1986ലെ ഒരു മഴക്കാലത്താണ് കേരളത്തിൽ 'രാജാവിന്റെ മകൻ' എന്ന ചിത്രം ഇറങ്ങിയത്. ആ പടം കണ്ട് പെരുമഴയത്ത് ആവേശത്തോടെ് ജയ് വിളിച്ച് ഇറങ്ങിയ യുവാക്കൾ കൃത്യമായ ഒരു സൂചനയാണ് നൽകിയത്. ഒരു പുതിയ താരോദയത്തിന്റെ തുടക്കം! അതിൽ പിന്നെ മോഹൻലാൽ എന്ന നടൻ തിരിഞ്ഞുനോക്കിയിട്ടില്ല. സമാനമായ ഒരു അത്ഭുദത്തിലുടെയാണ് മലയാള സിനിമ ഇപ്പോൾ കടുന്നുപോയത്. തീയേറ്ററുകാർ ഈച്ചയാട്ടിയിരിക്കുന്ന ഒരു മഴക്കാലത്ത്, 'തല്ലുമാലയെന്ന' ചിത്രം കാണാൻ, കേരളത്തിലെ യുവതീ യുവാക്കൾ ഇരമ്പിയാർത്ത് എത്തുകയാണ്. മണവാളൻ വീസീം എന്ന ടൊവീനോ തോമസിന്റെ കഥാപാത്രത്തിന് ജയ് വിളിച്ചാണ് അവർ തീയേറ്റർ വിടുന്നത്. ഈ ആവേശം ഒരു കാര്യം ഉറപ്പിക്കുന്നു. മലയാളത്തിൽ ഒരു പുതിയ സൂപ്പർസ്റ്റാർ കൂടി ഉണ്ടാവുന്നു. അതാണ് ടൊവി എന്ന യോ യോ സൂപ്പർ സ്റ്റാർ.

അസാധ്യ നടൻ എന്നൊന്നും നമുക്ക് ടൊവീനോയെ വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷേ അയാളെ നിങ്ങൾ ഇഷ്ടപ്പെട്ടുപോവും. ടീനേജുകാർ പ്രത്യേകിച്ചും. ശരീരഭാഷയിലെ അനായാസതയും, ചിരിയും, കുസൃതിയും, സംഘട്ടനരംഗങ്ങളിലെ പ്രസരിപ്പും, ഗാന-നൃത്തരംഗങ്ങളിലെ ഊർജപ്രവാഹവുമൊക്കെ പഴയ ലാലേട്ടനെയാണ് ഓർമ്മിപ്പിക്കുന്നത്. വെറും 9 ദിവസം കൊണ്ട് നാൽപ്പതുകോടിയാണ് തല്ലുമാലയുടെ ആഗോള കളക്ഷൻ. എത് ഒരു സൂപ്പർതാരത്തിനും കിട്ടുന്നതുപോലുള്ള വലിയ ഇനീഷ്യൽ ആണ്, 'മിന്നൽ മുരളിയിലുടെ' പാൻ ഇന്ത്യൻ ഹീറോ ആയ ഈ യുവ നടന് കിട്ടുന്നത്.

എന്തൊക്കെ പറഞ്ഞാലും ചലച്ചിത്ര വ്യവസായത്തിന്റെ അടിസ്ഥാനം അതിലെ താരങ്ങൾ തന്നെയാണ്. എത്രകണ്ട് മിനിമം ഗ്യാരണ്ടിയുള്ള താരങ്ങൾ ഉണ്ടോ അത്രകണ്ട് ആ ഇൻഡസ്ട്രി ശക്തമാണെന്ന് പറയാം. കന്നഡയിൽ യാഷും, തമിഴിൽ വിജയും, തെലുങ്കിൽ അല്ലുഅർജുനും, രാം ചരൺ തേജയുമൊക്കെ വിലസുമ്പോൾ, നമുക്കും യങ്ങ് സൂപ്പർ സ്റ്റാർ എന്ന രീതിയിൽ അവതരിപ്പിക്കാൻ ഒരാൾ ഉണ്ടായിരിക്കുന്നു! അതാത് താരങ്ങളിലുടെയാണ് അവിടുത്തെ ഇൻഡസ്ട്രി പുറത്ത് അറിയപ്പെടുന്നത്. പുഷ്പയും, ആർആർആറും, വിക്രവും, കെജിഎഫുമെല്ലാം ഹിന്ദിയിലും മലയാളത്തിലുമൊക്കെ തരംഗമായത് നോക്കുക. വിപണിയുടെ ആവശ്യമായിരുന്നു ഈ യൂത്ത് സൂപ്പർസ്റ്റാർ എന്നത്.

