- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
യഹൂദരുടെ പരിപാവന നാളിൽ പൊടുന്നനെയുണ്ടായ ആക്രമണം; തിരിച്ചടിച്ച് കെയ്റോയുടെയം ഡമാസ്ക്കസിന്റെയും അടുത്തുവരെ എത്തിയ ഇസ്രയേൽ; 2656 യഹൂദ പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോൾ ഈജിപ്തിനും സിറിയയ്ക്കും നഷ്ടമായത് 18,000 പേരുടെ ജീവൻ; യോം കിപ്പൂർ യുദ്ധത്തിന് 50 വർഷം; പശ്ചിമേഷ്യയിൽ ഭാഗിക സമാധാനം കൊണ്ടുവന്ന യുദ്ധത്തിന്റെ കഥ
ലോക പ്രശസ്ത എഴുത്തുകാരൻ യുവൽ നോഹ ഹരാരി ഒരിക്കൽ പറഞ്ഞത് 'നമുക്ക് സമാധാനം കൊണ്ടുത്തന്നത് ആണവ ആയുധങ്ങൾ ആണെന്നായിരുന്നു.'' ഇന്ത്യയും പാക്കിസ്ഥാനുമടക്കം ആണവ ശക്തിയായതോടെ പരസ്പരം നശിക്കുമെന്ന ഭീതിയിൽ പഴതുപോലെ യുദ്ധം ഉണ്ടാവില്ല എന്നാണ് ഹരാരി പറയുന്നത്. അതുപോലെ യുദ്ധങ്ങളിൽ പിറന്നുവീണ രാജ്യമാണ് ഇസ്രയേൽ. ജനിച്ച അന്ന് തൊട്ട് ചോരപ്പുഴ. ചരിത്രത്തിൽ ഉടനീളം ചോരപ്പുഴ കണ്ടവരാണ് യഹൂദർ. പക്ഷേ ഒരു യുദ്ധം മാത്രം അവർക്ക് ഭാഗികമായി സമാധാനം തന്നു. അതാണ് 1973ലെ യോം കിപ്പൂർ യുദ്ധം.
മൂന്നുതവണ ഇസ്രയേലിനോട് മുട്ടിയിട്ടും തോറ്റുപോയ അറബ് സേന, ഗണ്യമായ പരിക്കുകൾ ഇസ്രയേലിന് എൽപ്പിച്ചിട്ട് തോറ്റ യുദ്ധം. നാലാമതും തോറ്റതോടെ, തങ്ങൾ എന്ത് തലകുത്തി മറിഞ്ഞാലും ഇസ്രയേലിനെ തോൽപ്പിക്കാൻ അവില്ല, എന്ന ധാരണ അറബ് രാഷ്ട്രങ്ങൾക്ക് ഉണ്ടായി. അതോടെ സമാധാനമാണ് നല്ലത് എന്ന് അവർ തീരുമാനിക്കുന്നു. ഇസ്രയേലും നടുങ്ങിപ്പോയ സമയം ആയിരുന്നു യോം കിപ്പുർ. എത്ര കരുതിയാലും തിരിച്ചടി കിട്ടുമെന്നും, അതിനാൽ യുദ്ധത്തിൽ പിടിച്ച മണ്ണ് വിട്ടുകൊടുക്കില്ല എന്ന കടുംപിടുത്തം ഉപേക്ഷിക്കാനും ഇസ്രയേൽ തയ്യാറായി. യോം കിപ്പൂർ യുദ്ധത്തിന് 50 വർഷം പിന്നിടുമ്പോൾ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാണ്. വീണ്ടും ഹമാസും- ഇസ്രയേലും ഏറ്റമുട്ടുന്നു. യുദ്ധങ്ങളുടെ നിരർത്ഥകത ഒരിക്കൽകൂടി തുറന്നുകാട്ടപ്പെടുന്നു.
സിക്സ് ഡേ വാറിന്റെ പ്രതികാരം
പിറന്നുവീണപ്പോൾ മുതൽ ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിക്കാനാണ് അറബ് രാഷ്ട്രങ്ങൾ ശ്രമിച്ചിരുന്നത്. അറബികളുമായി അതിനുമുൻപ് നടന്ന മൂന്നു (1948, 1956, 1967) യുദ്ധങ്ങളിലും ജയിച്ചത് ഇസ്രയേലാണ്. വെറുമാരു ഭൂമി തർക്കം മാത്രമല്ല, മതപരമായ പ്രശ്നം കൂടിയുണ്ട് ഈ വിഷയത്തിൽ. അറബിമണ്ണിൽ ഒരു ജൂതരാഷ്ട്രം അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു എന്നും ഇസ്ലാമിക രാഷ്ട്രങ്ങൾ. 48ലെ യുഎൻ വിഭജന പാക്കേജ് അവർ അംഗീകരിക്കയാണെങ്കിൽ ഇന്നുകാണുന്ന പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.
