- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകത്തിൽ ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ രാജകുടുംബങ്ങളിൽ ഒന്ന്; ശബരിമല സമരത്തോടെ സംഘപരിവാർ ബന്ധമെന്ന് ആരോപണം; ആട്ട തിരുനാളും മൈദ തിരുനാളുമെന്ന് അധിക്ഷേപത്തിനിടയിലും ആദിത്യവർമ്മയുടെ എൻട്രി; ആറ്റുകാൽ പൊങ്കാലക്കിടയിലെ സൂചനയെന്താണ്; തിരുവിതാംകൂർ രാജകുടുംബവും രാഷ്ട്രീയത്തിലേക്കോ?
ജനാധിപത്യം വന്നിട്ടും ഇന്ത്യയിൽ പലയിടത്തും പ്രബലമാണ് രാജകുടുംബങ്ങൾ. ഗ്വാളിയോർ രാജകുടുംബം തന്നെയാണ് ഇപ്പോഴും മധ്യപ്രദേശിന്റെ രാഷ്ട്രീയത്തിൽ നിർണ്ണായകമായി ഇടപെടുന്നത്. രാജസ്്ഥാനിൽ തൊട്ട് ഇങ്ങ് മൈസൂരിൽ വരെ പ്രതാപികളായ രാജവംശത്തിന്റെ സ്വാധീനം പൊതുസമൂഹത്തിൽ പ്രകടമാണ്. ഏറ്റവും ഒടുവിലയായി ത്രിപുരയിൽ ത്രിപമോത എന്ന രാഷ്ട്രീയ കക്ഷിയിലുടെ നിർണ്ണായക സാന്നിധ്യമായത് പ്രദ്യേത് ബ്രികം മാണിക്യ ദേബ് എന്ന രാജകുടുംബാംഗമാണ്.
ഇന്തയിൽ വ്യാപകമായി ഇന്നും രാജവംശത്തെ സ്നേഹിക്കുന്ന വലിയ ഒരു വിഭാഗമുണ്ടെന്ന് പല സർവേകളും വ്യക്തമാക്കുന്നു. എന്തിന് ഏറെ പ്രബുദ്ധമെന്ന് കരുതുന്ന ബ്രിട്ടിനിൽപോലും രാജകുടുംബത്തിന്റെ തീരുമാനങ്ങൾ നിർണ്ണായകമാണ്. നമ്മുടെ പ്രസിഡന്റിന്റെ സ്ഥാനം അവിടെ കൊട്ടാരത്തിനാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അവസാനിച്ചിട്ടും, എലിസബത്ത് രാജ്ഞിയും, ചാൾസും, ഡയാനയും, ഹാരിയും, മേഗനും അടങ്ങുന്ന രാജകുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും അവിടെ തലക്കെട്ടുകൾ ആകർഷിക്കയാണ്. എറ്റവും ഒടുവിലായി ചാൾസിന്റെയും ഡയാനയുടെ മകനായ ഹാരി രാജകുമാരൻ എഴുതിയ 'ദ സ്പെയർ' എന്ന ആത്മകഥയിലെ രൂക്ഷമായ ചില പരാമർശങ്ങൾ ബ്രിട്ടനെ പിടിച്ചു കുലുക്കി. 2022ൽ ദ സൺ പത്രം നടത്തിയ അഭിപ്രായ സർവേയിലും, ബ്രിട്ടീഷുകാരുടെ രാജഭക്തി തെളിഞ്ഞുകാണാം.
സമാനമായ രാജഭക്തരെ കാണണമെങ്കിൽ തിരുവനന്തപുരത്ത് പോകണം എന്നാണ് പ്രൊഫ. കെ പി അപ്പൻ ഒരിക്കൽ എഴുതിയത്. അതിശക്തമാണ് അനന്തപുരിക്കാരുടെ രാജകുടുംബത്തോടുള്ള സ്നേഹവും കൂറും. തലമുറകളിലുടെ പകർന്ന് അത് ന്യൂജൻ യൂത്തന്മാർക്കിടയിലേക്ക്വരെ കൈമാറ്റം ചെയ്യപ്പെടുന്നു. സത്യത്തിൽ ആധുനിക ലോകത്ത് രാജകുടുംബം എന്ന് പറയുന്നതുപോലും പൊളിറ്റിക്കലി തെറ്റായ വാക്കാണ്. മൂൻ രാജകുടുംബം എന്നതാണ് ശരിയെന്ന് പല സോഷ്യോ-പോളിറ്റിക്കൽ അനലിസ്റ്റുകളും എഴുതിയതാണ്. പക്ഷേ തിരുവനന്തപുരത്തുകാരിൽ വലിയൊരു ശതമാനത്തിലും അതൊന്നും പ്രശ്നമല്ല. അവിടെ വലിയ ഫാൻസാണ് ട്രാവൻകൂർ റോയൽ ഫാമിലിക്ക് ഉള്ളത്.
