- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മിണ്ടാട്ടമില്ലാത്ത പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്; ഫാസിസ്റ്റ് എന്ന് ആദ്യമായി വിളിച്ചത് ഭർത്താവ്; പ്രധാനമന്ത്രിയായ അമ്മയുടെ കരണത്തടിച്ച മകൻ; മലയാളിയായ മത്തായി രഹസ്യ കാമുകനെന്ന്; സ്വകാര്യ ജീവിതത്തിൽ അന്ധവിശ്വാസി; ഇന്ത്യയുടെ പട്ടിണി മാറ്റിയ നേതാവ്; മതേതരത്വത്തിന്റെ പേരിൽ പൊലിഞ്ഞ ജീവൻ; അറിയപ്പെടാത്ത ഇന്ദിരയുടെ കഥ
'അവരുടെ കോട്ടങ്ങൾ വല്ലാതെ പർവതീകരിക്കപ്പെട്ടു. നേട്ടങ്ങൾ വേണ്ട രീതിയിൽ എടുത്തുകാട്ടപ്പെട്ടതുമില്ല. ആ അർത്ഥത്തിൽ ഇന്ത്യയുടെ ലോസ്റ്റ് പ്രൈം മിനിസ്റ്റർ തന്നെയാണ് ഇന്ദിരാഗാന്ധി'- സ്വാതന്ത്ര്യം അർധരാത്രിയിൽ അടക്കം ഒട്ടേറെ പുസ്തങ്ങൾ ഇന്ത്യയെക്കുറിച്ച് വിശദമായി പഠിച്ച് എഴുതിയ ഡൊമനിക്ക് ലാപ്പിയർ, നേരത്തെ നടത്തിയ നിരീക്ഷണമാണിത്. മോദി രാഷ്ട്രീയം ഇന്ത്യയെ സമ്പുർണ്ണമായി കൈപ്പിടിയിൽ ഒതുക്കുന്നതിന് മുമ്പുതന്നെ ഇന്ദിരാഗാന്ധി ഇന്ത്യയിൽ അൺപോപ്പുലർ ആയിക്കഴിഞ്ഞിരുന്നു. അവർ ഉണ്ടാക്കിയ നേട്ടങ്ങൾ എല്ലാം മറന്നുകൊണ്ട്, അടിയന്തരാവസ്ഥ എന്ന ഒറ്റക്കാരണത്താൽ, ഇന്ത്യയിലെ ഇടതുപക്ഷം അടക്കം ഇന്ദിരയെ കട്ട ഫാസിസ്റ്റ് ആക്കി.
ഇന്ന് ഒരു രക്തസാക്ഷി ദിനം കൂടി കടന്നുപോവുകയാണ്. 1984 ഒകടോബർ 31നാണ് ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിക്കുന്നത്. ശരിക്കും മതേതരമായി ചിന്തിച്ചതുകൊണ്ട് മാത്രം ഉണ്ടായ ദുരന്തമായിരുന്നു അത്. സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടികളെ തുടർന്ന്, സിക്കുകാരെ അംഗരക്ഷകർ ആക്കരുത് എന്ന ഐബി റിപ്പോർട്ട്, 'ആർ വി സെക്യലർ' എന്ന മറുപടി എഴുതി മടക്കുകയാണ് ഇന്ദിര ചെയ്തത്!
പരിമിതികളും പോരായ്മകളും ഒരുപാട് ഉണ്ടായിരുന്ന, ഫാസിസ്റ്റ് എന്ന് വിളിക്കാൻ തക്ക രീതിയിൽ ഒരുപാട് ചെയ്തികൾ ഉള്ള നേതാവ് തന്നെയായിരുന്നു ഇന്ദിര. പക്ഷേ നെഹ്റുവിനെപ്പോലെ ഇന്ത്യയുടെ പട്ടിണിമാറ്റിയതിൽ അവർക്കുള്ള പങ്ക് ആർക്കും വസ്മരിക്കാൻ ആവില്ല. ഇന്ത്യൻ സൈന്യത്തെ ആധുനികവത്ക്കരിച്ചത്, ഇന്ത്യയെ ആണവശക്തിയാക്കിയത്, ബംഗ്ലായുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചത് അങ്ങനെ, നൂറുനൂറു നേട്ടങ്ങൾ ഉണ്ട് അവർക്ക്. ഭക്ഷ്യധാന്യം ആവശ്യംപോലെ ലഭിക്കാൻ അമേരിക്കയുമായുണ്ടാക്കിയ കരാർ, രൂപയുടെ മൂല്യശോഷണം തടയാനുള്ള ഏർപ്പാടുകൾ, പല വ്യാവസായികമേഖലകളുടെയും ദേശസാത്കരണം, സിംല കരാർ, പൊക്രാനിലെ അണുബോംബ് പരീക്ഷണം, ഹരിതവിപ്ലവം, ധവളവിപ്ലവം, ഭാഷാനയം തുടങ്ങി അവരുടെ ഭരണനേട്ടങ്ങളുടെ പട്ടിക നീളുന്നു. 1967ൽ മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി)എന്നു വിളിച്ച് പ്രതിപക്ഷം പരിഹസിച്ചിരുന്ന സ്ത്രീയാണ്് വർഷങ്ങൾക്കുള്ളിൽ ഉരുക്ക് വനിത, ദുർഗ എന്നീ വിളിപ്പേരുകളിലേക്ക് വളർന്നത്.