പക്ഷേ ആകാശത്തുനിന്ന് പൊട്ടിവീണ താരമല്ല ടൊവീനോ. നടനെക്കാൾ നമ്മൾ സ്‌നേഹിച്ചുപോവും, ആ സ്‌നേഹ സമ്പന്നായ വ്യക്തിയെ. പിതാവ് സിനിമാക്കാരൻ ആയതുകൊണ്ട് സിനിമയിൽ എത്തിയ ആളല്ല, ആരാധകരുടെ ടൊവി. പൊരുതിക്കയറിയാണ് അയാൾ ഇന്ന് കാണുന്ന സിംഹാസനത്തിൽ ഇരിക്കുന്നത്. അതുപോലെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാതെ, ഡിപ്ലോമാറ്റിക്കായി നിൽക്കുന്ന വ്യക്്തിയല്ല ഈ 34കാരൻ. ഉറച്ച അഭിപ്രായങ്ങൾ ഉള്ള വരും വരായ്കൾ നോക്കാതെ പ്രതികരിക്കുന്ന ശരിക്കും തൻേറടിയാണ്.

ഐ ടി ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

യാതൊരു സിനിമാ പാരമ്പര്യവുമുള്ള കുടുംബത്തിലല്ല ടൊവീനോ ജനിച്ചത്. അഡ്വ.ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ച ടൊവീനോക്ക് വെള്ളിത്തിരയുടെ ലോകം എന്നത് സ്വപ്നങ്ങൾ മാത്രമായിരുന്നു. സഹോദരങ്ങളായ ടിങ്സ്റ്റനും ധന്യയും തന്റെ കരിയറിൽ വലിയ പ്രചോദനമായെന്ന് ടോവീനോ പറയാറുണ്ട്. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ വിദ്യാലയത്തിലും, സെക്കൻഡറി വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലിലും, ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഓഫ് എഞ്ചിനീയറിങ് കോയമ്പത്തൂരിലും ആയിരുന്നു.

പഠനം കഴിഞ്ഞ ഉടൻ ഒരു ഐടി കമ്പനിയിൽ ജോലികിട്ടി. എന്നാൽ ടൊവീനോയുടെ മനസ്സ് സിനിമക്ക് ഒപ്പം ആയിരുന്നു. ഈ സംഘർഷം കൂടിയപ്പോൾ, പ്ലസ് ടു തൊട്ട് ഒപ്പമുള്ള പ്രണയിനിയും പിന്നീട് ഭാര്യയുമായ ലിഡിയ ആണ് അദ്ദേഹത്തോട് ജോലി രാജിവെച്ച് സിനിമയിൽ ഒരു കൈ നോക്കാൻ പറഞ്ഞത്. പക്ഷേ വീട്ടുകാരെകൊണ്ട് അത് സമ്മതിപ്പിച്ചെടുക്കാൻ ടൊവിനോ ഒരുപാട് പാടുപെട്ടു.