അതുകൊണ്ടുതന്നെ തിരുവിതാംകൂർ രാജവംശത്തിലെ അംഗങ്ങളുടെ രാഷ്ട്രീയ പ്രവേശനവും നേരത്തെ പലതവണ ചർച്ചയായതാണ്. പക്ഷേ ജനാധിപത്യത്തോട് എന്നും കൃത്യമായ അകലം പാലിക്കാനായിരുന്നു അവർ ശ്രമിച്ചിരുന്നത്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് രാജകുടുംബത്തിലുള്ളവർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും എത്തിയത്. പക്ഷേ ഇപ്പോൾ ആദിത്യ വർമ്മയെന്ന, കവടിയാർ കൊട്ടാരത്തിലെ ഇളമുറക്കാരന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറയുകയാണ്.
പൊങ്കാലയിലെ രാഷ്ട്രീയ സൂചന
ആറ്റുകാൽ പൊങ്കാലയർപ്പിച്ച ഭക്തർക്ക് ആശംസയുമായി തിരുവിതാംകൂർ രാജകുടുംബം രംഗത്തിറങ്ങിയതിന്റെ പശ്്ചാത്തലത്തിൽ 'മാതൃഭൂമി' പത്രമാണ് രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കിയത്. മാതൃഭൂമി വാർത്ത ഇങ്ങനെയാണ്. '' തുറന്ന ജീപ്പിൽ അമ്മ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും മകൻ ആദിത്യ വർമയും ഭക്തർക്കു നേരേ കൈകൂപ്പി നീങ്ങി. രാവിലെ പത്തരയോടെ കവടിയാർ കൊട്ടാരവാതിൽക്കൽനിന്നാണ് ഇരുവരും തുറന്ന ജീപ്പിൽ കയറിയത്.
ടെന്നീസ് ക്ലബ്ബ് പൗരസമിതിയാണ്, പൊങ്കാലയർപ്പിക്കാനെത്തിയവർക്ക് ആശംസനേരാൻ രാജകുടുംബാംഗങ്ങൾ എത്തണമെന്ന താത്പര്യമറിയിച്ചതും ക്രമീകരണം നടത്തിയതും. താളമേളങ്ങളുടെ അകമ്പടിയോടെയാണ് ഇരുവരെയും എതിരേറ്റത്.
കവടിയാറിൽനിന്ന് രാജ്ഭവൻ വരെയും തിരിച്ചും തുറന്ന ജീപ്പിൽ നീങ്ങിയ രാജകുടുംബാംഗങ്ങൾ, കൈകൂപ്പിയും ആശംസയർപ്പിച്ചും ഭക്തജനങ്ങളോടൊപ്പം ചേർന്നു. തുറന്ന ജീപ്പിലെ സഞ്ചാരം കണ്ട് ആദിത്യ വർമ സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നോയെന്ന ചോദ്യമുയരുന്നുണ്ട്. പ്രത്യേകിച്ച്, ഉത്തരേന്ത്യയിൽ പഴയ രാജകുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ സജീവമായിറങ്ങുന്ന പശ്ചാത്തലത്തിൽ. 'ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല' എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആദിത്യ വർമയുടെ മറുപടി.
സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ ദശകങ്ങളിൽ രാജകുടുംബാംഗങ്ങൾ വോട്ടുചെയ്യുമായിരുന്നില്ല. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി അവർ വോട്ടുചെയ്യാൻ എത്താറുണ്ട്. ആദിത്യ വർമയും അദ്ദേഹത്തിന്റെ അച്ഛൻ രാജരാജ വർമയുമാണ് തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് ആദ്യമായി വോട്ടുചെയ്തത്. ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭരണസമിതി അംഗമായ ആദിത്യ വർമ തലസ്ഥാനത്തെ സാംസ്‌കാരികമേഖലയിൽ സജീവമാണ്.''- മാതൃഭൂമി ചുണ്ടിക്കാട്ടുന്നു.
ആരാണ് ആദിത്യവർമ്മ?
