- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസം ആറുകോടിരൂപ ചാരിറ്റിക്ക് നല്കുന്ന മനുഷ്യസ്നേഹി! ജനിച്ചത് തമിഴ്നാട്ടിലെ കുഗ്രാമത്തില്‍; യുപിയിലെ ഒരു ഷെഡ്ഡില്‍ നിന്ന് തുടക്കം; ഇന്ന് ആസ്തി 4 ലക്ഷം കോടിയോളം; ദരിദ്രര്‍ക്കായും ഡൂണ്‍ സ്‌കൂളുകള്‍ തുടങ്ങി; ശിവ് നാടര്‍ എന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ മാന്ത്രികന്റെ കഥ
ശിവ് നാടര്‍ എന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ മാന്ത്രികന്റെ കഥ
ബൂര്‍ഷ്വകള്‍! പൊതുവെ പണം സമ്പാദിക്കുന്നവനെയും, ക്യാപിറ്റലിസ്റ്റുകളെയും, കോര്‍പ്പറേറ്റുകളെയുമൊക്കെ അപമാനിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പദാവലിയാണിത്. അതിന്റെ വാചികാര്‍ത്ഥം വേറെയാണെങ്കിലും, കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്‍മാര്‍, ചൂഷകര്‍ എന്നാണ് പൊതുവെ മലയാളി ഇടതുപക്ഷം, ബൂര്‍ഷ്വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ പോഷക സംഘടനകളും നടത്തുന്നതിന്റെ നൂറുരിട്ടി സാമൂഹിക സേവനങ്ങള്‍ നടത്തുന്നത്, ഇവര്‍ ബൂര്‍ഷ്വകള്‍ എന്ന് പരിഹസിക്കുന്ന ഈ കോര്‍പ്പറേറ്റുകളാണ്. ആഗോള അടിസ്ഥാനത്തില്‍ ബില്‍ഗേറ്റ്സ് കൊണ്ടുവന്ന ഒരു മാതൃക പിന്‍പറ്റിക്കൊണ്ട്, തങ്ങളുടെ സമ്പത്തിന്റെ നല്ലൊരു ഭാഗവും, രാജ്യത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനും ചെലവിടുന്ന കോടീശ്വരന്‍മാരും നമ്മുടെ നാട്ടിലുണ്ട്.
അടുത്തിടെ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കമ്പനികളിലെന്നായ ടാറ്റ ഗ്രൂപ്പിന്റെ തലവന്‍ രത്തന്‍ ടാറ്റയുടെ വില്‍പ്പത്രം പുറത്തുവന്നിരുന്നു. അതില്‍ അദ്ദേഹം 10,000 കോടിയിലധികം മൂല്യമുള്ള തന്റെ സ്വത്തിന്റെ ഒരു പ്രധാന ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കയാണ്. അതുപോലെ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷനും വലിയ രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്താറുണ്ട്. എങ്കിലും രാജ്യത്ത് ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യവസായി ടാറ്റയോ അംബാനിയോ അല്ല. ഇന്ത്യയിലെ സമ്പന്നന്മാര്‍ക്കിടയിലെ മനുഷ്യസ്നേഹി, ഹിന്ദുസ്ഥാന്‍ കംപ്യൂട്ടേഴ്സ് ലിമിറ്റഡഡ് എന്ന എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്.
