- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എഡ്വീനയടക്കം നിരവധി പ്രണയിനികളുണ്ടായിരുന്ന നെഹ്റു; ഇന്ദിരയുടെ എല്ലാമെല്ലാമായ ധീരേന്ദ്ര; സഞ്ജയ്ഗാന്ധിയുടെ മാദക സുന്ദരി റുക്സാന; രാഹുലിന്റെ മുൻ കാമുകി വെറോണിക്ക; സവർക്കർ സ്വവർഗ അനുരാഗിയാണെന്ന ആരോപണത്തിന് അതേ നാണയത്തിൽ മറുപടി; നെഹ്റു കുടുംബത്തിന്റെ 'പ്രണയലീലകൾ' ചർച്ചയാക്കി പരിവാറുകാർ
എഡ്വീന മൗണ്ട് ബാറ്റന്റെ നെറ്റിയിൽ തൊട്ട് നിൽക്കുന്ന നെഹ്റു. ഏതാനും ദിവസങ്ങളായി സൈബർ ലോകത്ത് സംഘപരിവാറുകാർ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു ഫോട്ടോയാണിത്. നെഹ്റുവിനെ വെറുമൊരു സ്ത്രീലമ്പടനാക്കിയാണ് പരിവാർ ഗ്രൂപ്പുകളിൽ പ്രചാരണം. എഡ്വിന മൗണ്ട് ബാറ്റണാണ് ചിത്രത്തിൽ എന്നു പറഞ്ഞാണ് പരിവാറുകാർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ വസ്തുത പരിശോധിച്ചാൽ പച്ചക്കള്ളമാണെന്ന് തെളിയും. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിന്റെ നെറ്റിയിൽ തിലകം ചാർത്തുന്നതാണ് യഥാർഥ ചിത്രത്തിൽ. എന്നാൽ, നെഹ്രുവിനോടുള്ള കലിപ്പിൽ ഇപ്പോൾ അദ്ദേഹത്തെ സ്ത്രീലമ്പടനാക്കുന്ന വിധത്തിലാണ് ഈ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സൈബർ പ്രചരണം.
അത് ഇടക്കിടെ ഉണ്ടാവാറുണ്ട്. ഇപ്പോൾ അത് വന്നിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. കേരളത്തിൽ നിന്നല്ല, ഉത്തരേന്ത്യയിൽനിന്നാണ് ഈ പ്രണയ ഹേറ്റ് കാമ്പയിനിന്റെ തുടക്കം. പ്രശ്നം രാഹുൽഗാന്ധിയുടെ സവർക്കർ പ്രസ്താവന തന്നെ. 'മാപ്പുപറയാൻ തന്റെ പേര് ഗാന്ധിയെന്നാണെന്നും സവർക്കർ' എന്ന് അല്ലെന്നുമുള്ള രാഹുലിന്റെ വാക്കുകൾ വലിയ പ്രകോപണമാണ് സംഘപരിവാർ ക്യാമ്പിലുണ്ടാക്കിയിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിലും കോൺഗ്രസ്- ബിജെപി ആണികളുടെ ചെളിവാരിയേറ് തുടങ്ങി.
ഇതിൽ വല്ലാതെ നിലയിൽ തരം താഴാൻ മറ്റൊരുകാര്യവും ഉണ്ടായി. ഗാന്ധി ഘാതകൻ ഗോഡ്സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന് കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ 2020ൽ പുറത്തിറക്കിയ ലഘുലേഖയും ഇപ്പോൾ പലരും കുത്തിപ്പൊക്കി. 'വീർ സവർക്കർ കിതനാ വീർ' എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ, 2020ലെ ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ ട്രെയിനിങ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.
ഗോഡ്സെയുമായി സവർക്കർ സ്വവർഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുൻപ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നുവെന്ന് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പുസ്തകത്തിലെ പരാമർശത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്ലെറ്റിൽ പറയുന്നു. വർഗീയ കലാപത്തിൽ മുസ്ലിംകൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവർക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തംചെയ്യാറുണ്ടായിരുന്നെന്നും ലഘുലേഖയിലുണ്ട്.
കോൺഗ്രസ് അണികൾ സവർക്കറെ ഇകഴ്ത്തുമ്പോൾ, അദ്ദേഹത്തെ ദൈവത്തിന് തുല്യനായി കാണുന്ന സംഘപരിവാർ അണികൾ നെഹ്റുമുതൽ, രാഹുൽഗാന്ധിവരെയുള്ളവരുടെ പ്രണയലീലകൾ ചർച്ചയാക്കിയാണ് ആക്രമണം കൊഴുപ്പിക്കുന്നത്. അതോടെ നാളിതുവരെ ഇല്ലാത്ത രീതിയിൽ, ഇന്ത്യൻ രാഷ്ട്രീയത്തെ സെക്സ് കേന്ദ്രീകതമാക്കി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കയാണ്. പക്ഷേ തങ്ങൾ സെക്സ് അല്ല പറയുന്നത്, കോൺഗ്രസ് കുടുംബവാഴ്ചയുടെ കാലത്തെ അധികാരത്തിന്റെ ഇടനാഴികളെ ഓർമ്മിപ്പിക്കയാണ് ചെയ്യുന്നത് എന്നാണ് ഒരു വിഭഗാം പരിവാറുകാരുടെ വാദം.
