'മുംബൈ മാർച്ച് 12' എന്നത് മലയാളികളെ സംബന്ധിച്ച് മമ്മൂട്ടി നായകനായ ഒരു സിനിമയുടെ പേര് ആയിരിക്കാം. പക്ഷേ 1993 മാർച്ച് 12 എന്ന ദിവസം മുബൈ നിവാസികൾ ഒരിക്കലും മറക്കില്ല. അന്നാണ്, ആ മഹാനഗരം നിന്നനിൽപ്പിൽ ബോംബ് സ്ഫോടനങ്ങളിൽ കത്തിയെരിഞ്ഞത്. 12 ഇടത്തായി ആർഡിഎക്സ് വെച്ചുകൊണ്ടുള്ള, ലോകചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഭീകരാക്രമണം! ബാബറി മസ്ജിദ് ധ്വംസനത്തിന് പകരം വീട്ടാനെന്നപേരിൽ, ഐസ്ഐ ആസൂത്രണം ചെയ്ത സ്ഫോടനത്തിൽ മരിച്ചത് 257 പേർ. 713 പേർക്കു പരിക്കേറ്റു. നാശന്്ഷടം കോടിക്കണക്കിനു രൂപയുടെത്. ആ സ്‌ഫോടന പരമ്പരയുടെ പ്രധാന ആസൂത്രകരായ രണ്ടുപേരെ ഇനിയും പിടികിട്ടിയില്ല. അതാണ് അധോലോകനായകൻ ദാവൂദ് ഇബ്രാഹീമും അയാളുടെ വലം കൈയായ ടൈഗർ മേമനും.

ഇന്റർപോളിന്റെയും സിബിഐയുടെയും മോസ്റ്റ് വാണ്ടഡ് വ്യക്തികളിൽ ഒരാളാണ് ടൈഗർ മേമൻ. 2021 നവംബറിൽ, യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഓഫീസ് , ടൈഗർ മേമനെ നാർക്കോട്ടിക് കിങ്പിൻ നിയമന നിയമ പ്രകാരം മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആക്കിയിട്ടുണ്ട്. മുംബൈ സ്‌ഫോടന പരമ്പരയുടെ തലച്ചോർ എന്നാണ് ഇയാൾ വിശേഷിപ്പിക്കപ്പെടുന്നത്. അധോലോക രാജാവായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്നു ടൈഗർ. ഇപ്പോഴും ദുബായ് കേന്ദ്രമായി മറ്റും പല ബിസിനസുകളും ഇയാൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ദുബായിൽ ഇയാൾക്കു ഹോട്ടലുകൾ ഉള്ളതായും കരുതപ്പെടുന്നു. ഒപ്പം നാർക്കോട്ടിക്ക് ബിസിനസും ഉണ്ട്!

ബോംബ് സ്ഫോടനത്തിന് മുമ്പ് തന്നെ ദാവൂദും ടൈഗറും മുംബൈയിൽ നിന്ന് ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ഐഎസ്ഐ പാക്കിസ്ഥാനിലേക്ക് മാറ്റി. ഇപ്പോൾ വിഷം നൽകികൊന്നു എന്നൊക്കെപ്പറഞ്ഞ് ദാവൂദ് വാർത്തകളിൽ നിറയുന്ന സമയമാണ്. അതുപോലെ ടൈഗറും വാർത്തയിലുണ്ട്. 30 വർഷത്തിനുശേഷം അയാളുടെ ഫോട്ടോയും വിലാസവും പുറത്തുവന്നിരിക്കയാണ്.

ഭീകരൻ പാക് സൈന്യത്തിന്റെ സുരക്ഷയിൽ

ദാവൂദ് ഇബ്രാഹിമിനെപ്പോലെ, ടൈഗർ എന്ന ഇബ്രാഹീം മേമനും പാക്കിസ്ഥാന്റൈ സംരക്ഷണയിലാണ് ജീവിക്കുന്നത്. അവിടെ റിയൽ എസ്റ്റേറ്റിലും ഐടിയിലുമൊക്കെ ഇയാളുടെ കുടുംബത്തിന് നിക്ഷേപവുമുണ്ട്. ഇപ്പോൾ 30 വർഷത്തിനുശേഷം ടൈഗർ മേമന്റെ ഫോട്ടോയും വിലാസവും പുറത്തുവന്നത് വലിയ ചർച്ചയായിരിക്കയാണ്. പാക്കിസ്ഥാൻ അഭയം നൽകിയ ടൈഗർ മേമന്റെ കറാച്ചിയിലെ വിലാസം എൻഐഎക്ക് ലഭിച്ചതായി ന്യുസ് ചാനലായ ആജ് തക്കാണ് റിപ്പോർട്ട് ചെയ്തത് . കറാച്ചിയിലെ ധനികർ താമസിക്കുന്ന പോഷ് ഏരിയയായ ഡിഫൻസ് ഹൗസിങ് അഥോറിറ്റിയിൽ നിർമ്മിച്ച ആഡംബര ബംഗ്ലാവിലാണ് കൊടും കുറ്റവാളി താമസിക്കുന്നത്. പാക് സൈന്യമാണ് ഈ പ്രദേശത്തിന്റെ സുരക്ഷ നോക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഇവിടത്തെ താമസക്കാർ. ഹൗസ് നമ്പർ 34 എ, സ്ട്രീറ്റ് നമ്പർ 29, ഫേസ്-5- ദാ കറാച്ചി പാക്കിസ്ഥാൻ എന്നാണ് ടൈഗർ മേമന്റ പാക് വിലാസം. ബംഗ്ലാവിന് ചുറ്റും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലുണ്ട്. ടൈഗർ മേമൻ താമസിക്കുന്ന ബംഗ്ലാവിന്റെ ചുവരുകളിൽ സിമന്റ് ചാക്കുകൾ സ്ഥാപിച്ചിരിക്കുന്നതും പുറത്ത് കാവൽ നിൽക്കുന്ന സൈനികരെയും പുറത്ത് വന്ന വീഡിയോയിൽ കാണാം.

്പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും സൈനിക ഉദ്യോഗസ്ഥരും ഇടയ്ക്ക് ഇവിടെ ചർച്ചകൾക്ക് എത്താറുമുണ്ട്. എൻഐഎ റിപ്പോർട്ട് അനുസരിച്ച് കറാച്ചിയിലെ ഈ പ്രദേശത്ത് ടൈഗർ മേമന് മറ്റൊരു ബംഗ്ലാവും ഉണ്ട്. ബംഗ്ലാവിൽ നിന്ന് കുറച്ച് അകലെ ഷോപ്പിങ് മാളിലാണ് ഇയാളുടെ ഓഫീസ്.

പുറമെ ബിസിനസ് എന്ന് പറയുന്നുണ്ടെങ്കിലും മേമൻ പാക്കിസ്ഥാനിൽ ഇരുന്നും ചെയ്യുന്നത് ഡ്രഗ് ബിസിനസ് തന്നെയാണെന്നാണ് ന്യൂയോർക്ക് ടൈംസ് പോലുള്ള രാജ്യാന്തര മാധ്യമങ്ങൾ പറയുന്നത്. അഫ്ഗാനിൽനിന്ന് താലിബാൻ വഴി ചുരുങ്ങിയ വിലക്ക് കിട്ടുന്ന കറുപ്പ്, സംസ്‌ക്കരിച്ച് ലോകത്തിന്റെ നാനാഭാഗത്തും എത്തിക്കയയെന്ന ഡേർട്ടി ബിസിനസാണ് ഇവർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയും യുറോപ്യൻ യൂണിയനുമൊക്കെ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ പഴയപോലെ കളി നടക്കുന്നില്ല. അതോടെ ഡി കമ്പനിക്ക് മൊത്തത്തിൽ ക്ഷീണമാണ്. ടൈഗറിന്റെയും പല്ലുകൾ കൊഴിഞ്ഞ അവസ്ഥയാണിപ്പോൾ!

മൂംബൈയെ വിറപ്പിച്ച കടുവ

ഇബ്രാഹിം മുഷ്താഖ് അബ്ദുൽ റസാഖ് മേമൻ എന്നാണ് ടൈഗറിന്റെ യഥാർഥ പേര്. 1960 നവംബർ 24ന് മുംബൈയിലാണ് ജനനം. എല്ലാവരും നല്ല വിദ്യാസമ്പന്നരായ ഒരു കുടുംബത്തിലെ ഇളയമകൻ, മയക്കുമരുന്നും തീവ്രവാദവുമുള്ള മുബൈയെ വിറപ്പിക്കുന്ന ടൈഗർ ആവുക. ടൈഗർ മേമന്റെ ജീവിതം വല്ലാത്ത ഒരു കഥയുമാണ്. മുംബൈയിലെ വ്യവസായ കുടുംബത്തിലാണ് ടൈഗർ മേമൻ ജനിച്ചത്. അബ്ദുൾ റസാഖ് മേമന്റെയും ഹനീഫയുടെയും ആറ് ആൺമക്കളിൽ ഇളയവനാണ് ടൈഗർ മേമൻ. പിതാവ് റസാഖ്, മാതാവ് ഹനീഫ. സഹോദരങ്ങൾ എല്ലാം ബിസിനസുകാർ. തികഞ്ഞ വിശ്വാസികൂടിയായ പിതാവ് അബ്ദുൽ റസാഖ് മേമൻ മക്കൾക്ക്, ഖുർആനിലും പഴയ നിയമത്തിലെയും പ്രവാചകന്മാരുടെ പേരാണിട്ടിത്. പക്ഷേ അവരിൽ പലക്കും സാത്താന്റെ സ്വഭാവമായിപ്പോയെന്ന് മാത്രം!

