- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മക്കൾ അകാലത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട് കഴിയുന്ന 'ജയകൃഷ്ണൻ'; 37വർഷം കഴിഞ്ഞിട്ടും ആരാധകർ വരുന്നതിൽ അത്ഭുതപെട്ട് 'ക്ലാര'; 'തങ്ങൾ' എന്ന പിമ്പിനെ ഇന്ന് ചിത്രീകരിക്കാൻ കഴിയുമോ? തൃശൂർ ഭാഷാ വിവാദത്തിലുടെ വീണ്ടും ചർച്ചകളിൽ; മലയാളത്തിന്റെ ക്ലാസിക്ക് കൾട്ട് തൂവാനത്തുമ്പികളുടെ കഥ!
തുറന്നിട്ട ജനാലയിലൂടെ തെറിക്കുന്ന മഴത്തുള്ളികൾ, അതിനടുത്ത് മേശപ്പുറത്ത് നിവർത്തി വച്ച വെള്ളക്കടലാസ്. ജയകൃഷ്ണൻ എഴുതി തുടങ്ങുകയാണ്.-''പ്രിയപ്പെട്ട ക്ലാരക്ക്''. പുറത്ത് ഉന്മത്തരായ കാർമേഘകൂട്ടങ്ങൾ ഭൂമിയുടെ മാറിലേക്ക് മഴയായി പെയ്തിറങ്ങുന്നു. അകമ്പടിയായി ജോൺസൻ മാസ്റ്റർ സൃഷ്ടിച്ചെടുത്ത മാന്ത്രിക പശ്ചാത്തല സംഗീതവും. അവിടെ പതുക്കെ തെളിഞ്ഞുവരുന്ന ക്ലാരയുടെ മുഖം. മഴയ്ക്ക് ക്ലാരയുടെ മുഖം നൽകാൻ പത്മരാജനനെപ്പോലെ ഒരു പ്രതിഭക്ക് അല്ലാതെ വേറെ ആർക്ക് കഴിയും. പ്രണയം, മഴ, രതി, സംഗീതം എല്ലാം കൃത്യമായി ചേർന്നതാണ് 'തൂവാനത്തുമ്പികൾ' എന്ന ചലച്ചിത്രത്തെ നിത്യഹരിതമാക്കുന്നത്.
1987 ജൂലൈ 31. അന്നുവരെ മലയാളിക്ക് കണ്ടുപരിചയമില്ലാത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ടതലം പ്രമേയമാക്കിയ, തൂവാനത്തുമ്പികൾ റിലീസായത് അന്നാണ്. കാലത്തിന് മുമ്പേ ഇറങ്ങി തീയേറ്ററുകളിൽ പരാജയപ്പെട്ട ചിത്രമായിരുന്നു അത്. ആ വർഷത്തെ സിനിമ അവാർഡുകളിലും ചിത്രം ഇടം പിടിച്ചില്ല. പക്ഷേ കഴിഞ്ഞ 37 വർഷമായി മലയാളത്തിലെ ചലച്ചിത്ര പ്രേമികൾക്കിടയിൽ ഇന്നും ഒരു കൾട്ടായി ആ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരോവട്ടം കാണുമ്പോഴും പുതിയതെന്തെങ്കിലും കണ്ടെത്താനാവുന്ന എന്തോ ഒരു മാജിക്കുണ്ട് തൂവാനത്തുമ്പികൾക്ക്. ന്യുജൻ സംവിധായകരുടെ പാഠപുസ്തകമാണ് ഈ ചിത്രം. ഇന്നും ഓരോ വർഷവും തൂവാനത്തുമ്പികളെക്കുറിച്ച് പുതിയ ചർച്ചകളും പഠനങ്ങളും വരുന്നു. ലക്ഷക്കണക്കിന് ആളുകൾ ചിത്രം കാണുന്നു. മലയാളത്തിൽ ഇതുപോലെ കൾട്ടായ ഒരു ചിത്രം വേറെ ഇല്ലെന്ന് പറയാം.
പക്ഷേ ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ രഞ്ജിത്ത് ഉയർത്തിവിട്ട ഒരു വിമർശനത്തിലൂടെ ചിത്രം വീണ്ടും ചർച്ചയാവുകയാണ്.
ഇന്ത്യൻഎക്പ്രസിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് -'നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്.
നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്''- ഇതാണ് തൂവാനത്തുമ്പികളുടെ ആരാധകരെയും, മോഹൻലാൽ ഫാൻസിനെയും പ്രകോപിപ്പിച്ചത്. ഇതോടെ അതിശക്തമായ സൈബർ ആക്രമണം രഞ്ജിത്തിനുനേരെ ഉണ്ടായിരിക്കയാണ്. അതോടൊപ്പം തൂവാനത്തുമ്പികൾ എന്ന ചലച്ചിത്ര കൾട്ടും വീണ്ടും ചർച്ചയാവുകയാണ്.
