യെവ്ഗിനി പ്രിഗോഷിൻ! കഴിഞ്ഞ ദിവസം ലോകത്ത് ഏറ്റവും കൂടുതൽ സേർച്ച് വന്ന പേരാണ് അത്. ഒറ്റ ദിവസം ദിവസം കൊണ്ടാണ് ഇവിടെ നായകരും പ്രതിനായകരും ഉണ്ടാവുന്നത്. വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ കൂലിപ്പട ലോകത്തെ ഞെട്ടിച്ച ദിവസങ്ങളാണ് കടുന്നുപോയത്. റഷ്യയിൽ പ്രസിഡന്റ് വ്ളാദിമിർ പുടിൻ തന്നെ വളർത്തി വലുതാക്കിയ ഈ ക്രിമിനൽ സേന, റഷ്യയിലേക്ക് തന്നെ പട നയിച്ചത് വലിയ വാർത്തയായി. ഒരു രാഷ്ട്രത്തിന്റെ ഔദ്യോഗിക സേനയും കൂലിപ്പടയും നേർക്കുനേർ വരുന്നു. കൂലിപ്പട മാതൃരാജ്യത്തെ രണ്ട് നഗരങ്ങൾ പിടിക്കുന്നു. പ്രസിഡന്റ് നാടുവിട്ടുവെന്ന് അഭ്യൂഹം വരുന്നു. പക്ഷേ മലപോലെ വന്നത് ചർച്ചകൾക്കൊടുവിൽ എല്ലാം കോംപ്രമൈസ് ആയെങ്കിലും, വാഗ്നർ പട്ടാളം ഏത് നിമിഷവും ഇടയുമെന്ന് കരുതുന്നവർ എറെയുണ്ട്. ഈ കലാപങ്ങക്കെല്ലാം നേതൃത്വം കൊടുത്ത മനുഷ്യനാണ് യെവ്ഗിനി പ്രിഗോഷിൻ. വാഗ്നർ ഗ്രൂപ്പിന്റെ തലവൻ.

റഷ്യൻ സേനയുടെ ക്യാമ്പുകളും, രണ്ട് നഗരങ്ങളും പിടിച്ചടക്കിക്കൊണ്ട് വാഗ്നർ സേന നടത്തിയ മുന്നേറ്റം നിർത്തിയത്, ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ്. പുടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയിൽ വാഗ്നർ ഗ്രൂപ്പിനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതോടെയാണ് അവർ മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽനിന്ന് പിന്തിരിഞ്ഞത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ പറഞ്ഞു.

റഷ്യയെ മുൾ മുനയിലാക്കി പ്രിഗോഷിൻ മടങ്ങുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. റഷ്യൻ സേനയുടെ പോരാട്ട വീര്യം എന്നൊക്കെപ്പറയുന്നത് വെറും കടലാസിൽ ആണെന്ന് തെളിയിക്കാൻ പ്രിഗോഷിനായി. മാത്രമല്ല പ്രസിഡന്റ് പുടിൻ ദുർബലനാണ് എന്ന പൊതുബോധവും ഉണ്ടാക്കാനായി. ഒരു കൂലിപ്പട്ടാളത്തിന് മുന്നിൽ വിറച്ച് പോവുകയാണെങ്കിൽ, നാറ്റോപോലുള്ള ഒരു വലിയ സൈനിക ശക്തിയുടെ പിന്തുണയുള്ള യുക്രൈനെ എങ്ങനെയാണ് റഷ്യക്ക് കീഴടക്കാൻ കഴിയുക, എന്നാണ് ചോദ്യം ഉയരുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധേയം, പുടിനെപ്പോലെ ക്രൂരതകൾ റെക്കോർഡിട്ട നേതാവ് ആണെങ്കിലും, ഇപ്പോൾ യെവ്ഗിനി പ്രിഗോഷിന് വലിയ പിന്തുണയാണ് റഷ്യൻ ജനതയിൽനിന്ന് കിട്ടുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ പുടിനെ അട്ടിമറിച്ച് റഷ്യൻ പ്രസിഡന്റാവാനും, പ്രിഗോഷിൽ ശ്രമിക്കുമെന്നാണ്, പാശ്ചാത്യമാധ്യമങ്ങൾ എഴുതുന്നത്.

