- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വേദന താങ്ങാനാവാതെ കളിയാട്ടത്തിൽ പൊള്ളിയ വിരലുകൾ സ്വയം വെട്ടി മാറ്റിയവർ; നിത്യരോഗികളും മദ്യത്തിന് അടിമയായവരും ഒട്ടേറെ; മുഖ്യമന്ത്രിയുടെ നാട്ടിൽപോലും ഇപ്പോഴും ജാതി വിവേചനം; നാൽപ്പത് കഴിഞ്ഞ ആരോഗ്യമുള്ള ഒറ്റയാളുമില്ല; ചാരവും ചോരയും തുപ്പി മരിക്കുന്ന ദൈവം! തീച്ചാമുണ്ഡി കലാകാരന്മാരുടെ ദയനീയ ജീവിതം
സുരേഷ് ഗോപിയുടെ 'കളിയാട്ടം' സിനിമ ഓർമ്മയില്ലേ. ആകാശത്തോളം ഉയരുന്ന തീയിലേക്ക് ഓടിയിറങ്ങി സ്വയം എരിഞ്ഞ് ഇല്ലാതായ കണ്ണൻ പെരുവണ്ണാന്റെ കഥ സുരേഷ് ഗോപിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തു. പക്ഷേ ഓരോ ഒറ്റക്കോലം കെട്ടുന്ന കലാകാരന്റെയും ജീവിതം സത്യത്തിൽ ഒരു ആത്മഹത്യയാണ്. വിശ്വാസത്തിന്റെയും ഗോത്രീയതയുടെയും പേരിൽ നടക്കുന്ന ബലി.
മൂന്നൂറ് ഡിഗ്രിയിലധികം ചൂടുള്ള ഒരു കനൽക്കൂനയിലേക്ക് ഒരു മനുഷ്യൻ എടുത്ത് ചാടുക! ലോകത്തിൽ എവിടെയും കാണാത്ത അങ്ങേയറ്റം അപകടകരമായ ഒരു ഒരു അനുഷ്ഠാന കലയാണ്, ഉത്തര മലബാറിലെ പ്രശസ്തമായ തീച്ചാമുണ്ഡി തെയ്യം. പകൽ മുഴുവൻ വിറക് കത്തിച്ച കനൽ ഒരു കൂനയായി കൂട്ടിയിടും. ഈ കനൽ ഇളക്കാൻ നീളമുള്ള മുളന്തണ്ട് മായി പത്തു പന്ത്രണ്ടു പേർ ഉണ്ടാവും. ഈ തീക്കുണ്ഡത്തിലേക്ക് ആണ് തീച്ചാമുണ്ഡി ചാടുന്നത്. അരയിൽ കെട്ടിയ കയർ കുറെ ആളുകൾ പിടിച്ചിരിക്കും. ഇവരാണ് തീച്ചാമുണ്ഡിയെ തീയിലേക്കു വലിച്ചിടുന്നതും തിരിച്ചെടുക്കുന്നതും. ഇവരുടെ ശ്രദ്ധ ഒന്ന് പാളിയാൽ മാരകമായി പൊള്ളലേൽക്കും. ശരിക്കും ജീവൻ വെച്ചുള്ള ഞാണിന്മ്മേൽ കളി. ഒന്നും രണ്ടും തവണയല്ല, ഈ കൊടും ചൂടത്ത് നൂറ്റിയൊന്ന് തവണയാണ് കോലം തീയിൽ ചാടേണ്ടത്!
നേരത്തെ തന്നെ ഇത്തരം തീച്ചാമുണ്ഡി കലകാരന്മാർ പലരും പൊള്ളലേറ്റ് ആശുപത്രിയിലായപ്പോൾ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അന്ധവിശ്വാസങ്ങളെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ പോലും, ഇത് തങ്ങളുടെ പരമ്പരാഗത അനുഷ്ഠാന രീതിയാണ് എന്ന് പറഞ്ഞ് തീച്ചാമുണ്ഡിയെ പിന്തുണക്കുകയാണ്. കണ്ണുർ- കാസർകോട് ജില്ലകളിലെ മാർക്സിസ്റ്റ് പാർട്ടി ഗ്രാമങ്ങളിലാണ് ഇത്തരം തെയ്യങ്ങൾ അരങ്ങേറുന്നത്. തെയ്യം കെട്ടുന്നവരും വലിക്കുന്നവരുമൊക്കെ പാർട്ടിക്കാർ തന്നെ.