ഇസ്രയേൽ പിറന്നുവീണതു തന്നെ യുദ്ധത്തിലേക്കാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണമുണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ടപ്പെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു.
രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭൂമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാനന്തരം അത് 77 ശതമാനമായി ഉയർന്നു. പക്ഷേ അന്ന് യുദ്ധത്തിന് വന്നവർ, പുര കത്തുമ്പോൾ വാഴവെട്ടുക എന്ന രീയിയിൽ ഫലസ്തീനിന്റെ സ്ഥലങ്ങൾ പിടിച്ചു. ഗസ്സ ഈജിപ്തും, വെസ്റ്റബാങ്ക് ജോർദാനും കൈക്കലാക്കി.
പക്ഷേ അതുകൊണ്ട് ഒന്നും തീർന്നില്ല. 1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. പക്ഷേ വെറും 6 ദിവസം കൊണ്ട് 10 രാഷ്ട്രങ്ങളുടെ പിന്തുണയുള്ള അറബ് സഖ്യ സൈന്യത്തെ ഇസ്രയേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും ആറു ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, ഫലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു!
അന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൻ അബ്ദുൾ നാസറായിരുന്നു അറബ് ദേശീയതയുടെ കരിസ്മാറ്റിക്ക് നേതാവ്. സ്വന്തം രാജ്യത്തേക്കാൾ നാസറിന് പേര് ഉണ്ടായിരുന്നത് ഫലസ്തീനിൽ ആയിരുന്നു. നാസറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി ഇസ്രയേൽ ആക്രമണം. അന്ന് ഈജിപ്തിൽ ടെലിവിഷൻ ഉണ്ടായിരുന്നു. എന്നാൽ പിച്ചവെക്കുന്ന ഇസ്രയേലിൽ റേഡിയോ മാത്രവും. ആദ്യദിനങ്ങളിൽ ഈജിപ്ഷ്യൻ റേഡിയോ സംപ്രേഷണം ചെയ്തത് മുഴുവൻ അവരുടെ വിജയത്തിന്റെ വീരസാഹസിക കഥകൾ ആയിരുന്നു. എന്നാൽ ഇസ്രയേൽ റേഡിയോയിൽ മുഴങ്ങിയത് ദശീയ ഗാനം മാത്രം. ജനങ്ങൾ കടുത്ത സംഘർഷത്തിലൂടെ കടന്നുപോയി. യുക്തിവാദികൾ പോലും വിലാപമതിലിൽ തലയിടിച്ച് പ്രാർത്ഥിച്ചുവെന്നാണ് അക്കാലത്തെ ചരിത്രം പറയുന്നത്.
എന്നാൽ മൂന്ന് ദിവസം കഴിഞ്ഞതോടെ ഈജിപ്റ്റ് ടെലിവിഷനിൽ മട്ടുമാറി. ഒരാഴ്ച കഴിഞ്ഞതോടെ നാസർ നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ പരാജയം സമ്മതിച്ചു. അദ്ദേഹം രാജിയും പ്രഖ്യാപിച്ചു.പക്ഷേ അറബ് രാഷ്ട്രങ്ങൾ ഒന്നടങ്കം അത് എതിർത്തു. മനസ്സുതകർന്നും അപമാനിതനുമായാണ് നാസർ മരിക്കുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിപ്പോയി ഇസ്രയേൽ ആക്രമണം. ഇതോടെ യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രയേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രയേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയുമായിരുന്നു അത്. മൂന്നതവണ തോറ്റിട്ടു പാഠം പഠിക്കാത്ത അറബ് സംഖ്യം നാലാമതും യുദ്ധത്തിനൊരുങ്ങി. അതായിരുന്നു യോം കിപ്പുർ യുദ്ധം.
എന്താണ് യോം കിപ്പുർ?
