- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹമാസ് സ്ഥാപക നേതാവിന്റെ മകന് മാനസാന്തരം ഉണ്ടായത് ക്രൂരതകൾ നേരിട്ട് കണ്ടപ്പോൾ; യഹൂദ രാഷ്ട്രത്തിനുവേണ്ടി ചാരവൃത്തി ചെയ്തത് പത്തുവർഷം; രക്ഷിച്ചത് ഷിമോൺ പെരെസ് അടക്കമുള്ള പ്രമുഖരെ; ഒടുവിൽ ഇസ്ലാം വിട്ട് ക്രിസ്തുമതത്തിലേക്ക്; ഇസ്രയേൽ ചാരനായി മാറിയ 'ഹമാസ് പുത്രന്റെ' അതിശയിപ്പിക്കുന്ന കഥ!
ഇസ്രയേലിൽ ആക്രമണം നടത്തി 1,200 പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ഒരു ഭീകര സംഘടനയാണോ എന്ന ചോദ്യത്തിന് കേരളത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കയാണ്. മുമ്പ് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ ഒരു മലയാളി നഴ്സ് കൊല്ലപ്പെട്ടമ്പോൾ, തീവ്രവാദികൾ എന്ന വിളിച്ച് പോസ്റ്റിട്ട അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മിനിട്ടുകൾക്കുള്ളിൽ തിരുത്തേണ്ടി വന്നത് നാം മറന്നിട്ടില്ല. ഇപ്പോൾ ഈ അതിശ്കതമായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, ഹമാസ് എന്ന പേര് ഭീകരതക്ക് ഒപ്പം എഴുതാൻ നമ്മുടെ ഇടതുപക്ഷ വിപ്ലവ സിംഹങ്ങൾക്കുപോലും കൈവിറക്കും. സിപിഎം യുവ നേതാവ് എം സ്വരാജിന്റെയും മുതിർന്ന നേതാവ് എം എ ബേബിയുടെ അഭിപ്രായത്തിൽ ഹമാസ് പോരാളികളാണ്. മുതലാളിത്തമാണ് അവരെ സൃഷ്ടിച്ചത്! കേരളത്തിലെ ഇടതു-വലതു മുന്നണികൾക്ക് ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഒന്നുമില്ല.
പക്ഷേ ഇവിടെ ഒരാൾ ഉണ്ട്. ഇന്ന് ലോകത്തിൽ ഹമാസിന്റെ ഏറ്റവും വലിയ വിമർശകനായി അറിയപ്പെടുന്ന ആ ഫലസ്തീനിയുടെ പേരാണ്, മൊസാബ് ഹസൻ യൂസഫ്. ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷേക്ക് ഹസൻ യൂസഫിന്റെ മകൻ. ഹമാസ് ഭീകര സംഘടനയാണെന്നും, ഇസ്ലാമിക സ്റ്റേറ്റിന്റെ സ്ഥാപനമാണ് അവരുടെ ലക്ഷ്യമെന്നും, തുറന്ന് പറയാൻ മൊസാബിന് ഭയമില്ല.
ഹമാസിനുവേണ്ടി തോക്കെടുത്ത് പോരാടുകയും, ഇസ്രയേലിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയുടെ മകന് പക്ഷേ നേർ വിപരീതമായിരുന്നു. ഹമാസിന്റെ ക്രുരതകൾ കണ്ട് ഇസ്ലാം ഉപേക്ഷിച്ച ഇയാൾ ക്രിസ്തുമത അനുയായി മാറി. മാത്രമല്ല, പതുക്കെ ഇസ്രയേൽ പക്ഷത്തേക്ക് മാറിയ മൊസാബ്, ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ സേവനമായ ഷിൻ ബെറ്റിൽ 1997 മുതൽ 2007 വരെ രഹസ്യമായി പ്രവർത്തിച്ച ഒരു ഫലസ്തീനിയാണ്!