കുട്ടി തെയ്യം കോടതി കയറുന്നു
'എന്നെ ധരിച്ചാൽ ധരിച്ചവർക്കും എന്നെ കാണാനും കേൾക്കാനും വന്ന ഏവർക്കും അവരുടെ കന്നുകാലികൾക്കും പൈതങ്ങൾക്കും നാളെ മേലാക്കത്തിന് മേലൈശ്വര്യത്തിനും ഗുണം വരണേ ഗുണം' എന്ന് പറഞ്ഞ് ഉറഞ്ഞുതുള്ള തീച്ചാമുണ്ഡി മലബാറിലെ തെയ്യക്കോലത്തിലെ ഏറ്റവും സവിശേഷമായ ഇനമാണ്. എന്നാൽ ഇപ്പോൾ 13 വയസ്സുള്ള ഒരു കുട്ടി തീച്ചാമുണ്ഡി തെയ്യം കെട്ടിയത് വിവാദമായതോടെയാണ് ഇതിന് പിന്നിലെ പ്രശ്നങ്ങൾ പുറം ലോകം അറിയുന്നത്.
കുട്ടികളെ തീച്ചാമുണ്ഡി കെട്ടിച്ചതിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മലബാർ ദേവസ്വം ബോർഡിനെയും, തെയ്യം നടത്തിപ്പുകാരെയും കക്ഷി ചേർക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. കോട്ടക്കലിലെ ദിശ എന്ന സംഘടനയാണ് കുട്ടികളെ അഗ്നി തെയ്യക്കോലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ്, ഹർജി നൽകിയത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് എടുത്തത്. നേരത്തെ ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ കോലം കെട്ടിച്ചിരുന്നു. ഇതിനെതിരെയും ബാലാവകാശ കമ്മീഷൻ കേസ് എടുത്തിരുന്നു. കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ചോദ്യം ചെയ്യുന്ന രീതിയിലാണ് അവരെ തെയ്യത്തിനുവേണ്ടി ഉപയോഗിക്കുന്നതതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും, പഴയ ജന്മി വ്യവസ്ഥയുടെ അവശിഷ്ടമാണ് ഇതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടികളെ അഗ്നി തെയ്യം കെട്ടിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ദ്ധരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്രയും വിറക് കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിനുള്ളിലെ താപനില 300 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. ഇത് നിശ്ചയമായും ശ്വാസകോശത്തിന് പൊള്ളൽ ഉണ്ടാക്കും. മാത്രമല്ല പരിചയസമ്പന്നരായ തെയ്യം കലാകാരന്മാർക്ക് കൃത്യമായ ടൈമിങ്ങ് ഉണ്ട്. അവരെ വലിക്കുന്നവർക്കും അത് അറിയാം. എന്നാൽ കുട്ടികൾക്ക് ഈ ടൈമിങ്ങ് ഉണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ടുതന്നെ ഇഞ്ചിഞ്ചായുള്ള ഒരു നരബലിയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.
ഏറ്റവും ഭീകരം തീച്ചാമുണ്ഡി കാലകാരന്മാരെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നത് അവരിൽ പലരും അമ്പത് വയസ്സ് അതിജീവിക്കുന്നില്ല എന്നാണ്. ചാരവും ചോരയും തുപ്പി മരിക്കാനാണ് അവരുടെ വിധി. പലരും മദ്യത്തിന് അടിമകളാണ്. ചിലർ ആത്മഹത്യചെയ്തു. ചിലർക്ക് കൈയും കാലും നഷ്ടമായി. വിശ്വാസം, ആചാരം, മലബാറിന്റെ സാംസ്കാരിക തനിമ എന്നൊക്കെ പറഞ്ഞ് എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും, ഇത് വല്ലാത്ത ഒരു അനുഷ്ഠാനമാണെന്ന് വ്യക്തമാണ്.
ഒന്നരയാൾ പൊക്കത്തിലെ കനൽ
ലോകത്തിലെ ഏറ്റവും അപകടം പിടിച്ച അനുഷ്ഠാന കല എന്നാണ് ഒറ്റക്കോലം എന്ന തീച്ചാമുണ്ഡി തെയ്യം കണ്ടവർ അതേക്കുറിച്ച് എഴുതുന്നത്. പലപ്പോഴും ഒന്നരയാൾ പൊക്കത്തിലൊക്കെയാണ് മേലേരിയുണ്ടാക്കുക (കനൽക്കൂമ്പാരം). പുലർച്ചെ അഞ്ച് മണിക്കിറങ്ങിയ തെയ്യം ഉച്ചകഴിഞ്ഞ് മൂന്നരയായിട്ടും കഴിയാറില്ല. നാൽപ്പതു വയസ്സു കഴിഞ്ഞ ആരോഗ്യവാനായ ഒരു തെയ്യക്കാരനും ഇല്ല എന്നാണ്, 2015ൽ തന്നെ പഠനം നടത്തിയവർ പറയുന്നത്. സാമൂഹിക പ്രവർത്തകനായ വി കെ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
കടുത്ത രോഗത്തെയും വേദനയെയും കടിച്ചമർത്തിയാണ് തെയ്യം നമുക്കിന്ന് അനുഗ്രഹങ്ങൾ തരുന്നത്. പലർക്കും കുംഭമാസം ഒന്നാം തീയതി മുതൽ ഇരുപത്തിയൊമ്പാതാ തീയതി വരെ തെയ്യമാണ്. തുടർച്ചയായ മുപ്പത് ദിവസം അദ്ദേഹം ഉറങ്ങാതിരിക്കണം. കൃത്യമായ ഭക്ഷണമോ വിശ്രമമോ കോലക്കാരന്റെ ശരീരത്തിന് ലഭിക്കില്ല. ഇത് അതിശയോക്തിയല്ല. അവിശ്വസനീയമായ യാഥാർഥ്യമാണ്. മുമ്പുണ്ടായിരുന്നതിലും ഇരട്ടിയിലധികമാണ് ഇന്ന് കളിയാട്ടങ്ങൾ. യാതൊരു തരത്തിലുള്ള ആരോഗ്യ പരിരക്ഷയോ മതിയായ വിശ്രമമോ കോലക്കാരനില്ല. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള ജീവിതചര്യ തുടർന്നുപോകുകയാണെങ്കിൽ കോലക്കാരുടെ ശിഷ്ടജീവിതം അങ്ങേയറ്റം ദുരന്തപൂർണ്ണമായിരിക്കുമെന്നാണ്, ഡോക്ടർമാർ പറയുന്നത്.
