- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അച്ഛന്റെ മരണദിവസവും കണ്ണീരടക്കി ക്രീസിലിറങ്ങിയ മകൻ; പ്രതിഭ വറ്റിയെന്ന തള്ളിപ്പറയലുകളെ കുഴിച്ചുമൂടി നാലുപാടും പന്തിനെ പായിച്ച ഫിനിഷർ; 'സച്ചിനും ദ്രാവിഡും ധോണിയും രോഹിതും' സമാസമം ചേർത്ത ഇതിഹാസം; ഏകദിന ക്രിക്കറ്റിലെ ബിഗ് ബോസിന്റെ കഥ
മുംബൈ: സച്ചിൻ തെണ്ടുൽക്കറും, രാഹുൽ ദ്രാവിഡും, എം എസ് ധോണിയും, രോഹിത് ശർമയും എല്ലാം ഒരാളിൽ ഒത്തുചേർന്നാൽ എങ്ങനെയിരിക്കും, അതാണ് വിരാട് കോഹ്ലിയെന്നാണ് ക്രിക്കറ്റ് പണ്ഡിതർ പറയുക. സ്റ്റാൻഡ്സിൽ കയ്യടിക്കുന്ന സച്ചിനെ ഹെൽമറ്റ് ഊരി വണങ്ങുമ്പോൾ, കോഹ്ലി നമിക്കുന്നത് ആ ഇതിഹാസത്തിന്റെ പ്രതിഭയെയാണ്. സ്വയം ഒരു ഇതിഹാസമായി മാറിയെന്ന അഹന്ത തൊണ്ടുതീണ്ടാതെ 50 ാം ഏകദിന സെഞ്ചുറിയുടെ ആഘോഷം.
ഏകദിന ബാറ്റിംഗിൽ സച്ചിന് ചെയ്യാൻ കഴിയാത്ത ഒന്നൂകൂടി കോഹ്ലിക്ക് കഴിയുന്നു ഇക്കാലത്ത്. ഗെയിം മികച്ച രീതിയിൽ ഫിനിഷ് ചെയ്യുക. ചില നേരങ്ങളിൽ ഗെയിമിന്റെ സമ്മർദ്ദത്തിന് കോഹ്ലിയും കീഴ്പ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ചിലർ കോഹ്ലിയെ വിമർശിച്ചു. സച്ചിനില്ലാതെ കോഹ്ലിയില്ല. അതൊരു ജൈവ പരിണാമം പോലെയാണ്. കോഹ്ലിയുടെ പിന്തുടർച്ചയോടെയാണ് സച്ചിന്റെ പാരമ്പര്യം പൂർത്തിയായത്. ഏകദിനത്തിൽ ബാറ്റിങ് വിപ്ലവം തുടങ്ങി വച്ച തെണ്ടുൽക്കറെ റെക്കോഡുകളിൽ കോഹ്ലി മറികടന്നതിനൊപ്പം ഈ ലോകകപ്പിൽ ഒരുഅനായാസതയും കോഹ്ലിക്ക് കൈവന്നിരിക്കുന്നു. വിക്കറ്റ് കീപ്പർമാരുമായും, അംപയർമാരുമായും സംസാരിക്കുക, സഹകളിക്കാരുമായി തമാശ പൊട്ടിക്കുക, തുടങ്ങി കോഹ്ലി കുറെ കൂടി ഇരുത്തം വന്നവനായി മാറിയിരിക്കുന്നു. എതിർടീമിന് കോഹ്ലിയോട് ഭയം കലർന്ന ആദരവാണ്. ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബാബർ അസം ടീ ഷർട്ട് ചോദിക്കുന്നതും, ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം കോഹ്ലി സെഞ്ചുറി നേടിയ ശേഷം അദ്ദേഹത്തെ ഉറ്റുനോക്കുന്നതും എല്ലാം മുമ്പ് സച്ചിനും ആസ്വദിച്ചിരുന്ന നിമിഷങ്ങളാണ്.
