ല്ലാവര്‍ഷങ്ങളിലും ലോകത്ത് ഏറെ ചര്‍ച്ചയാവാറുള്ളതാണ്, വേള്‍ഡ് ബില്യണേഴ്സ് ലിസ്റ്റ്. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുള്ളവര്‍ ആരാണെന്നുള്ള പട്ടിക. ഹാറൂന്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ റിച്ച് ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍, പതിവ് പേരുകളായിരുന്നില്ല ചര്‍ച്ചയായത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു. വെറും 31 വയസ്സുമാത്രമുള്ള ഈ തമിഴ്നാട്ടുകാന്റെ ആസ്തി, 21,190 കോടി രൂപയാണ്. അദ്ദേഹമാണ്, അരവിന്ദ് ശ്രീനിവാസ്. പെര്‍പ്ലക്സിറ്റി എ.ഐയുടെ സഹ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.

ഇന്ത്യന്‍ വംശജര്‍ നയിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികള്‍ ഇതിനുമുമ്പ് ഉണ്ടായിരുന്നെങ്കിലും, അവയുടെ തറക്കല്ല് പാകിയവര്‍ ഇന്ത്യക്കാര്‍ ആയിരുന്നില്ല. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി, ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് ഇപ്പോള്‍ സിലിക്കണ്‍വാലിയില്‍ നിന്ന് ഉയരുന്ന, ആധുനിക ടെക് സാമ്രാജ്യത്തിന് അടിത്തറ പാകിയതും. ചെന്നൈയിലെ ചെറുപ്പത്തില്‍ കമ്പ്യൂട്ടര്‍ സ്വപ്നം കണ്ട ആ ബാലന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണറായിരിക്കയാണ്. 'എന്റെ എറ്റവും അഭിമാനമേറിയ നിമിഷം ബാങ്ക് അക്കൗണ്ടുകളില്‍ അല്ല, ഒരു പഴയ ഓര്‍മ്മയിലാണ്. ഐഐടി ക്യാമ്പസിന്റെ ഒരു കോണില്‍, ലൈബ്രറിയുടെ വെളിച്ചത്തില്‍ കയറിയിരുന്ന ആ രാത്രികള്‍. അവിടെ നിന്നാണ് ഈ യാത്ര ആരംഭിച്ചത്''- അരവിന്ദ് ശ്രീനിവാസ്് പറയുന്നു.

ഇന്ന് ജെമിനിക്കും ഗൂഗിളിനും ബദലായി വളര്‍ന്നുവരികയാണ് പെര്‍പ്ലക്സിറ്റി. 2024 ഏപ്രിലില്‍ ഒരു ബില്യണ്‍ മാത്രമായിരുന്ന കമ്പിനിയുടെ വാലുവേഷന്‍ 2025 സെപ്റ്റംബര്‍ ആയതോടു കൂടി 20 ബില്യണ്‍ ആയി കുതിച്ചുയര്‍ന്നു! ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത് ഇരട്ടി. ഈ രീതിയില്‍ പോവകുയാണെങ്കില്‍, അപ്പിളിനും മെറ്റക്കും മൈക്രോസോഫ്റ്റിനും ആല്‍ഫബെറ്റിനും ആമസോണിനും എന്‍വിഡിയക്കും ശേഷം ട്രില്യന്‍ ഡോളര്‍ അടിക്കാന്‍ പോകുന്ന ഒരു ടെക് കമ്പിനിയുടെ സ്ഥാപകന്‍ ഈ ഇന്ത്യക്കാരനായിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നത്. ടെക്സ്റ്റില്‍ നിന്ന് സംഭാഷണം സൃഷ്ടിക്കുന്ന ഇലവന്‍ലാബ്സ്, ടെക്സ്റ്റില്‍ നിന്ന് സംഗീത ടൂളുകള്‍ വികസിപ്പിക്കുന്ന സൂനോ തുടങ്ങിയ വിവിധ സ്റ്റാര്‍ട്ടപ്പുകുകളിലും അരവിന്ദ് നിക്ഷേപിച്ചിട്ടുണ്ട്.