എഡ്വീനയുമായി അനുരാഗം
കവിയും കാൽപ്പനികയും, പുരോഗമനവാദിയുമായ നെഹ്റു ഒരിക്കലും ഒരു സദാചാരവരാദിയായിരുന്നില്ല. പക്ഷേ ഇപ്പോൾ പരിവാറുകൾ ആരോപിക്കുന്നതുപോലെ അദ്ദേഹം ഒരു സ്ത്രീലമ്പടനോ, അധികാരത്തിളർപ്പിൽ ലൈംഗികത ആവശ്യപ്പെടുന്ന ടോക്സിക്ക് മാനസികാവസ്ഥയുള്ള ആളോ ആയിരുന്നില്ല. നെഹ്റുവും എഡ്വീന മൗണ്ട്ബാറ്റണും തമ്മിലുള്ള ബന്ധം പറഞ്ഞ് പഴകി പുളിച്ചുപോയതാണ്. അവർ തമ്മിൽ മാംസനിബന്ധമായ ബന്ധമല്ല എന്നും, ശരിക്കും അനുരാഗം തന്നെ ആയിരുന്നുവെന്നാണ് എഡ്വീനയുടെ മകൾ പമേല എഴുതിയത്. എഡ്വീന മരിക്കുന്നതുവരെ ഇരുവരും കത്തുകൾ തുടർന്നു. ഇന്ത്യവിട്ട് പോകുമ്പോൾ എഡ്വീന, നെഹ്റുവിന് കൊടുക്കാൻ കൊണ്ടുവന്ന സമ്മാനം മകൾ ഇന്ദിരക്കാണ് കൊടുക്കുന്നത്. നിന്റെ പിതാവ് രാജ്യസേവനത്തിനായി എന്തും വിൽക്കുമെന്നും ഇത് വിൽക്കാതെ നോക്കണമെന്നുമായിരുന്നു എഡ്വീന ഇന്ദിരക്ക് നൽകിയ ഉപദേശം.
എഡ്വിന അഷ്ലെ ബ്രിട്ടനിലെ അരിസ്റ്റോക്രാറ്റിക് കുടുബാംഗവും ധനാഢ്യയുമായിരുന്നു. എന്നാൽ അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമായിരുന്നു അവരുടേത്. താനും എഡ്വിനയും തങ്ങളുടെ വൈവാഹിക ജീവിതത്തിലെ നല്ലൊരു സമയം മറ്റുള്ളവരുടെ കിടക്കകളിലാണ് ചെലവഴിച്ചിരുന്നതെന്ന് മൗണ്ട് ബാറ്റൺ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന്, പ്രമുഖ ചരിത്രകാരനായ ആൻഡ്ര്യൂ ലൗനി എഴുതിയ 'ദി മൗണ്ട് ബാറ്റൺ; ദേർ ലിവ്സ് ആൻഡ് ലൗസ് 'പുസ്തകം വെളിപ്പെടുത്തുന്നു. തന്റെ അടങ്ങാത്ത തൃഷ്ണയാൽ കാമുകിമാർക്കൊപ്പവും, സ്വവർഗപ്രേമത്താൽ കാമുകന്മാർക്കൊപ്പവും ജീവിതം ആസ്വദിക്കാൻ മൗണ്ട് ബാറ്റൺ നെട്ടോട്ടമോടിയപ്പോൾ എഡ്വിനയും മറ്റ് സൗഹൃദങ്ങൾ തേടുകയായിരുന്നു.
നെഹ്രുവടക്കമുള്ള നിരവധി പ്രമുഖർ എഡ്വിനയുടെ കാമുകന്മാരിലുൾപ്പെടുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. എഡ്വിനയുടെ കാമുകരിൽ നെഹ്രുവിന് പുറമെ മ്യൂസിക് ഡയറ്കടർ മാൽകോളം സെർജന്റ്, ഹോളിവുഡ് സ്റ്റാർ ലാറി ഗ്രേ, ഡെയിലി എക്സ്പ്രസിന്റെ സർക്കുലേഷൻ മാനേജരായ മൈക്ക് വാർഡെൽ തുടങ്ങിയവർ ഉൾപ്പെടുന്നു. എന്നാൽ നെഹ്രുവായിരുന്നു എഡ്വിനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാമുകനെന്നും 'ദി മൗണ്ട് ബാറ്റൺ; ദേർ ലിവ്സ് ആൻഡ് ലൗസ് എന്ന പറയുന്നു. ഇവരുടെ അടുപ്പം കാരണമായിരുന്നു ഇന്ത്യക്ക് വേഗത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ദുരാരോപണവും ഈ പുസ്തകം ഉയർത്തുന്നുണ്ട്.
പരുഷന്മാരോടും സത്രീകളോടും ഒരുപോലെ താൽപ്പര്യമുള്ള തികഞ്ഞ വിഷയ ലമ്പടൻ ആയിട്ടാണ് ഈ പുസ്തകം മൗണ്ട് ബാറ്റണെ ചിത്രീകരിക്കുന്നത്. അതിനിടെ കഴിഞ്ഞവർഷം, മരണമടഞ്ഞ് 43 വർഷത്തിനു ശേഷം മൗണ്ട്് ബാറ്റണെതിരെ ഒരു ബാലപീഡന കേസും ബ്രിട്ടിനിൽ ഉയർന്ന് വന്നു. നോർത്തേൺ അയർലൻഡിലെകിൻകോറ ചിൽഡ്രൻസ് ഹോമിൽ വെച്ച് 1977-ൽ മൗണ്ട് ബാറ്റൺ പ്രഭു തന്നെ രണ്ടുതവണ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആർതർ സ്മിത്ത് എന്ന വ്യക്തിയുടെ പരാതിയാണ് കേസ് ആയത്.
