടിവരുന്നില്ല എന്നാണ്. 'സമ്പത്ത് നിയന്ത്രിക്കുന്നവരാണ് ഞങ്ങൾ. ഉയർന്ന ജാതിക്കാരായ തൊഴിലന്വേഷകർ ഞങ്ങളിലേക്കു വരികയാണ്'. സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ദളിതർക്ക് സമ്പത്തില്ല, രാഷ്ട്രീയത്തിൽ സ്വാധീനവുമില്ല. സമ്പത്ത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജാതി ഇല്ലാതാകും. ദളിതർക്ക് അടിച്ചമർത്തപ്പെടേണ്ടിവന്നത് സമ്പത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതുകൊണ്ടായിരുന്നു.
ദളിത് മുതലാളിമാർക്ക് യാതൊരു വിവേചനവുമില്ല. ദളിത് ജീവനക്കാർക്കും തൊഴിലാളികൾക്കും വിവേചനമുണ്ട്. ദളിതരിൽ നിന്നും ആദിവാസികളിൽ നിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാകുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തരായ കാപിറ്റലിസ്റ്റിക് ക്ലാസ്. രണ്ട്, റാഡിക്കൽ ഇന്റലിജൻഷ്യ. നല്ല പണ്ഡിതന്മാർ. ഇവർക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ കഴിയു. ഇക്കാര്യവും ഡോ കുഞ്ഞാമൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
മത്സ്യത്തൊഴിലാളികളെ ഉയർത്തിയ സെൽഫോൺ
കേരളത്തിന്റെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് തീര പ്രദേശങ്ങളിൽ മൽസ്യ തൊഴിലാളികൾക്കിടയിൽ നടത്തിയ രണ്ട് പഠനം ശ്രദ്ധേയമാണ്. കേരളത്തിന്റെ ജിഡിപിയുടെ 3 ശതമാനം നൽകുന്ന വ്യവസായമായ മത്സ്യബന്ധനത്തിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ തൊഴിലെടുക്കുന്നു. 2001-ന് മുമ്പ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ അതിരാവിലെ മീൻ പിടിക്കാൻ പോകുകയും ഏതാണ്ട് 8 മണിയോടെ പിടിച്ച മത്സ്യവുമായി ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു. ഈ സമയം മൊത്തക്കച്ചവടക്കാരും ചില്ലറവിൽപ്പനക്കാരും ഈ വള്ളങ്ങൾ കാത്തു തീരത്തു നിൽക്കും. മത്സ്യം തീരുന്നതു വരെയോ കച്ചവടക്കാർ നിർത്തിയിട്ട് പോകുന്നത് വരെയോ ഈ തീരത്തെ മാർക്കറ്റുകൾ പ്രവർത്തിക്കും. ഓരോ ദിവസവും പിടിച്ച മീനിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ചില തീരങ്ങളിൽ ധാരാളം മൽസ്യം വാങ്ങാൻ ആളില്ലാതെ പാഴായി പോകുമായിരുന്നു. അധികം വന്ന മീനെല്ലാം കടലിൽ തള്ളപ്പെടുമായിരുന്നു. അതേ സമയം മറ്റ് തീരങ്ങളിൽ മീൻ വാങ്ങാൻ കൂടുതൽ കച്ചവടക്കാർ കാത്തു നിൽക്കുകയും അവർക്ക് വിൽക്കാൻ ആവശ്യത്തിന് മൽസ്യം വള്ളങ്ങളിൽ ഇല്ലാത്ത അവസ്ഥയും ഉണ്ടാവുമായിരുന്നു.
