- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
അലാവുദ്ദീന്റെ അദ്ഭുത വിളക്ക് കൈയിലുള്ള ആളാണ് അയാൾ എന്നാണ് പറയുക. എവിടെപ്പോയാലും പണവും സമ്പത്തും ഒപ്പം. എങ്ങനെ വീണാലും നാലുകാലിൽ. കഴിഞ്ഞ വർഷം അയാൾ ലോകത്തെ രണ്ടാമത്തെ ധനികനായി ഞെട്ടിച്ചു. അതാണ് ഗൗതം അദാനി. കോളജ് ഡ്രോപ്പൗട്ടായി മുബൈയിലെ ഒരു വൈരക്കല്ല് ഫാക്ടറിയിൽ തൊഴിലാളിയായി ജോലി നോക്കി, ഒടുവിൽ ബിസിനസിലേക്ക് തിരിഞ്ഞ ആ പയ്യന്റെ വളർച്ച ബുള്ളറ്റ് ട്രെയിനിന് സമാനം ആയിരുന്നു!
ഇരുപതുവർഷം മുമ്പുവരെ ടാറ്റ, ബിർളാ, അംബാനി എന്നല്ലാതെ ഇങ്ങനെ ഒരു പേര് നാം കേട്ടിട്ടില്ലായിരുന്നു. പക്ഷേ നുറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ആ വ്യവസായികളെയല്ലാം പിന്നിലാക്കുന്ന അതിവേഗ വളർച്ചയായിരുന്നു അദാനിയുടേത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ, ഒരു ഗുജറാത്തി വ്യവസായി പൊടുന്നനെ വളരുന്ന വരുന്ന കാഴ്ചയാണ് ഇന്ത്യൻ വ്യവസായ ലോകം കണ്ടത്. മോദിയുടെ സുഹൃത്ത് അയതുകൊണ്ട് മാത്രമല്ല, കഠിനാധ്വാനവും, അർപ്പണബോധവും, അത്മവിശ്വാസവും അയാളുടെ കൂടെപ്പിറപ്പായിരുന്നു. മോദി പ്രധാനമന്ത്രിയായപ്പോൾ, അദാനിയും രാജ്യമാകെ പടർന്ന് പന്തലിച്ചു. ഇപ്പോൾ രാജ്യവും വിട്ട് യുഎസിലും, യുകെയിലും, ഓസ്ട്രേലിയയിലും, ആഫ്രിക്കയിലും ഒക്കെ ബിസിനസുകൾ ഉള്ള ഒരു അന്താരാഷ്ട്ര ബ്രാൻഡ് ആയി അദാനി മാറിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ വർഷം ബ്ലൂബർഗ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ മൂന്നാമത്തെ, സമ്പന്നനാണ് അദാനി. ഫോബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് രണ്ടാമത്തെ വലിയ ധനികനും. ഇരുപതുവർഷംമുമ്പ് ആരും അറിയാതെ കിടന്ന ഒരു ഭാരതീയന്റെ പേരാണ് ഇന്ന് ജെഫ് ബെസോസിനും, ഇലോൺ മസ്ക്കിനുമൊപ്പം ചേർത്ത് വായിക്കപ്പെടുന്നത്് ഇന്ത്യയിൽ തന്നെ ഈ അടുത്ത കാലത്ത് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കമ്പനികൾ നോക്കുക. കടുത്ത മോദി വിരുദ്ധ മാധ്യമമായ എൻഡിടിവിയെ, 'അഴകിയ രാവണൻ' സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന തന്ത്രംപോലെ വളഞ്ഞുചുറ്റിപ്പിടിച്ചാണ് അദാനി കൈക്കലാക്കിയത്. കമ്പനി കൈയിൽനിന്ന് പോയപ്പോഴാണ് എൻഡിടിവി ഉടമ, പ്രണോയ് റോയ്പോലും വിവരം അറിഞ്ഞത്. എ സി സി, അംബുജ എന്നീ കമ്പനികൾ ഏറ്റെടുത്തതോടെ, ലോകത്തിലെ ഏറ്റവും വലിയ സിമന്റ് വ്യാപാരിയുമായി മാറി അദാനി ഗ്രൂപ്പ്.