കോടീശ്വരന്‍മാരുടെ സ്വത്തിന്റെ അക്കക്കണക്കില്‍ മാത്രം വിലയിരുത്തേണ്ട വ്യക്തിയല്ല അദ്ദേഹം. ഭാരതം കോഡ് ചെയ്യുന്ന, എ ഐയില്‍ ഇന്ത്യ ഒന്നാമതെത്തുന്ന ഒരു ലോകമാണ് അരവിന്ദ് സ്വപ്നം കാണുന്നത്. സാധാരണ അമേരിക്കയില്‍ പോയി കമ്പനി തുടങ്ങിയവര്‍ക്കൊന്നും, പിന്നെ ഇന്ത്യ എന്ന വികാരം അത്രയോന്നും ശക്തമായി കാണില്ല. പക്ഷേ തങ്ങള്‍ ഒരു ഇന്ത്യന്‍ കമ്പനിയാണെന്നും, രാജ്യത്തിന്റെ പുരോഗതിയില്‍ ഇടപെടാന്‍ കഴിയുന്നതാണ് തന്റെ സന്തോഷമെന്നും പറയുന്ന, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബില്യണേഴ്സില്‍ ഒരാളാണ് അരവിന്ദ്. ടാറ്റക്കുശേഷം രാജ്യത്തെ പുനരുദ്ധരിക്കുക എന്ന് കടമയാക്കിയെടുത്ത അപൂര്‍വം വ്യവസായികള്‍ ഒരാളാണ് ഇദ്ദേഹമെന്നാണ്, സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ കഥ ഒരു തലമുറയ്ക്കുള്ള പ്രചോദനമാണ്. പെര്‍പ്ലക്സിറ്റി ഇനി ഒരു കമ്പനി മാത്രമല്ല. ഒരു ഇന്ത്യാക്കാരന്റെ ആത്മ വിശ്വാസത്തിന്റെ പേരുകൂടിയാണ്.



പ്രോഗ്രാമിംഗിലെ ഏകലവ്യന്‍

1994 ജൂണ്‍ 7-ന് തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലായിരുന്നു അരവിന്ദിന്റെ ജനനം. ചെന്നൈയില്‍ ജനിച്ചുവളര്‍ന്നുവെന്നല്ലാതെ തന്റെ ബാല്യകാലത്തെക്കുറിച്ച് അധികമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഒരു അഭിമുഖത്തില്‍ തന്റെ അമ്മ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നുവെന്നും പിതാവ് അക്കൗണ്ടന്റായിരുന്നുവെന്നും പറയുന്നുണ്ട്. കുടുംബത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് താന്‍ എന്നും അരവിന്ദ് പറയുന്നുണ്ട്.

ബാല്യകാലം മുതലേ അരവിന്ദിന് കമ്പ്യൂട്ടറുകളോടായിരുന്നു ആകര്‍ഷണം. 'കോഡ് എന്നത് എന്റെ ഭാഷയായിരുന്നില്ല, അത് എന്റെ ചിന്തയായിരുന്നു'വെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ചെന്നൈയിലെ ഐഐടി മദ്രാസില്‍ പ്രവേശനം ലഭിച്ചെങ്കിലും, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റിലല്ല ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലായിരുന്നു സീറ്റ്. മറ്റൊരാള്‍ക്ക് അത് നിരാശയുടെ നിമിഷമായേനെ, പക്ഷേ അരവിന്ദിനത് ഒരു വെല്ലുവിളിയായിരുന്നു. 'ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കും, അത് ആര്‍ക്കും തടയാന്‍ കഴിയില്ല,'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്ലാസുകള്‍ കഴിഞ്ഞ് രാത്രികളില്‍ ലൈബ്രറിയിലിരുന്ന് സ്വയം പ്രോഗ്രാമിംഗ് പഠിക്കുകയായിരുന്നു അവന്‍. പുരാണത്തിലെ ഏകലവ്യനെപ്പോലെ!