മഴക്ക് ക്ലാരയുടെ മുഖം
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു തൂവാനത്തുമ്പികളിലെ ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോൾ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ല. സുമലത എന്ന അഭിനത്രിയുടെ കത്തുന്ന സൗന്ദര്യവും അഭിനയമികവും ആ കഥാപാത്രത്തെ നിത്യഹരിതമാക്കി. മോഹൻലാൽ അവതിരിപ്പിച്ച ജയകൃഷ്ണനേക്കാൾ, സുമലത എന്ന ക്ലാരയുടെ ചിത്രമാണ് തൂവാനത്തുമ്പികൾ എന്ന് പിന്നീട് നിരുപണങ്ങൾ വന്നു. സദാചാര മലയാളിയെ കുറച്ചൊന്നുമല്ല, ഈ ത്രികോണ പ്രണയം പ്രകോപിപ്പിച്ചത്. ഒരു കോൾ ഗേളായി വന്ന് പിന്നീടങ്ങോട്ട് നിത്യ പ്രണയിനിയാവുകയാണ് ക്ലാര.
മനസ്സുറപ്പിന്റെ കാര്യത്തിൽ ജയകൃഷ്ണനെയും രാധയെയും ( പാർവതി) കടത്തിവെട്ടും ക്ലാര. എടുത്ത പല തീരുമാനങ്ങളും സാഹചര്യങ്ങൾകൊണ്ട് മാറ്റേണ്ടിവന്നവരാണ് ജയകൃഷ്ണനും രാധയും. ക്ലാര അങ്ങനെയല്ല. ഒരു തീരുമാനമെടുത്താൽ സ്നേഹത്തിനോ, സഹതാപത്തിനോ ഒന്നിനും ക്ലാരയുടെ മനസ്സുമാറ്റാനാവില്ലെന്നു വ്യക്തം. നേരിട്ടറിഞ്ഞ ജയകൃഷ്ണനെയും, കേട്ടറിഞ്ഞ രാധയെയും ഒരേപോലെ ആഴത്തിൽ മനസ്സിലാക്കി തീരുമാനിച്ചുറപ്പിച്ചാണ്, ജയകൃഷ്ണനെ കാണാൻ അവസാനമായി ക്ലാര വരുന്നത്.
ജയകൃഷ്ണനെ മനസ്സിലാക്കുന്നതിലും, അയാളെ അടക്കിനിർത്തുന്നതിലും എപ്പോഴും ക്ലാരയ്ക്കാണ് മേൽക്കെ. അവൾ പറയുന്നതെന്തും ക്ഷമയോടെ കേൾക്കുകയും, അവളുടെ ഇഷ്ടങ്ങൾക്കും കുസൃതികൾക്കും കൂടെകൂടുകയുമാണ് ജയകൃഷ്ണൻ. രാത്രി കടൽക്കരയിൽ 'താനിനി എല്ലാവരെയും കണ്ടുതുടങ്ങുമോ' എന്നയാൾ ആശങ്കപ്പെടുന്നുണ്ട്. 'അതൊന്നുമില്ല' എന്ന് ഉടൻ മറുപടി കൊടുത്തു ജയകൃഷ്ണനെ ആശ്വസിപ്പിക്കുന്ന ക്ലാരയിലെ പെണ്ണ്, ആ കുറഞ്ഞ സമയത്തിനുള്ളിൽ എത്രവേഗമാണ് ജയകൃഷ്ണനെയും അയാളിലെ പ്രണയത്തെയും പഠിച്ചെടുത്തത്.
മലയാളിയുടെ സദാചാര ബോധത്തിന്റെ കപടഭാവത്തെ ക്ലാര പിച്ചിച്ചീന്തുകയാണ്. ''എന്തായാലും നശിക്കും ...എന്നാപ്പിന്നെ അന്തസായി നശിച്ചു കൂടെ... ആശ തീർന്നു മരിച്ചൂടെ?'' ഇങ്ങനെയൊരു ചോദ്യം പത്മരാജൻ സിനിമയിലെ ഉണ്ടാകു. അതു പറയാൻ ക്ലാരക്കേ കഴിയൂ. ക്ലാരയ്ക്ക് പിന്നാലെ ഒരു സ്വപ്നാടനത്തിലെന്നപോലെ മലയാളി യുവത്വം പോയെങ്കിൽ, അതിന് പിന്നിൽ പി പത്മരാജൻ എന്ന പ്രതിഭയുടെ കൈയൊപ്പ് കൂടിയുണ്ട്.
അവസാന കൂടിക്കാഴ്ചയിൽ ക്ലാരയിലെ പ്രണയമാണോ, മാതൃത്വമാണോ മുന്നിട്ടുനിൽക്കുന്നതെന്നു വേർതിരിച്ചെടുക്കുക പ്രയാസം. ജയകൃഷ്ണനോടുള്ള പ്രണയവും, കുഞ്ഞിനോടുള്ള വാത്സല്യവും ഒരേ ഫ്രെയിമിലാണ് പത്മരാജൻ പകർത്തിയിരിക്കുന്നത്. എന്തിലും ജയകൃഷ്ണനെക്കാൾ പക്വത കാണിക്കുന്ന ക്ലാര, ആ ഷോട്ടിലും കൂടെ പറക്കുന്ന തുമ്പിക്ക് മുകളിലാണ്. ഒറ്റപ്പാലം സ്റ്റേഷനിൽ ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ഭർത്താവിനും, കുഞ്ഞിനുമൊപ്പം ക്ലാര മടങ്ങിയെങ്കിലും, പ്രേക്ഷകർ ഇന്നും ക്ലാര നടന്ന മഴ നനവുള്ള വഴികളിൽ അവൾക്കായി കാത്തിരിക്കയാണ്.
