- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ദൈവവുമായി മനുഷ്യന് ഉടമ്പടി എടുക്കാൻ കഴിയുന്ന അപൂർവ സ്ഥലം; 225 രൂപ അടച്ചാൽ കിട്ടുന്ന പത്രത്തിൽ ഒരാൾക്ക് ആറ് ആഗ്രഹങ്ങൾ വരെ എഴുതാം; സർക്കാർ സഹായത്തോടെ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ നടക്കുന്നത് ആത്മീയ വാണിഭം; ചവിട്ടുനാടകക്കാരനിൽ നിന്ന് കരിസ്മാറ്റിക്ക് കോടീശ്വരനിലേക്ക്; കൃപാസനം അച്ചൻ വി പി ജോസഫിന്റെ കഥ
'സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ ഒരു തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല' എന്ന ചൊല്ല് പ്രബുദ്ധമെന്നും, വിപ്ലവകരമെന്നുമൊക്കെ നാം പറയുന്ന, നവോത്ഥാന കേരളത്തിലും ശരിയായി വരുന്ന എത്രയോ സന്ദർഭങ്ങൾ നാം കണ്ടിട്ടുണ്ട്. വെറുമൊരു താറാവ് കച്ചവടക്കാരനായിരുന്ന കെ പി യോഹന്നാനാണ്, ഇന്ന് ശതകോടികളുടെ ആസ്തിയുള്ള ബിലീവേഴ്സ് ചർച്ചിന്റെ അധ്യക്ഷനായി വളർന്നത്. കടപ്പുറം സുധാമണിയെന്നും തുള്ളൽക്കാരി സുധാമണിയെന്നും അറിയപ്പെട്ടിരുന്ന പൂർവാശ്രമം, ഇന്ന് മാതാ അമൃതാനന്ദമയി ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. പ്രവാചകന്റെ തിരുകേശത്തിന്റെ പേരിൽ പള്ളി പണിയുമെന്ന് പറഞ്ഞ്, കോടികളുടെ പിരിവ് നടത്തിയ കാന്തപുരത്തെയും നാം കണ്ടു. ഇലന്തൂരിലെ ഇരട്ട നരബലി കോളിളക്കം സൃഷടിച്ചതോടെ, കേരളത്തിലെ മാധ്യമങ്ങളും, ബുദ്ധിജീവികളും, സാംസ്കാരിക നായകരുമെല്ലാം ഒന്നടങ്കം, അന്ധവിശ്വാസങ്ങൾക്കെതിരെ തിരിഞ്ഞിരിക്കയാണ്. സിദ്ധന്മാർക്കും ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ അവർ വലിയതോതിൽ പ്രതികരിക്കുന്നു.
പക്ഷേ അപ്പോഴും കേരളത്തിന്റെ യുക്തിബോധത്തെയും ശാസ്ത്രബോധത്തെയും പരിഹസിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വൻകിട വിശ്വാസത്തട്ടിപ്പുകാർക്കെതിരെ യാതൊന്നും ചെയ്യാൻ, കേരളത്തിന് കഴിയുന്നില്ല. അമൃതാനന്ദമയിയൊക്കെ പഴയ ദിവ്യാത്ഭുതങ്ങൾ അവസാനിപ്പിച്ചിട്ട് കാലം എത്രയോ ആയി. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് മുടിവെള്ള വിതരണം പരസ്യമായി നടത്താൻ കാന്തപുരത്തിന് കഴിയുന്നില്ല. കെ പി യോഹന്നാനും ജീവകാരുണ്യമേഖലയിലേക്ക് പ്രവർത്തനം മാറ്റുന്നു.
പക്ഷേ അപ്പോഴും കേരളത്തിന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു സാധനം ഇപ്പോഴം സജീവമായി ഉണ്ട്. അതാണ് കൃപാസനം. ആ ഒരു പത്രം വാങ്ങിയാൽ നടക്കാത്ത കാര്യങ്ങളില്ല. കാൻസർ മുതൽ കുഷ്ഠം വരെയും, എയ്ഡ്സ് മുതൽ എലിപ്പനിവരെയുള്ള സകല രോഗങ്ങളും പമ്പ കടക്കും. കോഴിക്കാലുമുതൽ കുഞ്ഞിക്കാലുവരെ ആവശ്യങ്ങൾക്കായി ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് കൃപാസനം ഉപയോഗിക്കുന്നത്. തളർന്ന് കിടന്നവൻ എണീറ്റ് ഓടിയതും, ഒന്നും പഠിക്കാതെ പോയി പരീക്ഷ പാസായതും അടക്കമുള്ള ആയിരിക്കണക്കിന് അനുഭവ സാക്ഷ്യങ്ങൾ ഇതിന്റെ പേരിലുണ്ട്.
മലയാളിയുടെ സാമാന്യബുദ്ധിക്കുനേരെ കൊഞ്ഞനം കുത്തുന്ന ഈ പരിപാടിക്കെതിരെ ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് പ്രകാരം ഏത് പൊലീസുകാരനും കേസ് എടുക്കാം. പക്ഷേ നാളിതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. താറാവ് കച്ചവടക്കാരൻ കെ പി യോഹന്നാനായി വളർന്ന കഥപോലെയുള്ള ഒരു അത്ഭുതമാണ്, വെറും ചവിട്ട് നാടകക്കാരനിൽ നിന്ന്, കോടീശ്വരനായ കൃപാസനം ഡയറക്ടറിലേക്കുള്ള ഫാദർ വി പി ജോസഫ് വലിയ വീട്ടിലിന്റെ കഥയും. മറ്റൊരു രോഗശാന്തി ടീമുകൾക്കും കിട്ടാത്ത ഒരു ആനുകൂല്യവും കൃപാസനത്തിന് കിട്ടി. കാരണം അത് വളർന്നത് സർക്കാർ ചെലവിലാണ്!