ഇങ്ങനെ തിളങ്ങി നിൽക്കുന്നതിടയിലാകട്ടെ ഇടിത്തീപോലെ ഒരു റിപ്പോർട്ട് അദാനിക്കെതിരെ വരവുന്നത്. യു എസ് ആസ്ഥാനമായ ഹിൻഡൻ ബർഗ് എന്ന ഫിനാൻഷ്യൽ റിസർച് സ്ഥാപനത്തിൽ വന്ന ഒരു റിപ്പോർട്ടാണ് അദാനി ഗ്രൂപ്പിനെ ഉലച്ചുകളഞ്ഞത്.
ഒറ്റദിവസംകൊണ്ട് നഷ്ടം ഒരുലക്ഷം കോടി
അദാനി ഗ്രൂപ്പ് അടിമുടി ഫിനാഷ്യൽ ഫ്രോഡ് ആണെന്ന് സ്ഥാപിക്കുന്ന റിപ്പോർട്ടാണ് ഹിൻഡൻ ബർഗ് പുറത്തുവിട്ടത്. അതോടെ ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം കോടിയോളം രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല. 'ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ നടക്കാൻ പോകുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകൾ പരിശോധിക്കും.'' അദാനി ഗ്രൂപ്പ് ഇങ്ങനെ പ്രതികിരിച്ചു. എന്നാൽ, ഹിൻഡൻ ബർഗ് ആവട്ടെ തങ്ങളുടെ നിഗമനങ്ങളിൽ ഉറച്ച് നിൽക്കയാണ്്.
ഇന്ന് തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ അദാനിക്ക് നഷ്ടം നേരിട്ടു. തുടക്കത്തിൽ സെൻസെക്സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 5065 പോയന്റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയും കുത്തനെ താഴേക്ക് പതിച്ചു. 20 ശതമാനമാണ് അദാനി ഓഹരികളിൽ വന്ന ഇടിവ്. ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ തുടർ ഓഹരി സമാഹരണം ഇന്ന് മുതൽ തുടങ്ങുകയാണ്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചെലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.
ഹിൻഡെൻബർഗ് റിപ്പോർട്ടിനെ കൃത്യമായി പ്രതിരോധിക്കാൻ അദാനിക്ക് കഴിയുന്നില്ല. കേസ് കൊടുക്കുമെന്ന് പറയാൻ മാത്രമാണ് കഴിഞ്ഞത്. അതുകൊണ്ടാണ് അദാനി ഓഹരികൾ രണ്ടാം ദിവസവും സമ്മർദത്തിലാകുന്നത്. ഇനിയും ഇടിവ് പ്രതീക്ഷിക്കാം എന്നാണ് സാമ്പത്തിക വിദഗധർ പറയുന്നത്. മൊത്തം രണ്ടുലക്ഷം കോടിരുപയുടെ നഷ്ടം ഇതുമൂലം അദാനി ഗ്രൂപ്പിന് ഉണ്ടാവുമെന്നാണ് കരുതുന്നത്! അദാനിയെ വിറപ്പിക്കുന്ന ഈ ഹിൻഡൻ ബർഗ് ആരാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ അതൊരു ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനം എന്നാണ് പറയാൻ കഴിയുക. ലോകത്തിലെ പല വമ്പന്മാരെയും മുട്ടുകുത്തിച്ച ചരിത്രം ഉണ്ട് അതിന്. ലോകം മുഴുവൻ പോയി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന സ്വകാര്യ ധനകാര്യ ഡിറ്റക്റ്റീവുകൾ ആണ് അവർ
ആൻഡേഴ്സൺ എന്ന വിസിൽ ബ്ലോവർ
ഹിൻഡൻബർഗ് റിസർച്ച് സ്ഥാപിച്ചത് നഥാൻ ആൻഡേഴ്സൺ (38)എന്ന ജറുസലേമിൽ വേരുകളുള്ള ഒരു യഹൂദനാണ്. ജറുസലേമിൽ ഒരു പ്രാദേശിക ആംബുലൻസ് സേവനത്തിൽ ജോലി ചെയ്ത അനുഭവവും അൻേഡേഴ്സനുണ്ട്. യുഎസിലെ കണക്റ്റിക്കട്ട് സർവകലാശാലയിൽ ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടിയശേഷമാണ് അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസം ആക്കുന്നത്. ഫാക്്റ്റ്സെറ്റ് എന്ന സാമ്പത്തിക സോഫ്റ്റെവെയർ കമ്പനിയിൽ കൺസൾട്ടിങ് ജോലിയിൽ പ്രവേശിച്ചാണ് തുടക്കം.
