ഒരുകാലത്ത് ഇവരൊക്കെ അറിയപ്പെട്ടിരുന്നത് ഇന്ത്യയിലെ വളര്‍ന്നുവരുന്ന യുവ സംരംഭകരായിട്ടാണ്. പലപ്പോഴും പല യൂണിവേഴ്സിറ്റികളില്‍ വരെ പോയി അവര്‍ മോട്ടിവേഷന്‍ ക്ലസെടുത്തു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, രാജ്യത്തെ തന്നെ കൊള്ളയിടിച്ച് മുങ്ങിയ ഫ്രോഡുകളുടെ ലിസ്റ്റിലാണ് അവരുടെ പേരുകള്‍ കാണുന്നത്. നമ്മുടെ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി രാജ്യം വിട്ടവര്‍ക്കെതിരെ, ഇന്ത്യ ഒരു നടപടിയും എടുക്കുന്നില്ല എന്നതും, വായ്പ എഴുതിത്തള്ളുകയാണെന്നന്നതും വെറും കുപ്രചാരണം മാത്രമാണ്. തട്ടിപ്പുകാരുടെ രാജ്യത്തുള്ള സകല സ്വത്തുക്കളും കണ്ടുകെട്ടിയരിക്കയാണ്. ഈ ഫ്രോഡുകളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും പുരോഗമിക്കയാണ്. അതുകൊണ്ടുതന്നെയാണ് പാര്‍ലിമെന്റില്‍ ഇന്ത്യയെ പറ്റിച്ച് മുങ്ങിയവരുടെ പുതിയ കണക്ക് പുറത്തുവിടുന്നത്. 2025 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ ലിസ്റ്റില്‍ 15 പേരുകളുണ്ട്.

നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര, സുദര്‍ശന്‍ വെങ്കിട്ടരാമന്‍ തുടങ്ങിയ ഈ ലിസ്റ്റിലെ പേരുകള്‍ എല്ലാം തന്നെ ഒരുകാലത്ത് ഇന്ത്യയുടെ സമ്പത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്നവയാണ്. ഇന്ന് ഈ 15 പേരുകളും ഇന്ത്യയുടെ ഫ്യജിറ്റീവ് എക്കണോമിക്ക് ഒഫന്‍ഡേഴ്സ് ( എഫ് ഇ ഒ) ലിസ്റ്റിലാണ്. അതായത് ഇന്ത്യയില്‍ തട്ടിപ്പു നടത്തി വിദേശത്ത് അഭയം തേടിയവരും, ഒളിച്ചുകഴിയുന്നവരുമാണിവര്‍. ഇവര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും മറ്റുമായി 58,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2018- ലെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം ഈ 15പേരെയും സാമ്പത്തിക തട്ടിപ്പുകാരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഇവരില്‍ ഒമ്പത് പേര്‍ പൊതുമേഖലാ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ രണ്ടു പേര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംവിധാനത്തിന് കീഴില്‍ വായ്പാ ഒത്തുതീര്‍പ്പുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഈ തട്ടിപ്പുകളില്‍ ഇരയായ പൊതുമേഖല ബാങ്കുകളെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

ഈ ലിസ്റ്റില്‍ നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, എന്നിവരെ എല്ലാവര്‍ക്കും മറിയാം. അവരുടെ കഥ 'ചേക്കിലെ മൈല്‍ക്കുറ്റികള്‍ക്കുപോലും' അറിയാവുന്ന രീതിയില്‍ നമ്മുടെ മാധ്യമങ്ങള്‍ നൂറ്റിയൊന്ന് ആവര്‍ത്തി ക്ഷീരബലയാക്കിയതാണ്. പക്ഷേ മറ്റുള്ള പല തട്ടിപ്പ് വീരന്‍മ്മാരെ അധികം ആര്‍ക്കും അറിയില്ല. ഒളിഞ്ഞ് കിടക്കുന്ന ആ ഫിനാഷ്യല്‍ ഫ്രോഡുകളുടെ കഥ അമ്പരിപ്പിക്കുന്നതാണ്.