ഷെഫിൽ നിന്ന് ശതകോടീശ്വരിനിലേക്ക്

വെറുമൊരു ഷെഫിൽനിന്ന് ശതകോടീശ്വരിനിലേക്ക് വളർന്ന കഥയാണ്, യെവ്ഗിനി പ്രിഗോഷിനെന്ന വാ്ഗനർ തലവൻേത്്. പുടിന്റെ ജന്മദേശമായ സെയ്ന്റ് പീറ്റേഴ്‌സ്ബർഗാണ് പ്രിഗോഷിനിന്റെയും നാട്. 1979ലാണ് ആദ്യമായി ക്രിമിനൽക്കുറ്റത്തിന് പ്രിഗോഷിൻ ശിക്ഷിക്കപ്പെടുന്നത്. അന്ന് വെറും18 വയസ്സായിരുന്നു. മോഷണക്കുറ്റത്തിന് രണ്ടുവർഷം തടവ്. കുറ്റകൃത്യങ്ങൾ തുടർന്ന പ്രിഗോഷിൻ 13 വർഷത്തെ തടവിന് വീണ്ടും ശിക്ഷിക്കപ്പെട്ടു. ജയിൽവാസത്തിനുശേഷം പുറത്തുവന്ന പ്രിഗോഷിൻ സെയ്ന്റ് പീറ്റേഴ്‌സ്ബർഗിൽ 'ഹോട്ട് ഡോഗ്' വിൽക്കുന്ന ഒരു ഹോട്ടൽശൃംഖല ആരംഭിച്ചു. നിയമവിരുദ്ധമാർഗങ്ങളിലൂടെയും അല്ലാതെയും ബിസിനസ് നടത്തി. 1990-കളിൽ റഷ്യയിലുടനീളം ആഡംബരഭക്ഷണശാലകൾ പ്രിഗോഷിൻ തുറന്നു.

നഗരത്തിൽ സൂപ്പർമാർക്കറ്റ്, റസ്റ്റോറന്റ് ബിസിനസുമായി പ്രിഗോഷിൻ കളം നിറഞ്ഞ സമയത്താണ് സെന്റ് പീറ്റേഴ്സ് ബർഗിന്റെ ഡപ്യൂട്ടി മേയറായി പുട്ടിൻ അധികാരമേൽക്കുന്നത്.പ്രിഗോഷിന്റെ ഭക്ഷണശാലകളിൽ നിത്യസന്ദർശകനായിരുന്നു വളാദിമിർ പുടിൻ. പല കേറ്ററിങ് കരാറുകളും പ്രിഗോഷിന്റെ കമ്പനിക്ക് നൽകാൻ പുട്ടിൻ താൽപ്പര്യം കാണിച്ചിരുന്നു. അതിനാൽ തന്നെ 'പുട്ടിന്റെ ഷെഫ്' എന്നാണ് പ്രിഗോഷിനെ വിളിച്ചിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. ഡപ്യൂട്ടി മേയറിൽ നിന്നും റഷ്യൻ പ്രസിഡന്റായി പുട്ടിൻ വളർന്നപ്പോൾ പ്രിഗോഷിൻ ശതകോടീശ്വരനായിട്ടാണ് ഉയർന്നത്. പിന്നീട് പ്രസിഡന്റ് പുട്ടിന്റെ വലംകൈയായും പ്രിഗോഷിൻ അറിയപ്പെട്ടു.

നെവാനദിയിലൂടെ സഞ്ചരിക്കുന്ന 'ന്യൂ ഐലൻഡ്' എന്നറിയപ്പെടുന്ന പ്രിഗോഷിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുടിന്റെ ഇഷ്ടസ്ഥലം. പ്രസിഡന്റായശേഷം ഇവിടെവച്ചാണ് വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെയെത്തുന്ന അതിഥികളെ പുടിൻ സ്ഥിരമായി സത്കരിക്കാറുള്ളത്. 2000-ൽ ജപ്പാൻ മുൻപ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ഈ ആഡംബര റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് പുടിൻ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. 2003-ലെ തന്റെ പിറന്നാളാഘോഷം 'ന്യൂ ഐലൻഡിൽ'വെച്ച് സംഘടിപ്പിക്കാൻ പുടിൻ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പംകൂട്ടി.