ഒരു അഭിമുഖത്തിൽ ടൊവിനോയുടെ അച്ഛന്റെ ഇങ്ങനെ പറയുന്നു- ''സിനിമ എന്ന് പറഞ്ഞപ്പോൾ ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മൾ സന്തോഷമായിട്ട് ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയിൽ ജോലി കിട്ടി. ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ്, ടൊവിനോയ്ക്ക് സിനിമയിലേയ്ക്ക് പോകണമെന്ന് പറയുന്നത്. പക്ഷേ ഞാൻ അത് എതിർത്തു. ടൊവിനോ പണ്ടുമുതലേ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അത് നടത്തി കിട്ടും വരെ ബാക്കിയുള്ളവർക്ക് സമാധാനം തരാറില്ല. അവൻ എപ്പോഴും സിനിമയിൽ പോണമെന്ന് പറഞ്ഞോണ്ട് ഇരിക്കുമായിരുന്നു. സമ്മതിക്കാതെ ആയപ്പോൾ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, തന്റെ ഒരു കൂട്ടുകാരൻ ജോലി രാജി വെക്കണമെന്ന് പറഞ്ഞിട്ട് വീട്ടുകാർ സമ്മതിച്ചില്ല, അതുകൊണ്ട് അവൻ കെട്ടിടത്തിന്റെ മോളിൽ നിന്ന് ചാടി മരിച്ചുവെന്ന്. അത് കേട്ടപ്പോൾ അവന്റെ ഉള്ളിലുള്ള ആവേശം എനിക്ക് മനസിലായി. അവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ സംസാരിച്ചു. നിനക്കു ഇത് എന്നോട് പറയാനുള്ള ധൈര്യമുണ്ടായല്ലോ. നല്ല കാര്യം എന്ന് ഞാൻ പറഞ്ഞു. പക്ഷേ സിനിമയിലേക്ക് പോയാൽ ഒരു വർഷത്തിനുള്ളിൽ നീ സിനിമയിൽ എന്തെങ്കിലും ആവണം, അല്ലെങ്കിൽ വീണ്ടും ജോലിക്കു കയറണം എന്ന് പറഞ്ഞു. അതവൻ സമ്മതിച്ചു.' -അച്ഛൻ തോമസ് പറയുന്നു.

മലയാളത്തിന് ചേരാത്ത നോർത്ത് ഇന്ത്യൻ മുഖം

ഒരു വർഷമാണ് സിനിമയിൽ എന്തെങ്കിലും ആവാൻ വീട്ടുകാർ ഈ യുവാവിന് നൽകിയത്. സിനിമയിൽ ആരെയും പരിചയമില്ല. ഗോഡ് ഫാദർമാർ ആരുമില്ല. എന്നിട്ടും ടൊവീനോ ശ്രമം തുടർന്നു. പലരും ഇറക്കിവിട്ടു. മലയാളത്തിന് ചേരാത്ത നോർത്ത് ഇന്ത്യൻ മുഖം, മലയാളിത്തമില്ലാത്ത ശരീരഭാഷ എന്നിങ്ങനെയുള്ള പല പഴികളും അക്കാലത്ത് കേട്ടൂ. പലപ്പോഴും തലയണയിൽ മുഖം അമർത്തി താൻ കരഞ്ഞ കഥയും ടൊവീനോ പിൽക്കാലത്ത് പറഞ്ഞു. അന്നൊക്കെ തണലായി നിന്നത് ജ്യേഷ്ഠൻ, ടിങ്ങ്സ്റ്റർ ആയിരുന്നു. അയാൾക്ക് അക്കാലത്ത് കിട്ടിയിരുന്നു 9000 രൂപയുടെ തുഛമായ വരുമാനത്തിൽനിന്നാണ്, ടെവീനോയുടെ വട്ടച്ചെലവും നടന്നുപോയത്. ചേട്ടന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ ഒന്നും ആകില്ലായിരുന്നെന്ന് ഈ യുവ നടൻ ഈയിടെയും പറഞ്ഞു.

അഭിനയത്തിലേക്ക് എത്താനുള്ള ഒരു വഴിയാണ് മോഡലിങ്ങ് എന്ന് പലരും പറഞ്ഞതോടെ ടൊവീനോ ആ നിലക്കും ഭാഗ്യം പരീക്ഷിച്ചു. അങ്ങനെ കുറേ അലഞ്ഞതിന് ശേഷമാണ് മലയാള ചലച്ചിത്ര ലോകത്തിലേക്ക് എൻട്രി കിട്ടുന്നത്. 2012ൽ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കൾ' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തിൽ ചെഗുവേര സുരേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം, മലയാളത്തിലെ വ്യവസ്ഥാപിത സങ്കൽപ്പങ്ങളിൽനിന്ന് മാറിയുള്ള ഒരു എത്തീസ്റ്റ് മൂവി ആയിരുന്നു. പക്ഷേ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.