കഴിഞ്ഞ കുറെ വർഷങ്ങൾ കിങ് കോലിക്ക് വിഷമകരമായ കാലഘട്ടമായിരുന്നെങ്കിലും, അവസാന ലാപ്പ് ഈ ലോകകപ്പിൽ റണ്ണൊഴുക്കിലൂടെയും സെഞ്ചുറികളിലൂടെയും സുഖകരമായി. ഒരുലോകകപ്പിൽ കൂടി കളിക്കാനുള്ള ബാല്യം കോഹലിക്കുണ്ട്. ഇനി അഥവാ അങ്ങനെയല്ലെങ്കിൽ, പോലും ഈ ലോകകപ്പ് കോഹ്ലിയുടെ ഷോക്കേസിലെ തിളങ്ങുന്ന ഓർമകൾ കൊണ്ടുനിറഞ്ഞിരിക്കും. പക്ഷേ ഏകദിനങ്ങളിലെ ബിഗ്ബോസ് ആകും മുമ്പൊരു കാലമുണ്ട് കോഹ്ലിക്ക്. കളിയാരവങ്ങളിലേക്ക് പിച്ച വച്ചൊരു കാലം
പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫിയിൽ
ഡൽഹിയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് വിരാട് കോലിയുടെ ജനനം. പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് ജനിച്ചത് ചെറുപ്പം മുതലേ പഠനത്തേക്കാൾ താൽപ്പര്യം ക്രിക്കറ്റിൽ ആയിരുന്നു. വികാസ് കോലി, ഭാവന കോലി എന്നീ രണ്ടു സഹോദരങ്ങളുടെ ഇളയനായിരുന്നു വിരാട്. വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. പിതാവ് പ്രേം ഒരു വക്കീലായിരുന്നു . അദ്ദേഹത്തിന് മകനെ തന്നെപ്പോലെ അഭിഭാഷകൻ ആക്കാനായിരുന്നു താൽപ്പര്യം. പക്ഷേ അവൻ തെരഞ്ഞെടുത്തത് ക്രിക്കറ്റാണ്.
1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായി. കോലിയിലെ ബാറ്റ്മാസ്മാനെ വളർത്തിയത് ഈ അക്കാദമിയാണ്. വൈകാതെ അയാൾ രഞ്ജി ട്രോഫിയിലെത്തി. തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരെ അദ്ദേഹം ബാറ്റേന്തി. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ കോലി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.
മലേഷ്യയിൽ നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു. അതോടെ തന്നെ കോലി ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സംഭവമാവുമെന്ന് പ്രവചനങ്ങൾ വന്ന് തുടങ്ങി. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു. ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തന്റെ മകൻ കൂടുതൽ വിവേകശാലിയായി മാറിയെന്നാണ് അമ്മ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഈ മികച്ച പ്രകടനം കോലിയെ ഇന്ത്യൻ ടീമിൽ എത്തിച്ചു.
ദാമ്പുള്ളയിൽ ശ്രീലങ്കക്കെതിരെയായിരുന്നു കോലി ഏകദിനത്തിൽ അരങ്ങേറിയത്. ആദ്യ മത്സരം വൻ പരാജയമായി. 22 പന്ത് നേരിട്ട കോലി നേടിയത് 12 റൺസ് മാത്രമായിരുന്നു. നുവാൻ കുലശേഖരയായിരുന്നു കോലിയെ പുറത്താക്കിയത്. മത്സരത്തിൽ ഇന്ത്യ തോറ്റു. 2009ലാണ് കോലി ക്രിക്കറ്റ് കരിയറിൽ തന്റെ ആദ്യ സെഞ്ച്വറി നേടുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ശ്രീലങ്കക്കെതിരെ 111 പന്തിൽ നിന്ന് 107 റൺസെടുത്തു. 2010ൽ രണ്ട് സെഞ്ച്വറികൾ കൂടി നേടിയ കോലി 22 വയസ്സിന് മുമ്പ് മൂന്ന് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്ററായും മാറി. സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്ന എന്നിവരാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയവർ.
