- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഡിവോഴ്സ് ചെയ്താൽ വേശ്യ! നെയിൽ പോളീഷിട്ടാൽ വിരലുവെട്ടും, ലിപ്സ്റ്റിക്കിട്ടാൽ ജയിലിൽ; പെൺകുട്ടികൾ പാടിയാലും വെടിയുണ്ട; വനിതാ ജഡ്ജിക്കും ജോലിയില്ല; ഗർഭനിരോധന ഗുളികക്കുവരെ വിലക്ക്; ഗർഭം ധരിക്കാനും പ്രസവിക്കാനും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലം; താലിബാന്റെ അഫ്ഗാനിൽ സ്ത്രീകൾക്ക് അടിമ ജീവിതം
തിരക്കേറിയ നഗരത്തിലുടെ കിലോമീറ്ററുകൾ യാത്രചെയ്താലും, ഒരു സ്ത്രീയെപ്പോലും പുറത്ത് കാണാൻ കഴിയാത്ത ഒരു രാജ്യം ഈ ലോകത്ത് ഉണ്ട് എന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ! അതാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാന്സ്ഥാൻ. ഒരുകാലത്ത് കലയുടെ സംസ്‌ക്കാരത്തിന്റെയും, കേന്ദ്രങ്ങളായി വാഴ്‌ത്തപ്പെട്ട, കാബുളും കാണ്ഡഹാറും അടങ്ങുന്ന, വലിയ പാരമ്പര്യമുള്ള ആ രാജ്യത്തിന്റെ നിരത്തുകളിൽ ഇപ്പോൾ, സ്ത്രീ സാന്നിധ്യമില്ലെന്ന്, ബിബിസിയും അൽജസീറിയും, ദി ഗാർഡിയനും പോലെയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പൊതുവിടങ്ങളിൽ സ്ത്രീകളില്ലാത്ത, യഥാർത്ഥ ശരിയത്ത് റിപ്പബ്ലിക്കായി ഈ രാജ്യം മാറുകയാണ്. തൊഴിലിടങ്ങളിൽ വനിതകളില്ല. സ്‌കൂളിൽ വിദാർഥിനികളില്ല. പാർക്കിൽ പെൺകുട്ടികൾ ഇല്ല. സ്ത്രീകൾക്ക് ബന്ധുവായ ഒരു പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. സമുഹത്തിന്റെ ഏറ്റവും പിറകിലേക്ക് സ്ത്രീകളെ താലിബാൻ മാറ്റിയിരിക്കുന്നു. അവർക്ക് മർദനമേറ്റാലോ പീഡിപ്പിക്കപ്പെട്ടാലോ, കൊല്ലപ്പെട്ടാൽപോലുമോ പുറം ലോകം അറിയില്ല. മാനുഷിക നിയമങ്ങൾ പോലും സ്ത്രീകൾക്ക് ബാധകമല്ല. കാരണം മനുഷ്യരിലും എത്രയോ താഴെയാണ്, താലിബാൻ നിയന്ത്രിത അഫ്ഗാനിൽ സ്ത്രീകളുടെ സ്ഥാനം!
2021ൽ അമേരിക്കൻ സേന, അഫ്ഗാനിൽനിന്ന് പിന്മാറിയതോടെ, ഹാമിദ് കർസായി സർക്കാറിനെ വീഴ്‌ത്തി അധികാരത്തിലേറിയ താലിബാൻ അന്ന് അവകാശപ്പെട്ടത് തങ്ങൾ ഏറെ മാറിയെന്നാണ്. 20 വർഷംമുമ്പുള്ള താലിബാൻ ഭരണകാലത്ത് ഉണ്ടായിരുതുപോലുള്ള കർശന നിയന്ത്രണങ്ങൾ ഇനി ഉണ്ടാവില്ലെന്നും പല ഇസ്ലാമിക മാധ്യമങ്ങളും എഴുതി. പക്ഷേ താലിബാൻ താലിബാൻ തന്നെയാണ്. പതുക്കെ പതുക്കെ ഘട്ടം ഘട്ടമായി അവർ വെറും രണ്ടുവർഷം കൊണ്് അഫ്ഗാനിലെ സ്ത്രീകളെ പൊതുവിടങ്ങളിൽനിന്ന് ആട്ടിപ്പായിപ്പിച്ചു. ഇവിടെ ഇപ്പോൾ ജീവിച്ചിരിക്കുക എന്നതുതന്നെ സ്ത്രീകൾക്ക് മഹാഭാഗ്യമാണ്.