മൊസാബ് നൽകിയ വിവരങ്ങൾ ഡസൻ കണക്കിന് ചാവേർ ആക്രമണങ്ങളും കൊലപാതകങ്ങളും മൊസാദിന് തടയാനായി. 2010 മാർച്ചിൽ അദ്ദേഹം തന്റെ ആത്മകഥ 'സൺ ഓഫ് ഹമാസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഹമാസ് എങ്ങനെയാണ് കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്നത് എന്നത് ആ പുസ്തകം കൃത്യമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഹമാസിന്റെ ഹിറ്റ് ലിസ്റ്റിലെ ആദ്യ പേരുകാരിൽ ഒരാളാണ് മൊസാബ് യൂസഫ്.മൊസാബിന്റെ ഐതിഹാസിക ജീവിതത്തെ കുറിച്ച് 2010 ൽ ഒരു പുസ്തകവും, 2014 ൽ സിനിമയും പുറത്തിറങ്ങി. 2010 മാർച്ചിൽ പുറത്തിറങ്ങിയ ആത്മകഥ 'സൺ ഓഫ് ഹമാസ്' വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. അതി വിചിത്രമായ ഒരു ജീവിത കഥയാണ് മൊസാബിന്റെത്.
ചവേറുകളുടെ സൃഷ്ടിക്കുന്ന മതപഠനം
മൊസാബ് ഹസ്സൻ യൂസഫ് ജനിച്ചത് ജറുസലേമിന് 10 കിലോമീറ്റർ വടക്കുള്ള റാമല്ല എന്ന നഗരത്തിലാണ്. പിതാവ് ഷെയ്ഖ് ഹസൻ യൂസഫ് വർഷങ്ങളോളം ഇസ്രയേൽ ജയിലുകളിൽ കഴിഞ്ഞ ഹമാസ് നേതാവായിരുന്നു. അഞ്ച് സഹോദരന്മാരിലും മൂന്ന് സഹോദരിമാരിലും മൂത്തയാളാണ് മൊസാബ്. വളർന്നപ്പോൾ, എല്ലാകുട്ടികളെയും പോലെ അവനും ഒരു പോരാളിയാകാൻ ആഗ്രഹിച്ചു, കാരണം വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ കുട്ടികളിൽ സ്വാഭാവികമായ ഒന്നായിരുന്നു അത്. തന്റെ പത്താം വയസ്സിൽ, ഒന്നാം ഇൻതിഫാദ കാലത്ത്, ഇസ്രയേൽ കുടിയേറ്റക്കാർക്ക് നേരെ കല്ലെറിഞ്ഞതിനാണ് അവൻ ആദ്യമായി അറസ്റ്റിലാകുന്നത്. ഇസ്രയേൽ പലതവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. മൂത്തമകൻ എന്ന നിലയിൽ, അവൻ പിതാവിന്റെ അനന്തരാവകാശിയായി അറിയപ്പെട്ടു. അതുകൊണ്ടുതന്നെ പിതാവ് നേതൃത്വം കൊടുക്കുന്ന ഹമാസ് സംഘടനയുടെ ഒരു പ്രധാന ഭാഗമായി മൊസാബ് മാറി.
