- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒൻപത് മാസങ്ങൾക്കിടയിൽ ഒരു ലക്ഷത്തോളം ബംഗാളി സ്ത്രീകളെ റേപ്പ് ചെയ്ത പാക് പട്ടാളം; പത്തുമുതൽ 80 വയസ്സുകാരികളെവരെ മാനഭംഗപ്പെടുത്തിയ സോവിയറ്റ് ചെമ്പട; പട്ടാളത്തിനായി റേപ്പ് ഫാക്ടറി ഒരുക്കിയ ജപ്പാൻ; ലൈവ് റേപ്പ് നടത്തിയ ശാസ്ത്രീയ പഠനം നടത്തിച്ച ഹിറ്റ്ലർ; യൂക്രൈനിന്റെ കണ്ണീർ ഒറ്റപ്പെട്ടതല്ല; ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ!
'ബുച്ചയിലെ ഒരു വീടിന്റെ ബേസ്മെന്റിൽ 14-നും 24-നുമിടയിൽ പ്രായമുള്ള 25-ഓളം പെൺകുട്ടികളും സ്ത്രീകളുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഒമ്പത് ഗർഭിണികളും അക്കൂട്ടത്തിലുണ്ടായിരുന്നു. 'യുക്രേനിയൻ കുട്ടികൾ ഉണ്ടാകാതിരിക്കാൻ
, ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാകാത്ത വിധം നിങ്ങളെ റേപ്പ് ചെയ്യുമെന്ന്' ഈ ക്രൂരതയ്ക്കിടയിലും പട്ടാളക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു''- റഷ്യൻ സൈന്യം നക്കിത്തുടച്ചുപോയ യെൈുക്രനിലെ ബുച്ചയിൽനിന്നൊക്കെ നിന്ന് പുറത്തുവരുന്നതുകൊലയുടെ മാത്രമല്ല, ബലാത്സഗത്തിന്റെ കുടി ക്രൂരമായ കഥകളാണ്.
യുക്രൈൻ യുദ്ധത്തിന് ഒരു വർഷം പിന്നിടുമ്പോൾ എവിടെയും കേൾക്കാനുള്ളത് നാശത്തിന്റെ കഥകൾ മാത്രമാണ്. പക്ഷേ ഏത് യുദ്ധത്തിലെയും പോലെ ഇവിടെയും ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് സ്ത്രീകളാണ്. കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളെ റഷ്യൻ സൈന്യം വ്യാപകമായി റേപ്പ് ചെയ്യുന്നുണ്ടെന്ന് യുക്രൈൻ മാത്രമല്ല, നിരവധി അന്താരാഷ്ട്ര സംഘടനകളും ആരോപിച്ചിട്ടുണ്ട്. എന്നിട്ടും വ്ളാദിമിർ പുടിൻ എന്ന സൈക്കോ ഭരണാധികാരിക്ക് യാതൊരു കുലുക്കവുമില്ല. മാത്രമല്ല, കോണ്ടവും, വയാഗ്രയും കൊടുത്തുവിട്ടാണ് റഷ്യ പട്ടാളക്കാരെ യുക്രൈനിലേക്ക് അയക്കുന്നത് എന്നും ആരോപമുണ്ട്. നേരത്തെ സുന്ദരികളായ യുക്രൈൻ സ്ത്രീകളെ ബലാത്സഗം ചെയ്യാൻ ഭർത്താവിന് അനുമതി നൽകുന്ന ഒരു റഷ്യൻ പട്ടാളക്കാരന്റെ ഭാര്യയുടെ വീഡിയോയും വൈറലായിരുന്നു. നോക്കുക, തോക്കോ, ഗ്രനേഡോ ഉപയോഗിക്കുന്നതുപോലെ യുദ്ധത്തിൽ സാധാരണമായ ഒരു കാര്യമായാണ് ആ സ്ത്രീപോലും ബലാത്സഗത്തെ കാണുന്നത്!
യുദ്ധത്തെക്കുറിച്ച് പഠിച്ച സാമൂഹ്യ മനഃശാസ്ത്രജ്ഞർ പറഞ്ഞതിൽ കാര്യമുണ്ട്. ബലാത്സംഗം അതു ചെയ്യപ്പെടുന്ന സ്ഥലത്തെ പുരുഷന്മാർക്കും രാജ്യത്തിനും ഒരുതരം ഷെയിം കോംപ്ലക്‌സ് അല്ലെങ്കിൽ ഹോണർ കോംപ്ലക്‌സ് ഉണ്ടാക്കും എന്നാണ്. ഇത് ഇരകളെ മാനസികമായി തളർത്താനും യുദ്ധത്തിൽ പരാജയപ്പെടുത്താനും ഉപകരിക്കും. സത്യത്തിൽ അതി നികൃഷ്ടമായ ഒരു യുദ്ധ യന്ത്രമാണിത്.
ചരിത്രത്തിൽ കൂട്ടക്കൊലകൾ വ്യാപകമായി നടന്ന അർമേനിയ, ബംഗ്ലാദേശ്, ബോസ്‌നിയ, ഇറാക്ക്, റുവാണ്ട, കോംഗോ, ബറുണ്ടി, ശ്രീലങ്ക, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നു കേൾക്കുന്ന കഥകൾ ഏറെയും ബലാത്സഗങ്ങളുടെതാണ്. വളാദിമിർ പുടിന്റെ സൈന്യം മാത്രമല്ല, നാം മഹത്തായ ചെമ്പട സാക്ഷാൽ ജോസഫ് സ്റ്റാലിന്റെ സൈന്യവും ഇതുപോലെ കൊള്ളയും, കൊലയും, ബലാത്സഗവും നടത്തിയിട്ടുണ്ടന്നാണ് ചരിത്രം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ ഒരു കോടിയോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. 20 ലക്ഷം പേർ അബോർഷനു വിധേയമായിട്ടുള്ളതായും പറയുന്നു. ആയിരക്കണക്കിന് ആർക്കും വേണ്ടാത്ത യുദ്ധക്കുട്ടികളും ഉണ്ടായി! ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ അതിഭീകരമാണ്.
