- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മുടിയനായ പുത്രനിൽനിന്ന് നേതാവിലേക്ക്; ദുബായിൽവെച്ച് മദ്യലഹരിയിൽ ശാശ്വതീകാനന്ദയെ മർദിച്ചെന്ന് ആരോപണം; ചെക്ക് കേസിൽ അകത്തായപ്പോൾ രക്ഷിച്ചത് പിണറായി; സരിത കേസിലും മഹേശന്റെ അത്മഹത്യയിലും വിവാദം; തെലങ്കാനയിലെ നൂറുകോടിയുടെ ഓപ്പറേഷൻ ലോട്ടസിന്റെ സൂത്രധാരനോ? എന്നും ഉഷാറായി വിവാദം; നടേശപുത്രൻ തുഷാർ വെള്ളാപ്പള്ളിയുടെ കഥ!
കമഴ്ന്ന് വീണാൽ കാൽപ്പണം എന്ന് നമ്മുടെ വെള്ളാപ്പള്ളി നടേശനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കൊങ്കണിൽ കോൺട്രാക്റ്റ് എടുത്തും, ബാറുകൾ വിജയകരമായി നടത്തിയും, എസ്ൻഡിപി യൂണിയൻ പിടിച്ചെടുത്തുമെല്ലാം വെള്ളാപ്പള്ളി സ്വയം ഒരു പ്രസ്ഥാനമായി. നാരായണഗുരവിൽനിന്ന് യോഗം നടേശ ഗുരുവിലെത്തി! ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞപ്പോൾ, വെള്ളാപ്പള്ളി അതിന് നേർ വിപരീതമായ സദാസമയവും ജാതി പറഞ്ഞുകൊണ്ടിരുന്നു. മദ്യവർജ്ജനം പറഞ്ഞ ഗുരുവിന്റെ സംഘടനയുടെ നേതാവ് കേരളത്തിലെ ഏറ്റവും വലിയ അബ്ക്കാരിയായി!
വിത്തുഗുണം പത്തുഗുണം എന്നാണെല്ലോ. വെള്ളാപ്പള്ളിയുടെ മകൻ തുഷാറും എന്നും വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഉഷാറാണ്. പതുക്കെപതുക്കെ സംഘടനയിൽ പിതാവിന്റെ വഴിയിൽ വളർന്ന ഇയാൾ ഇപ്പോൾ പിതാവിനെ കടത്തിവെട്ടിക്കഴിഞ്ഞു. ബിഡിജെഎസ് എന്ന പാർട്ടിയുണ്ടായതോടെ തുഷാർ, അതിന്റെ എല്ലാമെല്ലാമായി. പിതാവ് വെള്ളാപ്പള്ളി ഇപ്പോഴും ഇടതിനോട് അഭിമുഖ്യം പുലർത്തുമ്പോഴും തുഷാർ, കേന്ദ്രമന്ത്രി, എം പി തുടങ്ങിയ മോഹങ്ങൾ കണ്ട് സംഘ പാളയത്തിലാണ്.
പക്ഷേ സംഘപരിവാർ പോലും ബിഡിജെസിനെ കൊണ്ട് മടുത്തിരിക്കുന്ന കാലമാണ്. ഈ സഖ്യം ഇതുവരെ ക്ലിക്കായിട്ടില്ല. കേരളത്തിൽ ഒറ്റക്ക് നിന്നാൽ കെട്ടിവെച്ച കാശുപോലും കിട്ടാത്ത നേതാവാണ് തുഷാർ. പക്ഷേ അയാൾ ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്. കേരളത്തിൽ ഒന്നുമല്ലാത്ത ഒരു നേതാവാണത്രേ തെലുങ്കാനയിൽ നൂറുകോടി മുടക്കി രാഷ്ട്രീയ അട്ടിമറികൾക്ക് നേതൃത്വം കൊടുക്കുന്നത്. തുഷാർ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും, ആരോപണ പരമ്പരകൾ തുടരുകയാണ്.
നൂറുകോടിയുടെ ഓപ്പറേഷൻ ലോട്ടസ്
തുഷാർ വെള്ളാപ്പള്ളിക്കെതിരേ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രംഗത്ത് എത്തിയിരിക്കയാണ്. ടി.ആർ.എസ്. എംഎൽഎമാരെ ബിജെപി.യിൽ എത്തിക്കാൻ തുഷാർ ശ്രമിച്ചു. ഇതിനായി ടി.ആർ.എസ്. നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. ടി.ആർ.എസ്. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടു.