പിന്നീട് അപ്പര്‍ഗ്രാജുവേഷന്‍ കഴിഞ്ഞപ്പോള്‍ അമേരിക്കയിലേക്കുള്ള വഴി കണ്ടെത്തി. ലോകത്തിലെ മികച്ച ഗവേഷണകേന്ദ്രങ്ങളില്‍ ഒന്നായ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ബര്‍ക്ക്ലിയില്‍ അദ്ദേഹം തന്റെ പി.എച്ച്.ഡി ആരംഭിച്ചു. അവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കമ്പ്യൂട്ടിങ്ങിന്റെയും പുതിയ വഴികള്‍ തുറന്നുകിട്ടി. റാന്‍ഡമൈസ്ഡ് പ്രോബബിലിസ്റ്റിക് അല്‍ഗോരിതങ്ങള്‍, കോമ്പിനേറ്റോറിയല്‍, തുടര്‍ച്ചയായ ഒപ്റ്റിമൈസേഷന്‍ കമ്പ്യൂട്ടേഷണല്‍ എപ്പിഡെമിയോളജിയിലെ ആപ്ലിക്കേഷനുകള്‍, ജീനോമിക്സ്, ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍, എനര്‍ജി സിസ്റ്റങ്ങള്‍, തുടങ്ങിയവയിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. നിരവധി പ്രോഗ്രാമിങ്ങിന്റെ എഡിറ്റോറിയലിലും അരവിന്ദ് നേതൃത്വപരമായ റോളുകള്‍ വഹിച്ചിട്ടുണ്ട്, എസിഎം ട്രാന്‍സാക്ഷന്‍സ് ഓണ്‍ അല്‍ഗോരിതംസിന്റെ എഡിറ്റര്‍ ഇന്‍ചീഫ് (20142020), തിയറി ഓഫ് കമ്പ്യൂട്ടിംഗ് എഡിറ്റര്‍ (20062019), ജേണല്‍ ഓഫ് ഡിസ്‌ക്രീറ്റ് അല്‍ഗോരിതംസിന്റെ എഡിറ്റര്‍, ജേണല്‍ ഓഫ് ദി ഐഐഎസ്സിയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ അരവിന്ദ് പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, പ്രമുഖ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം നേടി. ഓപ്പണ്‍ എ ഐയിലും ലണ്ടനിലെ ഡീപ്‌മൈന്‍ഡിലും ജോലി ചെയ്തിരുന്നു.

ഇതിന്റെയൊക്കെ ഫലമായി കമ്പ്യൂട്ടിങ്ങിലെയും എ ഐയിലെയും തിയറിയും, പ്രാക്ടീസും അദ്ദേഹത്തിന് വഴങ്ങി. അതായത് നമ്മുടെ നാട്ടില്‍ ഒരു പ്ലാന്‍ വരക്കുന്ന എഞ്ചിനീയര്‍ക്ക് കോണ്‍ക്രീറ്റ് എങ്ങനെ ഉണ്ടാക്കണം എന്ന് അറിവുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ എ ഐയുടെയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെയും എ ടു ഇഡഡ് അദ്ദേഹം പഠിച്ചെടുത്തു. ലോകം മുഴുവന്‍ നെറ്റിന് പിറകെ പായുന്ന കാലത്തും ഭാവിയുടെ ലോകം എ ഐയുടേതാണെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അരവിന്ദ് ശ്രീനിവാസന്‍ പറയുന്നുണ്ട്. 2020-ല്‍ മേരിലാന്‍ഡ് സര്‍വകലാശാലയിലെ വിശിഷ്ട സര്‍വകലാശാല പ്രൊഫസര്‍ അവാര്‍ഡും. 2021-ല്‍ വാഷിംഗ്ടണ്‍ അക്കാദമി ഓഫ് സയന്‍സസില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സിലെ ഡിസ്റ്റിംഗ്വിഷ്ഡ് കരിയര്‍ അവാര്‍ഡും അടക്കമുള്ള നിരവധി ബഹുമതികള്‍ അരവിന്ദിനെ തേടിയെത്തി. പക്ഷേ അപ്പോഴും സ്വന്തമായി ഒരു ഐ ഐ എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.