ചവിട്ട്നാടകത്തിൽ നിന്ന് പത്രത്തിലേക്ക്
വിപ്ലവത്തിന്റെ മണ്ണാണ് ആലപ്പുഴ എന്നാണ് പറയുക. പക്ഷേ ഇന്ന് അത് അറിയപ്പെടുത്ത് കൃപാസനം എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കൂടിയാണ്. ആലപ്പുഴ ജില്ലയുടെ കലവൂരിൽ ഇന്ന് പ്രശസ്തമായ കൃപാസനത്തിന് പിന്നിൽ വലിയൊരു കഥയുണ്ട്. 20 വർഷം മുൻപ് ചേർത്തല അർത്തുങ്കൽ തൈക്കൽ ഇടവകയിൽ ഇടവക വികാരിയായിരിക്കുമ്പോൾ ആലപ്പുഴ കാട്ടൂർ സ്വാദേശിയായ വി.പി ജോസഫ് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനമായി വളർന്നിരിക്കുന്നത്. നാഷണൽ ഹൈവേക്കരികിലുള്ള ഈ കേന്ദ്രത്തിലെ വാഹന ബാഹുല്യം പലപ്പോഴും വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്.
ചവിട്ടുനാടകം എന്ന കലാരൂപത്തിന് സംഭവിച്ച അപചയത്തിൽ നിന്ന് ആ കലയെ പുനരുദ്ധരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടയാളാണ് ഫാ. വി.പി ജോസഫ് വലിയവീട്ടിൽ. ചവിട്ടുനാടകത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് 'കൃപാസനം' എന്ന ആശയം രൂപപ്പെട്ടത്. 1989ലാണ് കൃപാസനം പൗരാണിക കലാ രംഗപീഠം എന്ന സ്ഥാപനമുണ്ടാവുന്നത്. അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് ഒരു മിഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ചവിട്ട് നാടകത്തെക്കുറിച്ച് ഫാദർ ജോസഫ് എഴുതിയിട്ടുണ്ട്.
'ചവിട്ടുനാടക വിജ്ഞാനകോശം' എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കേരള സാംസ്‌കാരിക വകുപ്പാണ്. ഇന്നും മുറയ്ക്ക് സാംസ്‌കാരിക വകുപ്പുകളുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മന്ത്രി തോമസ് ഐസക്ക് തന്റെ എംഎൽഎ ഫണ്ടിൽനിന്ന് 25ലക്ഷമാണ് ഇതിന് അനുവദിച്ചത്.
2004 മുതലാണ് വി.പി ജോസഫ് ഇതൊരു ആത്മീയ കച്ചവടകേന്ദ്രമാക്കുന്നത്. മാരാരിക്കുളം അർത്തുങ്കൽ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടുത്ത വറുതിയിൽ കഷ്ടപ്പെടുമ്പോൾ വള്ളവും തുഴയും വെഞ്ചരിച്ച് കൊടുക്കലും, ഭർത്താവ് കടലിൽ പോകുമ്പോൾ നിറയെ മീൻ കിട്ടാൻ അനുഗ്രഹം തേടി വരുന്ന വീട്ടമ്മമാരെ അനുഗ്രഹിക്കുകയും ഒക്കെയായി അത്യാവശ്യം ചെറുകിട പ്രാർത്ഥനാ പരിഹാരങ്ങളായിരുന്നു ഫാദർ വി.പി ജോസഫ് ആദ്യം ചെയ്തു വന്നത്. അനുഗ്രഹത്തിനും, കാര്യസാധ്യത്തിനും പ്രതിഫലമായി സ്വർണം കൊണ്ടും, വെള്ളി കൊണ്ടും നിർമ്മിച്ച മത്സ്യ രൂപങ്ങളും, പണവും കാണിക്കയായി ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം അൽപ്പം കൂടെ കച്ചവട സാധ്യതയുള്ള രോഗശാന്തി ശുശ്രൂഷയിലേക്ക് കടക്കുകയാണ് ഉണ്ടായത് എന്നാണ് വിമർശകർ പറയുന്നത്.
സൂനാമി കൊണ്ടുവന്ന സൗഭാഗ്യം
എന്താണ് കൃപാസനം എന്ന് ചോദ്യത്തിന് ഫാദർ വി പി ജോസഫ് നേരത്തെ നൽകിയ ഉത്തരം ഇങ്ങനെയാണ്. 'കൃപാസനം എന്നത് വ്യക്തികളുടെ ജീവിത നവീകരണത്തിലൂന്നിയ കുടുംബ സുസ്ഥിതിക്കും സാമൂഹ്യ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആധ്യാത്മിക, സാംസ്കാരിക വേദിയാണ്. കുടുംബസുസ്ഥിതിയും സാമൂഹ്യക്ഷേമവും സാംസ്കാരിക പ്രവർത്തനവുമുണ്ട്. അതിന് പറ്റുന്ന മിഷൻസ് അവിടെ നടക്കുന്നുണ്ട്. ഇതിൽ 33ശതമാനമാണ് സാംസ്‌കാരിക പ്രവർത്തനത്തിന് പ്രൊവിഷൻ ഉള്ളത്. 33 ശതമാനം സാമൂഹിക പ്രവർത്തനങ്ങൾക്കും 33 ശതമാനം ആധ്യാത്മികത്തിനും. അങ്ങനെയാണ് ഇത് പ്രവർത്തിച്ച് പോരുന്നത്. ഉടമ്പടി വന്നപ്പോൾ ജനബാഹുല്യം വർധിച്ചു എന്ന മാത്രമേയുള്ളൂ. അത് ആ മേഖലയിൽ ഉണ്ടായ വളർച്ചയാണ്. പക്ഷെ അതിന്റെ പേരിൽ മറ്റ് മേഖല തളർന്നിട്ടില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതാണ് കൃപാസനം. കടലാക്രമണമായാലും പ്രകൃതി ദുരന്തമായാലും കൃപാസനം എത്തും.''- അദ്ദേഹം പറയുന്നു. കൃപാസനത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതിന്റെ ഭാഗമായാണ് കൃപാസനം പത്രം തുടങ്ങിയത്. പക്ഷേ ഏതാനും മാസങ്ങൾ കൊണ്ട് അത് അദ്ഭുത രോഗശാന്തി പത്രമായി.
