- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
4ാം വയസ്സിൽ തുടങ്ങി 50 വർഷം നീണ്ട അഭിനയ സപര്യ; പുരുഷാധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ; ഒടുവിൽ ദുരൂഹമായ മരണം; 60ാം പിറന്നാളിൽ ഗൂഗിൾ ഡൂഡിലായി ആദരം; താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം!
കത്തുന്ന സൗന്ദര്യം കൊണ്ടും, അഴകാർന്ന അഭിനയം കൊണ്ടും തിരശ്ശീലയെ തീ പിടിപ്പിച്ച നടി. ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ! പുരുഷ നായകർക്ക് ചുറ്റം കറങ്ങുന്ന ബോളിവുഡ്, ഒരു സ്ത്രീയുടെ ഡേറ്റിനായി കാത്തിരുന്ന കാലം. ശ്രീദേവിയെന്ന അന്തരിച്ച ഇന്ത്യൻ താരറാണി അതായിരുന്നു. കഴിഞ്ഞ ദിവസം, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ്, ബോളിവുഡിന്റെ മുഖശ്രീയായിരുന്ന ശ്രീദേവിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചത്. ഹിന്ദി സിനിമയിലെ രാജാക്കന്മാരായ സൽമാൻ ഖാനും ഷാറൂഖ് ഖാനും ആമിർ ഖാനും അഭിനയിച്ച ചിത്രങ്ങളെല്ലാം ചേർത്തുവച്ചാൽ 275ൽ താഴെ മാത്രമേ വരൂ. 2017ൽ തിയറ്ററിലെത്തിയ 'മോമി'ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോർഡ്. 4ാം വയസ്സിൽ തുടങ്ങി, 50 വർഷത്തെ അഭിനയ സപര്യയിൽ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പ് കൊണ്ടുകൂടിയാണ് ശ്രീ, ബോളിവുഡ് മുഖശ്രീയായത്.
പക്ഷേ 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ അവരുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ലോകം ഞെട്ടി. വെറും 54ാമത്തെ വയസ്സിലാണ്, മരണം. ഇപ്പോൾ ശ്രീദേവിയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് നടിക്ക് ഗൂഗിൾ ഡൂഡിലും ആദരമർപ്പിച്ചു. ബാലതാരമായി ചുവടുവെച്ച ശ്രീദേവിയുടെ സിനിമയാത്രയാണ് ഡൂഡിൾ പ്രതിനിധാനം ചെയ്യുന്നത്. ശ്രീദേവിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. പ്രണയവും, സ്റ്റണ്ടും, സെക്സും, വിരഹവും, ചതിയും, ട്വിസ്റ്റുകളുമുള്ള ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ പോലെ തന്നെയാണ്, ശ്രീദേവിയുടെ ജീവിതവും.
നാലാം വയസ്സിൽ തുടങ്ങിയ അഭിനയം
പ്രമുഖ ഇന്ത്യൻ ഭാഷകളിലൊക്കെ അഭിനയിച്ചുവെന്ന അപൂർവമായ റെക്കോർഡ് സ്വന്തമാക്കിയ നടിയാണ്, ശ്രീദേവി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ്, ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ അഭിനയിച്ചത്. ശിവകാശിയിലെ അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും, സിനിമാ നർത്തകി രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13-നായിരുന്നു ശ്രീദേവിയുടെ ജനനം. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ആദ്യ പേര്. ശ്രീദേവിയുടെ മാതൃഭാഷ തമിഴാണ്. മാതാവ് രാജേശ്വരി ആന്ധ്രാക്കാരിയാതിനാൽ രണ്ടുഭാഷയിലും അവർ നന്നായി സംസാരിക്കും. ശ്രീലത എന്ന ഏക സഹോദരിയാണ്.