സന്ദേശര ബ്രദേഴ്സ് തട്ടിയത് 5000 കോടി

ഗുജറാത്തില്‍നിന്നുള്ള രണ്ടു സഹോദരന്‍മ്മാര്‍. നിതിന്‍ സന്ദേശരയും, ചേതന്‍ സന്ദേശരയും. 1980 കളില്‍ ഒരു ചായ കമ്പനി സ്ഥാപിച്ചുകൊണ്ടാണ് സന്ദേശര കുടുംബം അവരുടെ സംരംഭക യാത്ര ആരംഭിച്ചത്, അവരുടെ മുന്‍നിര കമ്പനി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്റ്റെര്‍ലിംഗ് ബയോടെക് ആയിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ളവരയുടെ ബിസിനസ് ഉണ്ടായിരുന്നു അവര്‍ക്ക്. പിന്നെ അവര്‍ എണ്ണ വിപണിയിലെ രാജാക്കാന്‍മ്മാര്‍ ആവാന്‍ ആഗ്രഹിച്ചു. അങ്ങനെ ആഫ്രിക്കയിലേക്ക് പോയി. പക്ഷേ ആഡംബരവും ധൂര്‍ത്തും അവരെ വഴിതെറ്റിച്ചു.




2016 ജൂണില്‍, നൈജീരിയയിലെ സ്റ്റെര്‍ലിംഗ് എനര്‍ജി ആന്‍ഡ് എക്സ്പ്ലോറേഷന്‍ പ്രൊഡക്ഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ ട്വിറ്ററിലൂടെ സഹായത്തിനായി ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ആ വിവരം പുറത്തായത്. ഏഴ് മാസത്തിലേറെയായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്, ഒളിവില്‍ പോയ സഹോദരന്മാരായ നിതിന്‍ സന്ദേശരാ ചേതന്‍ സന്ദേശര എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി എന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സന്ദേശര സഹോദരന്മാര്‍ ഇതിനകം തന്നെ നിരവധി കേസുകളില്‍ കുടുങ്ങിയിരുന്നു. വൈകാതെ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സ്റ്റെര്‍ലിംഗ് ബയോടെക് ലിമിറ്റഡിന്റെ പ്രൊമോട്ടര്‍മാരുടെ 4,700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

80കളില്‍ എളിയ നിലയില്‍ ബിസിനസ് തുടങ്ങിയ സന്ദേശര കുടുംബം വളരെ പെട്ടന്നാണ് വളര്‍ന്നത്. സന്ദേശര ഗ്രൂപ്പ് ചെയര്‍മാന്‍ നിതിന്‍ സന്ദേശര ഗുജറാത്തിയില്‍ മതപരമായ ഗാനങ്ങളായ 'ഗര്‍ബസ്' എഴുതുന്നതില്‍ പ്രശസ്തനായിരുന്നു. തന്റെ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുമ്പോള്‍ അവ എഴുതാന്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒന്‍പത് രാത്രി നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവ വേളയില്‍ വഡോദരയില്‍ നടക്കുന്ന ഏറ്റവും വലിയ 'ഗര്‍ബ' പരിപാടി സംഘം പതിവായി സംഘടിപ്പിച്ചിരുന്നു. വലിയ സ്വകാര്യ ജെറ്റില്‍ പറന്നുയര്‍ന്ന്, ആഡംബര കാറുകളില്‍ സഞ്ചരിച്ച്, ബോളിവുഡ് താരങ്ങളുടെ സാമീപ്യത്തിന് പേരുകേട്ടവരായിരുന്നു സന്ദേശര സഹോദരങ്ങള്‍.

2008-ല്‍ ഏകദേശം 100 കോടി രൂപ വിലവരുന്ന ഒരു ഗള്‍ഫ്സ്ട്രീം എ 200 ജെറ്റ് വാങ്ങിയതോടെ അവര്‍ വാര്‍ത്തകളില്‍ ഇടം നേടി. പക്ഷേ പിന്നീടാണ് ഷെല്‍ കമ്പനികള്‍ രൂപീകരിച്ചും, കളളപ്പണ ഇടപാടുമായൊക്കെ അവര്‍ വിവാദത്തില്‍ പെട്ടത്. ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നു സ്റ്റെര്‍ലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടി തിരിച്ചടച്ചില്ല എന്നതാണ് പ്രധാന കേസ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യമാണു വായ്പ നല്‍കിയത്. ഇതില്‍ കുറേയെറ തുക ഇവരൂടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പിടിച്ചിരുന്നു. ഇപ്പോള്‍ നൈജീരിയയിലാണോ, യുഎഇയില്‍ ആണോ എന്നതിനൊന്നും വിവരമില്ല. നിതിന്‍ സന്ദേശരയുടെ ഭാര്യയായ ദീപ്തി സി. സന്ദേശരയും ഇവര്‍ക്കൊപ്പം മുങ്ങിയിട്ടുണ്ട്്. ഇവരും ഫ്യുജിറ്റീവ് എക്കണോമിക്ക് ഒഫന്‍ഡേഴ്സിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റെര്‍ലിങ് ബയോടെക് ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥ പ്രകാരം 5,100 കോടി രൂപ നിക്ഷേപിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിലും നടപടിയായിട്ടില്ല.