വാഗ്നർ ഗ്രൂപ്പ് തുടങ്ങുന്നു

ഇന്ന് പലരും തെറ്റിദ്ധിക്കുന്ന വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ പ്രിഗോഷിൻ ആണെന്നതാണ്. പക്ഷേ അത് ശരിയല്ല. 2014ൽ റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ജിആർയുവിൽ നിന്ന് വിരമിച്ച ലഫ്.കേണൽ ദമിത്രി ഉട്കിനാണ് യഥാർഥത്തിൽ വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ. നിയോ നാസിയായിരുന്നു അയാൾ. അതുകൊണ്ടു തന്നെ ഹിറ്റ്ലറുടെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്ന റിച്ചഡ് വാഗ്നറുടെ പേര് ഉട്കിൻ തന്റെ കൂലിപ്പട്ടാള സംഘത്തിന് നൽകി. എന്നാൽ പിന്നീട് വാഗ്നറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഉട്കിൻ ഈ സംഘത്തിന്റെ മുഖം മാത്രമായിരുന്നു. ഇതിനായി പണമൊഴുക്കിയതും അധികാര സ്ഥാനങ്ങളിൽ നിന്നും അനുമതികൾ ഞൊടിയിടയിൽ തയാറാക്കി നൽകിയതുമെല്ലാം യെവ്ഗിനി പ്രിഗോഷിൻ. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി.

തുടക്കത്തിൽ വാഗ്നർ സൈനികർ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത് റഷ്യയുടെ സ്വകാര്യ സൈന്യം എന്നാണ്. നമ്മുടെ നാട്ടിലെ സ്വകാര്യ സുരക്ഷാ ഏജൻസികളുടെ രൂപത്തിൽ വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സുരക്ഷ നൽകാനായി രൂപമെടുത്തതാണ് വാഗ്നർ ഗ്രൂപ്പിന്റെ പ്രാഥമിക രൂപം. എന്നാൽ വളരെ വേഗത്തിൽ കൂലിപ്പടയാളികളെ യുദ്ധത്തിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കും പണം വാങ്ങി നൽകുന്ന സ്വകാര്യ പ്രസ്ഥാനമായി ഇത് മാറി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ റഷ്യയിൽ നിന്നും വിട്ടുപോയ വിവിധ രാജ്യങ്ങളിൽ നിലനിന്ന അരാജകത്വവും നിയമവാഴ്ചയുടെ തകരാറുമാണ് ഇത്തരം സ്വകാര്യ സേനകൾക്ക് വളമായി മാറിയത്. റഷ്യൻ സൈന്യത്തിന് ഇടപെടാൻ കഴിയാത്ത ഇടങ്ങളിൽ അവർ
കരുത്തുകാട്ടിത്തുടങ്ങി.

പ്രധാനമായും ഖനിയുടമകളുംം ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വകാര്യ സേനയുടെ സേവനം തേടിയെത്തിയത്. എതിരാളികളെ കൈകാര്യം ചെയ്യുന്നതിന് ആയുധങ്ങളുപയോഗിച്ച് തുടങ്ങിയതോടെ സ്വകാര്യ സൈനിക ഗ്രൂപ്പുകൾ മട്ടിലും കെട്ടിലും മാറിത്തുടങ്ങി. താമസിയാതെ റഷ്യയിലെ ചെറു സൈന്യമായി ഇവർ മാറി.കുറേക്കഴിഞ്ഞപ്പോൾ ധന സമ്പാദനത്തിന് ഹോട്ടൽ ശൃഖലയേക്കാളൊക്കെ നല്ല പണി ഈ കൊലയാളി സംഘമാണെന്ന് പ്രിഷോഗിൻ തിരിച്ചറിഞ്ഞു. അയാൾ ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവനാക്കി നിലനർത്തി, ഗ്രൂപ്പിന്റെ ഉടമയെന്ന പദവി ഏറ്റെടുത്തു.ഇതിന് പുടിന്റെ പിന്തുണയും ഉണ്ടായിരുന്നു. അതോടെയാണ് ലോകത്തിന്റെ ഏറ്റവും ക്രൂരന്മാരുടെ സംഘടനയായി വാഗ്നർ ഗ്രൂപ്പ് മാറുന്നത്്.