അമ്മ രാജേശ്വരിയെന്ന തെലുഗു നർത്തകിയുടെ സ്വപ്നമായിരുന്നു തന്റെ മകളെ സിനിമയുടെ നായിക സിംഹാസനത്തിലെത്തിക്കണമെന്ന്. 1967-ൽ, വെറും നാലാമത്തെ വയസ്സിൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് ശ്രീദേവി തഅഭിനയജീവിതം തുടങ്ങിയത്. അതിന്പിന്നിലും അമ്മയായിരുന്നു. ബാലതാരമായി തന്നെ പിന്നീടും ചില തമിഴ് ,തെലുഗു, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1972 ൽ 'ബടിപന്തുലു' എന്ന ചിത്രത്തിൽ എൻ. ടി. രാമറാവുവിന്റെ പേരക്കുട്ടിയായി അഭിനയിച്ചു. അതേ ശ്രദേവി പത്ത് വർഷങ്ങൾക്ക് ശേഷം 1983 ൽ 'ജസ്റ്റിസ് ചൗധരി' എന്ന ചിത്രത്തിൽ എൻ ടി രാമറാവുവിന്റെ നായികയായി വേഷമിട്ടു!
നായിക നടിയായി അഭിനയിച്ചത് 1976-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത് കമൽഹാസൻ നായകനായ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമൽഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻനിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്തു തന്നെ തെലുങ്കിലും അഭിനയിച്ചു. അവിടെയും ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു.
1969- ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ, സ്വപ്നങ്ങൾ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 1976- ൽ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. നായകനായി കമൽഹാസനും. 1976- ൽ പുറത്തിറങ്ങിയ തുലാവർഷം എന്ന ചിത്രത്തിൽ പ്രേം നസീറിനോട് ഒപ്പം അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാൽ, ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ അംഗീകാരം എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996- ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ അവർ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തി. ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രമായിരുന്നു അവരുടെ അവസാന മലയാള ചിത്രം. മൊത്തം 26 മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ശ്രീദേവി- കമൽഹാസൻ കോമ്പോ!
70കളിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോടിയായിരുന്നു കമൽഹാസൻ- ശ്രീദേവി. 16 വയതിനിലെ, സിഗപ്പ് റോജക്കൾ, മൂന്നാം പിറ തുടങ്ങി തുടർച്ചയായ സുപ്പർ ഹിറ്റുകൾ ഈ ജോടികളെ ഇന്ത്യ മുഴുവൻ പ്രശസ്തമാക്കി. മൂന്നാം പിറയിലെ 'കണ്ണേ കലൈമാനെ' എന്ന പാട്ട് ലോക പ്രശ്സ്തമായി. ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിൽ ആ താരജോടി തകർത്ത്് അഭിനയിച്ചു.
അതുകൊണ്ടുതന്നെ ഇരുവരും പ്രണയത്തിലാണെന്നും, വിവാഹിതരായേക്കമെന്നുമൊക്കെ ഗോസിപ്പുകൾ ഏറെ പ്രചരിച്ചിരുന്നു. പക്ഷേ ശ്രീദേവി തന്റെ അടുത്ത സുഹൃത്ത് മാത്രമായിരുന്നു വെന്നാണ് കമൽഹാസൻ പറഞ്ഞത്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ- '' ഞങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും എന്നോട് ചോദിച്ചിരുന്നു. ഞാൻ ഒരിക്കലും ശ്രീദേവിയെ അങ്ങനെ കണ്ടിട്ടില്ല. ബാലചന്ദർ സാറിന്റെ കളരിയിൽ അഭിനയം പഠിച്ചവർ ആയിരുന്നു ഞങ്ങൾ. അന്നുതൊട്ട് എന്തും പറയാൻ സാതന്ത്ര്യമുള്ള സുഹൃത്തും, സഹോദരിയുമായിരുന്നു ശ്രീദേവി.''- നടിയുടെ മരണത്തിനുശേഷം വികാര നിർഭരമായി കമൽ ഈ അനുഭവങ്ങൾ പങ്കുവെക്കുകയും ചെത്തിരുന്നു.