ഹുറുണ്‍ ഇന്ത്യയുടെ 2024 ലെ ഇന്ത്യയിലെ മികച്ച 10 മനുഷ്യസ്‌നേഹികളുടെ പട്ടിക പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് സംഭാവന ചെയ്ത വ്യവസായി ശിവ് നാടാര്‍ ആണ്. കഴിഞ്ഞ വര്‍ഷവും ഈ പട്ടികയില്‍ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ശിവ് നാടാറും കുടുംബവും ഈ വര്‍ഷം 2,153 കോടി രൂപയാണ് ചാരിറ്റിയ്ക്കായി സംഭാവന ചെയ്തത്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയും ഇന്‍ഡോ എംഐഎം ടെക് ചെയര്‍മാന്‍ കൃഷ്ണ ചിവുകുലയും, യഥാക്രമം 307 കോടി രൂപയും 228 കോടി രൂപയും സംഭാവന നല്‍കി. തന്റെ കമ്പനിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ ശിവ് നാടാര്‍ ഫൗണ്ടേഷന്‍ സ്ഥാപനങ്ങള്‍ വഴിയാണ് ശിവ് 2,153 കോടിനല്‍കിയത്. അതായത് പ്രതിദിനം ഏകദേശം 6 കോടി രൂപ സംഭാവന ചെയ്യുന്നുവെന്ന് പറയാം! ( ഓരോ ദിവസും 6 കോടി കൊടുക്കുന്നു എന്നല്ല. മൊത്തം സംഭാവനയെ ദിവസക്കണക്കിലേക്ക് മാറ്റുമ്പോള്‍ അത്രയും തുക വരും)
താന്‍ ആര്‍ജ്ജിച്ച സ്വത്തില്‍നിന്നാണ് ഈ പണം എടുക്കന്നത് എന്നോര്‍ക്കണം. അല്ലാതെ ക്രൗഡ് ഫണ്ടിങ്ങിലൂടെയും മറ്റും നന്‍മരം കളിക്കയല്ല. പക്ഷേ ശിവ് നാടാരും, ഇപ്പോള്‍ കമ്പനിയുടെ ചുമതലയുള്ള മകള്‍ രോഷ്ണി നാടാരും, ഇത് ഒരു വലിയ കാര്യമായിപ്പോലും പറയുന്നില്ല. മറിച്ച് നേഷന്‍ ബില്‍ഡിങ്ങ് എന്നത് എല്ലാവരുടെയും കടമയാണെന്നാണ് അവര്‍ പറയുക. നാടാര്‍ തന്റെ ബിസിനസ്സ് ആരംഭിച്ചത് ഒരു ഷെഡിലാണ്, എന്നാല്‍ ഇന്ന് കമ്പനിയുടെ ആസ്തി, 4ലക്ഷം കോടിയോളമുണ്ട്. അസാധരണമായ ഒരു വളര്‍ച്ചയുടെ കഥയാണ്, ശിവ് നാടാരുടെയും, എച്ച്സിഎല്ലിന്റെതും.
യുപിയിലെ ഒരു ഷെഡ്ഡില്‍ നിന്ന് തുടക്കം
തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച മനുഷ്യനാണ് ഇന്ന് ലോകമെമ്പാടുമെത്തിയ ഒരു സ്ഥാപനത്തിന്റെ തലവനായ ശതകോടീശ്വരനായി മാറിയത്. 1945, ജൂലൈ 14ന് തൂത്തുക്കുടി ജില്ലയിലെ മൂലൈപ്പൊഴി ഗ്രാമത്തില്‍ ഒരു തമിഴ് ഹിന്ദു കുടുംബത്തിലാണ് ശിവ് നാടാര്‍ ജനിച്ചത്. ശിവസുബ്രഹ്‌മണ്യ നാടാര്‍, വാമസുന്ദരി ദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. അമ്മ ദിനതന്തി ദിനപത്രത്തിന്റെ സ്ഥാപകനായ എസ്പി ആദിതനാരുടെ സഹോദരിയാണ് .
1955 ജൂണില്‍ ഫസ്റ്റ് ഫോമില്‍ (ആറാം സ്റ്റാന്‍ഡേര്‍ഡ്) പ്രവേശനം നേടി. 1957 ജൂണ്‍ വരെ ടൗണ്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. പിന്നീട് അദ്ദേഹം ട്രിച്ചി സെന്റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നൂ. സ്‌കൂള്‍ കാലഘട്ടത്തിലൊന്നും ഒരിക്കലും ഒരു ബ്രില്ലന്റ് എന്ന് പറയാവുന്ന വിദ്യാര്‍തത്ഥിയായിരുന്നില്ല അദ്ദേഹം. ലജ്ജാലുവായ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് പ്രീ-യൂണിവേഴ്സിറ്റി ബിരുദവും, കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും നേടി. ഈ കോളജ് കാലമാണ് തന്റെ ജീവിത വീക്ഷണം മാറ്റിയതെന്നും, ഒരു വ്യവസായി ആവണം എന്ന് തീരുമാനിച്ചതും അപ്പോഴാണെന്ന് ശിവ് നാടാര്‍ പറഞ്ഞിരുന്നു.