പക്ഷേ പൊതു ജീവിതം എന്നപോലെ സ്വകാര്യ ജീവിതവും അങ്ങേയറ്റം സങ്കീർണ്ണമായിരുന്നു. അറിയപ്പെട്ടതിനേക്കാൾ എത്രയോ ഉണ്ട് അറിയപ്പെടാത്തത് എന്നാണ് അവരുടെ ജീവിതം ചിത്രീകരിച്ച ബിബിസി ഡോക്യൂമെന്റിയിൽ പറയുന്നത്.
നെഹ്റുവിന്റെ പ്രിയദർശിനി
1917 നവംബർ 19-ന് ജനിച്ച ഇന്ദിര, ആനന്ദഭവനിലെ സുഖലോലുപമായ അന്തരീക്ഷത്തിനുമപ്പുറം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂള കണ്ടാണ് വളർന്നത്. മുത്തച്ഛനും അച്ഛനും അമ്മയും ഒക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പലതവണകളിലായി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത് എന്തിനെന്നറിഞ്ഞ്, കഷ്ടപ്പാടുകൾ ഏറ്റെടുക്കാൻ തയ്യാറായി വളർന്ന ബാലികയാണ് അവർ. ആറുവയസ്സിൽത്തന്നെ മഹാത്മജിയോടൊപ്പം സാബർമതിയിലും പന്ത്രണ്ടുവയസ്സാകുന്നതിനുമുമ്പേ ടാഗോറുമൊരുമിച്ച് ശാന്തിനികേതനത്തിലും താമസിച്ചിട്ടുള്ള ഇന്ദിര, 'വാനരസേന' എന്ന് അമ്മ പേരിട്ട കുട്ടികളുടെ സ്വാതന്ത്ര്യസമരസേന സംഘടിപ്പിച്ച കുമാരിയാണ്. നെഹ്രു ജയിലിലായിരിക്കേ, രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാൻ പഠിത്തമുപേക്ഷിച്ച് വിദേശത്തുനിന്നെത്തി അമ്മയുടെ മരണംവരെ അവരെ ശുശ്രൂഷിച്ച യുവതിയാണ്. അച്ഛൻ ജയിലിൽനിന്നയച്ച കത്തുകൾ വായിച്ചും പഠിച്ചും ജീവിതത്തെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട ധീരവനിതയാണ്. ഒരച്്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന പുസ്തകം ഇന്നും എത്ര മനോഹരമാണ്. നെഹ്റുവിന്റെ ചെമ്പനീർപൂവും, പ്രിയദർശനിയുമായിരുന്നു അവൾ.
ഗാന്ധിയുമായുള്ള ആരാധന മൂത്ത് തന്റെ ഗണ്ഡി എന്ന പേരിലെ സ്പെല്ലിങ്ങ് പോലും മാറ്റി ഗാന്ധിയാക്കിയ ഫിറോസ് എന്ന പാഴ്സി യുവാവിനെ പ്രിയർദശിനി പരിചയപ്പെടുന്നത് 1933 ലാണ്. അന്ന് ഫിറോസിന് വെറും ഇരുപത്തി ഒന്ന് വയസ്സും, ഇന്ദിരക്ക് പതിനാറ് വയസ്സും മാത്രം. ഇക്കാര്യം ഇന്ദിരയോടും അമ്മ കമലയോടും ഫിറോസ് പ്രൊപ്പോസ് ചെയതു. ഇന്ദിരയും, അമ്മ കമലയും അതിനെ നിർദാക്ഷിണ്യം നിരസിക്കുകയും ചെയ്തു. പിൽക്കാലത്ത് രണ്ടുപേരും പഠനത്തിനായി ലണ്ടനിലേക്ക് പോകുകയും അവിടെവെച്ച് (1935-40) കൂടുതൽ അടുക്കുകയുമായിരുന്നു. 1936 ൽ കമലാ നെഹ്‌റു മരിച്ചു. അതിനുശേഷമാണ് ആ പ്രണയം ദൃഡമാകുന്നത്. 1942 -ൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായി.
ജവഹർലാൽ നെഹ്‌റു ഈ വിവാഹത്തിന് പാടെ എതിരായിരുന്നു. മതരഹിതനായ നെഹ്റുവിന് ഫിറോസ് പാഴ്സി മതക്കാരനാണ് പ്രശ്നമായിരുന്നില്ല. പക്ഷേ ഈ പ്രണയം ആത്മാർഥമാണോ അതോ പ്രായത്തിന്റെ ചോരത്തിളപ്പ് മാത്രമാണോ എന്ന് അദ്ദേഹം സംശയിച്ചു. തീരുമാനത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ വേണ്ടി നെഹ്‌റു മഹാത്മാഗാന്ധിയെ സമീപിച്ചു.പക്ഷേ ഇന്ദിരയുടെ മനസ്സമാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ ക്വിറ്റ് ഇന്ത്യാ സമരം ജ്വലിച്ചുനിൽക്കുന്ന കാലത്ത്, ആ രാഷ്ട്രീയ പ്രണയജോടികളും വിവാഹിതരായി.