''എനിക്ക്, അവൾ തന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് തനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. മ്രരണം വരെയും സർ എന്നായിരുന്നു അവൾ എന്നെ വിളിച്ചിരുന്നത്. കുടുംബാംഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ശ്രീദേവിയുടെ അമ്മയോട് ഞാൻ ചോദിച്ചത്''- കമൽ വികാരധീനയായി പറഞ്ഞു. പക്ഷേ ഇക്കാര്യം പലരും തുടർച്ചയായി എടുത്തിട്ടപ്പോൾ, ശ്രീദേവിയും താനും കല്യാണം കഴിച്ചാൽ ഇരുവർക്കും വട്ടായിപ്പോകുമെന്നാണ് അന്ന് കമൽഹാസൻ പറഞ്ഞത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ശ്രീദേവിയെ തിരികെ വീട്ടിലെത്തിക്കേണ്ടിവരുമെന്നും കമൽഹാസൻ തമാശയായി പറഞ്ഞിരുന്നു. പക്ഷേ കമലിന്റെ മൂന്ന് വിവാഹങ്ങളും ഡിവോഴ്സിൽ എത്തി. ശ്രീവിദ്യയുടെ പ്രണയ ജീവിതവും തീർത്തും നാടകീമായിരുന്നു.
ഹിന്ദി സിനിമാലോകം കീഴടക്കുന്നു
ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ്ബോളിവുഡിലേക്ക് കാലലെടുത്തൂവെക്കാനുള്ള തീരുമാനം ആയിരുന്നു. ആദ്യമായി പത്തുലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർ സ്റ്റാറായി അവർ അതോടെ വളർന്നു. 1979 ൽ റിലീസ് ചെയിത 'സോൾവാ സാവൻ' എന്ന സിനിമയിൽ നായിക വേഷമണിഞ്ഞാണ് അവർ ബോഡിവുഡിലെത്തിയത്. പക്ഷേ ആ ചിത്രം പരാജയപ്പെട്ടു. ഹിന്ദി ഭാഷയിൽ സ്വയം ഡബ് ചെയ്യാൻ സാധിക്കാത്തത് ആദ്യകാലങ്ങളിൽ ശ്രീദേവിയെ അലട്ടിയിരുന്നു. എങ്കിലും 1983 ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച 'ഹിമ്മത്ത് വാല' വൻ ഹിറ്റായതോടെ ബോളിവുഡിൽ തിരക്കുകൾ വർദ്ധിച്ചു.
1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ- ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയചരിത്രം 90-കളുടെ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താൽകാാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് വിങ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്. 2013 -ൽ പത്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. ജുറാസിക് പാർക്കിൽ അഭിനയിക്കാൻ 1993ൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയിട്ടുമുണ്ട് ശ്രീദേവി. ബോളിവുഡിൽ സൂപ്പർതാരമായി കത്തിനിൽക്കുന്ന കാലത്തു ഹോളിവുഡിൽ ചെറിയൊരു വേഷം വേണ്ടെന്നായിരുന്നു നിലപാട്.
ആ നടനെ ശ്രീദേവി ഭയന്നു
രണ്ടു കാലഘട്ടങ്ങളിൽ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും. എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
1980 കളിൽ ശ്രീദേവി വളരെ വിജയം കൈവരിച്ച നടിയായിരുന്നു. സഞ്ജയ് ദത്ത് ആ സമയത്ത് ബോളിവുഡ് ഇൻഡസ്ട്രിയിൽ പുതിയൊരാളും. മാത്രമല്ല ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീദേവിയെ ഒരു നോക്ക് കാണാൻ സഞ്ജയ് ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു.സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്. പല തവണയും ശ്രീദേവിയെ കാണാൻ സെറ്റുകളിൽ പോകുമ്പോൾ , മദ്യപിച്ചിട്ടായിരിക്കും പോകുന്നത്. കാണാൻ സാധിച്ചിട്ടുമില്ല. അങ്ങനെയൊരു ദിവസം ഹിമ്മത്ത്വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ജിതേന്ദ്രയുടെ നായികയായാണ് ശ്രീദേവി അഭിനയിക്കുന്നത്.
