'നിങ്ങള്‍ നോക്കിക്കോളൂ, രാംവിലാസ് പാസ്വാന്‍ എന്ന ഈ ചെറുപ്പക്കാരന്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും. ഇന്ത്യയുടെ ആദ്യത്തെ ദലിത് പ്രധാനമന്ത്രി''. 1989-ല്‍ ജനതാദള്‍ നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ വിശ്വനാഥ് പ്രതാപ് സിങ് എന്ന വി പി സിങ് പരസ്യമായി പറഞ്ഞ കാര്യമായിരുന്നു ഇത്. ബിഹാറിലെ ഹാജിപ്പുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട രാംവിലാസ് പാസ്വാന്‍, അന്ന് സോഷ്യലിസ്റ്റ്- ദലിത്- ഇടതുപക്ഷ കൂട്ടായ്മയുടെ ദേശീയ മുഖമായിരുന്നു.

പക്ഷേ, പിന്നീട് പാസ്വാന്റെ രാഷ്ട്രീയം വല്ലാതെ മാറി. അയാള്‍ മണ്ഡല്‍ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കടന്നു. ഒരു കാലത്ത് കടുത്ത സംഘപരിവാര്‍ വിരുദ്ധനായിരുന്നു അയാള്‍ കൂടുമാറി എന്‍ഡിഎയില്‍ എത്തി. വാജ്പേയ് സര്‍ക്കാറിലടക്കം മന്ത്രിയായി. പിന്നീട് എന്‍ഡിഎ വിട്ട് യുപിഎ സര്‍ക്കാറില്‍ മന്ത്രിയായി. പിന്നെ യുപിഎ വിട്ട് വീണ്ടും എന്‍ഡിഎയില്‍ എത്തി. രാഷ്ട്രീയത്തില്‍ നിത്യ ശത്രുക്കളോ നിത്യ മിത്രങ്ങളോ ഇല്ലെന്ന പതിവ് ചൊല്ലിന്റെ പ്രയോക്താവായിരുന്നു പാസ്വാന്‍. തൊണ്ണൂറുകള്‍ക്കുശേഷം അധികാരത്തില്‍വന്ന മുന്നണികള്‍ക്കും സര്‍ക്കാരുകള്‍ക്കുമൊപ്പം രാഷ്ട്രീയമതിലുകള്‍ തടസ്സമാകാതെ നിലയുറപ്പിക്കാനുള്ള മാന്ത്രികവിദ്യ പാസ്വാനുണ്ടായിരുന്നു.

2020-ല്‍ രാംവിലാസ് പാസ്വാന്‍ അന്തരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലോക് ജനശക്തിയെന്ന എല്‍ജെപിയും, രാഷ്ട്രീയ യവനികക്കുള്ളില്‍ മറയുമെന്നാണ് എല്ലാവരും കരുതിയത്. കാരണം മുന്‍ ബോളിവുഡ് നടന്‍ കൂടിയായ, അമൂല്‍ ബേബിയെന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച ചിരാഗ്പാസ്വാന്‍ എന്ന മകനാണ്, ഇനി പാര്‍ട്ടിയെ നയിക്കേണ്ടത്. അതോടെ പാസ്വാന്‍ കുടുംബത്തിലും കലാപമായി. പക്ഷേ ചിരാഗ് പാസ്വാന്‍ എല്ലാ വെല്ലുവിളികളും അതിജീവിച്ചു.

അഞ്ചുവര്‍ഷത്തിനുശേഷം ബിഹാറിലെ കിങ്ങ് മേക്കറായിരിക്കയാണ് ചിരാഗ്. മഹാസഖ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി നാലില്‍ മൂന്ന് ഭുരിപക്ഷത്തോടെ, എന്‍ഡി.എ ചരിത്ര മുന്നേറ്റം നടത്തിയ തിരഞ്ഞെടുപ്പില്‍, ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയുടെ പ്രകടനവും ഞെട്ടിക്കുന്നതായിരുന്നു. മത്സരിച്ച 29 സീറ്റുകളില്‍ 22 സീറ്റ് നേടി, എന്‍ഡിഎയിലെ ഏററ്റവും വലിയ സ്ട്രൈക്ക് റേറ്റുള്ള പാര്‍ട്ടിയായി അവര്‍ മാറി. ചിരാഗ് തന്റെ കരിസ്മ കൊണ്ട് പാര്‍ട്ടി സ്ഥാപകനായ രാം വിലാസ് പാസ്വാനെ പോലും മറികടന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ എഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചിരാഗ് നിലവില്‍ കേന്ദ്രമന്ത്രിയാണ്. ഇപ്പോള്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ അദ്ദേഹം വരുമെന്നും ചര്‍ച്ചകളുണ്ട്. 'അമൂല്‍ബേബി, ബഫൂണ്‍ ബണ്ണി' തുടങ്ങിയ പേരുകളില്‍ പരിഹസിക്കപ്പെട്ട പയ്യനില്‍നിന്ന് രാഷ്ട്രീയ കിങ്മേക്കറിലേക്കുള്ള ആ 42കാരന്റെ യാത്ര കൗതുകകരവും വചിത്രവുമാണ്.




