ണ്ടുമാസം മുമ്പ് സാക്ഷാൽ ലയണൽ മെസ്സി ഇൻസ്റ്റയിൽ ഒരു ഫോട്ടോയിട്ടപ്പോൾ അതിന്റെ അടിയിൽ നിറഞ്ഞ ഒരു പേരാണ് 'തൊപ്പി, തൊപ്പി'യെന്ന്. ഒന്നും രണ്ടുംപേരല്ല ആയിരിക്കണക്കിന് ആളുകളാണ് ഈ പേര് കമന്റ് ചെയ്യുന്നത്. ഇതോടെ സാക്ഷൽ മെസ്സിയും കമന്റിലുടെ പ്രതികരിച്ചു. കേരളത്തിലെ തന്റെ ഒരു കട്ടഫാൻ ആണെന്ന് മെസ്സി അറിഞ്ഞിട്ടുണ്ടാവുമോ എന്ന് അറിയില്ല. പക്ഷേ കേരളത്തിലെ സൈബർ ഗെയിം ഗ്രുപ്പുകളിലെ മെസ്സി- റെണാൾഡോ യുദ്ധമായിരുന്നു അത്തരം ഒരു കമന്റുകളിലേക്ക് നയിച്ചത്. കേരളത്തിൽ മെസ്സിക്കുവേണ്ടി പടപൊരുതിയിരുന്നു ആ യുവാവാണ്, ഇന്ന് കേരളത്തിലെ കുട്ടികളുടെ വീരനായകനും, മുതിർന്നവരുടെ ഇടയിൽ വിവാദ പുരുഷനുമായ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറും ഇൻസ്റ്റഗാം ഇൻഫ്‌ളുവൻസും, ഗെയിമറുമായി കണ്ണൂർ മങ്ങാട്ടെ നിഹാദ്.

2021 ആഗസ്റ്റിൽ, കോവിഡ് കാലത്തത്ത്, കേരളത്തെ ഞെട്ടിച്ച ഒരു 'കുട്ടിക്കലാപം' ആരും മറന്നിട്ടുണ്ടാവില്ല. 'ഇ ബുൾജെറ്റ്' എന്ന ഓൾട്ടേഡ് കാരവാൻ ഓടിക്കുന്ന സഹോദരന്മാർക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോൾ, കേരളത്തിലെ കുട്ടികളും കൗമാരക്കാരും ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും വാട്‌സാപ്പിലുമൊക്കെയായി ഉറഞ്ഞു തുള്ളിയതും, മന്ത്രിമാരെയും എംഎൽഎമാരെയുമൊക്കെ വിളിച്ച് ബഹളമുണ്ടാക്കിയതും നാം കണ്ടതാണ്.

പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ പോലും, കേരളം കത്തിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു! ( ഇതിന്റെ പേരിൽ ചില കുട്ടികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ഉപദേശിച്ചപ്പോൾ ഉള്ള കൂട്ട നിലവിളിയും പിന്നാലെ വൈറൽ ആയി!) എന്തൊക്കെയായാലും കേരളം ഞെട്ടിയ ഒരു സംഭവമായിരുന്നു ഇ ബുൾ ജെറ്റിന് വേണ്ടിയുള്ള 'കുട്ടിക്കലാപം'. 30 വയസ്സിന് മുകളിലുള്ള പലരും ഇ ബുൾ ജെറ്റ് എന്താണെന്ന് കേട്ടിട്ടുപോലും ഇല്ലായിരുന്നു. അതുപോലെ സമാനമായ ഒരു സംഭവത്തിന് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വളാഞ്ചേരി സാക്ഷിയായി. അതിലെ ഹീറോയും വില്ലനും ഒരാൾ തന്നെ ആയിരുന്നു. നമ്മുടെ തൊപ്പി!

തൊപ്പിക്കായി കുട്ടിപ്പട്ടാളം

ഒരു തുണിക്കട ഉദ്ഘാടനത്തിന് തൊപ്പി എത്തിയപ്പോൾ ദേശീയപാതയിൽ വണ്ടിയോടിക്കാൻ കഴിയാത്ത അത്ര വലിയ ജനക്കൂട്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനും, അയാളുടെ അർധതെറിപ്പാട്ട് കേൾക്കാനും എത്തിയത്. വളാഞ്ചേരി പട്ടണം ബ്ലോക്കാവുന്ന നിലയിൽ സ്‌കൂൾകുട്ടികൾ നിറഞ്ഞത്. കുട്ടികൾ പറയുന്നത് ഇന്ന് സ്‌കൂളില്ല, ഉണ്ടെങ്കിലും തൊപ്പി വന്നാൽ ഞങ്ങൾ പോവില്ല എന്നൊക്കെയാണ്. തൊപ്പി എനിക്ക് പനിയാണ് പകരും എന്ന് പറയുമ്പോൾ ചത്താലും കുഴപ്പമില്ല എന്ന് ആരാധകർ. ആൾക്കൂട്ടത്തിനു മുഴുവൻ കാണാനായി ജീപ്പിനു മുകളിൽ കയറി ഷോ. മരത്തിലും പോസ്റ്റിലും പൊത്തിപ്പിടിച്ചു കയറി ആരാധകരായ കുട്ടിപ്പട. ആകെ ബഹളം. പഴയ തലമുറയിൽപെട്ടവർക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും പിടികിട്ടില്ല.