ഇപ്പോൾ തിരുവിതാംകൂർ രാജവംശം സംബന്ധിച്ച കോടതി വ്യവഹാരങ്ങളിലും, കോടികളുടെ ക്ഷേത്ര സ്വത്തിന്റെ കസ്റ്റോഡിയനായും ഒക്കെ ഉയർന്നുകേൾക്കുന്ന പേരാണ് ആദ്യത്യ വർമ്മയുടേത്. അപുർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന രാജകുടുംബാംഗങ്ങളുടെ പതിവ് തെറ്റിച്ച്, അനന്തപുരിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമാണ്, ഇദ്ദേഹം.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ അനന്തിരവൾ ആണ് ആദിത്യവർമ്മയുടെ അമ്മ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായ്. ചിത്തിര തിരുനാളിന്റെയും ഉത്രാടം തിരുനാളിന്റെയും ഏക സോഹദരിയായിരുന്നു, ഗൗരിലക്ഷ്മി ഭായിയുടെ അമ്മ കാർത്തിക തിരുനാൾ ലക്ഷ്മിഭായി. കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെ ഭർത്താവാണ് കേരളത്തിന്റെ കായികമേഖലക്ക് നിസ്തൂലമായ സംഭാവനകൾ നൽകിയ ജി വി രാജ എന്ന ലെഫ്റ്റനന്റ് കേണൽ ഗോദവർമ്മ രാജ. കൊച്ചുമകൻ ആദിത്യവർമ്മയും ജി വി രാജയെപ്പോലെ സ്പോർട്സിൽ ഏറെ കമ്പക്കാരനാണ്.
അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി വിവാഹം കഴിച്ചത്, തിരുവല്ലയിലെ പാലിയക്കര പടിഞ്ഞാറെ കൊട്ടാരത്തിലെ അംഗവും മാനേജ്മെന്റ് രംഗത്ത് പ്രസിദ്ധനുമായ രാജരാജ വർമ്മയെയാണ്. ഇവർക്ക് പൂരൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ, അവിട്ടം തിരുനാൾ ആദിത്യവർമ്മ, ഭരണി തിരുനാൾ ലേഖ പാർവ്വതിഭായി (ദത്തുപുത്രി) എന്നീ മന്ന് മക്കളാണ് ഉള്ളത്. 2005ൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ രാജരാജ വർമ മരിച്ചു. ഇംഗ്ലീഷ് എഴുത്തിൽ സജീവമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി കവിതാസമാഹാരങ്ങൾ അടക്കം നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ച് ആധികാരികമായ സംസാരിക്കാൻ കഴിയുന്ന വ്യക്തിയാണ് ഇവർ. ആദിത്യ വർമ്മ കോട്ടയം മരിയാപ്പള്ളി കൊട്ടാരത്തിലെ ര്രശ്മി വർമ്മയെ വിവാഹം കഴിച്ചത്. അവർക്ക് ഗൗരി വർമ്മ, പ്രഭാ വർമ്മ എന്നീ ഇരട്ട പെൺമക്കളുണ്ട്.
അമ്മ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായിക്കൊപ്പം, മകൻ ആദിത്യ വർമ്മയുമാണ് പലപ്പോഴും മാധ്യമങ്ങളിൽ തിരുവിതാംകുർ രാജവംശത്തിന്റെ മുഖമായി പ്രത്യക്ഷപ്പെടാറുള്ളത്. ആദിത്യ വർമ്മ ശാസ്ത്രീയ സംഗീതം, പുല്ലാങ്കുഴൽ, ചിത്രരചന തുടങ്ങിയ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളയാണ്. ഫോട്ടോ ഗ്രാഫർ കൂടിയാണ്. മികച്ച ടെന്നീസ്, ബാഡ്മിന്റൺ താരം എന്ന ഖ്യാതിയുമുണ്ട്. ഇന്ന് കോടിക്കണക്കിന് രൂപവരുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിധിശേഖരണത്തിലെ സൂക്ഷിപ്പുകാരുടെ രാജകടുംബ പ്രതിനിധിയാണ് ആദിത്യ വർമ്മ. ഒപ്പം ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് രാജകുടുംബത്തിന് തിരിച്ചുകിട്ടണമെന്ന കേസിലെ കക്ഷിയും.