ആ സിനിമയുടെ ഷൂട്ടിങിൽ സഞ്ജയ് എത്തി. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നു. അവിടെ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി തന്നെയാണ് വാതിൽ തുറന്നത്.മദ്യപിച്ച അവസ്ഥയിൽ ചെല്ലുന്നതുകൊണ്ട് തന്നെ തനിക്ക് നടന്നത് ഒന്നും ഓർമയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് ഉറപ്പ്. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.
ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു . പക്ഷെ എന്നിട്ടും ശ്രീദേവിക്ക് സഞ്ജയ്യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തതുകൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാർ. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ആ സിനിമ പല കാരണങ്ങളാൽ റിലീസ് ആയതുമില്ല.
പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തി. അമിതാഭ് ബച്ചൻ നായകനായ ആ സിനിമയിൽ അവസാനനിമിഷം സഞ്ജയ് ദത്തിനെ സംവിധായകൻ ഒഴിവാക്കി. പിന്നീട് നാഗാർജുനയാണ് ആ വേഷം ചെയ്തത്. പക്ഷേ അവസാനം ശ്രീദേവിയുടെ കരിയർ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രക്ഷകനായി എത്തിയത് സഞ്ജയ് ദത്താണ്. 1993ൽ സഞ്ജയ് ജനപ്രിയ നടനായി തീർന്ന സമയം. മഹേഷ് ഭട്ട്, 'ഗുംരഹ്' എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. അന്ന് സംവിധായകൻ എല്ലാക്കാര്യങ്ങളും കൃത്യമായി ശ്രീദേവിയോട് സംസാരിച്ചിരുന്നു. നായകൻ സഞ്ജയ് ദത്ത്. കഥ കേട്ട ശേഷം ഒരിക്കൽ പോലും നായകനെ മാറ്റാൻ ആവശ്യപ്പെട്ടുമില്ല. എന്നാൽ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു.
ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.ഗുംരഹ് സിനിമ വളരെ അധികം പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്. സിനിമയിലെ അവരുടെ കെമിസ്ട്രി ജനങ്ങൾ എലാം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. പക്ഷേ ശ്രീദേവിക്ക് സഞ്ജയ് ദത്തിനെ കുറിച്ചുള്ള അഭിപ്രായം അപ്പോഴേക്കും മാറിയിരുന്നു. സഞ്ജയ് ആവട്ടെ മദ്യത്തിന്റെ മയക്കുമരുന്നിന്റെയും ലോകം വിടുകയും ചെയ്തിരുന്നു.
എന്നാൽ സംവിധായകൻ കരൺ ജോഹർ ഇവരെ രണ്ടുപേരെയും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ശ്രീദേവി കരാർ ഒപ്പിട്ടതുമാണ്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ ഭർത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുൺ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങൾ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കാനിരുന്ന ചിത്രം പക്ഷേ ശ്രീദേവിയുടെ പൊടുന്നനെയുള്ള മരണത്തോടെ അവസാനിച്ചു.
മിഥുൻ ചക്രവർത്തിയെ പിരിയുന്നു
ഒരു നായികമൂല്യം കൊണ്ട് സിനിമ വിജയിപ്പിക്കാൻ സാധിക്കുമെന്ന് ആദ്യമായി ബോളിവുഡിൽ തെളിയിച്ചത് 'പപ്പി' എന്ന വിളിപ്പേരുള്ള ശ്രീദേവിയായിരുന്നു. അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലമായ പത്തുലക്ഷം രൂപ അവർ വാങ്ങി. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയകാലമുണ്ടായിരുന്നു നടി ശ്രീദേവിക്ക്. അഴകിന്റെ ആൾരൂപമായ ശ്രീദേവിയെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ അക്കാലത്ത് ആരുമില്ലായിരുന്നു. ആരാധകരേക്കാൾ കൂടെ അഭിനയിച്ച നായകന്മാരിൽ പലർക്കും താരത്തോട് കടുത്ത പ്രണയമായിരുന്നു.