കീഴ്ശ്വാസത്തിന്റെ പച്ചമലയാളവാക്ക് ആവർത്തിച്ച് ഉച്ചരിച്ചുകൊണ്ട് തൊപ്പിയുണ്ടാക്കിയ ചക്കക്കുരുപ്പാട്ട് നൂറുകണിക്കിന് കുട്ടികളാണ് ഏറ്റുപാടുന്നത്. ഇത് പുതിയ ഒരു 'അധോലോക'ത്തെയാണ് ചൂണ്ടിക്കാണിപ്പിക്കുന്നത്. അതാണ് സൈബർ അണ്ടർ വേൾഡ്. വിവിധ തരത്തിലുള്ള ഗെയിമുകളും, ഇൻസ്റ്റഗാം റീൽസും, ലൈവുകളുമൊക്കെയുള്ള പുതിയ തലമുറയുടെ ലോകം. അവിടെ ഈ തെറിപറയുന്ന തൊപ്പിയും, ഇ ബുൾജെറ്റുകാരും, ഫുക്രു, മുത്തുമണി, തേക്കാ ബെൾക്കാ പാറാ, അലൈനിലെ സൂപ്പർസ്റ്റാർ, കൊണ്ടോട്ടി മച്ചാൻ, മട്ടാഞ്ചേരി മാർട്ടിൻ, കൊമ്പൻ, ഡോ റോബിൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഹീറോകൾ. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമൊന്നുമല്ല. നമ്മുടെ നീതിയും നിയമവും അല്ല അവിടെ. നമ്മുടെ വ്യവഹാര ഭാഷയുമല്ല.

പഴയ തലമുറയിൽപെട്ട യുവാക്കൾ ആകൃഷ്ടരാവുന്നത്, കവികളിലും എഴുത്തുകാരിലുമൊക്കെയായിരുന്നെങ്കിൽ, ഇപ്പോഴത് ഇത്തരക്കാരിലേക്ക് മാറിയിരിക്കുന്നു. ലഹരിയെ പരസ്യമായി പ്രോൽസാഹിപ്പിക്കുക, തെറി പറയുക, ബോഡിഷേമിങ്് നടത്തുക, ഡബിൾ മീനിങ്ങുള്ള തമാശകൾ പറയുക, സ്ത്രീവിരുദ്ധതയും പ്രോൽസാഹിപ്പിക്കുന്ന എന്നത് ഇത്തരക്കാരുടെ പതിവ് രീതിയാണ്. ഇവിടെ കേരളം പഠിക്കേണ്ടത് എന്തുകൊണ്ട് നമ്മുടെ കുട്ടികൾ ഇത്തരക്കാരിൽ ആകൃഷ്ടരാവുന്നുവെന്നതാണ്. ഇ ബുൾജെറ്റുകാരനും, തൊപ്പിക്കുമൊക്കെ വേണ്ടി കൊല്ലാനും ചാവാനും തയ്യാറായി എങ്ങനെ കുട്ടിപ്പട രൂപപ്പെടുന്നു?

ചൈൽഡ് ഹുഡ് ട്രോമയുടെ ഇരയോ?

പക്ഷേ തൊപ്പിയോട് തോന്നിയ ഈർഷ്യ മുഴുവൻ അയാൾ തന്റെ ജീവിതം പറയുന്ന, ഒരു ഇന്റവ്യൂ കണ്ടപ്പോൾ പോയി. ശരിക്കും ടോക്‌സിക്ക് പാരന്റിങ്ങിന്റെയും ചൈൽഡ്ഹുഡ് ട്രോമയുടെ ഇരയാണ് അയാൾ. ആ 25കാരന് സത്യത്തിൽ വേണ്ടത് ശരിക്കും കൗൺസിലിങ്ങും, വ്യക്തിത്വവികസനത്തിനായുള്ള ക്ലാസുകളുമാണ്.