്എന്നാൽ വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പ്, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നവദമ്പതികൾ അറസ്റ്റിലാകുന്നു. ഫിറോസ് ഗാന്ധിയെ നൈനി സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് അകത്തിടുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അഞ്ചു വർഷക്കാലം അവർ ഒന്നിച്ചു കഴിഞ്ഞു. താൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സമയം എന്നാണ് ഈ കാലത്തെ ഫിറോസ് ഗാന്ധി വിലയിരുത്തിയത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. അക്കാലത്താണ് ഇവർക്ക് രണ്ടുവർഷത്തെ ഇടവേളയിൽ രണ്ട് ആൺകുഞ്ഞുങ്ങൾ ജനിക്കുന്നത്. രാജീവും സഞ്ജയും.
ഫാസിസ്റ്റ് എന്ന് വിളിച്ചതും ഭർത്താവ്
പാർലമെന്റിൽ അക്ഷരാർത്ഥത്തിൽ ഒരു വിമത ശബ്ദമായിരുന്നു ഫിറോസ് ഗാന്ധി. നെഹ്‌റു ഭരിച്ചിരുന്നപ്പോൾ പോലും, ഫിറോസ് ഗാന്ധി പാർലമെന്റിലെ അനൗദ്യോഗികപ്രതിപക്ഷ നേതൃശബ്ദമായിരുന്നു. പാർലമെന്റിൽ നിരവധി വിഷയങ്ങളിൽ തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ വ്യക്തിയാണ് അദ്ദേഹം. 1959 ലാണ് കേരളത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭ നെഹറു, ഇന്ദിര അടക്കമുള്ളവരുടെ സമ്മർദത്തെത്തുടർന്ന് പിരിച്ചുവിടുന്നത്.
അക്കാലത്ത് പാർലമെന്ററി കാര്യങ്ങൾ റിപ്പോർട്ടുചെയ്തിരുന്ന ഇന്ദർ മൽഹോത്ര ബിബിസിയോട് പറഞ്ഞത്, 1959 ൽ ഇന്ദിര ഭരണഘടനാ വിരുദ്ധമായ രീതിയിൽ കേരളത്തിലെ മന്ത്രിസഭയെ താഴെയിറക്കിയപ്പോൾ, അത് ഡൽഹിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പോരായി മാറിയിരുന്നു എന്നാണ്. ആ തീരുമാനം പുറത്തുവിട്ട അന്ന് രാത്രി ഇന്ദിരയെ നേരിൽ ചെന്നുകണ്ട ഫിറോസ് ഗാന്ധി പറഞ്ഞത്, ഇനി മേലാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താൻ കാലുകുത്തില്ല എന്നായിരുന്നു. അത് അദ്ദേഹം അക്ഷരം പ്രതി പാലിച്ചു. അതിനുശേഷം ഫിറോസ് ഗാന്ധി ഒരേയൊരു വട്ടം മാത്രമാണ് തീൻ മൂർത്തി ഭവനിലേക്ക് വന്നത്. അത് അദ്ദേഹത്തിന്റെ മരണശേഷം, മൃതദേഹം അവിടെ പൊതുദർശനത്തിനു വെച്ച ശേഷം മാത്രമാണ്.
'ഫിറോസ് ദ ഫൊർഗോട്ടൺ ഗാന്ധി' എന്ന ജീവചരിത്ര പുസ്തകത്തിൽ ബെർട്ടിൽ ഫാൾക്ക് പറയുന്നത്, ഇന്ദിരയിലെ സ്വേച്ഛാധിപത്യപ്രവണതയെ ഫിറോസ് ഗാന്ധി തിരിച്ചറിഞ്ഞതാണ് അവർക്കിടയിൽ അകൽച്ചയുണ്ടാക്കിയത് എന്നായിരുന്നു.
അക്കാലത്ത്, ഒരു പ്രാതലിനിടെ, ജവഹർലാൽ നെഹ്‌റുവും, ഇന്ദിരയും കേൾക്കെതന്നെ ഫിറോസ് തന്റെ അഭിപ്രായം പാസ്സാക്കി, 'നീ ചെയ്യുന്നത് ഒട്ടും ശരിയല്ല ഇന്ദിരാ, നീ സ്വന്തം ജനങ്ങളെയാണ് ഈ ഭീഷണിപ്പെടുത്തുന്നത്. സത്യത്തിൽ നീ ഒരു ഫാസിസ്റ്റാണ്. ഫാസിസ്റ്റ്.'- ഒരുപക്ഷേ, ഇന്ദിരയെ ആദ്യമായി ഫാസിസ്റ്റ് എന്ന് വിളിച്ചത് സ്വന്തം ഭർത്താവായ ഫിറോസ് തന്നെയായിരിക്കും. ആ വിളി ഇന്ദിരയെ ചൊടിപ്പിച്ചു. അവർ പ്രാതൽ മേശ വിട്ട്, കുപിതയായി ഇറങ്ങിപ്പോയി.
ഇന്ദിരാകുടുംബവുമായി അവസാനകാലത്ത് തീർത്തും അകൽച്ചയിൽ ആയിരുന്നു ഫിറോസ്്. മരണത്തിന് ഏറെനാൾ മുൻപ് തന്നെ അവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വീണിരുന്നു. ഇന്ദിരയുടെ അധികാരഭ്രമം കൊണ്ടാണെന്നും ഫിറോസിന്റെ 'വഴിവിട്ട' ചില ബന്ധങ്ങൾ കൊണ്ടാണെന്നും അതേക്കുറിച്ച് വ്യത്യസ്തമായ ആഖ്യാനങ്ങൾ ആണുള്ളത്.