പിന്നീട് തീവ്രം എന്ന ദുൽഖർ ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചു. അന്ന് രൂപേഷ് പീതാബരനുമായും, മാർട്ടിൻ പ്രക്കാട്ടുമായും ഒക്കെ ഉണ്ടാക്കിയ സൗഹൃദം ടൊവീനോക്ക് വഴിത്തിരിവായി. അങ്ങനെയാണ് 2013ൽ പുറത്തിറങ്ങിയ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലെ നെഗറ്റീവ് ടെച്ചുള്ള രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തത്. അത് ശ്രദ്ധിക്കപ്പെട്ടു. അതേ വർഷം തന്നെ കൂതറ, യൂടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അപ്പുവേട്ടൻ മുതൽ മാത്തൻ വരെ

പക്ഷേ ടൊവീനോ തോമസ് എന്ന നടന് ബിഗ് ബ്രേക്ക് കൊടുത്തത് 'എന്ന് നിന്റെ മൊയ്തീൻ' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. ആർ.എസ് വിമൽ സംവിധാനം ചെയ്ത ചിത്രത്തിലെ അപ്പു എന്ന കാഞ്ചനമാലയെ പ്രണയിക്കുന്ന സഹനടൻ പ്രേക്ഷകരുടെ അരുമയായി. പീന്നിടങ്ങോട്ട് ടൊവീനോക്ക്, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചാർലിയിലെ വേഷവും പ്രശംസ പിടിച്ചുപറ്റി. 2016ൽ സ്റ്റൈൽ, മൺസൂൺ മാങ്കോസ്, 2 പെൺകുട്ടികൾ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അതുപോലെ ഒരു നടൻ എന്ന നിലയിലുള്ള ടൊവീനോയുടെ വളർച്ച കണ്ടത് ഗപ്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു. നല്ല ചിത്രമെന്ന നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടും ചിത്രം തീയേറ്ററിൽ വിജയിച്ചില്ല. പക്ഷേ ഡിവിഡി വിൽപ്പനയിൽ ചിത്രം റെക്കോർഡിട്ടു. പിന്നീട് നല്ല സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോഴൊക്കെ ഗപ്പിയുടെ അനുഭവം എന്ന വാക്ക് നിരന്തരം ഉപയോഗിക്കപ്പെട്ടു.

നടൻ എന്ന നിലയിൽ ടൊവീനോയുടെ വളർച്ചയായിരുന്നു പിന്നീട് വന്ന ചിത്രങ്ങൾ. ഒരു മെക്സിക്കൻ അപാരത, ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച വമ്പൻ ഹിറ്റായിരുന്നു. ഒരു നായകൻ എന്ന നിലയിൽ ടൊവീനോ ഉയർത്തപ്പെട്ടത് ഈ പടത്തിലൂടെയാണ്. ഗോദ, മായാനദി, ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, ഫോറൻസിക്ക് ഈ ചിത്രങ്ങളെല്ലാം ടൊവീനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഇതിൽ ബേസിൽ ജോസഫിന്റെ ഗോദ, ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി, ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. മായാനദിയിലെ മത്താൻ ടൊവീനോക്ക് വലിയ കീർത്തി സമ്മാനിച്ചു. ചിത്രം ബോളിവുഡിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും ടൊവീനോ തിളങ്ങിയിട്ടുണ്ട്. ബാലാജി മോഹൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവീനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവീനോ അവതരിപ്പിച്ചത്. അതും ഗംഭീരമായിരുന്നു.

മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ ഹീറോ

പക്ഷേ ടൊവീനോ എന്ന നടന്റെ യഥാർഥത്തിലുള്ള പടം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ 'മിന്നൽ മുരളി'. കോവിഡ് മഹാമരിയുടെ നിഴലിലെ തീയേറ്റർ അനിശ്്ചിതത്വത്തിനുശേഷം നെറ്റ്ഫിള്ക്‌സിൽ ഇറങ്ങിയ ചിത്രം, പക്ഷേ വളരെ പെട്ടെന്ന് ഒരു പാൻ ഇന്ത്യൻ ചിത്രമായി. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ ചിത്രം വേൾഡ് ട്രെൻഡിങ്ങ് ചാർട്ടിൽ എത്തി. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊന്നും കിട്ടാത്ത സൗഭാഗ്യമാണ്, ഈ ചിത്രം വഴി, ടൊവീനോക്ക് കിട്ടിയത്. മുബൈയിലും, കൊൽക്കൊത്തിയയും, ഡൽഹിയിലും മാത്രമല്ല, അമേരിക്കയിലും, കാനഡയിലും ചൈനയിലുമൊക്കെ ചിത്രം ആളുകൾ കണ്ടു. ചൈനയിലെ കുട്ടികൾ മിന്നൽ മുരളി കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു വീഡിയോ തന്നെ ഉണ്ടായിരുന്നു. തീയേറ്റുകളിൽ റലീസ് ചെയ്യുകയായിരുന്നെങ്കിൽ ചിത്രം നിശ്ചയമായും നൂറുകോടി ക്ലബിൽ എത്തുമായിരുന്നു.

പക്ഷേ പതിവുപോലെ ടൊവീനോ തോമസ് ഈ ചിത്രത്തിന്റെ ക്രഡിറ്റും പൂർണ്ണമായും സംവിധായകൻ ബേസിലിന് വിട്ടുകൊടുക്കയായിരുന്നു. അതുപോലെ ചിത്രത്തിൽ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികൾ ഏറെ ആഘോഷിച്ചതും ആ കഥാപാത്രത്തെ ആയിരുന്നു. പക്ഷേ അവിടെയും നോക്കണം, ടൊവീനോയുടെ കഥാപാത്രം അൽപ്പം ഒന്ന് പാളിയിരുന്നെങ്കിൽ ചിത്രത്തിന്റെ ഗതി മറ്റൊന്ന് ആവുമായിരുന്നു. ജയ്‌സൺ എന്ന അലസനായ കാമുകൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ ആയി മാറുന്ന ആ മാറ്റം എത്ര മനോഹരമായാണ് ടൊവീനോ ചെയ്തത്. അതുപോലെ ഒരു വേഷം ചെയ്യാൻ ഇന്ന് മലയാളത്തിൽ ഇയാൾ മാത്രമേയുള്ളൂവെന്നതും സത്യമാണ്.

ഇപ്പോൾ തല്ലി ജയിച്ച് സൂപ്പർസ്റ്റാർ

മിന്നൽ മുരളിയുടെ വൻ വിജയത്തോടെ ഇതാ മലയാളത്തിൽനിന്ന് ഒരു പുതിയ സൂപ്പർ സ്റ്റാർ എന്ന നിലയിൽ റിപ്പോർട്ടുകൾ വന്നു തുടങ്ങി. പക്ഷേ നല്ല സിനിമകൾ ഇറക്കിയിട്ടും അവയെല്ലാം പരാജയപ്പെട്ടു. നാരദൻ, വാശി, ഡിയർ ഫ്രണ്ട് തുടങ്ങി മിന്നൽ മുരളിക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ കലാപരമായി മികച്ച അഭിപ്രായം ഉണ്ടാക്കിയെടുത്തവെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.