അഭിനവ കാലകേയപ്പട

ബാഹുബലി സിനിമയിലെ കാലകേയപ്പടയെ ഓർമ്മയില്ലേ. പോകുന്നിടത്തെല്ലാം കൊള്ളയും കൊലയും ബലാത്സഗവും നടത്തി ഒരു പ്രദേശത്തെ ചണ്ടിയാക്കിയതുപോലെ നീങ്ങുന്ന ഈ സേനയോട് ഉപമിപ്പിക്കാവുന്ന ഒരു സ്വകാര്യ സേനയാണ് ഇപ്പോൾ റഷ്യയെ വിറപ്പിക്കുന്ന വാഗ്നർ സേന! ജയിലിൽനിന്ന് റിക്രൂട്ട്മെന്റ് നടക്കുന്ന സൈന്യത്തെക്കുറിച്ച് നിങ്ങൾ ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. കുറ്റത്തിന്റെ പൈശാചികത്വം ഇവിടെ പ്രതിക്ക് ഗുണം ചെയ്യും. കാരണം ഈ സേനയിലേക്ക് വേണ്ടത്, കൊടും ക്രൂരന്മാരെയാണ്. അറപ്പില്ലാതെ കൊല്ലാനും, ബലാത്സഗം ചെയ്യാനുമൊക്കെ കഴിയുന്ന ജയിൽപ്പുള്ളികളെ വെച്ച് ഒരു സ്വകാര്യ സേന. അതാണ് റഷ്യൻ പ്രസിഡന്റ് വാ്ളാദിമിർ പുടിൻതന്നെ വളർത്തിയെടുത്ത വാഗ്നർ ഗ്രൂപ്പ്. ഇപ്പോൾ അമ്പതിനായിരം പേർ ഉള്ള ഈ സേനയിലെ 80 ശതമാനവും ക്രൂരമായ കുറ്റ കൃത്യങ്ങൾ നടത്തിയ ക്രിമിനലുകളാണ്! അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയ സംഘം.

വെറുമൊരു ഗുണ്ടാ സംഘമല്ല ഇവർ. ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്കെയുള്ള പട്ടാളമാണ്. പുടിനെ എതിർക്കുന്നവർ ലോകത്ത് എവിടെയായാലും കൊല്ലപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. കൊള്ളയും, കൊലയും, ബലാത്സഗവും ആഘോഷിക്കുന്നവരാണിവർ. ഒപ്പം മികച്ച വരുമാനവുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ കൂലിപ്പടയാളിയുടെ കുടുംബത്തിന് ഏകദേശം 5 ദശലക്ഷം റൂബിളാണ് നൽകുക. റഷ്യയാണ് ഈ തുക വാഗ്നർ ഗ്രൂപ്പിന് കൈമാറുന്നത്.

2014ൽ വാഗ്നർ ഗ്രൂപ്പിൽ ഉദ്ദേശം അരലക്ഷത്തോളം കൂലിപ്പടയാളികളായിരുന്നു ഉണ്ടായിരുന്നത്. തുടക്കകാലത്ത് വാഗ്നർ കൂലിപ്പടയാളികളിൽ നല്ലൊരു ഭാഗവും മുൻ റഷ്യൻ സൈനികരായിരുന്നു. എന്നാൽ പ്രവർത്തനങ്ങളിൽ മാറ്റം വന്നതോടെ ക്രിമിനലുകളുടെയും ജയിലിൽ നിന്നുമിറങ്ങിയ മുൻ കുറ്റവാളികളുടെയും താവളമായി വാഗ്നർ ഗ്രൂപ്പ് മാറി. കൈ നിറയെ പണം, കൂടാതെ നിയമ വിരുദ്ധമായ പ്രവർത്തികൾ ചെയ്യാനുള്ള അനുമതിയും ഇതാണ് ഇവരെ വാഗ്നറിലേക്ക് അടുപ്പിച്ചത്. പിൽക്കാലത്ത് റഷ്യക്കാരെക്കാൾ കൂടുതലായി യുദ്ധം തകർത്ത ലിബിയ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളരായി വാഗ്നർ സംഘത്തിൽ.


റേപ്പിനായി സൈന്യത്തിൽ ചേരുന്നവർ

അപ്പോൾ ഒരു ചോദ്യം സ്വാഭാവികമായി വരും. എന്തിനാണ് പുടിന് ഈ സ്വകാര്യ സേന. റഷ്യയുടെ സർവാധിപതിയായ, മരണംവരെ പ്രസിഡന്റായി ഇരിക്കാൻ ഭരണഘടനാ ഭേദഗതിയിലുടെ അനുമതി നേടിയ മനുഷ്യന് ഔദ്യോഗിക സേന ധാരാളമല്ലേ. അതിന് പുറമെ രഹസ്യപ്പൊലീസും. പക്ഷേ ഒരു രാഷ്ട്രത്തിന്റെ സേനക്ക് ചെയ്യാൻ കഴിയാത്ത് ഇവർക്ക് കഴിയും എന്ന, മുൻ കെജിബി ഉദ്യോഗസ്ഥൻ കൂടിയായ പുടിന്റെ കുടില ബുദ്ധിയാണ് ഈ കൊലയാളി സേനക്ക് പിന്നിൽ. ഒരു രാഷ്ട്രത്തിന്റെ ഔദ്യോഗിക സേനക്ക് നിരവധി അന്താരാഷ്ട്ര നിയമങ്ങൾ ബാധകമാണ്. എന്നാൽ സ്വകാര്യ കൂലിപ്പടയായ, വാഗ്നറിന് ഇത് ബാധകമല്ല.