1958 ൽ ഒരു ഹൃദയാഘാതത്തോടെ ഫിറോസ് ഗാന്ധി കിടപ്പിലാകുന്നു. ആ സമയത്ത് ഭൂട്ടാനിലെ ഒരു ഔദ്യോഗിക സന്ദർശനത്തിലായിരുന്ന ഇന്ദിര സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ച് ഫിറോസിനെ പരിചരിക്കാൻ വേണ്ടി കശ്മീരിലെത്തി. 1960 സെപ്റ്റംബർ 8 -ന് ഡൽഹിയിലെ വില്ലിങ്ടൻ ആശുപത്രിയിൽ വെച്ച്, രണ്ടാമതൊരു ഹൃദയാഘാതത്തെത്തുടർന്ന് ഫിറോസ് ഗാന്ധി മരണപ്പെട്ടു. ഫിറോസുമായുള്ള ദാമ്പത്യജീവിതം പാളിപ്പോയതിന് ഇന്ദിരാഗാന്ധിയല്ല കുറ്റക്കാരിയെന്ന് പിന്നീട് പലരും എഴുതി. ഇരുപത്തേഴാമത്തെയും ഇരുപത്തൊമ്പതാമത്തെയും വയസ്സുകളിൽ അമ്മയായവൾ. 42-ാം വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ. ഒരു സ്ത്രീയെന്ന നിലയിൽ നോക്കുമ്പോൾ അദ്ഭുദം തന്നെയാണ് ഇന്ദിര.
പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്
രാഷ്ട്രീയ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാൻ കഴിയുന്നവർക്കാണ്് ചരിത്രം തിരുത്താൻ കഴിയുക. അതുപോലെ ഒരാൾ ആയിരുന്നു ഇന്ദിരാഗാന്ധിയെന്ന ഇന്ത്യൻ അയേൺ ലേഡി. 1967-ൽ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുർഗയായി. അതാണ് ബംഗ്ലാദേശ യുദ്ധത്തിൽ കണ്ടത്.
ഇടക്കാല ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തി 1971 മാർച്ച് 18ന് വൻഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ കിഴക്കൻ പാക്കിസ്ഥാനിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂർധന്യത്തിലെത്തിയിരുന്നു. സമ്മർദംചെലുത്തി കിഴക്കൻ പാക്കിസ്ഥാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ യു.എസ്. അടക്കമുള്ള അന്താരാഷ്ട്രശക്തികളോട് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ദിരയോട് അകാരണമായ അനിഷ്ടം പുലർത്തിയിരുന്നു അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 'ആ സ്ത്രീ' എന്നാണ് ഇന്ദിരയെ സംബോധന ചെയ്തിരുന്നത്. മറുഭാഗത്ത് പാക്കിസ്ഥാൻ സൈനിക ജനറൽ യഹ്യാ ഖാനോട് എന്തെന്നില്ലാത്ത സൗഹൃദവും. ജൂലായ് ആദ്യവാരം അന്നത്തെ യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസ്സിൻജർ ഇന്ത്യ സന്ദർശിച്ചവേളയിൽ ഇന്ദിര അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. കിസ്സിൻജറിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് കരസേനാ മേധാവി മനേക് ഷായെക്കൂടി ഇന്ദിര ക്ഷണിച്ചിരുന്നു.
സൈനിക യൂണിഫോമിൽതന്നെ ഷാ എത്തണമെന്ന് ഇന്ദിര ശഠിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ കിഴക്കൻ പാക്കിസ്ഥാൻ ജനതയുടെ ജനാധിപത്യപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ യു.എസ്. പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും അഭയാർഥിപ്രശ്നം ഇന്ത്യയുടെ കൈവിട്ടുപോകുകയാണെന്നും ഇന്ദിര കിസ്സിൻജറിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഒരുറപ്പും നൽകാനാവില്ലെന്നായിരുന്നു കിസ്സിൻജറുടെ മറുപടി. അങ്ങനെയെങ്കിൽ, കിഴക്കൻ പാക്കിസ്ഥാനിൽ സൈനിക ഇടപെടൽ നടത്താൻ മനേക് ഷായോട് ആവശ്യപ്പെടുമെന്ന് ഇന്ദിര അതേനാണയത്തിൽ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽനിന്ന് പാക്കിസ്ഥാനിലേക്കാണ് കിസ്സിൻജർ പോയത്. അവിടെനിന്ന് രഹസ്യമായി ചൈനയിലെ പീക്കിങ്ങിലേക്കും. ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരുമാസത്തിനുള്ളിൽ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ബംഗാൾ ഉൾക്കടലിൽ യു.എസ്. തങ്ങളുടെ കപ്പൽപ്പടയെ വിന്യസിച്ചപ്പോൾ വ്ലാഡിവൊസ്തോക്കിൽനിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധശേഷിയുള്ള കപ്പൽവ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനികനീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റുയൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.
