- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
ഗ്രീക്ക് പുരാണപ്രകാരം ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം ഒരു സ്ത്രീയാണ്! അവളുടെ പേരാണ് പാൻഡോര. പ്രോമിതിയൂസ് എന്ന ദേവനാണ് ഒരു പെട്ടിയുമായി പാൻഡോരയെ ഭൂമിയിലേക്ക് അയക്കുന്നത്. പെട്ടി ഒരു കാരണവശാലും തുറക്കരുതെന്നും നിർദ്ദേശം നൽകി. എന്നാൽ പ്രോമിതിയുസിന്റെ സഹോദരനായ എപിമീതിയുസിനെ പാൻഡോര വിവാഹം ചെയ്തതോടെ, പെട്ടി തുറക്കുകയായിരുന്നു. അതോടെ രോഗം, ദുരിതം, അസൂയ, യുദ്ധം, വേദന, വെറുപ്പ്, ദാരിദ്ര്യം, ദുരാഗ്രഹം എന്നിവ പെട്ടിയിൽ നിന്ന് പുറത്തു ചാടി. ഇതാണ് ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോരയാണെന്നു പറയാൻ കാരണം.
അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഈ മിത്ത് ഇപ്പോൾ അധികം ആരും ഉദ്ധരിക്കാറില്ലെങ്കിലും, ഏതാനും വർഷംമുമ്പ് ഇതേപേരിലുള്ള ചില രേഖകൾ ലീക്കായപ്പോൾ അവർ ഇട്ടപേര് പാൻഡോര പേപ്പഴ്സ് എന്നായിരുന്നു. ആയിരക്കണക്കിന് പേജുകളിലായി പരന്നുകിടക്കുന്ന ആ റിപ്പോർട്ട് കണ്ട് ലോകം ഞെട്ടിയതാണ്. വ്ളാദിമിർ പുടിൻ തൊട്ട് നമ്മുടെ സച്ചിൽ ടെണ്ടുൽക്കവർ വരെ കള്ളപ്പണക്കാരുടെ ലിസ്റ്റിൽ വന്നത് ഓർമ്മയില്ലേ.
ബച്ചനും ഐശ്വര്യറായിയുമൊക്കെയുള്ള ആ റിപ്പോർട്ടിന്റെ ചർച്ചയിൽമേൽ നിന്ന് ശരിക്കും രക്ഷപ്പെട്ടുപോയ ഒരു ബിസിനസുകാരനാണ് ഇപ്പോഴത്തെ വാർത്താതാരം. അതാണ് ഗൗതം അദാനിയുടെ മുത്ത ജേഷ്ഠൻ വിനോദ് അദാനി. കള്ളപ്പണക്കാരായ വമ്പന്മാരുടെ പേരിനൊപ്പം, പനാമ പേപ്പറിലും, പാൻഡോര പേപ്പറിലും ഒരുപോലെ ഇടം പിടിച്ചു, വിനോദ് അദാനിയെന്ന ആ ഗുജറാത്തി ജൈന വ്യവസായിയുടെ പേര്. അന്ന് മാധ്യമ വിചാരണയിൽനിന്ന് വിനോദ് രക്ഷപ്പെട്ടെങ്കിലും ഇന്ന് അദ്ദേഹം ശരിക്കും പെട്ടിരിക്കയാണ്.
ഹിൻഡർബർഗ് എന്ന അമേരിക്കൻ ഫിനാഷ്യൽ റിസേർച്ച് സ്ഥാപനത്തിന്റെ ഒറ്റ റിപ്പോർട്ടിനെ തുടർന്ന് കോടികളാണ്, ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനമായ ഗൗതം അദാനി ഗ്രൂപ്പിനുണ്ടായത്. അതിൽ ഹിൻഡൻബർഗ് പറയുന്ന പ്രധാന ആരോപണം വിനോദ് അദാനിയുടെ നേതൃത്വത്തിൽ മൗറീഷ്യസിലും, പനാമയിലും, ബഹാമസിലുമൊക്കെ ഉണ്ടാക്കിയ വ്യാജ കമ്പനികളാണ്. ഒന്നും രണ്ടുമല്ല, ഗൗതം അദാനിക്ക് വേണ്ടിയുണ്ടാക്കിയ 38 ഓളം ഷെൽ കമ്പനികളുടെ ഉടമയാണ് വിനോദ് എന്നാണ് ഹിൻഡൻ ബർഗ് പറയുന്നത്.
കള്ളപ്പണക്കാരുടെ സ്വർഗം എന്ന് അറിയപ്പെടുന്ന മൗറീഷ്യസിലും, ബ്രിട്ടീഷ് വെർജിൻ ഐലണ്ട്സിനും, പനാമയിലും, മൗറീഷ്യസിലുമൊക്കെ ഇപ്പോഴും ആയിരക്കണക്കിന് കള്ളക്കമ്പനികൾ നികുതിവെട്ടിക്കാൻ വേണ്ടി മാത്രം നടത്തുന്നുണ്ട്. ഈ കള്ളപ്പണക്കാരെയല്ലൊം തുറങ്കിലടക്കുമെന്നും, കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് കൊണ്ടുവരും എന്നൊക്കെയായിരുന്നു മോദിയും അമിത്ഷായുമൊക്കെ നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യയിൽ ഉണ്ടായ നോട്ട് നിരോധനം പോലും ഫലത്തിൽ കള്ളപ്പണ ലോബിയുടെ വേര് അറുക്കാനായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഇന്ന് ലോകത്തിലെ ഏറ്റവും സംഘടിതവും വ്യവസ്ഥാപിതവുമായ കുറ്റകൃത്യമാണ് കള്ളപ്പണം. ബ്ലാക്ക് മണി സൂക്ഷിക്കുന്നതിന്റെ പേരിൽ മാത്രം നിലനിൽക്കുന്ന രാജ്യങ്ങൾ പോലും ഈ ലോകത്തുണ്ട്.