പാസ്വാന്റെ വഴിയെ മകനും

പിതാവ് രാംവിലാസ് പാസ്വാന്റെ കഥ പറയാതെ മകന്‍ ചിരാഗിന്റെ കഥ പൂര്‍ണ്ണമാവില്ല. കാരണം പിതാവാണ് അയാള്‍ക്ക് എല്ലാറ്റിലേക്കുമുള്ള വഴിവെട്ടിയത്. ഏഴ് തവണ കേന്ദ്ര മന്ത്രിയായിരുന്ന പസ്വാന്‍ ഒരു സീസണ്‍ഡ് പൊളിറ്റിഷ്യന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.യു.പി.എ, എന്‍.ഡി.എ മുന്നണികളില്‍ നിന്ന് രാഷ്ട്രീയ കാറ്റ് നോക്കി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നതില്‍ അതീവ വൈഭവമാണ് പസ്വാനുണ്ടായിരുന്നത്.

1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയായതോടെയാണ് പാസ്വാന്‍ ഇന്ത്യ മൊത്തം അറിയപ്പെടുന്നത്. അന്ന് ദലിത് രാഷ്ട്രീയത്തിന്‍െ ആശാകേന്ദ്രമെന്ന നിലയില്‍ പലരും പാസ്വാനെക്കുറിച്ച് എഴുതി. 1996-1998 വര്‍ഷങ്ങളില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്ന പസ്വാന്‍. പിന്നീട് അദ്ദേഹം എന്‍ഡിഎയിലേക്ക് മാറി. 1999-ല്‍ വാജ്പേയി നയിച്ച മന്ത്രിസഭയില്‍ ഐടി, കല്‍ക്കരി വകുപ്പുകളുടെ മന്ത്രിയായി. 2002-ല്‍ മന്ത്രി പദം രാജിവെച്ച് എന്‍ഡിഎ വിട്ട പസ്വാന്‍ 2004-2009-ലെ ഒന്നാം യു.പി.എ സര്‍ക്കാരില്‍ രാസവള, കെമിക്കല്‍ വകുപ്പ് മന്ത്രിയായി.

2009-ല്‍ തന്റെ തട്ടകമായ ഹാജിപ്പുരിനിന്ന് തോറ്റതോടെ വീണ്ടും എന്‍ഡിഎയില്‍ എത്തി. 2014 മുതല്‍ 2020 വരെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. അതായത് മരിക്കുവരെ അധികാരം പാസ്വാന്റെ കൈകളിലുണ്ടായിരുന്നു. 1996 മുതല്‍ 2020 വരെ കേന്ദ്രത്തില്‍ രൂപം കൊണ്ട എല്ലാ മന്ത്രിസഭയിലും അംഗമായിരുന്നു. അഞ്ച് പ്രധാനമന്ത്രിമാര്‍ക്കൊപ്പം മന്ത്രിയായി. പണ്ട് ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ലാലു പ്രസാദ് യാദവ് ഇങ്ങനെ പറഞ്ഞു. 'രാം വിലാസ് ജൈസാ ആദ്മി, ഐസാ മൗസംവൈജ്ഞാനിക്, ദുനിയാ മേ നഹി മിലാ....''(രാം വിലാസ് എങ്ങനെയുള്ള ആളാണ്? ഇതുപോലെ കാലാവസ്ഥാപണ്ഡിതനായ ഒരാളെ ഞാന്‍ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല) അതായത് രാഷ്ട്രീയ കാലാവസ്ഥക്ക് അനുസരിച്ച് കാലുമാറുന്നയാള്‍ എന്നാണ് ലാലു ഉദ്ദേശിച്ചത്. അതിന് രാംവിലാസ് പാസ്വാന്‍ തിരിച്ചടിച്ചത് ഏത് പാര്‍ട്ടിയിലായാലും താന്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്, കാലിത്തീറ്റയിലും, കോഴിത്തീറ്റയിലും കൈയിട്ട് വാരില്ല എന്നായിരുന്നു.