ഗർഭം ധരിക്കാനും പ്രസവിക്കാനും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായാണ് യുഎൻ അഫ്ഗാനെ കാണുന്നത്. അഫ്ഗാനിൽ ജനിക്കുന്ന ഓരോ പെൺകുഞ്ഞിന് മുന്നിലും ഒരു വഴിയേ ഉള്ളു. ജനിക്കുക, നരകിക്കുക, പിന്നെ മരിക്കുക. അടിക്കടിയുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും, തലതിരിഞ്ഞ സാമ്പത്തിക നയങ്ങളം മൂലം ലോകത്തിലെ 90 ശതമാനം ജനങ്ങളും ദാരിദ്രരേഖക്ക് താഴെയുള്ള, അപൂർവ രാഷ്ട്രമായും അഫ്ഗാൻ മാറുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നു
താലിബാൻ ആദ്യം ഇടപെട്ടത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലാണ്. സ്ത്രീകൾ പഠിക്കേണ്ട കാര്യമൊന്നുമില്ല എന്നതാണ് അവരുടെ പൊതു നിലപാട്. ഈ കഴിഞ്ഞ വർഷം മാർച്ചിൽ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ പെൺകുട്ടികൾക്ക് സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവാദമുണ്ടായിരുന്നില്ല. വനിത അദ്ധ്യാപകരെ സ്‌കൂളുകളിൽ നിന്നും വിലക്കി. ഇത് ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെയാണ് ബാധിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു.
ഇത് വ്യാപകമായ അന്താരാഷ്ട്ര വിമർശനത്തിന് കാരണമായതിന് പിന്നാലെ പെൺകുട്ടികൾക്ക് പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം അനുവദിച്ചു. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ കെട്ടിത്തിരിച്ചുകൊണ്ടുള്ള സമ്പ്രദായമായിരുന്നു നടപ്പിലാക്കിയത്. എന്നാൽ ഉന്നത വിദ്യാഭാസരംഗത്ത് വിദേശത്ത് പോയി പഠിക്കാൻ സ്ത്രീകൾക്ക് വിലക്കില്ല. പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ എങ്ങനെയാണ് വിദേശത്ത് പോയി പഠിക്കുക എന്നാണ് ചോദ്യം ഉയരുന്നത്. വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സ്ത്രീകൾ രഹസ്യമായി സ്‌കൂളുകളിൽ ചേരുന്നുണ്ട്. പക്ഷേ പിടിക്കപ്പെട്ടാൽ അവരും അദ്ധ്യാപകരും വധശിക്ഷയ്ക്ക് വിധേയരാകും.
ഇക്കഴിഞ്ഞ ശൈത്യകാല അവധി കഴിഞ്ഞ് അഫ്ഗാനിൽ യൂണിവേഴ്സിറ്റികൾ തുറന്നപ്പോൾ, പ്രവേശനം ആൺകുട്ടികൾക്ക് മാത്രമായി. സെക്കൻഡിറി സ്‌കൂളുകളിൽ പെൺകുട്ടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്, വന്നിട്ട് ഒരു വർഷമായി. ലക്ഷക്കണക്കിന് വിദ്യാർത്ഥിനികൾ സ്‌കൂളിൽ പോവുന്നത് വിലക്കപ്പെട്ടു. ഹൃദയം തകർന്ന് കരഞ്ഞുകൊണ്ടാണ് പലരും പുസ്തകങ്ങൾ അടച്ചത്, സ്വപ്നങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്.
താലിബാൻ നേതാക്കളുടെ മക്കൾ വിദേശത്ത്
നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് നേതാക്കളെ പോലെയാണ് ഫലത്തിൽ താലിബാനികളും. സാദാസമയവും അമേരിക്കയെയും സാമ്രാജ്വത്വത്തെയും കുറിച്ച് വാചിക വിരേചനമടിക്കുന്ന, സിപിഎം നേതാക്കൾ, അമേരിക്കയിൽ ചികിൽസക്ക് പോവുകയും, മക്കളെ വിദേശത്ത് പഠിപ്പിക്കുകയുമൊക്കെയാണെല്ലോ ചെയ്യുന്നത്. അതുപോലെ പല പ്രമുഖ താലിബാൻ നേതാക്കളുടെ മക്കൾ പഠിക്കുന്നത് വിദേശത്താണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലാണ് ഇവർ പഠിക്കുന്നത്.