എന്താണ് കള്ളപ്പണം?
സത്യത്തിൽ കള്ളപ്പണം എന്നൊരു പണമില്ല എന്നതാണ് യാഥാർഥ്യം. റിസർവ് ബാങ്ക് അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. കള്ളപ്പണമെന്നത് കള്ളനോട്ട് പോലെയല്ല. അതുണ്ടാവുന്നത് കണക്കുപുസ്തകത്തിലാണ്. അതായത് നിങ്ങളുടെ അക്കൗണ്ടിൽ നിയമ പ്രകാരം നികുതി അടക്കാതെ കൈവശം വെച്ചേക്കുന്ന വരുമാനമാണ് കള്ളപ്പണം. നികുതി അടച്ചിട്ട് ആ വിവരം കണക്ക് പുസ്തകത്തിലെഴുതി വച്ചാൽ ആ വരുമാനം നല്ല പണമായി. പക്ഷേ എല്ലാവരും അത് ചെയ്യില്ല. ഇനി കള്ളപ്പണം എന്ന അൺ എക്കൗണ്ടബിൾ മണി കൈവശം വെക്കുന്നതും അങ്ങേയറ്റം അപകടകരമാണ്. ഇ ഡിയും റവന്യൂ ഇന്റലിജൻസുമൊക്കെ നിങ്ങളുടെ പുറകെ വരും. അപ്പോൾ എന്താണ് ചെയ്യുക. നികുതി വളരെ കുറവുള്ള രാജ്യങ്ങളിൽ ഇത് നിക്ഷേപിക്കുക തന്നെ.
ചില രാജ്യങ്ങളിൽ നികുതി നിരക്ക് പൂജ്യം ശതമാനം ആണ്. ലോകത്തെ വമ്പന്മാരായ കമ്പനികളുടെ പണം മുഴുവൻ അത്തരം രാജ്യങ്ങളിലാവും സൂക്ഷിക്കുന്നത്. അതാണ് കള്ളപ്പണക്കാരുടെ പറുദീസ എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് വെർജിൻ ഐലണ്ട്സും, പനാമയും, മൗറീഷ്യസും, സൈപ്രസുെമാക്കെ.
നിങ്ങൾക്ക് പണത്തിന്റെ യാതൊരു ഉറവിടവും വെളിപ്പെടുത്തേണ്ട എന്നതാണ് ഈ രാജ്യങ്ങളിലെ ഏറ്റവും വലിയ ഗുണം. സ്വിറ്റ്സർലൻഡ്പോലുള്ള രാജ്യങ്ങളിലും സമാനമായ അവസ്ഥയാണ്. എല്ലാകാര്യങ്ങളും പൂർണ്ണമായും രഹസ്യമായിരിക്കും. തലപോയാലും അവർ നിങ്ങളുടെ പേര് വെളിപ്പെടുത്തില്ല. പിന്നെ പനാമാ രേഖകൾ ആയും മറ്റും കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെട്ടത് എങ്ങനെ ആണെന്ന് ചോദിച്ചാൽ, അത് ഹാക്കേഴ്സ് തന്ന പണിയാണ്. വിക്കീലീക്ക്സിനെയും, എഡ്വേർഡ് സ്നോഡനെയുംപോലെ, അവർ ചോർത്തിയെടുത്ത് മാധ്യമങ്ങൾക്ക് വിവരങ്ങൾ കൊടുക്കയാണ്. അല്ലാതെ മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതുമല്ല.
നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തുതരാൻ ഇടനിലക്കാർ ഉള്ളതുപോലെ, ഇത്തരം രാജ്യങ്ങളുടെ ഏജന്റുമാർ നമ്മുടെ നാട്ടിലുമുണ്ട്. കോടീശ്വരന്മാർ ഒന്നും അറിയേണ്ട. എല്ലാം അവർ ശരിയാക്കിക്കൊടുക്കും. അതിനായി വാങ്ങുന്ന യൂസർ ഫീയാണ് ഇത്തരം കമ്പനികളുടെ വരുമാനം.
കന്യാദ്വീപുകളിലൂടെ കള്ളപ്പണം
മുമ്പൊക്കെ സ്വിസ് ബാങ്കായിരുന്നു അനധികൃത നിക്ഷേപങ്ങൾക്ക് പേര് കേട്ടത്. പക്ഷേ ഇപ്പോൾ അതിനേക്കാൾ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ കേന്ദ്രങ്ങൾ വരുമ്പോൾ സ്വിറ്റ്സർലൻഡ് പിറകോട്ട് അടിച്ചു. ബിബിസിയുടെ ബ്ലാക്ക്മണിയെക്കുറിച്ചുള്ള റിപ്പോൾട്ട് പ്രകാരം, ബ്രിട്ടീഷ് വെർജിൻ ഐലണ്ട്സ് എന്ന ദ്വീപിലാണ് ഇന്ന് കള്ളപ്പണക്കാരുടെ പറുദീസ. ബ്രിട്ടന്റെ ആശ്രിതരായ ഈ പരമാധികാര രാജ്യത്തെ ജനസംഖ്യ വെറും 30,000 ആണ്. ബ്രിട്ടന്റെ രാജഭക്തി ഗാനമാണ് ഇപ്പോഴും ഇവരുടെ ദേശീയഗാനം. ബിവിഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെ വരും. ലോകത്താകെയുള്ള കള്ളപ്പണക്കമ്പനികളുടെ 40 ശതമാനം ഈ ഒരൊറ്റ ദ്വീപിലാണ് എന്നാണ് പറയുന്നത്!