എന്നാൽ മൊബൈൽ ഫോൺ വന്നതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം നഗരങ്ങളും തീരദേശത്തോട് അടുത്താണ് നിൽക്കുന്നത് എന്നതുകൊണ്ട് മൊബൈൽ ഫോൺ സേവനം നൽകുന്ന നിരവധി മൊബൈൽ ടവറുകൾ തീരത്തോട് അടുത്ത് സ്ഥാപിക്കപ്പെട്ടു. കടലിന് ഉള്ളിലോട്ട് 20 25 കിലോമീറ്റർ വരെ മൊബൈലിനു റേഞ്ച് ലഭ്യമായിരുന്നു. ഈ ദൂരത്തിനുള്ളിൽ ആണ് ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്നത്. മൊബൈൽ ഫോൺ കണക്റ്റിവിറ്റി ലഭ്യമായപ്പോൾ ഉപഭോക്താക്കൾ കൂടുതൽ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാൻ മൽസ്യത്തൊഴിലാളികൾ മുൻകൂട്ടി ഫോൺ വിളിക്കാൻ തുടങ്ങി. 2001 ആയപ്പോഴേക്കും 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും മിക്ക മൊത്ത-ചില്ലറ വ്യാപാരികളും വിൽപ്പന ഏകോപിപ്പിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചു തുടങ്ങി. തൽഫലമായി, മാലിന്യങ്ങൾ അപ്രത്യക്ഷമാവുകയും വില സ്ഥിരത കൈവരിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ലാഭം ശരാശരി 8 ശതമാനം വർദ്ധിക്കുകയും ഉപഭോക്താവിന് ലഭിക്കുന്ന വിലയിൽ 4 ശതമാനം കുറവും ഉണ്ടായി. സാങ്കേതിക വിദ്യതും, ക്യാപിറ്റലസവും എങ്ങനെയാണ് ജനങ്ങളുടെ ജീവിതം മാറ്റുന്നത് എന്നതിന് ഇതിലും നല്ല ഉദാഹരണം വേണ്ട.
അമേരിക്ക ഒരു ബൂർഷ്വാരാജ്യമാണോ?
ഇപ്പോൾ ബൂർഷ്വാരാജ്യമായ അമേരിക്കയിലാണെല്ലോ, കേരളത്തിന്റെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിവരെയുള്ളത്. 'ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ഉണ്ടാക്കി തന്ന ഒരു ജനത. വെറും 35 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ലോക ജനതയെ അപ്പാടെ ഉയർത്തി എടുത്തത്. മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൂടുതൽ സുന്ദരമാക്കിയതിൽ അമേരിക്കയുടെ പങ്ക് കുറച്ചുകാണാൻ കഴിയില്ല'- ലോക പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സാം ഹാരീസ് ഈയിടെ എഴുതിയത് ഇങ്ങനെയാണ്. നോം ചോംസ്‌ക്കിയടക്കമുള്ള ചിന്തകർ, അമേരിക്കയെ നിശിതമായ വിമർശിക്കുന്ന സമയത്താണ്, അമേരിക്ക തകർന്നാൽ ലോകക്രമം എങ്ങനെയാവും, ലോകം ഇതിലും എത്ര മോശമാവും എന്ന ചോദ്യം സാം ഹാരീസ് ഉയർത്തിയത്.
അസാധാരണ പ്രതിഭകളെ നിരന്തരം ഉരുത്തിരിയിപ്പിക്കുന്ന ഒരു സമൂഹംകൂടിയാണ് സത്യത്തിൽ യുഎസ്എ. ആധുനിക ജീവിത സൗകര്യങ്ങളുടെ ഏത് മേഖലയിൽ തൊട്ടാലും അതിനു പുറകിൽ ഒരു അമേരിക്കൻ ശ്രമം ഉണ്ടാകും. മരുന്നുകളുടെ ലോകമാകട്ടെ, മെഡിക്കൽ ഉപകരണങ്ങളുടെ മേഖല ആകട്ടെ, പെട്രോൾ, വ്യോമ, ഗതാഗത മേഖലയാകട്ടെ. അവരുടെ ധിഷണ ഇതിനൊക്കെ പുറകിൽ കാണാം. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്ന നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ടെക്നൊളജിയുടെ മേഖലയിലെ ഏതാണ്ട് മുഴുവൻ ബുദ്ധിയും ശ്രമവും അവരുടേതാണ്. അവരുടെ യുവാക്കളും ശാസ്ത്രകാരന്മാരും രാപ്പകലില്ലാതെ ആത്മസമർപ്പണം ചെയ്യുതതിന്റെ സൗകര്യങ്ങളാണ് ലോകം അനുഭവിക്കുന്നത്. ഫെയിസ്ബുക്ക്, ഇ ബേ, ഗൂഗിൾ, വാട്ട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഇന്റ്‌റൽ, ഓറക്കിൾ,കെ. എഫ്. സി. മക്ക്ഡോണാൾഡ, ആംവേ, ഡിസ്‌കവറി ചാനൽ, നാഷണൽ ജ്യോഗ്രഫിക്ക്, ഹോളിവുഡ്, നാസാ, ജെനെറൽ മോട്ടോഴ്സ്, ബോയിങ്ങ് വിമാന കമ്പനി... അമേരിക്കയുടെ സേവനങ്ങളുടെ ലിസ്റ്റ് നീളുകയാണ്.
