മുസ്ലീമായി അറിയപ്പെടുന്ന ഒരു നടന്‍ പൂണുല്‍ ധരിച്ച്, തന്റെ അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ഹൈന്ദവാചാര പ്രകാരം നടത്തുന്നു! ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച, സെറീന്‍ ഖാന്‍ ( 81) എന്ന മുന്‍ നടിയുടെ മകനും നടനുമായ സയിദ് ഖാന്‍ അമ്മയുടെ മരണാനന്തര കര്‍മ്മകള്‍ ചെയ്ത് ഒരു കുടവുമായി ശമ്ശാനത്തില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മുസ്ലീം സ്ത്രീയെ ഹിന്ദു ശ്മശാനത്തില്‍ സംസ്‌ക്കരിക്കയോ, എന്നൊന്നും അവിടെ കമന്റുകള്‍ വന്നില്ല. കാരണം ആ കുടുംബത്തെ എല്ലാവര്‍ക്കും അറിയാം.

സെറീന്‍ ഖാന്‍ പാഴ്സിമതത്തിലാണ് ജനിച്ചത്. വളര്‍ന്നത് നടനും സംവിധായകനുമായ സഞ്ജയ് ഖാനെയാണ് അവര്‍ വിവാഹം കഴിച്ചത്. സഞ്ജയും ജന്‍മം കൊണ്ട് മുസ്ലീം ആണെങ്കിലും തന്റെ ഭാര്യയെ മതം മാറ്റാന്‍ നോക്കിയില്ല. ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന നടന്‍മാരായി മാറിയ, അവരുടെ മക്കളും ഖാന്‍ എന്ന സര്‍ നെയീം സ്വീകരിച്ചുവെങ്കിലും വിശ്വാസം എന്നത് അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സ്വകാര്യമായ ഒരു കാര്യമായിരുന്നു.




സെറീന്‍ ഖാന്‍ 60കളിലെ അറിയപ്പെടുന്ന നടിയും മോഡലുമായിരുന്നു. യഥാര്‍ത്ഥ പേര് സെറീന്‍ ഖത്രക്. ഇന്ന് ബോളിവുഡിനെ കീഴടക്കുന്ന, ഷാറുഖ്-ആമിര്‍-സല്‍മാന്‍ എന്നീ ഖാന്‍ ത്രയങ്ങള്‍ക്ക് മുമ്പ് പേരെടുത്ത ഖാന്‍മാരായിരുന്നു, താര സഹോദരങ്ങളായിരുന്നു സഞ്ജയ് ഖാനും ഫിറോസ് ഖാനും. ഇതിലെ സഞ്ജയ് ഖാനെയാണ് സെറീന്‍ ഖത്രക്ക്് വിവാഹം ചെയ്തത്. പേരിന്റെ വാലില്‍ ഖാന്‍ എന്ന് ചേര്‍ത്തുവെങ്കിലും അവര്‍ തന്റെ വിശ്വാസപ്രകാരം ജീവിച്ചു. നാലു മക്കളുണ്ടായി. അതില്‍ ഋതിക് റോഷന്റെ മുന്‍ ഭാര്യ സൊസൈന്‍ ഖാനും, നടന്‍ സയിദ് ഖാനും ഉള്‍പ്പെടുന്നു. ഫറാ അലി ഖാന്‍, സിമോണ്‍ ഖാന്‍ എന്നീമറ്റുമക്കളും ഖാന്‍ എന്ന സര്‍ നെയിം കൊണ്ടുനടന്നു. അവര്‍ ഈദും ഹോളിയും ദുര്‍ഗാഷ്ടമിയും ക്രിസ്മസുമെല്ലാം ഒരേപോലെ ആഘോഷിച്ചിരുന്നു.



വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ ദിവസം അന്തരിച്ച സെറീന്‍ ഖാന്റെ സംസ്‌ക്കാരച്ചടങ്ങില്‍, സിനിമാ രംഗത്തുനിന്നുള്ള കുടുംബ സുഹൃത്തുക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു. മകള്‍ സുസെയ്നിന്റെ മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷന്‍, ജാക്കി ഷറോഫ്, ഇഷ ഡിയോള്‍, കാജോള്‍, ജയ ബച്ചന്‍, റാണി മുഖര്‍ജി, തുടങ്ങിയ താരങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു. മരണത്തിലും സെറീന്റെ ഇഷ്ടമാണ് കുടുംബം നടപ്പാക്കിയത്. ഒരു ശ്മാശാനത്തില്‍ പുരോഹിതന്റെ നിര്‍ദ്ദേശമനുസരിച്ച്, പൂണൂലണിഞ്ഞ്, സായിദ് ഖാന്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പേരക്കുട്ടികള്‍ ഭൗതികശരീരം വഹിക്കുന്നതുമാണ് ദൃശ്യങ്ങള്‍ ഇപ്പോള്‍ പലരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്തിലും ഏതിലും മതം കലരുന്ന ഇക്കാലത്ത്, ബോളിവുഡിലെ ഒരു സെലിബ്രിറ്റി കുടുംബം, മതത്തില്‍നിന്ന് മാറി നടക്കുന്നു, അല്ലെങ്കില്‍ മതത്തെ തെല്ലും പരിഗണിക്കുന്നില്ല എന്നതും അത്ഭുതമാണ്.

സാധാരണമായ ഒരു കഥയാണ് ആ ഖാന്‍ കുടുംബത്തിന്റെത്. 59 വര്‍ഷമാണ് സെറീനും സഞ്ജയും തങ്ങളുടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോയത്. ആ ബന്ധം അതിമനോഹരമൊന്നുമായിരുന്നില്ല. വഞ്ചനയുടെയും കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും വിട്ടുവീഴ്ചകളുടെയും കഥയുണ്ട് ആ ബന്ധത്തിന് പിന്നില്‍. അതുകൂടി ചേരുമ്പോഴാണ് ആ സിനിമാറ്റിക്ക് കഥ പുര്‍ത്തിയാവുക.



കടല്‍ത്തീരത്തെ പ്രണയം

സെറീന്‍ ഖത്രക് എന്നായിരുന്നു സെറീന്‍ ഖാന്റെ യഥാര്‍ഥപേര്. അവര്‍ ജന്‍മംകൊണ്ട് പാഴ്സിയായിരുന്നു. സെറീന്‍ 1960-കളില്‍ മോഡലിങ്ങില്‍ തിളങ്ങിയിരുന്നു. 'തേരെ ഘര്‍ കെ സാംനെ', 'ഏക് ഫൂല്‍ ദോ മാലി' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തന്റെ സൗന്ദര്യവും പ്രതിഭയും കൊണ്ട് അവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. വെറും 13 വയസ്സുള്ളപ്പോള്‍ തന്നെ അവള്‍ അഭിയത്തിലും മോഡലിങ്ങിലും തിളങ്ങി.

കൗമാരകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സെറീന്റെ വീടിനടുത്തേക്ക് സഞ്ജയ് ഖാന്റെ കുടുംബം താമസത്തിനെത്തുകയായിരുന്നു. പലപ്പോഴും പരസ്പരം കണ്ടുവെങ്കിലും സംസാരിക്കാനൊന്നും കഴിഞ്ഞില്ല. സറീന് 14 വയസ്സുള്ളപ്പോഴാണ് സഞ്ജയുടെ അമ്മയായ ബീബി ഫാത്തിമ ബീഗം ഖാന്‍ വഴി ഇരുവരും കണ്ടുമുട്ടിയത്. അന്ന് ഒരു ഹായ് പറഞ്ഞു പരിഞ്ഞു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. ഒരിക്കല്‍ കടല്‍ കാണാന്‍ പോയതായിരുന്നു സെറീനും സുഹൃത്തും. അവിടേക്ക് സഞ്ജയും എത്തി. സെറീനെ പരിചയപ്പെടുന്നതിന്റെ തുടക്കമായി കടല്‍ത്തീരത്ത് 'ഹായ്' എന്നെഴുതി സഞ്ജയ്. തിരിച്ച് സെറീനും 'ഹായ്' എഴുതി.

