- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും 'നിലവിളി'; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?
രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?
അടിവസ്ത്രം മാത്രമിട്ട്, പ്രതിയെ കൈകള്‍ ബെഞ്ചിന്റെ അടിയിലും കാല്‍മുട്ടുകള്‍ ബെഞ്ചുമായും ചേര്‍ത്തു കെട്ടുക. പിന്നെ കാലിന്റെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടുന്നു. നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണിതിരുകും. മിക്കവാറും അടികൊണ്ട് വീണ മറ്റൊരാളിന്റെ ജട്ടിയായിരിക്കും വായില്‍ കുത്തിത്തിരുുക. തുടര്‍ന്ന് പ്രതിയുടെ തുടയില്‍ ഒരു ഉലക്കവച്ച ശേഷം, ഇരുവശവും രണ്ടുപൊലീസുകാര്‍ വീതം നിന്ന്, സര്‍വശക്തിയും ഉപയോഗിച്ച് താഴോട്ടും മേലോട്ടും ഉരുട്ടുന്നു. തുടയിലെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും. പൊലീസുകാര്‍ ക്ഷീണിക്കുമ്പോള്‍ ഇടവേളയുണ്ട്. അതിനുശേഷം നീരുവച്ചു വീര്‍ത്ത തുടയില്‍ ഉരുട്ടല്‍ തുടരുന്നു. ഇങ്ങനെ തുടയില്‍ മാസം അടര്‍ന്നുപോകും. നീര് വന്ന ആ ഭാഗത്ത് ഈച്ച വന്നുനിന്നാല്‍ പോലും പ്രാണന്‍ പോകും. പക്ഷേ പുറമേക്ക് നോക്കുമ്പോള്‍ തല്ലിയതിന്റെ ഒരുപാടും കാണില്ല. കോടതിയില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ ഒക്കെ ഇത് പൊലീസിന് ഗുണം ചെയ്തു.
ജയറാം പടിക്കല്‍ എന്ന കേരളം കണ്ട ഏറ്റവും സമര്‍ത്ഥനും കുപ്രസിദ്ധനുമായ പൊലീസ് ഓഫീസര്‍ ആവിഷ്‌ക്കരിച്ച ഉരുട്ടല്‍ എന്ന ഭീകര ഭേദ്യം ഇങ്ങനെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നക്സലുകളെകൊണ്ട് 'സത്യം' പറയിപ്പിക്കാനുള്ള പടിക്കലിന്റെ തുറുപ്പുചീട്ടായിരുന്നു ഇത്. എംബിബിഎസിന് പഠിച്ചിരുന്ന, ശരീരശാസ്ത്രത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന പടിക്കല്‍, സ്വന്തമായി ഡെവലപ്പ് ചെയ്ത ക്രൂരമായ ഒരു രീതിയായിരുന്നത്രേ ഇത്. പ്രതി ചാകാത്ത രീതിയില്‍ അയാളെ കൊല്ലാക്കൊല ചെയ്യിക്കുക. എന്നിട്ട് കുറ്റസമ്മതം നടത്തിക്കുക. ഇങ്ങനെ പുലിക്കോടനും മറ്റും ചേര്‍ന്ന് ഉരുട്ടിയതിന്റെ ഫലമായി രാജന്‍ എന്ന എഞ്ചിനീയറിങ്് വിദ്യാര്‍ത്ഥിയുടെ ജീവന്‍ പോയത്, കേരളം ഏറെ ചര്‍ച്ചചെയ്തതാണ്. ഇതോടെ പടിക്കലും പുലിക്കോടനുമെല്ലാം ജയിലിലായി.