ആരോഗ്യമന്ത്രി ക്വാലന്ദർ ഇബദിന്റെ മകൾ, പാക്കിസ്ഥാനിൽനിന്ന് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി ഇസ്ലാമാബാദിൽ ഡോക്ടറാണ്. വിദേശസഹമന്ത്രി ഷെർ മുഹമ്മദ് അബ്ബാസിന്റെ മകൾ ദോഹയിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കി. താലിബാൻ വക്താവായ സുഹൈൽ ഷഹീനിന്റെ മക്കളും ദോഹയിലാണ് പഠിക്കുന്നത്. അഫ്ഗാൻ സർക്കാരിലെ മറ്റ് ഉന്നതരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയുമെല്ലാം മക്കൾ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവരാണ്.
ജോലിയും വിലക്കുന്നു
കമ്യൂണിസ്റ്റ് നേതാവ് നജീബുള്ളയുടെ ഭരണാകാലത്തൊക്കെ, അഫ്ഗാൻ തെരുവുകളിലൂടെ നടന്നുപോവുന്ന, പാശ്ചാത്യ വസ്ത്രമണിഞ്ഞ സ്ത്രീകളുടെ നീണ്ട നിര ഇന്ന് ഓർമ്മമാത്രമാണ്. നജീബുള്ളയെ കൊന്ന് വിളക്കുകാലിൽ തൂക്കിയാണ് താലിബാൻ അധികാരം പിടിക്കുന്നത്. 96- 2001വരെയുള്ള താലിബാന്റെ ക്രൂര ഭരണത്തിന് വിരാമമിട്ടത്, അമേരിക്കയുടെ ബിൻ ലാദൻ വേട്ടയായിരുന്നു. ലാദന് അഭയം നൽകിയതിന്റെ പേരിൽ അമേരിക്ക അഫ്ഗാനിൽനിന്ന് താലിബാനെ തുരത്തി ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചു. 2001 മുതൽ 2021വരെയുള്ള ആ ഇരുപതുവർഷത്തെ ഭരണത്തിൽ അഫ്ഗാനിലെ സ്ത്രീകൾ ഏറെ മുന്നോട്ട് പോയിരുന്നു. ഡോക്ടർമാരിൽ പകുതിപേർ സ്ത്രീകളായി മാറി. അദ്ധ്യാപകരിൽ 70 ശതമാനവും, ജുഡീഷ്യറിയിൽ 60 ശതമാനം സ്ത്രീകളായിരുന്നു. എന്നാൽ താലിബാൻ ഘട്ടംഘട്ടമായി ഇവരെയെല്ലാം വീട്ടിലിരുത്തി.
ബൂർഖ നിർബന്ധമാക്കിയ താലിബാൻ, പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയാണ് പണി തുടങ്ങിയത്. പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ജോലിചെയ്യുന്നത് നിരോധിച്ചു. ബാങ്കുകളിലും, മറ്റ് ഓഫീസുകളിലുമൊക്കെ തോക്ക് ധാരികളായ താലിബാനികളെത്തി സ്ത്രീകളെ ഓടിച്ചു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരിൽ സ്ത്രീകളെ ജോലികളിൽ നിന്നും പിരിച്ചു വിട്ടു. പിന്നെ സ്ത്രീകൾ ജോലിയെടുക്കാനെ പാടില്ല എന്ന അവസ്ഥയായി. വനിതാ അഭിഭാഷകരെയും എന്തിന് ന്യായാധിപരരെയും വീട്ടിലിരുത്തി. തൊഴിൽ മേഖലയിൽനിന്ന് സ്ത്രീകളെ തുടച്ചു നീക്കിയതോടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായി.
അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ തോക്കുമായി എത്തിയവർ ഓടിച്ചു. കഴിഞ്ഞ ഏപ്രിലിൽ കാണ്ഡഹാറിൽ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കിൽ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒൻപത് വനിതാ ജീവനക്കാരെ അവരുടെ വീടുകളിൽ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്ത് വാർത്തയായിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമ രംഗത്തും, ആരോഗ്യരംഗത്തും, നിയമ നിർവഹണ രംഗത്തും സ്ത്രീകളെ പിരിച്ചുവിട്ടു .ഇതോടെ അഫ്ഗാന്റെ ജിഡിപിയിലും കുത്തനെ ഇടിവുണ്ടായി. കൃഷിയുമായി ജീവിക്കുന്ന വനിതാ സംരഭകർക്കുപോലും, അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ മാർക്കറ്റിൽ എത്താൻ കഴിയില്ല.