വിദ്യാഭ്യാസാനന്തരം ഒരു ബാങ്കിൽ ടൈഗർ ജോലിക്ക് കയറിയതായി പറയുന്നുണ്ട്. ദക്ഷിണ മുംബൈയിലെ കൊങ്കൺ മെർക്കന്റൈൽ ബാങ്കിൽ ക്ലാർക്കായായിരുന്നു ജോലി. പക്ഷേ ഒരിക്കൽ ബാങ്ക് മാനേജരുമായി വഴക്കുണ്ടാക്കി, ബാങ്കിലെ സന്ദർശകരിൽ ഒരാൾക്ക് ഒരു കപ്പ് ചായ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അത് ഇൻസൾട്ടാണെന്ന് പറഞ്ഞ് അവൻ മാനേജരെ തല്ലി. അങ്ങനെ ജോലിപോയതോടെയാണ് കള്ളക്കടത്ത് പരിപാടി തുടങ്ങുന്നത്. എത് അധോലോക നായകനെപ്പോലെയും ചെറിയ ചെറിയ സ്മഗ്ളിങ്ങും മയക്കുമരുന്ന് ബിസിനസുമായാണ് തുടക്കം.

70കളുടെ അവസാനത്തിൽ ഇലക്ട്രോണിക് വസ്തുക്കളും സ്വർണ്ണവും കടത്തി ഗ്യാങ്ങ്സ്റ്റർ ഗ്രൂപ്പിൽ ശ്രദ്ധേയനായി. മുംബൈയിലെ മനീഷ് മാർക്കറ്റിനോട് ചേർന്നുള്ള ഡോർമിറ്ററി മാർക്കറ്റിൽ അദ്ദേഹത്തിന് ഒരു ചെറിയ കടയുമുണ്ടായിരുന്നു. തന്റെ ജേഷ്ഠൻ യാക്കൂബിന്റെ 'തേജ്രത്ത് ഇന്റർനാഷണൽ' എന്ന മാംസത്തിന്റെയും മാംസ ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട കമ്പനി ഏറ്റെടുത്തും കള്ളക്കടത്ത് നടത്തി. അങ്ങനെയിരിക്കെയാണ് ഇബ്രാഹിമിനെ ടൈഗർ ആക്കിയ ആ സംഭവം ഉണ്ടാവുന്നത്. ഒരിക്കൽ മുംബൈ പൊലീസ് തടഞ്ഞപ്പോൾ, 100 കി.മീ വേഗതയിൽ കാർ ഓടിച്ചുകൊണ്ട് അയാൾ രക്ഷപ്പെട്ടു. ഇതോടെയാണ് ടൈഗർ എന്ന വിളിപ്പേര് ലഭിച്ചു. വൈകാതെ അയാൾ ദാവൂദ് സംഘത്തിൽ എത്തിപ്പെട്ടു. അവിടെയും വെച്ചടിവെച്ചടി കയറി. ദാവൂദ് ഇബ്രാഹിമിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായി. ഡി കമ്പിയുടെ മയക്കുമരുന്ന് ബിസിനസിന്റെയും, ആയുധക്കടത്തിന്റെയുമൊക്കെ നിയന്ത്രണം മേമന്റെ കൈയിലായി.

പക്ഷേ തീർത്തം സ്റ്റെലിഷയായി, ഒരു സിനിമാ നടനെപ്പോലെയായിരുന്നു അയാളുടെ ജീവിതം. ടൈഗർ മേമന്റെ അയൽക്കാരിൽ ഒരാൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. -'' ടൈഗറിന്റെ 'ബിസിനസ്' വിജയം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലും സ്റ്റൈലിഷ് രൂപത്തിലും കാണാൻ കഴിയും. അവിടെ ആദ്യമായി ഒരു ചുവന്ന മാരുതി 800 കാർ സ്വന്തമാക്കിയത് ടൈഗർ ആയിരുന്നു.''കണ്ടാൽ സിനിമാനടനെപ്പോലെയുള്ള ഇയാൾ ഇടഞ്ഞാൽ ക്രൂരരിൽ ക്രൂരനായിരുന്നു. ഒരിക്കൽ തന്റെ ഏഴ് കോടിയോളം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഒറ്റിക്കൊടുത്തുവെന്ന് സംശയിച്ച് ദക്ഷിണ മുംബൈയിലെ നാഗ്പാറയിൽ നിന്നുള്ള ഹോട്ടലുടമ മഞ്ജുഭായിയെ ടൈഗർ മേമൻ ക്രൂരമായി കൊലപ്പെടുത്തി. ഈ കൊലപാതകത്തിന് ശേഷം മേമനെ 'ടൈഗർ' എന്ന് വിളിക്കപ്പെട്ടത് എന്നും ചില മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്.