'എക്രോസ് പാര്‍ട്ടി ലൈന്‍ രാം വിലാസ് പാസ്വാന്‍ രാജ്‌നീതി കാ പില്ലര്‍ ഹെ. ജിസ്‌കോ കോയ് ഗിരാ നഹീ സക്താ...''(രാഷ്ട്രീയഭേദമില്ലാതെ രാഷ്ട്രീയത്തിന്റെ തൂണാണ് രാം വിലാസ് പാസ്വാന്‍. അത് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല)''- രാം വിലാസ് ഒരിക്കല്‍ പറഞ്ഞത് അങ്ങനെയാണ്. അച്ഛനെപ്പോലെ മകനും ഒരു സീസണ്‍ഡ് പൊളിറ്റീഷന്‍ തന്നെയാണ്. ആരാണോ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നത് അവര്‍ക്കൊപ്പം ചേരാം എന്നും അശയം ഒന്നുമല്ല എന്നുമാണ് ചിരാഗും വിശ്വസിക്കുന്നത്.



രാം വിലാസ് പാസ്വാന്റെയും അമൃത്സറില്‍ നിന്നുള്ള പഞ്ചാബി ഹിന്ദു എയര്‍ ഹോസ്റ്റസ് റീന ശര്‍മ്മയുടെയും മകനായാണ് 1982 ഒക്ടോബര്‍ 31നാണ് ചിരാഗിന്റെ ജനനം. ഝാന്‍സിയിലെ ബുണ്ടേല്‍ഖണ്ഡ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആവുകയായിരുന്നു, ആദ്യ ലക്ഷ്യം. പക്ഷേ പഠനത്തില്‍ അവന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അക്കാലത്ത് സിനിമയിലായിരുന്നു, കമ്പം. അങ്ങനെ എന്‍ജിനീയറിങ് പഠനം പാതിവഴിക്ക് നിര്‍ത്തിയ ചിരാഗ് സിനിമയില്‍ അരക്കെ നോക്കാനിറങ്ങി.

ബിഹാറിന്റെ അമിതാഭ് ബച്ചന്‍

2011-ല്‍ പുറത്തിറങ്ങിയ 'മിലേ നാ മിലേ ഹം' എന്ന ചിത്രത്തിലൂടെയാണ് ചിരാഗ് പാസ്വാന്‍ സിനിമയിലെത്തിയത്. ചിത്രം വിജയമായില്ല. പക്ഷേ നല്ല ആകാരഭംഗിയുള്ള ആ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ഇന്‍ഡ്സ്ട്രിയില്‍ നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ അയാള്‍ വിജയിച്ചേനെ. പക്ഷേ ചിരാഗ് സ്വയം പിന്‍മാറി.

സിനിമയില്‍ താനൊരു ദുരന്തമായിരുന്നെന്ന് പിന്നീട് ചിരാഗ് തന്നെ സമ്മതിച്ചു. രണ്ടുവര്‍ഷം മുമ്പ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യോടായിരുന്നു ചിരാഗിന്റെ പ്രതികരണം. ''അതൊരു വ്യത്യസ്തമായ സമയമായിരുന്നു. അത് ലളിതമായിരുന്നോ ബുദ്ധിമുട്ടായിരുന്നോ എന്ന് പറയാനാവില്ല. കുടുംബത്തിലാരും അന്നുവരെ ബോളിവുഡില്‍ ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തില്‍നിന്ന് ബോളിവുഡിലേക്ക് കടക്കാന്‍ ശ്രമിച്ച ആദ്യത്തെയാള്‍ ഞാനായിരുന്നു. പക്ഷേ വൈകാതെ തന്നെ ആ തീരുമാനം ഒരു ദുരന്തമായി തോന്നി. രാജ്യം മനസിലാക്കുന്നതിനും വളരെ മുന്‍പേ ഞാനൊരു ദുരന്തമായി എനിക്കുതോന്നി. സിനിമാ മേഖലയ്ക്കുവേണ്ടിയുള്ളയാളല്ല ഞാനെന്ന് എനിക്ക് മനസിലായി''- ചിരാഗ് തുറന്നടിച്ചു.