എന്നാൽ ഈ പരാതി പൂർണ്ണമായും പരിഹരിച്ചുകൊണ്ടാണ് വെറും മൂന്ന്ദിവസം കൊണ്ട് 25 കോടി നേടി തീയേറ്ററുകളുടെ ഉത്സവപ്പറമ്പാക്കിയ 'തല്ലുമാല' ഇറങ്ങുന്നത്. ഇത്രത്തോളം കഷ്ടപ്പാട് അനുഭവിച്ച ചിത്രം, വേറെ ഇല്ലെന്നാണ് ടൊവീനോ പറയുന്നത്. കാരണം ഖാലിദ് റഹ്‌മാൻ എന്ന സംവിധായകന് നിർബന്ധമുള്ള കാര്യമായിരുന്നു ഈ പടത്തിലെ തല്ലിന് നല്ല ഇംപാക്റ്റ് കിട്ടണമെന്ന്. അതിനാൽ തന്നെ അടി പലപ്പോഴും ഒറിജിനൽ അടിയായി. തുടക്കം മുതൽ ഒടുക്കംവരെയുള്ള തല്ലുസീനുകളിൽ എത്ര മുൻ കരുതൽ ഏറ്റാലും അടി കിട്ടും. റീടേക്കുകൾ വരുമ്പോഴൊക്കെ വലിയ പ്രയാസമാണ് നടന്മാർക്ക് ഉണ്ടായിരുന്നത്. അങ്ങനെ അടികൊണ്ടും കൊടുത്തുമാണ് ഈ ചിത്രം പൂർത്തീകരിച്ചത്. പക്ഷേ അത് തീയേറ്റുകളിൽ ട്രെൻഡിങ്ങ് ആയി. യൂട്യൂബ് വീഡിയോയും റീൽസും വേൾഡ് ട്രെൻഡിങ്ങിലാണ്. പാട്ടും, നൃത്തവുമൊക്കെയായി ശരിക്കും ത്രസിപ്പിക്കയാണ് ചിത്രം. യുവാക്കൾ ഇപ്പോഴും തല്ലുമാല കാണാൻ ഇരച്ചുകയറുന്നു. ശരിക്കും യൂത്തന്മാരുടെ സൂപ്പർ സ്റ്റാർ തന്നെയാണ് ഈ നടൻ.

ഇത് ഒരു പതിയ താരോദയത്തിന്റെ തുടക്കമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളിൽ പലരും പറയുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വീരാജ്, ദൂൽഖർ എന്നീ സൂപ്പർ താരങ്ങളുടെ നിരയിലേക്ക് ഇതാ ഒരാൾ കൂടി. തല്ലുമാലക്കുശേഷം ടൊവീനോയെ കൈ നിറയെ ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. ടൈപ്പ് ആവാതെ ബുദ്ധിപുർവം മുന്നോട്ട് നീങ്ങുകയാണെങ്കിൽ, മലയാളത്തിലെ എറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന പദവിയാണ് ഈ നടനെ കാത്തിരിക്കുന്നത്.

വിദ്യാർത്ഥിയെ സ്റ്റേജിൽ വരുത്തി കൂവിച്ചു

നിലപാടുകളിലും എന്നും വ്യത്യസ്തമാണ് ടൊവീനോ തോമസ്. ഒരു നടൻ എന്നതിൽ കവിഞ്ഞ് സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിലും താരം പ്രതികരിക്കാറുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളും അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്. പ്രാർത്ഥന കൊണ്ടൊന്നും ഒരു ഫലവും ഇല്ലെന്ന് ചെറുപ്പത്തിൽ തന്നെ തനിക്ക് ബോധ്യപ്പെട്ടുവെന്ന ടൊവീനോയുടെ ഒരു ഇന്റവ്യൂ ഏറെ വിവാദമായിരുന്നു. പെന്തക്കോസ്്ത് പാസ്റ്റർമാർ പോലും ഇതിന് മറുപടിയുമായി എത്തി. താൻ ഒരു വിശ്വാസിയല്ലെന്ന് പറയാനും ടൊവീനോക്ക് യാതൊരു മടിയുമില്ല. കാര്യങ്ങൾ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഒരു അജ്ഞേയവാദിയാണ് താൻ എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നത്. അതുപോലെ മതത്തേക്കാൾ ഉപരിയായി ശാസ്ത്രത്തിനാണ് നാം ആധുനിക കാലത്ത് ഊന്നൽ നൽകേണ്ടത് എന്നാണ് ടോവീനോയുടെ അഭിപ്രായം.