ടി.ആർ.എസ്. എംഎൽഎ. രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാൻ ബിജെപി ശ്രമം നടത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. നൂറ് കോടി രൂപ ബിജെപിയുടെ ബ്രോക്കർമാർ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ തെലങ്കാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്.നാല് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചു. ബിജെപിയുടെ നാല് ബ്രോക്കർമാർ ഇതിന്റെ ഭാഗമായി. അതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണ് എന്ന് ചന്ദ്ര ശേഖര റാവു ആരോപിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും കെ ചന്ദ്രശേഖര റാവു വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. സിബിഐ. ഇ.ഡി. ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ തുഷാർ പറഞ്ഞു എന്നും ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിലും തുഷാർ ഉണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് ചന്ദ്രശേഖര റാവു കടന്നു. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങളൊക്കെ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജൻസികള്ൾക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ പാർട്ടികളെ മുൻനിർത്തിക്കൊണ്ട് ഈ ശ്രമം രാജ്യവ്യാപക ക്യാമ്പയിൻ ആക്കി മാറ്റി നിയമപരമായി മുമ്പോട്ട് കൊണ്ടുപോകാനാണ് കെ ചന്ദ്രശേഖര റാവുവിന്റെ ശ്രമം.
നോക്കണം, തുഷാർ വേറെ ലെവലാണ്. റോമിങ്ങാണ്. ദേശീയതലത്തിൽ വലിയ ചർച്ചയാണ് ഇയാൾ ആരാണെന്നത്. പക്ഷേ തുഷാറിനെ അറിയുന്നവർക്ക് അതിൽ അദ്ഭുദം ഒന്നുമില്ല. എന്നും വിവാദ നായകനായിരുന്നു അയാൾ.
മുടിയായ പുത്രനിൽനിന്ന് നേതാവിലേക്ക്
വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും പുത്രനായി 1970 ഓഗസ്റ്റ് 27നാണ് തുഷാർ ജനിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന് ബിസിനസിലേക്കാണ് അദ്ദേഹം വന്നത്. ക്രമേണ എല്ലാറ്റിലും വെള്ളാപ്പള്ളിയുടെ അനന്തരവകാശിയായി. ഗ്രീൻസ്റ്റോൺ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും വെള്ളാപ്പള്ളി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടറാണ് അദ്ദേഹം.
ആദ്യകാലത്ത് മുടിയാന പുത്രനായി അറിയപ്പെട്ടിരുന്നു തുഷാറിനെ നാടുമുഴുവൻ ഫ്ളകസ് വെപ്പിച്ച് നടത്തിയ ശക്തമായ കാമ്പയിനിലൂടെ വെള്ളാപ്പള്ളി തന്നെ ഉയർത്തിക്കൊണ്ടുവരികയായിരുന്നു. അച്ഛൻ ആനപ്പുറത്ത് കയറിയവനാണെന്ന ഒറ്റ ക്വാളിഫിക്കേഷനിൽ ശ്രീനാരയണ ധർമപരിപാലന യോഗത്തിൽ മേൽസ്ഥാനം നേടിയെടുക്കാൻ തുഷാറിന് കഴിഞ്ഞിട്ടുണ്ട്. അച്ഛൻ സ്ഥാനമൊഴിയുന്ന മുറയ്ക്ക് യോഗത്തിന്റെ തലവനാകാനും തടസ്സങ്ങളില്ല. എന്നാൽ പിതാവിന്റെ നേതൃപാടവം സംഭാഷണ ചാരുതയും, കുറുക്കൻ ബുദ്ധിയുമൊന്നും തുഷാറിന് അധികം കിട്ടിയിട്ടില്ല.
ഈ 52കാരൻ പൊതുവെ ഒറ്റബുദ്ധിയെന്നാണ് അറിയപ്പെടുന്നത്. പക്ഷേ എങ്ങനെയംു കാശുണ്ടാക്കാൻ മിടുക്കനാണെന്നാണ് എതിരാളികൾ പറയുന്നത്. അതിനിടയിൽ നിരവധി വിവാദങ്ങളിലൂടെയാണ് അയാൾ കടുന്നുപോയത്.