കൃപാസന കേന്ദ്രത്തിന്റെ വളർച്ച സത്യത്തിൽ സുനാമിയുമായി ബന്ധപ്പെട്ടതാണ്. 2004 ഡിസബർ 7 ന്, കൃപാസനത്തിലെ അൾത്താരയിൽ ആരാധന നടത്തുന്നതിനായി ദിവ്യകാരുണ്യ സാന്നിധ്യം മഹാസ്തുതിപ്പോടെ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചപ്പോൾ 'സാക്ഷാൽ'' അമ്മ മറിയത്തെ കണ്ടതായി കൃപാസനത്തിലെ മേധാവി ഫാ: വി.പി ജോസഫ് സാക്ഷ്യപ്പെടുത്തുന്നതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. സിൽവർ ഗ്രേ ആയിരുന്നു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം. കയ്യിലായി ഒരു ക്ലോക്ക് പിടിച്ചിരുന്നത്രേ ! ഈ അത്ഭുത ദൃശ്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഇരുപതാം പൗരോഹിത്യ വാർഷികമായ ഡിസംബർ 23 ന് വെഞ്ചരിച്ച മെഴുകുതിരികൾ വിശ്വാസികൾക്ക് നൽകി. 25 ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശത്ത് മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന നടത്തിയതായും പിറ്റേ ദിവസം ക്ലോക്കിൽ കാണിച്ച സമയത്തുണ്ടായ സുനാമിയിൽ നിന്ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ അമ്മ മറിയം കാത്തുരക്ഷിച്ചു എന്നും ഫാദർ അവകാശപ്പെടുന്നു. പക്ഷേ, അതിന് തെക്കോട്ട് സുനാമി കടലെടുക്കുകയും നൂറ് കണക്കിന് പേർ മരിക്കുകയും ചെയ്തു. അതൊന്നും ആരും കണക്കിലെടുത്തില്ല. സുനാമിയിൽനിന്ന് കൃപാസനം ഈ നാടിനെ കാത്തു എന്നായി പ്രചാരണം. അതല്ലെന്ന് പറഞ്ഞുകൊടുക്കാൻ ആരും തയ്യാറായതുമില്ല.
വിശ്വാസം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിനായിട്ട് ഇവർ കൃത്യമായി ബൈബിൾ മിത്തുകളുടെ കൂട്ട് പിടിക്കുകയും ചെയ്തു. കഥ പ്രചരിക്കുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം പെരുകാൻ തുടങ്ങി. പരസ്യത്തിലൂടെയും, വിവര സാങ്കേതിക വിദ്യയിലൂടെയും അറിഞ്ഞവരും കേട്ടവരും കലവൂരിലേക്ക് ഒഴുകി. കൃപാസനത്തിൽ ചെല്ലുന്ന ഒരാൾക്ക് അത്ര പെട്ടന്ന് ഉടമ്പടി വയ്ക്കാനോ, ജോസഫ് അച്ഛനെ കാണാനോ കഴിയില്ല. ആദ്യം ഓരോരുത്തർക്കും നൽകുന്ന ടാർജറ്റ് അനുസരിച്ച് കൃപാസനം പത്രം വാങ്ങി പ്രചരിപ്പിക്കണം. കുറഞ്ഞത് ആയിരം പത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച്, കുറച്ച് പേരെ കൃപാസനത്തിൽ എത്തിച്ച്, പത്രം വാങ്ങിയതിന്റെ രസീത് സഹിതം വേണം ഉടമ്പടിക്ക് അപേക്ഷിക്കാൻ. കൃപാസനത്തിൽ അലോപ്പതി ഡോക്ടർമാരെയും, മനഃശാസ്ത്ര ഡോക്ടർമാരേയും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. അവരുടെ നിർദ്ദേശപ്രകാരം പരിശോധനയും, മരുന്നും നൽകുന്നുമുണ്ട്.
ഉടമ്പടി ഉണ്ടാകുന്നത് ഇങ്ങനെ
ദൈവവും മനുഷ്യനുമായി ഉടമ്പടി കരാർ ഒപ്പിടുന്ന അപൂർവ കാഴ്ച കാണണമെങ്കിൽ കൃപാസനത്തിലേക്ക് വരണം. കൃപാസനത്തിൽ എത്തുന്ന വിശ്വാസിക്ക് സഫലീകരിക്കേണ്ട ആഗ്രഹങ്ങളോ പ്രാർത്ഥനകളോ അടങ്ങിയ ഒരു ലിസ്റ്റ് മാതാവിന്റെ മുന്നിൽ വച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കാം. ഒരാൾക്ക് ആറ് ആഗ്രഹങ്ങൾ വരെ എഴുതാം. 225 രൂപ അടച്ചാൽ ഉടമ്പടി പത്രം ലഭിക്കും. ഉടമ്പടി പത്രത്തിൽ വിശ്വാസി ദൈവവുമായി പാലിക്കേണ്ട ഉടമ്പടികൾ 'ടിക്' ഇട്ട് ബോധ്യപ്പെടുത്തിക്കഴിഞ്ഞാൽ ഉടമ്പടി എടുത്തതിന് പകരമായി കൃപാസനം ഉടമ്പടി കവർ നൽകും. പ്രാർത്ഥനാ പുസ്തകം, നീലനിറത്തിലും പച്ചനിറത്തിലുമുള്ള മെഴുകുതിരി, ഉപ്പ്, തൈലം, കാശ് രൂപം എന്നിവ ആ കവറിൽ ഉണ്ടാവും. മൂന്ന് മാസം കൂടുമ്പോൾ ഈ ഉടമ്പടി പുതുക്കണം. ഉടമ്പടി പുതുക്കണമെങ്കിൽ പ്രേക്ഷിതപ്രവർത്തനത്തിന് 'കൃപാസനം' പത്രം വാങ്ങിയതിന്റെ മൂന്ന് രശീതുകളെങ്കിലും ഉടമ്പടി പത്രത്തിനൊപ്പമുണ്ടാവണം. ഒരു പത്രത്തിന് അഞ്ച് രൂപ നിരക്കിൽ ചുരുങ്ങിയത് 25 പത്രമാണ് ഒരു വിശ്വാസി ഉടമ്പടി പുതുക്കുന്നതിനായി രശീത് ലഭിക്കാൻ വാങ്ങേണ്ടത്.