മധുരയിലെ മെക്കാനിക്ക് ട്രെയിനി
രാജകുടുംബത്തിന്റെ സമ്പന്നമായ ഭൂതകാലം അയവിറക്കി സ്വത്തുക്കൾ നോക്കി നടത്തി കഴിയുകയല്ലാതെ, സ്വന്തമായി അധ്വാനിച്ച് ജീവിക്കാനായിരുന്നു ആദിത്യവർമ്മയുടെ തീരുമാനം. നാലാംക്ലാസ് വരെ നിർമലഭവൻ സ്ുകൂളിലും, പിന്നീട് വിദ്യാധിരാജ സ്‌കൂളിലുമാണ് പഠിച്ചത്. മാർ ഇവാനിയോസ് കോളജിലും, എംജി കോളജിലും ആയിരുന്നു കോളജ് പഠനം. അതിനുശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് 'വനിതക്ക്' നൽകിയ അഭിമുഖത്തിൽ ആദിത്യവർമ്മ ഇങ്ങനെ പറയുന്നു. ''കോളജ് പഠനത്തിന് ശേഷമാണ് ഓട്ടോ മൊബൈലിൽ കമ്പം കയറിയത്. അങ്ങെന മധുര ടിവി എസ് കമ്പനിയിൽ മെക്കാനിക്ക് ട്രയിനിയായി ഒരു വർഷം ജോലി ചെയ്തു. ഇന്നും മനസ്സിലുണ്ട് ആ ദിവസങ്ങൾ. കഠിനമായ ഫാക്ടറി ചിട്ട. രാവിലെ 8 മണിക്ക് കാക്കി യൂണിഫോമിട്ട് വർക്ക് ഏരിയയിൽ ഉണ്ടാവണം. ഉച്ചക്ക് 12 മണിക്ക് ലഞ്ച്. മുക്കാൽ മണിക്കൂർ വിശ്രമം. വീണ്ടും ജോലി. പിന്നീട് മാനേജ്മെന്റ് ട്രെയിനിയായി ചെന്നൈയിൽ. അത് കഴിഞ്ഞ് ബിസിനസ് ജീവിതം''- ആദിത്യ വർമ്മ പറയുന്നു.
കൊട്ടാരത്തിൽ വളർന്ന കുട്ടിക്ക് ബാല്യത്തിൽ എന്തൊക്കെ നഷ്ടമായിട്ടുണ്ട് എന്ന ചോദ്യത്തിനും, പോസറ്റീവ് അയാണ് ആദിത്യ വർമ്മ മറുപടി പറയുന്നത്. '' ഇത്രയും പാരമ്പര്യമുള്ള കുടുംബത്തിൽ ജനിക്കാൻ പറ്റിയത് ഏറ്റവും വലിയ ഭാഗ്യവും പുണ്യവുമായി കരുതുന്നു. ലോകം മുഴുവൻ അറിയപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ ദാസനായി ജീവിക്കുക വലിയ പുണ്യം തന്നെയല്ലേ. കുട്ടിക്കാലത്ത് സ്വാതന്ത്ര്യം കുറവാണെന്നൊന്നും ചിന്തിച്ചിട്ടില്ല. പഠനകാലത്ത് വിനോദ യാത്രക്കൊന്നും പോവാൻ പറ്റിയില്ലെന്ന് ഓർമ്മയുണ്ട്. രാവിലെ സ്ുകളിലേക്കും ഉച്ചക്ക് ഉണ്ണാനും വൈകീട്ടുമെല്ലാം കൊട്ടാരത്തിൽനിന്നുള്ള കാറിലാണ് യാത്ര''- ആദിത്യവർമ്മ പറയുന്നു.
ചിത്തരി തിരുനാൾ മഹാരാജവിനെകുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. '' പത്തുവയസ്സായപ്പോൾ എനിക്ക് ഒരു ഓപ്പറേഷൻ വേണ്ടി വന്നു. കിഡ്നിയിൽ ഒരു വളർച്ചയുള്ളതായി കണ്ടു. അത് നീക്കാനായിരുന്നു സർജറി. കാൻസർ ആണോ എന്ന് സംശയം ഉണ്ടായിരുന്നു. അതോടെ അമ്മയുൾപ്പടെ എല്ലാവരും വലിയ കരച്ചിലായിരുന്നു. ആ ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് പ്രസാദവുമായി ചിത്തിര തിരുനാൾ മഹാരാജാവ് നേരെ ആശുപത്രിയിലേക്ക് വന്നു. എന്റെ നെറ്റിയിൽ ചന്ദനം തൊട്ടുതന്നു. അന്നാണ് ആദ്യമായാണ് അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞതായി ഞാൻ കാണുന്നത്. ശ്രീ പത്മനാഭൻ തുണച്ചു. പക്ഷേ അത് കാൻസർ ആയിരുന്നില്ല. ''- ആദിത്യ വർമ്മ പറയുന്നു.