ബാബറിക്ക് പ്രതികാരം

1992 ഡിസംബർ 6 ന് ഉത്തർപ്രദേശിലെ അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷത്തിനും കൊലപാതകത്തിനും ഇടയാക്കി. മുംബൈയും നിന്ന് കത്തി. ഒരു സംഘം ഹിന്ദു ഗുണ്ടകൾ മേമൻ കുടുംബത്തിന്റെ തേജ്രത് ഇന്റർനാഷണലിലെ ഓഫീസും ചുട്ടെരിച്ചു. ഇതോടെ ടൈഗറിനും പക കനത്തു. ഈ സമയത്ത് ബാബറി ധ്വംസനത്തിന് പ്രതികാരം വീട്ടുക എന്ന ദൗത്യം ഐസ്ഐ ദാവൂദ് ഇബ്രാഹീമിനെ എൽപ്പിക്കയായിരുന്നു. അതിന് ഓപ്പറേഷണൽ ഹെഡ്ഡായി ദാവൂദ് തിരഞ്ഞെടുത്തത് അവട്ടെ ടൈഗർ മേമനെ ആയിരുന്നു.

മുംബൈ നഗരത്തിന് മൊത്തത്തിൽ തീയിടാനുള്ള വിചിത്രമായ ഒരു പദ്ധതിയാണ് അവർ രൂപപ്പെടുത്തിയത്. 1993 മാർച്ച് 12-ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സെഞ്ച്വറി ബസാർ, മാഹിം കോസ്വേയിലെ മത്സ്യത്തൊഴിലാളി കോളനി, കാത്ത ബസാർ, സവേരി എന്നിവയുൾപ്പെടെ വിവിധ പൊതു സ്ഥലങ്ങളിൽ ഏകദേശം 12 ബോംബ് സ്‌ഫോടന പരമ്പരയിൽ ബോംബെ നടുങ്ങി.

ഇന്ത്യയിൽ ആർഡിഎക്സ് ഉപയോഗിച്ചുള്ള ആദ്യ സ്ഫോടനമായിരുന്നു ഇത്. പാക്കിസ്ഥാനിൽനിന്ന് കടൽ വഴി മുംബൈയിൽ ആർഡിഎക്‌സ് എത്തിച്ചയതും, അത് നഗരത്തിന്റെ നനാഭാഗത്ത് നിരത്തിയതും മേമന്റെ ആളുകൾ ആയിരുന്നു. സ്ഫോടനത്തിന് ഒരു ദിവസം മുമ്പ്, ടൈഗർ ദുബായിലേക്ക് പലായനം ചെയ്തു. പിന്നീട് പിന്നീട് പാക്കിസ്ഥാനിലേക്ക് മാറി. അവിടെ ദാവൂദിന് ഒപ്പമായി ജീവിതം. പാക്കിസ്ഥാനിൽ ഇരുന്നും ടൈഗൾ തന്റെ കുടുംബത്തിന് പണം എത്തിച്ചു. കറാച്ചിയിൽ അയാൾ രഹസ്യജീവിതാണ് നയിച്ചുവന്നിരുന്നത്. ദുബായിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് ദാവൂദും മേമനും കടന്നതിനും അവിടെ താമസമാക്കിയതിനും തെളിവുണ്ടെങ്കിലും ഇവരെ വിട്ടുകിട്ടണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യത്തോട് പാക്കിസ്ഥാൻ എല്ലാ കാലത്തും മുഖം തിരിച്ചു. ഇന്ത്യയിൽ മുസ്ലിംകൾ വിവേചനത്തിന് ഇരയാവുകയാണെന്നും അതിനോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ദാവൂദിന്റേത് എന്നുമാണ് ഒരിക്കൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരുന്ന ജനറൽ പർവേസ് മുഷറഫ് പ്രതികരിച്ചത്.


ടൈഗറിന്റെ വലയിൽ യാക്കൂബ് പെട്ടതോ?

മുംബൈ സ്ഫോടന പരമ്പരകളുടെപേരിൽ തൂക്കിലേറ്റപ്പെട്ട സഹോദരൻ യാക്കുബ് മേമനെക്കുറിച്ച് പറയാതെ ടൈഗർ മേമന്റെ കഥ പൂർത്തിയാവില്ല. നല്ല വിദ്യാഭ്യാസമുള്ള യാക്കൂബ്, അനിയന്റെ വലയിൽ പെട്ടുപോയതാണെന്നാണ് പൊതുവെയുള്ള വിലയുരത്തൽ. മേമൻ സമൂഹത്തിലെ ഏറ്റവും മികച്ച ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ബഹുമതി നേടിയ യാക്കൂബ് അബ്ദുൾ റസാഖ് മേമൻ ഈ രീതിയിൽ ഒരു കേസിൽപെടുമെന്ന് നാട്ടുകാർ കരുതിയിരുന്നില്ല.