ചെറുപ്പംതൊട്ടേ അച്ഛനായ രാം വിലാസ് പാസ്വാനെ കണ്ടാണ് വളര്‍ന്നതെന്ന് ചിരാഗ് പറഞ്ഞു. 'അച്ഛന്‍ വേദിയില്‍നിന്ന് പ്രസംഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ സിനിമയില്‍ എനിക്ക് എഴുതിവെച്ച സംഭാഷണം തരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ വളരെ മനോഹരമായി സംസാരിക്കുന്ന അച്ഛനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ സംഭാഷണങ്ങള്‍ തത്സമയം ഇഷ്ടമുള്ള രീതിയില്‍ മെച്ചപ്പെടുത്താനും അത് പറയാനും കഴിയുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ അത് തെറ്റായിരുന്നെന്ന് അധികം വൈകാതെ ഞാന്‍ മനസിലാക്കി. ' ചിരാഗ് കൂട്ടിച്ചേര്‍ത്തു.

'മിലേ നാ മിലേ ഹമില്‍' കങ്കണ റണൗട്ട് ആയിരുന്നു നായിക. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കവേ ആകെ സംഭവിച്ച നല്ല കാര്യം കങ്കണ റണൗട്ടിനെ പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതാണെന്നും ചിരാഗ് ഓര്‍മിച്ചു. പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച്, കങ്കണയും എംപിയായി പാര്‍ലിമെന്റിലെത്തി. തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ചിരാഗ് പറയുന്നു. പക്ഷേ സിനിമാഭിനയം വിനയായത് രാഷ്ട്രീയത്തില്‍ എത്തിയപ്പോഴാണ്. 'ബിഹാറിന്റെ അമിതാബച്ചന്‍' എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ എതിരാളികള്‍ ചിരാഗിനെ കണക്കിന് പരിഹസിച്ചിരുന്നു.



കുടുംബകലാപം അമര്‍ച്ചചെയ്യുന്നു

രാഷ്ട്രീയത്തിലും തുടക്കത്തില്‍ ചിരാഗിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സിനിമയില്‍ പരാജയപ്പെട്ട മകനെ പാസ്വാന്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് അന്നുതന്നെ കുടുംബത്തിലും പാര്‍ട്ടിയിലും ചില പൊട്ടലും ചീറ്റലുമുണ്ടായിരുന്നു. പക്ഷേ പാസ്വാന്‍ എന്ന രാഷ്ട്രീയ അതികായന്റെ മുഖത്തുനോക്കി അതൊന്നും പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിതാവും പുത്രനും ബിഹാറില്‍നിന്ന് മത്സരിച്ച് ലോക്സഭയിലെത്തി. ചിരാഗ് ജാമുയി മണ്ഡലത്തില്‍ നിന്നും, പിതാവ് തന്റെ സ്ഥിരം സീറ്റായ ഹാജിപ്പുരില്‍നിന്നും ജയിച്ചു. ആര്‍ജെഡിയുടെ സുധാന്‍സു ശേഖര്‍ ഭാസ്‌കറിനെ 85,000 ല്‍ അധികം വോട്ടുകള്‍ക്കാണ് ചിരാഗ് തോല്‍പ്പിച്ചത്. 2019- ലെ തിരഞ്ഞെടുപ്പിലും ചിരാഗ് സീറ്റ് നിലനിര്‍ത്തി.

ഒരു എം പി എന്ന നിലില്‍ ചിരാഗ് ശ്രദ്ധിക്കപ്പെട്ടു. ബിഹാറിന്റെ വികസനത്തിനായി അദ്ദേഹം നടത്തിയ ലോക്സഭാ പ്രസംഗങ്ങള്‍ ചര്‍ച്ചയായി. പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തി. പണ്ട് കളിയാക്കിയവര്‍ തന്നെ 'ബിഹാറിന്റെ മാറുന്ന രാഷ്ട്രീയ മുഖമായി' ചിരാഗിനെകുറിച്ച് ഫീച്ചര്‍ എഴുതി. തന്റെ സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനായി 'ചിരാഗ് കാ റോജ്ഗര്‍' എന്ന പേരില്‍ ഒരു എന്‍ജിഒയും അദ്ദേഹം നടത്തുന്നു. ഇതും ശ്രദ്ധയമായ ഒരു സേവനമാണ്.