ജയകൃഷ്ണനായി നിറഞ്ഞാടി ലാൽ
ഗ്രാമത്തിലെ വലിയ വീട്ടിൽ തായ്മൊഴിയായി കിട്ടിയ സ്വത്തിന്റെ മേൽനോട്ടം വഹിച്ച് കഴിയുന്ന പിശുക്കനും കടും പിടുത്തക്കാരനുമായ ജയകൃഷണൻ എന്ന മോഹൻലാലിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ആൺമേധാവിത്വത്തിന്റെ ലക്ഷണമൊത്തൊരു നായകനാണ് ജയകൃഷ്ണൻ. എന്നാൽ വീട് വിട്ടാൽ റൊമാന്റിക്കും, ചങ്ക് ബ്രോയുമാണയാൾ. ഋഷി ( അശോകൻ) നടത്തുന്ന ഇലട്രിക് കടയിൽ സന്ദർശനം നടത്തുന്ന ജയകൃഷ്ണന്റെ മറ്റൊരു മുഖം പിന്നീട് അനാവൃതമാകുന്നുണ്ട്. '' മ്മ്ക്കും ഒന്നു സുഖിക്കേണ്ടേ ഇഷ്ടാ...'' എന്ന ഋഷിയുടെ ചോദ്യത്തിനു മുമ്പിൽ നിഷ്ക്കളങ്കമായി ചിരിക്കുന്ന ജയകൃഷ്ണനെയല്ല, നഗരത്തിലെ മുന്തിയ ബാറിലും ലോഡ്ജിലും നാം കാണുന്നത്.
കാമുകിയോടും, ഭാവി ഭാര്യയോടും, നഷ്ടപ്പെടാൻ ഏറെയുണ്ടായിട്ടും സത്യം മാത്രമേ ജയകൃഷ്ണൻ പറയുന്നുള്ളു. ഇരട്ട ജീവിതത്തിന്റെ ജയവും തോൽവിയും ഏറ്റുവാങ്ങുമ്പോഴും, തന്റെതായ ശരികളും, നിലപാടുകളും അയാൾ മാറ്റുന്നില്ല. ക്ലാരയെ മണ്ണാർതൊടിയിലേക്ക് ക്ഷണിച്ചതും, രാധ എതിർത്തിട്ടും ക്ലാരയെ കാണാൻ പോകുന്നതും അതുകൊണ്ടാണല്ലോ. മറ്റുള്ളവരെയിട്ട് അമ്മാനമാടുന്ന ജയകൃഷ്ണൻ, മദർ സുപ്പീരിയറും, പുന്നൂസ് മുതലാളിയും ഒന്ന് തന്നല്ലേന്ന് ചോദിക്കുന്നവളുടെ മുന്നിൽ മാത്രം ഉടനീളം തരളിതനും, ദുർബലനുമാണ്.
ഇന്ന് രഞ്ജിത്ത് പറഞ്ഞപോലെ തൃശൂർ ഭാഷയായിരുന്നില്ല തുവാനത്തുമ്പികൾ കാണുന്നവർ ശ്രദ്ധിച്ചത്. ഇന്നും മോഹൻലാലിന്റെ ചിത്രത്തിലെ അഭിനയം ക്ലാസിക്കാണെന്ന് പറഞ്ഞ് നിരൂപണങ്ങൾ വരുന്നു. ചലച്ചിത്ര നിരൂപകൻ സഫീർ അഹമ്മദ് ഇങ്ങനെ എഴുതുന്നു. -''തൂവാനത്തുമ്പികളിൽ മോഹൻലാലിന്റെ ഒട്ടനവധി സൂക്ഷമാഭിനയ മികവ് വിളിച്ചോതുന്ന രംഗങ്ങൾ ഉണ്ടെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ആൽത്തറയിൽ ചെരിഞ്ഞ് കിടന്ന് കൊണ്ട് ക്ലാരയെ കുറിച്ച് ജയകൃഷ്ണൻ രാധയോട് പറയുന്ന രംഗം..ക്ലാര ഇനിയും വന്നാൽ 'എനിക്ക് തന്നെ ഉറപ്പില്ല എന്നെ കുറിച്ച്' എന്ന് രാധയോട് പറയുമ്പോൾ ഉള്ള ജയകൃഷ്ണന്റെ ഭാവം,ക്ലാര ഇനി വരുമ്പോൾ പഴയ ക്ലാര ആയിരിക്കില്ല എന്ന് രാധ പറയുമ്പോൾ 'നേരൊ' എന്ന് ജയകൃഷ്ണൻ ചോദിക്കുമ്പോഴുള്ള കണ്ണിലെ തിളക്കവും ഭാവവും..അതി മനേഹരമാണത്..
ക്ലാര വന്നാൽ തനിക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന നിസ്സഹായതയും,ക്ലാര ഇനി വന്നാൽ തന്നെ പഴയ ക്ലാര ആയിരിക്കില്ല എന്ന് കേൾക്കുമ്പോഴുള്ള ആശ്വാസവും പ്രതീക്ഷയും ഒക്കെ ഞൊടിയിടയിലാണ് ജയകൃഷ്ണനിലൂടെ,മോഹൻലാലിലൂടെ മിന്നി മറയുന്നത്.''- സഫീർ ചൂണ്ടിക്കാട്ടുന്നു.