അബ്ദുൾ റസാഖ് മേമന്റെ ആറ് മക്കളിൽ മൂന്നാമനായ യാക്കൂബ് മേമൻ കുടുംബത്തിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ ആളായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച അദ്ദേഹം പിന്നീട് ബി.കോം ബിരുദം നേടി 1990-ൽ ചാർട്ടേഡ് അക്കൗണ്ടന്റായി യോഗ്യത നേടി. ഇന്നും ഒരാൾ സിഎ നേടണമെങ്കിലുള്ള ബുദ്ധിമുട്ട് ഓർക്കണം. അപ്പോൾ കുടുംബ ബിസിനിസിനിടയിലും പഠിച്ച് സിഎനേടിയ യാക്കൂബിന്റെ ബുദ്ധി സമ്മതികണം.

ഒരു വർഷത്തിനുശേഷം, ബാല്യകാല സുഹൃത്തായ ചേതൻ മേത്തയുമായി ചേർന്ന് യൂക്കൂബ് 'മേഹ്ത & മേമൻ' അസോസിയേറ്റ്സ്' സ്ഥാപിച്ചു. ഒരു വർഷത്തിനുശേഷം, അവർ വേർപിരിഞ്ഞു. തുടർന്ന് യാക്കുബ് മേമൻ തന്റെ പിതാവിന്റെ സ്മരണയ്ക്കായി 'എആർ & സൺസ്' എന്ന സ്വതന്ത്ര സ്ഥാപനം സ്ഥാപിച്ചു. ഈ സ്ഥാപനം വളരെ വിജയകരമായിരുന്നു, മുംബൈയിലെ മേമൻ കമ്മ്യൂണിറ്റി അദ്ദേഹത്തിന് മികച്ച സിഎക്കാരനുള്ള അവാർഡ് നൽകി. പിന്നീട് അദ്ദേഹം തന്റെ ബിസിനസ് വിപുലീകരിച്ചു. ഗൾഫിലേക്കും മിഡിൽ ഈസ്റ്റിലേക്കും മാംസവും, മാംസ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനായി തേജ്രത് ഇന്റർനാഷണൽ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, മേമൻ സാമ്പത്തികമായി വിജയിച്ചു. പിന്നീട് അദ്ദേഹം റിയൽ എസ്റ്റേറ്റ-ഫ്ളാറ്റ് ബിസിനസ് എന്നിവയിലും ഇറങ്ങി.

പക്ഷേ പിന്നീട എപ്പോഴോ സഹോദരന്റെ പ്രേരണയിൽ യാക്കൂബിന് വഴിതെറ്റി. ടൈഗറിന്റെ പ്രേരണയാൻ അയാൾ പല കള്ളക്കടത്ത് ബിസിനസിലും പങ്കാളിയായി. അങ്ങനെയാണ് ബാബറി മസ്ജിദിന് പ്രതികാരമായി മുംബൈ സ്ഫോടനം എന്ന ദാവൂദിന്റെ പ്ലാനിൽ യാക്കൂബും എത്തുന്നത്. അതിലേക്ക് വലിച്ചിട്ടതും ടൈഗർ മേമൻ തന്നെയായിരുന്നു. സ്ഫോടനത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ചത് യാക്കൂബിന്റെ നേതൃത്വത്തിലാണ്.

എന്നിട്ട് മുംബൈ സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പ് 1993 മാർച്ച് 10ന് യാക്കൂബ് മേമൻ തന്റെ മുഴുവൻ കുടുംബത്തോടൊപ്പം ഒളിച്ചോടി. 1994 ജൂലൈയിൽ അദ്ദേഹം തന്റെ കുടുംബ അഭിഭാഷകനെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടി. ഇന്ത്യൻ അധികാരികൾക്ക് കീഴടങ്ങിയാൽ ദയ ലഭിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു വർഷമായി വീട്ടുതടങ്കലിൽ കഴിയുന്ന കറാച്ചിയിലേക്ക് പോകാൻ തയ്യാറായി.

1994 ജൂലൈയിൽ കാഠ്മണ്ഡു വിമാനത്താവളത്തിൽ വെച്ച് ഒന്നിലധികം പാസ്‌പോർട്ടുകളുമായി യാക്കുബ് മേമൻ പിടിക്കപ്പെട്ടൂ. 1994 ഓഗസ്റ്റ് 5 ന് രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സമയത്ത് പറഞ്ഞുകേട്ടിരുന്നത് മാപ്പുസാക്ഷിയാക്കാം എന്ന് പറഞ്ഞാണ് യാക്കൂബ് മേമനെ കൊണ്ടുവന്നത് എന്നാണ്. എന്തായാലും ടൈഗറും യാക്കൂബും തമ്മിൽ അവസാന കാലത്ത് നല്ല ബന്ധം ആയിരുന്നില്ല.