എൻജിഒകളെ തകർക്കുന്നു
സ്വന്തം രാജ്യത്തെ സഹായിക്കാനായി നിരുപാധികം വസ്ത്രവും, മരുന്നും എത്തിച്ച് തരുന്നവരെ ഓടിക്കുന്ന ഒരു രാജ്യത്തെ സങ്കൽപ്പിക്കാൻ കഴിയുമോ! പക്ഷേ താലിബാൻ അങ്ങനെയാണ്. നിരവധി എൻജിഒകളെയാണ് അവർ കെട്ടുകെട്ടിച്ചത്. സർവകലാശാലകളിൽ വിലക്കിയതിന് പിന്നാലെ, സ്്വത്രീകൾ എൻജിഒകളിൽ ജോലിക്ക് പോകുന്നതിനെയും വിലക്കി. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത് എന്ന് താലിബാൻ സാമ്പത്തിക മന്ത്രാലയം എൻജിഒകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
താലിബാന്റെ ഈ തീരുമാനം ദശലക്ഷക്കണക്കിന് ആളുകളെ ജീവൻ രക്ഷിക്കുന്നതിന് തടസ്സമാകുമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ലോകമെമ്പാടുമുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ സ്ത്രീകളാണ് പ്രധാന പങ്കുവഹിക്കുന്നത്. ഈ തീരുമാനം അഫ്ഗാൻ ജനതക്ക് വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ അഫ്ഗാനിസ്ഥാന്റെ സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാണ്. ഉപരോധങ്ങളും വികസന സഹായങ്ങളിൽ വെട്ടിക്കുറയ്ക്കലും തുടരുകയാണ്. അഫ്ഗാൻ എയ്ഡിന്റെ കണക്കനുസരിച്ച്, 28 ദശലക്ഷം അഫ്ഗാനികൾക്ക് അടുത്ത വർഷം സഹായം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നത്. പക്ഷേ ഇപ്പോൾ എൻജിഒകൾക്ക് പോലും ഈ നാട്ടിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല.
സംഗീതമില്ല, റേഡിയോവിൽ പ്രാർത്ഥന മാത്രം
ഒന്നാം താലിബാൻ ഭരണകാലത്ത് എന്നപോലെ ടെലിവിഷനും, സിനിമയും, സംഗീതവും, നാടകങ്ങളുമൊക്കെ പതിവുപോലെ താലിബാൻ നിരോധിച്ചൂ. അധികാരത്തിൽ കയറിയ ഉടനെ തോക്കുമായി കടകൾ തോറും റോന്ത്്ചുറ്റി, ടെലിവിഷനുകുളും കാസറ്റുകളും തല്ലിപ്പെട്ടിക്കായിയിരുന്നു താലിബാനികളുടെ ഹോബി. ഇതിന്റെ നിരവധി വീഡിയോകൾ ഫേസ്‌ബുക്കിൽ വൈറലായിരുന്നു. പാട്ടുപാടിയ ഒരു പെൺകുട്ടിയെ താലിബാനികൾ വെടിവെച്ച് കൊന്നതും നേരത്തെ വാർത്തയായിരുന്നു. ഇവിടത്തെ റേഡിയോ നിലയത്തിൽനിന്നും ഏതു സമയത്തും മതപരമായ പ്രാർത്ഥനകളും മറ്റുമാണ് മുഴങ്ങുന്നത്. അങ്ങാടിയിൽ വെച്ച് പാട്ടുകേട്ടെന്ന കുറ്റത്തിന് ഒരാളെ പൊരിവെയിലത്ത് നഗ്നപദനായി നടത്തിക്കുകയും അയാൾ ബോധം കെട്ടുവീഴുകയും ചെയ്തതും വാർത്തയായിരുന്നു. ഇറുകിയ വസ്ത്രങ്ങൾ ധരിച്ചതിന് ഒരു യുവതിയെ താലിബാൻ വധിച്ച സംഭവവും ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തെരുവുകളിൽ ചില സ്ത്രീകൾ പുറത്തിറങ്ങുന്നത് കണ്ടെങ്കിലും കണ്ണൊഴിച്ച് മറ്റ് ശരീരഭാഗങ്ങളെല്ലാം മറക്കുന്ന ബുർഖ ഇടാതെ ആരും പുറത്തിറങ്ങുന്നില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. ബുർഖ ധരിക്കാത്ത സ്ത്രീകളെ വണ്ടിയിൽ കയറ്റരുതെന്ന് തങ്ങൾക്ക് നിർദ്ദേശമുണ്ടെന്ന് ഇവിടത്തെ ടാക്സി ഡ്രൈവർമാർ പറയുന്നു.