മൊസാബ് യൂസഫ് പറയുന്നത് ഗസ്സയിൽ കുട്ടികൾക്ക് അഞ്ചു വയസ്സാകുമ്പോൾ മുതൽ മത പഠനം തുടങ്ങുമെന്നാണ്. ഈ മത പഠനം ഒരു 'മോറൽ കോൺഷ്യസ്നെസ്' ഉണർത്തുന്ന പ്രക്രിയ ആണെങ്കിൽ അത് തീർച്ചയായും നല്ലതാണ്. അതിനു പകരം പിഞ്ചു കുട്ടികളായിരിക്കുമ്പോൾ തന്നെ അവരിൽ യഹൂദ വിരോധവും, ഇസ്രയേൽ വിരുദ്ധ വികാരവുമൊക്കെ കുത്തി വെക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ പത്തിരുപതു വർഷം കഴിയുമ്പോൾ, മത പഠനം ഉൾക്കൊള്ളുന്ന യുവാക്കൾ 'ചാവേറുകളായി' പരിണമിക്കുകയാണ്. 'സ്യൂയിസൈഡ് സ്‌ക്വാഡ് മൈൻഡ്‌സെറ്റ്' വളരെ വർഷങ്ങളായുള്ള 'ബ്രെയിൻ വാഷിങ്' മൂലം മാത്രം സംഭവിക്കുന്നതാണ്. ഹമാസിലുള്ളവർക്ക് ഇസ്രയേലുകാരോടോ, യഹൂദരോടോ മാത്രമല്ല, ഫലസ്തീൻകാരുടെ ജീവനോട് പോലും യാതൊരു മമതയുമില്ലാ എന്നാണ് മൊസാബ് യൂസഫ് പറയുന്നത്. അവർക്ക് 'ശഹീദാവുക' എന്നത് മാത്രമാണ് ലക്ഷ്യം എന്നാണ് മൊസാബ് യൂസഫ് പറയുന്നത്. ഗസ്സയിൽ നിന്ന് പുറത്തുകടന്നപ്പോൾ മാത്രമാണ് തനിക്കും ഇതിനെ കുറിച്ച് ബോധോദയം വന്നത് എന്നും പുള്ളി പറയുന്നുണ്ട്. ഇത്തരം ഒരു 'മൈൻഡ്സെറ്റിൽ' നിന്ന് രക്ഷപെട്ടത് തന്റ്‌റെ മഹാഭാഗ്യമായി കണക്കാക്കുന്നു എന്നും മൊസാബ് പറയുന്നുണ്ട്.
ക്രൂരതകൾ കണ്ട് മാനസാന്തരം
1990 കളുടെ മധ്യത്തിൽ ഒരു ഇസ്രയേലി ജയിലിൽ വച്ച് കുറച്ചുകാലം തന്റെ പിതാവിന്റെ സഹപ്രവർത്തകരോട് ഇടപഴകാൻ അവസരമുണ്ടായതാണ് വെളിച്ചത്തിലേക്ക് തന്നെ നയിച്ചത് എന്ന് മൊസാബ് യൂസഫ് പറയുന്നു. പിന്നീട് ഇസ്രയേലി ചാരന്മാർ എന്നു സംശയിക്കപ്പെട്ടവരെ തുടച്ചു നീക്കാൻ ഹമാസ് പ്രവർത്തകർ മെഗ്ഗിഡോ ജയിലിൽ വച്ച് അഴിച്ചു വിട്ട പീഡനങ്ങളും നേരിൽക്കാണാൻ ഇടയായി.
ആ സമയത്ത് നൂറുക്കണക്കിന് പേരെ ഹമാസ് പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു. നഖങ്ങൾക്കടിയിൽ സൂചി തറയ്ക്കുക, ശരീരമാസകലം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കത്തിച്ച് ചാമ്പലാക്കുക തുടങ്ങി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങൾ മൊസാബ് ഇപ്പോഴും ഓർക്കുന്നു. 'എല്ലാവരുമല്ലെങ്കിലും, അവരിൽ പലർക്കും ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തോട് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല'- മൊസാബ് പറയുന്നു.പ്ലാസ്റ്റിക്ക് കത്തുന്നത് കാണുമ്പോൾ തനിക്ക് ദീർഘകാലം ശവശരീരങ്ങളയാണ് ഓർമ്മ വരിക എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്.