അവിടുന്നായിരുന്നു ആ ബന്ധത്തിന്റെയും ആരംഭം. 'ദ ബെസ്റ്റ് മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ്' എന്ന പുസ്തകത്തില്‍ സെറീനെ ആദ്യം കണ്ടതിനെക്കുറിച്ച് സഞ്ജയ് ഇങ്ങനെ എഴുതുന്നു-'' അന്നവള്‍ക്ക് 13 വയസ്സ്, എനിക്ക് 18-ഉം. ഞങ്ങള്‍ കുറച്ചുനേരം കണ്ണില്‍ കണ്ണില്‍ നോക്കിനിന്നു. എന്റെ ഇനിയുള്ള ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളുടെ കണ്ണുകളാണ് അതെന്ന് അപ്പോള്‍ തന്നെ എനിക്ക് തോന്നി. അധികം വൈകാതെ വിവാഹാഭ്യര്‍ഥന നടത്തി. ഒരു വര്‍ഷം കഴിഞ്ഞും ഇതേ വികാരം സഞ്ജയിനോട് ഉണ്ടെങ്കില്‍, ഓകെ പറയാമെന്ന് സെറീന്‍ പറഞ്ഞു''. ആറുവര്‍ഷത്തോളം പ്രണയം ആരുമറിയാതെ കൊണ്ടുപോയി. ഒടുവില്‍ അത് വിവാഹത്തില്‍ കലാശിച്ചു.

അന്ന് സെറീന്‍ മോഡലിങ്ങില്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. പക്ഷേ ഒരുഘട്ടത്തില്‍ കരിയര്‍ അല്ലെങ്കില്‍ വിവാഹം എന്ന ചോദ്യം വന്നപ്പോള്‍ അവര്‍ കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ രണ്ടുവര്‍ഷത്തെ മോഡലിങ് കോണ്‍ട്രാക്ടുമായി ലണ്ടനില്‍ പോവാനുള്ള അവസരം വന്നു. സഞ്ജയിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'ഒന്നുകില്‍ ലണ്ടനിലേക്ക് പോവുക, അല്ലെങ്കില്‍ എനിക്കൊപ്പം നില്‍ക്കുക' എന്നായിരുന്നു. സെറീന്‍ സഞ്ജയ്‌ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനമെടുത്തു. അങ്ങനെ 20-ാം വയസ്സില്‍ അവര്‍ വിവാഹിതയായി. വിവാഹശേഷം ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല. മതം എന്നത് അവര്‍ക്കിടയില്‍ തീര്‍ത്തും അപ്രസക്തവുമായിരുന്നു.



വിവാഹത്തോടെ സിനിമയില്‍നിന്നും മോഡലിങ്ങില്‍നിന്നും അകന്നു. പക്ഷേ അവര്‍ ഇന്റീറിയര്‍ ഡിസൈനിംഗിലും വീട്ടുപകരണങ്ങളുടെ അലങ്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വര്‍ഷങ്ങളായി അവര്‍ പാചക പുസ്തകങ്ങളും ജീവിതശൈലി ലേഖനങ്ങളും എഴുതിക്കൊണ്ട് തന്റെ സര്‍ഗ്ഗാത്മകത നിലനിര്‍ത്തി.

സഞ്ജയ് സ്റ്റാറാവുന്നു

ബോളിവുഡിലെ ഏറ്റവും സുന്ദരന്മാരില്‍ ഒരാളായാണ് സഞ്ജയ് ഖാന്‍ അറിയപ്പെട്ടിരുന്നത്, സ്വാഭാവികമായും നടിമാര്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ജീവിതത്തിലുടനീളം, സഞ്ജയ് തന്റെ പല നടിമാരുമായും അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരുന്നു. ഷാ അബ്ബാസ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുമുള്ള പേര്്. സിനിമയിലെ വിളിപ്പേരാണ് സഞ്ജയ് ഖാന്‍. 1941 ജനുവരി 3ന്, സാദിഖ് അലി ഖാന്‍ തനോലിയുടെയും ബിബി ഫാത്തിമ ബീഗത്തിന്റെയും മകനായി ബാംഗ്ലൂരിലാണ് ജനിച്ചത്. അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുള്ള ഒരു വലിയ ബിസിനസ് കുടുംബമായിരുന്നു അത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഫിറോസ് ഖാന്‍ നടനും, ധര്‍മ്മാത്മ, കുര്‍ബാനി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവുമാണ്. കുടുംബത്തില്‍ ഒരുപാട് സിനിമാക്കാര്‍ ഉണ്ട്.