ഇവിടെ നികുതി നാമമാത്രമാണ്. ഇവ 'നികുതി ഒഴിവു മേഖലകൾ' എന്നറിയപ്പെടുന്നത്. മറ്റൊന്ന്, വളരെ പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത സുരക്ഷിതതാവളങ്ങളാണിവ. അതേസമയം കമ്പ്യൂട്ടർ യുഗത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഒരു പ്രയാസവും ഉണ്ടാവുകയില്ല. അതുകൊണ്ട് ഇത്തരം ദ്വീപുകളെ 'തീരത്തല്ലാത്ത പണകേന്ദ്രങ്ങൾ' (ഓഫ്ഷോർ സെന്റർ) എന്നും വിളിക്കാറുണ്ട്. എന്നാൽ ഇതിനർത്ഥം ഇത്തരം ആഗോള കള്ളപ്പണകേന്ദ്രങ്ങളെല്ലാം ദ്വീപുകളിലാണ് എന്നല്ല. യൂറോപ്പിന്റെ ഒത്ത നടുവിലാണ് ലിചെൻസ്റൈൻ, ലക്സംബർഗ് എന്നീ ഓഫ് ഷോർ കേന്ദ്രങ്ങൾ.
ഇവിടത്തെ സാമ്പത്തിക ഇടപാടുകൾക്കുള്ള രഹസ്യസ്വഭാവം നിയമപരമാണ്. ഈ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾ യഥാർത്ഥ ഉടമസ്ഥരുടെ പേരുവിവരങ്ങൾ പോലും വെളിപ്പെടുത്തേണ്ടതില്ല. രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ പ്രത്യേക ഏജൻസികളുണ്ട്. ഉടമസ്ഥരുടെ യോഗ്യതയെക്കുറിച്ച് അവരുടെ സർട്ടിഫിക്കറ്റ് മതി. വിവരങ്ങൾ ഇവർ പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ടെന്നാണ് വെപ്പ്. എന്നാൽ ഇടപാടുകാരെ ആകർഷിക്കാനുള്ള മത്സരച്ചൂടിൽ തങ്ങളോടൊന്നും തുറന്നു പറയേണ്ടതില്ല എന്ന് ഈ ഏജൻസികൾ പരസ്യം പോലും ചെയ്യാറുണ്ട്. ഫീസു നൽകിയാൽ എന്തു സർട്ടിഫിക്കറ്റു വേണമെങ്കിലും കിട്ടും. എല്ലാം രഹസ്യവുമായിരിക്കും. തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ രഹസ്യമായി വെയ്ക്കണമെന്നുള്ളവർക്കുള്ള ഏറ്റവും എളുപ്പമാർഗം ഈ കേന്ദ്രങ്ങളിലെവിടെയെങ്കിലും കമ്പനി സ്ഥാപിക്കുകയാണ്. പിന്നെ കള്ളപ്പണക്കാർ ഇങ്ങോട്ട് കുത്തിയൊഴുകുന്നിൽ അത്ഭുതമുണ്ടോ?
മൗറീഷ്യസിൽ സംഭവിക്കുന്നത്
സമാനമാണ് മൗറീഷ്യസിലെയും കാര്യം. ഇന്ത്യൻ മുതലാളിമാരുടെ ഏറ്റവും പ്രിയപ്പെട്ട കള്ളപ്പണ കേന്ദ്രം ആഫ്രിക്കൻ ദ്വീപസമൂഹമായ മൗറീഷ്യസാണ്. മൗറീഷ്യസിലെ കമ്പനികളെക്കുറിച്ചുള്ള കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. യുപിഎ ഭരണകാലത്ത് ബിജെപിയുടെയും മോദിയുടെയും പ്രധാന ആരോപണം മൗറീഷ്യസിലെ കള്ളപ്പണം ആയിരുന്നു. അജിത്ത് ഡോവലായിരുന്നു ഇതേക്കുറിച്ച് ഏറെ സംസാരിച്ചത്. 2005ൽ ഇന്റലിജൻസിൽനിന്ന് വിരമിച്ച ശേഷം 2009ൽ അജിത്ത് ഡോവൽ തന്റെ വിവേകാനന്ദ ഇന്റനാഷണൽ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഇന്ത്യ എമ്പാടും ചെന്ന് പ്രഭാഷണം നടത്തുമ്പോൾ, അതിൽ പ്രധാനമായും ഫോക്കസ് ചെയ്തത് മൗറീഷ്യസും, കയ്മാൻ ദ്വീപുകളും അടങ്ങുന്ന, പ്രദേശത്തെ ബ്ലാക്ക് മണി ആയിരുന്നു.