'അവരുടെ നിലവിളികൾ ഞാനൊരിക്കലും മറക്കില്ല. അതോടെ ഞാൻ എന്നോടു തന്നെ ഒരു ചോദ്യം ചോദിക്കാൻ തുടങ്ങി. ഇസ്രയേലിനെ തകർത്ത് സ്വന്തം ഭരണകൂടം സ്ഥാപിക്കാൻ ഹമാസിന് കഴിഞ്ഞാൽ, നമ്മുടെ ജനങ്ങളേയും അവർ ഇപ്രകാരം നശിപ്പിക്കുമോ ?'- ഈ ചോദ്യമാണ് മൊസാബിന്റെ ജീവിതം മാറിമറിച്ചത്. ഇതോടെ ഇസ്ലാമിനെയും ഹമാസിനെയും കുറിച്ചുള്ള സംശയങ്ങൾ രൂപപ്പെടാൻ തുടങ്ങി. '' യൂഹൂദർ എന്ന ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയുടെ ഭാഗത്ത് നിന്ന് ഞാൻ ചിന്തിച്ചുനോക്കി. അവർ എങ്ങോട്ട് പോവും. എല്ലാവരും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അതിന് മത കഥകൾ പ്രേരണയാവുന്നു. അതോടെ ഞാൻ ഇസ്ലാമിൽനിന്നും അകന്ന് തുടങ്ങി''- മൊസാബ് തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്നു.
മാനസിക മാറ്റമാണ് തനിക്ക് ഉണ്ടായതെന്നും, ഇതിന് പണമായോ, പദവിയായോ, യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇസ്രയേൽ നേതൃത്വം പണം കൊടുത്ത് മൊസാബിനെ വിലക്കെടുക്കയാണ് ഉണ്ടായതെന്നും, അയാൾ ഇസ്ലാമിനെയും പിറന്നനാടിനെയും വഞ്ചിക്കുകയായിരുന്നെന്നുമാണ് ഹമാസ് ആരോപിക്കുന്നത്.
ഇസ്രയേലിന്റെ ടോപ്പ് സ്പൈ
1996ൽ ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ സേവനമായ ഷിൻ ബെറ്റ് ഏജന്റുമാർ മൊസാബിനെ പിടികൂടി.ഹമാസ് പ്രവർത്തകർ തടവിലാക്കപ്പെട്ട സഹകാരികളെ പീഡിപ്പിക്കുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ, ഷിൻ ബെറ്റിന്റെ ചോദ്യം ചെയ്യൽ രീതികൾ അദ്ദേഹത്തെ അമ്പരപ്പിച്ചു. അങ്ങനെ ദീർഘനേരം നീണ്ട മാനസിക സംഘർഷങ്ങൾക്ക് ഒടുവിലാണ്, ഒരു വിവരദാതാവാകാനുള്ള ഷിൻ ബെറ്റ് ഓഫർ സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
1997-ൽ ജയിലിൽ നിന്ന് മോചിതനായത് മുതൽ, ഷിൻ ബെറ്റുമായി മൊസാബ് സഹകരിക്കാൻ തുടങ്ങി.. പത്തു വർഷക്കാലം അവരുടെ ഏറ്റവും വിലപിടിപ്പുള്ള രഹസ്യാന്വേഷണ സഹായിയായി മൊസാബ് പ്രവർത്തിച്ചു. ദി ഗ്രീൻ പ്രിൻസ് (ഹരിത രാജകുമാരൻ) എന്നായിരുന്നു അക്കാലത്തെ മൊസാബിന്റെ രഹസ്യനാമം.
, ഹമാസ് നേതൃത്വത്തിലെ ഷിൻ ബെറ്റിന്റെ ഏറ്റവും വിശ്വസനീയമായ സോഴ്സായി മൊസാബ് കണക്കാക്കപ്പെട്ടു, 'ഗ്രീൻ പ്രിൻസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ പതാകയുടെ നിറം അടിസ്ഥാനമാക്കിയാണ് അങ്ങനെ കോഡ് നെയിം ഇട്ടത്. പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുടെ മകൻ എന്ന നിലയിൽ ഹമാസിനെക്കുറിച്ച് മറ്റാരെക്കാളും വിവരങ്ങൾ അറിയുക 'ഹരിത രാജകുമാരന്' തന്നെ ആയിരുന്നു. ഇസ്രയേലിന് നൽകിയ രഹസ്യവിവരം, നിരവധി ഹമാസ് സെല്ലുകളെ തുറന്നുകാട്ടുന്നതിലേക്കും, ഡസൻ കണക്കിന് ചാവേർ ബോംബിംഗുകളും ജൂതന്മാർക്കെതിരായ കൊലപാതകങ്ങളും തടയുന്നതിലേക്കും നയിച്ചു. പണത്തിന് വേണ്ടിയല്ല താൻ വിവരം അറിയിച്ചതെന്നും, പ്രത്യയശാസ്ത്രപരവും മതപരവുമാണ് തന്റെ പ്രചോദനമെന്നും, നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സ്വന്തം പിതാവുപോലും ജയിലിൽ ആയത് മകൻ നൽകിയ വിവരത്തെ തുടർന്നാണ്.