കരിയറിന്റെ ആദ്യകാലത്ത് വയനാട്ടിലെ ഒരു കോളജിൽ എത്തിയ ടൊവീനോയെ ചില കുട്ടികൾ കൂവി. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു അത്. ആ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലുടെ കുവിച്ചാണ് ടൊവീനോ തിരിച്ചടിച്ചത്. ഇതിനെതിരെ കെഎസ്‌യു പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അതുപോലെ പല വിഷയങ്ങളിലും തന്റെ ഇടപെടലുകൾകൊണ്ട് താരം ശ്രദ്ധേയനായിരുന്നു. അസഹിഷ്ണുതയ്ക്കെതിരെ തെരുവ് നാടകം കളിച്ച് പ്രതിഷേധിച്ച അലൻസിയറിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. മാധ്യമങ്ങൾക്കെതിരെ പ്രതികരിക്കാനും ടൊവീനോക്ക് യാതൊരു പേടിയുമില്ല. മുമ്പ് ഏഷ്യാനെറ്റ്, സിനിമയില്ലെങ്കിൽ തൂമ്പയെടുത്ത് കിളയ്ക്കാൻ പോകുമെന്ന് പറഞ്ഞ് ടൊവീനോയുടെ ഒരു വാർത്ത വളച്ചൊടിച്ച് കൊടുത്തിരുന്നു. ഇതിൽ പരസ്യമായി കമന്റിട്ടാണ് ഈ നടൻ പ്രതിഷേധിച്ചത്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ. അതുപോലെ ജീവകാരുണ്യ പ്രവർത്തനത്തിലും നടൻ സജീവമാണ്. കഴിഞ്ഞ പ്രളയകാലത്തൊക്കെ ഒരു ലുങ്കിയും ഉടുത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നടന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.

എന്തിനാണ് ഈ ഇച്ചായൻ വിളി

പൊതുവെ മലയാള സിനിമക്കാർക്ക് പേടിയാണ് ജാതിയെയും മതത്തെയും തൊടാൻ. പക്ഷേ ടൊവീനോ മലയാളിയുടെ സൂക്ഷമായ മതക്കളിപോലും തിരിച്ചറിയുന്നുണ്ട്. തന്നെ ഇച്ചായാ എന്ന് വിളിക്കുന്നത്, എന്തിനാണെന്ന് അദ്ദേഹം ഈയിടെ ചോദിച്ചത് വൈറൽ ആയിരുന്നു. ഒരു അഭിമുഖത്തിൽ ടൊവീനോ ഇങ്ങനെ പറയുന്നു. ''കൂട്ടുകാരൊക്കെ എന്നെ കളിയാക്കി വിളിക്കുക ഇച്ചായാ എന്നാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൊക്കെ 'ഏയ് ഇച്ചായാ..' എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്. എന്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശ്ശൂർ ഇച്ചായാ, അച്ചായാ എന്ന വിളിയൊക്കെ വളരെ കുറവാണ്, ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശ്ശൂർ ഭാഗത്തൊന്നും അതില്ല എന്നാണ് തോന്നുന്നത്. എനിക്ക് ആ വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ്, എന്റെയല്ല ആ ട്രൗസർ എന്ന് തോന്നും.

നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും, ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. ഞാൻ എന്റെ മക്കളോട് വരെ പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്.''- ഇങ്ങനെയാണ് ടൊവീനോ പറയുന്നത്. നോക്കുക, മലയാളത്തിലെ വേറ് എത് നടന് ഇതുപോലെ ഒരു നിലപാട് എടുക്കാൻ കഴിയും. ഈ വെട്ടിത്തുറന്ന പ്രകൃതവും അയാളെ ആരാധകരുടെ അരുമയാക്കുന്നുണ്ട്.