ഇതേക്കുറിച്ച് ഫാദർ ജോസഫ് അഴിമുഖം ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'കൃപാസനത്തിൽ നടക്കുന്നത് മരിയൻ ഉടമ്പടിയാണ്. ദൈവവചനം മനുഷ്യൻ ജീവിതത്തിൽ പാലിക്കാൻ വേണ്ടിയാണുള്ളതെന്നാണ് ബൈബിളിന്റെ പൊതുവായിട്ടുള്ള ഫ്രെയിം. അത് പാലിക്കുന്നതിനനുസരിച്ചാണ് ഇവർക്ക് ആത്മശക്തിയും ആത്മവിശുദ്ധിയും കിട്ടുന്നത്. മനുഷ്യന് ആത്മവിശുദ്ധിയും ശക്തിയും കിട്ടുന്ന തരത്തിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും പുതിയ ആത്മീയ അഭ്യാസങ്ങൾ നൽകും.
ഉടമ്പടി പ്രകാരം പരിശുദ്ധ അമ്മ വഴിയാണ് ദൈവത്തോട് ഉടമ്പടി ചെയ്യുന്നത്. കാനായിലെ കല്യാണം എന്ന ഒരു ഭാഗം ബൈബിളിലുണ്ട്. കാനായിലെ കല്യാണത്തിൽ യേശുവും അമ്മയും പങ്കെടുത്തിരുന്നു. കല്യാണം നടത്തുന്ന കുടുംബം വീഞ്ഞ് തികയാതെ വന്ന് മനുഷ്യരുടെ മുന്നിൽ അപമാനപ്പെടുവാനുള്ള സാഹചര്യം വന്നു. അമ്മ അവിടെ പ്രവർത്തിക്കുന്നത് അടുക്കളയുടെ ആശങ്കയായിട്ടാണ്. ഈശോയോട് പറഞ്ഞാൽ അടുക്കളയുടെ ആശങ്കയ്ക്ക് ഒരു പരിഹാരം ഉണ്ടാവുമെന്ന് അമ്മയ്ക്കറിയം. അമ്മ അത് പറയും. എന്നാൽ ഈശോയുടെ പരസ്യജീവിതം, അടയാളങ്ങളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ സമയമുണ്ട്. അത് പിതാവിന്റെ മനസ്സിലാണ്. ആ സമയം ആയിട്ടില്ല എന്ന സാങ്കേതികമായ തടസ്സം ഈശോ പറയും. അത് പറയുമ്പോൾ അമ്മയ്ക്ക് ലഭിക്കുന്ന ബോധജ്ഞാനമാണ് അവൻ പറയുന്നപോലെ ചെയ്യ് എന്നുള്ളത്. പഴയനിയമത്തിലും ഇതുപോലെ ഒരു പ്രശനമുണ്ടായി. ഈജിപ്തിന്റെ അടമത്വത്തിൽ നിന്ന് മോസസ് ജനങ്ങളെ ചെങ്കടൽ പിളർത്തി വാഗ്ദാന നാട്ടിലേക്ക് വിമോചിപ്പിച്ച് കൊണ്ടുപോരുകയാണ്. ആ സമയം ജനങ്ങളുടെ മുന്നിൽ വലിയ പ്രശ്‌നങ്ങളുണ്ടായി. ജറീക്കാക്കോട്ടയിൽ യുദ്ധ രാക്ഷസന്മാരാണ്. ഇവരെല്ലാം കർഷകരും നിർമ്മാണ ജോലികൾ ചെയ്യുന്നവരുമാണ്. അതിനാൽ രാക്ഷസന്മാരുമായി യുദ്ധം ചെയ്താൽ ശരിയാവില്ല.
ജറീക്കാക്കോട്ടയിൽ നിന്ന് രക്ഷപെട്ട് മുന്നോട്ട് പോയാൽ തന്നെ ജോർദാൻ നദിയുണ്ട്. അതിനപ്പുറത്ത് ഭീകരന്മാരായ രാക്ഷസവർഗമുണ്ട്. ആ സമയത്ത് ജനം അസ്തപ്രജ്ഞരായി നിൽക്കുകയാണ്. പലരും പറയും നമുക്ക് പുറകോട്ട് പോവാം എന്ന്. ഫറവോയുടെ അടുത്ത് പോയി പറഞ്ഞ് പട്ടിണിയില്ലാതെ ജീവിച്ചാൽ മതി, വിമോചനവും വാഗ്ദാനനാടും വേണ്ട എന്നാവും. എന്നാൽ ദൈവം അപമാനിക്കപ്പെടാനുള്ള സാഹചര്യമാണ് ഇതെന്ന് മനസ്സിലാക്കി മോസ്സസ് ദൈവത്തോട് പ്രാർത്ഥിക്കും. അപ്പോൾ ദൈവം പറയുന്ന പോംവഴിയാണ് ഞാൻ നിങ്ങളുടെ കൂടെ വരാം എന്ന്. അതാണ് ഉടമ്പടിയുടെ മർമ്മം. ജനങ്ങൾ അശക്തരാവുന്ന സമയത്ത് ജനങ്ങളെ ശാക്തീകരിക്കാനാണ് ദൈവത്തിന്റെ സാന്നിധ്യം വരുന്നത്. ഞാൻ നിങ്ങളുടെ കൂടെ വരാം എന്ന് ദൈവം പറയുന്നത് ഒരു വാഗ്ദാനമാണ്. ഉടമ്പടിയിലും വാഗ്ദാനമാണ്. ആ വാഗ്ദാനം ജനങ്ങളോട് ദൈവം പാലിക്കും. പക്ഷെ അതിന് കുറച്ച് നിബന്ധനകളുണ്ട്. പത്ത് പ്രമാണങ്ങൾ ദൈവം നൽകും. അപ്പോൾ ജനം പറയുന്ന വാക്കാണ് കർത്താവ് പറഞ്ഞത് പോലെ ഞങ്ങൾ ചെയ്യാം എന്ന്. എപ്പോഴും വ്യക്തിയുടെ വിശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ബൈബിൾ ഫോർമുലയാണ് അവൻ പറയുന്നത് പോലെ ചെയ്യുക എന്നത്. അമ്മയും ആ ഫോർമുലയാണ് കാനായിലെ കല്യാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആ ഫോർമുലയാണ് മരിയൻ ഉടമ്പടിയിൽ ഉപയോഗിച്ചിരിക്കുന്നത്. മരിയൻ ഉടമ്പടി വയ്ക്കുന്ന മക്കൾ കർത്താവ് പറഞ്ഞത് പോലെ ചെയ്യാൻ വേണ്ടി ഓരോ മൂന്ന് മാസവും കൂടുമ്പോഴും ആവശ്യമെങ്കിൽ ഉടമ്പടി പുതുക്കുന്നത്. ഉടമ്പടിയെടുത്താൽ അത് പാലിക്കുന്നുണ്ടോ എന്ന് ഞങ്ങൾ നോക്കും. അതല്ലാതെ മറ്റൊന്നും നോക്കാറില്ല''- ഇങ്ങനെയാണ് ഫാദർ ജോസഫിന്റെ വിശദീകരണം.