റഷ്യൻ ചെമ്പടയുടെ ക്രുരത
ഇന്ന് നമ്മൾ പുടിന്റെ സൈന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്നു. പക്ഷേ ഹിറ്റ്ലറെ പ്രതിരോധിച്ചതിലൂടെ ലോക പ്രശസ്തമായ സോവിയറ്റ് ചെമ്പട അഴിച്ചുവിട്ട ക്രൂരതകൾ നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. ചെമ്പട ബർലിനിലും വാഴ്സയിലും മറ്റും കീഴടക്കിയ പ്രദേശത്ത് ചെയ്തുകൂട്ടിയ കിരാതത്വത്തിനു പലപ്പോഴും ലോകം വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടില്ല.
സൈന്യ ചരിത്രകാരനായ ആന്റണി ബീവറിന്റെ റിപ്പോർട്ടുകളെക്കുറിച്ച് ഡാനിയൽ ജോൺസൺ 'ടെലഗ്രാഫ്' പത്രത്തിൽ എഴുതിയത് ഇങ്ങനെ: സോവിയറ്റ് ഭടന്മാർ റഷ്യൻ- പോളിഷ് പെൺകുട്ടികളെ രക്ഷിക്കേണ്ടതിനു പകരം ആസൂത്രിതമായി ലൈംഗിക അടിമകളാക്കുകായണ് ചെയ്തത്. ബർലിൻ പിടിച്ചടക്കാനുള്ള യുദ്ധത്തിൽ മൂന്നു ലക്ഷം സോവിയറ്റ് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം ജർമ്മനിയുടെ പത്തുലക്ഷം ഭടന്മാർക്കും ജീവഹാനി ഉണ്ടായി.
ഈ പോരാട്ടത്തിനിടയിലാണ് റഷ്യക്കാരുടെ ക്രൂര ബലാത്സംഗങ്ങൾ ഉണ്ടായത്. റഷ്യക്കാരുടെ സഖ്യരാഷ്ട്രങ്ങളായ ഹംഗറി, റൊമാനിയ, ക്രൊയേഷ്യ എന്നിവിടങ്ങളിലൊക്കെ ഇതു നടന്നു. അതേസമയം യുഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റു നേതാവ് മിലോവൻ ജിലാസ് ഇതിനെ എതിർത്തു. അതിന് സോവിയറ്റ് യൂണിയന്റെ പരമാധികാരിയും ഫാസിസ്റ്റു വിരുദ്ധ മുന്നണിയുടെ മുന്നണിപ്പോരാളിയുമായ സ്റ്റാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.''ചോരയും മരണവും താണ്ടി പതിനായിരക്കണക്കിനു പട്ടാളക്കാർ ദുരിതയാത്ര ചെയ്യുമ്പോൾ അവർക്ക് എന്തെങ്കിലും തമാശ വേണ്ടേ. ഈ ബലാത്സംഗവാർത്തകൾ, അത്രയേ ഉള്ളൂ.''- സ്്റ്റാലിനെ സംബന്ധിച്ച് അത് പട്ടാളം ഒപ്പിക്കുന്ന വെറും കുസൃതി മാത്രം.
1944-ൽ ചെമ്പട ഈസ്റ്റ് പ്രഷ്യ, സിൽസിയ എന്നിവിടങ്ങളിൽ എത്തിയപ്പോൾ യുദ്ധങ്ങൾക്ക് മുൻപുതന്നെ ഗ്രാമങ്ങളിൽ സ്ത്രീകളെ തേടിയിറങ്ങുകയായിരുന്നു. എതിർത്ത ജർമ്മൻകാർ പേപ്പട്ടികളെപ്പോലെ കൊല്ലപ്പെട്ടു. ആദ്യം പേടി രൂപപ്പെടുത്തുകയായിരുന്നു സോവിയറ്റ് പട്ടാളം. പത്തുവയസ്സു മുതൽ 80 വയസ്സുകാരികളെ വരെ ബയണറ്റിന്റെ സാക്ഷിയാക്കി ബലാത്സംഗം ചെയ്തു. പിന്നീട് എല്ലാവരേയും കൊന്നു കൂട്ടമായി കുഴിച്ചുമൂടുകയായിരുന്നു.
നൊബേൽ സമ്മാനം നേടിയ റഷ്യൻ നോവലിസ്റ്റ് അലക്‌സാണ്ടർ സോൾഷെനിത്സൻ അന്നു പട്ടാളത്തിൽ ഉണ്ടായിരുന്നു. ഈ ക്രൂരതയെ അദ്ദേഹം കവിതകളിൽ അവതരിപ്പിക്കുന്നുണ്ട്. എല്ലാവരും സോൾഷെനിത്സനെപ്പോലെയായിരുന്നില്ല. അന്നത്തെ സോവിയറ്റ് കമാൻഡർ മാർഷൽ സൂക്കോവ് പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. കൊലയാളികളുടെ ഈ മണ്ണിൽ നാം എല്ലാത്തരത്തിലുള്ള പ്രതികാരവും ഞങ്ങൾ ചെയ്യും.
'എ വുമൺ ഇൻ ബർലിൻ' എന്ന കൃതി അക്കാലത്തെ അവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. എഴുത്തുകാരി ആരെന്നറിയാത്ത ആ കൃതി ലോകത്തിനു മുന്നിൽ നടുക്കം ഉണ്ടാക്കി. 1945 ഏപ്രിൽ 20-ാം തീയതി മുതൽ ജൂൺ 22-ാം തീയതി വരെ, ബർലിൻ കീഴടക്കിയ റഷ്യൻ പട്ടാളക്കാരുടെ തടങ്കലിൽപ്പെട്ട ഒരു സ്ത്രീ എഴുതിയ ഡയറിക്കുറിപ്പുകൾ. ജർമ്മനിയിൽ തുടക്കത്തിൽ അതു പ്രസിദ്ധീകരിക്കാൻ അനുമതി ലഭിച്ചില്ലെങ്കിലും ലോകത്ത് മിക്ക ഭാഷകളിലും അതു പ്രസിദ്ധീകരിച്ചു.