2020ലാണ് 74-ാം വയസ്സില്‍ രാംവിലാസ് പാസ്വാന്‍ എന്ന വന്‍മരം വീഴുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. പക്ഷേ അതോടെ കുടുംബത്തിലടക്കം കലാപം തലപൊക്കി. അതുവരെ പതുങ്ങിയിരുന്ന ബന്ധുക്കള്‍ ചിരാഗിനെതിരെ തിരിഞ്ഞു. പാസ്വാനുശേഷം പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹത്തിന്റെ സഹോദരന്‍, പശുപതി കുമാര്‍ പരസിന്റെ കൈകളില്‍ എല്‍പ്പിക്കണമെന്നും, പക്വതയില്ലാത്ത ഈ പയ്യന് കൊടുക്കരുത് എന്നുമാണ് ഒരുവിഭാഗം വാദിച്ച്. പക്ഷേ പാര്‍ട്ടി അണികള്‍ ചിരാഗിന് ഒപ്പമായിരുന്നു. അന്ന് പരസ് എംപിയായിരുന്നു. 2021 ജൂണ്‍ 14-ന്, പശുപതി കുമാര്‍ പരസ് എല്‍ജെപിയുടെ ലോക്‌സഭാ നേതാവായി സ്ഥാനമേറ്റു. ഒരു ദിവസത്തിനുശേഷം, ചിരാഗ് തന്റെ അമ്മാവനായ പശുപതി കുമാര്‍ പരസ്, കസിന്‍ പ്രിന്‍സ് രാജ് എന്നിവരുള്‍പ്പെടെ അഞ്ച് എംപിമാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കി. അവര്‍ വേറെ പാര്‍ട്ടിയുണ്ടാക്കി പോയെങ്കിലും ക്ലച്ച് പിടിച്ചില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാവരും തോറ്റമ്പി.




1969-ല്‍ രാജ്കുമാരി ദേവിയെ വിവാഹം കഴിച്ച രാംവിലാസ് പാസ്വാന്‍ 1981-ല്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഉഷ, ആശ എന്നീ രണ്ട് പെണ്‍കുട്ടികളുണ്ട്. പിന്നീട് ചിരാഗിന്റെ അമ്മയായ റീന ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. ആദ്യ ബന്ധത്തിലെ മക്കളെ കൊണ്ടുവന്നും ചിലര്‍ പ്രശ്നമുണ്ടാക്കിയെങ്കിലും അതും വൈകാതെ ആറിത്തണുത്തു. 2021-ല്‍ ലോക് ജനശക്തി പാര്‍ട്ടിയുടെ (റാം വിലാസ്) എന്ന രീതിയില്‍ പാര്‍ട്ടിയുടെ പേര് മാറ്റിയ ചിരാഗ് അതിന്റെ ആദ്യ പ്രസിഡന്റായി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. 2024-ല്‍ അദ്ദേഹം പിതാവിന്റെ തട്ടകമായി ഹാജിപ്പൂരിലേക്ക് മാറി അവിടെനിന്ന് ജയിച്ചു. മത്സരിച്ച അഞ്ച് സീറ്റുകളിലും പാര്‍ട്ടി വിജയിച്ചു. വലിയ പിന്തുണയുള്ള യുവ നേതാവിനെ കണ്ടില്ലെന്ന് നടിക്കാന്‍ മോദിക്കായില്ല. 2024 മുതല്‍ അദ്ദേഹം കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹമന്ത്രിയായി മോദി കാബിനറ്റിലുണ്ട്.