ആദിത്യവർമ്മയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്, നേരത്തെയും വാർത്തകൾ വന്നിരുന്നു. അപ്പോഴും അദ്ദേഹം അത് നിഷേധിക്കയാണ് ചെയ്തത്. ''കൊട്ടാരവളപ്പിൽ 20 പശുക്കളുമായി ഞാൻ ഒരു ഡെയറി ഫാം നടത്തുന്നു. സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുന്നു,' - ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
രാജകുടുബം സ്നേഹിക്കപ്പെടുമ്പോൾ
്എന്തുകൊണ്ട് തിരുവിതാംകൂർ രാജകുടുംബം ഇത്രമേൽ സ്നേഹിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. അത് വെറുമൊരു പൗരാണികതയോടും പാരമ്പര്യത്തോടുമുള്ള കമ്പമോ, ഫ്യൂഡൽ നെസ്റ്റാൾജിയയോ അല്ലെന്നാണ്, മലയിൻകീഴ് ഗോപാലകൃഷ്ണനെപ്പോലെ ഈ വിഷയം ഏറെ പഠിച്ച മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
കെഎസ്ആർടിസിയും, എസ്എടി ആശുപത്രിയും, ജലസേചന പദ്ധതികളുമൊക്കെയായി തിരുവിതാംകുർ രാജവംശത്തിന്റെ കൈയപ്പോടെയാണ് ഈ നാടിന്റെ അടിസ്ഥാന വികസനം നടന്നത് എന്നാണ് അവർ പറയുന്നത്. ലോകത്തിലെ മറ്റ് ഉന്നത നാഗരികതകളോട് കിടപിടക്കുന്ന രീതിയിൽ തിരുവനന്തപുരത്തെ വളർത്തിയെടുക്കാൻ അവർ കഠിനാധ്വാനം ചെത്തിരുന്നു. ലോകത്തിൽ ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ രാജകുടുംബങ്ങളിൽ ഒന്നായാണ് തിരുവിതാംകുർ പരിഗണിക്കപ്പെടുന്നത്. ക്ഷേത്രപ്രവേശനം വിളംബരം തൊട്ട് മരുമക്കത്തായം നിർത്തലാക്കി മക്കത്തായം കൊണ്ടുവന്നതുപോലുള്ള എത്രയോ സാമുഹിക പരിഷ്‌ക്കരണങ്ങൾക്കിടയിലുടെയും അവർ കടന്നുപോയി.
ചിത്തിര തിരുനാൾ എന്ന ഒറ്റ ഭരണാധികാരിയുടെ കാര്യം തന്നെ എടുക്കുക.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പിൻഗാമിയായി 12ാം വയസ്സിലാണ് രാജഭാരം അദ്ദേഹത്തെ തേടിയെത്തുന്നത്. പ്രായക്കുറവ് കാരണം രാജപ്രതിനിധി (റീജന്റ്) ആയി ഏഴ് വർഷത്തോളം ഭരണം നിർവഹിച്ചത് അമ്മയുടെ സഹോദരിയായ സേതുലക്ഷ്മി ബായി ആയിരുന്നു. പ്രായപൂർത്തിയായ ശേഷം 1931ൽ ആണ് ഭരണാധികാരം ചിത്തിര തിരുനാളിലേക്ക് എത്തുന്നത്.
തിരുവിതാംകൂറിൽ സാമൂഹികവികസന വിപ്ലവം സൃഷ്ടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഹിന്ദുക്കളായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുള്ള ക്ഷേത്ര പ്രവേശന വിളംബരം രാജ്യമാകെ ശ്രദ്ധ നേടി. അതിന്റെ പ്രഖ്യാപനത്തിനായി ഗാന്ധിജി തന്നെ തലസ്ഥാനത്തെത്തി. 1944ൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ചും ശ്രദ്ധേയനായി.
രാജ്യത്തെ ആദ്യത്തെ വളം നിർമ്മാണശാലയായ ഫാക്ട് ആലുവയിൽ സ്ഥാപിച്ചാണ് അദ്ദേഹം കേരളത്തിലെ വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ചത്. ആദ്യ ഫൈബർ പ്ലാന്റായ ട്രാവൻകൂർ റയോൺസ്, രാജ്യത്തെ ആദ്യത്തെ അലുമിനിയം കേബിൾ പ്ലാന്റായ കുണ്ടറ അലിൻഡ്, ആദ്യ ടൈറ്റാനിയം ഡയോക്സൈഡ് പ്ലാന്റായ ട്രാവൻകൂർ ടൈറ്റാനിയം, കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സ് തുടങ്ങിയവയും സ്ഥാപിച്ചു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കും തുടക്കം കുറിച്ചത് അദ്ദേഹമാണ്.
തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ്, തിരുവിതാംകൂർ സർവകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരം റേഡിയോ നിലയം, സ്വാതി തിരുനാൾ സംഗീത കോളജ്, ആർട്ട് ഗാലറി തുടങ്ങിയവയും ആ ഭരണകാല സംഭാവനകളാണ്. 1949ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതോടെ രാജപദവി ഒഴിഞ്ഞ അദ്ദേഹം രാജപ്രമുഖനായി ഇന്ത്യ റിപ്പബ്ലിക് ആകും വരെ തുടർന്നു.