ഇത് സംബന്ധിച്ച് ഏറെ പഠനം നടത്തിയ വി കെ അനിൽകുമാർ ഇങ്ങനെ എഴുതുന്നു. 'നേരം പുലരും മുൻപ് മനുഷ്യ നിർമ്മിത മേലേരിയിൽ വെന്ത് പൊള്ളിയ തെയ്യം നേരം പുലർന്നാൽ പകലോനൊരുക്കുന്ന നിരിപ്പിൽ വീണ്ടും നൂറ്റൊന്നാവർത്തി ചാടണം. അത്യുഷ്ണത്തിൽ ലാവ പോലെ ഉരുകിത്തിളക്കുന്ന കളിയാട്ട മുറ്റം. ചൂടിന് ദൈവമെന്നൊ മനുഷ്യനെന്നോ ഉള്ള കാരുണ്യവും വക തിരിവുമൊന്നുമില്ല. ഒരിറ്റ് തണൽ സ്പർശത്തിനായി ദൈവവും മനുഷ്യനും ഇങ്ങനെ പരക്കം പായുന്നത് ഇതിന് മുൻപ് കണ്ടിട്ടില്ല. ഒറ്റക്കോലത്തിന്റെ പ്രശ്നങ്ങൾ ഇതിന് മുൻപും ധാരാളം എഴുതീട്ടുണ്ട്. എന്നാലും ഇനിയും എഴുതണം എന്ന് തന്നെയാണ് തോന്നുന്നത്. വൻ അപായങ്ങളില്ലാതെ ഈ തെയ്യം അനുഷ്ഠാനം എങ്ങനെയാണ് നടക്കുന്നതെന്നതെന്ന് ആലോചിക്കുമ്പോൾ ഞെട്ടലാണ്.
ഒരപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള എന്ത് മുൻ കരുതലാണ് കളിയാട്ട കമ്മറ്റികൾ എടുക്കുന്നത്. ആംമ്പുലൻസോ തീ അണക്കാനുള്ള വെള്ളമോ കരുതുന്നുണ്ടോ. മേലേരി ഒരു തീമലയാണ്. അതിന്റെ ഉച്ചിയിൽ ഒരാൾ നില തെറ്റി വീണാൽ.
ഒറ്റക്കോലം തെയ്യമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്രയും ബീഭത്സമാണ്. തെയ്യത്തിലെ ഏറ്റവും അപകടം പിടിച്ചതാണ് ഒറ്റക്കോലമെന്ന തീച്ചാമുണ്ഡി. കരിഞ്ഞു പോയ പനന്തത്ത പോലെ ഒരു തെയ്യം. പലപ്പോഴും തീയിൽ വെന്തും വന്മുടിയേന്തിയും മലയനും വണ്ണാനും നിർമ്മിക്കുന്ന ഔദാര്യത്തിന്റെ സംസ്‌കാരത്തിലാണ് ഉത്തര മലബാർ അഭിമാന ഗരിമ പൂണ്ട് നിൽക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്.''- അനിൽകുമാർ ചൂണ്ടിക്കാട്ടി.