ബിരുദാനന്തരം, 1967-ല്‍ വാല്‍ചന്ദ് ഗ്രൂപ്പിന്റെ ഭാഗമായ പൂനെയിലെ കൂപ്പര്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ നാടാര്‍ തന്റെ കരിയര്‍ ആരംഭിച്ചു. താമസിയാതെ അദ്ദേഹം വടക്കോട്ട് നീങ്ങി. ഡല്‍ഹി ക്ലോത്ത് മില്‍സില്‍ (ഡിസിഎം) കാല്‍ക്കുലേറ്റര്‍ വിഭാഗത്തില്‍ എഞ്ചിനീയറായി ചേര്‍ന്നു. പിന്നീടുള്ള ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍, നിരവധി ആളുകളെ അദ്ദേഹം പരിചയപ്പെട്ടു. പണിയും വിപണിയും പഠിച്ചു. ഇതിന്റെ ബലത്തില്‍ മറ്റു പലരോടൊപ്പം അദ്ദേഹം മൈക്രോക്രോമ്പ് ലിമിറ്റഡ് എന്ന സ്ഥാപാനം തുടങ്ങി.
അര്‍ജുന്‍ മല്‍ഹോത്ര, സുഭാഷ് ഒറോറ, അജയ് ചൗധരി, ഡിഎസ് പ്യൂര്‍, യോഗേഷ് വൈദ്യ എന്നിവരായിരുന്നു കുടെയുണ്ടായിരുന്നവര്‍. ടെലിവിസ്റ്റ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഡിജിറ്റല്‍ കാല്‍ക്കുലേറ്ററുകള്‍ വില്‍ക്കുന്നതില്‍ കമ്പനിയും അവര്‍ തുടങ്ങി. അന്ന് കാല്‍ക്കുലേറ്ററുകള്‍ എവിടെയും പ്രചരിച്ച കാലമാണ്. പിന്നീടാണ് ഹിന്ദുസ്ഥാന്‍ കംപ്യൂട്ടേഴ്സ് ലിമിറ്റഡിന്റെ (എച്ച്സിഎല്‍) എന്ന പേരില്‍ സ്ഥാപനം തുടങ്ങുന്നത്. ഉത്തര്‍പ്രദേശിലെ പ്രാദേശിക ഗവണ്‍മെന്റ് അവര്‍ക്ക് സംഭാവന നല്‍കിയ ഒരു സ്ഥലത്തായിരുന്നു തുടക്കം. സ്ഥലം എന്ന് പറയാന്‍ ആവില്ല. ഒരു ഷെഡ്ഡ് എന്ന് പറയാം. അവിടെനിന്നാണ് ലോകം മുഴുവന്‍ പന്തലിച്ച ഒരു കമ്പനി പിറന്നത്.
ഐബിഎം രാജ്യം വിട്ടത് തുണയായി
മന്ത്രവാദി എന്ന് അര്‍ത്ഥമുള്ള മാഗസ് എന്ന പേരിലാണ് നാടാര്‍ ബിസിനസ് വൃത്തങ്ങളില്‍ അറിയപ്പെട്ടത്. ശരിക്കും തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുന്ന ഒരു മാന്ത്രികന്‍ തന്നെയായിരുന്നു അദ്ദേഹം. നിങ്ങളുടെ വിജയത്തിന്റെ രഹസ്യമെന്താണ് എന്ന ചോദ്യത്തിന് ശിവ് നാടാര്‍ പറഞ്ഞത്, 'ഭാഗ്യവും, കഠിനാധ്വാനവും' എന്നായിരുന്നു. അത് എല്ലാവരും പറയുന്നതുപോലുള്ള വെറും വാക്ക് ആയിരുന്നില്ല. ഇന്ത്യാ ഗവണ്‍മെന്റിന്റെ പല പോളിസികളും, ഉര്‍വശീശാപം ഉപകാരം എന്ന മട്ടില്‍ ഈ സംരംഭകന് തുണയായിട്ടുണ്ട്.