അടിയന്തരാവസ്ഥക്കാലത്തോടെ ഉരുട്ടലടക്കമുള്ള പ്രാകൃത മുറകള്‍ കഴിഞ്ഞുവെന്നും നമ്മുടെ പൊലീസ്, കുറേക്കൂടി മുനുഷ്യമുഖമുള്ളതായി മാറിയെന്നും അവര്‍ ശാസ്ത്രീയ കേസ് അന്വേഷിക്കുമെന്നുമൊക്കെ പൊതുജനം കരുതി. എന്നാല്‍ ഉരുട്ടല്‍ എന്ന പ്രാകൃത മര്‍ദനമുറയില്‍ ഒരു കസ്റ്റഡി മരണം കൂടിയുണ്ടായെന്ന് കേരളം ഞെട്ടിയത്, 2005 സെപ്റ്റംബര്‍ 27-ന് രാത്രി പത്തരയോടെയാണ്. അന്നാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍വെച്ച് ഉദയകുമാര്‍ എന്ന വെറും 27 വയസ്സുള്ള ചെറുപ്പക്കാരന്‍ പൊലീസിന്റെ ഉരുട്ടലില്‍ കൊല്ലപ്പെടുന്നത്. ഇവിടെ അവര്‍ക്ക് ഉലക്ക് കിട്ടിയില്ല. പകരം ഇരുമ്പുപൈപ്പായിരുന്നു. അങ്ങനെ തുടകളില്‍ ഉരുട്ടിയപ്പോള്‍ രക്തം കട്ടപിടിച്ചും ഞരമ്പുകള്‍ വലിഞ്ഞുമുറുകിയുമാണ് ഉദയകുമാര്‍ മരിച്ചത്. ശരീരത്താകമാനം ചവിട്ടേറ്റ പാടുകളും ഉണ്ടായിരുന്നു!
പക്ഷേ ഒന്നാം ഉരുട്ടിക്കൊലക്കേസിന്റെ സാമ്യതകള്‍ രണ്ടാം ഉരുട്ടിക്കൊലക്കേസിലുമുണ്ട്. രാജനെ കൊന്നകേസിലെ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ പുലിക്കോടന്‍ നാരായണനും, ജയറാം പടിക്കലും അടക്കമുള്ളവരെ സുപ്രീം കോടതി വെറുതെ വിട്ടു. അവരെല്ലാം സര്‍വീസില്‍ തിരിച്ചുകയറി. ഡിജിപിയായി റിട്ടയര്‍ ചെയ്ത പഠിക്കലിനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയല്ല കാലമാണ് ശിക്ഷിച്ചത്. ഇവിടെ ഉദയകുമാര്‍ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെപ്പോലും ഹൈക്കോടതി വെറുതെ വിട്ടിരിക്കയാണ്. ഇനി അവര്‍ സര്‍വീസില്‍ തിരിച്ചുകയറുമായിരിക്കും. പക്ഷേ പടിക്കലിനെയും കൂട്ടരെയും ശിക്ഷിച്ചപോലെ കാലം അവരെയും ശിക്ഷിക്കുമോ?
ഈച്ചരവാര്യരെപ്പോലെ ഒരു അമ്മ
ഒന്നാം ഉരുട്ടിക്കൊലക്കേസിലെ ഇരയായ രാജന്റെ പിതാവ് ഈച്ചരവാര്യര്‍ കേരളത്തിലെ നൊമ്പരമായിരുന്നു. തന്റെ മകന്‍ എവിടെ എന്ന് ചോദിച്ച് അദ്ദേഹം അലയാത്ത സ്ഥലങ്ങളില്ല. മകനെ കാത്തിരുന്ന് കാത്തിരുന്ന് രാജന്റെ അമ്മക്ക് മാനസിക അസ്വാസ്ഥ്യമായി. ഒടുവില്‍ പ്രതികള്‍ ശിക്ഷപ്പെട്ടതും ആ പിതാവിന്റെ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ്. രണ്ടാം ഉരുട്ടിക്കൊലക്കേസിലും കേരളത്തിന്റെ നൊമ്പരമാണ് ഒരു അമ്മ. തന്റെ മകന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ വേണ്ടി ഉദയകുമാറിന്റെ അമ്മ പ്രഭാവതി മുട്ടാത്ത വാതിലുകളില്ല.