റഷ്യൻ സേന പിടിച്ച യുക്രൈനിലെ നഗരങ്ങളുടെ ചിത്രവും, വാഗ്നർ സേന പിടിച്ച നഗരങ്ങളുടെ ചിത്രവും പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാവും. വാഗ്നർ സേനയുടെ കൈയിൽ വന്ന നഗരങ്ങൾ ശരിക്കും ചണ്ടിയായിപ്പോയി. കുട്ടികളെപ്പോലും കൊന്നൊടുക്കി. മൃതദേഹങ്ങളുടെ ജനനേന്ദ്രിയങ്ങൾ വെട്ടിയടുത്ത് ആഹ്ലാദിച്ചു. ശരിക്കും ഒരു സൈക്കോ സംഘം. കാമഭ്രാന്തന്മാരായ വാഗ്നർ സേന യൂക്രൈൻ സ്ത്രീകളെ കൂട്ട ബലാത്സഗത്തിനാണ് ഇരയാക്കിയത്. അതിൽ എന്ത് അത്ഭുതം. നഗരം പിടിച്ചാൽ സുന്ദരികളെ ബലാത്സഗം ചെയ്യാമെന്ന ഓഫറാണ് അവരെ ഈ സേനയിലേക്ക് ആകർഷിക്കുന്നത് തന്നെ! മൃതദേഹങ്ങളെ അപമാനിക്കരുത് എന്ന യുദ്ധ നിയമമൊന്നും ഇവർക്ക് ബാധകമല്ല. വെടിയേറ്റ് വീണവന്റെ തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും. കുട്ടികളെ അടക്കം ആണുങ്ങളെ കൊല്ലും. സത്രീകളെ പിടിച്ചുകൊണ്ടുപോയി ഊഴമിട്ട് ബലാത്സഗം ചെയ്യും. കേട്ടാൽ അറച്ചുപോകുന്ന രീതിയാണ് വാഗ്നർ പടയുടേത് എന്നാണ് വാഷിങ്്ടൺ പോസ്റ്റ് പറയുന്നത്.

കള്ളപ്പണത്തിന്റെയും ബിനാമി സ്വത്തുക്കളുടെയും കണക്ക് എടുക്കയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആവേണ്ടത് പുടിനാണ്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. പുട്ടിന്റെ മൊത്തം ആസ്തി 300ബില്യൺ ഡോളറാണെന്നാണ് കണക്കാക്കിയിരുന്നത്. ലോകമെമ്പാടുമുള്ള നിരവധി സുന്ദരിമാർ പുടിന്റെ കാമുകിമാരായും ഉണ്ടായിരുന്നു. ഇതെല്ലാം കെട്ടിപ്പടുത്തത് വാഗ്നർ സ്വകാര്യ സേനയുടെ കൂടി ബലത്തിലായിരുന്നു. പക്ഷേ ഈ സമ്പത്തെല്ലാം യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ നാറ്റോയുടെ ഉപരോധത്തിൽ ഇല്ലാതായി എന്നത് വേറെ കാര്യം.

പുടിനെ എതിർക്കുന്നവരൊക്കെയും റഷ്യയിൽ വളരെ പെട്ടെന്ന് കൊല്ലപ്പെടും. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിക്കയാണ് ഇതിൽ എറ്റവും പ്രധാനം. പുടിനെതിരെ എഴുതിയ രണ്ടുഡസനോളം മാധ്യമ പ്രവർത്തകരാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്! പിന്നാൽ ആരാണെന്ന് വ്യക്തമാണ്.