ഈ പുസ്തകം ജർമ്മനിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് അന്നത്തെ ഭരണകൂടം പറഞ്ഞത്. അത്രമാത്രം ഭീകരമായിരുന്നു സ്ത്രീകളോടുള്ള റഷ്യൻ പട്ടാളക്കാരുടെ സമീപനം. പ്രശസ്ത ജർമ്മൻ പത്രപ്രവർത്തക മാർത്താ ഹില്ലേഴ്സ് ആണ് ഈ പുസ്തകം എഴുതിയതെന്ന് പിന്നീട് വാർത്തകൾ വന്നു. ഇതും സ്ഥിരീകരിച്ചിട്ടില്ല.
റേപ്പിനെ പഠന വിഷയമാക്കിയ ഹിറ്റ്ലർ
ക്രൂരതകൾക്ക് പേരുകേട്ട ഹിറ്റലാറവട്ടെ ബലാത്സങ്ങളെപ്പോലും പഠന വിഷയമാക്കുയായിരുന്നു. കോൺസൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയ യഹൂദവനിതകളെ ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾക്ക് വിധേയമാക്കി. ഇതിനായി ക്രൂരന്മാരായ ഡോക്ടറുടെ ഒരു സംഘത്തെത്തന്നെ നിയോഗിച്ചു. തടവുകാരായ വനിതകളെ അവരുടെ പ്രായത്തിൽ തരം തിരിച്ചു തടവുകാരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. അതുകഴിഞ്ഞ ഉടനെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ രഹസ്യാവയവങ്ങളിൽ എന്തു മാറ്റം ഉണ്ടാകുന്നു എന്നു പരിശോധിക്കുകയായിരുന്നു! ഡോ. ജോസഫ് മെംഗലിനെപ്പോലുള്ള ക്രൂരനായ നാസി ഡോക്ടർ ഹെർമൻ സ്റ്റീവ് (1886-1952) ആയിരുന്നു ഇതിനു നേതൃത്വം നൽകിയത്.
യഹൂദ, ജിപ്‌സി വനിതകളെ അതിനായി സ്ഥിരമായി ജയിൽ കാവൽക്കാരെക്കൊണ്ടും പീഡിപ്പിച്ചു. ഇതേക്കുറിച്ച് അദ്ദേഹം വലിയ പ്രബന്ധവും തയ്യാറാക്കി. ബലാത്സംഗസമയത്ത് ഇരകളുടെ ശരീരത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, ഹൃദയസ്പന്ദന നിരക്ക്, മുഖത്തെ ഭാവമാറ്റങ്ങൾ, പുരുഷന്റെ ശാരീരിക മാറ്റങ്ങൾ ഒക്കെ അളന്നെടുക്കപ്പെട്ടിരുന്നു. അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി പറയുന്നു.നാസികളുടെ ക്രൂരകൃത്യങ്ങൾ ലോകമെമ്പാടും ചർച്ചയായിരുന്നു. പലതും യുദ്ധവിരാമത്തിനു ശേഷമാണ് ലോകം അറിഞ്ഞത്.
പക്ഷേ, രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ന്യൂറംബർഗ് വിചാരണയിൽ ഒറ്റ ബലാത്സംഗക്കേസു പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് വസ്തുത. യുദ്ധക്കുറ്റങ്ങളുടെ ഒരു ഭാഗമായി മാത്രമാണ് ഇത്തരം സ്ത്രീവേട്ടയെ കണ്ടത്. ജർമ്മൻ സൈന്യത്തിന്റെ അതിക്രമങ്ങളുടെ കഥ ഒരുപാട വന്നതിനാൽ കുടുതൽ എഴുതുന്നില്ല.
ജാപ്പ് പട്ടാളത്തിന്റെ റേപ്പ് ഫാക്ടറി
ലോകത്തിലെ ഏറ്റവും വലിയ സ്ത്രീലമ്പടന്മാർ എന്ന പേരിൽ കുപ്രസിദ്ധാരായവർ ജപ്പാൻ പട്ടാളം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്തും അതിനു തൊട്ടു മുൻപും ജപ്പാന്റെ ഇംപീരിയൽ ആർമി ശത്രുരാജ്യങ്ങളിലെ സ്ത്രീകളോട് കാണിച്ച ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്.
തങ്ങൾ പിടിച്ചെടുത്ത പ്രദേശത്ത് വളരെ ആസൂത്രിതമായി 'ബലാത്സംഗ ഫാക്ടറി' ജാപ്പ് പട്ടാളം രൂപപ്പെടുത്തിയിരുന്നു. ജാപ്പനീസ് സൈന്യം, കൊറിയ, ഫിലിപ്പീൻസ്, വിയറ്റ്നാം, ചൈന, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകളെ പിടിച്ച് ഈ നിർബന്ധിത വേശ്യാലയങ്ങളിലേക്ക് അയച്ചു. കംഫർട്ട് വുമൺ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ, യുദ്ധകാല ബലാത്സംഗം കുറയ്ക്കുന്നതിന് സൈനികർക്ക് ലൈംഗികബന്ധം നൽകുന്നതിനാണ് വേശ്യാലയങ്ങൾ സ്ഥാപിച്ചത്. അതുവഴി ലൈംഗികരോഗങ്ങൾ കുറക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. പക്ഷേ കംഫർട്ട് സ്റ്റേഷനുകൾ ലൈംഗികരോഗങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കയാണ് ചെയ്തത്. ജോലിക്കാണെന്ന് പറഞ്ഞ് ജാപ്പ് അധിനിവേശ പ്രദേശങ്ങളിൽനിന്ന് സ്ത്രീകളെ റിക്രൂട്ട് ചെയ്ത് വേശ്യാലയങ്ങളിൽ എത്തിക്കുന്ന രീതിയും ഉണ്ടായിരുന്നു.
വളരെ ആസൂത്രിതമായി സൈന്യത്തിനുവേണ്ടി നടപ്പാക്കിയ ലൈംഗിക മെനുവായിരുന്നു ഈ ഫാക്ടറികളിൽ ഉണ്ടായിരുന്നത്. 'മിലിട്രി സെക്ഷ്വൽ സ്ലേവ് ഇൻ വാർ ടൈം' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ രാധിക കുമാരസ്വാമി എഴുതിയത് അങ്ങനെയാണ്. 1932-ൽ ചൈനയിലെ ഷങ്ഹായിയിലാണ് ആദ്യ 'കംഫേർട്ട് വുമൺ' സങ്കേതം ഉണ്ടായത്. അന്നത്തെ ഇംപീരിയൽ ആർമിയുടെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഒകാമുറയാഷുജി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഏഷ്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പട്ടാളക്കാരുടെ കാമദാഹം തീർക്കാൻ പെൺകുട്ടികളെ നിറച്ച കപ്പലുകൾ ഇന്ത്യൻ സമുദ്രത്തിലുടെ യാത്ര ചെയ്തു.