തന്റെ ജീവിതം തൊപ്പി പറയുന്നത് ഇങ്ങനെയാണ്. ''എന്റെ വീട്ടിൽ കർശന നിയന്ത്രണങ്ങൾ ആയിരുന്നു, പാട്ട് കേൾക്കാൻ പാടില്ല, സിനിമ കാണാൻ പാടില്ല , ഗെയിം കളിക്കാൻ പാടില്ല. ഭയങ്കര ഇസ്ലാമിക ചുറ്റുപാട് ആയിരുന്നു. ഗെയിമിനുള്ള പണം ചോദിച്ചാലൊന്നും വീട്ടിൽനിന്ന് തരില്ല. അവർക്ക് അതൊക്കെ ഹറാമാണ്.

അങ്ങനെയാണ് 9ാംക്ലാസിൽ പഠിക്കുമ്പോൾ, ഞാനൊരിക്കൽ ഒരു കടയിൽ കയറി പണം മോഷ്ടിക്കുന്നത്. എന്നിട്ട് ആ കാശ് വിതറിയെറിഞ്ഞു നടന്നു. എന്നെ നാട്ടുകാർ പിടികൂടി. ഒരേ വീട്ടിലാണ് താമസമെങ്കിലും എന്റെ ഉപ്പ അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല. ഉമ്മയ്ക്ക് എന്നോട് സ്‌നേഹമുണ്ട്, അനിയൻ പോലും എനിക്ക് സപ്പോർട്ട് തരുന്നില്ല, കുടുംബക്കാർക്ക് ഭയങ്കര ചൊറിച്ചിൽ ആണ്. ഞാൻ പുറത്തേക്ക് അധികം പോകാറില്ല. വീട്ടിൽ തന്നെയിരിക്കും. താമസം മാറണമെന്നുണ്ട്, പക്ഷേ എനിക്ക് പോകാനൊരിടമില്ല''. ടോക്‌സിക് പാരന്റിങിനാൽ മാനസികമായി മാറ്റിത്തീർക്കപ്പെട്ട നിഹാദ് എന്ന അയാൾ ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ആവാം ഒരുപക്ഷേ തൊപ്പിയെന്ന സ്വത്വം സൃഷ്ടിച്ചെടുത്തതും അങ്ങിനെ ചെയ്യുന്ന വീഡിയോകൾ വഴി അഞ്ചുലക്ഷത്തിലധികം ആരാധകരെ ഉണ്ടാക്കിയതും.

കടുത്ത ഇസ്ലാമിക പശ്ചാത്തലത്തിലുള്ള തന്റെ കുടുംബത്തിൽ ഇത്തരം ഗെയിമുകൾ ഹറാം ആണെന്ന് തൊപ്പി പറയുന്നു. അതുകൊണ്ടുതന്നെ വീട്ടുകാർ ആരും തന്നെ തന്നോട് മിണ്ടാറില്ല. ഉമ്മക്ക് തന്നോട് അതിയായ സ്‌നേഹമുണ്ടെന്ന് തൊപ്പിക്ക് അറിയാം. ഇപ്പോൾ യുട്യൂബിൽനിന്ന് വരുമാനുമുള്ളതുകൊണ്ട്, തനിക്ക് സ്വന്തമായി പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ട്. പക്ഷേ ആ വരുമാനത്തിൽനിന്ന് എന്തെങ്കിലും ഒന്ന് എടുത്ത് വാങ്ങിയാൽ ഉമ്മപോലും സ്വീകരിക്കില്ല. കാരണം, അത്തരം പണം അവർക്ക് ഹറാമാണ്.

കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി താൻ അടിച്ചിട്ട ഒറ്റമുറിയിലാണെന്ന് തൊപ്പി പറയുന്നു. അതിനിടയിൽ ഉറ്റകൂട്ടുകാരന്റെ ആത്മഹത്യയും അയാളെ തളർത്തി. കൊച്ചിപോലും താൻ കണ്ടിട്ടില്ലെന്ന് തൊപ്പി പറയുന്നത് ഞെട്ടലോടെയേ കേൾക്കാൻ കഴിയൂ. 8ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരനൊപ്പം, ബാംഗ്ലൂരിൽ പോയതാണ് അയാൾ നടത്തിയ ഏക യാത്ര.


ഖബറിൽ ഒളിച്ചിരുന്ന് പേടിപ്പിക്കും

മൈൽ സ്റ്റോൺ മേക്കേഴസ് എന്ന യുട്യൂബ് ചാനലിൽ അവതാരിക പാർവതിക്ക് നൽകിയ അഭിമുഖത്തിൽ ലജ്ജാലുവായ ഒരു പാവം പയ്യനെയാണ് കാണാൻ കഴിയുക.
'ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല, എനിക്ക് സോഷ്യൽ ആങ്സൈറ്റിയാണ്..,' 'എനിക്ക് എന്റെ റൂമിലിരുന്ന് എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അതിലിപ്പോ എത്ര വ്യൂവേഴ്സ് ഉണ്ടെങ്കിലും കുഴപ്പമില്ല'- തൊപ്പി പറയുന്നു.