പ്രണയം തന്നെ ജീവിതം

അതുപോലെ ക്യാമറക്ക് പുറത്തും തീർത്തും ജന്റിൽമാൻ ആണ് ടൊവീനോ. പ്ലസ്ടുകാലം മുതൽ താൻ പ്രണയിച്ച് പിന്നീട് സ്വന്തമാക്കിയ ഭാര്യ ലിഡിയക്കും മക്കൾക്കും ഒപ്പം സമയം ചെലവിടാനാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്നത്. തന്റെ പ്രണയത്തെക്കുറിച്ച് ടൊവീനോ ഇങ്ങനെ പറയുന്നു. ''19 വയസ്സുള്ളപ്പോഴാണ് എന്റെ പ്രണയം വീട്ടിൽ പിടിച്ചത്്. അന്ന് അപ്പൻ കലിപ്പിലായിരുന്നു. പക്ഷേ ചേട്ടനാണ് ശാന്തനാക്കിയത്. ഇഷ്ടമുള്ള പെണ്ണിനെ കല്യാണം കഴിച്ചു കഴിഞ്ഞാൽ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കി പാതി സ്വത്ത് തരില്ല എന്നു പറയുന്ന സിനിമയിലെ അപ്പന്മാരെ പോലെയൊന്നുമല്ല ഞാൻ. നീ ആരെ കല്യാണം കഴിച്ചാലും കല്യാണം കഴിക്കുന്ന അന്നു മുതൽ അവളെന്റെ മോളാണ്. അതിൽ മാറ്റമൊന്നുമില്ല. പക്ഷേ നിന്റെ പ്രായം ഇതായതോണ്ട് നിനക്കൊരു തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്നനിക്കറിയില്ല. ഇങ്ങനത്തെ ഒരു അപ്പനാണ് അദ്ദേഹം''- ടൊവീനോ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ തന്റെ ഭാര്യ ലിഡിയയും ചേട്ടൻ ടിങ്സ്റ്റനും ഏത് പ്രതിസന്ധിയിലും തനിക്കൊപ്പം ഉണ്ട് എന്നയാണ് തന്റെ ധൈര്യമെന്നും അദ്ദേഹം പറയുന്നു.

''പണ്ട് താൻ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യൻ ആയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഞാൻ പണ്ട് ടോക്‌സിക്ക് ആയിരുന്നു എന്ന് അംഗീകരിക്കുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ അവർക്ക് ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യ ലിഡിയ ആണെന്ന് ഞാൻ പറയും. തെറ്റ് പറ്റിയാൽ തിരുത്തണം മുന്നോട്ട് പോകണം, അതാണ് എന്റെയൊരു രീതി''--ടൊവിനോ പറഞ്ഞു.

''നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം, ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പണ്ടത്തെ കാലഘട്ടവും അങ്ങനെയായിരുന്നു. നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്നം. നമ്മൾ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം''- ടൊവിനോ വ്യക്തമാക്കി. ഈ രീതിയിൽ കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതവും ആയിരിക്കണം അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരൻ ആക്കുന്നത്.

വാൽക്കഷ്ണം: അടുത്തകാലത്ത് ഒരു നടനും കഴിയാത്ത അത്ര രീതിയിൽ വൻ ആൾക്കൂട്ടത്തേയാണ് ടൊവീനോ ഇപ്പോൾ ആകർഷിക്കുന്നത്. തല്ലുമാലയുടെ പ്രമോഷനായി അദ്ദേഹം കൊച്ചി ലുലുമാളിൽ വന്നപ്പോൾ, പറഞ്ഞുകേട്ടത് സണ്ണി ലിയോൺ വന്നതിനുശേഷം ആദ്യമായാണ് അവിടെ ഇത്രയും പേർ കൂടുന്നത് എന്നാണ്. കോഴിക്കോട് ഫോക്കസ് മാൾ തകരുന്ന രീതിയിൽ ആളുകൾ തിങ്ങി നിറഞ്ഞതിനാൽ അവിടെ സന്ദർശിക്കാതെ ടൊവീനോക്ക് മടങ്ങേണ്ടിവന്നു. 'ആരാധാകരേ ശാന്തരാവൂ' എന്ന തല്ലുമാലയിലെ ഡയലോഗ് അന്വർഥമാവുകയാണ്.