മൊസാബിനെ ഹമാസ് സംശയിക്കാതിരിക്കാനും ചില അടുവുകൾ ഷിൻ ബെറ്റ് സ്വീകരിച്ചു. മൊസാബിനുനേരെ ഒരു അറസ്റ്റ് ശ്രമം നടന്നു. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇതിന് നേതൃത്വം നൽകിയത്. പക്ഷേ തക്ക സമയത്ത് വിവരം നൽകി അവസാന നിമിഷം രക്ഷപ്പെടാൻ അനുവദിച്ചു. തന്റെ കരിയറിന്റെ ശേഷിക്കുന്ന കാലം മൊസാബ് ഒളിവിൽ പോയി. അതുകൊണ്ട് സ്വയം വെളിപ്പെടുത്തുന്നതുവരെ അയാളെ ഹമാസിന് സംശയം ഉണ്ടായിരുന്നില്ല.
കൊല്ലപ്പെടില്ല, അറസ്റ്റ് ചെയ്യപ്പെടില്ല എന്ന വ്യവസ്ഥയിൽ മാത്രമാണ് താൻ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയതെന്ന് അദ്ദേഹം പറയുന്നു. വെസ്റ്റ് ബാങ്കിലെ ഹമാസ് കമാൻഡർ ഇബ്രാഹിം ഹമീദ്, മർവാൻ ബർഗൂത്തി എന്നിവരുൾപ്പെടെ നിരവധി പ്രധാന ഫലസ്തീൻ നേതാക്കളെ പിടികൂടാൻ സഹായിച്ചത് ഈ ഇന്റലിജൻസ് റിപ്പോർട്ടാണ്. കൂടാതെ, അന്നത്തെ വിദേശകാര്യ മന്ത്രിയും പിന്നീട് ഇസ്രയേൽ പ്രസിഡന്റുമായ ഷിമോൺ പെരെസിനെ വധിക്കാനുള്ള 2001 ലെ ഗൂഢാലോചന പരാജയപ്പെടുത്തിയതും മൊസാബാണ്. മുൻ ഷിൻ ബെറ്റ് ഓഫീസർ ഇങ്ങനെ പറയുന്നു. 'ഇന്ന് ഇസ്രയേലിൽ ജീവിച്ചിരിക്കുന്ന പല നേതാക്കളും അവനോട് കടപ്പെട്ടിരിക്കുന്നു. അവർക്ക് പോലും അറിയില്ല, മൊസാബ് ആണ് രക്ഷിച്ചതെന്ന്''.