ശാശ്വതീകാനന്ദയുടെ മരണത്തിൽ ആരോപിതൻ
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലും അതിനിടെ തുഷാർ ആരോപിതനായി. മാണി കോഴ ഫെയിം ബിജുരമേശ് 2015ൽ പൊട്ടിച്ച വെടി കേരളത്തെ ഞെട്ടിച്ചിരുന്നു. ശാശ്വതികാനന്ദയെ കൊലപ്പെടുത്തിയതാണെന്നും ഇതിനു പിന്നിൽ വെള്ളാപ്പള്ളിയും മകൻ തുഷാറുമാണെന്നും ബിജു രമേശ് ചാനൽ ചർച്ചയിൽ ആരോപിച്ചു. ഈ വെളിപ്പെടുത്തലുകൾ അന്വേഷിക്കുമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഒരു തുമ്പും ഉണ്ടായല്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൊലപാതകം നടത്തിയതെന്നും ശാശ്വതികാനന്ദയുടെ മരണശേഷം മഠത്തിൽ നിന്നും ഒട്ടേറെ രേഖകൾ കടത്തിക്കൊണ്ടു പോയതായും ബിജു രമേശ് ആരോപിച്ചിരുന്നു.
2002 ജൂലൈയിലാണ് ആലുവയിൽ പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ ശിവഗിരി മുന്മഠാധിപതി ശാശ്വതികാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിനു തലേദിവസം ദുബായിൽവെച്ച് തുഷാർ മദ്യലഹരിയിൽ ശാശ്വതികാനന്ദയെ കൈയേറ്റം ചെയ്‌തെന്നും ഇത് പുറത്തറിയാതിരിക്കാൻ ആണ് പ്രിയനെക്കൊണ്ട് കൊലപാതകം നടത്തിയത് എന്നും ബിജുരമേശ് പറയുന്നു. ദുബായ് പര്യടനത്തിനിടെ എസ്എൻ ട്രസ്റ്റിന്റെ കണക്കുകൾ സംബന്ധിച്ച് ശാശ്വികാനന്ദ വെള്ളാപ്പള്ളിയോട് അന്വേഷിച്ചിരുന്നു. അന്നു രാത്രി തുഷാർ വെള്ളാപ്പള്ളി ശാശ്വതികാനന്ദയെ മർദ്ദിച്ചു. സ്വാമിയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നെന്നും ഇത് തുഷാർ ആക്രമിച്ചതാണെന്ന് സഹായി ജോയ്‌സിനോട് ശാശ്വതീകാനന്ദ പറഞ്ഞെന്നും വളിപ്പെടുത്തലുണ്ട്.
തുടർന്ന് ബഹ്‌റിൻ പരിപാടി റദ്ദാക്കിയ ശാശ്വതികാനന്ദ ഡൽഹി വഴി നാട്ടിലേക്ക് വന്നു. പിറ്റേദിവസം ആലുവയിലെ അദ്വൈതാശ്രമത്തിലെ പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മർദ്ദനമേറ്റതിന്റെ പാടുകൾ സഹായിയായ ജോയ്‌സിയെ കാണിച്ചിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.സോമൻ യഥാർത്ഥ മരണകാരണം പുറത്തുവിട്ടിട്ടില്ല. ഇതിന് പ്രതിഫലമായിട്ടാണ് സോമനെ വെള്ളാപ്പള്ളി എസ്എൻഡിപി യോഗം പ്രസിഡന്റാക്കിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാസ്ത്രീയമായി നീന്തൽ അറിയുന്ന ശാശ്വതീകാനന്ദയും ആരോപിച്ചിരുന്നു. പക്ഷേ അന്വേഷണത്തിൽ തുഷാർ കുറ്റവിമുക്തൻ ആക്കപ്പെടുകയാണ് ഉണ്ടായത്. കേസ് നല്ല രീതിയിൽ അന്വേഷിച്ചില്ല എന്ന പരാതി ഇന്നും ശ്വാശതീകാനന്ദയുടെ ബന്ധുക്കൾക്ക് ഉണ്ട്.