റെക്കോഡ് തകർക്കാനായി ജനിച്ചവൻ
പിന്നീടങ്ങോട്ട് ഈ ചെറുപ്പക്കാരന്റെ സുവർണ്ണകാലം ആയിരുന്നു. അക്രമണോത്സുകമായ ബാറ്റിങ്ങ് മൂലം ഇന്ത്യയുടെ റൺ മെഷീൻ എന്ന് പേരുവന്നു. സച്ചിൽ ടെണ്ടുൽക്കറുടെ റെക്കോർഡ് ഏതെങ്കിലും ഒരു ഇന്ത്യക്കാരൻ തകർക്കുകയാണെങ്കിൽ അത് കോലിയാവുമെന്ന് പ്രവചനം വന്നു. 2014ലെ ടി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടി ടോപ് സ്കോററായത് കോലിയാണ്. 106.33 ശരാശരിയിൽ 319 റൺസാണ് അദ്ദേഹം നേടിയത്. ഒരു സിംഗിൾ ടി20 ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടി റൺസായിരുന്നു ഇത്. തൊട്ടടുത്ത വർഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായും കോലി മാറി.
ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിന്റെ തുടക്കത്തിൽ വിരാട് കോലി അത്ര മികച്ച പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. എന്നാൽ ആദ്യ മൂന്ന് വർഷത്തിനിടയിൽ ആറ് ഡബിൾ സെഞ്ച്വറികൾ കോലി നേടിയിരുന്നു. ഇന്ത്യ ടെസ്റ്റിൽ ലോകറാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത് ധോണി ക്യാപ്റ്റനായിരുന്ന സമയത്താണ്. എന്നാൽ കോലിയായിരുന്നു അക്കാലത്ത് ഇന്ത്യൻ ടീമിൽ ഏറ്റവും ഫോമിലുള്ള ബാറ്റ്സ്മാൻ.
ഏകദിനത്തിൽ കോലി എക്കാലത്തും ബോളർമാരുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാറുള്ള ബാറ്റ്സ്മാനാണ്. 2818 റൺസാണ് 2017 കലണ്ടർ വർഷം കോലി നേടിയത്. ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്നവരിൽ മൂന്നാമനെന്ന റെക്കോർഡും കോലി സ്വന്തമാക്കി. അതേ വർഷം 175ാം ഇന്നിങ്സിൽ കോലി ഏകദിനത്തിൽ 8000 റൺസും തികച്ചു. ലോകത്തിൽ ഏറ്റവും വേഗതയിൽ 8000 തികച്ച ബാറ്റ്സ്മാനാണ് കോലി. ഇതിനിടെ ഇന്ത്യൻ നായകനായി. നടി അനുഷക്കയുമായി പ്രണയത്തിലായി. സച്ചിനെക്കാൾ വലിയ ഷോ മാനായി, ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഐക്കൺ ആയി.
ബാറ്റേന്തിയ ട്രംപ്
പൊതുവെ സച്ചിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് കോലി. അയാൾ കോപിയാണ്, അതുപോലെ ക്ഷിപ്ര പ്രസാദിയും. തനിക്ക് ഇഷ്ടമില്ലാത്ത എന്ത് കണ്ടാലും ഒരുളക്ക് ഉപ്പേരിപോലെ പ്രതികരിക്കും. അതുതന്നെയാണ് അദ്ദേഹത്തിന് കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കാനുള്ള ഒരു കാരണവും. പൊതുവെ സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഇൻഹിബിഷൻ ഒരു പരിധിവരെ മറികടന്നത് സൗരവ് ഗാംഗുലി ക്യാപ്റ്റൻ ആയപ്പോൾ ആണ്.