ഇന്ത്യയിൽനിന്ന് എത്ര വിമാനങ്ങളാണ് മൗറീഷ്യസിലേക്ക് ചാർട്ട് ചെയ്ത് പറക്കുന്നത് എന്ന പ്രസക്തമായ ചോദ്യമായിരുന്നു ഡോവൽ ചോദിച്ചിരുന്നത്. കാര്യമായ ഒരു വ്യവസായവും ഇല്ലാത്ത രാജ്യമാണ് ഇത്. നാട്ടുകാർ മീൻപടിച്ചും കക്കവാരിയും കച്ചവടം ചെയ്തുമൊക്കെയാണ് ജീവിക്കുന്നത്. എന്നിട്ടും ഇങ്ങോട്ട് എന്തിനാണ് ഇത്രയധികം ഇന്ത്യക്കാർ പറക്കുന്നത് എന്നായിരുന്നു ഡോവലിന്റെ ചോദ്യം. പക്ഷേ ഇതേ ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടും മൗറീഷ്യസിലെ കള്ളപ്പണം അതേപോലെ തുടരുന്നു. ഇപ്പോൾ വിനോദ് അദാനിയുടെ ഷെൽകമ്പനികൾ ഏറെയും ഉള്ളത്, മൗറീഷ്യസിലാണ്. നേരത്തെ ഇന്ത്യയിലേക്ക് മൗറീഷ്യസിൽനിന്ന് വിന്ന 45,000 കോടി രൂപയുടെ കള്ളപ്പണവും അദാനിയുടേതാണെന്ന് ആരോപണം ഉയർന്നിരുന്നു. ബ്ലൂംബർഗ് രേഖകളിൽ ഇത് വ്യക്തമായി പറയുന്നുണ്ട്
പനാമയിൽ പരുന്തും പറക്കില്ല
മധ്യഅമേരിക്കൻ രാജ്യമായ പനാമയും ശരിക്കും ബ്ലാക്ക് മണിക്കാർക്ക് അർമാദിക്കാൻ പറ്റിയ സ്ഥലമാണ്. വിഖ്യാതമായ പനാമപേപ്പർ ചോർന്നപ്പോൾ ഉണ്ടായ പുലിവാൽ ഓർക്കണം. ജർമൻ പത്രമായ സ്യൂഡ് ഡോയ്റ്റ്ഷെ സെയ്റ്റൂങാണ് പനാമ രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊൻസെക എന്ന സ്ഥാപനത്തിന്റെ രേഖകളാണ് ചോർത്തിയത്.
ഒരു നിയമസഹായ സ്ഥാപനമാണ് മൊസാക്ക് ഫൊൺസേക. വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളിൽ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വാർഷിക ഫീസ് വാങ്ങിയാണ് ഇവർ സേവനം ചെയ്യുന്നത്. ഇതുപോലെ നിരവധി കമ്പനികൾ പനാമയിൽ ഉണ്ട്.
ലോകമെമ്പാടും ഇതിന്റെ ഏജൻസികൾ പ്രവർത്തിക്കുന്നു. 42 രാജ്യങ്ങളിലായി 600 പേർ തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നതായി മൊസാക്ക് ഫൊൺസേക കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ലോകം മുഴുവൻ ഇവർക്ക് ഫ്രാഞ്ചൈസികളുണ്ട്. വെവ്വെറെ ഏജൻസികളാണ് ഇവിടെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത്. ഈ ഏജൻസികൾക്ക് ഫൊൺസേക ബ്രാൻഡ് ഉപയോഗിക്കാൻ അധികാരമുണ്ട്. കുറഞ്ഞ നികുതികൾ ഈടാക്കുന്ന രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, സൈപ്രസ് ആൻഡ് ബ്രിട്ടീഷ് വിർജിനിയ ഐലൻഡ്സ്, ബ്രിട്ടീഷ് രാജ്ഞിയെ ആശ്രയിക്കുന്ന രാജ്യങ്ങളായ ഗ്വെറൻസി, ജെഴ്സി, മാൻ ഐലൻഡ് എന്നിവിടങ്ങളിൽ ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നു.
രണ്ട് ലക്ഷം കമ്പനികൾക്കായാണ് മൊസാക് ഫൊൺസേക രജിസ്റ്റേഡ് ഏജന്റായി പ്രവർത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ നിയമപരമായും എന്നാൽ പേരു വെളിപ്പെടുത്താതെയും ഇവർ സൂക്ഷിക്കുന്നു. ഈ രീതിയിൽ കമ്പനികളുടെ സമ്പത്തും ഇവരുടെ കൈയിൽ ഭദ്രമായിരിക്കും. കമ്പനികളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് പകരം മധ്യവർത്തികളുടെ നിർദ്ദേശമനുസരിച്ചാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. അക്കൗണ്ടന്റുകൾ, അഭിഭാഷകർ, ബാങ്കുകൾ, ട്രസ്റ്റ് കമ്പനികൾ എന്നിവയിൽ നിന്നാണ് സാധാരണ കമ്പനി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
നോമിനികളെ മുന്നിൽവച്ചാണ് കമ്പനികൾ രേഖകൾ ശരിയാക്കുന്നത്. ഈ നോമിനികൾക്ക് കമ്പനിയിലെ സ്വത്തുക്കളിൽ ഒരു തരത്തിലുള്ള അവകാശവും ഇല്ല. അവർക്ക് ഒപ്പിടേണ്ട ചുമതല മാത്രമേയുള്ളൂ. ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഇവിടെ കൂടുതലും. ചെറുരാജ്യങ്ങളിൽ നിക്ഷേപത്തിനായി സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ് മൊസ്സാക് ഫൊൺസേക. പനാമ പേപ്പർ വിവാദത്തെതുടർന്ന് ഇവരുടെ പ്രവർത്തനം മന്ദീഭവിച്ചുവെങ്കിലും ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.