അവർ ദേശസ്നേഹികൾ

വാഗ്നർ ഗ്രൂപ്പിനെതിരെ റഷ്യയിൽ പല പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അന്നൊക്കെ പുടിന്റെ അതിശക്തമായ പി ആർ ഗ്രൂപ്പ്, ദേശസ്നേഹത്തിന്റെ മറയിട്ട് ഇവരെ സംരക്ഷികുകയായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പുട്ടിൻ വാഗ്നറുടെ സേവനം തേടിയതോടെ യെവ്ഗിനി പ്രിഗോഷിൻ കൂടുതൽ കരുത്തു നേടി. 2014ൽ യുക്രെയ്നിലെ ക്രിമിയയിലും ഡോൺബാസ് മേഖലയിലും റഷ്യ നടത്തിയ അധിനിവേശത്തിൽ കൂലിപ്പടയാളികൾ നിർണായക പങ്കാണ് വഹിച്ചത്. ഇതോടെ റഷ്യൻ സൈനിക ഇടപെടലുകളിൽ വാഗ്നർ ഗ്രൂപ്പിന്റെ പങ്ക് കൂടുതൽ വ്യക്തമായി തുടങ്ങി. ഡോൺബാസിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളെ പിന്തുണയ്ക്കുന്നതിനാണ് താൻ വാഗ്നർ സ്ഥാപിച്ചതെന്ന് യെവ്ഗിനി പ്രിഗോഷിൻ തുറന്നടിച്ചിരുന്നു. '2014 മെയ് ഒന്നിന്, ഒരു കൂട്ടം ദേശസ്നേഹികൾ ജനിച്ചു, അത് പിന്നീട് വാഗ്നർ ബറ്റാലിയൻ എന്ന് വിളിക്കപ്പെട്ടു', ഈ വാക്കുകളിലാണ് വാഗ്നർ ഗ്രൂപ്പിന്റെ ജനനത്തെ യെവ്ഗിനി പ്രിഗോഷിൻ വിശേഷിപ്പിക്കുന്നത്.

സിറിയൻ ആഭ്യന്തര യുദ്ധത്തിലും റഷ്യ വാഗ്നർ ഗ്രൂപ്പിലെ കൂലിപ്പടയാളികളെ നിയോഗിച്ചതായി കണ്ടെത്തി. യുക്രെയ്ൻ, സിറിയ, ലിബിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, മാലി, മൊസാംബിക് എന്നിവിടങ്ങളിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ വാഗ്നർ നടത്തിയതായി ആരോപിക്കപ്പെടുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം വാഗ്നർ സൈനികരുടെ എണ്ണം 50,000 ആണെന്നാണ് കണക്കാക്കിയിട്ടുള്ളത്. യുക്രെയ്നിൽ നിയോഗിക്കപ്പെട്ട റഷ്യൻ ശക്തിയുടെ നാലിലൊന്ന് ഇവരാണെന്ന് പറയുന്നത്.

പുടിനു നേരെ തിരിയുന്നു

ഒരു സംശയവും വേണ്ട അടുത്ത അത്മ ബന്ധമായിരന്നു പുടിനും, പ്രിഗോഷിനും തമ്മിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് ഇവർ ശത്രുക്കളായത് എന്ന ചോദ്യത്തിന് വിവിധ കാരണങ്ങളാണ് മാധ്യമങ്ങൾ ഉന്നയിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി, യെവ്ഗിനി പ്രിഗോഷിനും വാഗ്നർ സേനയും തന്റെ തലക്കുമുകളിൽ വലുതാവുമോ എന്ന സംശയം പുടിനുണ്ടെന്നാണ് വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത. കളിച്ച് കളിച്ച് ഈ സംഘം ഒടുവിൽ തന്നെ സ്ഥാനഭ്രഷ്ടനാക്കുമെന്ന് പുടിന് ഭയമുണ്ട്. അതിനാൽ വാഗ്നർ ഗ്രൂപ്പിനുള്ള സാമ്പത്തിക സഹായം റഷ്യ കുറച്ചതാണ് പെട്ടെന്നുള്ള പ്രകോപനമായത്.

മാത്രമല്ല യുക്രൈനിൽ പോരടിക്കുന്ന വാഗ്നർ സേനക്ക് മതിയായ ആയുധം എത്തിക്കാനും പുടിന് ആയില്ല. യുക്രൈൻ യുദ്ധത്തിൽ വാഗ്നർ ഗ്രൂപ്പിലെ 20,000ത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മതിയായ ആയുധങ്ങൾ നൽകാതെ തങ്ങളെ കുരുതി കൊടുക്കുന്നു എന്ന തോന്നലാണ് കൂലിപ്പടയാളികളെ റഷ്യയ്ക്കെതിരെ തോക്കെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം. അതോടെയാണ് അവർ റഷ്യയിലേക്ക് മാർച്ച് നടത്തി. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ച സൈനിക നീക്കം നടന്നത്.