2005-ലെ ഓണത്തിന് അമ്മ പ്രഭാവതിക്ക് ഓണക്കോടിയും വാങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ പരിചയക്കാരായ സുരേഷിനൊപ്പം സംസാരിച്ചിരുന്ന ഉദയകുമാറിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. സുരേഷിനെയും കസ്റ്റഡിയിലെടുത്തു. ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്റെ പേരില്‍ മോഷണക്കുറ്റമാണ് ആരോപിക്കപ്പെട്ടത്. അന്നത്തെ ഫോര്‍ട്ട് സിഐ ഇ.കെ. സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു പോലീസുകാര്‍. ഉദയന്റെ കൈയില്‍ നാലായിരം രുപ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. ചോദിക്കാന്‍ ആളില്ലാത്തവന്റെയും, നിര്‍ധനന്റെയുംു രാഷ്ട്രീയ സ്വാധീനം ഇല്ലാത്തവന്റെയും മേല്‍ എന്നും നമ്മുടെ പൊലീസ് സംവിധാനം കുതിരകയറും. ഇവിടെയും അതാണ് സംഭവിച്ചത്. അന്ന് മര്‍ദനത്തിന് കുപ്രസിദ്ധമായിരുന്നു ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍. ഈ നാലായിരം രൂപ മോഷ്ടിച്ചതാണെന്ന് സമ്മതിക്കാനായി അവര്‍ ഉദയുകമാറിനെ അതിക്രൂരമായി ഉരുട്ടാന്‍ തുടങ്ങി. ഒടുവില്‍ രാത്രി പത്തരയോടെ മരണവും സംഭവിച്ചു.
പൊലീസുകാര്‍ തന്നെ പ്രതികള്‍ ആയതുകൊണ്ടാവണം തുടക്കംമുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നു. മര്‍ദനമേറ്റു മരിച്ചതിനുശേഷമുള്ള സമയം െവച്ച് ഉദയകുമാറിനെ അറസ്റ്റുചെയ്തുവെന്ന് ഫോര്‍ട്ട് പോലീസ് വ്യാജ എഫ്ഐആര്‍ തയ്യാറാക്കി. മോഷണക്കുറ്റം ചുമത്തിയും വ്യാജരേഖകളുണ്ടാക്കി. ആശുപത്രിയിലും മര്‍ദനം മറച്ചുവയ്ക്കാനുള്ള ശ്രമം പോലീസ് നടത്തി.
ഉദയകുമാറിന്റെ തുടകളിലും ഉള്ളംകാലിലും അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഇതു പരിശോധിച്ചപ്പോള്‍, ത്വക്രോഗമായിമാണെന്നായിരുന്നു സമീപത്തു നിന്ന പോലീസുകാരന്‍ പറഞ്ഞതെന്നും ഇന്‍ക്വസ്റ്റ് നടത്തിയ ആര്‍ഡിഒ ആയിരുന്ന കെ.മോഹന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം ഇതു വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പോലീസുകാര്‍ പ്രതികളും സാക്ഷികളുമായി വന്ന കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതോദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ശക്തമായ ഇടപെടലുണ്ടായി. യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം കോടതില്‍ ഡമ്മി പ്രതികളെ ഹാജരാക്കിയതും വന്‍ വിവാദമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെപോലും വിശ്വാസ്യത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ഒന്നാം ഉരുട്ടിക്കൊലയും രണ്ടാം ഉരുട്ടിക്കൊലയും സംഭവിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. രാജന്‍ കേസില്‍ കരുണാകരന് രാജിവെക്കേണ്ടി വന്നു. അതുപോലെ ഒന്നാം ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ഉദയകുമാറിന്റെ ഉരുട്ടിക്കൊല കേസ്. സര്‍ക്കാരിനെതിരേ ഇടതുപക്ഷ യുവജനസംഘടനകളടക്കം ശക്തമായ സമരമാണ് നടത്തിയത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് അന്ന് സമരം അവസാനിച്ചത്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം സമരപരമ്പരകള്‍ തീര്‍ത്ത് ഇടതുപക്ഷം പ്രതിരോധം തീര്‍ത്തു. നിയമസഭയിലും വിഷയം കത്തി. പക്ഷേ, പലപ്പോഴും പോലീസില്‍നിന്ന് പ്രതികള്‍ക്ക് സംരക്ഷണം ലഭിച്ചത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി.
പക്ഷേ ഉദയകുമാര്‍ മരിച്ചത് പോലീസ് മര്‍ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. തുടര്‍ന്ന് പ്രതികള്‍ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ കീഴടങ്ങി.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പ്രതികള്‍ക്കുപകരം ഡമ്മി പോലീസുകാരെ മുഖംമറച്ച് കോടതിയിലെത്തിച്ചു സിഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. പക്ഷേ ക്രൈബ്രാഞ്ചും കേസ് അട്ടിമറിക്കയാണെന്ന് ആരോപണം വന്നു.