ഭരണഘടനമാറി എല്ലാം ശരീയത്ത് നിയമങ്ങളായിരിക്കയാണ്. അവിവാഹിതരായ സ്ത്രീപുരുഷന്മാർ ഇണ ചേർന്നാൽ അത് വ്യഭിചാരമായി കണ്ട് 100 ചാട്ടയടികളാണ് ശിക്ഷ വിധിക്കുന്നത്. സെക്സ് നടത്തിയത് വിവാഹിതരെങ്കിൽ കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. മോഷണകുറ്റം തെളിഞ്ഞാൽ കൈവെട്ടും. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളിൽ ഇരുകൈകളും വെട്ടും. ഇതാണ് അവസ്ഥ.
ഡിവോഴ്സ് ചെയാൽ വേശ്യ
സമാനകൾ ഇല്ലാത്ത ശിക്ഷാ രീതിയാണ് പലയിടത്തും താലിബാൻ നടപ്പാക്കുന്നത്. നെയിൽ പോളീഷ് ഇട്ട ഒരു സ്ത്രീയുടെ വിരലുകൾ മുറിച്ചാണ് അവർ ഭീതി പരത്തിയത്. ലിപ്സ്റ്റിക്കിട്ടവരെ തുറങ്കിലടച്ചു. ഇതൂകൊണ്ടൊക്കെ അഫ്ഗാനിലെ ജയിലുകൾ ഇപ്പോൾ നിറഞ്ഞ് കവിയുകയാണ്. ശരീഅത്ത് നിയമം ലംഘിച്ചതിന്റെ പേരിൽ നൂറുകണക്കിന് ആളുകളാണ് ജയിലിൽ അടക്കപ്പെടുന്നത്.
വിവാഹമോചന നിയമം താലിബാൻ പരിഷ്‌ക്കരിച്ചതാണ്, സ്ത്രീകൾക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ഹാമിദ് കർസായിയുടെ ഭരണകാലത്തുപോലും, അനാരോഗ്യകരമായ വിവാഹബന്ധത്തിൽനിന്ന് പുറത്തുപോവുക സ്ത്രീകൾക്ക് ബുദ്ധിമുട്ടായിരുന്നു. എങ്കിലും സ്വന്തമായി വരുമാനമുള്ളവർക്ക് സ്വന്തം കാലിൽ നിൽക്കാമായിരുന്നു. അല്ലാത്തവർ വനിതാ ഷെൽട്ടറുകളിൽ അഭയം തേടി. പക്ഷേ ഇപ്പോൾ സ്ത്രീകളുടെ വിവാഹ മോചനം താലിബാൻ കുറ്റമാക്കിയിരിക്കയാണ്. ഭർത്താവിനെ പിരിയുന്നവൾക്ക് വ്യഭിചാരിണിയുടെ സ്ഥാനമാണ്.