അതുകൊണ്ടാണ് കോവിഡ് കാലത്ത് ഇന്ത്യയെപ്പോലെ സമ്പൂർണ്ണമായി അമേരിക്ക അടച്ചിടാൻ കഴിയാതിരുന്നതും. അമേരിക്ക ഷട്ട്ഡൗൺ ആയാൽ നാം വാട്സാപ്പിലും ഫേസ്‌ബുക്കിലും കുത്തില്ല. യൂ ട്യൂബും സൂമും പ്രവർത്തിക്കില്ല. ലോകമെമ്പാടുമെള്ള എയ്റോനോട്ടിക്ക് സംവിധാനങ്ങളുടെ, ടെലി മെഡിസിന്റെ എല്ലാം താളം തെറ്റും. അങ്ങനെ ലോകത്തിന്റെ താളവും തെറ്റും. അപ്പോൾ നമ്മൾ അറിയാതെ സമ്മതിക്കുന്ന കാര്യമുണ്ട്, എത്ര ചൂഷകരെന്നും ബൂർഷ്വകൾ എന്നും ചാപ്പയടിച്ചാലും ലോകത്തിന്റെ താളം തന്നെതാണ് അമേരിക്ക.
സത്യത്തിൽ കേരളത്തിൽ ഒട്ടും ജനപ്രിയമല്ലാത്ത വിഷയമാണ് അമേരിക്ക ലോകത്തിന് നൽകിയ സംഭാവനകളുടെ പോസറ്റീവായ ചർച്ച. ഏതൊരു രാജ്യത്തിനുമെന്നപോലെ ഒരുപാട് പ്രശ്നങ്ങൾ ഉള്ള രാജ്യം തന്നെയാണ് അമേരിക്കയും. പക്ഷേ അവരുടെ നേട്ടങ്ങൾ കാണാതെ ഈ ലോകത്തിന്റെ മുഴവൻ ശാപവും അമേരിക്കകൊണ്ടാണെന്ന് വരുത്തി തീർക്കുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്. ഈ അമേരിക്കൽ സന്ദർശനത്തോടെയെങ്കിലും ക്യാപിറ്റലിസത്തിന്റെ സാധ്യതകൾ നമ്മുടെ മുഖ്യമന്ത്രിക്ക് മനസ്സിലാവും എന്ന് പ്രതീക്ഷിക്കാം.
വാൽക്കഷ്ണം: ക്യാപിറ്റലിസത്തിന് ഒരു പാട് ന്യുനതകൾ തിന്മകൾ ഉണ്ട്. അത് എല്ലാവർക്കും അറിയാവുന്ന ആശയമാണ്. അതുകൊണ്ടു ക്യാപിറ്റലിസത്തിലെ പോരായ്മകൾ പറയുന്നവർക്കും, പകരം വെക്കാൻ നിങ്ങളുടെ കൈവശം ഉള്ള ആശയം എന്താണ് എന്നാണ് അറിയേണ്ടത്. ക്യാപിറ്റലിസത്തെ നിരന്തരം പരിഷ്‌ക്കരിക്കയും, നവീകരിക്കയും ചെയ്യാതെ അതിന് പകരം സോഷ്യലിസം എന്ന നിഗമനത്തിൽ എത്തിയാൽ നിങ്ങൾ തികഞ്ഞ സാമ്പത്തിക അന്ധവിശ്വാസിയാവുകയാണ് ചെയ്യുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