ഉദയുകുമാറിന്റെ അമ്മ പ്രഭാവതി കേസുമായി ശക്തമായി മുന്നോട്ടുപോയി. ഇതിന്റെ ഫലമായി. 2007 ഒക്ടോബര്‍ 17ന് കേസ് സിബിഐ ഏറ്റെടുത്തു. പക്ഷേ, അപ്പോഴും സാക്ഷികളായ പോലീസുകാരെല്ലാം കൂറുമാറി. ഉദയകുമാറിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷും കൂറുമാറി. 2016 മാര്‍ച്ച് 31ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 13 വര്‍ഷം പോലീസ് സംവിധാനങ്ങള്‍ക്കെതിരേ ഉദയകുമാറിന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2018-ല്‍ ഒരു ഓണക്കാലത്തിനു മുന്‍പാണ് സിബിഐ കോടതി രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കു തൂക്കുമരം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ശിക്ഷ വിധിച്ചത്. ജിതകുമാര്‍, ശ്രീകുമാര്‍ എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷയും, തെളിവു നശിപ്പിച്ചതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്ന ടി. അജിത് കുമാര്‍, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയുമായിരുന്നു ശിക്ഷ.വീണ്ടും ഏഴുവര്‍ഷത്തിനുശേഷം ഒരോണക്കാലത്തിനുമുന്നേ സിബിഐയുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേവിടുകയാണ്.
സിബിഐയുടെ വീഴ്ച പ്രതികള്‍ക്ക് തുണ
കോടതിയില്‍ ഒരു കേസ് സംശയാതീതമായി തെളിയിക്കപ്പെടണം. അതിനുള്ള കാര്യങ്ങള്‍ സിസ്റ്റം ചെയ്യണം. ഇവിടെ വെറുതെ കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിബിഐയുടെ വീഴ്ചയാണ് പ്രതികള്‍ക്ക് തുണയായത് എന്നാണ്, വിധിപ്പകര്‍പ്പ് പഠിച്ച പ്രമുഖ അഭിഭാഷകര്‍ പ്രതികരിച്ചത്. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. എത്ര ഗുരുതര ആരോപണമാണെങ്കിലും വ്യക്തമായ തെളിവുവേണം. പോലീസ് ഉദ്യോഗസ്ഥരായ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളില്‍ വലിയ വൈരുധ്യമുണ്ട്. ഇവരില്‍ ഏറെയും മാപ്പുസാക്ഷികളാണ്.
കേസ് അന്വേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ സിബിഐ മറന്നതാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളിലും സിബിഐയ്ക്ക് അടിമുടി പിഴച്ചെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, സിബിഐ നടത്തിയ അന്വേഷണം പുനരന്വേഷണത്തിന് സമാനമായി മാറി. തുടരന്വേഷണമല്ല പുനരന്വേഷണം.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവനന്തപുരം അഡീ. സെഷന്‍സ് (ഫാസ്റ്റ്ട്രാക്ക്) കോടതിയുടെ പരിഗണനയിലിരിക്കേ ഉദയകുമാറിനോടൊപ്പം പോലീസ് പിടികൂടിയ സുരേഷ്‌കുമാറടക്കം ആറുപേരെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സ്വീകരിച്ച നടപടികളും കോടതിയില്‍ പാളി. ദൃക്സാക്ഷിയായ സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയതും തെറ്റായ നടപടികളായി. പലരെയും പ്രതിയാക്കുമെന്ന് ഭയപ്പെടുത്തി തോക്കിന്‍മുനയില്‍ നിര്‍ത്തി മാപ്പുസാക്ഷിയാക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അധികാരപരിധിയിലല്ലാത്ത കോടതിയില്‍ നല്‍കിയതും വീഴ്ചയായി.
സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് പരിശോധിക്കുന്നതില്‍ സെഷന്‍സ് കോടതിക്ക് വീഴ്ചപറ്റി. വിചാരണ ഏതുരീതിയില്‍ വേണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം ഒരുപാട് വീഴ്ചകളുടെ ഭാഗമായി കേസ്, സംശയാതീതമായി തെളിഞ്ഞില്ല. ഇത്തരം കേസുകളില്‍ സ്ഥിരമായി സംഭവിക്കുന്ന കാര്യമാണിത്. പ്രതികള്‍ക്കുമേല്‍ സൃഷ്ടിക്കപ്പെടുന്ന ക്ലൗഡ് അവര്‍ക്ക് തുണയാവും. രാജന്‍ കേസിലും സംഭവിച്ചത് അയാണ്. പടിക്കലും, പുലിക്കോടനുമൊന്നും പ്രതികളാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല അപ്പുറത്ത് പ്രതികള്‍ പൊലീസുകാര്‍ ആവുമ്പോള്‍, ഒരു സിസ്റ്റം തന്നെ പ്രതികൂട്ടിലാവുമ്പോള്‍, തെളിവുകളെല്ലാം 'ഉള്‍ട്ട'യടിക്കും.
'പിന്നെ ആരാ എന്റെ മോനെ കൊന്നത്'
ഈച്ചരാവാര്യര്‍ തന്റെ ആത്മകഥയില്‍ എഴുതിയ ഒരു ചോദ്യമുണ്ടായിരുന്നല്ലോ? 'മരിച്ചിട്ടും എന്തിനാണ് നിങ്ങള്‍ എന്റെ കുഞ്ഞിനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്്''. മലയാളി ഒരുപാട് ഇടത്ത് ഉദ്ധരിക്കുന്ന ആ ഹൃദയം പിളര്‍ക്കുന്ന വാക്യംപോലെ ആ അമ്മ ചോദിക്കായാണ് 'പിന്നെ ആരാ എന്റെ മോനെ കൊന്നത്'. ഞാനാണോ?' ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളായ മുഴുവന്‍ പോലീസുകാരെയും വെറുതേവിട്ടെന്ന ഹൈക്കോടതി വിധി കേട്ടതു മുതല്‍ ഈ അമ്മയുടെ ഉള്ളു നീറുകയാണ്. 'കോടതിക്കു ഹൃദയമില്ലേ, ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. ഒരു ഓണക്കാലത്താണ് എന്റെ കുഞ്ഞിനെ നഷ്ടമായത്. ഈ ഓണക്കാലത്ത് ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്നു കരുതിയില്ല. തുടയിലും ഉള്ളംകാലിലുമായി ഇരുപതിലേറെ മുറിവുകളുള്ളത് കോടതി കണ്ടില്ലേ. ഒരു തുള്ളി വെള്ളംപോലും കൊടുക്കാതെയാണ് അവര്‍ കൊന്നത്'- പ്രഭാവതിയമ്മ പറഞ്ഞു. 'എല്ലാ ഓണത്തിനും അവനെ ഓര്‍ക്കാനുള്ള എന്തെങ്കിലുമുണ്ടാകും. കഴിഞ്ഞ ദിവസവും തോന്നി എന്തോ സംഭവിക്കാന്‍ പോകുന്നെന്ന്. അത് പ്രതികളെ വെറുതേ വിട്ടെന്ന വാര്‍ത്തയാവുമെന്നു കരുതിയില്ല. നീതി കിട്ടണം. അമ്മയെയും മകനെയും പച്ചയ്ക്കു തിന്നവരാണ് കുറ്റവിമുക്തരായത്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും ജീവിച്ചത് മകനുവേണ്ടിയായിരുന്നു''.
കരമനയിലെ വീട്ടില്‍ സഹോദരന്‍ മോഹനനൊപ്പമാണ് പ്രഭാവതിയമ്മ താമസിക്കുന്നത്. ഈ വിധിയിലും അവര്‍ തളരുന്നില്ല- 'സുീ്രംകോടതിയില്‍ അപ്പീല്‍ നല്‍കും. വീടു വിറ്റിട്ടായാലും കേസ് നടത്തണും'' ആ അമ്മ പറയുന്നു. പക്ഷേ കേരളത്തിന്റെ സോഷ്യല്‍ മീഡിയയിലേക്കടക്കം നോക്കുക. 20 വര്‍ഷം കൊണ്ട് മാറി മറിഞ്ഞ നീതിയില്‍ ആര്‍ക്കും കാര്യമായി ദുഃഖമില്ല. നീതി നിഷേധത്തിന്റെ പ്രശ്നം ഉന്നയിച്ച് ഹാഷ് ടാഗുകളില്ല. കാരണം മരണപ്പെട്ടവന്‍ ഇടതനല്ല, വലതനല്ല, ജാതി സംഘടനക്ക് അവനെ ആവശ്യമില്ല , മതക്കാര്‍ക്ക് അവന്‍ വേണ്ടപ്പെട്ടവനല്ല. ഒരേയൊരു സ്ത്രീ മാത്രമേ അവനെ കുറിച്ചോര്‍ത്തു വേദനിച്ചുള്ളൂ. അവര്‍ ഇന്നും കരയുന്നു.