മുമ്പ് വിവാഹമോചനം നേടിയവരെ താലിബാൻ തെരഞ്ഞെുപിടിച്ച് ജയിലിൽ അടക്കുകയാണ്. ഇതിൽ പലരും മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. അവർക്കും രക്ഷയില്ല. താലിബാൻ സേനയെ ഭയന്ന് ഒളിജീവിതത്തിലാണ് ഡിവോഴ്സ് കിട്ടിയവിൽ പലരും. ഇനി ഗാർഹിക പീഡനം നടന്നുവെന്ന് തെളിയിക്കേണ്ടത് ഇരകളുടെ ബാധ്യതയാണ്. അടച്ചിട്ട മുറിയിൽ നടക്കുന്ന കൊടിയ പീഡനത്തിന് എങ്ങനെയാണ് സാക്ഷികളെ കിട്ടുക. അതുകൊണ്ട് ഭർത്താവ് ലഹരിക്ക് അടിമപ്പെട്ടാൽപോലും സ്ത്രീ അടങ്ങി ഒതുങ്ങി ജീവിച്ച് കൊള്ളണം. താലിബാൻ വനിതാ ഷെൽട്ടർ എന്ന സ്ത്രീകളുടെ അവസാനത്തെ അഭയകേന്ദ്രവും പൂട്ടി. പുരുഷന്മാരുടെ തുണയില്ലാത്തവർ അഫ്ഗാനിൽ ആരുമില്ല, അതിനാൽ ഈ ഷെൽട്ടറിന് പ്രസക്തിയില്ല എന്നാണ് താലിബാൻ പറയുന്നത്. വനിതാ ജഡ്ജിമാരെയും വനിതാ അഭിഭാഷകരെയും വീട്ടിലിരുത്തിയതോടെ കോടതി പുർണ്ണമായും പുരുഷവത്ക്കരിക്കപ്പെട്ടു. പീഡനം സഹിക്കവയ്യാതെ വീട്വിട്ട് ഓടിപ്പോവുന്ന സ്ത്രീകൾ വ്യഭിചാരക്കുറ്റത്തിന് ജയിലിലാവും. ഇവിടെ വിചാരണപോലുമില്ല.
ഭരണഘടനക്ക് പകരം ശരീയത്ത് നിയമങ്ങൾ വച്ചാണ് ഇപ്പോൾ വിധി പറയുന്നത്. നേരത്തെ താലബാൻ അധികാരത്തിൽ വന്നപ്പോൾ തങ്ങളുടെ അനുഭാവികളായ ഭീകരരെ ജയിൽ മോചിപ്പിച്ചിരുന്നു. അരാണ് ഇപ്പോൾ ജയിൽ ഭരിക്കുന്നത്. തടവുകാർ ശരീയത്ത് ലംഘിക്കുന്നവരും, പാശ്ചാത്യ ജീവിത ശൈലി പിന്തുടരുന്നവരും എല്ലാം ജയിലിലാണ്..
ഗർഭനിരോധന ഗുളികകളും നിരോധിക്കുന്നു
നിരോധിച്ച് നിരോധിച്ച് ഗർഭനിരോധന ഗുളികകളും താലിബാൻ നിരോധിച്ചിരിക്കയാണ്. സന്താന നിയന്ത്രണം എന്ന് പറയുന്നത്, മുസ്ലിം ജനസംഖ്യ ബോധപൂർവം കുറക്കാനുള്ള പാശ്ചാത്യശക്തികളുടെ നടപടിയായിട്ടാണ് താലിബാൻ കാണുന്നത്. ഗർഭനിരോധന ഗുളികളും, എടുത്തമാറ്റണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. തോക്കുമായി വീടുവീടാന്തരം കയറി ഇറങ്ങി താലിബാനികൾ സ്ത്രീകളെ ഭീഷണിപ്പെടുന്നതി. ജനനനിയന്ത്രണവുമായി ബന്ധപെട്ട ഒരുകാര്യവും ചെയ്യരുത് എന്നാണ് താലിബാന്റെ ശാസന. കാബൂളിലും പരിസരത്തും, തോക്കുമായി എത്തുന്ന താലിബാനികൾ മെഡിക്കൽ സ്റ്റോറുകൾ നടത്തുന്നവരെയും ഭീഷണിപ്പെടുത്തുകയാണ്.
മിഡ് വൈഫുമായുടെ പ്രവർത്തനം നിർത്തിച്ചു.
നേരെത്ത പോളിയോ കുത്തിവെപ്പ് അടക്കമുള്ളവക്കെതിരെയും താലിബാൻ തിരിഞ്ഞിരുന്നു. ഇതും മുസ്ലീങ്ങളുടെ ജനസംഖ്യകുറക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇപ്പോൾ ആണുങ്ങൾ ആരെങ്കിലും ഒപ്പമില്ലെങ്കിൽ പുരുഷ ഡോക്ടർമാർക്ക് സ്ത്രീരോഗികളെ പരിശോധിക്കാൻ അനുവാദമില്ല. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം താലിബാൻ അനുവദിക്കുകയും ചില സാഹചര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അഫ്ഗാൻ വിവാഹങ്ങളിൽ 80% നിർബന്ധിതമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ ശൈശവ വിവാഹങ്ങളും ബലാത്സംഗങ്ങളും ഏറെ നടക്കുന്ന അഫ്ഗാൻപോലുള്ള ഒരു രാജ്യത്ത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകൻ വയക്കുന്നത്. അൺവാണ്ടഡ് പ്രഗ്നൻസി സ്ത്രീ സമൂഹത്തിൽ വലിയ പ്രശ്നം ആവുമെന്ന വിലയിരുത്തലൊന്നും താലബാൻ കണക്കിലെടുക്കുന്നില്ല.