യാക്കൂബിന്റെ മരണത്തിന് പക വീട്ടും

മുബൈ മിറൽ ലേഖകൻ സോണി ഇറാനിയുടെയൊക്കെ അഭിപ്രായത്തിൽ കറാച്ചിയിലെ ഒൽവ് ജീവിതം മടുത്ത്, യാക്കൂബ് കീഴടങ്ങുകയായിരുന്നുവെന്നാണ്. ഡി കമ്പനിക്കെതിരെ മൊഴികൊടുത്താൽ ഇന്ത്യ മാപ്പുസാക്ഷിയാക്കുമെന്നുമാണ് അയാൾ കരുതിയതത്രേ. ടൈഗർ മേമൻ നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവ് നൽകാനാണ് സഹോദരൻ യാക്കൂബ് കാഠ്മണ്ഡു വഴി ദുബായിലേക്ക് പോകാനിരുന്നത് എന്നാണ് അവർ പറയുന്നത്. തിരികെയെത്താൻ ലുഫ്താൻസ വിമാനത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചെയ്തു. പക്ഷേ യാക്കൂബ് കാഠ്മണ്ഡുവിൽ അറസ്റ്റിലായി. യാക്കൂബ് ശേഖരിച്ച തെളിവുകളിൽ മേമൻ കുടുംബത്തിന്റെ പന്ത്രണ്ട് പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ ഉൾപ്പെട്ടിരുന്നുവെന്നും പറയുന്നു. എന്നാൽ ഇന്ത്യൻ അധികൃതർ ഇത് നിഷേധിക്കയാണ്. മാപ്പുസാക്ഷിയാക്കാമെന്ന ഒരു ഉറപ്പുമില്ലെന്നും, കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്

2007 ജൂലായ് 27-ന് ടാഡ കോടതി യാക്കൂബിനെ വധശിക്ഷയ്ക്ക് വിധിച്ചു. ക്രിമിനൽ ഗൂഢാലോച, തീവ്രവാദ പ്രവർത്തനത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വെക്കുക, ജീവന് അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടകവസ്തുക്കൾ കൈവശം വെക്കുക എന്നതായിരുന്നു കുറ്റങ്ങൾ. 2013 മാർച്ച് 21 ന് സുപ്രീം കോടതി യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെക്കുകയും അദ്ദേഹത്തെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് വിളിക്കുകയും ചെയ്തു്. 2014 മെയ് 21 ന് രാഷ്ട്രപതി പ്രണബ് മുഖർജി മേമന്റെ ദയാഹർജി നിരസിച്ചു. തൂക്കിലേറ്റുന്നതിന്റെ അന്ന് രാത്രി യാക്കൂബിന്റെ അമ്മ കൊടുത്ത ഹരജിപോലും സുപ്രീംകോടതി പരിഗണിച്ചിരുന്നു. അർധരാത്രി കോടിത കൂടിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ കേസിൽ തൂക്കിലേറ്റപ്പെട്ട ഏക വ്യക്തി മേമൻ മാത്രമായിരിക്കും. നേരത്തെ, മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ആർഡിഎക്‌സ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ സ്ഥാപിച്ച മറ്റ് 10 പേർക്ക് പ്രത്യേക ടാഡ കോടതി വിധിച്ച വധശിക്ഷ, ജീവപര്യന്തമായി കുറച്ചിരുന്നു.

മേമൻ പാക്കിസ്ഥാനിൽ സുഖവാസത്തിനാലെങ്കിലും കുടുംബം ഇതിന്റെ പേരിൽ ശരിക്കും അനുഭവിച്ചു. 2014 സെപ്റ്റംബർ 15-ന്,ടാഡ കോടതി, മേമൻ കുടുംബത്തിലെ നാല് അംഗങ്ങളെ ശിക്ഷിച്ചു: യാക്കൂബ്, എസ്സ, റുബീന, യൂസഫ് എന്നിവരായിരുന്നു ശിക്ഷക്കെപ്പടത്. കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളായ സുലൈമാൻ, ഹനീഫ, റാഹിൽ എന്നിവരെ ജഡ്ജി സംശയത്തിന്റെ ആനുകൂല്യം നൽകിയതിനാൽ വെറുതെവിട്ടു. യാക്കൂബ് മേമനെ 2015 ജൂലൈ 30 ന് നാഗ്പൂർ ജയിലിൽ തൂക്കിലേറ്റി.2020 ജൂൺ 26-ന്, അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ യൂസഫ് മേമൻ നാസിക് സെൻട്രൽ ജയിലിൽ തടവിലായിരിക്കെ മരിച്ചു.

