- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
സൂപ്പർ താരങ്ങൾപോലും വെടിതീർന്നുപോവുന്ന ഒരുകാലത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. കോടികൾ മുടക്കിയെടുക്കന്ന ചിത്രങ്ങൾ പോലും എട്ടുനിലയിലല്ല, പതിനെട്ട് നിലയിൽ പൊട്ടുന്നു. ആ സമയത്താണ് വെറും മൂന്നരക്കോടി മുടക്കിയെടുത്ത ഒരു കൊച്ചു ചിത്രം, ആഗോളകളക്ഷനിൽ നൂറുകോടി നേടി റെക്കാർഡിടുന്നത്. അത് റിലീസ് ചെയ്ത് വെറും 40 ദിവസത്തിനുള്ളതിൽ. ആ അത്ഭുദ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം'!
മലയാളത്തിൽ നാളിതുവരെ ഒരു സിനിമയും നേരിട്ടിട്ടില്ലാത്ത അതി ശക്തമായ ഹേറ്റ് കാമ്പയിൻ അതിജീവിച്ചാണ് ചിത്രം വൻ വിജയം നേടിയത് എന്നോർക്കണം. റിലീസ് ചെയ്ത അന്നുമുതൽ തന്നെ സംഘപരിവാർ പ്രൊപ്പഗാൻഡ ഒളിച്ചു കടത്തുന്നു, സ്ത്രീ സമത്വത്തെ പരിഹസിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഈ ചിത്രത്തിനുനേരെ വരാൻ തുടങ്ങി. സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ട സിപിഐക്കാരന്റെ സ്ഥാപനം ആക്രമിക്കുന്നതിനും കേരളം സാക്ഷിയായി. സിപിഐ പ്രവർത്തകനും യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി പ്രഗിലേഷാണ് ആ ഹതഭാഗ്യൻ. പോസ്റ്റിന് പിന്നാലെ അയാൾക്കുനേരെ സൈബർ ആക്രമണവുമുണ്ടായി. എന്നിട്ടും അരിശം തീരാതെ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം രാത്രിയിൽ തീവെച്ചു നശിപ്പിച്ചു. (നോക്കുക, ഒരു സിനിമ റിവ്യൂ കൊണ്ട് ഒരുത്തന്റെ അന്നം മുട്ടുന്നു. എന്തൊരു സഹിഷ്ണുത. എന്തൊരു നവോത്ഥാനം. )
പക്ഷേ ചിത്രം കണ്ട നിഷ്പക്ഷരായ ആളുകൾക്ക് അതിൽ ഒളിച്ചുകടുത്തുന്ന സംഘപരിവാർ അജണ്ടകൾ ഒന്നും കാണാനായില്ല. വിശ്വാസികൾ അല്ലല്ലോ സംഘപരിവാർ. മാത്രമല്ല പെൺകുട്ടി പിതാവിന്റെ ചിതക്ക് തീ കൊളത്തുന്നത് അടക്കമുള്ള 'ആചാരലംഘനങ്ങളും' ഈ സിനിമയിലുണ്ട്. കുമാരസംഭവം തൊട്ട് ആമേനും, നന്ദനവും, ആദാമിന്റെ മകൻ അബുവും അടക്കം മതവും വിശ്വാസവും പ്രമേയമായ എത്രയോ ചിത്രങ്ങൾ നാം കണ്ടു. അതുപോലെ ഒരു ചിത്രം തന്നൊണ് ഇതും. ആദ്യം ദിനങ്ങളിൽ ആളുകുറവായിരുന്ന ചിത്രത്തിന്റെ ബുക്കിങ് സ്റ്റാറ്റസ് എടുത്തിട്ട്, സംഘിപ്പടം പൊളിഞ്ഞുവെന്ന് പ്രചാരണം അടിച്ചവരും ഒട്ടേറെ. പക്ഷേ നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണെന്ന് ഹേറ്റേഴ്സ് അറിഞ്ഞില്ല. ( ഇപ്പോൾ ഷാറൂഖ് ഖാന്റെ പത്താൻ സിനിമയിലൊക്കെ സംഭവിക്കുന്നതും അതുതന്നെ) ദിവസങ്ങൾക്കുള്ളിൽ ചിത്രം ചാർജായി. ഇപ്പോൾ നൂറുകോടി ക്ലബിലുമെത്തി.