വന്നു, കണ്ടു, കീഴടക്കി

2022-ല്‍, അരവിന്ദ് തന്റെ ജീവിതത്തിലെ ഏറ്റവും ധൈര്യമായ തീരുമാനം എടുത്തു. പെര്‍പ്ലക്സിറ്റി എന്നൊരു എ ഐ കമ്പനി ആരംഭിച്ചു. 2022 ഓഗസ്റ്റില്‍, ഡെനിസ് യാരാറ്റ്സ്, ആന്‍ഡി കോണ്‍വിന്‍സ്‌കി എന്നിവരോടൊപ്പം ചേര്‍ന്നാണ് പെര്‍പ്ലക്സിറ്റി തുടങ്ങിയത്. അക്കാലത്ത് അത് വലിയൊരു വെല്ലുവിളിയായിരുന്നു. മൂലധനം കുറവ്, സഹായികള്‍ കുറവ്, പക്ഷേ ആശയം വലതും. 'എഐ മനുഷ്യനെ പകരം വെക്കേണ്ടതല്ല, അവനെ മനസ്സിലാക്കേണ്ടതാണ്'' എന്ന ആശയത്തോടെയാണ് അദ്ദേഹം മുന്നേറിയത്. ജിപിടി-3 പോലുള്ള മോഡലുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങള്‍ നല്‍കുക എന്നതാണ് ഈ എ ഐ ചാറ്റ്-അധിഷ്ഠിത സെര്‍ച്ച് എഞ്ചിന്റെ ലക്ഷ്യം. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍, പെര്‍പ്ലക്സിറ്റി വളര്‍ച്ച ലോകം ശ്രദ്ധിച്ചു തുടങ്ങി. അതിന്റെ എ ഐ. സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിനെ നേരിട്ട് വെല്ലുവിളിച്ചു, അതിന്റെ ഗവേഷണ രീതികള്‍ മൈക്രോസോഫ്റ്റും മെറ്റയും പഠിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ എല്ലായിടത്തും, പര്‍പ്ലെക്സിറ്റി തരംഗമാണ്. ജെമിനിയെയും ഗൂഗിളിനെയും, ഈ തമിഴുനാട്ടുകാരന്റെ കമ്പനി റീപ്ലേസ് ചെയ്തു കഴിഞ്ഞു. സാംസങ് ഫോണുകളില്‍ എഐ അസിസ്റ്റന്റായി പര്‍പ്ലെക്സിറ്റി എത്തുകയാണ്. നിലവില്‍ ഗൂഗിളിന്റെ ജെമിനി എഐ ആണ് സാംസങ് ഫോണുകളിലെ എഐ അസിസ്റ്റന്റ്. നിലവില്‍ മോട്ടറോളയുമായാണ് പെര്‍പ്ലക്സിറ്റിയ്ക്ക് സഹകരണമുള്ളത്. സിരി പ്ലഗിനില്‍ സെര്‍ച്ച് എഞ്ചിനായി പെര്‍പ്ലക്സിറ്റിയെ ഉപയോഗിക്കാന്‍ ആപ്പിളും പരിഗണിക്കുന്നുണ്ട്.