കള്ളപ്പണക്കാരനെന്ന് ശ്രീനാരായണ യോഗം
തുഷാർ വെള്ളാപ്പള്ളിയുടെ ഏറ്റവും വലിയ ശത്രുവെന്ന് പറയുന്നത് എസ്്എൻഡിപി വിമത സംഘടനയായ, ശ്രീനാരയണ യോഗം സംയുക്ത സമിതയാണ്. ഇവർ വെള്ളാപ്പള്ളിയുടെയും മകന്റെയും തരികിടകൾ പലതവണ പുറത്തുവിട്ടിട്ടുണ്ട്. തുഷാർ കുമളി ചക്കുപള്ളത്ത് 45 ഏക്കർ ഏലത്തോട്ടം വാങ്ങിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് യോഗം രണ്ടുവർഷം മുമ്പ് ആരോപിച്ചിരുന്നു. 2019 ഡിസംബറിലാണ് തുഷാർ ഒരു കോടി എഴുപത്തിയൊമ്പത് കോടി നൽകി ഭൂമി വാങ്ങിയത്.പതിനാല് കോടി രൂപയുടെ തോട്ടത്തിന് മുഖവില കാണിച്ചത് 1.79 കോടി മാത്രമാണ്. തുഷാറിന്റെ മകൻ ദേവ് തുഷാർ, അമ്മ പ്രീതി നടേശൻ എന്നിവരുടെ പേരിലാണ് ഏലത്തോട്ടം വാങ്ങിയതെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും ശ്രീനാരായണ യോഗം സംയുക്ത സമിതി പുറത്തുവിട്ടു.
തുഷാർ വെള്ളാപ്പള്ളി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 12 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. യൂണിയന്റെ പണം തട്ടിയെടുത്താണ് തുഷാർ തീവെട്ടി കൊള്ള നടത്തിയത്. ഇത് മഹേശന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. തുഷാറിന്റെയും കുംടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. ഈ അഴിമതി കഥകൾ തന്നെയാണ് മഹേശന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി കൂട്ടിച്ചേർത്തു. ഇതുപോലെയുള്ള അഴിമതി-കള്ളപ്പണ വെട്ടിപ്പ് ആരോപണങ്ങൾ തുഷാറിന് പുത്തരിയല്ല. നേരത്തെയും നിരവധി സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
ദുബായിലെ ചെക്ക് കേസിൽ അറസ്റ്റിൽ
നേരത്തെ തുഷാർ ദുബായിൽ ചെക്ക് കേസിലും പ്രതിയായി അറസ്റ്റിലായിരുന്നു. 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാലായിരുന്നു അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശിയായി അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിന് പരാതിക്കാരൻ. പിന്നീട് തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ പൊലീസിന് കൈമാറുകയായിരുന്നു.
അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു അന്ന് പരാതിയും അറസ്റ്റും വന്നത്. പിന്നീട് കേസ് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു. തുഷാർ ദുബായിൽ ജയിലിൽ അകപ്പെട്ടപ്പോൾ രക്ഷപെടുത്താൻ വേണ്ടി ഇടപെടൽ നടത്തിയത് പിണറായി നേരിട്ടായിരുന്നവെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. യുഎഇയിലെ വ്യവസായ പ്രമുഖന്റെ ഇടപെടൽ ഉറപ്പു വരുത്തിയത് പിണറായി ആണെന്ന് വാർത്തകൾ വന്നിരുന്നു.
സംഭവത്തിൽ തുഷാർ പ്രതികരിച്ചത് ഇങ്ങനെയാണ്. ''ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്. എന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു. യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്. യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്'', തുഷാർ പറയുന്നു.
ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്. തന്റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്. രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ പറഞ്ഞത്.
എന്നാൽ നാസിൽ അബ്ദുല്ലക്ക് പറയാൻ ഉണ്ടായിരുന്നത് മറ്റൊരു കഥയാണ്.