2002ൽ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിൽ, ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിന്റെ ബാൽക്കെണിയിൽ ജേഴ്സി ഊരി കറക്കി ഇന്ത്യൻ ക്രിക്കറ്റിലെ ആക്രമണോത്സുകതയ്ക്ക് പുതിയ വഴിതെളിച്ച സൗരവ് ഗാംഗുലിയുടെ മറ്റൊരു പതിപ്പാണ് കോലി. ഒന്നിനെയും കൂസാത്ത പ്രകൃതവും വാക്ചാതുര്യവും ചടുലമായ ശരീരഭാഷയും കൊണ്ട് ടീം ഇന്ത്യയുടെ ഊർജസ്രോതസായി അദ്ദേഹം പലപ്പോഴും. ചേസിങ്ങ് ഇന്നിങ്ങ്സുകളിൽ കോലിയുടെ മനസാന്നിധ്യം സമ്മതിക്കേണ്ടതാണ്. കളത്തിലെ മോശം പെരുമാറ്റത്തിനും കുപ്രസിദ്ധിയാർജിച്ച ഓസ്ട്രേലിയയെപ്പോലും മര്യാദ പഠിപ്പിച്ച ക്യാപ്റ്റനാണ് കോലി.
2017നെ പരമ്പരക്കിടെ ഓസീസ് മാധ്യമമായ 'ദ ഡെയ്ലി ടെലഗ്രാഫ്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ് കോലിയെ ഉപമിച്ചത്. ഇന്ത്യൻ നായകനെ 'പ്രസിഡന്റ് കോലി'യെന്നും 'ബാറ്റേന്തിയ ട്രംപെ'ന്നുമൊക്കെയാണ് ടെലഗ്രാഫ് ലേഖനത്തിൽ വിശേഷിപ്പിച്ചത്. ബോഡിലൈൻ പരമ്പരയിലെ (1932-33) ഇംഗ്ലീഷ് ക്യാപ്റ്റൻ ഡഗ്ലസ് ജാർഡൈന് എതിരായ മനോഭാവത്തിന് സമാനമായ രീതിയിലാണ് ഓസീസ് ഫാൻസ് കോലിയെ കാണുന്നതെന്ന് മുൻ ഓസീസ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് സിഡ്നി മോണിങ് ഹെറാൾഡിലെ തന്റെ കോളത്തിൽ നിരീക്ഷിക്കുന്നു. കോലിയുടെ അക്രമണോത്സുകത തന്നെയാണ് ഇതിനുകാരണമെന്നും ഡീൻ പറയുന്നു. പരമ്പരയിൽ കോലിയുടെ പ്രകടനം മോശമായിരുന്നെങ്കിലും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അയാൾ അണുവിട വിട്ടുകൊടുത്തില്ല. അവർ ഒന്ന് പരിഹസിച്ചാൽ കോലി രണ്ട് പരിഹസിക്കും. അങ്ങനെ അവസാനം ഓസീസ് പോലും മര്യാദക്കാരായിപ്പോയി.
പക്ഷേ ഈ വെട്ടൊന്ന് മുറി രണ്ട് ശൈലി പലപ്പോഴും കോലിക്ക് പ്രശ്നവും ആയിട്ടുണ്ട്. ഇന്ത്യൻ ബാറ്റ്സമാന്മാരെക്കാൾ മറ്റ് ബാറ്റ്സ്മാന്മാരെ ഇഷ്ടമുള്ളവർ ഇന്ത്യയിൽ ജീവിക്കരുതെന്ന് നേരത്തെ കോലി പറഞ്ഞത് വൻ വിവാദമായി. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ തിരയുന്ന കോലി ഒരു ആരാധകന്റെ കമന്റ് വായിക്കുന്നു. കോലിയുടെ ബാറ്റിങ്ങിന് ആവശ്യമില്ലാതെ അമിത പ്രാധാന്യം കൊടുക്കുകയാണ്, ഇന്ത്യൻ താരങ്ങളുടേതിനേക്കാൾ ഇംഗ്ലീഷ്, ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് താൻ ആസ്വദിക്കുന്നതെന്നുമാണ് ആരാധകന്റെ കമന്റ്. ഇതിനുള്ള കോഹ്ലിയുടെ മറുപടിയാണ് വിവാദമായത്. പക്ഷേ എന്തൊക്കെ വിമർശനം വന്നിട്ടും കോലി ശൈലി മാറ്റിയിട്ടില്ല.