തുടർച്ചയായ തോൽവികളിൽ നിന്ന് പകരം വീട്ടാനും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുമായി ഈജിപ്തിലെ പ്രസിഡന്റ് അൻവർ സാദാത്തും സിറിയയിലെ പ്രസിഡന്റ് ഹാഫിസ് അൽ അസ്സദും (ഇപ്പോഴത്തെ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസ്സദിന്റെ പിതാവ്) ആസൂത്രണം ചെയ്തതായിരുന്നു 1973ലെ യുദ്ധം. ജൂതരുടെ പരിപാവനമായ യോം കിപ്പൂർ ദിനമായ ഒക്ടോബർ 6 ആയിരുന്നു അന്ന്. ചെയ്തുപോയ പാപങ്ങൾക്ക് ദൈവത്തോടും സഹജീവികളോടും മാപ്പിരക്കുന്ന നാൾ. അക്കൊല്ലം റംസാൻ മാസത്തിലെ പത്താംനാളും അന്നായിരുന്നു. ജൂതമതവിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകുന്ന ദിനം. അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യത്തിനും അന്നു സ്ഥാനമില്ല. കടകമ്പോളങ്ങൾ തുറക്കുകയോ വാഹനങ്ങൾ ഓടുകയോ ചെയ്യില്ല. ഇത് അറബികൾ മുതലെടുത്തു.
അന്നുച്ചതിരിഞ്ഞ് നാലാം അറബ്-ഇസ്രയേൽ യുദ്ധം തുടങ്ങി. വടക്കുനിന്ന് സിറിയയും തെക്കുനിന്ന് ഈജിപ്തും ഇസ്രയേലിനെ ആക്രമിച്ചു. 1967-ലെ ആറുദിന യുദ്ധത്തിൽ (മൂന്നാം അറബ് യുദ്ധം) ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷൻ ബദർ എന്നായിരുന്നു ആ സൈനികനടപടിക്കു പേര്. സൂയസ് കനാൽ കടന്ന് ഈജിപ്തിന്റെ സൈന്യം സീനായി മുനമ്പിലെത്തി. സിറിയൻ സേന ഗോലാൻ കുന്നുകളിൽ കടന്നുകയറി. അറബികളുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് ഈ വിധത്തിൽ തിരിച്ചടിയേൽക്കുന്നത് ആദ്യമായിട്ടായിരുന്നു.
അതിർത്തികളിലെ പടയൊരുക്കം ഇസ്രയേൽ അറിഞ്ഞിരുന്നു. പക്ഷേ, പുണ്യമാസത്തിൽ ഒരാക്രമണം കരുതിയിരുന്നില്ല. യോം കിപ്പൂറായതിനാൽ ഒട്ടേറെ പട്ടാളക്കാർ അവധിയിലായിരുന്നു. പടപ്പുറപ്പാടിന് ഇസ്രയേലിന് സമയംവേണ്ടിവന്നു. ആ നേരം ഈജിപ്തും സിറിയയും മുതലാക്കി. ഗോൾഡ മീയർ ആയിരുന്നു അന്ന് ഇസ്രയേൽ പ്രധാനമന്ത്രി. മുഷെ ഡയാൻ പ്രതിരോധമന്ത്രിയും. ആദ്യത്തെ പകപ്പുനീങ്ങിയപ്പോൾ ഇസ്രയേൽ തിരിച്ചടിച്ചു. അപ്പോഴേക്കും ഈജിപ്തിന്റെയും സിറിയയുടെയും സംയുക്ത ആക്രമണം മൂന്നുദിനം പിന്നിട്ടിരുന്നു.
ഇസ്രയേൽ തിരിച്ചടിക്കുന്നു
മുൻയുദ്ധങ്ങളിൽ പങ്കെടുക്കുകയും അവയിലെല്ലാം ഇസ്രയേൽ നേടിയ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ജനറൽ മുഷെ ഡയാനായിരുന്നു അന്ന്, ഇസ്രയേലിന്റെ പ്രതിരോധമന്ത്രി. രാജ്യത്തെ യുദ്ധസജ്ജമാക്കിയില്ലെന്ന പേരിൽ അദ്ദേഹത്തിനു രൂക്ഷമായ വിമർശനങ്ങളെ നേരിടേണ്ടിവന്നു. യുദ്ധത്തിനു ശേഷം രാജിവയ്ക്കേണ്ടിവരികയും ചെയ്തു. പ്രധാനമന്ത്രി ഗോൾഡ മെയറും കഠിനമായി വിമർശിക്കപ്പെട്ടു. അവരുടെ രാജിക്കും ആ യുദ്ധം കാരണമായി.