കപ്പലിൽ കുട്ടികൾ മാറിമാറി ബലാത്സംഗം ചെയ്യപ്പെട്ടു. എതിർത്താൽ കടലിലെറിയുമെന്ന ഭീതികാരണം ആരും മിണ്ടിയില്ല. എതിർത്തവരെ കടലിലെ സ്രാവുകൾക്ക് ആഹാരമാക്കി. ഹോങ്കോങ്, കൊറിയ, സിംഗപ്പൂർ, ലൈബീരിയ, തായ്ലന്റ്, ജപ്പാൻ ദ്വീപ് സമൂഹങ്ങൾ ഇവിടെയൊക്കെ ഇംപീരിയൽ സേന ഇത്തരം ക്യാമ്പുകൾ ഒരുക്കി. രോഗം ബാധിച്ചവരേയും ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്നവരേയും അവർ നിഷ്‌ക്കരുണം വെടിവെച്ചു കൊന്നു. ഇത്തരം കേന്ദ്രങ്ങൾ പിന്നീട് വേശ്യാലയമാക്കി പട്ടാളം മാറ്റി. പൊതുജനങ്ങൾക്കും പ്രവേശനം നൽകി. അവരിൽനിന്നു പണവും പിരിച്ചു.
അന്നത്തെ 'കംഫർട്ട് വുമൺ' ആയ സ്ത്രീകൾ പിന്നീട് വർഷങ്ങൾക്കുശേഷം സത്യം വിളിച്ചു പറഞ്ഞുകൊണ്ടു പൊതുമധ്യത്തിൽ എത്തിയിട്ടുണ്ട്. 2005-ൽ തെക്കൻ കൊറിയയിലെ സിയോളിൽ 80-കാരിയായ കൊറിയൻ സ്ത്രീ ജിൽ വോൺക് 1997-ൽ വിറയലോടെ ഇക്കാര്യം തുറന്നു പറഞ്ഞത് 'ഐറിഷ് ടൈംസ്' പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 18-കാരിയായ അവരെ ജപ്പാൻ പട്ടാളം പട്ടാപ്പകൽ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. 12 പേരാണ് ഒറ്റ ദിവസം അവരെ ബലാത്സംഗം ചെയ്തത്. മരിക്കണമെന്നു തോന്നി. തന്റെ കൂട്ടുകാരിയായ ലീകിസണിനും ഇതേ അനുഭവമായിരുന്നു. കാലിൽ ചങ്ങലയിട്ടിരുന്നു. കക്കൂസിൽപ്പോലും പോകാൻ പറ്റാത്ത അവസ്ഥ. അവർക്ക് അടിവയർ മാത്രം മതി. വിതുമ്പിക്കൊണ്ടു അവർ പറഞ്ഞിരുന്നു.
ആറാഴ്ച കൊണ്ട് കാൽ ലക്ഷം റേപ്പ്!
ചൈനക്കാരിയായ ഗുവോക്‌സിക്യൂവ് ജാപ്പ് പട്ടാളത്തിന്റെ ക്രരതകൾ വിളിച്ചു പറഞ്ഞതും അന്താരാഷ്ട്ര മാധ്യമങ്ങളിൽ തലക്കെട്ടായി. 'എന്നെ പിടിച്ചുകൊണ്ടു പോയത് ഏഴു പേരായിരുന്നു. ഏഴു പേരും അവരെ ആക്രമിച്ചു. പറയാൻ പറ്റാത്ത പീഡനമായിരുന്നു പിന്നീട് നടന്നത്. ക്രൂരതയിലാണ് അവർ രതിരസം കണ്ടെത്തിയത്. അവർക്ക് മനസ്സില്ലാത്ത മാംസം മാത്രമായിരുന്നു ഞങ്ങൾ. ഒടിച്ചും മടക്കിയും ആവശ്യത്തിന് ഉപയോഗിക്കുന്ന മാംസം മാത്രം.'' ഗുവോക്‌സിക്യൂവ് ഒരു അഭിമുഖത്തിൽ പറയുന്നു.
1937-ൽ ജപ്പാനിലെ 'ഇംപിരീയൽ ആർമി'ക്ക് മുൻപിൽ ചൈനയിലെ നാൻജിങ് എന്ന പ്രദേശം കീഴടങ്ങിയപ്പോൾ അവിടെ പട്ടാളം കാട്ടിയത് കിരാതമായ ലൈംഗിക പീഡനങ്ങൾ തന്നെയായിരുന്നു. വെറും ആറാഴ്ച നടന്ന യുദ്ധത്തിൽ മൂന്നു ലക്ഷം പേർ കൊല്ലപ്പെട്ടു. കീഴടക്കുക എന്നാൽ കൊല്ലുക എന്നുതന്നെയാണ് ജപ്പാന്റെ ക്രൂരത. കാൽലക്ഷം പേരാണ് ബലാത്സംഗത്തിനിരയായത് ആറാഴ്ച കൊണ്ടാണെന്നോർക്കണം. ആവശ്യം കഴിഞ്ഞ എല്ലാവരേയും അവർ വേശ്യാലയത്തിനു കൊടുത്തു. ജപ്പാൻകാർ ഇത്തരം സ്ത്രീകളെ വിളിച്ചിരുന്നത് പബ്ലിക് ടോയ്ലറ്റ് എന്നാണ്. കീഴടക്കപ്പെട്ട സ്ഥലങ്ങളിൽ നിരവധി ശവക്കുഴികൾ പിന്നീട് കണ്ടെടുത്തു. 30,000 പേരെ കുഴിച്ചിട്ടതായിരുന്നു കണ്ടെത്തിയ ഏറ്റവും വലിയ ശവക്കുഴി. ജിയാംഗ് ഡോംഗ്മെൻ എന്ന സ്ഥലത്ത് ഈ അധിനിവേശ കൂട്ടക്കൊലയുടെ സ്മാരകം ഇന്നും അവിടെയുണ്ട്. സംഭവത്തിൽ ജപ്പാൻ പിന്നീട് ചൈനയോട് മാപ്പു പറഞ്ഞിരുന്നു.