അന്ന് കത്തിനിൽക്കുന്ന നടനായിരുന്ന മിഥുൻ ചക്രവർത്തി. വൈകാതെ മിഥുനും ശ്രീദേവിയും പ്രണയത്തിലായി. ബോളിവുഡിൽ തിളങ്ങിനിൽക്കേ 1985 മാർച്ചിലാണ് ശ്രീദേവിയുടെ വിവാഹം നടന്നത്. ശരിക്കും ഒരു പുലിവാൽ കല്യാണമായിരുന്നു അത്.
അന്ന് വിവാഹിതനായിരുന്നു മിഥുൻ. വിവാഹിതനായ പുരുഷനുമായി പ്രണയബന്ധത്തിലായ നടിയെന്ന നിലയ്ക്കാണ് അന്നു ശ്രീദേവിയെ എല്ലാവരും കണ്ടത്. ഒരുവേള 'കുടുംബം തകർത്തവൾ' എന്ന പേരുപോലും ശ്രീദേവി കേൾക്കുകയുണ്ടായി.
പക്ഷേ മൂന്നുവർഷത്തോളം നീണ്ട ആ ബന്ധത്തിൽ ശ്രീദേവി സംതൃപ്തിയായിരുന്നില്ല. മിഥുൻ ഈ സൗന്ദര്യറാണിയെ ഔദ്യോഗികമായി വിവാഹം കഴിച്ചതുപോലുമില്ല. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെങ്കിലും തന്റെ മുൻഭാര്യ യോഗീതാ ബാലിയിൽ നിന്ന് മിഥുൻ വിവാഹമോചനം നേടിയിരുന്നില്ല. മാത്രവുമല്ല ശ്രീദേവിയുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാനും അദ്ദേഹം തയാറായിരുന്നില്ല. ഇതു ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പക്ഷേ മിഥുനുമായി പിരിഞ്ഞിട്ടും ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയാൻ ശ്രീദേവി തയ്യാറായിട്ടില്ല. ഈ വിഷയത്തിൽനിന്ന് എന്നും അവർ ഒഴിഞ്ഞുമാറും.
പുരുഷന്മാരെ കുറിച്ചുള്ള എന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ പറയാറുള്ളതെന്ന് മകൾ ജാൻവി കപൂർ പറയാറുണ്ട്. വരനെ തിരഞ്ഞെടുക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് അമ്മ പറഞ്ഞിരുന്നുവെന്നും അവർ പറയുന്നു.
ബോണി കടന്നുവരുന്നു
മിഥുനുമായുള്ള ബന്ധം തകർന്ന് നിൽക്കവേ, നിരാശയിലാണ്ട ശ്രീദേവി, നടൻ അനിൽകപൂറിന്റെ സഹോദരനും നിർമ്മാതാവുമായ ബോണി കപൂറിലാണ് തന്റെ സങ്കൽപ പുരുഷനെ കണ്ടെത്തിയത്്. ബോണിയും വിവാഹിതനായിരുന്നു. ഭാര്യ മോണ ഷൂരിയും നടിയായിരുന്നു. ഇതിന്റെ പേരിലും ശ്രീദേവി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. പക്ഷേ താനാണ് ഇതിൽ 'പ്രതി'യെന്നും വളരെ നേരത്തെ തനിക്ക് ശ്രീദേവിയെ ഇഷ്ടമായിരുന്നെന്നും 12 വർഷം തുടർച്ചയായി ശ്രമിച്ചാണ് അവരുടെ അരികിൽ എത്തിയതെന്നുമാണ് ബോണി കപുർ പറയുന്നത്.