ഇന്ത്യ സംയമനംപാലിക്കണമെന്നും പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്നും പറഞ്ഞവരോട് ഇന്ദിരയുടെ മറുപടി ഇതായിരുന്നു: 'ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കമല്ല. ചർച്ച നടക്കേണ്ടത് പാക്കിസ്ഥാന്റെ പ്രസിഡന്റും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ അവാമിലീഗും തമ്മിലാണ്'. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനും ഇന്ദിര മറന്നില്ല. ബി.ബി.സി.യിൽ ജൊനാഥൻ ഡിംബിൾബിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ സംയമനം പാലിക്കാത്തതെന്തെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് 'ഹിറ്റ്‌ലർ വംശഹത്യ നടത്തുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ യഹൂദന്മാർ മരിച്ചോട്ടെയെന്നും ജർമനിയുമായി സമാധാനചർച്ച നടത്തൂവെന്നും ആവശ്യപ്പെടാതിരുന്നത്' എന്ന് തിരിച്ചടിച്ചു.
ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തുമ്പോൾ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. അർധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പാക്കിസ്ഥാനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവർ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.
കരസേനയ്ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തിൽ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നൽകി. ഒടുവിൽ രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകൾ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുർഗ'യെന്ന് പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്‌പേയി ഇന്ദിരയെ വിളിക്കുമ്പോൾ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.
പ്രധാനമന്ത്രിയുടെ കരണത്തടിച്ച മകൻ
പക്ഷേ ഇന്ദിരാഗന്ധിയുടെ ഏറ്റവും വലിയ പ്രശ്നം സ്വന്തം മകൻ തന്നെ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അയാളുടെ അഴിഞ്ഞാട്ടം കോൺഗ്രസിനും ഇന്ദിരക്കും ഉണ്ടാക്കിയ ചീത്തപ്പേരുകൾ ചില്ലറയല്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്ത് മകൻ അടിച്ചുവെന്ന് പുലിസ്റ്റർ ജേതാവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസൻ വെളിപ്പെടുത്തിയത്. വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ് സിമൻസ്. അന്ന് സഞ്ജയ് ഗാന്ധിയിലെ നിഷേധി എത്രത്തോളം പുറത്തുവന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. സഞ്ജയ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാ ഗാന്ധിയെ ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ആറുപ്രാവശ്യം അടിച്ചുവെന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് തുറന്നു പറയുന്നു.
അതേസമയം സഞ്ജയ് ഗാന്ധി ഇന്ദിരാഗാന്ധിയെ നിയന്ത്രിക്കുകയായിരുന്ന വാദം തെറ്റാണെന്നാണ് ടി.ജെ.എസ് ജോർജിനെപ്പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ അഴിമതികൾക്കുള്ള ഒരു മറമാത്രമായിരുന്നു സ്ഞ്ജയ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ദിരാഗാന്ധിയുടെ ഓൾട്ടർ ഈഗോ ആയിരുന്നു സഞ്ജയ്. ഇന്ദിരക്ക് നേരിട്ട് ചെയ്യാൻ കഴിയാത്തതൊക്കെ അവർ സഞ്ജയിനെ കൊണ്ട് ചെയ്യിച്ചു. ടി.ജെ.എസ് ജോർജിന്റെ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓൺലി മാൻ ഇൻ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയിൽ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാർജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ശിങ്കിടികളുടെ കൈയിൽ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങൾ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോൺഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നിൽക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നൽകി. സാർവലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കാൻ ബി.ജി. ദേശ്മുഖിന്റെ സാക്ഷിപത്രം മതി. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്.
ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയിൽനിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാൻ രാജീവിനോടു ചോദിച്ചു, പാർട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോൺഗ്രസ് ഓഫീസിലെ അലമാരിയിൽനിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. കൈകൾകൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, കോടികൾ, എണ്ണമില്ലാത്ത കോടികൾ '. അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. - ടി ജെ എസ് ജോർജ് വ്യക്തമാക്കുന്നു.
പട്ടിണി മാറ്റിയ പ്രധാനമന്ത്രി
എന്തൊക്കെ കുറ്റങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയുടെ പട്ടിണി മാറ്റിയ പ്രധാനമന്ത്രി കൂടിയാണ് ഇന്ദിര. വിയറ്റ്നാം യുദ്ധത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതുകൊണ്ട് അമേരിക്ക ഭക്ഷ്യസഹായം വളരെ പതുക്കെയാക്കിത് മറക്കാനാവില്ല. അക്കാലത്ത് ഇന്ദിരാഗാന്ധി അമേരിക്ക സന്ദർശിച്ചപ്പോൾ, 'പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ' അമേരിക്കൻ പത്രങ്ങൾ പരിഹസിച്ചു. വൈകായെ ഇന്ത്യയിൽ ഹരിതവിപ്ലവം നടപ്പായി. ഇന്ത്യ ഭക്ഷ്യസുരക്ഷിത രാജ്യമായി.
മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ എഴുതിച്ചേർത്തതും ഇന്ദിരാഗാന്ധിയാണ്. ബാങ്ക് ദേശസാൽക്കരണത്തെയും ഭൂപരിഷ്‌കരണത്തെയും പരസ്പരം ബന്ധപ്പെടുത്തി ഗ്രാമീണജീവിതം അഴിച്ചുപണിയണമെന്ന് അവർ ആവർത്തിച്ചു പ്രഖ്യാപിച്ച ആ കാലത്തുതന്നെയാണ് പ്രിവി പഴ്‌സുകൾ നിറുത്തലാക്കുന്ന പ്രഖ്യാപനവും നടത്തിയത്. . ജനങ്ങളുടെ നൂറുകണക്കിന് കോടി രൂപ ഇങ്ങനെ പഴയ രാജാക്കന്മാർക്ക് വാരി വിതറുന്നത് നികുതിദായകരോടുള്ള ഉത്തരവാദിത്വരാഹിത്യമാണെന്നായിരുന്നു ഇന്ദിരയുടെ കാഴ്ചപ്പാട്. ദേശസാൽക്കരണവും പ്രിവി പഴ്‌സ് നിറുത്തലാക്കലും ജനങ്ങളിൽ സൃഷ്ടിച്ച മോഹങ്ങൾ ഇന്ദിരാഗാന്ധി ഏറ്റെടുത്തു. ജനങ്ങൾക്ക് ഇന്ദിര ആവേശമായി മാറി. അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫലപ്രദമായി സോഷ്യലിസ്റ്റ് മതേതരപരിപാടികൾ നടപ്പാക്കാൻ' വ്യക്തമായ അധികാരം തരണമെന്ന അവരുടെ അപേക്ഷ ജനങ്ങൾസ്വീകരിച്ചു. കണക്കുകൂട്ടിയുള്ള ആ രാഷ്ട്രീയനീക്കം വിജയിച്ചതോടെ ഇന്ദിര ഇന്ത്യയായി.
മൊറാർജി ദേശായിയിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനകാര്യവകുപ്പ് ഏറ്റെടുത്തപ്പോൾ അവർ പറഞ്ഞു: പണം സ്വകാര്യബാങ്കുകളിൽ കൂട്ടി വയ്ക്കുന്നതിൽ കാര്യമില്ല.ദേശീയ വിഭവങ്ങൾ ജനങ്ങൾക്ക് ഉപയോഗപ്പെടണമെങ്കിൽ ബാങ്കുകൾ പൊതുമേഖലയിൽ വരണം. അത് 1969 ജൂലൈ 19 ആയിരുന്നു. പാർലമെന്റിൽ അവർ പ്രസംഗിക്കുമ്പോൾ കോൺഗ്രസ് പാർട്ടിപൊട്ടിത്തെറിയുടെ വക്കിലായിരുന്നു. ബാങ്ക് ദേശസാൽക്കരണ പ്രഖ്യാപനം കോൺഗ്രസ്സിലെ സിൻഡിക്കേറ്റുകൾക്കും ഇന്ത്യൻ വലതുപക്ഷത്തിനുംു വലിയ തിരിച്ചടിയായി. പക്ഷേ ഇന്ദിര കൂടുതൽ ജനപ്രിയയായി. അതിന്റെ മറവിൽ കോടികളുടെ അഴിമതിനടന്നുവെന്നും പറയപ്പെടുന്നുണ്ട്.
മലയാളി രഹസ്യ കാമുകൻ
ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ചില ഇരുണ്ട രഹസ്യങ്ങൾ പുറത്തുവന്നത്, നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു, തിരുവല്ലാക്കാരൻ എം ഒ മത്തായിയുടെ ആത്മകഥയിലുടെയാണ്. 1946 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നെഹ്‌റുവിന്റെ പ്രത്യേക സഹായിയായും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു മത്തായി. 'നെഹ്‌റു യുഗ സ്മരണകൾ' എന്ന പേരിൽ മത്തായി ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പച്ചയ്ക്ക് വെളിപ്പെടുത്തുന്നതായിരുന്നു ആ പുസ്തകം. 'അവൾ' എന്ന തലക്കെട്ടോടുകൂടി ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്ന അധ്യായമായിരുന്നു ഏറ്റവും ആകർഷകം. ഇത് ആദ്യ പതിപ്പിൽനിന്ന് പ്രസാധകൻ ഒഴിവാക്കിയതാണ്. പിന്നീട് ഇത് ചില തൽപ്പരകക്ഷികൾ അടിച്ച് വിതരണം ചെയ്യുകയായിരുന്നു.
തന്റെ പുസ്തകത്തിൽ മത്തായി നെഹ്‌റുവിനോട് തികഞ്ഞ ബഹുമാനം കാട്ടുന്നുണ്ടെങ്കിലും എഡ്വിന, പത്മജ നായിഡു (സരോജിനി നായിഡുവിന്റെ മകൾ), മൃദുല സാരാബായി എന്നീ സ്ത്രീകളുമായി നെഹ്‌റുവിനുണ്ടായിരുന്ന അടുപ്പം അദ്ദേഹം മറച്ചുവച്ചിട്ടുമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട 'അവൾ' എന്ന അദ്ധ്യായത്തിൽ ആദ്യാവസാനം വിശദമായി വിവരിച്ചിരിക്കുന്നത് എംഒ മത്തായിയും ഇന്ദിരാഗാന്ധിയും തമ്മിലുള്ള ശാരീക ബന്ധത്തെക്കുറിച്ചാണ്. നീണ്ട പന്ത്രണ്ട് വർഷക്കാലം തങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും തന്നിൽ നിന്നും ഇന്ദിര ഒരിക്കൽ ഗർഭിണിയായെന്നും അന്ന് പുസ്തകത്തിൽ പറയുന്നണ്ട്. കേട്ടാൽ ഞെട്ടുന്ന പദ പ്രയോഗങ്ങളാണ് ഇവിടെ മത്തായി നടത്തു്നനത്.