12-ാം വയസ്സില്‍, രാജ് കപൂറിന്റെ 'ആവാര' കണ്ടതമുതലാണ് തനിക്ക് സിനിമാക്കമ്പം തലക്കുപിടിച്ചത് എന്ന് സഞ്ജയ് ഖാന്‍ തന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്. അന്ന് തിയേറ്ററിന്റെ മാനേജര്‍ ഖാനെ പ്രൊജക്ഷന്‍ റൂമിലേക്ക് കൊണ്ടുപോയി സിനിമ എങ്ങനെ കാണിക്കുന്നുവെന്ന് വിശദീകരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം അത് വല്ലാത്ത ഒരു നിമിഷമായിരുന്നുവെന്നും അപ്പോള്‍ തന്നെ ഒരു സനിമാക്കാരനാവണമെന്ന് തീരുമാനിച്ചിരുന്നതായും ഖാന്‍ എഴുതിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, കൂടുതല്‍ പഠനം വേണ്ടെന്ന് വെച്ച് സിനിമാ പ്രാന്തുമൂത്ത ആ സുന്ദരന്‍ പയ്യന്‍ മുംബൈയിലേക്ക് തീവണ്ടി കയറി. ബോളിവുഡില്‍ ഹരിശ്രീ കുറിക്കും മുമ്പ്, ടാര്‍സാന്‍ ഗോസ് ടു ഇന്ത്യ (1962) എടുത്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകനായ ജോണ്‍ ഗില്ലര്‍മിന്റെ അസിസ്റ്റന്റായും അവന്‍ പണി പഠിച്ചു.




1964- ല്‍ ചേതന്‍ ആനന്ദിന്റെ യുദ്ധ ചിത്രമായ ഹഖീഖത്തില്‍ ഒരു സൈനികനായി ചെറിയ വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. ആ വര്‍ഷാവസാനം, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദോസ്തിയില്‍ അവന്‍ ഒരു പ്രധാന വേഷം ചെയ്തു. തുടര്‍ന്ന്, ദസ് ലഖ് (1966), ഏക് ഫൂല്‍ ദോ മാലി (1969), ഇന്തകം (1969), ഷാര്‍ട്ട് (1969), മേള (1971), ഉപാസ്ന (1971), ധുണ്ട് (1973), നാഗിന്‍ (എന്നിങ്ങനെ) ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1977 -ല്‍ അദ്ദേഹം പര്‍വീണ്‍ ബാബിയും രാജ് കപൂറും അഭിനയിച്ച ചന്ദി സോനയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

സഞ്ജയ് -സീനത്ത് പ്രണയം

സഞ്ജയ് വലിയ നടനായി വളര്‍തോടെ, ചില അവിഹിത കഥകളും ഭാര്യയുടെ ചെവിയിലെത്തി. പക്ഷേ ആദ്യകാലത്ത് അവര്‍ അതിലൊന്നും വിശ്വസിച്ചിരുന്നില്ല. ഒരു ത്രികോണ പ്രണയ കഥപോലെയാണത്. നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് സഞ്ജയ് ഖാന്റെ ഒരു പുതിയ പ്രണയത്തിന്റെ വാര്‍ത്ത, സെറീന്‍ഖാന്റെ ചെവിയിലെത്തിയത്. 70കളിലെയും 80കളിലെയും മാദകറാണിയായി അറിയപ്പെട്ടിരുന്ന, സീനത്ത് അമനുമായിട്ടായിരുന്നു, സഞ്ജയ് ഖാന്റെ പ്രണയം. 1970-ല്‍ അബ്ദുല്ല എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ചിത്രത്തിന്റെ സംവിധാനവും, സഞ്ജയ് തന്നെയായിരുന്നു.