ഹിൻഡൻ ബർഗ് സ്ഥാപിക്കുന്നതിന് മുമ്പ്, ലോകത്തിലെ പല ഫിനാഷ്യൽ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന മാർക്കോപോലോസുമായി ആൻഡേഴ്സൺ ചേർന്ന് പ്രവർത്തിച്ചു. അദ്ദേഹം പണി പഠിക്കുന്നത്, വമ്പന്മാരെ മുട്ടുകുത്തിച്ച മാർക്കോപോലോസിന്റെ കളരിയിൽ വച്ചാണ്. ബെർണി മഡോഫിന്റെ പോൺസി സ്കീം പുറത്തുകൊണ്ടുവന്നത് അവർ ആയിരുന്നു. പ്ലാറ്റിനം പാർട്ണേഴ്സ് എന്ന ഹെഡ്ജ് ഫണ്ടിനെക്കുറിച്ച് അന്വേഷിച്ച് അവർ റിപ്പോർട്ട് നൽകി. ഒരു ബില്യൺ ഡോളറിന്റെ വഞ്ചനയാണ് ഇതിൽ നടന്നതെന്ന് കണ്ടെത്തി. ഇങ്ങനെ സാമ്പത്തിക ക്രമക്കേടുകൾക്ക് എതിരെ ഒരു വിസിൽ ബ്ലോവർ എന്ന നിലയിലാണ് ആൻഡേഴ്സൺ പ്രവർത്തിച്ചത്.
മറുച്ചുവെച്ച എത് തട്ടിപ്പും പുറത്തുകൊണ്ടുവരുന്ന ലോകോത്തര അന്വേഷണ വീരൻ എന്നാണ് ആൻഡേഴ്സനെക്കുറിച്ച് മാർക്കോപോളസ് പറഞ്ഞത്. 'വസ്തുതകൾ ഉണ്ടെങ്കിൽ ആൻഡേഴ്സ്ൺ അവ കണ്ടെത്തും, ക്ലോസറ്റിൽ നിന്ന് അസ്ഥികൂടങ്ങൾ കിട്ടിയാൽ പോലും അവർ അന്വേഷിച്ച് ഒറിജിനൽ കണ്ടെത്തും'- ഫിനാഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ മാർക്കോപോളസ് തന്റെ ശിഷ്യനെക്കുറിച്ച് പറയുന്നു.
ഒരു ദുരന്തം പേരായി മാറുന്നു
ഹിൻഡൻ ബർഗ് എന്നത് സത്യത്തിൽ ഒരു വിമാനദുരന്തത്തിന്റെ പേരിൽ പ്രതീകാത്മകയായി ഉണ്ടാക്കിയ സ്ഥാപനം ആണ്. 1937 മെയ് 6 ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്സിയിലെ മാഞ്ചസ്റ്റർ ടൗൺഷിപ്പിൽ വിമാനാപകടം നടന്ന സ്ഥലമാണ് ഹിൻഡൻ ബർഗ്. ആ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 97 യാത്രികരിൽ, 35 പേർ മരിച്ചു. അതിജീവിച്ചവരിൽ ഭൂരിഭാഗത്തിനും ഗുരുതരമായി പരിക്കേറ്റു. മനുഷ്യന്റെ പിഴവ്മൂലം സംഭവിച്ച ആ മഹാദുരന്തത്തിന്റെ പേര് സ്വീകരിച്ചാണ് ആൻഡേഴ്സൺ ഹിൻഡൻബർഗ് റിസേർച്ച് തുടങ്ങുന്നത്. മനുഷ്യന്റെ പിഴവുകളും തട്ടിപ്പുകളും കണ്ടെത്തി സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുന്ന സ്ഥാപനം എന്നാണ് അവർ അർഥമാക്കിയത്.