ഇസ്ലാം വിട്ട് ക്രിസ്തുമതത്തിലേക്ക്
ഇതിനിടെ ഇസ്ലാമിനോടും മാനസികമായി മൊസാബ് ഹസ്സൻ യൂസഫ് വിടപറഞ്ഞു കഴിഞ്ഞിരുന്നു. ഇസ്ലാമിക സാഹിത്യങ്ങളിലെ ജൂതനോടുള്ള വെറിയാണ് ഫലസ്തീൻ പ്രശ്നത്തിന്റെ അടിസ്ഥാന കാരണമെന്ന് ഈയിടെയും അദ്ദേഹം പറഞ്ഞിരുന്നു. 1999-ൽ മൊസാബ് ഒരു ബ്രിട്ടീഷ് മിഷനറിയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സംസാരം തന്നെ ഏറെ ആകർഷിച്ചെന്നും മൊസാബ് പറയുന്നു. അങ്ങനെ ക്രിസ്തുമതത്തിലേക്ക് മാറി. 1999 നും 2000 നും ഇടയിൽ, ക്രമേണ ക്രിസ്തുമതം സ്വീകരിച്ചു. 2005-ൽ, അജ്ഞാതനായ ഒരു ക്രിസ്ത്യൻ ടൂറിസ്റ്റ് അദ്ദേഹത്തെ ടെൽ അവീവിൽ വെച്ച് രഹസ്യമായി സ്നാനപ്പെടുത്തി . 2007-ൽ അദ്ദേഹം വെസ്റ്റ് ബാങ്ക് വിട്ട് അമേരിക്കയിലേക്ക് പോയി, കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ കുറച്ചുകാലം താമസിച്ചു
2008 ഓഗസ്റ്റിൽ, മൊസാബ് തന്റെ ക്രിസ്തുമതം പരസ്യമായി വെളിപ്പെടുത്തുകയും ഹമാസിനെയും അറബ് നേതൃത്വത്തെയും തള്ളിപ്പറയുകയും ചെത്തു. ഇതുവഴി റാമല്ലയിലെ അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടിയ പീഡനമുണ്ടായി. എന്നാൽ മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരുകയാണ് തന്റെ ലക്ഷ്യമെന്നും മൊസബ് ഉറച്ചു പറഞ്ഞു. സമാധാനമുണ്ടാകുമ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
താൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടും താൻ 'മതത്തിന് എതിരാണ്' എന്നും ക്രിസ്തുമതത്തിന്റെ ഒരു വിഭാഗത്തോടും ചേർന്നുനിൽക്കുന്നില്ലെന്നും മൊസാബ് പ്രസ്താവിച്ചു. 'മതം സ്വാതന്ത്ര്യം കവർന്നെടുക്കുന്നു, സർഗ്ഗാത്മകതയെ കൊല്ലുന്നു, അടിമകളാക്കി മാറ്റുന്നു, പരസ്പരം എതിർക്കുന്നു. അതെ, ഞാൻ ക്രിസ്തുമതത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഞാൻ കണ്ടിട്ടുള്ള മിക്ക ക്രിസ്ത്യാനികളും, യേശു നമ്മെ വീണ്ടെടുത്തു എന്ന കാര്യം മറന്നതായി തോന്നുന്നു. മതത്തിൽ നിന്ന്, ദൈവത്തിലേക്ക് മടങ്ങാനുള്ള മനുഷ്യന്റെ ശ്രമമല്ലാതെ മറ്റൊന്നുമല്ല മതം, അത് ഇസ്ലാം, ക്രിസ്ത്യൻ, യഹൂദ, ബുദ്ധ, ഹിന്ദു, ആനിമിസം, ഏത് മതമായാലും, മതത്തിന് മനുഷ്യരാശിയെ രക്ഷിക്കാൻ കഴിയില്ല''- ഇങ്ങനെയാണ് മൊസാബിന്റെ നിലപാട്. ക്രിസ്തുമതമല്ല, യേശവിന്റെ കാരുണ്യ പ്രവർത്തികളാണ് തന്നെ ആകർഷിച്ചത എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്.