ക്ലാര ജയകൃഷ്ണനെ കാണാൻ ഇനിയും വരുമോ? ക്ലാര വരുന്നതറിഞ്ഞാൽ ജയകൃഷ്ണൻ ഇനിയും പോവുമോ? അങ്ങനെ പോയാൽ രാധ പൊറുക്കുമോ? ഇങ്ങനെയൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ഇന്നും തൂവാനത്തുമ്പികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയറാറുണ്ട്. സംവിധായകൻ കാണാമറയത്തേക്ക് യാത്രയായതുകൊണ്ട്, എന്നും ആരാധകരുടെ മനസ്സിലാണ് തൂവാനത്തുമ്പികളുടെ രണ്ടാം ഭാഗമുള്ളത്.
ഉദകപ്പോള തൂവാനത്തുമ്പികളായപ്പോൾ
പത്മരാജൻ രചിച്ച 'ഉദകപ്പോള' എന്ന നോവലിനെ അടിസ്ഥാനമാക്കി തയാറാക്കിയ ചിത്രമാണ് 'തൂവാനത്തുമ്പികൾ'. 1965ൽ തൃശൂർ ആകാശവാണിയിൽ അനൗൺസറായി ചേർന്നകാലത്താണ് പത്മരാജൻ തൃശൂരിലെ രാത്രി സൗഹൃദക്കൂട്ടങ്ങളിൽ എത്തുന്നത്. അന്ന് പരിചയപെട്ട കാരിക്കകത്ത് ഉണ്ണിമേനോൻ ആണ് ഉദകപ്പോള നോവലിലെ ഒരു കഥാപാത്രമായത്. കഞ്ചാവ് വർക്കി, എക്സ്പ്രസ്സ് ജോർജ്, വിജയൻ കാരോട്ട് തുടങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അധികരിച്ചാണ് സഹ കഥാപാത്രങ്ങളെ മെനഞ്ഞത്. ശക്തൻ സ്റ്റാൻഡിനു സമീപമുള്ള കാസിനോ ഹോട്ടലിലെ ശബരി ബാർ ആയിരുന്നു ഇവരുടെ തട്ടകം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി സിനിമയിൽ പത്മരാജൻ സംയോജിപ്പിച്ചു. ഉദകപ്പോള എന്ന നോവലിനുവേണ്ടി ജയകൃഷ്ണയെും ക്ലാരയെയും വരച്ചത് പ്രശസ്ത സംവിധായകൻ ഭരതൻ ആയിരുന്നു. പക്ഷേ അദ്യം ആ വര കഥയിൽ ഉൾപ്പെടുത്തിയില്ല. ഭരതന്റെ വരകളും ചേർന്ന 'ഉദകപ്പോള' പിന്നീട് പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ എന്ന ഗ്രാമത്തിൽ ധാരാളം ഭൂസ്വത്തുക്കൾ ഉള്ള പഴയ ഫ്യൂഡൽ തറവാട്ടിൽ ഒരു അഡ്വക്കേറ്റിന്റെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഉണ്ണി മേനോന്റെ ജനനം. മൂത്ത മകൻ നന്നേ ചെറുപ്പത്തിൽ മരിച്ചതുകൊണ്ട് ഇദ്ദേഹത്തെ വളരെ ലാളിച്ചാണ് വളർത്തിയത്. വിദ്യാഭ്യാസത്തിന് കേരളവർമ്മ കോളേജിൽ എത്തിയത് മുതലാണ് സിനിമയിൽ കാണിച്ചത് പോലെയുള്ള ജീവിതം ആരംഭിച്ചതത്രേ. കൈയിൽ ധാരാളം പൈസയും സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാനുള്ള സാഹസിക മനോഭാവവും ആണ് തനിക്ക് ഇത്ര വലിയ സൗഹൃദവലയം ഉണ്ടാക്കിത്തന്നത് എന്ന് ഉണ്ണി മേനോൻ വിശ്വസിക്കുന്നു. പെരുവല്ലൂർ എന്ന ഗ്രാമത്തിൽ നിന്ന് തൃശ്ശൂർ നഗരത്തിലേക്ക് വരുന്നത് ഭയങ്കര റിലാക്സേഷൻ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. പത്തൻസിലെ മസാലദോശ, ഐസിട്ട നാരങ്ങ വെള്ളം, സുഹൃത്തുക്കൾക്കൊപ്പം ബാറിൽ പോകുന്നത്, സിനിമ കാണാൻ എറണാംകുളത്തേയ്ക്കുള്ള യാത്രകൾ അങ്ങനെ അങ്ങനെ. സുഹൃത്തുക്കളുടെ സന്തോഷത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളാണ് ഉണ്ണിമേനോൻ. ആ മാനറിസങ്ങൾ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച സക്കറിയയിലും കാണാം.