ആദ്യം കുറേക്കാലം ഈ ബന്ധം മറച്ചുവെച്ച് കൊണ്ടുപോവാന്‍ ഇരുവര്‍ക്കുമായി. പക്ഷേ 1978 ഡിസംബര്‍ 30ന് രാജസ്ഥാനിലെ ജയ്സാല്‍മീറില്‍വെച്ച് ഇവര്‍ വിവാഹിതരായതായി വാര്‍ത്തകള്‍ വന്നു. പക്ഷേ ആ ബന്ധം അധികനാള്‍ നീണ്ടില്ല. സഞ്ജയ് സീനത്തിന്റെ ശാരീരികമായി ഉപദ്രവിച്ചതിനാല്‍ അവര്‍ ആശുപത്രിയില്‍ ആയെന്നുപോലും വാര്‍ത്തകള്‍ വന്നു. നടിയുടെ വലത് കണ്ണിന് സ്ഥിരമായ കേടുപാടുകള്‍പറ്റിയത് സഞ്ജയിന്റെ മര്‍ദനത്താല്‍ ആണെന്ന് പറയുന്നു.

ഈ ഘട്ടത്തിലാണ് വഴിപിഴച്ചുപോയ ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാന്‍ സെറീന്‍ അവസാന ശ്രമം നടത്തിയത്. 'തിരിച്ചുവന്നില്ലെങ്കില്‍ ഈ ബന്ധത്തില്‍നിന്ന് താന്‍ പുറത്തുപോവു'മെന്ന് സെറീന്‍ അന്ത്യശാസനം നല്‍കി. അതോടെയാണ് സ്ഞ്ജയ് ഖാന്‍ തിരിച്ചെത്തിയത്. ഇതെല്ലാം തന്റെ തെറ്റുകളായി അദ്ദേഹം ആത്മകഥയില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. താന്‍ ചെയ്ത തെറ്റ് ഭാര്യ പൊറുത്തതാണ് തങ്ങളുടെ ദാമ്പത്ത്യത്തില്‍ നിര്‍ണ്ണായകമായതെന്ന് അദ്ദേഹം പറയുന്നു. 1979 നവംബര്‍ 24 -ന് സഞ്ജയും സീനത്ത് അമനും നിയമപരമായി പരിഞ്ഞു.

എന്നാല്‍ സീനത്ത് അമന്‍ പറയുന്നത് തീര്‍ത്തും ടോക്സിക്കായ ബന്ധമായിരുന്നു താനും, സഞ്ജയ് ഖാനും തമ്മിലെന്നാണ്. ആദ്യഭാര്യയുടെ മുന്നിലിട്ട് സഞ്ജയ് തന്നെ കണ്ണിന് ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും സീനത്ത് പറഞ്ഞിരുന്നു. അബ്ദുള്ള എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ റീ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സഞ്ജയ്ഖാന്‍ തന്നെ വിളിച്ചിരുന്നുവെന്നാണ് സീനത്ത് പറയുന്നത്. എന്നാല്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ തനിക്ക് വരാന്‍ കഴിയില്ല എന്ന് അറിയിച്ചു. ഇതില്‍ കുപിതനായ, സ്ഞ്ജയ് ഹോട്ടലിലെത്തി തന്നെ മര്‍ദിച്ച് കണ്ണിന് പരിക്കേല്‍പ്പിക്കയായിരുന്നെന്നാണ് സീനത്ത് ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സെറീന്‍ ഖാന്‍ ഇതിന് സാക്ഷിയായിരുന്നുവെന്നും തന്നെ അടിക്കുന്നത് അവര്‍ പ്രാത്സാഹിപ്പിക്കയായിരുന്നുവെന്നും സീനത്ത് ആരോപിക്കുന്നു.