എന്നാൽ രക്തരൂക്ഷിത പോരാട്ടം പ്രതീക്ഷിച്ച് റഷ്യയുടെ തകർച്ച കാണാൻ കൊതിച്ച പാശ്ചാത്യശക്തികളെ നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥ ചർച്ചയെത്തുടർന്ന് മോസ്‌കോയിലേക്കുള്ള പടനീക്കം വാഗ്നർ സൈനികർ വേണ്ടെന്നുവച്ചു. സംഘത്തോടെ മടങ്ങാൻ നിർദ്ദേശിച്ചതായി വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ സ്ഥിരീകരിച്ചു. ഇതോടെ സംഘർഷസ്ഥിതിയിൽ അയവുവന്നു. സൈനിക നീക്കം പിൻവലിച്ച് പ്രിഗോഷിൽ മടങ്ങിയിട്ടുണ്ട്. അയാൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് പുടിന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഒരു താൽക്കാലിക വെടിനിർത്തൽ മത്രമാണ്. റഷ്യയുടെ അധികാരം പിടിച്ചെടുത്താൽ വാഗ്നർ സേന ഇനിയുമെത്തുമെന്നും, ഇനിയുള്ളകാലം പുടിന്റെ എതിരാളി യെവ്ഗിനി പ്രിഗോഷിൻ ആയിരിക്കുമെന്നുമാണ് ലോക മാധ്യമങ്ങൾ പറയുന്നത്. എന്തായാലും വാളെടുത്തവൻ വാളാൽ എന്ന അവസ്ഥയാണ് പുടിന്.

പുടിന്റെ കസേര തെറിക്കുമോ?

വാഗ്നാർ സൈന്യത്തെ തത്ക്കാലത്തേക്ക് പിടിച്ച് നിർത്താനായെങ്കിലും അവരുടെ മുന്നേറ്റം തുറന്ന് കാണിച്ചത് റഷ്യൻ ഭരണകൂടത്തിന്റെ ദൗർബല്യത്തെയാണ്. അതോടെ റഷ്യൻ അധികാര കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉറഞ്ഞുകൂടാൻ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച യുക്രെയിനിലെ ആസ്ഥാനത്തു നിന്നും റഷ്യയിലേക്ക് നീങ്ങിയ യെവ്ജെനി പ്രിഗോഷിന്റെ പട്ടാളത്തിന് തെക്കൻ നഗരമായ റോസ്റ്റോവ് ഓൺ ഡോണിലെ ഒരു പ്രാദേശിക സൈനിക ക്യാമ്പ് പിടിച്ചെടുക്കാനായിരുന്നു.

പിന്നീട് മോസ്‌കോയിലേക്ക് മുന്നേറാനായിരുന്നു തീരുമാനമെങ്കിലും പെട്ടെന്ന് തന്നെ ആ നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാഗ്നാർ സൈന്യം യുക്രെയിനിലേക്ക് മടങ്ങുമെന്നും പ്രിഗോഷിൻ അയൽരാജ്യമായ ബെലാറൂസിലേക്ക് പോകുമെന്നുമാണ് റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങൾ പറഞ്ഞത്. വാഗ്നാർ സൈന്യവുമായി നടത്തിയ താൽക്കാലിക യുദ്ധവിരാമം പക്ഷെ പുടിന്റെയും സർക്കാരിന്റെയും പ്രതിച്ഛായ തകർത്തു എന്നാണ് ഇൻസ്റ്റിറ്റിയുട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ഐ എസ് ഡബ്ല്യൂ) വിലേ വിദഗ്ദ്ധർ വിലയിരുത്തുനന്ത്.

സുരക്ഷാ വീഴ്‌ച്ചകൾ എടുത്തു കാണിക്കുക മാത്രമല്ല, ആഭ്യന്തര ഭീഷണികൾ നേരിടുന്നതിൽ ഭരണകൂടത്തിന്റെ കഴിവുകേടിനേയും ഈ സംഭവം വിളിച്ചറിയിക്കുന്നു. അതിനിടയിൽ, പുടിന്റെ ദീർഘകാല സുഹൃത്തായ ചെച്ചെൻ നേതാവ് റംസാൻ കാഡ്രേ്യാവ് വാഗ്നർ രംഗത്തെത്തി. പ്രിഗോഷന്റെ എടുത്തുചാട്ടം അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് കഡ്രേ്യാവ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നാടകീയമായ രംഗങ്ങൾക്ക് ശേഷം വാഗ്നാർ സൈന്യം റഷ്യയുടെ തെക്കൻ മേഖലയിൽ നിന്നും ഒഴിഞ്ഞു പോകാൻ തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെയാണ് സേനയുടെ മടങ്ങിപ്പോക്ക്. സാഹചര്യം പൂർണ്ണമായും പൂർവ്വ നിലയിലേക്ക് മാറിക്കഴിഞ്ഞാൽ, ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ യാത്രാ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം ഐ എസ് ഡബ്ല്യൂവിലെ വിദഗ്ദ്ധർ പറയുന്നത് വാഗ്നർ സൈന്യവുമായി നടത്തിയ യുദ്ധ വിരാമ കരാർ ഹ്രസ്വകാല ആയുസ്സ് മാത്രമുള്ള ഒന്നായിരിക്കും എന്നാണ്. അത് ഒരിക്കലും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരമാകില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു. വാഗ്നാർ മുന്നേറ്റം റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യത്തെ എടുത്തു കാണിക്കുന്നു എന്ന് മാത്രമല്ല, ഒരു ആഭ്യന്തര ഭീഷണി നേരിടുന്നതിൽ പുടിന് സംഭവിച്ച വീഴ്‌ച്ചയും വെളിപ്പെടുത്തുന്നു. സൈന്യത്തിന് മേൽ പുടിന്റെ പരമാധികാരം നഷ്ടപ്പെട്ടതായ ഒരു സൂചനയും ഈ സംഭവം നൽകുന്നു എന്നും വിദഗ്ദ്ധർ പറയുന്നു.