ആ കാലത്തെ സാഹിത്യ രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ഉണ്ണി മേനോന്റെ സുഹൃത്തുക്കൾ ആയിരുന്നു. പത്മരാജനെക്കൂടാതെ ഭരതൻ, രാമു കാര്യാട്ട് (ചെമ്മീൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് ആദ്യാവസാനം ഉണ്ണി മേനോൻ രാമു കാര്യാട്ടിനൊപ്പമുണ്ടായിരുന്നു) വൈക്കം മുഹമ്മദ് ബഷീർ, വികെഎൻ, ശോഭന പരമേശ്വരൻ നായർ ,ഉറൂബ്, എംടി വാസുദേവൻ നായർ തുടങ്ങിയ സാഹിത്യകാരന്മാരും ,പ്രേം നസീർ ,സത്യൻ, മധു, സുകുമാരൻ അടക്കമുള്ള സിനിമ നടന്മാരും, കരുണാകരൻ, സുധീരൻ, കെ പി വിശ്വനാഥൻ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും ഉണ്ണി മേനോന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കേരളവർമ്മയിൽ നിന്ന് മലയാളം ബിഎ കഴിഞ്ഞ ശേഷം ഉണ്ണിമേനോൻ എർണാംകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുന്ന സമയത്ത് ഉമ്മൻ ചാണ്ടി അവിടെ ക്ലാസ്മേറ്റ് ആയിരുന്നു. കുറച്ചു കാലം അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു. അത് കഴിഞ്ഞ് 1975 ൽ ദുബായിലേക്ക് പോയി.
ഉണ്ണിമേനോൻ എന്ന ജയകൃഷ്ണൻ
2016ൽ മലയാളമനോരമക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണിമേനോൻ ഇങ്ങനെ പറയുന്നു. -''സിലോൺ ലോഡ്ജിൽവച്ചാണ് ആദ്യം പത്മരാജനെ പരിചയപ്പെടുന്നത്. അന്ന് പത്മരാജൻ ആൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുകയാണ്. പരിചയം പിന്നീട് സൗഹൃദമായി, സാഹിത്യസദസുകളിലെ സ്ഥിരം അംഗങ്ങളായിരുന്നു ഞാനും പത്മരാജനും.പത്മരാജൻ രാധാലക്ഷ്മിയെ പ്രണയിക്കുന്ന സമയത്ത് തന്നെയാണ് ഞാനും ഉഷയെ പ്രണയിക്കുന്നത്. രണ്ടുപേരും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്, വീട്ടുകാരുടെ എതിർപ്പുകൾ രണ്ടു ചങ്ങാതിമാർക്കുമുണ്ടായിരുന്നു. ഏതായാലും എതിർപ്പുകളെല്ലാം അവഗണിച്ച് ഞാൻ ഉഷയേയും പത്മരാജൻ രാധാലക്ഷ്മിയേയും വിവാഹം ചെയ്തു.
പത്മാരാജൻ സിനിമയിൽ സജീവമായപ്പോഴേക്കും ഞാൻ ഗൾഫിൽ ജോലിയായി പോയി. പിന്നീട് നാട്ടിലേക്ക് വരുമ്പോൾ തിരുവനന്തപുരത്ത് പോയിട്ടാണ് പത്മരാജനെ കാണുന്നത്. ഒരിക്കൽ കോവളം കടപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ദേ ഈ കടലിൽ എന്റെ കണ്മുമ്പിൽവച്ചാണ് രണ്ടു ചെറുപ്പക്കാർ മുങ്ങിപ്പോയത്. അവരെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ഇല്ല എന്ന് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ആ സംഭവമാണ് പിന്നീട് ഒരുപാട് പേരെ കരയിച്ച, 'മൂന്നാംപക്കം' എന്ന സിനിമയാകുന്നത്.
ആ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഞാൻ ഗൾഫിൽ പോയി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പത്മരാജന്റെ ഒരു കത്തു വന്നു. ഉദകപ്പോള എന്ന ചെറുകഥ സിനിമയാക്കുന്നു, അതിൽ നമ്മളൊക്കെ കഥാപാത്രങ്ങളാണ് എന്നായിരുന്നു കത്ത്. തൂവാനത്തുമ്പികൾ ഇറങ്ങിയ ശേഷം എന്റെ മകൻ അച്ഛന്റെ കഥ സിനിമയാക്കിയിരിക്കുന്നു എന്നു പറഞ്ഞ് കത്തെഴുതുന്നത്. ഗൾഫിലായിരുന്നതു കാരണം സിനിമയുണ്ടാക്കിയ തരംഗം എത്രമാത്രമാണെന്ന് അന്ന് അറിയില്ലായിരുന്നു. ഞാൻ നാട്ടിൽ വന്ന് കാസറ്റിട്ടാണ് സിനിമ കാണുന്നത്. 1987ലാണ് സിനിമ ഇറങ്ങുന്നത് ഇത്ര വർഷം കഴിഞ്ഞും ജയകൃഷ്ണനും ക്ലാരയും ഹരമായി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം പത്മരാജൻ എന്ന കഥാകാരന്റെ മാജിക്ക് തന്നെയാണ്.