ശ്വാസകോശം കരിഞ്ഞുപോവും
തീച്ചാമുണ്ഡിയുടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യുഗ്രമായ ചൂടിൽ കനലിലേക്ക് ഭ്രാന്തമായ ആവേശത്തോടെ വീഴുന്ന ഇവരുടെയെല്ലാം രക്തത്തിൽ വെളുത്ത രക്താണുക്കളുടെ എണ്ണം കുറവായിരിക്കും. ശരീരത്തിന് പ്രതിരോധശക്തി നഷ്ടമായി ഇവർ നിത്യ രോഗങ്ങളുടെ പിടിയിലാകും. ആന്തരാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ വന്നിരിക്കും.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ശാസ്ത്ര പ്രഭാഷകനുമായ ടോമി സെബാസ്റ്റ്യൻ ഇങ്ങനെ എഴുതുന്നു. 'ഇത്രയും വിറക് കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിനുള്ളിലെ താപനില എന്തായാലും 300 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. പക്ഷേ ഇവിടെ ആളുകൾ ആരും കാണാത്ത മറ്റൊരു സംഭവം ഉണ്ട്. ആ ചൂടിൽ ഉള്ള വായുവിനും ഏതാണ്ട് അതിനോടടുത്ത താപനില ഉണ്ടാകും. നമ്മുടെ ശ്വാസകോശത്തിലെ ആൽവിയോളുകൾ എന്ന നേർത്ത കുമിളകളിലാണ് ശ്വാസം എത്തിച്ചേരുന്നത്. അതിനു പുറമേയുള്ള അതിലോലമായ ലോമികകളിലൂടെയാണ് ഓക്സിജൻ- കാർബൺഡയോക്സൈഡ് വിനിമയം നടക്കുന്നത്. അവയെ സംരക്ഷിക്കാൻ വേണ്ടി അവയ്ക്ക് ചുറ്റും നനവുള്ള ഒരു ആവരണം ഉണ്ടാവും. ഇവയ്ക്ക് ഒരു താപ പരിധി ഉണ്ടാവും. ഏതാണ്ട് 65 ഡിഗ്രി സെൽഷ്യസ് ആണ് ആ പരിധി. അത് കഴിഞ്ഞാൽ ആൽവിയോളുകൾക്ക് പൊള്ളലേറ്റ് ചുരുക്കം സംഭവിക്കും. ശ്വാസകോശത്തിലുള്ള ഏകദേശം 30 കോടി വായു അറകളിൽ കുറച്ചൊക്കെ പൊള്ളലേറ്റ് ചുരുങ്ങിപ്പോയാലും ബാക്കിയുള്ളവ ആ വിടവ് തൽക്കാലത്തേക്ക് നികത്തും. അതുകൊണ്ട് തെയ്യം കിട്ടുന്ന ആളിന് പെട്ടെന്ന് ഒരു വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. പക്ഷേ പിന്നീട് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിക്കും.''- ടോമി ചൂണ്ടിക്കാട്ടുന്നു.
ഫോറൻസിക് പരിശോധനകളിൽ തീപിടുത്തം മൂലമുണ്ടായ മരണങ്ങൾ ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന പരിശോധന ശ്വാസകോശത്തിൽ കരി ഉണ്ടോ എന്ന് നോക്കുക എന്നതാണ്. ഇവിടെ തീച്ചാമുണ്ഡി വേഷം കെട്ടുന്ന ആൾ തീയിൽ പലതവണ ചാടുന്നതിനാൽ അയാളുടെ ശ്വാസകോശത്തിൽ തീർച്ചയായും കരി അടഞ്ഞിട്ടുണ്ടാവും. 'ശ്വാസകോശം സ്പോഞ്ച് പോലെയാണ്' ഒരാളെ നിത്യ രോഗിയാക്കാൻ അത്രയും കരി മതിയാവും.
ജ്വലനത്തിന് സഹായിക്കുന്ന വാതകമാണ് ഓക്സിജൻ. അതുതന്നെയാണ് നമ്മുടെ പ്രാണവായുവും. തീ കത്തുമ്പോൾ അതിന് ചുറ്റും ഓക്സിജൻ തീരെ കുറവായിരിക്കും. അന്തരീക്ഷത്തിൽ ഏതാണ്ട് 21 ശതമാനം ഉണ്ടാവേണ്ട ഓക്സിജൻ കുറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമായിരിക്കും അതിനു ചുറ്റും ഉണ്ടാവുക. മാത്രവുമല്ല ജ്വലനം വഴി ഉണ്ടാവുന്ന കാർബൺഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലുമായിരിക്കും. ഈ കാർബൺ ബൈ ഓക്സൈഡും കാർബൺ മോണോക്സൈഡും ആണ് തെയ്യം ശ്വസിക്കുക. ഇത് ഹെപ്പർ കാപ്നിയ, കാർബോക്സിൽ ഹീമോഗ്ലോബിനീമിയഎന്നീ അവസ്ഥകൾ സൃഷ്ടിക്കും. അതാവട്ടെ ഹാലുസിനേഷൻ പോലെയുള്ള അവസ്ഥകളിലേക്ക് മനുഷ്യനെ നയിക്കും, അതായത് യാഥാർത്ഥ്യബോധമോ വേദനയോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന തെയ്യം യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.''- ടോമി ചൂണ്ടിക്കാട്ടുന്നു.
അമ്പത് വയസ്സ് തികച്ചവർ എത്ര?