നാൻജിങ് കൂട്ടക്കൊലയേയും ബലാത്സംഗത്തിന്റേയും അന്വേഷണ റിപ്പോർട്ടുകൾ ആധുനിക സമൂഹത്തെ പേടിപ്പിക്കുന്നതാണ്. ബന്ധുക്കളുടെ മുന്നിൽവെച്ച് വെട്ടിയെടുത്ത ചൈനക്കാരുടെ തലകൾ പട്ടികളെക്കൊണ്ട് തീറ്റിക്കുക, അച്ഛനെക്കൊണ്ട് മകളെ ബലാത്സംഗം ചെയ്യിക്കുക, മൃഗങ്ങളെക്കൊണ്ടു ലൈംഗിക കേളിയിലേർപ്പെടുത്തുക, ചെറിയ സമയത്തിനുള്ളിൽ എത്രപേരെ കൊല്ലാമെന്നു മത്സരം നടത്തുക തുടങ്ങിയ മൃഗീയതകൾക്ക് കണക്കില്ലായിരുന്നു. പിൽക്കാലത്ത് അഗോള തലത്തിൽ തന്നെ ഇത്തരം ഈ വിഷയത്തിൽ ജപ്പാന് തലകുനിക്കേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ അവർക്ക് മാപ്പുറയേണ്ടിയും വന്നു.
എയ്ഡ്സ് പടർന്ന കോംഗോ
ജാപ്പ് പാട്ടാളം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്ത്രീവേട്ട നടന്നത് കോംഗോയിലാണ്. പത്തു വർഷം നീണ്ടുനിന്ന കോംഗോ വംശീയ യുദ്ധത്തിന്റെ ബാക്കിപത്രം 40 ലക്ഷം പേരുടെ മരണമായിരുന്നു. ഒരു വയസ്സുള്ള കുട്ടി വരെ കൂട്ടമാനഭംഗത്തിനിരയായി. ഇരയിൽ കാമദാഹം തീർത്തതുകൊണ്ടുമാത്രം തീരുന്നില്ല ശത്രുക്കളുടെ പക. അവരുടെ രഹസ്യഭാഗങ്ങൾ തകർത്തുകളയുകയോ പിന്നീട് കൊല്ലുകയോ ചെയ്യുന്നു.
1996-ൽ കോംഗോയിൽ അഭയാർത്ഥിയായി എത്തപ്പെട്ട റുവാണ്ടൻ തുത്സി വംശജയായ 70കാരി ലോകത്തോട് ഈ പീഡനങ്ങൾ വിളിച്ചു പറഞ്ഞു. റുവാണ്ടയിൽ ചുരുങ്ങിയ മാസങ്ങൾകൊണ്ട് എട്ട് ലക്ഷം പേരുടെ മരണത്തിനിരയാക്കിയ ഹുടു-തുത്സി വംശപ്പോരിന്റെ ഇരയായിരുന്നു അവർ. ഭർത്താവിനേയും അഞ്ചു ആൺമക്കളേയും മൂന്നു പെൺമക്കളേയും കലാപകാരികൾ വെട്ടിക്കൊന്നു. ആ വൃദ്ധയെ അവർ ആർപ്പുവിളിയോടെ പിടിച്ചുകൊണ്ടുപോയി. ആടിനെ അറക്കാനെന്നപോലെ കാട്ടിന്റെ മറവിൽ കെട്ടിയിട്ടു. പട്ടാളക്കാർ ഉൾപ്പെടെ 15 പേരാണ് അവരെ ബലാത്സംഗം ചെയ്തത്. എന്നിട്ടും വംശീയ അരിശം തീരാതെ അവരുടെ തകർന്ന യോനിയിൽ മരക്കഷണം കുത്തിക്കയറ്റി. അവരുടെ പെൺമക്കളേയും കൂട്ടബലാത്സംഗത്തിനു ശേഷമാണ് കൊന്നത്. എല്ലാ കൊടിയ ദുരന്തങ്ങൾക്കും സാക്ഷിയായി അവർ ഇന്നും ജീവിക്കുന്നു.
'ഹ്യൂമൻ റൈറ്റ് വാച്ചി'ലെ സ്പെഷലിസ്റ്റ് ആയ അനിക്വാൻ വുഡൻ ബർക് എന്ന കോംഗോ ഡോക്ടർ ഒരിക്കൽ എഴുതി. 30 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗത്തിനു ശേഷം രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചു. രണ്ടു ചുണ്ടുകളും കത്തികൊണ്ടു മുറിച്ചെടുത്തു. കർണപടം അടിച്ചുതകർത്തു. ഇതുകാരണം അക്രമികൾ കേസിൽനിന്നു രക്ഷപ്പെട്ടു. കണ്ണും കാതുമില്ലാത്ത സംസാരിക്കാൻ കഴിയാത്ത അവരുടെ വാദഗതികൾക്ക് കോടതിയിൽ വിലയില്ലാതായി.
ബലാത്സംഗത്തിനുശേഷം അക്രമികൾ സ്ത്രീകളുടെ ലൈംഗികാവയവങ്ങൾ കല്ലും പൊട്ടിച്ച കുപ്പികളും കുന്തങ്ങളും തോക്കുകളും കൊണ്ട് നിർദ്ദാക്ഷിണ്യം പിളർക്കുന്നു. ഇരകളുടെ നിലവിളിയിൽ അവർ പ്രാകൃത പരപീഡന രതിസുഖം അനുഭവിക്കുന്നു. രാജ്യസ്‌നേഹവും വിപ്ലവവും മോചനവും കാണുന്നു. കോംഗോവിൽ ബലാത്സംഗം ബുള്ളറ്റിനെക്കാൾ വിലകുറഞ്ഞ ഒന്നായി മാറുന്നു. കോംഗോ പടയാളികളിൽ 61 ശതമാനം പേരും എച്ച്.ഐ.വി ബാധിതരായിരുന്നു. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനിരയായ 30 ശതമാനം സ്ത്രീകളും എച്ച്.ഐ.വി. ബാധിതരായി. കുട്ടികളുടെ സ്ഥിതിയാണ് ദയനീയം. പത്തു വയസ്സുള്ള കുട്ടികൾ വരെ ക്രൂരതയ്ക്കിരയായി.