മകനെ വധിക്കാൻ പിതാവിന്റെ അനുമതി
2009 മുതൽ തനിക്ക് തന്റെ കുടുംബത്തോട് ബന്ധമില്ല എന്ന് മൊസാബ് യൂസഫ് പറയുന്നു. ധാരാളം യാത്രകൾ ചെയ്യാറുണ്ടെങ്കിലും, ഒരിക്കലും സ്വദേശത്തേക്ക് പോകാറില്ല. കാരണം അവിടെ മരണമാണ് മൊസാബിനെ കാത്തിരിക്കുന്നത്. സ്വന്തം പിതാവ് തന്നെ മകനെ വധിക്കാൻ അനുയായികൾക്ക് അനുമതി കൊടുത്തു കഴിഞ്ഞിരിക്കുന്നു. ''അവൻ എന്റെ പുത്രനല്ല, എന്ന് പരസ്യമായി തന്നെ എന്റെ പിതാവ് പറഞ്ഞു കഴിഞ്ഞു. അതിന്റെ അർത്ഥം, തന്റെ അനുയായികൾക്ക് അവനെ വധിക്കണമെങ്കിൽ, അങ്ങനെയാവാം. തടസ്സപ്പെടുത്താൻ ഞാൻ വരികയില്ല എന്നാണ്. അദ്ദേഹം എന്റെ രക്തം ഹലാൽ ആക്കിയിരിക്കുന്നു'- മൊസാബ് ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
സഹോദരൻ ഒവൈസും മൊസാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിനെ അപലപിച്ചു: 'ഇത് നുണകൾ നിറഞ്ഞതാണ്. എന്റെ കുടുംബവും മൊസാബും തമ്മിലുള്ള അവസാന ബന്ധം തന്റെ ചാരവൃത്തി വാർത്തയ്ക്ക് ഒരു വർഷം മുമ്പാണ് നടന്നത്. അവർ പറയുന്നതൊക്കെ നുണയാണ്'- ഒവൈസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഹമാസ് എംപി മുഷിർ അൽ മസ്രി പറയുന്നത് ഇത്തരം ചാരക്കഥകൾ 'ഫലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന മാനസിക യുദ്ധമാണെന്നാണ്. നിങ്ങൾക്കുള്ളിലും ഞങ്ങളുടെ ആളുകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള മാനസിക ശ്രമം ആണിതെന്നാണ് ഹമാസ ആരോപിക്കുന്നത്.
അതിനിടെ മൊസബിന്റെ അത്മകഥ വിവാദമായതോടെ അദ്ദേഹം, യു.എസിൽ നിന്ന് നാടുകടത്തുമെന്ന് ഭീഷണിയിലായിരുന്നു. പുസ്തകത്തിലെ ചില പ്രസ്താവനകൾ, യുഎസ് തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. അതോടെ വെസ്റ്റ്ബാങ്കിലേക്ക് ഇയാൾ തിരിച്ച് നാടുകടത്തപ്പെടുമെന്ന് വാർത്തകൾ വന്നു. ഒടുവില വിവിധ പരിശോധനകൾക്ക് ശേഷം 2010ലാണ് ഇയാളെ അമേരിക്കയൽ തുടരാൻ അനുവദിച്ചത്.
2018 ൽ മൊസാബിന് യുഎസ് പൗരത്വം കിട്ടി. ഇപ്പോൾ കാലിഫോർണിയയിൽ യോഗ, നീന്തൽ തുടങ്ങിയ തന്റെ ഹോബികളുമായി അദ്ദേഹം നിശബ്ദ ജീവിതം നയിക്കുന്നു. സംഘടനയിലെ അഴിമതിയിൽ മനം മടുത്ത് മൊസാബിന്റെ മറ്റൊരു സഹോദരനായ സുഹൈബ് യൂസഫും 2019 ൽ ഹമാസിനെ വിട്ടകന്നു. 'ഫലസ്തീൻ ജനതയ്ക്ക് അപകടം ഉണ്ടാക്കുന്ന വംശീയ ഭീകരസംഘടന' എന്നാണ് ഹമാസിനെ പറ്റി സുഹൈബ് ഇസ്രയേലി മാധ്യമങ്ങളോട് പറഞ്ഞത്.