1970ൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. അന്നുതൊട്ടേ ശ്രീദേവിക്കൊപ്പം വർക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇക്കാര്യം സൂചിപ്പിക്കാനായി ഒരു ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നുവെങ്കിലും അപരിചിതരോടു സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത അന്തർമുഖയായിരുന്നു ശ്രീദേവിയെന്ന് ബോണി കപൂർ മനസ്സിലാക്കി.
പാതി ഇംഗ്ലിഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോടു സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു. അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂർ അവർ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിനു പകരം പതിനൊന്നു ലക്ഷം വാഗ്ദാനം ചെയ്തു. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം. ഇതോടെ ശ്രീദേവിയുടെ അമ്മ ബോണിയിൽ താൽപര്യം പ്രകടിപ്പിച്ചു. പതിയെ ശ്രീദേവിയും ബോണിയും സുഹൃത്തുക്കളായി മാറി.
പക്ഷേ ഇക്കാലത്തൊക്കെയും നടൻ മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി അടുപ്പത്തിലായിരുന്നു. ഇതോടെ ശ്രീദേവിയുടെ പുറകെ നടക്കുന്നതിൽ കാര്യമില്ലെന്നു മനസ്സിലായ ബോണി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനു തയാറായി മോണാ ഷൂരിയെ വിവാഹം കഴിച്ചു. പക്ഷേ അപ്പേഴേക്കും മിഥുനുമായുള്ള ശ്രീദേവിയുടെ ബന്ധം തകർന്നിരുന്നു. തന്റെ എല്ലാ വിഷമങ്ങളും ഇറക്കിവെക്കാനുള്ള ഒരു അത്താണിയായിട്ടാണ് ശ്രീദേവി ബോണിയെ കണ്ടത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകൾ തീർക്കാൻ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി.
ശ്രീദേവിയുമായുള്ള ബന്ധം അതിരു കടന്നുവെന്നു ബോധ്യമായതോടെയാണ് ബോണിയുടെ ജീവിതത്തിൽ നിന്നും ഭാര്യ മോണ വിട്ടുപോകാൻ തീരുമാനിക്കുന്നത്. ശ്രീദേവി ഗർഭിണിയാണെന്നുകൂടി അറിഞ്ഞതോടെ പിന്നീടൊന്നാലോചിക്കാൻ പോലും നൽക്കാതെ അവൾ വഴിമാറിക്കൊടുത്തു. .അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകർന്നതെന്ന് മോണ പിന്നീടു പറഞ്ഞിരുന്നു.
മക്കളായ അർജുൻ കപൂറിനും അൻഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകർത്തവളായിട്ടായിരുന്നു ശ്രീദേവിയെ മോണയുടെ അമ്മ കണ്ടിരുന്നത്. ഒരിക്കൽ പരസ്യമായിതന്നെ ഗർഭിണിയായ ശ്രീദേവിയെ മർദിക്കാൻ പോലും അവർ ശ്രമിച്ചതിനു സാക്ഷികളുണ്ട്. അത്രയ്ക്കുണ്ടായിരുന്നു ശ്രീദേവിയോടുള്ള വിദ്വേഷം. ഇപ്പോഴത്തെ നടൻ അർജുൻ കപൂറിന്റെ അമ്മ കൂടിയായ മോണ 2012ൽ അർബുദത്തെത്തുടർന്ന് മരിക്കുകയായിരുന്നു.