1977-ല്‍ അടിയന്തരാവസ്ഥക്കുശേഷം മൊറാര്‍ജി ദേശായി സര്‍ക്കാര്‍ വന്നപ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ മാറി. രാജ്യം സ്വദേശിവത്ക്കരണത്തിലേക്ക് തിരിഞ്ഞു. ഐബിഎം, കൊക്കകോള പോലുള്ള വലിയ അമേരിക്കന്‍ കമ്പനികള്‍ രാജ്യം വിടാന്‍ കാരണമായി. ഇത് നാടര്‍ക്ക് ഒരു വലിയ സാധ്യത തുറന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച മൈക്രോകമ്പ്യൂട്ടറുകള്‍ വിറ്റ് കൂടുതല്‍ വിപണി വിഹിതം നേടാനുള്ള ഇടം എച്ച്സിഎല്ലിന് അത് നല്‍കി. അങ്ങനെയാണ് അവര്‍ സത്യത്തില്‍ വളര്‍ന്നതും. മാത്രമല്ല എച്ച്സിഎല്ലിന്റെ കമ്പ്യൂട്ടറുകള്‍ക്ക് ലോക മാര്‍ക്കറ്റില്‍ മത്സരിക്കാനുള്ള നിലവാരവും ഉണ്ടായിരുന്നു. കമ്പ്യൂട്ടറുകളാണ് ലോകത്തിന്റെ ഗതി മാറ്റുക എന്ന് അന്നേ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
തുടര്‍ന്ന്, 1980-ല്‍ സിംഗപ്പൂരില്‍ മുതലിറക്കാന്‍ കഴിഞ്ഞതും ശിവ് നാടാരുടെ ജീവിതത്തില്‍ വഴിത്തിരുവായി. അവിടെ ഉണ്ടാക്കിയ ഫാര്‍ ഈസ്റ്റ് കമ്പ്യൂട്ടറുകള്‍ വലിയ വിജയമായി മാറി. ആദ്യ വര്‍ഷത്തില്‍ തന്നെ ഒരു ലക്ഷം യൂറോയുടെ വിറ്റുവരവാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനുശേഷം, ഇന്ത്യയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ത്യയില്‍ സ്ഥാപിതമായി. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ചുമതല. നാടാര്‍ സംഘടനയില്‍ വന്‍തോതില്‍ നിക്ഷേപിക്കുകയും ഒടുവില്‍ 2003-ലെ പ്രധാന ഓഹരി ഉടമയായി മാറുകയും ചെയ്തു. 1983-ല്‍ ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്‌സ് ലിമിറ്റഡ്, അറിയപ്പെടുന്ന 16-ബിറ്റ് പ്രോസസ്സറുകള്‍ മാത്രമല്ല, സ്വന്തം ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റവും നിര്‍മ്മിച്ചു. ഒരു വര്‍ഷത്തിനുശേഷം അവര്‍ അവരുടെ മുഴുവന്‍ ക്ലയന്റ്-സെര്‍വര്‍ സിസ്റ്റം അവതരിപ്പിച്ചു.
ഈ കാലഘട്ടത്തിലാണ് മന്‍മോഹന്‍സിങ്ങിന്റെ ഉദാരീകരണം വരുന്നത്. അതോടെ സാങ്കേതികവിദ്യകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമായി. അറിവ് നേടാനും, യന്ത്ര ഭാഗങ്ങള്‍ വാങ്ങാനും നാടാര്‍ ലോകമെമ്പാടും സഞ്ചരിച്ചു. തുടര്‍ന്ന് അദ്ദേഹം യുഎസിലെ കമ്പ്യൂട്ടറുകള്‍ക്കായുള്ള ഹാര്‍ഡ്വെയര്‍ വിപണിയില്‍ സജീവമായ, എച്ച്സിഎല്‍ അമേരിക്ക ആരംഭിച്ചു. പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ കമ്പനിക്ക് തുടര്‍ക്കത്തില്‍ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ 1992 ആയപ്പോഴേക്കും മറ്റ് പ്രമുഖ കമ്പനികളുടെ പങ്കാളത്തത്തിലൂടെ അവര്‍ വളര്‍ന്നു.