ഇപ്പോൾ 56 വയസ്സുള്ള, പരാതിക്കാരനായ ആർതർ സ്മിത്ത് പറയുന്നത, ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരനായിരുന്ന വില്യം മെക് ഗ്രാത്ത് എന്നയാളായിരുന്നു തന്നെ ആദ്യം പീഡിപ്പിച്ചത് എന്നാണ്. പിന്നീട് 1977 ൽ ആയിരുന്നു തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് മെക്ഗ്രാത്ത് തന്നെ കാഴ്ച്ച വച്ചതെന്നും അയാൾ പറയുന്നു.
ആ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളൊ തനിക്കറിയില്ലായിരുന്നു. രണ്ടു തവണ അയാൾ തന്നെ ദുരുപയോഗം ചെയ്തു. പിന്നീട് 1979-ൽ മൗണ്ട് ബാറ്റന്റെ മരണത്തെ തുടർന്ന് ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആളെ മനസ്സിലായത്. പക്ഷേ ഇപ്പോഴാണ് തനിക്ക് പരാതി പുറത്തു പറയാനുള്ള ധൈര്യം ഉണ്ടായത് എന്നാണ് സ്മിത്ത് പറയുന്നത്. ഇത്തരത്തിലുള്ള ഒരാളോടൊപ്പം ജീവിച്ച എഡ്വീന ഒരു ആശ്വാസത്തിനായിരിക്കാം മറ്റ് ബന്ധങ്ങളിലേക്ക് പോയത് എന്നാണ് അവരുടെ ജീവചരിത്രകാന്മാർ പറയുന്നത്. മൗണ്ട് ബാറ്റണും നെഹ്റുവിന്റെ അടുത്ത സുഹൃത്തായിരുന്നു.
'നെഹ്റു ആൻഡ് വിമൻ' ഒരു അധ്യായം
സാധാരണ ഇന്ത്യൻ നേതാക്കളിൽനിന്ന് തികച്ചു വ്യത്യസ്തനായി, അടിമുടി പാശ്ചാത്യ ശൈലി പിന്തുടരുന്ന, പുരോഗമന ചിന്താഗതിക്കാരനായിരുന്നു നെഹ്റു. അദ്ദേഹത്തിന്റെ ഭാര്യ കമലയാവട്ടെ യാഥാസ്ഥിക ഹിന്ദു കുടുംബത്തിൽ ജനിച്ച വ്യക്തിയും. നെഹ്റുവിന്റെ ബൗദ്ധിക നിലവാരത്തിന് അനുസരിച്ച് ഉയരാൻ കമലക്ക് ആയില്ല.പക്ഷേ നെഹ്റു തന്റെ ഭാര്യയെ അഗാധമായി സ്നേഹിച്ചിരുന്നു. അവർ തിരിച്ചും. ഏത് കുടുംബത്തിലും പോലെയുള്ള സാധാരണ അഭിപ്രായ ഭിന്നതകൾ മാത്രമാണ് അവർക്കിടയിൽ ഉണ്ടായിരുന്നത് എന്നാണ് അടുപ്പക്കാർ പറയുന്നത്. 1936ൽ വെറും 36ാമത്തെ വയസ്സിലാണ് കമലാ നെഹ്റു മരിക്കുന്നത്. സ്വിറ്റ്സർലണ്ടിലെ ടിബി സാനിറ്റോറിയത്തിൽവച്ചായിരുന്നു അന്ത്യം. അന്ന് ഇന്ദിരയ്ക്ക് വെറും വയസ്സ് 18. ഭാര്യയുടെ മരണത്തിൽ നെഹ്റു ആകെ ഉലഞ്ഞുപോയി എന്നാണ് ജീവചരിത്രകാരന്മാർ എഴുതിയത്.
എഡ്വീനയുമായുള്ള പ്രണയം ലോക പ്രശസ്തം ആയിരുന്നെങ്കിലും, നമ്മുടെ മൊയതീൻ- കാഞ്ചനമാല പ്രണയം പോലെ സഫലീകൃതമാവാത്ത ഒരു കാത്തിരിപ്പിന്റെ കഥ നെഹ്റുവിന്റെ ജീവിതത്തിൽ ഉണ്ടെന്ന് അധികം പേർക്ക് അറിയില്ല. നെഹുവിന്റെ ജീവിതത്തിൽ അത്തരം ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്ന്, ദീർഘകാലം സെക്രട്ടറിയായിരുന്ന തിരുവല്ലാക്കാരൻ മലയാളി, എ ഒ മത്തായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് സരോജിനി നായിഡുവിന്റെ മകളുമായിരുന്നു പത്മജ നായിഡുമായിട്ടായിരുന്നു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച, വലിയ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ് പത്മജ. അന്താരാഷ്ട്ര റെഡ്ക്രോസിലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിനിടെയാണ് ഇവർ പരിചയപ്പെടുന്നും അടുക്കുന്നതും. പക്ഷേ ഇത് വലിയ പ്രശ്നത്തിലേക്കപോയി. പത്മജാ നായിഡുവിനെ ഒരേ സമയം നെഹ്റുവും സുഭാഷ് ചന്ദ്രബോസും പ്രണയിച്ചിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. ഇവർ പരസ്പരം അയച്ച കത്തുകൾ പോലും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിഭാര്യനായ നെഹ്റു പത്മജനായിഡുവിൻെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെന്നാണ് എല്ലാ ജീവചരിത്രകാരന്മാരും പറയുന്നത്. ബുദ്ധിയിലും സമാർഥ്യത്തിലും വിവേകത്തിലും പത്മജ നെഹ്റുവിന് പറ്റിയ പങ്കാളി ആയിരുന്നു.