അമ്മയും കുടുംബിനിയും
1996 ൽ ബോണി കപൂറിന്റെ ജീവിത സഖിയായി മാറിയതോടെ അഭ്രപാളിയിൽ നിന്ന് മാറി അവർ കുടുംബജീവിതം നയിച്ചു. ജാൻവി, ഖുഷി എന്നീ രണ്ട് പെൺ കുട്ടികളുടെ അമ്മയായി. ലോകത്ത് ഏറ്റവും സുന്ദരമായ കുടുംബ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് ബോണി കപൂർ പറഞ്ഞിരുന്നത്. ബോണി നിർമ്മിച്ച ജുദായി (1997) എന്ന സിനിമയിലെ ഉർമ്മിളയുടെ കഥാപാത്രത്തിന്റെ പേരായ ജാൻവി എന്ന പേർ മൂത്തകുട്ടിക്ക് നൽകിയപ്പോൾ, 2000 ൽ റിലീസായ ബോണി കപൂർ സിനിമയായ 'ഹാമാര ദിൽ ആപ് കെ പാസ് ഹേ' യിലെ സൊണലിയുടെ കഥാപാത്രത്തിന്റെ പേരായ ഖുഷി ഇളയകുട്ടിക്കും നൽകി. 2018 ജൂലായിൽ റിലീസ് ചെയ്യാനിരിക്കുന്ന 'ധഡക്' എന്ന സിനിമയിൽ നായികയായി മകൾ ജാൻവി അഭിനയിച്ചുവരവേയാണ് അമ്മയുടെ വിയോഗമുണ്ടായത്.
വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സ്വഭാവം കൊണ്ട് തന്നെ ശ്രീദേവി ആരാധകരുടെ ഇഷ്ടനായികയായിരുന്നു. സൗമ്യയും എന്നും പുഞ്ചിരിതൂകി നിൽക്കുന്ന മുഖവും ശ്രീദേവിയുടെ പ്രത്യേകതയായിരുന്നു. പ്രായം കൂടി വരുമ്പോഴും കുട്ടിത്തം മാറാത്ത ചിരിയും ആർക്കും മറക്കാനാവില്ല. വർഷങ്ങൾക്കിപ്പുറം തിരിച്ചുവന്നപ്പോൾ ഇംഗ്ലിഷ് വിങ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി.
ശ്രീദേവിയുടെ 60ാം ജന്മവാർഷികത്തിൽ അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൾ ജാൻവി കപൂർ എഴുതിയ കുറിപ്പിൽ പറയുന്നത് 'ഇന്ന് അമ്മയുടെ പിറന്നാൾ ദിവസം ഞാനും ഒരു സിനിമാ സെറ്റിലാണ്' എന്നാണ്. തന്റെ അമ്മ അതായിരിക്കും ആഗ്രഹിച്ചത് എന്നും ജാൻവി കുറിക്കുന്നു. മകൾ ഖുഷിയും അമ്മയെക്കുറിച്ച് വികാര ഭരിതമായ കുറിപ്പ് എഴുതിയിട്ടുണ്ട്. ''അവൾ ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവൾ ഉണ്ടാക്കി വെച്ച സൽപേരും നല്ല ഓർമകളുമാണ് ഞങ്ങൾക്ക് കൂട്ടായിട്ടുള്ളത്. മക്കളുടെ സിനിമകാണാൻ അവൾ കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഃഖം.''- ബോണി കപൂർ എഴുതുന്നു. ഇവർക്കൊപ്പം ലക്ഷക്കണിക്കിന് ആരാധകരും ശ്രീദേവിയെ അനുസ്മരിക്കുന്നു.
മരണകാരണം ഇന്നും ദുരൂഹം
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന ആരാധകരെ ഞെട്ടിച്ചതായിരുന്നു ശ്രീദേവിയുടെ വെറും 54ാം വയസ്സിലെ അപ്രതീക്ഷിത മരണവും. ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെർവയുടെ റാസൽഖൈമയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ 2018 ഫെബ്രുവരി 22നായിരുന്നു ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്. ഇവർ താമസിച്ചിരുന്ന ദുബായ് ജുമൈറ എമിറേറ്റ്സ് ടവറിലെ കുളിമുറിയിലെ ബാത് ടബ്ബിൽ 25ന് ശ്രീദേവിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടായി. അമിതമായി സൗന്ദര്യവസ്തുക്കൾ ഉപയോഗിച്ചതുകൊണ്ടും, നിരവധി പ്ലാസ്റ്റിക്ക് സർജറികൾ ചെയ്തുകൊണ്ടുമാണ് അവരുടെ ആരോഗ്യം നശിച്ചത് എന്നാണ് ഒരു വാദം. മൂക്കിൻ തുമ്പിൽവരെ അവർ പ്ലാസ്റ്റിക്ക് സർജറി ചെയ്തത് നേരത്തെ വാർത്തയായിരുന്നു. അതുപോലെ ശ്രീദേവി മരിച്ചു കിടന്ന ബാത്ത് ടബ്ബിലെ ചോരയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതും ആശങ്ക ഉയർത്തി. ഭർത്താവ് ബോണികപ്പൂറിനെ അടക്കം ദുബൈ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും, കാൽവഴുതി വീണ് ബാത്ത്ടബ്ബിൽ തലയടിച്ചുണ്ടായ മരണമാണ് ഇതെന്ന നിഗമനത്തിലാണ് ഒടുവിൽ എത്തിയത്.