'ഉടമ്പടി ക്രൈസ്തവരെ ടാർജറ്റ് ചെയ്തുള്ളതാണ്. അക്രൈസ്തവർക്ക് ഉടമ്പടിയുടെ ഫോർമാറ്റ് നൽകില്ല. കാരണം അത് ക്രിസ്തീയ രീതിയിലുള്ള ഒന്നാണ്. എന്നാൽ കാൻസർ ബാധിച്ച ഒരു അക്രൈസ്തവൻ ഓടിവന്നാൽ അക്രൈസ്തവനാണ്, മാറിനിൽക്കാൻ പറയില്ല. നിങ്ങൾ നിങ്ങളുടെ രീതിയിൽ പ്രാർത്ഥിച്ച് പോവാനാണ് പറയുക. മതത്തിന്റെ വക്താവായല്ല, മനുഷ്യന്റെ മുന്നിലാണ് നിൽക്കുന്നത്.''- ഇങ്ങനെയാണ് ഫാദറുടെ വിശദീകരണം.
ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
ഇപ്പോൾ കൃപാസനം വീണ്ടും ചർച്ചയാവാനുള്ള കാരണവും സോഷ്യൽ മീഡിയയാണ്. കോവിഡ് കാലത്ത് മാളത്തിൽ ഒളിച്ച പല അദ്ഭുത രോഗശാന്തി ശുശ്രുഷകരും, അത് കഴിഞ്ഞശേഷം വീണ്ടും തലപൊക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതോടൊപ്പം വീണ്ടും വാർത്തകളിൽ നിറയുകയാണ് നമ്മുടെ കൃപാസനം പത്രവും. കോവിഡ് കാലത്ത് പൂർണ്ണമായും നിന്നുപോയതായിരുന്നു, കൃപാസനം പത്രത്തിന്റ അനുഭവസാക്ഷ്യങ്ങൾ. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതോടൊപ്പം ഉഗ്രൻ ട്രോളുകളും.
പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ കൃപാസനം പത്രം മുറിച്ചിട്ട്, ആകെ ക്ലീൻ ചെയ്യേണ്ടി വന്ന ഒരാളുടെ ഓഡിയോ നേരത്തെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. താൻ രാവിലെ കൃപാസനം പത്രം ശരീരത്തിൽ ചുരുട്ടി വച്ചാണ് ജോലിക്ക് ബൈക്കിൽ പോകാറുള്ളതെന്നും അപ്പോൾ, തണുപ്പ് അറിയാറില്ലെന്നും പറയുന്ന ഇയാൾ, പെട്രോൾ തീർന്നപ്പോൾ കൃപാസനം പരീക്ഷിച്ചതോടെയാണ് വെട്ടിലായത്. അതുപോലെ തന്നെ ഒന്നും പഠിക്കാതെ കെ ടെറ്റ് പരീക്ഷ എഴുതി കൃപാസനത്തിന്റെയും കാശിമാലയുടെയും സഹായത്തോടെ, വൻ മാർക്കുവാങ്ങി ടീച്ചർ ആയി പോസ്റ്റ് കിട്ടിയ ഒരു ഹിന്ദി അദ്ധ്യാപികയുടെ അനുഭവവും വൈറൽ ആയിരുന്നു. അതുപോലെ പാസ്പോർട്ട് കൃപാസനം പത്രത്തിൽ പൊതിഞ്ഞപ്പോൾ ക്യാൻസലായ വിസ തിരിച്ച് കിട്ടയത് അടക്കമുള്ള എത്രയോ അനുഭവങ്ങൾ വേറെയും.