'ഹമാസിന്റെ ലക്ഷ്യം ഇസ്ലാമിക ഭരണം'
ഇന്ന് ഹമാസിന്റെ അതിക്രമങ്ങൾക്കെതിരെ വിവിധ അമേരിക്കൻ വാർത്താ ചാനലുകളിൽ പതിവായി എത്തി മൊസാബ് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകളും ഡോക്യുമെന്റികളും ഇറങ്ങി. 'ദി ഗ്രീൻ പ്രിൻസ് എന്ന സൺ ഓഫ് ഹമാസ്' എന്ന പുസ്തകം ഡാക്യുമെന്ററിയായി നിരവധി അവാർഡുകൾ നേടി. ഗ്രീൻ പ്രിൻസ് ഫീച്ചർ ഫിലിമും ശ്രദ്ധനേടി.
2010ൽ കാലിഫോർണിയ ആസ്ഥാനമായുള്ള സുവിശേഷകൻ ഗ്രെഗ് ലോറി ആതിഥേയത്വം വഹിച്ചസമ്മേളനത്തിൽ, 'ഇസ്ലാം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നുണ' യാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ ഖുറാൻ നിയമവിധേയമാകരുതെന്നും മൊസാബ് സമ്മേളനത്തിൽ നിർദ്ദേശിച്ചു .
2016 മെയ് മാസത്തിൽ, ന്യൂയോർക്കിൽ യെരുശലേം പോസ്റ്റ് കോൺഫറൻസിൽ സംസാരിക്കവേ, താൻ ഇസ്രയേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫലസ്തീൻ അഥോറിറ്റി, ഹമാസ് എന്നിവയ്ക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുകയും പ്രതിഫലം വാങ്ങുകയും ചെയ്തുവെന്ന് മൊസാബ് അവകാശപ്പെട്ടു . ഇസ്ലാം മൊത്തത്തിൽ നാസിസവുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും അതിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഈ ആശയം വ്യക്തമാക്കുന്ന നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസവും പ്രമുഖ വാർത്ത ചാനലുകളിൽ എത്തി അദ്ദേഹം ഹമാസിനെതിരെ ആഞ്ഞടിച്ചു. ''ഫലസ്തീനികളുടെ ജീവിതത്തെക്കുറിച്ച് ഹമാസ് ശ്രദ്ധിക്കുന്നില്ല, ഇസ്രയേലികളുടെയോ അമേരിക്കക്കാരുടെയോ ജീവിതം അവർ ശ്രദ്ധിക്കുന്നില്ല. അവർ സ്വന്തം ജീവിതത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടി മരിക്കുന്നത് ഒരു ആരാധനാരീതിയായി അവർ കരുതുന്നു. നിങ്ങൾക്ക് എങ്ങനെ ആ സമൂഹത്തിൽ തുടരാനാകും? ഹമാസ് സഹവർത്തിത്വവും വിട്ടുവീഴ്ചയും ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ രാഷ്ട്രത്തിന്റെ നാശം മാത്രമല്ല ഹമാസിന്റെ അന്തിമ ലക്ഷ്യസ്ഥാനം.
ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിർമ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല''- മൊസാബ് പറയുന്നു. ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറൽ ആവുന്നത്. അതുപോലെ തന്നെ അണികൾ ഇസ്രയേലിന്റെ ബോംബിങ്ങിൽ മരിക്കുമ്പോൾ, സ്വന്തം മക്കളെ ഗൾഫ് നാടുകളിലെ സകൂളുകളിൽ ചേർത്ത് സുഖ ജീവിതം നയിക്കുന്ന ഹമാസ് നേതാക്കളെയും ഇദ്ദേഹം നിരന്തരം വിമർശിക്കുന്നു.
വാൽക്കഷ്ണം: ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകനുപോലും അറിയാം ആ സംഘടനയുടെ ലക്ഷ്യം, ഫലസ്തീൻ വിമോചനമല്ല, മറിച്ച് ഇസ്രയേലിന്റെ സമ്പൂർണ്ണ നാശവും തുടർന്നുള്ള ഇസ്ലാമിക ഭരണവുമാണെന്ന്. എന്നിട്ടും കേരളത്തിലെ സിപിഎം നേതാക്കൾക്ക് അത് മനസ്സിലാവുന്നില്ല എന്നതാണ് കഷ്ടം!