ഈ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണവും മത്തായി വിവരിക്കുന്നുണ്ട്. ഇന്ദിരയെ കാണാനായി ഒരിക്കൽ മുറിയിലേയ്ക്ക് കടന്നുവന്ന അദ്ദേഹം കണ്ടത് ധീരേന്ദ്ര ബ്രഹ്മാചാരിയെ ആണ്. ഇന്ദിരയുടെ യോഗ പരിശീലകനായിരുന്നു ധീരേന്ദ്ര. 'അവൾ' എന്ന അദ്ധ്യായത്തിന്റെ അവസാനം മത്തായി പറയുന്നതിതാണ് 'ഞാൻ അവളെ അഗാധമായി പ്രണയിച്ചിരുന്നു'. ഇന്ദിര അധികാരത്തിൽ നിന്നും പുറന്തള്ളപ്പെട്ടശേഷമാണ് ആ പുസ്തകം വെളിച്ചം കണ്ടത്.
പിന്നീട് ആ പുസ്തകം ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തു. മാത്രമല്ല മത്തായി ഒരു ശുദ്ധ നുണയൻ ആണെന്ന് കരുതുന്നവരും ഏറെയുണ്ട്. കാരണം മൗലാന അബ്ദുൽ കാലം ആസാദ് മദ്യപാനിയാണെന്നുപോലും അയാൾ ആ പുസ്തകത്തിൽ എഴുതുന്നുണ്ട്. ഇതിൻെയെല്ലാം അടിസ്്ഥാനത്തിൽ താൻ ഇന്ദിരയുടെ രഹസ്യകാമുകനാണ് എന്ന മത്തായിയുടെ അവകാശവാദം ഭോഷ്‌ക്ക് മാത്രമാണെന്നും വിമർശനം ഉണ്ട്.
അന്ധവിശ്വാസങ്ങളും ഒട്ടേറെ
ശാസ്ത്രവാദിയും സൈന്റിഫിക്ക് ടെമ്പർ എന്ന വാക്കിന്റെ ഉപഞ്ജാതാവുമൊക്കെയായ നെഹ്റവിന്റെ മകൾ സ്വകാര്യ ജീവിതത്തിൽ തികഞ്ഞ അന്ധവിശ്വാസിയായിരുന്നു. മുത്തശ്ശിയായ സ്വരൂപ് റാണിയിലെ അന്ധവിശ്വാസങ്ങൾ ഇന്ദിരയിൽ പുനർജ്ജനിക്കുകയായിരുന്നുവെന്ന് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. തീന്മൂർത്തിയിൽ ഒട്ടനവധി പ്രാവശ്യം ഇന്ദിരയുടെ അന്ധവിശ്വാസങ്ങൾ കണ്ട് നെഹ്‌റുവിന് ഈർഷ്യ തോന്നിയിട്ടുണ്ടത്രേ. ഏത് ചടങ്ങിനും അവർ നല്ല സമയംനോക്കി, നല്ല ദിവസവും. ബ്രഹ്മചാരിയെപ്പോലെയുള്ള 'സെലിബ്രിറ്റി ഗുരു'ക്കന്മാർ ഇത്തരം ബലഹീനതകളെ ചൂഷണംചെയ്തു.
സഞ്ജയൻ മരിക്കുന്നതിന് മുൻപ് ധീരേന്ദ്ര ബ്രഹ്മചാരി അവരെ പേടിപ്പിച്ചിരുന്നു, ശത്രുക്കൾ കൂടോത്രങ്ങൾ നടത്തി ഇന്ദിരയുടെ കുടുംബത്തിൽ അന്തഃഛിദ്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്. പരിഹാരക്രിയകൾ ചെയ്യാനും ക്ഷേത്രങ്ങൾ സന്ദർശിക്കാനും തന്റെ കാർമ്മികത്വത്തിൽ പൂജകൾ ചെയ്യാനും നിർദ്ദേശങ്ങൾ കൊടുത്തു. തീന്മൂർത്തി ഭവനിലെ ഈ റാസ്പുട്ടിൻ ഇന്ദിരയെന്ന സ്ത്രീയുടെ ബലഹീനതകൾ ചൂഷണംചെയ്യുകയായിരുന്നു. സഞ്ജയന്റെ മരണം ബ്രഹ്മചാരിയുടെ സ്വാധീനം ഇരട്ടിപ്പിച്ചു. ഉറ്റവരുടെ ഉപദേശങ്ങളെക്കാൾ ബ്രഹ്മചാരിയുടെ കൗശലങ്ങളിൽ അവർ വീണുപോയി. രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരികയും, തീന്മൂർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ബ്രഹ്മചാരി പുറത്താകുന്നത്.
പഞ്ചാബിൽ സുവർണ്ണക്ഷേത്രം ആക്രമിച്ച് ബിന്ദ്രൻവാലയെ പിടിക്കാൻ സർവസന്നാഹങ്ങളും ഒരുങ്ങിയപ്പോഴും അവർ പേടിച്ചു. അദ്ഭുതം സംഭവിച്ച് ആക്രമണം ഒഴിവായി കിട്ടുമെന്ന് അവസാന നിമിഷം വരെ അവർ വിശ്വസിച്ചു. രാജീവിനോടും അരുൺ നെഹ്‌റുവിനോടും അവർ തന്റെ ഭീതി പങ്കിട്ടു, നമുക്ക് അൽപ്പം കൂടി കാത്തിരിക്കാം. അവർ നിരന്തരം പൂജകൾ നടത്തി, പക്ഷേ, ഒരു അദ്ഭുതവും സംഭവിച്ചില്ല. ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തിൽ അടിയന്തരാവസ്ഥയ്ക്ക്‌ശേഷം നടന്ന വലിയ മണ്ടത്തരം 'ബ്ലൂസ്റ്റാർ' ഓപ്പറേഷനായി.