ഇത് ചിത്തിര തിരുനാളിന്റെ മാത്രം നേട്ടങ്ങളാണ്. മാർത്തണ്ഡവർമ്മ തൊട്ട് ഇങ്ങോട്ടുള്ളവരുടെ ഭരണനേട്ടങ്ങളും പരിഷ്‌ക്കാരങ്ങളും ഇന്ന് നൂറുകണക്കിന് പേജുകൾ നീണ്ടു നിൽക്കുന്ന ചരിത്രമാണ്.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പാരമ്പര്യമായി വേണാട് രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്. അദ്ദേഹം തന്റെ ഭരണകാലത്ത് (1729-1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. കുളച്ചൽ യുദ്ധത്തിലെ ജയവും, ഉടവാൾ പത്മനാഭന് സമർപ്പിച്ച് ദാസനായതും ഏറെ പ്രശസ്തമാണേല്ലോ. തുടർന്ന് ധർമ്മരാജയും, സ്വാതിതിരുനാളും അടക്കമുള്ള എത്രയോ ഭരണാധികാരികൾ. ഇന്നത്തെ ജനാധിപത്യ ഭരണാധികാരികളേക്കാൾ നീതിമാന്മാവും, ദീർഘവീക്ഷണവും ഉള്ളവരാണ് ഇവർ എന്ന് പല വിലയിരുത്തലുകളും കാണാം. അതിനെല്ലാം ഉപരി തീർത്തും അഴിമതിരഹിതർ ആയിട്ടാണ് തിരുവിതാംകുർ ഭരണാധികാരികൾ വിലയിരുത്തപ്പെടുന്നത്. (ഒറ്റപ്പെട്ട അപവാദങ്ങൾ എവിടെയും ഉണ്ടാവാം.) അതുകൊണ്ടായിരിക്കണം, പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറയിലെ നിധി വിവാദത്തിൽ, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ സ്വർണം മോഷ്ടിക്കുന്നുവെന്ന വി എസ് അച്യുതാനന്ദന്റെ ആരോപണം വലിയ ശ്രദ്ധ കിട്ടാതെ പോയതും.
എന്നാൽ ഇതെല്ലാം പെരുപ്പിച്ച കണക്കുകൾ മാത്രമാണെന്നും ഇന്ത്യയിലെ മറ്റ് രാജാക്കാന്മാരെ വെച്ച് നോക്കുമ്പോൾ തിരുവിതാംകുർ ഭരണാധികാരികൾ തമ്മിൽ ഭേദം മാത്രം ആയിരുന്നുവെന്നും പല ചരിത്രകാരന്മാരും പറയുന്നണ്ട്. ''പട്ടിണിയുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കാലമായിരുന്നു, രാജഭരണക്കാലം. ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയും ജനാധിപത്യത്തിന്റെ പുരോഗതിയുമാണ് ഈ മാറ്റം ഉണ്ടാക്കിയത്. അല്ലാതെ രാജാവല്ല.''- ആക്റ്റീവിസ്റ്റ്് മൈത്രേയൻ ചൂണ്ടിക്കാട്ടുന്നു. അതുപോലെ എല്ലാകുറ്റങ്ങളും ദിവാനായിരുന്നു സർ സി പി രാമസ്വാമി അയ്യരുടെ തലയിലിട്ട് രാജാവിനെ വിശുദ്ധനാക്കുകയാണ് ചെയ്തതെന്നും, പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഘപരിവാർ ബന്ധമോ?
എന്നാൽ അതിരൂക്ഷമായ വിമർശനങ്ങൾക്കും തിരുവിതാംകുർ രാജവംശത്തിന് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ശത കോടികൾ വരുന്ന സ്വർണ്ണമടങ്ങുന്ന സ്വത്തുക്കൾ പുഴ്‌ത്തിവെച്ചുവെന്ന് പറഞ്ഞ്, നിലവറ സ്വർണ്ണത്തിന്റെ കണക്കെടുപ്പുനാളുകളിൽ അവർ വിമർശിക്കപ്പെട്ടു. അന്ന് ഈ സ്വർണം അടിച്ചുമാറ്റുന്നുവെന്നുപോലും ആരോപണം ഉയർന്നു. ജനാധിപത്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്നുവെന്ന് പറഞ്ഞ് ഇടതുബുദ്ധിജീവികൾ പലപ്പോഴും രാജകുടുംബത്തിനുനേര രൂക്ഷ വിമർശനം അഴിച്ചുവിടാറുണ്ട്. ലെഫ്റ്റൻന്റ്് കേണൽ പദവി കിട്ടിയ മോഹൻലാൽ സൈനിക യൂണിഫോമിൽ രാജുകുടുംബത്തെ സന്ദർശിച്ചതും ഏറെ വിമർശിക്കപ്പെട്ടു.