സത്യത്തിൽ, പ്രിഗോഷിന്റെ മുന്നേറ്റം റഷ്യൻ സേനയെ തീർത്തും അപ്രസക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. ഔദ്യോഗിക സൈന്യത്തിൽ നിന്നും വേറിട്ടു നിന്നാൽ, സ്വകാര്യ സേനകൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും ഇത് തെളിയിച്ചു. കൃത്യസമയത്ത് പ്രതികരിക്കുന്നതിൽ റഷ്യൻ ഭരണകൂടം വീഴ്‌ച്ച വരുത്തി എന്ന് മാത്രമല്ല, റോസ്റ്റോവ് ഓൺ ഡോൺ നിവാസികൾ വാഗ്നാർ സൈന്യത്തിന് നൽകിയത് ഊഷ്മളമായ വരവേൽപായിരുന്നു താനും.

അതിനിടയിൽ, താൻ പ്രിഗോഷിനുമായി സംസാരിച്ചിരുന്നതായി ചെചൻ നേതാവ് കാഡ്രേ്യാവ് വെളിപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളും വാണിജ്യ താൽപ്പര്യങ്ങളും തമ്മിൽ കൂട്ടികലർത്തരുതെന്ന് താൻ പറഞ്ഞതായും അത് പ്രിഗോഷിൻ കേട്ടതായും കാഡ്രേ്യാവ് അവകാശപ്പെടുന്നു. എന്നാൽ, പ്രിഗോഷിന്റെ ഉള്ളിലെ കോപം ശമിച്ചിട്ടില്ലെന്നും അയാൾ സൂചിപ്പിച്ചു.ഈ പിന്മാറ്റം വാഗ്നർ സൈന്യത്തിന്റെ അവസാനമായി കണക്കാക്കാൻ ആകില്ലെന്നും നിരീക്ഷകർ കരുതുന്നു. അതായത് റഷ്യയിൽ ഒന്നും അവസാനിച്ചിട്ടില്ലെന്ന് ചുരുക്കം.

ഇപ്പോൾ പുടിനെക്കോൾ ഹീറോയായി മാറിയത് പ്രിഗോഷിനാണ്. മോസ്‌ക്കോ പിടിച്ചെടുക്കാനായി അയാൾ നടത്തിയ നീക്കങ്ങളുടെ ടെസ്റ്റ് ഡോസ് ആയി സൈനിക നീക്കത്തെ വിലയിരുത്തുന്നവരുമുണ്ട്. പ്രിഗോഷിന്റെയും നോട്ടം ആത്യന്തികമായി പ്രസിഡന്റിന്റെ കേസരയിലേക്കാണ്. ഇനിയുള്ള ദിനങ്ങളിൽ റഷ്യൽ നടക്കാൻ പോവുന്നത് പുടിൻ- പ്രിഗോഷിൻ പോരാട്ടം തന്നെയാവും എന്ന് ഉറപ്പാണ്. ഇപ്പോഴുള്ള വെടി നിർത്തൽ താൽക്കാലികവും.

വാൽക്കഷ്ണം: സത്യത്തിൽ ലോകത്തിലെ പല ഭരണാധികാരികൾക്കും മാതൃകയാവേണ്ടതാണ് ഇപ്പോൾ പുടിന് കിട്ടിയ അടി. ക്രിമിനൽ സംഘങ്ങളെ പാലൂട്ടി വളർത്തിയാൽ, ഒരു ഘട്ടം കഴിഞ്ഞാൽ അത് തിരിഞ്ഞുകൊത്തുമെന്ന് ചരിത്രത്തിൽ പല തവണ ആവർത്തിക്കപ്പെട്ടതാണേല്ലോ.