മൊബൈല്‍ ഫോണുകളില്‍ എഐ അസിസ്റ്റന്റായി പരിഗണിക്കുന്നതിനൊപ്പം സാംസങ് ഇന്റര്‍നെറ്റ്, ബിക്സ്ബി ആപ്പുകളിലും പെര്‍പ്ലക്സിറ്റിയുടെ ഫീച്ചറുകള്‍ പരിഗണിച്ചേക്കും. ഗ്യാലക്സി എസ്26 സീരീസ് മുതല്‍ വരും ജനറേഷന്‍ സ്മാര്‍ട്ട്ഫോണുകളില്‍ എഐ അസിസ്റ്റന്റായി പെര്‍പ്ലക്സിറ്റിയെ പരിഗണിക്കുന്നതാണ് ഇരു കമ്പനികളും തമ്മിലുള്ള കരാര്‍. ബിക്സ്ബി പെര്‍പ്ലക്സിറ്റി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യും. തങ്ങളുടെ വെബ് ബ്രൗസറായ സഫാരിയുടെ എഐ സെര്‍ച്ച് എഞ്ചിനായി ആപ്പിളും പെര്‍പ്ലക്സിറ്റി എ ഐയെ പരിഗണിക്കുന്നുണ്ട്. ആപ്പിള്‍ ഡിവൈസുകളില്‍ ഗൂഗിളാണ് നിലവിലെ സെര്‍ച്ച് എഞ്ചിന്‍. എന്നാല്‍, ഗൂഗിളിന് പകരം ആപ്പിള്‍ പെര്‍പ്ലക്സിറ്റിയെ പരിഗണിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ഏപ്രിലില്‍ പെര്‍പ്ലക്സിറ്റിയുടെ വാലുവേഷന്‍ വെറും ഒരു ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2025 സെപ്റ്റംബറില്‍, അതേ കമ്പനി ഇരുപത് ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തി. വെറും ഒന്നര വര്‍ഷത്തിനുള്ളില്‍! ഇരുപത് ഇരട്ടി വളര്‍ച്ച, ഗൂഗിള്‍, ആപ്പിള്‍, മെറ്റ തുടങ്ങിയവ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നെങ്കിലും അരവിന്ദ് തലകുലുക്കിയില്ല. ''ഞങ്ങള്‍ നിര്‍മ്മിക്കുന്നത് വിറ്റഴിക്കാനല്ല. ഇത് ഇന്ത്യയുടെ സ്വപ്നമാണ്,'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗൂഗിളിന്റെ വില്‍പ്പന നിര്‍ദേശം തിരസ്‌ക്കരിക്കുക മാത്രമല്ല തിരിച്ച് ഗൂഗിളിനോട് ക്രോമിന്റെ വില പറയുകവരെ അദ്ദേഹം ചെയ്ത