അതായത് തെയ്യം ആ സമയത്ത് വേദന അറിയാത്തത് അയാൾ ട്രാൻസ് അവസ്ഥയിൽ എത്തിപ്പെടുന്നതുകൊണ്ടാണ്. പക്ഷേ വേഷമഴിച്ചാൽ വേദനയും വരും. നേരത്തെ കേരളകൗമുദി ദിനപ്പത്രം ഇതുസംബന്ധിച്ച് നടത്തിയ ഒരു അന്വേഷണത്തിൽ ഗുരുതരമായ രോഗങ്ങളുമായി തീച്ചാമുണ്ഡി കലാകാരന്മാരുടെ ജീവിതം അകാലത്തിൽ പൊലിയുകയാണെന്ന് കണ്ടെത്തിയിരുന്നു. പലരും മദ്യത്തിന് അടിമയായി. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ മൂലം, ഉണങ്ങിക്കരിഞ്ഞുപോയവരെയാണ് തനിക്ക് കാണാനായെതെന്ന്, ലേഖനം തയ്യാറാക്കിയ പി ബാലചന്ദ്രൻ എഴുതിയിരുന്നു. അമ്പത് വയസ്സ് തികച്ച തെയ്യം കലാകാരന്മാരെ തനിക്ക് അധികമൊന്നും കാണാനായില്ലെന്ന് അദ്ദേഹം എഴുതുന്നുണ്ട്.
കൃഷ്ണൻ മലയൻ എന്ന തെയ്യം കലാകാരന്റെ അനുഭവം ഇങ്ങനെയാണ്. തീച്ചാമുണ്ഡി തെയ്യം കെട്ടിയതിന്റെ മൂന്നാം നാൾ കൃഷ്ണൻ മലയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീച്ചാമുണ്ഡി ആയി വേഷം കെട്ടുന്ന ഭൂരിഭാഗം പേരുടെയും പിന്നീടുള്ള ജീവിതം മരുന്നിന്റെയും യാതനയുടെയും ലോകത്താണ്. 2015ലെ ഇതു സംബദ്ധിച്ച് വി കെ അനിൽകുമാറിന്റെ നേതൃത്വത്തിലൊക്കെ പഠനം നടത്തിയുരുന്നു. അവർ എടുത്ത ഡോക്യൂമെന്ററികളിൽ ഒക്കെയും തീച്ചാമുണ്ഡി കെട്ടുന്നവരുടെ ദുരിതം കടന്നുവരുന്നുണ്ട്.
സജിത്ത് പണിക്കരുടെ ആത്മാഹുതി
2014 സപ്തംബർ 19-ാം തീയതി തെയ്യത്തിലെ ഒരു ദുരന്തദിനമായിരുന്നു. അള്ളടത്തു നാട്ടിലെ (കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയിലെ പ്രദേശം. നീലേശ്വരമാണ് അള്ളട സ്വരൂപത്തിന്റെ ആസ്ഥാനം) ഏറ്റവും പ്രതിഭാധനനായ തെയ്യം കലാകാരൻ സജിത് പണിക്കർ അത്മഹത്യ ചെയ്തത് അന്നാണ്. കടുത്ത നടുവേദനയെയും എല്ലു തേയ്മാനത്തെയും തുടർന്ന് തെയ്യം കെട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമോ എന്ന ഭീതിയിലും വിഭ്രാന്തിയിലും ആ പ്രതിഭ സ്വയം ജീവനൊടുക്കി. പതിമൂന്നു തവണ ഒറ്റക്കോലം (തീച്ചാമുണ്ഡി) എന്ന അതിബീഭത്സമായ അനുഷ്ഠാനത്തെ തന്റെ മെലിഞ്ഞ ശരീരകൊണ്ട് നിഷ്പ്രയാസം അതിജീവിച്ച 43-കാരനായ സജിത് പണിക്കരുടെ ദാരുണമായ മരണം അന്ന് ഏറെ ചർച്ചകൾ ഉയത്തി.
ഇതു സംബദ്ധിച്ച് വി കെ അനിൽകുമാർ ഇങ്ങനെ എഴുതുന്നു. 'പതിനേഴ് വയസ്സിന്റെ ചോരത്തിളപ്പിൽ, കത്തിജ്വലിക്കുന്ന മേലേരിയിൽ നൂറ്റൊന്ന് തവണ പ്രവേശിച്ച് ഉദിനൂർക്കോലത്തെ തമ്പുരാനിൽനിന്നും പട്ടും വളയും വാങ്ങി പണിക്കരായി, നാട്ടിലെ വീരനായകനായ വ്യക്തിയാണ് സുജിത്ത് പണിക്കർ. പക്ഷേ കഠിനമായ അനുഷ്ഠാനത്തിന്റെ മേലേരിച്ചൂടിൽ അദ്ദേഹത്തിന്റെ വാടിക്കരിഞ്ഞുപോയി. തൃക്കരിപ്പുരിലെ കുറുവാപ്പള്ളിയറയിലെ കളിയാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിയായിരുന്നു മരണം. റ്റക്കോലം തെയ്യത്തിന്റെ തീവ്രമായ അനുഷ്ഠാനങ്ങളും കോലക്കാരുടെ ശരീരം ഏറ്റെടുക്കുന്ന സഹനങ്ങളും കേന്ദ്രപ്രമേയമായി, സജിത് പണിക്കരെ നായകനാക്കി ചിത്രീകരിച്ച മേലേരി എന്ന ഡോക്യുമെന്ററി ഈ ദുരന്തത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഏട്ടനായ സജിത് പണിക്കരുടെയും ആരോഗ്യത്തെക്കുറിച്ച് സഹോദരനായ സജേഷ് പണിക്കർ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.'' സജിത്ത് പണിക്കരുടെ മരണത്തെ തുടർന്ന് സഹോദരൻ സജേഷ് പണിക്കർ കോലം കെട്ടി.