2017ലാണ് ഹിൻഡൻ ബർഗ് സ്ഥാപിച്ചത്. അതിന്റെ പ്രവർത്തന രീതി ഇങ്ങനെയാണ്. കമ്പനികളുടെ തെറ്റുകുറ്റങ്ങളും ക്രമക്കേടുകളും തരികിടകളും കണ്ടെത്തിലശേഷം അത് വിശദീകരിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് കുറ്റാരോപിതമായ കമ്പനിയുമായി വാതുവെപ്പിലേർപ്പെട്ട് ലാഭം നേടും. വെബ്സൈറ്റിൽ, അക്കൗണ്ടിങ് ക്രമക്കേടുകൾ, തെറ്റായ മാനേജ്മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ കക്ഷി ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് വെളിപ്പെടുത്തുന്നത്.
പക്ഷേ പൂർണ്ണമായും റിസേർച്ചിന് വേണ്ടി മാത്രല്ല അവർ റിപ്പോർട്ട് ഉണ്ടാക്കുന്നത്. ഷോർട്ട് സെല്ലറുമാണ് അവർ. തങ്ങൾ ലക്ഷ്യമിടുന്ന കമ്പനിയുടെ വരുമാനം ഇടിയുന്നതോടെ ഷോർട്ട് സെല്ലിങ്ങിലൂടെ കോടികൾ ആണ് ഹിൻഡൻ ബർഗിന്റെ കൈകളിലും എത്തുന്നത്. പക്ഷേ സ്ഥാപിത താൽപ്പര്യങ്ങളിൽ നിന്ന് അവരും പൂർണ്ണമായി മോചിതരല്ല. യു എസിൽ അവർക്കെതിരെ കേസ് നടക്കുന്നുണ്ട്. അമേരിക്കയിലെ ഡിപ്പാർട്ട് മെന്റ് ഓഫ് ജസ്റ്റിസിൽ വഞ്ചനാ കേസ് ഉണ്ട്. ഇതെല്ലാം തങ്ങളുടെ റിപ്പോർട്ടിൽ പെട്ട കമ്പനികൾ ആണെന്നും, അവർ കേസ് കൊടുക്കുന്നത് സ്വാഭാവികമാണെന്നുമാണ് ഹിൻഡൻ ബർഗ് പറയുന്നത്.
വിവാദമായ നിക്കോള കേസ്
പക്ഷേ ഹിൻഡൻ ബർഗിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്, ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെ 2020 സെപ്റ്റംബറിൽ അവർ നടത്തിയ വാതുവെയ്പ്പാണ്. ഇതാണ് അവരുടെ ഏറ്റവും വലിയ പന്തയമെന്ന് പറയുന്നു. എന്നാൽ അതിൽ നിന്ന് ലഭിച്ച തുക വ്യക്തമാക്കാൻ ഇത് വരെയും ഹിൻഡൻബർഗ് തയ്യാറായിട്ടില്ല.
നിക്കോള അതിന്റെ സാങ്കേതികപരമായ സംവിധാനങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ചതായി അവർ പറഞ്ഞു. തുടർന്ന് അതിവേഗതയിൽ പായുന്നതായി കാണിക്കുന്ന നിക്കോളയുടെ ഇലക്ട്രിക് ട്രക്കിന്റെ വീഡിയോയെ ആൻഡേഴ്സൺ വെല്ലുവിളിച്ചു. യഥാർഥത്തിൽ വാഹനം ഒരു കുന്നിന് താഴെയ്ക്ക് ഉരുട്ടി വിട്ടിരിക്കുകയായിരുന്നു. നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടൺ അവരുടെ നിക്ഷേപകരോട് കള്ളം പറഞ്ഞെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം യുഎസ് ജൂറി നിക്കോളയ്ക്കെതിരെ വിധി പുറപ്പെടുവിച്ചു. ഇതിനെത്തുടർന്ന്, നിക്ഷേപകർക്കുള്ള നഷ്ടപരിഹാരമായി 2021-ൽ 125 മില്യൺ ഡോളർ നൽകാൻ കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി സമ്മതിച്ചു. നിക്കോള കമ്പനി 2020 ജൂണിൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോർഡ് മോട്ടോറിനെ (എഫ്എൻ) മറികടന്ന് മൂല്യം 34 ബില്യൺ ഡോളറിലെത്തി. ഹിൻഡൻ ബർഗ് കേസിന് ശേഷം നിക്കോളമൂല്യം 1.34 ബില്യൺ ഡോളറായി കൂപ്പുകുത്തി. ഈ വിവരങ്ങൾ കണ്ടെത്തുതിനായി വലിയ അന്വേഷണാണ് അവർ നടത്തിയത്. നിക്കോളയുടെ മുൻ ജീവനക്കാരുൾപ്പെടെ പലരും കണ്ടെത്തലുകൾക്ക് സഹായിച്ചതായി ഹിൻഡൻബർഗ് പറയുന്നു.