പക്ഷേ മകൾ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. മകളുടെ ശാഠ്യത്തിനുമുന്നിൽ നെഹ്റു കീഴടങ്ങി. പത്മജാ നായഡിവാകട്ടെ അവിവാഹിതയായി കാത്തിരിക്കാൻ തീരുമാനിച്ചു. ആ കാത്തിരിപ്പ് അനന്ദമായി നീണ്ടുപോയി. നെഹ്റു ജയിലിൽ പോകുന്നു. 45ൽ മോചിതനാവുന്നു. പ്രധാനമന്ത്രിയാവുന്നു. ആകെ തിരക്കലാവുന്നു. അങ്ങനെ കാലം കടന്നുപോയി. ആ പ്രണയം ഒരിക്കലും പൂവണിഞ്ഞില്ല.
മറ്റ് പല സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ പലപ്പോഴും വാർത്തകളായി. സാമൂഹിക പ്രവർത്തകയും ഗാന്ധിജിയുടെ ഉറ്റ സഹ പ്രവർത്തകയും ആയിരുന്ന, മൃദുല സാരാഭായിയും നെഹ്റുമായി പ്രണയത്തിലാണെന്ന് ഇതിനുശേഷം കഥകൾ പരന്നും. വിക്രം സാരാഭായിയുടെ സഹോദരിയാണ് മൃദുല സാരാഭായി. എം എം മത്തായിയുടെ പുസ്തകത്തിൽ 'നെഹ്റു ആൻഡ് വിമൻ' എന്ന അധ്യായത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
അതുപോലെ ശ്രദ്ധമാത എന്ന സന്യാസിനിയിൽ നെഹുവിന് ഒരു കുഞ്ഞ് ജനിച്ചു എന്ന് ഗുരുതരമായ ആരോപണവും 'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ്' എന്ന പുസ്തകത്തിൽ മത്തായി ആരോപിക്കുന്നുണ്ട്. ഈ കുഞ്ഞിനെ ഒരു ആശ്രമത്തിൽ വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ഖുഷ്വന്ത്സിങ്ങിന് 79ൽ അനുവദിച്ച അഭിമഖുത്തിൽ ശ്രദ്ധമാത ഇത് നിഷേധിച്ചു. മത്തായിക്ക് അടികൊടുക്കണം എന്നാണ് അവർ പറഞ്ഞത്. സംഭവം വിവാദമായതോടെ പുസ്തകത്തിൽ നിന്ന് മത്തായി ഈ ആരോപണം പിൻവലിച്ചിരുന്നു. കുഞ്ഞുണ്ടായിരുന്നു പക്ഷേ അത് ചാപിള്ളയായിരുന്നു എന്നൊക്കെപ്പറഞ്ഞാണ് മത്തായി തടിയെടുത്തത്.
അതേസമയം നെഹ്റു കുടുംബത്തിൽനിന്ന് പുറത്തായതിന്റെ വൈരാഗ്യം മത്തായി എഴുതി തീർക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. വെറുമൊരു സ്റ്റേനോ ടൈപ്പിസ്റ്റിൽ നിന്ന് നെഹ്റുവിന്റെ സെക്രട്ടറിയായ വളർന്ന മത്തായി അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഇന്ദിരാക്കാലത്തെ ധീരേന്ദ്ര ബ്രഹ്മചാരി
എ ഒ മത്തായിയുടെ 1978ൽ പുറത്തിറങ്ങിയ'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജിൽ' 153ാം പേജിൽ 29ാം അധ്യായത്തെക്കുറിച്ച് പ്രസാധകന്റേതായി ഒരു കുറിപ്പുണ്ടായിരുന്നു. 'ഗ്രന്ഥകർത്താവിന്റെ വളരെ വ്യക്തിപരമായ അനുഭവം എഴുതിയത് അവസാനനിമിഷം ഗ്രന്ഥകർത്താവുതന്നെ പിൻവലിച്ചിരിക്കുന്നു.' എന്നായിരുന്നു കുറിപ്പ്. ഷി (അവൾ) എന്നുപേരിട്ട ഈ അധ്യായത്തിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്നതെന്നു പറയുന്ന മത്തായിയുടെ 12 വർഷത്തെ അടുപ്പത്തെക്കുറിച്ചാണ് എഴുതിയത്. മഞ്ഞപ്പുസ്കത്തിന് സമാനമായിരുന്നു അതിലെ പരാമർശങ്ങൾ. ഇന്ദിരയുടെ ലൈംഗകി പങ്കാളിയായിരുന്നു താൻ എന്ന് അതിൽ മത്തായി തുറന്ന് പറയുന്നു. എന്നാൽ അച്ചടിക്കാതെപോയ 'ഷീ' എന്ന അധ്യായം പകർപ്പ് എടുത്ത് ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് സാക്ഷാൽ മേനകാഗാന്ധി വിതരണം ചെയ്തിരുന്നു എന്നും വാർത്തയുണ്ടായിരുന്നു. അതിൽ ധീരേന്ദ്രബ്ര്ഹമചാരിയും ഇന്ദിരാഗാന്ധിയും തമ്മിലുള്ള ഞെട്ടിക്കുന്ന കാമകേളികളുടെ വിവരങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യൻ റാസ്പുട്ടിൻ, പറക്കും യോഗി തുടങ്ങി വിശേഷണങ്ങൾ നിരവധിയുണ്ടായിരുന്നു ധീരേന്ദ്ര ബ്രഹ്മചാരിക്ക്. ആറടി ഒരിഞ്ച് ഉയരം, വെളുത്ത് നീണ്ടുമെലിഞ്ഞ സുമുഖനായ, അരോഗദൃഢഗാത്രൻ. വെളുത്ത നിറത്തിലുള്ള മസ്ലിൻ വസ്ത്രത്താൽ മേലാവരണം ചെയ്ത് സ്ത്രീകളുടെ ഹാൻഡ് ബാഗ് പോലുള്ള വെളുത്ത തുണിയിലുള്ള ബാഗുമായിട്ടായിരിക്കും പലപ്പോഴും യോഗി പ്രത്യക്ഷപ്പെടുന്നത്. ആകാശനീല ടൊയോട്ട കാറിൽ സഞ്ചരിച്ചിരുന്ന യോഗിക്ക് നിരവധി ആഡംബര കാറുകളും എയർ ക്രാഫ്റ്റുകളും സ്വന്തമായുണ്ടായിരുന്നു.
ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ധീരേന്ദ്ര ബ്രഹ്മചാരി പതിന്നാലാം വയസ്സിലാണ് വീടുപേക്ഷിച്ച് വാരാണസിയിലേക്ക് തിരിക്കുന്നത്. കുട്ടിക്കാലത്ത് വായിക്കാനിടയായ ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു ആ യാത്ര. അവിടെവെച്ച് മഹർഷി കാർത്തികേയനിൽനിന്ന് യോഗാപാഠങ്ങൾ പഠിച്ച അദ്ദേഹം പിന്നീട് യോഗയുടെ പ്രചാരകനായി മാറി. നെഹ്റു കുടുംബത്തിൽ ധീരേന്ദ്ര എത്തിപ്പെട്ടതിനെ ചൊല്ലി ഒട്ടേറെ കഥകളുണ്ട്. അതിലൊന്ന്, കശ്മീരിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ നെഹ്റുവിനെ കണ്ട് യോഗപഠിപ്പിക്കാൻ ഒപ്പം കൂടിയെന്നാണ് ഒരു കഥ. എന്നാൽ, കശ്മീരിൽവെച്ച് നെഹ്റുവിനെയല്ല ഇന്ദിരയെയാണ് ധീരേന്ദ്ര ആദ്യം കണ്ടതെന്ന് രാജ്യസഭ എംപിയായിരുന്ന യശ്പാൽ കപൂർ തന്റെ പുസ്കത്തിൽ പറയുന്നു. അങ്ങനെ ഇന്ദിരാഗാന്ധിയുടെ പേഴ്സൺൽ യോഗ ട്രെയിനർ ആയിട്ടാണ് അയാൾ നെഹ്റു കുടുംബത്തിൽ എത്തുന്നത്.
കാമസൂത്രയിൽ അവസാനിക്കുന്ന യോഗ?
ധീരേന്ദ്രയെയും ഇന്ദിരയെയും ചേർത്ത് നിരവധി ഗോസിപ്പുകളാണ് അറുപതുകളുടെ തുടക്കം പുറത്തുവന്നത്. 'എല്ലാ ദിവസവും രാവിലെ അടഞ്ഞ വാതിലുകൾക്കകത്ത് ഒരു മണിക്കൂർ അയാൾ ഇന്ദിരയ്ക്കൊപ്പമായിരുന്നു. യോഗാപാഠങ്ങൾ ചിലപ്പോൾ കാമസൂത്ര പാഠങ്ങളിൽ അവസാനിച്ചിരിക്കാം.' എന്നാണ് നെഹ്റു കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള പത്രപ്രവർത്തകൻ ഖുശ്വന്ത് സിങ് ഒരിക്കൽ പറഞ്ഞത്.
ഇന്ദിരയുടെ മുറിയിൽ തനിച്ച് കയറാൻ അനുവാദമുള്ള, ഇന്ദിരയെ തനിച്ച് കാണാൻ അനുവാദമുള്ള ഏക പുരുഷനായിരുന്നു ധീരേന്ദ്ര ബ്രഹ്മചാരിയെന്ന് 'ഇന്ദിര- ലൈഫ് ഓഫ് ഇന്ദിര നെഹ്റു ഗാന്ധി' എന്ന ജീവചരിത്രത്തിൽ കാതറിൻ ഫ്രാങ്ക് പറയുന്നുണ്ട്. ദിവസവും ഒരു മണിക്കൂർ യോഗപഠനത്തിനായി ഇന്ദിര മാറ്റിവെച്ചിരുന്നു.
ഇന്ദിരയെന്ന നേതാവിനൊപ്പം തന്നെ യോഗിയും വളർന്നു. ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത യോഗി അധികാരം മതിവരുവോളം നുണഞ്ഞു. അറുപതുകളുടെ തുടക്കത്തിൽ വാടകക്കെട്ടിടത്തിൽ യോഗ പരിശീലനം നൽകിയിരുന്ന യോഗിക്ക് അതേ റോഡിൽ ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനായി 3.3 ഏക്കർ ഭൂമിയാണ് അനുവദിക്കപ്പെട്ടത്. ഇത് എതിർത്തതിന്റെ പേരിൽ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് ഇന്ദിര മാറ്റിയ കഥ മൂൻ പ്രധാനമന്ത്രി ഐ കെ ഗുജറാൾ തന്റെ ആത്മകഥയായ 'മാറ്റേഴ്സ് ഓഫ് സിഡ്ക്രെഷനി'ൽ എഴുതിയിട്ടുണ്ട്.