്കുട്ടിക്കാലത്തെ വിചിത്രമായ ചില സ്വഭാവ വിശേഷങ്ങളെക്കുറിച്ചും തൊപ്പി അഭിമുഖത്തിൽ പറയുന്നുണ്ട്. അയാളുടെ വീടിന്റെ അടുത്ത് ഒരു ഖബർസ്ഥാൻ ഉണ്ടായിരുന്നു. അവിടെ കുത്തിവെച്ച ഖബർ കുഴികളിൽ ഇറങ്ങിക്കിടന്ന് പള്ളിയിലേക്ക് പോകുന്ന ആളുകളെ പേടിപ്പിക്കയായിരുന്നത്രേ നമ്മുടെ തൊപ്പിയുടെ ഒരു ശീലം. അതും നാട്ടുകാർ പിടിച്ചതും, വീട്ടിലടക്കം സീൻ ആയതും അയാൾ പറയുന്നുണ്ട്. പക്ഷേ ഈ അഭിമുഖത്തിൽ ഏറ്റവും ഞെട്ടിച്ചത്, ഇന്നുതന്നെ തനിക്ക് കൊച്ചിയിൽനിന്ന് കണ്ണൂർക്ക് പോകണമെന്നും, വൈകിയാൽ ഉമ്മയുടെ കൈയിൽനിന്ന് ചിലപ്പോൾ അടികിട്ടുമെന്നും പറയുന്ന ഭാഗമാണ്. തന്റെ വീട്ടകാരുമായി തൊപ്പിക്ക് നല്ല ബന്ധമല്ല. അവരുമായി വഴക്ക്കൂടി ഒരു വിധത്തിലാണ് താൻ ലൈവിൽ എത്തുകയെന്നും, അവിടെ എത്തിയാൽ പിന്നെ തന്റെ മൈൻഡ് ബ്ലാങ്ക് ആണെന്നും, അപ്പപ്പോൾ തോന്നുതാണ് പറയുന്നതെനനുമാണ് തൊപ്പി പറയുന്നത്.

താൻ ഗെയിമിന് അഡിക്ട് ആയിരുന്നെന്നും അതൊരു പ്രശ്നമാണെന്നും തിരിച്ചറിയുന്നുണ്ട് തൊപ്പി. വീടിനകത്ത് അടച്ചിരിപ്പായിരുന്ന അയാൾ ഇപ്പോൾ സമൂഹത്തിലേക്ക് ഇറങ്ങിവരുന്നു. അഭിമുഖങ്ങൾ കൊടുക്കുന്നു. തനിക്ക് പറയാനുള്ളതെല്ലാം ഒരു കാപട്യവുമില്ലാതെ തുറന്നുപറയുന്നു. വളരെ പൊസിറ്റീവായി സമൂഹത്തെ സമീപിക്കുന്ന ഒരു യുവാവിനെയാണ് ഈ അഭിമുഖത്തിൽ കാണാൻ കഴിഞ്ഞത്.

എന്തുകൊണ്ട് തൊപ്പി ആരാധിക്കപ്പെടുന്നു

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എസ് ജാഫർ ഇങ്ങനെ എഴുതുന്നു. ''അപ്പോൾ തൊപ്പിയെ ഭ്രാന്തമായി ആരാധിക്കുന്ന കുട്ടികളുടെ കാര്യം നോക്കുക. അവരെന്തു കൊണ്ട് തൊപ്പിയെ ഇങ്ങനെ ഇഷ്ടപ്പെടുന്നു? ഏറിയും കുറഞ്ഞും തൊപ്പി വളർന്നതു പോലുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികൾ ആണോ അവർ ? തികഞ്ഞ യാഥാസ്ഥിതിക കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം വളാഞ്ചേരി പരിപാടിയിൽ ഭ്രാന്തമായ ആവേശത്തോടെയാണ് പങ്കെടുത്തത് എന്തു കൊണ്ടാണ്? തൊപ്പിയുമായി അവർ താഥാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നുണ്ടൊ?

തൊപ്പിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള മൂന്ന് ഉസ്താദുമാരുടെ വീഡിയോസ് എങ്കിലും ഞാൻ ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടിട്ടുണ്ട്. അവയിൽ, തങ്ങളുടെ കുട്ടികൾ വഴിതെറ്റുകയാണെന്നും തൊപ്പി മനോരോഗിയാണെന്നും മതനിരാസം ആണ് ഇതിന്റെ ഫലമായി സംഭവിക്കുക എന്നും നമ്മുടെ മക്കളെ നമ്മൾ രക്ഷിക്കണം എന്നുമാണ് അവർ ആവർത്തിച്ചു പറയുന്നത്..