ഗൂഗിള്‍ ക്രോമിന് വിലപറയുന്നു

ഒരു ഇന്ത്യാക്കാരന് ഗൂഗിള്‍ ക്രോമിന് വിലപറയുന്ന അവസ്ഥയുണ്ടാവുമെന്ന് നിങ്ങള്‍ എപ്പോഴേങ്കിലും കരുതിയിട്ടുണ്ടോ? എന്നാല്‍ അരവിന്ദ് ഗൂഗിളിനോട് തന്നെ ഗൂഗിള്‍ ക്രോം ഏറ്റെടുക്കാനുള്ള വില പറഞ്ഞതും ലോകത്തെ വിറപ്പിച്ചു. മൂന്നു വര്‍ഷം മാത്രം പ്രായമുള്ള കമ്പനി, ലോകത്തെ ഏറ്റവും വലിയ ടെക് ഭീമനോട് വിലപറയുക! 34.5 ബില്യന്‍ ഡോളറാണ് പെര്‍പ്ലക്സിറ്റി ക്രോമിന് വിലയിട്ടത് എന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ നടക്കുന്ന ചില കോടതി വ്യവഹാരങ്ങളാണ് സത്യത്തില്‍ ക്രോമിന്റെ വിലപറയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഗൂഗിര്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ ചില കമ്പനികളുടെ കുത്തകവത്ക്കരണത്തിനെതിരെ അവിടെ കേസ് നടന്നു വരികയാണ്. വിപണിയിലെ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി നടത്തിയ വിധിയുടെ ചുവടുപിടിച്ചാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓണ്‍ലൈന്‍ സേര്‍ച് വിപണിയുടെ 90% ഗൂഗിള്‍ കുത്തകയാക്കി വച്ചിരിക്കുന്നു.സ്മാര്‍ട്ഫോണുകളിലെ തിരച്ചിലിന്റെ 95 ശതമാനവും കയ്യടക്കി, സ്മാര്‍ട്ഫോണുകളിലും ബ്രൗസറുകളിലും 'ഡിഫോള്‍ട്ട്' സേര്‍ച് എന്‍ജിന്‍ ആയി ഗൂഗിള്‍ തന്നെ വരാന്‍ 2021ല്‍ മാത്രം 2630 കോടി ഡോളര്‍ കമ്പനി ചെലവാക്കി തുടങ്ങിയവയാണ് ഡിസ്ട്രി ജഡ്ജി അമിത് മേത്തയുടെ ഉത്തരവിലുള്ളത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടികള്‍ യാഥാര്‍ഥ്യമായാല്‍ ആന്‍ഡ്രോയിഡ്, ക്രോം ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നേക്കാം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2024-ലാണ് വിധി വന്നത്. ഈ വിധിക്കെതിരെ ഗൂഗിള്‍ മേല്‍ കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിലും വിധി പ്രതികൂലമായാല്‍ ഗൂഗിളിന് ക്രോം വില്‍ക്കേണ്ടിവരും. ഈ സാഹചര്യം മുന്‍കുട്ടി കണ്ടാണ് പെര്‍പ്ലക്സിറ്റി ക്രോമിന് വില പറയുന്നത്.

നിലവില്‍ 300 കോടി ഉപയോക്താക്കളാണ് ക്രോമില്‍ ഉള്ളത്.അത് കൈയില്‍ കിട്ടിയാല്‍ ചാറ്റ് ജിടിപിക്കും മുകളിലെത്തും അരവിന്ദിന്റെ എ ഐ. നിലവില്‍ 20 ബില്യന്‍ ഡോളര്‍ മൂല്യമുള്ള പെര്‍പ്ലക്സിറ്റി എങ്ങനെയാണ് 34.5 ബില്യണ്‍ മുടക്കി ക്രോം വാങ്ങുക എന്ന ചോദ്യവും ബിസിനസ് രംഗത്തുണ്ടായി. പക്ഷേ അവര്‍ക്ക് അത് സമാഹരിക്കാന്‍ കഴിയുമെന്നാണ് അരവിന്ദിന്റെ ആത്മവിശാസം. അതിനിടെ ടിക്ക് ടോക്ക് വാങ്ങാനും പെര്‍പ്ലക്സിറ്റിക്ക് നോട്ടമുണ്ട് എന്ന് വാര്‍ത്ത വരുന്നുണ്ട്. നിലവിലുള്ള അവസ്ഥവെച്ച് 50 കോടിയെങ്കിലു വില ഗൂഗിള്‍ ക്രോമിന് കാണുന്നുണ്ട്. ഒരുപാട് പേര്‍ ക്രോമിനെ വാങ്ങിക്കാന്‍ ക്യൂവിലുമാണ്. യാഹു, ഓപ്പന്‍ ഐഐ, അപ്പോളോ ഗ്ലോബല്‍ എന്നിവ ഇവക്ക് പിന്നിലുണ്ട്. പക്ഷേ എ ഐ വന്നതോടെ പരമ്പരാഗത സേര്‍ച്ചിന്റെ കാലം കഴിഞ്ഞുവെന്നും അതിനാല്‍ ക്രോം അടക്കമുള്ളവയുടെ വില കുത്തനെ ഇടിയുമെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ബ്രൗസറുകളെ എ ഐ വിഴുങ്ങുമെന്നും കരുതപ്പെടുന്നു. പക്ഷേ ഇക്കാര്യത്തിലൊന്നും ഗൂഗിള്‍ ഔദ്യോഗികമായി പ്രതികിരിച്ചിട്ടില്ല. നിലവില്‍ ഗൂഗിള്‍ ക്രോം വില്‍ക്കാനുള്ള പദ്ധതികള്‍ ആലോചനയിലില്ല എന്നാണ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ദ വെര്‍ജിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