''തുഷാർ പണം തരാത്തതിന്റെ പേരിൽ എനിക്ക് ഒരുപാട് നഷ്ടമുണ്ടായി. അതിന്റെ നഷ്ടപരിഹാരത്തുക ഉൾപ്പടെയാണ് തുക ഇത്രവലുതായത്.തുഷാറിന്റെ കൈയിൽ നിന്ന് പണം കിട്ടാത്തതിന്റെ പേരിൽ ആറ് മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഒന്നര വർഷത്തോളം നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് പ്രയാസമനുഭവിച്ചു. തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചതു പോലുള്ള സഹായങ്ങൾ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. ഇതിന് മുൻപ് ഒരിക്കൽ ആകെ തുകയുടെ 10 ശതമാനം തരാമെന്ന് തുഷാർ വെള്ളാപ്പള്ളിയുടെ വാഗ്ദാനം വിശ്വസിച്ച് ഒത്തുതീർപ്പിന് തയാറായിരുന്നു. അന്ന് 5 ശതമാനം പണവും 5 ശതാമാനം മറ്റൊരുടേയോ ചെക്കും തന്നു. ആ ചെക്കുകളിൽ നിന്ന് പണം ലഭിച്ചില്ലെന്നും നാസിൽ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ മറ്റു പലർക്കും പണം നൽകാനുണ്ട്. പത്തോളം പേരെ എനിക്ക് നേരിട്ടറിയാം. പലരും ഭയം കാരണം കേസിനു പോകാതിരിക്കുകയാണ്.ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാർ രേഖകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നതിനാൽ, പണം പോയ്‌ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്നായിരിക്കാം അവർ ചിന്തിക്കുന്നത്. അവരിൽ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കിൽ വെളിപ്പെടുത്താൻ തയാറാണ്''- നാസിൽ പറഞ്ഞു.
തുഷാർ പണം നൽകാനുള്ള കാര്യം ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയെ അറിയിച്ചെങ്കിലും ഘടകകക്ഷി നേതാവായതുകൊണ്ട് പരാതിയിൽ ഇടപെടാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നാണ് നാസിൽ പറഞ്ഞത്. തെരഞ്ഞടുപ്പ് സമയത്തായിരുന്നു ശ്രീധരൻപിള്ളയുമായി സംസാരിച്ചത്. വെള്ളാപ്പള്ളി നടേശൻ തുടങ്ങി തുഷാറുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചു. എന്നാൽ ആരിൽ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും നാസിൽ പറഞ്ഞു. തുഷാർ അറസ്റ്റിലായതിനുശേഷം ഈ കേസ് ഒടുവിൽ ഒത്തുതീർപ്പാക്കി എന്നാണ് അറിയുന്നത്.
മഹേശന്റെ അത്മഹത്യയിലും ആരോപിതൻ
കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയിലും വെള്ളാപ്പള്ളി നടേശെേനപ്പാലെ തുഷാറും ആരോപണ വിധേയനയായി. കെ.കെ.മഹേശൻ അത്ര സാധാരണക്കാരനായിരുന്നില്ല. എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി എന്നതിനു പുറമേ എസ്.എൻ.ഡി.പി. യോഗം നടത്തുന്ന മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ കൂടിയായിരുന്നു. എല്ലാറ്റിനും പുറമേ എസ്.എൻഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സന്തത സഹചാരിയും. ഒന്നും രണ്ടും വർഷമല്ല, 31 വർഷം.
മരിക്കുന്നതിന് മുമ്പ് ഇദ്ദേഹം വെള്ളാപ്പള്ളി നടേശന് എഴുതിയ കത്തിൽ വ്യക്തമായ ചില അഴിമതിക്കഥകൾ ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയുടെ ചാരായ ഗോഡൗണിൽ ജോലിക്ക് കയറിയ കാലം മുതൽ 31 വർഷത്തെ കാര്യങ്ങളാണ് വിവരിക്കുന്നത്. വെള്ളാപ്പള്ളിയുടെ അഞ്ചു കള്ളു ഷാപ്പുകൾ തന്റെ പേരിൽ ബിനാമിയായി നടത്തിയത്, വയർലെസ് സെറ്റ് അനധികൃതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന വിവാദ കേസിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ, ചില ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധങ്ങളും അവരെ സംഘടനയുടെ. യോഗങ്ങളിൽ എതിരാളികളെ ഒതുക്കാൻ ഉപയോഗിച്ചത്, കോളേജ് അദ്ധ്യാപക നിയമനത്തിന് 11 പേരിൽ നിന്ന് പണം വാങ്ങി വച്ചിരിക്കെ നടന്ന ആദായ നികുതി റെയ്ഡിനിടയിൽ അത് പുറത്തെത്തിച്ചതിന്റെ വിശദാംശങ്ങൾ, കണിച്ചുകുളങ്ങര ക്ഷേത്രക്കണക്കിലും ട്രസ്റ്റ് കണക്കിലുമെല്ലാമുള്ള ക്രമക്കേടിന്റെ വിവരങ്ങൾ എന്നിങ്ങനെ നീളുന്നു അവ. ഇതിൽ ശരികളും ശരികേടുകളുമുണ്ടാവാം. പക്ഷേ അതിലൊന്നും നേരാവണ്ണം അന്വേഷണം നടന്നില്ല. കത്തിൽ തുഷാറിനെതിരെയും പരാമർശങ്ങൾ ഉണ്ടായിരുന്നു.