സിനിമ കണ്ട് ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം അതിലെ മണ്ണാർത്തൊടി ജയകൃഷ്ണൻ 95 ശതമാനവും ഞാൻ തന്നെയാണ്. പത്മരാജൻ എന്നെ അത്ര കൃത്യമായിട്ടാണ് നിരീക്ഷിച്ചിരിക്കുന്നത്. പത്മരാജന് പറഞ്ഞുകൊടുത്ത വിവരങ്ങൾ അനുസരിച്ചാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരു നടന് എങ്ങനെ എന്നെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചു എന്ന് അതിശയിച്ചു. മോഹൻലാൽ എന്നെ കണ്ടിട്ടില്ല, പക്ഷെ അതിൽ അശോകനെ ഒരു സ്ത്രീക്കൊപ്പം മുറിയിലാക്കി വാതിലടച്ച് തിരിച്ചുവരുന്ന രംഗത്തിലെ മുഖഭാവമൊക്കെ ഞാൻ കാണിക്കുന്നത് പോലെ തന്നെയാണ്. മാർക്കറ്റിൽ പോകുമ്പോൾ സഞ്ചി പിടിക്കുന്ന രീതിയും എന്തെങ്കിലും കള്ളത്തരം കാട്ടുമ്പോഴുള്ള തലയാട്ടലുമെല്ലാം ഞാൻ തന്നെ. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കുന്നതിന്റെ ഇടയിൽ ജയകൃഷ്ണൻ ഒറ്റമുങ്ങൽ മുങ്ങില്ലേ; ഞാനും അതുപോലെ തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഇടയിൽ നിന്നും മുങ്ങി പൊങ്ങുന്നത് വീട്ടിലായിരിക്കും, കുട്ട്യോൾക്ക് ബിസ്ക്കറ്റൊക്കെ വാങ്ങിക്കൊടുത്ത് പിന്നെയും സുഹൃത്തുക്കളുടെ ഇടയിലേക്ക് പോകും. മോഹൻലാലിനെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് ഇതുവരെ സാധിച്ചിട്ടില്ല. ലാലും എന്നെ കാണണമെന്ന ആഗ്രഹം ആരോടൊക്കെയോ പറഞ്ഞതായി കേട്ടിട്ടുണ്ട്.
ക്ലാര തികച്ചും പത്മരാജന്റെ ഭാവനയാണ്. ഭ്രാന്തന്റെ ചങ്ങലയിട്ട കാലുകളിലെ വ്രണമാകാൻ ആഗ്രഹിച്ച ക്ലാര പത്മരാജൻ സൃഷ്ടിച്ചെടുത്തതാണ്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ക്ലാരയുമായി യഥാർഥ ജീവിതത്തിലെ ജയകൃഷ്ണന് ഒരു ബന്ധവുമില്ല. ക്ലാര പത്മരാജന്റെ മനസ്സിലെ നിഗൂഢതയാണ്, അതുകൊണ്ടു തന്നെയാണ് ക്ലാര ഇന്നും യുവാക്കളുടെ ഹരമായി നിൽക്കുന്നത്.''- ഉണ്ണിമോനേൻ പറയുന്നു.
സിനിമയിൽ എഴുതിയതുപോലെ ശുഭപര്യവസായിയായ ജീവിതമല്ല ജയകൃഷ്ണന് കാരണമായ ഉണ്ണിമേനോന്റെ ജീവിതഒ. പ്രണയിനിയെ വിവാഹം കഴിച്ചു, രണ്ട് ആൺമക്കളുണ്ടായി. രണ്ടാളും അസുഖം വന്നു മരിച്ചു. അതിനുശേഷം സുഹൃത്തുക്കളിൽ നിന്നെല്ലാം അകന്ന്, ഒറ്റപ്പെട്ട ഒരു ജീവിതമാണ്. യോഗയും മെഡിറ്റേഷനുമായി തൃശൂരെ വീട്ടിൽ ഉഷയുമൊത്ത് ഒതുങ്ങിക്കഴിയുന്നു. വാർദ്ധക്യസഹജമായ ഒരുപിടി പ്രശ്നങ്ങളും കൂട്ടിനുണ്ട്. മോഹൻലാലിനെ നേരിട്ട് കാണണം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചോ എന്ന് അറിയില്ല.
തങ്ങൾ എന്ന പിമ്പ്
ക്ലാരയും, ജയകൃഷ്ണനും മാത്രമായിരുന്നില്ല തൂവാനത്തുമ്പികളിലെ അസാധ്യ കഥാപാത്രങ്ങൾ. അതിൽ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങൾ എന്ന പിമ്പിന്റെ വേഷവും പിൽക്കാലത്ത് ചർച്ചയായി. ഇന്നാണെങ്കിൽ ഇതുപോലെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചാൽ ആ സിനിമ പുറത്തിറങ്ങുമോ എന്നും പലരും ചോദിക്കുന്നു. പക്ഷേ തൂവാനത്തുമ്പികളിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെ തന്നെ യഥാർത്ഥ ജീവിതത്തിൽ കണ്ട മനുഷ്യരിൽനിന്നാണ് പത്മരാജൻ ക്ലാരയെയും സൃഷ്ടിച്ചത്. ആ കാലത്ത് തൃശൂർ പ്രീമിയർ ലോഡ്ജ് കേന്ദ്രീകരിച്ച് ധാരാളം ക്ലാരമാരും അവരെ തേടിയെത്തുന്ന കസ്റ്റമർമാരും, സിനിമയിൽ ബാബു നമ്പൂതിരി അവതരിപ്പിക്കുന്ന തങ്ങളെ പോലെയുള്ള പിമ്പുമാരും ഉണ്ടായിരുന്നു.. അതിൽ നിന്നാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്.