തങ്ങളടങ്ങുന്ന കടുത്ത യാഥാസ്ഥിതികരായ മാതാപിതാക്കളുടെ ടോക്‌സിക് പാരന്റിങ് ആയിരിക്കാം തൊപ്പിയെയും അയാളെപ്പോലെ മാനസികമായി നോർമൽ അല്ലാത്ത അവസ്ഥയിൽ ഉള്ള ഒരാളെ ഉത്കടമായി ആരാധിക്കുന്ന കുട്ടികളെയും സൃഷ്ടിക്കുന്നത് എന്ന വസ്തുത മാത്രം അവർ തിരിച്ചറിയുന്നില്ല..''- ജാഫർ ചൂണ്ടിക്കാട്ടി.

ഉമർ അബ്ദുസ്സലാം എന്ന യൂടൂബർ ചൂണ്ടിക്കാണിക്കുന്നത് കുട്ടികളനുഭവിക്കുന്ന പലമാതിരി അരക്ഷിതാവസ്ഥകളുടെ ബഹിർസ്ഫുരണമാണ് തൊപ്പിയിലൂടെ പുറത്തുവരുന്നതെന്നാണ്. തങ്ങളനുഭവിക്കുന്ന അരക്ഷിതാവസ്ഥയോട്, തങ്ങളെ അകാരണമായി വഴക്കുപറയുകയോ, അകാരണമായി നിയന്ത്രിക്കുകയോ ചെയ്യുന്ന മുതിർന്നവരോട്, കുട്ടികൾക്കുള്ളിലുണ്ടാകുന്ന വലിയ രോഷമുണ്ട്. അതാണ് തൊപ്പിയിലൂടെ പുറത്തുവരുന്നത്. കുട്ടികൾ തൊപ്പിയിൽ കാണുന്ന പ്രത്യേകത ഇതാണ്. തൊപ്പിയെ ആരാധനാപാത്രമാക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഇതിനെയെല്ലാം കുട്ടികൾക്കുള്ളിലെ ടോക്സിസിറ്റിയുടെ പുറന്തള്ളലായും അദ്ദേഹം കാണുന്നുണ്ട്.

റോബിൻ മുതൽ മട്ടാഞ്ചേരി മാർട്ടിൻ വരെ

80കളിലും തൊണ്ണൂറുകിലുമൊക്കെയുള്ള കേരളത്തിലെ കൗമരക്കാർ ആരാധിച്ചിരുന്നത് സിനിമാ നടന്മാരെയും, എഴുത്തുകാരെയും, സാംസ്്ക്കാരിക പ്രവർത്തകരെയുമൊക്കെ ആയിരുന്നു. എന്നാൽ ഇന്ന് കാലം മാറി. പരസ്യമായി 'പൊകയടിക്കാം', എന്ന് പറഞ്ഞതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത മട്ടാഞ്ചേരി മാർട്ടിൻപോലും ഒരു സോഷ്യൽ ഇൻഫ്ളുവെൻസർ ആണ്്. പൊലീസ് പിടികൂടിയിട്ടും, അയാൾ പറയുന്നത് കഞ്ചാവ് ഒരു ചെടിയാണെന്നും തീർത്തും നാച്ച്വറൽ ആണെന്നുമൊക്കെയാണ്.

അതുപോലെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധിക്കപ്പെടുന്ന ബിഗബോസ് താരം ഡോ റോബിൻ രാധാകൃഷ്ണനെ നോക്കുക. കുറേ അലറലും ആർപ്പുവിളിയുമല്ലായെ അയാൾക്ക് എന്താണ് സമുഹത്തിന് കൊടുക്കാനുള്ളത്. കഴിഞ്ഞവർഷം ബിഗ്ബോസിൽനിന്ന് പുറത്തായി റോബിൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ, സ്ത്രീകൾ അടക്കമുള്ള നൂറകണക്കിന് പേർ പൊട്ടിക്കരയുകയായിരുന്നു. അയാൾക്കുവേണ്ടി ഭ്രാന്തുപിടച്ചപോലെ ഓടുന്നു. എന്തിന് കേരളത്തിലെ ഏറ്റവും വലിയ താരം സാക്ഷാൽ മോഹൻലാലിനെപ്പോലും അധിക്ഷേപിച്ചു! സോഷ്യൽ മീഡിയയിലും റോബിനെ പുറത്താക്കിയതിനെ അനീതിയാണ് ചർച്ച. ടെലിവിഷൻ പോലും ഉപേക്ഷിക്കയാണെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നവരും ഉണ്ട്. ഇതിന്റെയൊക്കെ തുടർച്ചയാണ് നാം തൊപ്പിയിലും കാണുന്നത്.