ഇതിനെതിരെ ശക്തമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 'പല്ലിയെ പത്രത്തിൽ പൊതിഞ്ഞ് എറിഞ്ഞപ്പോൾ രാവിലെ മുറ്റത്ത് കണ്ടത് ദിനോസറിനെ എന്നും', ' കൃപാസനം പത്രം കക്ഷത്തിൽ വെച്ച് കുന്നുമൽ ശാന്തയെ കാണാൻ പോയപ്പോൾ വാതിൽ തുറന്നന്നത് ഐശര്യ റായ്, തുടങ്ങിയ സാധനങ്ങൾ ഇറക്കിയാണ് ട്രോളന്മാർ ഇതിനെ പരിഹസിക്കുന്നത്. മറ്റൊരു ട്രോൾ ഇങ്ങനെയാണ്. അറിയിപ്പ്,....പലരും കൃപാസനം ഓൺലൈൻ , പിഡിഎഫ് കോപ്പികൾ ഉപയോഗിക്കുന്നത് ആയി അറിയുവാൻ കഴിഞ്ഞു. ശരിയായ ഫലപ്രാപ്തിക്ക് യഥാർത്ഥ പത്രം നേരിട്ട് വരുത്തി ഉപയോഗിക്കുക !'. ബൈക്കിൽ ഒഴിക്കാൻ പെട്രോൾ കന്നാസിൽ വാങ്ങി കൃപാസനം പത്രത്തിൽ പൊതിഞ്ഞുവെച്ചു, രാവിലെ നോക്കിയപ്പോൾ മുറ്റത്ത് ഒരു പെടോൾ പമ്പ്', 'ബിവറേജിൽനിന്ന് കിട്ടിയ ജവാന്റെ ഫുള്ള് ജോണിവാക്കറാക്കിയ കൃപാസനം'....എന്നിങ്ങനെ പോകുന്ന പരിഹാസങ്ങൾ. ഫുൾ തന്തൂരി ചിക്കൻ കൃപാസനം പത്രത്തിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്ന് തുറന്നപ്പോൾ ജീവനുള്ള കോഴി പറന്നു പോയി എന്നും, ഗർഭമുണ്ടാകാനുള്ള തൈലം കന്യകമാർ വയറുവേദനക്കെടുത്ത് അബദ്ധത്തിൽ വയറിൽ പുരട്ടരുതെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
വിവാദമായപ്പോൾ മലക്കം മറിച്ചിൽ
ഏതാനും വർഷങ്ങൾ മുമ്പ് ചേർത്തല തൃച്ചാറ്റുകുളം സ്വദേശിയായ യുവതിയെ കൃപാസനം പത്രം അരച്ചുചേർത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കൃപാസനം ട്രോളുകളിൽ നിറഞ്ഞിരുന്നു. അന്ന് കൃപാസനം മരുന്നിന് പകരമാവില്ല എന്ന് പറഞ്ഞാണ്, ഫാദർ ജോസഫ് തടിയെടുത്തത്. ഇന്ന് വീണ്ടും എയറിലാവുമ്പോൾ ആ പഴയ വീഡിയോയയാണ് വിശ്വാസികൾ തന്നെ പ്രചരിപ്പിക്കുന്നത്. അതിൽ കൃപാസനം അച്ചൻ ജോസഫ് ഇങ്ങനെ പറയുന്നു.
'ആദ്യകാലങ്ങളിലൊക്കെ ഈ സാക്ഷ്യം ആൾക്കാർ ഇങ്ങനെ പറയുമ്പോൾ..., പത്രത്തിൽ കിടത്തിയപ്പോൾ തളർന്നുപോയ ആൾ എഴുന്നേറ്റു എന്നൊക്കെ പറയുമ്പോൾ, പത്രത്തിൽ കിടത്തി പ്രാർത്ഥിച്ചു, തളർന്ന് കിടന്ന എന്റെ ഭർത്താവ് എഴുനേറ്റ് വന്ന് എന്നൊക്കെ ഈ ചേട്ടത്തിമാർ പറയുമ്പോൾ, നമ്മൾ അറിയാതെ പ്രെയിസ് ദ ലോഡ് എന്ന് പറയും. കാര്യം, നമ്മൾ ഓർക്കുന്നത് എന്താണെന്നുവച്ചാൽ നല്ലകാര്യമൊക്കെ സംഭവിച്ചില്ലേന്ന്. നമ്മൾ കൂടി ഓർക്കുകയാണ് ദൈവശാസ്ത്രപരമായിട്ട്, വൈദ്യശാസ്ത്രപരമായിട്ട് ഇത് ശരിയല്ലല്ലോ എന്ന്, ഇത് എന്നാ കാണിച്ചത് എന്ന് അങ്ങനെ ഒരു ഫീൽ ആ സമയത്ത് കിട്ടത്തില്ല. നമ്മൾ ആള് രക്ഷപ്പെട്ടല്ലോ എന്നോർത്ത് സന്തോഷിച്ച്, ദൈവത്തിന് നന്ദിപറയും. ജനങ്ങൾ ഇത് കേട്ടിട്ട് കൈയടിക്കും. പക്ഷേ ഈ സാധനം അത്, വലിയൊരു ഗ്രീവിയസ് ഒഫൻസായിട്ട്, ഇപ്പോൾ ഈ ദിവസങ്ങളിലൊക്കെ ബന്ധപ്പെട്ട് പ്രചരിക്കുന്നില്ലേ, അതുപോലെ വരുമെന്ന്, ഒരിക്കലും ഓർത്തില്ല. അത് അതിന്റെ ലാഘവത്വത്തോടുകൂടി അവരുടെ ഒരു ദൈവാനുഭവം എന്ന രീതിയിലാണ്, പ്രസിദ്ധീകരിച്ച് പോയത്. പക്ഷേ കുറച്ചു കഴിഞ്ഞ് ഇത് വേറെ രീതിയിൽ പ്രചരിച്ചപ്പോൾ ആണ് ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായത്. അപ്പോൾ തന്നെ ഓൾറെഡി സ്റ്റോപ്പ് ചെയ്തു കഴിഞ്ഞു.