പാർവതിയുടെ രാധയും ഏറെ ശ്രദ്ധേയമായിരുന്നു. പ്രേക്ഷകന്റെ പ്രണയ സങ്കൽപ്പങ്ങളിൽ ക്ലാരയ്ക്കും, ജയകൃഷ്ണനും പിന്നിലായതുകൊണ്ടാവും, അവരെപ്പോലെ രാധ ഒരിക്കലും കൊണ്ടാടപ്പെട്ടില്ല. ജയകൃഷ്ണന്റെ വീരചരിതമല്ല, മറിച്ചു അയാളുടെ തുറന്ന പ്രകൃതം, തന്റേടം, ആണത്വം, സത്യസന്ധത ഇതൊക്കെയാണ് അവളെ ആകർഷിച്ചത്. അത്ര പരിചയമില്ലാത്തൊരാളെടുക്കുന്ന സ്വാതന്ത്ര്യക്കൂടുതലിനോട് ഇഷ്ടക്കേടു കാട്ടുക മാത്രമല്ല, കല്യാണം കഴിക്കാൻ പോവുകയാണെന്ന് ഏകപക്ഷീയമായി പറയുന്ന മണ്ണാർത്തൊടി തമ്പുരാനോട് 'എനിക്ക് നിങ്ങളെ ഇഷ്ടമല്ലെ'ന്ന് എടുത്തടിച്ചു മറുപടിയും അവൾ നൽകുന്നുമുണ്ട്. സ്നേഹത്തിനും, സ്നേഹിക്കുന്ന പുരുഷനും വേണ്ടി എന്തും ചെയ്യുന്ന, അവനെ കണ്ണുംപൂട്ടി അനുസരിക്കുന്ന വിനീത വിധേയ അല്ലവൾ.മലയാളിയുടെ കാൽപ്പനിക സങ്കൽപ്പങ്ങളിൽ ക്ലാരയ്ക്കും, ജയകൃഷ്ണനും പിന്നിലായിപ്പോയെങ്കിലും, തൂവാനത്തുമ്പികളുടെ കഥാകാരൻ തന്റെ ഭാര്യയുടെ പേരാണ് രാധയ്ക്കിട്ടത്.
അശോകനിൽ തുടങ്ങി ബാറിലെ വെയിറ്ററായ ഡേവിയേട്ടൻ വരെയുള്ള ഒരു പാട് തൃശൂർക്കാരും ഗംഭീരമായിരുന്നു. ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശോകന്റെ ചിരി ഇന്നും ഫേസ്ബുക്കിലും വാട്സാപ്പിലും നിറഞ്ഞു നിൽക്കുന്നു. ജഗതി ശ്രീകുമാർ എന്ന നടന്റെ അതുവരെ കാണാത്ത മാനറിസങ്ങളെ ഒരു പാട് തവണ നമ്മുടെ മുന്നിലെത്തിച്ചയാളാണ് പത്മരാജൻ. ഇവിടേയും ആദ്യത്തെ രംഗത്തു തന്നെ രാവുണ്ണി എന്ന കഥാപാത്രമായി ജഗതി എത്തുന്നുണ്ട്. രാവുണ്ണി ജഗതിക്കു മാത്രം സാധ്യമായ ചില അത്ഭുതപ്പെടുത്തുന്ന ഭാവവിശേഷങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. രാവുണ്ണിയോടുള്ള ജയകൃഷ്ണന്റെ സമീപനംമൂലം അയാളെ ജാതിഭ്രാന്തനായി ചിത്രീകരിക്കുന്ന പഠനങ്ങളും പിൽക്കാലത്ത് ഉണ്ടായി.
മഴയെ ഇത്ര മനോഹരമായും, കൃത്യമായും അവതരിപ്പിച്ച സിനിമകൾ ചുരുക്കം. ക്ലാരയുടെ വിശേഷവുമായി പോസ്റ്റ്മാൻ വരുന്നത്, കാലം തെറ്റി പെയ്യുന്ന മഴയത്താണ്. ശേഷം വന്ന രണ്ട് കാഴ്ച്ചകളിലാകട്ടെ മഴയെ അകറ്റി നിർത്തിയിരിക്കയാണ് പത്മരാജൻ.ചങ്ങലക്കിട്ട ഭ്രാന്തന്റെ നിലവിളികേട്ട് ഉറങ്ങുന്ന ക്ലാരയുടേയും ജയകൃഷ്ണന്റേയും അവസാന സംഗമരംഗത്ത് മഴ പെയ്യുന്നില്ല . ഇരുണ്ട കാർമേഘങ്ങൾക്കിടയിൽ മഴ ഒളിച്ചിരിക്കുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷം അവസാന കൂടിക്കാഴ്ചയിൽ ഒരു കുഞ്ഞിന്റെ അമ്മയായ ക്ലാരെയെയാണ് ജയകൃഷ്ണൻ റെയിൽവേ സ്റ്റേഷനിൽ കാണുന്നത് . ആ ഒരു വർഷം കൊണ്ട് രണ്ടു പേരുടേയും ജീവിതം ഒരു പാട് മാറിപ്പോയിരുന്നു. ജയകൃഷ്ണന്റെയും രാധയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
രാധയും ജയകൃഷ്ണനും പ്ലാറ്റ്ഫോമിൽ തനിയെ നിൽക്കുമ്പോൾ ചൂളം വിളിച്ച് അകലേക്കു പോകുന്ന ട്രെയിനിന്റെ പശ്ചാത്തലത്തിലാണ് സിനിമ അവസാനിക്കുന്നത്.ഈ രണ്ടു കഥാപാത്രങ്ങൾ മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന ഏതു സ്ത്രീപക്ഷ സിനിമയെക്കാളും ശക്തമായ സൃഷ്ടിതന്നെയാണ് .