മല്യ തൊട്ട് പപ്പട രാജാവ് വരെ
എല്ലാം അതീവ രഹസ്യമായാണ് പ്ലാൻ ചെയ്യാറുള്ളതെങ്കിലും കള്ളപ്പണക്കാരുടെ വിവരങ്ങൾ ഇടക്കിടെ ചോരാറുമുണ്ട്. യുപിഎ ഭരണകാലത്ത് 2013ൽ നൊവാർട്ടിസ് വെർഡിക്റ്റ് എന്ന പേരിൽ കളപ്പണ ഇടപാടുകൾ വെളിവായി. വിദേശത്ത് അനധികൃതമായി കള്ളപ്പണം വെളുപ്പിക്കാൻ ഷെൽ കമ്പനികൾ രൂപീകരിച്ച 612 ഇന്ത്യക്കാരെ സംബന്ധിച്ച വെളിപ്പെടുത്തലാണ് രാജ്യത്തെ നടുക്കിയത്. ഇവയെല്ലാം രജിസ്റ്റർ ചെയ്ത് വെർജിൻ ഐലണ്ട്സിൽ ആണ്.
അമേരിക്കയിലുള്ള ഒരു ഗവേഷണ സ്ഥാപനമാണ് സെന്റർ ഫോർ ഫിനാൻഷ്യൽ ഇന്റെഗ്രിറ്റി (ധനകാര്യ സത്യസന്ധതയ്ക്കായുള്ള കേന്ദ്രം). അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്തർദ്ദേശീയ ശൃംഖലയ്ക്കു രൂപം നൽകാൻ 1997ൽ ഇവർ തീരുമാനിച്ചു. മാധ്യമങ്ങളുടെ വാണിജ്യവത്കരണവും ഉടമസ്ഥരുടെ നിക്ഷിപ്ത താൽപര്യങ്ങളും മൂലം സത്യസന്ധമായ പത്രപ്രവർത്തനം അസാധ്യമായി മാറി എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മക്ക് വഴിയൊരുക്കിയത്.
ഇതിന്റെ പ്രസിഡന്റിന് കൊറിയർ വഴി ഒരു പാക്കറ്റ് ലഭിച്ചു. അന്ധാളിപ്പിക്കുന്ന വിവരസഞ്ചയമടങ്ങിയ ഒരു കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കായിരുന്നു അത്. 25 ലക്ഷം ഫയലുകൾ. 20 ലക്ഷം ഇ-മെയിലുകൾ. 1.2 ലക്ഷം കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ. കമ്പനികളുടെ പിന്നിലെ ഡയറക്ടർമാർ, ഉടമസ്ഥർ തുടങ്ങിയവരെക്കുറിച്ച് 1.5 ലക്ഷം റെക്കോർഡുകൾ. 170 രാജ്യങ്ങളിലെ കള്ളപ്പണക്കാരുടെ വിവരമാണ് ഹാക്കർമാർ ചോർത്തി നൽകിയത്.
ഇത്രയും വിവരങ്ങൾ എങ്ങനെ വായിച്ചു തീർക്കുക അസാധ്യമായിരുന്നു. അതിനാൽ ഓരാ രാജ്യത്തേയും പണക്കാരുടെ വിശദാംശങ്ങൾ അറിയാവുന്നവരുടെ ഒരു സമിതിയുണ്ടാക്കി. 40 രാജ്യങ്ങളിൽ നിന്ന് 86 പത്രപ്രവർത്തകരുടെ സംഘത്തെ തിരഞ്ഞെടുത്തു. ഒരു വർഷത്തിലേറെ സമയമെടുത്താണ് അവർ നിഗമനങ്ങളിലെത്തിയത്. 10 ആഗോള നികുതി വെട്ടിപ്പുകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ബ്രിട്ടീഷ് വെർജിൻ ഐലണ്ടിലെ ഇടപാടുകളെ കുറിച്ചായിരുന്നു ഏറെ രേഖകളും. റഷ്യ, മുൻ സോവിയറ്റ് രാജ്യങ്ങൾ, ചൈന, ഫിലിപ്പൈൻസ്, ചില വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിലെ കള്ളപ്പണക്കാരുടെ പേരുകൾ, അവരുടെ അനധികൃത കമ്പനികൾ, സമ്പാദ്യങ്ങൾ തുടങ്ങിയ വസ്തുതകൾ പുറത്തുവന്നു. കൂട്ടത്തിൽ 62 ഇന്ത്യക്കാരെ കുറിച്ചും.