ഇതോടെ പുതിയ ഒരു താരോദയത്തിനും മലയാള സിനിമ സാക്ഷിയാവുകയാണ്. ആതാണ് ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ എന്ന, യാതൊരു സിനിമാ പരിചയവും ഇല്ലാത്ത കുടുംബത്തിൽ ജനിച്ച്, ഗോഡ്ഫാദർമാരില്ലാതെ മലയാള സിനിമയിലെത്തി, പടിപടിയായി വളർന്ന്, ഇപ്പോൾ പാൻ ഇന്ത്യൻ താരം ആവാൻ ഒരുങ്ങുന്ന ആരാധകരുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ. താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും, ഒരു ആശയം പ്രചരിപ്പിക്കുന്നതിനായി സിനിമ എടുക്കേണ്ട കാര്യമില്ലെന്നും ഉണ്ണിമുകന്ദൻ പറയുമ്പോളും, എതിരാളികൾക്ക് അദ്ദേഹം വെറും സംഘി മുകുന്ദനാണ്. ഇത്രയും വലിയ ഹേറ്റ് കാമ്പയിൽ അതിജീവിച്ച ഒരു മലയാള നടനും വേറെ ഇല്ലെന്ന് പറയാം.
മോദിക്കൊപ്പം പട്ടം പറത്തിയ കാലം
കേരളം ഉണ്ണിയുടെ ജന്മനാടാണെങ്കിൽ, വളർത്തിയ നാട് ഗുജറാത്താണ്. 1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ എന്നതാണ് യഥാർഥ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചത് അവിടെയായിരുന്നു.
ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനായിരുന്നു ഉണ്ണി. അതുപോലെ തന്നെ പിന്നീട് ജിമ്മനെന്നും, മസിലളിയിൻ എന്നും വിശേഷിപ്പിക്കപ്പെട്ട ആ അസൂയാർഹമായ ശരീരസംരക്ഷണവും അയാൾ കൊച്ചുനാളിൽ തന്നെ തുടങ്ങിയിരുന്നു.''തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്‌കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു യഹൂദ മാനേജ്‌മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നുണ്ട്''- ഗുജറാത്തിലെ പഠനകാലം ഉണ്ണി ഓർക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ രസകരമായ കഥയും ഉണ്ണി ഉണ്ണി മുകുന്ദന് പറയാറുണ്ട്. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയിൽ സംസാരിക്കവെതാരം ഇങ്ങനെ പറയുന്നു. ''ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്‌സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.ഗണേശ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനവും നൽകുമായിരുന്നു.'- ഉണ്ണി മുകുന്ദൻ പറയുന്നു.
''കേരളത്തിൽ നടക്കുന്ന ഗണേശോത്സവത്തിലും ഞാൻ പങ്കെടുക്കും. പക്ഷേ ഞാൻ ഇവിടെ പങ്കെടുത്താൽ അതൊരു രാഷ്ട്രീയ പ്രസ്താവനയായി മാറും. ഞാൻ ഇവിടെ എന്ത് ചെയ്താലും അതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തും. അതേസമയം ആളുകൾ എന്തെങ്കിലും പറയുമെന്ന് കരുതി പരിപാടികളിൽ പങ്കെടുക്കാതിരിക്കാനും പോകുന്നില്ല.'- ഉണ്ണി പറയുന്നു.
പക്ഷേ കഴിഞ്ഞ ഇലക്ഷൻഫലം വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയഫലം പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ അനുമോദിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും വിവാദമായി. ഉണ്ണി ഒറ്റ മിനിട്ടുകൊണ്ട് 'ചാണകമായി'. ''ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്''- ഇതിന് മറുപടിയായി ഉണ്ണി ഫേസ്‌ബുക്കിൽ കുറിച്ചു.
ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ
പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും പ്ലസ്ടുകാലത്ത് സിനിമ ഉണ്ണിയുടെ മനസ്സിൽ കയറി. അതോടെ തീർത്തും അസാധാരണമായ ഒരു തീരുമാനമാണ് അയാൾ എടുത്തത്. പഠനം നിർത്തി അഭിനയത്തിലേക്ക് തിരിയുക. മോഹൻലാലിന്റെ സ്ഫടികം സിനിമ കണ്ടതോടെയാണത്രേ ഉണ്ണിയുടെ മനസ്സുമാറിയത്. പക്ഷേ അച്ഛനും അമ്മയും ചേച്ചിയും ഉണ്ണിക്കൊപ്പം നിന്നും. പക്ഷേ സിനിമയിലെ ആരെയം അവർക്ക് അറിയില്ലായിരുന്നു.