'ബിയാന്ത് സിങ് എത്ര വിശ്വസ്തൻ'
ഇന്ദിര അതിനുശേഷം വളരെ നിർവ്വികാരയായതായി ജീവചരിത്രകാരന്മാർ പറയുന്നു. അവരുടെ പ്രവർത്തികളിലൊന്നും ടെൻഷനുണ്ടായിരുന്നില്ല. എങ്കിലും ഭീതി ഒരു നിഴൽപോലെ പിന്നാലെ കൂടി. രാജീവിനോടും സോണിയയോടും അവർ ഭീതി പങ്കിട്ടു, താൻ വധിക്കപ്പെട്ടേക്കും.
ബ്ലൂസ്റ്റാർ ഓപ്പറേഷൻ' കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ അംഗരക്ഷകരിൽനിന്ന് സിക്കുകാരെ ഒഴിവാക്കണമെന്ന നിർദ്ദേശം വന്നു. അത നടപ്പാക്കുകയും ചെയ്തു. എന്നാൽ, ഏതാനും ആഴ്ചകൾക്കുശേഷം ഇന്ദിര പറഞ്ഞു; എന്റെ അംഗരക്ഷകരിൽ സിക്കുകാരും വേണം. നാല് വർഷക്കാലം പ്രധാനമന്ത്രിയുടെ സെക്യൂരിറ്റിയിലുണ്ടായിരുന്ന അംഗരക്ഷകനാണ് ബിയാന്ത് സിങ്. രണ്ട് പ്രാവശ്യം വിദേശയാത്രകളിൽ അയാൾ ഇന്ദിരയെ അനുഗമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ യാത്രകളിൽ ഒരു സിക്കുകാരൻ സുരക്ഷിത സേനയിൽ ഉണ്ടാകുന്നത് അപകടമല്ലേ എന്ന് ചോദിച്ച ഒരുവിദേശ പത്രപ്രവർത്തകന്, ബിയാന്ത്‌സിങ്ങിനെ നോക്കി, എത്ര വിശ്വസ്തനാണ് ഇയാളെന്ന് അറിയുമോ എന്നായിരുന്നു ഇന്ദിരയുടെ മറുപടി. സിക്കുകാരെപ്പറ്റി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായിരുന്ന സംശയങ്ങൾ ഇന്ദിരക്കുണ്ടായില്ല.
അമൃതസറിലെ പട്ടാള ഓപ്പറേഷനുശേഷം ഇന്ദിര ആദ്യം സന്ദർശിച്ചസ്ഥലം ലേ ആയിരുന്നു. പ്രധാനമന്ത്രി എത്തും മുൻപ് അവിടെ സൈന്യത്തിലുണ്ടായിരുന്ന മുഴുവൻ സിക്കുകാരെയും ഒഴിവാക്കി. ഇന്ദിര പൊട്ടിത്തെറിച്ചു, 'നിങ്ങൾക്ക് എങ്ങനെ ഇത് തോന്നി...'യെന്ന് അവർ സെക്യൂരിറ്റി ചീഫിനോട് ചോദിച്ചു. ആർ വി സെക്യുലർ എന്ന മറുകുറിപ്പ് എഴുതി ഐ ബി റിപ്പോർട്ട് തള്ളി.
ഇന്ദിര ഒരിക്കലും സുഹൃത്തുക്കളുടെ മുന്നറിയിപ്പുകൾ കാര്യമാക്കിയില്ല. ശത്രുക്കൾ അവസരം കാത്തിരിക്കുന്നത് അവർ അറിഞ്ഞിരുന്നു. തൊഴുകൈകളോടെയാണ് രാവിലെ അവർ അംഗരക്ഷകരുടെ മുന്നിലേക്ക് വന്നത്, 'നമസ്‌തേ' എന്ന് പറയുന്നതോടെ ബിയാന്ത് വെടിവച്ചിരുന്നു. 'എന്താണ് നിങ്ങൾ ചെയ്യുന്നതെന്ന്' ചോദിച്ച് അവർ മുഖംപൊത്തുകയായിരുന്നു. ഒരു നിമിഷം കൊണ്ട് ഇന്ദിരാഗാന്ധി ഒരു കുടംചോരയായി ചരിത്രമെന്ന മഹാസാഗരത്തിൽ ലയിച്ചു. മറ്റൊരു രീതിൽ പറഞ്ഞാൽ മതേതരത്വത്തിന് കൊടുത്ത വിലയായി ആ ചോരത്തുള്ളികൾ.
വാൽക്കഷ്ണം: മത്തായിയുടെ പുസ്്തകത്തിൽ നിന്ന് നീക്കം ചെയ്ത 'അവൾ' എന്ന അധ്യായം അച്ചടിച്ച് വിതരണം ചെയ്തയാളെ പിന്നീട് കോൺഗ്രസ് പാർട്ടി തന്നെ കണ്ടെത്തി. മറ്റാരുമല്ല ഇന്ദിരയുടെ മരുമകൾ മേനകാഗാന്ധി തന്നെ! എത്ര ഉന്നതങ്ങളിൽ എത്തിയാലും ഇന്ത്യയിൽ അമ്മായിമ്മപ്പോരിന് യാതൊരു കുറവുമില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