1994-ല്‍ എച്ച്സിഎല്‍ നോക്കിയ, എറിക്‌സണ്‍ എന്നിവയുമായി സഹകരിച്ചു. അവര്‍ ഒരുമിച്ച് ഫോണുകളും മൊബൈല്‍ സ്വിച്ചുകളും ഇന്ത്യയില്‍ വിറ്റു. 1998-ല്‍ ഒരു വലിയ പ്രശ്നം എച്ച്സിഎല്‍ നേരിട്ടു. സഹസ്ഥാപകനായ അര്‍ജുന്‍ മല്‍ഹോത്ര സ്വന്തം കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. അതോടെ എച്ച്സിഎല്ലിന് അതിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്സിഎല്‍ ലിസ്റ്റ് ചെയ്യാന്‍ ശിവ് തീരുമാനിച്ചു. അങ്ങനെയാണ് മതിയായ മൂലധനം പുനഃസ്ഥാപിച്ചത്.
അതിനും 2006നും ഇടയില്‍, കമ്പനി കൂടുതല്‍ പ്രധാനപ്പെട്ട പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെട്ടു. കമ്പനി ആഗോളതലത്തില്‍ സജീവമാകുകയായിരുന്നു ലക്ഷ്യം. 2007-ല്‍ നാടാര്‍ സിഇഒ സ്ഥാനം ഒഴിഞ്ഞു. വിനീത് നായര്‍ അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുത്തു. ഏറ്റവും വലിയ ഓഹരിയുടമയും ചെയര്‍മാനുമായി അദ്ദേഹം തുടര്‍ന്നു. തന്റെ ഒഴിവുസമയങ്ങളില്‍ അദ്ദേഹം പ്രധാനമായും തന്റെ ജീവകാരുണ്യ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2008 മുതല്‍ അദ്ദേഹത്തിന്റെ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര ചെയര്‍മാനായി. അതോടെ കമ്പനി പിന്നെയും ഉയരങ്ങളിലേക്ക് പറന്നു. വണ്ടര്‍ വുമണ്‍ എന്നാണ് ബിസിനസ് സര്‍ക്കിളില്‍ റോഷ്നി അറിയപ്പെടുന്നത്.
റോഷ്നി: ഇന്ത്യന്‍ വനിതയുടെ കുരുത്ത്
'നിങ്ങള്‍ക്ക് മികച്ച ആളുകളുണ്ടെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് അധികാരം നല്‍കണം'- ഒരു അഭിമുഖത്തില്‍ ശിവ് നാടാര്‍ പറഞ്ഞ വാക്കുകളാണിത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന രീതിയില്‍ മകള്‍ റോഷ്നിക്ക് അധികാരം കൈമാറി ശിവ് സജീവ ബിസിനസില്‍നിന്ന് മാറി. ഇന്ന് ഇന്ത്യയിലെ കുടുംബ ബിസിനിസുകളില്‍ അഞ്ചാം സ്ഥാനത്താണ്, 4ലക്ഷം കോടിയോളം ആസ്തിയുള്ള നാടാര്‍ കുടുംബം. 4,30,600 കോടി രൂപയാണ് മൂല്യം. റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അവരുടെ ബിസിനസ്സ് സോഫ്റ്റ്വെയര്‍, സേവന മേഖലകളില്‍ പുരോഗമിക്കുന്നു. ബാര്‍ക്ലെയ്‌സ് റിപ്പോര്‍ട്ടില്‍ ആദ്യ പത്തിലെത്തിയ, വനിത നയിക്കുന്ന ഫാമിലി ബിസിനസും ഇതുതന്നെയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ഒരു ഐ ടി കമ്പനി നയിക്കുന്ന ആദ്യ വനിതയും റോഷ്‌നി നാടാര്‍ തന്നെ.
1982-ലാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ ജനനം. ശിവ് നാടാറിന്റെ ഏക മകളാണ്. 2019-ല്‍, ഫോര്‍ബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ അവര്‍ 54-ാം സ്ഥാനത്തായിരുന്നു. വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് (2019) പ്രകാരം, അവര്‍ സ്വയാര്‍ജ്ജിത സ്വത്തുക്കളുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്. 2023-ല്‍, ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്സ് പട്ടികയില്‍ റോഷ്നി 60-ാം സ്ഥാനത്തെത്തി.
റോഷ്‌നി നാടാര്‍ ഡല്‍ഹിയിലാണ് വളര്‍ന്നത്. വസന്ത് വാലി സ്‌കൂളില്‍ പഠിച്ചു. റേഡിയോ/ടിവി/സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. തുടര്‍ന്ന് കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎ നേടി.
എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ ആകുന്നതിന് മുമ്പ്, ശിവ് നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയായിരുന്നു റോഷ്‌നി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നേതൃത്വ അക്കാദമിയായ വിദ്യാഗ്യാന്‍ ലീഡര്‍ഷിപ്പ് അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് അവര്‍. പരിസ്ഥിതി സ്നേഹി, ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയിലും അവര്‍ പ്രശസ്തയാണ്.
ഇന്ത്യയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും തദ്ദേശീയ ജീവജാലങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ 'ദ ഹാബിറ്റാറ്റ്സ്' എന്ന ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. രോഷ്ണി പരിശീലനം നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞ കൂടിയാണ്. 2010-ല്‍, എച്ച്‌സിഎല്‍ ഹെല്‍ത്ത്‌കെയറിന്റെ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയെ അവര്‍ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇപ്പോള്‍ റോഷ്ണിയുടെ നേതൃത്വത്തില്‍ എച്ച്.സി.എല്‍ കുതിക്കയാണ്. എച്ച്‌സിഎല്ലില്‍ ചേരുന്നതിന് മുമ്പ് വിവിധ കമ്പനികളില്‍ അവര്‍ ജോലി ചെയ്തിട്ടുണ്ട്. എച്ച്‌സിഎല്‍-ല്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സിഇഒ ആയും അവര്‍ ഉയര്‍ത്തപ്പെട്ടു. പിന്നീട് പിതാവ് ശിവ് നാടാര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് അവര്‍ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണായി.
ഒരുപാട് അംഗീകരാങ്ങളും റോഷ്നിയെ തേടി എത്തിയിട്ടുണ്ട്. 2014-ലെ എന്‍.ഡി.ടി.വിയുടെ യുവ മനുഷ്യസ്‌നേഹി അവാര്‍ഡ്,
2015-ലെ നവീകരണവും സംരംഭകത്വവും സംബന്ധിച്ച വേള്‍ഡ് സമ്മിറ്റിലെ പീപ്പിള്‍ അവാര്‍ഡ്, 2017-ലെ വോഗ് ഇന്ത്യ ഈ വര്‍ഷത്തെ മനുഷ്യസ്‌നേഹി അവാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്. എച്ച്സിഎല്ലിനെ നാടാര്‍ സ്വപ്നം കണ്ടിടത്തുനിന്ന് ഏറെ മുന്നോട്ട് എത്തിക്കാന്‍ റോഷ്നിക്കായി. സാധാരണ മക്കളാണ്, പിതാക്കന്‍മ്മാരുടെ ചാരിറ്റി പ്രവര്‍ത്തനത്തെ വിലക്കാറുള്ളത്. തങ്ങള്‍ക്ക് കിട്ടേണ്ട സ്വത്ത് കൈവിട്ടുപോകുമെന്ന ഭീതി. ഇവിടെ ശിവ് നാടാരുടെ അതേ ജീവിത വീക്ഷണമാണ് റോഷ്നിക്കും. തങ്ങളുടെ സമ്പത്ത് ഈ രാജ്യത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ചെലവഴിക്കുക എന്നത് ഒരു വലിയ പ്രവര്‍ത്തനമാണെന്ന് റോഷ്ണി കരുതുന്നു. പിതാവ് തന്നെയാണ് തന്റെ എക്കാലത്തെയും വലിയ ഹീറോ എന്നുംെൈ ടംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
ദരിദ്രര്‍ക്കായുള്ള ഡൂണ്‍ സ്‌കൂളുകള്‍
അപുര്‍വമായി മാത്രം, അഭിമുഖങ്ങള്‍ കൊടുക്കുകയും, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് ശിവ് നാടര്‍. പൊതുവെ മൃദുഭാഷിയും ലജ്ജാലുവുമായ മനുഷ്യന്‍. ഇന്ത്യയെ മാറ്റി മറിക്കാന്‍ കഴിയുക വിദ്യാഭ്യാസത്തിലൂടെയാണെന്നാണ് അദ്ദേഹം എപ്പോഴും പറയുക. അതിനാല്‍ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും അദ്ദേഹം ഊന്നല്‍ കൊടുക്കുന്നത്, ഗ്രാമീണ വിദ്യാഭ്യാസത്തിനാണ്. ശിവ് നാടര്‍ ഫൗണ്ടേഷന്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്നതും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ്. സിഇഒ സ്ഥാനം ഒഴിയുന്നതിന് മുമ്പ്, 1994-ല്‍ തന്നെ, നാടാര്‍ ശിവ് നാടാര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയിലെ ഭാവി തലമുറകള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആസ്വദിക്കാന്‍ കഴിയുമെന്ന് സ്ഥാപനം ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി സ്‌കൂളുകള്‍ ഫൗണ്ടേഷന്‍ തുടങ്ങി.