ഒനിഡ ടിവിയുടെ ഉടമസ്ഥൻ മിർക്വൻ ദാനി, സത്യം കമ്പ്യൂട്ടേഴ്സ് തട്ടിപ്പ് പ്രതിയുടെ മകൻ തേജാ രാജൂ, എസ്സാർ ഗ്രൂപ്പിന്റെ രവികാന്ത് റുയാ, ലോകത്തെ ഏറ്റവും വലിയ റോസാപൂവ് കച്ചവടക്കാരൻ രാമകൃഷ്ണ കസ്തൂരി, കിങ്ഫിഷർ എയർലൈൻസിന്റെ വിജയ് മല്യ, ആസ്ബെസ്റോസ് പ്രഭു വിവേകാനന്ദ് ഗഡാം, ഡാബർ ഉടമസ്ഥൻ ചേതൻ ബർമൻ, ബർഗർ പെയിന്റ് വൈസ് ചെയർമാൻ ഗുർബച്ചൻ സിങ്, പപ്പട രാജാവ് ലംഗലിംഗം മുരുകേശൻ, പാരമൗണ്ട് എയർലൈൻസ് ഉടമസ്ഥൻ ത്യാഗരാജൻ, പ്രീമിയർ ഓട്ടോമൊബൈൽസ് ഉടമ മൈത്രേയ വിനോദ് ദോഷി... ഇങ്ങനെ നീളുന്നു ഇന്ത്യക്കാരുടെ പട്ടിക.
അന്വേഷണം വഴിമുട്ടുന്നു
കൂട്ടത്തിൽ ഒരു മലയാളി ബിസിനസ് കുടുംബത്തിന്റെ പേരുമുണ്ട്. എംആർഎഫ് ഉടമസ്ഥരായ കണ്ടത്തിൽ കുടുംബം. ബിവിഐയിൽ എംആർഎഫ് കുടുംബത്തിന്റെ പേരിൽ മൂൺമിസ്റ് എന്റർപ്രൈസസ് എന്നൊരു കമ്പനി 2007ൽ, രജിസ്റർ ചെയ്തിട്ടുണ്ട്. 50,000 ഡോളറാണ് അംഗീകൃത മൂലധനം. ചെയർമാൻ കണ്ടത്തിൽ മാമ്മനും എംഡി അരുൺ മാമ്മനുമാണ്. രാഹുൽ മാമ്മൻ മാപ്പിളയാണ് ഈ അനധികൃത കമ്പനിയുടെ മൂന്നാമത്തെ ഓഹരിയുടമസ്ഥൻ. നിജസ്ഥിതി സംബന്ധിച്ച അന്വേഷകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ രാഹുൽ വിസമ്മതിച്ചുവത്രേ. പക്ഷേ ഈ വിവരം പിന്നീട് മനോരമ ഗ്രൂപ്പ് നിഷേധിച്ചു.
അനധികൃത കമ്പനികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ പലരാജ്യങ്ങളിലും രാഷ്ട്രീയ കോളിളക്കങ്ങളുണ്ടായി. എന്നാൽ ഇന്ത്യയിലെ സർക്കാരിന്റെ പ്രതികരണം ദുർബലമായിരുന്നു. പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അനധികൃത കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഒഴുക്കൻ മട്ടിലൊരു പ്രസ്താവന നടത്തി ധനമന്ത്രി പി ചിദംബരം രംഗമൊഴിഞ്ഞു. ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്.
2009 മാർച്ചിലും സമാനമായ ഒരു സംഭവം നടന്നു. ലെക് ടെൻസ്റ്റെയിൻ എന്ന ആഗോള കള്ളപ്പണകേന്ദ്രത്തിലെ എൽജിടി ബാങ്കിലെ കള്ളപ്പണ അക്കൗണ്ടുകളുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യപ്പെട്ടാൽ മറ്റു രാജ്യങ്ങൾക്ക് ലഭ്യമാക്കാമെന്നും ജർമ്മൻ സർക്കാർ പ്രസ്താവിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ ഇടപാടുകാരുടെ ലിസ്റ്റ വാങ്ങുകയും നടപടി എടുക്കുകയും ചെയ്തു. അന്നും ഇന്ത്യ കണ്ട ഭാവം നടിച്ചിട്ടില്ല. ഒടുവിൽ പ്രശ്നം പരസ്യവിവാദമായി വഷളായപ്പോൾ മനസില്ലാ മനസോടെ 26 ഇന്ത്യക്കാരുടെ ലിസ്റ് ജർമ്മൻ സർക്കാരിൽ നിന്നു കൈപ്പറ്റി. പിന്നീടൊന്നും സംഭവിച്ചില്ല. രഹസ്യരേഖയെന്നു പറഞ്ഞ് പാർലമെന്റിൽപ്പോലും കള്ളപ്പണക്കാരുടെ പേരു വെളിപ്പെടുത്താൻ ധനമന്ത്രി ചിദംബരം തയ്യാറായില്ല.
ഇതിനേക്കാൾ ഗൗരവമായ മറ്റൊരു സംഭവം 2011ലുണ്ടായി. കോർപറേറ്റ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നാണ് ഹോങ്കോങ് ഷാങ്ഹായി ബാങ്കിങ്. ഇവരുടെ സ്വിറ്റ്സർലെന്റിലുള്ള ബാങ്കിലെ 15000 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ കളവു പോയത് ഫ്രഞ്ചു സർക്കാരിന്റെ കൈയിൽ എത്തിച്ചേർന്നു. 700 അക്കൗണ്ടുകൾ ഇന്ത്യക്കാരുടേതായിരുന്നു. മുഴുവൻ വിവരങ്ങളും ഫ്രഞ്ചുകാർ നമുക്കു കൈമാറി. പക്ഷേ, ആ പട്ടികയിലെ പേരുകൾ വെളിപ്പെടുത്താൻ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജിയും തയ്യാറായില്ല. പാർലമെന്റിൽ ഇതു നാടകീയ രംഗങ്ങൾക്കു വഴിയൊരുക്കി. ഒടുവിൽ കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കാം എന്ന് വാഗ്ദാനം നൽകി പ്രണബ് മുഖർജി കൈകഴുകി. സ്വിറ്റ്സർലന്റുമായുള്ള കരാർ പ്രകാരം ഇത്തരം രഹസ്യങ്ങൾ വെളിപ്പെടുത്താൻ പാടില്ല പോലും. പക്ഷേ, നമുക്ക് വിവരങ്ങൾ തന്നത് ഫ്രഞ്ച് സർക്കാരാണെന്നും സ്വിസ് സർക്കാരല്ലെന്നുമുള്ള വസ്തുത എത്ര ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല.