ആധുനിക ഹര്‍ഷദ് മേത്തമാര്‍

ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ലിസ്റ്റില്‍ അടുത്തതായി പേരുവരുന്നവരാണ്, സുദര്‍ശന്‍ വെങ്കിട്ടരാമനും, രാമാനുജം ശേഷരത്നവും. കോടിക്കണക്കിന് രൂപ ബാങ്കിനെ കബളിപ്പിച്ച് മുങ്ങിയ ഐ ടി വിദഗ്ധരാണ് ഇവര്‍. കഴിഞ്ഞ 17 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനിയായ, സൈലോഗ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരികള്‍ 2012-ല്‍ പൊടുന്നനെ ഇടിഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഓഹരി വില ഏകദേശം 62% ഇടിഞ്ഞ് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗിലെത്തി. കോടിക്കണക്കിന് രൂപയാണ് ഇതിന്റെ നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, സൈലോഗ് സിസ്റ്റംസ്, അന്നത്തെ ചെയര്‍മാനും സിഇഒയുമായ സുദര്‍ശന്‍ വെങ്കിട്ടരാമന്‍, അന്നത്തെ എംഡിയും സിഒഒയുമായ രാമാനുജം ശേഷരത്നവും കുടുങ്ങിയത്.

ഹര്‍ഷദ് മേത്ത ചെയ്ത പണിയുടെ ഒരു വിപുലീകൃത രൂപമാണ് സത്യത്തില്‍ അവര്‍ ചെയ്തത്. സ്റ്റോക്ക് എക്സേഞ്ച് മാനുപ്പിലേഷന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. തങ്ങളുടെ കമ്പനിയുടെ വലിപ്പവും സ്വത്തുക്കളും പെരുപ്പിച്ച് കാട്ടി പ്രചാരണം നടത്തുകയും, എന്നിട്ട് അതിന്റെ ഓഹരി വില ഉയരുമ്പോള്‍ ഒരു ഘട്ടത്തില്‍ കൂട്ടമായി വിറ്റഴിച്ച് പണം തട്ടാനുമാണ് ഇവര്‍ ശ്രമിച്ചതെന്നാണ്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കമ്പനികളുടെ പേരില്‍ സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ എന്നിവ വാങ്ങുന്നതിനായി വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ച് ദേന ബാങ്കില്‍ നിന്ന് 100 കോടി രൂപ വായ്പ എടുത്ത ഇവര്‍ തുക തിരിച്ചടച്ചില്ല. ആന്ധ്രാ ബാങ്കില്‍ നിന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടുത്ത 110 കോടി രൂപയുടെ ബാങ്ക് വായ്പകളിലും വീഴ്ച വരുത്തി. ഇതോടെയാണ്, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം, സൈലോഗ് സിസ്റ്റംസിന്റെ ഉടമകളുടെ 31 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. ഒരു കെട്ടിടം, അഞ്ച് ഫ്ലാറ്റുകള്‍, ഒരു കോടി രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയാണ് ആസ്തികളില്‍ ഉള്‍പ്പെടുന്നതെന്ന് ചെന്നൈയിലെ ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.




അതിനുശേഷമാണ്, സുദര്‍ശന്‍ വെങ്കിട്ടരാമനും രാമാനുജം ശേഷരത്നത്തിനുമെതിരെ സിബിഐ കേസെടുക്കുന്നത്. വുഡ്ബ്രിഡ്ജ് ടെക്നോളജീസ്, എഫിക്ക സിസ്റ്റംസ്, അഡിറ്റിക്കോണ്‍ സര്‍വീസസ് എന്നീ വ്യാജ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ചുവെന്നും, സൈലോഗ് സിസ്റ്റംസിലെ ജീവനക്കാരെ ഈ കമ്പനികളുടെ ഡയറക്ടര്‍മാരാക്കി എന്നും ആരോപിച്ച് ചെന്നൈ ടി നഗര്‍ ദേന ബാങ്ക് ബ്രാഞ്ചില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ പിടിവീഴുമെന്ന് ഉറപ്പായതോടെ ഇവര്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