അതിനുശേഷം 1985-ല്‍ നടന്‍ മസര്‍ ഖാനെ സീനത്ത് അമന്‍ വിവാഹം കഴിച്ചു. 1998-ല്‍ അദ്ദേഹം മരിക്കുന്നതുവരെ ആ ബന്ധം തുടര്‍ന്ന്. ഇതില്‍ രണ്ട് ആണ്‍മക്കളുണ്ട്. ബാങ്ക്സ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനായ അസാന്‍ ഖാനും, സംഗീതസംവിധായകന്‍ സഹാന്‍ ഖാനും. പക്ഷേ മസര്‍ഖാനുമായുള്ള വിവാഹത്തെക്കുറിച്ച്, താന്‍ അസന്തുഷ്ടയാണെന്ന് സീനത്ത് അമന്‍ പിന്നീട് പറഞ്ഞു.-''ഒരു വ്യക്തിയായോ കലാകാരിയായോ ഞാന്‍ വളരണമെന്ന് മസര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കുട്ടികളോടൊപ്പം ഞാന്‍ വീട്ടിലായിരിക്കണമെന്ന്, അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. വിവാഹത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തുവെന്ന് മനസ്സിലായി. ആ 12 വര്‍ഷത്തിനിടയില്‍ ഒരു നിമിഷം പോലും സന്തോഷമുണ്ടായിരുന്നില്ല''- സീനത്ത് അമന്‍ പറഞ്ഞു. പിന്നീടും പലരുമായും സീനത്തിന്റെ പേര് കൂട്ടിവായിക്കപ്പെട്ടു. സര്‍ഫറാസ് എന്നറിയപ്പെടുന്ന വ്യവസായിയുമായും അവരുടെ പേര് പറഞ്ഞുകേട്ടു. ഇയാള്‍ക്കെതിരെ സീനത്ത് അമന്‍ പിന്നീട് റേപ്പ് കേസും നല്‍കി. തനിക്കുണ്ടായ ബന്ധങ്ങളെല്ലാം നല്ലതായിരുന്നില്ല എന്നാണ് ഈ ജീവിത സായന്തനത്തിലും അവര്‍ പറയുന്നത്.

രണ്ടുവര്‍ഷംമുമ്പ്, വിവാഹമല്ല ലിവിംഗ് ടുഗദറാണ് വേണ്ടത് എന്ന സീനത്ത് അമന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. -''പ്രണയിക്കുന്ന സമയത്ത് മിക്കവരും അവരുടെ നല്ല സ്വഭാവം മാത്രമാണ് പ്രകടമാക്കുക. എന്നാല്‍ ലിവിങ് ടുഗെതറിലൂടെ മുഴുവന്‍ സമയവും ഒരുമിച്ചാകുമ്പോഴാണ് ഒന്നിച്ചൊരു ജീവിതം സാധ്യമാകുമോ എന്ന് തിരിച്ചറിയാനാകൂ. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം കാണുമ്പോള്‍ നല്ല സ്വഭാവം മാത്രം പുറത്തെടുക്കാന്‍ എളുപ്പമാണ്. പക്ഷേ ഏതവസ്ഥയിലും പരസ്പരം ചേര്‍ന്നുനില്‍ക്കാന്‍ കഴിയണം. രണ്ടു വ്യക്തികള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ടായേക്കാവുന്ന ഒട്ടനവധി ചെറിയ വഴക്കുകളെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമോ എന്ന് തിരിച്ചറിയണം. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ തമ്മില്‍ ശരിക്കും പൊരുത്തമുണ്ടോ എന്ന് നിശ്ചയിക്കാന്‍ ലിവിങ് ടുഗെതറിലൂടെ കഴിയും''- സീനത്ത് അമന്‍ പറഞ്ഞു. ഇത് സ്വന്തം അനുഭവത്തില്‍നിന്ന് തന്നെയാവണം