ഒരു കൊല്ലം മുമ്പ് സ്റ്റോപ്പ് ചെയ്തതാണ്. ഒരു കൊല്ലമായിട്ട് കൃപാസനം പത്രത്തിലൊന്നും ഇതുപോലെ ഒരു സംഭവം വരുന്നില്ല. പിതാവ് എന്നെ വിളിച്ച് പറഞ്ഞത് മെയ് 12ാം തീയതിയാണ്, 2018. അതിനുശേഷം ഒരിക്കലും ഇത്, ഒരു സാധനം പോലും പത്രം വഴി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇങ്ങനെ വന്നുപോയതാണ്. ഇങ്ങനെ വന്നപ്പോൾ അവരുടെ ഒരു, ആശ്വാസത്തിന് കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങളും ഒക്കെ, ഈ സാക്ഷ്യം പറയുന്ന പ്രമോട്ടറും കൈയടിച്ചിട്ടുണ്ട്. അതിനകത്ത് വലിയ കളങ്കമില്ലെന്ന് ധരിച്ചതുകൊണ്ട്, തെറ്റിദ്ധാരണയായിപ്പോയി. പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്നത്. പണ്ടൊക്കെ അങ്ങനെ, വന്നിട്ടുള്ളത്. ഞങ്ങൾ അതൊക്കെ ഫേസ്‌ബുക്കിൽനിന്ന് വരെ എല്ലാം മാറ്റിക്കൊണ്ടിരിക്കയാണ്. ഞാൻ ഫേസ്‌ബുക്ക് കൈകാര്യം ചെയ്യുന്നവരോാട് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള തെറ്റിദ്ധാരണയുള്ള എല്ലാം എടുത്ത് മാറ്റിക്കോ, എന്ന്. നിങ്ങൾ ഇത് മനസ്സിലാക്കണം. ''- വി പി ജോസഫ് ചൂണ്ടിക്കാട്ടി. കൃപാസനം പത്രത്തിൽ താൻ ഡിസ്‌ക്ലെയ്മർ കൊടുത്തിട്ടുണ്ട് എന്ന് മറ്റൊരു അനുഭവത്തിലും ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
അതായത് അദ്ദേഹത്തിനുതന്നെ നന്നായി അറിയാം ഇതൊന്നും ഫലിക്കുന്നതല്ലെന്ന്. പിന്നെന്തിനാണ് വിശ്വാസികളെ ഈ രീതിയിൽ പറ്റിക്കുന്നത് എന്നാണ് ചോദ്യം. ഈ പറഞ്ഞതിൽ ആത്മാർത്ഥയുണ്ടെങ്കിൽ ഈ ധാനകേന്ദ്രം അടച്ചുപൂട്ടണം എന്നാണ് വിമർശകർ പറയുന്നത്.
രുദ്രാക്ഷ മാഹാത്മ്യം ടെക്ക്നിക്ക്
കാൽനൂറ്റാണ്ടു മുമ്പ് കേരളത്തിലെ സ്‌കൂളുകളിൽ 9ാം ക്ലാസിൽ പഠിപ്പിച്ച ഒരു കഥയാണ് മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം'. നിർഗതിയും പരഗതിയുമില്ലാതെ കോഴിക്കോട് മാനാഞ്ചിറയിലും പരിസരത്തും തെണ്ടി നടന്നിരുന്ന സഞ്ജയനും സുഹൃത്ത് പറങ്ങോടനും രുദ്രാക്ഷ വിൽപ്പനയിലൂടെ കോടീശ്വരന്മാർ ആവുന്നതാണ് കഥയുടെ പ്രമേയം.ഇതേ രീതിയിലാണ് കൃപാസന പത്രം അടക്കമുള്ളവ പ്രചരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അത്ഭുതസിദ്ധിയുണ്ടെന്ന് കാണിച്ച് ഈ കഥയിലെ കഥാപാത്രങ്ങൾ വിൽക്കുന്ന രുദ്രാക്ഷങ്ങൾ അവർ തന്നെ ഉണ്ടാക്കിയതാണ്. പക്ഷേ ഇതു ഫലിക്കും എന്നതിന് കാരണമായി കഥയിലെ പറങ്ങോടൻ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.
കഥയിൽനിന്ന്..
പറങ്ങോടൻ കീശയിൽ നിന്ന് ഒരു സിഗററ്റെടുത്തു കൊളുത്തി ഇങ്ങനെ പറഞ്ഞു:
'ആദ്യമായി ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. കാര്യം ഞാൻ ഒടുക്കം പറയാം. ഈ ലോകത്തിൽ രോഗം പിടിച്ചവരൊക്കെ മരിക്കുന്നുണ്ടോ?'
'ഇല്ല'
'പരീക്ഷയ്ക്കു പോയവരൊക്കെ തോല്ക്കുന്നുണ്ടോ?'
'ഇല്ല'
വിവാഹം കഴിക്കുന്നവരിൽ നൂറിൽ നൂറും തങ്ങൾക്ക് തീരെ പ്രണയമില്ലാത്ത സ്ത്രീപുരുഷന്മാരെയാണോ വിവാഹം കഴിക്കുന്നത്?'
'അല്ല'
'കോടതികളിൽ കേസ്സുള്ളവർ എല്ലാം ചെലവുസഹിതം തോല്ക്കാറുണ്ടോ?'
'ഇല്ല'
'ശരി: എന്നാൽ നമുക്ക് സർട്ടിഫിക്കറ്റു കിട്ടും. നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾ എങ്കിലും പാസ്സാവുകയില്ലേ? അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയയ്ക്കും. രുദ്രാക്ഷം വാങ്ങുന്ന നൂറു രോഗികളിൽ, ഈ കോഴിക്കോടു നഗരത്തിൽ കൂടി, രണ്ടാളുകളുടെയെങ്കിലും രോഗം മാറിക്കിട്ടുകയില്ലേ? ആ രണ്ടാളുകൾ നമ്മൾക്ക് സസന്തോഷം സർട്ടിഫിക്കറ്റ് തരും.'
'ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകളോ?'
'അവർ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല. ഒരു പക്ഷേ നമ്മൾക്ക് എഴുതിയേക്കാം. ആ എഴുത്തുകൾ നമ്മൾ പ്രസിദ്ധപ്പെടുത്തിക്കൊള്ളണമെന്നു നിയമമുണ്ടോ? അതുമല്ല. ഉപയോഗിച്ചു ഫലം കണ്ടു എന്നു വിശ്വസിക്കുന്നവർ അവിശ്വാസികളുടെ വാക്ക് എടുക്കുകയുമില്ല'-
ഇതേ ടെക്ക്നിക്കുതന്നെയാണ് വിശ്വാസ ചികിൽസകരും ജ്യോതിഷികളുമൊക്കെ പ്രയോഗിക്കുന്നത് എന്നാണ് ടോളന്മാർ ചൂണ്ടിക്കാട്ടുന്നത്. സ്വാഭവികമായും ശരിയാവുന്ന കാര്യങ്ങളെ തെറ്റിദ്ധരിച്ചാണ് ഭൂരിഭാഗം പേരും ഈ കെണിയിൽ പെടുന്നത്. പത്രവും ഏലസ്സുമൊക്കെ ഉപയോഗിച്ച് പരാജയപ്പെട്ടവർ തങ്ങൾക്കുപറ്റിയ അബദ്ധം വലുതായൊന്നും പ്രചരിപ്പിക്കുകയും ഇല്ല. ഈ ടെക്ക്നിക്ക് ആധുനിക കാലത്ത് നന്നായി പറയുന്ന ആളാണ് കൃപാസനം ജോസഫ് അച്ചൻ എന്ന് നിസ്സംശയം പറയാം.