''സിനിമയെന്ന വഴി തീരുമാനിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഉണ്ണി ആരാണെന്നു പരിചയപ്പെടുത്തുന്ന ഒരു കത്തെഴുതാനാണ്. പഠിക്കാൻ അച്ഛനുണ്ടാക്കിത്തന്ന കുഞ്ഞു ഡെസ്‌കിലിരുന്ന് ഞാൻ തുറന്നങ്ങ് എഴുതി. അച്ഛൻ ആ കത്ത് രജിസ്ട്രേഡായി തിരക്കഥാകൃത്ത് ലോഹിതദാസിനയച്ചു. ലോഹിതദാസ് ആരാണെന്നോ അച്ഛൻ അദ്ദേഹത്തിനാണ് കത്തയച്ചതെന്നോ എനിക്കറിയില്ലായിരുന്നു. ഒരു ദിവസം വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. ലോഹി സാറിന്റെ അസോസിയേറ്റാണ് വിളിച്ചത്. ഒരു മാസത്തിനകം സാർ വിളിക്കുമെന്നു പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ ഫോൺ കോളിന്റെ കാര്യം പറഞ്ഞു. ആരാണ് ലോഹിതദാസ് എന്നും അദ്ദേഹത്തിന്റെ മഹത്വമെന്തെന്നും അച്ഛൻ ആവേശത്തോടെ വിവരിച്ചു. പിന്നത്തെ ദിനങ്ങൾ കാത്തിരിപ്പിന്റേതായിരുന്നു.
ഇന്റർനെറ്റിലും കിട്ടാവുന്ന മാസികകളിലുമെല്ലാം തിരഞ്ഞ് അതിനകം ലോഹി സാറിനെ ഞാൻ 'ഉൾക്കൊണ്ടിരുന്നു'. അദ്ദേഹം വിളിക്കുമെന്ന പ്രതീക്ഷ വല്ലാത്തൊരു എക്സൈറ്റ്മെന്റിൽ എത്തിച്ചു. അക്കാലത്ത് എനിക്ക് കോൾ സെന്ററിൽ ജോലിയുണ്ടായിരുന്നു. രാത്രി വൈകി ഉറക്കം, രാവിലെ എഴുന്നേൽക്കാനും വൈകും. ഒരു ദിവസം രാവിലെ എട്ടരയ്ക്കാണ് ആറ്റുനോറ്റിരുന്ന കോൾ എത്തിയത്. ലോഹിതദാസ് സാർ എന്നെക്കുറിച്ചും എന്റെ ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. ഉറക്കച്ചടവുള്ള ശബ്ദത്തിലായിരുന്നു മറുപടി.
രാത്രി ജോലിയുള്ള കാര്യമൊക്കെ പറഞ്ഞു. സാർ എന്നെ നേരിൽ വിളിക്കുന്നതിനുള്ള പ്രധാന കാരണം, ഞാൻ സ്വന്തം കൈപ്പടയിലെഴുതിയ ബയോഡേറ്റയാണെന്നു പറഞ്ഞു. എല്ലാവരും കംപ്യൂട്ടറിൽ പ്രിന്റെടുക്കുമ്പോൾ, എഴുതാൻ കാണിച്ച ആത്മാർഥത അദ്ദേഹത്തെ ആകർഷിച്ചു. സിനിമയാണ് ലക്ഷ്യമെങ്കിൽ അതിനായി പൂർണമായും സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ ഡോക്ടറാകാൻ ശ്രമിക്കുന്നതുപോലെ ആത്മാർഥമായി പ്രയത്നിക്കണം. സിനിമാ മോഹം പൂത്തുലഞ്ഞു നിന്നിരുന്നെങ്കിലും മുന്നോട്ടുള്ള ചാട്ടത്തിനുള്ള ലൈസൻസായത് സാറിന്റെ ആ വാക്കുകളും ആ ഫോൺ കോളും തന്ന ആത്മവിശ്വാസമാണ്.'' -ഉണ്ണി മുകുന്ദൻ പറയുന്നു.