ശബരിമല സമരത്തിന്റെ സമയത്ത് രാജകുംടുംബം സംഘപരിരവാറിന് അനുകൂലമായ നിലപാട് ആണ് എടുത്തതെന്നും വിമർശനം വന്നു. എന്നാൽ തങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണെന്നാണ് രാജകുടുംബം പറഞ്ഞത്. ശബരിമല സമരത്തിനുശേഷം വന്ന 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ കൊട്ടാരം സന്ദർശിച്ചതും വാർത്തയായി. ശബരിമല പ്രക്ഷോഭം നടന്നപ്പോൾ കുമ്മനം രാജശേഖരൻ കേരളത്തിൽ ഇല്ലാതിരുന്നത് കനത്ത നഷ്ടമായിരുന്നുവെന്ന്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി ്തുറന്നടിച്ചിരുന്നു.
കവടിയാർ കൊട്ടാരത്തിലെത്തിയ കുമ്മനം രാജശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. ''മിസോറാമിന് വേറെ ഗവർണറെ കിട്ടുമായിരുന്നു. എന്നാൽ കേരളത്തിന് ഒരേ ഒരു കുമ്മനമേ ഉള്ളൂ. പ്രക്ഷോഭ സമയത്ത് കുമ്മനം കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. ശബരിമല അയ്യപ്പനാണ് കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പ് മാനേജർ. ശബരിമല കർമ്മ സമിതി ഇല്ലായിരുന്നു എങ്കിൽ ശബരിമല ക്ഷേത്രം നശിച്ചു പോയേനെ. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇത്തവണയും വോട്ട് ചെയ്യാൻ പോകും. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്''- ഗൗരി ല്ക്ഷ്മിഭായ് പറഞ്ഞു. വിശ്വാസങ്ങളെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നത് ദൗർഭാഗ്യകാര്യമാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. പൂയം തിരുനാൾ ഗൗരി പാർവതി ലക്ഷ്മിബായി, ആദിത്യ വർമ്മ എന്നിവർ ഈ സമയത്ത് സന്നിതർ ആയിരുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് മൂലം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തടസ്സപ്പെടില്ലെന്ന് കുമ്മനം രാജശേഖരനും ഉറപ്പ് നൽകി. കഴിഞ്ഞ 50 വർഷമായി തിരുവിതാംകൂർ രാജകുടുംബമായുള്ള ബന്ധം പുതുക്കാനാണ് എത്തിയതെന്ന് കുമ്മനം പറഞ്ഞത്. പക്ഷേ ഇത് രാജകുടുംബത്തിന് സംഘപരിവാർ ബന്ധം എന്ന രീതിയിലാണ് വാർത്ത വന്നത്.
'ആട്ട തിരുനാളും മൈദ തിരുനാളും'
പരമ്പരാഗതമായി ഇടതുപക്ഷത്തിന് ഡൈനാസ്റ്റികളോട് എന്നും എതിർപ്പാണ്. പക്ഷേ ജന പ്രീതിയുള്ള രാജകുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വോട്ട് മറിയുമെന്നും അവർക്ക് അറിയാം. രാജ്യത്തെ രാജപരമ്പരകളിൽ ഏറെയും ഇന്ന് ബിജെപിയോടാണ് ചേർന്ന് നിൽക്കുന്നത്. ഇവിടെയും അത് സംഭവിക്കുമെന്നാണ് കോൺഗ്രസും ഭയക്കുന്നത്. അതുകൊണ്ടാണ് ഈ ഇരുപക്ഷവും ഇത്തരം വാർത്തകൾ വരുമ്പോൾ ഒരുപോലെ എതിർക്കുന്നത് കാണാം.
2022ൽ ആദിത്യവർമ്മയെയും സോഷ്യൽ മീഡിയ എയറിലാക്കി. ആദിത്യവർമ്മയുടെ പിറന്നാളിന് 'ഐയാം പ്രൗഡ് ഓഫ് ദ ഗ്രേറ്റ് ട്രാവൻകൂർ' എന്ന ഫേസ്‌ബുക്ക് പേജിൽ കുറിച്ച ജന്മദിനാശംസക്കെതിരെയാണ് ട്രോളുകൾ ഉണ്ടായത്. ആദിത്യ വർമ്മയെ 'തമ്പുരാൻ' എന്ന അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പേജിൽ ജന്മദിനാശംസ പ്രത്യക്ഷപ്പെട്ടത്. 'ഇന്ന് ഇടവ മാസത്തിലെ അവിട്ടം നക്ഷത്രം... തിരുവിതാംകൂർ രാജകുടുംബത്തിലെ ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാന്റെ ആട്ടത്തിരുനാൾ....ജന്മദിനാശംസകൾ പ്രിയപ്പെട്ട തമ്പുരാനെ..'എന്നാണ് ആശംസ.