നിതീഷിനെ ഒതുക്കിയ താപ്പാന

പക്ഷേ ഒരു രാഷ്ട്രീയ ചാണക്യന്‍ എന്ന നിലയില്‍ ചിരാഗിന്റെ നീക്കങ്ങള്‍ കണ്ട് 2020-ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. കഴിഞ്ഞ തവണ നിതീഷിനെ നിലക്കുനിര്‍ത്താനുള്ള ബിജെപിയുടെ വജ്രായുധമായിരുന്നു ചിരാഗിന്റെ പാര്‍ട്ടിക്കാരുടെ വിമത വേഷം. അന്ന് എന്‍ഡിഎയില്‍ തന്നെയായിരുന്നെങ്കിലും, മുഖ്യമന്ത്രി നിതീഷ് കുമാറുമായി വളരെ മോശം ബന്ധമായിരുന്നു ബിജെപിക്ക്. നിതീഷിന്റെ ഏകാധിപത്യത്തിന് ഒരു കൊട്ടുകൊടുക്കണം എന്ന ആഗ്രഹം മോദി- അമ്ത് ഷാ ടീമിനുണ്ടായിരുന്നത്. ആ സമയത്തുതന്നെ ചിരാഗ് പാസ്വാന്‍ നിതീഷ്‌കുമാറുമായി തെറ്റി. തുടര്‍ന്നാണ് ജനതാദള്‍ (യു) സ്ഥാനാര്‍ഥികള്‍ക്കെതിരെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ എല്‍ജെപി തീരുമാനിച്ചത്.

ബിജെപി നേതാക്കള്‍പോലും എല്‍ജെപിയില്‍ ചേര്‍ന്ന് ജെഡിയുവിനെതിരെ മത്സരിച്ചു. ഇതിന് വലിയ റിസള്‍ട്ടുണ്ടായി. എന്‍ഡിഎ ജയിച്ചെങ്കിലും നിതീഷിന്റെ പാര്‍ട്ടിയുടെ പലരെയും തോല്‍പ്പിക്കാന്‍ എല്‍ജെപിക്കായി. 2015-ല്‍ 71 സീറ്റുകളുണ്ടായിരുന്ന ജെഡിയുവിന് 2020ല്‍ വലിയ തിരിച്ചടി നേരിട്ടു. സീറ്റുകളുടെ എണ്ണം 43ലേക്ക് ചുരുങ്ങി. അങ്ങനെയാണ് നിതീഷിനെ ബിജെപി മെരുക്കിയത്. എല്‍ജെപിക്ക് സ്വന്തമായി ഒരു സീറ്റ് നേടാനുമായി. 137 സീറ്റിലാണ് അവര്‍ ഒറ്റക്ക് മത്സരിച്ചത്. എന്നാല്‍ ബിജെപിക്കെതിരെ അവര്‍ മത്സരിച്ചതുമില്ല. 26 സീറ്റുകളില്‍ ജെഡിയുവിനെ വീഴ്ത്തിയത് എല്‍ജെപി പിടിച്ച വോട്ടുകളാണെന്ന് പിന്നീട് കൃത്യമായ കണക്കുകള്‍ പുറത്തുവന്നു. അതോടെയാണ് ഒറ്റക്ക് നിന്നാലും രാംവിലാസ് പാസ്വാന്റെ മകനൊപ്പം, ഒരു വോട്ട്ബാങ്ക് ഉണ്ടെന്ന് ഉറപ്പായത്.

ഇത് നിതീഷിനെ മെരുക്കാനുള്ള മോദിയുടെ പ്ലാനായി പിന്നീട് വിലയിരുത്തപ്പെട്ടു. അതിനായി ഒരു രാഷ്ട്രീയ താപ്പാനയുടെ റോളാണ് ചിരാഗ് വഹിച്ചത്. ഇങ്ങനെ വിമതരായി മത്സരിക്കാനുള്ള പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന ചിരാഗ് പാസ്വാന്‍ പിന്നീട് വെളിപ്പെടുത്തിയതും വിവാദമായിരുന്നു. ജെഡിയുവിനെതിരെ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പു കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും കണ്ടു നിലപാട് അറിയിച്ചിരുന്നതായി ചിരാഗ് പറയുന്നു. അമിത്ഷാ ഒന്നും മിണ്ടാതെ മൗനാനുവാദം നല്‍കുകയായിരുന്നുവെന്നണ് അദ്ദേഹം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി തനിച്ചു മത്സരിക്കണമെന്ന തന്ത്രം അന്തരിച്ച പിതാവ് റാം വിലാസ് പാസ്വാന്റെതായിരുന്നുവെന്നും ചിരാഗ് വെളിപ്പെടുത്തിയിരുന്നു.



മോദിയുടെ ഹനുമാന്‍!

ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചിരാഗിന്റെ വ്യക്തിബന്ധം ശകതിപ്പെട്ടത്. തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. ഇപ്പോള്‍ തികഞ്ഞ മോദി ഭക്തനായിക്കൂടി അദ്ദേഹം വിലയിരുത്തപ്പെടുന്നു. മോദിയുടെ വികസന അജണ്ടയാണ് തന്റെതെന്ന് ചിരാഗ് പലതവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 'മോദിയുടെ ഹനുമാന്‍' എന്നാണ് ചിരാഗിനെ ബിഹാര്‍ മീഡിയ വിശേഷിപ്പിക്കുന്നത്! ഈ തിരഞ്ഞെടുപ്പിലും ഹനുമാന്‍ തന്റെ ശ്രീരാമനുവേണ്ടി നന്നായി പ്രവര്‍ത്തിച്ചു. രാമന്‍ തിരിച്ചും!

ഈ തിരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ ലഭിക്കാന്‍ ചിരാഗ് പാസ്വാന്‍ വലിയ വില പേശലാണ് എന്‍ഡിഎയില്‍ നടത്തിയത്. എല്‍.ജെ.പിക്ക് 20ലേറെ സീറ്റുകള്‍ നല്‍കാന്‍ ബി.ജെ.പിയും ജെഡിയുവും ആദ്യം തയാറായിരുന്നില്ല. സീറ്റ് കിട്ടില്ലെന്നുറപ്പായപ്പോള്‍ ചിരാഗ്, ജന്‍സുരാജിന്റെ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി സമ്മര്‍ദതന്ത്രം പയറ്റി. ഒടുവില്‍ മോദിയുടെ ഉറപ്പിലാണ് എന്‍ഡിഎയില്‍ 29സീറ്റുകള്‍ നേടിയത്. വില പേശി വാങ്ങിയ സീറ്റുകളായതിനാല്‍ വിജയം ഉറപ്പാക്കേണ്ടത് ചിരാഗിന്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ 29-ല്‍ 22നും നേടി അദ്ദേഹം കിങ്മേക്കറായി. തന്റെ ഹനുമാന്റെ മാനം പോവാതിരിക്കാന്‍ പ്രധാനമന്ത്രിയും നിരവധി പൊതുയോഗങ്ങളിലെത്തി എല്‍ജെപിക്കുവേണ്ടി ആഞ്ഞ് പ്രസംഗിച്ചു.





വികസനത്തെക്കുറിച്ച് കൃത്യമായ വിഷനുള്ള നേതാവാണ് ചിരാഗ് എന്നാണ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ എഴുതുന്നത്. ഗഡ്ക്കരിയുമായി ചേര്‍ന്ന് ബിഹാറിന്റെ റോഡ് വികസനത്തില്‍ ചിരാഗ് നിര്‍ണ്ണായക റോള്‍ വഹിച്ചു. ബിഹാദിനുവേണ്ടി പ്രത്യേക പാക്കേജ് നേടിയെടുക്കുന്നതിലും ചിരാഗിന് പങ്കുണ്ടായിരുന്നു. ഇപ്പോള്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ജെഡിയുവല്ല ബിജെപിയാണ്. അതുകൊണ്ടുതന്നെ ബിഹാറിലെ ഉപമുഖ്യമന്ത്രിയായി ചിരാഗ് പാസ്വാന്‍ എത്തുമെന്നും ചില മാധ്യമങ്ങള്‍ എഴുതുന്നുണ്ട്. വാര്‍ധക്യത്തിന്റെ അവശതകള്‍ പ്രകടമാണ് നിതീഷിന്. അയാള്‍ക്കുശേഷം പാര്‍ട്ടിയില്‍ രണ്ടാമനുമില്ല. നിതീഷിനുശേഷം ജെഡിയുവിനെ സമ്പൂര്‍ണ്ണമായി വിഴുങ്ങാനാണ് ബിജെപി ആഗ്രഹിക്കുന്നതും. ആ പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങില്‍ ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രിയായിരിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവര്‍ ബിജെപിയിലുമുണ്ട്.

വാല്‍ക്കഷ്ണം: പക്ഷേ തന്റെ ഉപമുഖ്യമന്ത്രിസ്ഥാനമൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലാണ്, ചിരാഗിന്റെ പ്രതികരണം. 2029-ല്‍ വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കുകയാണ് ദൗത്യമെന്ന് ചിരാഗ് ഇപ്പോഴെ പറഞ്ഞു കഴിഞ്ഞു. അല്ലേലും ഹനുമാന് സ്വന്തം കാര്യമല്ലല്ലോ, രാമന്റെ കാര്യമല്ലേ പ്രധാനം!