അനുഷ്ക്കയുമായി പ്രണയം
സച്ചിൻ ടെണ്ടുൽക്കർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ആരാധകർ ഉള്ള ക്രിക്കറ്റ് താരവും കോലിയാണ്. അതുകൊണ്ടുതന്നെ പല പ്രണയങ്ങളിലും ബ്രേക്കപ്പുകളിലും അയാൾ പെട്ടിട്ടുമുണ്ട്. പക്ഷേ അതിനിടെ നടി അനുഷ്ക്ക ശർമ്മയും കോലിയും പ്രണയത്തിനായി. പാപ്പരാസികൾ അവർ എവിടെ പോയാലും പിന്നാലെ പോയി ഫോട്ടോ എടുത്ത് വാർത്തകൾ ഉണ്ടാക്കി. ഇതിന്റെ പേരിലും കോലി പലതവണ പൊട്ടിത്തെറിച്ചു. നീണ്ട ഇണക്കത്തിനും പിണത്തിനും പൊട്ടിത്തെറികൾക്കുശേഷം അവർ 2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ച് വിവാഹിതാരയപ്പോൾ, കോലിയുടെ ലേഡീസ് ഫാൻസിന്റെ ഒരു വശം തളർന്നുവെന്നാണ് ട്രോളുകൾ വന്നത്. ഇപ്പോൾ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. തന്റെ കരിയറിൽ അനുഷ്ക്കയുടെ സഹായം ഏറെയുണ്ടെന്നാണ് കോലി ഈയിടെ പറഞ്ഞത്.
2018ൽ ഇംഗ്ലണ്ടിനെതിരെ സ്വെഞ്ചറി, പ്രണയത്തിനൊടുവിൽ ജീവിതസഖിയാക്കിയ ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്കായിരുന്നു കോലി സമർപ്പിച്ചത്. ഇംഗ്ലീഷ് മണ്ണിൽ ഒരു മികച്ച ഇന്നിങ്സ് പോലുമില്ലെന്ന നാണക്കേട് കോലി തിരുത്തുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കോലി ആ നാണക്കേട് മായ്ച്ചുകളഞ്ഞു. അതും മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലാം കളി മറന്നിടത്ത് ഒന്നാന്തരമൊരു സെഞ്ചുറിയിലൂടെ.
ഇങ്ങിനെയൊരു അഭിമാന നിമിഷത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ജീവിത സഖിക്കാണ് കോലി ഈ നേട്ടം സമർപ്പിച്ചത്. മാലയിൽ കൊരുത്തിട്ടിരുന്ന വിവാഹ മോതിരത്തിൽ ചുംബിച്ചാണ് കോലി അനുഷ്കയ്ക്ക് സെഞ്ചുറി സമർപ്പിച്ചത്. ഇതുകണ്ട് വിഐപി ബോക്സിലിരുന്ന് പുഞ്ചിരിയോടെ അനുഷ്ക കൈയടിച്ചു. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 150 റൺസ് പൂർത്തിയാക്കിയപ്പോഴും കോലി ഇതുപോലെ വിവാഹ മോതിരത്തിൽ ചുംബിച്ചിരുന്നു.ഇന്ന് കോലി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി അനുഷ്ക്കയുണ്ട്. കോവിഡ് സഹായമായി രണ്ട് കോടി രൂപയാണ് ഇവർ സർക്കാറിന് സംഭാവന ചെയ്ത്. ഏഴു കോടി രൂപയുടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇവർ നൽകുകയും ചെയ്തു.