ടൈഗർ മേമന്റെ പ്രവർത്തനങ്ങൾ അനുരാഗ് കശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേ (2004) എന്ന ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു, ഇത് ഹുസൈൻ സെയ്ദിയുടെ ബ്ലാക്ക് ഫ്രൈഡേ: ദി ട്രൂ സ്റ്റോറി ഓഫ് ബോംബെ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.ബോളിവുഡ് നടൻ പവൻ മൽഹോത്രയാണ് ചിത്രത്തില മേമനെ അവതരിപ്പിച്ചത്.
.
യാക്കൂബ് മേമനെ തൂക്കിലേറ്റിയ ജൂലായ് 30ന് അയാളുടെ വീട്ടിലേക്ക് സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ടൈഗർ മേമൻ ഫോണിൽ വിളിച്ച വിവരം പുറത്തായി. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്നായിരുന്നു ടൈഗർ മേമൻ ഫോണിൽ പറഞ്ഞത്. രാവിലെ 5.35നാണ് മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. യാക്കൂബിന്റെ ബന്ധുക്കളിലൊരാളാണ് ഫോൺ എടുത്തത്. മൂന്ന് മിനിട്ടായിരുന്നു സംഭാഷണ ദൈർഘ്യം. ഫോൺ അമ്മ ഹനീഫയ്ക്ക് കൈമാറാൻ ടൈഗർ നിർദ്ദേശിച്ചു. എന്നാൽ ടൈഗർ മേമനോട് സംസാരിക്കാൻ മാതാവ് താൽപര്യം പ്രകടിപ്പിച്ചില്ല. നിർബദ്ധിച്ചപ്പോഴാണ് ഫോൺ എടുത്തത് എന്നാണ് പൊലീസും പറയുന്നത്.

യാക്കൂബിന്റെ മരണത്തിന് താൻ പകരം വീട്ടുമെന്ന് മേമൻ ആവർത്തിച്ച് പറയുമ്പോൾ, കുറ്റകൃത്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമ്മക്ക് പറയാനുള്ളത്. ''ഇതൊക്കെ അവസാനിപ്പിച്ചൂടെ. ആദ്യത്തെ സംഭവത്തിൽ എനിക്ക് യാക്കൂബിനെ നഷ്ടമായി. ഇനി ആരും മരിക്കുന്നത് എനിക്ക് കാണേണ്ട''- എന്നായിരുന്നു ഹനീഫ പറഞ്ഞത്.സഹോദരന്റെ ചോരയ്ക്ക് പകരം ചോദിക്കും എന്നായിരുന്നു അപ്പോഴും മേമൻ ആവർത്തിച്ചത്. തുടർന്ന് ഹനീഫ ഫോൺ വീണ്ടും ബന്ധുവിന് കൈമാറി. യാക്കൂബിന് വേണ്ടി കുടുംബം ഒഴുക്കിയ കണ്ണീർ വെറുതേയാവില്ല എന്ന് അയാളോടും ടൈഗർ മേമൻ ആവർത്തിച്ചു.

വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വി.ഒ.ഐ.പി) സംവിധാനത്തിലാണ് ഫോൺ എത്തിയത്. 22 വർഷത്തിനു ശേഷമാണ് മേമന്റെ ശബ്ദം ഏജൻസികൾക്ക് കിട്ടുന്നത്. അതിനുശേഷം വീണ്ടും 30 വർഷം കഴിഞ്ഞാണ് മേമന്റെ ഫോട്ടോ കിട്ടുന്നത്.


പേടി പത്തുസെക്കൻഡ് കൊലയാളി സംഘത്തെ

പക്ഷേ ഇപ്പോൾ മുപ്പതുവർഷത്തിനുശേഷം ഫോട്ടോ പുറത്തുവന്നത്, ഫലത്തിൽ ടൈഗർ മേമന് വലിയ തിരിച്ചടിയായിരിക്കയാണ്. കാരണം ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്ന ലഷ്‌ക്കർ- ജെയ്ഷേ മുഹമ്മദ് ഭീകരർ ഒന്നൊന്നായി കൊല്ലപ്പെടുന്ന സമയമാണിത്. ബൈക്കിലെത്തി 10 സെക്കൻഡുകൊണ്ട് തുരുതുരാ വെടിവെച്ച ശേഷം കാണാതാവുന്ന അജ്ഞാതരിലൂടെ പാക്കിസ്ഥാനിൽ ഈവർഷം മാത്രം കൊല്ലപ്പെട്ടത്് ഇന്ത്യ തെരയുന്ന 16 കൊടും ഭീകരരാണ്. ഇതിന്റെ ഭാഗമായി ഇന്ത്യ തെരയുന്ന ലഷ്‌ക്കർ - ജെയ്ഷേ ഭീകരർ ഒളവിൽപോയി എന്ന വാർത്ത പുറത്തുവരുമ്പോഴാണ് ടൈഗർ മേമന്റെ ചിത്രം പുറത്തുവരുന്നത്. ഇന്നും ഇന്ത്യ തിരയുന്ന പ്രതികൾ ഒരാളാണ് ടൈഗർ എന്ന കാര്യം ഏവരും മറന്നിരിക്കയായിരുന്നു. ടെൻ സെക്കൻഡ് മർഡേഴസ് എന്ന് വിളിക്കുന്ന ആ കൊലയാളി സംഘത്തിന്റെ കണ്ണുകൾ ഇനി ടൈഗർ മേമനിലേക്കും പതിയുമെന്നാണ് വിലയിരുത്തൽ.