മാത്രമല്ല കഴിഞ്ഞ കുറേക്കാലമായി അസംബന്ധങ്ങളെ ആഘോഷിക്കുക എന്നതും മലയാളിയുടെ ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു. 

ഫ്രീക്കാണ്, വൈബാണ്, മജയാണ്

എന്നാൽ തൊപ്പിയുടെ ഭാഷയെ എതിർക്കുമ്പോൾ തന്നെ ഇത്തരം ചെറുപ്പക്കാർ ഈ നാട്ടിൽനിന്ന് തന്നെ ഓടിപ്പിക്കപ്പെടേണ്ടതാണ് എന്ന ധാരണയും തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ ഷിംന അസീസ് ഇങ്ങനെ എഴുതുന്നു. ''ഈ പയ്യനൊരു വളിപ്പാട്ട് പാടിയെന്നതിന്റെ പേരിൽ എതിർക്കപ്പെടുന്നത് കണ്ടു. തേന്മാവിൻ കൊമ്പത്തിൽ മോഹൻലാൽ 'വളീ.....' എന്ന് പറയുമ്പോൾ ക്യൂട്ട് ആവുകയും അതേ വാക്ക് പാടുമ്പോൾ അശ്ളീലമാവുകയും ചെയ്യുന്നത് എങ്ങനെയാണ് ഇവിടെ പല വിഷയങ്ങൾ ഒരൊറ്റ വണ്ടിയിൽ കൂട്ടിക്കെട്ടാതെ ഇഴപിരിച്ച് നോക്കേണ്ടതുണ്ട്.

'ഫേസ്‌ബുക്ക് അമ്മാവന്മാരും അമ്മായിമാരും' എന്ന് ഇൻസ്റ്റാഗ്രാം ഡിസ്‌കോർഡ് തലമുറ സൂചിപ്പിക്കുന്ന എയ്റ്റീസ് നൈന്റീസ് തലമുറക്കാർ പണ്ടേക്ക് പണ്ട് ദിവസങ്ങൾ നീണ്ട് നിന്ന ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ലീവെടുത്ത് ടെലിവിഷനും റേഡിയോയ്ക്കും കീഴെ കുത്തിയിരുന്നിട്ടുണ്ടെങ്കിൽ, ഇന്നും ലോകകപ്പ് ഫുട്ബോൾ നടക്കുന്ന മാസങ്ങളിൽ തെരുവിൽ ആൾത്തിരക്കില്ലാതെ കച്ചവടം കുറയുന്നുണ്ടെങ്കിൽ, ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന സ്ട്രീം കാണാൻ പുതിയ ജനറേഷനും സമാനമായ ആവേശം കാണും. സച്ചിനും മെസ്സിക്കും ആരാധകരുണ്ടായത് പോലെ, ഇവിടെ മികച്ച ഓൺലൈൻ ഗെയിം കളിക്കാർക്ക് അതിഷ്ടപ്പെടുന്ന ഫാൻ ഫോളോവിംഗും കാണും. ഏതൊരു സെലിബ്രിറ്റി പൊതുപരിപാടിക്ക് വന്നാലും ആ സെലിബ്രിറ്റിയെ കാണാൻ ആളും ആരവവും ഉന്തും തള്ളുമൊക്കെ ഉണ്ടാവും. അവിടെ വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല. ''- ഷിംന കൂട്ടിച്ചേർക്കുന്നു.

ഇനിയുള്ള കാലത്ത് കേരളം അഭിമുഖീകരിക്കാൻ പോവുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും പുതു തലമുറയെ എങ്ങനെ മനേജ് ചെയ്യുക എന്നത്. നമ്മൾ ഫോളോചെയ്യുന്ന, അന്താരാഷ്ട്ര ദേശീയ, പ്രശ്‌നങ്ങളും കേരള രാഷ്ട്രീയവും, പരിസ്ഥിതി വിഷയവും ഒന്നുമല്ല ഇവരുടെ പ്രശ്‌നം. അവർക്ക് ചില്ലായി ജീവിച്ചുപോയാൽ മതി. കൂൾ ആണ്, ഫ്രീക്കാണ്, വൈബാണ്, മജയാണ് തുടങ്ങിയ അവരുടെ വാക്കുകൾപോലും പഴയ തലമുറക്ക് പിടികിട്ടില്ല. മുനുഷ്യ- മൃഗ സംഘർഷത്തേക്കാളുമൊക്കെ കേരളത്തെ ഇനി സംഘർഷഭരിതമാക്കുക, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഘർഷണമാണ്. ഇപ്പോഴുണ്ടായ തൊപ്പിത്തരംഗമൊക്കെ അതിന്റെ സൂചനകളാണ്.