പിന്നീട് നാട്ടിലെത്തി ലോഹിതാദാസിനെ ഉണ്ണി നേരിട്ട് കണ്ടു. സ്നേഹത്തോടെ സ്വീകരിച്ച അദ്ദേഹം നല്ല കഥാപാത്രത്തിനായി കാത്തിരിക്കാനായിരുന്നു ഉപദേശം നൽകിയത്. ലോഹിതദാസുമായുള്ള കൂടിക്കാഴ്ചയും ഫോട്ടോ എടുത്തതും ഉണ്ണി പിൽക്കാലത്ത് ഇങ്ങനെ ഫേസ്‌ബുക്കിൽ കുറിച്ചു. പുതിയ വൈറ്റ് ഷർട്ടും ജീൻസുമൊക്കെയിട്ട് വന്ന ഉണ്ണിയോട് 'എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചെലവാക്കേണ്ട..ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി' എന്നായിരുന്നു ലോഹിതദാസിന്റെ പ്രതികരണം. ''പതിനേഴ്-പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദയോടെ കൈകാര്യം ചെയ്തത് അത്ഭുതമാണ്. ലോഹിതദാസിന് അയച്ച കത്തിൽ തനിക്ക് ആറ് അടിയുണ്ട് എന്നാണ് എഴുതിയിരുന്നത്. പിന്നീട് സാറിനെ കണ്ടപ്പോൾ തന്നെ നിനക്ക് ആറടി പൊക്കമില്ലല്ലോ എന്ന് സാർ പറഞ്ഞു''- ഉണ്ണി ഓർമിക്കുന്നു. അച്ഛൻ ലോഹിതദാസിന്റെ അഡ്രസ് തപ്പിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ താൻ സൈന്യത്തിൽ ചേരുമായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ ഒരിക്കൽ പറഞ്ഞത്.
ലോഹിതാദാസിന്റെ അകാലത്തിലുള്ള മരണം ഉണ്ണിക്ക് താങ്ങാനാവുന്നതിൽ അപ്പുറമായിരുന്നു. പ്രൊഡക്ഷൻ കൺട്രോളൻ വിനോദ് ഗുരുവായൂർ ആ സംഭവം ഇങ്ങനെ അനുസ്മരിക്കുന്നു. ''വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു.
ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു.നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്. നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും.''- മേപ്പടിയാൻ സിനിമക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ വിനോദ് വ്യക്തമാക്കി.
ബ്രേക്ക് നൽകിയ മല്ലുസിങ്ങ്
ഗോഡ്ഫാദർമാർ ഇല്ലാത്ത ഉണ്ണിക്ക് സിനിമ കൈപ്പേറിയ ഒരുപാട് അനുഭവങ്ങളും നൽകിയിട്ടുണ്ട്. താരപുത്രന്മാരെപ്പോലെ എല്ലാം തളികയിൽവെച്ച് കിട്ടിയ നടനല്ല അയാൾ. കഷ്ടപ്പെട്ട് നേടിയെടുത്താണ്. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. പക്ഷേ തുടർന്ന അവസരങ്ങൾക്കായി നീണ്ട കാത്തിരിപ്പ്. 2011-ൽ റിലീസായ 'ബോംബേ മാർച്ച് 12' എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. മമ്മൂട്ടിക്ക് ഒപ്പമുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മമ്മൂട്ടി തന്നെ പലയിടത്തും ഉണ്ണി എന്ന മികച്ച നടനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ ഉണ്ണിയുടെ അഭിനയജീവിതം മാറിമറയുന്നത്. 2012-ൽ റിലീസായ മല്ലൂസിങ് എന്ന സിനിമയിൽ നായകനായതോടെയാണ്. ഇത് പൃഥ്വീരാജ് ചെയ്യാനിരുന്ന വേഷം ആയിരുന്നു. ഫോട്ടോഷൂട്ടുപോലും കഴിഞ്ഞ അവസാന നിമിഷമാണ് ചിത്രത്തിൽ ഉണ്ണി എത്തുന്നത്. അതിന് അദ്ദേഹത്തെ തുണച്ചതും തന്റെ സികസ്പാക്ക് ബോഡി ആയിരുന്നു. മാത്രമല്ല, ബിജുമേനോൻ, മനോജ് കെ ജയൻ, സുരാജ് തുടങ്ങിയ സീനിയർ താരങ്ങൾക്ക് എതിരെയാണ് ഉണ്ണിയുടെ കഥാപാത്രം നിന്നത്. അവർ ഈ മല്ലുസിങിനെ കാണുമ്പോൾ ഭയക്കണം. ആ ഒരു ഇംപാക്ട് ഉണ്ടാക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. ചിത്രം വൻ വിജയം ആയതോടെ ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമായി.
2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം സഹ നായകനായി വേഷമിട്ടു. ഇതിൽ ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി. അതോടെയാണ് 'മസിലളിയൻ' എന്ന പേര് ഉറച്ച് പോകുന്നത്.