പൊള്ളലേറ്റ വിരൽ സ്വയം മുറിച്ചവർ
സജിത്ത് പണിക്കരുടെ മരണത്തിനുശേഷം നടന്ന അന്വേഷണത്തിൽ ഒറ്റക്കോലം കെട്ടി മരിച്ച നിരവധി കലാകാരന്മാരുടെ ദൈന്യത പുറത്തുകൊണ്ടുവരാനായി. തെയ്യംകെട്ടിലെ ഇതിഹാസം എന്ന വിശേഷണത്തിനപ്പുറമുള്ള പിലിക്കോട്ടുകാരനായ കർണതമൂർത്തി അമ്പത്തിയഞ്ചാമത്തെ വയസ്സിൽ മംഗലാപുരത്തെ ആശുപത്രിയിൽ കിടന്നാണ് ചോര തുപ്പി മരിച്ചത്. അതിന് മുമ്പേതന്നെ അതീവദുഷ്‌കരമായ ക്ഷേത്രപാലകൻ തെയ്യംകെട്ടിലെ മഹാരഥൻ, ഏട്ടനായ രാമൻ നേണിക്കം രോഗബാധിതനായി മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. മലയസമുദായക്കാരുടെ ഗുരുകാരണവസ്ഥാനത്തുണ്ടായിരുന്ന, സജിത് പണിക്കരുടെ അച്ഛനും ദീർഘുകാലത്തെ അസുഖത്തെതുടർന്നാണ് മരിച്ചത്. മിക്കവരും ശ്വാസകോശ രോഗങ്ങൾ. ചോരയും ചാരവുമാണ് ഇവർ അവസാനകാലത്ത് തുപ്പിയതെന്നാണ് പറയുന്നത്.
2015ൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഇങ്ങനെ പറയുന്നു. 'കോലക്കാരുടെ ശരീരം നേരിടുന്ന അഗ്‌നിപരീക്ഷണങ്ങള്ക്ക് തെയ്യത്തിന്റെ മിത്തിനോളംതന്നെ പഴക്കമുണ്ട്. കാസർകോട് ജില്ലയിലെ കാലിക്കടവ് കരക്കക്കാവിലെ തെക്കുംകരകർണംമൂർത്തിയുടെ സമാധി ഇത് സാക്ഷ്യപ്പെടുത്തുന്നു. ഒരു തെങ്ങോളം ഉയരമുള്ള വലിയ മുടിത്തെയ്യമായ കരക്കീൽ പോതിത്തെയ്യം കെട്ടിയാടുമ്പോൾ മരണപ്പെട്ട കർണംമൂർത്തിയെന്ന കാരണവരെ വലിയ മുടിയഴിച്ച് അങ്ങനെത്തന്നെ കരക്കക്കാവിൽ അടക്കംചെയ്യുകയായിരുന്നു.
തുടർച്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. കരിവെള്ളൂർ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരത്തെ കുണിയനിലാണ് കുണ്ടോറ കുഞ്ഞാരപ്പെരുവണ്ണാൻ എന്ന ഒറ്റക്കോലത്തിന്റെ വീട്. ദൈവക്കോലത്തിന് കുഞ്ഞാരൻ പകരമായി കൊടുത്തത് തന്റെ വലതുകാലാണ്. പഴയങ്ങാടിക്കടുത്ത,് കഴുത്തിലെ അസ്ഥികകൾക്ക് ക്ഷതംസംഭവിച്ച് വെങ്ങര അനീഷ് പെരുവണ്ണാനുണ്ട്. ഇന്ന് കതിവനൂർ വീരന്റെ തെയ്യം കെട്ടുന്ന കോലക്കാരിൽ ഏറ്റവും പ്രഗല്ഭനാണ് വെങ്ങര അനീഷ് പെരുവണ്ണാൻ. 2012-ൽ പയ്യന്നൂരിനടുത്ത് കണ്ടോത്ത് വെച്ചുനടന്ന കളിയാട്ടത്തിലാണ് അദ്ദഹം അവസാനമായി മന്നപ്പന്റെ പലിശയും താരിയും എടുത്തത്. ഇതുപോലെ ആരോഗ്യം തകർന്ന എത്രയെത്രപേർ''. കുണ്ടോറ കുഞ്ഞാരൻ പെരുവണ്ണാൻ, വേദന സഹിക്കാന കഴിയാതെ, കളിയാട്ടത്തിൽ പൊള്ളലേറ്റ് പഴുത്ത തന്റെ വിരലുകൾ കത്തികൊണ്ട് സ്വയം മുറിച്ചു കളഞ്ഞത് അക്കാലത്തെ അനുഭവമായിരുന്നു.