എങ്കിലും, ആദ്യ ദിവസങ്ങളിലെ പരിഭ്രാന്തിക്കുശേഷം ഇസ്രയേൽ സൈന്യം തിരിച്ചടിച്ചു. ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയുടെ 100 കിലോമീറ്റർ അടുത്തുവരെ എത്തി. സിറിയയുടെ തല്സ്ഥാനമായ ഡമാസ്ക്കസിന്റെ 35 കിലോമീറ്റർ അടുത്തുവരെയും എത്തി. യുഎൻ രക്ഷാസമിതി ഇടപെട്ടതിനെ തുടർന്നു പതിനെട്ടാം ദിവസമാണ് വെടിനിർത്തലുണ്ടായത്. പക്ഷേ ആന്ത്യന്തികമായി ഇവിടെയും ജയം ഇസ്രയേിന് തന്നെയായിരുന്നു. അന്ന് 2656 ഇസ്രയേൽ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഈജിപ്തിനും സിറിയയ്ക്കും നഷ്ടമായത് 18,000 പേരുടെ ജീവൻ.
ഗോലാൻ കുന്നുകളിൽ സിറിയ തിരിച്ചുപിടിച്ചിരുന്ന ഭാഗങ്ങൾ അവർക്കു വീണ്ടും നഷ്ടപ്പെട്ടതായിരുന്നു യുദ്ധത്തിന്റെ ഒരു ഫലം. അതേസമയം, സീനായ് അർദ്ധദ്വീപ് ഭാഗികമായി തിരിച്ചുപിടിക്കാൻ ഈജിപ്തിനു കഴിഞ്ഞു. ഇതു അറബ് ലോകത്തു ഈജിപ്തിന്റെ പ്രശസ്തി ഉയരാനും കാരണമായി. യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഈജിപ്തിന്റെയും സിറിയയുടെയും സൈന്യങ്ങൾ മുന്നേറിയത് സോവിയറ്റ് യൂണിയനിൽ നിന്ന് അവർക്കു ലഭിച്ചിരുന്ന ആയുധങ്ങളുടെ പിൻബലത്തോടെയായിരുന്നു. അതിനെ ചെറുക്കാൻ അമേരിക്കയിൽനിന്നു പ്രസിഡന്റ് റിച്ചഡ് നിക്സൻ വൻതോതിൽ ആയുധങ്ങൾ ഇസ്രയേലിന് എത്തിച്ചുകൊടുത്തു.
സോവിയറ്റ് യൂണിയൻ ഇസ്രയേലിന് എതിരെ
ആറ് ദിവസത്തെ യുദ്ധത്തിലെ പരാജയം ഈജിപ്തിന്റെ ദേശീയ അഭിമാനത്തെ ചോദ്യം ചെയ്തതിനു പിന്നാലെ അറബ് ലോകത്തിന്റെ തന്നെ വിശ്വാസ്യതയ്ക്കും കോട്ടം വരുത്തിയാതായി പ്രസിഡന്റ് അൻവർ സാദത്ത് വിശ്വസിച്ചിരുന്നു. അറബ് രാഷ്ട്രങ്ങളിലെ പ്രധാനിയെന്ന നിലയിൽ ഈജിപ്തിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കലും ഈജിപ്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ഈ കാരണങ്ങൾക്കു പുറമെ സിറിയയും ഈജിപ്തും തമ്മിലുള്ള ബന്ധത്തെ യുദ്ധത്തിലെ സഖ്യക്ഷികളാകുന്നതോടെ ഒന്നുകൂടി ഊട്ടിഉറപ്പിക്കൻ ഇരു രാജ്യങ്ങളും താല്പര്യപ്പെട്ടു.
ശീതയുദ്ധത്തിന്റെ അനുരണനങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. യു.എസ്. പതിവുപോലെ ഇസ്രയേലിനൊപ്പം നിന്നു. സോവിയറ്റ് യൂണിയൻ ഈജിപ്തിനും സിറിയയ്ക്കുമൊപ്പം നിലകൊണ്ടു. ആണവശേഷിയുള്ള രണ്ടു വൻശക്തികൾ സായുധസഹായവുമായി ഇറങ്ങിയതോടെ സംഘർഷം പാരമ്യത്തിലെത്തി. ഈജിപ്തിനെയും സിറിയയെയും പിന്തുണച്ച് വിവിധ അറബ് രാജ്യങ്ങളും ക്യൂബയും ഉത്തരകൊറിയയുമെത്തി.
അറബ് ലോകത്തിന്റെ വിലപേശൽ എണ്ണവെച്ചും ആയിരുന്നു. സമ്പന്നമായ അറബ് രാജ്യങ്ങൾ എണ്ണയുടെ ഉൽപാദനം കുറച്ചു. അതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുകയും മധ്യപൂർവദേശത്തുനിന്നുള്ള എണ്ണയെ കാര്യമായി ആശ്രയിച്ചിരുന്ന അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്തു. അറബ്-ഇസ്രയേൽ സംഘർഷത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള വഴികൾ ആരായാൻ അമേരിക്ക മുന്നോട്ടുവന്നതായിരുന്നു അതിന്റെ മറ്റൊരുവശം.