പോഷകാഹാരക്കുറവ് മൂലം 2022മാത്രം 13,700 നവജാത ശിശുക്കളാണ് രാജ്യത്ത് മരിച്ചത്. 26 അമ്മമാരും മരിച്ചു. ഉത് പഠിക്കാനെത്തിയ യുഎൻ സംഘത്തിന് അധികൃതരെ കാണാൻ പോലും കഴിയാതെ മടങ്ങേണ്ടിവന്നു. മോശം അവസ്ഥകൾ മൂലം പ്രസവത്തിനിടെ, 14 അഫ്ഗാൻ സ്ത്രീകളിൽ ഒരാൾ മരിക്കുന്നുവെന്നാണ് കണക്ക്. ഗർഭംധരിക്കാനും പ്രസവിക്കാനും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലം എന്നാണ് യുഎൻ അഫ്ഗാനെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ അഫ്ഗാനിസ്ഥാൻ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ക്ഷാമം നേരിടുന്നതിനായി ജനങ്ങൾ കുട്ടികളെ വിൽക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന അഫ്ഗാനിലെ മറ്റുചില കാഴ്ചകൾ ഇങ്ങനെയാണ്. അസീസ് ഗുലിൻ എന്നയാൾ തന്റെ 10 വയസ്സുകാരിയായ മകളെ ഭാര്യയോട് പറയാതെ വിവാഹ മാർക്കറ്റിൽ വിറ്റു. അഞ്ച് കുട്ടികളുള്ള തന്റെ കുടുംബത്തെ പോറ്റാനായി അദ്ദേഹം മകളെ വിറ്റ് കാശ് വാങ്ങി. അതല്ലെങ്കിൽ ഏഴ് പേരടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാൻ അയാൾക്ക് കുടുംബത്തിലെ ഒരു കുട്ടിയെ വിൽക്കുകയെ നിവർത്തിയുണ്ടായിരുന്നുള്ളൂ. നാല് മക്കളുടെ പിതാവായ ഹമീദ് അബ്ദുള്ളയും തന്റെ പെൺമക്കളെ നിശ്ചയിച്ചുറപ്പിച്ച് തുകയ്ക്ക് വിവാഹ കമ്പോളത്തിൽ വിൽക്കുകയായിരുന്നു.തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന ഭാര്യയെ ചികിത്സിക്കാൻ പണമില്ലെന്നതായിരുന്നു ഹമീദ് അബ്ദുള്ളയുടെ പ്രശ്നം. മൂന്ന് വർഷം മുമ്പ് പണം വാങ്ങി പറഞ്ഞുറപ്പിച്ച മൂത്ത മകളെ അയാൾ ഈ വർഷമാണ് ഭർത്താവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുത്തത്.
എന്നാൽ, ഇപ്പോൾ അയാൾക്ക് വീണ്ടും പണത്തിന് ആവശ്യമുണ്ട്. അതിനാൽ തന്റെ ആറ് വയസ്സുള്ള നാസിയയെ ഏകദേശം 20,000-30,000 അഫ്ഗാനിക്ക് വിലയുറപ്പിക്കാൻ അയാൾ തയ്യാറാണ്. 'ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല. ഡോക്ടർക്ക് നൽകാനുള്ള പണമില്ല. തങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു' -അയാൾ പറയുന്നു. ഒരു കുട്ടിക്ക് വില ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം അഫ്ഗാനി രൂപ വരെ കിട്ടുമെന്നാണ് ടോളോ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.