ശക്തമായ ജാതിവിവേചനം
ഇപ്പോൾ തെയ്യത്തിന് ആഗോളപ്രസിദ്ധി കൈവന്നു. ബുദ്ധിജീവികളും കലാകാരന്മാരും കമ്യൂണിസ്റ്റ് പാർട്ടിയും തെയ്യത്തിന്റെ പക്ഷത്തായി. മാധ്യമങ്ങളിൽ തെയ്യം ഇഷ്ടവിഭവമായി. തെയ്യത്തിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ ചിറക്കൽ തമ്പുരാന്റെ കോലോത്ത് ഫോക്ലോറിനായി ഒരു അക്കാദമി തന്നെ സർക്കാർ തുറന്നു. രാജ്യാന്തരവിപണികൾ ലക്ഷ്യംവെച്ച് തെയ്യത്തെക്കുറിച്ച് സിനിമകളും ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറങ്ങി. പ്രൊഫഷണൽ തെയ്യംകലാകാരന്മാർ എന്ന പുതിയ കോലക്കാർ ഉടലെടുത്തു. കനലാടിമാരും കാവിലെ അന്തിത്തിരിയന്മാഷരും അച്ചമ്മാരും സ്ഥാനീകരും കൂട്ടായ്മയും പരിപാലിച്ചുപോന്ന തെയ്യത്തിന് പുതിയ സംരക്ഷകരുണ്ടായി. തെയ്യത്തിന്റെ പ്രൊഫഷണൽ മൂല്യമേറി. പക്ഷേ അപ്പോഴും പ്രൊഫഷണൽ അല്ലാത്ത പാവം തെയ്യക്കാരൻ ജീവിക്കാൻ പെടാപ്പെട് പെടുകയാണ്.
ഇന്നും തെയ്യം കലാകാരന് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. സനൽ സുരേന്ദ്രൻ എന്ന മലയ സമുദായത്തിൽനിന്ന് സ്വതന്ത്ര ചിന്തയിലേക്ക് വന്ന കണ്ണുരിലെ ഒരു മൂൻ തെയ്യം കലാകരാൻ ഈയിടെയും അത് തുറന്ന് പറഞ്ഞിരുന്നു. ഇത്രയും റിസ്‌ക്ക് എടുത്തിട്ടും എല്ലാ നീക്കിയിരിപ്പകളും കഴിഞ്ഞാൽ ആകെ 2000 രൂപയൊളമേ ഒരു തീച്ചാമുണ്ഡിക്കാരന് കിട്ടുകയുള്ളൂ എന്നാണ് പറയുന്നത്.
കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന, എസ്സെൻസ് ഗ്ലോബൽ എന്ന ശാസ്ത്രസ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിന്റെ ക്യൂരിയസ് എന്ന സെമിനാറിൽ സനൽ സുരേന്ദ്രൻ ഇക്കാര്യം ആവർത്തിച്ചു. 'സത്യത്തിൽ ഈ തെയ്യത്തെ ഇങ്ങനെ നിലനിർത്തുന്നത് ജാതി വ്യവസ്ഥയാണ്. പല തെയ്യങ്ങൾക്കും ഇപ്പോഴും കണ്ണുരിൽ സവർണ്ണന്റെ വീടുകളിൽ പ്രവേശിക്കാൻ കഴിയല്ല. മണ്ണാൻ പെരുമലയൻ സമുദായത്തോട് ഇപ്പോഴും ജാതി വിവേചനമുണ്ട്. എന്റെ വിവാഹത്തിനുപോലും ജാതിയുടെ പേരിൽ ഭക്ഷണം കഴിക്കാതെ പോയവർ ഉണ്ട്''- സനൽ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്, ഞെട്ടലോടെയാണ് സദസ്യർ കേട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരിൽ, സിപിഎമ്മിന് മേൽക്കയുള്ള ചുവന്നമണ്ണിലും ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്!