ഷട്ടിൽ ഡിപ്ലോമസിയുടെ വിജയം
യുദ്ധകാലത്ത് റിച്ചഡ് നിക്സണായിരുന്നു യു.എസ്. പ്രസിഡന്റ്. ഹെന്റി കിസിഞ്ജറായിരുന്നു നിക്സന്റെ ദേശരക്ഷാ ഉപദേഷ്ടാവ്. സമാധാനശ്രമങ്ങളുമായി കയ്റോയിലും ഡമാസ്കസിലും ടെൽ അവീവിലും കിസിഞ്ജർ മാറിമാറിപ്പറന്നു. ആ 'ഷട്ടിൽ ഡിപ്ലൊമസി'യുടെ ഫലമായിരുന്നു വെടിനിർത്തലെന്ന് നിരീക്ഷണങ്ങളുണ്ട്. ഇസ്രയേലിന്റെയും അറബ് രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളിൽ പല തവണ പറന്നെത്തി അവരുടെ നേതാക്കളുമായി കിസ്സിഞ്ജർ നടത്തിയ ചർച്ചകളാണ് ഷട്ടിൽ ഡിപ്ളോമസി എന്നറിയപ്പെടാൻ തുടങ്ങിയത്. സീനായ് അർ്ദ്ധദ്വീപിന്റെ ബാക്കിയുള്ള ഭാഗംകൂടി ഈജിപ്തിനു തിരിച്ചുകിട്ടാൻ അതു വഴിയൊരുക്കി. അതേസമയം, സിറിയയുടെ ഗോലാൻ കുന്നുകളും ജോർദ്ദാനിൽനിന്നു പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവയും ഇപ്പോഴും ഇസ്രയേലിന്റെ അധിനിവേശത്തിൽ തടുരുന്നു.
കിസിഞ്ജറെ സംബന്ധിച്ച് ഇസ്രയേലിന്റെ തോൽവി അചിന്തനീയമായിരുന്നു. അറബ് കൂട്ടുകെട്ടിനുള്ള സോവിയറ്റ് പിന്തുണയായിരുന്നു അതിനു കാരണം. ഇസ്രയേലിന്റെ തോൽവി പശ്ചിമേഷ്യയിലെ യു.എസ്. താത്പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ഭയന്നു. എന്നാൽ, അറബ് സഖ്യം ഇസ്രയേലിനു കീഴടങ്ങുന്നതിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. വിജയം ഇസ്രയേലിനെ യു.എസ്. ചൊൽപ്പടിയിൽ നിർത്താതിരിക്കുമോ എന്ന ആശങ്കയായിരുന്നു കാരണം. 'രണ്ടു പക്ഷവും ജയിക്കുന്നത് എനിക്കു പേടിസ്വപ്നമാണെ'ന്ന് യു.എസിലെ സോവിയറ്റ് സ്ഥാനപതി അനറ്റൊലി ദോബ്രിനിനോട് അദ്ദേഹം പറഞ്ഞതിന്റെ രേഖകൾ 'ഫോറിൻ പോളിസി' മാസിക പിന്നീട് പ്രസിദ്ധീകരിച്ചു. അതേ ചിന്താഗതിയായിരുന്നു ദോബ്രിനിനും.
ഒടുവിൽ ഐക്യരാഷ്ട്രസഭ ഇടപെട്ട്, ഒക്ടോബർ 22-ന് വെടിനിർത്തലുണ്ടായി. ആ വെടിനിർത്തലിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതിന് യുദ്ധത്തിലെ കക്ഷികൾ പരസ്പരം പഴിച്ചു. രണ്ടുദിവസത്തിനുശേഷം വീണ്ടും വെടിനിർത്തലുണ്ടായി. അത് അന്തിമമായിരുന്നു. അങ്ങനെ 1973 ഒക്ടോബർ 26-ന് യുദ്ധം അവസാനിച്ചു. ചരിത്രത്തിൽ ആ യുദ്ധം പലപേരുകളിൽ അറിയപ്പെട്ടു. ഒക്ടോബർ യുദ്ധമെന്നും യോം കിപ്പൂർ യുദ്ധമെന്നും റംസാൻ യുദ്ധമെന്നും 1973-ലെ അറബ് യുദ്ധമെന്നും വിളിക്കപ്പെട്ടു.