'വാർചൈൽഡ് യു.കെ' എന്ന എൻ.ജി.ഒയുടെ എക്‌സിക്യൂട്ടീവ് അംഗം റോബ് വില്യംസ് ഒരിക്കൽ എഴുതി. ''കോംഗോവിൽ ക്രൂരത കാട്ടുന്ന പട്ടാളക്കാരിൽ അല്ലെങ്കിൽ കലാപകാരികളായ പുരുഷന്മാരിൽ പലരും നിയമത്തെ ഭയന്നുമാത്രം കുറ്റകൃത്യങ്ങളിൽനിന്നു മാറിനിൽക്കുന്നവർ ആയിരുന്നു. എല്ലാ നിയമവും പൊലീസും സ്വതന്ത്രമായ അല്ലെങ്കിൽ സഹായകരമായ ഒരു വനാന്തരീക്ഷത്തിൽ അത്തരം മനുഷ്യനിലെ അല്ലെങ്കിൽ പുരുഷനിലെ കാട്ടുമൃഗം ഉണരും. അതാണ് കോംഗോയിൽ പല സ്ഥലത്തും കണ്ടത്.''-അദ്ദേഹം പറയുന്നു.
അവർ ബലാത്സംഗക്കുട്ടികൾ
കോംഗോ ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത സ്ത്രീകൾ പലപ്പോഴും രാത്രികാലങ്ങളിൽ കാട്ടിൽത്തന്നെ ഒളിക്കുകയാണ് പതിവ്. മിനോവ പട്ടണത്തിലെ കാടുകളിൽ ഒളിച്ചവരെ തേടി 2,000-ത്തോളം പട്ടാളക്കാരാണ് വിവിധ ഭാഗങ്ങളിൽ എത്തിയത്. ലക്ഷ്യം സ്ത്രീകൾ മാത്രമായിരുന്നു. പട്ടാള കമാൻഡർ അവർക്ക് നിർദ്ദേശം നൽകി: ''പോകൂ, പോയി ബലാത്സംഗം ചെയ്യൂ, ഒന്നിനേയും വെറുതെ വിടരുത്. 2012-ൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്നാട്ടുകാരിയായ നഗീറ എന്ന പെൺകുട്ടി അഭയാർത്ഥി ക്യാമ്പിൽ വിവരിക്കുന്നുണ്ട്. മൂന്നു പട്ടാളക്കാർ ഒന്നിച്ചായിരുന്നു അവളെ പീഡിപ്പിച്ചത്. രണ്ടുപേർ മുന്നിൽനിന്നും ഒരാൾ പിന്നിൽനിന്നും. അതു പോലെ മാസ്തിക എന്ന ഒരു കുട്ടിയെ ആദ്യം അവളുടെ സ്‌കൂൾ അദ്ധ്യാപകൻ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് വർഷങ്ങൾക്കു ശേഷം അവരുടെ ഭർത്താവിനെ പട്ടാളം അവൾ കാൺകെ വെടിവെച്ചു കൊന്നു. അവളെ അവിടെ വെച്ചുതന്നെ പീഡിപ്പിച്ചു. രണ്ടു ചെറിയ പെൺമക്കളായിരുന്നു മാസ്തികയ്ക്ക്. അവരേയും അതുപോലെ പട്ടാളക്കാർ പീഡിപ്പിച്ചു. ഇപ്പോൾ മാനഭംഗത്തിനിരയായവരെ സഹായിക്കുന്ന സംഘടനയിലെ അംഗമാണവൾ. അതുകൊണ്ടുതന്നെ മൂന്നുതവണ വീണ്ടും പട്ടാളക്കാർക്ക് വിധേയമാകേണ്ടിവന്നു.
കോംഗോവിലെ മിനോസയിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ 'പബ്ലിക് ഹെൽത്തി'ൽ ഇങ്ങനെ പറയുന്നുണ്ട്. 2015-ലെ കണക്ക് പ്രകാരം ദിവസം 1500 പേർ ബലാത്സംഗത്തിനിരയാവുന്നു. 20 കൊല്ലം കൊണ്ട് ഇവിടെ മരിച്ചുവീണ 40 ലക്ഷം പേരിൽ 12 ശതമാനം പെൺകുട്ടികൾ ബലാത്സംഗത്തിനു വിധേയമായി. അതിന്റെ കണക്കുകൾ എത്രയോ വലുതാണെന്നു കാണാം. കൂട്ടബലാത്സംഗങ്ങളുടെ ഭീകരത അന്താരാഷ്ട്ര തലത്തിൽ ഇടം പിടിച്ചത് റുവാണ്ടയെ സംബന്ധിച്ച കണക്കുകളാണ്. രണ്ടര ലക്ഷം തുത്സി വനിതകളാണ് ഇവിടെ പീഡനത്തിനിരയായത്. ഇതിൽ 30 ശതമാനത്തോളം കൊല്ലപ്പെട്ടു.
റുവാണ്ടൻ വംശശുദ്ധീകരണത്തിന്റെ ഭാഗമായി നടന്ന ബലാത്സംഗത്തിൽ ഒരുപാട് സ്ത്രീകൾ ഗർഭിണികളാക്കപ്പെട്ടു. തുത്സി- ഹുടു ഗ്രോത്രക്കാരാണ് ഇവിടെ ഏറ്റുമുട്ടിയത്. തുത്സി ഗർഭപാത്രങ്ങളിൽ പ്രതിഷേധത്തിന്റേയും വംശ നശീകരണത്തിന്റേയും പ്രതീകമായി ബീജങ്ങൾ നിറയ്ക്കുകയായിരുന്നു കലാപകാരികൾ. ഇതിന്റെ ഭാഗമായി ജനിക്കപ്പെട്ട കുഞ്ഞുങ്ങൾ വെറുക്കപ്പെട്ടവരായി വളർന്നു. റുവാണ്ടയിൽ 2000 മുതൽ 5000 വരെ ഇത്തരം കുട്ടികൾ വളരുന്നു. ഇവർ യുദ്ധക്കുട്ടികൾ എന്നോ ബലാത്സംഗക്കുട്ടികൾ എന്നോ അപമാനിക്കപ്പെട്ട് അറിയപ്പെടുന്നു. മുലപ്പാൽപോലും കിട്ടാതെ അതിദയീനമായിരുന്നു അവരുടെ ജീവിതം.