സരിത കേസിലും ആരോപിതൻ
വന്നുവന്ന് ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞപോലെ തുഷാർ വെള്ളാപ്പള്ളിയില്ലാത്ത പരിപാടികളും ഇല്ലാതായി. ടീ സോളാറുമായി തുഷാർ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിത എസ് നായർ പറഞ്ഞത് വാർത്തയായിരുന്നു. പക്ഷേ വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തിയെന്നും, കൂടുതൽ ഭീഷണി തുടർന്നാൽ എല്ലാ സത്യങ്ങളും വിളിച്ചു പറയുമെന്ന് അന്ന് സരിത പറഞ്ഞിരുന്നു.
എന്നാൽ തുഷാറിനെതിരെ സരിതയുടെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ആണെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. സോളർ കേസിൽ കെ സി വേണുഗോപാലിന് വ്യക്തമായ ബന്ധമുണ്ട്. സരിതയെ വെച്ച് തന്റെ മകനെ പറയിപ്പിക്കുന്നത് വേണുഗോപാൽ ആണ്. മൂന്മന്ത്രി കെബി ഗണേശ്‌കുമാറിനും കെസി വേണുഗോപാലിനും സ്വഭാവ സർട്ടിഫിക്കേറ്റ് നൽകിയതിലൂടെ തന്നെ വ്യക്തമാവുന്നുണ്ടല്ലോ സരിതക്ക് ബന്ധം ആരുമായി ആണെന്ന്. ആരെക്കുറിച്ചും എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ആരാണ് സരിതക്ക് നൽകിയത്. അങ്ങനെ ആണെങ്കിൽ ആ ലൈസൻസ് എനിക്കുമുണ്ട്. ''- വെള്ളാപ്പള്ളി വ്യക്തമാക്കി.
തന്നെക്കുറിച്ചും മകനെക്കുറിച്ചും എന്തും വിളിച്ച് പറയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, സോളർ കേസിൽ തനിക്കും കടുംബത്തിനും പങ്കുണ്ടെങ്കിൽ സരിയ അത് പുറത്തുകൊണ്ടഎ വരെട്ടശ എന്നും വെള്ളപ്പാള്ളി പറഞ്ഞു. സരിതയെ അദ്ദേഹം വാസവദത്തയോടാണ് ഉപമിച്ചത്. പക്ഷേ ഇതിന് ഞാൻ മറുപടി പറഞ്ഞാൽ അൽപ്പം കൂടിപ്പോകും എന്നാണ് സരിത തിരിച്ചടിച്ചത്.
ശ്രീനാരയീണയർക്ക് ബാധ്യത
ഗുരദേവൻ എന്താണോ പറഞ്ഞത് അതിന് നേർ വിപരീതമാണ് പിതാവും പുത്രനും ചേർന്ന് കട്ടിക്കൂട്ടുന്നതെന്ന് വ്യാപക വിമർശനമുണ്ട്. ലൗജിഹാദ് നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ എല്ലാം, തുഷാർ തീവ്രമായ നിലപാട് ആണ് എടുത്തത്.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ നാർക്കോട്ടിക് ജിഹാദ് വലിയ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണമായി തുഷാറും എത്തിയിരുന്നു. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇപ്പോൾ ഹിന്ദുവിന്റെ അവസ്ഥ എങ്ങനെയാണെന്ന് തുഷാർ പറയുന്നത് കേൾക്കൂ;'' ഒരു ഹിന്ദു കുട്ടി പഠിക്കുന്ന സ്‌കൂളിൽ അവന്റെ അതേ ബഞ്ചിൽ ഇരിക്കുന്ന ന്യൂനപക്ഷ മതക്കാരായ കുട്ടികൾക്ക് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും സാമ്പത്തിക സഹായം കിട്ടുന്നു. ഒരു മുസ്ലിം സ്ത്രീ കല്യാണം കഴിച്ചാലും പണം കിട്ടും വിധവയായാലും പണം കിട്ടും. ഹിന്ദുവോ! ഇങ്ങനെ പലതരത്തിലാണ് ഇവിടെ ഹിന്ദുക്കളെ നശിപ്പിക്കുന്നത്.''- ശ്രീധരൻപിള്ളക്കൊപ്പം ശബരിമല സമരത്തിൽ പങ്കെടുത്തു തുഷാർ പറഞ്ഞ വാക്കുകളാണിത്.