സച്ചിൻ മുതൽ ഐശ്വര്യറായ് വരെ
അതുപോലെ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളാണ് പനാമ- പൻഡോര പേപ്പറുകളിലൂടെ പുറത്തുവന്നത്. 2016ലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവർ ഉൾപ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും, എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും, പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന നടത്തിയ അനധികൃത നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ, പനാമ രേഖകൾ എന്ന പേരിൽ പുറത്തുവന്നത്. ഇതിന്റെ തുടർച്ചയായ വെളിപ്പെടുത്തലുകളായിരുന്നു പാൻഡോറ രേഖകൾ.
അഞ്ഞൂറോളം ഇന്ത്യക്കാരുമുണ്ടായിരുന്നു ഈ ലിസ്റ്റിൽ. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഡിഎൽഎഫിന്റെ ഉടമ കെ.പി. സിങ്, പ്രമുഖ കമ്പനികളായ അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ് എന്നിവയുടെ പ്രമോട്ടർമാർ, മുംബൈ അധോലോക നായകനായിരുന്ന പരേതനായ ഇക്‌ബാൽ മിർച്ചി തുടങ്ങിയവർക്കൊപ്പമാണ് വിനോദ് അദാനിയും പട്ടികയിൽ ഇടംപിടിച്ചത്.
117 രാജ്യങ്ങളിൽ നിന്നുള്ള 600 മാധ്യമപ്രവർത്തകർ ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പാൻഡോറ പേപ്പേഴ്സ്. ലോക രാജ്യങ്ങളിലെ 14 കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി ഇവ ചോർത്തിയതായാണ് വിവരം. പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യൻ വ്യവസായി അനിൽ അംബാനി, ഇന്ത്യയിൽ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോൺ പ്രമോട്ടർ കിരൺ മസുംദാർ ഷായുടെ ഭർത്താവ് എന്നിവരുടേയും പേരുകൾ പേപ്പറിലുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ പാപ്പർ ഹരജി നൽകിയ അനിൽ അംബാനിക്ക് 18 രഹസ്യബാങ്കുകളിലായി വൻ നിക്ഷേപമുണ്ട്. വിവാദ വജ്രവ്യാപാരി നീരവ് മോദി ഇന്ത്യയിൽ നിന്ന് കടക്കുന്നതിന്റെ തൊട്ടുമുന്പ് സഹോദരിയുടെ പേരിൽ വലിയ കള്ളപ്പണനിക്ഷേപം നടത്തിയതായും കണ്ടെത്തി. ജോർദാൻ രാജാവ് അബ്ദുല്ലയടക്കം വിവരങ്ങൾ വന്നപ്പോൾ ലോകം ഞെട്ടി.
ഇന്ത്യയിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവരുടെ രഹസ്യവിവരങ്ങളും പൻഡോര പേപ്പറിൽ ഇടം പിടിച്ചു. സച്ചിൻ ടെൻഡുൽക്കർക്ക് ബ്രിട്ടീഷ് വിർജിൻ ഐലൻഡിലാണ് അനധികൃത നിക്ഷേപം. സച്ചിന്റെ ഭാര്യ അഞ്ജലി ടെൻഡുൽക്കർ, ഭാര്യാ പിതാവ് ആനന്ദ് മേത്ത തുടങ്ങിയവരുടെ പേരിലും നിക്ഷേപമുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ സച്ചിനെയും ഒരു സുരക്ഷിത നിക്ഷേപം എന്നനിലിൽ പറ്റിച്ചതാണെന്നും, ഇത് ഷെൽ കമ്പനിയാണെന്ന് അദ്ദേഹത്തിന്റെ ഫിനാൻസ് മാനേജർമാർക്ക് അറിയില്ലായിരുന്നെന്നും, പിന്നീട് വാർത്തകൾ വന്നു.
പാനമ രേഖകളിളും പൻഡോര രേഖകളിലും ഇപ്പോഴത്തെ നമ്മുടെ വിവാദനായകൻ ഗൗതം അദാനിയുണ്ട്. ബഹാമസിൽ 1994 ൽ ഗൗതം അദാനി ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രഥമ ബിസിനസ് സംരംഭമായ 'അദാനി എക്സ്പോർട്ട്സ്' ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് വിനോദ് അദാനി ബഹാമസിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് വിനോദ് അദാനി തന്റെ പേരിനൊപ്പം 'ഷാ' എന്നുകൂടി കൂട്ടിച്ചേർത്തത്. ബ്രിട്ടിഷ് വിർജിൻ ഐലൻഡിൽ 2018ൽ വിനോദ് അദാനി മറ്റൊരു സ്ഥാപനം ആരംഭിച്ചതായി പാൻഡോറ രേഖകളിലും വെളിപ്പെടുത്തലുണ്ടായിരുന്നു. പക്ഷേ അന്ന് ഗൗതം അദാനിയും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പും വിനോദ് അദാനിയുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് തടിയൂരിയത്.