ബംഗ്ലാദേശ് യുദ്ധത്തിൽ സംഭവിച്ചത്
അതുപോലെ ചോര ഉറയുന്ന സംഭവങ്ങാണ് നമ്മുടെ തൊട്ട് അയൽപക്കമായ ബംഗ്ലാദേശിലും സംഭവിച്ചത്. കിഴക്കൻ ബംഗാളിൽ 1971-ലെ സൈനിക ഇടപെടലിൽ ബംഗാളി സ്ത്രീകളോട് പാക് പട്ടാളം പറഞ്ഞത് 'ഞങ്ങൾ നിങ്ങളെക്കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങളെ പ്രസവിപ്പിക്കും' എന്നാണ്. പാക് പഞ്ചാബാണ് ഉദ്ദേശിച്ചത്.
ലക്ഷക്കണക്കിനു സ്ത്രീകളാണ് ബലാൽക്കാരത്തിന് ഇരകളായത്. മാനഭംഗപ്പെടുത്താൻ അവിടത്തെ പട്ടാളക്കാരോടൊപ്പം അന്നത്തെ പാക് അനുകൂല ജമാഅത്തെ ഇസ്ലാമിക്കാരും പങ്കെടുത്തു. ( ഇന്ന് ഇന്ത്യയിലടക്കം ജമാഅത്തെ ഇസ്ലാമി സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അഭിനയിക്കുന്നു) ഇവർക്കുള്ള ശിക്ഷകൾ വൈകിയെങ്കിലും ഷേക് ഹസീനയുടെ സർക്കാർ നടപ്പാക്കുന്നുണ്ട്.
സൂസൺ ബ്രൗൺ മില്ലർ എഴുതിയ 'എഗെൻസ്റ്റു ഔർ വിൽ മെൻ', 'വുമൺ ആന്റ റേപ്പ്' എന്ന ലേഖനത്തിൽ ബംഗ്ലാദേശ് സർക്കാർ പീഡനത്തിനിരയായ സ്ത്രീകളെ യുദ്ധവീരാംഗനമാർ (വാർഹീറോയിൻസ്) എന്ന രീതിയിൽ കണക്കാക്കിയ കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്നത്തെ പ്രസിഡന്റ മുജീബ് റഹ്മാൻ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം മാനം കൊള്ളയടിക്കപ്പെടേണ്ട ദുരന്തത്തിലായിരുന്നു ഈ സ്ത്രീകൾ. ഇവർ രാജ്യത്തിനുവേണ്ടി മരിച്ച പട്ടാളക്കാരെപ്പോലെ പുരുഷന്മാരെപ്പോലെ, വീര നായികമാരാണ് മുജീബ് റഹ്മാൻ പറഞ്ഞു. ഇവരെ രാജ്യം ബഹുമാനിക്കും. പക്ഷേ, അതൊന്നും സംഭവിച്ചില്ല. അവർ സമൂഹത്തിൽനിന്നും ബഹിഷ്‌കൃതരായി.
പാക് പട്ടാള ഇടപെടലിന്റെ വെറും ഒൻപത് മാസങ്ങൾക്കിടയിൽ ഒരു ലക്ഷത്തോളം സ്ത്രീകളെയാണ് മാനഭംഗം ചെയ്തത്. ആയിരങ്ങൾ ഗർഭിണികളായപ്പോൾ ഇവരെ ഭർത്താക്കന്മാർ സ്വീകരിച്ചില്ല. 'ധീരവനിതകൾ' ആണെന്നു പറഞ്ഞിട്ടും ഭർത്താവിനോ അവരുടെ കുടുംബങ്ങൾക്കോ അവർ സ്വീകാര്യമായിരുന്നില്ല. പലരും ലൈംഗിക രോഗത്തിനടിമകളായി. കാൽലക്ഷം ബലാത്സംഗക്കുട്ടികളാണ് അന്നു ബംഗ്ലാദേശിലുണ്ടായിരുന്നത്. ബംഗാളികളും പഞ്ചാബികളുമായ അമ്മമാർ ആ പാപത്തിന്റേയും പീഡനത്തിന്റേയും അവക്ഷിപ്തം ഏറ്റെടുത്തില്ല. അതുകൊണ്ടുതന്നെ ആശുപത്രികളിലും വീടുകളിലും അനാഥാലയങ്ങളിലും മുലപ്പാൽ കിട്ടാതെ ആ കുഞ്ഞുങ്ങൾ നിലവിളിച്ചു കരഞ്ഞത് വംശഹത്യകളുടെ കറുത്ത നാടകങ്ങളിലെ ഒരേട് കൂടിയാണെന്ന് അന്നത്തെ ബംഗ്ലാദേശ് പത്രങ്ങളിലെ വിദേശ മാധ്യമ റിപ്പോർട്ടുകളിൽ കാണാം. മറ്റൊന്നു മതം മാറ്റമാണ്. സ്വന്തം മതം അവരെ പുറന്തള്ളിയപ്പോൾ ആത്മഹത്യ അല്ലെങ്കിൽ മതം മാറ്റം, ഇതുമാത്രമയിരുന്നു രക്ഷ. ചില ഗ്രാമങ്ങളെ മൊത്തമായി മതം മാറ്റിയ സംഭവവും ഉണ്ടായി.