പോലീസുകാര്‍ ഉള്‍പ്പെട്ട എല്ലാ കുറ്റകൃത്യങ്ങളുടെയും പൊതുവെയുള്ള അവസ്ഥ ഇതാണ്. കുറ്റപത്രം തയ്യാറാക്കുന്നതും സാക്ഷികള്‍ ഉണ്ടാവുന്നതും അവരുടെ മേല്‍നോട്ടത്തിലാണ്. കോടതികള്‍ക്ക് സത്യമല്ല തെളിവാണ് നോക്കുന്നത്. ഈ പ്രതികള്‍ നാളെ വീണ്ടും കാക്കി യൂണിഫോം ധരിച്ച് നിയമ നിര്‍വ്വഹണത്തിനായി വന്നേക്കാം. വഴി ക്രോസ് ചെയ്യാന്‍ വയ്യാത്ത വല്യമ്മയെ റോഡ് മുറിച്ചു കടക്കാന്‍ സഹായിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയേക്കാം. യു.പിയിലോ, ബീഹാറിലോ ആണെങ്കില്‍ ഇതല്ലാതെ മറ്റൊരു വിധി പ്രതീക്ഷിച്ചിരുന്നോ കൂട്ടരെ എന്നു ചോദിക്കാമായിരുന്നു. ഇവിടെ കോടതിയൊരിക്കലും തെറ്റുകാരല്ല, അവിടെ ഹാജരാക്കപ്പെട്ട തെളിവുകള്‍ മാത്രമാണ് അവര്‍ക്ക് പരിശോധിക്കാന്‍ കഴിയുക എന്നത് വസ്തുതയാണ്.
ആത്മാവിന്റെ പ്രതികാരം!
പക്ഷേ ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം ഉരുട്ടിക്കൊല കേസിലെ പ്രതികളെ ശിക്ഷിച്ചത് കാലമാണ് എന്നാണ് പറയുക.അടിയന്തരാവസ്ഥക്കാലത്ത് അതിക്രമം നടത്തിയ മിക്ക പൊലീസ് ഓഫീസര്‍മാരെയും പോലെ അതി ദയനീയമായിരുന്നു ജയാറം പടിക്കല്‍ എന്ന പ്രതാപശാലിയായ ഐപിഎസുകാരെന്റെയും അന്ത്യം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പടിക്കലിനെയും പുലിക്കോടനനെയും ജനം കല്ലെറിയുകയും തുപ്പുകയും ആയിരുന്നു. നക്സലുകളെ കൈകാര്യം ചെയ്യാനായി ജയറാം പടിക്കല്‍ പറഞ്ഞ് പണിയിച്ചതായിരുന്നു കോഴിക്കോട് ജില്ലാ ജയിലിനെ ഒരു ഇടുങ്ങിയ മുറി. അവിടെ തന്നെ ജയറാം പടിക്കലും റിമാന്‍ഡില്‍ കഴിയേണ്ടി വന്നു!
സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചതോടെ പടിക്കല്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തി. പക്ഷേ പിന്നീട് അങ്ങോട്ട് അദ്ദേഹത്തെ സംശയത്തോടെയും വെറുപ്പോടെയുമാണ് പൊതുസമുഹവും രാഷ്ട്രീയക്കാരും നോക്കിക്കണ്ടത്. വിരമിച്ച ശേഷവും നിരന്തരം ഭീതിയിലായിരുന്നു പടിക്കലിന്റെ ജീവിതം. നക്സലുകള്‍ തന്നെ ആക്രമിക്കുമെന്ന് അദ്ദേഹം ഭയന്നു. ചെറുപ്പത്തില്‍ കണ്ണിന് പ്രശ്നം ഉണ്ടായിരുന്നു രണ്ടുമക്കളില്‍ ഒരാള്‍ക്ക് ചെറിയ മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നു. ഒരു മകന്‍ ബാത്തറൂമില്‍ തലയടിച്ച് വീണ് മരിച്ചു. ഈ അരക്ഷിതാവസ്ഥകള്‍ എല്ലാം ചേര്‍ന്ന് കടുത്ത മദ്യപാനത്തിലേക്കും, ഭക്തിയിലേക്കും അദ്ദേഹം നീങ്ങി. ഒടുവില്‍ ശരീരം മുഴവന്‍ പഴുപ്പുനിറയുന്ന അപൂര്‍വ രോഗം ബാധിച്ചാണ് പടിക്കല്‍ മരിച്ചത്. ഇതൊക്കെ ഈച്ചരവാര്യരുടെ ശാപം എന്ന നിലയിലാണ് പ്രചരിക്കപ്പെട്ടത്! പുലിക്കോടന്‍ നാരായണന്‍ വിരമിച്ചശേഷം താടിയും മുടിയും നീട്ടി ആധ്യാത്മിക പ്രഭാഷണങ്ങളിലേക്ക് നീങ്ങി. ഒരുകാലത്ത് നീണ്ടമുടിയുള്ളവരുടെയെല്ലാം മുടിവെട്ടിച്ചിരുന്ന ആളായിരുന്നു അയാള്‍.
അതുപോലെയാണോ രണ്ടാം ഉരുട്ടിക്കൊലയിലും. ഒരു അമ്മയുടെ ശാപം ആ പൊലീസുകാരെ വേട്ടയാടുന്നുണ്ടോ? വെറും 44 വയസ്സുള്ളപ്പേഴാണ്, ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീകുമാര്‍ (44) മരിച്ചത്. കാന്‍സര്‍ ബാധിച്ചതിനെ മൂന്ന് വര്‍ഷങ്ങളായുള്ള യാതനയെ തുടര്‍ന്നായിരുന്നു മരണം. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018-ല്‍ സിബിഐ പ്രത്യേക കോടതി വിധിച്ചത്. വിധി വന്ന് ജയിലിലെത്തി അഞ്ചാം നാളാണ് രോഗം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് മാറ്റിയെങ്കിലും രോഗം മൂര്‍ച്ഛിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു ശ്രീകുമാര്‍. കൊലയില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ മൂന്നാം പ്രതി സോമനും വിചാരണക്കിടെ മരിച്ചു. ജിതകുമാര്‍, ശ്രീകുമാര്‍ സോമന്‍ എന്നിവരാണ് ഉദയകുമാറിനെ ക്രൂരമായി മര്‍ദിച്ച് നേരിട്ട് ഉരുട്ടിയവര്‍ എന്നാണ് പറയുന്നത്.
അക്കാലത്ത് തലസ്ഥാന നഗരത്തിലെ പോലീസിന്റെ ഇടിമുറിയായി കുപ്രസിദ്ധി നേടിയതാണ് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍. നഗരത്തില്‍ എവിടെയെങ്കിലും പ്രതികളെ പിടിച്ചാല്‍ ഭേദ്യം ചെയ്യാനായി ഇങ്ങോട്ടാണ് കൊണ്ടുവരിക. പ്രതികളെ തല്ലിക്കൊണ്ട് 'സത്യം' പറയിപ്പിക്കുന്നതില്‍ വിദഗ്ധരായ ഏതാനും ഇടിയന്‍ പൊലീസുകാരെയാണ് ഇവിടെ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നത്. 1980-ല്‍ പോലീസുകാരനില്‍നിന്ന് ഏത്തപ്പഴത്തിനു കൂടുതല്‍ വില ഈടാക്കിയെന്നപേരില്‍ ഫോര്‍ട്ട് പോലീസ് പിടികൂടിയ പെട്ടിക്കടക്കാരനായ ഭുവനേന്ദ്രനും കസ്റ്റഡിയില്‍ മരിച്ചിരുന്നു. ക്രൂരമര്‍ദനത്തെത്തുടന്ന് മൂന്നുമണിക്കൂറിനുള്ളിലാണ് ഇയാളുടെ ജീവന്‍ പോയത്. ഈ കേസും തേച്ച് മാച്ചുകളയുകയായിരുന്നുവെന്ന് പറയുന്നു.