2012-ല്‍, സൈലോഗ് ഒരു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അവര്‍ക്ക് ലഭിച്ച വിവിധ വായ്പകളുടെ മുതലും പലിശയും അടയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കയാണ് അവര്‍ ചെയ്തത്. ശകതമായ കമ്പനി എന്ന പ്രതിഛായവെച്ച് ബാങ്ക് വായ്പ്പകളും നേടി. കൂടാതെ, പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള യഥാര്‍ത്ഥ ഓഹരികളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇടപാടുകള്‍ ഒന്നും സുതാര്യമാക്കിയില്ല. നേരത്തെ ഇവര്‍ക്ക് സെബി രണ്ടു കോടി രൂപ പിഴ ചുമത്തിയിരുന്നു. അതും അടച്ചിട്ടില്ല. ഒടുവില്‍ വിദേശത്തേക്ക് മുങ്ങിയ ഇരുവരും ഇപ്പോള്‍ ലണ്ടനില്‍ ആണെന്നാണ് അറിയുന്നത്.

ബൈദ് ഫാമിലി തട്ടിപ്പ്

ഫാമിലി ബിസിനസുകളുടെ കുറിച്ച് ഒരു പാട് നാം കേട്ടിട്ടുണ്ട്. പക്ഷേ അതുപോലെയാണ് ഫാമിലി തട്ടിപ്പുകളും. ഫ്യുജിറ്റീവ് എക്കണോമിക്ക് ഒഫന്‍ഡേഴ്സിന്റെ ലിസ്റ്റില്‍ അടുത്തതായി വരുന്നത് ബൈദ് ഫാമിലി തട്ടിപ്പാണ്. സൂറത്ത് ആസ്ഥാനമായുള്ള ബൈദ് ഫാമിലിയുടെ തട്ടിപ്പില്‍ രണ്ടായിരം കോടിയോളമാണ് കിട്ടാനുള്ളത്. പുഷ്പേഷ് കുമാര്‍

ബൈദ്, ധര്‍മ്മേഷ് കുമാര്‍ ബൈദ്, പ്രേം പ്രകാശ് ബൈദ്, കോകില ദേവി ബൈദ്, എന്നീ കുടുംബാംഗങ്ങളെല്ലാം കേസില്‍ പ്രതികളാണ്. മുകളില്‍പ്പറഞ്ഞ മറ്റ് തട്ടിപ്പുകാരോട് സമാനമാണ് ഇവരുടെയും മോഡസ് ഓപ്പറന്‍ഡി. ഒരു ഷെല്‍ കമ്പനിയുണ്ടാക്കി അതിന്റെ വരുമാനം പെരുപ്പിച്ച് കാണിക്കുക. എന്നിട്ട് ബാങ്കില്‍നിന്ന് വായ്പ്പയെടുത്ത് സുഖമായി അടിച്ചുപൊളിക്കുക. ഒടുവില്‍ പിടിയിലാവുമ്പോള്‍ വിദേശത്തേക്ക് മുങ്ങുക!

182.78 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പുഷ്പേഷ് കുമാര്‍ ബൈദിനെതിരെ ഇഡി കേസെടുത്തതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരംമായിരുന്നു കേസ്. തുടര്‍ന്ന് സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തു. പുഷ്പേഷ് കുമാര്‍ബൈദ്, ധര്‍മ്മേഷ് കുമാര്‍ ബൈദ്, പ്രേം പ്രകാശ് ബൈദ്, കോകില ദേവി ബൈദ്, എന്നിവരുടെ പേരിലുള്ള മുഴുവന്‍ കമ്പനികളിലലേക്കും അന്വേഷണം വന്നു. നിരവധി, ബാങ്ക് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായി. സിബിഐ 8 കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തതെന്ന്, എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തില്‍ പ്രതികള്‍ 150 ലധികം കമ്പനികള്‍ സ്ഥാപിച്ചതായാണ് കണ്ടെത്തിയത്! എല്ലാം വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍. തുടര്‍ന്ന് വ്യാജരേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കും. തബൈദ് കുടുംബത്തിന്റെ 23 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഇ.ഡി 2921-ല്‍ കണ്ടുകെട്ടിയിരുന്നു. കൊല്‍ക്കത്തയിലെ ലേണ്‍ഡ് സ്പെഷ്യല്‍ പി.എം.എല്‍.എ കോടതിയിലാണ് കേസ് നടക്കുന്നത്.