കമ്യൂണിസ്റ്റ് അന്ധവിശ്വാസം
സാധാരണ ഇത്തരം അദ്ധവിശാസങ്ങൾക്കെതിരെ നവോത്ഥാനം എന്ന വാക്ക് ഉയർത്തി പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ഇറങ്ങുന്ന സിപിഎമ്മുകാരാണ്. പക്ഷേ ഇവിടെ സിപിഎമ്മുകാർ ആചാര സംരക്ഷകർ ആണ്. തെയ്യം ഒരു സെക്യൂലർ ദൈവമാണെന്നും, ഈ നാടിന്റെ സംസ്‌ക്കാരമാണെന്നും പറഞ്ഞാണ്, മുന്നുറ് ഡിഗ്രി സെൽഷ്യസ് തീയിലേക്ക് ഒരു മനുഷ്യൻ ചാടുക എന്ന, ലോകത്ത് എവിടെയും കാണാത്ത പ്രാകൃത ആചാരത്തിന്റെ സംരക്ഷണത്തിനായി അവർ പറയുന്നത്. അതുകൊണ്ടുതന്നെ ഒരു കമ്യുണിസ്റ്റ് സ്പോൺസേഡ് അന്ധവിശ്വാസമായിട്ടാണ് പലരും ഇതിനെ കാണുന്നത്.
ഇതേക്കുറിച്ച് ഏറെ പഠിച്ച വി സി ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു.' ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും, ഇവിടെ ഇതേ മണ്ണിൽ പതിനാല് വയസ്സായ സ്വന്തം മകനെ കുന്നോളം കൂട്ടിയ മേലേരിക്ക് ബലി നല്കുന്ന രക്ഷിതാക്കളുടെ മാനസികാവസ്ഥയെ കുറിച്ച് ഒന്നും പറയാനില്ല. ഒറ്റക്കോലം പൂർണ്ണമായും നിരോധിക്കുക എന്നത് പ്രായോഗികമാണോ എന്നറിയില്ല. വെറും മൂവായിരമോ നാലായിരമോ രൂപക്കും പട്ടും വളയ്ക്കും പണിക്കർ സ്ഥാനത്തിനും വേണ്ടി മാത്രം ഈ ഭീഭത്സമായ അനുഷ്ഠാനം ഇപ്പോഴും നിർബാധം നടക്കുന്നു എന്നത് ഒരു വാസ്തവമാണ്.
ഒറ്റക്കോലമായി ചുട്ടുനീറിയ തെയ്യക്കാരൻ ദിവസങ്ങളോളം, കരിയും വെണ്ണീരും തുപ്പിയും, കരിയും വെണ്ണീരും വിസർജിച്ചുമാണ് നമുക്ക് മുന്നിൽ ദൈവമായി നിറഞ്ഞാടുന്നത്. ഒരു വർഷം നൂറിനടുത്ത് തീച്ചാമുണ്ടി തെയ്യ മെങ്കിലും ഇവിടെ നടക്കുന്നുണ്ടാകും. തെയ്യക്കാരൻ തീയിൽവീണ് പൊള്ളലും നാൽപ്പത് വയസ്സുകഴിയുമ്പോഴേക്കും നിത്യരോഗിയായി മാറലും അമ്പത് വയസ്സ് കഴിയുമ്പോഴേക്കും മരിക്കലും പതിവ് കാഴ്ചയാണ്.''- വി സി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
ഈ വിമർശനങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ കുട്ടികളെ തീച്ചാമുണ്ഡി കെട്ടിക്കുന്നതിൽ നിന്നെങ്കിലും നാം പിന്മാറണം. അതുപോലെ ജീവൻ പണയംവെച്ച് ആടുന്ന ഈ കലാകാരന്മാർക്ക് മതിയായ സുരക്ഷയെങ്കിലും ഒരുക്കണം. അത്തരം ഒരു കാമ്പയിന് സിപിഎം മുന്നിട്ടറുങ്ങുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
വാൽക്കഷ്ണം: ലോകത്ത് ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളുള്ള ഒരു നാട് കമ്യുണിസ്റ്റ് ചൈനയാണെന്ന് ചില പഠനങ്ങൾ ഉണ്ടായിരുന്നു. ഡ്രാഗൺ ജോത്സ്യവും, ഷെഹ്ഫൂയിയും, മന്ത്രവാദും, കൂടോത്രവും അടക്കം ചൈനയിൽ ഇല്ലാത്ത തരികിടകൾ ഇല്ല. നമ്മുടെ കമ്യുണിസ്റ്റ് കണ്ണൂരിലും അങ്ങനെ തന്നെ. തീച്ചാമുണ്ഡിയും, മാടനും, മറുതയും, മുത്തപ്പനുമായി അന്ധവിശ്വാസങ്ങളുടെ അയ്യരുകളി. പക്ഷേ നടത്തുന്നത് കമ്യൂണിസ്റ്റുകാർ അയതിനാൽ ഈ അന്ധവിശ്വാസത്തെയൊക്കെ നവോത്ഥാനം എന്നാണ് പേരിട്ട് വിളിക്കേണ്ടത്. ബിജെപിക്കാർ നടത്തുമ്പോൾ മാത്രമാണ് അത് സവർണ്ണഫാസിസം ആവുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