തൊപ്പിയുടെ തല്ലുമാല

ഈയിടെ ഒരു അദ്ധ്യാപകൻ വായനാദിനത്തിലെ ഒരു അനുഭവം പങ്കുവെച്ചു. പി എൻ പണിക്കരെക്കുറിച്ച് എത്രപേർക്ക് അറിയാമെന്ന ചോദ്യത്തിന് കൈ പൊക്കിയത് വെറും രണ്ടേ രണ്ടുപേർ. എന്നാൽ തൊപ്പിയെ എത്രപേർക്ക് അറിയാം എന്ന ചോദ്യത്തിന് കൈപൊക്കിയത് ക്ലാസിലെ ഏതാണ്ട് മുഴുവൻ പേരോളം. കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായ 'തല്ലുമാല' സിനിമയിലെ മണവാളൻ വസീമിന്റെ ജീവിതത്തോട് വലിയ സാദൃശ്യമുണ്ട് നമ്മുടെ തൊപ്പിയുടെ ജീവിതവും. സ്വന്തം വിവാഹത്തിന് കൂട്ടത്തല്ലുണ്ടാക്കിയതിലുടെയാണ് മണവാളൻ വസീം പേരെടുക്കുന്നത്. തൊപ്പിക്കും അതുപോലെ തന്നെ നെഗറ്റീവ് പബ്ലിസിറ്റിയാണ്, ഏറെയും. ക്രിസ്റ്റിയനാനോ റൊണാൾഡോയുടെ ആരാധകരെ തെറിപറഞ്ഞതിലൂടെ, മോഹൻലാലിനെ ലൈംഗികമായി അധിക്ഷേപിച്ചതിലുടെ, തെറിപ്പാട്ടുകളിലൂടെയൊക്കെയാണ് അയാളും പേരെടുത്തത്. ലൈവിൽ ആരാധകർ എന്ത് പറഞ്ഞാലും അത് ചെയ്യുമെന്നതും തൊപ്പിയുടെ പ്രത്യേകതയാണ്. അങ്ങനെയാണ് യു ട്യൂബ് കൊടുത്ത സിൽവർ ബട്ടൺ അയാൾ എറിഞ്ഞുപൊട്ടിക്കുന്നത്. എരിവുള്ള ചിപ്സ് അടിവസ്ത്രത്തിനുള്ളിൽ തിരുകുക, തന്നെ തെറിപറഞ്ഞ ഒരു വ്ളോഗറോട് തിരിച്ച് തെറിപറയുക... അങ്ങനെ പോകുന്ന അയാളുടെ ലീലാവിലാസങ്ങൾ.

നമ്മുടെ മണവാളൻ വസീമിനെപ്പോലെ കുടുംബവുമായി തൊപ്പിക്ക് നല്ല ബന്ധമില്ല. വസീമിനുണ്ടായ അതേ അനുഭവങ്ങൾ തൊപ്പിക്കും ഉണ്ടായിട്ടുണ്ട്. ഒരു കോളജിലെ പരിപാടിക്കുശേഷം അതേ ആരാധകക്കൂട്ടം തന്നെ, വസീമിനെ ആക്രമിക്കാനെത്തുന്നുണ്ട്. അതുപോലെ വളാഞ്ചേരിയിലെ പരിപാടി കഴിഞ്ഞ്, തൊപ്പി പ്രതികരിച്ചിരുന്നു. ജനം തന്റെ പാന്റിൽ കൈയിട്ട് ജനനേന്ദ്രിയം വരെ പിടിച്ച് തിരിച്ചുവെന്നും, തിക്കിലും തിരക്കിലും മുറിവേറ്റുവെന്നും. വീസിമിനെപ്പോലെ 'ആരാധകരേ ശാന്തരാവൂ' എന്നാണ് തൊപ്പിക്കും പറയാനുള്ളത്.

ജനറേഷൻ ആൽഫയുടെ താരം

ജനറേഷൻ ഗ്യാപ്പ് വളരെയധികമുള്ള സമൂഹമാണ് നാം. ജനിച്ചപ്പോൾ മുതൽ സെൽഫോണ കണ്ട് വളർന്ന, പുതിയ തലമുറയുടെ ഭാഷപോലും നമ്മൾ ചിന്തിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. 2010നും 2024നും ഇടയിൽ ജനിക്കുന്നവരെയാണ് ജനറേഷൻ ആൽഫ എന്ന് വിളിക്കുക. ഈ കുട്ടികൾ എല്ലാം കൊണ്ടും വ്യത്യസ്താരാണ്. ഇവരുടെ താരമാണ് തൊപ്പി.