കള്ളപ്പണത്തിന് ആര് തടയിടും?
ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്താണ്. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം ഇപ്പോഴും വിദേശത്തുണ്ട്. അത് പിടിച്ചെടുക്കുക വാചകമടിക്കുന്നപോലെ നിസ്സാരകാര്യമല്ല. അമേരിക്കയും, ബ്രിട്ടനുംപോലുള്ള വൻ ശക്തികൾ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ്. പക്ഷേ ചിദംബരം മുതൽ പ്രണബ്മുഖർജിവരെയുള്ള നമ്മുടെ ധനമന്ത്രിമാർ ഒക്കെയും ഇത്തരം വിവരങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കയായിരുന്നു. കള്ളപ്പണക്കാരെ അവർ തൊടില്ല. ഇപ്പോൾ അതുതന്നെയാണ് മോദി സർക്കാറും ചെയ്യുന്നത്. കള്ളപ്പണക്കേസിൽ അദാനി പ്രതിക്കൂട്ടിൽ ആവുമ്പോൾ അന്വേഷണം ഉണ്ടാവില്ല.
വിദേശത്തു രഹസ്യകമ്പനികളിലായും രഹസ്യ അക്കൗണ്ടുകളിലായും കള്ളപ്പണക്കാർ സൂക്ഷിച്ചിരിക്കുന്ന പണം 2 ലക്ഷം കോടി ഡോളർ മുതൽ 5ലക്ഷം കോടി ഡോളർവരെയാന്നാണ് പറയുന്നത്. ഈ പണം മുഴുവൻ കണ്ടുകെട്ടിയില്ലെങ്കിലും ഈ പണത്തിൽ നിന്ന് നമ്മുടെ സർക്കാരിന് ന്യായമായി ലഭിക്കേണ്ട നികുതി തന്നെ 10,000 കോടി ഡോളർ വരും. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അത് വലിയ മുതൽക്കൂട്ടാവും. പക്ഷേ ആ കണ്ടെത്തൽ എളുപ്പമല്ല.
യുപിഎ സർക്കാറിന്റെ കാലത്ത്, കള്ളപ്പണക്കാരെ പിണക്കാതെ, അവരുടെ പണം വിദേശത്തു നിന്നും രാജ്യത്തിനകത്തേക്കു എങ്ങനെ കൊണ്ടുവരാമെന്നാണ് സർക്കാരിന്റെ ചിന്ത. ഇങ്ങനെ വിദേശ പണം ഇന്ത്യയിലേയ്ക്കു കൊണ്ടുവരുമ്പോൾ നികുതി ലഭിക്കില്ലെങ്കിലും വിദേശ നാണയം ലഭിക്കും. ഇങ്ങനെ വിദേശപണത്തെ ആകർഷിച്ചു വിദേശ നാണയ പ്രതിസന്ധി പരിഹരിക്കാനാണ് ഇവർ ഉത്സാഹിച്ചത്. ഇതിനാണ് മൗറീഷ്യസ് ദ്വീപിന് പ്രത്യേക പദവി അനുവദിച്ചിരിക്കുന്നത്. ഇവിടെ നികുതി അടച്ചു എന്നു സർട്ടിഫിക്കറ്റ് ഉള്ള പണത്തിന് ഇന്ത്യയിൽ വന്നാൽ വീണ്ടും നികുതി അടയ്ക്കേണ്ട. യഥാർത്ഥ ഉടമസ്ഥൻ ആരെന്നും വെളിപ്പെടുത്തേണ്ട. അതായത് കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപായങ്ങൾ സർക്കാർ ചെലവിൽത്തന്നെ ഉപദേശിക്കപ്പെടുന്നു! പിന്നെ എങ്ങനെ ഈ നാട് നന്നാവും. മോദി സർക്കാർ വന്നിട്ടും ഈ നയത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
നമ്മൾ നോട്ട് നിരോധിച്ചതുപോലും കള്ളപ്പണം തടയാനാണ്. എന്നിട്ടും അതിനൊന്നും യാതൊരു മാറ്റവും ഇല്ല. മസാലദോശകൊപ്പം വടയെന്നോണം മോദിക്കൊപ്പം ഇന്ത്യക്ക് കിട്ടിയതാണ് അദാനിയെന്നാണ് പറയുക. അതുകൊണ്ടുതന്നെ അദാനിയുടെ കള്ളപ്പണം എന്ന് പറയുമ്പോൾ, പൂച്ചക്കാര് മണികെട്ടും?
വാൽക്കഷ്ണം: കൂട്ടത്തിൽ ഒന്ന് കൂടി പറയണം. നമ്മുടെ നാട്ടിലെ ബ്ലേഡ് കമ്പനികൾ തൊട്ട് ലോകത്തിലെ നിരവധി ബാങ്കുകൾ പൊളിഞ്ഞ് പാളീസായിട്ടുണ്ട്. പക്ഷേ എന്നിട്ടും ഇങ്ങനെയുള്ള ഒരു കള്ളപ്പണ സൂക്ഷിപ്പ് സ്ഥാപനവും പൊളിഞ്ഞ ചരിത്രമില്ല! 916 വിശ്വസ്തതയാണ് അവരുടെ മുഖമുദ്ര.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