രഞ്ജിത്തിന്റെത് അനാവശ്യ വിവാദം
ഇപ്പോൾ സംവിധായകൻ രഞ്ജിത്തിന് തൂവാനത്തുമ്പികളുടെ പേരിൽ നല്ല പൊങ്കാലയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒന്നാമത് ഭാഷയുടെ പേരിൽ അറിയപ്പെടുന്ന ഒരു ചിത്രമല്ല് അത്. ഇത്രയും ക്ലാസിക്കായ ഒരു ചിത്രത്തെ, വിമർശിക്കുന്നത് രഞ്ജിത്തിന്റെ കൊതിക്കെറുവാണെന്നാണ് തൂവാനത്തുമ്പി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ച മനുഷ്യനാണ് രഞ്ജിത്തെന്നും അതുകൊണ്ടാണ് തൂവാനത്തുമ്പികൾ എന്ന സിനിമയെപോലും കുറ്റം പറയുന്നതെന്നാണ് രഞ്ജിത്തിനെ വിമർശിക്കുന്നവർ കമന്റ് ചെയ്തത്.ഇത്രയും കാലം ചിത്രം കണ്ടവർക്കൊന്നും ഭാഷ ഒരു പ്രശ്നമായിരുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ അൽഫോൻസ്പുത്രൻ അടക്കമുള്ളർ രഞ്ജിത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
പത്മരാജന്റെ മകൻ അനന്ദപത്മാനാഭനും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. അനന്തപത്മനാഭന്റെ കുറിപ്പ് ഇങ്ങനെയാണ്- ''നമ്മളൊക്കെ ഇഷ്ടപ്പെടുന്ന തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ഒരുപക്ഷെ അദ്ദേഹം ശരിയായിരിക്കാം. ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. 'പറഞ്ഞത് പോലെ 'പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത്' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും സുലൈമാനുമൊക്കെ പറയുന്ന കോംപ്രമൈസ് ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടികിട്ടിയില്ല. നൂഹ് അഭിനയിച്ച ഹൈദ്രോസ് എന്ന അരപ്പട്ട പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല.'
അരപ്പട്ടക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്. തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ടെന്ന് പറഞ്ഞ് തന്നെയാണ് ഡൈലൂട്ട് ചെയ്തത്.
തിരക്കഥയുടെ ആദ്യ കേൾവിക്കാരി തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോൾ നിങ്ങളതിൽ ഇടപെടണ്ടാ എന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. 2012ലെ പത്മരാജൻ പുരസ്ക്കാരം ഇന്ത്യൻ റുപ്പീക്ക് വേണ്ടി സ്വീകരിച്ചുകൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസിൽ മുഴങ്ങുന്നുണ്ട്. പുതിയ തലമുറ ദി സോ കോൾഡ് ന്യൂ ജനറേഷൻ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്...ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചുപോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ... കല്ലിൽ കൊത്തി വെച്ചപോലെ ആ വാക്കുകൾ മനസിലുണ്ട്.''- ഇങ്ങനെയാണ് അനന്തപത്മനാഭൻ പ്രതികരിച്ചത്. ചുരുക്കിപ്പറഞ്ഞാൽ വിവാദങ്ങളും സംവാദങ്ങളുമായി ഇന്നും തൂവാനത്തുമ്പികൾ വീണ്ടും വീണ്ടും ചർചചയാവുകയാണ്.
വാൽക്കഷ്ണം: മഴയ്ക്കൊപ്പം വന്ന് മലയാളിയെ വിസ്മയിപ്പിച്ച ക്ലാര എന്ന സുമലത ബിജെപിയുടെ ലോക്സഭാ അംഗമാണിന്്. ഭർത്താവ് അംബരീക്ഷിന്റെ മരണത്തിന് ശേഷം കർണ്ണാടകയിലെ കോൺഗ്രസിനെ ഞെട്ടിച്ച് സതന്ത്രയായി മത്സരിച്ച് ജയിച്ചാണ് അവർ എംപിയായത്. ഈയിടെയും ഒരു അഭിമുഖത്തിൽ സുമലത ക്ലാരയെപ്പറ്റി പറയുന്നുണ്ട്. ലോകത്ത് എവിടെപ്പോയാലും മലയാളികൾ തന്റെ നേർക്ക് കാന്തത്തിലേക്ക് ഇരുമ്പ് എന്നപോലെ ആകർഷിക്കപ്പെട്ട് എത്തുന്നുവെന്ന്. ഇത്രയും വർഷം കഴിഞ്ഞിട്ടും, ഇന്നലെ ഇറങ്ങിയ സിനിമപോലെ ആരാധകർ ഉണ്ടാവണമെങ്കിൽ, എന്തൊരു സിനിമയാണ് അത് എന്നാണ് സുമലത അത്ഭുതം കൊള്ളുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