പ്രാർത്ഥനാ ചികിത്സയുടെ 'ശാസ്ത്രം'
പിന്നെ മറ്റൊന്ന് ലോകത്തിലെ ഒരുപാട് അസുഖങ്ങൾ താനെ മാറുന്നവയാണ്. നാം മരുന്ന് എടുത്താലും എടുത്തില്ലെങ്കിലും അവ മാറും. ഉദാഹരണം ഹെപ്പറ്റൈറ്റസ് എ. അവിടെ കീഴാർ നെല്ലിയടക്കം എന്തും കൊടുക്കാം. കുറച്ച് ദിവസം കഴിഞ്ഞ് കഴിഞ്ഞ് രോഗം താനെ മാറും. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി യോ, സി യോ ആണെങ്കിൽ അടിയന്തര ചികിത്സവേണം. പക്ഷേ താനെ മാറിയ ഹെപ്പറ്റെറ്റിസിനും ക്രഡിറ്റ് പോവുന്നത്, പ്രാർത്ഥനക്കും പത്രത്തിനുമൊക്കെ ആയിരുന്നു. കേരളത്തിൽ നിലവിലുള്ള പാമ്പുകളിൽ 90 ശതമാനത്തിനും വിഷമില്ല. അവ കടിച്ചാൽ രോഗിക്ക് ഭീതി മാത്രമാണ് ഉണ്ടാവുക. അവിടെ പ്രാർത്ഥനാചികിത്സയും ഫലിക്കും. പക്ഷേ യഥാർത്ഥത്തിൽ വിഷപ്പാമ്പുകടിച്ചാൽ ആന്റിവെനം തന്നെ വേണം. പക്ഷേ വിഷപ്പാമ്പു കടിച്ച എന്റെ മകനെ കൃപാസനം രക്ഷപ്പെടുത്തിയെന്നാവും സാക്ഷ്യം വരിക.
അതുപോലെ തന്നെ മിക്ക അസുഖങ്ങളുടെ വേദനയും പീഡകളും ചാക്രികമാണ്. ഒരു പ്രത്യേക സമയത്ത കൂടി അത് ഒരു കർവ്പോലെ വളർന്ന് പിന്നെ കുറയും. ഈ കുറയുന്ന സമയത്ത് എന്ത് ചികിത്സയെടുത്താലും അതിന്റെ ക്രെഡിറ്റ് ആ ചികിത്സകർക്ക് കിട്ടും. പക്ഷേ അൽപ്പകാലം കഴിഞ്ഞാൽ പൂർവാധികം ശക്തിതോടെ തിരിച്ചുവരികയയും ചെയ്യും. മാത്രമല്ല രോഗം മാറ്റുകയല്ല, രോഗം മാറ്റിയെന്ന പ്രതീതിയാണ് ഇവർ ഉണ്ടാക്കുന്നത്. യഥാർത്ഥത്തിലെ മാടമ്പള്ളിയിലെ മനോരോഗി അവിടെ തന്നെയുണ്ട്. കൃപാസനം പത്രം അടക്കമുള്ള രോഗശാന്തി ശുശ്രൂഷകൾ മൂലമുണ്ടാകുന്ന ഒരു പ്രധാന പ്രശ്നം യാഥർത്ഥ ചികിത്സ രോഗിക്ക് നിഷേധിക്കപ്പെടുന്നുവെന്നാണ്. ഇതുമൂലം ആരോഗ്യം അപകടത്തിലായവർ നിരവധിയുണ്ട്. എന്തിന് കൃപാസനം ജോസഫ് അച്ചനും, പോട്ടയിലെ നായ്ക്കംപറമ്പിൽ അച്ചനും തൊട്ട് എന്തിന് സാക്ഷാൽ മാർപ്പാപ്പവരെ അസുഖം വന്നപ്പോൾ സൂപ്പർ സ്പെഷ്യ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിക്കപ്പെട്ടത്. അവരാരും പത്രം കക്ഷത്തിൽവെച്ച് പ്രാർത്ഥിക്കാനോ, തലയിൽ കൈവെച്ച് അസുഖം മാറ്റാനോനിന്നില്ല. ഈയിടെ കാന്തപുരം ഉസ്താദിന് അസുഖംവന്ന് ഗുരുതരാവസ്ഥയിൽ ആയപ്പോൾ, തുപ്പിയ വെള്ളം കൂടിക്കയായിരുന്നില്ല, കോഴിക്കോട്ടെ ഏറ്റവും ഹൈട്ടക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കയാണ് ചെയ്തത്. പിന്നെ എന്തിനാണ് ഇവർ ഒക്കെ സാധാരണക്കാരനെ പറ്റിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
വാൽക്കഷ്ണം: കൃപാസനം അടക്കമുള്ള സകല അദ്ഭുത രോഗ ശാന്തിക്കാർക്കെതിരെയും ശക്തമായ നടപടി എടുക്കാനുള്ള ആർജവമാണ് നമ്മുടെ സർക്കാർ കാണിക്കേണ്ടത്. പക്ഷേ നടക്കില്ല. മതത്തിനും ന്യൂനപക്ഷ വോട്ട്ബാങ്കിനും മുന്നിൽ ഏത് ഇരട്ടച്ചങ്കന്റെയും മുട്ടിടിക്കും എന്നതാണ് യാഥാർഥ്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