'വ്യക്തിപരവും സാമൂഹികവുമായ മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം, അത് സുഗമമാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യണം. ജീവിതത്തില്‍ നല്ല തുടക്കം ലഭിക്കാത്ത കുട്ടികളില്‍ നിന്ന് നേതാക്കളെ സൃഷ്ടിക്കുന്ന ഒരു ലോകോത്തര സ്ഥാപനമാണ് ഞങ്ങള്‍ക്ക് വേണ്ടത്. 'ദരിദ്രര്‍ക്കായും ഡൂണ്‍, മയോ പോലുള്ള സ്‌കൂളുകള്‍ ആവശ്യമാണ് .എന്തെങ്കിലും ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര ചെറുപ്പത്തില്‍ ആരംഭിക്കുന്നത് നല്ലതാണ്. നിങ്ങളുടെ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ അത് സഹായിക്കും. ''- ഒരു പ്രസംഗത്തില്‍ ശിവ് നാടാര്‍ പറഞ്ഞു.
1996-ല്‍ പിതാവായ ശിവസുബ്രഹ്‌മണ്യ നാടാറിന്റെ പേരില്‍ ചെന്നൈയില്‍ എസ്എസ്എന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥാപിച്ചാണ് ശിവ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കോളേജിന് 10 ലക്ഷം രൂപയുടെ എച്ച്‌സിഎല്‍ ഓഹരികളാണ് അദ്ദേഹം സമ്മാനിച്ചത്. വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് നല്‍കുന്നുണ്ട്. 2008 മാര്‍ച്ചില്‍, ഉത്തര്‍പ്രദേശിലെ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കായി നാടാര്‍ എസ്എസ്എന്‍ ട്രസ്റ്റ് രണ്ട് വിദ്യാജ്ഞാന സ്‌കൂളുകള്‍ സ്ഥാപിച്ചു. അവിടെ 50 ജില്ലകളില്‍ നിന്നുള്ള 200 വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്ത് എവിടെപോയി പഠിച്ചാലുമുള്ള മുഴവന്‍ ചെലവുകളും വഹിക്കുന്ന സൗജന്യ സ്‌കോളര്‍ഷിപ്പ് നാടാര്‍ ഫൗണ്ടേഷന്‍ കൊടുക്കുന്നുണ്ട്. ഇതുപോലെ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഇവര്‍ തുടങ്ങിയത്. ഇന്നും നാടര്‍ ഗ്രൂപ്പിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ 80 ശതമാനവും പോകുന്നത് വിദ്യാഭ്യാസമേഖലയിലേക്കാണ്.
വെയിലാറാത്ത സായാഹ്നം
ഇന്ന് 79കാരനായ ശിവ് നാടാര്‍ ആരവങ്ങളില്‍നിന്നൊക്കെ മാറിനിന്ന് ജീവിത സായാഹ്നം ശാന്തമായി ആസ്വദിക്കയാണ്. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ നാടാര്‍ ഒരു ആര്‍ട്ട് കളക്ടറും സാമൂഹിക പ്രവര്‍ത്തകരുമാണ്. ഇവര്‍ രണ്ടുപേരും മുമ്പ് സജീവ ബ്രിഡ്ജ് കളിക്കാരായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ എച്ച്സിഎല്‍ ബ്രിഡ്ജ് ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ ഇവരാണ്.
അംഗീകാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തിന് ധാരാളം കിട്ടിയിട്ടുണ്ട്.