് ഈ വർഷം മാത്രം, 16 ഭീകരരാണ് പാക്കിസ്ഥാന്റെ മണ്ണിൽ വെടിയേറ്റുവീണത്. ആദ്യം എല്ലാവരും സംശയിച്ചിരുന്നത്, സിന്ധി തീവ്രവാദ സംഘടനയായ, സിന്ധുദേശ് ലിബറേഷൻ ആർമിയെ ആയിരുന്നു. എന്നാൽ അവർക്ക് ഇതുപോലെ ഒരു ആക്രമണം നടത്താനുള്ള കഴിവ് ഇല്ലെന്നും, ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ, റോ തന്നെയാണെന്നുമാണ് പാക്ക് മാധ്യമങ്ങൾ വിലയിരുത്തുന്നത്.ഭീകരരെ ഓരോരുത്തരെയായി തിരഞ്ഞെടുത്തുകൊല്ലുകയാണ് അജ്ഞാത സംഘം പാക്കിസ്ഥാനിൽ വലിയ ചർച്ചയായിരിക്കയാണ് . ംഫപാക്കിസ്ഥാനിലെ കറാച്ചി, സിയാൽകോട്ട്, പിഒകെയിലെ നീലം താഴ്‌വര, ഖൈബർ പഖ്തൂൺഖ്വ, റാവൽകോട്ട്, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമീപകാലത്ത് അജ്ഞാതരായ തോക്കുധാരികൾ ഇത്തരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. എല്ലായിടത്തും മോഡസ് ഓപ്പറൻഡി ഒന്നുതന്നെയാണ്.

മിക്കയിടത്തും ബൈക്കുകളിൽ വന്ന് കൊല നടത്തുകയാണ് അജ്ഞാതരുടെ പതിവ്. വെറും 10 സെക്കന്റുകൾക്കുള്ളിൽ ഈ കൊലപാതകം നടക്കുന്നത്. പാക് ഏജൻസികൾക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഞൊടിയിടയിൽ കൃത്യം നടത്തി ഈ ഷാപ്പ് ഷൂട്ടർമാർ അപ്രത്യക്ഷൻ ആവുകയാണ്. ഇത് പാക്കിസ്ഥാനിൽ മാത്രമല്ല, അഫ്ഗാനിലും, കാനഡയിലുമൊക്കെ ആവർത്തിക്കയാണ്. ഇത്തരം കുറ്റമറ്റ കൊലപാതകങ്ങൾക്ക് മാസങ്ങളോളം മാനസികവും ശാരീരികവുമായ അഭ്യാസങ്ങളുള്ള പരിശീലനം ലഭിച്ച ആളുകൾ ആവശ്യമാണെന്നത് വ്യക്തമാണ്. പാക്കിസ്ഥാനിലെ വാർത്താ സോഴ്‌സുകളുമായി സംസാരിച്ചുകൊണ്ട് ദി സൺഡേ ഗാർഡിയന് സ്ഥിരീകരിച്ചത്, ഈ കൊലയാളി സംഘത്തെ ഭയന്ന് ഭീകര നേതാക്കാൾ ഇപ്പോൾ അണ്ടർഗ്രൗണ്ടിലാണെന്നാണ്. ആ സമയത്താണ്, ടൈഗർ മറനീക്കി പുറത്തുവരുന്നത്. പഴയതുപോലെയല്ല. കടുവയുടെ പല്ല് പോയിരിക്കയാണ്. ഗോഡ് ഫാദറായ ദാവൂദ് ഇബ്രാഹിംപോലും ഇപ്പോൾ ദുരിതത്തിലാണ്. ദാവൂദ് കൊല്ലപ്പെട്ടുവെന്നുപോലും വാർത്തകൾ വരുന്നു. ഡി കമ്പനി മൊത്തം സാമ്പത്തിക പ്രതിസദ്ധിയിലും. ഈ അവസ്ഥയിൽ ടൈഗറിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് കരുതുന്നവരുമുണ്ട്.

വാൽക്കഷ്ണം: ടൈഗറും, ദാവൂദും, റോയെക്കാം സിഐഎയെക്കാളും പേടിക്കുന്ന മറ്റൊരു സംഘമുണ്ട്. അതാണ് ചോട്ടാ രാജൻ എന്ന അധോലോക നായകൻ. ഡി കമ്പനിയോടെ കടുത്ത പകയുള്ള രാജന്റെ ടീം തന്റെ തലയെടുക്കുമോ എന്നായിരുന്നു ആദ്യകാലത്ത് ദാവൂദിന്വരെയുള്ള പേടി. പാക്കിസ്ഥാനിലും രാജന് വേരുകളുണ്ടെന്നതും ഡി കമ്പനിയുടെ ചങ്കിടിപ്പേറ്റുന്നുണ്ട്.