ഉദയകുമാറിന് ശേഷവും പലരും ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവങ്ങളുണ്ടായി. 2020-ല്‍ പൂന്തുറയില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത അന്‍സാരിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സ്റ്റേഷനില്‍ തുടര്‍ച്ചയായി അനര്‍ത്ഥങ്ങളുണ്ടായി. ഒരുവേള ഉദയകുമാറിന്റെ നിലവിളി ലോക്കപ്പില്‍നിന്ന് കേട്ടുവെന്നുപോലും കഥകള്‍ ഇറങ്ങി. പേടി കാരണം പലരും അവിടെനിന്ന് സ്ഥലംമാറ്റം വാങ്ങിപ്പോയി. ജീവനക്കാര്‍ പലരും രോഗികളായി. ഒടുവില്‍ പോലീസുകാര്‍തന്നെ ഇതിനൊരു പരിഹാരം തേടിയിറങ്ങി. ഇവരെത്തിയത് ഒരു ജ്യോത്സ്യന്റെ മുന്നിലായിരുന്നു. പ്രശ്‌നങ്ങള്‍ക്കുകാരണം വാസ്തുദോഷമാണെന്നു പറഞ്ഞ് ലോക്കപ്പിന്റെ സ്ഥാനംമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ( ഇത് മാതൃഭൂമിയും കേരള കൗമുദിയുമടക്കമുള്ള പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയായതാണ്) പിന്നീട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പുതിയ സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. ഇപ്പോള്‍ മാതൃകാ പോലീസ് സ്റ്റേഷനാണ്! ഉദയകുമാറിന്റെ രക്തസാക്ഷിത്വം കൊണ്ട് അങ്ങനെ ഒരു ഗുണമുണ്ടായി. ഇന്ന് ആ ഇടിയന്‍ സ്റ്റേഷന്‍ വെറും ഒരു ഓര്‍മ്മമാത്രം.
അപ്പോഴും ബാക്കിയാവുന്ന ചോദ്യം ഉദയകുമാറിന്റെ അമ്മക്ക് നീതി കിട്ടുമോ എന്നാണ്? അല്ലെങ്കില്‍ ഒന്നാം ഉരുട്ടിക്കൊലപോലെ പ്രതികള്‍ എല്ലാം സര്‍വീസില്‍ തിരിച്ചെത്തുമോ?
വാല്‍ക്കഷ്ണം: 1974 -ല്‍ ബ്രിട്ടനിലെ ബര്‍ഹിംഹാമിലെ രണ്ടു പബ്ബുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്ന കേസുണ്ടായിരുന്നു. 21 പേര്‍ മരിക്കുകയും 182 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇടി കൊണ്ട് അവശരായ അവര്‍ കുറ്റസമ്മതം നടത്തി. കോടതി അവരെ ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട ആറുപേര്‍ ബര്‍മ്മിംഹാം സിക്സ് എന്നറിയപ്പെട്ടു.തുടര്‍ന്നവര്‍ അവര്‍ക്ക് കിട്ടിയ ശിക്ഷക്കെതിരെ ഏകദേശം 16 വര്‍ഷം നിയമപോരാട്ടങ്ങള്‍ നടത്തി. 1991-ല്‍ അവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
പോലീസ് നടത്തിയ പീഡനങ്ങളും, തെളിവുകളില്‍ വരുത്തിയ കൃത്രിമത്വവും കോടതിക്ക് വ്യക്തമായി. കസ്റ്റഡിയിലെ പീഡനത്തിലൂടെയുള്ള കുറ്റസമ്മതങ്ങള്‍ വിശ്വസനീയമല്ലെന്ന് ലോകത്തെ പഠിപ്പിച്ച പ്രധാനപ്പെട്ട കേസുകളിലൊന്ന്. ഈ കേസിന് ശേഷമാണ് യു.കെ യിലെ പോലീസ് ചോദ്യം ചെയ്യല്‍ രീതികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ന് ലോകത്തെ പരിഷ്‌കൃത രാജ്യങ്ങളില്‍ ഒരിടത്തതും അടിച്ച് തെളിയിക്കുക എന്ന രീതിയില്ല. ലോകം മുഴുവനും മാറിയിട്ടും നമ്മുടെ കേരളാ പൊലീസ് മാറുമെന്ന് തോനുന്നില്ല.