എന്നാലും തുഷാർ ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കും എന്ന് ശബരിമല സമരക്കാലത്തുതന്നെ ശ്രീനാരയണീയർ ചൂണ്ടിക്കാട്ടിയിരുന്നു. ഫേസ്‌ബുക്കിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്. '' ഗുരുവും ആശാനും ഡോ. പൽപ്പുവും ടി കെ മാധവനും സി കേശവനുമൊക്കെ ആരായിരുന്നുവെന്നും അവർ പറഞ്ഞതും പ്രവർത്തിച്ചതും എന്തായിരുന്നുവെന്നുമൊക്കെ ഇനിയെങ്കിലും അറിയാൻ ശ്രമിക്കണം. ഗുരുവിന്റെയും അയ്യൻകാളിയുടെയും കെ പി കറുപ്പന്റെയും പൊയ്കയിൽ അപ്പച്ചന്റെയുമൊക്കെ ചിത്രം പതിപ്പിച്ചു വച്ച രഥത്തിൽ കയറിയിരുന്നതുകൊണ്ട് അതിനാകില്ല. ആ മഹാമനുഷ്യരെക്കുറിച്ച് അറിഞ്ഞാൽ മേലിലെങ്കിലും ഇത്തരം സാഹസങ്ങൾ ചെയ്യാതാരിക്കാൻ ബുദ്ധി തോന്നും. ജാതിശ്രേണിയുടെ ചിട്ടവട്ടങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നവരുടെ കൂടെ നിന്ന് ഹിന്ദു ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ ജാള്യം തോന്നും. നമ്പൂതിരി മുതൽ നായാടിയെ വരെ ഒന്നിപ്പിക്കാൻ ഇറങ്ങിയ അച്ഛന്റെ അനുഭവം തനിക്കുണ്ടാകരുതേയെന്ന കരുതൽ എടുക്കും.
തുഷാർ പറഞ്ഞൊരു കാര്യം വളരെ ശരിയാണ്; ഇന്നു കാണുന്ന കേരളമായിരുന്നില്ല കാൽ നൂറ്റാണ്ടിനു മുമ്പ്. പക്ഷേ, ആ കേരളമായിരുന്നില്ല അതിനു മുമ്പ് ഉണ്ടായിരുന്നത്. ആ കേരളത്തെക്കുറിച്ചാണ് തുഷാറിനെ പോലൊരാൾ ഇപ്പോൾ പറയേണ്ടിയിരുന്നത്. അറിയാനും അറിയിക്കാനും പറഞ്ഞ ഗുരുവിനെയായിരുന്നു തുഷാർ അനുസരിക്കേണ്ടിയിരുന്നത്, അല്ലാതെ ശ്രീധരൻ പിള്ളയെ പോലുള്ളവർക്കായി വർഗീയതയ്ക്കു വേണ്ടി വാദിക്കാനും ജയിക്കാനുമല്ല. തുഷാർ ഇന്നു കാണുന്നതിനെക്കാൾ മോശമായൊരു കാലം ഈ കേരളത്തിനുണ്ടായിരുന്നു. അതിൽ നിന്നും ഈ നാടിനെ നവീകരിച്ച് എടുത്തവരെ ഒറ്റുകൊടുക്കാനാണ് എസ് എൻ ട്രസ്റ്റ് അസിസ്റ്റൻ സെക്രട്ടറി കൂടിയായ തുഷാർ ഇപ്പോൾ കൂട്ടു നിന്നുകൊടുക്കുന്നത്.''- ഈ കുറിപ്പ് ശ്രീനാരയണീയർക്ക് ഇടയിലും പ്രചരിച്ചിരുന്നു.
ബിജെപിക്കും മടുത്തു
ബിഡിജെഎസിനെ ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ തുഷാറിന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ലോകസഭയിൽ തോറ്റാൽ രാജ്യസഭയിൽ സീറ്റ്. കേന്ദ്ര സഹമ്രന്തി സ്ഥാനം എന്നിങ്ങനെ എന്തെല്ലാം. പക്ഷേ ബിജെപി ഒന്നും കൊടുത്തില്ല. ബിഡിജെഎസിന് ആണെങ്കിൽ കരുത്ത് തെളിയിക്കാനും കഴിഞ്ഞില്ല. ശരിക്കും ബിജെപിക്ക് ബാധ്യതയാവുകയാണ് തുഷാറും ബിഡിജെഎസും.