പക്ഷേ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രയേലിന് ഇരട്ടി ഭൂമി ലഭിക്കുന്നതിലേക്ക് വഴി വച്ചു. ഒക്ടോബർ യുദ്ധത്തിന് ശേഷം ശത്രുരാജ്യങ്ങളുമായി നയതന്ത്ര ബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞു. യഹൂദർക്ക് സുരക്ഷിതവും സുസ്ഥിരവുമായ രാഷ്ട്രത്തിന്റെ വളർച്ച നോക്കി കാണാനായത് ഇതിനുശേഷമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഗോലാൻ കുന്നുകൾ, അന്താരാഷ്ട്ര നിയമമനുസരിച്ച്, സിറിയയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ 1981-ൽ ഇസ്രയേൽ അതിനെ പൂർണ്ണമായും തങ്ങളുടെ പ്രദേശത്തേക്ക് ഉൾപ്പെടുത്തി. അക്കാലത്ത്, ഗോലാൻ കുന്നുകളിൽ താമസിക്കുന്ന ഭൂരിഭാഗം ഡ്രൂസ് ജനതയ്ക്കും ഇസ്രയേൽ പൗരത്വം നൽകിയിരുന്നു. ഒക്ടോബർ യുദ്ധത്തിന്റെ സ്മാരകമെന്ന നിലയിൽ ഈ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട സിറിയൻ സൈനിക സൈറ്റുകളും ക്ഷേത്രങ്ങളും, കോട്ടകളും പോലുള്ള പുരാതന ചരിത്ര സ്ഥലങ്ങളും ഇന്നും അവശേഷിക്കുന്നു. കൂടാതെ ഇന്നിവിടം ജൈവ ഫാമുകളും മുന്തിരിത്തോട്ടങ്ങളും പോലുള്ള ആധുനിക സവിശേഷതകൾ കൊണ്ട് സമ്പന്നമാണ്. യുദ്ധത്തിന്റെ, മരണത്തിന്റെ, ഭീകരമായ ഓർമ്മപെടുത്തലും അതിജീവനവും എന്ന പോലെ ചരിത്രവും കൃഷിയും ഇവിടെ സമന്വയിക്കുന്നു.
യുദ്ധക്കെടുതികൾ ഭീകരം
19 ദിവസം നീണ്ടുനിന്ന യുദ്ധത്തിന്റെ കെടുതികൾ സമാനതകളില്ലാത്തതായിരുന്നു. താഴ്വരയിൽ 177 ടാങ്കുകളുള്ള മൂന്ന് ബ്രിഗേഡുകളുടെ ഒരു വലിയ സിറിയൻ സേനയ്ക്കെതിരെ തങ്ങളുടെ മൂന്ന് ടാങ്കുകൾ മാത്രമുള്ള 12 സൈനികർ അടങ്ങുന്ന ചെറിയ സംഘമാണ് പോരാടിയതെന്ന് യുദ്ധത്തിൽ പങ്കെടുത്ത ഒരു ഇസ്രയേലി വിമുക്ത ഭടൻ ഗാർഡിയനോട് പറയുന്നു. തോക്കുകൾ പോലും കൈവശമില്ലാത്ത വളരെ ചെറിയ സംഘമായ സൈനികരുടെ ദൗത്യം നിർണായകമായിരുന്നു. സാധാരണ ജനങ്ങൾ തിങ്ങി പാർക്കുന്ന ഗലീലി, ജോർദാൻ താഴ്വര എന്നീ പ്രദേശങ്ങളിലേക്ക് സിറിയൻ സൈന്യം മുന്നേറുന്നത് അവർക്ക് തടയണമായിരുന്നു.
'അടുത്ത രണ്ടു ദിവസം ഞങ്ങൾക്ക് നരകമായിരുന്നു. ധാരാളം സൈനികരെ നഷ്ടപ്പെട്ടു. ഞങ്ങളുടെ വെടിമരുന്ന് തീർന്നു. ഒരു ഘട്ടത്തിൽ ശത്രു 350 മീറ്റർ മാത്രം ദൂരത്തിലായിരുന്നു; അവരുടെ കണ്ണുകളുടെ വെളുപ്പ് എനിക്ക് കാണാമായിരുന്നു. യുദ്ധത്തടവുകാരായി മാറുന്നതിനേക്കാൾ ഗ്രനേഡ് പൊട്ടിച്ച് ശത്രുക്കളോടൊപ്പം മരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. ഇല്ലെങ്കിൽ ഇസ്രയേൽ നശിപ്പിക്കപ്പെടുമായിരുന്നു. യുദ്ധത്തിൽ നിന്ന് രക്ഷപെട്ട വിമുക്ത ഭടൻ പറയുന്നു.