ടിപ്പുസുല്‍ത്താന്റെ വാള്‍

സിമി ഗരേവാളിനൊപ്പം 'റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാള്‍' എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ സഞ്ജയ് ഖാന്‍ തന്റെ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. സീനത്തുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ശരിയാണോ എന്ന് അവതാരക സിമി ഗരേവാള്‍ സഞ്ജയോട് ചോദിച്ചപ്പോള്‍, 'അത് സംഭവിച്ചിരിക്കാം' എന്നായിരുന്നു മറുപടി. അദ്ദേഹം അത് നിഷേധിച്ചില്ല. ഈ വിഷയത്തില്‍ ഭാര്യയുണ്ടാക്കിയ പ്രശ്നങ്ങള്‍ ഒക്കെ ചോദിച്ചപ്പോള്‍ 'അതെ' എന്ന് സ്ഥിരീകരിച്ചു. പക്ഷേ തനിക്ക് തന്റെ ഭര്‍ത്താവിനെ അറിയാമെന്നും, അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പായിരുന്നുവെന്നുമാണ് ഒരു അഭിമുഖത്തില്‍ സെറീന്‍ഖാന്‍ പ്രതികരിച്ചത്.

ഒരു അഭിനേതാവ് എന്ന നിലയില്‍ സഞ്ജയ് ഖാന്‍ പിന്നീട് ഒരുപാട് വേഷങ്ങള്‍ ചെയ്തെങ്കിലും അദ്ദേഹത്തെ ഏറ്റവും വിവാദ നായകനാക്കിയത്, 90കളില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യപ്പെട്ട 'ടിപ്പുസുല്‍ത്താന്റെ വാള്‍' എന്ന സീരിയല്‍ ആയിരുന്നു. അതില്‍ ടിപ്പുവിന്റെ വേഷം ചെയ്തത് സഞ്ജയ് ഖാന്‍ ആയിരുന്നു. പരമ്പരയുടെ സംവിധായകനും അദ്ദേഹം തന്നെ. സംഘപരിവാറിന്റെ രാഷ്ട്രീയ ഉദയകാലത്ത് അതിന് വെള്ളവും വളവും നില്‍കിയ പരമ്പരമായി അത് പിന്നീട് വിമര്‍ശിക്കപ്പെട്ടു. എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ സീരിയലിന് എതിരെ പ്രതിഷേധിച്ചു. ദൂരദര്‍ശനില്‍ ടിപ്പുസുല്‍ത്താന്‍ സംപ്രേഷണം ചെയ്യന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. സീരിയലിന്റെ ഡയറക്ടര്‍കൂടിയായ സഞ്ജയ് ഖാന്റെ മതേതരമുഖംപോലും ചോദ്യം ചെയ്യപ്പെട്ടു.





1990-ല്‍ തന്നെ ഈ സീരിയലിന്റെ സെറ്റില്‍വെച്ച് വലിയ തീപിടുത്തമുണ്ടായി, കുറേ നാശനഷ്ടങ്ങളും മരണങ്ങളുമുണ്ടായി. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സഞ്ജയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അദ്ദേഹം മരിച്ചുവെന്നുപോലും വാര്‍ത്തകള്‍ വന്നു. 13 മാസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. 73 ശസ്ത്രക്രിയകളും വേണ്ടിവന്നു. ആ സമയത്തെല്ലാം സെറീന്‍ സഞ്ജയ്‌ക്കൊപ്പം തന്നെ നിന്നു. അവരുടെ ബന്ധം വീണ്ടും പഴയതുപോലെ ദൃഢമാവുന്നതും ആ കാലത്താണ്. സിമി അഗര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് പറയുന്നുണ്ട്, അക്കാലത്ത് തന്റെ നഴ്സും, ഡോക്ടറും, അമ്മയും, കൂട്ടുകാരനുമൊക്കെ ഭാര്യയായിരുന്നുവെന്ന്. 70 ശതമാനത്തോളം പൊളളലേറ്റ് മരണം ഉറപ്പെന്ന് എല്ലാവരും കരുതിയ ഒരിടത്തുനിന്ന് സഞ്ജയ് ഖാന്‍ കയറിവന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ സെറീന്‍ഖാന്‍ എന്ന കരുത്തയായ പങ്കാളിയുടെ ഇടപെടല്‍ തന്നെയാണ്.