'ഭാരതം കോഡ് ചെയ്യുന്ന ലോകം'

അടിമുടി ദേശീയ വികാരം തുളുമ്പുന്ന വ്യക്തിയാണ് അരവിന്ദ് ശ്രീനിവാസ്. എഐയില്‍ ഇന്ത്യന്‍ നമ്പര്‍ വണ്‍ ആവുന്ന ലോകമാണ് താന്‍ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം ഈയിടെയും പറഞ്ഞു. 'ഭാരതം കോഡ് ചെയ്യുന്ന ലോകം,' എന്നതാണ് അദ്ദേഹത്തിന്‍െ മുദ്രാവാക്യം. എ ഐയുടെ ഭാവി അമേരിക്കയോ ചൈനയോ മാത്രമല്ല, അത് ഇന്ത്യയുടെ ബുദ്ധിയിലാണ് എന്ന് അരവിന്ദ് തെളിയിക്കുന്നു.

ഇന്ന്, പെര്‍പ്ലക്സ്റ്റിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം അതിനെ 'ഗൂഗിളിന് ശേഷം വരുന്ന വിപ്ലവം' എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ അരവിന്ദ് അതിനപ്പുറം നോക്കുന്നു. പെര്‍പ്ലക്സ്റ്റിയെ ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറ്റുക എന്നതാണ് ലക്ഷ്യം. അപ്പോള്‍, ആപ്പിള്‍, എന്‍വിഡിയ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ പിന്നാലെ ലോകം നിയന്ത്രിക്കുന്ന ആറാമത്തെ കമ്പനി ഇതായിരിക്കും.




അരവിന്ദിന് ഗ്രീന്‍ കാര്‍ഡ് ഇല്ലാത്തതും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകത്തിലെ മികച്ച എഐ-പവര്‍ഡ് സെര്‍ച്ച് എഞ്ചിനുകളിലൊന്നിന്റെ പിന്നിലുള്ള പെര്‍പ്ലെക്‌സിറ്റി എ ഐയുടെ സിഇഒ അരവിന്ദ് ശ്രീനിവാസിന് പോലും ഇപ്പോഴും ഗ്രീന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്, സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന ടെക്ക് പ്രൊഫഷണലായ ശിവം ഭാട്ടിയയയാിരുന്നു. എക്‌സില്‍ പങ്കിട്ട അരവിന്ദിനൊപ്പമുള്ള സെല്‍ഫിക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. ' ഇന്ന് രാവിലെ എന്റെ വിസയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു, പിന്നെ ഓര്‍മവന്നു ഇയാള്‍ക്ക് ഇപ്പോഴും ഗ്രീന്‍ കാര്‍ഡ് ഇല്ലല്ലോ''.

ഭാട്ടിയയുടെ പോസ്റ്റ് വേഗത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ പ്രചരിക്കുകയും സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡിന്റെ നീണ്ട കാത്തിരിപ്പിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ എച്ച്-1ബി വിസയില്‍ അമേരിക്കയിലേക്ക് പോവുകയും സ്ഥിരതാമസം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബാക്ക്‌ലോഗ് പലരെയും വര്‍ഷങ്ങളായി നിരാശയിലാക്കുകയാണ്. അപേക്ഷിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വൈകുന്ന ആശങ്ക പലരും പ്രകടിപ്പിച്ചു. ഇത്രയും ഡോളര്‍ മൂല്യമുള്ള എഐ കമ്പനി നടത്തുന്ന ഒരു സിഇഒ പോലും ബാക്ക് ലോഗില്‍ കുടുങ്ങിയിരിക്കുന്നത് വാര്‍ത്തയായി. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാണ്. ഈ വാര്‍ത്ത വൈറലായതോടെയാണ് അരവിന്ദിന് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതെന്നും പറയുന്നു.