കോടികളുടെ സ്വത്തുക്കൾ
സച്ചിനേക്കാൾ വലിയ വിപണിയുടെ താരമാണ് കോലി. പ്രതിവർഷം മൂവായിരം കോടിയുടെ ബിസിനസാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി വിവിധ ബ്രാൻഡുകളുടേതായി നിലനിൽക്കുന്നത് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോട്ട് ചെയ്യുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് പോലും കോലി ലക്ഷങ്ങൾ വാങ്ങുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിട്ട് മോശം പ്രകടനം ആയിട്ടും ബിസിസിഐ കോലിയെ ടീമിൽ നിലനിർത്തുന്നത് ഈ ബിസിനസ് താൽപ്പര്യം മുന്നിൽ കണ്ടുതന്നെയാണ്. 'വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം' എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഒരിക്കൽ കോലിയെക്കുറിച്ച് എഴുതിയത്.
50 കോടിയോളം മതിപ്പുവിലയുള്ള രണ്ടുവീടുകളും അദ്ദേഹത്തിനുണ്ട്. ഒന്ന് ഗുഡ്ഗാവിലും മറ്റൊന്ന് മുംബൈയിലും. മുംബൈയിലെ വീട്ടിലാണ് വിരാട് കൂടുതൽ സമയം ചെലവിടുന്നത്. 7000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന് നാല് കിടപ്പുമുറികൾ, ടെറസ് ഗാർഡൻ, ഒരു സ്വകാര്യ ജിം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളുണ്ട്. ഇവിടെയാണ് കോലിയും അനുഷ്ക്കയും ലോക്ഡൗൺ കാലം ചെലവിട്ടത്.
വിരാട്- അനുഷ്ക്ക ദമ്പതികളുടെ സെക്യൂരിറ്റി ഓഫീസർക്കുപോലുമുണ്ട്, ഒരു കമ്പനിയുടെ സിഇഒവിനേക്കാൾ ശമ്പളം. ഇവരുടെ മകൾ വാമികയ്ക്ക് നേരെ പോലും ഫോട്ടോ എടുക്കാനുമറ്റുമായി അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിശ്വസ്തനായ അംഗരക്ഷകൻ താരങ്ങളുടെ ജീവിതത്തിൽ അനിവാര്യമാണ്. അവരുടെ വരുമാനത്തിന്റെ ഒരു ഭാഗംതന്നെ അതിനായി മാറ്റി വയ്ക്കേണ്ടി വരുന്നു.അത്തരത്തിൽ നടി അനുഷ്ക ശർമ്മയുടെ അംഗരക്ഷകനാണ് പ്രകാശ് സിങ് എന്ന സോനു സോനുവിന് 1.2 കോടി രൂപ വാർഷിക ശമ്പളമുണ്ട് എന്ന റിപ്പോൾട്ട് മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ പല കമ്പനികളുടെയും സിഇഒമാരുടെ വാർഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ സോനു വളരെ മുകളിലാണ്.
അതുപോലെ പണം എണ്ണി വാങ്ങുക മാത്രമല്ല, ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോലി ഇടപെടുന്നു. പാക്കിസ്ഥാനിൽ നിന്ന് വന്ന കോലി സമുദായത്തിന്റെ പുനരധിവാസത്തിനും കൊടുത്തു കോടികൾ. അതുപോലെ കോവിഡ് പ്രതിരോധം തൊട്ടുള്ള എല്ലാകാര്യങ്ങളിലും കോലി രാജ്യത്തിന് ഒപ്പമാണ്. ക്രിക്കറ്റ് ഗ്രൗണ്ടിൽ സിംഹമാണെങ്കിലും വ്യക്തി ജീവിതത്തിൽ കോലി ശാന്തനാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഡ്രസ്സിങ്ങ് റൂമിൽ സഹപ്രവർത്തകർക്കും പറയാനുള്ളത്, ആഘോഷപ്രിയനായ ഒരു സുഹൃത്തിനെയാണ്. ഒരു തരി ഭക്ഷണം പോലു പാഴാക്കരുത്, കുടിവെള്ളം കളയരുത് എന്നിവയൊക്കെ വിരാടിന്റെ ജീവിതത്തിലെ പോളിസികൾ ആണെന്ന് സുഹൃത്തുക്കൾ പറയുന്നു.