ലണ്ടൻ ആസ്ഥാനമാക്കിയുള്ള 'ഇന്റർനാഷണൽ അബോർഷൻ റിസർച്ച് ആൻഡ് ട്രെയിനിങ്' സെന്ററിലെ ഡോ. ജെഫോറി ഡേവീസ് അദ്ദേഹത്തിന്റെ അക്കാലത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ അനുഭവം പറയുന്നു. ''കിഴക്കൻ ബംഗാളിന്റെ വിദൂര പ്രദേശങ്ങളിൽ ഞാൻ യാത്ര ചെയ്തു. വംശഹത്യയുടെ ആരും പറയാത്ത ദയനീയ ചിത്രങ്ങളാണ് എവിടെയും കണ്ടത്. ബലാത്സംഗത്തിനിരയായ സ്ത്രീകൾ സ്വന്തം ബന്ധുക്കൾപോലും സ്വീകരിക്കാത്തപ്പോൾ പലരും ആത്മഹത്യയിലേക്ക് അഭയം കണ്ടെത്തി. കുളങ്ങളിലും പുഴകളിലും അടുത്തടുത്ത ദിവസങ്ങളിലായി നിരവധി പേരുടെ ശരീരം ചത്തുപൊന്തി. പലരും ഗർഭവതികളായിരുന്നു. പല വീടുകളിലും എലിവിഷം ഉണ്ടായിരുന്നു. അതു കഴിച്ചായിരുന്നു ഒരു കൂട്ടർ മരിച്ചത്. ആയിരങ്ങൾ നാടൻ ഗർഭമലസിപ്പിക്കൽ മാർഗ്ഗം സ്വീകരിച്ചു. പലരും ചോരവാർന്നു മരിച്ചു. ചിലർ നിത്യരോഗികളായി നരകസമാന ജീവിതം നയിച്ചു. അന്നു അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ മദർ തെരേസയുടെ ആശ്രമം തയ്യാറായി. എങ്കിലും അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. അത്രമാത്രം ആൾക്കാരാണ് പീഡനത്തിനിരയായത്.
യദീസികൾ തൊട്ട് സുഡാനികൾ വരെ
ഇന്നും ലോകത്തിന്റെ പലഭാഗങ്ങൽും യുദ്ധ അതിക്രമങ്ങളിൽ സ്ത്രീകൾ തന്നെയാണ് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത്. ഇറാക്കിലും സിറിയയിലും ഐസിസ് യസീദി ന്യൂനപക്ഷ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ കഥ നടക്കുന്നതാണ്്. നൈജീരിയയിൽ ബോക്കോഹറാം എന്ന ഭീകര സംഘടന നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റിയത്്. ഇവരിൽ പലരും ലൈംഗിക അടിമകളായും മാറി. സുഡാനിൽ ഇന്നും പാട്ടാളം ഇരുവിഭാഗമായി ചേരി തിരിഞ്ഞ് ആഭ്യന്തര യുദ്ധം നടക്കയാണ്. 2003ലാണ് പടിഞ്ഞാറൻ സുഡാനിലെ ഡർഫറിൽ ആഭ്യന്തരയുദ്ധത്തിന്റ ഭാഗമായി വ്യാപകമായി വംശഹത്യകൾ നടന്നത്. പ്രതികാരം വ്യാപകവും ക്രൂരവുമായി ബലാത്സംഗത്തിലേക്കും മറ്റു ലൈംഗിക അക്രമത്തിലേക്കും നീങ്ങിയത് യാതൊരു മറയും ഇല്ലാതെയാണ്. ഇന്നും സ്ത്രീകളുടെ നരകമാണ് സുഡാൻ.
അതുപോലെ ബോസ്നിയയുടെ കണ്ണീരും നാം മറന്നുപോകരുത്. ഒരുകാലത്ത് ഒറ്റ രാഷ്ട്രമായി നിലനിന്നിരുന്ന യുഗോസ്ലാവിയ കമ്യൂണിസ്റ്റു പാർട്ടികളുടെ തകർച്ചയ്ക്കുശേഷം വിവിധ രാജ്യങ്ങളായി പിരിഞ്ഞു. ഒരാജ്യം സെർബിയയും ബോസ്‌നിയ ഹെർസഗോവിനയും ക്രൊയേഷ്യയും ഒക്കെയായി പരസ്പരം പടവെട്ടുമ്പോൾ അതിന്റെ ഇരകൾ ബോസ്‌നിയയിലെ സ്ത്രീകൾ ആയിരുന്നു. 20,000-ത്തിനും 30,000-ത്തിനും ഇടയിൽ ബോസ്‌നിയൻ മുസ്ലിം സ്ത്രീകൾ ഇവിടെ ബലാത്സംഗത്തിനിരയായി. അവരുടെ പുരുഷന്മാരെ പ്രത്യേക കോൺസൻട്രേഷൻ ക്യാമ്പിൽ കൊണ്ടുപോയി കൊന്നുതള്ളി. രഹസ്യമായി കൂട്ടമായി കുഴിച്ചു മൂടി. യുദ്ധത്തിനുശേഷമാണ് ഈ കൂട്ടക്കുഴിമാടങ്ങൾ പലതും കണ്ടെടുത്തത്.
ഇപ്പോൾ ലോകത്തിന്റെ കണ്ണീരായി യുക്രൈൻ മാറിയിരിക്കയാണ്. ഇപ്പോൾ പക്ഷേ സോഷ്യൽ മീഡിയയും ഡിജിറ്റൽ തെളിവുകളും വ്യാപകമായ കാലത്ത് പഴയതുപോലെ കൊടും ക്രൂരതകൾ ആവർത്തിക്കാൻ കഴിയുന്നില്ല എന്നുമാത്രം.
വാൽക്കഷ്ണം: 1947-ലെ ഇന്ത്യാ വിഭജന കാലത്ത് നടന്ന വംശീയ - വർഗ്ഗീയ കലാപങ്ങളിൽ വ്യാപകമായ ബലാത്സംഗങ്ങൾ നടന്നു. നിരവധി ഹിന്ദു - മുസ്ലിം - സിഖ് വനിതകൾ ഗർഭിണികളായി. ഇവർക്ക് ജനിച്ച കുട്ടികൾ സമൂഹത്തിൽത്തന്നെ വലിയ ചോദ്യചിഹ്നമായാണ് വളർന്നത്. ജീവിത കാലം മുഴുവൻ അപമാനത്തിന്റേയും പീഡനത്തിന്റേയും അനാഥത്വത്തിന്റേയും പ്രതീകമായി അവർ വളർന്നു. 1984-ൽ ഡൽഹിയിലും 2002-ൽ ഗുജറാത്തിലും നടന്ന കലാപങ്ങളിലും കൂട്ടബലാത്സഗങ്ങളും ഏറെയുണ്ടായിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