2017 മുതൽ കുറഞ്ഞത് 16 കമ്പനികൾക്ക് മേലെയെങ്കിലും ഹിൻഡൻ ബർഗ് തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചതായി അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില അപാകതകൾ ഹിൻഡൻ ബർഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ മസ്ക്ക് ക്ഷോഭിച്ച് പ്രശനമുണ്ടാക്കി. പക്ഷേ ഹിൻഡൻ ബർഗ് പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ആഴത്തിലുള്ള പഠനമാണ് ഹിൻഡൻ ബർഗിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു സ്വകാര്യ കുറ്റാനേഷണ സംഘത്തെപ്പോലെ സാമ്പത്തിക കാര്യങ്ങൾ അന്വേഷിക്കാൻ ഒരു വലിയ ടീം അവരുടെ ഭാഗത്ത് നിന്ന് ഉണ്ട്. ചാരപ്പണിയും, പണം നൽകി വിവരങ്ങൾ ചോർത്തുകയുമൊക്കെയായി എന്ത് വിലകൊടുത്തും വസ്തുത കണ്ടെത്തുക അവരുടെ ലക്ഷ്യമാണ്.
അദാനി അടിമുടി ഫ്രോഡോ?
അദാനിഗ്രൂപ്പിന് നിക്ഷേപുമുണ്ടെന്ന് പറയുന്ന സ്ഥലങ്ങളിൽ നേരിട്ട് പോയി പരിശോധിച്ചും, രേഖകൾ പഠിച്ചും രണ്ടുവർഷം എടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് ഹിൻഡൻ ബർഗ് പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വെച്ച് വൻ തുക വായ്പ എടുത്തെന്നും, അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോർട്ട് പറയുന്നു.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ 17.8 ട്രില്യൺ ഇന്ത്യൻ രൂപ (218 ബില്യൺ യുഎസ് ഡോളർ)യുടെ തട്ടിപ്പ് നടത്തിയെന്നാണ് ഹിൻഡൻബർഗ് വെളിപ്പെടുത്തുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏർപ്പെടുകയാണെന്ന് ഇവർ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമുയർത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അദാനിയുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികളും തിരിമറി നടത്തിയിട്ടുണ്ട്. മൗറീഷ്യസിലും യുഎഇയിലും മറ്റുപല രാജ്യങ്ങളിലും ഷെൽ കമ്പനികൾ ഉണ്ടാക്കുകയാണ്. ഗൗതം അദാനിയുടെ സഹോരദനായ വിനോദ് അദാനിയാണ് ഈ കമ്പനികൾ നടത്തുന്നത്. ഇത്തരം തട്ടിക്കൂട്ട് കമ്പനികളാണ് ഓഹരിവില നിയന്ത്രിക്കുന്നത്. ഈ കമ്പനികൾ ബോധപൂർവം ഓഹരി കൂട്ടിവാങ്ങി, വില ഉയർത്തിക്കാട്ടി കമ്പനിയുടെ മൂല്യം കൂട്ടുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട് പറയുന്നത്.
അദാനിക്ക് നിക്ഷേപമുള്ള പലയിടത്തും ഹിൻഡൻ ബർഗ് നേരിട്ട് പോയി അന്വേഷിച്ചു. ബഹാമസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരു കൽക്കരി കമ്പനിയാണ്. പക്ഷേ ഹിൻഡൻ ബർഗ് പ്രതിനിധികൾ അവിടെ പോയി അന്വേഷിച്ചപ്പോൾ കൽക്കരിയില്ല. ചെറിയ പെട്ടിക്കടപോലെ ഒരു കടയിലാണ് കാര്യങ്ങൾ നടത്തുന്നത്. സിങ്കപ്പൂരിൽ അദാനിയുടെ കമ്പനികൾ ഒരു കെട്ടിടത്തിൽ മൂന്നെണ്ണമാണ്. അദാനിക്കുവേണ്ടി ഷെയർ ഇറക്കിയ ആളും, അദാനി കമ്പനിയും, എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരു സ്ഥലത്ത്. ഇത്തരം ഗുരതരമായ ക്രമക്കേടുകൾ പുറത്തുവിട്ട് സത്യത്തിൽ അദാനിയുടെ അടപ്പിളക്കയാണ് ഹിൻഡൻ ബർഗ് ചെയ്തിരിക്കുന്നത്.