പക്ഷേ വാര്‍ധക്യകാലത്തും സെറീന്‍ഖാന്‍ കഠിനാധ്വാനം ഉപേക്ഷിച്ചില്ല.പതുക്കെ തന്റേതായ ഇടംകണ്ടെത്താനുള്ള ശ്രമത്തിലായി സെറീന്‍. പാചകപുസ്തകങ്ങളും ലൈഫ് സ്റ്റൈല്‍ ലേഖനങ്ങളുമെഴുതി, ഒപ്പം ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനവും തുടങ്ങി. ഒടുവില്‍ 81-ാം വയസ്സില്‍ മരണവും. 85 വയസ്സായ സഞ്ജയ് ഖാന്‍ അവട്ടെ, പ്രിയതമയുടെ വിയോഗം താങ്ങാനാവാതെ വിഷമിച്ചിരിക്കയാണ്. പക്ഷേ എന്തെല്ലാം നെഗറ്റീവുകള്‍ ഉണ്ടെങ്കിലും, മതത്തെ ഒരു വിഷയമാക്കി എടുക്കാത്ത കുടുംബമാണ് അവര്‍. വിവാഹത്തിലും ആഘോഷത്തിലുമൊന്നും അവര്‍ മതം നോക്കാറില്ല. സഞ്ജയ്- സെറീന്‍ ദമ്പതികളുടെ മൂത്ത മകള്‍ ഫറാ ഖാന്‍ അലി ഡിജെ അഖീലിനെയാണ് വിവാഹം കഴിച്ചത്. രണ്ടാമത്തെ മകള്‍ സിമോണ്‍ അറോറ അജയ് അറോറയെും. ഇളയ മകള്‍ സൂസന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത് നടന്‍ ഹൃതിക് റോഷനെയാണ്. അങ്ങനെ എല്ലാമതക്കാരുമുള്ള ഒരു കുടുംബമാണിത്!

അതിനിടയില്‍ പാഴ്സിയായി ജനിച്ച സെറീന്‍ഖാനെ എന്തുകൊണ്ട് ആ മതാചാരപ്രകാരം അടക്കിയില്ല എന്ന ചോദ്യവും വരുന്നുണ്ട്. അവര്‍ ഇസ്ലാം മതത്തില്‍ ചേരാത്തതുപോലെ അവര്‍ ഹിന്ദുമതത്തിലും ചേര്‍ന്നിരുന്നില്ല. വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികള്‍ ശവസംസ്‌കാരം നടത്തുന്നത്. ശവശരീരം കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പക്ഷേ നാട്ടില്‍ കഴുകന്‍മ്മാര്‍പോലും ഇല്ലാതായതോടെ ഇത്തരം ആചാരങ്ങള്‍ ഇല്ലാതായി. അതിനാല്‍, അവര്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌ക്കരിച്ചാല്‍ മതിയെന്ന് മക്കള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.


വാല്‍ക്കഷ്ണം: അല്ലെങ്കിലും പാവപ്പെട്ടവരുടെ കാര്യത്തില്‍ മാത്രമാണ് മതം ക്രൂരമായി ഇടപെടാറുള്ളത്. 1979-ല്‍ നടി ഹേമമാലിനിയെ വിവാഹം കഴിക്കാന്‍ ഇസ്ലാമിലേക്ക് മതം മാറിയ നടന്‍ ധര്‍മ്മേന്ദ്ര തന്നെ ഉദാഹരണം. പ്രകാശ് കൗര്‍ എന്ന ആദ്യഭാര്യയെ ഒഴിവാക്കാതെ നിയമപരമായി രണ്ടാം വിവാഹം കഴിക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു ധര്‍മ്മേന്ദ്രയുടെ മതം മാറ്റം. പ്രകാശ് കൗറുമായുള്ള വിവാഹത്തില്‍ നടന്‍മാരായ സണ്ണി ഡിയോളും ബോബി ഡിയോളുമടക്കം നാലുമക്കള്‍ ധര്‍മ്മേന്ദ്രക്കുണ്ട്. ഹേമമാലിനുമായുള്ള ബന്ധത്തില്‍ നടി ഇഷാ ഡിയോളും, നര്‍ത്തകി അഹാനയുമടക്കം രണ്ടുമക്കള്‍. എല്ലാവരും ഒരു തര്‍ക്കവുമില്ലാതെ ഇപ്പോഴും അടിപൊളിയായി പോവുന്നു!