കേരളത്തിൽ എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ കക്ഷി ബിഡിജെഎസ് ആണ്. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് സംസ്ഥാനതലത്തിൽ തന്നെ തകർന്ന നിലയിലാണ്. പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്ന് പിളർപ്പുകൾ ഏറ്റുവാങ്ങിയ ചരിത്രമാണ് ബിഡിജെഎസിനുള്ളത്.ബിഡിജെഎസിന്റെ രാഷ്ട്രീയം വെള്ളാപ്പള്ളി നടേശൻ തീരുമാനിക്കുന്നതാണ് . അതുകൊണ്ട് ബിജെപിക്ക് ബിഡിജെഎസിനെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണ്. ബിഡിജെഎസ് ചില സന്ദർഭങ്ങളിൽ ബിജെപിയുടെ നയങ്ങളെ എതിർക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളാപ്പള്ളിയാവട്ടെ പിണറായിക്കും സിപിഎമ്മിനും വേണ്ടിയാണ് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. എസ്എൻഡിപി യോഗത്തിന്റെ അണികളെ ഉദ്ദേശിച്ചാണ് ബിജെപി ബിഡിജെഎസിനെ ഉൾക്കൊണ്ടത്. ഒരു വേള തുഷാർ വെള്ളാപ്പള്ളിയെ കേന്ദ്ര സഹമന്ത്രിയാക്കുമെന്നുവരെ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടത് പക്ഷത്തിന് അനുകൂലമായതോടെ അണികളുടെ ബിജെപിയിലേയ്ക്കുള്ള ഒഴുക്ക് നിച്ചു. എന്നാലും കഴിഞ്ഞ ബിജെപി സർക്കാർ കേന്ദ്രകോർപ്പറേഷനുകളിലും , ബോർഡുകളിലും സ്ഥാനം നൽകിയിരുന്നു. എന്നാലിപ്പോൾ ബിജെപിക്ക്, ബിഡിജെഎസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്.
എന്നാൽ അനുയോജ്യമായ പദവി കേന്ദ്രസർക്കാരിൽ നിന്നും കിട്ടാതെ വന്നതോടെ തുഷാറിന്റെ രാഷ്ട്രീയ മോഹം ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എൻഡി എ യോഗങ്ങൾ ചേരാറില്ല. യോഗം വിളിക്കാൻ തുഷാറിനോ ബിജെപി പ്രസിഡന്റിനോ തീരെ താൽപ്പര്യവുമില്ല. തുഷാർ വെള്ളാപ്പള്ളിക്ക് എൻഡിഎ കൺവീനർ സ്ഥാനം വെറും അലങ്കാരത്തിന് വേണ്ടി മാത്രമുള്ളതെന്നാണ് ആരോപണം. പിണറായി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കൊന്നും എൻഡിഎ അധ്യക്ഷൻ പ്രതികരിക്കാറുമില്ല. കേരളത്തിൽ എൻഡിഎ പിരിച്ചു വിട്ട് പുതിയ കക്ഷികളെ കൂട്ടിചേർത്ത് മുന്നണി വിപുലീകരിക്കണമെന്നാണ് ബിജെപി നേതൃത്വത്തോട് അണികൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ആ സമയത്താണ് തെലുങ്കാനയിലെ പുതിയ വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ ലോക്കൽ അധോലോകമായിരുന്നു ഈ സംഘം അന്താരാഷ്ട്ര റോമിങ്ങ് സംഘമായി മാറിയിരിക്കയാണ്. ഇനി എന്തൊക്കെ സംഭവിക്കും. കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: ഒരിക്കൽ കേന്ദ്ര സഹമന്ത്രിയാവുമെന്നൊക്കെ സജീവമായി കേട്ടിരുന്ന പേരാണ് തുഷാറിന്റെത്. ഒന്ന് ഓർത്തുനോക്കണം, ഇതുപോലെ ഒരു ഷേഡി ക്യാരക്ടർ മന്ത്രി ആയാലുള്ള അവസ്ഥ എന്താകുമായിരുന്നു!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