ഇന്ത്യയെ തകർക്കൽ അജണ്ടയോ?
അതേസമയം ഇന്ത്യയെയും അദാനിയെയും തകർക്കാനുള്ള അജണ്ട വെച്ചുള്ള പാശ്ചാത്യ ശക്തികളുടെ നീക്കമാണിതെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. അദാനിയുടെ ഷെയറുകളിൽ ഷോർട് സെല്ലിങ് നടത്തിയിരിക്കുന്നൊരു കമ്പനി ഉണ്ടാക്കിയ റിപ്പോൾട്ട് എങ്ങനെ പൂർണ്ണമായും വിശ്വസിക്കാനാവും എന്നാണ് അവർ ചോദിക്കുന്നത്. ഓഹരി വിദഗധർ രമേഷ് മേത്ത ടൈംസ് ഓഫ് ഇന്ത്യയിൽ ഇങ്ങനെ എഴുതുന്നു. 'അദാനിയുടെ ഷെയറുകൾ വില മുകളിലേക്ക് പോയാൽ ഹിൻഡൻ ബർഗിന് വൻ നഷ്ടങ്ങളുണ്ടാക്കും. അതൊഴിവാക്കാൻ അവർ മാനുപലേറ്റീവ് ആയ ഒരു പഠനം മാർക്കറ്റിൽ ഇറക്കിയിരിക്കുകയാണ്. അതിന് ഫലവും കണ്ടു. അദാനി ഷെയറുകൾ വില ഇടിഞ്ഞു. ആ സന്ദർഭത്തിൽ ഹിൻഡൻബർഗുകാരൻ വളരും. ഇതൊക്കെ മാർക്കറ്റിൽ നടക്കുന്ന കള്ളക്കളികളാണ്. അദാനിയുടെ കമ്പനികളെ കുറിച്ചുള്ള ഒരു വിലയിരുത്തലുകളും ഇത്തരം റിപ്പോർട്ടുകൾ വെച്ച് നാം എടുക്കരുത്. അദാനിയുടെ ബാലൻസ് ഷീറ്റ് വായിച്ച് ലാഭ നഷ്ട കണക്കുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്തുള്ള വിലയിരുത്തലുകൾ മാത്രമേ എടുക്കാവൂ''.- രമേഷ് മേത്ത പറയുന്നു.
അതേസമയം ഇന്ത്യയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പാശ്ചാത്യ ശക്തികളുടെ കളിയാണിതെന്നും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായി ഒരു ഇന്ത്യൻ വ്യവസായി വരുന്നത്, പാശ്ചാത്യലോകത്തിന് അത്രപെട്ടെന്ന് ദഹിക്കില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ന് ലോകത്തിലെ ആദ്യത്തെ മികച്ച പത്തു കമ്പനികളിൽ ഒറ്റ ഇന്ത്യൻ കമ്പനിയുമില്ല. അവിടേക്ക് ഒരു ഇന്ത്യാക്കാരൻ കയറിവരുന്നത് തടയാനാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് വാദം.
ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത് ഈയിടെയാണ്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്. തൊട്ട് അയൽരാജ്യങ്ങളായ പാക്കിസ്ഥാനും, ശ്രീലങ്കയും, അഫ്ഗാനുമൊക്ക പാപ്പരാവുമ്പോൾ ഇന്ത്യ അതിവേഗം വളരുകയാണ്. ഇനിയുള്ള സാമ്പത്തിക വർഷങ്ങൾ ഇന്ത്യയുടേതാവുമെന്ന് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയതാണ്. ആ വളർച്ചയിൽ നിർണ്ണായക റോൾ ആണ് ഗൗതം അദാനിക്ക് ഉള്ളത്. ഇന്ത്യയുടെ ഇന്റർ നാഷണൽ ബ്രാൻഡ് ആണ് അദാനി. അപ്പോൾ ഫലത്തിൽ ആ ഗ്രൂപ്പിനെ തകർക്കുകയാണ്, ഇന്ത്യയെ പിന്നോട്ട് അടിപ്പിക്കാൻ എളുപ്പം എന്ന് പറഞ്ഞുകൊണ്ടാണ്, ചിലർ അദാനിയെ ന്യായീകരിക്കുന്നത്.