നായകനിൽനിന്ന് വില്ലനിലേക്ക്
വെച്ചടി വെച്ചടി കയറ്റങ്ങൾ മാത്രമല്ല ശക്തമായ തിരിച്ചടികളും നേരിട്ട നടനാണ് ഉണ്ണി. സനിമയിൽ വന്നപ്പോൾ അദ്ദേഹം കരുതിയത് കുഞ്ചാക്കോ ബോബന്റെതിന് ഒക്കെ സമാനമായ കാൽപ്പനിക കഥാപാത്രങ്ങൾ തനിക്ക് കിട്ടും എന്നായിരുന്നു. പക്ഷേ ഇതുവരെ ഉണ്ണിക്ക് ഇത്തരം റൊമാന്റിക്ക് വേഷങ്ങൾ കിട്ടിയിട്ടില്ല. മസിലളിയൻ എന്ന ഇമേജിൽ ഒരുപരിധിവരെ അദ്ദേഹത്തിന് വിനയുമായി. അങ്ങനെ നല്ല വേഷങ്ങളിൽ നായകൻ ആവാൻ കഴിയാതിരുന്നതോടെ ഉണ്ണി വില്ലൻ വേഷം ചെയ്യാനും തുടങ്ങി. 2017-ൽ റിലീസായ മമ്മൂട്ടിയുടെ 'മാസ്റ്റർ പീസ്' എന്ന സിനിമയിലാണ് ആദ്യം വില്ലൻ ചെയ്തത്. അന്ന് തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നും, ആ സമയത്ത് ഉദയകൃഷ്ണ അടക്കമുള്ള സഹപ്രവർത്തകർ നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ഉണ്ണി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
മാസ്റ്റർ പീസിലെ എസിപി. ജോൺ തെക്കൻ ഐപിഎസ് ശ്രദ്ധിക്കപ്പെട്ടു. വില്ലൻ തകർത്തുവെന്ന് പേര് വന്നു. ആ വർഷം തന്നെ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛൻ വേഷം ചെയ്തു. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു.തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. പിന്നെ അനുഷ്‌ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. അതുപോലെ തന്നെ നിവിൻ പോളി നായകനായ മിഖായേലിലും, ഉണ്ണിയുടെ വില്ലൻ പൊളിച്ചു. പ്രത്യേക മോഡൽ താടിയൊക്കെയായി നായകന്റെ മുകളിൽ പോവുന്ന ഘടാഘടിയൻ വില്ലൻ ആയിരുന്നു അത്.
തനിക്ക് പ്രതിനായക വേഷങ്ങളും ഇഷ്ടമാണെന്നും അത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് ഉറപ്പിച്ചിട്ടില്ലെന്നും മാളികപ്പുറത്തിന്റെ മഹാവിജയത്തിന് ശേഷവും ഉണ്ണി പറയുന്നു. '' ഞാൻ എന്നും ഇമേജ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. മുഹസ്ൻ പരാരിയുടെ ആദ്യസിനിമയായ കെ എൽ 10ൽ ഞാൻ അവതരിപ്പിച്ചത് മലപ്പുറത്തെ ഫുട്ബോൾ പ്രേമിയായ ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വേഷം ആയിരുന്നു. ചിത്രത്തിന് നിരൂപകരുടെ നല്ല അഭിപ്രായം ഉണ്ടായെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. 'മേപ്പടിയാനിൽ' 20 കിലോ തടി കൂട്ടിയാണ് അഭിനയിച്ചത്. ആ കഥാപാത്രത്തിന് അത്ര തടി ആവശ്യമില്ല. പക്ഷേ എന്നും ഒരു ഇമേജിൽ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- ഉണ്ണി വ്യക്തമാക്കി.
സംഘിയാക്കിയ മേപ്പടിയാൻ
ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഉണ്ണിയുടെ ഇമേജ് മാറ്റിയെടുത്ത ചിത്രമായിരുന്നു മേപ്പടിയാൻ. ആറുകോടി മുടക്കിയെടുത്ത ചിത്രം 30 കോടിയിലേറെ നേടി. പക്ഷേ ആ ചിത്രം തൊട്ടുതന്നെയാണ്, സംഘിപ്പട്ടവും ഉണ്ണിമുകന്ദന് ചാർത്തിക്കിട്ടിയത്. സിനിമയിൽ മുസ്ലിം വില്ലനെ ചിത്രീകരിച്ചു, സേവാഭാരതി ആംബുലൻസ് ഉപയോഗിച്ചു തുടങ്ങിയ വിവാദങ്ങളാണ് ഉയർന്നത്. ഇതോടെ ഉണ്ണിമുകന്ദൻെ സംഘിയാക്കി ചിലർ കാമ്പയിൻ തുടങ്ങി. പക്ഷേ അതിനും ശക്തമായ മറുപടിയാണ് ഉണ്ണിയിൽനിന്നും ഉണ്ടായത്.
ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. '' ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് പറയാൻ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടാൽ പോരേ. ഏത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതിൽ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവർക്ക് വ്യക്തമായി അറിയാം ഇതിൽ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാൻ സിനിമയുടെ നല്ല കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം നായകൻ അമ്പലത്തിൽ പോയി, മുസ്ലിം വില്ലൻ, ക്രിസ്ത്യൻ വില്ലൻ, സേവാഭാരതി ആംബുലൻസ് കാണിച്ചു എന്നിവയൊക്കെയാണ് ചർച്ചയാക്കിയത്.
എന്നെ സംബന്ധിച്ച് ഈ വിവാദങ്ങൾ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാൻ സിനിമയുടെ ഒരു മെറിറ്റും ഡിസ്‌കസ് ആയില്ല. ശബരിമലയിൽ പോകുമ്പോൾ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാൻ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിൻ ഫീഡ് ബാക്ക് ആയി തോന്നിയത്.
സേവാഭാരതി എന്നത് കേരളത്തിൽ ഉള്ള ഒരു സംഘടനയാണ്. അവർക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡിൽ നിങ്ങൾ നിന്നാൽ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോൾ സമൂഹത്തിൽ ഇവർ ഇല്ല എന്നൊന്നും നമ്മുക്ക് പറയാനാവില്ല. അതിൽ ഒരു പൊളിറ്റിക്സുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ച് ആശുപത്രിയിൽ പോയാൽ അതിൽ എന്ത് പൊളിറ്റിക്‌സ് ആണ് ഉള്ളത്. മേപ്പടിയാൻ തിയറ്ററിൽ മികച്ച വിജയം നേടി. ബാംഗ്ലൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി. ഇതൊക്കെയാണ് ആ സിനിമയുടെ സന്തോഷം.''- ഉണ്ണി മകുന്ദൻ പറയുന്നു.
പിന്നീട് മനോരമയിൽ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിലും ഉണ്ണി ഇതുതന്നെ പറയുന്നുണ്ട്. ഒരു ദേശീയവാദി എന്നതിന് അപ്പുറം ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ ആംബുലൻസ് ഉപയോഗിച്ച് അവിടെ സേവാഭാരതിയുടെ സ്റ്റിക്കർ ഒട്ടിക്കയല്ല ചെയ്തത് എന്നും, അവർ തങ്ങളെ അത്രയും സമയം സഹായിച്ചുവെന്നും ഉണ്ണി പറയുന്നു. വിമർകരെ പേടിച്ച് തന്റെ പ്രവർത്തനങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഉണ്ണി ചൂണ്ടിക്കാട്ടി.
നാന്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ....
എന്നും വിവാദ നായകനാണ് ഉണ്ണിമുകന്ദൻ. കരിയറിന്റെ തുടക്കം മുതൽ ആയാളുടെ ചില എടുത്തുചാട്ടങ്ങൾ പ്രശ്നമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, നടനും സംവിധായകനുമായ മേജർ രവിയെ തല്ലിയെന്നത്. ഒരുകാലത്ത് 'മേജർ രവിയെ പഞ്ഞിക്കിട്ട ഉണ്ണി മുകന്ദൻ' എന്ന് സോഷ്യൽ മീഡിയയിൽ കാണാമായിരുന്നു. എന്നാൽ പിന്നീട ഉണ്ണി തന്നെ മൂൻകൈയെടുത്ത് മേജറുമായി രമ്യതയിൽ എത്തി. ഇപ്പോൾ നല്ല സുഹൃത്തുക്കളാണ് ഇരുവരും.