പത്തുവര്‍ഷം മുമ്പ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 800 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് സൂറത്ത് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിനും അതിന്റെ അഞ്ച് ഡയറക്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലും മറ്റൊരു ബൈദ് ഫാമിലിയാണ് കുടുങ്ങിയത്. ഇതേ രീതിയായിരുന്നു അവരുടേതും. മുംബൈയില്‍ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സിദ്ധി വിനായക് ലോജിസ്റ്റിക്സ് ലിമിറ്റഡിനും അതിന്റെ അഞ്ച് ഡയറക്ടര്‍മാരായ രൂപ്ചന്ദ് ബൈദ്, ദീപക് കുമാര്‍ രൂപ്ചന്ദ് ബൈദ്, രാജ് കുമാര്‍ രൂപ്ചന്ദ് ബൈദ്, ലക്ഷ്മി ദേവി ബൈദ്, രവി കോത്താരി എന്നിവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും,വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസെടുത്തത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര സമര്‍പ്പിച്ച പരാതിയില്‍, എഫ്‌ഐആറില്‍ മറ്റ് അഞ്ച് സ്വകാര്യ സ്ഥാപനങ്ങളെയും ബാങ്ക് ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെ മറ്റ് അജ്ഞാത വ്യക്തികളെയും ഏജന്‍സി പ്രതി ചേര്‍ത്തിട്ടുണ്ട്.




'2012 സെപ്റ്റംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെ, ഇവര്‍ തട്ടിപ്പ് നടത്തി. 'ചാലക് സേ മലക്' പദ്ധതി പ്രകാരം സ്ഥാപനത്തിനും ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും 2,804 വാഹന വായ്പകള്‍ അനുവദിക്കാനും വിതരണം ചെയ്യാനും ബാങ്ക് ഓഫ് മഹാരാഷ്ട്രയെ ഇവര്‍ സമീപിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെയിലെയും സൂറത്തിലെയും മൂന്ന് ശാഖകളില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അനുവദിച്ച വായ്പകള്‍, 160 കോടി രൂപയുടെ ടേം ലോണുകള്‍, 35 കോടി രൂപയുടെ ക്യാഷ് ക്രെഡിറ്റ് പരിധി എന്നിവയായി 651.17 കോടി രൂപയുടെ ക്രെഡിറ്റ് സൗകര്യം കമ്പനി നേടിയിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഇവര്‍ നാടുവിട്ടിട്ടില്ല. കേസ് ഇപ്പോഴും തുടരുകയാണ്. ഈ ബൈദുകള്‍ക്ക് പിന്നിലും, പുഷ്പേഷ് കുമാര്‍ ഫാമിലിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അന്വേഷണം ആ വഴിക്ക്പോയില്ല.

ഹിതേഷ് കുമാര്‍ നരേന്ദ്രഭായി പട്ടേല്‍

അതുപോലെ ഇന്നും ലോ പ്രൊഫൈല്‍ സൂക്ഷിക്കുന്ന അധികം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാത്ത ഒരു സാമ്പത്തിക കുറ്റവാളിയാണ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായി പട്ടേല്‍. ഇദ്ദേഹം ഡയറക്ടറായി നിരവധി കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8,100 കോടി ഉള്‍പ്പെടുന്ന വലിയ ബാങ്ക് വായ്പ തട്ടിപ്പ് കുറ്റമാണ് ആരോപണം. 2010-2020 കാലഘട്ടത്തിലായിരുന്നു ഇയാളുടെ തട്ടിപ്പിന്റെറെ ചാകര. നിരവധി ബാങ്കുകളില്‍നിന്ന് വായ്പ്പയെടുത്ത് ഹിതേഷ് തിരിച്ചടച്ചില്ല. തന്റെ കമ്പനി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പക്ഷേ ചില ഓഹരി ഉടമകള്‍ക്കും ബാങ്കുകാര്‍ക്കും തോന്നിയ സംശയം അയാളുടെ കള്ളിപൊളിച്ചു.