ഇന്ദിരയുടെ ഇളയമകൻ സഞ്ജയുമായും സുദൃഢമായ ബന്ധം വളർത്തിയെടുക്കാൻ ബ്രഹ്മചാരിക്ക് സാധിച്ചു. വിമാനം പറപ്പിക്കൽ ആവേശമായിരുന്ന സഞ്ജയും എയർക്രാഫ്റ്റുകൾ സ്വന്തമായുള്ള ബ്രഹ്മചാരിയും തമ്മിലുള്ള ബന്ധം ദൃഢമാകാൻ കൂടുതൽ കാരണങ്ങൾ ആവശ്യമുണ്ടായിരുന്നില്ല. ഒരു സമയത്ത് സഞ്ജയുടെ നിഴലായി ധീരേന്ദ്ര മാറി. നിർബന്ധിത വന്ധ്യം കരണമടക്കമുള്ള സഞ്ജയുടെ എല്ലാ ക്രൂരമായ പദ്ധതികൾക്ക് പിറകിലും ഈ 'സന്യാസിയും' ഉണ്ടായിരുന്നു.
1980 ജൂൺ 23-ന് ധീരേന്ദ്രയുടെ എയർക്രാഫ്റ്റ് തകർന്ന വീണാണ് സഞ്ജയ് ഗാന്ധി മരിക്കുന്നത്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും സംസ്കാരചടങ്ങിൽ രാജീവ് ഗാന്ധിക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാനും ധീരേന്ദ്ര മുന്നിട്ടുനിന്നു. സഞ്ജയുടെ അകാലത്തിലുള്ള വേർപാട് ഇന്ദിരയ്ക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ധീരേന്ദ്രയിലുള്ള ഇന്ദിരയുടെ വൈകാരിക ആശ്രയത്വം അതോടെ വർധിച്ചു. യോഗിയുടെ നിർദ്ദേശമുനുസരിച്ച് സമാധാനം കണ്ടെത്തുന്നതിനായി രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിൽ അവർ സന്ദർശനം നടത്തി. രുദ്രാക്ഷമണിഞ്ഞു.
പക്ഷേ 77-ൽ അധികാരത്തിലെത്തിയ ജനത സർക്കാർ ധീരേന്ദ്രയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഷാ കമ്മിഷൻ ധീരേന്ദ്രയെ നന്നായി തന്നെ കുടഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് യു.എസിൽനിന്ന് ഇറക്കുമതി ചെയ്ത എയർക്രാഫ്റ്റുമായി ബന്ധപ്പെട്ടായിരുന്നു അത്. കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ആക്രമണം. ആ വിമാനത്തിലായിരുന്നു 77ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇന്ദിര ഗാന്ധി സഞ്ചരിച്ചിരുന്നത് എന്നുള്ളത് മറ്റൊരു കൗതുകം. നെഹ്റു കുടുംബത്തിൽനിന്ന് ധീരേന്ദ്ര നിഷ്കാസിതനാകുന്നത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെയാണ്. ഇന്ദിര മരണപ്പെട്ടപ്പോൾ പോലും ധീരേന്ദ്രയെ രാജീവ് അടുപ്പിച്ചില്ലെ. ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്നതിന് സമീപമെത്തിയ ധീരേന്ദ്രയെ രാജീവിന്റെ നിർദ്ദേശപ്രകാരം താഴേക്ക് മാറ്റി നിർത്തി.
സഞ്ജയിനെ പോലെ വിമാനം തകർന്നുവീണാണ് ധീരേന്ദ്ര ബ്രഹ്മചാരി മരണപ്പെടുന്നത്. 1994-ൽ മാന്തലായിയിലെ അപർണ ആശ്രമത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു യോഗി. കാലാവസ്ഥ മോശമാണെന്ന് പൈലറ്റ് മുന്നറിയിപ്പു നൽകിയെങ്കിലും യാത്ര മാറ്റിവെക്കാൻ യോഗി തയ്യാറായില്ല. മാന്തലായിയിൽ വിമാനമിറക്കുന്നതിനിടയിൽ പൈൻ മരത്തിലിടിച്ചാണ് വിമാനം തകരുന്നത്. ധീരേന്ദ്ര ബ്രഹ്മചാരിയും ഒപ്പമുണ്ടായിരുന്ന പൈലറ്റും അപകടത്തിൽ മരണപ്പെട്ടു.
സഞ്ജയിന്റെ സ്വപ്ന സുന്ദരി
അതുപോലെ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയും, വന്ധ്യംകരണത്തിന് നേതൃത്വം കൊടുത്തതിലുടെ കുപ്രസിദ്ധയായിരുന്നു കാമുകി റുക്സാന സുൽത്താന എന്ന മാദകസുന്ദരി. മുൻ മിസ് ഇന്ത്യയായ മേനകാഗാന്ധിയെ, സഞ്ജയ് പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും, റുക്സാന സുൽത്താനക്കൊപ്പമായിരുന്നു അദ്ദേഹം ഏറെ നേരവും ചെലവിട്ടത്. ഒരു വരേണ്യ മുസ്ലിം കുടുംബത്തിലാണ് റുക്സാന ജനിച്ചത്. പ്രശസ്ത ബോളിവുഡ് താരം ബീഗം പാര, റുക്സാനയുടെ മാതാവിന്റെ സഹോദരിയായിരുന്നു. നടി അമൃത സിങ് റുക്സാനയുടെ മകളാണ്. ഇത്തരം വരേണ്യ വിഭാഗങ്ങളെ മുന്നിൽ നിർത്തിയായിരുന്നു സഞ്ജയ് ഗാന്ധി ഡൽഹിയിൽ വന്ധ്യതാ പരിപാടി വിജയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.
്രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് ജനങ്ങൾ കണക്കില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്ന, തലതിരിഞ്ഞ സാമ്പത്തികശാസ്ത്രം എവിടെനിന്നോ കേട്ടറിഞ്ഞ സഞ്ജയ്, കുടുംബാസൂത്രണ പദ്ധതിക്ക് രൂപം നൽകി. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഈ ദൗത്യം സഞ്ജയ് വിശ്വസിച്ചേൽപ്പിച്ചത് രുക്സാന സുൽത്താനയെ ആയിരുന്നു. ഡൽഹിയിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രമായ ജുമാ മസ്ജിദ് പരിസരങ്ങളിൽ 8000 പേരെ വന്ധ്യംകരിക്കാൻ അവർക്ക് കഴിഞ്ഞു.
ജുമാ മസ്ജിദിനു സമീപമായിരുന്നു സുൽത്താനയുടെ കുപ്രസിദ്ധമായ വന്ധ്യംകരണ ക്ലിനിക്ക്, ദുജാന ഹൗസ് നിലനിന്നിരുന്നത്. പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും, റേഡിയോ പോലുള്ള വസ്തുക്കൾ നൽകിയുമെല്ലാം റുക്സാന കാര്യം നടത്തിയെന്നാണ് ചരിത്രം. രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോകണമെങ്കിൽ വന്ധ്യംകരണം നടത്തിയ കടലാസ് കാണിക്കേണ്ട അവസ്ഥ പോലും ഉണ്ടായിരുന്നു. എണ്ണം തികക്കാൻ പലപ്പോഴും അവിവാഹിതരായ യുവാക്കളെപ്പോലും വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു!
സഞ്ജയ് ഗാന്ധിയെ അപ്പോയിന്റമെന്റെടുത്ത് നേരിൽക്കാണുകയായിരുന്നു താനെന്ന് പിന്നീടൊരു അഭിമുഖത്തിൽ റുക്സാന വെളിപ്പെടുത്തിയിരുന്നു. ദിവസവും വൈകീട്ട് സഞ്ജയ്ക്ക് തന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകേണ്ടിയിരുന്നു. ഇതിനായി റുക്സാന സുൽത്താൻ സഞ്ജയ് ഗാന്ധിയെ ദിവസവും നേരിൽച്ചെന്ന് കണ്ടിരുന്നു. ഇതാണ് പിന്നീട് പ്രണയമായി മറിയത്.
ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ നടന്ന സംഭവവത്തിലും സുൽത്താൻ ആരോപിതായി. വെറും 21 മാസങ്ങൾക്കിടയിൽ 70,000ത്തിലധികം പേരെയാണ് ഡൽഹിയിലെ ചേരികളിൽ നിന്ന് ഒഴിപ്പിച്ചത്. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ ലക്ഷ്യമാക്കി സഞ്ജയ് ഗാന്ധി അയച്ച ബുൾഡോസറുകൾ നീങ്ങി. പ്രദേശവാസികൾ സ്ഥലത്തുണ്ടായിരുന്ന റുക്സാന സുൽത്താനയെ പോയി കണ്ടു. അവർക്ക് സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പം ഉപയോഗിച്ച് ബുൾഡോസറുകളെ തടയാമെന്ന് നാട്ടുകാർ കരുതി. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ 300 പേരെയെങ്കിലും വന്ധ്യംകരണത്തിന് എത്തിച്ചാൽ മാത്രമേ താൻ സഹായിക്കൂ എന്നതായിരുന്നു അവരുടെ നിലപാട്.
തുടർന്നുണ്ടായ വെടിവെപ്പിൽ എത്രപേർ മരിച്ചെന്ന കണക്ക് ഔദ്യോഗികമായി ഇനിയും ലഭ്യമല്ല. റുക്സാന തന്നെയാണ് ബുൾഡോസറുകൾ സ്ഥലത്തെത്തിച്ചതെന്നും അവരുടെ കാർമികത്വത്തിലാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്നും, പിന്നീട് അനുഭവസ്ഥരുടെ സാക്ഷ്യങ്ങളുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു പിന്നാലെ റുക്സാന സുൽത്താൻ സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങി. പക്ഷേ അവർ ഒരിക്കലും സഞ്ജയ് ഗാന്ധിയെ തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
രാഹുലിന്റെ വെറോണിക്ക
അതുപോലെ രാഹുൽ ഗാന്ധിയുടെ സ്വകാര്യ ജീവിതം മിക്കപ്പോഴും രഹസ്യങ്ങൾ നിറഞ്ഞതായിരുന്നു. രാഹുൽ എന്തിനാട് ഇടക്കിടെ വിദേശത്തേക്ക് മുങ്ങുന്നത് എന്നും ബാങ്കോക്കിൽ പോയോ എന്നൊക്കെ, ബിജെപി സൈബർവിങ്ങ് ചോദിക്കുന്നുണ്ട്. ഉയർന്നു ആരോപണമുണ്ട്. പക്ഷേ രാഹുൽ ഗാന്ധിയുടെ കാമുകി വെറോണിക്ക ഒരിക്കൽ ഇന്ത്യൻ മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു.