ഒക്ടോബർ 6-ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് യഹൂദ കലണ്ടർ അനുസരിച്ച്, പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും പുണ്യദിവസമായ യോം കിപ്പൂർ തീയതി- ഈജിപ്തും സിറിയയും ഒരേസമയം ഇസ്രയേലുമായുണ്ടാക്കിയ വെടിനിർത്തൽ ഉടമ്പടി ലംഘിച്ചു. തെക്ക്, സൂയസ് കനാലിന് മുകളിലൂടെ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്ത് അഞ്ച് ഡിവിഷനുകളെ അയച്ചു. വടക്കുഭാഗത്ത്, ഏകദേശം ഒരു മണിക്കൂറോളം, 100 സിറിയൻ മിഗ് വിമാനങ്ങൾ വ്യോമാക്രമണം നടത്തി. 600 പീരങ്കികൾ സിവിലിയൻ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഇസ്രയേൽ അധിനിവേശ ഗോലാനെ മുഴുവൻ തകർത്തു. സിറിയൻ പാരാട്രൂപ്പർമാരുടെ ഒരു ബറ്റാലിയൻ ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഹെർമോൺ പർവതത്തിന്റെ ഇസ്രയേൽ ഭാഗത്തേക്ക് കാലെടുത്തുവച്ചു. അവിടെയുള്ള പ്രധാനപ്പെട്ട ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നിരീക്ഷണ പോസ്റ്റ് പിടിച്ചെടുത്തു.
യുദ്ധസമയത്ത്, ഈജിപ്ഷ്യൻ, സിറിയൻ സേനകൾക്കെതിരെ താരതമേന്യ സൈനിക ബലം കുറവായിരുന്ന ഇസ്രയേൽ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തി. സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തിൽ ഈജിപ്ഷ്യൻ ആക്രമണം സ്തംഭിച്ചു. ഗോലാൻ കുന്നുകളിൽ, നിന്ന് സിറിയൻ സൈന്യത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞു. സിറിയൻ പ്രദേശത്തേക്ക് പോലും ഇസ്രയേൽ മുന്നേറി. സിറിയയുടെ തലസ്ഥാനമായ ദമാസ്കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം ഇരച്ചുകയറി. അതേ സമയം, ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നിന്ന് 60 മൈൽ ഉള്ളിലേക്കും സൈന്യം എത്തിച്ചേർന്നു.
ഭാഗികസമാധാനം ഉണ്ടാക്കി തന്ന യുദ്ധം
മധ്യപൂർവദേശത്തെ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള വാതിൽ കിസ്സിഞ്ജറുടെ ഷട്ടിൽ ഡിപ്ളോമസിയോടെ അമേരിക്കയുടെ മുന്നിൽ തുറക്കപ്പെട്ടു. പിന്നീട് യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മധ്യസ്ഥതയിൽ സാദാത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാഹം ബെഗിനും തമ്മിൽ ചർച്ച നടന്നു. ഈജിപ്ത്-ഇസ്രയേൽ സമാധാന ഉടമ്പടിയിൽ 1979ൽ അവർ ഒപ്പുവച്ചതോടെ ഇസ്രയേലിനെ ഈജിപ്ത് ഒരു രാഷ്ട്രമായി അംഗീകരിക്കുകയും അതുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.
അതുവരെ ഒരു അറബ് രാജ്യവും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. ഈജിപ്തും സാദാത്തും അതിനു വലിയ വില കൊടുക്കേണ്ടിവന്നു. അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗിൽനിന്ന് ഈജിപ്തിനെ പുറത്താക്കി. പത്തു വർഷങ്ങൾക്കു ശേഷമാണ് തിരിച്ചെടുത്തത്. യോം കിപ്പൂർ യുദ്ധത്തിന്റെ എട്ടാം വാർഷികത്തിൽ, 1981 ഒക്ടോബർ ആറിനു കയ്റോയിൽ നടന്ന സൈനിക പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്ന സാദാത്തിനെ അദ്ദേഹത്തിന്റെ സൈനികരിൽ ചിലർ വെടിവച്ചുകൊന്നു.