അഫ്ഗാനിസ്ഥാനിൽ 5 വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നതായി യുഎൻ പറയുന്നു. അഫ്ഗാനികൾ അവയവങ്ങൾ വിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്. വൃക്കക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം (22,0000) രൂപവരെ കിട്ടുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിലെ ബാൽക് പ്രവിശ്യയിലെ ക്യാമ്പുകളിൽ താമസിക്കുന്നവരാണ് പണത്തിന് കുഞ്ഞുങ്ങളെ വിൽക്കുന്നതിനൊപ്പം തങ്ങളുടെ അവയവങ്ങളും വിൽക്കുന്നത് എന്നാണ് ഇന്റർനാഷനൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
വികസിച്ചത് ലഹരികൃഷി മാത്രം
കുറ്റം മാത്രം പറയുരുതല്ലേ. താലിബാൻ വന്നതിനശേഷം അഫ്ഗാനിൽ ഒരേ ഒരു കൃഷി വികസിച്ചിട്ടുണ്ട്. അതാണ് കറുപ്പ് കച്ചവടം. 2.7 ബില്യൺ ഡോളറാണ് ഇവർ ഒരു വർഷം കറുപ്പ് കൃഷികൊണ്ട് നേടുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 17 ശതമാനം ഇങ്ങനെയാണ്. ലോകത്തിന്റെ ഹെറോയിൻ മാർക്കറ്റിനെ നിയന്ത്രിക്കുന്നതും ഇപ്പോൾ അഫ്ഗാനാണ്. ഇതുമൂലം രാജ്യത്തും ലഹരി വർധിച്ചിട്ടുണ്ട്. 20ലക്ഷം യുവാക്കൾ അഫ്ഗാനിൽ ലഹരിക്ക് അടിമകൾ ആണ് എന്നാണ് കണക്ക്.
കേരളത്തിന് ബിവറേജ് കോർപ്പറേഷൻ പോലെയാണ് താലിബാന് ഹെറോയിൻ കടത്ത്! ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വാറ്റിയെടുക്കയാണ് ഇന്ന് താലിബാന്റെ പ്രധാന വരുമാന മാർഗം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഹെറോയിൻ വാറ്റ് കുടിൽ വ്യവസായം പോലെ ആയിരിക്കയാണ്. എന്നാൽ ഹറാം ആയതുകൊണ്ട് താലിബാൻ ഇതൊന്നും ഉപയോഗിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മാഫിയ വഴി കടത്തുകയാണ് ചെയ്യുക്..
ഇന്ന പോപ്പി വിത്തുകൾ താലിബാൻ നേരിട്ട് വിതരണം ചെയ്ത് പലേടത്തും കൃഷി നടക്കയാണ്.ഒരു രാജ്യം നേരിട്ട് കഞ്ചാവ് കൃഷി പ്രോൽസാഹിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാവും! കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ് കണക്കുകൾ. ഭീകരതയുടെ വിത്തിനൊപ്പം ലഹരിയുടെ വിത്തുകളും അങ്ങനെ ലോകമാസകലം എത്തിക്കയാണ് താലിബാൻ. പക്ഷേ ഈ പണമൊന്നും ഒന്നിനും തികയുന്നില്ല. സൈനിക ചെലവുകൾ കഴിഞ്ഞാൽ ഒന്നും ബാക്കിയില്ല. അടിയന്തരമായി പ്രവർത്തന ക്ഷമമായ ബാങ്കിങ്ങ് സംവിധാനം ഇല്ല. കറൻസി ക്ഷാമം രൂക്ഷമാണ്. സർക്കാർ ജീവനക്കാരുടെ അടക്കം ശമ്പളം 50 ശതമാനം വെട്ടിക്കുറിച്ചിരിക്കയാണ്.
വാൽക്കഷ്ണം: ഇന്ത്യ ഉൾപ്പടെ ലോകത്തില ഒട്ടുമിക്ക രാജ്യങ്ങളും താലിബാനെതിരെ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. പക്ഷേ അവരെ അനുകൂലിക്കുന്ന ഒരേ ഒരു പ്രധാന രാഷ്ട്രം നമ്മുടെ ചങ്കിലെ ചൈനയാണ്. അഫ്ഗാനിൽ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ചൈന നടത്തുന്നുണ്ട്. ഹെറോയിൻ വ്യവസായത്തിലും ചൈനക്ക് നിക്ഷേപമുണ്ടെന്നും പറയുന്നുണ്ട്. പുരകത്തുമ്പോൾ വാഴവെട്ടുക എന്നതാണ് കമ്യുണിസ്്റ്റ് ചൈനയുടെ ലൈൻ!