1999 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടയിലെ ഒരു ചിത്രം ഏറെ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധിയും ഒരു പെൺകുട്ടിയും ഒരുമിച്ചുള്ളതായിരുന്നു ആ ചിത്രം. പിന്നീട് 1999 ൽ ഇതേ പെൺകുട്ടിയ്ക്കൊപ്പം രാഹുൽ ആൻഡമാനിൽ അവധിക്കാലം ചെലവഴിച്ചതായും വാർത്തകൾ പുറത്ത് വന്നു. 2003 ൽ രാഹുലും പ്രിയങ്കയും എല്ലാം അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. രാഹുലിന്റെ ഗേൾ ഫ്രണ്ട് ആണ് അത് എന്നായിരുന്നു എല്ലായിടത്തേയും വാർത്തകൾ.
കൊളംബിയക്കാരിയായ ജുവാനിറ്റ എന്നായിരുന്നു ആ യുവതിയുടെ പേര് ആഘോഷിക്കപ്പെട്ടത്. രാഹുൽ ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയം ആണെന്നും വാർത്തകൾ പ്രചരിച്ചു.എന്നാൽ സത്യത്തിൽ ആ യുവതിയുടെ പേര് വെറോണിക്ക എന്നായിരുന്നു. യുവാനിറ്റ എന്നത് മാധ്യമങ്ങൾ പരത്തിയ തെറ്റിദ്ധാരണ ആയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയത് രാഹുൽ ഗാന്ധി തന്നെ ആയിരുന്നു. 2004 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവർത്തകയോടാണ് രാഹുൽ ഇക്കാര്യ വ്യക്തമാക്കിയത്.
വെറോണിക്ക തന്റെ ഗേൾ ഫ്രണ്ട് ആണെന്നും അവൾ വെനസ്വേലക്കാരിയോ കൊളംബിയക്കാരിയോ അല്ല, സ്പെയിൻകാരി ആണെന്നും രാഹുൽ വ്യക്തമാക്കി. വെറോണിക്ക ഒരു ആർക്കിട്ടെക്ട് ആണെന്നും അന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഉടൻ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു അന്ന് രാഹുൽ പറഞ്ഞത്.
ഇപ്പോൾ കാലം ഒരുപാട കടന്നുപോയിരിക്കുന്നു. പിന്നീട് ഒരിക്കൽ പോലും വെറോണിക്കയെ കുറിച്ച് രാഹുൽ പരാമർശിച്ചിട്ടില്ല. അതിന് ശേഷം വെറോണിക്കയുടെ ഒരു ചിത്രം പോലും ലോകം കണ്ടിട്ടും ഇല്ല.
അതിനിടെ നേരത്തെ രാഹുലിന് എതിരായ ഒരു ആരോപണവും ഇപ്പോൾ പരിവാറുകാർ കുത്തിപ്പൊക്കുന്നുണ്ട്. രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ എത്തി അധികം കഴിയും മുമ്പാണ് വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. അമേഠി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകന്റെ മകളെ രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. ബിജെപിയുടെ നേതൃത്വത്തിൽ ഈ ആരോപണം കുറേ നാൾ മാധ്യമങ്ങളിൽ കത്തി നിന്നിരുന്നു. പക്ഷേ, ഒടുക്കം സുപ്രീം കോടതി തന്നെ ഈ കേസ് തള്ളിക്കളയുകയായിരുന്നു. 2019ൽ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഈ കേസ് വീണ്ടും ചർച്ചയാക്കാനുള്ള നീക്കം നടത്തിയിരുന്നു. പക്ഷേ, ബിജെപി പോലും അന്ന അതിൽ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. പക്ഷേ ഇപ്പോൾ സൈബർ സംഘികൾ അതും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഈ ആരോപണം തീർത്തും വ്യാജമായിരുന്നെന്ന് ഇന്ത്യാ ടുഡെയുടെ ഫാക്റ്റ് ചെക്ക് സംഘം കണ്ടെത്തിയിട്ടുണ്ട്. ആ പരാതിക്കാരിയുടെ പേര് പോലും വ്യാജമായിരുന്നു. ആരോ രാഷ്ട്രീയ വൈരാഗ്യംവെച്ച് ഉണ്ടാക്കിയ കള്ളക്കഥ എന്നേ ഇതിനെ കണക്കാക്കാൻ കഴിയു.
ലൈംഗികതയെ സംബന്ധിച്ച്് ഇപ്പോഴും തീർത്തും യാഥാസ്ഥികമായ ഒരു സമൂഹമാണ് നാം. അവിടെ ഒരാളെ വ്യക്തഹത്യചെയ്യാനുള്ള ഏറ്റവും നല്ലവഴി ഇത്തരം കാര്യങ്ങൾ എടുത്തിടുക എന്നതാണ്. അദാനി വിഷയത്തിൽ അടക്കം രാഹുൽ ഗാന്ധി ഉയർത്തുന്ന ഗുരുതരമായ ചോദ്യങ്ങളെ, നെഹ്റു കുടുംബത്തെ വ്യക്തിഹത്യചെയ്ത തകർക്കാം എന്നോ ബിജെപി കരുതിയിരിക്കുന്നത് എന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. തീർത്തും, അസുഖകരമായ സാഹചര്യങ്ങളിലുടെയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നത്.
വാൽക്കഷ്ണം: സെക്സ് ഗുരുവായിരുന്നില്ലെങ്കിലും നരസിംഹറാവുക്കാലത്തെ ചന്ദ്രസ്വാമിയെയും മറക്കാൻ കഴിയില്ല. കോടികളുടെ അഴിമതിയാണ് റാവുവിനെ നോക്കുകുത്തിയാക്കി സ്വാമി നടത്തിയത്. എന്തായാലും മോദി ഭരണത്തിൽ ഇത്തരം സമാന്തര അധികാരകേന്ദ്രങ്ങളില്ല എന്നത് ആശ്വാസമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