അതുപോലെ തന്നെയാണ് ഈയടത്തുകാലത്തായി നടൻ ബാലയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദവും. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. ടിനിടോം ബാലയെക്കുറിച്ച് വൈറലാക്കിയ ഒരു വീഡിയോയിൽ 'നാന്, പൃഥ്വിരാജ, ഉണ്ണിമുകുന്ദൻ....' എന്ന ഡയലോഗ് കേരളത്തെ ഏറെ ചിരിപ്പിച്ചതാണ്. എന്നാൽ ഉണ്ണിയുടെ . 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാല ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനടക്കം സിനിമയിൽ പ്രവർത്തിച്ച ഒട്ടേറെ പേർക്ക് പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രമാണ് പണം നൽകിയതെന്നും ബാല ആരോപിച്ചു.
ഇതിന് മറുപടിയായ ഉണ്ണി ഇങ്ങനെ പ്രതികരിച്ചു. ''ബാലയ്ക്കുള്ള മറുപടിയല്ല, എന്നെ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള വിശദീകരണമാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ബാല. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയിൽ ഞാൻ അഭിനയിച്ചു. ഒരു സുഹൃത്തെന്ന നിലയിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വലിയ മഹത്തരമായ കാര്യമായി ഞാനൊരിക്കലും പറയുന്നതല്ല. ബാലയുടെ വ്യക്തി ജീവിതത്തിൽ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹത്തിന് സിനിമാരംഗത്ത് നിന്ന് പോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ഞാൻ. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു 'ഷഫീക്കിന്റെ സന്തോഷത്തിൽ' ബാല അഭിനയിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് ഞാനായിരുന്നു ബാലയെ നിർദ്ദേശിച്ചത്. ബാല തന്നെ ഡബ്ബ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പ്രതിഫലം വേണ്ടെന്ന് പറഞ്ഞു. എന്നാൽ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നൽകി.'' - ഉണ്ണി പറഞ്ഞു. പണം കൊടുത്തതിനുള്ള തെളിവുകളും അദ്ദേഹം ഹാജരാക്കി. ഇപ്പോഴും തനിക്ക് ബാലയുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും ഒന്നിന്ന് അഭിനയിക്കും എന്നും ഉണ്ണി പറയുന്നു.
പാൻ ഇന്ത്യ താരത്തിലേക്ക്
ഇപ്പോൾ മാളികപ്പുറം ഉണ്ണിയെ വേറെ ലെവലിൽ എത്തിച്ചിരിക്കയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്ത ഇറക്കിയ ചിത്രത്തിന് വലിയ സ്വീകീരണമാണ് ലഭിച്ചത്. സത്യത്തിൽ ഉണ്ണിയെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആക്കുകയാണ് മാളികപ്പുറം ചെയ്തത്. ബംഗലൂരു, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ആളുകൾ സിനിമക്ക് ആളു കൂടി. ജിസിസി രാജ്യങ്ങൾക്ക് പിന്നാലെ പല വിദേശ മാർക്കറ്റുകളിലേക്കും ചിത്രമെത്തി. ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും ഇപ്പോൾ പ്രദർശനം തുടരുകയാണ്. സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്‌സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത്.
ഈയിടെ നടൻ പൃഥ്വീരാജിനോട് സിനിമാ പ്രേമോഷൻ പരിപാടിക്കിടെ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. കെജിഎഫ് പോലെ ഒരു പാൻ ഇന്ത്യൻ സിനിമ താങ്കൾ എടുക്കയാണെങ്കിൽ ആരെ നായകനാക്കുമെന്ന്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉണ്ണി മുകന്ദൻ എന്ന പേരാണ് പൃഥി നൽകിയത്. ഒന്നാമതായി പൃഥ്വി പറഞ്ഞത് ഉണ്ണിയുടെ ഫിസിക്ക് ആയിരുന്നു. രണ്ടാമതായി ഇംഗ്ലീഷ്. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകൾ അറിയാമെന്ന് പ്ലസ് പോയിന്റ്. 'ഉണ്ണിയേക്കാൾ നല്ല നടന്മാർ മലയാളത്തിൽ ഉണ്ടെല്ലോ' എന്ന ചോദ്യത്തിന് ' ബാഹുബലിയും കെജിഎഫുമൊക്കെ ഇറങ്ങുമ്പോൾ തെലുങ്കിലും, കന്നടയിലും പ്രഭാസിനേക്കാളും, യാഷിനേക്കാളും നല്ല നടന്മാർ ഉണ്ടായിരുന്നുവെന്ന് പൃഥി ചൂണ്ടിക്കാട്ടി. അഭിനയ മികവിനേക്കാൾ സ്‌ക്രീൻ പ്രസൻസിനാണ് പ്രധാനമെന്നും പൃഥി പറയുന്നു.