തല്ലുമാല സിനിമയിൽ, വസീമിനെ സ്റ്റേജിലിരുത്തി ഒരു സാംസ്കാരിക നായകൻ ചോദിക്കുന്നുണ്ട്. 'എന്താണ് ഇയാളുടെ സംഭാവന. എന്തുകൊണ്ടാണ് നിങ്ങൾ ഇയാളെ ആരാധിക്കുന്നത്. ഇത് സാംസ്കാരിക മൂല്യച്യുതിയാണ്' എന്നൊക്കെ. അപ്പോൾ മൈക്ക് പിടിച്ചുവാങ്ങി വസീം ചോദിക്കുന്നു. 'ഇദ്ദേഹത്തെ നിങ്ങളിൽ എത്രപേർക്ക് അറിയാം, എന്നെ എത്രപേർക്ക് അറിയാം, ആരാണ് നിങ്ങളെ ഹാപ്പിയാക്കുന്നത്' എന്ന്. അപ്പോൾ യുവാക്കൾ ആർത്തലച്ച് മണവാളൻ വസീം എന്ന് പറയുകയാണ്. ഇത് ശരിക്കും യുവതലമുറയുടെ അവസ്ഥയാണ്. സച്ചിതാനന്ദനെയും, ആനന്ദിനെയും, ടി പത്മനാഭനെയുമൊന്നുമല്ല, ഇത്തരം ആളുകളെയാണ് പുതിയ തലമുറ മാതൃകയാക്കുന്നത്. ഹാപ്പിനെസ്സും, എന്റടെയിന്മെന്റുമാണ് അവർക്ക് പ്രധാനം. പങ്കാളി തേച്ചുപോയാൽ തൂങ്ങിമരിക്കുന്നവരല്ല അവർ, ഉടനെ പുതിയ ഒരാളെ കണ്ടെത്തുന്നവരാണ്. എല്ലാവരും തുല്യരാവുന്ന ഒരു സാമൂഹിക ക്രമത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് സായുധ വിപ്ലവത്തിന് ഇറങ്ങിയ എഴുപതിലെ തലമുറയൊക്കെ, ജനറേഷൻ ആൽഫയുടെ മുന്നിൽ പ്രായോഗിക ബുദ്ധിയില്ലാത്ത വെറും മണ്ടന്മാർ മാത്രമാണ്.

അതിനിടെ കുട്ടികളുടെ മുന്നിൽവെച്ച് അശ്്‌ളീലം പറഞ്ഞതിന്, തൊപ്പിക്കെതിരെ കേസ് എടുക്കണമെന്ന് പറഞ്ഞ് ചിലർ ബഹളം കൂട്ടുകയും ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്. തീർത്തും ബാലിശം എന്നേ ഇതിനെ പറയാൻ കഴിയൂ. പൊലീസ് നടപടിയിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല ഇത്തരം കാര്യങ്ങൾ. അത് കുട്ടികളിൽ വൈരാഗ്യബുദ്ധിയും, റെബൽ കൾച്ചറും വളർത്തുകയേ ഉള്ളൂ. സൈബർ ലോകത്ത് വളർന്നുവരുന്ന ഒരു തലമുറക്ക് ഒപ്പം, സ്‌നേഹത്തിലൂടെ അവരുടെ കൂട്ടുകാരനായി മാറിയുള്ള ഒരു പാരന്റിങ്ങ് മലയാളിക്ക് പരിചയമില്ല.

ഇതിൽ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ അത് തൊപ്പിയുടെയും അയാളുടെ പ്രായക്കാരായ മറ്റ് കുട്ടികളുടെയും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളുമാണെന്ന് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വീട്ടുകാരും നാട്ടുകാരും മാമൂലുകളുമെല്ലാം നിർമ്മിച്ചു നൽകിയ വിഷം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ നിന്ന് ശുദ്ധവായു വലിച്ചെടുത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് തൊപ്പി നടത്തുന്നത്. ആ ശ്രമം ശരിയായ വഴിയിലുള്ള ഒന്നാണ്. അതിനൊപ്പം നിൽക്കാൻ സമൂഹം മുമ്പോട്ടാണ് പോകേണ്ടതെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ചുമതലയുണ്ട്. ആ രീതിയിലുള്ള ആഴത്തിലുള്ള ഇടപെടലുകളെക്കുറിച്ച് നാം ആലോചിച്ച് തുടങ്ങേണ്ട സമയമാണിത്.

വാൽക്കഷ്ണം: ഇനി തൊപ്പിയെ നമ്മൾ കാണാൻ പോകുന്നത് അടുത്ത ബിഗ്ബോസിൽ ആയിരിക്കും. ഇപ്പോൾ തന്നെ തൊപ്പിയെ ഷോയിൽ എടുക്കണമെന്ന് പറഞ്ഞ് വലിയ മുറവിളി ആരാധകർ തുടങ്ങിയിട്ടുണ്ട്. അതോടെ പുതിയ ഒരു താരോദയത്തിനാവും കേരളം സാക്ഷിയാവുക.