മാത്രമല്ല ദേശീയ താൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന വ്യവസായിയാണ് അദാനിയെന്നും ഒരു വിഭാഗം സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖമൊക്കെ, വല്ല ചൈനീസ് കമ്പനിക്കുമാണ് കൊടുത്തിരുന്നതെങ്കിൽ എന്തെല്ലാം സുരക്ഷാ ആശങ്കകൾ ആണ് ഉണ്ടാവുക. ലോകത്ത് എല്ലാ ബിസിനസുകാരയെും പോലെ അദാനിക്ക് കടം ഉണ്ട്. അതിനേക്കാൾ അസ്തിയുമുണ്ട്. പക്ഷേ കടം മാത്രം പെരുപ്പിച്ച് അദാനിയെ താറടിക്കയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല അദാനി പൊട്ടിയിൽ അത് ഇന്ത്യൻ ബാങ്കിങ്ങ് മേഖലയെയും ബാധിക്കും. രണ്ടുലക്ഷം കോടിയിലേറെ മൊത്തം കടമുണ്ട് അവർക്ക്.
88 ചോദ്യങ്ങളിൽ ഒന്നിനും മറുപടിയില്ല
അതേസമയം അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി ഹിൻഡൻബർഗ് വീണ്ടും വ്യക്തമാക്കി. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും തങ്ങൾക്കെതിരായ ഏതു നിയമനടപടിയും സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
'രണ്ടു വർഷമെടുത്തു തയാറാക്കിയ വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടി സ്വീകരിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ അദാനിഗ്രൂപ്പ് എന്ത് നിയമനടപടി സ്വീകരിച്ചിട്ടും കാര്യമില്ല'- ഹിൻഡൻ ബർഗ് ട്വീറ്റിൽ അറിയിച്ചു. തങ്ങൾ നിയമ നടപടിക്കൊരുങ്ങുകയാണെന്ന അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.
ഗൗതം അദാനിക്കെതിരെ ഇന്ത്യയിൽനിന്നും പലതവണ വിമർശനം ഉണ്ടായിട്ടുണ്ട്. മോദിയുടെ ക്രോണി ക്യാപിറ്റലിസത്തിലുടെ വളർന്ന ഈ വ്യവസായിയെ, സ്വ പ്രയത്നം കൊണ്ട വളർന്ന ജെഫ് ബെസോസുമായി താരതമ്യം ചെയ്യുന്നതിനെതിരെ കേരളത്തിലെ സോഷ്യൽ മീഡിയയിലും വലിയ ചർച്ച ഉയർന്നിരുന്നു.
ധനകാര്യവിദഗധനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ബൈജു സ്വാമി ഇങ്ങനെ കുറിക്കുന്നു. 'സ്വന്തമായി ഒരു ചെറിയ മുറിയിൽ ബുക്ക് സെല്ലർ ആയി തൂടങ്ങിയിട്ട,് ലോകത്തെ കീഴ്മേൽ മറിക്കുന്ന രീതിയിൽ ടെക്നോളജി എടുത്ത് അമ്മാനമാടി, ഭൂമിയിലെ മനുഷ്യ ജീവിതത്തിനെ ക്വാളിറ്റേറ്റിവ് ആയി മെച്ചപ്പെടുത്തി സമ്പത്തുണ്ടാക്കിയ വ്യക്തിയാണ് ബെസോസ്. അയാൾക്ക് ഒരു ഭരണകൂടത്തിന്റെയും ആശീർവാദങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കൻ പ്രസിഡന്റിനെ 'പോടാ പുല്ലേ' എന്ന് വിളിച്ചു നേരിട്ടുകൊണ്ടാണ്, അയാൾ സമ്പത്തുണ്ടാക്കിയത്. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഭരണകൂടത്തിന്റെ ആശീർവാദം മൂലം വായ്പ അയാൾക്ക് കിട്ടിയിട്ടല്ല. അന്തസോടെ മാർക്കറ്റ് ഫോഴ്സസിനോട് പൊരുതിയാണ്, ലോകത്തിലെ ഏറ്റവും കൊമ്പേറ്റിറ്റീവ് ആയ, ഏറ്റവും മിടുക്കരായ അനലിസ്റ്റുകൾ നിരന്നിരുന്ന് കീറി മുറിച്ച് പഠിക്കുന്ന, വോൾ സ്ട്രീറ്റിൽ അയാൾ തിളങ്ങി നിൽക്കുന്നത്. അയാൾക്ക് ട്രംപ് പോയി ബൈഡൻ വന്നാലോ, ഇനി ബൈഡൻ പോയി വേറെയാരെങ്കിലും വന്നാലോ ഒരു ചുക്കും സംഭവിക്കില്ല. അയാളെ പരാജയപ്പെടുത്താൻ അയാളേക്കാൾ മികച്ച ടെക്നോളജിക്കും അയാൾക്കും മാത്രമേ കഴിയൂ.