പക്ഷേ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ശ്രീദേവിയെന്നും പിന്നീട് വാർത്തകൾ പുറത്തുവന്നു.പലപ്പോഴും ശ്രീദേവിക്ക് ഇടയ്ക്കിടെ രക്തസമ്മർദ്ദം കുറയുന്നതിനെ തുടർന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നാണ്, ഇത് സംബന്ധിച്ച് അന്വേഷിച്ച് മാധ്യമ പ്രവർത്തകൻ സത്യാർഥ് പറയുന്നത്. അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്ന്, സംവിധായകൻ പങ്കശ് പരാശറും നടൻ നാഗാർജുനയും പറഞ്ഞിട്ടുണ്ട്. അതിനു കാരണമാകുന്നത് രക്തസമ്മർദ്ദം കുറയുന്നതാണ് എന്നാണ് അറിയുന്നത്.
ശ്രീദേവി സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി പലപ്പോഴും വീണിട്ടുണ്ടെന്ന് അനന്തിരവൾ മഹേശ്വരിയും സ്ഥിരീകരിച്ചിട്ടുണ്ട്. കുഴഞ്ഞ് വീണ് മൂക്കിൽ നിന്ന് വായിൽ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയിൽ ഒരിക്കൽ ശ്രീദേവിയെ ശുചിമുറിയിൽ നിന്നും കണ്ടിട്ടുണ്ടെന്നും ഇവർ പറയുന്നു. പക്ഷേ ഇതിന് കൃത്യമായ ചികിത്സ അവർ എടുത്തില്ല. അങ്ങനെ ആയിരുന്നെങ്കിൽ വിലയേറിയ ആ ജീവിതം ഇപ്പോഴും നമുക്കൊപ്പം ഉണ്ടാവുമായിരുന്നു.
വാൽക്കഷ്ണം: മോഹൻലാലിന്റെ ആദ്യകാല നായികയും പ്രിയ സുഹൃത്തുമായ മേനക സുരേഷ് കുമാർ ലാലിന്റെ നടക്കാതെ പോയ ഒരു ആഗ്രഹം പരസ്യമാക്കിയിരുന്നു. ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു മോഹൻലാലിന്റെ ആ ആഗ്രഹം. ചരിത്രമാകേണ്ടിയിരുന്ന ഒരു പ്രോജകറ്റ് മലയാളത്തിലും നടക്കാതെ പോയിട്ടുണ്ട്. അതാണ് സാക്ഷാൽ വയലാർ രാമവർമയുടെ ഒരു ഒരു തിരക്കഥയായ കച- ദേവയാനി. സംവിധായകൻ എൻ. ശങ്കരൻ നായർക്കു വേണ്ടി രചിച്ച തിരക്കഥയുടെ കാസ്റ്റിങ്ങും വയലാർ നടത്തിയിരുന്നു. കചനായി കമൽഹാസനും, ദേവയാനിയായി ശ്രീദേവിയും. പക്ഷേ ആ പ്രോജക്റ്റ് നടന്നില്ല. ആ തിരക്കഥ എവിടെയെന്നും അവർക്കും അറിയില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