പക്ഷേ ഒരുകാര്യം ഉണ്ണി മുകന്ദനും ഏറെ ശ്രദ്ധിക്കേണ്ടത്. ഈ 'അയ്യപ്പൻ സിൻഡ്രോമിൽ' നിന്ന് പുറത്തുകടക്കണം. മഴവിൽ മനോരമയുടെ അഭിമുഖത്തിൽ മിന്നൽ മുരളിയെക്കുറിച്ച് ചോദിക്കുമ്പോൾ അതിനേക്കാൾ സൂപ്പർതാരമാണ് അയ്യപ്പൻ എന്ന മറുപടിയാണ് ഉണ്ണി നൽകുന്നത്. ഒരുകാലത്ത് ജിമ്മനായി ടൈപ്പ് ചെയ്യപ്പെട്ടപോലെ ഇനിയുള്ള കാലം അയ്യപ്പന്റെ ഭാവങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, നന്മയുടെയും സ്വാത്വികതയുടെയും നിറകുടമായ അവതാരം മോഡലിലുള്ള വേഷങ്ങളിലേക്ക് മാറുകയാണെങ്കിൽ ഒരു നടൻ എന്ന നിലയിൽ ഉണ്ണി നിരാശപ്പെടുത്തും. അതിനാൽ മാളികപ്പുറം സിനിമയോടെ ആ മാലയും കറുത്ത മുണ്ടും ഉണ്ണി ഉപക്ഷേിക്കണം. ജീവിതത്തിൽ അല്ല സിനിമയിൽ. വൈവിധ്യങ്ങളാണ് ഒരു നടനെ ശ്രദ്ധേയാക്കുന്നത് എന്നത് മറക്കരുത്.
അതുപോലെ തന്നെ മലയാളി ഏറെ ശ്രദ്ധിക്കുന്നതാണ് ഒരു താരത്തിന്റെ ഓഫ് സ്‌ക്രീൻ പ്രസൻസ്. യാഷും, വിജയിയുമൊക്കെ മലയാളത്തിൽ ഇത്രയേറെ പ്രിയങ്കരർ ആയത് അവരുടെ ഓഫ് സ്‌ക്രീൻ പേഴ്സണാലിറ്റിക്ക് കൂടിയുള്ള അംഗീകാരമാണ്. 34ാം വയസ്സിലേക്ക് എത്തിയതിന്റെ പക്വത ഉണ്ണി അവിടെ കാണിക്കണം. തന്നെ ഒരു വിഭാഗത്തിന്റെ മാത്രം നടനായി ചിത്രീകരിക്കുന്നത്, തന്നെ തകർക്കാനുള്ള എലിക്കണി തന്നെയാണെന്ന് ഈ യുവ നടൻ തിരിച്ചറിയണം. കേരളംപോലെ ഒരു മതേതര ഫാബ്രിക്കുള്ള സ്ഥലത്ത് ഒരു നടൻ എല്ലാ ജനങ്ങളുടേതും ആയിരിക്കണം. ടൈപ്പാവാതെ കഥാപാത്രങ്ങളിൽ ശ്രദ്ധിക്കുകയും, അനാവശ്യ വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് കരിയറിൽ ശ്രദ്ധിക്കുകയും ചെയ്താൽ, ഒരു സംശയവും വേണ്ട മലയാളത്തിൽനിന്നുള്ള പാൻ ഇന്ത്യൻ താരം തന്നെയായിരിക്കും, ഉണ്ണി മുകന്ദൻ.
വാൽക്കഷ്ണം: ഉണ്ണിമുകന്ദന് മാത്രം എന്തുകൊണ്ട് ഇത്രയധികം പൊങ്കാല എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹത്തിന്റെ ഒരു ആരാധിക ഈയിടെ ഒരു കുറിപ്പ് ഇട്ടിരുന്നു. '' ഇന്ന് മലയാളത്തിലെ യുവ നടന്മാരിൽ അവിവാഹിതനായ ഉണ്ണിയേട്ടന് നല്ല ലേഡീസ് ഫാൻസ് ഉണ്ട്. പലർക്കും ഇത് ദഹിക്കുന്നില്ല''- സെക്ഷ്വൽ ഫസ്ട്രേഷന്റെ ആശാന്മാരായ മലയാളിക്ക് ഇങ്ങനെ ഒരു അസൂയകൂടി ഉണ്ടെന്നത് തള്ളിക്കളയാൻ പറ്റില്ല!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