2008-ല്‍, ഐടി വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ശിവ് നാടാരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2007-ല്‍ മദ്രാസ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. 2011-ല്‍, ഏഷ്യാ പസഫിക്കിലെ ഫോബ്‌സിന്റെ 48 ഹീറോസ് ഓഫ് ഫിലാന്‍ട്രോപ്പിയില്‍ ഇടംപിടിച്ചു. 2017 ഏപ്രിലില്‍, ഇന്ത്യാ ടുഡേ മാഗസിന്‍ രാജ്യത്തെ ഏറ്റവും ശക്തരായ 50 വ്യക്തികളുടെ പട്ടികയില്‍ നാടാറിനെ 16ാം സ്ഥാനത്താണ് തിരിഞ്ഞെടുത്തത്.
ഇന്ത്യന്‍ കമ്പനികളുടെ ഒരു മോശം പ്രവണതായി അദ്ദേഹം കരുതുന്നത്, മാറാനുള്ള കഴിവ് ഇല്ലാത്തതാണ്. '' ഒരുമത്സരാധിഷ്ഠിത വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു കമ്പനിയുടെയും നിലനില്‍പ്പിന് അഡാപ്റ്റബിലിറ്റിയും നിരന്തരമായ നവീകരണവും പ്രധാനമാണ്. നിങ്ങള്‍ ഒരു ബിസിനസ്സ് നടത്തുമ്പോള്‍, സ്വയം പുനര്‍നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ കാലത്ത് മുന്നില്‍ നില്‍ക്കാനും ബിസിനസ്സിലെ ഏത് രൂപത്തിലും പറ്റിനില്‍ക്കാനും ഒരാള്‍ക്ക് ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. ഞങ്ങളുടെ വിജയവും അതുതന്നെയാണ്''.
ശിവ് നാടാറിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം താന്‍ ചെയ്യുന്ന ഒരു കാര്യങ്ങളെയും പൊക്കിയടിക്കയോ, പൊങ്ങച്ച പ്രകടനം നടത്തുകയോ ചെയ്യുന്നില്ല എന്നതാണ്. പത്തുരൂപയുടെ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍, പതിനായിരത്തിന്റെ പി ആര്‍ വര്‍ക്ക് നടത്തുന്ന കേരളാ പ്രാഞ്ചിയേട്ടന്‍മ്മാരില്‍നിന്ന് എന്നും വ്യത്യസ്തനാണ് അദ്ദേഹം.ഒരു അഭിമുഖത്തില്‍ ശിവ് നാടാര്‍ ഇങ്ങനെ വിനയാന്വിതനാവുന്നു. -'' തൂത്തുക്കുടിയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഞാന്‍ ഇങ്ങനെക്കെ അയതില്‍ ഒന്നാമത്തെ പങ്ക് എന്നെ വളര്‍ത്തിയെടുത്ത രാഷ്ട്രത്തിനാണ്. ഈ രാജ്യത്തെ സേവിക്കുക എന്റെ കടമാണ്. അല്ലാതെ ഔദാര്യമല്ല. ''- ഇന്ത്യയിലെ ഏത് വ്യവസായിക്ക് ഇങ്ങനെ പറയാന്‍ കഴിയും.
വാല്‍ക്കഷ്ണം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷേമ പ്രവര്‍ത്തന നടത്തുന്ന ബിസിനസുകാരില്‍, ശിവ് നാടാര്‍ കഴിഞ്ഞാല്‍ മുകേഷ് അംബാനിയും കുടുംബവുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 407 കോടി രൂപ അംബാനി സംഭാവന ചെയ്തിട്ടുണ്ട്. ബജാജ് ഫാമിലി ഈ പട്ടികയില്‍ മൂന്നാമതാണ്. ഈ വര്‍ഷം 352 കോടി രൂപയാണ് ബജാജ് കുടുംബം സംഭാവന നല്‍കിയത്. ബിര്‍ള കുടുംബം,334 കോടി രൂപ സംഭാവന നല്‍കി പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഗൗതം അദാനിയും കുടുംബവും 330 കോടി രൂപ സംഭാവന നല്‍കി അഞ്ചാം സ്ഥാനത്തുമുണ്ട്. ക്യാപിറ്റലിസ്റ്റുകളും, കോര്‍പറേറ്റുകളും വെറും ബൂര്‍ഷ്വകള്‍ മാത്രമല്ലെന്ന് ഇനിയെങ്കിലും കേരളം തിരിച്ചറിയേണ്ടതുണ്ട്.