'എ ഐ പഠിക്കു, ലോകത്തെ മാറ്റിമറിക്കു' എന്നാണ് അരവിന്ദ് എവിടെയും പറയുക. ഈയിടെ പെര്‍പ്ലെക്സിറ്റിയുടെ ഏറ്റവും പുതിയ എ.ഐ ബ്രൗസറായ കോമറ്റ് ലോക തൊഴില്‍ ഭൂപടത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന വന്‍ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ്, റിക്രൂട്ടര്‍ എന്നു തുടങ്ങി നിരവധി വൈറ്റ് കോളര്‍ ജോലികള്‍ കോമറ്റിന്റെ അവതരണത്തോടെ ഇല്ലാതാകുമെന്ന് അരവിന്ദ് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ആറുമാസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എഐ ലോകത്ത് അതിജീവിക്കാനുള്ള ഏക വഴി, എഐയില്‍ പഠിച്ചെടുക്കാന്‍ പറ്റുന്നതിന്റെ പരമാവധി പഠിക്കുകയാണെന്നും അദ്ദേ ഹം പറയുന്നു.



'എഐ ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയുന്നവരും അത് അറിയാത്തവരും എന്ന രീതിയില്‍ ലോകം വിഭജിക്കപ്പെടുകയാണ്. ചെയ്യുന്ന ജോലിയിലും പഠിക്കുന്ന കാര്യങ്ങളിലും എഐ പരമാവധി ഉപയോഗിക്കാന്‍ അറിയുന്നവരായിരിക്കും അതറിയാത്തവരെക്കാള്‍ ജോലിക്ക് അനുയോ ജ്യരായവരെന്ന് കമ്പനികള്‍ തീരുമാനിച്ചു തുടങ്ങി.ഇന്‍സ്റ്റഗ്രാമില്‍ അനന്തമായി സ്‌ക്രോള്‍ ചെയ്യുന്ന ശീലം കുറച്ചിട്ട്, ആ സമയം കൊണ്ട് പറ്റാവുന്ന അത്ര എഐ ടൂളുകള്‍ പഠിക്കുക. ചെയ്യുന്ന ജോലിക്കുവേണ്ടി മാത്രമുള്ളതല്ല, ജോലി ചെയ്യുന്ന കമ്പനിക്കു വേണ്ടിയുമല്ല. മറിച്ച്, അതാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി എന്ന് മനസിലാക്കി പഠിക്കുക.'' -അരവിന്ദ് ഒരു അഭിമുഖത്തില്‍ പറയുന്നു. ജീവിത വിജയം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കേണ്ട കാര്യമാണിത്.

വാല്‍ക്കഷ്ണം: ആഗോളീകരണത്തെ കുറ്റം പറയുന്നവരാണ് പൊതുവെ നമ്മള്‍. ഗ്ലോബലൈസേഷന്‍ എന്നാല്‍ അമേരിക്കയുടെ ചൂഷണം എന്നാണ് ശരാശരി കേരളീയര്‍ പറയുക. പക്ഷേ അത് കൊണ്ടുവന്ന അവസരങ്ങള്‍ നോക്കുക. ഒരു ഇന്ത്യക്കാരന് അമേരിക്കയിലെ സിലിക്കന്‍ വാലിയില്‍പോലും രാജാവാകാന്‍ കഴിയുന്നു. ഇപ്പോള്‍ ട്രംപിനെപ്പോലുള്ളവര്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ഭാഗികമായി ആഗോളീകരണത്തെ പ്രതിരോധിക്കേണ്ട ഗതികേടിലാണ്.