രണ്ടാമതൊരു അറബ് രാജ്യംകൂടി (ജോർദാൻ) ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിനു കാർമികത്വം വഹിച്ചതും അമേരിക്കയാണ്. അതിനു മുൻപ്തന്നെ യുഎസ് തലസ്ഥാനം മധ്യപൂർവദേശ ചരിത്രത്തിലെ ഏറ്റവും വലിയ ഒപ്പുവയ്ക്കൽ ചടങ്ങിനു വേദിയായി. അതിനുവേണ്ടി എത്തിയതു മറ്റാരുമായിരുന്നില്ല, ഇസ്രയേൽ പ്രധാനമന്ത്രി യിത്സാക് റബീനും ഫലസ്തീൻ വിമോചന സംഘടനയുടെ തലവൻ യാസ്സർ അറഫാത്തും. കാർമികൻ അമേരിക്കയുടെ പ്രസിഡന്റ് ബിൽ ക്ളിന്റൻ.
ഇസ്രയേലിനും അറബികൾക്കും ഇടയിൽ സമാധാനം ഉണ്ടാവണമെങ്കിൽ, ഫലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടണം. അതിനുവേണ്ടി ഇസ്രയേൽ വെസ്റ്റ് ബാങ്കും ഗസ്സയും ഫലസ്തീൻകാർക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കാനായി വിട്ടുകൊടുക്കുക; അതിനു പകരമായി ഫലസ്തീൻകാർ ഇസ്രയേലിനോടുള്ള എതിർപ്പ് അവസാനിപ്പിക്കുകയും അതിന്റെ നിലനിൽപ്പ് അംഗീകരിക്കുകയും ചെയ്യുക; കിഴക്കൻ ജറൂസലമിന്റെ ഭാവിയും ഇസ്രയേലിൽനിന്നും അധിനിവേശ പ്രദേശങ്ങളിൽനിന്നും ഓടിപ്പോകേണ്ടിവന്ന ഫലസ്തീൻകാരെ തിരിച്ചുവരാൻ അനുവദിക്കുന്ന കാര്യവും പിന്നീടു തീരുമാനിക്കാം-ഇതായിരുന്നു ആ ഉടമ്പടിയുടെ രത്നച്ചുരുക്കം.
സമാധാന പ്രതീക്ഷകൾ വാനോണം ഉയർന്നുവെങ്കിലും ഇസ്രയേലിലെയും ഫലസ്തീൻകാർക്കിടയിലെയും തീവ്രവാദികളിൽനിന്നുള്ള എതിർപ്പുകളുടെ മുന്നിൽ എല്ലാം തകിടം മറിഞ്ഞു. റബീൻ 1995ൽ സ്വന്തം നാട്ടിൽ വധിക്കപ്പെട്ടു.സയണിസ്റ്റ് തീവ്രവാദികളായിരുന്നു അതിന് പിന്നിൽ. കാലക്രമത്തിൽ സ്ഥിതിഗതികൾ പൊതുവിൽ പഴയതു പോലെയാവുകയും ചെയ്തു. പക്ഷേ പിന്നീട് ഗസ്സയിൽനിന്നും വെസ്്റ്റ് ബാങ്കിൽനിന്നും ഇസ്രയേൽ പിന്മാറുകയും ഇവിടെ നിയന്ത്രിത സ്വയം ഭരണം വരികയും ചെയ്തു.
ഇസ്രയേൽ-ഹമാസ് യുദ്ധം വീണ്ടും കൊടുമ്പരിക്കൊള്ളുന്നതിന്റെയും ഗസ്സാ ആക്രമണത്തിന്റെയും വാർത്തകൾക്കിടയിലാണ് യോം കിപ്പൂർ യുദ്ധത്തിന്റെ അമ്പതാം വാർഷികം കടന്നുപോവുന്നത്. ഓരോ യുദ്ധങ്ങളുടെയും നിഷ്ഫലത കൂടി ഇത് യൊളിയിക്കുന്നു
വാൽക്കഷ്ണം: യോം കിപ്പൂർ യുദ്ധം ഒരു മൂന്നാലോക മഹായുദ്ധത്തിലേക്ക് എത്തുമെന്നും ആശങ്ക ഉയർന്നിരുന്നു. ആദ്യം പകച്ചുനിന്ന ഇസ്രയേൽ സൈന്യം പിന്നീട് ദമാസ്കസിലും കെയ്റോയിലും മുന്നേറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, ലിയോനിഡ് ബ്രെഷ്നെവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ അമേരിക്കയ്ക്ക് പരസ്യ മുന്നറിയിപ്പ് നൽകി. ഇതോടെ ഒരു ആണവ ഏറ്റുമുട്ടലിന്റെ സാധ്യത പ്രവചിക്കപ്പെട്ടു. പക്ഷേ അത് ചർച്ചകളിലുടെ ഒഴിഞ്ഞുപോയി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