ഇതിനെതിരെയാണ് വൻ വിമർശനം ഉയർന്നത്. 'രാജ്യത്തെവിടെയെങ്കിലും ഇത്തരത്തിൽ ഇരുട്ടിൽ ജീവിക്കുന്നവർ ഉണ്ടോ', 'രായാവും, ഭക്തന്മാരും എണീറ്റ് പോയി പല്ലും തേച്ച് വല്ലതും കഴിക്കണം, നേരം വെളുത്തിട്ട് നൂറ്റാണ്ടുകളായി', 'ജനാധിപത്യ രാജ്യത്ത് ഇരുന്നു രാജകുടുംബത്തിന് ജയ് വിളിക്കുന്ന അവസ്ഥ', 'ആട്ട തിരുനാൾ, മൈദ തിരുനാൾ, ഗോതമ്പ് തിരുനാൾ, സൂചി തിരുനാൾ അങ്ങനെ പലതും കാണും.. രാജാവിനെ ബഹുമാനിക്കാൻ പഠിക്കടാ. ജയ് മഹിഷ്മതി' -എന്നിങ്ങനെ പോയി ട്രോളുകൾ.
''രാജ്യത്തെവിടെയെങ്കിലും ഉണ്ടോ ഇതുപോലെ ഇരുട്ടിൽ ജീവിക്കുന്ന കോവർ കഴുതകൾ. രാജസ്ഥാൻ രാജ്പുത് ഒക്കെ ഇവരേക്കാൾ പത്തിരട്ടി ഭേദമാണ്.തമ്പുരാൻ എന്നൊക്കെ ഞങ്ങളുടെ നാട്ടിൽ ആളുകളെ കളിയാക്കി വിളിക്കുന്ന പേരാണ്. ഇവമ്മാരത് അഭിമാനത്തോടെ സീരിയസ്സായി വിളിക്കുന്നതാണെന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. രായാവും ഭൃത്യന്മാരും എണീറ്റ് പോയി പല്ലുതേച്ച് വല്ലതും കഴിക്കണം''- ട്രോളന്മാർ ഉറഞ്ഞുതുള്ളി.
എന്നാൽ തങ്ങൾക്ക് ഒരു പ്രവിലേജും അവിശ്യമില്ലെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ആദിത്യവർമ്മയടക്കമുള്ളവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞക്ക് മുമ്പ് പിണറായി വിജയൻ വിളിച്ചകാര്യവും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായപ്പോൾ ആശംസകൾ അറിയിക്കാനായി ആദിത്യ ക്ലിഫ് ഹൗസിൽ പോയി പിണറായിയെ കാണുകയും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ ഇടുകയും ചെയ്തിരുന്നു.
തങ്ങൾ രാഷ്ട്രീയമായി ന്യൂട്രൻ ആണെന്ന് ആദിത്യ വർമ്മയടക്കമുള്ളവർ പറയുമ്പോഴും രാജകുടുംബത്തിനുമുന്നിൽ ബിജെപി അടക്കമുള്ള പാർട്ടികളുടെ ശക്തമായ സമ്മർദമുണ്ട്. വലിയൊരു ജനവിഭാഗം അവരുടെ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുകയും ചെയ്യുന്നു. ഗ്വാളിയോർ രാജകുടുംബത്തെപ്പോലെ ട്രാവൻകൂർ ഡൈനാസ്റ്റിയും രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: ഭൂമിലെ രാജാക്കന്മാർ എന്ന തമ്പികണ്ണന്താനം- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയിൽ ഒരു മുൻ രാജകുടുംബാംഗം രാഷ്ട്രീയത്തിലിറങ്ങി മന്ത്രിയാവുന്നുണ്ട്. 'ലോകത്തിലെ ഏറ്റവും അലവലാതിയായ മന്ത്രി' എന്നാണ് അയാൾ സ്വയം വിശേഷിപ്പിക്കുന്നത്. മുത്തഛൻ ആനപ്പുറത്തിരുന്നു എന്നതുകൊണ്ട് കൊച്ചുമക്കൾക്ക് തഴമ്പുണ്ടാകില്ലല്ലോ. ഏതെങ്കിലും ഒരു കുടുംബം രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് ഈ സമൂഹത്തിൽ എന്ത് മാറ്റം ഉണ്ടാവാനാണ് എന്നും ചോദ്യം ഉയരുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