2019-ല്‍ ഇ ഡിയുടെ അപേക്ഷ പ്രകാരം ഹിതേഷ് കുമാറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. പിന്നീട് അല്‍ബ ദ്വീപില്‍നിന്ന് ഇയാള്‍ അറസ്റ്റുചെയ്യപ്പെട്ടുവെന്നും എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഷെല്‍ കമ്പനികള്‍ വഴി വായ്പാ തട്ടിപ്പും നിക്ഷേപ തട്ടിപ്പും തന്നെയാണ് ഇദ്ദേഹത്തിന്റെയും പരിപാടി. 2021-ല്‍ സെബിയും ഇയാളുടെ കമ്പനികള്‍ക്ക് പൂട്ടിട്ടു. 2025ല്‍ നടന്ന പുറത്തുവിട്ട കണക്കുകളിലും തട്ടിപ്പുകാരുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ട്. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനല്ലെന്നും, വിവിധയിടങ്ങളില്‍ നിക്ഷേപം നടത്തി ബിസിനസ് നടത്താനാണ് ശ്രമിച്ചതെന്നും, ആ ബിസിനസ് പൊളിഞ്ഞുപോവുകയാണെന്നും, പറയുന്നുവരുമുണ്ട്. എന്നാല്‍ ആസ്തിയുടെ എത്രയോ ഇരട്ടി ഇല്ലാത്ത കമ്പനികളുടെ പേരില്‍ വാങ്ങിക്കുട്ടിയതില്‍നിന്നുതന്നെ തട്ടിപ്പ് വ്യക്തമാണ് എന്നാണ് പറയുന്നത്. ഇപ്പോള്‍ ഇദ്ദേഹവും രാജ്യം വിട്ടിരിക്കയാണെന്നാണ് അറിയുന്നത്.

ഇങ്ങനെ രാജ്യം വിടുന്നരുടെ കടം എഴുതിത്തള്ളുകയാണെന്നതും വ്യാജ പ്രചാരണമാണ്. വിജയ് മല്യതൊട്ട് ഈ ഹിതേഷ് വരെയുള്ള ഒരാളുടെ ഒരു കടവും ഒരു ബാങ്കും എഴുതിത്തള്ളിയിട്ടില്ല. മാത്രമല്ല അവരുടെ ആസ്തികള്‍ ലേലം ചെയ്ത് തുക പരമാവധി തിരിച്ചുപിടിക്കുന്നുമുണ്ട്. ഇതുവരെ 19,718 കോടി രൂപ, ഈ സാമ്പത്തിക കുറ്റവാളികളുടെ ആസ്തികള്‍ കണ്ടുകെട്ടിയും വിറ്റഴിച്ചുംതിരിച്ചു പിടിച്ചിട്ടുണ്ട്. വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 22,065 കോടി രൂപയാണ്. ഇതില്‍ മല്യയുടെ ആസ്തികള്‍ വിറ്റഴിച്ച് 14,000 കോടി തിരിച്ചു പിടിച്ചു. നിരവ് മോഡിയുടെ കുടിശിക 9,656 കോടിരൂപയാണ്. ഇതില്‍ 545 കോടി രൂപയാണ് തിരിച്ചുപിടിക്കാനായത്.




ഇത്തരം തട്ടിപ്പുകളുടെ ഒരു പ്രധാന പ്രശ്നം ബാങ്കുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്. അതുപോലെ തന്നെ സ്റ്റോക്ക് എക്സേഞ്ചില്‍ കൃത്യമായി ഇടപെടാനും കഴിയിന്നില്ല. ഇപ്പോള്‍ ബാങ്കുകളും സെബിയും നടപടികള്‍ കര്‍ശനമാക്കിയതോടെ ഇത്തരം ഫിനാഷ്യല്‍ ഫ്രോഡുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

വാല്‍ക്കഷ്ണം: പിടിക്കപ്പെടുന്ന ഈ വ്യാജ വ്യവസായികളുടെയൊക്കെ പ്രൊഫൈഫല്‍ നോക്കിയാല്‍ അറിയാം അവര്‍ ഏറെയും ഗുജറാത്ത് ബന്ധമുള്ളവരാണ്. ഇതിനര്‍ത്ഥം ദക്ഷിണേന്ത്യയിലെ വ്യവസായികള്‍ പൂര്‍ണ്ണമായും സത്യസദ്ധരാണ് എന്നല്ല. കൂടുതല്‍ വ്യവസായി കുടുംബങ്ങള്‍ ഉള്ളത് ഗുജറാത്തിലാണ്. അപ്പോള്‍ അതിലെ കള്ള നാണയങ്ങളുടെ എണ്ണവും കൂടും. പക്ഷേ മറ്റൊരുകാര്യത്തിലും ആശ്വസിക്കാം. ഇ ഡി അടക്കമുള്ള ഏജന്‍സികള്‍ അതിശക്തമായി തന്നെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്.