പുലി എപ്പോഴും പുലി തന്നെയാണ്
പക്ഷേ 2019 തൊട്ട് കോലിക്ക് തീരെ മോശം സമയമാണ്. പല പരമ്പരകളിലും രണ്ടക്കം കടക്കാൻ പോലും ആയില്ല. സൗരാവ് ഗാംഗുലി ബിസിസിഐയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കോലിയുമായുള്ള ബന്ധം വഷളായി. അങ്ങനെ അദ്ദേഹത്തിന് ക്യാപ്റ്റൻസ ്ഥാനം തെറിച്ചു. അതിനെതിരെ പരസ്യമായി പ്രതികരിച്ചതും വിവാദമായി. നിലവിലെ ഇന്ത്യൻ ക്യാപ്റ്റർ രോഹിത്് ശർമ്മയുമായി കോലിക്ക് പ്രശ്നമുമെണ്ടന്നും വാർത്തകൾ പുറത്തുവന്നു. മാത്രമല്ല, ഒരു കാലത്ത് സച്ചിന്റെ റെക്കോർഡ് തിരുത്തപ്പെടുമെന്ന് കരുതിയിരുന്നു ചെറുപ്പക്കാരൻ ടീമിൽനിന്ന് പറുത്താവും എന്നുവരെ റിപ്പോർട്ടുകൾ വന്നു. പക്ഷേ പുലി എപ്പോഴും പുലി തന്നെയാണ്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ ആ ഒറ്റജയം കൊണ്ട് കോലി വീണ്ടും സൂപ്പർ താരമായി. സച്ചിൻ അടക്കമുള്ള താരങ്ങൾ ഇപ്പോൾ കോലിയെ വാഴ്ത്തുകയാണ്.
ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. നിങ്ങളുടെ കളി കാണാൻ തന്നെ എന്തൊരഴകായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറിൽ ബാക് ഫൂട്ടിൽ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സർ, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിങ്സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. തലമുറകൾക്ക് ഓർത്തിരിക്കാവുന്ന ഇന്നിങ്സ് എന്നായിരുന്നു മുൻ ഇന്ത്യൻ ഓപ്പണറായ വസീം ജാഫർ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.എവിടെയാണോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിന്റെ പ്രതികരണം. കിങ് കോലി തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു യുവരാജ് സിംഗിന്റെ ട്വീറ്റ്. അങ്ങനെ പുറത്താകലിന്റെ വക്കിൽ നിന്ന് അയാൾ വീണ്ടും താരമാവുകയാണ്.
ഏകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളിൽ ഒന്നാണ് വിരാട് കോലി നവംബർ 15 ന് മറികടന്നത്. 49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറി.
50 ഓവർ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക്. തന്നെക്കാൾ വലിയവൻ പിന്നാലെ എന്നാണല്ലോ. ഈ റെക്കോഡ് തിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് 'ഇന്ത്യക്കാരൻ ഈ ഇരിക്കുന്ന എന്റെ സഹതാരം തന്നെ എന്ന് അന്ന് സച്ചിൻ പറഞ്ഞത് എത്രകൃത്യം. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോലിക്ക് തന്നെ. കോലി തന്റെ റെക്കോഡ് തിരുത്തുമ്പോൾ എല്ലാത്തിനും ക്രിക്കറ്റ് 'ദൈവം' തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയിൽ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.
ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി പഴങ്കഥയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