ഇനി അദാനിയെ നോക്കൂ. അയാളുടെ ഏത് കമ്പനിയാണ് ലോക നിലവാരത്തിൽ ഉള്ളത്? കുറെ കൂതറ മൈനിങ്, ട്രേഡിങ്ങ്, കള്ള പാമോയിൽ സ്വന്തമായി തീറെഴുതി കിട്ടിയ പോർട്ടിലൂടെ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്തു കൊണ്ട്, ലാഭം പെരുപ്പിച്ച് കാട്ടി പൊതുമേഖലാ ബാങ്കുകളിൽ നിന്നും കടം വാങ്ങി കെട്ടി പൊക്കിയ സമ്പത്ത് ആണ് അയാളുടെത്. അയാൾക്ക് ലോണിന് അർഹത ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ബെസോസ്മായുള്ള താരതമ്യ പശ്ചാത്തലത്തിൽ നോക്കിയാൽ അദാനിയുടെ വെൽത്ത് മുഴുവനും പബ്ലിക് മണി ഉപയോഗിച്ചാണെന്ന് പറയാം. ടാറ്റ പോട്ടെ ,മുകേഷ് അംബാനി പോലും ഇപ്പോൾ അയാളേക്കാൾ മെച്ചപ്പെട്ട രീതിയിൽ സമൂഹത്തിന് കൂടി വാല്യൂ കൊടുത്താണ് ലാഭമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ടാറ്റ സൺസിന്റെ ഒന്നും ഏഴയൽവക്കത്ത് അദാനിയെ വിലകൊടുക്കാനാവില്ല. ''- ബൈജു സ്വാമി ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിൽ അനുകുലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളുമായി കേരളത്തിലെ സോഷ്യൽ മീഡിയയിലും അദാനി നിറഞ്ഞു നിൽക്കയാണ്.
വാൽക്കഷ്ണം: അദാനിയുടെ ക്രമക്കേടുകളെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾക്കും നന്നായി അറിയാമെങ്കിലും അവർ സമ്മർദങ്ങൾ ഭയന്ന് കാര്യമായി ഒന്നും എഴുതാറില്ല. ഇതിപ്പോൾ അമേരിക്കൻ ടീം ആയതുകൊണ്ടാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. മുമ്പ്, വിവാദവ്യവസായി കേതൻ പരീഖിന്റെ കെ 10 ഓഹരികളിൽ ക്രമക്കേട് കണ്ടെത്തിയ ശങ്കർ ശർമ്മ രണ്ടര കൊല്ലം തിഹാർ ജയിലിലാണ് അടക്കപ്പെട്ടത്. വാജ്പേയി സർക്കാർ ഓഹരി വിപണിയിൽ തകർച്ചക്ക് ശ്രമിച്ചു എന്ന വിചിത്രമായ കുറ്റം ആരോപിച്ചാണ് ഇയാളെ ജയിലിലിട്ടത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഈ കെ 10 കമ്പനിയുടെ പ്രാമോട്ടർമാരും കേതൻ പരീഖ്മെല്ലാം ജയിലിൽ ആയി. പക്ഷേ ശങ്കർ ശർമ്മക്ക് ശക്തമായ ഭരണകൂട വേട്ടയാണ് നേരിടേണ്ടിവന്നത്. യുപിഎ ഭണകാലത്ത് ചിദംബരത്തിന്റെ ക്രോണികൾക്ക് എതിരെ എഴുതിയാലും സമാനമായ അനുഭവം ആയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